മഴ
.
ചുട്ടുപൊള്ളുന്ന വേനലിൽ ആദ്യമഴ
അവൾ മുറ്റത്തേക്കോടിയിറങ്ങി.
" മോളേ, പുതുമഴയാ. നനയേണ്ട. പനിവരുവേ.... "
പെട്ടെന്നവൾ തിരിഞ്ഞുനിന്നു. ആരുമില്ലല്ലോ ഇവിടെ
എന്നിട്ടും ഈ ശബ്ദം
മെല്ലേ അവൾ വരാന്തയിലേക്കു കയറി. പുറത്തേക്കു കൈകൾനീട്ടി. മഴത്തുള്ളികൾ ഒന്നൊന്നായി കൈക്കുമ്പിളിൽ പതിച്ചപ്പോൾ അവളനുഭവിച്ചത് എന്നന്നേക്കുമായി മാഞ്ഞുപോയ അമ്മസ്നേഹമായിരുന്നു. കണ്ണുകളടച്ച് ആവോളം ആ സ്നേഹത്തിലലിഞ്ഞുനിൽക്കുമ്പോൾ അവളറിഞ്ഞു,
മഴ വെറുമൊരു ഋതുവിശേഷമല്ല, അതൊരോർമ്മയാണ് .
അമ്മയുടെ സ്നേഹശാസനയുടെ, നേർത്ത തലോടലിന്റെ, പനിച്ചൂടിനെ മാറ്റുന്ന ചുക്കുകാപ്പിയുടെ, നനഞ്ഞ തലയിൽ അമർത്തി തുവർത്തുന്ന കരുതലിന്റെ, കുട മറക്കുമ്പോൾ പിന്നാലെ കുടയുമായോടിയെത്തുന്ന അമ്മസ്നേഹത്തിന്റെ ............
പെട്ടെന്നുവീശിയടിച്ച കാറ്റിൽ അവളറിഞ്ഞത് അമ്മയുടെ ആശ്ലേഷത്തിന്റെ കുളിരുള്ള നേർത്ത ചൂടായിരുന്നു.
മഴയ്ക്കും കാറ്റിനും ശക്തികൂടി. അവൾ അകത്തേക്കുകയറി വാതിലടച്ചു. പക്ഷേ ഹൃദയത്തിൽ ഓർമ്മകളിലേക്കുള്ള വാതിൽ മലർക്കെ തുറന്നു, ഈ മഴയിരമ്പലിൽ തനിച്ചാവാതിരിക്കാൻ.
No comments:
Post a Comment