Friday, July 21, 2017

വഴിക്കണ്ണ്

വഴിക്കണ്ണ്
=========
നീണ്ടയീ സായന്തന വീഥിയിലേകാകിയായ്
കാത്തിരിക്കയാണൊരു പദനിസ്വനം, മൂകം

ഒരു ദുഃഖപർവ്വമെൻ ഹൃദയത്തിലേറ്റിയി-
ട്ടക്ഷമം ചോദിക്കുന്നു 'എങ്ങു നീ പൂക്കാലമേ?'

മറുവാക്കു കേൾക്കുവാൻ കഴിയാതെന്നും എന്റെ
മിഴികൾ തുളുമ്പുന്നതാരുകാണുവാനെന്നോ!

എൻമാറിലലതല്ലുമീസ്‌നേഹസാഗരത്തെ
എന്തു നീ പൊന്നോമനേ, വിസ്മരിച്ചുവോ പാടേ

കാതങ്ങൾക്കപ്പുറത്താണെന്റെ പൊൻവസന്തമെ -
ന്നോർക്കാതെ കാക്കും നിന്നെ വഴിക്കണ്ണുമായെന്നും

പൊന്നു പൈതലേ നിന്നെ ഓർക്കാതില്ലല്ലോ  എനി-
ക്കുഷസ്സും മദ്ധ്യാഹ്നവും സന്ധ്യയും നിശീഥവും

അതിജീവനത്തിന്റെ രഥ്യകൾ താണ്ടാനായ് നീ
എൻവിരൽത്തുമ്പും വിട്ടു പോയല്ലോ ദൂരേയ്‌ക്കെങ്ങോ

ഏകാന്തത തീർക്കുമീത്തടവറയ്ക്കുള്ളിൽ
നീണ്ടുപോം നിമിഷങ്ങളെത്ര ഞാനെണ്ണീ നിത്യം

'ഇന്ന് നീ വന്നെത്തു'മേന്നെത്രമേൽ നിനച്ചു ഞാൻ
എന്നുമീപ്പടിക്കെട്ടിൽ കാത്തിരിക്കുന്നു മൂകം

ഒന്നു നിൻ രൂപം കണ്ടാൽ , ഒന്നു നിൻ സ്വരം കേട്ടാൽ
ഒന്നു നിൻ വിരൽ തൊട്ടാലെന്തിനു സ്വർഗ്ഗം വേറെ

മരണം വാതില്ക്കലിങ്ങെത്തിയാലുമെന്നുണ്ണീ
നിൻപദസ്വനത്തിനായ് കാതോർത്തിരിക്കും ഞാനും

'അമ്മേ'യെന്നുരച്ചു നീ ഓടിയിങ്ങെത്തീടുകിൽ
പോകില്ല ഞാനാമൃതിക്കൊപ്പമെന്നതും ദൃഢം

മകനേ, അറിക- നിന്നമ്മതൻ പാഥേയമാ -
ണിന്നു നീ നൽകും സ്നേഹവാത്സല്യത്തേൻ തുള്ളികൾ

Friday, June 30, 2017

പ്രണയം

പ്രണയമേ..നീ ...
----------------------------
മഴയായി നീയെന്നില്‍
പൊഴിയുന്നു പ്രണയമേ
പുഴയായി നീയെന്നി-
ലൊഴുകുന്നു കുളിരേകി.
ഒരു വസന്തത്തിന്റെ
ഓര്‍മ്മയായ് പൂ ചാറി,
ഒരു ഗ്രീഷ്മസന്ധ്യതന്‍
ചെങ്കതിര്‍ ചോപ്പായി,
ഉള്‍ക്കോണിലൊരു കൊച്ചു
നോവേകും  മുറിവായി,
ഒഴുകുമൊരു ശോണിമ
പുലരിതൻ നിറവായി
മായാത്ത മോഹത്തിൻ
പ്രഭ തൂകും ജ്യോതിയായ്
മാലേയസൗരഭ്യ-
മൊഴുകുന്നൊരോർമ്മയായ്
നീയെന്റെയാത്മാവി-
ലലിയുന്നു പ്രണയമേ...
അലിയുന്നു ജീവന്റെ
ജീവനിൽ നീ  മാത്രം
ഒഴുകുന്നു നീയെന്റെ
രുധിരാത്മരേണുവായ്

Thursday, April 27, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 14

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 14
മഹാലക്ഷ്മി ക്ഷേത്രം, കോൽഹാപ്പൂർ 

പതിനെട്ടു ശക്തിപീഠങ്ങളിൽ ഒന്നാണ് കൊൽഹാപ്പൂരിലെ മഹാലക്ഷ്മിക്ഷേത്രം. ശിവപാർവ്വതിമാർ ഇവിടെ വസിക്കുന്നു എന്ന വിശ്വാസത്തിൽ അംബാബായിക്ഷേത്രം  എന്നും ഈ  ക്ഷേത്രത്തെ വിളിച്ചു പോരുന്നു . മോക്ഷപ്രാപ്തി ലഭിക്കുന്ന ആറിടങ്ങളിൽ ഒന്നാണിത് . മഹാവിഷ്ണുവും ലക്ഷിദേവിയും മഹാപ്രളയകാലത്തുപോലും ഇവിടെ നിലകൊണ്ടിരുന്ന എന്നാണു വിശ്വാസം. ഈ പ്രദേശം ജഗദംബ കാരങ്ങളിലെന്തുന്നു  എന്നതിനാൽ എല്ലാ നാശങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടുപോരുന്നുവത്രെ. മഹാവിഷ്ണുവും തന്റെ പ്രിയപത്നിയുടെ സന്നിധാനമായ ഇവിടെയാണത്രെ വൈകുണ്ഠത്തെക്കാളും ക്ഷീരസാഗരത്തെക്കാളും പ്രിയമായി കരുതുന്നത് . പഞ്ചഗംഗാ നദീതീരത്തു  സ്ഥിതിചെയ്യുന്നതിനാൽ ദക്ഷിണകാശി എന്നും ഇവിടം അറിയപ്പെടുന്നു.

ആറായിരത്തോളം വർഷം  പഴക്കമുള്ള പുണ്യശിലയിലാണത്രെ ഇവിടുത്തെ വിഗ്രഹം രു. 40 കിലോയോളം തൂക്കമുണ്ടിതിന് . ഈ പൗരാണികത വ്യക്തമാക്കുന്നതാണ് വിഗ്രഹത്തിലെ അമൂല്യരത്നങ്ങൾ. ശിലാതല്പത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹിയായ വിഗ്രഹത്തിന്റെ ഓരോ കരങ്ങളിലായി ഫലം ,കൗമോദകി എന്ന  ഗദ, പരിച , പാനപാത്രം എന്നിവ ഗ്രഹിച്ചിരിക്കുന്നു . കിരീടത്തിൽ യോനീമുദ്രയിലെ  ശിവലിംഗവും നാഗഫണവും ഉണ്ട് . പിന്നിൽ   വാഹനമായ സിംഹവും നിലകൊള്ളുന്നു . മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പശ്ചിമദിക്കിലേക്കാണ് വിഗ്രഹം ദർശനമായിരിക്കുന്നത് . പുരുഷന്മാരായ ഭക്തർക്കു  ദേവീപാദങ്ങളിൽ  കുങ്കുമപൂജ സ്വയം നടത്താം  പടിഞ്ഞാറുഭാഗത്തെ ക്ഷേത്രച്ചുവരിലുള്ള കൊച്ചു ജാലകത്തിലൂടെ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രത്യേകദിനങ്ങളിൽ   അസ്തമയസൂര്യകിരണങ്ങൾ വിഗ്രഹത്തിന്റെ വിവിധഭാഗങ്ങളിലായി പതിക്കും . ഈ ദിനങ്ങൾ കിരണോത്സവങ്ങൾ എന്നറിയപ്പെടുന്നു. ഈ ദിനങ്ങൾ അതിവിശിഷ്ടങ്ങളായി കരുതി ആഘോഷിക്കുന്നുമുണ്ട് . മൂന്നു ദിവസങ്ങളിലായാണ് ഓരോപ്രാവശ്യവും കിരണോത്സവങ്ങൾ ആഘോഷിക്കപ്പെടുന്നത്. അനേകായിരങ്ങൾ ഈ പുണ്യം ദർശിക്കുന്നതിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നുമുണ്ട്.

വിഗ്രഹം അതിപുരാതനമെങ്കിലും ഇന്ന് കാണുന്ന  ക്ഷേത്രം പണിതിരിക്കുന്നത് എട്ടാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു . ഏകദേശം രണ്ടു സഹസ്രാബ്ദങ്ങൾക്കു മുമ്പ്  കർണ്ണാദേവ്   വനം വെട്ടിത്തെളിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തുന്നത്. എട്ടാം നൂറ്റാണ്ടിൽ ഭൂകമ്പത്തിൽ മണ്ണിലാണ്ടുപോയ ക്ഷേത്രത്തെ ഒമ്പതാം നൂറ്റാണ്ടിൽ ഗന്ധവാദികരാജാവ് വീണ്ടെടുത്തു പുനഃരുദ്ധരിക്കുകയായിരുന്നു . പിന്നെയും പല നൂറ്റാണ്ടുകളിലായി നവീകരണപ്രവർത്തനങ്ങൾ നടന്നുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ക്ഷേത്രദര്ശനം നടത്തുകയും ദീപമാലയും കാര്യാലയവും  മറ്റും നിർമ്മിക്കുകയും ചെയ്തു. ഇന്നിവിടെ അഞ്ചു പ്രധാനശ്രീകോവിലുകളും ഏഴു ദീപമാലകളും മുപ്പത്തഞ്ചിലധികം ചെറുക്ഷേത്രങ്ങളുമുണ്ട് .

എല്ലാദിവസവും അഞ്ചുപൂജകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് പ്രത്യേകദീപത്തോടെ പള്ളിയുണർത്തൽ , എട്ടുമണിക്ക് ഷോഡശോപചാരപൂജ , വൈകുന്നേരം മൂന്ന് ആരതിപൂജകൾ  എന്നിവയാണവ. വെള്ളിയാഴ്ചകളിലും പൗർണ്ണമി ദിനങ്ങളിലും വിഗ്രഹം എഴുന്നെള്ളിച്ച്  പുറപ്പാടാഘോഷവും നടത്താറുണ്ട്. നവരാത്രി ആഘോഷങ്ങൾ വളരെ പ്രധാനമാണിവിടെ .

മുംബൈയിൽ നിന്ന് 380 ലധികം കിലോമീറ്റർ  ദൂരമുണ്ട് കോൽഹാപ്പൂരിലേയ്ക്ക് . റോഡ്, തീവണ്ടി, വിമാനമാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ വളരെയെളുപ്പമാണ് .


ശക്തിപീഠങ്ങൾ 

Sunday, April 23, 2017

അമ്മ

അമ്മയാണൂഴിയിലേകസത്യം
ആതങ്കമാറ്റിടും സ്നേഹരൂപം
ഇത്രമേൽ കാരുണ്യവാരിധിയായ്
ഈ ജഗത്തിൽ നമ്മൾ കണ്ട ദൈവം
ഉണ്മയാം അമ്മയെ നല്കിയീശൻ
ഊഴിയിൽ നമ്മെ സനാഥരാക്കി
ഋതുഭേദമില്ലാത്ത പ്രകൃതിയെപ്പോൽ
എത്രമേൽ കഷ്ടം സഹിച്ചുകൊണ്ടും
ഏറിയ നോവിലും ജന്മമേകി
ഐഹികലോകം നമുക്കു നൽകി ,
ഒന്നിനുമാവാത്ത ശൈശവത്തിൽ നമ്മെ
ഓരോ നിമിഷവും കാത്തുപോറ്റി
ഔന്നത്യസോപാനമേറ്റിടാനായ്
അംബുധി പോലും കൈക്കുമ്പിളാക്കി
അമ്മയുണ്ടൂഴിയിൽ അമ്മമാത്രം! 

Monday, April 17, 2017

ആകാശം കാണുന്ന വീട് ( കഥ )

" അച്ഛാ, നമുക്കു വീടു നോക്കുമ്പോള്‍ ഒരു കാര്യം ഉണ്ടോന്നു നോക്കണം"
" എന്താണു മോളേ?"
" ആകാശം "
"ആകാശമോ ? "
" അതെ അച്ഛാ , ജനാലയിലൂടെ നോക്കിയാൽ എനിക്ക് അനന്തനീലിമയായി  പരന്നു കിടക്കുന്ന ആകാശം കാണണം. നീലാകാശത്തു പറന്നു നടക്കുന്ന വെള്ളിമേഘങ്ങൾ, രാത്രിയിൽ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങൾ, വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന അമ്പിളിമാമൻ.. ഒക്കെ എനിക്ക് കാണണം. ഇവിടെ ഇങ്ങനെ നോക്കിയിരുന്നാൽ അപ്പുറത്തെ  ഫ്ലാറ്റ് അല്ലെ കാണാനാകുന്നത്. എത്ര നാളായി ഞാനാശിക്കുന്നെന്നോ ആകാശം മനം നിറയെ ഒന്ന് കാണാൻ "
പൊന്നുമോളുടെ ആഗ്രഹം ഒരുകണക്കിന് നോക്കിയാൽ എത്ര ചെറുതാണ് . അവളുടെ പ്രായത്തിലുള്ള കുട്ടികൾ ആഗ്രഹിക്കുന്നതൊന്നും അവൾക്കു വേണ്ട. ഇത്തിരി ആകാശം കാണാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ. പോളിയോ ബാധിച്ച കാലുകളുമായി ഓടിനടന്ന് ആകാശം കാണാൻ അവൾക്കാകില്ല.  ചുറ്റുപാടും ധാരാളം കെട്ടിടങ്ങൾ ഉള്ളത്‌കൊണ്ട് ഈ അപ്പാർട്മെന്റിലെ ഫ്ലാറ്റിൽ ഇരുന്നാൽ അവൾക്ക്   ജനാലയിലൂടെ ഒരുതുണ്ട് ആകാശമാണ് കാണാനാവുക .

കഴിഞ്ഞ    ദിവസമാണ് ഫ്ലാറ്റുടമ വാടക പുതുക്കാനാവില്ല എന്നറിയിച്ചത് . ഫ്ലാറ്റ് മകളുടെ വിവാഹസമയത്ത്  സ്ത്രീധനമായി  കൊടുത്തതാണത്രേ. ഇനി അടുത്ത വാടകക്കാരെ നിശ്ചയിക്കുന്നത് മരുമകനായിരിക്കും. ചിലപ്പോൾ അവർ തന്നെ അവിടെ താമസത്തിനു വരാനും സാധ്യതയുണ്ട് . എന്തായാലും ഇനി രണ്ടു മാസം കൂടിയേ കാലാവധിയുള്ളൂ. അത് തീരുന്നതിനു മുന്നേ പുതിയ വീട് കണ്ടുപിടിക്കണം . നാട്ടിലെ സ്വത്ത്  ഭാഗം വെച്ചാൽ കിട്ടുന്ന ഷെയർ വിറ്റു ബാക്കി ലോണും എടുത്തു പുതിയ വീടൊന്നു വാങ്ങണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നതാണ് . പക്ഷെ കഴിഞ്ഞ ദിവസവും അനിയനെ ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ ഉടനെയെങ്ങും അച്ഛൻ ഭാഗം വെയ്ക്കുന്ന ലക്ഷണമില്ലെന്നാണവൻ പറഞ്ഞത് . കൈയിലുള്ള ചെറിയ സമ്പാദ്യവും ലോണും ചേർത്ത് വീട് വാങ്ങിയേ മതിയാകു. മോളെ സ്‌കൂളിൽ വിടാനുള്ള സൗകര്യവും നോക്കണം.

വീട് നോക്കാൻ പോകുമ്പോളൊക്കെ മോളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങും. പക്ഷെ ആകാശം കാണുന്ന ജനാലകളുള്ള വീട് ഈ കോൺക്രീറ്റു വനത്തിൽ എവിടെ കിട്ടാൻ. ഒന്ന് രണ്ടിടത്തും കണ്ടു. പക്ഷെ അതൊന്നും വാങ്ങാനുള്ള പണം ഈ ജന്മം മുഴുവൻ ശ്രമിച്ചാലും അയാൾക്കുണ്ടാക്കാനാവില്ല. എങ്കിലും ഓരോ ഫ്ലാറ്റിലും ചെല്ലുമ്പോൾ ആദ്യം നോക്കുന്നത് ജനാലകൾ ആകാശത്തേയ്ക്ക് മിഴി തുറക്കുന്നോ  എന്നാണ് .  ദിവസങ്ങള്‍ ഓടിയോടിക്കടന്നുപോകുന്നു. വീടൊത്തുകിട്ടിയതുമില്ല. അത്യാവശ്യം സൗകര്യമുള്ളതാകുമ്പോള്‍ വിലയൊത്തുവരുന്നില്ല. അല്ലെങ്കില്‍ മോളെ സ്കൂളില്‍ വിടാനുള്ള സൗകര്യമുണ്ടാകില്ല. ഇനിയും മുമ്പോട്ടുപോകാനാവില്ല എന്നു വന്നപ്പോഴാണ് ആ ഹൗസിങ്ങ് കോമ്പ്ലെക്സിലെ ഫ്ലാറ്റ് തന്നെ വാങ്ങാമെന്നു രണ്ടും കല്പിച്ചു തീരുമാനിച്ചത്. ഹാളും അടുക്കളയും കിടപ്പുമുറിയും ഉള്ള കൊച്ചു ഫ്ലാറ്റ്. അടുത്തു സ്കൂളുള്ളതുകൊണ്ട് മോളെ എടുത്തുകൊണ്ടുപോയാക്കാന്‍ സൗകര്യം. പക്ഷെ...

വീടു മാറുന്ന ദിവസം അയാള്‍ മോളോടു മനസ്സുകൊണ്ടു മാപ്പുചോദിച്ചു. പഴയ വാടകവീട്ടില്‍ അവള്‍ക്കൊരുതുണ്ടാകാശമെങ്കിലും സ്വന്തമായുണ്ടായിരുന്നു. പുതിയ വീട്ടില്‍ അതുപോലുമില്ല. ആകാശം പോലും സ്വന്തമാക്കാന്‍ സമ്പന്നര്‍ക്കേ കഴിയൂ എന്ന തിരിച്ചറിവ് തന്റെ പൊന്നുമോള്‍ക്കുണ്ടാകും എന്നായാള്‍ വെറുതെയെങ്കിലും മോഹിച്ചു .

Tuesday, April 11, 2017

ഔന്നത്യം

ഔന്നത്യം ശൂന്യത മാത്രം
തരുക്കളില്ലാത്ത
ചെടികള്‍ വളരാത്ത
പുല്ലുകള്‍ പോലും മുളച്ചിടാത്ത
മാലേയകേദാരഭൂമി
മൃത്യുകംബളം പോല്‍ ശീതളം,
ശ്മശാനഭൂമി തന്‍
നിത്യ ശാന്തിയും
കളിയാടി കളകളം
പൊഴിക്കും സരിത്തും
അരും തടുക്കാതെ
പാഞ്ഞോടും കാറ്റും ..
താണ്ടുവാനിനിയെത്ര
ദൂരമെന്നാകിലും
ലക്ഷ്യമതൊന്നാണു
മാലോകര്‍ക്കെന്നും 

എങ്ങു നീ പോകുന്നു പൂക്കാലമേ....

എങ്ങു നീ പോകുന്നു
പൂക്കാലമേ
ഇത്ര വേഗത്തിലോടി
മറഞ്ഞിടുന്നു
ആരാണു നിന്നെയും
കാത്തങ്ങു ദൂരെയാ
കൊട്ടാരമുറ്റത്തു
കാത്തിരിപ്പൂ
കണ്ടുമോഹിച്ചുപോയ്
നിന്‍ നിറക്കൂട്ടുകള്‍
ഘ്രാണിച്ചു കൊതി  തീര്‍ന്നതില്ല
നിന്‍   പരിമളം.
മാന്തളിര്‍ തിന്നു മദിച്ചോരു
പൂങ്കുയില്‍
പാടിത്തളര്‍ന്നങ്ങിരിപ്പതോ
ചില്ലയില്‍ ..
ആ ഗാനനിര്‍ഝരി
കേട്ടുറങ്ങീടുവാന്‍
കാതോർത്തു പൈതലും
പൂനിലാവും