Thursday, August 28, 2014

ഓണച്ചിത..

മഴമേഘങ്ങള്‍
വിരുന്നുപോയ
മാനമിറങ്ങി നിന്നിടത്ത്
ഓണമുണ്ടായിരുന്നു പണ്ടൊക്കെ..
പൂക്കളും പാട്ടും പൊന്നൂഞ്ഞാലും
കടലിറങ്ങിപ്പോയ
മാവേലിയ്ക്കു പ്രിയം.
ഇന്ന് ഓണം മലയിറങ്ങിവരണം.
കുടിനീരില്ലാത്ത മണല്‍പ്പുറങ്ങളില്‍
തമിഴന്‍ വിയര്‍പ്പൊഴുക്കി
വിളയിച്ചെടുത്ത
പൊന്നിന്റെ പങ്കുപറ്റി,
മാവേലിത്തമ്പുരാന്റെ മക്കള്‍
കോടിയുടുത്ത്, പൂവിട്ട്, സദ്യയുണ്ട്.....
ഒരുപക്ഷേ,
ഇനിയും മടങ്ങിയെത്താം
വാമനന്‍..
മഹാബലിയുടെ നിറുകയില്‍ ചവുട്ടിയ
നിന്ദയുടെ കാലുകള്‍കൊണ്ട്
മലയിറങ്ങിവരുന്ന പൂവിളികളെ,
ഒരു കാല്‍പ്പന്തുപോലെ
ചവുട്ടിത്തെറുപ്പിച്ചു അപ്പുറം കടത്താന്‍...
എങ്കിലും നമുക്കോണമെത്തും.
ഹിമാലയം കടന്നെത്തുന്ന
വാടാത്ത പൊണ്ണോണം..
ചീനന്റെ കരവിരുതില്‍ മെനെഞ്ഞെടുത്ത
പ്ലാസ്റ്റിക് ഓണം..

Sunday, August 24, 2014

മൗനഗീതം

പറയുവാനേറെയുണ്ടെങ്കിലും ഞാനെന്റെ
മൗനം നിനക്കായി പങ്കുവെയ്ക്കാം
പരിഭവമേതുമുണ്ടെങ്കിലും ഞാനെന്റെ
പ്രണയം നിനക്കായ് പകര്‍ന്നു നല്കാം

പ്രിയമാനസാ നിന്റെ പ്രണയ കടാക്ഷങ്ങള്‍
നറുനിലാപ്പാല്‍മഴ ചൊരിയുന്ന രാവിതില്‍
സ്വച്ഛമെന്‍ മനസ്സാകും പൊയ്കയിലേതോ
കുമുദിനി മന്ദഹസിക്കുന്നു ലജ്ജയാല്‍

നിന്നന്തരംഗമാം പൊന്‍മുളം തണ്ടിലെന്‍
നിശ്വാസമനുരാഗ മധുരഗീതം പാടും
നിന്‍വിരല്‍ത്തുമ്പൊന്നു തൊട്ടാലൊഴുകിടും
നാദവിപഞ്ചികാ ഗാനമായ് മാറും ഞാന്‍

നിറയുമാസ്നേഹത്തിലലിയുവനായ് വീണ്ടും
നിറദീപമായ് ഞാനെരിഞ്ഞു നില്‍ക്കാം
മറഞ്ഞൊരാ സന്ധ്യതന്‍ മൗനദുഃഖത്തില്‍ ഞാന്‍
മിഴിപൂട്ടി നിന്നെയും കാത്തിരിക്കാം


Thursday, August 21, 2014

സുപ്രഭാതം

പ്രഭാതസുന്ദര മേരുവില്‍ നിന്നും
പ്രകാശഗംഗയതൊഴുകുന്നു
പ്രയാണവീഥിയിലമൃതം പകരും
പ്രണയ പരാഗ വിരാജിതമായ്

നീഹാരാര്‍ദ്ര വിലോല മരാളം
നീലാകാശക്കോണില്‍ വരയ്ക്കും
നീരദജാല വിമോഹന ചിത്രം
നീരാഞ്ജന സുകൃതാത്മസുഹര്‍ഷം

പനിമതി മെല്ലെ മറഞ്ഞൊരു രാവിന്‍
പരിഭവമേതും കാണാതര്‍ക്കന്‍
പകലിന്‍ നെറുകയിലര്‍പ്പിക്കുന്നീ
പരിപാവനമാം പ്രണയസുധാംശു

നിറമിഴിയാലതു കണ്ടുചിരിക്കും
നിറവിസ്മയമാം സൂനശതങ്ങള്‍
നിര്‍മ്മലമാമൊരു ഭൂപാളത്തിന്‍
നിതാന്ത സുന്ദരനാദമിതനിലന്‍

നിറയുകയാണെന്‍ ഹൃദയസരിത്തില്‍
നിരുപമമാമൊരു പ്രണയതരംഗം
നിനവില്‍ നേര്‍ത്തൊരു വീണാ നാദം
നിര്‍ത്താതൊഴുകും ഗായത്രീസുധ






Tuesday, August 19, 2014

ലളിതഗാനം

ഹരിമുരളീരവം ഒഴുകിവരാത്തൊരീ
കാളിന്ദി തീരമിന്നെന്തേ നിശൂന്യമായ്..
മൃദു മന്ദഹാസവും മാഞ്ഞുപോയ് രാധതന്‍
ഹൃദയത്തിലെന്തേ നിറഞ്ഞു വിമൂകത...
                                                (ഹരിമുരളീരവം........)

നേര്‍ത്തൊരു പിഞ്ചിരി പൂവും വിടര്‍ത്തിയാ
കയാമ്പു വര്‍ണ്ണന്‍ മറഞ്ഞതെന്തേ..
രാധയീ കാളിന്ദീ തീരത്തു നിന്നെയും
കാത്തിരിക്കുന്നതറിഞ്ഞതില്ലേ...
                                                 (ഹരിമുരളീരവം........)

ഞൊറിയിട്ട പൂനിലാച്ചേലയും ചുറ്റി
വന്നു നിശീഥിനി, ഒപ്പമാ നിദ്രയും
വന്നതില്ലിന്നും ഘനശ്യാമവര്‍ണ്ണന്‍
യമുനതന്‍ കണ്ണീരിലൊഴുകുന്നു ശോകം...
                                                 (ഹരിമുരളീരവം........)

Thursday, August 14, 2014

പാടാത്ത പാട്ട്..

പാടിത്തുടങ്ങാത്ത പാട്ടൊന്നു ഞാനെന്റെ
പാഴ്മുളന്തണ്ടിലൊളിച്ചുവെച്ചു
പറയാത്ത പ്രണയത്തിന്‍ മധുരമാം ശ്രുതിചേര്‍ത്ത
പാട്ടെന്റെ ഹൃദയത്തില്‍ ചേര്‍ന്നു നിന്നു

വരിയേതുമില്ലാതെ ഈണം വരുത്താതെ
വാക്കുകള്‍ കൊണ്ടു ഞാന്‍ മാലകോര്‍ത്തു
പൊട്ടിച്ചിതറിയാ മാല്യത്തിന്‍ നൂലിഴ
പൊയ്പ്പോയ് പദങ്ങള്‍ പറന്നങ്ങു ദൂരേ..

ആകാശമദ്ധ്യത്തിലലയുന്ന ജലദമായ്
അതുമെല്ലെയെങ്ങോ പറന്നുപോയി
ഓര്‍മ്മതന്‍ വഴിവക്കിലെങ്ങോ തളിര്‍ക്കുന്ന
വനജ്യോത്സനയില്‍ മാരി പെയ്തിറങ്ങാന്‍

തിരയുന്നു ഞാനിന്നുമാ മധുരഗീതത്തിന്‍
ലയമെന്റെ ഹൃദയത്തുടിപ്പിലെന്നും
കാതോര്‍ത്തിടുന്നു ഞാനാമുഗ്ദ്ധരാഗത്തിന്‍
ശ്രുതിയെന്റെ ശ്വാസനിശ്വാസങ്ങളില്‍..



ഡിപ്പെന്‍ഡന്റ്
============
സുന്ദരിയായിരുന്നില്ല,
പഠിക്കാനാകട്ടെ മഠയിയും..
എങ്കിലും അവള്‍ക്ക് അറിയാമായിരുന്നു
അച്ഛനുണ്ടല്ലോ...
യോഗ്യനായ ഒരുവനെ അച്ഛന്‍ കണ്ടെത്തി.
എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണ്ണമിട്ട് താലി സ്വീകരിച്ചപ്പോഴും
അച്ഛന്‍ പട്ടണത്തില്‍ വാങ്ങിത്തന്ന ഫ്ലാറ്റിലേയ്ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം താമസം മാറുമ്പോഴും അവളറിഞ്ഞു
അച്ഛനുണ്ടല്ലോ...
അച്ഛന്‍ തന്റെ പേരില്‍ ബാങ്കിലിട്ടിരിക്കുന്ന വലിയ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്കില്‍ അവളെ വി ഐ പി ആക്കിയപ്പോഴും
എല്ലാമാസവും അച്ഛനേല്‍പ്പിക്കുന്ന പോക്കറ്റ് മണി കൊണ്ടു ബ്യൂട്ടിപാര്‍ലറില്‍ പോവുകയും
പുതിയ ചുരിദാറും സാരിയും വാങ്ങുമ്പോഴും
അച്ഛന്‍ വാങ്ങിത്തന്ന കാറില്‍
ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിനോടൊപ്പം പുറത്തു കറങ്ങാന്‍ പോകുമ്പോഴും
അവളറിഞ്ഞത് ഒന്നു മാത്രം
അച്ഛനുണ്ടല്ലോ....
ഭര്‍ത്താവിനു സമയത്തു ഭക്ഷണം കൊടുത്തു ജോലിക്കയയ്ക്കുമ്പൊഴും
മതാപിതാക്കളെ മുടക്കം വരുത്താതെ പരിചരിക്കുമ്പോഴും
വീട്ടുജോലികള്‍ ഭംഗിയായി ചെയ്യുമ്പോഴും
അവളറിഞ്ഞു-
അവര്‍ക്കു ഞാനുണ്ടല്ലോ..
പക്ഷേ വിദ്യാഭ്യാസം കുറവുള്ളതുകൊണ്ടാകാം
ഒന്നുമാത്രം അവള്‍ക്കു മനസ്സിലായില്ല..
അവള്‍ അയാളുടെ 'ഡിപ്പെന്‍ഡന്റ്'  ആണത്രേ...

Thursday, August 7, 2014

മനസ്സ്

ചിലനേരം മനസ്സെന്ന
മഞ്ചാടിക്കുരുവൊരു
കാരസ്കരക്കുരു പോലെയാകും
ശമിക്കാത്ത കയ്പതില്‍
മധുരം തിരഞ്ഞുപോം
പിന്നെയും കയ്പതില്‍
ചെന്നുവീഴും
ദുഗ്ദ്ധസ്‌നാനം ചെയ്തു
സംവത്സരശ്ശതം
രാമനാമം ജപിച്ചീടിലും മായില്ല
രൂഢമൂലം ചേര്‍ന്ന
ശപ്തമാം തിക്തരസകന്മഷം!
പിന്നെ ചിലപ്പോഴോ
രാഗപരാഗമായ്
പ്രണയം പൊഴിച്ചങ്ങു നിന്നീടിൽ
പ്രിയതരമായിടും
അമൃതവര്‍ഷത്തിനാല്‍
പ്രിയമാനസം തരളിതം
പ്രണയാര്ദ്രമാകും
വര്‍ണ്ണ ദീപ്തമാകും..