Wednesday, November 26, 2025

മൊധേര സൂര്യക്ഷേത്രം

 മൊധേര സൂര്യക്ഷേത്രം

======================


സൂര്യക്ഷേത്രം എന്നുകേൾക്കുമ്പോൾ നമുക്കാദ്യം ഓർമ്മവരുന്നതു ഒറീസയിലെ കൊണാർക്ക് സൂര്യക്ഷേത്രമാണല്ലോ. എന്നാൽ അതിനും രണ്ടുനൂറ്റമ്ണ്ടുമുമ്പ് നിർമ്മിക്കപ്പെട്ട ഒരു സൂര്യക്ഷേത്രം നമ്മുടെ രാജ്യത്തുണ്ട്.   ഗുജറാത്തിലെ  മെഹ്‌സാന ജില്ലയിലെ മൊധേര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ  ആ സൂര്യക്ഷേത്രമാണ്  മൊധേര സൂര്യക്ഷേത്രം. ഹിന്ദുമതവിശ്വാസത്തിൽ സൂര്യൻ ദൃശ്യദൈവമാണ്, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുന്ന ഊർജ്ജ സ്രോതസ്സാണ്. വേദങ്ങൾ അനുസരിച്ച്, സൂര്യൻ പ്രപഞ്ചത്തിന്റെ പ്രാണൻ അഥവാ  ആത്മാവാണ്.  അതിനാൽത്തന്നെ സൂര്യാരാധന അനിവാര്യവുമായിരുന്നതിനാൽ സൂര്യക്ഷേത്രത്തിന്റെ പ്രസക്തി വലുതായിരുന്നു .   പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും   ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന  പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജനങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു  പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം  നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.



ചൗലൂക്യ രാജവംശത്തിലെ ഭീമൻ ഒന്നാമന്റെ ഭരണകാലത്ത് (1026-27 CE )  നിർമ്മിച്ചു എന്ന് പറയപ്പെടുന്നത്  മനോഹരമായ ഈ ക്ഷേത്രം ഗുജറാത്തിന്റെ ക്ഷേത്രവാസ്തുവിദ്യക്ക് പേരുകേട്ടതാണ്. മരു-ഗുർജാര ശൈലിയിൽ നിർമ്മിച്ച  ക്ഷേത്ര സമുച്ചയത്തിന്  ഗുഢമണ്ഡപ എന്നറിയപ്പെടുന്ന ശ്രീകോവിൽ ഗർഭഗൃഹം, അതിനുപുറത്തുള്ള  സഭാമണ്ഡപം, സൂര്യകുണ്ഡ് എന്നും  രാമകുണ്ഡ് എന്നും അറിയപ്പെടുന്ന പുണ്യതീർത്ഥം എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട് .   


പടിക്കിണർ രൂപത്തിലുള്ള, പച്ചനിറത്തിലെ ജലം  നിറഞ്ഞ  സൂര്യകുണ്ഡ്  ആണ് ഈ ക്ഷേത്രത്തിലെത്തുന്നവരെ ഏറ്റവുമധികം ആകർഷിക്കുന്നത്. പൊതുവേ ക്ഷേത്രങ്ങളോടനുബന്ധിച്ച് ആരാധനക്കെത്തുന്നവർക്കു  ദേഹശുദ്ധി വരുത്തുന്നതിനും അർഘ്യം ചെയ്യുന്നതിനും   ക്ഷേത്രക്കുളവും കാണുമല്ലോ. എന്നാൽ മറ്റുക്ഷേത്രക്കുളങ്ങളിൽനിന്നു വ്യത്യസ്തമായി ഈ ക്ഷേത്രക്കുളത്തിലെ പടവുകളിൽ കൊത്തിവെച്ചിരിക്കുന്ന, വിഗ്രഹപ്രതിഷ്ഠകളോടുകൂടിയ     ചെറിയ ക്ഷേത്രങ്ങളുടെ സാന്നിധ്യമാണ്. തുടക്കത്തിൽ ഇത്തരം  108 ആരാധനാലയങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു, പക്ഷേ അവയിൽ മിക്കതും കാലക്രമേണ ജീർണിച്ചുപോയി.  അവശേഷിക്കുന്നവ  വളരെ മനോഹരമാണ്. 




സൂര്യകുണ്ഡിൽ നിന്ന് പടവുകളിലൂടെ മുകളിലേക്ക് കയറിക്കഴിഞ്ഞാൽ രണ്ട് വലിയ സ്‌തംഭങ്ങൾക്കിടയിലൂടെ   മുകളിലേക്ക് കയറാൻ  കൽപ്പടവുകൾ  കാണാം. ഈ സ്‌തംഭങ്ങൾ  "കീർത്തി തോരൺ" എന്നറിയപ്പെടുന്നു. അവ മുമ്പ് ക്ഷേത്രത്തിന്റെ കമാനരൂപത്തിലുള്ള  പ്രവേശനകവാടമായിരുന്നു. എന്നാൽ ഇപ്പോൾ മുകളിലെ  കമാനം അപ്രത്യക്ഷമായിരിക്കുന്നു.  പിന്നീടെത്തുന്നത്  ഉയർന്ന ഒരു സ്തംഭത്തിൽ നിലകൊള്ളുന്ന  അഷ്ടഭുജാകൃതിയിലുള്ള സഭാമണ്ഡപത്തിലേക്കാണ് എല്ലാദിക്കിൽനിന്നും പ്രവേശിക്കാവുന്നവിധം കല്പടവുകളുമുണ്ട് . വർഷത്തിലെ 52 ആഴ്ചകളെ പ്രതിനിധീകരിക്കുന്ന 52 മനോഹരമായി കൊത്തിയെടുത്ത കൽതൂണുകളാണ് മേലാപ്പിനെ  താങ്ങിനിർത്തുന്നത്. ഇവയിൽ  രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ ശില്പരൂപേണ  ആലേഖനം ചെയ്തിരിക്കുന്നു .


പുറംഭാഗംപോലെതന്നെ  താഴികക്കുടത്തിനുൾഭാഗവും  വളരെ ആകർഷകവും പുഷ്പരൂപങ്ങൾകൊണ്ട് അലംകൃതവുമാണ് . അകത്തും പുറത്തും  സങ്കീർണ്ണമായ  അതിസൂക്ഷ്മശില്പവേലകളാൽ സമൃദ്ധമായ  ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ഘടനയാണിത്. 



സഭാമണ്ഡപം കടന്നെത്തുന്നത് ഗുഢമണ്ഡപം എന്നറിയപ്പെടുന്ന പ്രധാന ക്ഷേത്രഭാഗത്തേക്കാണ്. കമഴ്ത്തിവെച്ചോരു താമരപ്പൂവിന്റെ ആകൃതിയിലുള്ള സ്തംഭത്തിനു മുകളിലായി   ശ്രീകോവിലിൽ നിലകൊള്ളുന്നു . സൂര്യദേവന്റെ സ്വർണ്ണത്തിൽതീർത്ത മൂർത്തീരൂപത്തെ പ്രതിഷ്ഠിച്ചിരുന്ന ഗർഭഗൃഹം ഇന്ന്  ശൂന്യമാണ്. കിഴക്കുഭാഗത്തെ വാതിലും മറ്റുമൂന്നുഭാഗങ്ങളിൽ സൂക്ഷ്മമായ  സുഷിരങ്ങൾ കൊത്തിയ ശിലാജാലകങ്ങളുമായിരുന്നു. തെക്കുഭാത്തെ ജാലകം ഇന്ന് കാണാനില്ല.  വടക്കുഭാഗത്തേതാകട്ടെ  തകർന്നനിലയിലും.   താഴികക്കുടത്തെ താങ്ങിനിർത്തിയിരുന്ന എട്ടു ശിൽപാലംകൃതമായ സ്തംഭങ്ങൾ അഷ്ടദിക്കുകളെ പ്രതിനിധീകരിക്കുന്നു. ഉൾവശത്തെ ചുവരുകളിൽ  പന്ത്രണ്ട് സൂര്യമുഖങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. അവ  വർഷത്തിലെ 12 മാസങ്ങളെ പ്രതിനിധീകരിക്കുന്നു. ശ്രീകോവിലിന്റെയും ക്ഷേത്രത്തിന്റെയും പുറം ചുവരുകൾക്കിടയിലൂടെ    പ്രദക്ഷിണമാർഗ്ഗം. 



 സൂര്യവിഷുവദിനങ്ങളിൽ ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ വിഗ്രഹത്തിന്റെ നെറ്റിയിൽ നേരിട്ടുപതിക്കുന്ന രീതിയിലാണ് ഗുഢമണ്ഡപത്തിന്റെ രൂപകൽപ്പന.  സ്വർണ്ണവിഗ്രഹത്തിന്റെ ഫാലസ്ഥലത്തു പതിച്ചിരുന്നു അമൂല്യരത്നക്കല്ലിൽനിന്നുള്ള പ്രകാശപ്രതിഫലനംകൊണ്ട് ക്ഷേത്രം മുഴുവൻ പ്രകാശിതമാകുമായിരുന്നത്രേ! ധാരാളം സ്വർണ്ണവും വിലമതിക്കാനാവാത്ത നിരവധി രത്നങ്ങളുംകൊണ്ടലങ്കരിച്ച പീഠത്തിലായിരുന്നു വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. മുഹമ്മദ് ഗസ്നിയും  അലാവുദ്ദീൻ ഖിൽജിയും ഗുജറാത്ത് ആക്രമിച്ചപ്പോൾ  ഈ നിധി ലക്ഷ്യമിട്ടു ക്ഷേത്രത്തെ കൊള്ളയടിച്ചിരുന്നു. വിഗ്രഹവും രത്നങ്ങളും കവർന്നതോടൊപ്പം ക്ഷേത്രത്തിലെ ദേവന്മാരുടെയും ദേവതകളുടെയും നിരവധി വിഗ്രഹങ്ങളും ആക്രമണകാരികൾ വികൃതമാക്കി. ക്ഷേത്രശിഖരവും ഇന്നില്ല. വിഗ്രഹം നഷ്ടമായതോടെ ആരാധനയും ഇല്ലാതായി.  


ഭൂതലത്തിൽനിന്നു  പല നിരകളിലായി ഉയരത്തിലേക്കെത്തുംവിധം  നിർമ്മിച്ചിരിക്കുന്ന  ക്ഷേത്രത്തിന്റെ പുറം ചുവരുകളും അതിമനോഹരമായ ശിലാശില്പവേലകൾ നിറഞ്ഞതാണ്.  കമഴ്ത്തിവെച്ചിരിക്കുന്ന താമരപ്പൂവിന്റെ ശിലാസ്തംഭത്തിനുമുകളിൽ 'ഗജ് പീഠിക'  എന്നറിയപ്പെടുന്ന 365 ആനകളെ കൊത്തിയ പീഠമാണ്.   വർഷത്തിലെ ദിനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഈ  365 ആനകൾ. അതിനുമുകളിലായി വരുന്ന   നരതാരയിൽ  വിവിധ ഭാവങ്ങളിലുള്ള മനുഷ്യരൂപങ്ങൾ. പ്രധാന ക്ഷേത്രത്തിന് ചുറ്റും, വർഷത്തിലെ 12 മാസങ്ങളെയും അവയിലെ  സൂര്യന്റെ വ്യത്യസ്ത വശങ്ങളെയും പ്രതിനിധീകരിക്കുന്ന 12 സൂര്യദേവശില്പങ്ങളും "ദ്വാദശ് ഗൗരി" എന്നറിയപ്പെടുന്ന  12 ദേവീശില്പങ്ങളും  ഉണ്ട്. ഈ വലിയ ശില്പങ്ങൾക്കുപുറമെ നിരവധിയായ പൂർണ്ണതയാർന്ന ശില്പരൂപങ്ങളിലൂടെ ലൈംഗികബന്ധം തുടങ്ങി  ശിശുജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ, ദിനചര്യകൾ,  ആഘോഷങ്ങൾ  എന്നിവയൊക്കെ  ചിത്രീകരിച്ചിരിക്കുന്നു. മൊത്തത്തിൽ നോക്കിയാൽ  വിസ്മയിക്കുംവിധം  പൂർണ്ണതയുള്ള ജ്യാമിതീയഘടകങ്ങളാണ് ക്ഷേത്രനിർമ്മാണത്തിന്റെ ഏറ്റവുംവലിയ സവിശേഷത. ഈ ക്ഷേത്രസംബന്ധിച്ചുള്ള മറ്റൊരു  വളരെ പ്രധാനമായ സംഗതി, ഉത്തരായണരേഖ അഥവാ  കർക്കടകരേഖയിലാണ് (ട്രോപ്പിക്ക് ഓഫ് കാൻസർ) ഇതിന്റെ സ്ഥാനമെന്നതാണ്. ഗ്രീഷ്മകാലത്ത് നട്ടുച്ചയ്ക്ക്  സൂര്യൻ ക്ഷേത്രത്തിന്റെ നേരെ  മുകളിലെത്തുന്നതുകൊണ്ടു നിഴലിൽ വീഴ്ത്തുകയില്ല.  


കാലത്തിന്റെയും നിരവധി ആക്രമണങ്ങളുടെയും പരീക്ഷണങ്ങളെ അതിജീവിച്ച ഈ  വാസ്തുവിദ്യാവിസ്മയം   കലാശാസ്ത്രവിഷയങ്ങളിലെ  സമ്പന്നവും മഹത്വപൂർണ്ണവുമായ നമ്മുടെ ഭൂതകാലത്തിന്  സാക്ഷ്യം വഹിക്കുന്നു. 


രാവിലെ ആറുമണിമുതൽ വൈകുന്നേരം എട്ടുമണിവരെയാണ് സന്ദർശനസമയം. എങ്കിലും ചിലപ്പോൾ സമയമാറ്റം ഉണ്ടാകാം.  ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്‌. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഒരു മ്യൂസിയവും ഈ പരിസരത്തുണ്ട്. വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മ്യൂസിയം തുറന്നിരിക്കും.  കൂടാതെ "ഉത്തരായൻ" എന്ന പട്ടം പറത്തൽ ഉത്സവത്തിന് ശേഷം ഗുജറാത്ത് ടൂറിസം കോർപ്പറേഷൻ ജനുവരിമാസത്തിൽ നടത്താറുള്ള മൊധേര നൃത്തോത്സവവും വളരെ പ്രസിദ്ധമാണ്. സൂര്യക്ഷേത്രത്തിന്റെ മനോഹരമായ പശ്ചാത്തലത്തിൽ രാജ്യത്തിൻറെ  വിവിധപ്രദേശങ്ങളിൽ നിന്നുള്ള  ശാസ്ത്രീയനൃത്തങ്ങളും സംഗീതവും വിവിധ കലാരൂപങ്ങൾക്കൊപ്പം പ്രദർശിപ്പിക്കുന്ന ഈ അതുല്യ നൃത്തോത്സവം നിരവധി കലാസ്വാദകരെ ഇവിടേക്ക് ആകര്ഷിക്കുന്നുമുണ്ട്. 2022 ഒക്ടോബറിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്ഷേത്രത്തിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 3-ഡി പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ഹെറിറ്റേജ് ലൈറ്റിംഗും ഉദ്ഘാടനം ചെയ്തു. ഇതും  തികച്ചും വേറിട്ട  അനുഭവമാണ്. സവിശേഷതകൾ ഏറെയുള്ള ഈ  ക്ഷേത്രത്തിന്റെ കീർത്തികിരീടത്തിൽ ഇത് മറ്റൊരു പൊൻതൂവൽ കൂടി ചേർക്കുന്നു. .

 


  

Friday, November 7, 2025

കിഴക്കനേഷ്യൻ മരതകമണികൾ - 1

കിഴക്കനേഷ്യൻ മരതകമണികൾ 

 1 .വെള്ളാനകളുടെ നാട്ടിൽ


=====================================================


.''ഈ വിശ്വം ഒരു ഗ്രന്ഥമാണ്. സഞ്ചരിക്കാത്തവർ അതിൽ ഒരേടുമാത്രമേ  വായിക്കുന്നുള്ളു''  ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന  സെയിന്റ് അഗസ്റ്റിന്റെ വാക്കുകളാണ്.


ഓരോ യാത്രകളും നമുക്കു നൽകുന്നത് ഒരായിരം അറിവുകളുടെ അക്ഷയഖനികളാണ്,  വിജ്ഞാനത്തിന്റെ വെളിച്ചത്തുരുത്തുകളാണ്. യാത്രകൾ നമ്മളെ  ഉദ്ബോധിപ്പിക്കുന്നത് ഈ പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനം എത്ര സൂക്ഷ്മമാണെന്നാണ്. ആ അറിവ് നമ്മെ കൂടുതൽക്കൂടുതൽ വിനയാന്വിതരാക്കും. സഹജീവികളെ സ്നേഹിക്കാൻ മനസ്സിന് കൂടുതൽ വ്യാപ്തിനൽകും.


2025   ഫെബ്രുവരി 13 നാണു കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി ഒരു യാത്രപുറപ്പെട്ടത്.


ലോകസഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ 'സഞ്ചാരം' യാത്രാസംഘത്തിലായിരുന്നു ഞങ്ങളുടെ യാത്ര. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെ കാത്തിരുന്നൊരു യാത്രയായിരുന്നു. ഏതാനുംദിവസംമുമ്പ് ഒരു സൂംമീറ്റിങ് നടത്തി സന്തോഷ് സാറും അദ്ദേഹത്തിന്റെ മകളും മാനേജിങ് ഡിറക്ടർമാരിൽ ഒരാളുമായ ശാരിക, ടൂർ മാനേജർ എന്നിവരും ചേർന്നു യാത്രികർക്ക് വേണ്ട നിർദ്ദേശങ്ങൾ  നൽകിയിരുന്നു.  


ഞങ്ങളിരുവരും 33 സഹയാത്രികരും ടൂർമാനേജരും ചേർന്ന യാത്രാസംഘം നെടുമ്പാശ്ശേരി എയർപോർട്ടിലെ എട്ടാംനമ്പർ പില്ലറിനടുത്ത്‌ വൈകുന്നേരം എട്ടുമണിക്ക് ഒത്തുചേർന്നു. രാത്രി  11.50 നു ബാങ്കോക്കിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണ് ഞങ്ങൾ യാത്ര ആരംഭിക്കുന്നത്. യാത്രാരേഖകളും അനുബന്ധമായ  മറ്റ്‌ ഔദ്യോഗികസംഗതികളും ടൂർമാനേജരുടെ കൈവശമായിരുന്നു. അതൊക്കെ എല്ലാവർക്കും കൈമാറി. അവയും  പാസ്‌പോർട്ടുമായി എല്ലാവരും എയർപോർട്ടിനുള്ളിലേക്കു കടന്നു. ചെക്ക്-ഇൻ,  ബാഗേജ് ഡ്രോപ്പ്,   സെക്യൂരിറ്റി ചെക്ക് ,  ഇമ്മിഗ്രേഷൻ ഒക്കെ കഴിഞ്ഞു ബോർഡിങ് പാസ്സുമായി വിമാനത്തിൽ കയറാൻ തയ്യാറെടുത്തിരുന്നു. വിമാനം  അരമണിക്കൂർ വൈകിയെങ്കിലും  യാത്ര സുഖകരമായിരുന്നു. നാലുമണിക്കൂർ പറന്നശേഷം വെള്ളാനകളുടെ മണ്ണിൽ ഞങ്ങൾ കാലുകുത്തി. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ വിമാത്താവളങ്ങളിലൊന്നായ  ഡോൺ മിയാങ് അന്തർദേശീയ വിമാനത്താവളത്തിലാണ് (Don Mueang International എയർപോർട്ട് -DMK ) ഞങ്ങൾ വിമാനമിറങ്ങിയിരിക്കുന്നത്. 1914 ൽ പ്രവർത്തനമാരംഭിച്ച DMK വളരെ തിരക്കുള്ളൊരു വിമാനത്താവളമാണ്. കുറഞ്ഞ നിരക്കുള്ള  യാത്രാവിമാനങ്ങളാണ് ഇവിടെ കൂടുതൽ യാത്രകൾ നടത്തുന്നത്. എന്നാൽ   ബാങ്കോക്ക് നഗരത്തിലെ പ്രധാന അന്തർദ്ദേശീയവിമാനത്താവളം 2006 സെപ്റ്റംബർ 28 നു പ്രവർത്തനമാരംഭിച്ച  'സുവർണ്ണഭൂമി അന്തർദ്ദേശീയ വിമാനത്താവളം'ആണ്.  




ഏതാനും ദിവസത്തേക്ക്   ഇവിടേക്കു  വരാൻ ഓൺലൈൻ വിസ സൗകര്യമുണ്ട്. കൂടാതെ വിസ ഓൺ അറൈവലും. ഞങ്ങൾക്ക് ടൂർ ഗ്രൂപ്പ് തന്നെ വിസയുടെ കാര്യങ്ങളൊക്കെ ചെയ്തിരുന്നു. അതിനാൽ  അതിന്റെതായ ബുദ്ധിമുട്ടുകളൊന്നും അറിയേണ്ടിവന്നില്ല.      


നമ്മുടെ സമയത്തേക്കാൾ ഒന്നരമണിക്കൂർ മുന്നിലാണ് ഞങ്ങൾ സന്ദർശിക്കുന്ന നാലുരാജ്യങ്ങളുടെയും സമയം. ലാൻഡിംഗ്  തായ്‌ലൻഡ് സമയം ആറുമണികഴിഞ്ഞിരുന്നു. ഏതാണ്ട്  ഒരേ സമയം പല ഫ്ലൈറ്റുകളും ഇവിടെ ലാൻഡ് ചെയ്യുന്നുവെന്നതിനാൽ    ഇമ്മിഗ്രേഷനും മറ്റുമായി പ്രതീക്ഷിച്ചതിൽകൂടുതൽ സമയമെടുത്തു പുറത്തുകടക്കാൻ. ഒന്നരമണിക്കൂർ നഷ്ടമായി.  സഹയാത്രികരെ  കാത്തിരിക്കുന്ന സമയത്ത് അവിടുത്തെ വൃത്തിയാക്കൽ പ്രവൃത്തി നോക്കിയിരുന്നു. മനുഷ്യസഹായമില്ലാതെ ഒരു യന്ത്രം കൃത്യമായി തന്റെ ജോലിചെയ്തുകൊണ്ടിരുന്നു. തറയൊക്കെ വെട്ടിത്തിളങ്ങുന്നുണ്ട്. മറ്റൊരുഭാഗത്ത് പെൺകുട്ടികൾ കൂടിച്ചേർന്നിരുന്നു മേക്കപ്പ് ചെയ്യുന്നതും കണ്ടു. മുഖത്തൊക്കെ കുറെയധികം ക്രീമുകളും മറ്റും തേച്ച് സുന്ദരമാക്കി ഒരു വിഗ്ഗും എടുത്തുവെച്ചുകഴിഞ്ഞാൽ ആദ്യം കണ്ട ആളേ അല്ലാതാവുന്ന ഇന്ദ്രജാലം എനിക്കു നന്നേ ഇഷ്ടമായി.




എല്ലാവരും എത്തിയശേഷം ഞങ്ങൾ പുറത്തേക്കു  കടന്നു.   അവിടെ ആനി എന്നുപേരുള്ള മാലാഖയെപ്പോലൊരു പെൺകുട്ടി സഞ്ചാരത്തിന്റെ കൊടിയുമായി ഞങ്ങളെക്കാത്തു നിന്നിരുന്നു. ഒന്നരമണിക്കൂറോളം  വൈകിയത് യാത്രയുടെ കാര്യക്രമത്തിൽ വളരെ മാറ്റങ്ങളുണ്ടാക്കി. ഞങ്ങൾക്കായി കാത്തുകിടന്ന ബസ്സിൽ ലഗ്ഗേജ് കയറ്റിയശേഷം  സുന്ദരമായ പാതയിൽക്കൂടി ഞങ്ങളെ വഹിച്ചുകൊണ്ട് ബസ്സ്‌ ഓടിത്തുടങ്ങി. അല്പസമയത്തിനുള്ളിൽ  പ്രഭാതകൃത്യങ്ങൾക്കായി  എല്ലാവർക്കും മുറികൾ തരപ്പെടുത്തിയിരുന്ന ഹോട്ടൽ സിയാനിൽ  എത്തി. പക്ഷേ സമയം വൈകിയതിനാൽ കുളിക്കാനുള്ള സാവകാശം കിട്ടിയില്ല. പ്രഭാതഭക്ഷണം കഴിച്ച് വീണ്ടും ബസ്സിൽ. പാതയ്ക്കിരുവശവും സുന്ദരമായ പട്ടണക്കാഴ്ചകൾ. പല സ്ഥാപനങ്ങളുടെയും  പേരുകൾക്കും ഇന്ത്യൻപേരുകളുമായി സാമ്യം തോന്നിയിരുന്നു.



1949 ലാണ് സയാം എന്ന രാജ്യം തായ്‌ലൻഡ് എന്ന പേരു സ്വീകരിച്ചത്. “തായ്” എന്ന വാക്കിന് സ്വാതന്ത്യം എന്നാണ് അർത്ഥം.   ഞങ്ങൾ സന്ദർശിക്കുന്ന നാലുരാജ്യങ്ങളിൽ  യൂറോപ്യൻ അധിനിവേശത്തിനു വിധേയമാകാത്ത ഏകരാജ്യമാണ് തായ്‌ലൻഡ്.  സ്വാതന്ത്ര്യത്തിന്റെ നാട് എന്നർത്ഥമുള്ള തായ്-ലാൻഡ് എന്ന പേരുനൽകിയത് അതിനാലാവാം. പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പംതന്നെ നൂതനാശയങ്ങളോടും ആധുനികജീവിതചര്യകളോടും  നിഷേധാത്മകമാകാതെ  തുറന്ന സമീപനമാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ  അർത്ഥത്തിലും ഇവിടെ ലഭിക്കുന്ന  സ്വാതന്ത്ര്യത്തിന് ഈ രാജ്യം എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത് ഈ രാജ്യത്തിന് ലഭിച്ചിട്ടുള്ള ദുഷ്പ്പേരിനും ഒരർത്ഥത്തിൽ കാരണമാകുന്നുണ്ട്. അതിനാൽത്തന്നെ  മുമ്പൊക്കെ ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കൊക്കെ  പോകുന്നവരെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നില്ല ആളുകൾക്ക്.  പക്ഷേ ഇപ്പോൾ ആ അഭിപ്രായങ്ങളൊക്കെ മാറിവരുന്നുണ്ട്.


സയാം എന്ന രാജ്യത്തെക്കുറിച്ച് നമ്മളറിയുന്നത് 'വെള്ളാനകളുടെ നാട്' എന്നുകൂടിയാണല്ലോ. അതിനാൽത്തന്നെ വെള്ളാനകളെ കാണാനുള്ള ആഗ്രഹവും ഒട്ടും കുറവായിരുന്നില്ല.  വെള്ളാനകൾ പവിത്രവും രാജകീയപദവിയുടെ പ്രതീകവുമാണ്. എന്നാൽ മറ്റാനകളെക്കൊണ്ടുള്ളതുപോലെ ഇവയെക്കൊണ്ട് ഒരു പ്രായോജനവുമില്ലാതാനും. ഇവയെ പോറ്റാനാണെങ്കിൽ വളരെയധികം പണച്ചെലവും . അതിനാലാണ് പണച്ചെലവേറിയതും എന്നാൽ ഉപയോഗശൂന്യവുമായതിനെ വെള്ളാനകൾ എന്നുവിളിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാടും തീർച്ചയായും  'വെള്ളാനകളുടെ നാടു' തന്നെ!


 ഈ രാജ്യവുമായി ബന്ധപ്പെട്ട് നമുക്ക് പരിചിതമായ മറ്റൊരു പ്രയോഗം  'സയാമീസ് ഇരട്ടകൾ' എന്നതാണല്ലോ. 1811 ൽ തായ്‌ലൻഡിൽ  ജനിച്ച ചാങ് ബങ്കർ , എങ് ബങ്കർ എന്നിവരായിരുന്നു ആദ്യമായി ആധുനികസമൂഹം കണ്ട  സംയോജിത ഇരട്ടകൾ എന്നതാണ് അതിനു കാരണം. പക്ഷേ ഇന്ന് ഈ പ്രയോഗം കാലഹരണപ്പെട്ടു  എന്നുതന്നെയല്ല, കുറ്റകരവുമാണ്.


ബസ്സ് ഏതാണ്ട് അരമണിക്കൂറിലധികം ഓടിഎത്തിയത്  ' ടൈഗർ ടോപിയ' എന്ന കടുവസംരക്ഷണകേന്ദ്രത്തിലേക്കാണ്.  അവിടെ കടുവയോട് അടുത്തിടപെടുകയും  കടുവയുമൊത്തുള്ള ചിത്രമെടുക്കുകയുമാണ് ലക്‌ഷ്യം.

Wednesday, November 5, 2025

ലുവാങ് പ്രബാങിലെ ഒരിക്കലും മറക്കാത്ത ഒരു പ്രഭാതം (മുംബൈ മലയാളി)

     ലുവാങ് പ്രബാങിലെ ഒരിക്കലും മറക്കാത്ത ഒരു  പ്രഭാതം 


===============================


തായ്‌ലാൻഡും മ്യാന്മറും ചൈനയും  വിയറ്റ്നാമും കമ്പോഡിയും ചേർന്ന് പൂർണ്ണമായും  അതിർത്തികൾ പങ്കിടുന്ന ഒരു കൊച്ചു രാജ്യമാണ് ലാവോസ്. കടല്‍ത്തീരമില്ലെങ്കിലും    മലകളും  കാടുകളും  മരങ്ങളും പുഴകളുമെല്ലാം   ധാരാളമുള്ള സുന്ദരമായ  നാടാണിത്. പ്രധാന നദിയായ മീകോങ് നദിയിലും കൈവഴികളിലുമായി ധാരാളം ദ്വീപുകളുമുണ്ട്.


ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാ‍പങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി. ഇന്ന്  ലോകത്ത് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളിലൊന്നാണ് ലാവോസിലേത്. ചൈന, വിയറ്റ്‌നാം, ക്യൂബ, വടക്കന്‍ കൊറിയ എന്നിവരുടെ കൂട്ടത്തിലാണ് ലാവോസിന്റേയും സ്ഥാനം. 'ലാവോ പീപിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്' എന്നാണ് ലാവോസിന്റെ ഔദ്യോഗികമായ പേര്. ഈ മനോഹരമായ മണ്ണിൽ രണ്ടേരണ്ടു ദിവസങ്ങൾ മാത്രമാണ് എനിക്കു ചെലവിടാനായത്. എങ്കിലും അവിടെക്കഴിച്ചുകൂട്ടിയ  ഓരോ നിമിഷങ്ങളും ഓർമ്മയുടെ അക്ഷയഖനികളിൽ സ്ഥാനം പിടിച്ചവയാണ്. 




ഫെബ്രുവരി മാസത്തിലെ ഒരു സായംസന്ധ്യയിലാണ് ലാവോസിലെ  ലുവാങ് പ്രബാങ്‌ എന്ന പൈതൃകനഗരത്തിൽ വിമാനമിറങ്ങിയത്.  1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്.  ഈ  വിമാനത്താവളം കണ്ടാൽ നമ്മുടെ നാട്ടിലെ ഒരു  ബസ്സ്റ്റാൻഡ് പോലെയേ  തോന്നുകയുള്ളൂ.  അവിടെനിന്നു താമസമേർപ്പാടാക്കിയിരിക്കുന്ന റിസോർട്ടിലേക്കുള്ള പൊടിപറക്കുന്ന  പാതയിലൂടെയുള്ള യാത്ര അരനൂറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടിലെ ഏതോ ഒരു കുഗ്രാമത്തിലൂടെയുള്ള സഞ്ചാരത്തെയാണ് ഓർമ്മിപ്പിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ  ഇരുവശവും ചെറിയ പെട്ടിക്കടകളും   പുല്ലും ഓടും മേഞ്ഞ   കൊച്ചുകൊച്ചു വീടുകളും പുഷ്പഫലസമ്പന്നമായ സസ്യലതാദികൾ നിറഞ്ഞ  തൊടികളുമൊക്കയാണ്.  കണിക്കൊന്നയും   മാവുമൊക്കെ ഇലകൾപോലും കാണാൻ കഴിയാതെ  നിറയെ പൂക്കളുമായി എല്ലായിടത്തും  ഐശ്വര്യത്തോടെ നിൽക്കുന്നു. ചെറിയ  തൈമാവുകൾപോലും പൂക്കാലം ശിരസ്സിലേന്തിനിൽക്കുന്ന കാഴ്ച!  ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ,  നീണ്ടുപോകുന്ന പാതയുടെ അങ്ങേയറ്റത്തായി ഇരുളിന്നഗാധതയിലേക്കു മുങ്ങിത്താഴാനായി ചുവപ്പിൽക്കുളിച്ചുനിൽക്കുന്ന അസ്തമയസൂര്യൻ. 


 


ഒരു ദീർഘയാത്രയുടെ ക്ഷീണമുണ്ടായിരുന്നതുകൊണ്ടു നേരത്തെതന്നെ ഉറങ്ങിയിരുന്നു.  രാവിലെ നാലുമണിക്കുതന്നെ ഉണർന്നു. ഒരു കാഴ്ചകാണാൻ പോവുകയാണ്. ഈ തണുത്ത വെളുപ്പാൻകാലത്ത് ആരോഗ്യപ്രശ്നങ്ങളെയൊന്നും വകവയ്ക്കാതെ ചുറുചുറുക്കോടെ വാൻ പോലെയുള്ളൊരു  വാഹനത്തിൽ   കയറി. റോഡിൽ പൊടി നിറഞ്ഞിട്ടുണ്ടെങ്കിലും  വണ്ടികളൊക്കെ ഇപ്പോൾ ഷോറൂമിൽനിന്നു കൊണ്ടുവന്നതാണെന്നു തോന്നിപ്പോകുന്നതുപോലെ വെട്ടിത്തിളങ്ങി മനോഹരമായിരിക്കുന്നു. 'തക് ബാത്' എന്നൊരാചാരം എല്ലാദിവസവും പുലർകാലത്ത് ഇവിടെ അരങ്ങേറുന്നുണ്ട് . അതിനു സാക്ഷ്യംവഹിക്കാനും തരപ്പെട്ടാൽ അതിൽ  ഭാഗഭാക്കാകാനുമാണ്  ഇപ്പോഴത്തെ യാത്ര.  ആറരയോടെ ചടങ്ങവസാനിക്കും.  


ഇതെന്താണെന്നല്ലേ ? പറയാം.


 


ഇന്നാട്ടിലെ മൊണാസ്ട്രികളിലും ബുദ്ധവിഹാരങ്ങളിലുമൊക്കെയുള്ള ബുദ്ധസന്യാസിമാർ അതിരാവിലെ ഭിക്ഷാടനത്തിനിറങ്ങുന്ന ചടങ്ങാണിത്. എല്ലാദിവസവും ഉദയത്തിനുമുന്നേതന്നെ  വഴിയോരത്ത് തങ്ങൾക്കു നൽകാൻ കഴിയുന്നതിൽ ഏറ്റവുംനല്ല  ഭക്ഷണവുമായി നാട്ടുകാർ ഭക്ത്യാദരങ്ങളോടെ കാത്തിരിക്കും. നിരനിരയായി നടന്നുവരുന്ന കഷായവസ്ത്രധാരികളായ  ഭിക്ഷുക്കൾ ഭക്ഷണം സ്വീകരിച്ച് തങ്ങളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്ന  പാത്രങ്ങളിൽ  ശേഖരിച്ചു മടങ്ങിപ്പോകും.  യുട്യൂബിലൊക്കെ ഇതിനെക്കുറിച്ചുള്ള വ്‌ളോഗുകൾ പലതും കണ്ടിട്ടുണ്ടെകിലും ഇപ്പോൾ ഇത് നേരിൽക്കാണാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു.


 മതപരവും ആത്മീയസ്വഭാവമുള്ളതുമായൊരു ചടങ്ങായതുകൊണ്ടു  ശരീരം നന്നായി മറയുന്നവിധത്തിൽ  വസ്ത്രം ധരിക്കണമെന്നു നിർദ്ദേശമുണ്ടായിരുന്നു.   


 തേരവാദ  ബുദ്ധിസം (പരമ്പരാഗത ബുദ്ധമതതത്വങ്ങങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന   യാഥാസ്ഥികബുദ്ധമതവിഭാഗം) ലാവോസിൽ പ്രചാരത്തിലായ  പതിനാലാം നൂറ്റാണ്ടുമുതൽ ഈ ചടങ്ങു നടക്കുന്നു എന്നാണ് ചരിത്രഭാഷ്യം. ഈ വിഭാഗത്തിൽ സന്യാസിമാരും സാധാരണക്കാരും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇത് പരസ്പരപിന്തുണയുടെ  മാർഗ്ഗമാണ്. സന്യാസിമാർ അറിവും ബുദ്ധതത്വങ്ങളും  ആത്മീയദർശനങ്ങളും ജനങ്ങൾക്ക് പകർന്നുനൽകുന്നു. സാധാരണജങ്ങളാകട്ടെ, സന്ന്യാസിമാർക്ക്  അവർക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റുവസ്തുക്കളും നിറഞ്ഞമനസ്സോടെ തങ്ങളുടെ അവകാശമെന്ന രീതിയിൽ നൽകുന്നു.  ശ്രീബുദ്ധനോടുള്ള ആരാധനയും ബുദ്ധമതതത്വങ്ങളോടുള്ള  ആദരവും  അഭിനിവേശവുമൊക്കെയാണ് തദ്ദേശീയരെ ഇത്തരമൊരു പുണ്യപ്രവൃത്തിയിലേക്കു പ്രേരിപ്പിക്കുന്നത്. അതുചെയ്യുന്നതാവട്ടെ അങ്ങേയറ്റം ആത്മസമർപ്പണത്തോടെയാണെന്നും മനസ്സിലാക്കാനാവും.


 


മീകോങ് നദീതീരത്തോടുചേർന്നുള്ള ചെറിയമലഞ്ചെരുവിലെ ചുരംപോലുള്ള പാതയുടെ താഴെഭാഗത്താണ് വാഹനങ്ങൾ പാർക്കുചെയ്തത് ഞങ്ങൾ മുകളിലേക്കുനടന്ന് മൊണാസ്ട്രിയും ക്ഷേത്രങ്ങളുമൊക്കെയുള്ള തെരുവിലാണ് നിലയുറപ്പിച്ചത്. വളരെ  വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പാതയുടെ വശത്തെ നടപ്പാതയിൽ കാർപ്പറ്റ് വിരിച്ചതിനുമേൽ  നിരവധി  ചെറിയ സ്റ്റൂളുകൾ നിരത്തിയിരിക്കുന്നു. അതിൽ ഇരുന്നുവേണം ദാനധർമ്മം നടത്തേണ്ടത്.  സഞ്ചാരികളായി  അവിടെവന്നിരിക്കുന്ന വിദേശികൾക്കും ഈ ചടങ്ങിൽ പങ്കുചേരാം.


 


ദാനം ചെയ്യാനുള്ള ചോറും പലഹാരങ്ങളും  പഴങ്ങളുമൊക്കെ അടങ്ങിയ  കൂടകൾ വിൽക്കാനായി കുറച്ചുപേർ നിൽക്കുന്നുണ്ട്. ഒരെണ്ണം വാങ്ങി, പാദരക്ഷകൾ ഊരിവെച്ച് ഒരു സ്റ്റൂളിൽ ഇരിക്കാം. സന്യാസിമാർ വരുമ്പോൾ ഓരോരുത്തരുടെയും കൈയിലുള്ള പാത്രത്തിലോ  സഞ്ചിയിലോ അല്പാല്പമായി  അത് നിക്ഷേപിച്ചാൽ മതി.


 ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവരിൽ ചിലരും തക് ബാത്തിൽ പങ്കുചേരാൻ ഭക്ഷണക്കൂടയും  വാങ്ങി സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു. ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തുന്നവർ തികഞ്ഞ നിശ്ശബ്ദത പാലിച്ച് അച്ചടക്കത്തോടെ നിൽക്കേണ്ടതുണ്ട്. ഫോട്ടോയും  വീഡിയോയും എടുക്കാം. പക്ഷേ ഫ്ലാഷ്ലൈറ്റ് പാടില്ല.


 


സമയം കടന്നുപോകുന്നു. തെരുവുനിറയെ സഞ്ചാരികളെക്കൊണ്ടു  നിറഞ്ഞു. നിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥ. സന്യാസിമാരെ സ്പർശിക്കാതിരിക്കാൻ തെരുവിൽ  കയറുകൊണ്ട്  ഒരു അതിർത്തിരേഖ സൃഷ്ടിച്ചിരുന്നു. അങ്ങനെയിരിക്കെ അതാ കുങ്കുമനിറത്തിലെ വസ്ത്രം ധരിച്ച് നഗ്നപാദരായി പലപ്രായത്തിലുള്ള  സന്യാസിമാർ നിശ്ശബ്ദരായി നടന്നുവരുന്നു. മുഖത്തു ശാന്തതയുടെ അവരണമണിഞ്ഞ നേർത്ത മന്ദസ്മിതം. ഓരോരുത്തരിൽനിന്നായി ഭിക്ഷ സ്വീകരിച്ച് വണങ്ങി അവർ കടന്നുപോകുന്നു. ശ്വാസമടക്കി എല്ലാവരും അത് കണ്ടുനിന്നു. ഒടുവിലത്തെ സന്യാസിയും ഭക്ഷവാങ്ങി നടന്നുമറഞ്ഞപ്പോൾ ഞങ്ങളും പതിയെ ക്ഷേത്രങ്ങളും മൊണാസ്ട്രിയുമൊക്കെ ഒന്ന് കണ്ടുവരാമെന്നു കരുതി നടന്നു. നാടിൻറെ വാസ്തുവൈദഗ്ധ്യം പ്രകടമാക്കുന്നവിധമായിരുന്നു അവയുടെയൊക്കെ  നിർമ്മിതി. 


കുറേസമയം  നടന്നശേഷം  മറ്റൊരു ദൃശ്യവിസ്മയം അനുഭവേദ്യമാക്കുന്നതിനായി മുന്നോട്ടു നടന്നു.  ലക്‌ഷ്യം ഇവിടുത്തെ  മോർണിംഗ് മാർക്കറ്റ് ആണ്. ഈ ചന്ത, വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്രദം. രാവിലെ അഞ്ചുമണിമുതൽ പതിനൊന്നുതുമണിവരെയാണ് ഈ ചന്ത പ്രവർത്തിക്കുന്നത്.  തദ്ദേശീയരുടെ കൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും പിന്നെ  മത്സ്യമാംസാദികളും  പലചരക്കുസാധനങ്ങളും കൗതുകവസ്തുക്കളും കരകൗശലോത്പന്നങ്ങളും ഒക്കെ ഇവിടെ നമുക്ക് വാങ്ങാനാവും. തെരുവോരങ്ങളിൽ അവയൊക്കെ നിരത്തിയിരിക്കുകയാണ്.  നമ്മുടെ നാട്ടിൽ കാണുന്ന മിക്കവാറും പഴങ്ങളും പച്ചക്കറികളും ഇവിടെയുമുണ്ട്. നമുക്ക് പരിചിതമല്ലാത്ത ധാരാളം ഇനങ്ങളും ധാരാളമുണ്ട്. വെളുത്തുള്ളി, സവാള,  ഇഞ്ചി, തക്കാളി ഒക്കെ   വളരെ വലുപ്പമുള്ളവയാണ്. കാന്താരിയും നല്ല നീളമുള്ളവയാണ്. പുറന്തൊലി ചെത്തിക്കളഞ്ഞു കഷണങ്ങളാക്കിവെച്ചിരിക്കുന്ന ഇടിഞ്ചക്കയും വില്പനയ്ക്കുണ്ട്.  കോഴികളെ കൊന്നു തൂവലൊക്കെ കളഞ്ഞു  കാലുൾപ്പെടെ നിരത്തിവെച്ചിരിക്കുന്നതുകണ്ടു. കോഴിക്കാൽ ഇട്ട് സൂപ്പുണ്ടാക്കുമത്രേ!  മീകോങ് നദിയിലെ മത്സ്യങ്ങളുൾപ്പെടെ  പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വാങ്ങാനെത്തുന്നവർക്ക് അത് ചൂടോടെ കഴിക്കാനാവും. നടന്നിട്ടും നടന്നിട്ടും തീരാത്തതുപോലെ വഴികൾപിരിഞ്ഞു ചന്തയിങ്ങനെ നീണ്ടുപോവുകയാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ഞങ്ങളും നടന്നുമുന്നേറുന്നു.