Tuesday, February 2, 2016

ഉപ്പ്

ആദ്യമറിഞ്ഞു ഞാനുപ്പിന്റെ മധുരം
അമ്മയെന്‍  നാവിലുറ്റിച്ച മുലപ്പാലില്‍
അതു സ്നേഹമാണെന്നുമതു ത്യാഗമാണെന്നും
അറിയുവാന്‍ വൈകിയെന്നെങ്കിലും ..

പിന്നെക്കളിക്കൂട്ടുകാര്‍ തന്‍ വിയര്‍പ്പാര്‍ന്ന
കൈകളില്‍ നിന്നും കവര്‍ന്ന നെല്ലിക്കയില്‍
കളവേതുമില്ലാത്ത സ്നേഹമുപ്പായ് നിറ-
ഞ്ഞേകി പുളിപ്പും ചവര്‍പ്പും മധുരവും .

പ്രണയം ജ്വലിച്ചു നില്‍ക്കും സൂര്യനായെന്റെ
പകലുകള്‍ക്കൂര്‍ജ്ജം പകര്‍ന്നൊരാ നാള്‍കളില്‍
ഒരു കടല്‍ക്കാറ്റിന്റെ തരളമാം സ്പര്‍ശമായ്
നിന്‍മധുരമെന്‍ നാവിലമൃതം നിറച്ചുവോ..

നിനയ്ക്കാത്തവഴിയിലൂടേതോ തണല്‍തേടി
അലയുന്ന യാത്രയില്‍ നിന്നെയറിയുന്നു ഞാന്‍
കണ്ണീരിലിഴചേര്‍ത്ത മധുരമായ് മൗനമായ്
ഉയരാത്ത തേങ്ങലിന്‍ ഉറയുന്ന നോവായി

നിന്‍ ധവള മന്ദസ്മിതത്തിന്റെ കാന്തിയില്‍
സര്‍വ്വവര്‍ണ്ണങ്ങളും ചേര്‍ന്നലിഞ്ഞീടുന്നു
നിന്‍ പരല്‍ ഭംഗിയില്‍ ജീവിതത്തിന്‍ രൂപ
വൈവിധ്യമൊക്കെയും സമ്മേളിച്ചീടുന്നു

ഒരു നീര്‍ക്കണത്തില്‍ നിന്‍  ശുദ്ധിതന്‍ വര്‍ണ്ണവും
രൂപവും ചന്തവും മാഞ്ഞു പോയീടിലും
രസനയ്ക്കു നീ കനിഞ്ഞേകുന്ന നനവാര്‍ന്ന
നിനവിന്റെ ഉപ്പാര്‍ന്ന മധുരമീ ജീവിതം !






2 comments:

  1. നീ ഭൂമിയുടെ ഉപ്പാകുന്നു

    ReplyDelete
    Replies
    1. സന്തോഷം സര്‍, സ്നേഹം

      Delete