Saturday, March 16, 2013

വരാണസി

ഇവിടെ നാമെത്തുന്നു ജന്മമുക്തിക്കായ്‌ 
ഇവിടെയീ ഗംഗതൻ പുണ്യതീർത്ഥത്തിൽ
പാപങ്ങളൊക്കെ കഴുകിക്കളഞ്ഞിട്ടു 
പാരിതിൽ ജന്മം സഫലമാക്കീടുവാൻ 
ഇവിടെ നാം തേടുന്നു ചൈതന്യ ദർശനം 
കാശിനാഥൻതന്റെ പുണ്യമാം ദർശനം
ഈവിശാലമാം ലോകത്തിൻകോണിൽ നി -
ന്നീവിശ്വനാഥനെക്കാണുവാനണയുന്നു 
പരസഹസ്രം ജനം നിത്യവും നിത്യവും
പവിത്രമീ ഭൂമിയിൽ  തീർത്ഥാടനത്തിനായ് 
ഇവിടെവന്നെത്തിയാൽ കാണ്മതീ ഗംഗയും 
കവിയുന്ന ഭക്തിയോടൊഴുകും ജനതയും
വൃത്തിതൻ പേർ പോലും കേട്ടിടാതുള്ളോരീ 
വീഥിയിൽ പാദം പതിക്കാനറച്ചിടും
 ദുർഗന്ധവാഹിയാം ഉച്ഛ്വാസവായുവും
മാർഗ്ഗേപറക്കുന്ന മക്ഷികക്കൂട്ടവും 
കുതിരകൾതൻ മലമൂത്രവിസർജ്യങ്ങ-
ളാകെപ്പരന്നിട്ടു പാതകളത്രയും
വീഥിയ്ക്കിരുവശം കാണുന്ന കാഴ്ചയോ .... 
വാർദ്ധക്യകാലത്തിൻ ഭീകരദൃശ്യങ്ങൾ !
ഒക്കെക്കടന്നു നാമെത്തിടും ഗംഗതൻ 
പുണ്യതീർത്ഥത്തിലീ സ്നാനഘട്ടങ്ങളിൽ
അവിടൊന്നു മുങ്ങിക്കയറിയാൽ തീർന്നിടും 
ഇത്രനാൾ ചെയ്തോരു പാപങ്ങളൊക്കെയും
മാലിന്യമത്രയാണീ ശ്രേഷ്ഠധാരയിൽ 
മാതാവുഗംഗയാം ഹിമവാന്റെ പുത്രിയിൽ
ആരതി തീരുന്ന നേരത്തു നിത്യേന 
ഭക്തരൊഴുക്കിടും  ദീപവുംപൂക്കളും
പാതികരിഞ്ഞൊരു ദേഹവുംഭസ്മവും
പിണ്ഡകർമ്മത്തിന്നവശിഷ്ടമൊക്കെയും
ഭീതിദം  ഗംഗതൻ ഭീകരക്കാഴ്ചക-
ളീവിധം കണ്ടിട്ടു കണ്ണു പൊത്തീടണം
ഇവിടെ നാമെത്തുന്നു ജന്മമുക്തിക്കായ് 
ഇവിടെയീ ഗംഗതൻ പുണ്യതീർത്ഥത്തിൽ 
 പാപങ്ങളൊക്കെ കഴുകിക്കളഞ്ഞിട്ടു 
പാരിതിൽ ജന്മം സഫലമാക്കീടുവാൻ  
  

1 comment:

  1. ഇതെല്ലാം ചേരുന്നതല്ലേ ദൈവം

    ReplyDelete