Friday, October 5, 2012

എന്റെ ഗ്രാമം

എന്റെ ഗ്രാമം
=========

ഓര്‍മ്മകള്‍ പുഴയായതൊഴുകട്ടെയീ-
ക്ക൪മ്മകാണ്ഡത്തിനൊപ്പമനുസ്യൂതമായ്  

പുഴയേകദിക്കിലേക്കൊഴുകുമ്പോളോര്‍മ്മകള്‍  
നാലല്ല, നാനാദിശയിലേയ്ക്കൊഴുകുന്നു 

എവിടേയ്ക്കു ഞാനെന്റെയോര്‍മ്മതന്‍ കുതിരയെ 
മേയാന്‍ കടിഞ്ഞാണഴിച്ചുവിട്ടാകിലും 

അതുവേഗമെത്തിടുമോടിക്കിതച്ചങ്ങു 
ദൂരെയാ മാമലച്ചെരുവിലെ൯ ഗ്രാമത്തില്‍ 

പച്ചപ്പുതപ്പിന്നടിയിലുറങ്ങുമാ
സഹ്യന്റെ മാറിലെ കൊച്ചുഗ്രാമം 

ഏലവും കാപ്പിയും പിന്നെക്കറുത്തൊരാ  
മുത്തും വിളയുന്ന കൊച്ചുഗ്രാമം 

എത്ര കണ്ടാലും മതിവരാ സുന്ദര 
സ്വപ്നംപോല്‍ നിര്‍മ്മലമെന്റെ ഗ്രാമം 

കോടമഞ്ഞിന്‍ ചേല വാരിപ്പുതച്ചിട്ടു  
സുപ്രഭാതം ചൊല്ലുമെന്റെ ഗ്രാമം

വെള്ളിക്കൊലുസിട്ട മാമലച്ചെരുവിലായ് 
കാലികള്‍ മേയുന്ന കൊച്ചു ഗ്രാമം 

ഗ്രാമത്തിന്‍ മാറിലൂടകലേക്കു നീളുന്നോ 
രൊറ്റയടിപ്പാത കാണ്‍മതില്ലേ 

അതു ചെന്നു നില്‍ക്കുമാ പാഠശാലാങ്കണ- 
മെന്നുമെന്നോ൪മ്മത൯ സ്വര്‍ഗ്ഗഭൂമി 

കൗമാരസുന്ദര സ്വപ്നങ്ങള്‍ നെയ്തൊരാ
പുണ്യസുഭഗമാം പൂങ്കാവനം

അഭിവന്ദ്യരാം ഗുരുഭൂതര്‍ തന്‍ പാദത്തി-
ലര്‍പ്പിച്ചിടട്ടെയെന്നശ്രുപൂജ

കളകളം പാടിക്കൊണ്ടൊഴുകുമാപ്പൂഞ്ചോല-
യെന്നോടു മന്ത്രിച്ചതേതു രാഗം 

ദൂരെയങ്ങാകാശ വീഥിയില്‍ പാറി-
 പ്പറക്കുന്ന പക്ഷികള്‍ പോവതെങ്ങോ 

ദേവാലയങ്ങള്‍ മുഴക്കും മണിനാദ-
നിർഝരിയില്‍ ഭക്തിസാന്ദ്രമാകും   


പൊന്നുഷ:സന്ധ്യകളാരതിചെയ്യുന്ന
നിത്യവിശുദ്ധമാം പുണ്യഭൂമി

അവിടെയാണെന്റെയാത്മാവിന്റെ വേരുകള്‍ 
അവിടെയെ൯ ജീവന്റെ വ൪ണ്ണത്തുടിപ്പുകള്‍ . 








3 comments:

  1. kavitha-yilea grama bhangi....eppozum aa gramathil nila nilkkunnudoa?

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
  2. Suresh, thanks a lot.
    oru paridhi vare undu...chila matangal ozhichchaal.
    (valare vaikiyaanu kandathu. sorry)

    ReplyDelete