Friday, January 30, 2015

അതാരായിരുന്നിരിക്കാം...???

വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ആയിട്ടില്ല.ചേട്ടന്‍ മുംബൈയിലേയ്ക്കു പോയ ശേഷം ഞാന്‍ ചേട്ടന്റെ വീട്ടിലായിരുന്നു. . ജൂലൈ മാസമായിട്ടും മഴയില്ലാത്ത ഒരു ദിവസം...ഇന്നും ഓര്‍മ്മയില്‍..
കോളേജു വിദ്യാര്‍ത്ഥിനിയില്‍ നിന്നു വളരെ വേഗമായിരുന്നു വീട്ടമ്മയിലേയ്ക്കുള്ള എന്റെ ഭാവപ്പകര്‍ച്ച. പാചകത്തില്‍ ഒട്ടുംതന്നെ നൈപുണ്യം ഇല്ലാതിരുന്ന ഞാന്‍ വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുക്കളയുടെ മുഴുവന്‍ ചുമതയും എങ്ങനെ കൈക്കുള്ളിലൊതുക്കിയെന്നത് ഇന്നും എനിക്ക് അവിശ്വസനീയം.
ഉണര്‍ന്നാല്‍ കിടക്കും വരെ അടുക്കളയിലെ ജോലികള്‍.. എത്ര ചെയ്താലും തീരാത്ത ജോലികള്‍.. 
അന്നും ഞാനെന്റെ യുദ്ധക്കളത്തില്‍ വാളും പരിചയുമായി രാവിലെ തന്നെ പോരാട്ടം തുടങ്ങിയിരുന്നു. പ്രസവിച്ചു കിടക്കുന്ന ഭര്‍തൃസഹോദരിയും അമ്മയും കൂടി കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ രാവിലെ തന്നെ പോയി. അനിയന്‍ പറമ്പിലെവിടെയോ പൊട്ടിക്കിടക്കുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി ചയ്യാനും മറ്റുമായി ഇറങ്ങിയിട്ടുണ്ട്. രണ്ടുകൂട്ടരും ഉച്ചയ്ക്കെത്തും മുന്‍പ് ഊണു തയാറാക്കന്‍ ഞാനെന്റെ ഭഗീരഥപ്രയത്നത്തിലും. 12 മണിക്കു ഊണു കഴിച്ചില്ലെങ്കില്‍ അമ്മയ്ക്കു ദേഷ്യമാകും. 
12 നു മുന്നേ തന്നെ ചോറും സാമ്പാറും പുളിശ്ശേരിയും ബീന്‍സ് തോരനും തയ്യാറാക്കി. പപ്പടവും വറുത്തു ടിന്നിലിട്ടു വെച്ചു. പിന്നെ കഴിഞ്ഞ ദിവസമിട്ട അച്ചാറും മുളകുകൊണ്ടാട്ടവും ഉണ്ട്. ആശ്വാസത്തോടെ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ ചിരിച്ചു കൊണ്ട് 50 വയസ്സിനു മേല്‍ പ്രായം തോന്നുന്ന ഒരാള്‍ പടികയറി വരുന്നു. ഞാനും തിരികെ ചിരിച്ചു. " മോളേ, ഊണു കാലമായില്ലേ, വേഗം കുറച്ചു വിളമ്പിക്കോളൂ, നന്നായി വിശക്കുന്നു. " കയറുന്ന വഴി തന്നെ അദ്ദേഹം എന്നോടു പറഞ്ഞു. മുറ്റത്തിറമ്പില്‍ വെച്ചിരിക്കുന്ന ബക്കറ്റിലെ വെള്ലത്തില്‍ കയ്യും കാലും കഴുകി അകത്തുകയറി ഡൈനിംഗ് ടേബിളിനടുത്തേയ്ക്കു നടന്നു. "എല്ലാവരും എവിടെപ്പോയി?"   എന്നു ചോദ്യവും ഉണ്ടായി. മറുപടി പറഞ്ഞു ഞാനും അകത്തേയ്ക്കു കയറി. അതാരെന്ന് എനിക്കു മനസ്സിലായില്ല. പക്ഷേ ചോദിക്കുന്നതെങ്ങനെ? എന്നെ നല്ല പരിചയവുമുണ്ട്.. അപ്പോള്‍ പിന്നെ..... 

അവിടെ അങ്ങനെയാണ്. അന്നാട്ടുകാരൊക്കെ വളരെ വേണ്ടപ്പെട്ടവര്‍. ആര് എപ്പോള്‍ വന്നാലും ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ വിടില്ല. അവര്‍ക്ക് സ്വന്തം വീടുപോലെ പ്രിയമാണ് ആ വീടും. എനിക്കാണെങ്കില്‍ എല്ലാവരേയുമൊന്നും പരിചയമായിട്ടുമില്ല. അതുകൊണ്ട് ഞാന്‍ ഒന്നും ചോദിക്കാതെ വേഗം തന്നെ ചോറു വിളമ്പി. വളരെ ആസ്വദിച്ച് അദ്ദേഹം കഴിച്ചു. അതിനിടയില്‍ ചേട്ടന്റെ ജോലിക്കാര്യവും പിന്നെയുമെന്തൊക്കെയോ ചോദിച്ചിരുന്നു. വേഗം ഊണുകഴിച്ചു കൈകഴുകിവന്ന് അദ്ദേഹം പോകാനിറങ്ങി. കറികള്‍ നന്നായിരുന്നു എന്നു പറയുകയും ചെയ്തു. 'അമ്മ വന്നിട്ടു പോയാല്‍ പോരേ' എന്നു ചോദിച്ചപ്പോള്‍ 'വണ്ടി കിട്ടാന്‍ താമസിക്കും' എന്നു പറഞ്ഞ് വേഗം പടിക്കെട്ടുകള്‍ ഇറങ്ങി നടന്നു. ഞാനും തിരികെ കയറി പാത്രമെടുത്തുകഴുകി. അപ്പോഴേയ്ക്കും അമ്മയും കൂട്ടരും, അപ്പുറത്തു വഴിയിലൂടെ അനിയനും എത്തി. അവര്‍ വന്നയുടനെ ഞാന്‍, ഊണു കഴിച്ചു പോയ മനുഷ്യനെക്കുറിച്ചു ചോദിച്ചു. ആ സമയത്തിനുള്ളില്‍ അവര്‍ തമ്മില്‍ കാണാതിരിക്കില്ല. ബസ്സ് സ്ടോപ്പിലേയ്ക്ക് കുറച്ചു നടക്കണം. പക്ഷേ അവര്‍ അങ്ങനെയൊരാളേ കണ്ടതേയില്ല. മറുവഴിയിലൂടെ വന്ന അനിയനും കണ്ടില്ല ആരെയും. ഞാന്‍ അടയാളമൊക്കെ പറഞ്ഞു. ആ നാട്ടില്‍ അങ്ങനെയൊരാളെ അവര്‍ ആരും അറിയുകയില്ലത്രേ.. പരിചയമില്ലാത്ത ആളെ അകത്തു വരാനനുവദിച്ചതിന് അമ്മയും അനിയനും എന്നെ ഒരുപാടു ശകാരിക്കുകയും ചെയ്തു. 

ഇത്ര നളായിട്ടും അങ്ങനെയൊരാളെ ഞാനാ നാട്ടിലെങ്ങും കണ്ടില്ല.. ആരായിരിക്കാം എന്ന് ആലോചിച്ച് തലപുണ്ണാക്കിയിട്ടും ഉണ്ട് പലപ്പോഴും.. ഒടുവില്‍ ഞാന്‍ തന്നെ അങ്ങു വിശ്വസിക്കുന്നു.. ഞാനെന്ന വീട്ടമ്മയെ കാണാനെത്തിയ, എന്റെ കൈകൊണ്ടു വെച്ചു വിളമ്പിയ ഭക്ഷണം കഴിച്ചു പോകാന്‍ ആഗ്രഹിച്ചു വന്ന ആരോ പ്രിയപ്പട്ടവര്‍ ആകാമതെന്ന്.. കുട്ടിക്കാലത്ത് ഓര്‍മ്മയില്‍ ചേക്കേറിയ എന്റെ പ്രിയപ്പെട്ട അച്ഛനാകാം, ഞാന്‍ കണ്ടിട്ടില്ലാത്തെ എന്റെ അമ്മായിയച്ഛനാകാം .... ചിരിച്ച മുഖവുമായി മനസ്സു നിറഞ്ഞു മടങ്ങിപ്പോയ ആ നല്ല മനുഷ്യരൂപം.... ഒന്നു കാല്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടിയില്ലല്ലോ എന്ന ദുഃഖം മാത്രം..

1 comment:

  1. മനസ്സുനിറഞ്ഞു....
    നന്മ വരട്ടെ!!!
    ആശംസകള്‍

    ReplyDelete