Monday, May 4, 2015

രാഗധാര

ഹൃദയം നിറഞ്ഞുപോയ്
വാക്കുകളാലിന്നു
പാടുവാന്‍ ഗീതങ്ങളായെങ്കിലും,

ഒരു കൊച്ചു ഗാനവും 
പാടുവാനാവാതെ
മൗനത്തിന്‍ കൂട്ടിലൊളിച്ചതെന്തേ..?

കരയുന്നതില്ലെന്റെ
കണ്ണുകളെങ്കിലും 
തേങ്ങലിന്നുയരുന്നതാത്മാവിലോ !

തിരയുന്നതെന്തു ഞാന്‍
നിന്റെ മൗനത്തിലെന്‍
സംഗീതമോ രാഗമാധുര്യമോ ?

ഗദ്ഗദത്താലെന്റെ
സംഗീതവീഥിയില്‍
എന്തിനായ് വിഘ്നം വരുത്തി വീണ്ടും!

പാടുവാനാവത്ത 
പാഴ്ജന്മമാവുകില്‍ 
എന്തിനായിന്നെനിക്കീ രുദ്രവീണയും,

നിന്‍ നാവിലുള്ളൊരാ
തേന്‍കനിക്കൂട്ടമെന്‍
കാതില്‍ പതിക്കട്ടെ മധുമാരിയായ്

പിന്നെയെന്‍ കണ്ഠം
മുറിച്ചു മാറ്റട്ടെയാ
തേങ്ങല്‍ വളര്‍ത്തുന്ന മൗനവൃക്ഷം

പിന്നെ ഞാന്‍ പാടിടും
ഹൃദയം പകര്‍ത്തുന്ന
സ്നേഹാക്ഷരങ്ങള്‍ തന്‍ വര്‍ഷരാഗം,

കുളിരോര്‍മ്മയായ് നിന്റെ
കരളില്‍ നിറയ്ക്കുവാന്‍
ആത്മാവിലുണരുന്ന രാഗവര്‍ഷം

ചെറു മഴത്തുള്ളിയായ്, 
ഒരു  ചാറ്റല്‍ മഴയായ്..
പൊഴിയട്ടെ നിന്റെയാത്മാവിന്നു ഹര്‍ഷമായ്..







2 comments:

  1. രാഗധാര ഭംഗമില്ലാതെ പ്രവഹിക്കട്ടെ

    ReplyDelete