Thursday, August 20, 2015

പൂക്കളവും ഓണച്ചിന്തകളും

ഓണമെന്നു ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം  മനസ്സില്‍ നിറഞ്ഞുവരുന്ന ചിത്രം പൂക്കളത്തിന്റേതാണ്. ഒരുപക്ഷേ മാവേലിപോലും പിന്നെയേ എത്തൂ എന്നാണെന്റെ പക്ഷം. അതിനു കാരണവും മറ്റൊന്നല്ല. അത്തം മുതലുള്ള പൂക്കളമിടലാണല്ലോ ഓണാരംഭം. നമ്മുടെ മലയാളക്കരയിലല്ലാതെ വേറെ ലോകത്തെവിടെയെങ്കിലും ഇങ്ങനെ പൂക്കളമിടാറുണ്ടോ എന്നു സംശയം. ആഘോഷവേളകളില്‍  മറ്റു ദിക്കുകളിലൊക്കെ നിറങ്ങള്‍ കൊണ്ട് രംഗോളി തീര്‍ക്കുന്ന പതിവുണ്ട്. അരിപ്പൊടിക്കോലവും സുപരിചിതം എന്നാല്‍ പ്രകൃതിയുടെ നിറച്ചാര്‍ത്തിലൂടെ ആമോദമുണര്‍ത്തുന്ന ചിത്രഭംഗി നമുക്കു മാത്രം സ്വന്തം .

 എന്റെ കുട്ടിക്കാലത്ത് , അച്ഛന്റെ തൃക്കൊടിത്താനത്തെ തറവാടിനോടു ചേര്‍ന്നു കിടക്കുന്നു എന്റെ പൂക്കളസ്മരണകള്‍ . അച്ഛന്റെ ജ്യേഷ്ഠന്റെ മക്കളും അപ്പച്ചിയുടെ മക്കളും എന്റെ ചേച്ചിയും ഞാനും, പിന്നെ വേറെയും ബന്ധുക്കളും അയല്‍ക്കാരുമായ കുട്ടികളും ചേര്‍ന്ന ഞങ്ങളുടെ ബാലസംഘം. തൊട്ടടുത്ത കൈപ്പുഴയില്ലത്തെ അമ്പലമുറ്റത്ത് പിള്ളാരോണം മുതല്‍ പൂവിടല്‍ തുടങ്ങും ചാണകം മെഴുകിയ ചെറിയൊരു വട്ടത്തില്‍ തുമ്പപ്പൂവും തുളസിപ്പൂവും മാത്രം നിരത്തിയ പൂക്കളം. അത്തം നാള്‍ മുതലാണ് യഥാര്‍ത്ഥപൂക്കളം വരുന്നത്. ഞങ്ങള്‍ക്കും ആ പൂക്കളമാണു മാതൃക.

 തലേദിവസം രാത്രി തന്നെ വലിയ കളം ചാണകം മെഴുകി , മദ്ധ്യത്തില്‍ മണ്ണുകുഴച്ചുണ്ടാക്കിയ തൃക്കാക്കരപ്പനെ പ്രതിഷ്ഠിക്കും. അതിലും ചാണകം പൂശി ശുദ്ധിവരുത്തി തയ്യാറാക്കി വെയ്ക്കും അത്തം നാള്‍ തുമ്പപ്പൂവും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക. ഒരു പച്ചീര്‍ക്കിലിയില്‍ വെള്ളപ്പൂക്കള്‍ മാത്രം കൊരുത്ത ഒരു പൂക്കുടയും വെയ്ക്കും. മറ്റു ദിവസങ്ങളില്‍ നിറമുള്ള പൂക്കള്‍ കൊണ്ടാവും കളമൊരുക്കുന്നത്. സ്കൂളില്‍ നിന്നു തന്നെ പൂക്കള്‍  ശേഖരിക്കാന്‍ തുടങ്ങും. മഴയൊന്നും ഒരു പ്രശ്നമേയല്ല.  വൈകുന്നേരം വന്നാല്‍ ഉടുപ്പു മാറിയിട്ട് പൂപറിച്ചിടാനുള്ള ഓലവട്ടിയുമായി ഒരോട്ടമാണ്. എല്ലാ മുറ്റത്തേയും പൂക്കള്‍ കുട്ടികള്‍ക്കു സ്വന്തം. പിറ്റെ ദിവസം വിരിയേണ്ട പൂക്കളുടെ മൊട്ടാണു പറിച്ചെടുക്കുക. വെള്ളം തളിച്ചു വെച്ചാല്‍ രാവിലെ വിടര്‍ന്നിരിക്കും.തുമ്പയും കാശിത്തുമ്പയും  ചെത്തിയും ചെമ്പരത്തിയും കദളിപ്പൂവും കനകാംബരവും മൂക്കുത്തിപ്പൂവും മുക്കുറ്റിപ്പൂവും കാക്കപ്പൂവും ശംഖുപുഷ്പവും.... പറഞ്ഞാല്‍ തീരില്ല. ഇതൊന്നും കൂടാതെ കയ്യാലകളില്‍ പടര്‍ന്നു കിടക്കുന്ന തേങ്ങാപ്പീരയെന്ന പച്ചിലത്തുടിപ്പും ..ചെറിയകുട്ടികള്‍ നിറം തിരിച്ചു പൂക്കള്‍ വേര്‍തിരിക്കും. ചേച്ചിമാരും ചേട്ടന്മാരുമാണു അതു മനോഹരമായി പൂക്കളമായി തീര്‍ത്തെടുക്കുന്നത്.  പൂക്കളം കണികണ്ടു വേണം സൂര്യഭഗവാന്‍ മുറ്റത്തെത്താന്‍ എന്നാണു പ്രായമായവര്‍ പറഞ്ഞു തന്നത്.   മഴയുണ്ടെങ്കില്‍ കുടകള്‍ നിവര്‍ത്തിവെച്ചു പൂക്കളം കുറേ നേരത്തേയ്ക്കെങ്കിലും സംരക്ഷിക്കും.

 ഓരോ ദിവസവും പൂക്കുടയുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നും ആദ്യം തൃക്കാക്കരപ്പന്റെ മുകളില്‍ ഓലക്കാല്‍ കൊണ്ട് വാച്ചുപോലെ ഒരു വട്ടമുണ്ടാക്കി ഉറപ്പിച്ച് അതില്‍ തുമ്പപ്പൂ ഇടുകയാണു ചെയ്യുന്നത്. പിന്നെയാണു മറ്റു പൂക്കള്‍ നിരത്തുക. മൂലം നാള്‍ മാത്രം ചതുരപ്പൂക്കളമായിരിക്കും. കാരണമൊന്നും അറിഞ്ഞിരുന്നില്ല. തിരുവോണദിവസം ഏഴുവെളുപ്പിനു തന്നെ പൂക്കളമിടും. അന്ന് പത്തു പൂക്കുടയുണ്ടാകും.  നിലവിളക്കു കൊളുത്തിവെച്ച്,  പൂവട നേദിച്ച്, അമ്പെയ്തു പൂവടയെടുക്കണമെന്നാണ്. അമ്പെയ്താലൊന്നും ആര്‍ക്കും അട കിട്ടാറില്ല. അതു പിന്നെ കൈകൊണ്ടു തന്നെ എടുത്തെല്ലാവരും കഴിക്കും . പിന്നെ ആര്‍ക്കും പൂക്കളക്കാര്യമൊന്നും ഓര്‍മ്മ കാണില്ല. ഓണക്കോടിയും ഓണസദ്യയും ഓണക്കളികളും ഊഞ്ഞാലാട്ടവും.

ഇപ്പോള്‍ എല്ലാം ഓര്‍മ്മകള്‍ മാത്രം . ചന്തയില്‍ കിട്ടുന്ന പൂക്കളും പ്ലാസ്റ്റിക്ക് പൂക്കളും കൊണ്ടുണ്ടാക്കുന്ന പൂക്കളം. ഇനി എന്നാണോ ചൈനക്കാരുണ്ടാക്കിയ ഇന്‍സ്റ്റന്റ് പൂക്കളം നമ്മുടെ നാട്ടില്‍ കച്ചവടത്തിനെത്തുന്നതെന്നറിയില്ല. ഇപ്പോള്‍ സദ്യപോലും ഇന്‍സ്റ്റന്റായ സ്ഥിതിക്ക് അതും വിദൂരത്തായിരിക്കില്ല. എങ്കിലും പൊയ്പ്പോയ ഏതോ നല്ലകാലത്തിന്റെ മധുരസ്മരണക്ളും പേറി എന്നും മലയാളിയുടെ മനസ്സുകളില്‍ ഓണമെത്താതിരിക്കില്ല. മാവേലിത്തമ്പുരാന്റെ കഥകള്‍ ആവേശം കൊള്ളിക്കാതെയുമിരിക്കില്ല. അതെന്നും നമ്മുടെ സ്വപ്നമാണ്. കള്ളവും  ചതിയുമില്ലാത്ത, മാനുഷരെല്ലാരും ഒന്നുപോല്‍ ജീവിച്ച ആ നല്ല കാലം. ആ സങ്കല്‍പമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നമുക്കു നന്മകളുള്ള ഒരു നല്ല നാളെയെ സ്വപ്നം കാണാനാവൂ.

ഒരു നല്ല ദിവസം എല്ലാവര്‍ക്കും ആശംസിക്കുന്നു.



3 comments:

  1. ഓണം വരുന്നു എന്ന് കേള്‍ക്കുമ്പോഴേയ്ക്കും അമ്മയ്ക്ക് വെപ്രാളവും ഭയവുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് സന്തോഷവും

    ദാരിദ്ര്യമോര്‍ത്ത് അമ്മയുടെ ഭയം
    ഒരുനേരത്തെ ആഘോഷമോര്‍ത്ത് ഞങ്ങള്‍ക്ക് സന്തോഷം

    ReplyDelete
  2. അന്നൊക്കെ ഓണം അടുക്കുമ്പോള്‍ പാടത്ത് കൊയ്ത്തും,വീട്ടില്‍ കറ്റമെതിയും തകൃതിയായിട്ട്‌....................
    ആശംസകള്‍

    ReplyDelete