Thursday, March 27, 2014

കല്യാണത്തണ്ട് (കല്യാണദണ്ട്)

കല്യാണത്തണ്ട് (കല്യാണദണ്ഡ്)
=====================
നല്ല കൗതുകം തോന്നുന്ന പേര്!ഇടുക്കി ജില്ലയില്‍ കട്ടപ്പനയ്ക്കടുത്തുള്ള അതിമനോഹരമായ  ഒരു മലയുടെ പേരാണിത്. ഭീമാകാരമായ ഒരു ദണ്ഡ് വീണുകിടക്കുന്നതുപോലെ നീണ്ടുകിടക്കുന്ന ഒരു മല. ഏകദേശം 15 കിലോമീറ്റര്‍ നീളമുണ്ട് ഈ മലയ്ക്ക്. 3600 അടിയാണ് ഇതിന്റെ ശരാശരി ഉയരം. മലമുകളില്‍ ചിലയിടങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതിയുമുണ്ട്.

എന്റെ വീട്ടില്‍ നിന്നു നോക്കിയാല്‍ ഈ മലയുടെ കുറച്ചു ഭാഗം ദൃശ്യമാകും. കുട്ടിക്കാലത്ത് എന്റെ  എറ്റവും വലിയ വിസ്മയമായിരുന്നു  ഈ മല. രാവിലെ ഉറക്കമുണര്‍ന്ന് മുറ്റത്തേയ്ക്കിറങ്ങിയാല്‍ ആദ്യം ഈ മലയിലേയ്ക്കാവും കണ്ണ് പാഞ്ഞെത്തുക. പച്ചപുതച്ചു ശാന്തമായിക്കിടക്കുന്ന കല്യാണത്തണ്ട്..ചില ദിവസങ്ങളില്‍ ഈ തണ്ട് അപ്രത്യക്ഷമാകും. ഉദയസൂര്യനു ശക്തി കൂടുമ്പോള്‍, മഞ്ഞിന്‍മാറാപ്പു മെല്ലെ പിന്‍വലിയുമ്പോള്‍, അല്പാല്പമായി മല തെളിഞ്ഞു വരും. സന്ധ്യാസമയങ്ങളിലും മഴക്കാലങ്ങളിലും ഈ കണ്ണുപൊത്തിക്കളി ഉണ്ടാകും. കോടമഞ്ഞിനിടയിലൂടെ മഴ നനഞ്ഞു കറുത്ത പാറകള്‍ മാത്രമേ ചിലപ്പോള്‍  കാണാന്‍ കഴിയൂ..

ദിവസത്തിന്റെ ഓരോ ഘട്ടങ്ങളിലും ഈ ചങ്ങാതിക്കു പല നിറങ്ങളാണ്.പച്ച നിറത്തിന് ഇത്രയധികം വര്‍ണ്ണഭേദങ്ങളുണ്ടോ എന്ന് അത്ഭുതം തോന്നും. ചിലപ്പോഴാകട്ടെ നീലനിറമായിരിക്കും. ഇവകള്‍ക്കു പുറമെ, അന്തിവെയില്‍ വീണുകിടക്കുന്ന കല്യാണത്തണ്ടിന് മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെ ചേര്‍ന്നൊരു മഴവില്‍ ചാരുത! മഴ തുടങ്ങുന്ന ദിവസങ്ങളില്‍ ചാറ്റല്‍മഴ ഓടിയെത്തുന്നത് ഈ മലമുകളില്‍ നിന്നായിരിക്കും .മുകളില്‍ നിന്നു താഴേയ്ക്കു മലയെ അപ്രത്യക്ഷമാക്കി ഓടിയടുക്കുന്ന മഴത്തുള്ളികള്‍. എങ്കിലും മഴത്തുള്ളികള്‍ മുറ്റത്തു പതിക്കാന്‍ കുറെ സമയമെടുക്കും. മുറ്റത്തുണങ്ങാനിട്ടിരിക്കുന്ന നെല്ലോ കുരുമുളകോ കാപ്പിക്കുവോ ഒക്കെ വാരി ചാക്കിലാക്കി സുരക്ഷിതസ്ഥാനത്തു വെയ്ക്കാന്‍ ഈ സമയം ധാരാളം.  വേനല്‍ക്കാല രാവുകളില്‍ അതീവ ചാരുതയാര്‍ന്ന മറ്റൊരു ദൃശ്യമുണ്ട്. കോപിഷ്ഠയായൊരു സുന്ദരി അലക്ഷ്യമായി  വലിച്ചെറിഞ്ഞൊരു പൊന്‍മാല പോലെ കത്തിക്കയറുന്ന കാട്ടുതീ. അത് ആരും ചെന്നു കത്തിക്കുന്നതല്ല. അവിടങ്ങളില്‍ വളരുന്ന ഒരു പ്രത്യേകമരത്തിന്റെ ഉണങ്ങിയ ഇലകള്‍ കാറ്റില്‍ തമ്മിലുരസുമ്പോളുണ്ടാകുന്ന തീപ്പൊരിയാണ് ഈ കാട്ടുതീ പടര്‍ത്തുന്നത്. എപ്പോഴാണ് ഈ തീ അണയുന്നതെന്ന് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്ത് ഈ കാട്ടുതീയുണ്ടാക്കുന്ന ദുരന്തമൊന്നും അറിയില്ലായിരുന്നു. അതിനാല്‍ അതിനെക്കുറിച്ച് ഒട്ടും വ്യാകുലപ്പെട്ടിരുന്നുമില്ല. ഇന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഭീതി മനസ്സില്‍ കടന്നു കൂടുന്നു.

അന്നൊക്കെ ആ മലയില്‍ ഒന്നു കയറുക എന്നത് ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നത്തിനു നിറം പകരാന്‍ ഒരുപാടു കഥകളും കേട്ടിരുന്നു. ത്രേതായുഗവും  ദ്വാപരയുഗവും ഒക്കെ ഈ കഥകളില്‍ ബന്ധപ്പെട്ടു കിടന്നിരുന്നു. ശ്രീരാമനും സീതാദേവിയും വിവാഹശേഷം ഇവിടെ വന്നിരുന്നത്രേ.. സീതാദേവിക്കു സ്വസ്ഥമായി വീശ്രമിക്കാനും നീരാടാനും ഒരു സങ്കേതം വേണമായിരുന്നു. അപ്പോള്‍ രാമന്റെ കയ്യിലെ ദണ്ഡ് താഴെവീണ് അതിമനോഹരമായൊരു  മലയായി രൂപാന്തരപ്പെട്ടത്രേ. ചിലര്‍ പറയുന്നത് പാണ്ഡവര്‍, ദ്രൗപദീ സ്വയംവരം കഴിഞ്ഞ് ഇവിടെയെത്തുകയും അത്യാഹ്ളാദത്തോടെ ഇവിടെ കഴിയുകയും ചെയ്തെന്നാണ്. ഈ മലയുടെ ഏറ്റവും ഉയരത്തില്‍ മനോഹരമായ ഒരു തടാകമുണ്ട്. അവിടെ ഒറ്റയ്ക്ക് പുല്ലറുക്കാനോ വിറകു ശേഖരിക്കാനോ എത്തിയ ചിലര്‍ തടാകത്തില്‍ നീന്തിത്തുടിയ്ക്കുന്ന നഗ്നസുന്ദരിമാരെ കണ്ടിട്ടുണ്ടെന്നു ഭാഷ്യം.. അവര്‍ നാകലോകത്തുനിന്നെത്തിയ ദേവസ്ത്രികളാണെന്നാണു പലരും വിശ്വസിക്കുന്നത്.ആ അപ്സരസ്സുകളെ ഒന്നു കാണാന്‍ ഞാനും സ്വപ്നം കണ്ടതില്‍ തെറ്റു പറയാനാവില്ലല്ലോ..പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ മലമുകളിലെ ഉമാമഹേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ അതല്ലേ സ്വര്‍ഗ്ഗമെന്നു തോന്നിപ്പോയി.അത്ര മനോഹരമാണ് കല്യാണത്തണ്ടിന്റെ മുകളില്‍ നിന്നുള്ള പരിസരകാഴ്ചകള്‍. താഴെയായി കാണുന്ന അഞ്ചുരുളിയുടെ ജലശേഖരവിസ്മയഭംഗിയും ഇടുക്കി അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങലിലെ നിബിഡവനദൃശ്യങ്ങളും മനസ്സില്‍ നിന്നു മാഞ്ഞുപോവുകയേ ഇല്ല. വളരെ ഉയരത്തില്‍ നിന്നായതുകൊണ്ട് ഒരുപാടകലെ വരെയുള്ള സ്ഥലങ്ങള്‍ കാണാനാവും. വിവിധ വര്‍ണ്ണങ്ങളുടെ സമ്മോഹനസമ്മേളനം!

അഞ്ചുരുളിയും ഒരത്ഭുതഹേതു തന്നെ. ഈ മലയുടെ മാറു തുരന്നുണ്ടാക്കിയ ഒരു വലിയ തുരങ്കമുണ്ടവിടെ.നാലു കിലോമീറ്റര്‍ നീളമുണ്ടിതിന്. ഇരട്ടയാര്‍ ഡാമില്‍ നിന്നു ഇടുക്കി ഡാമിലേയ്ക്കു വെള്ളമെത്തിക്കുന്നതിനാണ് ഇതു നിര്‍മ്മിച്ചത്. കുട്ടിക്കാലത്ത്  ഇതിന്റെ നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളിലും ഈ തുരങ്കത്തില്‍ കയറാന്‍ കഴിഞ്ഞിട്ടുണ്ട്. വെള്ളമൊഴുക്കു കുറഞ്ഞ സമയത്ത് ഇപ്പോഴും വേണമെങ്കില്‍ അതിലൂടെ നടക്കാം. പക്ഷെ ഉള്ളിലേയ്ക്കു കടന്നാല്‍ കൂരിരുട്ടായിരിക്കും.വെള്ളം ധാരാളമുള്ളപ്പോള്‍ ആ കുത്തൊഴുക്കും ചേതോഹരമായ കാഴ്ച തന്നെ. അണക്കെട്ടിനാല്‍ രൂപം കൊണ്ട തടാകത്തിലേയ്ക്കാണ് ഈ ജലപാതം. ഈ തടാകവും നയനമനോഹരം. ജലപ്പരപ്പുയര്‍ന്നുവന്നപ്പോള്‍ വെള്ളത്തിലാണ്ടുപോയ മലകളുടെ മൂര്‍ദ്ധാവ് ദ്വീപുകളായി തടാകത്തില്‍ അങ്ങിങ്ങു കാണാം-കമഴ്ത്തിവെച്ച ഉരുളികള്‍ പോലെ.. ജലനിരപ്പ് ഉയരുന്നതും താഴുന്നതുമനുസരിച്ച് ഈ ദ്വീപുകള്‍ക്കു വലുപ്പവ്യത്യാസവും ഉണ്ടാകും.

കല്യാണത്തണ്ടിന്റെ പരിലാളനകളില്‍ ഓര്‍മ്മകള്‍ ഇപ്പൊഴും തഴച്ചുവളരുന്നു, ഒരിക്കലും മരിക്കത്ത മധുരസ്മരണകള്‍!









7 comments:

  1. ഇടുക്കി ഗോള്‍ഡ്!!!

    ReplyDelete
  2. വായിച്ചു.
    നല്ലൊരു വിവരണം
    ആശംസകള്‍

    ReplyDelete
  3. കട്ടപ്പന പതിനെട്ടു പ്രാവശ്യം കറങ്ങിയ ഞാന്‍ 3-0 പിക്ചര്‍ കണ്ടില്ലല്ലോ.കല്യണത്തണ്ടില്‍,ജനകീയാസൂത്രണം കൊടുമ്പിരിക്കൊള്ളുമ്പോള്‍,അന്നത്തെ കളക്ടര്‍ ടി.കെ.ജോസ്IAS,Dr.തോമസ്‌ ഐസക്‌,T.M.സീമ MP(RS)...ആ സംഘത്തോടൊപ്പം കാറ്റു കൊണ്ടതും പാട്ടു പാടിയതും മറക്കാന്‍ കഴിയുമോ....പക്ഷെ അതിനു ഇങ്ങനെ ഒരു ഐതിഹ്യ പരിവേഷം ഉണ്ടെന്നു അറിഞ്ഞതില്‍ വളരെ സന്തോഷം.ഈ Informative പോസ്റ്റ്‌ വളരെ ഇഷ്ട്ടമായി.ഭാവുകങ്ങള്‍.....!

    ReplyDelete
  4. വളരെ നന്ദി സര്‍.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മിനി,

    ഒരു വസ്തു, അല്ലെങ്കില്‍ ഒരു കാഴ്ച കാണുക എന്നുള്ളതല്ല ആ കാഴ്ച നമ്മളില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ എങ്ങിനെയുല്ലതാണ് എന്നതിലാണ് ഒരു വ്യക്തിയില്‍ ഉറങ്ങികിടക്കുന്ന പ്രതിഭയുടെ പ്രഭ മറ്റുള്ളരിലേക്കിറങ്ങി ചെല്ലുന്നത്. ആ മലയുടെ കാഴ്ചയും, അതിന്റെ പിന്നിലുറങ്ങുന്ന ഐതിഹ്യങ്ങളും താങ്കളില്‍ ഉയര്‍ത്തിയ ചോദന അതിമനോഹരമായിരുന്നു. ഒരു സാധാരണക്കാരന്‍ കാണുന്ന കാഴച്ചയായിരിക്കില്ല ഒരു പ്രതിഭാശാലിയുടെത്. അതിനു പുതിയ അര്‍ത്ഥ തലങ്ങളുണ്ടായിരിക്കും. അവിടെ വിരിയുന്ന മാരിവില്ലിനെ കാണാന്‍ കവിമനം അതിനുമാത്രമേ കഴിയൂ. അങ്ങിനെ കാണുന്ന ഓരോ കാഴ്ച്ചയും കവിയിലുണര്‍ത്തുന്ന വൈകാരികത സാധാരണക്കാരനില്‍നിന്നും വ്യത്യസ്തമായീക്കും. അസ്സലായിരിക്കുന്നു താങ്കളുടെ കാഴ്ച്ചകല്‍. ഇത്തരം കാഴ്ച്ചകളുടെ മനോഹാരിത പ്രതിഭാശാലികളുടെ വരികളിലൂടെ, വരകളിലൂടെ, എന്നിങ്ങനെയെല്ലാമാണ് സാധാരണക്കാരനിലെത്തുന്നത്. മനോഹരം താങ്കളുടെ കാഴ്ച്ചകള്‍. പ്രകൃതിയോടുള്ള താങ്കളുടെ താത്പര്യം കൂടുതല്‍ പ്രതീക്ഷകളുണര്‍ത്തുന്നു. വരികളില്‍ തെളിയുന്നു.. താങ്കളുടെ പ്രതിഭയോടുള്ള കുറച്ചധികം ആരാധനയോടും, കുറച്ചു അസൂയയോടും കൂടി പറയട്ടെ മനോഹരം മിനി.

    ReplyDelete