Friday, October 11, 2013

അന്ത്യനിദ്രയിലേക്ക് .

അന്ത്യനിദ്രയിലേക്ക് ....
===============
കൊഴിയുന്നു സംവത്സരങ്ങളാം പൂക്കള്‍
കാലമാം വൃക്ഷത്തില്‍ നിന്നടര്‍ന്നേവം
കഴിയുന്നിതായുസ്സിന്‍ ദൈര്‍ഘ്യവും മേലേ
പുല്‍കുന്നു മൃത്യു വന്നറിയാതെ പിന്നെ

എങ്കിലുമെന്തിനോ പായുന്നു മര്‍ത്ത്യന്‍
ദിശയേതുമറിയാതെയുഴലുന്നു പാരില്‍
കനവുകള്‍ കണ്ടുകണ്ടറിയാതെ പോകുന്നു
കനലെരിയുമാത്മാവിനാര്‍ദ്ര സംഘര്‍ഷങ്ങള്‍

അലയടിച്ചെത്തുമോരാഹ്ലാദസഞ്ചയം
അണപൊട്ടിയൊഴുകുന്നു ദുഃഖഭാരങ്ങളും
പൊരുളേതെന്നറിയാതെ പുല്കുന്നു സൗഖ്യവും
നിറമേറുമീ ജന്‍മകേളീഗൃഹത്തിങ്കല്‍

കാലം നിറയ്ക്കുന്ന മേളക്കൊഴുപ്പതില്‍
കാലുകള്‍ മെല്ലെക്കുഴയുന്നു, വീഴുന്നു
കല്പാന്തകാലം നിനച്ചിടും ചിന്തകള്‍
കണ്ണൊന്നടയ്ക്കുകില്‍ ശൂന്യത തേടുന്നു

നിറമാര്‍ന്ന സന്ധ്യ മാഞ്ഞുപോയീടവേ
ഇരുള്‍വന്നു നിറയുന്നു വാനിലും ഭൂവിലും
ഇനിവരും പുലരിയേ കാണുവാനാകാതെ
ഇരുളിന്റെ ശയ്യയില്‍ വീണുറങ്ങാം.....

13 comments:

  1. നല്ല താളമുള്ള തത്ത്വ ചിന്ത

    എങ്കിലുമെന്തിനോ പായുന്നു മര്‍ത്ത്യന്‍
    ദിശയേതുമറിയാതെയുഴലുന്നു പാരില്‍
    കനവുകള്‍ കണ്ടുകണ്ടറിയാതെ പോകുന്നു
    കനലെരിയുമാത്മാവിനാര്‍ദ്ര സംഘര്‍ഷങ്ങൾ

    ReplyDelete
  2. മനോഹരകവിത

    ബാക്കി പോസ്റ്റുകളും വായിയ്ക്കാന്‍ ഉടനെ തിരികെയെത്താം

    ReplyDelete
  3. കല്പാന്തകാലം നിനച്ചിടും ചിന്തകള്‍
    കണ്ണൊന്നടയ്ക്കുകില്‍ ശൂന്യത തേടുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എത്ര അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു. ലളിതസുന്ദരമായി മനസ്സില്‍ തട്ടുംവിധം. വളരെ ..വളരെ..മനോഹരമെന്ന് പറയാതിരിക്കാന്‍ വയ്യ.

    ReplyDelete
  4. കവിത ഇഷ്ടമായി,വീണ്ടുംവീണ്ടും വരാം

    ReplyDelete
    Replies
    1. വളരെ നന്ദി. തീര്‍ച്ചയായും വീണ്ടും വരണം...

      Delete
  5. This comment has been removed by the author.

    ReplyDelete
  6. ചിന്തിപ്പിക്കുന്ന മനോഹരമായൊരു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരുപാടു നന്ദി സര്‍

      Delete