Monday, March 31, 2014

ഏപ്രില്‍ ഫൂള്‍!

     നാളെ അഖിലലോക വിഡ്ഢിദിനം.ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ജാള്യം  കലര്‍ന്ന പുഞ്ചിരി എല്ലാവരുടേയും മുഖത്തുവിടരും. ആര്‍ക്കും ആരെയും വിഡ്ഢിയാക്കാന്‍ അനുവദിക്കപ്പെട്ട ദിവസം. ഈ പറ്റിക്കപ്പെടലിന്റെ കഥകള്‍ ഒരുപാടു നമ്മള്‍ കേട്ടിരിക്കുന്നു. കളിയായും, ചിലപ്പോള്‍ കാര്യമായും മാറിയ നേരമ്പോക്കുകള്‍. വാസ്തവമാണെങ്കില്‍ പോലും വിഡ്ഢിദിനത്തില്‍ കേള്‍ക്കുന്ന കാര്യം ആരും അത്ര വേഗം വിശ്വസിക്കാറുമില്ല. പത്തുമണിയോടെ അവസാനിപ്പിക്കേണ്ട ഈ കലാപരിപാടി പലരും നീട്ടിക്കൊണ്ടുപോകാറുമുണ്ട്. ഈ ദിനാചരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തങ്ങളുടേതായ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. എന്തായാലും ലോകമെമ്പാടും ഈ ദിനം ഒരു ആഘോഷമായിത്തന്നെ വരവേല്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം.

      ഈ ദിനാചരണത്തിനു പിന്‍ബലമായി ഒരുപാടു കഥകള്‍ പ്രചരിച്ചിട്ടുണ്ട് . പല രാജ്യത്തെയും നവവത്സരാഘോഷം മാര്‍ച്ച് 25 മുതല്‍  ഏപ്രില്‍ ഒന്ന് വരെയായിരുന്നു. 1578-ല്‍ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന ചാള്‍സ് ഒമ്പതാമന്‍ അന്നത്തെ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ജൂലിയന്‍ കലണ്ടര്‍ മാറ്റി, ഗ്രിഗോറിയന്‍ കലണ്ടര്‍ തുടങ്ങുകയും, ജനുവരി ഒന്നാം തീയതി വര്‍ഷാരംഭമായി കാണുകയും ചെയ്തു. പലര്‍ക്കും ഈ മാറ്റം ഉള്‍ക്കൊള്ളാനായില്ല. ചിലരാകട്ടെ അതു മറന്നും പോയി. ഈക്കൂട്ടര്‍ പതിവു പോലെ ഏപ്രില്‍ ഒന്നിനു സാമ്മാനങ്ങള്‍ കൊടുക്കുകയും മറ്റു നവവത്സരാഘോഷങ്ങള്‍ നടത്തുകയും ആശംസകള്‍ നേരുകയും  ചെയ്തു. ഇത്തരം അമളിക്കിരയായവരെ  പരിഹസിച്ച് ഏപ്രില്‍ ഫിഷ് എന്നു മറ്റുള്ളവര്‍ വിളിക്കുകയും പുറത്ത് കടലാസ് മത്സ്യങ്ങളെ ഉണ്ടാക്കി പതിക്കുകയും ചെയ്തു.  (ചെറുമീനുകളാണല്ലോ വേഗം പിടിക്കപ്പെടുന്നത്, അതായിരിക്കാം ഈ പേരു വന്നത്. അതുമല്ലെങ്കില്‍ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയായിരിക്കും വിഡ്ഢിയാക്കപ്പെട്ടവര്‍ക്ക് ). മനഃപൂര്‍വ്വം ഇത്തരക്കാരെ ഇളിഭ്യരാക്കാന്‍ മറ്റു വിരുതന്മാര്‍ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ തുടക്കമിട്ട വിഡ്ഢിദിനാചരണം  മറ്റു യൂറോപ്യന്‍രാജ്യങ്ങളിലേയ്ക്ക്   കടന്നെത്തിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്.   ഇംഗ്ലണ്ടിലെത്തിയതോടെ അത് അവരുടെ കോളനികളിലൊക്കെയും പ്രചരിച്ചു.  പതിയെ അതു ലോകമെമ്പാടുമുള്ള ഒരാഘോഷമായി മാറുകയായിരുന്നു. ആദ്യകാലത്തൊക്കെ ഇല്ലാത്ത അതിഥിസല്‍ക്കാരങ്ങള്‍ക്കു ക്ഷണിക്കുകയും കള്ളക്കഥകള്‍ പറഞ്ഞുവിശ്വസിപ്പിക്കുകയും ഒക്കെയായിരുന്നു ഈ ചെയ്തു പോന്നിരുന്നത്.  തികച്ചും  നിര്‍ദ്ദോഷങ്ങളായ തമാശകള്‍..ഈ പരിഹാസത്തിനിരയാവുന്നവരെ ഓരോയിടത്തും ഓരോ പേരുകളാണു വിളിച്ചിരുന്നതും. ഏപ്രില്‍ ഫിഷ്, ഏപ്രില്‍ നൂഡില്‍, ഏപ്രില്‍ ഹോക്ക്.. അങ്ങനെ പല പേരുകള്‍.

      ബൈബിളില്‍ നോഹയുടെ പെട്ടകവുമായി ബന്ധപ്പെടുത്തിയും ചില കഥകള്‍ പ്രചാരത്തിലുണ്ട്. ഇതനുസരിച്ച് ആദ്യത്തെ ഏപ്രില്‍ ഫൂള്‍ നോഹ തന്നെയാണ്. പ്രളയജലം പിന്‍വാങ്ങും മുന്‍പു തന്നെ നോഹ പ്രാവിനെ തുറന്നുവിട്ട് കര കണ്ടെത്താന്‍ ആവശ്യപ്പെട്ടത്രേ. അങ്ങനെ ആദ്യത്തെ വിഡ്ഢിയായി. മറ്റൊരു ബൈബിള്‍ കഥ പറയുന്നത്  യേശുക്രിസ്തുവിന്റെ ചില  യാത്രകളും ഉയിര്‍ത്തെഴുന്നേല്‍പ്പും ഒക്കെ ബന്ധപ്പെടുത്തിയാണ്. ഗ്രീക്ക് പുരാണങ്ങള്‍ക്കു പറയുവാനുള്ളത് ഇപ്രകാരമാണ്. ദുര്‍ദ്ദേവതയായിരുന്ന പ്ലൂട്ടൊ, സീറസിന്റെ മകളായ പ്രോസര്‍പ്പിനയെ തട്ടിക്കൊണ്ടുപോവുകയും അധോലോകത്ത് ഒളിപ്പിച്ചു വെയ്ക്കുകയും ചെയ്തു. പുത്രിയുടെ കരച്ചില്‍ പലയിടങ്ങളില്‍ നിന്നും പ്രതിഫലനങ്ങളായി ഉയര്‍ന്നു വന്നു. കരച്ചില്‍ കേള്‍ക്കുന്ന ദിക്കിലേയ്ക്ക്  സീറസ് ദേവത ഓടിക്കൊണ്ടേയിരുന്നു. അതാകട്ടെ പ്ലൂട്ടോയുടെ കാപട്യമായിരുന്നു എന്ന് സീറസ് അറിഞ്ഞുമില്ല. ഈ വൃഥാന്വേഷണവും(Fools errand)   ഏപ്രില്‍ ഫൂള്‍ ആചരണത്തിനു തുടക്കമായി വിശ്വസിച്ചു പോരുന്നു.

     എന്തായാലും ഒരുപാടു പേര്‍ ആസ്വദിക്കുകയും പലര്‍ക്കും ഒരു പേടിസ്വപ്നമാവുകയും ചെയ്യുന്ന ഈ ദിനാചരണം ഇന്നും നമ്മുടെ നാട്ടിലും ജനകീയാഘോഷമായി തന്നെ തുടരുന്നു. നിര്‍ദ്ദോഷമായ പറ്റിക്കലുകളിലൂടെയും പരിഹാസങ്ങളിലൂടെയും , അമളിപറ്റിച്ചും പറ്റിക്കപ്പെട്ടും, ഇളിഭ്യരാക്കിയും ആക്കപ്പെട്ടും ഈ ദിനം ഇങ്ങനെ കടന്നുപോകട്ടെ. ഒരുദിവസത്തേയ്ക്കെങ്കിലും പിരിമുറുക്കങ്ങളില്ലാതെ പൊട്ടിച്ചിരിച്ചു കടന്നുപോകാം തിരക്കുപിടിച്ച ഈ ജീവിതത്തില്‍... ഒന്നു മറിച്ചു ചിന്തിച്ചാല്‍ നിത്യേന വിഡ്ഢികളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമുക്ക് അതൊന്നു വിശാലമായി ആഘോഷിക്കാം ഈ ദിനത്തില്‍. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദ്യമായ വിഡ്ഢിദിനാശംസകള്‍. 

2 comments:

  1. എപ്പോഴും ഫൂള്‍ ആകുന്നവര്‍ക്കെന്ത് ഏപ്രില്‍ ഫൂള്‍!!!!

    ReplyDelete