Friday, December 28, 2012

ജനുവരിക്കാറ്റ്

ജനുവരിക്കാറ്റ് 

    കിഴക്കന്‍ മലയോരനിവാസികളുടെ ജീവിതയാത്രയില്‍  ചിലപ്പോള്‍ വില്ലനായും മറ്റുചിലപ്പോള്‍ സുഹൃത്തായും ഒക്കെ കടന്നുവരുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് ജനുവരിക്കാററ് .ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ അവന്‍  ശക്തിയോടെ ആഞ്ഞടിച്ചുകൊണ്ടേയിരിക്കും ,അതിവികൃതിയായ ഒരു കുട്ടിയുടെ തന്നിഷ്ടങ്ങള്‍ പോലെ ......

    എത്ര വികൃതിയാണെങ്കിലും ഞങ്ങള്‍ക്കവന്‍ ഐശ്വര്യദാതാവാണ്‌ കാരണം ഇവന്‍ വിരുന്നിനെത്തുന്നത്  ഇവിടുത്തെ സുഗന്ധവിളകളുടെ                                വിളവെടുപ്പുകാലത്താണ് .കാപ്പിചെടികള്‍ ശാഖകളില്‍ ചെമ്പവിഴങ്ങള്‍ അണിഞ്ഞു വിലസും .കുരുമുളകുവള്ളികള്‍ കൊച്ചുമരതകമണികളെ ചെഞ്ചായം പൂശിത്തുടങ്ങും .എലച്ചെടികളില്‍ കായ്കള്‍ പഴുക്കും . പിന്നെ ഇഞ്ചി,മഞ്ഞള്‍ ഒക്കെ ഇല പഴുത്തുപാകമായി നില്‍ക്കും .കപ്പ(മരച്ചീനി), ചേന, ചേമ്പ് ഒക്കെയും വിളഞ്ഞുനില്‍പ്പാകും .ഇവയെല്ലാം മലയോര കര്‍ഷകന്റെ അദ്ധ്വാനത്തിന്റെ പ്രതിഫലങ്ങളാണ് .
  
   ഇവയില്‍ ഏലക്കായ,  കുരുമുളക് ,ഇഞ്ചി,കപ്പ ഒക്കെ ഉണങ്ങി 
സൂക്ഷിക്കേണ്ടവയാണ് .ഏലക്കായ് ഉണക്കാന്‍ പ്രത്യേകസ്റ്റോര്‍ ഉണ്ട്.
മറ്റുള്ളവ നിരത്തിയ പനമ്പുകള്‍ എല്ലാ വീട്ടുമുറ്റത്തും വഴിയോരത്തും സ്ഥിരം കാഴ്ച്ചയായിരിക്കും.കാറ്റു പറത്തിക്കൊണ്ടുപോകാതിരിക്കാന്‍ പനമ്പിന്റെ നാലുമൂലയ്ക്കും ഇടഭാഗത്തും കല്ലെടുത്ത്‌ വെച്ചിരിക്കും.

    എല്ലാ നാട്ടിലെയും പോലെ ഞങ്ങളുടെ നാട്ടിലും 'തലതെറിച്ച'
വികൃതിക്കുട്ടന്മാര്  ധാരാളമുണ്ടായിരുന്നു .മറ്റാരുടെയും കണ്ണില്‍ പെട്ടില്ല 
 എങ്കില്‍ പനമ്പുകളിലെ കല്ലെടുത്തുമാറ്റിയിട്ടു അവര്‍ ഓടിയൊളിക്കും.
അവരെക്കാള്‍ വികൃതിയായ ജനുവരിക്കാറ്റ് ആഞ്ഞുവീശി പനമ്പു ദൂരേക്കു 
പറത്തും .കുരുമുളകുമണികള്‍  തറയിലാകെ നിരക്കും .വീണ്ടും അതൊക്കെ ഒന്നൊന്നായി പെറുക്കിയെടുത്തു പനമ്പിലാക്കുന്ന ജോലി ഹെര്‍കുലീസ് കുതിരലായം വൃത്തിയാക്കിയതിലും ശ്രമകരമാണ് .പക്ഷെ ഓരോ മണിക ളും ഞങ്ങള്‍ക്ക് കറുത്ത പൊന്നിന്‍മണികളാണ് .വീട്ടമ്മമാരും സഹായികളു ശ്രദ്ധയോടെ ഓരോമണിയും പിറുപിറുത്തും പ്രാകിയും പെറുക്കിയെടുത്ത്  പനമ്പിലാക്കും. 'ഞാനൊന്നുമറിഞ്ഞില്ലേ ..........'എന്ന ഭാവത്തില്‍ ചില വിദ്വാന്മാര്‍ അവരെ സഹായിക്കുകയും ചെയ്യും .മറ്റുചില വിരുതന്മാര്‍ അലക്കിവിരിച്ചിരിക്കുന്ന തുണിയിലെ ക്ലിപ് എടുത്തു മാറ്റും .പിന്നെ കാറ്റിന്റെ കളി . അവ എടുക്കാന്‍ മൂന്നോ നാലോ പുരയിടം കടക്കേണ്ടിവരും .ആള്‍ക്കാരെ ഇങ്ങനെയൊക്കെ വെള്ളം കുടിപ്പിച്ചിരുന്ന  ആ കൂട്ടുകാരും ലോകത്തിന്റെ ഏതോ ഭാഗങ്ങളിലിരുന്നു ഇതൊക്കെ ഓര്‍മ്മയുടെ താളുകള്‍ മറിച്ചെടുക്കുന്നുണ്ടാവാം .......ഇന്നതോര്ത്ത് കുറ്റബോധത്തോടെ തലകുനിക്കയാവാം. സാരമില്ല ,ഒക്കെ ഓരോരോ
 കാലത്തെ ഭ്രാന്തുകള്‍ .

     കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ജനുവരിക്കാറ്റ് എന്റെ ഓര്‍മ്മയില്‍ മാത്രം. അവസാനമായി അവന്റെ ആശ്ലേഷം അനുഭവിച്ചറിഞ്ഞത് മകന് 
ഒന്നരവയസ്സുള്ളപ്പോളാണ് .ഇരുപതു വര്ഷം മുന്പൊരു ജനുവരിയില്‍ .
അന്നൊക്കെ ഏതെങ്കിലും വിവാഹത്തിനും അതിനോടനുബന്ധിച്ചുള്ള 
ചടങ്ങുകള്‍ക്കും ആയിരുന്നു നാട്ടില്‍ പോയിരുന്നത് . മകന് സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അവന്റെ അവധിക്കാലമായ ദീപാ
വലിസമയത്തും മധ്യവേനലവധിക്കുമായി നാട്ടിലേക്കുള്ള യാത്രകള്‍ .

     പക്ഷെ എനിക്കു കുട്ടിക്കാലത്ത് ഈ കാറ്റിനെ തീരെ ഇഷ്ടമായിരുന്നില്ല 
അവന്‍ വീശിത്തുടങ്ങിയാല്‍  ശരീരമാകെ വരണ്ടുണങ്ങും. ചുണ്ടുകള്‍ വിണ്ടുകീറി ചിരിക്കാന്‍ ബുദ്ധിമുട്ടാകും. ശരീരമാകെ മൊരിഞ്ഞു വൃത്തികേടാകും .പോണ്ട്സ് സ്നോ ,വാസെലിന്‍ ഒക്കെ ചെറിയതോതില്‍ 
ആശ്വാസം നല്‍കുമെങ്കിലും അധികം നീണ്ടുനില്‍ക്കില്ല .അന്ന് ഇന്നത്തെ- പോലെ ക്രീം,ലോഷന്‍ ഒന്നും സുലഭമായിരുന്നുമില്ല .മറ്റൊരു ശനിയനായി 
 ചുടുവാതവും കയറിക്കൂടും.കാല്‍പാദം വിണ്ടുകീറി വല്ലാത്ത വേദന തരും.
അതിന് ഏററവും നല്ല മരുന്ന് കാട്ടുപന്നിയുടെ നെയ്യാണ് .(നാട്ടുപന്നിയു -
ടേതല്ല).അതാകട്ടെ വളരെ ദുര്‍ലഭം.പക്ഷെ ഒരു പ്രാവശ്യത്തെ പ്രയോഗം 
കൊണ്ടുതന്നെ നല്ല ആശ്വാസം ലഭിക്കും.

    വിവാഹശേഷം കല്യാണില്  താമസം തുടങ്ങിയ കാലത്തും  ചുടുവാതം മഞ്ഞുകാലത്തു പിടികൂടി. അടുത്ത ഫ്ലാറ്റിലെ ചേച്ചി പറഞ്ഞു എരുമപ്പാലിന്റെ വെണ്ണ തേച്ചാല്‍ മതിയെന്ന് .  അങ്ങനെ എരുമപ്പാല്‍ 
  വാങ്ങി തിളപ്പിച്ച്‌ തണുത്ത ശേഷം പാടയെടുത്തു  ഫ്രിഡ്ജില്‍  ശേഖരിച്ചു വെക്കും. നാലോ അഞ്ചോ   ദിവസം കൂടുമ്പോള്‍ തൈര് ചേര്‍ത്തു   
 പുളിപ്പിച്ച് വീണ്ടും തണുപ്പിച്ചശേഷം മിക്സിയില്‌ അടിച്ചെടുക്കും .ധാരാളം 
 വെണ്ണ കിട്ടുമായിരുന്നു. പിന്നെ പിന്നെ മൈക്രോവേവ് എത്തിയപ്പോള്‍
 പാല്‍പാട മാത്രം അതില്‍ വെച്ച് മൂന്നോ നാലോ മിനിറ്റ് ചൂടാക്കി നേരിട്ടു 
നെയ്യെടുക്കാന്‍ തുടങ്ങി. നല്ല സുഗന്ധമൂറുന്ന  നാടന്‍ നെയ്യ്......................
......(ഞാന്‍ വല്ലാതെ കാടുകയറി .)

    ജനുവരിക്കാറ്റിനെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്കു മറ്റൊരു പ്രധാന കാരണം കൂടിയുണ്ടായിരുന്നു. അന്നൊക്കെ അരപ്പാവാട  ഇട്ടു നടക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവനെ വലിയ പേടിയായിരുന്നു.(അന്ന് ഗ്രാമങ്ങളിലൊന്നും ചുരിദാര്‍ വന്നെത്തിയിട്ടില്ല) കയ്യെപ്പോഴും 
പാവാടയില്‍ മുറുകെപ്പിടിച്ചിരിക്കും .കയ്യെങ്ങാന്‍ വിട്ടാല്‍ പാവാട പറത്തി 
മാനം കെടുത്തും . ആണ്‍കുട്ടികള്‍  'തുണിപൊക്കിക്കാറ്റുവന്നേ' എന്നാര്‍ത്തു 
വിളിക്കും .

    ഇങ്ങനെയൊക്കെയാണെങ്കിലും അവന്‍ ആടിത്തിമിര്‍ത്തു അരങ്ങൊഴി- 
യുമ്പോള്  കൃഷിക്കാരുടെയൊക്കെ കീശയില്‍ പണം നിറയും. വീട്ടമ്മമാ-
രുടെയും പെണ്മക്കളുടെയും കയ്യിലും കഴുത്തിലും കാതിലും സ്വര്‍ണ്ണാഭരണ -
ങ്ങള്‍  തിളങ്ങും .ആണ്‍കുട്ടികള്‍ പുതിയ ഉടുപ്പും വാച്ചും മോതിരവും ഒക്കെയ-
ണിഞ്ഞു വിലസിനടക്കും .എല്ലാ അടുക്കളകളില്‍നിന്നും വറുക്കലിന്റെയും 
പൊരിക്കലിന്റെയും സമൃദ്ധമായ സുഗന്ധം നിറഞ്ഞു പുറത്തേക്കൊഴുകും
പിന്നെ ഏതാനും മാസത്തേയ്ക്കു  ഞങ്ങളുടെ നാട്ടില്‍ സമ്പന്നര്‍ മാത്രം!
(ഇപ്പോള്‍ ഇങ്ങനെയൊന്നുമല്ല കേട്ടോ)

     ജനുവരിക്കാറ്റിന്റെ നഷ്ടം നികന്നുകിട്ടിയിരുന്നത്  നാട്ടിലെത്തിയ ശേഷമുള്ള രാമക്കല്‍മേട്‌ സന്ദര്‍ശനത്തിലായിരുന്നു. എന്റെ ഭര്‍തൃഗൃഹത്തി-
നടുത്തുള്ള വലിയ മലനിരയാണ് ആ സ്ഥലം. ഉയര്‍ന്ന മലകള്‍ക്ക് മുകളില്‍ 
നിന്ന് നോക്കിയാല്‍ താഴെ തമിഴ്‌നാടിന്റെ വിശാലമായ ഭൂപ്പരപ്പ് നോക്കെ
ത്താദൂരത്തേയ്ക്ക് നീണ്ടുകിടക്കുന്ന കാഴ്ച അവര്‍ണ്ണനീയം തന്നെ ! അവിടു-
ത്തെ സൂര്യാസ്തമയക്കാഴ്ച്ച അവിസ്മരണീയമാണ്. പക്ഷെ അവിടെ എന്നെ 
ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് ഏതുസമയത്തും നിര്‍ത്താതെ വീശിയടിക്കുന്ന ശക്തമായ കാറ്റാണ്‌ .നമ്മളെത്തന്നെ പറത്താന്‍  കഴിയു-
ന്ന അതിശക്തമായ കാറ്റ് ! ഇപ്പോള്‍ അവിടെയും പ്രാന്തപ്രദേശങ്ങളിലു
മായി 17 കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് .(ചിലര്‍ 22 എന്നും അവകാ 
ശപ്പെടുന്നുണ്ട്) . ധാരാളമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നുമുണ്ട്. ആദ്യമായി ഈ കാറ്റാടിയെന്ത്രങ്ങളെക്കണ്ടപ്പോള്‍  ഞാന്‍ ഓര്‍ത്തു 'ഡോണ്‍ ക്യുക്സോട്ട്  ഇങ്ങോട്ട് വന്നാല്‍ എന്താവു'മെന്ന് .

    കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോഴും രാമക്കല്‍ മേട്ടില്‍ പോയി-
രുന്നു. അവിടുത്തെ കാഴ്ചകള്‍ ഇപ്പോഴും  അതിമനോഹരം തന്നെ .പക്ഷെ പതിവുമാറി ഇത്തവണ ഒരിളംകാറ്റു പോലും വീശിയില്ല .അസ്തമയം
 കണ്ടു മടങ്ങുമ്പോഴും ഞാനവിടെയാകെ അവനെ പ്രതീക്ഷിച്ചു ..അവന്‍
വന്നതേയില്ല ഒരുപക്ഷെ നീണ്ട ഇരുപതു വര്‍ഷത്തെ എന്റെ അവഗണനയ്ക്ക് അവന്‍ കാട്ടിയ പരിഭവമാകാം ............................

     അടുത്ത ജനുവരിയില്‍ എന്തായാലും നാട്ടിലെത്തണം -ഒരിക്കല്‍ ഞാന്‍ 
വെറുത്തിരുന്നെങ്കിലും  മനസ്സില്‍ സൂക്ഷിച്ച ഒരുപാടുസ്നേഹം അവനു മേല്‍     കോരിച്ചോരിഞ്ഞ്  അവന്റെ  ആശ്ലേഷത്തിലമരാന്‍ ...... 
 ആ പരിഭവം മാറ്റാന്‍ ......................എന്നെത്തന്നെ  മറന്നിരിക്കാന്‍ ...................... 

   

Friday, December 21, 2012

മിനിക്കഥകൾ

1. സായാഹ്ന നടത്തത്തിനിറങ്ങിയതായിരുന്നു തോമ്മാച്ചനും നാരായന്കുട്ടിയും. അപ്പോഴാണ് ഒരു കുനുഷ്ടു ചോദ്യം നാരായൺകുട്ടിയുടെ തലമണ്ടയിലുദിച്ചത്. 
"അല്ല തോമാച്ചാ ഈ യേശുക്രിസ്തു എങ്ങനെയാ ഉണ്ടായത് ?" 
" അതിപ്പോ.... ഈ അയ്യപ്പനെങ്ങനെയാ ഉണ്ടായതു നാണൂ ?" തോമാച്ചൻ ഒരു  മറുചോദ്യമാണു  ചോദിച്ചത്. 
പിന്നെ രണ്ടുപേരും ഒന്നും ചോദിച്ചില്ല. പൊട്ടിച്ചിരിച്ചു മുന്നോട്ടു നടന്നു 


2. ക്യാൻസർ വന്നു ദിനമെണ്ണിക്കിടക്കുന്ന അമ്മയുടെ ആയുസ്സുകൂട്ടാനാണ് രാജു ദൈവത്തെ കാണാൻ പോയത്. ദൈവത്തെ കണ്ടയുടനെ ആ കാലിൽ വീണ് കെട്ടിപ്പിടിച്ചു രാജു  അപേക്ഷിച്ചു.
" ദൈവമേ എന്റെ ആയുസ്സിൽനിന്ന് കുറേയെടുത്ത് എന്റെ അമ്മയ്ക്ക് കൊടുക്കണമേ" 
"അതെങ്ങനെ നിന്റെ അമ്മയുടെ ആയുസ്സാണ് നിനക്കിപ്പോൾ കിട്ടിയിരിക്കുന്നത്. എന്നും അവരാതാണ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. ഇനിയിപ്പോൾ അത് മാറ്റിത്തരാനാവില്ല. " 
'അമ്മ തന്നതൊന്നും തിരിച്ചുകൊടുക്കാനാവില്ല എന്ന സത്യം അവൻ തിരിച്ചറിഞ്ഞതപ്പോഴാണ്.

3. മകളോട്
പിറക്കാതെ പോയൊരെന്‍ 
മകളെ ..............
നീയറിയുക -
രാവിലിരുട്ടാണെന്നും 
ഇരുട്ടില്‍ 
മനുഷ്യന്‍ 
മൃഗമാണെന്നും .. 


Tuesday, December 11, 2012

അതിഥി ദേവോ ഭവ:...........

എത്ര മുഖംമൂടികളാണു നമ്മള്‍
 അണിയുന്നു നിത്യമീ ജീവിതത്തില്‍ !
ഒട്ടിച്ചു വെച്ചൊരു പുഞ്ചിരി ചുണ്ടത്തു
 നേര്‍ത്തതാണെങ്കിലും കാണ്മതില്ലേ 
 പൂമുഖത്തുള്ളോരു വാതിലിന്‍ മണിയൊച്ച 
കേള്‍ക്കുകില്‍ ഒരുമാത്ര പല്ലിറുമ്മും 
'ആരാണീ നേരത്തു ശല്യം 'എന്നോര്‍ത്തിടും
വാതില്‍ തുറന്നിട്ടു പുഞ്ചിരിക്കും 
''ആരാണ് വന്നിതു,കണ്ടിട്ടിതെത്രനാള്‍ 
തോന്നിയല്ലോ വരാനിപ്പോഴേലും 
.............."
സല്‍ക്കാരം നീണ്ടുപോം -നാവിന്നു വിശ്രമം 
തീരെയില്ലാതങ്ങു സംസാരം നീണ്ടുപോം 
ഒടുവില്‍ വിടചൊല്ലിപ്പിരിയുന്ന നേരത്തു 
കണ്ണുനീര്‍ത്തുള്ളിയൊന്നിറ്റു വീഴും 
കാണണം വീണ്ടുമെന്നാശയില്ലാകിലും 
ഉരചെയ്തിടുന്നുപോല്‍ 'വീണ്ടും കാണാം' 
പിന്നെയൊരാശ്വാസനിശ്വാസമുണ്ട -
ങ്ങതിഥികള്‍ പോയതിന്നാഘോഷമായ്  
ആരാണു ചൊല്ലിയെന്നറിയില്ല പണ്ടെന്നോ 
അതിഥി ദേവോഭവ : എന്ന വാക്യം .



Saturday, December 8, 2012

കേള്‍ക്കാതെ പോയ മൊഴികള്‍ .....

കാലം കേള്‍ക്കാതെപോയ മൊഴികള്‍ 
===============================
ഉച്ചനേരത്ത് മടിപിടിച്ചു കിടന്നുറങ്ങാന്‍ എന്ത് രസമാണ്! വല്ലപ്പോഴുമൊക്കെയേ എനിക്കതിനു കഴിയാറുള്ളു. കിട്ടുന്ന അവസരം ഞാൻ പാഴാക്കുകയേയില്ല.
അങ്ങനെയുള്ള ഉച്ചയുറക്കത്തില്‍ പല മഹാരഥന്മാരെയും 
സ്വപ്നത്തില്‍ കാണാനും സംവദിക്കാനും എനിക്ക് ഭാഗ്യം 
ലഭിച്ചിട്ടുമുണ്ട് . ഭാഗവാന്മാരെ പോലും ഞാന്‍ 
കണ്ടുമുട്ടിയിട്ടുണ്ട്. ശനിഭാഗവാനും ശ്രീഗണപതിയും യേശു 
ക്രിസ്തുവും ഗാന്ധിജിയും എന്തിനേറെ,  സച്ചിൻ തെണ്ടുൽക്കർ  വരെ  എന്റെ സ്വപ്നങ്ങളിൽ വന്ന ചങ്ങാതിമാരാണ് .   
ഇന്നലെ ഉച്ചമയക്കത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള്‍  എന്നെത്തേടിയെത്തി.  ആദ്യം ഞാനുമൊന്നു പകച്ചു - എൻ്റെ നോട്ടം ഒരു ചോദ്യചിഹ്നമായി.

"എന്നെ അറിയില്ലേ, ഞാനാണ്‌ യശോധര, സിദ്ധാര്‍ത്ഥഗൗതമന്റെ ധര്‍മ്മപത്നി......രാഹുല്‍, എന്റെ ഏകമകന്‍ "

ഓര്‍മ്മകളില്‍പോലും   അധികമായെത്തിയിട്ടില്ലാത്ത ഈ കഥാപാത്രത്തെ എന്തുകൊണ്ടോ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു.  ഞാന്‍ ആ സാധ്വിയെ  സ്നേഹാതിരേകത്താല്‍ ആലിംഗനം ചെയ്തു.

"ഭവതി എത്ര ഭാഗ്യശാലിയാണ് ...!" 

"ഭാഗ്യമോ , എനിക്കോ, ഇതില്‍ ഏതാണ് ഭാഗ്യമെന്നു  പറയൂ,  അബലയായ ഭാര്യ
യായതോ അതോ ശക്തയായ അമ്മയായതോ ?  "

"മനസ്സിലായില്ല "

"നിനക്കറിയില്ലേ,സിദ്ധാര്‍ത്ഥരാജകുമാരന്റെ ധര്‍മ്മപത്നിയായിട്ടാണ് ഞാന്‍ കപിലവസ്തുവിലെ കൊട്ടാരത്തിലെത്തിയത്. എന്നുവച്ചാല്‍ നാളത്തെ രാജപത്നിയാകേണ്ടിയിരുന്നവൾ.  എല്ലാ ഭാര്യമാരെയും പോലെ ഞാനും ആഗ്രഹിച്ചു,   ഭര്‍തൃസ്നേഹവും  പരിലാളനകളും. പക്ഷേ അദ്ദേഹം എന്നില്‍ നിന്നും വളരെ 
ദൂരത്തായിരുന്നു -അടുത്തിരിക്കുമ്പോഴും. നിനക്കറിയുമോ ആറ്റുനോറ്റിരുന്നു  ഞാന്‍ എന്റെ പോന്നോമനയ്ക്കു ജന്മം കൊടുത്തതറിഞ്ഞു അദ്ദേഹമെന്താണു പറഞ്ഞതെന്ന് ?"

"എന്താണ് ?" 

"രാഹു ജാതെ ബന്ധനം ജാതം . എന്നുവച്ചാല്‍ എന്നെ അദ്ദേഹവുമായി ബന്ധിപ്പിക്കാന്‍ ഒരു രാഹു പിറന്നെന്ന്. എനിക്ക്   പൊട്ടിക്കരയാന്‍  തോന്നി.  എന്നാൽ   എന്റെ 
പൊന്നോമനയുടെ  ഓമനമുഖം  എന്റെ മനസ്സിലെ മഴക്കാറുനീക്കി. എന്നിലെ മാതൃത്വം മറ്റെന്തിനെക്കാളും ശക്തമാണെന്നു ഞാനന്നറിഞ്ഞു. ഒരുദിവസം രാത്രി എന്നെയും മകനെയും കൊട്ടാരവുംതന്നെ  ഉപേക്ഷിച്ച് അദ്ദേഹം യാത്രയായി. ഞാനും 
പുത്രനും കുറ്റമൊന്നും ചെയ്യാതെ അങ്ങനെ ഏറ്റവും വലിയ  ശിക്ഷയ്ക്കു പാത്രമായി."
 
"പക്ഷേ അദ്ദേഹം ജീവിതസത്യങ്ങളെ കണ്ടെത്താന്‍  ധ്യാനത്തിനു പോയതല്ലേ -ബോധോദയം നേടി ശ്രീ ബുദ്ധനാവാന്‍ കഴിഞ്ഞില്ലേ? " 

"എന്താണ് ഈ ബോധോദയം? ദുഃഖകാരണമെന്തന്നതോ?
ദുഃഖമില്ലാതാക്കുന്നതെങ്ങനെയെന്നോ? അതോ അഹിംസയോ?  ഇതൊക്കെ ഏതു പാവം മനുഷ്യനും അറിയാം. ഇതറിയാന്‍  വര്‍ഷങ്ങളോളം ബോധിവൃക്ഷച്ചുവട്ടില്‍  തപസ്സിരിക്കേണ്ട  ആവശ്യമെന്ത്! അദ്ദേഹം രാജകുമാരനായതുകൊണ്ടും ദുഃഖ 
മറിയാതെ വളര്‍ന്നതുകൊണ്ടും ഇതിനൊക്കെ തപസ്സുചെയ്യേണ്ടിവന്നു . ഉത്തരവാദിത്വബോധം തീരെയില്ലാത്ത ഒരു  പാവം മനുഷ്യനാണെന്റെ പതി - സ്വന്തം രാജ്യത്തോടും  ധർമ്മപത്നിയോടും പുത്രനോടും ഒക്കെ നീതി പുലർത്താതെ... 
പക്ഷേ  അദ്ദേഹം അസാമാന്യ ഭാഗ്യവാനാണ്. അതുകൊണ്ടല്ലേ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ലോകം മുഴുവന്‍  ആഘോഷിക്കുകയും പുതിയൊരു മതം തന്നെ ഉദിച്ചുയരുകയും ചെയ്തത്? "


"അപ്പോള്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നാണോ പറഞ്ഞു വരുന്നത്?"


"അദ്ദേഹം കണ്ടെത്തിയതൊക്കെ മുന്‍പും മറ്റുള്ളവര്‍ പറഞ്ഞിരുന്നു. അന്നതിനെ ഭ്രാന്തെന്നാണ് ആളുകൾ  കരുതിയത്‌. പക്ഷേ  യുവരാജാവു പറഞ്ഞപ്പോൾ  ബോധജ്ഞാനമായി.  അലസനായ മനുഷ്യന്റെ ജല്പനങ്ങള്‍ എന്നുപറഞ്ഞാല്‍ അത് രാജദ്രോഹമാകില്ലേ?  വധശിക്ഷ തന്നെ ലഭിച്ചേക്കാം."


"പക്ഷേ  അവിടുന്നു പുത്രനോടൊപ്പം അദ്ദേഹത്തെ അനുഗമിച്ചതെന്തിനാണ്? പുത്രന്‍ രാജ്യഭാരമേററിരുന്നെങ്കില്‍ അമ്മമഹാറാണിയായി കൊട്ടാരത്തിൽ  സസുഖം കഴിയാമായിരുന്നില്ലേ ?"


"അമ്മയ്ക്ക് സസുഖം കഴിയാനാവുക മക്കളോടൊപ്പം കഴിയുമ്പോള്‍  മാത്രമാണ്. പുത്രനും അവന്റെ പിതാവും ഉള്ള വഴിയോരമോ മരത്തണലോ എനിക്കും സാമ്രാജ്യതുല്യമായിരുന്നു."


ഇത്രയും പറഞ്ഞ്,  യശോധര തന്റെ അതിവിശാലമായ സാമ്രജ്യത്തിലേക്കിറങ്ങിനടന്നു. വിട്ടുമാറാത്ത അമ്പരപ്പുമായി ഞാനെന്റെ സ്വപ്നസാമ്രാജ്യത്തിൽ നിദ്രയുടെ ചിറകിലേറി അങ്ങനെ..... 

Thursday, December 6, 2012

മുന്‍പോട്ട്

മുന്‍പോട്ട്
=======
പിരിയുവാനാവില്ല 
എങ്കിലും ഞാനിന്നു പിരിയുന്നു നിന്നെ 
സങ്കടമില്ലൊട്ടുമേയെങ്കിലും 
കണ്ണീര്‍ പൊഴിക്കുന്നതെന്തിനോ
അറിയില്ലതിന്‍ പൊരുളെനിക്കെങ്കിലും 
തോരാതെ കണ്ണീരുതിര്‍ക്കുന്നുഞാന്‍
നാളെയൊരിത്തിരി കുങ്കുമം ചാലിച്ചു
നീവരും വീണ്ടുമെന്‍ സന്ധ്യേ 
ഒരുതിരികത്തിച്ചു നിന്‍ മുഖം കാണുവാന്‍ 
ഈപ്പടിവാതില്കല്‍ ഞാനിരിക്കും 
ഏറെ ഞാന്‍ സ്നേഹിച്ചിരിക്കിലുംനീയെന്നെ 
വീണ്ടുമുപേക്ഷിച്ചു പൊയ് പോയിടും 
ഭൂമിയില്‍ ജീവിതം കാത്തിരിപ്പാണ-
തറിയുന്നു-വീണ്ടുമതറിയുന്നുപിന്നെയും 
കാത്തിരിക്കാനായോരിത്തിരി പൊന്‍പ്രഭ 
നാളേക്കുമാറ്റിവെച്ചീടാം പൊരുളോടെ
ജീവിതം മുന്‍പോട്ടു പോകാന്‍

എനിക്കു സ്വന്തം

എനിക്കു സ്വന്തം

==============

അറിവിന്റെ അലയാഴി
അകലെയായ് തീരുമ്പോള്‍
അജ്ഞതേ നീയെന്റെ സ്വന്തം.

ആത്മാവിലാനന്ദ
ചന്ദ്രിക മായുമ്പോള്‍
ദുഃഖമേ നീയെന്റെ സ്വന്തം.

സത്യം ഇരുള്‍മൂടി
മറഞ്ഞുപോയീടുകില്‍
അസത്യമേ നീയെന്റെ സ്വന്തം.

വെളിച്ചത്തുരുത്തുകള്‍
പൊലിഞ്ഞു തീ൪ന്നീടുകില്‍
ഇരുളാണെനിക്കിന്നു സ്വന്തം.

പ്രിയമാം നിന്‍ സ്നേഹം
എനിയ്ക്കന്യമാവുകില്‍
ശൂന്യതേ നീയെന്റെ സ്വന്തം.

അതിലെന്റെയുണ്മതന്‍
നൂലിഴ പൊയ്പ്പോകില്‍
മരണമേ നീയെന്റെ സ്വന്തം...



Wednesday, October 31, 2012

പ്രണയം

പ്രണയം പൊട്ടിമുളയ്ക്കാന്‍ മണ്ണും 
മണ്ണിന്‍ നനവും വേണ്ടല്ലോ
 മഴയുംകാറ്റും വെയിലും ചൂടും 
ഒന്നുമതില്ലാതതു വളരും 
മാനവഹൃത്തില്‍ വടവൃക്ഷത്തിന്‍ 
ചാരുതയേകീട്ടതു വളരും 
പൂക്കുംകായ്ക്കും തളിരിടുമെന്നും 
ഋതുഭേദങ്ങളതറിയാതെ 
കാലമിതെത്ര പുരോഗതി കൈവ-
ന്നെല്ലാം യാന്ത്രികമാണെന്നാകിലു-
മോരോമനസ്സിലുമൊരു മൃദു മധുര -
ത്തേ൯കണമായി പ്രണയം വിരിയും 
ജാതിമതാ൪ത്ഥവിചാരമതെല്ലാം 
പ്രണയക്കുളിരിലണഞ്ഞേപോകും 
ജീവിതയാത്രയിലോര്‍മ്മിക്കാനും 
നൊമ്പരമധുരം നുണയാനായും 
പ്രണയം വേണമതെല്ലാനാളും
മനസ്സാം വല്ലിയിലോമനമലരായ്  

Wednesday, October 17, 2012

മൂന്നാ൪

മൂന്നാ൪
.
ഒരു മുഗ്ദ്ധസ്വപ്നംപോല്‍ കേരളമണ്ണിന്‍ 
കിഴക്കേച്ചരുവിലായ് മേവുന്ന സുന്ദരി
പച്ചയാം പട്ടിന്റെ  ചേലയും ചുറ്റിയി -
ട്ടാര്‍ദ്രമാം പുഞ്ചിരി തൂകിയാ സുന്ദരി 
മാനവഹൃദയത്തിലാഹ്ലാദവര്‍ഷം  
ചൊരിഞ്ഞങ്ങു നില്‍ക്കയാണീ സഹ്യപുത്രി
 ദൂരെയങ്ങാകാശസീമയെ  ചുംബിക്കും
തേയിലക്കാടിന്‍ ഹരിതാഭ കൗതുകം 
നല്ലിളംകാറ്റിന്റെ കൈപിടിച്ചോടുന്ന 
കോടമഞ്ഞാകും കുസൃതിക്കുരുന്നുകള്‍
എത്ര സുഭഗമീ  മാമാലക്കൂട്ടത്തിന്‍
കണ്ണുപൊത്തിക്കളി, കണ്ടു നിന്നീടുകില്‍!
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുമായ് നില്‍ക്കും 
കാര്‍മുകില്‍ വര്‍ണ്ണനെപ്പോലൊരാകാശവും 
കാലികള്‍ മേയാനായ് പുല്‍ത്തടം തീര്‍ത്തിട്ടു 
നീളെക്കുതിക്കുന്ന കല്ലോലിനികളും 
പര്‍വ്വതപുത്രനൊന്നങ്ങതാ ദൂരത്തു 
നീര്‍ച്ചാലു തീര്‍ക്കുന്ന പൂണൂലുമിട്ടിട്ടു 
ഗായത്രിമന്ത്രം ജപിച്ചങ്ങു കാറ്റിനാല്‍ 
നിൽക്കയാണര്‍ക്കന്നു സ്വാഗതമോതുവാന്‍ 
മാമരക്കൂട്ടങ്ങള്‍ മേലെ നിവര്‍ത്തിയി -
ട്ടായിരം പൂക്കള്‍ തന്‍ വര്‍ണ്ണക്കുടകളും 
പോകുവാനാവാതെ ശങ്കിച്ചു നിൽപ്പൂ  ഞാ- 
നീ  വശ്യസുന്ദരഭൂമികയില്‍ നിന്നു 

Monday, October 15, 2012

ഉണ്ണിക്കണ്ണനോട്

ഉണ്ണിക്കണ്ണനോട് 

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
നിന്‍ ചുടുനിശ്വാസം തഴുകുമ്പോള്‍ ഞാനതിന്‍
 സംഗീതമായിപ്പൊഴിഞ്ഞിടട്ടെ
ആ വേണുനാദത്തിലലിയുന്ന കാളിന്ദി
തീരത്തു  ഞാന്‍ വീണുറങ്ങിടട്ടെ
നിന്റെ വൃന്ദാവന ജ്യോത്സ്നകള്‍ വിരിയിക്കും
മലർമണമായി ഞാന്‍മാറിടട്ടെ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
കാളിന്ദി തീരത്തെ കുഞ്ഞിളം കാറ്റില്‍ ഞാന്‍
തേനൂറും ഗാനമായ് തീര്‍ന്നിടട്ടെ
യദുകുലഗോക്കള്‍ തന്‍കുടമണി  കേള്‍പ്പിക്കും
നാദമതായിഞാന്‍ തീര്‍ന്നിടട്ടെ
ഗോക്കള്‍ ചുരത്തും നറുംപാലിന്‍ വെണ്മയായ്
എന്നെ നീ മാറ്റിത്തരില്ലേ കണ്ണാ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
കൌത്സ്തുഭദ്യുതിയായ്മാറിയെങ്കില്‍
നിന്മുടി ചൂടുമാപീലിത്തിളക്കത്തിന്‍
മഞ്ജുളശോഭയായ് മാറിയെങ്കിൽ
നിന്‍ മഞ്ഞപ്പട്ടുടയാടതന്നിഴതീര്‍ക്കും
സ്വര്‍ണ്ണനൂലായിഞാൻ  മാറിയെങ്കില്‍
നിന്മാറിലണിയുന്ന മലർമാലതന്നിലെ
പൂവിന്‍സുഗന്ധമായ്‌ മാറി ഞാന്‍ മാറിയെങ്കില്‍

കണ്ണാ കണ്ണാ കണ്ണാ നിനക്കെന്റെ
ഭക്തിചന്ദനത്തിനാല്‍ മുഴുക്കാപ്പൂ
താമരക്കണ്ണാ.. ഗുരുവായൂരപ്പാനിന്‍
പാദപത്മത്തിലെൻ പു ഷ്പാർച്ചന
കാര്‍മുകില്‍ വര്‍ണ്ണാ പൊന്നുണ്ണിക്കണ്ണാ
നിനക്കേകുന്നുഞാനെന്റ ഹൃദയപുഷ്പം
സ്വീകരിക്കു നീ, അനുഗ്രഹിക്കു എന്നെ
മുകില്‍വര്‍ണ്ണാ ...കൃഷ്ണാ, പീതാംബരാ..
   

Saturday, October 13, 2012

ഓണമെത്തി

ഓണമെത്തി
‌========

ചിങ്ങപ്പുലരി പിറന്നു മലയാള -
നാടാകെക്കോടിയുടുത്തുവല്ലോ
കരിമേഘം മാറിയ മാനത്തു പൊന്നൊളി -
വീശിയാത്തമ്പുരാനെത്തിയല്ലോ
മുത്തൊളിപോൽ തുമ്പപ്പൂവു ചിരിക്കുന്നു  
മുറ്റത്തുയരുന്നുണ്ടാരവങ്ങൾ 
മുക്കുറ്റിപ്പൂവു പിണങ്ങി നില്‍ക്കുന്നതു
മന്ദാരം പുഞ്ചിരിച്ചെത്തി  നോക്കി
ചെമ്പരത്തിപ്പൂവും ചെത്തിയും ചുണ്ടത്തു
ചെഞ്ചായം പൂശിയൊരുങ്ങിയെത്തി
അഞ്ജനക്കണ്ണുമായ് കാക്കപ്പൂ വഴിയോര -
ത്തങ്ങനെ ശങ്കിച്ചുനിന്നിടുന്നു
ചെമ്പകമാകട്ടെ പ്രാലേയം ചൂടിയി -
ട്ടിമ്പമോടങ്ങനെ പുഞ്ചിരിച്ചു
തുമ്പികള്‍ പാറിപ്പറക്കും പുഴയോര-
ത്താരോ കളിത്തോണി കൊണ്ടുവന്നു
തേന്മാവിന്‍ കൊമ്പത്തു കെട്ടിയൊരൂഞ്ഞാല-
തേടുന്നു കുഞ്ഞിളം പാദങ്ങളെ 
ആരാണു വന്നെന്നെ പുല്കുവതാദ്യമാ -
ത്തെങ്ങോലത്തുഞ്ചത്തു കൊണ്ടു പോകാം
ഒന്നതില്‍ക്കയറിയിട്ടാകാശമുറ്റത്തെ
വെണ്‍പൂവു തൊട്ടുമടങ്ങിയെത്താന്‍
ബാല്യത്തിലേക്കൊന്നു പോകാന്‍ കഴിഞ്ഞെങ്കി-
ലാകെയൊരിക്കലെന്നാശിച്ചുഞാന്‍  .

രാവിന്റെ പുണ്യം



ഇന്നലെ രാവിലെന്‍ പൂച്ചട്ടി തന്നോരു
ചന്ദ്രികത്തുണ്ടാം നറുമലരൊന്നിനെ

ശുഭ്രമതിന്‍ നേ൪ത്ത രേശ്മദലങ്ങളില്‍
ശുദ്ധസൗന്ദര്യത്തെ ദ൪ശിച്ചുഞാ൯

എ൯പ്രിയപൈതലിന്‍ സ്നിഗ്ദ്ധസുസ്മേരം പോ 
ല൯പോടതി൯ പ്രഭ ഞാനറിഞ്ഞു

ഇരുളിന്റെ താരുണ്യമേറുമ്പോളീ സൂന -
സൗരഭ്യമെങ്ങും പട൪ന്നിതല്ലോ

രാവിന്റെ പാതിയിതേറെക്കഴിഞ്ഞിട്ടും
രാക്കിളിപ്പാട്ടിന്റെ താളങ്ങളില്‍

നിഴലും നിലാവുമീപ്പൂവിന്നു ചുറ്റും
നിരവദ്യ ന൪ത്തനം ചെയ്തിടുന്നു

നിദ്രാവിഹീനരാം താരകപ്പൂക്കളീ -
ക്കൊച്ചുസൗന്ദര്യത്തെയുറ്റു നോക്കി

വിസ്മയം പൂണ്ടിടാം -നീ നിശാഗന്ധിയോ
ബ്രഹ്മകമലമോ രാവിന്റെ റാണിയോ

നാമമേതാകട്ടെ,യെങ്കിലും പുലരിയില്‍
നീ വെറും വിസ്മൃതി ദുഃഖപുത്രി!

എങ്കിലും നീയെ൯ പുല൪കാല സ്വപ്നത്തില്‍
മന്ദസ്മിതം തൂകി വന്നുനില്‍ക്കാം

വിരസമാം മധ്യാഹ്നവേളയില്‍ നീയെനി -
ക്കാശ്വാസമേകുമൊരോ൪മ്മയാകാം

നിദ്രയെന്നോടു പിണങ്ങുന്ന രാവില്‍ നീ
നിശ്ശബ്ദമായ് വന്നു കിന്നരിക്കാം

നന്ദി പറഞ്ഞിടാനാവില്ല വാക്കിനാ-
ലാല്ലെങ്കിലാക്ക൪മ്മമ൪ത്ഥശൂന്യം

ഇനിഞാ൯ മടങ്ങട്ടെയെ൯ ശുഷ്കനിദ്രത൯
കനിവിന്റെ കംബളക്കൂട്ടിലേക്കായ്

   

Thursday, October 11, 2012

Repose



Never have I seen Thy face,
Nor have I heard Thy soothing voice;
Yet in my dreams I rest my head
Upon Thy shoulder, calm and poised.

As Thy velvet fingers touch my face,
A quiet smile upon me slips;
I fail to name this tender feeling—
It trembles softly on my lips.

Each morning wakes me to the light,
To gaze upon the boundless sky;
I rise from sleep to greet the peaks
Of Western Ghats that tower high.

A lonely breeze Thou sendest me,
To hold me in its thousand arms;
And coffee blossoms, pure and white,
Surround my soul with fragrant charms.

The paddy fields in emerald robes
Stretch far beyond the horizon’s line;
A gentle stream flows winding down
Like silver threads in nature’s design.

My Lord, I feel Thee everywhere,
Yet still Thy face I cannot see;
From life’s deep core, from truth’s pure flow,
Lift me to touch eternity.


Repose

Never have I seen Thy face,
Nor have I heard Thy soothing voice;
Yet in my fancies I rest my weary head
Upon Thy shoulder, calm and at ease.

As Thy velvet fingers touch my face,
A gentle smile flickers on my lips;
I find it hard to define or discern
The reason why my heart feels so.

Each morning wakes me to the light,
To gaze at the infinite sky ahead;
I rise from sleep into the limelight
To behold the peaks of the Western Ghats.

There Thou sendest a lonely breeze
To embrace me with its thousand hands;
And coffee blossoms, pure and white,
Welcome me with their glorious fragrance.

The green cloak of the paddy fields
Stretches far into the horizon;
A narrow stream flows softly down,
Like a sleek silver ribbon of a river.

My Lord, Thou art everywhere,
Yet Thy face is hidden from me;
From the core of reality and the flow of life,
Let me soar high to touch Thy feet of eternity.

Mini Mohanan at Mute - 3 weeks ago
Never have I seen thy face
 Nor I heard your soothing voice
 In my fancies I rest my weary head
 On your shoulder with ease indeed

 As thy velvet fingers touch my face
 A deep smile flickers on my lips
 I find it hard to define or discern 
And I don't know the reason why 

Every morning wakes me up
 To pomp the infinite sky ahead
 I open my eyes from sleep to lime light
 To pomp the peaks of western ghats

 Where thou sent a lonely breeze
 To hug me with its thousand hands 
And the coffee blossoms white
 To welcome me with its glorious fragrance 

The green cloak of the paddy field 
Stretches its edge to horizon.
A narrow hub stream flows down
With a sleek ally river stripe

My Lord, you are there every where
But your face is hidden from me
From the core of reality and the flow of life
Let me soar high with glory to touch your feet of eternity.  

നന്ദി , ഒരായിരം നന്ദി......

ജീവിതം - ദീർഘമാം തീര്‍ത്ഥാടനം, അതില്‍
ഓരോ മനുഷ്യരും തീര്‍ത്ഥാടകര്‍
ലക്ഷ്യത്തിലെത്തിയാല്‍ പിന്നെത്തിരിച്ചോരു
യാത്രയതൊട്ടുമേ സാധ്യമല്ല

ഉത്തരം കിട്ടാത്തോരീ പ്രഹേളികയില്‍നി -
ന്നെത്തിപ്പിടിക്കാന്‍ കഴിയാത്ത സത്യങ്ങ -
ളെത്ര നിരാകരിച്ചാലും മനുഷ്യന്റെ
ചിന്താതലങ്ങളില്‍ വടുക്കളായ് മാറിടും

എങ്കിലുമീ ലോകജീവിതം മര്‍ത്യന്നു
സങ്കടക്കൂമ്പാരമേകുന്നതെന്തേ
ഒരുമാത്ര നോക്കിയാലീ ദുഃഖപര്‍വ്വങ്ങ-
ളത്രയും നമ്മള്‍തന്‍ സൃഷ്ടിമാത്രം

ഒന്നും നമുക്കില്ല സ്വന്തമീ ലോകത്തി-
ലെല്ലാം വെറുംവ്യഥ-പാഴ്ക്കിനാവും
ഇന്നലെച്ചെയ്തോരാ നന്മകളൊക്കെയും
ഈ തീര്‍ത്ഥയാത്രയില്‍ പാഥേയമായ്

വ്യർത്ഥ ദുഃഖങ്ങള്‍കൊണ്ടെന്തിന്നു ഞാനെന്റെ
മുഗ്ദ്ധമനോഹരജീവിതാരാമത്തെ
 ശുഷ്കനിശൂന്യമാം പാഴ്നിലമാക്കിയി -
ട്ടെന്തിനെല്ലമോ പരിതപിച്ചു

ഇനിയെന്റെ സ്വപ്നങ്ങൾക്കതിരില്ല
വഴിതേടുമാശകൾക്കന്ത്യമില്ല
അകലെയാകാശത്തു നിഴല്‍ ചൂടിനില്‍ക്കുമീ
കാര്‍മേഘമാലകള്‍ കാണ്മതില്ല

ആർത്തിരമ്പുന്നൊരീപ്പേമാരി ജാലക -
ച്ചില്ലില്‍ വീണുടയുന്ന താളത്തിമിര്‍പ്പിലെന്‍
ചീര്‍ത്തദുഃഖത്തിന്‍ കളിപ്പാവക്കൂട്ടങ്ങ-
ളാടിത്തിമിര്‍ത്തങ്ങുദൂരേയ്ക്കു പോയിതാ

നീലോല്പലത്തിന്‍ദലങ്ങള്‍പോലാകാശ-
മുറ്റത്തു പാറിക്കളിക്കുന്ന വാരിദ
ക്കൂട്ടങ്ങളെന്നോടു സ്നേഹാതിരേകത്താല്‍
കിന്നാരമൊന്നും പറയാന്‍ വരില്ലയോ

കാലത്തിനായ് ഞാന്‍ മടക്കിക്കൊടുത്തെന്റെ
കാളിമയോലും കദനത്തിന്‍ പൂക്കളെ
കാണുവാനായിനിക്കണ്മുന്നിലെത്തുന്ന
കാഴ്ച്ചകളൊക്കെയും ജ്യോതിര്‍മയം

ഹൃദയത്തുടിപ്പിലേക്കിറ്റുവീഴുന്നൊരാ
നൊമ്പരത്തുള്ളികളാരേ തുടച്ചിട്ടു
തേനൂറുമാശതന്‍ മുന്തിരിച്ചാറെന്റെ
പാനപാത്രത്തിലൊഴിച്ചുതന്നു!

കാലമെന്നാത്മാവിലാഴത്തിലേല്പി-
ച്ചുണങ്ങാത്ത നൊമ്പരപ്പാടുകളൊക്കെയും
സ്നേഹാമൃതംകൊണ്ടു ലേപനംചെയ്തിട്ടി-
താരേതികച്ചും സുഖപ്പെടുത്തി!

നിശ്ചയമില്ലെനിക്കാരോടുചൊല്ലേണ്ടു
നന്ദിയെന്നുള്ള രണ്ടക്ഷരത്തെ
എങ്കിലും ഞാനീ പ്രപഞ്ചത്തിനർപ്പിപ്പൂ
എന്റെ കൃതജ്ഞതാസാഗരത്തെ. 


Tuesday, October 9, 2012

കാത്തിരിപ്പ്

രാവേറെയായ് ,ഇരുട്ടിനു കനമേറി
നീ എന്തേ വന്നതില്ല ?
ഈയിടെയായി നീ എന്നെ വല്ലാതെ അവഗണിക്കുന്നു.
നിന്നോടെനിക്കുള്ള സ്നേഹം, നീ എന്തേ  അറിഞ്ഞതില്ല ?
കടലും നീര്‍പ്പോളയും പോലെ
നമ്മള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നുവോ
നീ ഇല്ലാതെ ഒരു രാത്രിപോലും കഴിയനെനിക്കവില്ലെന്നറിയില്ലേ
എന്റെ കണ്‍പോളകള്‍ നിന്റെ ചുംബനം കൊതിക്കുന്നു
നിന്റെ സ്നേഹലിംഗനത്തിലമരാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുന്നു
ഇനിയും വൈകുന്നതെന്തേ
നീ ഒന്ന് വേഗമെത്തുക ,എത്രയും വേഗം.
നിന്നെ ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രിയപ്പെട്ട നിദ്രേ
എന്നെ പുല്കുക ,ചുംബനം കൊണ്ട് മൂടുക
നിദ്രേ എന്റെ ജീവനാഡിയാം നിദ്രേ

Friday, October 5, 2012

എന്റെ ഗ്രാമം

എന്റെ ഗ്രാമം
=========

ഓര്‍മ്മകള്‍ പുഴയായതൊഴുകട്ടെയീ-
ക്ക൪മ്മകാണ്ഡത്തിനൊപ്പമനുസ്യൂതമായ്  

പുഴയേകദിക്കിലേക്കൊഴുകുമ്പോളോര്‍മ്മകള്‍  
നാലല്ല, നാനാദിശയിലേയ്ക്കൊഴുകുന്നു 

എവിടേയ്ക്കു ഞാനെന്റെയോര്‍മ്മതന്‍ കുതിരയെ 
മേയാന്‍ കടിഞ്ഞാണഴിച്ചുവിട്ടാകിലും 

അതുവേഗമെത്തിടുമോടിക്കിതച്ചങ്ങു 
ദൂരെയാ മാമലച്ചെരുവിലെ൯ ഗ്രാമത്തില്‍ 

പച്ചപ്പുതപ്പിന്നടിയിലുറങ്ങുമാ
സഹ്യന്റെ മാറിലെ കൊച്ചുഗ്രാമം 

ഏലവും കാപ്പിയും പിന്നെക്കറുത്തൊരാ  
മുത്തും വിളയുന്ന കൊച്ചുഗ്രാമം 

എത്ര കണ്ടാലും മതിവരാ സുന്ദര 
സ്വപ്നംപോല്‍ നിര്‍മ്മലമെന്റെ ഗ്രാമം 

കോടമഞ്ഞിന്‍ ചേല വാരിപ്പുതച്ചിട്ടു  
സുപ്രഭാതം ചൊല്ലുമെന്റെ ഗ്രാമം

വെള്ളിക്കൊലുസിട്ട മാമലച്ചെരുവിലായ് 
കാലികള്‍ മേയുന്ന കൊച്ചു ഗ്രാമം 

ഗ്രാമത്തിന്‍ മാറിലൂടകലേക്കു നീളുന്നോ 
രൊറ്റയടിപ്പാത കാണ്‍മതില്ലേ 

അതു ചെന്നു നില്‍ക്കുമാ പാഠശാലാങ്കണ- 
മെന്നുമെന്നോ൪മ്മത൯ സ്വര്‍ഗ്ഗഭൂമി 

കൗമാരസുന്ദര സ്വപ്നങ്ങള്‍ നെയ്തൊരാ
പുണ്യസുഭഗമാം പൂങ്കാവനം

അഭിവന്ദ്യരാം ഗുരുഭൂതര്‍ തന്‍ പാദത്തി-
ലര്‍പ്പിച്ചിടട്ടെയെന്നശ്രുപൂജ

കളകളം പാടിക്കൊണ്ടൊഴുകുമാപ്പൂഞ്ചോല-
യെന്നോടു മന്ത്രിച്ചതേതു രാഗം 

ദൂരെയങ്ങാകാശ വീഥിയില്‍ പാറി-
 പ്പറക്കുന്ന പക്ഷികള്‍ പോവതെങ്ങോ 

ദേവാലയങ്ങള്‍ മുഴക്കും മണിനാദ-
നിർഝരിയില്‍ ഭക്തിസാന്ദ്രമാകും   


പൊന്നുഷ:സന്ധ്യകളാരതിചെയ്യുന്ന
നിത്യവിശുദ്ധമാം പുണ്യഭൂമി

അവിടെയാണെന്റെയാത്മാവിന്റെ വേരുകള്‍ 
അവിടെയെ൯ ജീവന്റെ വ൪ണ്ണത്തുടിപ്പുകള്‍ . 








Tuesday, September 18, 2012

പ്രിയസ്നേഹിതയ്ക്കായ്‌

വിജനമാം വീഥിയില്‍ അലയുമോരനിലന്റെ
 സ്നിഗ്ദ്ധമാം  സ്പർശനമേറ്റുവാങ്ങേ,
അകതാരിലാഹ്ലാദമലയടിച്ചറിയാതെ
 ഒരുവേള നിന്നെ ഞാനോര്‍ത്തുപോയി.

കഥ പറഞ്ഞെത്തുമാ  കുരുവിതന്‍  കൂട്ടങ്ങള്‍
കലപിലകൂട്ടുന്ന  തണല്‍ വൃക്ഷച്ചോട്ടില്‍
ഒരുനാളും തീരാത്ത കഥപറഞ്ഞന്നു നാം
നിമിഷദലങ്ങള്‍ കൊഴിച്ചുവല്ലോ

ഒരുകുന്നിമണിയിലെ    ബാല്യസംതൃപ്തിയും,
ഒരുവളപ്പൊട്ടിന്റെ കൗമാരകൗതുകം,
ഒരു മയില്‍പീലിക്കു കലഹിച്ചതെത്ര നാം,
ഓര്‍മ്മയുണ്ടോ നിനക്കാദിനങ്ങള്‍!

നിൻപട്ടുപാവടത്തുമ്പിനാല്‍ ചുംബന-
മേറ്റുവാങ്ങുന്നോരാ ഗ്രമവീഥി,
നിന്മൃദു സ്മേരത്തിലൊളിമങ്ങുമര്‍ക്കന്റെ
നിഴല്‍വീണ നീണ്ട വഴിത്താരകള്‍.

അതിവേഗഗതിയിലായ് കാലം കുതിക്കവേ
എന്നോ വിടചോല്ലി നാം പിരിഞ്ഞു
ജീവിതം നമ്മെ പഠിപ്പിച്ചു, സ്വപ്നങ്ങ -
ളൊക്കെയും സ്വപ്നങ്ങളായിരിക്കും

ഇന്നു  നാം വീണ്ടും മുഖാമുഖം കാണുമ്പോ-
റിയില്ലെനിക്കെന്തു  ചോല്ലിടെണ്ടു
എന്‍ പ്രിയസ്നേഹിതേ നീയെന്‍ മനതാരി-
ലെരിയുമെഴുതിരിപ്പൊന്‍ വിളക്കായ്  .




Wednesday, April 4, 2012

Flood

Truths resemble clouds
Dark and deep but float.
When over weighed, pour down
no matter where it falls
On time the clouds on sky finish
But the truths never cease their shower
The flood will wash away one's peace
More and more truths boost up the flood
The heart will go down deeper,
Deeper and deeper forever .