Wednesday, June 17, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. 1.

അറിയാത്ത അയല്‍ക്കാരി 

.
ഭൂട്ടാനിലേയ്ക്കൊരു യാത്ര പോകാന്‍ തീരുമാനിച്ചപ്പോള്‍ ഒരുകര്യം മനസ്സിലായി. തൊട്ടയല്‍രാജ്യമാണെങ്കിലും ആ രാജ്യത്തെക്കുറിച്ചുള്ള അറിവുകള്‍ വളരെ പരിമിതമെന്ന്. എന്തെങ്കിലുമൊക്കെ അറിയാനുള്ള ആകാംക്ഷയാല്‍ കുട്ടികളുടെ പാഠപുസ്തകം മുതല്‍ വിക്കിപ്പീഡിയ വരെ അന്വേഷണങ്ങള്‍ നടത്തി. കിട്ടിയ അറിവുകള്‍ ചിലത് ഇങ്ങനെയൊക്കെയായിരുന്നു.


ഇന്ത്യയ്ക്കും ചൈനയ്ക്കും (ടിബറ്റ്) ഇടയില്‍ കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ ഒരു കൊച്ചു രാജ്യമാണു ഭൂട്ടാന്‍.1907 ല്‍ ആണ് ഭൂട്ടാന്‍ രൂപീകൃതമാകുന്നത്.  അരുണാചല്‍ പ്രദേശ്, അസ്സം, പശ്ചിമബംഗാള്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭൂട്ടാന് അതിര്ത്തി പങ്കിടുന്നു.   47,500ചതുരശ്ര കിലോമീറ്റർ മാത്രമാണ് നമ്മുടെ ഈ അയല്‍രാജ്യ സുന്ദരിയുടെ വിസ്തീര്‍ണ്ണം. ഇവിടുത്തെ ജനസംഖ്യയാകട്ടെ ഏഴരലക്ഷത്തില്‍ താഴെയും. (38, 863 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ല നമ്മുടെ കേരളത്തിലെ ജനസംഖ്യ മൂന്നുകോടി മുപ്പത്തഞ്ചു ലക്ഷത്തോളം വരുമെന്ന് ഓര്‍ക്കുമ്പോഴാണ് അമ്പരപ്പു തോന്നുന്നത്. ) ഇപ്പോഴും  രാജഭരണം നിലനില്‍ക്കുന്ന ഭൂട്ടാന്‍ തനതായ സംസ്കാരത്തിന്റേയും വിശ്വാസസംഹിതക്ളുടേയും ആചാരാനുഷ്ഠാനങ്ങ്ളുടേയും ആസ്ഥാനഭൂമികയുമാണ്. തങ്ങളുടേതുമാത്രമായ സാംസ്കാരികപാര്മ്പര്യത്തിലേയ്ക്ക് മറ്റാരുടേയും കടന്നുകയറ്റം തീരെ ഇഷ്ടപ്പെടുന്നില്ല ഭൂട്ടാന്‍ ജനത. അതുകൊണ്ടു തന്നെ വിനോദസഞ്ചാരം അത്രയൊന്നും ഈ രാജ്യത്തു പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.പരിമിതമായ വിദേശ വിനോദസഞ്ചാരികളെ മാത്രമേ ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാറുള്ളു. കര്‍ശനമായ നിയന്ത്രണം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുമുണ്ട്."ഒരു ദേശം ഒരേ ജനത " ഇതാണ് ഈ രാജ്യത്തിന്റെ ആപ്തവാക്യം.


ജിഗ്മെ  ഖേസര്‍ നാംഗിയേല്‍ വാങ്ചൂക്ക് ആണ് ഇപ്പോഴത്തെ രാജാവ്. ഡ്രാഗണ്‍ കിംഗ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഓക്സ്ഫോര്ഡ് യൂണിവെഴ്സിറ്റിയില്‍ നിന്നു ബിരുദമെടുത്ത ഇദ്ദേഹം 28 )മത്തെ വയസ്സില്‍ അഞ്ചമത്തെ രാജാവായാണ് 2006ല്‍ കിരീടമണിഞ്ഞത്.   രാജവിന്  60 വയസ്സാകുമ്പോള്‍ അടുത്ത അവകാശിക്ക് രാജഭരണം കൈമാറുകയെന്നതാണ് ഇപ്പോള്‍ രാജ്യത്തെ കീഴ്വഴക്കം. 2011 ഒക്ടോബറില്‍  അദ്ദേഹം വിവാഹിതനായി.   ഷെറിംഗ് തോബ്‌ഗെയാണ് പ്രധാനമന്ത്രി .ദ്സോങ്ക ആണ് രാഷ്ട്രഭാഷയെങ്കിലും ഹിന്ദിയും അവര്‍ക്കു മനസ്സിലാകും. ചിലരെങ്കിലും ഹിന്ദി നന്നായി സംസാരിക്കുകയും ചെയ്യും. ഇവരുടെ ഉച്ചാരണം നമുക്ക് എഴുതി ഫലിപ്പിക്കാന്‍ ലിപികള്‍ അപര്യപ്തമാണ്. ഗാലോങ്സ്,  ഷാ ഖോപ്സ്, ലോട്ട്ഷാംപാസ് എന്നീ ജനവിഭാഗങ്ങളാണ് ഇവിടെയുള്ലത്.
പ്രാദേശികഭാഷയില്‍ ഇവരെ പൊതുവേ 'ഡ്രൂക്പ'  എന്നു വിളിക്കുന്നു. അതു മംഗോളിയന്‍ വര്‍ഗ്ഗക്കാരെയാണോ അതോ ടിബറ്റില്‍ നിന്നു അഭയാര്‍ത്ഥികളായി  വന്ന ഗാലോങ്സിനെയാണോ എന്നു വ്യക്തമല്ല. ബുദ്ധമതത്തിനാണു പ്രഥമസ്ഥാനമെങ്കിലും ഹിന്ദുക്കളും മൊത്തം ജനസംഖ്യയുടെ നാലിലൊന്നില്‍ അധികം വരും.മഹായാന ബുദ്ധമതം ആണ് ദേശിയ മതം.


ബുദ്ധസന്യാസകേന്ദ്രങ്ങള്‍ക്കു പുറമേ രണ്ടു മതവിഭാഗങ്ങളിലേയും ആരാധനാലയങ്ങളും ഉണ്ട് ധാരാളമായിവിടെ. പ്രകൃതിയെ ആരാധിക്കുകയും ഒപ്പം സംരക്ഷിക്കുകയും ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളുടെ ജീവിത വ്രതം തന്നെയാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും ഇത്രയേറെ പ്രാധാന്യവും സംരക്ഷണവും കൊടുക്കുന്നൊരു രാജ്യം വേറെ ഇല്ലെന്നു തന്നെ പറയാം .ആകെ ഭൂ വിസ്തൃതിയുടെ  അറുപതു ശതമാനം വനമായി സംരക്ഷിക്കണമെന്ന് നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നു ഇവിടെ . ഇപ്പോഴും 70 ശതമാനത്തോളം  വനമാണിവിടെ . അതുകൊണ്ടു തന്നെ ശുദ്ധമായ വായുവും ജലവും ഇന്നാട്ടുകാര്‍ക്ക് അന്യമല്ല. കലയും  സംസ്കാരവും ഒക്കെ പ്രകൃതിയുമായി ദൃഢമായ  പുലര്‍ത്തുന്നവ തന്നെ . ഭൂട്ടാനിലെ കലാരൂപങ്ങള്‍ക്കൊക്കെ ടിബറ്റന്‍ കലാരൂപങ്ങളോട് അഭേദ്യമായൊരു സാദൃശ്യമുണ്ട്. സാഹിത്യകൃതികളും ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നു .

ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തേക്കാള്‍ അരമണിക്കൂര്‍ മുന്നോട്ടാണ് ഭൂട്ടാനിലെ സമയം. ഇവിടുത്തെ നാണയമായ  'ങൾട്രം' നമ്മുടെ രൂപയുടെ അതേ മൂല്യമുള്ളതുതന്നെ.വിപണനരംഗത്ത്  രൂപയും അവിടെ സ്വീകാര്യം തന്നെ. ഇന്ത്യയുടെ സഹായത്തിലും നിയന്ത്രണത്തിലുമാണ് ഭൂട്ടാന്റെ പുരോഗതിയും നിലനില്‍പും ഒക്കെയെന്നു പറയാം. ഇന്ത്യാക്കാരോട് അവര്‍ക്കുള്ള മമതയും അതിനാലാവാം. കഴിഞ്ഞവര്‍ഷം ജൂണില്‍ ആണ്   ഭൂട്ടാനില്‍ ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മ്മിച്ച സുപ്രീം കോടതിയുടെ ഉദ്ഘാടനം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചത്.
ഇവിടുത്തെ റോഡുകളും നമ്മുടെ BRO യുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തിവരുന്നത്. സൈനികസേവനവും നമ്മുടെ  രജ്യത്തുനിന്നു ഭൂട്ടാനില്‍ ലഭിക്കുന്നു.  പക്ഷേ എന്നെ ഏറ്റവും അമ്പരപ്പിച്ച അറിവ് ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള ജനത വസിക്കുന്നത് ഭൂട്ടാനിലാണെന്ന വസ്തുതയാണ്. വേള്‍ഡ് ഹാപ്പിനെസ്സ് ഇന്‍ഡെക്സില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ് ഈ കൊച്ചു രാജ്യത്തിന്റെ സ്ഥാനം. സമ്പത്തിനേക്കാള്‍ ജനങ്ങളുടെ സംതൃപ്തിക്കും സമാധാനത്തിനും സന്തോഷത്തിനുമാണ് ഈ രാജ്യത്തു പ്രാധാന്യം.

ഇനി നമുക്കൊന്നു സഞ്ചരിക്കാം മലകളുടേയും താഴവരകളുടേയും കോട്ടകളുടേയും നാടായ  ഭൂട്ടാനിലേയ്ക്ക്. അടുത്തറിയാം ഈ സ്വപ്നഭൂമിയുടെ ഹൃദയസ്പന്ദനങ്ങള്‍.
താഴ്വരയിലെ നെല്‍വയലുകളേയും ആപ്പിളും വാല്‍നട്ടും പീച്ചും പ്ലം പഴങ്ങളും വിളയുന്ന തോട്ടങ്ങളെയും ഒരു മന്ദമാരുതനേപ്പോലെ തലോടിയെത്താം. പറഞ്ഞാല്‍ തീരാത്ത   ഇവിടുത്തെ അത്ഭുതക്കാഴ്ചകളിലേയ്ക്ക് കൗതുകപൂര്‍വ്വം ഇറങ്ങിച്ചെല്ലാം.




4 comments:

  1. നന്ദി ദേവേട്ടാ, സന്തോഷം , സ്നേഹം.

    ReplyDelete
  2. എനിക്ക് ആകെ അറിയാവുന്നത് ഭൂട്ടാന്‍ ലോട്ടറി എന്ന് മാത്രമാണ്. അതുകൊണ്ട് വായിക്കാന്‍ കൌതുകമുണ്ട്

    ReplyDelete
  3. വിവരണം നന്നായിട്ടുണ്ട്.ഫോട്ടോകളും...
    ആശംസകള്‍

    ReplyDelete