Saturday, May 2, 2015

കീഴാര്‍നെല്ലി.

കീഴാര്‍നെല്ലി.
...................




ഈ കൊച്ചു ഹരിത സുന്ദരിയേ കണ്ടിട്ടില്ലേ? ചെറിയ ഇലകള്‍ വളരുന്ന ഇലത്തണ്ടുകളു്ക്കടിയില്‍ കുഞ്ഞു കുഞ്ഞു നെല്ലിക്കകളുമായി നില്‍ക്കുന്ന ഇവളെ എവിടെയും നമുക്കു കാണാന്‍ കഴിയും. ആരാലും ശ്രദ്ധിക്കപെടാതെ മുറ്റത്തരികിലും തൊടിയിലും വയലിലും വഴിയോരത്തുമൊക്കെ വളര്‍ന്നു നില്‍ക്കുന്നുണ്ടാവും കാഴ്ചയ്ക്കു കൗതുകമുണര്‍ത്തുന്ന കീഴാര്‍നെല്ലിയെന്നു പേരുള്ള ഈ സസ്യം.  കിരുട്ടാർ നെല്ലി , കീഴ്കാനെല്ലി ,  കീഴാനെല്ലി , കീഴുക്കായ് നെല്ലി ഇങ്ങനെ പല പേരുകളില്‍ ഔഷധി ഇനത്തില്‍ പെടുന്ന  ഇവള്‍ അറിയപ്പെടുന്നു. കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല, ഒരുപാട് ഔഷധഗുണങ്ങളും ഉണ്ട് കീഴാര്‍നെല്ലിക്ക്. 

ജലജന്യ രോഗമായ മഞ്ഞപ്പിത്തത്തിന് സിദ്ധൗഷദമാണ് കീഴാര്‍ നെല്ലി. യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമായ കീഴാര്‍നെല്ലിയില്‍ അടങ്ങിയിരിക്കുന്ന  ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. ചെടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര്, പാലിലോ തേങ്ങാപ്പാലിലോ മോരിലോ ചേര്‍ത്ത് രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുന്നത് മഞ്ഞപ്പിത്തം പോലെയുള്ള കരള്‍ രോഗങ്ങള്‍ മാറാന്‍ ഫലപ്രദമാണത്രേ. ഉദരസംബന്ധമായ രോഗങ്ങള്‍ക്കും കീഴാര്‍ നെല്ലി നീര് സേവിക്കുന്നത് നന്നെന്ന് പറയപ്പെടുന്നു. നല്ല കൈപ്പുരസമാണ് ഇതിന്.  കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും.   ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും എന്നും വിദഗ്ദ്ധാഭിപ്രായം. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു. മൂത്ര വര്‍ദ്ധകമായതുകൊണ്ട് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് പഹലപ്രദമാണ്. എന്നാല്‍ വാതരോഗികള്‍ ഇതു വര്‍ജ്ജിക്കുന്നതായിരിക്കും നല്ലത്. 

സ്ത്രികളിലും പുരുഷന്മാരിലും കാണുന്ന മുടികൊഴിച്ചില്‍ മാറാന്‍ കീഴാനെല്ലി മിക്സിയില്‍ അടിച്ച് കിളിക്കുന്നതിനു മുന്‍പ് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. എട്ടുപത്തു ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുടികൊഴിച്ചില്‍ മാറിക്കിട്ടുമെന്നാണു പറയുന്നത്. 

വേനല്‍ക്കാലത്ത് ജലക്ഷാമമുള്ളപ്പോഴായിരിക്കും മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നു പിടിക്കുക. നമുക്കോര്‍ത്തുവെയ്ക്കാം ഈ സുന്ദരിച്ചെടിയുടെ പേര്.




2 comments:

  1. നമ്മുടെ മുറ്റത്തും തൊടിയിലുമൊക്കെ ധാരാളമായി കണ്ടുവരാറുള്ള ഒരു പാവം ചെടിക്ക് ഇത്ര വൈശിഷ്ട്യം ഉണ്ടായിരുന്നോ!

    ReplyDelete
  2. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ ചെടിയെ തേടിനടക്കുന്നത്,മഞ്ഞപ്പിത്തം പിടിപ്പെടുമ്പോഴാണ്!
    നല്ല വിവരണം.
    ആശംസകള്‍

    ReplyDelete