Friday, February 28, 2014

പുലരി

കെട്ടിപ്പുണരുവാനെത്തുന്നു കണ്‍കളെ
ബാലസൂര്യന്‍തന്റെ പിഞ്ചുകൈരശ്മികള്‍
മെല്ലെയെന്നിമകളെ ചുംബിച്ചുണര്‍ത്തുന്നു
കൗതുകം പേറുമാ ചെഞ്ചുണ്ടു ചെമ്മേ

രാവെങ്ങുപോയ് എന്റെയൊപ്പമുറങ്ങിയ 
കൂരിരുട്ടെങ്ങു പോയ് ഇത്ര വേഗം!
ഇരുള്‍ പോയ്മറഞ്ഞിട്ടും നിദ്രയാം തോഴിയെന്‍
ചാരത്തുതന്നെ, ഞാനെന്തു ചെയ് വാന്‍!

പുലരിയെന്‍ കണ്‍മുന്നിലെത്തിച്ചിരിക്കവേ
പൊന്മുളന്തണ്ടുമായ് വന്നിളങ്കാറ്റും.
പാടിപ്പറന്നുപോം പക്ഷികള്‍ ചൊല്ലിയോ
പുത്തന്‍ പ്രഭാതത്തില്‍ മംഗളങ്ങള്‍?

നീണ്ടയീപ്പകലിലെന്‍ പാതയില്‍ ദിനകരന്‍ 
നിഴലുപോല്‍ ചേര്‍ന്നെന്റെ പാദങ്ങള്‍ മുന്‍പോട്ടു
നീങ്ങുവാന്‍ ശക്തിയും ശേഷിയും നല്കവേ,
നിദ്രയെ തെല്ലിട മാറ്റി നിര്‍ത്തീടട്ടേ.

ദൂരമങ്ങൊരുപാടു താണ്ടണം, ചെയ്യുവാന്‍
കര്‍മ്മങ്ങളേറെയുണ്ടെന്റെ മുന്നില്‍
പുഞ്ചിരിച്ചീടട്ടെ പുലരിയേ നോക്കി ഞാന്‍
പുഞ്ചിരി തൂകുമീപ്പൂക്കളേപ്പോല്‍...




5 comments:

  1. പുഞ്ചിരിയെന്നും ചുണ്ടില്‍ വിരിഞ്ഞു നിലനില്‍ക്കട്ടേ.
    ആശംസകള്‍

    ReplyDelete
  2. ഇരുള്‍ പോയ്‌ മറഞ്ഞിട്ടും/നിദ്രയാം തോഴിയെന്‍/ചാരതുതന്നെ,ഞാനെന്തു ചെയ്‌വാന്‍.ഇതാണ് ചിന്ത.ഇത് തന്നെ മനോഹരം.

    ReplyDelete