Friday, October 25, 2013

ഒരു വൃദ്ധവിലാപം

ഇന്നലെയോ നിന്നെ കണ്ടുമുട്ടീ സഖീ,
ഇരവിലെ സ്വപ്നത്തിന്നുയിര്‍വന്നുവോ
ഇത്രനാള്‍ ഞാന്‍ നിന്നെ കാണാത്തതെന്തേ
ഇതള്‍ ചൂടുമനുരാഗമെങ്ങുപോയി 

കണ്‍പാര്‍ത്തതില്ല ഞാന്‍ നിന്‍ മുഖശ്രീ,യെന്റെ
കണ്ണില്‍ തിമിരം നിറഞ്ഞുപോയി, യെന്റെ
ഞാനെന്ന ഭാവം നിറഞ്ഞൊരു മാനസം
മോഹിച്ചതോ  ശപ്തമൃഗതൃഷ്ണ മാത്രം

കണ്ണില്‍ പതിഞ്ഞൊരു വര്‍ണ്ണവിസ്മയവു,മെന്‍
കാതില്‍ മുഴങ്ങിയ കളകൂജനങ്ങളും
തന്നെനിക്കേതോ മതിഭ്രമം മല്‍സഖീ...
വഴി തെറ്റിയെങ്ങോ വലഞ്ഞു ഞാനും  

ഇത്രനാള്‍ ഞാന്‍ കണ്ട പൂക്കളെല്ലാമൊരു
മാത്രനേരം കൊണ്ടു മാഞ്ഞുപോയോ...
ഈ സായന്തനത്തില്‍ ഇരുള്‍പരക്കു
മ്പൊഴീപ്പാതയിതെന്തേ വിമൂകമായി

അറിയുന്നു ഞാനെന്റെ നഷ്ടപര്‍വ്വങ്ങളേ
അകതാരിലുള്‍ച്ചൂടുമാത്രം നിറച്ചിട്ടു
പൊയ്പോയതാം തീക്ഷ്ണ യൗവ്വനകാലവും
തിരികെയെത്തീടാത്ത മാഹേന്ദ്രജാലവും

ഹിമകണം പോല്‍ നിന്റെ മൃദുവിരല്‍സ്പര്‍ശമെന്‍
ഹൃദയത്തില്‍ ശീതം നിറച്ചിരുന്നെങ്കിലും
നനവാര്‍ന്ന മിഴികള്‍തന്‍ നിനവിലൂടൂറുന്ന
ചുടുകണ്ണൂനീര്‍പ്പുഴ കണ്ടതില്ലീ ഞാന്‍

ശൂന്യമായ്ത്തീര്‍ന്നൊരെന്‍ കൈകളിലെന്‍ പ്രിയ-
പത്നീ  നിനക്കായി നല്‍കുവാനീപ്പുഴു-
ക്കുത്തേറ്റു വാടിത്തളര്‍ന്നൊരാം മേനിയ-
തല്ലാതെയില്ലിനി   ബാക്കിയൊന്നും

ഈ നീണ്ട രഥ്യയില്‍ ത്യാഗവും സ്നേഹവും
ഇഴചേര്‍ത്തു നീ നെയ്ത ജീവിതപ്പൊന്നാട
ഒരുജന്മസുകൃതമായ് ആത്മാവിന്‍ മീതേ
പുതച്ചൊന്നുറങ്ങട്ടെ ഞാനീ കുളിര്‍രാവില്‍

നിന്‍മടിത്തട്ടില്‍ ഞാന്‍ ചാഞ്ഞുറങ്ങീടവേ
മെല്ലെത്തഴുകുകെന്‍ ശുഭ്രമുടിയിഴകളേ
നിന്‍ മൃദുവിരല്‍ത്തുമ്പാൽ മെല്ലെത്തുടയ്ക്കുക  
എന്‍മിഴിക്കോണില്‍ തുളുമ്പുമാ ശോകത്തെ

എല്ലാം മറന്നൊന്നുറങ്ങട്ടെയീരാവില്‍
തെല്ലൊന്നറിയട്ടെ നിന്നെ ഞാന്‍ പ്രണയിനീ
അകലെയാകാശത്തു കണ്‍ചിമ്മുമാക്കൊച്ചു
താരങ്ങള്‍ കൂട്ടായിരിക്കും നിനക്കായി...













6 comments:

  1. നല്ല കവിത

    (വൃദ്ധവിലാപം എന്നാണോ ഉദ്ദേശിച്ചത്?)

    ReplyDelete
    Replies
    1. നന്ദി സര്‍. തെറ്റിപ്പോയതാണ്. വൃദ്ധവിലാപം എന്നാണുദ്ദേശിച്ചത്. അശ്രദ്ധയ്ക്കു മാപ്പ്.

      Delete
  2. Replies
    1. വളരെ നന്ദി ശ്രീ സലീം കുലുക്കല്ലൂര്‍

      Delete
  3. നന്നായി.
    Best wishes.

    ReplyDelete