Sunday, June 9, 2013

അനാഥബാല്യം

അനാഥബാല്യം
==========

പൊട്ടിച്ചിരിയില്ല താരാട്ടുപാട്ടില്ല
ഓമനിക്കാനമ്മയെവിടെയെന്നറിയില്ല 
സ്വർഗ്ഗം ചമയ്ക്കുന്ന ബാല്യമെനിക്കില്ല 
ഇല്ല, നിറങ്ങൾ നിറഞ്ഞൊരു കാലവും.

കൗതുകം തോന്നും കളിപ്പാട്ടമില്ലെനി-
ക്കില്ല വർണ്ണാഭമാം കുപ്പായക്കൂട്ടവും 
ഒരു  ഭാരവണ്ടിപോൽ തള്ളിനീക്കുന്നു ഞാ-
നെന്റെയീ ശോകാർദ്രബാല്യദിനങ്ങളെ

പുസ്തകസഞ്ചിയും കുഞ്ഞിക്കുടയുമായ്
പുഞ്ചിരിയോടെ ഞാന്‍ പോകേണ്ടതില്ല
പള്ളിക്കുടത്തിന്‍ പടിവാതിലെന്‍നേര്‍ക്കു
പണ്ടേയടഞ്ഞതാണെന്നു ഞാനറിയുന്നു 

തെരുവിന്റെ കുഞ്ഞായ്പ്പിറക്കുവാന്‍ ഞാന്‍ ചെയ്തൊ-
രപരാധമെന്തെനിക്കറിയില്ല കൂട്ടരേ 
ഇത്രമേല്‍ ജീവിതം ഭാരമായ് തീരുവാന്‍
സര്‍വ്വേശനെന്നൊടു കോപിപ്പതെന്തിനോ

അമ്മയുമച്ഛനുമെവിടെയാണെങ്കിലു-
മൊന്നു കാണാനെനിക്കാശ ബാക്കി
കൂടെപ്പിറപ്പിന്റെ കൈപിടിച്ചൊരുവേള
കൂടെക്കളിക്കുവാന്‍ മോഹമേറെ

ശ്രമസലിലമാലെന്‍ ദിനങ്ങള്‍ നനഞ്ഞുപോയ്,
കണ്ണീർമഴയിൽക്കുതിര്‍ന്നുപോയ് രാവുകള്‍.
എന്നു ഞാന്‍ കാണും ചിരിക്കുന്ന സൂര്യനെ,
ഏതുരാവില്‍ ഞാനുറങ്ങണം ശാന്തമായ്?

ഉപന്യസിക്കും നിങ്ങളെന്റെയീ ദൈന്യത്തെ,
കവിതയായ് തീര്‍ക്കുമെന്‍ കണ്ണീരിന്‍പൂക്കളെ,
വിരല്‍ത്തുമ്പുനീട്ടിയെന്‍ കണ്ണീര്‍ത്തുടയ്ക്കുവാ-
നാരാരുമില്ലെന്നതാണെന്റെ ദുര്‍വ്വിധി.

2 comments:

  1. ഉപന്യസിക്കും നിങ്ങളെന്റെയീ ദൈന്യത്തെ,
    കവിതയായ് തീര്‍ക്കുമെന്‍ കണ്ണീരിന്‍പൂക്കളെ,
    വിരല്‍ത്തുമ്പുനീട്ടിയെന്‍ കണ്ണീര്‍ത്തുടയ്ക്കുവാ-
    നാരാരുമില്ലെന്നതാണെന്റെ ദുര്‍വ്വിധി..........NICE

    ReplyDelete