Saturday, June 20, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. - 2

യാത്രാരംഭം 


സംരസ്ത എക്സ്പ്രസ്സ് ജൂണ്‍ മൂന്നാം തീയതി രാത്രി 10 മണിയടുത്തു കല്യാണ്‍ സ്ടേഷനിലെത്തുമ്പോള്‍. അല്പം അക്ഷമയോടെയുള്ള കാത്തിരിപ്പിനുശേഷമാണ് ഞങ്ങളുടെ ആറംഗസംഘം  ഭൂട്ടാന്‍ യാത്രയ്ക്കവിടെ നാന്ദി കുറിച്ചത്. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഉദയ്പാട്ടീലും ഭാര്യ മീനാക്ഷിയും ഇളയപുത്രന്‍ രാഹുലുമാണ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. മറ്റൊരു സുഹൃത്തും വരാനിരുന്നതാണെങ്കിലും അവസാനനിമിഷം യാത്ര മാറ്റി വെയ്ക്കുകയായിരുന്നു. 11 മണിവരെ സംസാരവുമായി ഇരുന്നതിനുശേഷമാണ് ഉറങ്ങാന്‍ കിടന്നത്. . തയാറെടുപ്പുകളുമായി പകല്‍ മുഴുവന്‍ വിശ്രമമില്ലാത്ത അദ്ധ്വാനത്തിലായിരുന്നതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. എല്ലാവരും താമസിയാതെ തന്നെ നല്ല ഉറക്കവുമായി.  

രവിലെ ഉണര്‍ന്നു ജനാലക്കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ ചിരിച്ചു നില്‍ക്കുന്ന അമ്പിളിയമ്മാവനെയാണു കണ്ടത്. പിന്നീടുള്ല പകല്‍ മുഴുവന്‍ പല സ്ംസ്ഥാനങ്ങളിലെ  കാഴ്ചകളിലൂടെ തീവണ്ടി ഓടിക്കൊണ്ടിരുന്നു. പിന്നെയും ഒരു രാത്രി കൂടി ട്രെയിനില്‍ ഉറങ്ങിയുണര്‍ന്നു. അപ്പോള്‍ പശ്ചിമബംഗാളിലെ ഏതോ ഗ്രാമചിത്രം കണ്‍മുന്നില്‍. അഞ്ചു മണിയേ ആയുള്ളുവെങ്കിലും നല്ല വെളിച്ചം. ഗ്രാമത്തിലെ കൃഷിസ്ഥലങ്ങളില്‍ വിവിധ കൃഷികള്‍.ചിലയിടങ്ങളില്‍ പൂക്കൃഷിയാണ്. പൂപ്പാടങ്ങളുടെ വര്‍ണ്ണചാരുത അവര്‍ണ്ണനീയം.! . ചില നിലങ്ങള്‍ ഒരുക്കിയിട്ടിരിക്കുന്നു. ആദ്യ മഴയുടെ അനുഗ്രഹവര്‍ഷത്തിനായി കാത്തുകിടക്കുകയാണ് കൃഷിയിറക്കാന്‍. കൃഷിനിലങ്ങളുടെ ഓരങ്ങളിലുള്ള തോടുകളില്‍ നിറയെ താമര വളര്‍ത്തിയിരുക്കകയാണ്. വിടര്‍ന്നു നില്‍ക്കുന്ന താമരപ്പൂക്കള്‍ ഒരു വസന്തമൊരുക്കുന്നു. കണ്ടാലും കണ്ടാലും മതിവരാത്തൊരു കാഴ്ചയാണ് നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഈ താമരത്തോടുകള്‍. ഇത് നമ്മുടെ നാട്ടിലും അനുവര്‍ത്തിക്കാവുന്നൊരു സൗന്ദര്യവത്കരണമെന്ന് എനിക്കു തോന്നി.


രണ്ടു രാത്രിയും ഒരു പകലും പിന്നിട്ട് അഞ്ചാം തീയതി രാവിലെ ഒന്‍പതുമണിയോടടുത്തു ഹൗറയിലെത്തുമ്പോള്‍. ഇനി ആറുമണിക്കൂര്‍ കഴിഞ്ഞാണ് ഞങ്ങളുടെ അടുത്ത ട്രെയിന്‍. ഈ ഇടവേളയില്‍ ബേലൂര്‍ മഠവും ദക്ഷിണകാളീശ്വര്‍ ക്ഷേത്രവും സന്ദര്‍ശിക്കണം, ഞങ്ങളുടെ സഹയാത്രികര്‍ക്ക്  ചില പ്രത്യേക പൂജകള്‍ നടത്താനുള്ളതാണ്. അതുകൊണ്ടാണ് മുന്‍പ്  കല്‍ക്കട്ട സന്ദര്‍ശനവേളയില്‍ പോയിട്ടുള്ളതാണെങ്കിലും വീണ്ടും  അവിടേയ്ക്കു പോകുന്നത്.   പ്രാഥമികകൃത്യങ്ങള്‍ക്കായി ഒരു ഹോട്ടലില്‍ മുറിയെടുത്തു. വളരെ വേഗം തന്നെ എല്ലാവരും കുളിച്ചു  യാത്രയ്ക്കു തയ്യറായി. ഒരു മണിക്കൂര്‍ യാത്രയുണ്ട് ബേലൂര്‍ മഠത്തിലേയ്ക്ക് . ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശദമായിരു  കല്‍ക്കത്ത സന്ദര്‍ശനം നടത്തിയിരുന്നു. അസഹനീയമയ ചൂടും വൃത്തിഹീനമായ തെരുവോരങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡും ശ്വാസം മുട്ടിക്കുന്ന തിരക്കുമുള്ള കല്‍ക്കട്ട നഗരം ഇന്നും മാറ്റമൊന്നുമില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളും അവയുടെ മുഴങ്ങുന്ന ഹോണ്‍ ശബ്ദങ്ങളും ഒക്കെയായി നമ്മെ വല്ല്ലാത്തൊരസ്വസ്ഥതയിലെത്തിക്കും. അവിടെ നിന്ന് എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാന്‍ തോന്നും. 


 ബേലൂര്‍ മഠത്തിലേയ്ക്കുള്ള ബസ്സില്‍ ഞങ്ങള്‍ കയറി. ഒരുപാടു പഴക്കമുള്ള ഒരു പാട്ടവണ്ടി. ഇടയ്ക്ക് ഒരാള്‍ വന്നു കൈനീട്ടുണ്ട്. അയാളുടെ രൂപഭാവങ്ങളും വൃത്തിഹീനമായ വേഷവും അതിനെക്കാള്‍ വൃത്തിഹീനമായ സഞ്ചിയും കണ്ടപ്പോള്‍ ഭിക്ഷക്കാരനെന്നായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹം ബസ്സിലെ കണ്ടക്ടര്‍ ആയിരുന്നു. ഏകദേശം ഒരുമണിക്കൂറോളം എടുത്തു ബസ്സില്‍ നിന്നിറങ്ങാന്‍.   സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമാണ് ബംഗാളിലെ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ  ബേലൂര്‍ മഠം . ഹുഗ്ളി നദിയുടെ പടിഞ്ഞാറെ തീരത്ത്, നാല്‍പ്പതേക്കറില്‍ ആയി രൂപീകരിച്ചിരിക്കുന്ന മഠത്തില്‍ മൂന്നു പ്രധാനമന്ദിരങ്ങളില്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍, ശ്രീ ശാരദാദേവി,സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത കലശങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ അന്ത്യനാളുകള്‍ ചിലവഴിച്ചത് ഇവിടെയായിരുന്നു. അദ്ദേഹം സമാധിയായ മുറി പവിത്രമായി സൂക്ഷിച്ചു പോരുന്നു. ഇപ്പോഴും ധാരാളം സന്യാസിമാര്‍ ഇവിടെ താമസിച്ചു പഠിക്കുന്നു.  ബേലൂര്‍ ഇവിടുത്തെ അനോഹരമായ പുല്‍ത്തകിടികളും പൂമരങ്ങളും പൂന്തോപ്പും ആനന്ദദായകമായ കാഴ്ച തന്നെ. പക്ഷേ ഫോട്ടോഗ്രഫി ഇവിടെ നിരോധിച്ചിരിക്കുകയാണ്. 


ഞങ്ങള്‍ ചെന്നത് അവിടുത്തെ പ്രസാദ വിതരണസമയത്തായിരുന്നു. 11 മുതല്‍ 11 30 വരെയാണ്. പ്രസാദമെന്നാല്‍ അന്നദാനം തന്നെ. ചോറും പരിപ്പുകറിയും സാമ്പാറും ഒരു മാമ്പഴക്കറിയും പാല്‍പ്പായസവുമടങ്ങുന്ന പ്രസാദം. അതിനുള്ള കൂപ്പണെടുത്ത് പ്രസാദം കഴിച്ചാണ് അവിടെ നിന്നു മടങ്ങിയത്. പതിനൊന്നര കഴിഞ്ഞാല്‍ നാലുമണിക്കേ മഠം സന്ദര്‍ശിക്കാന്‍ തുറന്നു കിട്ടുകയുള്ളു. അതുകൊണ്ട് അവിടെ നിന്നു 11 30 നു ഞങ്ങള്‍ ഇറങ്ങി.  പിന്നെ ഹൂഗ്ലിനദിയിലൂടെ ഒരു തോണിയാത്ര , ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേയ്ക്ക്. നാടന്‍ തോണിയിലൂടെയുള്ള നദിയുടെ വിരിമാറിലൂടെയുള്ല ആ  യാത്ര ഒരു അവിസ്മരിണിയമായ അനുഭവം തന്നെ. നദിയുടെ കിഴക്കേ തീരത്താണ് ക്ഷേത്രം. കാളീ ദേവിയുടെ ഭാവതാരിണി രൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രം പണികഴിപ്പിച്ചത് റാണി റാഷ്മണി എന്ന പ്രശസ്തയായ ജീവകാരുണ്യപ്രവര്‍ത്തകയാണ്. ക്ഷേത്ര നിന്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുമുണ്ട്.




1793 സെപ്റ്റംബര്‍ 28 ന് കോണാ ഗ്രാമത്തിലെ ഒരു ജമീന്ദാരായിരുന്ന ഹരേകൃഷ്ണദാസിന്റെ മകളായി മഹിഷ്യകുടുംബത്തില്‍ ജനിച്ച റാഷ്മണി പതിനൊന്നാം വയസ്സില്‍, ധനികനായ ജമീന്ദാര്‍, ബാബു രാജചന്ദ്ര ദാസിന്റെ വധുവായി കല്‍ക്കത്തയിലെത്തി. ചെറുപ്രായത്തില്‍ വിധവയായെങ്കിലും ഭര്‍ത്താവു ഏല്‍പ്പിച്ചു പോയ  ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുത്തുനടത്താനുള്ള നേതൃത്വ പാടവം ആര്‍ജ്ജവത്വത്തോടെ റാഷ്മണി പ്രകടമാക്കി. ഒരു വിധവയ്ക്കു മതമനുഷ്ഠിക്കുന്ന അച്ചടക്കം പാലിക്കാനും ഈ സാധ്വി പ്രത്യേകശ്രദ്ധ പുലര്‍ത്തിയിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ റാണി എപ്പോഴും വ്യാപൃതയുമായിരുന്നു. 1847 ല്‍ റാണി ഒരു ദീര്‍ഘമായ തീര്‍ത്ഥയാത്ര പോകാന്‍ തീരുമാനിച്ചു, പുണ്യഭൂമിയായ കാശിയിലേയ്ക്ക്, ഭുവനേശ്വരിയായ ആദിപരാശക്തിക്ക് തന്റെ പ്രണാമങ്ങള്‍ അര്‍പ്പിക്കുക എന്ന ലക്ഷ്യവുമായി. ഇരുപത്തിനാലു തോണികളിലായി ബന്ധുക്കളും പരിചാരകരും അവശ്യവസ്തുക്കളുമായി യാത്രയൊരുങ്ങി. പുറപ്പെടാനുള്ള നല്ല ദിവസവും മുഹൂര്‍ത്തവും ആചാരപ്രകാരം തീരുമാനിച്ചു. പക്ഷേ  തലേ രാത്രി സാക്ഷാല്‍ കാളീ ദേവി റാണിക്കു സ്വപ്നദര്‍ശനം നല്‍കി  ഇങ്ങനെ അരുളിച്ചെയ്തു
"  വരാണസിയിലേയ്ക്കു പോകണ്ടയാവശ്യമില്ല. ഇവിടെ ഗംഗാമയിയുടെ തീരത്ത് എന്റെ പ്രതിഷ്ഠയുള്ള  ഒരു ക്ഷേത്രം നിര്‍മ്മിക്കുക. ആ പ്രതിഷ്ഠയില്‍ എന്റെ ചൈതന്യം ആവാഹിക്കപ്പെടുകയും ഭക്തരുടെ പ്രാര്‍ത്ഥനകളും ആരാധനയും അവിടെ സ്വീകരിക്കപ്പെടുകയും ചെയ്യും. "
ഈ സ്വപ്നദര്‍ശനത്താല്‍ സ്വാധീനിക്കപ്പെട്ട റാണി താമസം വിനാ ഗംഗാനദിയുടെ തീരത്ത് 20 ഏക്കര്‍ സ്ഥലം ഒരു ഇംഗ്ലീഷുകാരനില്‍ നിന്നു വിലയ്ക്കു  വാങ്ങി ഈ മനോഹര ക്ഷേത്രസമുച്ചയം പണികഴിപ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 1855 ല്‍ ഇതിന്റെ പണി തീര്‍ന്നു. സ്നാനയാത്രാ ദിനമായ,  മെയ്മാസം 31 നു ലക്ഷക്കണക്കിനു ബ്രാഹ്മണരുടെ ആശിര്‍വാദത്തോടെ കാളീ പ്രതിഷ്ഠ നടത്തി  ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തു.  രാംകുമാര്‍ ചതോപാദ്ധ്യായ ആയിരുന്നു ആദ്യത്തെ മേല്‍ശാന്തി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനും സഹായിരുമായിരുന്ന ഗദാധാര്‍ എന്ന രാമകൃഷ്ണന്‍ ആ സ്ഥാനം ഏറ്റെടുത്തു. 1886 ല്‍ സമാധിയടയും വരെ ശ്രീരാമകൃഷ്ണനും പത്നി ശ്രീ ശാരദാദേവിയും ഷേത്രത്തിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളു്ക്കായി അഹോരാത്രം പ്രയത്നിക്കുകയും വളരെ പ്രശസ്തമായൊരു തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തു.


കല്‍ക്കട്ടയിലെ കത്തിക്കാളുന്ന ഉച്ചവെയിലിലായിരുന്നു ക്ഷേത്രത്തിലേയ്ക്കുള്ള ഞങ്ങളുടെ തോണിയാത്ര. വിശാലമായ ഗംഗാമയിയുടെ തീരങ്ങളില്‍ ഒരുപാടു കുളിക്കടവുകളുണ്ട്. പൊള്ളുന്ന വെയില്‍ച്ചൂടില്‍ നിന്നൊരു രക്ഷയായിട്ടാവാം കുട്ടികളും മുതിര്‍ന്നവരുമായി ഒരുപാടുപേര്‍ ഈ കടവുകളില്‍ വെള്ലത്തില്‍ കഴുത്തോളം മുങ്ങിക്കിടക്കുന്നു. സ്ത്രീകളും പുരുഷന്മാരുമുണ്ട് ഇക്കൂട്ടത്തില്‍. നദിക്കരയിലെ സൗധങ്ങളും ക്ഷേത്രങ്ങളും പൂമരങ്ങളും ഒക്കെ കണ്ണില്‍ നിന്നു മായാതെ നില്‍ക്കുന്ന മോഹനദൃശ്യങ്ങള്‍. കുറച്ചകലെ ഒരു വെളുത്ത നക്ഷത്രപ്പൂക്കള്‍ വിരിയിച്ചു നില്‍ക്കുന്ന ഒരു ചെമ്പകമരത്തിന്റെ കൊമ്പില്‍ നിന്ന് കുരങ്ങന്മാര്‍ വെള്ളത്തിലേയ്ക്കു ചാടുന്നതു കാണുന്നു. അടുത്തു ചെന്നപ്പോഴാണ് അവര്‍ കുരങ്ങന്മാരല്ല കുട്ടികളാണെന്നു മനസ്സിലായത്. കലങ്ങി, നഗരത്തിന്റെ  മാലിന്യവാഹിയായി ഒഴുകുന്ന നദിയാണെങ്കിലും ഒന്നെടുത്തു ചാടാന്‍ തോന്നി അവരുടെ ജലകേളികള്‍ കണ്ടപ്പോള്‍.


ക്ഷേത്രത്തിലെത്തിയപ്പോള്‍ ഒരു മണി കഴിഞ്ഞു. പക്ഷേ അപ്പോള്‍ ആരാധനാ സമയമല്ല. 4 മണിക്കു ശേഷമേ പൂജകള്‍ ചെയ്യാന്‍ കഴിയൂ. ഞങ്ങളുടെ അടുത്ത ട്രെയിന്‍ 3 45 ന് ആണ്. കാത്തു നിന്നിട്ടു കാര്യമില്ല. അതുകൊണ്ട് വേഗം മടങ്ങി. ഹോട്ടലിലെത്തി ലഗ്ഗേജുമെടുത്ത് ഹൗറാ സ്ടേഷനിലെത്തി. അവിടെനിന്ന് 12 മണിക്കൂറിലധികം യാത്ര ചെയ്തു  ന്യൂ ആലിപ്പൂര്‍ ദ്വാര്‍ എന്ന സ്ടേഷനില്‍ എത്തിയിട്ടു വേണം ഭൂട്ടാന്‍ അതിര്‍ത്തിയിലുള്ള പട്ടണമായ ജയ്ഗാവിലേയ്ക്കു  പോകാന്‍. അതിര്‍ത്തിയിലെ ഭൂട്ടാന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നു അനുമതി ലഭിച്ചാലേ ഭൂട്ടനിലേയ്ക്കു കടക്കാനാവൂ. ആ യാത്രയും ആഹ്ളാദപ്രദമായി കഴിഞ്ഞുകിട്ടി. പുലര്‍ച്ചെ 4 മണി കഴിഞ്ഞു ന്യൂ ആലിപ്പൂര്‍ദ്വാര്‍ എത്തുമ്പോള്‍ ..




2 comments:

  1. കുറെകാര്യങ്ങള്‍ അറിയാനും,മനസ്സിലാക്കാനും കഴിഞ്ഞു....
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം :)

      Delete