Saturday, July 4, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 5

അദ്ധ്യായം 5

മേഘചുംബനങ്ങള്‍ തുയിലുണര്‍ത്തുന്ന താഴ്വാരം..

കഠിനമായ തണുപ്പിനെ നേരിടാന്‍ വേണ്ടത്ര സന്നാഹങ്ങള്‍ മുറിയിലുണ്ടായിരുന്നതു കൊണ്ട് സുഖമായി ഉറങ്ങി.  നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര എല്ലാ ദിക്കില്‍ നിന്നും മുഴങ്ങുന്നുണ്ടായിരുന്നു ഉറക്കമുണരുമ്പോള്‍. നാലുമണിക്ക് കണ്ണു തുറന്നു നോക്കുമ്പോള്‍ നന്നായി വെളിച്ചം വീണിട്ടുണ്ട്.
പക്ഷേ ചുറ്റുപാടുമുള്ള മലനിരകളിലെ മഞ്ഞിന്‍ പുതപ്പും മേഘാവരണവും അരുണന്റെ ആഗമനം എവിടെ നിന്നെന്നറിയാന്‍ വിഘ്നമായി നിന്നു.കുറെ സമയം ജനാലയിലൂടെ പുറം കാഴ്ചകള്‍ നോക്കി നിന്നു. നടക്കാന്‍ പോകണമെന്നുണ്ട്. പുറത്തെ വഴിയിലൊന്നും ആരെയും കാണുന്നില്ല. നായ്ക്കളുടെ കുര അപ്പോഴും തുടരുന്നു. അഞ്ചര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങാന്‍ തീരുമാനിച്ചു. ഹോട്ടലിന്റെ മുന്നിലൂടെയുള്ള വഴിയേ കുറെ നടന്ന് പ്രധാനപാതയിലെത്തി. മിലിട്ടറിയുടെ ഒരു ഹെലിപ്പാഡ് അവിടെയുണ്ട്.
മുന്‍പോട്ടു നടക്കുമ്പോള്‍ നീണ്ട മതില്‍ പോലെ കെട്ടിയ, മൂന്നു മകുടങ്ങളോടു കൂടിയ ഒരു നിര്‍മ്മിതിക്കു വലം വെച്ച് ജപമാലയും പ്രാര്‍ത്ഥനാമന്ത്രവുമായി ഏതാനും പേര്‍. വാഹനങ്ങളൊക്കെ വളരെ കുറവ്. ഞായറാഴ്ച ആയതിനാലാവാം. അപൂര്‍വ്വമായി കടന്നു പോകുന്ന മുഖങ്ങളിലൊക്കെ സൗഹാര്‍ദ്ദപൂര്‍ണ്ണമായൊരു പുഞ്ചിരി കാണാന്‍ കഴിഞ്ഞു. ചിലരൊക്കെ സുപ്രഭാതം ആശംസിക്കുന്നുമുണ്ട്. ജപമാലയില്‍ വിരലുകള്‍ കൊരുത്ത് മന്ത്രജപവുമായി അവരൊക്കെ നടന്നു മറയുന്നു. തിരക്കുകളൊന്നുമില്ലാതെ. 

കെട്ടിടങ്ങളൊക്കെ ഒരേ നിര്‍മ്മാണശൈലിയിലുള്ലതാണ്. പാരമ്പര്യത്തിനു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ല ചിത്രപ്പണികളോടു കൂടിയവ. ഭൂട്ടാന്റെ തലസ്ഥാനം, ഏറ്റവും വലിയ നഗരം, ഭരണസിരാകേന്ദ്രം എന്നീ വിശേഷണങ്ങളൊക്കെയുള്ള നഗരമാണെങ്കിലും ആ പ്രൗഢിയൊന്നും തിംഫുവില്‍ നമുക്കു കാണാനാവില്ല.  അംബരചുംബികള്‍ ഒന്നും തന്നെ യില്ല. വൃത്തിയും ഭംഗിയുമുള്ല, ഒട്ടും തന്നെ തിരക്കില്ലാത്ത നഗരപാത. അച്ചടക്കമുള്ള, ഉന്നതമായ പൗരബോധം പുലര്‍ത്തുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. ഈ ആധുനികയുഗത്തിലും പരമ്പരാഗത വസ്ത്രധാരണമാണ് ഇവിടുത്തെ ജനത സ്വീകരിച്ചിരിക്കുന്നത്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു പോലും ഇതില്‍ ഒരു മാറ്റവും വന്നിട്ടില്ല. 

  1961 ലാണ് തിംഫു ഭൂട്ടാന്റെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടത്. അതു വരെ പുനാഖയായിരുന്നു തലസ്ഥാനം.  കുറച്ചു നടന്നപ്പോള്‍ തിംഫുവിന്റെ ജീവനാഡിയായ വോങ്ങ് ച്ഷൂ  നദി കാണാറായി.
സ്ഫടികതുല്യമായ ജലധാരയുള്ല ഒരു ചെറിയ നദി. നദിയെ സംരക്ഷിക്കുന്നതില്‍ ജനങ്ങളും ഭരണകൂടവും അതീവ ശ്രദ്ധാലുക്കളാണ്. ഈ നദിയില്‍ കുളിക്കാനോ വസ്ത്രം കഴുകാനോ ഒന്നും അനുവാദമില്ല. ചൂണ്ടയിടുന്നതു പോലും നിരോധിച്ചിരിക്കയാണ്. നഗരത്തിന്റെ അഴുക്കു ചാലുകള്‍ ഒന്നും നദിയിലേയ്ക്കു തുറക്കുന്നുമില്ല. ഇരുകരകളിലും അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ഒന്നുമില്ല.  നദിക്കു കുറുകെയുള്ള പാലം കടക്കുമ്പോള്‍ കണ്ടു ഒരു ഭക്ത നദിയെ നോക്കി പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിടുന്നു. പ്രകൃതി, അതേതു രൂപത്തിലായാലും ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി തന്നെ. നദിയോരത്തെ വീഥിയിലൂടെ നടന്നു തീര്‍ക്കാവുന്നതേയുള്ളു തിംഫു നഗരം മുഴുവന്‍ എന്നു തോന്നി.
പാതയ്ക്കിരുപുറവും ഉള്ല മതിലുകളും വേലികളും ഒക്കെ വള്ളിറോസ് ചെടികള്‍ പടര്‍ത്തി നിറച്ചിരിക്കയാണ്. എല്ലായിടത്തും വെള്ലയും കടും ചുവപ്പും റോസാപ്പൂക്കളുടെ നിറവസന്തം.
പിന്നെ കായു് വന്നു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും പീച്ചും പിയറും പ്ലം മരങ്ങളും വാല്‍നട്ട് മരങ്ങളും എല്ലാം ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നിലേയ്ക്ക് ഒരു കിനാവിലെന്നപോലെ ഇറങ്ങി നടക്കുകയായിരുന്നു ഞങ്ങള്‍. കാബേജും കോളിഫ്ലവറും ബ്രോക്കൊലിയും ഉരുളക്കിഴങ്ങും വളര്‍ത്തിയിരിക്കുന്ന കൊച്ചു തൊടികളും ഇടയ്ക്കു കാണാം.
അപ്പോഴാണു ശ്രദ്ധിച്ചത് ഒരു നായ കുറേ സമയമായി ഞങ്ങളുടെ നിഴല്‍ പറ്റി നടക്കുന്നു. എതിര്‍വശത്ത് കുരച്ചുകൊണ്ടു വരുന്ന വേറെ കുറേ നായു്ക്കള്‍. തങ്ങളുടെ അധീനപ്രദേശത്തു അതിക്രമിച്ചു കടന്ന ശത്രുവിനെ തുരത്തുകയാണവര്‍. അതിര്‍ത്തി കടത്താതെ അവര്‍ മടങ്ങില്ല. കൂടെ വരുന്ന നായയ്ക്കു കൊടുക്കാന്‍ ബിസ്കട് വാങ്ങാനായി നോക്കിയിട്ട് കടകളൊന്നും തുറന്നിട്ടില്ല.  നല്ല തണുപ്പുമുണ്ട്. തണുപ്പു മറ്റാന്‍ ഞങ്ങള്‍ക്കും ഓരോ  ചായ കിട്ടിയിരുന്നെങ്കില്‍ എന്നുണ്ട്.
പക്ഷേ ഒരു കടയും തുറന്നിട്ടില്ല. ഹോട്ടലിലെ റെസ്ടോറന്റിലും ഏഴരയ്ക്കു ശേഷമേ ചായ ലഭിക്കൂ എന്നറിയിച്ചിരുന്നു. ഇവിടെയുള്ലവര്‍ രാവിലെ ചായ കുടിക്കുന്ന പതിവില്ലത്തവരാണോ? അതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ പിന്നീട് ഹോട്ടലുടമയാണു പറഞ്ഞത് അവര്‍ രാവിലെ ചൂടുവെള്ലമേ കുടിക്കാറുള്ളു. ചായ കുടിക്കുന്ന പതിവ് അവിടെ ഇല്ലത്രേ. എങ്കിലും ഇടയ്ക്കൊരു പെണ്‍കുട്ടി ചെറിയ ഒരു കട തുറക്കുന്നതു കണ്ട് അവിടെ കയറി കൂടെ വന്ന നായയ്ക്ക് ബിസ്കട് വാങ്ങി കൊടുത്തു. ചായ കുറച്ചു കഴിഞ്ഞു തരാമെന്നു പെണ്‍കുട്ടി പറഞ്ഞു. കുറച്ചു ദൂരം കൂടി നടന്ന് ഞങ്ങള്‍ തിരികെ വന്ന് ചായയും കുടിച്ചു ഹോട്ടലിലേയ്ക്കു മടങ്ങി.


പ്രഭാതസവാരിക്കിടയിലെ ചില കാഴ്ചകള്‍ അമ്പരപ്പിച്ചു എന്നു തന്നെ പറയാം. അവിടെ സ്കൂളുകളൊടു ചേര്‍ന്ന് വിവിധ കായിക വിനോദങ്ങള്‍ക്കായുള്ള കളിക്കളങ്ങള്‍ മനോഹരമായി സംരക്ഷിച്ചിരിക്കുന്നു.
രാവിലെ  തന്നെ പരിശിലനം നടത്തുന്ന താരങ്ങളേയും കാണാന്‍ കഴിഞ്ഞു. വലിയ മൈതാനവും സിന്തറ്റിക്ക് ട്രാക്കുമൊക്കെ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്നതു തന്നെ. നമുക്കതൊക്കെ അല്പം അസൂയയോടെയേ നോക്കി കാണാനാവൂ.
പ്രാര്‍ത്ഥനകള്‍ ആലേഖനം ചെയ്ത കൊടിക്കൂറകള്‍ പാറിക്കളിക്കുന്ന വഴിയോരങ്ങളില്‍ കൂടി നടന്ന് ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി. ചൂടുവെള്ലത്തില്‍ കുളി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ 8 മണിയകാറായി. റെസ്ടൊറന്റില്‍ പ്രഭാതഭക്ഷണമായി ആകെ ലഭിക്കുന്നതു ബ്രെഡ്ഡും ഓംലെറ്റും മാത്രം. ഓര്‍ഡര്‍ നല്‍കിയാല്‍ കുറെ സമയം കാത്തിരുന്നാലേ എന്തും ലഭിക്കൂ. വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്നൂണ്ട് എല്ലായിടവും. പൂക്കള്‍ കൊണ്ട് അലകൃതമാക്കി ആകര്‍ഷമാക്കിയിരിക്കുന്നു.   ഹോട്ടല്‍ നടത്തുന്നത് ചുറുചുറുക്കുള്ള കോളെജ് വിദ്യര്‍ത്ഥിയെന്നു തോന്നുന്ന ഒരു ചെറുപ്പക്കാരനാണ്.
ഇന്ത്യയില്‍ ആണു വിദ്യാഭ്യാസം നടത്തിയത്. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദം നേടിയ ആളാണ്. മെലിഞ്ഞു സുന്ദരിയായ ഭാര്യയും അവരുടെ അനുജത്തിയും സഹായത്തിനുണ്ട്. കൂടാതെ വേറെ ഏതാനും ജോലിക്കാരും. ജോലികളൊക്കെ എല്ലാവരും കൂടിയാണു ചെയ്യുന്നത്. മിക്കപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും ഒക്കെ ഹോട്ടലുടമയും ഭാര്യയും ആയിരിക്കും. അതാകട്ടെ സ്വന്തം ഭവനത്തില്‍ വിരുന്നിനെത്തിയ അടുത്ത സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എന്നപോലെ അതീവസ്നേഹത്തോടെയും. അവരും അവിടെ തന്നെയാണു താമസിക്കുന്നത്.
അവരുടെ  മൂന്നു വയസ്സുകാരന്‍ കുസൃതിക്കുരുന്ന് അവിടെയാകെ ഓടി നടന്നു കളിക്കുന്നുണ്ടാകും. ചവിട്ടിയും ഇടിച്ചുമൊക്കെയാണ് ആ കുഞ്ഞോമന അവന്റെ കളിപ്പാട്ടങ്ങളെ സ്നേഹിക്കുന്നത്. ചിലപ്പോള്‍ ആ രീതിയില്‍ തന്നെ അവന്‍ നമ്മളേയും സ്നേഹിച്ചുകളയും. അല്‍പം വേദനാജനകമാണെങ്കിലും കുഞ്ഞുങ്ങളുടെ സ്നേഹത്തിന് അതിന്റേതായ നൈര്‍മ്മല്ല്യം. ഓര്‍മ്മയില്‍ ഇപ്പോഴും ആ പൊന്നുണ്ണിയ്ക്ക് ഒരു ചക്കരമുത്തം ബാക്കി നില്‍ക്കുന്നു.

9 മണിയായപ്പോള്‍ സൈകത് വണ്ടിയുമായി യാത്രയ്ക്കു തയ്യാറായെത്തി. ആദ്യത്തെ യാത്ര ധോച്ചുലാ പാസ്സ് കാണുന്നതിനു വേണ്ടിയാണ്.   തിംഫുവില്‍ നിന്നു പുനാഖയിലേയ്ക്കുള്ള പാതയിലാണ് ധൊച്ചുലാ പാസ്സ്. അവിടേയ്ക്കു പോകാന്‍ പ്രത്യേക അനുമതി ആവശ്യമുണ്ട്. ഞായറാഴ്ചയായതുകൊണ്ട് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു സൈകത് പറഞ്ഞിരുന്നു. 10 30 നു അനുമതി ലഭിച്ചു. 11 30 നു മടങ്ങണമെന്ന കരാറില്‍. പുനാഖയിലേയ്ക്കു പോകാന്‍ കഴിയില്ല എന്നുറപ്പായി.
ഇടതൂര്‍ന്നു വളര്‍ന്ന പൈന്‍, ദേവതാരു, സൈപ്രസ്സ് മരങ്ങളു്ക്കിടയിലൂടെയുള്ള മലമ്പാതയിലൂടെയാണു യാത്ര.
മരം കൊണ്ടു നിര്‍മ്മിച്ച വീടുകളും കൗതുകക്കാഴ്ചയായി.  . ചുറ്റുപാടും വിവിധവര്‍ണ്ണങ്ങളിലെ പുഷ്പസഞ്ചയം.ഇടയ്ക്ക് എന്തൊക്കെയോ ചുമന്നുകൊണ്ടു പോകുന്ന കഴുതകളുടെ നീണ്ട നിര.
ഒക്കെയും കടന്ന് ചുരം കയറി മുകളിലെത്തിയാല്‍ കുന്നിന്‍ നെറുകയില്‍ ഒരു ക്ഷേത്രവും (ലാഖാങ്ങ് ) അതിനെ ചുറ്റി മൂന്നു നിരകളിലായി പണിതിരിക്കുന്ന 108 ചോര്‍ട്ടനുകളും ( യുദ്ധത്തില്‍ മരിച്ചവ്ര്‍ക്കുള്ല സ്മാരകം ) ഉണ്ട്.
ഇത് ഇവിടുത്തെ ഒരു പ്രധാന ആരാധനാസ്ഥലവും  ഒപ്പം വിനോദസഞ്ചാരകേന്ദ്രവുമാണ്. ഭൂട്ടാന്റെ ചരിത്രവും പൗരാണികശാസ്ത്രവും ഊടും പാവും നെയ്തിരിക്കുന്ന ഈ ക്ഷേത്രസമുച്ചയം നിര്‍മ്മിച്ചത് നാലാമത്തെ രാജാവായ ജിഗ്മെ സിഗ്യെ വാങ്ചുക്ക് ആണ്. ഏറ്റവും മുതിര്‍ന്ന രാജമാതാവായ അഷി ഡൊര്‍ജി വാങ്മോ വാങ്ചുക്ക് ആണ് 108 ചോര്‍ട്ടനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. അവിടെയും പാറിക്കളിക്കുന്ന ഉയരത്തിലുള്ള പ്രാര്‍ത്ഥനാപതാകകള്‍ കാണാം. 
സന്ദര്‍ശകര്‍ ഇവിടേയ്ക്കു പ്രവഹിക്കുന്നത് ഈ മലമുകളില്‍ നിന്നുള്ള അതീവഹൃദ്യമായ, തിംഫുവിന്റെ ദൃശ്യവിസ്മയം ആസ്വദിക്കുന്നതിനു കൂടിയാണ്. ഇവിടുത്തെ ഒരു വ്യൂ പോയിന്റില്‍ നിന്ന് ചൈനയുടെ അതിര്‍ത്തി കാണാമത്രേ. പക്ഷേ ഞങ്ങള്‍ ചെന്ന സമയത്ത് കട്ടിയുള്ള മൂടല്‍മഞ്ഞിന്റെ മേലാപ്പു വീണിരുന്നു അവിടെയാകെ. ഒന്നും കാണാന്‍ കഴിയത്ത അവസ്ഥ. അധികസമയം കാഴ്ചകള്‍ക്കായി കാത്തിരിക്കാനും വയ്യ. 11. 30 നു മടങ്ങണം. അതുകൊണ്ട് നിരാശയോടെയെങ്കിലും ഞങ്ങള്‍ ധോച്ചുലാ പാസ്സില്‍ നിന്നു മടങ്ങി. 


ഭൂട്ടാന്‍ ഭുദ്ധസന്യാസിമാരുടെ പഠനകേന്ദ്രങ്ങളുടേയും നാടാണ്. അവിടുത്തെ ഒരു മൊണാസ്ട്രിയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. എല്ലാ മൊണാസ്ട്രികള്‍ക്കും ഏതാണ്ട് ഒരേ ഛായയാണ്.
കരിഞ്ചുവപ്പു വസ്ത്രങ്ങളണിഞ്ഞ പലപ്രായത്തിലെ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്നിടം. അവരുടെ പ്രാര്‍ത്ഥനാ സമയത്തായിരുന്നു ഞങ്ങളെത്തിയത്. ഉച്ചത്തില്‍ കേള്‍ക്കുന്ന മന്ത്രോച്ചാരണങ്ങള്‍. എല്ലായിടത്തും പ്രാര്‍ത്ഥനാ ചക്രങ്ങള്‍.
 അകത്ത് വിവിധ വലുപ്പത്തില്‍ ബുദ്ധവിഗ്രഹങ്ങളും മറ്റു ദൈവവിഗ്രഹങ്ങളും ഒക്കെയുണ്ട്.   കൂട്ടത്തില്‍ ഗ്രന്ഥപാരായണം നടത്തുന്ന ഒരു ഗണപതിയുടെ വിഗ്രഹവും കണ്ടു. അവിടെ കത്തിച്ചു വെയ്ക്കുന്ന ചന്ദനത്തിരികളുടെ ധൂളിയും വിളക്കിലെ എണ്ണയുടേയും  ഒക്കെ കൂടിയുള്ള സാന്ദ്രമായൊരു ഗന്ധം..
അതത്ര സുഖകരമായി നമുക്കു തോന്നുകയില്ല. അതുകൊണ്ടു തന്നെ ആ അന്തരീക്ഷത്തില്‍ അധികം സമയം ചെലവഴിക്കാനുമാവില്ല. ഞങ്ങളുടെ സഹയാത്രികര്‍ക്ക് അവിടെ നേര്‍ച്ചയും മറ്റും നടത്തേണ്ടിയിരുന്നു.
അതു കഴിഞ്ഞ് അവിടെ നിന്നു മടങ്ങുകയും ചെയ്തു. വീണ്ടും കുന്നിന്‍ മുകളിലെ  ചില പൗരാണികസ്മാരകങ്ങളിലേയ്ക്കു പോയി. അവിടെ നിന്നുള്ള തിംഫുവിന്റെ ദൂരക്കാഴ്ച അവിസ്മരണീയം. താഴ്വരമദ്ധ്യത്തിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരവും

പ്രാന്തപ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കൃഷിസ്ഥലങ്ങളും ഒക്കെ ചേര്‍ന്ന് പ്രകൃതിയുടെ ക്യാന്‍വാസിലെ മനോഹര ബഹുവര്‍ണ്ണ ചിത്രം അതീവഹൃദ്യമായിരുന്നു. അവിടെയുള്ല ക്ഷേത്രവും സ്മാരകങ്ങളും ഒക്ക  കൂടി സന്ദര്‍ശിച്ചശേഷം സൈകത് ഹോട്ടലിലേയ്ക്കു വണ്ടിയോടിച്ചു. 



9 comments:

  1. അവര്‍ നദിയെ സംരക്ഷിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ സിംഗപ്പൂര്‍ സിറ്റിയുടെ നടുവിലൂടെ ഒഴുകുന്ന നദിയെ അവര്‍ സംരക്ഷിക്കുന്നതും, ചെന്നൈ നഗരത്തിലൂടെ നാറ്റവും അഴുക്കും വഹിച്ചുകൊണ്ട് ഒഴുകാതെ നിശ്ചലമായ കൂവം നദിയും ഓര്‍ത്തു. നദികള്‍ ഓരോ രാജ്യത്തിന്റെയും സംസ്കാരത്തിലേക്കുള്ള ചൂണ്ടുപലകകള്‍ കൂടിയാണ്

    ReplyDelete
    Replies
    1. അതെ സര്‍. നമ്മള്‍ ഇനിയും ഒരുപാടു മുന്നോട്ടുപോകേണ്ടിയിരിക്കുന്നു ഇതിലൊക്കെ.
      നന്ദി. സന്തോഷം, സ്നേഹം :)

      Delete
  2. I feel like visiting Bhutan after reading this most graphic description!Congratualtions a MILLION!

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ.. സന്തോഷം സ്നേഹം :)

      Delete
  3. വായനാസുഖം തരുന്ന വിവരണം തന്നെയാണ്......
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സര്‍, സ്നേഹം

      Delete
  4. വായനാസുഖം തരുന്ന വിവരണം തന്നെയാണ്......
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സര്‍, സ്നേഹം

      Delete
  5. ദേവേട്ടാ, ഒരുപാടു സന്തൊഷം, സ്നേഹം

    ReplyDelete