Saturday, January 31, 2015

പനിക്കൂര്‍ക്ക ( നാട്ടുവഴിയിലെ പോസ്ട്)

കുട്ടിക്കാലത്ത് ജലദോഷമോ തുമ്മലോ ഉണ്ടായാല്‍ അതു മാറുന്നതു വരെ എന്നും കുളിക്കുന്ന വെള്ലത്തില്‍ പനിക്കൂര്‍ക്കയില ഞെരടിയിട്ടിട്ടുണ്ടാവും അമ്മമ്മ.. അന്നതു കാണുന്നതു തന്നെ ദേഷ്യമായിരുന്നു. പനിക്കൂര്‍ക്കയിലയുടെ നീര് കല്‍ക്കണ്ടമോ തേനോ ചേര്‍ത്ത് കുടിക്കാനും തരുമായിരുന്നു. അതും ഒട്ടും ഇഷ്ടമായിരുന്നില്ല. പക്ഷേ മോനുണ്ടായപ്പോഴാണ് ഈ ഇലയുടെ മഹത്വം ഞാനംഗീകരിച്ചത്. മോനെ കുളിപ്പിക്കുമ്പോഴും വെള്ലത്തില്‍ ഈ ഇലകള്‍ അമ്മമ്മ കശക്കിയിടുമായിരുന്നു. മോന് ജലദോഷക്കോളു കണ്ടാലുടനെ പനിക്കൂര്‍ക്കയില നീരില്‍ കല്‍ക്കണ്ടം ചേര്‍ത്തു കൊടുക്കുകയും ഇത്തിരി നീരു ചൂടാക്കി നെറുകയില്‍ തൂക്കുകയും ചെയ്യുമായിരുന്നു. മോഡേണ്‍ മെഡിസിന്‍ കൊടുക്കാന്‍ എനിക്കും ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഇങ്ങനെ തന്നെ അസുഖം മാറ്റിയിരുന്നു.

പച്ച നിറത്തിലെ മാംസളമായ ഇലയും തണ്ടുകളുമുള്ള, അധികം ഉയരമില്ലാത്ത ഒരു സസ്യമാണ് പനിക്കൂര്‍ക്ക.. കുലകളായി പൂക്കളും കാണും. നവര, കര്‍പ്പൂരവളളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്ന ഈ സസ്യത്തിന്റെ നീരിന് സവിശേഷമായൊരു ഗന്ധവുമുണ്ട്. ഏതുകാലാവസ്ഥയിലും വളരും. പ്രത്യേകപരിചരണങ്ങള്‍ ഒന്നും ആവശ്യമില്ലാത്ത ഈ സുന്ദരിച്ചെടിയെ ചട്ടികളില്‍ അലങ്കാരച്ചെടിയായും നട്ടുവളര്‍ത്താം. ഇതിന്റെ ഔഷധഗുണങ്ങള്‍ പലപ്പോഴും ആശുപത്രിയിലേയ്ക്കുള്ല ഓട്ടത്തെയും തടയും . ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, ജലദോഷം എന്നിവ മാറും. പനികൂര്‍ക്കയില നീര്  നെറുകയില്‍ തിരുമ്മുന്നതും ജലദോഷം മാറാന്‍ ഉത്തമം. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്ചയായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൊടുത്താല്‍ മതി. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും. പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ തേനോ കല്‍ക്കണ്ടമോ ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.കുട്ടികളിലെ കൃമിശല്യം കുറയ്ക്കാനും ഇത് വളരെ നല്ലതാണ്.

പനിക്കൂര്‍ക്കയില പാചകത്തിലും ഉപയോഗിക്കാവുന്നതാണ്. തൈരോ മോരോ ഈ ഇല  ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പനിക്കൂര്‍ക്കയില കടലമാവില്‍ മുക്കിപ്പൊരിച്ചാല്‍ സ്വാദിഷ്ടമായ ബജി തയ്യാര്‍. ഉഴുന്നുമാവില്‍ ചേര്‍ത്ത് വടയുണ്ടാക്കിയാലും രുചികരം തന്നെ. റൈത്തയായോ സാലഡ് ആയോ ഈ ഇലകള്‍ ഉപയോഗിക്കാവുന്നതാണ്.


ഇത്രയധികം പ്രയോജനപ്രദമായ ഈ കൊച്ചുചെടിയെ നമുക്കെങ്ങനെ അവഗണിക്കാനാവും അല്ലേ...




Friday, January 30, 2015

അതാരായിരുന്നിരിക്കാം...???

വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ആയിട്ടില്ല.ചേട്ടന്‍ മുംബൈയിലേയ്ക്കു പോയ ശേഷം ഞാന്‍ ചേട്ടന്റെ വീട്ടിലായിരുന്നു. . ജൂലൈ മാസമായിട്ടും മഴയില്ലാത്ത ഒരു ദിവസം...ഇന്നും ഓര്‍മ്മയില്‍..
കോളേജു വിദ്യാര്‍ത്ഥിനിയില്‍ നിന്നു വളരെ വേഗമായിരുന്നു വീട്ടമ്മയിലേയ്ക്കുള്ള എന്റെ ഭാവപ്പകര്‍ച്ച. പാചകത്തില്‍ ഒട്ടുംതന്നെ നൈപുണ്യം ഇല്ലാതിരുന്ന ഞാന്‍ വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുക്കളയുടെ മുഴുവന്‍ ചുമതയും എങ്ങനെ കൈക്കുള്ളിലൊതുക്കിയെന്നത് ഇന്നും എനിക്ക് അവിശ്വസനീയം.
ഉണര്‍ന്നാല്‍ കിടക്കും വരെ അടുക്കളയിലെ ജോലികള്‍.. എത്ര ചെയ്താലും തീരാത്ത ജോലികള്‍.. 
അന്നും ഞാനെന്റെ യുദ്ധക്കളത്തില്‍ വാളും പരിചയുമായി രാവിലെ തന്നെ പോരാട്ടം തുടങ്ങിയിരുന്നു. പ്രസവിച്ചു കിടക്കുന്ന ഭര്‍തൃസഹോദരിയും അമ്മയും കൂടി കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ രാവിലെ തന്നെ പോയി. അനിയന്‍ പറമ്പിലെവിടെയോ പൊട്ടിക്കിടക്കുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി ചയ്യാനും മറ്റുമായി ഇറങ്ങിയിട്ടുണ്ട്. രണ്ടുകൂട്ടരും ഉച്ചയ്ക്കെത്തും മുന്‍പ് ഊണു തയാറാക്കന്‍ ഞാനെന്റെ ഭഗീരഥപ്രയത്നത്തിലും. 12 മണിക്കു ഊണു കഴിച്ചില്ലെങ്കില്‍ അമ്മയ്ക്കു ദേഷ്യമാകും. 
12 നു മുന്നേ തന്നെ ചോറും സാമ്പാറും പുളിശ്ശേരിയും ബീന്‍സ് തോരനും തയ്യാറാക്കി. പപ്പടവും വറുത്തു ടിന്നിലിട്ടു വെച്ചു. പിന്നെ കഴിഞ്ഞ ദിവസമിട്ട അച്ചാറും മുളകുകൊണ്ടാട്ടവും ഉണ്ട്. ആശ്വാസത്തോടെ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ ചിരിച്ചു കൊണ്ട് 50 വയസ്സിനു മേല്‍ പ്രായം തോന്നുന്ന ഒരാള്‍ പടികയറി വരുന്നു. ഞാനും തിരികെ ചിരിച്ചു. " മോളേ, ഊണു കാലമായില്ലേ, വേഗം കുറച്ചു വിളമ്പിക്കോളൂ, നന്നായി വിശക്കുന്നു. " കയറുന്ന വഴി തന്നെ അദ്ദേഹം എന്നോടു പറഞ്ഞു. മുറ്റത്തിറമ്പില്‍ വെച്ചിരിക്കുന്ന ബക്കറ്റിലെ വെള്ലത്തില്‍ കയ്യും കാലും കഴുകി അകത്തുകയറി ഡൈനിംഗ് ടേബിളിനടുത്തേയ്ക്കു നടന്നു. "എല്ലാവരും എവിടെപ്പോയി?"   എന്നു ചോദ്യവും ഉണ്ടായി. മറുപടി പറഞ്ഞു ഞാനും അകത്തേയ്ക്കു കയറി. അതാരെന്ന് എനിക്കു മനസ്സിലായില്ല. പക്ഷേ ചോദിക്കുന്നതെങ്ങനെ? എന്നെ നല്ല പരിചയവുമുണ്ട്.. അപ്പോള്‍ പിന്നെ..... 

അവിടെ അങ്ങനെയാണ്. അന്നാട്ടുകാരൊക്കെ വളരെ വേണ്ടപ്പെട്ടവര്‍. ആര് എപ്പോള്‍ വന്നാലും ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ വിടില്ല. അവര്‍ക്ക് സ്വന്തം വീടുപോലെ പ്രിയമാണ് ആ വീടും. എനിക്കാണെങ്കില്‍ എല്ലാവരേയുമൊന്നും പരിചയമായിട്ടുമില്ല. അതുകൊണ്ട് ഞാന്‍ ഒന്നും ചോദിക്കാതെ വേഗം തന്നെ ചോറു വിളമ്പി. വളരെ ആസ്വദിച്ച് അദ്ദേഹം കഴിച്ചു. അതിനിടയില്‍ ചേട്ടന്റെ ജോലിക്കാര്യവും പിന്നെയുമെന്തൊക്കെയോ ചോദിച്ചിരുന്നു. വേഗം ഊണുകഴിച്ചു കൈകഴുകിവന്ന് അദ്ദേഹം പോകാനിറങ്ങി. കറികള്‍ നന്നായിരുന്നു എന്നു പറയുകയും ചെയ്തു. 'അമ്മ വന്നിട്ടു പോയാല്‍ പോരേ' എന്നു ചോദിച്ചപ്പോള്‍ 'വണ്ടി കിട്ടാന്‍ താമസിക്കും' എന്നു പറഞ്ഞ് വേഗം പടിക്കെട്ടുകള്‍ ഇറങ്ങി നടന്നു. ഞാനും തിരികെ കയറി പാത്രമെടുത്തുകഴുകി. അപ്പോഴേയ്ക്കും അമ്മയും കൂട്ടരും, അപ്പുറത്തു വഴിയിലൂടെ അനിയനും എത്തി. അവര്‍ വന്നയുടനെ ഞാന്‍, ഊണു കഴിച്ചു പോയ മനുഷ്യനെക്കുറിച്ചു ചോദിച്ചു. ആ സമയത്തിനുള്ളില്‍ അവര്‍ തമ്മില്‍ കാണാതിരിക്കില്ല. ബസ്സ് സ്ടോപ്പിലേയ്ക്ക് കുറച്ചു നടക്കണം. പക്ഷേ അവര്‍ അങ്ങനെയൊരാളേ കണ്ടതേയില്ല. മറുവഴിയിലൂടെ വന്ന അനിയനും കണ്ടില്ല ആരെയും. ഞാന്‍ അടയാളമൊക്കെ പറഞ്ഞു. ആ നാട്ടില്‍ അങ്ങനെയൊരാളെ അവര്‍ ആരും അറിയുകയില്ലത്രേ.. പരിചയമില്ലാത്ത ആളെ അകത്തു വരാനനുവദിച്ചതിന് അമ്മയും അനിയനും എന്നെ ഒരുപാടു ശകാരിക്കുകയും ചെയ്തു. 

ഇത്ര നളായിട്ടും അങ്ങനെയൊരാളെ ഞാനാ നാട്ടിലെങ്ങും കണ്ടില്ല.. ആരായിരിക്കാം എന്ന് ആലോചിച്ച് തലപുണ്ണാക്കിയിട്ടും ഉണ്ട് പലപ്പോഴും.. ഒടുവില്‍ ഞാന്‍ തന്നെ അങ്ങു വിശ്വസിക്കുന്നു.. ഞാനെന്ന വീട്ടമ്മയെ കാണാനെത്തിയ, എന്റെ കൈകൊണ്ടു വെച്ചു വിളമ്പിയ ഭക്ഷണം കഴിച്ചു പോകാന്‍ ആഗ്രഹിച്ചു വന്ന ആരോ പ്രിയപ്പട്ടവര്‍ ആകാമതെന്ന്.. കുട്ടിക്കാലത്ത് ഓര്‍മ്മയില്‍ ചേക്കേറിയ എന്റെ പ്രിയപ്പെട്ട അച്ഛനാകാം, ഞാന്‍ കണ്ടിട്ടില്ലാത്തെ എന്റെ അമ്മായിയച്ഛനാകാം .... ചിരിച്ച മുഖവുമായി മനസ്സു നിറഞ്ഞു മടങ്ങിപ്പോയ ആ നല്ല മനുഷ്യരൂപം.... ഒന്നു കാല്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടിയില്ലല്ലോ എന്ന ദുഃഖം മാത്രം..

ചുവപ്പുചായം, ഒരു മനഃസമാധാനം

     കല്യാണില്‍ താമസം തുടങ്ങിയപ്പോള്‍ കിട്ടിയ സൗഹൃദമായിരുന്നു ഗീതയുമായി. അടുത്ത ഫ്ലാറ്റിലായിരുന്നതുകൊണ്ടു വരവും പോക്കും ഒക്കെയായി ഞങ്ങള്‍ അങ്ങനെ കഴിഞ്ഞുപോന്നു. മോനെയും കൊണ്ടു വന്നപ്പോള്‍ ഗീത ഒരു വലിയ ആശ്വാസം തന്നെയായിരുന്നു. ഒന്നു കൈമാറിപ്പിടിക്കാന്‍, മോനുറങ്ങുമ്പോള്‍ കാവലിരുത്തി കടയില്‍ പോകാന്‍ ഒക്കെ ഗീതയുണ്ടായിരുന്നു. വലുതാകുന്തോറും അവന്റെ ശാഠ്യവും കൂടിക്കൂടി വന്നു. വാശിപിടിച്ചു കരയുമ്പോള്‍ ആശ്വസിപ്പിക്കാനുള്ല ഏക മാര്‍ഗ്ഗം കഥ പറയുക എന്നതാണ്. കൈവശമുണ്ടായിരുന്ന കഥയുടെ ഖനി ശൂന്യമായപ്പോള്‍ സ്വയം കഥകള്‍ മെനയാന്‍ തുടങ്ങി. കഥയെന്ന പേരില്‍ എന്തുപറഞ്ഞാലും അവന്‍ കരച്ചില്‍ നിര്‍ത്തി അതില്‍ ശ്രദ്ധിച്ചിരിക്കുമായിരുന്നു. ഗീത കഥപറയാന്‍ മിടുക്കിയായിരുന്നു. മോന്റെ നിര്‍ത്താതെയുള്ല കരച്ചില്‍ കേട്ടാല്‍ പലപ്പോഴും അവള്‍ പ്രശ്നം പരിഹരിക്കാനെത്തിയിരുന്നത് ഒരു വലിയ ആശ്വാസമായിരുന്നെനിക്ക്..

    മോനെ ജൂനിയര്‍ കെ ജി യില്‍ ചേര്‍ത്തപ്പോള്‍ ഞാനും ഒരു സ്കൂളില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് തിരക്കിനിടയില്‍ ഗീതയുമായുള്ള കൂടിച്ചേരല്‍ വല്ലപ്പോഴുമായി. കുഞ്ഞുങ്ങളില്ലാതെ വിഷമിച്ചിരുന്ന അവള്‍ കുറെനാള്‍ നാട്ടില്‍ ഏതോ ചികത്സയിലുമായിരുന്നു. എന്തായാലും അധികം താമസിയാതെ കാലം അവള്‍ക്കും സന്താനഭാഗ്യം കൊടുത്തു. രണ്ടു മിടുക്കന്മാരായ ആണ്‍മക്കള്‍. ആ കാലത്തു തന്നെ ഞങ്ങള്‍ രണ്ടു കൂട്ടരും കല്യാണിന്റെ രണ്ടു ഭാഗങ്ങളിലായി താമസം മാറി. എനിക്കവള്‍ ചെയ്ത സഹായങ്ങളൊന്നും തിരികെക്കൊടുക്കാന്‍ എനിക്കായില്ല..എങ്കിലും നന്ദിയോടെ മാത്രമേ ഞാനെന്നും അവളെ ഓര്‍മ്മിക്കാറുള്ളൂ...

     വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഗീതയേ കണ്ടുമുട്ടുന്നത് ഒരു വിവാഹസല്‍ക്കാര വേളയിലായിരുന്നു. അന്നു അവളുടെ മൂത്തമകന്‍ പത്താം ക്ലാസ്സില്‍ പടിക്കുന്നു. രണ്ടാമന്‍ ഒന്‍പതിലും. മുഖത്തെ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട്, വേഷത്തിലൊന്നും ഒരു ശ്രദ്ധയുമില്ലാതെ.. ആകെക്കൂടെ അകാലവാര്‍ദ്ധക്യ്ം ബാധിച്ചതുപോലെ....ഒരാളെ കാണുമ്പോള്‍ " അയ്യോ, ഇതെന്തുപറ്റി, ആകെ ക്ഷീണിച്ചുപോയല്ലോ, അല്ല അസുഖവു മാണോ.." എന്നക്കെയുള്ള അമര്യാദയുടെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് (കേള്‍ക്കുന്നതും) എനിക്കൊട്ടും ഇഷ്ടമുള്ല കാര്യമല്ല. എങ്കിലും അവളോട് ചോദിക്കാതിരിക്കാനായില്ല എന്തു പറ്റിയെന്ന്.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം പറഞ്ഞതൊക്കെ അവളുടെ സങ്കടങ്ങള്‍. മകന്‍ ആകെ പ്രശ്നക്കാരനാണത്രേ.. അനുസരണ ഒട്ടുമില്ല. തോന്നുമ്പോലെയേ എന്തും ചെയ്യൂ.. എന്തു പറഞ്ഞാലും തറുതല പറയും. ആരേയും വകവെയ്ക്കില്ല. സ്കൂളിള്‍ നിന്നും പരാതികള്‍ കിട്ടാറുണ്ട്.  പഠിക്കാന്‍ തീരെ താല്‍പര്യമില്ല. ചീത്തസ്വഭാവക്കാരായ കുട്ടികളാണ്ത്രേ കൂട്ട്. രാത്രിയില്‍ പോലും വളരെ വൈകും വരെ കൂട്ടുകാരുമൊത്തു കറങ്ങി നടക്കും. അവളുടെ ഭര്‍ത്താവിന് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയവുമില്ല. ഒരു സ്വകാര്യസ്ഥാപനത്തിലെ ഉയര്‍ന്ന തസ്തികയിലുള്ല ആളാണ് അദ്ദേഹം. രാത്രി വളരെ വൈകിയാവും ദിവസവും എത്തുക. മകനാകട്ടെ സാഹചര്യങ്ങളൊക്കെ നന്നായി മുതലെടുത്തുപോന്നു...ഒക്കെ കേട്ട്  ഞാനും വല്ലാത്ത വിഷമത്തിലായി. കുറെ ആശ്വാസവാക്കുകളൊക്കെ പറഞ്ഞു. ഈ പ്രായത്തിലെ മിക്കവാറും എല്ലാ കുട്ടികള്‍ക്കും കുറച്ചു ധാര്‍ഷ്ട്യം ഉണ്ടാകുമല്ലോ..ഒക്കെ കുറച്ചു കഴിയുമ്പോള്‍ മാറി മിടുക്കനാവും എന്നൊക്കെ. എന്റെ വാക്കുകള്‍ മനസ്സില്‍ നിന്നു വന്നതായിരുന്നു. അതുകൊണ്ട് എനിക്കുറപ്പുണ്ടായിരുന്നു ഗീതയുടെ എല്ലാ വിഷമങ്ങളും മാറുമെന്ന്..

     ഇന്നലെ യാദൃശ്ചികമായി വീണ്ടും ഗീതയെ കണ്ടുമുട്ടി. വളരെ സന്തോഷവതിയായിരിക്കുന്നു. ആ പഴയ ഗീതയായി.. മകന്‍ മുംബൈയില്‍ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നു. മിടുക്കനായിരിക്കുന്നു. ചെറിയ മോന്‍ പത്രണ്ടാം ക്ലാസ്സിലും. മൂത്തയാളുടെ ദുഃസ്വഭാവമൊക്കെ മാറി നല്ല കുട്ടിയായത്രേ. അതിന്റെ പിന്നിലെ കഥയും അവളെന്നോടു പറഞ്ഞു. മകന്റെ നല്ലതിനായി ജ്യോതിഷികളേയും വാസ്തുശാസ്ത്രജ്ഞരേയുമൊക്കെ കണ്ട് ഒരുപാടു പണം ചെലവാക്കി. എന്നിട്ടും ഒരു മാറ്റവും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ടി വി ചാനലില്‍ ഫ്യുങ്ങ്ഷ്വെ  അവതരിപ്പിച്ചിരുന്ന ഒരു സ്ത്രീയാണ് ഗീതയ്ക്ക് മോക്ഷം കൊടുത്തത്. വീടിന്റെ കിഴക്കു വശത്ത്  കക്കൂസ്, കുളിമുറി ഇത്യാദികള്‍ വന്നാല്‍ അതു ചീത്ത ഊര്‍ജ്ജത്തെ കൊണ്ടുവരുമത്രേ..അതു ബാധിക്കുക കുട്ടികള്‍ക്കാണ്. അവര്‍ വഴിപിഴച്ചുപോകുന്നതിനിടയാക്കും ഈ ചീത്ത ഊര്‍ജ്ജം. അതു മാറ്റി യോജിച്ച സ്ഥലത്തേയ്ക്കു പണിതാല്‍ ഈ പ്രശ്നം പരിഹരിക്കാം. .. പക്ഷേ ഫ്ലാറ്റില്‍ എന്തു ചെയ്യും!.. അതിനും ഉണ്ട് മാര്‍ഗ്ഗം. കക്കൂസിന്റെ കിഴക്കേ ഭിത്തിയില്‍ ചുവന്ന ചായം തേച്ചാല്‍ മതിയത്രേ.. ഗീത പിന്നെ ഒട്ടും അമാന്തിച്ചില്ല കക്കൂസിന്റെ ഭിത്തിയില്‍ ചുവന്ന ചായം പൂശി. എന്തായാലും മകനു നല്ല മാറ്റം വന്നു. പഠനത്തില്‍ ശ്രദ്ധിച്ചു, അമ്മയോടു സ്നേഹത്തോടെ പെരുമാറാനും സഹായിക്കാനുമൊക്കെ  തുടങ്ങി. സന്തോഷം അവളുടെ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തി. ഗീത പറയുന്നത് ആ ചുവന്ന ചായമാണത്രേ അവള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും കൊടുത്തതെന്ന്..

രക്തസാക്ഷിദിനം!























നാനാത്വത്തിലെ ഏകത്വം!
വൈവിധ്യങ്ങളിലെ വൈരുധ്യം!
ഭാരതാംബയുടെ ഉള്‍ക്കാമ്പിലെ ഉണ്മയ്ടെ കരുത്ത്..
ബംഗാളിയും പഞ്ചാബിയും ഗുജറാത്തിയും
തമിഴും തെലുങ്കും മറാഠിയും
മൊഴിമുത്തുകളില്‍
ഒന്നായ് മാറുന്ന സ്നേഹജ്ജ്വ്വാലകള്‍-
വന്ദേ മാതരം!
മതങ്ങള്‍,ദേശീയത, വര്‍ണ്ണവൈവിധ്യങ്ങള്‍
എല്ലാ കാലുഷ്യവും
കഴുകി ശുദ്ധീകരിച്ച്
ഒഴുകുന്നുണ്ട് നമുക്കായ്
പവിത്രതയുടെ ഗംഗ..
എല്ലാ മാലിന്യങ്ങളേയും ഏറ്റുവാങ്ങാന്‍
ബഹുശ്ശതം കൈകള്‍ നീട്ടി കാത്തിരിക്കുന്നു
മഹാസമുദ്രങ്ങള്‍! പ്രളയപയോധികള്‍!!
സത്യം മാത്രം സത്യമെന്നോതി,
ദ്വേഷത്തെ ജയിക്കാന്‍ സ്നേഹമെന്നോതി,
തിന്‍മയെ ജയിക്കാന്‍ നന്മയെന്നോതി..
നമുക്കു മുന്‍പേ നടന്നു പോയി..
അര്‍ദ്ധനഗ്നനായ സന്യാസിയൊരാള്‍..
ഒരു തോക്കിന്‍ കുഴലില്‍ നിന്നും
ചീറിപ്പാഞ്ഞ കൃതഘ്നതയുടെ
കൂര്‍പ്പിച്ചെടുത്ത മൂര്‍ച്ചകള്‍
ചിതറി വീഴ്ത്തിയ
കടുത്ത നിറമുള്ള
സ്നേഹരുധിരത്തിന്റെ
മാഞ്ഞുപോകാത്ത വേദനപ്പൂക്കള്‍!
നടവഴികളില്‍
പാദം നോവിക്കാതെ,
ഹൃദയത്തില്‍ മാത്രം കോര്‍ത്തുവലിക്കുന്ന
മുള്ളിന്‍ പൂവുകള്‍!
പെറുക്കിയെടുത്ത്
മൂര്‍ദ്ധവില്‍ ഒരു മാത്ര സ്പര്‍ശിച്ച്
വീണ്ടും വലിച്ചെറിയാം
ഏറ്റവും അലക്ഷ്യമായി..
ഇനിയും വരുന്നുണ്ട്
പിന്നാലെ ആരൊക്കെയോ.........

Saturday, January 24, 2015

മഴയില്‍ പൊഴിയാത്തത്

ഇരുട്ടില്‍
അലമുറയിടുന്ന
ചീവീടുകളെപ്പോലെ
നിന്നോടു ഞാന്‍
പറയുന്നുണ്ട്
എന്റെ പരിഭവക്കുറിപ്പുകള്‍
ഒന്നൊന്നായി.
പ്ക്ഷേ....
നിന്റെ മറുപടികളായി
ഞാന്‍ കേള്‍ക്കുന്നതോ
ഉയര്‍ന്നു പൊങ്ങുന്ന
കൂര്‍ക്കംവലിയും.
എന്റെ ശബ്ദം നിലയ്ക്കുമ്പോള്‍
നീ ചോദിക്കും
എന്തേ നീയൊന്നും മിണ്ടാത്തതെന്ന്.
അപ്പോള്‍
ഞാനെന്റെ പാതിയടഞ്ഞ മിഴികളിലൂടെ
നിന്നെ നോക്കി
പരിഹസിച്ചു ചിരിക്കും,
മേല്‍ക്കൂരയില്‍
അസമയത്തു വന്നു പതിക്കുന്ന
ആലിപ്പഴങ്ങള്‍ പോലെ..
പലദിശകളില്‍ നിന്നായി
വിഭിന്ന തീവ്രതകളില്‍....


Wednesday, January 21, 2015

അയമോദകം. (നാട്ടുവഴിയിലെ പോസ്ട്)


അയമോദകം
------------------
പഞ്ചാബിഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെ.. എന്തായിരിക്കാം ഈ സ്വാദിന്റെ രഹസ്യം എന്ന രഹസ്യാന്വേഷണത്തിനെനിക്കു ലഭിച്ച അറിവായിരുന്നു അയമോദകം (അജമോജം ,അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക,  അജ്വാന്‍, ഓമം എന്നൊക്കെയും പേര്.) ഇതു ചേര്‍ത്തുണ്ടാക്കുന്ന മസാലക്കൂട്ടുകള്‍ കറികള്‍ക്ക് പ്രത്യേക സ്വാദു നല്‍കുമത്രേ. സ്വാദു മാത്രമല്ല,ശരീരത്തിന് എല്ലാവിധത്തിലും യോജിച്ച ഒരു ഔഷധവും ആണത്രേ ഈ കൊച്ചു കൂട്ടുകാരന്‍. കുട്ടിക്കാലത്ത് ദഹനക്കേടു മൂലം വയറുവേദന വരുമ്പോള്‍ കുടിച്ചിരുന്ന അയമോദകസത്തിന്റെ കൈപ്പുള്ല ഓര്‍മ്മകളും മനസ്സിലെത്തി.

അയമോദകം,   അംബെല്ലിഫെറേ (Umbelliferae)-എപിയേസി (Aplaceae)സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം  ട്രാക്കിസ്പെര്‍മം അമ്മി (Trachyspermum ammi); കാരം കോപ്റ്റിക്കം (Carum Copticum); അമ്മി കോപ്റ്റിക്കം (Ammi Copticum).  ഈജിപ്ത്, അഫ്ഗാനിസ്താന്‍, ബലൂചിസ്താന്‍, ഇന്ത്യയില്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അയമോദകം കൂടുതലായി കൃഷിചെയ്യുന്നത്. മഴ കുറവുള്ള ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്കു അനുയോജ്യം.
30-90 സെ.മീ. ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് അയമോദകം. സസ്യത്തിലാകമാനം സൂക്ഷ്മലോമങ്ങളുണ്ട്. കുലകളായി കാണപ്പെടുന്ന പുഷ്പങ്ങള്‍ ചെറുതും വെളുപ്പോ പാടലവര്‍ണമോ ഉള്ളതുമാണ്. കായ്കള്‍ക്ക് വ്യക്തമായ വരമ്പുകളും സൂക്ഷ്മലോമങ്ങളും ഉണ്ട്. വിത്തുകള്‍ വളരെച്ചെറുതും പരന്നതും സുഗന്ധമുള്ളതുമാണ്. വിത്താണ് ഔഷധയോഗ്യം. വിത്തില്‍ സുഗന്ധവും ബാഷ്പീകരണ സ്വഭാവവുംമുള്ള തൈലം അടങ്ങിയിട്ടുണ്ട്. തൈമോള്‍ എന്ന കൃമിനാശിനി ഔഷധം വിത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നു.

മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്.  ഒരു സുഗന്ധമസാല കൂടിയാണ് അയമോദകം.  വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്.  അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്.  അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്.  കോളറയുടെ ആദ്യഘട്ടങ്ങളി‍ല്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.   ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്.    കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.  വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍  അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി.   മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും.   അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.  
 അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും.   വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്.  അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം  മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. ചര്‍മ്മ രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധമാണ് അയമോദകം.





‌‌‌‌

നാടുവൈദ്യം ( താളിയോല സൂപ്പര്‍ സീരീസ് മത്സര പോസ്ട്)


താളിയോല സൂപ്പര്‍ സീരീസ്
ടീം ഓലപ്പീപ്പി
ടീം ചോയ്സ്
21/01/2015
നാട്ടു വൈദ്യം
***************
പ്രമേഹം
*********
1.വേപ്പില ചതച്ചു 25 ml നീരില്‍ 5 ml തേന്‍ ചേര്‍ത്തു രാവിലെ ഭക്ഷണത്തിന് മുന്‍പ് കഴിക്കുക
2. മഞ്ഞളും നെല്ലിക്കയും സമമെടുത്ത് നന്നായി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ വെറും വയറ്റില്‍ കഴിക്കുക
3. ഉലുവ വറുത്തു പൊടിച്ചു ആഹാരസാധനങ്ങള്‍ക്കൊപ്പം കഴിക്കുക.
4. കാട്ടു ജീരകം ഇട്ടു നന്നായി തിളപ്പിച്ച വെള്ളം രാവിലെ ആഹാരത്തിനു മുന്‍പും രാത്രി ആഹാരശേഷവും കുടിക്കുക.
5. ഉണക്കനെല്ലിക്ക, ഉലുവ, കാട്ടുജീരകം, കടുക്ക ഇവ ഒരേ അളവില്‍ ഇട്ടു തിളപ്പിച്ച കഷായം കുടിക്കുക.
കൊളസ്ട്രോള്‍
********************
1.കാന്താരി മുളക് കറികളിലും മറ്റും ചേര്‍ത്തു കഴിക്കുക
2.വെളുത്തുള്ളി ധാരാളമായി കഴിക്കുക
3.കറിവേപ്പില വെളുത്തുള്ളി ഇഞ്ചി ലേശം കുടംപുളി എന്നിവ അരച്ച് അതില്‍ ചെറു നാരങ്ങയുടെ നീര് ചേര്‍ത്തു ചെറിയ ഒരു നെല്ലിക്ക വലിപ്പത്തില്‍ വെറും വയറ്റില്‍ കഴിക്കുക
4. ഇഞ്ചിയും മല്ലിയും ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിക്കുക.
5.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉലുവയ്ക്് കഴിവുണ്ട്. ഉലുവ പൊടിച്ച് മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ ചെയ്യാം.
അസിഡിറ്റി
************
1. ചിരട്ട കഷ്ണം ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായ്‌ കുടിക്കുക
2.ഒരു പിടി കറിവേപ്പില ഇടിച്ചു പിഴിഞ്ഞ നീര് ഒരു ടീസ്പൂണ്‍ വീതം 2 നേരം കഴിക്കുക .മോരില്‍ കറിവേപ്പില ചേര്‍ത്തു സംഭാരമായി കഴിച്ചാലും മതി
3. വാഴയ്ക്ക തൊലി ഉണക്കി പൊടിച്ചു ഒരു ടി സ്പൂണ്‍ പൊടി പാലില്‍ ചേര്‍ത്തു കഴിക്കുക പാലില്‍ നന്നായി വെള്ളം ചേര്‍ത്തു കാച്ചി എടുക്കണം.
4. വാഴപ്പഴം കഴിക്കുന്നതു അസിഡിറ്റി മാറാന്‍ നല്ലതാണ്.
5. തണുത്ത പാല്‍ കുടിക്കുന്നതും പ്രയോജനപ്രദം.
ഗ്യാസ്ട്രബിള്‍
*************
1.ജീരകം വറുത്തു പൊടിച്ചു വെള്ളം തിളപ്പിച്ച്‌ ചൂടോടെ ഇടയ്ക്കിടെ കുടിക്കുക
2.ഒരു കഷ്ണം ഇഞ്ചി വെളുത്തുള്ളി എന്നിവ ദിവസവും കഴിക്കുക
3.കറിവേപ്പില ഇഞ്ചി കാന്താരി മുളക് എന്നിവ ചേര്‍ത്തു സംഭാരം ഉണ്ടാക്കി കുടിക്കുക
തൈര് അധികം കഴിക്കരുത് ...പക്ഷെ മോര് എത്ര വേണമെങ്കിലും കുടിക്കാം അധികം പുളി ഉള്ളത് പാടില്ല.
4. ആഹാരത്തില്‍ അയമോദകം ഉള്‍പ്പെടുത്തുക.
5. ആഹാരശേഷം പെരുംജീരകം വായിലിട്ടു ചവയ്ക്കുക.
ജലദോഷം
************
1. ചുക്ക് കുരുമുളക് തുളസിയില എന്നിവ ചതച്ചിട്ട വെള്ളത്തിലേക്ക് കരുപട്ടി ശര്‍ക്കര അതില്ലേല്‍ സാധാരണ ശര്‍ക്കര കാപ്പിപൊടി എന്നിവ ചേര്‍ത്തു നന്നായി തിളപ്പിച്ച്‌ ചൂടോടെ 3 നേരം കുടിക്കുക
2. തുളസി തെച്ചി പൂവ് ഉള്ളി എന്നിവയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് സ്ഥിരമാക്കുക ജലദോഷം വരില്ല
3 ആവി പിടിക്കുന്ന വെള്ളത്തില്‍ തുളസിയില ചേര്‍ക്കുക
4. തുളസിയില നീര് തേന്‍ ചേര്‍ത്തു കഴിക്കുക.
5. പനിക്കൂര്‍ക്കയില ചതച്ചിട്ട ചൂടുവെള്ലത്തില്‍ കുളിക്കുക.
മുഖക്കുരു മാറാന്‍
******************
1. ഓരഞ്ചു നീരും തേനും തുല്യ അളവില്‍ ചേര്‍ത്തു മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക
2.തുളസി നീര് പുരട്ടുക
3. പേര കൂമ്പ് അരച്ച് പുരട്ടുക
4. മുഖം ദിവസത്തില്‍ 4 -5 പ്രാവശ്യം നല്ല പച്ച വെള്ളത്തില്‍ കഴുകുക.
5. ചെറുനാരങ്ങ നീരു പുരട്ടുക. ഇത് നല്ലൊരു നച്വറല്‍ ബ്ലീച്ച് കൂടിയാണ്.
ചുമ
****
1. ആടലോടക നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
2. മുയല്‍ ചെവിയന്‍ സമൂലം കഴുകി വൃത്തിയാക്കി അതില്‍ 20 ജീരകവും ചേര്‍ത്തു വാട്ടിയെടുത്തു നീര് പിഴിഞ്ഞ് കഴിക്കുക
3.ചുവന്നുള്ളി അരിഞ്ഞതില്‍ കല്‍ക്കണ്ടം ചേര്‍ത്തു വച്ച് ഊറി വരുന്ന നീര് കൂടെ കൂടെ കുടിക്കുക
4. ചുക്ക് കുരുമുളക് ഏലക്ക എന്നിവ കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചത് ഒരു നുള്ള് വീതം ഇടവിട്ടിടവിട്ട് കഴിക്കുക.
5. ഇടയ്ക്കിടെ ശുദ്ധമായ തേന്‍ കഴിക്കുക.
കുഴിനഖം മാറാന്‍
*********************
1.പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ചു പുരട്ടുക.
2. മൈലാഞ്ചിയില അരച്ചു പുരട്ടുക.
3. താമരയിതള്‍ പനിനീരില്‍ അരച്ചു പുരട്ടി, അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.
4.മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്.
5.നഖങ്ങള്‍ ഒരേനിരപ്പില്‍ വെട്ടിനിര്‍ത്തുന്നത് കുഴിനഖം വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും .
അമിതഭാരം കുറയ്ക്കാന്‍
*****************************
1. ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് അല്‍പം തേനും ചേര്‍ത്തു കഴിക്കുക.
2. ഓറഞ്ച്, ആപ്പിള്‍, കൈതച്ചക്ക എന്നിവ ധാരാളം കഴിക്കുന്നതും നല്ലതാണ്.
3. പഞ്ചസാര ചേര്‍ക്കാത്ത ചായ (ഗ്രീന്‍ ടീയോ സാധാരണ ചായയോ) ധാരാളം കുടിക്കുക.
4. കുംബളങ്ങാഅ നീരു ദിവസം രണ്ടു നേരമെങ്കിലും ഓരോ ഗ്ലാസ്സ് വീതം കുടിക്കുക.
5. മുളപ്പിച്ച ചെറുപയര്‍ ഉള്ളി അരിഞ്ഞതും മാതളങ്ങയുടെ അല്ലികളും നാരങ്ങാനീരും ചേര്‍ത്ത് സ്ഥിരമായി കഴിക്കുക.
അകാല നരയ്ക്ക്.
********************
1. തേയിലക്കഷായത്തില്‍ മൈലാഞ്ചിയില മിനുസമായി അരച്ചു മുടിയില്‍ പുരട്ടി നാലഞ്ചു മണിക്കൂറിനു ശേഷം കഴുകിക്കളയുക.
2.കറിവേപ്പില അരച്ചു തലയില്‍ തേയ്‌ക്കുകയും ധാരാളം ഭക്ഷനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.
3.മൈലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട്‌ എണ്ണ കാച്ചിത്തേയ്‌ക്കുക
4. ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേര്‍ക്കാത്തത്‌) തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക.
5.നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ്‌ കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.

Tuesday, January 20, 2015

ആഴ്ന്നിറങ്ങിയ നിദ്ര. (കഥ )

പുലര്‍ച്ചെ അഞ്ചു മണിക്കു അലാം അടിച്ചതാണ്. സുനന്ദ എഴുന്നേല്‍ക്കുന്ന ലക്ഷണമില്ല. ഈയിടെയായി അവള്‍ക്കു കുറച്ച് അഹന്ത കൂടുന്നുണ്ട്. ഇന്നലെ ഓഫീസില്‍ നിന്നു വരുമ്പോളും കിടന്നുറക്കമായിരുന്നു. വിളക്കുകൊളുത്തിയിട്ടും കൂടിയില്ല. ദിവസം മുഴുവന്‍ ജോലിചെയ്തു ഒന്നരമണിക്കൂര്‍ യാത്രയും കഴിഞ്ഞു വരുന്ന എന്നേക്കാള്‍ ക്ഷീണമാണ് വീട്ടില്‍ വെറുതെയിരിക്കുന്ന അവള്‍ക്ക്. ജോലി ചെയ്യാനും വല്ലാത്ത മടി. ഒരു ശ്രദ്ധയുമില്ല ഒരു കാര്യത്തിനും. കറികളില്‍ ഒന്നുകില്‍ ഉപ്പു കൂടുതല്‍ , അല്ലെങ്കില്‍ കുറവ്. പറഞ്ഞാല്‍ ഇഷ്ടക്കേടാകും. എന്തെങ്കിലും ചോദിച്ചാല്‍ മിണ്ടാട്ടവുമില്ല.  മക്കള്‍ രണ്ടുപേരും ദൂരെയായതു നന്നായി. അല്ലെങ്കില്‍ അവര്‍ക്കിതു എത്ര വിഷമമായേനേ..

അവള്‍ എഴുന്നേല്ക്കുന്നില്ലെങ്കില്‍ വേണ്ട. എനിക്ക് എന്റെ കാര്യം ചെയ്യാനാകുമോ എന്നൊന്നു നോക്കട്ടെ. ഇവളെ കണ്ടിട്ടല്ലോ ഞാന്‍ ജനിച്ചത്..

അടുക്കളയിലേയ്ക്കു കയറും മുന്‍പേ പ്രാഥമിക കൃത്യങ്ങളൊക്കെ നടത്തി. കുളി കഴിഞ്ഞപ്പോള്‍ അഞ്ചേമുക്കാല്‍. ഫ്രിഡ്ജില്‍ നോക്കി. ഭാഗ്യം ദോശമാവുണ്ട്. താഴെ തട്ടില്‍ രണ്ടു പാത്രങ്ങളില്‍ സാമ്പാറും വെളുത്ത തേങ്ങാച്ചമ്മന്തിയും ഉണ്ട്. ദോശ ചുട്ട് ചായയുമുണ്ടാക്കി, സാമ്പറും ചമ്മന്തിയും ചൂടാക്കി. സുഭിക്ഷമായി പ്രാതല്‍ കഴിച്ചു. ഉച്ചയ്ക്കു കഴിക്കാനും ദോശ തന്നെ മതിയെന്നു തീരുമാനിച്ചു. മൂന്നുനാലെണ്ണം ചുട്ടെടുത്ത് അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞെടുത്തു. സാമ്പാര്‍ കൊണ്ടുപോയാല്‍ ചീത്തയാകുമോ എന്നു പേടി. ഫ്രിഡ്ജില്‍ തന്നെ പരിശോധിച്ചു. ചമ്മന്തിപ്പൊടിയുണ്ട്. അതു ചെറിയ പാത്രത്തിലാക്കി എടുത്തു. അപ്പോഴേട്ക്കും പോകാറായി. വേഗം വേഷം മാറി സുനന്ദയെ നോക്കുക പോലും ചെയ്യാതെ ബാഗുമെടുത്തു വാതില്‍ വലിച്ചടച്ച്, ബസ്സ് സ്ടോപ്പിലേയ്ക്ക് ഓടി. അവള്‍ക്കു സൗകര്യമുള്ലപ്പോള്‍ എഴുന്നേല്‍ക്കട്ടെ.

ഉച്ചഭക്ഷണത്തിനിരിക്കുമ്പോള്‍ ചോദ്യമുയര്‍ന്നു 'ഇന്നെന്തേ ദോശ?'. എന്നും കൊണ്ടുവരുന്ന ചപ്പാത്തിയും കറിയും പാതിയിലധികവും കഴിക്കുന്നത് അവരായിരിക്കും. സുനന്ദയുടെ കൈപ്പുണ്യം അത്ര ഗംഭീരമത്രേ.. ചപ്പാത്തിയില്ലെങ്കില്‍ ഇഡ്ഡലിയും സാമ്പാറും. സാമ്പാര്‍ പാത്രം കഴുകിത്തുടച്ചായിരിക്കും തിരികെ കിട്ടുക. എന്തായാലും സുനന്ദയോടുള്ല ദേഷ്യമൊക്കെ അവിടെ കുടഞ്ഞിട്ടു. അവളുടെ മടിയും ഉറക്കവും മറവിയും ഒക്കെ അങ്ങേയറ്റം പരിഹാസത്തോടെ അവിടെ അവതരിപ്പിച്ചു വിജയശ്രീലാളിതനായി നില്‍ക്കുമ്പോള്‍ ഇതാ ദേവി ' അയ്യോ സര്‍, അവരെ ഒന്നു ഡോക്ടറെ കാണിച്ചു കൂടെ.. തൈറോയിഡോ വല്ലതുമുണ്ടോ എന്ന് '.. 'ഉം.. അവള്‍ക്കു തൈറോയിഡല്ല, തല്ലിന്റെ കുറവാ' എന്നു മറുപടിയും പറഞ്ഞു.

വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ മനസ്സിലായി സുനന്ദയുടെ അശ്രദ്ധ എത്രയെന്ന്. പത്രവും പാലും ഒന്നും ഇതുവരെ എടുത്തു വെച്ചിട്ടില്ല. ബെല്ലടിച്ചിട്ടും സുനന്ദ വന്നതുമില്ല. സാരമില്ല. ബാഗിലുള്ല ചാവിയെടുത്തു വാതില്‍ തുറന്നു ലൈറ്റിട്ടു. പതിവുള്ല ചന്ദനത്തിരിയുടെ ഗന്ധത്തിനു പകരം ഒരു ശൂന്യതയുടെ ഗന്ധം മുറിയിലാകെ പടര്‍ന്നതുപോലെ.. ബെഡ് റൂമില്‍ ചെന്നു നോക്കുമ്പോള്‍ സുനന്ദ നല്ല ഉറക്കത്തിലാണ്.. പെട്ടെന്ന് ഒരു ഞെട്ടല്‍ .. അപ്പോളാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്, ആ ശൂന്യതയുടെ ഗന്ധം മരണത്തിന്റെ ഗന്ധമായിരുന്നു എന്നത്.. രാവിലെ തിരിച്ചറിയാന്‍ കഴിയാതെ പോയ ആഴത്തിലുള്ള ഗന്ധം!.

Saturday, January 17, 2015

അരൂത- നാട്ടുവഴി

അരൂത.
=====
' അരൂതേ, വീഴരുതേ ' എന്നു പറഞ്ഞാല്‍ വീഴാന്‍ തുടങ്ങുന്ന അപസ്മാര രോഗിയും നില്‍ക്കുമത്രേ.. അതാണ് അരൂത..
ഗ്രാമങ്ങളില്‍ കുട്ടികളുള്ള വീടുകളിലൊക്കെ മുന്‍പ് അരൂത നട്ടുവളര്‍ത്തുമായിരുന്നു. കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒട്ടുമിക്കരോഗങ്ങളേയും പമ്പ കടത്താന്‍ ഈഅത്ഭുത സസ്യത്തിനു കഴിഞ്ഞിരുന്നതിനാലണിത്. ഈ സസ്യത്തിന്റെ ഗന്ധമുള്ളിടത്ത് പാമ്പുകള്‍ വരാറില്ല എന്നും വിശ്വസിച്ചു പോരുന്നു.

അധികം ഉയരം വെയ്ക്കാത്ത ഒരൗഷധച്ചെടിയാണ് അരൂത.വളരെ ചെറിയ മൃദ്യ്വായ ഇലകളും ചെറിയ തണ്ടുകളും മഞ്ഞപ്പൂക്കളും ഉള്ള ചെടി. ശതാപ്പ, സോമവല്ലി എന്നും ഇതറിയപ്പെടുന്നു. സംസ്കൃതത്തില്‍ സന്താപ: എന്നും ഇംഗ്ളിഷില്‍ ഗാര്ഡന്‍ റൂ എന്നും ആണ് ഈ ചെടി അറിയപ്പെടുന്നത്. ഇലകള്‍ കണ്ടാല്‍ വെളുത്ത പൗഡറിടുടു മുഖം മിനുക്കിയോ എന്നു തോന്നും. ഇലകളിലൂടെ മെല്ലെ ഒന്നു വിലഓടിച്ചാലും ഇതിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെടും. ഒട്ടും സുഖകരമല്ലാത്ത ഗന്ധം. തീക്ഷ്ണമായ ഔഷധമൂല്യം ഉള്ളതുകൊണ്ട് വളരെ കുറഞ്ഞ അളവില്‍ മത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അപകടമാണ്. അതിനാല്‍ ചിലര്‍ ഇതിനെ മാരകവിഷമായും കണക്കാക്കുന്നു.

തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്.   തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്.  രണ്ടു വര്‍ഷത്തിലധികം ചെടി നിലനില്‍ക്കാറില്ല.  ഒരു സര്‍വ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്.   ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല്‍ കഫവും പീനസവും മാറും. കുട്ടികള്‍ക്കുള്ള ചുമ, പനി, ശ്വാസംമുട്ടല്‍, ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി  അസുഖങ്ങള്‍ക്കെതിരെ  ഉപയോഗിക്കാം. ഉള്ളില്‍ സേവിക്കുന്നതിന്റെ അളവ് കുട്ടികളുടെ പ്രായമനുസരിച്ച് കൃത്യതയോടെ പാലിക്കേണ്ടതാണ്.   വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരി, ജാതിക്ക, ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ മരുന്നായി ഉപയോഗിക്കാറുണ്ട്.  ഇലപിഴിഞ്ഞടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.  കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയില്‍ കെട്ടുകയും ചെയ്താല്‍ മതി. കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ അരൂതയുടെ ഇലകള്‍ വെളിച്ചെണ്ണയില്‍ ഇട്ടുവെയ്ക്കാറുണ്ട്. കരയുകയും കോച്ചിടിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ സന്ധികളില്‍ ഈ എണ്ണ തൂത്താല്‍ അതു മാറുമെന്നു പറയപ്പെടുന്നു. ഈ സസ്യത്തിന്റെ ഇലകള്‍ പലവിധ ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചു വരുന്നു. ആയുര്‍വ്വേദത്തിലും ഇതിന്റെ ഉപയോഗം കുറവല്ല. ഇങ്ങനെയൊക്കെയെങ്കിലും ഗര്‍ഭിണികള്‍ ഇതുപയോഗിച്ചാല്‍ അതു ഗര്‍ഭഛിദ്രമുണ്ടാകുന്നതിനിടയാകുമെന്നും പറയപ്പെടുന്നുണ്ട്. എങ്കിലും ഒരുപാട് ഔഷധമൂല്യമുള്ള ഈ സുന്ദരിച്ചെടിയെ അവഗണിക്കുന്നതെങ്ങനെ , അല്ലേ?



Thursday, January 15, 2015

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍ (3) - സി വി രാമന്‍.


      അനന്തമായ ആഴിയുടെ അഗാധനീലിമ, എത്ര ചേതോഹരം. എത്ര കണ്ടാലും മതിയാവാത്ത  ആ സുന്ദര ദൃശ്യത്തിലേയ്ക്ക് ഇമകള്‍ തുറന്നിരിക്കാന്‍ കൊതിക്കാത്തവരാരും ഉണ്ടാവില്ല. പക്ഷേ ഈ നീലനിറം എങ്ങനെയുണ്ടായി എന്ന് ചിന്തിക്കുന്നവര്‍ എത്രപേരുണ്ടാകും? അധികമുണ്ടാവില്ല. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ശാസ്ത്രകൗതുകം അണയാത്ത അഗ്നിയായ് ജ്വലിച്ചു നില്‍ക്കുന്ന ഒരു പ്രതിഭാശാലിക്ക് ഇതിനെക്കുറിച്ചു ചിന്തിക്കാതിരിക്കാനും കാരണം കണ്ടെത്താതിരിക്കാനും ആവില്ല. സി വി രാമന്‍ എന്ന അതിപ്രഗത്ഭനായ ശാസ്ത്രകാരന്‍ ഭാരതത്തിന്റെ ധ്വജസ്തംഭമായി മാറിയതും ഈ കാരണത്താലാണ്.

     ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്ന സി വി രാമന്‍ 1888 നവംബര് ഏഴാം തീയതി തിരുച്ചിറപ്പള്ളിയില്‍ ആണു ഭൂജാതനായത്.അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും എട്ടുമക്കളില്‍ രണ്ടാമനായിരുന്നു വെങ്കിട്ടരാമന്‍.
രാമന് നാലുവസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള എ.വി.എൻ. കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു. പഠനകാലത്ത് ധാരാളം സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടിയ രാമന്‍ 12 )0 വയസ്സില്‍ മെട്രിക്കുലേഷന്‍ ഒന്നാമനായി പാസായി. പിതാവ് അദ്ധ്യാപകനായ കോളേജില്‍ നിന്നും ഒന്നാമനായി ത്തന്നെ ഇന്റര്‍മീഡിയറ്റും പാസ്സായ രാമന്‍ 1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബിരുദപഠനത്തിനു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നത്  പഠനത്തിൽ അദ്ദേഹത്തിന്‌ ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു. 1907 ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതും സ്വര്‍ണ്ണ മെഡല്‍ നേടിക്കൊണ്ടു തന്നെ. ഈ പഠനകാലത്ത് തന്നെ അദ്ദേഹം പലഗവേഷണങ്ങളും നടത്തികയുണ്ടായി. 1906 ല്‍ തന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കാനും സാധിച്ചു.

      ഇംഗ്ലണ്ടില്‍ അയച്ചു മകനെ പഠിപ്പിക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ രാമന്റെ പ്രായക്കുറവും ആനാരോഗ്യവും അതിന് അനുവദിച്ചില്ല. അങ്ങനെയാണ് ഇന്ത്യയില്‍ തന്നെ അദ്ദേഹം വിദ്യാഭ്യാസം തുടര്‍ന്നത്. എന്നാല്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഇന്ത്യയില്‍ സാധ്യത വളരെ കുറവായിരുന്നു.  ഇംഗ്ലണ്ടില്‍ പോകാനുള്ല ആരോഗ്യസ്ഥിതിയും രാമനുണ്ടായിരുന്നില്ല. അന്നൊക്കെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ (ഐ സി എസ്സ്). അതിനും ഇംഗ്ലണ്ടില്‍ പോയി പഠിക്കണമെന്നതിനാല്‍ രാമനു അതും സാധ്യമായില്ല. പിന്നെഉള്ല വഴി
ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസ് അഥവാ F.C.S ന് ചേരുക എന്നതായിരുന്നു.(ഇന്നത്തെ ഓഡിറ്റ് ഏന്‍ഡ് എക്കൌഡ് സര്‍വ്വീസിന്റെ മുന്നോടിയാണ് F.C.S ). വളരെ കഠിനമായ പരീക്ഷയാണിതെങ്കിലും 1907 ല്‍ രാമന്‍ പാസ്സാകുകയും ചെയ്തു.ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഇടവേളയിലായിരുന്നു ലോകസുന്ദരി എന്ന അന്യജാതിക്കാരിയായ സംഗീതവിദുഷിയെ രാമന്‍ വിവാഹം കഴിക്കുന്നത്. അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകള്‍ ഏറെയുണ്ടായെങ്കിലും പുരോഗമനവാദിയായ പിതാവ് എല്ലാപിന്‍തുണയും കൊടുത്ത് വിവാഹം നടത്തി, അതും സ്ത്രീധനമായി ഒരു ചില്ലിക്കാശുപോലും വാങ്ങാതെ.. പിന്നീടുള്ള ജീവിതത്തില്‍ പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും കളിത്തോഴന് ലോകസുന്ദരിയുടെ സംഗീതവും സ്നേഹവും കൂട്ടായെത്തി.

       1907 ജൂണില്‍   കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലിക്ക് ചേര്‍ന്ന സി.വി. രാമന്‍ യാദൃച്ഛികമായിട്ടാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (IACS) എന്ന സ്ഥാപനം കണ്ടത്. രാമന്‍ അവിടെ ഗവേഷണത്തിനായി ചേര്‍ന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ തിരക്കു കഴിഞ്ഞാല്‍ ഒരണുവിട പോലും സമയം പാഴാക്കാതെ രാമന്‍ ഇവിടെയെത്തി തന്റെ പഠനവും പരീക്ഷണവും ഒക്കെ നടത്തിപ്പോന്നു. രാപകലില്ലാത്ത ഈ പ്രയത്നത്തിന് ഇന്ത്യന്‍ സയന്‍സ് അസ്സോസ്സിയേഷന്‍ പ്രെസിഡന്റ്  ആയിരുന്ന ആശുതോഷ് മുഖര്‍ജിയുടെ എല്ലാ പ്രോത്സാനങ്ങളും കിട്ടിയിരുന്നു. ഒടുവില്‍ ശാസ്ത്രഗവേഷണങ്ങളോടുള്ള അദമ്യമായ താല്‍പര്യം കൊണ്ട് 1917 ല്‍ തന്റെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ച് കല്‍ക്കട്ട യൂണിവേഴ്സിടിയില്‍ ഫിസിക്സ് പ്രൊഫസ്സര്‍ ആയി ജോലിക്കു ചേര്‍ന്നു. അവിടെ പ്രൊഫസ്സര്‍ ആകണമെങ്കില്‍ വിദേശികളോ അല്ലെങ്കില്‍ വിദേശത്ത് പഠനപരിചയമുള്ള ആളുകള്‍ക്കോ മാത്രമേ സാധിക്കുകയുള്ളൂ. വൈസ് ചാന്‍സലര്‍ അശുതോഷ് മുഖര്‍ജി ഏതാനും മാസം വിദേശത്തെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുവരാന്‍ രാമനെ ഉപദേശിച്ചു. രാമന്റെ ഉത്തരം ഇതായിരുന്നു:- ''ഒരു വിദേശത്തെ പരിചയംവെച്ചിട്ടുള്ള ഉദ്യോഗപദവി വേണ്ട. വേണമെങ്കില്‍ വിദേശികള്‍ക്ക് എന്റെ പരീക്ഷണശാലയില്‍ പഠനപരിചയം നല്കാം." ഈ ദൃഢനിശ്ചയത്തിനും അറിവിനും കഠിനപ്രയത്നത്തിനും ഏറ്റവും യോജിച്ച പ്രതിഫലമെന്നോണം നിയമത്തില്‍ അയവുവരുത്തി രാമനെ  കല്‍ക്കട്ടാ സര്‍വകലാശാലയിലെ  പ്രൊഫൊസ്സര്‍ ആയി നിയമിച്ചു..

        ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലുള്ള സര്‍വകലാശാലകളുടെ സമ്മേളനം 1921-ല്‍ ലണ്ടനില്‍ നടന്നപ്പോള്‍ പ്രൊഫ. രാമന്‌ അതില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. കപ്പലില്‍ മടങ്ങുമ്പോഴാണ് മധ്യധരണ്യാഴിയുടെ അഗാധനീലിമ അദ്ദേഹത്തെ മോഹിപ്പിച്ചത്. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ ഇത് ആകാശത്തിന്റെ പ്രഫലനമല്ല എന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയെങ്കില്‍ മറ്റു നിറത്തിലെ മേലാപ്പു വെച്ചാല്‍ ആ ഭാഗത്തെ കടലിന് ആ നിറമല്ലേ ഉണ്ടാകേണ്ടത്. ഈ അന്വേഷണത്തിന്റെ ഫലമായി പ്രകാശത്തിന്റെ വിസരണം (Scattering of Light) എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമൻ പ്രഭാവം (Raman Effect) എന്ന കണ്ടെത്തലിന് തുടക്കം കുറിയ്ക്കാനും സാധിച്ചു. 
സമുദ്രജലത്തിന്റെ തന്മാത്രകള്‍ സൂര്യപ്രകാശത്തെ പലനിറങ്ങളില്‍ പ്രസരിപ്പിക്കുകയാണ്. നിറങ്ങള്‍ക്ക് പലതരം തരംഗദൈര്‍ഘ്യങ്ങളുണ്ട്. തരംഗദൈര്‍ഘ്യം കുറവുള്ള നീലനിറം സമുദ്രജലത്തില്‍നിന്ന് കൂടുതലായി ചിതറുന്നതുമൂലം കടലിന് നീലനിറം അനുഭവപ്പെടുകയാണ്. പ്രകാശരശ്മികള്‍ കടന്നുപോകുന്ന മാധ്യമത്തിന്റെ സ്വഭാവമനുസരിച്ച്, ചില പ്രകാശകണങ്ങള്‍ക്ക് നിറവിത്യാസം സംഭവിക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഏകവര്‍ണമായ പ്രകാശരശ്മി സുതാര്യമായ ദ്രാവക മാധ്യമത്തില്‍കൂടി പ്രകീര്‍ണനം വഴി പുറത്തുവരുമ്പോള്‍ വിത്യസ്ത വര്‍ണങ്ങളായി മാറുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. ഈ പ്രതിഭാസമാണ് പിന്നീട് രാമന്‍പ്രഭാവം എന്നറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പേരില്‍തന്നെ അറിയപ്പെടുന്ന രാമന്‍ സ്പെക്ട്രം എന്ന ഉപകരണമുപയോഗിച്ച് പ്രകാശരശ്മികളുടെ തരംഗദൈര്‍ഘ്യം അളക്കാനും അതുവഴി തന്മാത്രകളുടെ ഘടന മനസ്സിലാക്കാനും കഴിയും.  ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു. 2000 ല്‍ പരം പദാര്‍ത്ഥങ്ങളുടെ ഘടനയെക്കുറിച്ചു പഠിക്കാന്‍ പില്‍ക്കാലത്ത് ഈ കണ്ടുപിടുത്തം ഏറെ പ്രയോജകമായി. കേവലം മുന്നൂറു രൂപയില്‍ താഴെ മാത്രം ചെലവു വരുന്ന ഉപകരണമാണ് ഈ വലിയ കണ്ടുപിടുത്തത്തിന് അദ്ദേഹത്തെ സഹായിച്ചത് എന്നത് ഏറെ പ്രസക്തം. 

        1928 മാര്‍ച്ച്‌ ലക്കം `നേച്ചറി'ല്‍ പുതിയ കണ്ടുപിടുത്തത്തെപ്പറ്റി രാമനും ശിക്ഷ്യന്‍ കെ.എസ്‌.കൃഷ്‌ണനും കൂടി തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ആ കണ്ടുപിടിത്തത്തിന്‌ 1930-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം രാമനെ തേടിയെത്തി. രാമന്‌ കിട്ടിയ ബഹുമതികളില്‍ ഒന്നു മാത്രമായിരുന്നു നോബല്‍ പുരസ്‌ക്കാരം. കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡോക്‌ടറേറ്റ്‌(1922), റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്‌(1924), ബ്രിട്ടീഷ്‌ രാജ്ഞിയുടെ സര്‍ സ്ഥാനം(1929), മൈസൂര്‍ രാജാവിന്റെ രാജസഭാഭൂഷണ്‍(1935), അമേരിക്കയുടെ ഫ്രാങ്ക്‌ലിന്‍ മെഡല്‍(1941), , സോവിയറ്റ്‌ യൂണിയന്റെ ലെനിന്‍ പുരസ്‌കാരം(1957) എന്നിവയൊക്കെ അദ്ദേഹത്തെത്തേടിയെത്തിയ ബഹുമതികളാണ്‌. 1954 ല്‍  ആദ്യമായി ഭാരത രത്നം പ്രഖ്യാപിച്ചപ്പോള്‍ അതിലൊരാള്‍ സി വി രാമന്‍ ആയിരുന്നു.

        അഭൂതപൂര്‍വ്വമായ ഈ വിജയക്കുതിപ്പില്‍ അസൂയ പൂണ്ടവരും ഏറെയുണ്ടായിരുന്നു. അവരുടെ കുപ്രചരണങ്ങളും ഉപജാപങ്ങളും രാമനെ നന്നേ വിഷമിപ്പിച്ചിരുന്നു എങ്കിലും അദ്ദേഹം ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍  രാമന്‍ ഐ.എ.സി.എസില്‍ നിന്നും പുറത്താക്കപ്പെട്ടു. 1933-1948 വരെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഡയറക്ടറായും,ഫിസിക്സ്‌ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചശേഷം അദ്ദേഹം രാമന്‍ മൈസൂര്‍ രാജാവ്‌ സൗജന്യമായി നല്‍കിയ സ്ഥലത്ത്‌ 1949-ല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിച്ചു. സോവിയറ്റ്‌ യൂണിയന്റെ ലെനിന്‍ പുരസ്കാരം വഴി ലഭിച്ച തുക രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനായി ചെലവഴിച്ചു. വീണ, തബല, വയലിന്‍, മൃദംഗം മുതലായ സംഗീത ഉപകരണങ്ങള്‍, ശബ്ദം, പക്ഷികള്‍, ശലഭങ്ങള്‍, കടലിലെ ചിപ്പികള്‍, രത്നങ്ങള്‍, വൃക്ഷങ്ങള്‍, പുഷ്പങ്ങള്‍, കാലാവസ്ഥ, കാഴ്ച, ശ്രവണം, തുടങ്ങിയ ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു.എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധി അനുസ്മരണ പ്രഭാഷണം മുടങ്ങാതെ നടത്തുമായിരുന്നു.1970ഒക്ടോബര്‍ രണ്ടിന്‌ ശ്രവണത്തെകുറിച്ച്‌ നടത്തിയ പ്രഭാഷണമായിരുന്നു അവസാനത്തെ ഗാന്ധി അനുസ്മരണ പ്രഭാഷണം. എണ്‍പതാം വയസിലും കര്‍മനിരതനായിരുന്ന രാമന്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളുടെ എണ്ണം നാനൂറിലേറെയാണ്‌. മികച്ച അധ്യാപകന്‍ കൂടിയായിരന്നു അദ്ദേഹം. കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ ലോകത്തിന്റെ നെറുകയിലെത്താമെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ച ആ മഹാന്‍ 1970 നവംബര്‍ 21-ന്‍ പ്രപഞ്ചത്തിലെ ശബ്ദ- വര്‍ണ്ണ വിസ്മയങ്ങളില്‍ സ്വയം അലിഞ്ഞു ചേര്‍ന്നു.

       1928 ഫെബ്രുവരി 28 ന് ആയിരുന്നു നോബല്‍ സമ്മാനത്തിനാധാരമായ തന്റെ ഗവേഷണപ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചത്. രാജ്യം എല്ലാ വര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി അചരിച്ചു പോരുന്നു. 1987മുതല്‍ കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ശാസ്ത്രലോകം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. രാജ്യത്തിന് ഈ ശാസ്ത്രപ്രതിഭയോടുള്ല ആദരവും കൃതജ്ഞതയും അര്‍പ്പിക്കുകകൂടിയാണ്. 




Tuesday, January 13, 2015

കേഴുന്ന കാഞ്ചിയാര്‍. (താലിയോല സീരീസ് പോസ്ട്)

( വിഷയം- എന്റെ ഗ്രാമവും പരിസ്ഥിതിപ്രശ്നങ്ങളും)

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ പെട്ട ഗ്രാമമാണ് ഞാന്‍ ജനിച്ചു വളര്‍ന്ന കാഞ്ചിയാര്‍. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2400 അടിക്കും, 3000 അടിക്കും ഇടയിലായി കിടക്കുന്ന ഹൈറേഞ്ച് മേഖലകളില്‍പ്പെട്ട കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ഭൂരിഭാഗവും ചെരിവു പ്രദേശങ്ങളാണ്. കാഞ്ചിയാര്‍ തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. 90% ആളുകളുടെയും ജീവനോപാധിയെന്ന നിലയില്‍ കൃഷി പരമ പ്രധാനമാണ്. ഏലം, കാപ്പി, കുരുമുളക്, കൊക്കോ, പച്ചക്കറികള്‍, തെങ്ങ്, കമുക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കാര്‍ഷിക വിളകള്‍.അമിത ലാഭത്തിനയി ഈ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന മാരകമായ വിഷവസ്തുക്കള്‍ സുന്ദരമായ ഈ ഗ്രാമത്തിന്റെ സര്‍വ്വനശത്തിനും ഇടയാക്കുന്നതിനു കാരണമായിക്കൊണ്ടിരിക്കുന്നു. ' മരുന്നടി' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഷപ്രയോഗം അനിയന്ത്രിതമായിരിക്കുന്നതു മൂലം ഇവിടുത്തെ ഉച്ഛ്വാസവായുവും കുടിവെള്ലവും വിഷലിപ്തമായിക്കൊണ്ടിരിക്കുന്നു വര്‍ഷങ്ങളായി. ഇതുമൂലം ക്യാന്‍സര്‍ മുതലായ രോഗങ്ങളുടെ അതിപ്രസരമാണ് ഈ ദേശത്ത്. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കേരളത്തിലെ അദ്യത്തെ ക്യാന്‍സര്‍ പഞ്ചായത്തായി കാഞ്ചിയാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ ഗ്രാമവാസികള്‍ പോലും ഈ ദുരന്തത്തോട് നിസ്സംഗമായാണു പ്രതികരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

Monday, January 12, 2015

പുളിയാറില- നാട്ടുവഴിയിലെ പോസ്ട്


       മുറ്റത്തിറമ്പിലും തൊടിയിലും ഒക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ നിലം പറ്റി നില്‍ക്കുന്ന പച്ച സുന്ദരിയാണ് പുളിയാറില എന്നറിയപ്പെടുന്ന ഔഷധസസ്യം. വൈലട് കലര്‍ന്നൊരു ബ്രൗണ്‍ നിറത്തിലുള്ള ഇലയോടുകൂടിയും ഇവ ചിലയിടങ്ങളില്‍ കാണപ്പെടുന്നു. മഞ്ഞപ്പൂവാണ് സാധാരണയായി കാണാറുള്ലതെങ്കിലും വൈലട് നിറമുള്ള പൂവുള്ള ചെടിയും കാണാറുണ്ട്. രണ്ടു ഭാഗങ്ങളുള്ല മൂന്നിലകള്‍ ആണ് ഒരു തണ്ടിലുണ്ടാവുക. കണ്ടാല്‍ ആറിലയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നു. രുചിച്ചു നോക്കിയാല്‍ നല്ല പുളി രസവുമുണ്ട്. ഉദരസംബന്ധമായ ഒരുമാതിരി അസുഖങ്ങള്‍ക്കൊക്കെ ദിവ്യൗഷധമാണ് ഈ കുഞ്ഞു സസ്യം. സമൂലം ഔഷധഗുണമുള്ലതാണ്. ഇല അങ്ങനെ തന്നെ ചവച്ചരച്ചു കഴിക്കാനും നല്ലതാണ്. ചമ്മന്തി അരയ്ക്കുമ്പോള്‍ പുളിക്കു പകരം ഈ ഇല ഉപയോഗിക്കുന്നത് സ്വാദും ഗുണ്മേന്മയും കൂട്ടും.സാമ്പാറിലോ അവിയലിലോ രസത്തിലോ ഒക്കെ പുളിക്കായി ഈ ഇല ചേര്‍ക്കാകുന്നതാണ്. ഇതരച്ചു ചേര്‍ത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ആവാം.  ദിവസവും ഇതു കഴിക്കുന്നതുമൂലം ദഹനസംബന്ധമായ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയുന്നതാണ്.

         രക്താതിസാരത്തിന് ഫലപ്രദമായ ഔഷധമാണ് ഈ ഇലയുടെ നീര്. മൂന്നു നേരം പുളിയാറില നീര് 25 മില്ലി വീതം കഴിച്ചാല്‍ രക്താതിസാരം ശമിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നീരു വറ്റുന്നതിനും പുളിയാറില അരച്ചു പുരട്ടുന്നത് പ്രയോജനകരമത്രേ. തലവേദന കുറയ്ക്കാനും ഇത് അത്യുത്തമം. സമൂലം കഷായം വെച്ചു കഴിക്കുന്നത് പനി കുറയ്ക്കുമെന്നും പറയപ്പെടുന്നു. പുളിയാറില കഴിക്കുന്നതുമൂലം വിറ്റമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവും പരിഹരിക്കാനാവും.
രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു.

          തണ്ട് ഒടിച്ചു നട്ടോ, വിത്തുപാകിയോ-ചട്ടിയിലോ, വെറും മണ്ണിലോ വളര്‍ത്താ വുന്നതാണ്. ഇതിന്റെ വിത്തുകള്‍ വളരെ ചെറുതാണ്.  വലിയ പരിചരണമോ വളപ്രേയോഗമോ കൂടാതെ വളരെ വേഗത്തില്‍ വളരുന്ന ഈ ഔഷധസസ്യം ആര്‍ക്കും നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ. കാഴ്ചയ്ക്കു മനോഹരവും അരോഗ്യത്തിന് ഉത്തമവുമായ ഈ കൊച്ചു സുന്ദരിയെ നമുക്കു സ്നേഹിച്ചു തുടങ്ങാം,അല്ലേ... 




Sunday, January 11, 2015

നര്‍ത്തകി





















നര്‍ത്തകി
======
ഒരുകൊച്ചു പക്ഷി പറന്നു പോകുന്നതും
നര്‍ത്തകീ നിന്‍ ദ്രുത ചലങ്ങളും ഹൃദ്യം
ഒരുകൊച്ചു തിരമാല തഴുകിമടങ്ങുമ്പോല്‍
ഒരു നേര്‍ത്ത കാറ്റു വന്നെന്നെ തഴുകുമ്പോല്‍

നിന്‍ പാദപല്ലവ ചലനങ്ങളെന്നില്‍
നിറയ്ക്കുന്നു നിര്‍വൃതിപ്പൂക്കള്‍തന്‍ സൗരഭം
മുഗ്ദ്ധമാം മുദ്രകള്‍ പൂക്കും വിരല്‍ത്തുമ്പില്‍
ഏതു രാഗം നീ നിറയ്ക്കുന്നു മോഹിനീ!

നിന്‍കിഴിക്കോണിലെ ചെറുപക്ഷി പാടുന്നു
നവരസങ്ങള്‍ തീര്‍ത്ത സുരരാഗമാലിക.
മിഴികളില്‍ വിരിയുന്ന ഭാവസൂനങ്ങളില്‍
നിറയുന്നുവോ നാട്യചാരുതയത്രയും!

നിന്‍ മണിനൂപുരശിഞ്ചിതം കേട്ടന്റെ
ഉള്‍ക്കാമ്പിലെങ്ങോ ചിരിക്കുന്നു ബാല്യവും,
മെല്ലെച്ചലിക്കുന്നു പാദങ്ങളും പിന്നെ
മുദ്രകള്‍ തീര്‍ക്കുന്നു കൈവിരല്‍ത്തുമ്പുകള്‍

ആരേ നിനക്കായി നല്കിയീ മാരിവില്‍
നിറമാര്‍ന്നൊരുടയാട,മയിലോ വസന്തമോ !
നിന്നുടല്‍ ചൂടും വിഭൂഷകള്‍ നക്ഷത്ര
സുന്ദരിമാര്‍ നറും മുത്തമായ് നല്കിയോ !

വിണ്ണിലിരുകണ്ണുംനട്ടിന്നു ഞാന്‍ മേവുമ്പോള്‍
മെല്ലെക്കടന്നുപോം വെണ്‍മേഘചാരുത
നിന്‍ മേനി മുഗ്ദ്ധമായ് മെല്ലെ കവര്‍ന്നുവോ
ഒരുകൊച്ചു തെന്നല്‍ നിനക്കായിത്തന്നുവോ..

കണ്ണൊന്നിമയ്ക്കുവാനാവില്ലെനിക്കു നിന്‍
കമനീയമാം നാട്യവിസ്മയം കാണുകില്‍
കണ്ണടച്ചാലും ഞാന്‍ കാണുന്നതോ നിന്റെ
കല്യാണരൂപത്തിന്‍ വര്‍ണ്ണലാസ്യം...

ഭൂമിയും തിങ്കളും സൂര്യനും താരക-
ക്കൂട്ടവും നിന്റെമേല്‍ ചൊരിയുന്നനുഗ്രഹം.
നിന്‍കാല്‍ച്ചിലമ്പിന്റെ താളത്തിലലിയട്ടെ
ഈ പ്രപഞ്ചത്തിന്റെ ആത്മാവിന്‍ സ്പന്ദനം..









Wednesday, January 7, 2015

ഭക്തിയുടെ ഉത്തുംഗം- ശ്രീ വൈഷ്ണവദേവീ ക്ഷേത്രം.

     പൊതുവേ യാത്രകളോടും തീര്‍ത്ഥയാത്രകളോടും ഒക്കെ വൈമുഖ്യം കാട്ടുന്ന മലയാളിക്ക് അത്ര പരിചിതമല്ലാത്ത തീര്‍ത്ഥാടന കേന്ദ്രമാണ് വൈഷ്ണവദേവിയുടെ പേരില്‍ പ്രസിദ്ധമായ ഗുഹാക്ഷേത്രം. 108 ശക്തിപീഠങ്ങളില്‍ ഒന്നാണിത്. മഹാവിഷ്ണു സുദര്‍ശനചക്രത്താല്‍ പല ഭാഗങ്ങളാക്കി മുറിച്ചെറിഞ്ഞ സതീദേവിയുടെ ശരീരത്തിലെ കൈ ഇവിടെയാണു വന്നു പതിച്ചതെന്നു വിശ്വാസമുണ്ട്.   പഴമയുടെ ആത്മീയവിശുദ്ധിയും നൈര്‍മ്മല്യവും ഒത്തു ചേര്‍ന്ന ഭക്തികേദാരമണ് ജമ്മുകാഷ്മീരിലുള്ല ഈ തീര്‍ത്ഥാടനകേന്ദ്രം. ജമ്മുവില്‍ നിന്ന് ഏകദേശം നാല്പത്തിയാറ് കിലോമീറ്റര്‍ ദൂരെയുള്ള കട്ട്റ യിലെ ത്രികൂട ഗിരിനിരകള്‍ക്ക് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി എഴുനൂറ് മീറ്റര്‍ ഉയരത്തിന്റെ ഉത്തുംഗതയിലാണ് ആത്മീയ ഔന്നത്യത്തിന്റെ നിറുകയില്‍ പരിലസിക്കുന്ന ഈ ഗുഹാക്ഷേത്രം. ഏകദേശം 30 മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ഉയരവുമുള്ള ഗുഹയാണ് ക്ഷേത്രമായി സങ്കള്‍പിച്ചു പോരുന്നത്. ഈ ഗുഹാക്ഷേത്രത്തെക്കുറിച്ച് പല സങ്കല്‍പങ്ങളും നിലനില്‍ക്കുന്നു എങ്കിലും ഒരു അസുരന്റെ ഉപദ്രവത്തില്‍ നിന്നു താല്‍ക്കാലിക രക്ഷയ്കായി ദേവി ഈ ഗുഹയെ അഭയകേന്ദ്രമാക്കിയെന്നും പിന്നീട് ദേവി അസുരനെ നിഗ്രഹിച്ചു എന്നും തദ്ദേശീയര്‍ വിശ്വസിച്ചു പോരുന്നു. വൈഷ്ണവദേവിയുടെ മൂന്ന് വിശിഷ്ട ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്ന ബിംബങ്ങളാണ് ക്ഷേത്രത്തിന്റെ അലൌകികമായ ആകര്‍ഷണം. മൃത്യുവും കാലവും കൈവെള്ളയിലാക്കിയ മഹാകാളി, അറിവിന്റെ ആദിരൂപമായ സരസ്വതി, ഐശ്വര്യസൌഭാഗ്യങ്ങളുടെ മഹാലക്ഷ്മി എന്നീ രൂപങ്ങളില്‍ ദേവിയെ ഭക്തര്‍ക്ക് ഇവിടെ ദര്‍ശിക്കാം. ശ്രീ മാത വൈഷ്ണവദേവി ക്ഷേത്ര സമിതിയാണ് കോവിലിന്റെ മേല്‍നോട്ടം വഹിക്കുന്നത്.  വര്‍ഷത്തിന്റെ എല്ലാ സമയത്തും ഇവിടേയ്ക്കു തീര്‍ത്ഥാടകരുടെ പ്രവാഹം തന്നെയുണ്ടെങ്കിലും നവരാത്രി കാലത്താണ് അത് ഏറ്റവും അധികം. 

     ആന്ധ്രയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശക ബാഹുല്യം അവകാശപ്പെടാവുന്നത് വൈഷ്ണവദേവി ക്ഷേത്രത്തിനാണ്. ഏകദേശം ഒരു കോടിയോളം  തീര്‍ത്ഥാടകരാണ് ആണ്ടുതോറും ഇവിടെ വന്ന് ദര്‍ശന പുണ്യം നേടുന്നത്. ആത്മീയ നിര്‍വൃതി തേടി  വൈഷ്ണവ മാതാ സന്നിധിയിലേക്ക് അല്പം ദുര്‍ഘടമായ പാതകള്‍ താണ്ടിയാണ് വിശ്വാസികള്‍ ചെന്നെത്തുന്നത് എന്നാണ് പൊതുവിലുള്ള അറിവ്.  വൈഷ്ണവദേവിയിലേയ്ക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ തന്നെ മനസ്സില്‍ വന്നത് വളരെ ദുര്‍ഘടം പിടിച്ച ഒരു യാത്ര ആയിരുന്നു. മലകയറ്റവും തണുപ്പും ആസ്വദിക്കാന്‍ അതുകൊണ്ടു തന്നെ മനസ്സിനെ പാകപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബര്‍, ജനുവരി ഫെബ്രുവരികാലത്തെ മഞ്ഞുവീഴ്ച യാഅത്രയ്ക്കു ചെറിയൊരു കുറവും വരുത്തുന്നു.

 മെയ്മാസത്തിലെ കൊടും ചൂടില്‍ നിന്നാണ്  മുംബൈയില്‍ നിന്ന് വൈഷ്ണവദേവി യാത്രയ്ക്കായി ട്രെയിന്‍ കയറുന്നത്. ഒപ്പമുണ്ടായിരുന്നത് ഭര്‍ത്താവിന്റെ ഏതാനും സഹപ്രവര്‍ത്തകരും കുടുംബവും. അവരില്‍ പലരും ഈ തീര്‍ത്ഥാടനം മുന്‍പും നടത്തിയവരാണ്.
ആ പരിചയം മറ്റു സാങ്കേതിക തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഏറെ സഹായകമാവുകയും ചെയ്തു.  ഡല്‍ഹിയില്‍ എത്തിയശേഷം ട്രെയിന്‍ മാറിക്കയറി ജമ്മു തവിയിലെത്തിയത് ഒരു തണുത്തു വിറയ്ക്കുന്ന പുലര്‍കാലത്തായിരുന്നു. വളരെയധികം യാത്രികള്‍ വന്നിറങ്ങുന്ന റെയില്‍വേസ്ടേഷന്‍ ആണെങ്കിലും നമ്മുടെ നാട്ടില്‍ ഹൈറേഞ്ചില്‍ ഒരു കുഗ്രാമത്തെ ഓര്‍മ്മപ്പെടുത്തി അവിടം. തവി നദി ഒഴുകുന്ന ഈ കര, ക്ഷേത്രങ്ങളുടെ നാടണ്. അവിടെ നിന്ന് ബസ്സ് മര്‍ഗ്ഗമാണ് കട്രയിലെത്തിയത്. ( ഇപ്പോള്‍ കട്ര വരെ ട്രെയിന്‍ സൗകര്യം ഉണ്ട്) കര്‍ത്രി എന്നും ഈ സ്ഥലത്തിനു പേരുണ്ട്. മുപ്പതു കിലോമീറ്ററില്‍ അധികം ദൂരമുണ്ട് ഈ ബസ്സ് യാത്രയ്ക്ക്. കട്രയില്‍ താമസസൗകര്യങ്ങല്‍ പലവിധത്തില്‍ ലഭ്യമാണ്. ഹോട്ടല്‍ മുറികള്‍ ഏതു നിലവാരത്തിലുള്ളതും ഉണ്ട് എന്നതിനു പുറമേ ധാരാളം ധര്‍മ്മശാലകള്‍ യാത്രികള്‍ക്ക് സകലസൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങള്‍ക്ക് അമിതമായ സാമ്പത്തികച്ചിലവ് ഇല്ല എന്നതിനാലും ഹോട്ടലില്‍ മുറികിട്ടാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് പലരും ഇവിടെയണ് യാത്രയ്ക്കിടയിലെ വിശ്രമത്തിന് ആശ്രയം കണ്ടെത്തുന്നത്. കട്രയില്‍ നിന്നു കൂലി ഏജന്സിയില്‍ നിന്നു പര്‍ച്ചി എന്ന രജിസ്ട്രേഷന്‍ വാങ്ങി വേണം യാത്രികള്‍ മുകളിലേയ്ക്കുള്ല കയറ്റം തുടങ്ങേണ്ടത്. ഈ അനുമതി പത്രം ഇല്ലായെങ്കില്‍ അധികൃതര്‍ യാത്ര തടഞ്ഞേക്കാം. ഇപ്പോള്‍ ഇത് ഓണ്‍ലൈനിലും ലഭിക്കുന്നുണ്ട്.

       കട്രയില്‍ നിന്നു എത്രയും വേഗം കയറ്റം തുടങ്ങേണ്ടതുണ്ട്. 13 കി മി ദൂരം മലകയറ്റമാണ്.  വൈകുന്നേരത്തെ ആരതി കഴിഞ്ഞ് 2 മണിക്കൂര്‍ നേരം ഗുഹയിലേയ്ക്കുള്ള പ്രവേശനം നിര്‍ത്തിവെയ്ക്കും. അതിനു മുന്‍പ് ഗുഹയിലേയ്ക്കുള്ള പ്രവേശനകവാടത്തിലെത്തിയെങ്കില്‍ മാത്രമേ ദര്‍ശനം അന്നു സാധ്യമാകൂ. വൈകിയാല്‍ അടുത്ത ദിവസം മാത്രമേ ഗുഹാക്ഷേത്രദര്‍ശനം സഫലമാകൂ. അതുകൊണ്ട് ഞങ്ങള്‍ ഒരു ധര്‍മ്മശാലയില്‍ ലഗ്ഗേജ് ഒക്കെ വെച്ച് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ തയ്യാറായി. വലിയ നീളമുള്ള ഒരുപാടു ഹാളുകള്‍ പണിതിട്ടിട്ടുണ്ട്. രജായികളും കംബിളിപ്പുതപ്പുകളും അടുക്കി വെച്ചിട്ടുണ്ട്. ഹാളില്‍ പലയിടത്തായി യാത്രികള്‍ രജായി വിരിച്ച് കംബിളി പുതച്ച് കിടന്നുറങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കുളിമുറികളും ശൗചാലയങ്ങളും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയുണ്ട്. എല്ലാവരും തയ്യാറായി അത്യാവശ്യം വേണ്ട സാധനങ്ങളുമായി ആണ് മലകയറ്റം തുടങ്ങുന്നത്. മറ്റു ലഗ്ഗേജുകള്‍ സുരക്ഷിതമായി അവിടെ മുറിയില്‍ വെച്ച് താക്കോല്‍ കൈവശം സൂക്ഷിച്ചു. തിരികെ വരുമ്പോള്‍ എടുത്താല്‍ മതി. 



ലഘുഭക്ഷണത്തിനു ശേഷമാണ് മലകയറാന്‍ തുടങ്ങിയത്. പതിനൊന്നു മണിയോടടുത്തു. പതിമൂന്നര കിലോമീറ്റര്‍ നടന്നെങ്കില്‍ മാത്രമേ ഗുഹയില്‍ എത്തുകയുള്ളു. മലകയറിപ്പോകുന്ന ഒരു ഭീമന്‍ പാമ്പിനെ പ്പോലെ കറുത്ത വളഞ്ഞു പുളഞ്ഞ പാത. നന്നായി ടാര്‍ചെയ്തും കോണ്‍ക്രീട് ചെയ്തും ഓടുകള്‍ പതിച്ചും മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. താഴെയും മുകളിലും ജമ്മുവിന്റെ സസ്യസമ്പത്ത് വിളിച്ചോതുന്ന വനങ്ങള്‍.  ദേവതാരു മരങ്ങളും പൈന്‍മരങ്ങളും  ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്നു. വലിയ സൂചിപോലുള്ള ഇലകള്‍ കൊഴിഞ്ഞു വീണ് ഉണങ്ങിക്കിടക്കുന്നുണ്ട്. നല്ല മിനുസമുള്ള പ്ലാസ്റ്റിക് പോലുള്ല ഈ ഇലകളിള്‍ ചവിട്ടിയാല്‍ തെന്നിപ്പോകാനും സാധ്യതുണ്ട്. വഴിയിലൊക്കെ ധാരാളം കുരങ്ങന്‍മാരുമുണ്ട്. വെയില്‍ ചൂട് കാരണം തണുപ്പ് അത്ര രൂക്ഷമായി അനുഭവപ്പെട്ടില്ല. എങ്കിലും എല്ലാവരുടെ കയ്യിലും സ്വെറ്ററും ഷാളും മഫ്ളറും മങ്കിക്യാപ്പും ഒക്കെയുണ്ട്. നടന്നു കയറാന്‍ വൈഷമ്യമുള്ലവര്‍ക്ക് ഹെലികോപ്ടര്‍ സൗകര്യവുമുണ്ട്. കൂടാതെ ഡോളി എന്നറിയപ്പെടുന്ന പല്ലക്കും കുതിരകളും ലഭ്യമാണ്. 

     കയറിപ്പോകുന്ന വഴി തെല്ലല്ല അത്ഭുതപ്പെടുത്തിയത്. ഓരോ മുക്കിലും മൂലയിലും ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ലഘുഭക്ഷനശാലകളും എല്ലായിടത്തുമുണ്ട്.  അതും ശ്ലാഘനീയമായ വൃത്തി ഉറപ്പാക്കിക്കൊണ്ട്. അതുപോലെ തന്നെ ശൗചാലയങ്ങളും . ദശലക്ഷങ്ങള്‍ വന്നെത്തുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇതെങ്ങനെ സാധ്യമാകുന്നു എന്ന് അമ്പരക്കാതിരുന്നില്ല. ഇക്കാര്യത്തില്‍ നമ്മുടെ പ്രബുദ്ധകേരളം എത്ര പിന്നിലാണെന്ന് ഓര്‍ത്തുപോയി. ശബരിമലയിലും മറ്റും അയ്യപ്പന്‍മാര്‍ ഓരോ വര്‍ഷവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തു. സുന്ദരമായ ത്രികുടപര്‍വ്വതദൃശ്യങ്ങളിലെ ഹരിതഭംഗി നുകര്‍ന്ന്, മനോഹരമായ പാതയിലൂടെ 'ജയ്മാതാദി' എന്നു പാടി യാത്രികള്‍ ഒട്ടും മടുപ്പറിയാതെ നടന്നു പോകുന്നു.. ഞങ്ങളും അവരോടൊപ്പം... ഇടയ്ക്ക് ചോറും രാജ്മക്കറിയും , ആലുപറാത്തയും വിവിധ പാനീയങ്ങളും ഒക്കെ ലഭ്യവുമാണ്. വളഞ്ഞു പുളഞ്ഞു കയറുന്ന ടാറിട്ട പാതകൂടാതെ മലയിലേയ്ക്കു കയറിപ്പോകുന്ന കുത്തനെയുള്ല പടിക്കെട്ടുകളുമൂണ്ട്. പടികയറാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയാകാം. ഹെലികോപ്ടറില്‍ മുകളിലെത്തുന്നവരും കുറവല്ല.

      ഒരുവന്‍ എത്ര ധനികനോ ശക്തിമാനോ ആകട്ടെ, അമ്മദേവിയുടെ സ്നേഹപൂര്‍വ്വമായ വിളിയില്ലെങ്കില്‍ വൈഷ്ണവദേവിയിലേയ്ക്കുള്ല യാത്ര അസാധ്യം എന്നാണ് ഭക്തരുടെ ചിരകാലമായുള്ല വിശ്വാസം. പലരും രെജിസ്ട്രേഷന്‍ കഴിഞ്ഞു യാത്ര മുടങ്ങിയതിനാലാവാം ഇങ്ങനെ ഒരു വിശ്വാസം പ്രചരിച്ചിരിക്കുന്നത്. ഈ യാത്ര ഏതുവിധത്തില്‍ നോക്കിയാലും ഒരു മഹാ ഭഗ്യം തന്നെ. വൈഷ്ണവമാതാ, ഭൈരോണ്‍നാഥ് എന്ന അസുരനില്‍ നിന്നു രക്ഷനേടാന്‍ ത്രികൂടപര്‍വ്വതത്തില്‍ എത്തി ബാന്‍ഗംഗ ( ദേവി അമ്പു തൊടുത്തു സൃഷ്ടിച്ചതാണ് ഈ നദി- ബാണഗംഗ) , ചരണപാദുക, അധകുവാരി എന്നിവിടങ്ങളില്‍ തങ്ങിയശേഷമാണ് പവിത്രഗുഹയില്‍ എത്തിയത്. അതുകൊണ്ടു തന്നെ തീര്‍ത്ഥാടകരും ഈ അരാധനാസ്ഥലങ്ങള്‍ കടന്നു വേണം വൈഷ്ണോദേവിഭവനില്‍ എത്തി ഗുഹ സന്ദര്‍ശിച്ചു ദേവീ ദര്‍ശനം നടത്തേണ്ടത്.

ദേവിഭവനില്‍ ധര്‍മ്മശാലകളും മറ്റും ഉണ്ട്. ദേഹശുദ്ധിവരുത്തി വേണം ദേവീദര്‍ശനം നടത്തേണ്ടത്. അതിനുള്ള സൗകര്യം അവിടെയുണ്ട്. പലപ്രായക്കാരും ഈ യാത്രയിലുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ടുള്ള അമ്മമാരും അംഗവൈകല്യം ബാധിച്ചവരും ഒക്കെ പ്രസന്നവദനരായി അത്യുത്സാഹത്തോടെ നടന്നു നീങ്ങുന്നത് ഒരത്ഭുത കാഴ്ച തന്നെ. സ്ത്രീകളധികവും ചുവന്നപട്ടുടുത്താണ് എത്തിയിരിക്കുന്നത്, ഇതും ഒരു വിശ്വാസത്തിന്റെ ഭാഗം. കണ്ടുമുട്ടിയ മുഖങ്ങളിലൊന്നും ഒരു ദുരിതയാത്രയുടെ ആലസ്യമോ വിരസതയോ കാണാനില്ലായിരുന്നു, മറിച്ച് നിറഞ്ഞ ആത്മവിശ്വാസവും പ്രസരിപ്പും മാത്രം. 

ചുവന്നപട്ടുതുണിയും, സാരിയും വെള്ളി-സ്വര്‍ണ്ണ ആഭരണങ്ങളും പൂക്കളും പഴങ്ങളും ഒക്കെ ഇവിടുത്തെ നേര്‍ച്ചവസ്തുക്കളാണ്. വഴിയോരത്തൊക്കെ ഇവയൊക്കെയും ലഭ്യമാണ്. നാളികേരം ഗുഹയിലേയ്ക്കു കൊണ്ടുപോകാന്‍ അനുവദിക്കപ്പെട്ടിട്ടില്ല. മറ്റെല്ലാ ക്ഷേത്രങ്ങളിലെയും പോലെ ഇവിടെ എവിടെയും തേങ്ങയുടയ്ക്കാനുമാവില്ല. സുരക്ഷ മുന്‍നിര്‍ത്തിയാണിത്. (നാളികേരത്തില്‍ ബോംബുഭീഷണി ഉണ്ടായിരുന്നു ഇവിടെ ) എങ്കിലും ഭക്തരുടെ താല്‍പര്യം കണക്കിലെടുത്ത് കൊണ്ടുവരുന്ന നാളികേരങ്ങള്‍ ഗുഹയ്ക്ക്യ് പുറത്തുള്ല കൗണ്ടറില്‍ സ്വീകരിക്കുന്നതാണ്. പണവും ആഭരണങ്ങളും നിക്ഷേപിക്കാനുള്ല വിവിധ ഭണ്ടാരപ്പെട്ടികളുണ്ട്. വലിയ ആഭരണങ്ങള്‍ കൗണ്ടറില്‍ സ്വീകരിക്കും.  


      ഞങ്ങള്‍ ദേവിഭവനില്‍ എത്തിയത് വൈകുന്നേരത്തെ ആരാധനയ്ക്കു മുന്‍പായിരുന്നു. അതുകൊണ്ട് 2 മണിക്കൂര്‍ അവിടെ കാത്തിരിക്കേണ്ടി വന്നില്ല. ഗുഹയിലേയ്ക്കു പ്രവേശിക്കാന്‍ ബാക്കി എല്ലാ സമയവും സാധ്യമാകുമെങ്കിലും അകത്തേയ്ക്കു കടത്തിവിടുന്ന ഭക്തരുടെ എണ്ണത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രികരുടെ സൗകര്യം കണക്കിലെടുത്തും തിക്കിത്തിരക്കിലുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനും വേണ്ടിയാണിത്. ഗുഹയിലേയ്ക്കുള്ള പ്രവേശനം കഠിനമാണ്. പലപ്പോഴും ഇഴയുന്ന രീതിയില്‍ വേണം മുന്‍പോട്ടു പോകേണ്ടത്. ദേവീദര്‍ശനം മൂന്നു വ്യത്യസ്ഥമായ ശിലാരൂപങ്ങളായ 'പിണ്ഡി'ദര്‍ശനമാണ്. ഇവ, കാളി, മഹാലക്ഷ്മി, സരസ്വതി ദേവിമാരുടെ പ്രതീകങ്ങളായി കരുതിപ്പോരുന്നു. മറ്റു വിഗ്രഹങ്ങളൊന്നും ഇവിടെ കാണാന്‍ കഴിയില്ല. വലിയൊരു ക്ഷേത്രസമുച്ചയവും കാണാനില്ല. എങ്കിലും പിണ്ഡിപൂജ ഭക്തര്‍ക്ക് വളരെ പ്രധാനം.  ബാണഗംഗയുടെ ഉത്ഭവസ്ഥാനവും ഈ ഗുഹയ്ക്കടുത്തു തന്നെ.



ഭൈരോണ്‍നാഥില്‍ നിന്നു രക്ഷ്നേടാന്‍ ഒന്‍പതുമാസക്കാലം ദേവി അധകുവാരിഗുഹയില്‍ കഴിഞ്ഞത്രേ. അതിനുശേഷം പുറത്തുവരുമ്പോള്‍ ഹനുമാന്‍ കാവലുണ്ടായിരുന്നു. സ്നാനം നടത്താന്‍ ജലസ്രോതസ്സൊന്നും കാണാതിരുന്നതിനാല്‍ ദേവി ഒരമ്പെയ്ത് മണ്ണില്‍ പതിപ്പിച്ച് അതില്‍ നിന്നു നിര്‍ഗ്ഗളിച്ചതാണ് ബാണഗംഗ. ഈ ജലം ശേഖരിച്ച് ഭക്തര്‍ വീട്ടില്‍ കൊണ്ടുപോകാറുണ്ട്. ഇതു പാനം ചെയ്യുന്നതും പുണ്യമായി കരുതപ്പെടുന്നു. ദേവിയെ ദര്‍ശിക്കാന്‍ ഈ പവിത്രഗുഹയില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും വന്നു എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ ദേവീ ദര്‍ശനം കൊണ്ട് ഈ സര്‍വ്വദൈവങ്ങളുടേയും അനുഗ്രഹമുണ്ടാകുമെന്നും വിശ്വസിക്കുന്നു. ഗുഹയില്‍ പിണ്ഡി ദര്‍ശനത്തിനു പുറമേ, വിഘ്നേശരന്‍, ശിവപാര്‍വ്വതി, ബ്രഹ്മാവിഷ്ണുമഹേശ്വര്‍മാര്‍, പാണ്ഡവന്‍മാര്‍ ശേഷനാഗം ഇവരുടെയൊക്കെ പ്രതീകദര്‍ശനവും സാധ്യമാണ്. മൂലപാതയിലൂടെ ഗുഹയില്‍ കടന്നാല്‍ മാത്രമേ ഇവയൊക്കെ ദര്‍ശിക്കാനാവൂ. തിരക്കൂ കൂടുതലുള്ലപ്പോള്‍ സുരക്ഷയെ നിലനിര്‍ത്തി പുതിയവഴിയുലൂടെയാണ് അകത്തു പ്രവേശിക്കാന്‍ അനുമതി.

       പവിത്രഗുഹയിലെ ദര്‍ശനവും ബാണഗംഗയിലെ ജലപാനവും ഒക്കെ വളരെ സുഗമമായി കഴിഞ്ഞു. ഇരുട്ടും തുളച്ചുകയറുന്ന തണുപ്പും യാത്രികളെ വലയം ചെയ്തു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. വൈഷ്ണവദേവിഭവനില്‍ എല്ലാസമയവും അന്നദാനം ഉണ്ട്. ലങ്കാര്‍ എന്നാണിത് അറിയപ്പെടുന്നത്. ഭക്ഷണം കഴിക്കാന്‍ പണം നല്‍കേണ്ടതില്ല. നമുക്കിഷ്ടമുള്ളത് അവിടെയുള്ള ഭണ്ഡാരത്തില്‍ നിക്ഷേപിക്കാം.  പല പ്രസിദ്ധരും ഈ സംരഭത്തിലേയ്ക്കായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അങ്ങളുടെ സംഘവും അവിടെ നിന്ന് ഭക്ഷണം കഴിച്ച്  ഭൈരോണ്‍ നാഥിലേയ്ക്കു ദര്‍ശനത്തിനായി പുറപ്പെട്ടു. നാലു കിലോമീറ്റര്‍ വീണ്ടും പോകേണ്ടതുണ്ട് അവിടെയെത്താന്‍. സംഘത്തിലെ ചിലര്‍ കുതിരയെ ആശ്രയിച്ചു ഈ ദുര്‍ഘടയാത്രയ്ക്ക്.  വൈഷ്ണോദേവീ ദര്‍ശനത്തിനു വരുന്നവര്‍ ഇവിടെയും ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ഈ യാത്ര പൂര്‍ണ്ണമാകൂ എന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഭൈരോണ്‍നാഥിന്റെ ശിരഛേദം നടത്തി നിഗ്രഹിച്ചപ്പോള്‍ ദേവി കൊടുത്ത വരമാണ് ആ ശിരസ്സ് പതിച്ചയിടം കൂടി ദേവീ ദര്‍ശനത്തിനായി എത്തുന്നവര്‍ സന്ദര്‍ശിച്ചു കൊള്ളുമെന്ന്..


     ദര്‍ശനം അടുത്ത പ്രഭാതത്തിലേയ്ക്കു മാറ്റിവെച്ച്, അവിടെ തന്നെയുള്ല വിശ്രമാലയത്തിലാണ് ഞങ്ങളുടെ സംഘവും ഉറങ്ങാന്‍ തീരുമാനിച്ചത്. ഹാളില്‍ നിറയെ ധാരാളം ആളുകള്‍ ഉറങ്ങുന്നുണ്ട്. പിന്നെയും രജായിയും കമ്പിളിയുമൊക്കെ അടുക്കി വെച്ചിരിക്കുന്നു. എല്ലാവരും അതെടുത്ത് വിരിച്ച് അതിനുമുകളില്‍ കൈവശമുള്ള ഷീറ്റും പുതപ്പുമൊക്കെ വിരിച്ച് ഉറങ്ങാന്‍ കിടന്നു. തണുപ്പിന്റെ കാഠിന്യത്താല്‍ ജനാകളൊന്നും തുറക്കാറേയില്ല. വായുസഞ്ചാരമൊട്ടുമില്ലാത്ത ഹാളില്‍ ആകെ മുഷിഞ്ഞ മണം തളം കെട്ടി നിന്നു. പിന്നെ കമ്പിളിയുടെ പൊടിയും ഒക്കെയായപ്പോള്‍ എന്റെ ഭര്‍ത്താവിന് ശ്വാസതടസ്സം കലശ്ശലായി. അതുകൊണ്ട് ഞങ്ങള്‍ പുറത്തിറങ്ങി മുറ്റത്തെ സിമന്റു ബെഞ്ചില്‍ കിടക്കാമെന്നു കരുതി. തണുപ്പ് ശരീരത്തിന്റെ ഓരോ അണുവിലേയ്ക്കും അരിച്ചു കയറുന്ന്ണ്ട്. എങ്കിലും പുറത്തു കടന്നപ്പോള്‍ നല്ല ആശ്വാസം തോന്നി. മുകളിലേയ്ക്കു നോക്കിയപ്പോഴുള്ല കാഴ്ച അവിശ്വസനീയമായി തോന്നി. വിശാലനഭസ്സില്‍ വിതറിയിട്ട മുല്ലപ്പൂക്കള്‍ പോലെ ഒരായിരം നക്ഷത്രജാലം. അതും കയ്യെത്തിയാല്‍ തൊടാമെന്നതുപോലെ.. ഏകദേശം ആറായിരം അടി ഉയരത്തിലാണു ഞങ്ങള്‍. നക്ഷത്രങ്ങളെ ഇത്ര അടുത്തു കാണുന്നത് ഇതാദ്യമായാണ്.. അരിച്ചു കയറുന്ന തണുപ്പിനെപ്പോലും മറന്ന് ആ നക്ഷത്രക്കാഴ്ചയില്‍ മുഴുകിയിരുന്നു പോയി. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ മുന്‍പു പുസ്തകത്താളുകളില്‍ പഠിച്ച പല നക്ഷത്രക്കൂട്ടങ്ങളേയും കണ്ടെത്താന്‍ ആ മെയ്മാസരാത്രിയില്‍ കഴിഞ്ഞു. ഏറ്റവും ആദ്യം തിരിച്ചറിഞ്ഞത് സപ്തര്‍ഷികളേയായിരുന്നു. മകനാണ് അതെനിക്കു കാട്ടിത്തന്നത്. പിന്നെ ഞങ്ങള്‍ മത്സരിച്ചു, ഓരോ ഗണത്തേയും തിരിച്ചറിയുന്നതാരെന്നറിയാന്‍.. അങ്ങനെ എത്ര നേരം ഇരുന്നു എന്നറിയില്ല.. പതിയെ പൊഴിയുന്ന മഞ്ഞിന്റെ കനം കൂടി, തണുപ്പു സഹിക്കാനാകാത്തരീതിയില്‍ ആക്രമണം രൂക്ഷമാക്കി. ഞങ്ങള്‍ മൂവരും തൊട്ടപ്പുറത്തെ തിരക്കു കുറഞ്ഞൊരു ഹാളിലേയ്ക്കു പോയി.  ആ രാത്രി അവിടെ ഉറങ്ങാതെ ഉറങ്ങി കഴിച്ചുകൂട്ടി. 


      സഹയാത്രികരൊക്കെ ഉറക്കമുണര്‍ന്നപ്പോള്‍ ഒരുപാടു വൈകിയിരുന്നു. പിന്നെ ചൂടു ചായ കുടിച്ച്, പ്രഭാതകൃത്യങ്ങളൊക്കെ നിര്‍വ്വഹിച്ച്, ഭൈരോണ്‍നാഥ്  ദര്‍ശനവും നടത്തി മലയിറങ്ങാന്‍ തയ്യാറെടുത്തു. മലയിറങ്ങും വഴി വൈഷ്ണോദേവിയുടെ പ്രസാദമായി ലഭിക്കുന്ന ഉണങ്ങിയ ആപ്പിളും മുന്തിരിയും ബദാമും അക്രൂട്ടുമടങ്ങിയ പാക്കറ്റുകള്‍ വാങ്ങി ശേഖരിച്ചു. പിന്നെ കുങ്കുമപ്പുവും അവിടുത്തെ സര്‍ക്കാര്‍ വിപണനകേന്ദ്രങ്ങളില്‍ നിന്നും വാങ്ങി വെച്ചു.  ഇനിയും ഞങ്ങളുടെ യാത്ര ഒരുപാടു മുന്‍പോട്ടു പോകേണ്ടതുണ്ട്. അന്നു തന്നെ ഞങ്ങള്‍ക്ക് അമൃത് സറില്‍ എത്തേണം. അടുത്തദിവസം അമൃത് സറിലെ പ്രസിദ്ധമായ സുവര്‍ണ്ണക്ഷേത്രവും ജാലിയന്‍വാലാബാഗും സന്ദര്‍ശിച്ച് വാഗാ അതിര്‍ത്തിയിലെ സായന്തന പരേഡും കാണാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  പിണ്ഡിദര്‍ശനം 

നടത്തി, സകലസംതൃപ്തിയോടെയും മലയിറങ്ങുമ്പോള്‍ മനസ്സില്‍ ഉയര്‍ന്ന ചോദ്യം ദേവിയോടു പ്രാര്‍ത്ഥിക്കാന്‍ ഒന്നുമില്ലാതെ പോയതെന്തേ എന്നായിരുന്നു...



          .

Tuesday, January 6, 2015

സഫലമീ യാത്ര..














ഇന്നു ജനുവരി 6.

മലയാളത്തിന്റെ ആധുനികകവികളില്‍ പ്രമുഖനായിരുന്ന എന്‍, എന്‍, കക്കാടെന്ന
ശ്രീ നാരായണൻ നമ്പൂതിരി കക്കാടിന്റെ ഇരുപത്തിയേഴാം ചരമവാര്‍ഷികം.
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ.
അദ്ധ്യാപകനായിരുന്നു എങ്കിലും കോഴിക്കോട് ആകാശവാണിയിലാണ് അദ്ദേഹം കൂടുതല്‍ കാലം ജോലിചെയ്തത്. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
1955 ഏപ്രിൽ 26ന്‌ ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗം കലുഷിതമായിരുന്ന
കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകൾ പുറത്തുവന്നത്. ഗ്രാമത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോരസപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളിൽ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയിൽ നഗരജീവിതത്തെ ഒരുവൻ തന്റെ ഞരമ്പുകൾ കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകൾ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു.
ശലഭഗീതം ,പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര , നന്ദി തിരുവോണമേ നന്ദി, 1963 ,ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല് ,പകലറുതിക്കു മുൻപ്, നാടൻചിന്തുകൾ എന്നിവയാണ് പ്രധാനകൃതികള്‍.
1987 ല്‍ അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ , പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.
സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്.ഓടകുഴൽ അവാർഡ് ,ആശാൻ പുരസ്കാരം ,കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

പ്രിയ കവിയ്ക്കു പ്രണാമങ്ങള്‍.

സഫലമീയാത്ര - എൻ എൻ കക്കാട്


ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം

വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! !

(കടപ്പട്- ഗൂഗിള്‍)