Monday, March 31, 2014

ഏപ്രില്‍ ഫൂള്‍!

     നാളെ അഖിലലോക വിഡ്ഢിദിനം.ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ജാള്യം  കലര്‍ന്ന പുഞ്ചിരി എല്ലാവരുടേയും മുഖത്തുവിടരും. ആര്‍ക്കും ആരെയും വിഡ്ഢിയാക്കാന്‍ അനുവദിക്കപ്പെട്ട ദിവസം. ഈ പറ്റിക്കപ്പെടലിന്റെ കഥകള്‍ ഒരുപാടു നമ്മള്‍ കേട്ടിരിക്കുന്നു. കളിയായും, ചിലപ്പോള്‍ കാര്യമായും മാറിയ നേരമ്പോക്കുകള്‍. വാസ്തവമാണെങ്കില്‍ പോലും വിഡ്ഢിദിനത്തില്‍ കേള്‍ക്കുന്ന കാര്യം ആരും അത്ര വേഗം വിശ്വസിക്കാറുമില്ല. പത്തുമണിയോടെ അവസാനിപ്പിക്കേണ്ട ഈ കലാപരിപാടി പലരും നീട്ടിക്കൊണ്ടുപോകാറുമുണ്ട്. ഈ ദിനാചരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തങ്ങളുടേതായ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. എന്തായാലും ലോകമെമ്പാടും ഈ ദിനം ഒരു ആഘോഷമായിത്തന്നെ വരവേല്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം.

      ഈ ദിനാചരണത്തിനു പിന്‍ബലമായി ഒരുപാടു കഥകള്‍ പ്രചരിച്ചിട്ടുണ്ട് . പല രാജ്യത്തെയും നവവത്സരാഘോഷം മാര്‍ച്ച് 25 മുതല്‍  ഏപ്രില്‍ ഒന്ന് വരെയായിരുന്നു. 1578-ല്‍ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന ചാള്‍സ് ഒമ്പതാമന്‍ അന്നത്തെ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ജൂലിയന്‍ കലണ്ടര്‍ മാറ്റി, ഗ്രിഗോറിയന്‍ കലണ്ടര്‍ തുടങ്ങുകയും, ജനുവരി ഒന്നാം തീയതി വര്‍ഷാരംഭമായി കാണുകയും ചെയ്തു. പലര്‍ക്കും ഈ മാറ്റം ഉള്‍ക്കൊള്ളാനായില്ല. ചിലരാകട്ടെ അതു മറന്നും പോയി. ഈക്കൂട്ടര്‍ പതിവു പോലെ ഏപ്രില്‍ ഒന്നിനു സാമ്മാനങ്ങള്‍ കൊടുക്കുകയും മറ്റു നവവത്സരാഘോഷങ്ങള്‍ നടത്തുകയും ആശംസകള്‍ നേരുകയും  ചെയ്തു. ഇത്തരം അമളിക്കിരയായവരെ  പരിഹസിച്ച് ഏപ്രില്‍ ഫിഷ് എന്നു മറ്റുള്ളവര്‍ വിളിക്കുകയും പുറത്ത് കടലാസ് മത്സ്യങ്ങളെ ഉണ്ടാക്കി പതിക്കുകയും ചെയ്തു.  (ചെറുമീനുകളാണല്ലോ വേഗം പിടിക്കപ്പെടുന്നത്, അതായിരിക്കാം ഈ പേരു വന്നത്. അതുമല്ലെങ്കില്‍ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയായിരിക്കും വിഡ്ഢിയാക്കപ്പെട്ടവര്‍ക്ക് ). മനഃപൂര്‍വ്വം ഇത്തരക്കാരെ ഇളിഭ്യരാക്കാന്‍ മറ്റു വിരുതന്മാര്‍ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ തുടക്കമിട്ട വിഡ്ഢിദിനാചരണം  മറ്റു യൂറോപ്യന്‍രാജ്യങ്ങളിലേയ്ക്ക്   കടന്നെത്തിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്.   ഇംഗ്ലണ്ടിലെത്തിയതോടെ അത് അവരുടെ കോളനികളിലൊക്കെയും പ്രചരിച്ചു.  പതിയെ അതു ലോകമെമ്പാടുമുള്ള ഒരാഘോഷമായി മാറുകയായിരുന്നു. ആദ്യകാലത്തൊക്കെ ഇല്ലാത്ത അതിഥിസല്‍ക്കാരങ്ങള്‍ക്കു ക്ഷണിക്കുകയും കള്ളക്കഥകള്‍ പറഞ്ഞുവിശ്വസിപ്പിക്കുകയും ഒക്കെയായിരുന്നു ഈ ചെയ്തു പോന്നിരുന്നത്.  തികച്ചും  നിര്‍ദ്ദോഷങ്ങളായ തമാശകള്‍..ഈ പരിഹാസത്തിനിരയാവുന്നവരെ ഓരോയിടത്തും ഓരോ പേരുകളാണു വിളിച്ചിരുന്നതും. ഏപ്രില്‍ ഫിഷ്, ഏപ്രില്‍ നൂഡില്‍, ഏപ്രില്‍ ഹോക്ക്.. അങ്ങനെ പല പേരുകള്‍.

      ബൈബിളില്‍ നോഹയുടെ പെട്ടകവുമായി ബന്ധപ്പെടുത്തിയും ചില കഥകള്‍ പ്രചാരത്തിലുണ്ട്. ഇതനുസരിച്ച് ആദ്യത്തെ ഏപ്രില്‍ ഫൂള്‍ നോഹ തന്നെയാണ്. പ്രളയജലം പിന്‍വാങ്ങും മുന്‍പു തന്നെ നോഹ പ്രാവിനെ തുറന്നുവിട്ട് കര കണ്ടെത്താന്‍ ആവശ്യപ്പെട്ടത്രേ. അങ്ങനെ ആദ്യത്തെ വിഡ്ഢിയായി. മറ്റൊരു ബൈബിള്‍ കഥ പറയുന്നത്  യേശുക്രിസ്തുവിന്റെ ചില  യാത്രകളും ഉയിര്‍ത്തെഴുന്നേല്‍പ്പും ഒക്കെ ബന്ധപ്പെടുത്തിയാണ്. ഗ്രീക്ക് പുരാണങ്ങള്‍ക്കു പറയുവാനുള്ളത് ഇപ്രകാരമാണ്. ദുര്‍ദ്ദേവതയായിരുന്ന പ്ലൂട്ടൊ, സീറസിന്റെ മകളായ പ്രോസര്‍പ്പിനയെ തട്ടിക്കൊണ്ടുപോവുകയും അധോലോകത്ത് ഒളിപ്പിച്ചു വെയ്ക്കുകയും ചെയ്തു. പുത്രിയുടെ കരച്ചില്‍ പലയിടങ്ങളില്‍ നിന്നും പ്രതിഫലനങ്ങളായി ഉയര്‍ന്നു വന്നു. കരച്ചില്‍ കേള്‍ക്കുന്ന ദിക്കിലേയ്ക്ക്  സീറസ് ദേവത ഓടിക്കൊണ്ടേയിരുന്നു. അതാകട്ടെ പ്ലൂട്ടോയുടെ കാപട്യമായിരുന്നു എന്ന് സീറസ് അറിഞ്ഞുമില്ല. ഈ വൃഥാന്വേഷണവും(Fools errand)   ഏപ്രില്‍ ഫൂള്‍ ആചരണത്തിനു തുടക്കമായി വിശ്വസിച്ചു പോരുന്നു.

     എന്തായാലും ഒരുപാടു പേര്‍ ആസ്വദിക്കുകയും പലര്‍ക്കും ഒരു പേടിസ്വപ്നമാവുകയും ചെയ്യുന്ന ഈ ദിനാചരണം ഇന്നും നമ്മുടെ നാട്ടിലും ജനകീയാഘോഷമായി തന്നെ തുടരുന്നു. നിര്‍ദ്ദോഷമായ പറ്റിക്കലുകളിലൂടെയും പരിഹാസങ്ങളിലൂടെയും , അമളിപറ്റിച്ചും പറ്റിക്കപ്പെട്ടും, ഇളിഭ്യരാക്കിയും ആക്കപ്പെട്ടും ഈ ദിനം ഇങ്ങനെ കടന്നുപോകട്ടെ. ഒരുദിവസത്തേയ്ക്കെങ്കിലും പിരിമുറുക്കങ്ങളില്ലാതെ പൊട്ടിച്ചിരിച്ചു കടന്നുപോകാം തിരക്കുപിടിച്ച ഈ ജീവിതത്തില്‍... ഒന്നു മറിച്ചു ചിന്തിച്ചാല്‍ നിത്യേന വിഡ്ഢികളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമുക്ക് അതൊന്നു വിശാലമായി ആഘോഷിക്കാം ഈ ദിനത്തില്‍. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദ്യമായ വിഡ്ഢിദിനാശംസകള്‍. 

Saturday, March 29, 2014

ബാല്യത്തിനു കൈമോശംവരുന്നത്...

ബാല്യത്തിനു കൈമോശംവരുന്നത്...
========================

     കുട്ടികള്‍ മത്സരത്തിനായി എഴുതിയ 'വിദ്യാലയത്തിലേയ്ക്കുള്ള യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഉപന്യാസ രചനകള്‍ കഴിഞ്ഞ ദിവസം വായിക്കാനിടയായി. കുട്ടികള്‍ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു എന്നത് ആശയ്ക്കു വക നല്കിയെങ്കിലും അതില്‍ ഒന്നില്‍ പോലും 'അനുഭവം' കണ്ടെത്താനായില്ല എന്നെനിക്കു തോന്നി. വളരെ ശുഷ്കമായ രചനകളായിരുന്നു എല്ലാം തന്നെ. സ്കൂള്‍ബസ്സിലോ ഓട്ടോ റിക്ഷയിലോ ഇരുന്നു വഴക്കടിച്ചതോ, ടീച്ചറിന്റെയൊപ്പം ഇരിക്കാനായതോ, പിറന്നാള്‍ സമ്മാനം കിട്ടിയതോ ഒക്കെയായിരുന്നു അവരുടെ രചനകളില്‍. വീട്ടുമുറ്റത്തുനിന്നു സ്കൂളിലേയ്ക്കുള്ള വാഹനത്തില്‍ കയറി ക്ലാസ്സ്മുറിയുടെ മുന്നില്‍ ഇറങ്ങുന്ന കുട്ടികള്‍ക്ക് ഇതിലേറെ എന്തു പറയാനാവും!

      വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്കു മനസ്സു പറന്നുപോയി. അന്നൊക്കെ വിദ്യാലയത്തിലേയ്ക്കുള്ള യാത്രകളായിരുന്നു   ഓരോ വിദ്യാര്‍ത്ഥിയുടേയും ആദ്യപാഠം. മഞ്ഞും  മഴയും കാറ്റും വെയിലും അറിഞ്ഞ്, പ്രകൃതിയിലെ വര്‍ണ്ണസങ്കേതങ്ങളില്‍ ഉടക്കിനില്‍ക്കുന്ന കണ്ണൂകളെ ശാസിച്ചു മടക്കിവിളിച്ച്, പക്ഷികളുടേയും പുഴയുടേയും പാട്ടുകള്‍ നല്കുന്ന ശബ്ദമധുരം ഇരു കര്‍ണ്ണങ്ങളിലും നിറച്ച്, പൂക്കളുടെ സുഗന്ധം ഹൃദയത്തിലാവാഹിച്ച്, വഴിയോരങ്ങളിലെ കായ്കനികളുടെ രുചിഭേദങ്ങള്‍ നാവില്‍ നിറച്ച്.......എത്ര ഉന്മേഷകരമായ യാത്രകള്‍! വയല്‍വരമ്പിലൂടെയുള്ള യാത്രകളില്‍, നെല്ച്ചെടികളുടെ ദിനംതോറുമുള്ള വ്യതിയാനങ്ങള്‍ കണ്ടറിഞ്ഞ്, മൃദലമായ പുല്‍നാമ്പിന്റെ സ്പര്‍ശനസുഖമറിഞ്ഞ് ഓരോ ദിവസവും പ്രകൃതിയെ ജീവന്റെ ഭാഗമാക്കുകയായിരുന്നു. വഴിയോരത്തു നില്ക്കുന്ന ഒരു ചെടികണ്ടാല്‍ കൃത്യമായി അതിന്റെ പേരറിയാമായിരുന്നു അന്നത്തെ കുട്ടികള്‍ക്ക്. അകലെനിന്നാണെങ്കിലും ഒരു പക്ഷി പാടിയാല്‍ അതു ഏതുപക്ഷിയെന്നു പറയാന്‍ കഴിഞ്ഞിരുന്നു. വീട്ടില്‍ ഒരതിഥി വന്നാലോ പ്രായമുള്ളവരെ കണ്ടാലോ എഴുന്നേറ്റു നിന്നു ബഹുമാനം പ്രകടിപ്പിയ്കാനും അവര്‍ക്കു തെല്ലും മടിയും ഉണ്ടായിരുന്നില്ല. അനുഭവങ്ങളില്‍ നിന്നും കണ്ടെത്തുന്ന പാഠങ്ങളായിരുന്നു എല്ലാം. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവിനേക്കാളേറെ വ്യാപ്തവും മഹത്വവും ഉണ്ടായിരുന്നു ഈ നേരറിവുകള്‍ക്ക്- മറ്റെന്തിനേക്കാളും മൂല്യവും.

       എവിടെയാണ് ഇതിനൊക്കെ ഒരു വഴിത്തിരിവുണ്ടായത് എന്ന് കണ്ടെത്തുക ദുഷ്കരമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ അങ്ങനെയൊക്കെ ആയിപ്പോയി എന്നു വേണം കരുതാന്‍. എപ്പോഴും നേട്ടങ്ങളുടെ പിന്നാലെയായിരുന്നു മാനവികത. സാമ്പത്തികമായ ദാരിദ്ര്യങ്ങളില്‍ നിന്നു കരകയറി സമ്പന്നത ഒരു പരിധിവരെ മനുഷ്യനെ ഭരിക്കാന്‍ തുടങ്ങിയതും പുതിയപുതിയ സൗകര്യങ്ങള്‍ മനുഷ്യനെത്തേടിയെത്തി. യന്ത്രവല്‍ക്കരണവും സാങ്കേതികജ്ഞാനവും മനുഷ്യനെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചിരിക്കുന്നു. പക്ഷെ അപ്പോഴൊക്കെ കൈമോശം വരുന്നതെന്തെന്നു നോക്കിനില്‍ക്കാന്‍ നമുക്കു സമയവും തീരെയില്ലാതായി. കുട്ടികള്‍ക്കു സ്നേഹിയ്ക്കാനും ബഹുമാനിയ്ക്കാനുമുള്ള കഴിവു നഷ്ടമായിക്കൊണ്ടിരിക്കുന്ന എന്നു തിരിച്ചറിയാനും വൈകി. ഫലമോ, അനാഥമാകുന്ന വാര്‍ദ്ധക്യങ്ങളും വൃദ്ധസദനങ്ങളുടെ ബാഹുല്യവും!

       ഇന്നു കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിവെയ്ക്കുന്ന കൃത്രിമസുരക്ഷാ സങ്കേതങ്ങള്‍ അവര്‍ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നതും ചിന്തനീയമാണ്. പരീക്ഷച്ചൂടില്‍നിന്നും മുക്തരായ കുട്ടികളേക്കാത്ത്  ഇന്നു കളിസ്ഥലങ്ങളല്ല കാത്തിരിക്കുന്നത്. ഒരായിരം പഠനകേന്ദ്രങ്ങള്‍ അവര്‍ക്കായി തൂറന്നിട്ടിരിക്കുന്നു. അങ്ങനെ മുരടിച്ചുപോകുന്നു ഈ ബാല്യങ്ങള്‍. മാവിലെറിയാനോ, കൊയ്തൊഴിഞ്ഞ പാടത്ത് ഒരായിരം കളികളുടെ മധുരം നുണയാനോ ഇന്നു ഏതു കുഞ്ഞിനാണു ഭാഗ്യം? പുല്ലുമേയുന്ന പയ്യും കളിയാടുന്ന കിടാവും ഒന്നും ഒരു കുഞ്ഞിന്റെയും ദൃശ്യപഥങ്ങളില്‍ എത്തുന്നുമില്ല. കളിവീടും മണ്ണപ്പവും ഒന്നും അവര്‍ക്കറിയില്ല. പണ്ടത്തെ കുഞ്ഞുങ്ങള്‍ ഉണ്ടാക്കിക്കളിച്ചിരുന്ന ഓലപ്പന്തും പീപ്പിയിം കണ്ണടയും വാച്ചുമൊക്കെ ചൈനീസ് കളിപ്പാട്ടങ്ങള്‍ക്കു വഴിമാറിയപ്പോള്‍ നമുക്കു നഷ്ടമായത് നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സ്നേഹമാണ്. ഉപാധികളില്ലാതെ അവര്‍ നല്കിപ്പോന്ന ആദരവാണ്.  കുഞ്ഞുങ്ങള്‍ ടെലിവിഷന്‍ പരിപാടികളും കംപ്യൂട്ടര്‍ ഗയിമുകളും ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പോലും അവര്‍ക്ക് പ്രകൃതിയെ അറിയാന്‍ അവസരമുണ്ടാകണം.വെയില്‍ കൊള്ളാനും മഴനനയാനും ഒഴുകുന്ന ചോലയില്‍ നീന്തിത്തുടിയ്ക്കാനും അവര്‍ക്കു കഴിയട്ടെ.  ഈ വിശ്വമഹാവിദ്യാലയത്തിലെ അറിവിന്റെ മുത്തുകള്‍ ഒന്നൊന്നായ് അവര്‍ നേടിയെടുക്കട്ടെ. അവര്‍ അതിലൂടെ അവരെ തിരിച്ചറിയട്ടേ, മനുഷ്യത്വം മനസ്സിലാവാഹിയ്ക്കട്ടെ, നമുക്കുമുണ്ടാകട്ടെ സ്നേഹവീടുകളുടെ പെരുമയും സുരക്ഷിതത്വവും. 

Friday, March 28, 2014

വിഷുപ്പുലരി

വിഷുപ്പുലരി
.
മഞ്ഞനീരാടിയ കര്‍ണ്ണികാരപ്പൂക്കള്‍
മേടപ്പുലരിയില്‍ പുഞ്ചിരിക്കേ
ഓര്‍മ്മയിലോടിയിങ്ങെത്തുന്നു ബാല്യത്തിന്‍
കൈനീട്ട നാണയപ്പൊന്‍കിലുക്കം

രാവിലങ്ങെത്തും വിഷുക്കണി പേറിയ
രാപ്പാടിക്കൂട്ടം കണിപ്പാട്ടുമായ്
പൂമുഖവാതില്‍ തുറന്നങ്ങു നോക്കവേ
പൊന്‍കണി മുന്നില്‍ ജ്വലിച്ചുനില്‍ക്കും

വന്നെത്തും കൈകളില്‍ കുളികഴിഞ്ഞെത്തുമ്പോള്‍ 
അമ്മതന്‍ കൈനീട്ട സ്നേഹഭാരം
പിന്നെയും കൈനീട്ടമെത്തിടും കൈകളില്‍
ബന്ധങ്ങള്‍തന്നിഴ ചേര്‍ത്തു വയ്ക്കാന്‍

നാവില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്നുണ്ടു
നന്മമധുരം നിറച്ച വിഷുവട
നാക്കിലത്തുണ്ടില്‍ നിരന്നിരിക്കും പിന്നെ
നാനാവിധം രുചിക്കൂട്ടുകള്‍ സദ്യയായ്

ആട്ടവും പാട്ടും കളിചിരിയാര്‍പ്പുമായ് 
ആമോദമോടെ പറന്നങ്ങകന്നുപോം
ആദിത്യരശ്മികള്‍ പൊന്നാട ചാര്‍ത്തിച്ച
ആ മേടമാസത്തിന്‍ പൊന്‍വിഷുവാസരം

സന്ധ്യവന്നെത്തുമാക്കൂടെ വന്നെത്തിടും
സന്ധ്യവിളക്കിന്‍ തിരിനാളവും
കത്തുമൊരായിരം പൂത്തിരി കയ്യിലും
കണ്ണിലും മാനത്തുമൂഴിയിലും

കത്തിയണയുമാ ദീപത്തുരുത്തുകള്‍
കാഴ്ചയായോര്‍മ്മയില്‍ തങ്ങിനില്‍ക്കും
കണികണ്ടുണരുവാ,നൊരുവിഷുപ്പുലരിക്കായ് 
കാത്തിരിക്കാമിനി കൈകള്‍ കൂപ്പി....

Thursday, March 27, 2014

കല്യാണത്തണ്ട് (കല്യാണദണ്ട്)

കല്യാണത്തണ്ട് (കല്യാണദണ്ഡ്)
=====================
നല്ല കൗതുകം തോന്നുന്ന പേര്!ഇടുക്കി ജില്ലയില്‍ കട്ടപ്പനയ്ക്കടുത്തുള്ള അതിമനോഹരമായ  ഒരു മലയുടെ പേരാണിത്. ഭീമാകാരമായ ഒരു ദണ്ഡ് വീണുകിടക്കുന്നതുപോലെ നീണ്ടുകിടക്കുന്ന ഒരു മല. ഏകദേശം 15 കിലോമീറ്റര്‍ നീളമുണ്ട് ഈ മലയ്ക്ക്. 3600 അടിയാണ് ഇതിന്റെ ശരാശരി ഉയരം. മലമുകളില്‍ ചിലയിടങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതിയുമുണ്ട്.

എന്റെ വീട്ടില്‍ നിന്നു നോക്കിയാല്‍ ഈ മലയുടെ കുറച്ചു ഭാഗം ദൃശ്യമാകും. കുട്ടിക്കാലത്ത് എന്റെ  എറ്റവും വലിയ വിസ്മയമായിരുന്നു  ഈ മല. രാവിലെ ഉറക്കമുണര്‍ന്ന് മുറ്റത്തേയ്ക്കിറങ്ങിയാല്‍ ആദ്യം ഈ മലയിലേയ്ക്കാവും കണ്ണ് പാഞ്ഞെത്തുക. പച്ചപുതച്ചു ശാന്തമായിക്കിടക്കുന്ന കല്യാണത്തണ്ട്..ചില ദിവസങ്ങളില്‍ ഈ തണ്ട് അപ്രത്യക്ഷമാകും. ഉദയസൂര്യനു ശക്തി കൂടുമ്പോള്‍, മഞ്ഞിന്‍മാറാപ്പു മെല്ലെ പിന്‍വലിയുമ്പോള്‍, അല്പാല്പമായി മല തെളിഞ്ഞു വരും. സന്ധ്യാസമയങ്ങളിലും മഴക്കാലങ്ങളിലും ഈ കണ്ണുപൊത്തിക്കളി ഉണ്ടാകും. കോടമഞ്ഞിനിടയിലൂടെ മഴ നനഞ്ഞു കറുത്ത പാറകള്‍ മാത്രമേ ചിലപ്പോള്‍  കാണാന്‍ കഴിയൂ..

ദിവസത്തിന്റെ ഓരോ ഘട്ടങ്ങളിലും ഈ ചങ്ങാതിക്കു പല നിറങ്ങളാണ്.പച്ച നിറത്തിന് ഇത്രയധികം വര്‍ണ്ണഭേദങ്ങളുണ്ടോ എന്ന് അത്ഭുതം തോന്നും. ചിലപ്പോഴാകട്ടെ നീലനിറമായിരിക്കും. ഇവകള്‍ക്കു പുറമെ, അന്തിവെയില്‍ വീണുകിടക്കുന്ന കല്യാണത്തണ്ടിന് മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെ ചേര്‍ന്നൊരു മഴവില്‍ ചാരുത! മഴ തുടങ്ങുന്ന ദിവസങ്ങളില്‍ ചാറ്റല്‍മഴ ഓടിയെത്തുന്നത് ഈ മലമുകളില്‍ നിന്നായിരിക്കും .മുകളില്‍ നിന്നു താഴേയ്ക്കു മലയെ അപ്രത്യക്ഷമാക്കി ഓടിയടുക്കുന്ന മഴത്തുള്ളികള്‍. എങ്കിലും മഴത്തുള്ളികള്‍ മുറ്റത്തു പതിക്കാന്‍ കുറെ സമയമെടുക്കും. മുറ്റത്തുണങ്ങാനിട്ടിരിക്കുന്ന നെല്ലോ കുരുമുളകോ കാപ്പിക്കുവോ ഒക്കെ വാരി ചാക്കിലാക്കി സുരക്ഷിതസ്ഥാനത്തു വെയ്ക്കാന്‍ ഈ സമയം ധാരാളം.  വേനല്‍ക്കാല രാവുകളില്‍ അതീവ ചാരുതയാര്‍ന്ന മറ്റൊരു ദൃശ്യമുണ്ട്. കോപിഷ്ഠയായൊരു സുന്ദരി അലക്ഷ്യമായി  വലിച്ചെറിഞ്ഞൊരു പൊന്‍മാല പോലെ കത്തിക്കയറുന്ന കാട്ടുതീ. അത് ആരും ചെന്നു കത്തിക്കുന്നതല്ല. അവിടങ്ങളില്‍ വളരുന്ന ഒരു പ്രത്യേകമരത്തിന്റെ ഉണങ്ങിയ ഇലകള്‍ കാറ്റില്‍ തമ്മിലുരസുമ്പോളുണ്ടാകുന്ന തീപ്പൊരിയാണ് ഈ കാട്ടുതീ പടര്‍ത്തുന്നത്. എപ്പോഴാണ് ഈ തീ അണയുന്നതെന്ന് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്ത് ഈ കാട്ടുതീയുണ്ടാക്കുന്ന ദുരന്തമൊന്നും അറിയില്ലായിരുന്നു. അതിനാല്‍ അതിനെക്കുറിച്ച് ഒട്ടും വ്യാകുലപ്പെട്ടിരുന്നുമില്ല. ഇന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഭീതി മനസ്സില്‍ കടന്നു കൂടുന്നു.

അന്നൊക്കെ ആ മലയില്‍ ഒന്നു കയറുക എന്നത് ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നത്തിനു നിറം പകരാന്‍ ഒരുപാടു കഥകളും കേട്ടിരുന്നു. ത്രേതായുഗവും  ദ്വാപരയുഗവും ഒക്കെ ഈ കഥകളില്‍ ബന്ധപ്പെട്ടു കിടന്നിരുന്നു. ശ്രീരാമനും സീതാദേവിയും വിവാഹശേഷം ഇവിടെ വന്നിരുന്നത്രേ.. സീതാദേവിക്കു സ്വസ്ഥമായി വീശ്രമിക്കാനും നീരാടാനും ഒരു സങ്കേതം വേണമായിരുന്നു. അപ്പോള്‍ രാമന്റെ കയ്യിലെ ദണ്ഡ് താഴെവീണ് അതിമനോഹരമായൊരു  മലയായി രൂപാന്തരപ്പെട്ടത്രേ. ചിലര്‍ പറയുന്നത് പാണ്ഡവര്‍, ദ്രൗപദീ സ്വയംവരം കഴിഞ്ഞ് ഇവിടെയെത്തുകയും അത്യാഹ്ളാദത്തോടെ ഇവിടെ കഴിയുകയും ചെയ്തെന്നാണ്. ഈ മലയുടെ ഏറ്റവും ഉയരത്തില്‍ മനോഹരമായ ഒരു തടാകമുണ്ട്. അവിടെ ഒറ്റയ്ക്ക് പുല്ലറുക്കാനോ വിറകു ശേഖരിക്കാനോ എത്തിയ ചിലര്‍ തടാകത്തില്‍ നീന്തിത്തുടിയ്ക്കുന്ന നഗ്നസുന്ദരിമാരെ കണ്ടിട്ടുണ്ടെന്നു ഭാഷ്യം.. അവര്‍ നാകലോകത്തുനിന്നെത്തിയ ദേവസ്ത്രികളാണെന്നാണു പലരും വിശ്വസിക്കുന്നത്.ആ അപ്സരസ്സുകളെ ഒന്നു കാണാന്‍ ഞാനും സ്വപ്നം കണ്ടതില്‍ തെറ്റു പറയാനാവില്ലല്ലോ..പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ മലമുകളിലെ ഉമാമഹേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ അതല്ലേ സ്വര്‍ഗ്ഗമെന്നു തോന്നിപ്പോയി.അത്ര മനോഹരമാണ് കല്യാണത്തണ്ടിന്റെ മുകളില്‍ നിന്നുള്ള പരിസരകാഴ്ചകള്‍. താഴെയായി കാണുന്ന അഞ്ചുരുളിയുടെ ജലശേഖരവിസ്മയഭംഗിയും ഇടുക്കി അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങലിലെ നിബിഡവനദൃശ്യങ്ങളും മനസ്സില്‍ നിന്നു മാഞ്ഞുപോവുകയേ ഇല്ല. വളരെ ഉയരത്തില്‍ നിന്നായതുകൊണ്ട് ഒരുപാടകലെ വരെയുള്ള സ്ഥലങ്ങള്‍ കാണാനാവും. വിവിധ വര്‍ണ്ണങ്ങളുടെ സമ്മോഹനസമ്മേളനം!

അഞ്ചുരുളിയും ഒരത്ഭുതഹേതു തന്നെ. ഈ മലയുടെ മാറു തുരന്നുണ്ടാക്കിയ ഒരു വലിയ തുരങ്കമുണ്ടവിടെ.നാലു കിലോമീറ്റര്‍ നീളമുണ്ടിതിന്. ഇരട്ടയാര്‍ ഡാമില്‍ നിന്നു ഇടുക്കി ഡാമിലേയ്ക്കു വെള്ളമെത്തിക്കുന്നതിനാണ് ഇതു നിര്‍മ്മിച്ചത്. കുട്ടിക്കാലത്ത്  ഇതിന്റെ നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളിലും ഈ തുരങ്കത്തില്‍ കയറാന്‍ കഴിഞ്ഞിട്ടുണ്ട്. വെള്ളമൊഴുക്കു കുറഞ്ഞ സമയത്ത് ഇപ്പോഴും വേണമെങ്കില്‍ അതിലൂടെ നടക്കാം. പക്ഷെ ഉള്ളിലേയ്ക്കു കടന്നാല്‍ കൂരിരുട്ടായിരിക്കും.വെള്ളം ധാരാളമുള്ളപ്പോള്‍ ആ കുത്തൊഴുക്കും ചേതോഹരമായ കാഴ്ച തന്നെ. അണക്കെട്ടിനാല്‍ രൂപം കൊണ്ട തടാകത്തിലേയ്ക്കാണ് ഈ ജലപാതം. ഈ തടാകവും നയനമനോഹരം. ജലപ്പരപ്പുയര്‍ന്നുവന്നപ്പോള്‍ വെള്ളത്തിലാണ്ടുപോയ മലകളുടെ മൂര്‍ദ്ധാവ് ദ്വീപുകളായി തടാകത്തില്‍ അങ്ങിങ്ങു കാണാം-കമഴ്ത്തിവെച്ച ഉരുളികള്‍ പോലെ.. ജലനിരപ്പ് ഉയരുന്നതും താഴുന്നതുമനുസരിച്ച് ഈ ദ്വീപുകള്‍ക്കു വലുപ്പവ്യത്യാസവും ഉണ്ടാകും.

കല്യാണത്തണ്ടിന്റെ പരിലാളനകളില്‍ ഓര്‍മ്മകള്‍ ഇപ്പൊഴും തഴച്ചുവളരുന്നു, ഒരിക്കലും മരിക്കത്ത മധുരസ്മരണകള്‍!









Wednesday, March 26, 2014

'നാട്ടുവഴി'യിലെ പോസ്ട്

കൈമോശം വന്ന ഇന്നലെക്കാഴ്ചകള്‍ (1)
..........................................................

വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍ പുറങ്ങളിലെ പ്രധാന വീഥികളിലും മറ്റു വഴികളിലും ഒക്കെ ധാരാളമായി കണ്ടിരുന്ന ഒരു കാഴ്ചയാണ് കാളവണ്ടികള്‍. നിറയെ ഭാരം നിറച്ച വണ്ടി വലിക്കുന്ന പാവം കാളകള്‍ ഭക്ഷണത്തിന്റെ അഭാവം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും എല്ലും തോലും മാത്രമുള്ള ശരീരത്തിനുടമകളായിരിക്കും. കാളകളെ വേഗത്തിലോടിക്കാന്‍ ചാട്ടവാര്‍ ചുഴറ്റി, നാവ് മേല്‍ത്താടിയില്‍ മുട്ടിച്ചുണ്ടാക്കുന്ന പ്രത്യേകമായൊരു ശബ്ദവും പുറപ്പെടുവിച്ച് വണ്ടിക്കാരന്‍ കാളകള്‍ക്കു പിന്നിലുണ്ടാകും-ജീവിതമാകുന്ന ഭാരവണ്ടി വലിക്കുന്ന മറ്റൊരു വണ്ടിക്കാള. നിസ്സംഗത മാത്രം നിഴലിക്കുന്ന മുഖഭാവവും ചൈതന്യമില്ലാത്ത കണ്ണുകളും അകലെയെങ്ങോ ചിതറിവീണ ചിന്തകളുമായി ഒരു മനുഷ്യക്കോലം..
ഇന്ന് ആ കാഴ്ച തന്നെ അപ്രത്യക്ഷമായിരിക്കുന്നു. ഭാരം കയറ്റിയ ഉന്തുവണ്ടികളും ഇന്നു നിരത്തുകളില്‍ കാണ്മാനില്ല. പക്ഷേ ആ കാഴ്ചകളൊക്കെ മനസ്സിനൊരു നൊമ്പരമായിരുന്നു അന്നൊക്കെ... ഇന്ന് അതൊരു ഗൃഹാതുരതയും.......

നിറവ്

സ്വപ്നങ്ങള്‍ക്ക്
കടന്നെത്താന്‍ കഴിയാത്ത 
മേച്ചില്‍പുറങ്ങളിലേയ്ക്ക്
ചിന്തകള്‍ കടഞ്ഞാണ്‍ പൊട്ടിച്ചോടുമ്പോള്‍
ഇന്നലെ പെയ്തു തോര്‍ന്നൊരു കുളിമഴയുടെ മുത്തുകള്‍
ഓര്മ്മയിലെവിടെയോ നനവു പടര്‍ത്തുന്നു...
മഞ്ഞില്‍ കുളിച്ച പുലിരിപൊലെ,
കണ്ണിരും പുഞ്ചിരിയും ഇഴനെയ്ത,
ജീവിതമെന്ന പട്ടുതൂവാലയില്‍
ആരോ നിറം ചാര്‍ത്തി വിരിയിച്ച
ചിത്രത്തുന്നലിലെ പൂക്കള്‍!
ആര്‍ക്കാണു നന്ദി പറയുക?
ആരോടാണു കടപ്പെട്ടിരിക്കുക?
ദിനം തോറും മുഖങ്ങള്‍ മാറിവരുന്നൊരു ദര്‍പ്പണം പോലെ
നിമിഷം തോറും ഒഴുകിമാറുന്ന നദിയുടെ ഓളങ്ങള്‍ പോലെ
പിടിതരാതെ പറന്നകലുന്ന കാറ്റിന്റെ മര്‍മ്മരം പോലെ
ഒഴുകിമറയുന്ന കാലം
നിലയ്ക്കാത്ത ഗാനത്തിന്റെ അലകളുതിര്‍ത്ത്
മാഞ്ഞ്പോകാത്ത വര്‍ണ്ണക്കൂട്ടുകള്‍ കോരിച്ചൊരിഞ്ഞ്
പകരം കിട്ടാത്ത ചുവടുകള്‍ ചേര്‍ത്തുവെച്ച്
ആടിത്തിമിര്‍ക്കുന്ന ജീവിതം.
നിറവുകള്‍ മാത്രം-
ഒരു ചെറുകൈക്കുമ്പിള്‍ നിറയും
നിറവുകള്‍ മാത്രം ...



Wednesday, March 12, 2014

ഉള്‍ത്തുടിപ്പ്..



കണ്ണിമ ചിമ്മാതെ
           കാത്തു നില്ക്കും സൂര്യന്‍
                    സന്ധ്യവരുന്നതും നോക്കി

കണ്ടുവെന്നാലോ,
          തുടിക്കും കവിളിണ
                    ചുംബിച്ചു മെല്ലെ മടങ്ങും

കാത്തുനില്‍ക്കൊന്നോരു
            പുലരിതന്‍ കണ്ണിലെ
                     സ്നേഹാമൃതം നുകര്‍ന്നീടാന്‍

കാതങ്ങളേറെക്കടന്നവന്‍ വന്നിടും
            പൂവിന്റെ നിറമായി
                      പക്ഷി തന്‍ പാട്ടായി..

കത്തുന്ന തീയായ്  തലയ്ക്കുമേല്‍ നിന്നിടും
            കാര്‍ക്കശ്യരൂപിയാം
                      ആദിത്യ ബിംബവും

കരളിലൊരിത്തിരി ലോലാനുരാഗത്തിന്‍
             ചെറു പൂക്കളൂറുന്ന
                       നറുമണം പേറുന്നു....



                 

മാഞ്ഞുപോയ മലവരമ്പുകള്‍ക്ക്...

മാഞ്ഞുപോയ മലവരമ്പുകള്‍ക്ക്...
=====================
എന്റെ ഓര്‍മ്മകളില്‍
എന്നോ ഇവിടെ ഒരു മലയുണ്ടായിരുന്നു
ശോകം ഉറഞ്ഞ പാറകള്‍ പേറിയ,
സ്നേഹമുരുകി ഒഴുകിയെത്തുന്ന 
നീര്‍ച്ചാലുകള്‍ പൊട്ടിച്ചിരിക്കുന്ന,
പച്ചമരങ്ങളുടെ ഇലച്ചാര്‍ത്തുകളാല്‍
തലയ്ക്കുമേലേ അഭയകൂടാരം വിടര്‍ത്തി
'നിനക്കു ഞാന്‍ രക്ഷ' യെന്നോരോ
കാറ്റിലും അമര്‍ത്തിമൂളി,
കത്തുന്ന വേനലില്‍ പൊട്ടിച്ചിരിച്ചും
പെരുമഴക്കാലത്തു പുളകാര്‍ദ്രമായും
മകരമഞ്ഞില്‍ തനു ശീതം നിറച്ചും
ഇവിടെ ഒരു മലനിന്നിരുന്നു.
പൂക്കളും കായ്കളും കനികളും 
വേരും തരുവും ലോലപത്രവും
നിറച്ചു നല്‍കിയ സംതൃപ്തിയുടെ
നിശ്വാസങ്ങളില്‍ നിര്‍വൃതിയടഞ്ഞ്
ഇവിടെ ഒരു മല നിന്നിരുന്നു....
ധാര്‍ഷ്ട്യത്തിന്‍ കൊടുവാള്‍
മരത്തിന്റെ കടയ്ക്കലെത്തവേ
നഷ്ടമായത് ആഴത്തില്‍ വേരോടിയ
സ്നേഹക്കുടയായിരുന്നു..
നന്ദികേടിന്റെ ഇരുമ്പുവിരലുകളും നഖങ്ങളും
അടര്‍ത്തിമാറ്റിയ പാറക്കൂട്ടങ്ങള്‍
നിലനില്‍പിന്റെ അടിക്കല്ലുകളായിരുന്നു.
നിന്നുപോയ നീരുറവകള്‍
ഭൂമിദേവിയുടെ വാത്സല്യദുഗ്ദ്ധവും!
അതിര്‍ത്തികടന്നുപോയ 
മണ്ണിന്‍ കൂമ്പാരങ്ങള്‍ 
മുന്‍പില്‍ നിക്ഷേപിച്ചുപോയത്
നഷ്ടക്കണക്കുകളുടെ 
കൊടുമുടികള്‍!
ഇനി കാണുന്നതു ശൂന്യത മാത്രം.....
പുലരിയും സന്ധ്യയും 
കണ്ണുപൊത്തിക്കളിക്കാത്ത,
ഓടിക്കളിക്കുന്ന മഴമേഘങ്ങള്‍
കാല്‍വഴുതിവീഴാത്ത,
വികൃതികാട്ടി ഓടിമറയുന്ന 
കുഞ്ഞിളങ്കാറ്റിന്റെ പിന്നാലെ
കോപിച്ചെത്തുന്ന  അമ്മക്കാറ്റിനെ
തടഞ്ഞുനിര്‍ത്താന്‍ 
ഒരുവിരല്‍ത്തുമ്പുപോലുമില്ലാത്ത
കറയറ്റ ശൂന്യതമാത്രം!
ചക്രവാളം തിരിച്ചറിയാനാവാത്ത
കടുത്ത ശൂന്യത......
ഇനി പറയാനൊരു വരി മാത്രം
'എന്നോ 
ഒരു മലയുണ്ടായിരുന്നു,
ഇവിടെ,
വിടചൊല്ലിയകന്നൊരു 

സ്നേഹക്കൂമ്പാരം'



Monday, March 10, 2014

മലമുത്തശ്ശന്‍

                  മലമുത്തശ്ശന്‍ 
           
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മലമുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍ താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
ജീവിതം പോലെയെന്‍ കണ്‍മുന്നില്‍ വിരിയുന്നു
നീ പകര്‍ന്നേകുമീ കാലവൈചിത്ര്യങ്ങള്‍!
മഴയിലെ ബാല്യവും പിന്നെ തളിരാര്‍ന്ന
പൊന്‍വസന്തത്തിന്റെ പൂക്കാലഭംഗിയും
കണ്ണിമ ചിമ്മവേ വന്നണഞ്ഞീടുമാ
താരുണ്യമൊക്കെയും മെല്ലെക്കൊഴിഞ്ഞുപോം
വേനല്‍ക്കൊടുംചൂടില്‍ വാര്‍ദ്ധക്യകാലവും
ശുഷ്കപത്രങ്ങള്‍ കൊഴിഞ്ഞ തരുക്കളും
എല്ലാമൊരോര്‍മ്മയായ് തന്നുപോം നിറമാര്‍ന്ന
നല്ല ചിത്രങ്ങളായ്  ഹൃദയഫലകത്തിലും
തെല്ലിടയ്ക്കെങ്ങോ കൈവിട്ടുപോയോരു
നല്ലകാലത്തിന്റെ നിര്‍വൃതിപ്പൂക്കളായ്
ഒഴുകിവന്നെന്നെ പുണര്‍ന്നിടും പാട്ടിന്റെ,
തഴുകിക്കടന്നുപോം കുഞ്ഞിളംകാറ്റിന്റെ,
തൊഴുതു മടങ്ങുമീ വെണ്‍മേഘത്തുണ്ടിന്റെ,
വഴുതിവീഴുന്നൊരു ചെറുചാറ്റല്‍ മഴയുടെ
തീരാത്തസ്നേഹമാണീ മലമുത്തച്ഛന്‍-
തോരാത്ത കണ്ണീര്‍ തുടയ്ക്കുമീ സ്നേഹം!
ചേരാമിനിയുമീ പാദങ്ങളില്‍ വീണ്ടും
ചേരാമൊരിക്കലീ മണ്ണിലുറങ്ങുമ്പോള്‍....



ഇത് എനിക്കു ലഭിച്ച പുണ്യം.

ഇന്ന് ഈ മുഖപുസ്തകത്തിൽ വായിച്ച അതിമനോഹരമായ ഒരു കവിതയും അതിനെ കുറിച്ച് എനിക്ക് പറയാനുള്ളതും

Mini Mohanan
3 hrs •
മല
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മല മുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍ പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
ജീവിതം പോലെയെന്‍ കണ്‍മുന്നില്‍ വിരിയുന്ന
നീ പകര്‍ന്നേകുമീ കാലവൈചിത്ര്യങ്ങള്‍!
മഴയിലെ ബാല്യവും പിന്നെ തളിരാര്‍ന്ന
പൊന്‍വസന്തത്തിന്റെ പൂക്കാലഭംഗിയും
കണ്ണിമ ചിമ്മവേ വന്നണഞ്ഞീടുമാ
താരുണ്യമൊക്കെയും മെല്ലെക്കൊഴിഞ്ഞുപോം
വേനല്‍ക്കൊടുംചൂടില്‍ വാര്‍ദ്ധക്യകാലവും
ശുഷ്കപത്രങ്ങള്‍ കൊഴിഞ്ഞ തരുക്കളും
എല്ലാമൊരോര്‍മ്മയായ് തന്നുപോം നിറമാര്‍ന്ന
നല്ല ചിത്രങ്ങളായ് ഹൃദയഫലകത്തിലും
തെല്ലിടയ്ക്കെങ്ങോ കൈവിട്ടുപോയോരു
നല്ലകാലത്തിന്റെ നിര്‍വൃതിപ്പൂക്കളായ്
ഒഴുകിവന്നെന്നെ പുണര്‍ന്നിടും പാട്ടിന്റെ,
തഴുകിക്കടന്നു പോം കുഞ്ഞിളം കാറ്റിന്റെ,
തൊഴുതു മടങ്ങുമീ വെണ്‍മേഘത്തുണ്ടിന്റെ,
വഴുതിവീഴുന്നൊരു ചെറുചാറ്റല്‍ മഴയുടെ
തീരാത്ത സ്നേഹമാണീ മലമുത്തച്ഛന്‍-
തോരാത്ത കണ്ണീര്‍ തുടയ്ക്കുമീ സ്നേഹം!
ചേരാമിനിയുമീ പാദങ്ങളില്‍ വീണ്ടും
ചേരാമൊരിക്കലീ മണ്ണിലുറങ്ങുമ്പോള്‍....
*****************************************************
മല മൊത്തത്തില്‍ മധുരതരം. പ്രകൃതിയുമായി താതാത്മ്യം പ്രാപിക്കാന്‍ കൊതിക്കുന്ന കവിയുടെ മനസ്സിനെ അനുവാചകര്‍ക്കു മുന്നില്‍ തുറന്നു വെക്കാനുള്ള ശ്രമം ശ്ലാഘനീയം. മലയെ മുത്തച്ചനായി കാണുക പതുക്കെ തന്റെ പ്രകൃതിയെ കുടുംബത്തിലെക്കാനയിക്കുംപോള്‍ കവിമനസ്സ് നിഷ്കളങ്ക്തയാര്‍ന്ന ബാല്യത്തിലേക്ക് മടങ്ങാനുള്ള ഒരു ശ്രമം നടത്തുന്നു.
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മല മുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
ആഗോളവിശ്വം എന്ന സങ്കല്പം പുതിയതായി തോന്നുന്നുവെങ്കിലും. ഒരു കുട്ടിത്തം വിടാത്ത മനസിന്റെ സങ്കല്പത്തില്‍ അനന്തമായ ആകാശത്തെ അതിന്റെ സിരസ്സായി(നെറ്റി) സങ്കല്‍പ്പനം ചെയ്കയാല്‍ വിശ്വസനീയമാക്കി തീര്‍ത്തിരിക്കുന്നു. അല്ലാത്ത പക്ഷം ആഗോളവും, വിശ്വവും വ്യതിരിക്തത ഇല്ലത്തതായതിനാല്‍ വിശ്വാസയോഗ്യമാല്ലാതയേക്കാം. കുടുമ്പത്തില്‍ മുത്തച്ചന്‍ കുട്ടിക്ക് എത്രത്തോളം പ്രിയങ്കരന്‍ ആകുന്നുവോ? മുത്തച്ഛന്റെ ലാളനകള്‍ കുട്ടി എങ്ങിനെ ആഗ്രഹിക്കുന്നുവോ അതുപോലെ. മുത്തച്ഛന്‍ വീട്ടിലെ എത്ര പ്രധാനിയാണോ അതുപോലെ തന്റെ ദൃഷ്ട്ടിക്കു എത്തവുന്നതിനട്ത്തുറ്റള്ള ആ ആകാശനെറ്റിയെ ചുമ്പിക്കുന്ന മലമുത്തച്ചനെ കുട്ടി തിരിച്ചറിയുന്നു. വീട്ടിലെ കാര്‍ന്നവരായ മുത്തച്ചനെ............. ലോകത്തിന്റെ ആചാര്യനായ ( കാര്‍ന്നവരായ ) മലയൊടുപമിക്കുമ്പൊള്‍ തന്റെ നിസ്സാരതയെ കുട്ടി തിരിച്ചറിയുന്നു ആഗോളവിശ്വത്തില്‍ മനുഷ്യന്റെ നിസ്സാരതയും കവി തിരിച്ചറിയുന്നതായി തോന്നുന്നു.മറ്റാര്‍ക്കും നല്കാനാകാത്തെ പാഠം മനുഷ്യന് നല്‍കുവാന്‍ പ്രകൃതിക്ക് മാത്രമേ കഴിയു എന്നാ നഗന്സത്യം ഇവിടെ കവിയുടെ വാക്കുകളില്‍ തെളിയുന്നുണ്ട്.
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍ പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
ഉറക്കമുണരുന്ന കുട്ടിയെ തന്റെ മാറിലടുപ്പിച്ചു താലോലിച്ചിരുന്ന ഒരു മുത്തച്ഛന്റെ ഓര്‍മ്മകളിലേക്ക് പതുക്കെ അനുവാചകനെ നയിക്കുന്ന കവി വീണ്ടും വരികളിലൂടെ നമ്മെ വിസ്മയത്തിലാഴ്ത്തുന്നു. അങ്ങിനെ തന്റെ കുട്ടികാലത്തെ (പുലരിയെ) പ്രഭാപൂരമാക്കിയ ആ മുത്തച്ഛന്റെ മനസ്സിന്റെ നീര്‍മ്മലത തിരിച്ചറിയുന്ന കുട്ടി നടത്തുന്ന പാദപൂജ ആധുനിക മനുഷ്യന്റെ കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്. പ്രകൃതിയെ മറക്കുന്ന ആധുനിക മനുഷ്യനു തിരിച്ചറിവിനുള്ള സമയമായി
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
താനെന്ന കുഞ്ഞിന്റെ ദു:ഖങ്ങളിൽ എന്നും സാന്ത്വനമായിരുന്ന മുത്തച്ചനെ ഇന്ന് ഈ പ്രായത്തിലും തിരിച്ചറിയുന്നു കവി ആ മാമലയെ കാണുമ്പോൽ അങ്ങിനെ അന്ന് തന്റെ താപം മുത്തച്ചന്ന്റെ സ്നേഹ വാത്സല്യത്തിൽ ഒഴുകിയോലിച്ചുപോയപോലെ ഇന്ന് കവിമനം ഉണരുന്ന തീഷ്ണ വേദനകള്ക്കൊരു ആശ്രയമായിമാരുന്ന പ്രകൃതിയുടെ ആചാര്യ മാമല, ഒരു മിന്നലോളിപോലെ തന്നില് നിന്നും മറഞ്ഞ മുത്തച്ചനെ ഒര്മിപ്പിക്കുംപോൾ പ്രകൃതിയുടെ ഈ മലമുത്തച്ചന്റെ ആയുസ്സിനെ കുറിച്ച് കവിമനം വെവലാതിപ്പെടുന്നതുപോലെ തോന്നുന്നു..
പിന്നീടുള്ള വരികളിലൂടെ കവി ആ മാമലയെ ജീവിതത്തോടു താരതാൻ=മയം ചെയുന്നത് കാണാം. കാലത്തിന്റെ വിചിത്രമായ സഞ്ചാരം കവിതയിളിതൽ വിരിക്കുന്നു. " മഴയിലെ ബാല്യവും" പദം അനുവാച്ചകനിലൊരു ഗൃഹാതുരത്വമുണര്ത്താൻ കെൽപ്പുള്ളതാണ്. മഴയിൽ പതുക്കെ തന്റെ കൂമ്പിനെ പുറത്തുകാണിക്കുന്ന ആ വിത്തിന്റെ ബാല്യം പതുക്കെ തളിരണിയുന്നത് കാണുക. കൌമാരത്തിലൂടെ യൗവനത്തിൽ പോന്വസന്തത്തിന്റെ പൂക്കാല ഭംഗി, ഒരു യുവതിയിൽ താരുണ്യം ലാവണ്യമാകുന്നത് അതുപോലെ ആ ട്ഃആാരോഊണ്ണ്യ്യാമ്മ് എങ്ങിനെയാണോ കൊഴിഞ്ഞു വീഴുന്നത്, വാര്ദ്ധക്യത്തിന് വഴിമാറുന്നത്‌. എങ്ങിനെയാണോ നൈമിഷികമാകുന്നത്...എങ്ങിനെയാണോ ഒരു പുഷ്പം ചുടുവേനലിൽ കൊഴിഞ്ഞു വീഴുന്നത് അതുപോലെ മനുഷ്യ ജീവിതത്തിന്റെ യാത്രയെ ചിത്രീകരിച്ചിരിക്കുന്നു കവി. ആ ജീവിതത്തിന്റെ നൈമിഷികതയോര്ത്തു കവി ഒഴുക്കുന്ന കനീരിനെയും ശ്രദ്ധിച്ചാൽ കാണാവുന്നതാണ്. എങ്കിലും എന്നോ എവിടെയോ കൈവിട്ടുപോയ നല്ലകാലത്തെ കവി ഉണരുന്നു. വഴുതിവീഴുന്ന ചാറ്റൽ മഴ തന്റെ താപത്തെ ശമിപ്പിക്കാൻ മുത്തച്ഛന്റെ സ്നേഹമായി കാണുന്ന കവി. മല മുത്താചാൻ പൊഴിക്കുന്ന ഭൂമിയോടുള്ള സ്നേഹമായി തന്നെയാണ് ചാറ്റൽ മഴയെ കാണുന്നത്. ഒരിക്കലും തീരാതെ സ്നേഹമാണ് (മല) മുത്തച്ചൻ ഇന്നല്ലങ്കിൽ നാളെ ഈ മണ്ണിലുറങേനടത്താന് താനും എന്ന തിരിച്ചറിവോടെ കവി നിറുത്തുന്നു.
പ്രകൃതിയെ തന്നിലെക്കാവാഹിക്കാനുള്ള കവിയുടെ ശ്രമം ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയോട് തനക്ക് പരാനുള്ളത് പറയാനുള്ള എളിതെങ്കിലും വളരെ ശ്ലാഘനീയമായ ഒരു ശ്രമമാണ് കവിയുടേത്. പരിതസ്ഥിതി, പ്രകൃതി എങ്ങിനെയാണ് പുത്രിയായ ഭൂമിയുടെ മക്കളായ മനുഷ്യറെ തപമകറ്റുന്ന മുത്തച്ചനാകുന്നത് അതാണ്‌ കവിത. മനുഷ്യൻ അവന്റെ, അവനെ സംരക്ഷിക്കുന്ന പ്രകൃതിശക്തികളെ തിരിച്ചറിയേണ്ടിയിരിക്കുന്നു, സംരക്ഷിക്കേണ്ടിയിരിക്കുന്നു,സ്നേഹനിധിയായ മുത്തച്ചനെപോല്ലേ മനസിലും പൂജ ചെയെണ്ടിയിരിക്കുന്നു. കവി തന്റെ കവിതയിൽ തുറന്ന മനസ്സ് മനോഹരം
കവിതയുടെ ആദ്യ മൂന്ന് ശോല്കങ്ങളിൽ കണ്ട ആദ്യാക്ഷര പ്രാസം പിന്നീട് കവിക്ക്‌ കൈമോശം വന്നെങ്കിലും ശേഷം വരികളും മനോഹരം തന്നെ. ആശംസകളോടെ
(മൂത്തേടം )