Friday, June 28, 2013

തുറന്നിരിക്കട്ടെ, മിഴികള്‍...

നിമിഷങ്ങളന്യമാകുന്നു, കാല-
ചക്രം തിരിഞ്ഞിടും നേരം.

നിര്‍ത്താതുരുളുന്ന സമയമാം തേരിന്‍
നിഴല്‍വീണുമങ്ങുന്നൊരോര്‍മ്മയാംവീഥിയും

എവിടെയാണെത്തിയെന്നറിയുവാനൊരുമാത്ര
പിന്നിലെക്കാഴ്ചയ്ക്കു കണ്‍കള്‍ നീട്ടെ,

പഴമതന്‍ ഗൗളിയെന്‍ വീടിന്റെയുത്തര-
ത്താഴത്തിരുന്നു ചിലച്ചുചൊല്ലി

ഞാനാണു താങ്ങുന്നതുത്തുരമെന്നവന്‍
ഞായം പറഞ്ഞു ചിലച്ചുചൊല്ലി

'അവരാ'ണുവീടിന്റെയുത്തരം താങ്ങുന്ന-
'തവന'ല്ലയെന്നുള്ളദുഃഖസത്യം

ഞാനൊന്നുചൊല്ലിയാല്‍ പിന്നെത്തകര്‍ന്നിടും
ഉത്തരം താങ്ങുന്ന തൂണിന്‍ജയം

കുക്കുടം കൂവുന്നു പുലരിയില്‍ 'സൂര്യനെ
ഞാനാണുദിപ്പിച്ചതെ'ന്നു ചൊല്ലാന്‍..

പറയുവാനാവില്ല സത്യമെനിക്കിന്നു
പൂങ്കോഴിയിന്നെത്ര ശക്തബാഹു!

ജ്വാലാമുഖിക്കുള്ളിലുരുകിത്തിളയ്ക്കുന്ന
ലാവപോല്‍ സത്യം തിളയ്കയാണെങ്കിലും

പൊട്ടിത്തെറിച്ചു പരന്നൊന്നൊഴുകുവാന്‍
അമ്മതന്‍സ്നേഹപ്പരപ്പുമില്ലല്ലോ

അലകടലിലാഴങ്ങളഗ്നിയാവാഹിയ്ക്കെ,
അമൃതുമായിനിയേതു ദേവനെത്തും!

മൃതമായസത്യങ്ങള്‍ക്കുയിരേകി വീണ്ടുമീ
ഗതകാലനന്‍മകളാരുണുര്‍ത്തും!

മിഴിയിണകളടച്ചൊന്നു പ്രാര്‍ത്ഥിക്കുവാന്‍ പോലു-
മിനിയീ മനസ്സിന്നു ശക്തിയില്ല.

മിഴിയൊന്നടയ്ക്കുകില്‍ പാഞ്ഞടുക്കുന്നോരു
മിന്നല്‍പ്പിണരിനെയാരു കാണ്മാന്‍!

1 comment:

  1. അപ്രിയ സത്യങ്ങളാണെങ്കിലും കവിത മനൊഹരം

    ReplyDelete