Friday, July 5, 2013

മഴവില്ല്

ഞാനുമീ സന്ധ്യയും നോക്കിനില്‍ക്കെ വാനി-
ലനുവാദമില്ലാതെ വന്നതാരോ?
എന്തിനെന്നറിയില്ല സപ്തവര്‍ണ്ണങ്ങളും
മാനത്തുവന്നു നിരന്നുവല്ലോ
പേമാരിവന്നൊന്നു പെയ്തൊഴിഞ്ഞെപ്പോഴോ
പൂമാരിവില്ലൊന്നു ഞാണ്‍ വലിച്ചു
നിറമേഴുമരുമായ് ചേര്‍ത്തുവെച്ചുള്ളൊരീ
ശ്രേഷ്ഠമാം രൂപം മെനഞ്ഞതാരോ?
ഈ മുഗ്ദ്ധമോഹനവര്‍ണ്ണചാരുതയിലെന്‍
തപ്തമാനസമെത്ര നൃത്തമാടും!
നീയെത്രവേഗം മറഞ്ഞുപോം- ഓമനേ
നിന്നെയെന്‍ കണ്ണോടു ചേര്‍ത്തുവെക്കാം
മിഴിപൂട്ടിയൊരുമാത്ര, മന്ത്രമൊന്നുരിയാടി
നിന്നെയെന്‍ മനസ്സില്‍ ഞാനാവാഹിക്കാം
മെല്ലെനീ മാഞ്ഞീടും-കാര്‍മുകില്‍ത്തുണ്ടൊന്നു
ദൂരെപ്പറന്നുപോം-അകലെയങ്ങാകാശമേകനാവും
ഇരുളിന്റെ തൂവല്‍ക്കൊഴിഞ്ഞുവീഴും-പിന്നെ
നീയെന്റെ മനസ്സില്‍ വിടര്‍ന്നുനില്ക്കും
ഹൃദയമാം വാടിയില്‍ പൂവിട്ട കല്പ-
ദ്രുമത്തിന്റെ സുന്ദരസൂനമായി



2 comments:

  1. തെല്ലു നേരം നിന്ന് പാഞൊളിച്ചെങ്കിലും ;
    മാഞ്ഞു പോവില്ലൊരു മാനസംതന്നിലും

    ReplyDelete