Wednesday, June 29, 2016

നമ്മുടെ കവികള്‍ 17/ ഡോ: ദേശമംഗലം രാമകൃഷ്ണന്‍

നമ്മുടെ കവികള്‍ 17/ ഡോ: ദേശമംഗലം രാമകൃഷ്ണന്‍
===============================================


സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും വാഗ്മയചിത്രങ്ങളായി പൂക്കള്‍ വിടര്‍ത്തുന്ന കവിതകളുടെ മായാപ്രപഞ്ചമാണ് അനുഗൃഹീതകവി ശ്രീ ദേശമംഗലം രാമകൃഷ്ണന്റെ സൃഷ്ടികളോരോന്നും. നഷ്ടങ്ങളെപ്പോലും നേട്ടങ്ങളാക്കാന്‍ കഴിവുള്ള നന്മയുടെ അടയാളപ്പെടുത്തലുകള്‍ ."സങ്കീര്‍ണ്ണ ബിംബങ്ങളുടെ ധ്വനിസാന്ദ്രതയാണ്‌ ദേശമംഗലം കവിതയുടെ പ്രത്യേകത" എന്നു തനിക്കു തൊട്ടുമുമ്പേ നടക്കാറുളള അയ്യപ്പപ്പണിക്കര്‍ പറഞ്ഞിട്ടുണ്ട്‌. മിത്തുകളുടെയും താടന്‍പാട്ടിന്റെയും പഴഞ്ചൊല്ലിന്റെയും ഒക്കെ വെളിച്ചം വേണ്ടുവോളം വീണു കിടന്നിരുന്ന നാട്ടുവഴികളിലൂടെയാണ്  ദേശമംഗലം സഞ്ചരിച്ചു തുടങ്ങിയത്. ഈ നാട്ടുതനിമ തന്റെ തട്ടകമാണെന്ന്‌ അവകാശപ്പെടുന്ന കവി നഗരജീവിതത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും  താലോലിക്കുന്നത്‌ തന്റെ അനുഭവങ്ങളിലെ ഗ്രാമജീവിതത്തിന്റെ ദുരിതപൂര്‍ണ്ണമായ വിശുദ്ധിയെയാണ്‌ഃ "കുട്ടിക്കാലത്ത്‌ അറിഞ്ഞതും കേട്ടതും കണ്ടതും എല്ലാം സഞ്ചയിച്ചുണ്ടാവുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌ ഉളളില്‍ ഭാഷ ഉണ്ടാക്കുന്നത്‌." ഈ കാവ്യഭാഷതന്നെയാണ്‌ അദ്ദേഹത്തിന്റെ കവിതകളെ വേറിട്ടു കേള്‍പ്പിക്കുന്നതും. ഗഹനതയും ഭാവസാന്ദ്രതയും ഗ്രാമീണസൗന്ദര്യവും ഒക്കെ ഒത്തു ചേര്‍ന്ന ഈ കവിതകള്‍ ആധുനിക- ഉത്തരാധുനികതയുടെ ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കാന്‍ കൂട്ടാക്കുന്നില്ല .

1948ല്‍  തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ദേശമംഗലത്ത്  ആണ് ശ്രീ രാമകൃഷ്ണന്റെ ജനനം . ദേശമംഗലത്തും ചെറുതുരുത്തിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് എം.എ. (മലയാളം) ബിരുദം നേടി. തുടർന്ന് കോഴിക്കോട് സർവകലാശാലയിൽ ഡോ. കെ. എൻ. എഴുത്തച്ഛന്റെ കീഴിൽ ഗവേഷണം ചെയ്ത് പി. എച്ച്. ഡി. നേടി (വിഷയം-നവ്യകവിതയിലെ ഭാഷാ ഘടനകൾ-ശൈലീവിജ്ഞാനീയ സമീപനം). കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിന് അർ‌ഹനായി. 1975 മുതൽ 1989 വരെ വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു . 1989 മുതൽ കേരള സർവകലാശാലയിൽ മലയാളവിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ച ശേഷം 2008ൽ പ്രൊഫസറായി വിരമിച്ചു. തുടർന്ന് കോഴിക്കോട് സർവകലാശാല മലയാളവിഭാഗത്തിൽ യൂ. ജി. സി. യുടെ എമെറിറ്റസ് ഫെലോ ആയി 2009 മുതല്‍ 2011 വരെ  പ്രവർത്തിച്ചു .

കൃഷ്ണപക്ഷം, വിട്ടുപോയ വാക്കുകൾ, താതരാമായണം, ചിതൽ വരും കാലം, കാണാതായ കുട്ടികൾ, മറവി എഴുതുന്നത്, വിചാരിച്ചതല്ല, എത്ര യാദൃച്ഛികം, കരോൾ, ബധിരനാഥന്മാർ, എന്റെ കവിത  എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍ . ഡെറക്‌ വാൽകോട്ടിന്റെ കവിതകൾ, സ്‌ത്രീലോകകവിത ,ഭാരതീയകവിതകൾ, ഭവിഷ്യത്‌ചിത്രപടം (ഭക്‌തവത്സലറെഡ്‌ഡിയുമൊന്നിച്ച്‌), തെലുഗുകവിത 1900-80 (ഭക്‌തവത്സലറെഡ്‌ഡിയുമൊന്നിച്ച്‌) എന്നീ വിവര്‍ത്തനഗ്രന്ഥങ്ങളും വഴിപാടും പുതുവഴിയും എന്ന ലേഖനസമാഹാരവും അദ്ദേഹത്തിന്റേതായുണ്ട് .

കരോള്‍ എന്ന കവിതാസമാഹാരത്തിന് 2013ലെ ഏറ്റവും മികച്ച കവിതാഗ്രന്ഥത്തിനുള്ള ഉള്ളൂർ അവാർഡ്  ലഭിച്ചു. 2014 ലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതും ശ്രീ രാമകൃഷ്ണനാണ് .

പ്രൊഫ. സി.എസ്. ശ്രീകുമാരിയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി . നിമിഷ ആര്‍.എസ് ആണ് ഏകപുത്രി .മരുമകന്‍ ലാമി. എം. ബോബി, രണ്ടു പേരക്കുട്ടികള്‍ , അനാമികയും നിരാമയനും. തനെ വാത്സല്യഭാജനമായ പേരക്കുട്ടിയുടെ പേരാണ് അദ്ദേഹത്തിന്റെ ബ്ലോഗിനും - അനാമിക.

അദ്ദേഹത്തിന്റെ ചില കവിതകളിലൂടെ..
.
ഇനിയെന്തിന്
=======
ഒടുവില്‍
ഒറ്റക്കാള കെട്ടിവലിക്കും ശകടത്തില്‍
അടയ്ക്കാനാവാത്തൊരു വായയായ്
കടന്നുപോകുന്നതാരേ
എതിര്‍നാവുകളരിഞ്ഞിട്ട നീയോ, രക്ഷകാ.
പകര്‍ന്നുതന്നതു വെറുപ്പല്ലേ നീ
പകര്‍ന്നാട്ടത്തില്‍ ചത്തുമലച്ചതും നീതന്നെയോ
ചുരുണ്ടുകൂടുന്നൂ കൊടിക്കൂറകള്‍
ചുളിയുന്നൂ ഘടാകാശം
പിടഞ്ഞുചിതറും പുത്രമുഖങ്ങള്‍ നോക്കി
അലറുന്നൂ സ്തന്യം ചുരത്തിയോരാത്മാവുകള്‍:
‘കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍തന്നെനീ
കൊല്ലിക്കയത്രേ നിനക്കു രസമെടോ’.

ഒടുവില്‍ നീ നീട്ടിയ ചങ്ങല
മുറുകിയതു തന്‍ കാലിലേ
നീ വീശിയ കൊടുവാളോ
പതിച്ചതു തന്‍ നെഞ്ചിലേ

ഇരുളുകനക്കുമീ ചുരത്തിന്‍ തെറ്റത്ത്
ഇടറിനില്‍ക്കെ
ഉരുള്‍പൊട്ടുകയാണെന്നുള്ളിലൊരു രോദനം
കാതുപൊട്ടിയൊരു ദിക്കിലിന്നാരേ
ഇതു കേള്‍ക്കുവാന്‍
കണ്ണുപൊട്ടിയൊരു ദിക്കിലിന്നാരേ
ഇതു കാണുവാന്‍.
കലങ്ങിയൊരൊഴുക്കുത്തില്‍
കൊത്തിനുറുക്കിയിട്ടതാരെന്‍
ചാന്ദ്രമുഖത്തിനെ.

കുഴിച്ചുമൂടിയൊരൊച്ചയ്ക്കുമീതേ
കുലയ്ക്കുന്നുണ്ടൊരു രോദനം
ഉടല്‍ നഷ്ടമായിട്ടും
വളരുന്നുണ്ടിവിടെ
ഒരു കട്ടിക്കരിനിഴല്‍.
വളഞ്ഞുവെയ്ക്കുന്നുണ്ടിവിടെ നമ്മളെ
വര്‍ത്തമാനച്ചുടലകള്‍.
മേഘവിസ്മൃതിയാളും
വരള്‍ക്കുന്നിന്‍പുറങ്ങളില്‍
ഇനിയെന്തിനീ പീലിയാട്ടങ്ങള്‍
ആശംസാവരക്കുറി മാഞ്ഞുപോയിട്ടും
ചിലയ്ക്കുന്നതെന്തിനു വരള്‍മരക്കൊമ്പില്‍
സേതുബന്ധനക്കിനാവുകള്‍.
.
വളര്‍ത്തുകാട്
==========
വളര്‍ത്തുകാടെന്നിതിനാരു പേരിട്ടൂ
വളര്‍ത്താന്‍, കൊല്ലാനല്ലീ പച്ചപ്പെന്നു
നിറഞ്ഞമനസ്സോടെയറിഞ്ഞവര്‍.

വളര്‍ത്തുകാടു ചുറ്റി വളഞ്ഞുവരും പാതയിലൂടെന്‍
ബസ്സുപോരുമ്പോള്‍ നാലുപാടും കുയിലുകള്‍
മയിലുകള്‍ രാമായണം ഭജിച്ചിരിക്കും കപീന്ദ്രന്മാര്‍

ബസ്സുനിര്‍ത്തി തെല്ലു നടക്കേ ചില്ലൊളി നീര്‍ച്ചോലകള്‍
പാദങ്ങള്‍ തഴുകുന്നൂ, കൈക്കുമ്പിളില്‍ കോരി
മുഖത്തുപൊത്തുമ്പോള്‍ ഒരുകവിള്‍ കുടിക്കുമ്പോള്‍
എത്രമണ്ണിന്‍ വീര്‍പ്പുകള്‍ വേരിന്‍ വീര്യങ്ങള്‍ കന്മദ-
ച്ചാറുകള്‍ മയില്‍പ്പീലിവര്‍ണ്ണങ്ങള്‍, ആണ്മെരുകിന്റെ
ആനന്ദപ്പുളപ്പുകള്‍ എന്നാത്മസിരകളില്‍ നിറയുന്നൂ
…ഓര്‍ക്കുകയാണു ഞാനക്കാലങ്ങള്‍ കുളിര്‍ത്തത്.

ഓര്‍ക്കുകയാണുഞാന്‍
ഇടയടഞ്ഞ കാട്ടില്‍ നടന്നോരോ പൂവിനും മരത്തിനും
കല്ലിനും മണിക്കല്ലിനും പുഴുവിനും പൂ-
മ്പാറ്റയ്ക്കും പേരിടാന്‍ ദാഹിച്ചോരെ
ഈ മണ്ണിനോടൊപ്പം ദാഹിച്ചു ദഹിച്ചിരുന്നൂ
അന്നോരോ മനുഷ്യരും.

വളര്‍ത്തുകാടെന്നിതിനെയാരിന്നു വിളിക്കുന്നൂ
കൊല്ലുവാന്‍ വളര്‍ത്തും മൃഗം പോലെ
മാത്രമൊരു കാടും, എന്നു നിനയ്ക്കും സരസന്മാര്‍.

കൂരകള്‍ സ്വന്തം ശവക്കുഴികളാക്കി
ഇതിലേക്കിറങ്ങിപ്പോയവര്‍
ഇന്നു കേള്‍പ്പതു നെഞ്ചില്‍
തിത്തിരിക്കിളിപ്പാട്ടല്ല
ക്വാറി ക്രഷര്‍ യന്ത്രത്തിന്‍
ഇരമ്പങ്ങള്‍…

പൂക്കളെ മഹാവൃക്ഷനിരയെ സാക്ഷിയാക്കി
ഇതിലേക്കിറങ്ങിപ്പോയവരെത്രയോ
ഇന്നവരുടെ ചുണ്ടുകളില്‍ കിനിഞ്ഞെത്തുവതു
ഞാവല്‍പ്പഴച്ചാറല്ല
കൊമ്പുവെട്ടിയെടുത്തു
കുഴിച്ചുമൂടിയൊരു ഗജേന്ദ്രന്റെ
പനമ്പട്ടച്ചോരനീരുകള്‍.
.http://www.desamangalam.org/category/poems

 

Monday, June 27, 2016

നമ്മുടെ കവികള്‍ 16 / ഡോ.ചേരാവള്ളി ശശി

നമ്മുടെ കവികള്‍ 16 / ഡോ.ചേരാവള്ളി ശശി
=====================================

കായംകുളം ചേരാവള്ളി കൊച്ചുപുരക്കൾ എൻ മാധവൻപിള്ള -ജി സരസ്വതിയമ്മ ദമ്പതികളുടെ 7 ആണ്മക്കളിൽ മൂന്നാമൻ ആയാണ്  ഡോ.ചേരാവള്ളി ശശിയുടെ ജനനം  കവി,ഗ്രന്ഥകാരൻ,ഗാനരചയിതാവ്,അധ്യാപകൻ,ഏഴുത്ത്കാരൻ,വാഗ്മി എന്നീ നിലകളിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് .
കായംകുളം ബോയ്സ് ഹൈസ്കൂൾ,
മാവേലിക്കര ബിഷപ്‌മൂർ കോളേജ്, യുനിവേഴ്സിറ്റി  കോളേജ്, തിരു. ട്രെയിനിംഗ് കോളേജ്, കാര്യവട്ടം യുണി.കാമ്പസ് എന്നിവിടങ്ങളിൽ ആയിരുന്നു  വിദ്യാഭ്യാസം . "വള്ളത്തോളിന്റെ കഥാകാവ്യങ്ങളുടെ
ഒരു വിമര്‍ശന  പഠനത്തിനു " കേരള യുണി.നിന്നും ഡോക്ടറേറ്റ് നേടി. പ്രശസ്ത നാടകകൃത്തും അധ്യാപകനുമായ പ്രൊ.എൻ.കൃഷ്ണപിള്ളയായിരുന്നു  ഗൈഡ്. ഇന്ത്യയിലെ പ്രഥമ കലാലയമായ കോട്ടയം സിഎംഎസ്സ് കോളേജിൽ മൂന്നു പതിറ്റാണ്ട് കാലം മലയാള ഭാഷാധ്യാപകനും റീഡറും വകുപ്പ് മേധാവിയും റിസർച്ച് ഗൈഡുമായിരുന്നു. 

കവിത രൂപപ്പെടുന്നത്     അനുഭൂതികളുടെ സുന്ദരപദാവിഷ്കാരങ്ങളിലൂടെയാണ്. അനായാസേന ഒഴുകിവീഴുന്നവാക്കുകളില്‍ കവിത രൂപപ്പെടണമെങ്കില്‍ അതിനു കവിയുടെ തപസ്സ് കൂടിയേ തീരൂ. അതില്‍ വായനയ്ക്ക് വലിയൊരു പങ്കുണ്ടെന്നത് വാസ്തവം  ആ തപസ്സിലൂടെ കവി നേടിയെടുക്കുന്നത് അനുവാചകഹൃദയത്തിലേയ്ക്കു കടന്നു ചെല്ലാനുള്ല നേര്‍വഴിയുമാണ്. അങ്ങനെ വഴി തെളിച്ച കവിയാണ് ഡോ: ചേരാവള്ളി ശശി. ബാല്യത്തില്‍ തന്നെ കവിതയെഴുത്തിലേയ്ക്കു കടന്ന അദ്ദേഹം , കഥ,നോവല്‍, ജീവചരിത്രം, ബാലസാഹിത്യം,പഠന ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ,പ്രാദേശിക ചരിത്രം എന്നിങ്ങനെ എല്ലാ സാഹിത്യ മേഖലകളിലും തന്റേതായ കയ്യൊപ്പു പതിച്ചയാളാണ്.  കേരള സാഹിത്യഅക്കദമി തുഞ്ചൻ അവാർഡ്‌,കേരള സംഗീതനാടക അക്കദമി പുരസ്ക്കാരം (നല്ല ഗാനരചയിതാവിനുള്ള) കേരള സര്ക്കാരിന്റെ ബാലസാഹിത്യ പുരസ്ക്കാരം. ഭീമ ബാലസാഹിത്യ പുരസ്കാരം, എസ്പി സി എസ്സ് അവാർഡ്‌, മഹാകവി ഉള്ളൂർ സ്മാരക അവാർഡ്‌, സദസ്യതിലകൻ കാവ്യപുരസ്കാരം, കൈതക്കൽ മഹാമുനി പുരസ്ക്കാരം,
മുതുകുളം രാഘവൻ പിള്ള അവാർഡ്‌ എന്നിങ്ങനെ പുരസ്കാരങ്ങള്‍ ഒട്ടനവധി അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ പി. ഭാസ്‌കരനെക്കുറിച്ചുള്ള ജീവചരിത്രകൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡിനും ഈ വര്‍ഷം അര്‍ഹനായി. കൈതയ്ക്കല്‍ സേമക്കുറുപ്പ് കാഞ്ഞിക്കല്‍ ദേവീക്ഷേത്ര സേവാസമിതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൈതയ്ക്കല്‍ മഹാമുനി പുരസ്‌കാരത്തിന് 2015 ല്‍ ഡോ. ചേരാവള്ളി ശശിയുടെ 'നേരിന്റെ മുള്‍മുനകള്‍' എന്ന കവിതാസമാഹാരം അര്‍ഹമായി. ചട്ടമ്പിസ്വാമികളുടെ ജീവിതദര്‍ശനത്തെ ആസ്​പദമാക്കിയുള്ള മഹാമുനി എന്ന ഗ്രന്ഥത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

ഇത്തിരിതേൻ,കുഞ്ഞിക്കാലടികൾ,കാന്തിതുടിപ്പുകൾ,മഴമായുംനേരം. ഓണപ്പൂമഴ,പൂവാടി,ചതിക്ക് ചതി,ഓമനക്കുട്ടന്റെ ഊഞ്ഞാൽ,വടക്കൻ വീരകഥകൾ, മൂന്ന് ദേശത്തെ ചീട്ടുകഥകൾ ,പുണ്യപുരണകഥകൾ, നക്ഷ്യത്ര കുട്ടൻ,കാലത്തിന്റെ ഇടനാഴിയിൽ,അന്വേഷണമേഖല ,
ശ്യാമ മുഹൂര്ത്തം,ചരമ സന്ധ്യകൾ,കാലതാണ്ഡവം, സഹനം, നേരിന്റെ മുൾമുനകൾ,ചരമ സന്ധ്യകൾ, പഥികർ പാഥകർ എന്നിവയാണ് കൃതികൾ. സ്വന്തം നാടിന്റെ ഹൃദയത്തുടിപ്പുകളെ ഉള്ളിലാവാഹിച്ച് അതിന്റെ ഈണവും താളവും ഇഴചേര്‍ത്ത് അദ്ദേഹം  ചേരാവള്ളി" ഏന്ന ഒരു കവിതയും രചിച്ചിട്ടുണ്ട്.

കായംകുളം ചേരാവള്ളി പാര്‍വ്വണേന്ദുവിലാണ് താമസം, ഭാര്യ അനിതയും അദ്ധ്യാപികയാണ്. ശശികാന്തും ശശികിരണും മക്കള്‍.കണ്ണാടിച്ചില്ലുകൾ
 കവിത
ഡോ.ചേരാവള്ളി ശശി

ഒന്ന്: മതേതരം

കല്ലിൽ പണിതീർത്തോരുണ്ണിഗണപതി
പൊയ്യല്ല-പാല്‌ കുടിക്കുന്നു.
ചില്ലിട്ട കൂട്ടിലെ കന്യാമറിയമോ
കണ്ണീരിതെന്നും ഒഴുക്കുന്നു.
പള്ളിപ്പറമ്പിലെ മൈതീന്റെ കല്ലറ
മുല്ലപ്പൂ പോലെ മണക്കുന്നു.
എല്ലാ മതങ്ങളും ഒന്നെന്ന തത്വം ഞാൻ
ഇങ്ങനെ നന്നായ്‌ ഗ്രഹിക്കുന്നു.

രണ്ട്‌ : സർക്കാർ ജോലി

വീണ്ടും പരീക്ഷകൾ നൂറല്ലെഴുതി ഞാൻ
വീണ്ടും നിരാശതൻ പാതാളം.
ആണ്ടവനേനൽകൂ, സർക്കാരിലിന്നിനീ-
യാണ്ടിൽ മികവുറ്റൊരുദ്യോഗം !
ആഹാ ! കിടച്ചൂ എനിയ്ക്കധികാരങ്ങൾ
സ്ഥാനം പെരുത്തുള്ളൊരുദ്യോഗം.
"ആരാച്ചാർ"- എങ്കിലും സർക്കാരിലാണല്ലോ
ജോലി- എനിയ്ക്കെന്തഭിമാനം !

മൂന്ന് : കവിപ്പട്ടം

വ്രതശുദ്ധരചന ഞാൻ നടത്തുംകാലം
കവിയല്ലയിവനെന്നു പഴിച്ചൂ ലോകം.
കുളിയ്ക്കാതെ,മുടി,താടി വളർത്തി നീളൻ
ഉടുപ്പിട്ടു കവിപ്പട്ടമണിഞ്ഞെൻ കോലം.
തറവാട്‌ തുലച്ചേറെ ലഹരിമൂത്തു-
രചിച്ചോരു വരികളാൽ പ്രശസ്തനായ്‌ ഞാൻ..
അനാഥനായ്‌ തെരുവിൽ വീണടിഞ്ഞിടുമ്പോൾ
അവാർഡിന്റെ രഥമേറ്റാൻ വരുന്നു നിങ്ങൾ..!!

നാല്‌: പാതിയോളം

പാതിവഴി നടന്നപ്പോൾ വഴി തെറ്റുന്നു
പാതിയന്വേഷണം പോലും ഭ്രാന്തനാക്കുന്നു.
പാതിപാടിത്തുടരുമ്പോൾ കുരൽ പൊട്ടുന്നു.
പാതിചിത്രം വരച്ചതും ഇരുൾ മായ്ക്കുന്നു.
പാതിജലം കുടിച്ചതിൽ തീ പടരുന്നു.
പാതി സ്വപ്നം കണ്ടു പ്രേതഭൂവിൽ വീഴുന്നു.
പാതിനൊന്തുപഠിച്ചതും പാഴിലാകുന്നു.
പാതിയോളം കിടച്ചല്ലോ!-സ്തുതി പാടുന്നു !!

Friday, June 24, 2016

നമ്മുടെ കവികള്‍ 15- റോസ് മേരി

നമ്മുടെ കവികള്‍ 15- റോസ് മേരി
-------------------------------------------------------

റബ്ബര്‍ മരങ്ങളുടെ നാട്ടില്‍ നിന്നും റബ്ബര്‍ പാല്‍ പോലെ വെണ്മയാര്‍ന്ന കവിതകളുമായി മലയാള കവിതാസാഹിത്യത്തിലേയ്ക്കു നടന്നു കയറിയ റോസ് മേരിയുടെ രചനകള്‍ക്ക് അനിതരസാധാരണമായൊരു സ്വച്ഛതയുണ്ട്, ലാളിത്യമുണ്ട്, അതിനൊക്കെയുള്ളില്‍ വൈരുദ്ധ്യങ്ങളെ കൂട്ടിയിണക്കുന്ന അതിസൂക്ഷ്മയൊരു സ്നേഹതന്തുവും ഉണ്ട്. ആദ്യ കവിതാസമാഹരമായ 'വാക്കുകള്‍ ചേക്കേറുന്നിടം'. 1996-ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ 'വൈരുദ്ധ്യങ്ങളുടെ ജലതരംഗം' എന്ന പേരില്‍  അവതാരിക എഴുതിയത് പ്രമുഖ നിരൂപകനായ കെ.പി. അപ്പന്‍  ആണ്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുഃ
"... വൈരുദ്ധ്യങ്ങളിലൂടെ ഈ കവിത വികസിക്കുന്നു. സകലതിന്റെയും അസ്‌തിത്വം അംഗീകരിച്ചു കൊണ്ടാണ്‌ കവിത നീങ്ങുന്നത്‌. റബര്‍മരക്കാടുകളും കുന്നിന്‍ പുറവും മലഞ്ചെരിവും പുഴകളും ആട്ടിന്‍പറ്റങ്ങളും... വസ്‌തുപ്രപഞ്ചത്തിന്റെ പ്രച്ഛന്നതയില്ലാത്ത ലോകം കാണിച്ചു തരുന്നു. ഇതോടൊപ്പം ഈ പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളുടെ വിപരീതങ്ങള്‍ തേടി കവി സ്വന്തം ആന്തരികതയിലേക്കു തിരിയുന്നു..."
 മരങ്ങളേപ്പോലെ തന്നെ യാത്രകളും റോസ് മേരിയുടെ കവിതകളില്‍ മനഃപൂര്‍വ്വമോ അല്ലാതെയോ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. ലളിതമെങ്കിലും ദീപതങ്ങളായ പദാവലികളെ ചേര്‍ത്തു പിടിച്ചുള്ള യാത്രയില്‍ അവയുടെ ഉടമയോടൊപ്പം വായനക്കാരനും യാത്ര ചെയ്യുന്നതുപോലെയുള്ള എഴുത്തുകളാണു റോസ് മേരിയുടേത് . കൂടെയുള്ളത് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന മുഖചാരുതയും .മലകളും, പുഴകളും മരങ്ങളും, ചെടികളും, പക്ഷികളും, പൂക്കളും, പൂമ്പാറ്റകളും കാറ്റും മഴയും, മഞ്ഞും വെയിലും ഈ കവിതകളില്‍ മാറി മാറി പ്രത്യക്ഷപ്പെടുന്നു. 'വേനലില്‍ ഒരു പുഴ' എന്ന കവിതാസമാഹാരത്തില്‍ പറയുന്നതുപോലെ “അതിരുകളില്ലാത്തതും അനന്തവുമായൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ റോസ്മേരിയുടെ കവിതാപ്രപഞ്ചം.”.സാധാരണക്കാരന്റെ മേധയ്ക്കും ആസ്വാദനപാടവത്തിനും അപ്രാപ്യമായ പദപ്രയോഗങ്ങളും ബിംബങ്ങളും ഒരു കവിതയിലും ഇല്ല തന്നെ . ചാഞ്ഞു പെയ്യുന്ന മഴ പോലെ അതു വായനക്കാരന്റെ ഹൃദയത്തെ മൃദുലമായ് സ്പര്‍ശിച്ച്,മെല്ലെ മെല്ലെ , ആഴത്തില്‍ നനവു പടര്‍ത്തും .

1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ കടമപ്പുഴ കുടുംബത്തില്‍, ദന്തിസ്റ്റായിരുന്ന    ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ)യുടേയും    റോസമ്മയുടേയും ആറു മക്കളില്‍ അഞ്ചാമത്തെ  മകളായി റോസ് മേരി  ജനിച്ചു. സഹോദരിമാര്‍ നൃത്തവും സംഗീതവും അഭ്യസിക്കുമ്പോള്‍ അതില്‍ നിന്നൊളിച്ചോടി പുസ്തകങ്ങളോടു ചങ്ങാത്തം കൂടിയ ബാല്യകൗമാരങ്ങള്‍  . പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപ്പത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്. ധാരാളം റഷ്യന്‍ കൃതികളെ മലയാളികള്‍ക്കു പരിചയപ്പെടുത്തിതിന് PUSHKIN CENTRE FOR RUSSIAN LANGUAGE AND RUSSIAN CULTURAL CENTRE TRIVANDRUM 2012 ലെ SERGEI ESENIN AWARD  സമ്മാനിക്കുകയുണ്ടായി.

തന്റെ സാഹിത്യസരണി പൂര്‍ണ്ണമായും കവിതയില്‍ അധിഷ്ഠിതമാണെങ്കിലും എഴുത്തിന്റെ ലോകത്തിലെ ആദര്‍ശപുരുഷനായി റോസ്മേരി കാണുന്നത് എസ്സ് കെ പൊറ്റക്കാടിനെയാണ്.
.
റോസ് മേരിയുടെ ചില വരികളിലൂടെ നമുക്കൊന്നു കടന്നു പോകാം
.
കല്‍ത്തറയിലെ വിളക്ക്‌
റോസ് മേരി
=====================
വിശ്വസിക്കുമോ?
ഇവിടെ
ഈ സമതലത്തിന്റെ വിജനതയില്‍
ഒരു മാമരം നിന്നിരുന്നു
ദാ ഇവിടെ
ഈ ജീര്‍ണ്ണിച്ച പാഴ്മരക്കുറ്റിയുടെ സ്ഥാനത്ത്‌
സഹസ്രശാഖികള്‍ വിരിച്ച്‌
വെയിലില്‍ കുളിച്ച്‌, മഴകളിലുലഞ്ഞ്‌
കരിങ്കുയിലുകളും ഓലേഞ്ഞാലികളും
ഇലക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന്‌
സദാ കൂകിയാര്‍ത്തിരുന്നു
കാറ്റിന്റെ ഓരോ പാഞ്ഞുവരവിലും
തീജ്വാലപുഷ്പങ്ങള്‍
ചാറ്റല്‍മഴപ്പെയ്ത്തുപോല്‍ അടര്‍ന്നുപതിച്ചിരുന്നു
പാര്ഴ്പ്പറമ്പില്‍ ചെന്നിറമാര്‍ന്നൊരു തീയാട്ട്‌
നോക്കൂ, ഈ ശൂന്യമായ കല്‍ത്തറമേല്‍
എരിഞ്ഞുനിന്നിരുന്നു ഒരു ദീപം
തേവരുറങ്ങുന്ന കാട്ടമ്പലത്തിലെന്നപോല്‍
നിശ്ശബ്ദമായൊരു പ്രാര്‍ത്ഥനയായി
ഒറ്റയ്ക്കെരിയുന്നൊരു മണ്‍വിളക്ക്‌
ഇരുളതിനെ പലകുറി വിഴുങ്ങാനണഞ്ഞു
ചെറുകാറ്റുകള്‍ ഇരമ്പിക്കൊണ്ട്‌
ചുറ്റിനും മണ്ടിപ്പറന്നു
എന്നിട്ടും അത്‌ ചാഞ്ഞ്‌ ചെരിഞ്ഞ്‌
പ്രകാശിച്ചുകൊണ്ടേയിരുന്നു
ജീവിതത്തിന്റെ തീക്ഷ്ണഗ്രീഷ്മങ്ങളില്‍പ്പെട്ട്‌
ദയാരഹിതമായ ഇടിമിന്നല്‍പ്രഹരങ്ങളേറ്റ്‌
വൃക്ഷം കാലാന്തരത്തില്‍ കരിഞ്ഞുണങ്ങിപ്പോയി
ആര്‍ത്തലച്ചെത്തിയ മഴയില്‍പ്പെട്ട്‌
കര്‍ക്കിടകപ്പേക്കാറ്റിലുലഞ്ഞ്‌
തിരിവിളക്കണഞ്ഞേപോയി
ഇടിഞ്ഞുതാഴ്‌ന്നൊരു കല്‍ക്കെട്ടും
അതിന്മേല്‍ കരിപിടിച്ചൊരു ചെരാതും മാത്രം
പൂത്തുലഞ്ഞ വസന്തവനംപോലൊരു മരം
എരിഞ്ഞുകത്തിനിന്നൊരു ജ്വാല
വിശ്വസിക്കുമോ?
വിശ്വസിക്കുമോ അതൊക്കെയും?
.
ഇതുംകൂടി/ റോസ് മേരി
====================

ജീവിച്ചിരിക്കുന്നവരെക്കാള്‍
എനിക്കു മമത
മണ്‍മറഞ്ഞവരോടാണ്.
സായാഹ്നങ്ങളില്‍
പുരുഷാരത്തോടൊപ്പമിരുന്ന്
കടല്‍ത്തിരകളുടെ
സീല്‍ക്കാരം
കേള്‍ക്കുന്നതിനേക്കാള്‍
സെമിത്തേരി വൃക്ഷങ്ങളുടെ
ചുവട്ടിലിരുന്ന്
ആത്മാക്കളുടെ
ഗൂഢഭാഷണങ്ങള്‍ക്ക്
കാതോര്‍ക്കുവാനാണ്
എനിക്കിഷ്ടം.
അപരാധങ്ങളുടെ
പട്ടികയില്‍
ഇതും കൂടി ചേര്‍ത്തു കൊള്‍ക;
"മൃതരെ ചുംബിക്കുന്നവള്‍,
ശവകുടീരങ്ങ-
ളിലലയുന്നവള്‍,
ഇരവുകള്‍ തോറും
ഉറങ്ങാതിരിപ്പവള്‍,
തനിയെ
നടപ്പവള്‍,
ഭ്രാന്തി,
രാത്രിഞ്ചരിയിവള്‍!"

Wednesday, June 22, 2016

Stopping by Woods on a Snowy Evening, Poem BY ROBERT FROST ( പരിഭാഷ -മിനി മോഹനന്‍ )

ആരുടേതാണീ വനാന്തരമെന്നെനി - ക്കറിയാമതെന്നു തോന്നുന്നു . ഉടമതന്‍ ഗേഹമോ അകലെയാ ഗ്രാമത്തില്‍ അറിയുന്നതില്ലെന്‍ വിരാമം സാന്ദ്രമീ വീഥിയില്‍ ആരണ്യകാന്തിയില്‍ സര്‍വ്വം മറന്നു നില്‍ക്കുന്നതെന്നും അജരത്തിന്നാമോദമേകുമീ ക്ഷണനേര യാനഭംഗത്തിന്നറിയാപ്പൊരുള്‍ ഇളവേല്‍ക്കുവാനില്ല അഭയസങ്കേതമൊ- ന്നീവഴിത്താരയില്‍ വേറെ . ഉറയുമീ പൊയ്കയും ഇരുള്‍വീണൊരടവിയും മധ്യത്തിലീ ശിശിര ശ്യാമസന്ധ്യ ! നിരുപദ്രവം തന്റെ മണികള്‍ കിലുക്കിയെന്‍ അശ്വമോ നോക്കുന്നിതെന്നെ ചോദിക്കയാ'ണെന്തബദ്ധം പിണഞ്ഞതീ വനഭൂമിയില്‍ വന്നു നില്‍ക്കാന്‍ !' ശൈത്യം വിതയ്ക്കുന്ന കാറ്റിന്റെ മൂളലും ഹിമബിന്ദുവിന്‍ പദനിസ്വനവും അല്ലാതെ മറ്റൊന്നുമില്ല കേള്‍ക്കാന്‍ ഇരുള്‍ വീണൊരീ വനവീഥിയിങ്കല്‍ ഘനശ്യാമസുന്ദരം ഗഹനം , വനാന്തരം എങ്കിലും നില്‍ക്കുവാനില്ല നേരം പാലിക്കുവാനേറെ വാഗ്ദാനമുണ്ടെനി - ക്കൊരു മാത്രപോലുമനര്‍ഘമത്രേ ! കാതങ്ങളേറെയുണ്ടെന്മുന്നില്‍ താണ്ടുവാന്‍ ഒടുവിലാ നിദ്രയെ പുല്‍കും മുമ്പേ.. കാതങ്ങളേറെയുണ്ടെന്മുന്നില്‍ താണ്ടുവാന്‍ ഒടുവിലാ നിദ്രയെ പുല്‍കും മുമ്പേ..

നമ്മുടെ കവികള്‍ 14 / കെ.സച്ചിദാനന്ദന്‍

നമ്മുടെ കവികള്‍ 14 /    കെ.സച്ചിദാനന്ദന്‍
............................................................................

ഭാരതത്തില്‍ നിന്നു രണ്ടാമതായി സാഹിത്യത്തിനുള്ള  നോബല്‍ സമ്മാനത്തിനായി പേരു നിര്‍ദ്ദേശിക്കപ്പെട്ട കവിയാണ് ഡോ: കെ സച്ചിദാനന്ദന്‍ . ആധുനിക കവികളില്‍ പ്രമുഖനായ ഇദ്ദേഹം
അസഹിഷ്ണുതയ്ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ കവിതകളിലൂടെ അതിനിശിതമായ ഭാഷയില്‍ ശബ്ദമുയര്‍ത്തുന്ന. സ്വന്ത രചനകളിലൂടെ അസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയെങ്കിലും  വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്തു ഇദ്ദേഹം.
ഡോ: കെ . സച്ചിദാനന്ദൻ 1946 മെയ്‌ 28 നു ത്രിശ്ശൂർ ജില്ലയിലെ പുല്ലൂറ്റിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളെജിൽ നിന്നും ഇംഗ്ളീഷ്‌ എം എ ബിരുദം .ഘടനാവാദാനന്തര സൗന്ദര്യ മീമാംസയിൽ ഡോക്ടർ ബിരുദം. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ. ഇരുപത്തഞ്ചു വർഷത്തെ കോളേജ്‌ അദ്ധ്യാപനത്തിനു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയുടേ `ഇന്ത്യൻ ലിറ്ററേച്ചർ` ദ്വൈമാസികയുടെ ഗസ്റ്റ്‌ എഡിറ്ററായി(2008-). പിന്നീട്‌ അക്കാദമി സെക്രട്ടറി.1989,1998,2000,2009,2012 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായ അദ്ദേഹത്തെ 2010ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു .2010-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്രസാഹിത്യ അക്കാദെമി അവാർഡ് "മറന്നു വച്ച വസ്തുക്കൾ" എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു ഡോ: കെ . സച്ചിദാനന്ദൻ.

അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത്തിയെട്ട് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി ഇരുപതിലധികം ലേഖന സമാഹാരങ്ങള്‍. ശക്തന്‍ തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പലലോകം പലകാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍, ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തനസമാഹാരങ്ങള്‍. ഇംഗ്ളീഷില്‍ Indian Literature: Positions and Propositions, Authors Texts Issues, Indian literature paradigms and perspectives, Reading Indian literature and Beyond എന്നിങ്ങനെ നാലു ലേഖന സമാഹാരങ്ങള്‍. ഇംഗ്ളീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍.

സ്വന്തം കവിതകളുടെ പരിഭാഷാ സമാഹാരങ്ങള്‍ ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, ബംഗാളി, ആസാമീസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുണ്ട്. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഒമാന്‍ കേരള സെന്റര്‍ അവാര്‍ഡ്, ബഹ്റൈന്‍ കേരള സമാജം അവാര്‍ഡ്, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ പുരസ്കാരം, ഉള്ളൂര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹെര്‍ ദേശീയ കവിതാപുരസ്കാരം, മണിപ്പൂര്‍ നഹ്റോള്‍ പ്രേമീസമിതി 'റൈറ്റര്‍ ഓഫ് ദി ഇയര്‍', വയലാര്‍ അവാര്‍ഡ്, കെ. കുട്ടികൃഷ്ണന്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍.
 ഇന്ദിരാഗാന്ധി ഓപൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും ആണ് .


അദ്ദേഹത്തിന്റെ ഏതാനും കവിതകളിലൂടെ ..
.
അവസാനത്തെ നദി -കെ.സച്ചിദാനന്ദന്‍
=================================.
അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.

‘നിനക്കെന്നെ ഭയമില്ലേ?’
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
‘ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്’ , കുട്ടി പറഞ്ഞു.

‘നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.’
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.

(1988 )
.
അവിടെ - കെ.സച്ചിദാനന്ദന്‍
========================
എഴുപതുകളുടെ ചോരയുണങ്ങിപ്പിടിച്ച ഒരോർമ്മ
ഗൃഹാതുരനായ ഒരു നിദ്രാടനക്കാരനെപ്പോലെ
തോൾസഞ്ചിയും തലയിൽക്കെട്ടുമായി
ബസ്തറിലെ കാടുകളിലൂടെ നടക്കുന്നു:
കനുസംന്യാലിന്റെ ആത്മഹത്യയുടെ വാർത്ത
തുലാവർഷത്തിനു മുമ്പുള്ള ഇടിമിന്നൽ പോലെ
അനാഥരുടെ ആകാശത്തിലൂടെ കടന്നുപോയ
അതേ ദണ്ഡകാരണ്യത്തിലൂടെ:
ഗോണ്ടുകളോട് മുറിഹിന്ദിയിലും
തത്തകളോട് ഇലകളുടെ ഭാഷയിലും
കുശലം പറഞ്ഞുകൊണ്ട്.
ഹിംസാഹിംസകൾ തമ്മിലുള്ള
അനന്തമായ തർക്കത്തിന് കാറ്റിന്നൊപ്പം
മലമുകളിൽ അവധിനൽകിക്കൊണ്ട്.
മന്ത്രങ്ങളാൽ ഗുഹാകവാടങ്ങൾ തുറന്ന്
രഹസ്യങ്ങളുടെ ഈറൻപച്ചയിലേക്കു നടക്കുന്ന
അവന്റെ സഞ്ചി നിറച്ചും
തോറ്റ യുദ്ധങ്ങളുടെ പാട്ടുകളാണ്.
വഴിവായനയ്ക്ക് അവനെടുത്തത്
ആത്മോപദേശശതകവും ഹിന്ദ്‌സ്വരാജും.
വിയർപ്പും രക്തവും പറ്റി കീറിപ്പോയ ചുകപ്പു പുസ്തകം
അവൻ വലിച്ചെറിഞ്ഞതായിരുന്നു.
ഓരോ ഉയിർത്തെഴുന്നെൽപ്പിലും
പാവങ്ങളുടെ ചോരയിൽനിന്നു പൊന്തിവന്ന
ഒരു സ്വേചാധിപതിയുടെ നിഴൽകാണാൻ
ചരിത്രം അവനെ ശീലിപ്പിച്ചിരുന്നു.

എങ്കിലും ഈ നിമിഷം അവൻ
പുളിമരങ്ങൾക്ക് കീഴിൽനിന്ന്
മുക്തിഗാഥകൾ പാടുന്ന ഈ കറുത്തവർക്കൊപ്പമാണ്
മുഷിഞ്ഞ പട്ടാളവേഷമണിഞ്ഞ
ഈ കരിഞ്ഞ സ്ത്രീകൾക്കൊപ്പം
അണ്ണാർക്കണ്ണ ന്മാരെപ്പോലെ വലിയ കണ്ണുകളുമായി
ചിലയ്ക്കുന്ന ഈ കാട്ടുകുഞ്ഞുങ്ങൾക്കൊപ്പം.

കാരണം, ദണ്ഡവാഡെ
വീണ്ടും വീണ്ടും മാനഭംഗം ചെയ്യപ്പെട്ട
ഒരാദിവാസി സ്ത്രീയാണ്.
ഇന്ദ്രാവതി നദി അവളുടെ രക്തം.
അവളുടെ ചിലമ്പിച്ച ശബ്ദത്തിൽപോലും
നാടുവാഴിക്കും വെള്ളക്കാരന്നുമെതിരെ
കുലച്ച വില്ലിന്റെ മുഴക്കമുണ്ട്
ആ മുയൽക്കണ്ണുകളിൽ എല്ലാ യജമാനരേയും
നോക്കി മുരളുന്ന ഒരു സിംഹിയുണ്ട്
ഇന്ന് ഇരുമ്പും പുകയിലയും പൂക്കുന്ന
സ്വന്തം വീട് തിരിച്ചുപിടിക്കാനുള്ള
അവസാനത്തെ പോരാട്ടത്തിലാണവൾ.
നാളെയേ ഇല്ലാത്തവർക്ക് കാളരാത്രികളെ ഭയമില്ല.
പട്ടിണി അവൾ നിത്യവും അന്തിയുറങ്ങുന്ന
പുൽക്കുടിൽ; അവമതി അവൾ
കൂടെ കൊണ്ടുനടക്കുന്ന ആട്ടിൻകുട്ടി:
കാട്ടുപാതകൾ സ്വന്തം കൈരേഖകൾ
ചെമ്മണ്ണ്അവൾക്ക് പൂക്കാലത്തിന്റെ പ്രാർത്ഥന പറഞ്ഞുകൊടുക്കുന്നു
പെരുമ്പറകൾ സൂര്യനിലേക്ക് വഴികാട്ടുന്നു
കുട്ടികളുടെ പൊട്ടിച്ചിരികൾ
സൽവാജുഡും തകർത്തെറിഞ്ഞ
കമ്പിവാദ്യങ്ങളോർമ്മിപ്പിക്കുന്നു
ചീവീടുകളുടെ വെള്ളച്ചാട്ടം
പ്രതീക്ഷ പഠിപ്പിക്കുന്നു
പക്ഷികളുടെ മിന്നൽപ്പിണർ
മറ്റൊരു ലോകത്തിന്റെ നൈമിഷിക ദർശനം നല്കുന്നു
പാട്ടുകളുടെ കുതിരപ്പുറത്ത്
വെയിൽതാഴ്വരകൾ താണ്ടുമ്പോൾ
തിരകളും കിരണങ്ങളും കടന്നുവരുന്ന
എഴുപതുകളുടെ ഈ അധീരനായ ഓർമ്മയെ
അവൾ അഭിവാദ്യം ചെയ്യുന്നു:
‘ലാൽ സലാം.’
പിന്നെ ചോദിക്കുന്നു:
‘അഗ്നിപർവതം താണ്ടാൻ ദണ്ഡിയിൽ നിന്നുകൊണ്ടുവന്ന
ഈ വടി മതിയാകുമോ?’
വിളറിയിടറി ഇളകുന്ന ഭൂമിയിലെന്നപോലെ
നിൽക്കുന്ന അവന് അവൾ നലകുന്നു:
കാട്ടിലകൾകൊണ്ടൊരു കിരീടം
കണ്ണീർഗോതമ്പുകൊണ്ടൊരു റൊട്ടി
പുകയിലയുടെ ചെമ്പുതംബുരു
തിരക്കിട്ടു പായുന്ന പുഴയുടെ തോലിട്ട
ഒരു ചെറുചെണ്ട
മുറിവുകൾ മറക്കാനല്പം മഹുവാവീഞ്ഞ്
ഇരുളിൽ സഞ്ചരിക്കാൻ
ആത്മാവ് കത്തിച്ചുവെച്ച ഒരു മെഴുകുതിരി
വീണ്ടും വീണ്ടും മുളയ്ക്കുന്ന ഒരു നാവ്
ഒരു പ്രാവിൻചിറക്
ഒരു പേരത്തൈ
നീതിയുടെ പിന്നെയും പിന്നെയും നിർമ്മിക്കേണ്ട ഒരുപ്പുപ്രതിമ.
.
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു - സച്ചിദാനന്ദന്‍
=======================================
ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തു-
വിട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു
ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ
ഒടുവില്‍ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാര്‍ത്ഥരായലയുന്നു രോഗികള്‍, മനുഷ്യര്‍
ചിലര്‍ നാലുചക്രത്തില്‍,
ചിലര്‍ രണ്ടില്‍ ചിലര്‍ കാലില്‍
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാര്‍ത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നില്‍‌പ്പോര്‍.
ശവവണ്ടി പോലീച്ചയാര്‍ക്കും മുഖങ്ങളില്‍
മരവിച്ച് വീര്‍ത്ത സ്വപ്നങ്ങള്‍
ഒരു കൊച്ചുപുല്ലിന്‍‌റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകന്‍ മാത്രമമറുന്നു
പുലരിയെ സമരോഗ്രഭൂമിയെ പറ്റി
ഇരകള്‍ക്കു മീതെ പറക്കും പരുന്തുപോല്‍
അവന്‍ ആര്‍ത്തു ചുറ്റുന്നു വാക്കില്‍
വെറുതെയീ അധികാര മോഹിതന്‍ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തന്‍
ഒരു സൂര്യനും ഉദീപ്പീല നിങ്ങള്‍ക്ക്
തളിര്‍ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വര്‍ഗ്ഗ ദൂതനും
പൈതലിന്‍ നിണമാര്‍ന്ന കൊക്കു നീട്ടാതെ
പിരിയുന്നു പിരിയുന്ന തൂക്കുകയര്‍പോല്‍ യോഗം
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ
ഒടുവില്‍ ഞാന്‍ ഒറ്റയാകന്നു
കലപില കലമ്പുന്ന ശിഷ്യര്‍ക്കിടക്ക് ഞാന്‍
മണിയടിക്കൊപ്പമെത്തുന്നു
കവിത പകുക്കേണമിവരുമായി
തീന്മേശ കുടില കഠിനമീയപ്പം
അടകല്ലിലെന്നപോല്‍ ചടുലമത് താടിയെല്ലിടയില്‍
എന്‍ വചനമൊരു കൂടം
തടവുമുറിയീമുറി യജമാനഭാഷയില്‍
മൊഴിയുമൊരു കാവലാളീഞാന്‍.
അറവുമൃഗങ്ങളിവര്‍ക്ക്മേല്‍ കത്തിപോല്‍
കവിതതന്‍ ക്രൂരമാം കരുണ
പുഴകള്‍ നിലാവുകള്‍ കളികള്‍
ബാല്യത്തിന്‍‌റെ ഇലകള്‍
നാടോടിയീണങ്ങള്‍
ഒരുപിടി ചാരമായമരും ശിലാകലശം
ഇവരുടെ മാറില്‍ തുടിപ്പൂ
കടലാസുപൂക്കളില്‍ മധുതേടിയുഴറുന്ന
ശലഭങ്ങളതിലെന്‍‌റെ വരികള്‍
മണിയൊച്ച വാളു പോല്‍ പിളരുന്നു ഞങ്ങളെ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
വരവായി മിത്രങ്ങള്‍ ഉയരുന്ന ശബ്ദത്തില്‍
വിറകൊള്‍വു മുറിയിലെന്‍ ബുദ്ധന്‍
കവിതയും കരുണയും കിനിയാത്ത
ഹൃദയത്തിലുറവ വറ്റീടും വിപ്ലവങ്ങള്‍
കഠിനമാം യുക്തിതന്‍ ചക്രത്തിലരയുന്ന
ഹരിതമാനവികത സത്യങ്ങള്‍
അരിയേത് അണിയേത് നാടിന്‍‌റെ
അകമേതതറിയാതെ ഒലിച്ചുപോം രക്ത
ഇളകാത്ത മണ്ണില്‍ വേരോടാതഹന്തയാല്‍
മുരടിച്ച മോചനോത്സാഹം
ഉയരുന്നു തേങ്ങലിന്‍ തിരകള്‍ പോല്‍
സംസാരം ഉണരാത്ത ഭൂമിതന്‍ മീത
വ്യസനം പുളിപ്പിച്ച വാക്ക്
വാത്മീകിതന്‍ പഴയോരടുപ്പില്‍ വേവിച്ചും
ഒരു ചിരി തന്‍ കതിര്‍ കൊക്കില്‍വച്ചരികിലെ കരതന്‍
കിനാവു കൂര്‍പ്പിച്ചും പിരിയുന്നു മിത്രങ്ങള്‍
പാല്‍ പോല്‍ പകല്‍ പിരിഞ്ഞ്
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്ന
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഇരുളെത്തി കുഞ്ഞുങ്ങള്‍ കളി നിര്‍ത്തി
അവര്‍കാണെ വളരുന്നു വളരുന്നു ഭയവും
ചെറുമിഴികള്‍ പിളരുമോ വേതാള നൃത്തങ്ങള്‍
ചെറുചെവിയില്‍ അലറുമോ രക്തം
ചെറുകഴല്‍ കടയുമോ പാതകൾകടല്‍താണ്ടി
ചെറുകുടല്‍ കീറുമോ വ്യാള
യമവൃക്ഷ ശിഖിരങ്ങള്‍, പോര്‍വ്വിമാനങ്ങള്‍-
തന്നിലകള്‍ തീമഴ പോലെ വീഴ്കെ
മരണം മരണമെന്നെഴുതി പരക്കുന്ന
പുകയേറ്റ് തളരുമോ പ്രാണന്‍.
മതി നിര്‍ത്ത കടലടിക്കളയില്‍ കുരുങ്ങി ഞാന്‍
ഉഴറുന്നു ശ്വാസമില്ലാതെ
ഒരു തുരുത്തായിതാ പ്രിയതമ
അവളിലുണ്ടതിപുരാതന സ്വാന്തനങ്ങള്‍
കടുവയും മുയലുകളും അലയും വനങ്ങള്‍
വന്‍ മുനികള്‍ തപം കൊണ്ട ഗുഹകള്‍
മുകിലുരുമ്മും പീഢഭൂമികള്‍
ആദ്യമായ് പുലരിയുറന്ന താഴ്വരകള്‍.
പടഹങ്ങളുണരുന്ന രണഭൂമികള്‍
ബലിതന്‍ ഋതുക്കള്‍ പിതൃക്കള്‍.
വ്രതഭക്ത കൃഷ്ണകള്‍ പ്രഥമ ഗോത്രങ്ങള്‍തന്‍
വ്രണിതോഗ്ര നൃത്താരവങ്ങള്‍
അജപാല ഗീതങ്ങള്‍ പരിത്രതന്‍ താളങ്ങള്‍
അനിരുദ്ധ ജനജാഗരങ്ങള്‍
അവളുടെ മണല്‍‌തട്ടിലെത്തി ഞാന്‍ തിരയുന്നു
അഭയമാം സ്നേഹാര്‍ദ്ര ഭൂവില്‍
അവളിലേക്കൂളിയിടുന്നു ഞാന്‍
ഉത്സവ നടുവിലേക്കൊരു കുട്ടി പോലെ
കൊടിമേളം അമ്മ ദൈവത്തിനു കുരുതികള്‍
ചെവിയാട്ടുമാനകള്‍ നിറങ്ങള്‍
പെരിയൊരാള്‍ക്കൂട്ടത്തിലാണ്ടു വിയര്‍ത്തു ഞന്‍
ഉയരുന്നു രാപാവില്‍ തന്നില്‍
പിറുപിറുക്കുന്നു തകര്‍ന്ന ബാബേലിന്‍‌റെടിയില്‍
ഞെരിഞ്ഞ പോല്‍ ഞങ്ങള്‍
ചിരിയോടെ പറയുന്നു ഞാന്‍
മര്‍ത്യവംശത്തിനവസാന ദമ്പതികള്‍ നമ്മള്‍
ഈയുള്ളിലിവള്‍ തേങ്ങുന്നു ദുഃസ്വപ്ന വീഥികളില്‍
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
അരുതരുത് പറയരുത് നാം നാല്‍‌വര്‍
നാംനൂറ് നാം നൂറുലക്ഷങ്ങളല്ലോ
പറയുന്നതാരാണതാരാണുണര്‍ന്നതെന്‍
ചെറുമക്കള്‍, ചെറുമക്കളല്ല
കരയുന്നതെന്തിന്നു കാലത്തിലെവിടെയോ
പുതുവംശമൂറിതുടിക്കേ
മിഴിയോര്‍ക്ക മിഴിയോര്‍ക്ക രശ്മിപോല്‍
ചെറുകൈകള്‍ ഉയരുന്നു ഈ നിശക്കെതിരെ
ചെവിയോര്‍ക്ക ചെവിയോര്‍ക്ക തിരപോല്‍
കുരുന്നുകാലുയരുന്നിതസുരനു മീതെ
കരളോര്‍ക്ക കരളോര്‍ക്കിളം കണ്ഠനാള-
ങ്ങളൊരുമിക്കുമാഗ്നേയ രാഗം
അരുതരുത് യുദ്ധങ്ങള്‍ കരയരുത് തെരുവുകളി-
ലരുവിയായ് ദളിതര്‍തന്‍ രക്തം
അരുതിനിയും അമ്മക്ക് പശിയും
അച്ഛനു തൂക്കുമരവുമരുളുന്ന രണനൃത്തം
അരുതരുത് ഉയരുമീ മുഷ്ടിതന്‍രുഷ്ട-
ബോധികളെയരിയും മഹാ ദുരധികാരം
അരുതിനി ഖനികളില വനങ്ങളില്‍
മനങ്ങളില്‍ യമപൂജചെയ്യുന്ന ലോഭം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഈ ഭൂമി വൃദ്ധയാവോളം
ഊര്‍ദ്ധ്വബാഹുവൊരാള്‍ അനീതിയാലസ്വസ്ഥം
ആത്മാവില്‍ നിലവിളിപ്പോളം
അലിവിന്‍‌റെ പകല്‍ പിരിഞ്ഞൊടുവിലാ
സ്വതന്ത്രപഥികനും ഇരുട്ടില്‍ വീഴുവോളം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം

Monday, June 20, 2016

അനാമിക ( കഥ)

നടക്കാന്‍ പോകുമ്പോള്‍ കാണാറുള്ള ഒരു കുട്ടിയുണ്ടായിരുന്നു . അനാമിക.  അവളുടെയൊപ്പം പ്രായമായ ഒരു സ്ത്രീയോ പുരുഷനോ , രണ്ടുപേരും ഒന്നിച്ചോ കാണും . നായ്ക്കുട്ടിയുടെ ബെല്‍റ്റില്‍ പിടിച്ച് അതിനോട് എന്തൊക്കെയോ സംസാരിച്ചു നടന്നു പോകുന്ന ആ ഓമനക്കുഞ്ഞിനെ  ആരുമൊന്നു നോക്കിപ്പോകും . പല പ്രവശ്യം കണ്ട പരിചയത്തില്‍ എപ്പോഴൊക്കെയോ ഒന്നോ രണ്ടോ വാക്കുകളും കൈമാറിയിരുന്നു അവരോട്. 'ഇന്നു വൈകിയല്ലോ' എന്നോ.. 'നേരത്തെ ആണല്ലോ'.. എന്നൊക്കെ മാത്രം . അവളൊരു വികൃതിക്കുട്ടി ആയിരുന്നില്ല. അതിനാല്‍ അവരെ ബുദ്ധിമുട്ടിക്കാറുമില്ല. പക്ഷേ കുട്ടിയോട് അവര്‍ക്ക് സ്നേഹമുള്ളതായി തോന്നിയിരുന്നുമില്ല. ചിലപ്പോള്‍ ആളുകള്‍ അങ്ങനെയുമാണല്ലോ. സ്നേഹം പ്രകടിപ്പിക്കുന്നത് ഒരു കുറവായി കരുതുന്നവര്‍ .
മഴക്കാലമായപ്പോള്‍ നടത്തവും നിന്നു, അനാമികയെ പിന്നെ കാണാനും കഴിഞ്ഞില്ല. പിന്നെ പിന്നെ അവളെ മറന്നു എന്നും പറയാം . ജൂലൈ  ആദ്യമോ മറ്റോ വൈറല്‍ ഫിവര്‍ വന്ന് ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്തിയപ്പോള്‍ അതാ അവര്‍ മൂവരും അവിടെയുണ്ട്. ഡോക്ടര്‍ വരാന്‍ വൈകുമെന്നു അറിഞ്ഞു കാത്തിരിക്കുകയാണ്. അനാമികയെ  കണ്ടപ്പോള്‍  ഒരുപാടു സന്തോഷം തോന്നി . അന്നാണ് ആദ്യമായി അവള്‍ എന്നോടു സംസാരിച്ചത്. അവള്‍ക്കും പനി. ബലമായി അവളെന്റെ മടിയില്‍ കയറിയുരുന്നായി വര്‍ത്തമാനം . വാതോരാതെ എന്തൊക്കെയോ പറഞ്ഞു . ബബ്ലുവിനെ നീലു കൊണ്ടുപോയത്രേ. അതുപറയുമ്പോള്‍ ആ കുഞ്ഞു  കണ്ണൂകളില്‍ സങ്കടത്തിന്റെ നനവു പടര്‍ന്നു. ബബ്ലു അവളുടെ പ്രിയപ്പെട്ട നായ്ക്കുട്ടി . അതെന്തിന് കൊടുത്തുവിട്ടു എന്നു ചോദിച്ചപ്പോള്‍ അവള്‍ കൈ മലര്‍ത്തി ചുണ്ടു വക്രിച്ചു കാട്ടി. അവരെ ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍  പറഞ്ഞു, അവരുടെ മകളുടെ മകന്‍  നീലുവിന്റെ നായയായിരുന്നു അത് . വെക്കേഷന് അവര്‍ നീലുവിന്റെ പപ്പയുടെ അടുത്ത് ജര്‍മ്മനിയില്‍  പോയതായിരുന്നു. സ്കൂള്‍ തുറന്നപ്പോള്‍ അവര്‍ മടങ്ങി. ബബ്ലുവിനെയും കൊണ്ടുപോയി.

ഡോക്ടര്‍ വരാന്‍ വൈകുന്നതുകൊണ്ട് ഞങ്ങള്‍ പിന്നെയും സംസാരം തുടര്‍ന്നു. കുറെ നേരമായപ്പോള്‍ അനാമിക ആകെ ക്ഷീണിച്ചു. പതിയെ എന്റെ തോളില്‍ ചാഞ്ഞു. അവള്‍ ഉറങ്ങാനും തുടങ്ങി.
''മോളുടെ അച്ഛനുമമ്മയും ഇവിടെയില്ലേ ?"
ഞാന്‍ അവരോടു രണ്ടുപേരോടുമായി ചോദിച്ചു. ഒരു നിമിഷം അവര്‍ പരസ്പരം നോക്കി. ആ സ്ത്രീ ആകെ കോപം കൊണ്ടു ചുവന്നു. പെട്ടെന്നാണ് എന്റെ മടിയിലിരുന്നു സുഖമായി ഉറങ്ങിയ അനാമികയെ വലിച്ചിറക്കി അയാളോടു ദേഷ്യത്തില്‍ 'വരുന്നുണ്ടോ' എന്നു ചോദിച്ചിട്ട് നടന്നു പോയി. അയാളും പിന്നാലെ .  ഒന്നും മനസ്സിലാകാതെ ഞാന്‍ അന്തം വിട്ടിരുന്നു. ഉറക്കത്തില്‍ നിന്നുണര്‍ത്തി പിടിച്ചു വലിച്ചു കൊണ്ടുപോയതിന്റെ പ്രതിഷേധമായി ആ കുഞ്ഞ് കരയാനും തുടങ്ങിയിരുന്നു.
പിന്നെയും ദിവസങ്ങള്‍ നടന്നും ഓടിയും പറന്നും കടന്നു പോയ്ക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് ആര് ആരെ ഓര്‍ക്കുന്നു , മറക്കുന്നു!

ദീപാവലി വെക്കേഷന്‍ കഴിഞ്ഞ ഉടനെയാണ് നിര്‍മ്മലിന് (നീലു) ട്യൂഷന്‍ ക്ലാസ്സില്‍ ചേര്‍ക്കാനായി അവന്റെ അമ്മ ഗംഗ  എത്തിയത്. പരീക്ഷയില്‍ മാര്‍ക്കൊക്കെ വളരെ കുറവായിരുന്നുവത്രെ . അങ്ങനെ നിര്‍മ്മല്‍ ദിവസവും വരാന്‍ തുടങ്ങി
ഒരു ദിവസം  നിര്‍മ്മലിനൊപ്പം അനാമികയും വന്നു. എനിക്കത്ഭുതം തോന്നി. അപ്പോള്‍ തന്നെ ഗംഗയുടെ ഫോണ്‍ വന്നു , ഒരു ദിവസത്തേയ്ക്ക്   അനാമികയെ കൂടി ഒന്നു വിടെ ഇരുത്തണം , ഗംഗയുടെ അമ്മ ആശുപത്രിയിലാണ്. ഗംഗയും അമ്മയോടൊപ്പമാണെന്ന്. അനാമികയുടെ കയ്യില്‍ ഒരു പഴയ ബുക്കും കുറച്ചു കളര്‍ പെന്‍സിലും കൊടുത്ത് ഇരുത്തി. ഞാന്‍ കുട്ടികളുടെ പഠനത്തിലേയ്ക്കു തിരിഞ്ഞു  അവള്‍ തിരക്കിട്ടു പടം വരച്ചുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞു വെള്ളം വേണമെന്നു പറഞ്ഞു. വെള്ളം കുടിച്ചിട്ട് പിന്നെ കുട്ടികളുടെ ബാഗിലൊക്കെ തൊട്ടും തലോടിയും പരിശോധിക്കാന്‍ തുടങ്ങി . കുറച്ചു കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ ഞാനവള്‍ക്കു കൊടുത്തു. ചിത്രങ്ങളൊക്കെ ശ്രദ്ധയോടെ നോക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനെന്റെ ജോലിയിലേയ്ക്കു തിരിഞ്ഞു.

എന്നും ക്ലാസ്സ് കഴിഞ്ഞ് കുറച്ചു സമയം കുട്ടികള്‍ക്കു സംസാരിക്കാന്‍ കൊടുക്കാറുണ്ട്. അന്നു ഞന്‍ നിര്‍മ്മലിനോട് അനാമിക അവന്റെ ആരെന്നു ചോദിച്ചു.
" മുത്തശ്ശിയുടെ വീട്ടിലെ കുട്ടിയാണ്" എന്നായിരുന്നു അവന്റെ മറുപടി.

അതില്‍ കൂടുതല്‍ എന്തെങ്കിലും വീട്ടുകാര്യങ്ങള്‍  ആ കുട്ടിയോടു ചോദിക്കുന്നതു മര്യാദയല്ലല്ലോ. അതുകൊണ്ട് അനാമിക ആരെന്ന ജിജ്ഞാസ  ഉള്ളിലടക്കി .  അവന്‍ പക്ഷേ സന്തോഷത്തിലായിരുന്നു, അവന്റെ അച്ഛന്‍ അടുത്ത ദിവസം തന്നെ ജര്‍മ്മനിയില്‍ നിന്നു വരുന്നുവത്രേ. പിന്നെയും രണ്ടു ദിവസങ്ങള്‍ കൂടി അനാമിക നിര്‍മ്മലിനൊപ്പം വന്നു. പാവം കുട്ടിയായതുകൊണ്ട് അവള്‍ ഒരു ശല്യമായതേ ഇല്ല.
നാലാം ദിവസം മുത്തശ്ശിയെ ഹോസ്പിറ്റലില്‍ നിന്നു വീട്ടില്‍ കൊണ്ടുവന്ന കാര്യം നിര്‍മ്മല്‍ പറഞ്ഞറിഞ്ഞു. മുത്തശ്ശിക്ക് തീരെ വയ്യാത്രേ. എന്തോ വലിയ രോഗമാണ്. ഗംഗയെ വിളിച്ചു നോക്കിയെങ്കിലും ഫോണെടുത്തുമില്ല.
ഞായറാഴ്ച എന്തായാലും ഒന്നു പോയി അവരെ കാണാമെന്നു കരുതി . നിര്‍മ്മലിന്റെ അടുത്ത ബില്‍ഡിംഗിലാണ് മുത്തശ്ശന്റെ ഫ്ലാറ്റ്  എന്നു പറഞ്ഞ് അഡ്രസ്സ് തന്നു. പക്ഷേ ശനിയാഴ്ച നിര്‍മ്മല്‍ ക്ലാസ്സില്‍ വന്നില്ല. വൈകുന്നേരം ഗംഗയുടെ ഭര്‍ത്താവു ഫോണ്‍ ചെയ്തു പറഞ്ഞു, അവന്റെ മുത്തശ്ശിക്കു അസുഖം കൂടുതലായി അവരുടെ മകന്റെ വീട്ടിനടുത്തുള്ള ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു .  ഗംഗയും നിര്‍മ്മലും അവിടെയാണ്   എന്ന് . അസുഖമെന്തെന്നു ചോദിച്ചതിന് അയാള്‍ വ്യക്തമായി മറുപടി തന്നില്ല . കുറച്ചു സീരിയസ്സ് ആണ്  എന്നു പറഞ്ഞൊഴിഞ്ഞു . രണ്ടു ദിവസം കഴിഞ്ഞ് നിര്‍മ്മല്‍ വന്നപ്പോള്‍ മുത്തശ്ശി, മാമന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലില്‍ ആണെന്നു പറഞ്ഞു. രോഗമെന്തെന്നൊന്നും അവനും അറിയില്ല. അനാമികയും മാമന്റെ വീട്ടിലാണത്രേ. അതിനടുത്ത ദിവസങ്ങളില്‍ പിന്നെയും നിര്‍മ്മല്‍ ക്ലാസ്സില്‍ അബ്സന്റായി. ഒരാഴ്ച കഴിഞ്ഞിട്ടാണു പിന്നെ ഗംഗയുമൊത്ത് അവന്‍ വന്നത്.
" അമ്മ പോയി. ചേച്ചീ, അന്നത്തെ തിരക്കില്‍ അറിയിക്കാന്‍ കഴിഞ്ഞില്ല "
പെട്ടെന്ന് എനിക്കു വാക്കുകളൊക്കെ മറന്ന അവസ്ഥ. അല്പസമയത്തെ അന്ധാളിപ്പു കഴിഞ്ഞ് ഞാന്‍ കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു.
" അമ്മയ്ക്ക് ഒരു അപൂര്‍വ്വമായ അസുഖമായിരുന്നു. ആന്തരികാവയവങ്ങളൊക്കെ മെല്ലെ മെല്ലെ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു . അനിയത്തിയെ പ്രസവിച്ചപ്പോള്‍ ഉണ്ടായ എന്തോ കോംപ്ലിക്കേഷനാണ്. പ്രായം കൂടിയപ്പോളത്തെ പ്രസവമല്ലേ.  . ഇത്രയും കാലം തന്നെ ജീവിച്ചിരിക്കുമെന്നു അന്നു ഡോക്ടര്‍ പറഞ്ഞിരുന്നില്ല. "
ഇങ്ങനെയൊരു രോഗത്തേക്കുറിച്ച് ആദ്യമായാണു കേള്‍ക്കുന്നത്. അതിനു ചികിത്സയുമില്ലത്രേ. "
പിന്നെയും കുറേനേരം സംസാരിച്ചപ്പോഴാണ് അനിയത്തിയെക്കുറിച്ചു ചോദിക്കണമെന്നു തോന്നിയത് .
" അനാമിക എന്റെ അനിയത്തിയാണു ചേച്ചീ"
ഞെട്ടിപ്പോയി. അനാമിക ഗംഗയുടെ അനിയത്തിയോ.. ആറാം ക്ലാസ്സില്‍ പഠിക്കുന്ന നിര്‍മ്മലിന്റെ ഇളയമ്മയോ,.. എങ്ങനെ വിശ്വസിക്കാനാവും.
അതെ, അതായിരുന്നു സത്യം . ഭാസ്കരക്കുറുപ്പും വാസന്തിയും മുംബൈയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ടു  40 വര്‍ഷത്തോളമായി . ഗംഗയും ഗോപനും പഠിച്ചു, വളര്‍ന്നു, ഉദ്യോഗസ്ഥരായി. ഇരുവരും  വിവാഹിതരുമായി, മക്കളുമായി. അങ്ങനെയിരിക്കെ വാസന്തിയുടെ അനുജത്തിയുടെ മകന്റെ കല്യാണത്തിന് അവര്‍ നാട്ടില്‍ പോയതാണ്. പെട്ടെന്ന് വാസന്തിയമ്മയ്ക്ക് വയറുവേദന കലശല്‍ .ഇടയ്ക്കൊക്കെ വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നെങ്കിലും ആ വേദന  അസഹനീയമായപ്പോള്‍ അവര്‍ ഭര്‍ത്താവിനെ കൂട്ടി അടുത്തുള്ളൊരു ആശുപത്രിയിലെത്തി . അപ്പോള്‍ അവിടെയുണ്ടായിരുന്ന ലേഡി ഡോക്ടര്‍ പറഞ്ഞത്രേ അതു പ്രസവവേദനയാണെന്ന്. അധികം വൈകാതെ തന്നെ ഭാസ്കരക്കുറുപ്പിന്റെ കയ്യില്‍ ഒരു പെണ്‍കുഞ്ഞിനേയും അവര്‍ കൊടുത്തു.
എനിക്കു പെട്ടെന്ന് 'പവിത്രം' സിനിമയാണ് ഓര്‍മ്മ വന്നത്
അങ്ങനെ തന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷേ ആര്‍ത്തവം നിന്നു കഴിഞ്ഞു എന്നു കരുതിയിരുന്നതു കൊണ്ട്  ഗര്‍ഭിണിയായത് അവര്‍ അറിഞ്ഞിരുന്നില്ല. ഇടയ്ക്കുണ്ടായ അസ്വസ്ഥതകളൊക്കെ വായു ആണ്, ഗുന്മന്‍ ആണ് എന്നൊക്കെ പറഞ്ഞു സ്വയം ചികിത്സ നടത്തി . ഒടുവില്‍ നാട്ടില്‍ വരുന്ന സമയത്താണു പ്രസവവേദന ഉണ്ടായത്. പക്ഷേ പ്രസവം കഴിഞ്ഞ് ബ്ലീഡിംഗ് നിലയ്ക്കാതെ വന്നപ്പോള്‍ പെട്ടെന്ന്  സര്‍ജറി വേണ്ടി വന്നു . കുറേ ദിവസം ആശുപത്രിയില്‍ കഴിഞ്ഞു .
എല്ലാവര്‍ക്കും ഒരു വലിയ നാണക്കേടായി ഈ സംഭവം . പക്ഷേ വാസന്തിയമ്മ അതോടെ നിത്യരോഗത്തിനടിപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് , മുംബൈയില്‍  മക്കള്‍ക്കും അത്ര സന്തോഷമുണ്ടായില്ല . ഗോപനും കുടുംബവും ആയിരുന്നു അച്ഛനുമമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നത്. ഈ നാണക്കേടുമായി അവര്‍ തിരികെയെത്തുന്നത് ഗോപന് ഇഷ്ടമായില്ല. അവിടേയ്ക്കു പോയി പരിഹാസപാത്രമാകാന്‍ അവരും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് പെട്ടെന്നു തന്നെ അവര്‍ ഞങ്ങള്‍ താമസിക്കുന്ന ഹൗസിംഗ് കോംപ്ലക്സില്‍ വീടു വാങ്ങിയത്. മൂന്നു മാസത്തിനു ശേഷം  കുഞ്ഞിനെയും കൊണ്ട് അവര്‍ ഇങ്ങോട്ടാണു വന്നതത്രേ. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗംഗയുടെ ഭര്‍ത്താവ് ഉദ്യോഗാര്‍ത്ഥം ജര്‍മ്മനിക്കു പോയി. അപ്പോള്‍ അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് അവരും വീടു മാറി താമസമായി. ഇപ്പോള്‍ ആ അമ്മയാണ് ...
ഞാനപ്പോള്‍ ഓര്‍ത്തത് അനാമികയെക്കുറിച്ചാണ്.. ഇനി അവളുടെ ഭാവി .. ഒക്കെ കാലം തീരുമാനിക്കട്ടെ ,അല്ലേ.. Sunday, June 19, 2016

നമ്മുടെ കവികള്‍ 13 /എം. ഗോവിന്ദന്‍

നമ്മുടെ കവികള്‍ 13 /എം. ഗോവിന്ദന്‍
================================
പ്രത്യയശാസ്ത്രങ്ങളെയും ആര്‍ജവത്തോടെ നിരീക്ഷിക്കുകയും ധിഷണാപരമായി  ആധുനികസാഹിത്യത്തെ അതിനോടു കൂട്ടിയിണക്കി പ്രതികരിക്കുകയും ചെയ്ത
കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എം. ഗോവിന്ദന്‍. 1919 സെപ്റ്റംബര്‍ 18ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനിച്ചു. കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിയും മാഞ്ചേരത്ത് താഴത്തേതില്‍ ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.  1945 വരെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലു ചെന്നൈയിലും ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിചെയ്തു.മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

ആനന്ദ് ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരും എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരാണ്. ഗോവിന്ദന്റെ പവിത്രസംഘം എന്ന് ആരാധകരെക്കൊണ്ടും ‘ഗോവിന്ദന്റെ പ്രതിലോമപാഠശാല’  എന്ന് ‘വിപ്ലവപക്ഷ’ ബദ്ധരായ ബുദ്ധിജീവികളെക്കൊണ്ടും പറയിപ്പിച്ച എഴുത്തുകാരും കലാകാരന്‍മാരും അടങ്ങിയ കൂട്ടം ‌ഗോവിന്ദനു ചുറ്റുമു്ണ്ടായിരുന്നു.ആധുനിക കവികളില്‍ ശ്രദ്ധേയരായ പലരും പവിത്രസംഘത്തിലൂടെ പിച്ചവച്ചു വളര്‍ന്നവരായിരുന്നു. തന്റെ കലയെ മണ്ണുമായും മനുഷ്യനുമായും ബന്ധിപ്പിച്ച കലാകാരന്‍കൂടിയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം ഗോവിന്ദന്റെ മൗലികചിന്തകളെ ക്രോഡീകരിച്ച് ‘പുതിയമനുഷ്യന്‍ പുതിയലോകം’ എന്ന ഉപന്യാസസമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഊര്‍ജസ്വലമായ മാനവികശാഠ്യം ഈ രചനകളിലെല്ലാം തെളിയുന്നുണ്ട്. മലയാളസാഹിത്യമണ്ഡലത്തിനു മുതല്‍ക്കൂട്ടായ ഈ പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത് സി.എല്‍ ജോര്‍ജാണ്. ‘കലാകാരന്മാരെ ബഹുജനങ്ങളിൽ നിന്ന്‌ ഒറ്റപ്പെടുത്താനുള്ള കുതന്ത്രം ഏതു ഭാഗത്തുനിന്നും വന്നാലും അതിനെ ചെറുക്കണം’ എന്ന്‌ ധിക്കാരത്തിന്റെകാതലിൽ സ്പർശിച്ചുകൊണ്ട്‌ കവി  പറയുന്നു. പൂജാവിഗ്രഹങ്ങളും പൂജാരിമാരും ഭക്തന്‍മാരും ചേര്‍ന്ന ലോകം സ്വര്‍ഗത്തിലേക്കുള്ള പാതയൊരുക്കുമെന്ന്് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളെ ഗോവിന്ദന്‍ സംശയിക്കുകയും മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍കൊണ്ട് നേരിടുകയും ചെയ്തു. ‘ആരുടെ ചേരിയില്‍’ എന്ന് ചോദിച്ചു വിരട്ടുന്നവരോട അദ്ദേഹം മനുഷ്യന്റെ ചേരിയില്‍ എന്ന് പ്രതിവദിച്ചു.

'ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം', 'നാട്ടുവെളിച്ചം', 'അരങ്ങേറ്റം', 'കവിത', 'മേനക','എം.ഗോവിന്ദന്റെ കവിതകള്‍','നോക്കുകുത്തി', 'മാമാങ്കം', 'ജ്ഞാനസ്‌നാനം', 'ഒരു കൂടിയാട്ടത്തിന്റെ കവിത', 'തുടര്‍ക്കണി','നീ മനുഷ്യനെ കൊല്ലരുത്', 'ചെകുത്താനും മനുഷ്യരും', 'ഒസ്യത്ത്', 'മണിയോര്‍ഡറും മറ്റു കഥകളും', 'സര്‍പ്പം', 'റാണിയുടെ പെട്ടി', 'ബഷീറിന്റെ പുന്നാര മൂഷികന്‍' തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1989 ജനുവരി 23ന് ഗുരുവായൂരില്‍ വച്ച് എം. ഗോവിന്ദന്‍ മരണമടഞ്ഞു.വാക്കേ ,വാക്കേ ,കൂടെവിടെ ?
ആരാരുടെയോ തന്ത

മരണപ്പെട്ടാല്‍ , അതു കേട്ടാല്‍,

നിരണത്തിലും നതോന്നതയിലും

നിറഞ്ഞു 'കവിഞ്ഞു' കരയും

കരുവല്ല,കണ്ണീരല്ല

എല്ലും പല്ലുമ്മുള്ള മലയാളവാക്ക്.


ഇടവപ്പാതിമാഴയില്‍

ഇടനാഴിനടയില്‍

ഇറുകിച്ചടഞ്ഞു  വാഴും

ഇട്ടിവേശി നേതാര്യമ്മക്ക്

രണ്ടുമൂന്നാക്കി മുറുക്കാന്‍

വിണ്ട ചുണ്ട് ചുവപ്പിക്കാന്‍

തമ്പുരാനും നമ്പൂതിരിയും

തന്തപ്പട്ടരുമൊരുമിച്ചു

ഇടിച്ചു വച്ച പാക്കല്ല

ഇടിത്തീ വെടിക്കും വാക്ക്


ചുടുക്കാപ്പിക്കടയില്‍

ചുമ്മാതിരിക്കും ചുപ്പാമണിയന്

തുടരെഴുതിത്താളില്‍ വിളമ്പാന്‍

മെദുവടയല്ലെടോ  മലയാളവാക്ക്

വാനൊലിയാലയത്തില്‍

വഷളന്‍വെടികള്‍  വെളിയില്‍വിട്ട്

അകലെയിരിക്കും മാളോരുടെ

ചെറുചെവിയില്‍ച്ചൊറി  വിതറാന്‍

തരപ്പെടുത്തിയ താപ്പല്ല

തപ്പിലും മപ്പിലും വീര്‍പ്പായ്

വിടര്‍ന്നു തുടംവായ്ച്ച മലയാളവാണീ.


മുഖമില്ലാത്ത നടികള്‍ക്ക്

മുലയും മൂടും കുലുക്കാന്‍

ഇളിച്ചിവായന്മാരീണം  കൂട്ടി

ത്തുളിക്കും മെഴുക്കല്ല

പാണന്റെ ഉടുക്കിലും

പാടത്തിന്‍ മുടുക്കിലും

പാടിയാടിയ പുന്നാരവാക്ക്.


മനസ്സിലെ യതിസാരത്താല്‍

മന്ത്രിമാരുരതൂറ്റുമ്പോള്‍

അതും പെറുക്കി,യധിപന്റെ

'മുഞ്ഞിമൊഴിയും' പിഴിഞ്ഞൊഴിച്ച്

പത്രത്തിലുടച്ചു ചേര്‍ക്കാന്‍

പറ്റും പയറ്റുമണിയല്ല

പറയന്റെ ചെണ്ടയിലും

ഉറയുന്ന തൊണ്ടയിലും

ഉരംകൊണ്ടുയിര്‍ പെറ്റു

ഊറ്റ മൂട്ടിയ നമ്മുടെ വാക്ക്.

വാക്കേ ,വാക്കേ ,കൂടെവിടെ ?

വളരുന്ന  നാവിന്റെ കൊമ്പത്ത്

വാക്കേ ,വാക്കേ ,കൂടെവിടെ ?

ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.
==============================http://www.chintha.com/node/333
http://malayalamclass10.blogspot.in/p/aa_830.html


Saturday, June 18, 2016

ഢോക്ല (ढोकला)

ഢോക്ല എന്നു കേട്ടിട്ടുണ്ടോ .. ഡ്രാക്കുള അല്ല കേട്ടോ..
ഗുജറാത്തികളുടെ ഒരു സ്വാദിഷ്ട വിഭവമാണിത്.പൊതുവേ കേരളത്തില്‍ ഇതിനത്ര പ്രചാരമില്ലെന്നു തോന്നുന്നു. പക്ഷേ ഉത്തരേന്ത്യയില്‍ വളരെ സ്വാഗതം ചെയ്തിരിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥം ആണിത് ,
 കടലപ്പരിപ്പും അരിയും കൂടി കുതിര്‍ത്തരച്ച് ,  അല്‍പ്പം അപ്പക്കാരം ഒക്കെ ചേര്‍ത്ത് ഏഴെട്ടു മണിക്കൂര്‍ പുളിക്കാന്‍ വെച്ച ശേഷം ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഗുജറാത്തിന്റെ  ഈ തനതു വിഭവം പ്രഭാതഭക്ഷണമായോ, പ്രധാന ഭകഷണത്തോടൊപ്പം കഴിക്കാനോ, വൈകുന്നേരം ചായയ്ക്കൊപ്പമോ ഒക്കെ കഴിക്കാം . കൂടെ മല്ലിയില കൊണ്ടുള്ള ചമ്മന്തിയും ആകാം. 11)ം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ജെയിന്‍ ലിഖിതങ്ങളില്‍ പോലും ഈ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നു പറയപ്പെടുന്നു .

പക്ഷേ സാധാരണ ഭക്ഷണാശാലകളിലും ബേക്കറികളിലും വഴിയോര ഭക്ഷണകേന്ദ്രങ്ങളിലും ഒക്കെ ലഭിക്കാറുള്ളത് കുറച്ചു കൂടി മൃദുലമായ ഖമ്മന്‍ ഢോക്ല ആണ്. ഇതു കുറച്ചു കൂടി വേഗത്തില്‍ ഉണ്ടാക്കുകയും ചെയ്യാം . കടലമാവില്‍ തൈരും അപ്പക്കാരവും അല്പം കായപ്പൊടിയും നാരങ്ങനീരും പഞ്ചസ്സാരയും മൃദുവായി   അരച്ചെടുത്ത പച്ചമുളകും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കട്ടിയുള്ള മാവായി കലക്കി വെയ്ക്കുക. കടലമാവിന്റെ പകുതിയളവ് തൈര് എടുക്കണം . ഢോക്ലയുടേതിലും കുറച്ചു കൂടുതല്‍ അപ്പക്കാരം ഇതില്‍ ചേര്‍ക്കും. അതിനു പകരം എനോ ഫ്രൂട്ട് സോള്‍ട്ട് ചേര്‍ക്കുകയും ആകാം. (വേഗം പുളിച്ചു കിട്ടുകയും ചെയ്യും ) ചിലര്‍ അല്‍പം റവയും മഞ്ഞള്‍പ്പൊടിയും   കൂടി ചേര്‍ക്കാറുണ്ട്. അപ്പക്കാരവും മഞ്ഞള്‍പ്പൊടിയും ഒന്നിച്ചു ചേര്‍ന്ന് .ഢോക്ലയ്ക്ക്  ചുവന്ന കുത്തുകള്‍ പോലെ ഡിസൈന്‍ വരുത്തും . അതുകൊണ്ട് മഞ്ഞള്‍ പൊടി ചേര്‍ക്കാതിരിക്കുന്നതാണു നല്ലത് . നന്നായി ഇളക്കി അപ്പക്കാരം എല്ലായിടവും ഒരുപോലെ യോജിക്കണം . അത് 6-8 മണിക്കൂര്‍ വരെ പുളിക്കാന്‍ വെച്ച ശേഷം എടുത്ത് വട്ടയപ്പം ഒക്കെ ഉണ്ടാക്കുന്നതുപോലെ ആവിയില്‍ പുഴുങ്ങിയെടുക്കുക.
കുറച്ചു ചൂടാറിയശേഷം മുറിച്ചു കഷണങ്ങളാക്കി കടുക്, ജീരകം , കറിവേപ്പില, എള്ള്, നുറുക്കിയ പച്ചകുളക് എന്നിവ എണ്ണയില്‍ വറുക്കുക. കടുകു പൊട്ടിക്കഴിയുമ്പോള്‍ ശ്രദ്ധയോടെ അതില്‍  കുറച്ചു വെള്ലമൊഴിക്കുക. അതില്‍ കുറച്ചു  പഞ്ചസ്സാര ചേര്‍ത്തു തിളയ്ക്കുമ്പോള്‍ എടുത്ത്,   മുറിച്ചു വെച്ചിരിക്കുന്ന കഷണങ്ങള്‍ക്കു  മുകളില്‍ നിരത്തി ഒഴിക്കുക. ഗ്രേറ്റ് ചെയ്ത നാളികേരവും മല്ലിയില അരിഞ്ഞതും  മുകളില്‍ വിതറാം. മല്ലിയില ചമ്മന്തിയോ ഇഷ്ടമുള്ള സോസ് ഏതെങ്കിലുമോ ചേര്‍ത്തു കഴിക്കാം. മൈക്രോവേവ് അവനിലും ഇത് വേഗത്തില്‍ പാകം ചെയ്തെടുക്കാം . വളരെ മാര്‍ദ്ദവമുള്ള ഈ വിഭവം അത്ര തന്നെ സ്വാദിഷ്ടവും ആണ്. മധുരവും പുളിയും എരിവും ഒക്കെ ചേര്‍ന്ന ഇതിന്റെ സ്വാദ് ഏവര്‍ക്കും ഇഷ്ടമാവുകയും ചെയ്യും . ഒപ്പം പോഷകസമൃദ്ധവും ആണ്.

ദോശയുടെ വെറൈറ്റി പോലെ ഇതുനുമുണ്ടിപ്പോള്‍ അനേകം വെറൈറ്റികള്‍ .Wednesday, June 15, 2016

നമ്മുടെ കവികള്‍ 12 / എ അയ്യപ്പന്‍

നമ്മുടെ കവികള്‍ 12 / എ അയ്യപ്പന്‍
==============================


കവിതപോലെ തന്നെ ഒരു വൃത്തത്തിലും ഒതുങ്ങി നില്‍ക്കാതെ ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ചു കാലത്തിന്റെ തിരശ്ശീലയ്ക്ക്കു പിന്നിലേയ്ക്കോടി മറഞ്ഞ മലയാളത്തിന്റെ പ്രിയ കവി - എ അയ്യപ്പന്‍
ആധുനിക കവിതയില്‍ ഇത്രയേറെ വ്യത്യസ്തത പുലര്‍ത്തിയ രചനാസങ്കേതങ്ങളും ബിംബാവിഷ്കാരങ്ങളും വേറെ ഇല്ല തന്നെ .തനിക്കഭയം കവിതയാണെന്നു പറയുമ്പോഴും തന്റെ കവിതകള്‍ക്കു വേണ്ടി ജീവിക്കുന്നൊരു പച്ചമനുഷ്യനായാണു അയ്യപ്പനെ നമുക്കു കാണാനാവുക . 
   തിരുവനന്തപുരത്തുള്ള നേമത്തെ  സമ്പന്നപശ്ചാത്തലമുള്ള ഒരു വിശ്വകര്‍മ്മ കുടുംബത്തില്‍ 1949 ഒക്ടോബര്‍ 27 ന് ശ്രീ അറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും പുത്രനായി ജനിച്ചു. ബാല്യം നഷ്ടത്തിന്റെ കഥകള്‍ മാത്രമേ അയ്യപ്പനു നല്‍കിയുള്ളു . അയ്യപ്പന് ഒരു വയസ്സു തികയും മുന്‍പ് അച്ഛന്‍ മരണപ്പെട്ടു. അതൊരു ആത്മഹത്യയോ കൊലപാതകമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഒരിക്കല്‍ ഒരാളെ ചൂണ്ടിക്കാട്ടി അമ്മ അദ്ദേഹത്തോടു പറഞ്ഞിരുന്നു അയാളാണ് അച്ഛനെ കൊന്നതെന്ന്. പതിഞ്ചാം വയസ്സില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്  അമ്മയും അദ്ദേഹത്തിനു നഷ്ടമായത് . പിന്നീട് സഹോദരി സുബ്ബലക്ഷ്മിയുടേയും അവരുടെ ഭര്‍ത്താവ് വി കൃഷ്ണന്റേയും സംരക്ഷണയില്‍ അയ്യപ്പന്‍ വളര്‍ന്നു. പക്ഷേ മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് അനാഥത്വവും നിരാലംബത്വവും ചേര്‍ന്നു നല്‍കിയ മുറിപ്പാടുകള്‍ നോവു പകര്‍ന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ട്യൂട്ടോറിയൽ കോളജ് അധ്യാപകനായും സി പി ഐ പ്രസിദ്ധീകരണമായ ' നവയുഗ'ത്തിൽ പ്രൂഫ് റീഡറായും ജോലി നോക്കി.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതയെഴുത്തു തുടങ്ങിയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള സഹവര്‍ത്തിത്വവും ജനയുഗത്തില്‍ ലഭിച്ച ഉദ്യോഗവും അദ്ദേഹത്തിന്റെ എഴുത്തിനു ശക്തി പകര്‍ന്നു. അനാഥമേല്‍പ്പിച്ച കടുത്ത മനോവേദയുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടു മെനെഞ്ഞെടുത്ത മിക്ക കവിതകളും. തികച്ചും അരാജകത്വത്തിന്റെ ഉറക്കെയുള്ള നിലവിളികള്‍ . എഴുതുവാന്‍ തനിക്കൊരു മുറിയില്ലാത്തതുകൊണ്ട് കടത്തിണ്ണകളും പുഴക്കരയും തെരുവോരവും ഒക്കെയാണു ഇരുന്നെഴുതാന്‍ കവി സ്വീകരിച്ചിരുന്ന ഇടങ്ങള്‍ . തന്റെ അനാഥത്വത്തെപ്പോലും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരാള്‍ ഈ ലോകത്തു തന്നെയുണ്ടാവില്ല .അകവിതകളെന്നോ പ്രതികവിതകളെന്നോ പറയാവുന്ന അയ്യപ്പന്റെ രചനകള്‍ കവിയുടെ ദൗത്യത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളും കുറിക്കുന്നുണ്ട് .

കെ. ബാലകൃഷ്ണന്റെ ‘ കൗമുദി’യിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. സ്ത്രീ നാമങ്ങളിലായിരുന്നു ആദ്യം കവിതകള്‍ പ്രസിദ്ധീകരണത്തിനു അയച്ചു കൊടുത്തിരുന്നത്. സ്വന്തം പേരിലയച്ചാല്‍ അതു ചവറ്റുകുട്ടയില്‍ വീഴുമെന്നുറപ്പ്ണ്ടായിരുന്നു എന്നു പിന്നീടദ്ദേഹം അതിനേക്കുറിച്ചു പറഞ്ഞിട്ടുമുണ്ട്. അതു തിരിച്ചറിഞ്ഞ ചില പത്രാധിപര്‍ അയ്യപ്പനായി തന്നെ വെളിച്ചത്തു വരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
അയ്യപ്പന്റെ പ്രണയചിന്തകള്‍ ഈ വരികളില്‍ വ്യക്തം
"ശുദ്ധമായ പ്രണയത്തിനു ഒരിന്ദ്രജാലവുമില്ല
ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്
ബോധിതണുപ്പില്‍,നീലവെളിച്ചം തളര്‍ന്നുറങ്ങുന്ന
രാവുകളില്‍,ഒരിക്കലും നടന്നുതീര്‍ന്നിട്ടില്ലാത്ത
നാട്ടിടവഴികളില്‍ എല്ലായിടത്തും ഞാന്‍
പ്രണയമനുഭവിച്ചിട്ടുണ്ട്.പ്രണയം നിലനിര്‍ത്താന്‍
ഒറ്റവഴിയെയുള്ളൂ പ്രണയിക്കുക"

പിന്നെ പറഞ്ഞുനിര്‍ത്തുന്നു

"പെണ്ണോരുത്തിക്ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"

1999ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം എ അയ്യപ്പനു ലഭിക്കുകയുണ്ടായി-വെയിൽ തിന്നുന്ന പക്ഷി.  2010 ലെ ആശാന്‍ പുരസ്കാരവും അദ്ദേഹത്തിനായിരുന്നു 
കവിയുടെ പ്രണയം കവിതയേക്കാളേറെ മദ്യത്തോടായത് യാദൃശ്ചികം . മലയാള ഭാഷയുടെ ഏറ്റവും വലിയൊരു ദര്‍ഭാഗ്യവും . കവിയെ നമുക്കു നഷ്ടമാക്കിയതും മദ്യം തന്നെ. 2010 ഒടോബര്‍ 21 ന്  മദ്യലഹരിയില്‍ വാഹനാപകടത്തില്‍ പെട്ട് തെരുവില്‍ കിടന്ന അയ്യപ്പന്റെ മൃതദേഹം പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴും ഒരു കവിത ഉടുപ്പിന്റെ കീശയില്‍ ഭദ്രമായുണ്ടായിരുന്നു.രണ്ടു നാള്‍ക്കു ശേഷം  ആശാന്‍ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനായി എഴുതിയ കവിത. 


 "അത്താഴമുട്ടുമായ്‌ അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായ്‌ ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസില്ലാത്തവനായി " എന്നു പാടിയ കവിക്ക് പക്ഷേ ജീവിതയാത്രയുടെ അഞ്ചു ദശകങ്ങള്‍ പോലും തികയ്ക്കാനാവാതെ മരണം വന്നു വിളിച്ചപ്പോള്‍ ഒരനുസരണയുള്ള കുട്ടിയെപ്പോലെയാകേണ്ടി വന്നു. 'ഇരുന്നു തിന്നാനും ' ഇരന്നു തിന്നാനും ' വിധി കൊടുത്ത ശിരോരേഖ ഉണ്ടായിരുന്നെങ്കിലും ഇരന്നു തിന്നാനായി ജീവിതത്തെ വിട്ടുകൊടുത്ത ഒരു വിഡ്ഢിയായില്ലേ  കവി എന്ന് നമുക്കു ചിലപ്പോഴെങ്കിലും  തോന്നിപ്പോകുന്ന ജീവിതത്തിനുടമ .
.
അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം,
പ്രാണനും കൊണ്ട് ഓടുകയാണ്,
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും,
എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ,
ഒരു മരവും മറ തന്നില്ല,
ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു,
അവന്റെ വായ്ക്ക് ഞാനിരയായി.
(കവിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത അവസാന കവിതയിലെ വരികള്‍.)
.
എ അയ്യപ്പന്റെ ഏതാനും കവിതകളിലൂടെ..
ആലില: എ അയ്യപ്പൻ
*******************
നീ തന്ന സസ്യ ശാസ്ത്രത്തിന്റെ പുസ്തകം
എനിക്ക് പ്രേമകാവൃമായിരുന്നു
പുസ്തകത്തിൽ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയിൽ
ഇന്നു നിന്റെ മുഖം കാണാം.
സത്ത മുഴുവൻ ചോർന്ന്പോയ
പച്ചിലയുടെ ഓർമയ്ക്ക്
ഓരോ താളിലും ഓരോ ഇല സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജoരാഗ്നിക്ക് ഞാനിന്ന് ദാനം കൊടുത്തു
ഇലകളായ് ഇനി നമ്മൾ പുനർജനിക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിക്കൊരു കാമിനിയല്ല
ആനന്ദത്താലും ദുഃഖത്താലും കണ്ണു നിറഞ്ഞ
ഒരു പെങ്ങളില വേണം.
എല്ലാ ഋതുക്കളേയും അതിജീവിക്കുവാനുള്ള ശക്തിക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം.
ഉള്ളിലെച്ചിരിയിൽ
ഇലകൊഴിയും കാലത്തിന്റെ
ഒരു കാറ്റ് വീശുന്നു.
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ച് വീഴ്ത്തിയതാരാണ്?
നീ തന്ന വിഷം
എനിക്കൗഷധമായിത്തീർന്നുവെന്ന്
പാടിയതാരാണ്?
( മലയാളത്തിലെ പ്രണയ കവിതകൾ - മൾബറി പേജ് 125 )
.
പുഴയുടെ കാലം- എ അയ്യപ്പന്‍
------------
സ്നേഹിക്കുന്നതിനുമുമ്പ്
നി കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു.
എന്റെ മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.
------------------------------------------------
എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!
(എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് )
----------------------------------------------------------------
പുലയാടി മക്കള്ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ
പുതിയ സാമ്രാജ്യം , പുതിയ സൌധങ്ങള്
പുതിയ മന്നില്തീര്ത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങള് പുതിയ സുരതങ്ങള്
പുതുമയെ പുല്കി തലോടുന്ന വാനം
പുലരിയാവോളം പുളകങ്ങള് തീര്ക്കുന്ന
പുലയ കിടാതിതന് അരയിലെ ദുഃഖം
പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്ക്ക് പുലയാണ് പോലും
പതി ഉറങ്ങുമ്പോള് പറയനെ തേടും
പതിവായി വന്നാല് പിണമായി മാറും
പറയന്റെ മാറില് പിണയുന്ന നേരം
പറ കൊട്ടിയല്ലേ കാമം തുടിപ്പു
പുലയാണ് പോലും പുലയാണ് പോലും
പറയാനെ കണ്ടാല് പുലയാണ് പോലും
പുതിയ കുപ്പിക്കുള്ളില ് പഴയ വീഞ്ഞെന്നോ
പഴയിനെന്നും പഴയതല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച വീഞ്ഞ്
പുഴുവരിക്കുന്നോ രാ പഴനീര് തന്നെ
കഴുവേറി മക്കള്ക്കും മിഴിനീര് വേണം
കഴുവേരുമെന് ചോര വീഞ്ഞായ് വരേണം
കഴിവില്ലവര്ക്കിന്നു കദനങ്ങള് മാറ്റാന്
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്
കഴുവേറി മക്കളെ വരികിന്നു നിങ്ങള്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
കടമിഴി കൊത്തി പറിക്കുന്ന കൊമ്പന്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
പുലയാടി മക്കള്ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ..
(പുലയാടി മക്കള് )

നമ്മുടെ കവികള്‍ 11 / കാവാലം നാരായണപ്പണിക്കര്‍

നമ്മുടെ കവികള്‍ 11 / കാവാലം നാരായണപ്പണിക്കര്‍
============================================


കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്ക്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന രീതിയില്‍ കലയെ എങ്ങനെ ആവിഷ്കരിക്കാമെന്നും നവീകരണത്തിലൂടെ അവ എങ്ങനെ വികാസത്തിലേയ്ക്കു പരിണമിക്കുന്നു എന്നും മലയാളിക്കു കാട്ടിത്തന്ന പ്രതിഭാധനനാണ്  ശ്രീ കാവാലം നാരായണപ്പണിക്കര്‍ . കവി, ഗാനരചയിതാവ് ,  നാടകകൃത്ത്, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ,സാംസ്കാരികമണ്ഡലങ്ങളിൽ ഈ കുട്ടനാട്ടുകാരന്‍ തന്റേതായ സംഭാവനകള്‍ ആവോളം നല്കി  നിറഞ്ഞു നിൽക്കുന്നു. കാവാലം എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ നാടകം എന്ന കലാരൂപമാണു ഏവരുടേയും  മനസ്സിലേയ്ക്കു വരുന്നതെങ്കിലും അദ്ദേഹം കവിതയും ഗാനങ്ങളും രചിച്ചുകൊണ്ടാണു തന്നെ കലാജീവിതത്തിനു തുടക്കമിട്ടത്. നാടന്‍ പാട്ടുകളും നാടന്‍ കലകളും അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവയായിരുന്നു . അതിനു കാരണവുമുണ്ട്  
പുഴകളുടേയും പാടങ്ങളുടേയും ധാരാളിത്തമുള്ള, കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ, കാവാലമെന്ന ഗ്രമത്തില്‍, ഞാറ്റുപാട്ടുകളുടേയും കൊയ്ത്തുപാട്ടുകളുടേയും വള്ളപ്പാട്ടിന്റെയുമൊക്കെ ശ്രുതിലയതാളങ്ങള്‍ ലയിച്ചു ചേര്‍ന്ന അന്തരീക്ഷത്തിലാണ് ശ്രീ കാവലം നാരായണപ്പണിക്കര്‍ എന്ന പ്രതിഭ ജനിച്ചതും, സംഗീതത്തിന്റെയും കവിതയുടേയും പാട്ടിന്റെയുമൊക്കെ കൈ പിടിച്ചു  വളര്‍ന്നതും .പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ശ്രീ ഗോദവർമ്മയുടേയും  ശ്രീമതി കുഞ്ഞുലക്ഷ്മിയമ്മയുടേയും മകനായി  ജനനം .  പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന ശ്രീ സർദാർ കെ. എം. പണിക്കർ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന ശ്രീ കെ. അയ്യപ്പപ്പണിക്കർ അടുത്ത ബന്ധുവും. 

അച്ഛൻ ശ്രീ ഗോദവർമ്മയാണു് അദ്ദേഹത്തെ സാഹിത്യത്തിന്റെ ലോകത്തേക്കു് പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നതു്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ, ഇതിഹാസകൃതികളുടെയും മഹാകാ‍വ്യങ്ങളുടെയും ലോകങ്ങളിലൂടെ തന്റെ ബാല്യ, കൌമാരങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. ഇതിഹാസങ്ങള്‍ക്ക്‌ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമാണുള്ളതെന്ന്‌ അദ്ദേഹത്തിന്റെ മതം .
കാ‍വാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളിൽ ആയിരുന്നു പ്രാഥമിക  പഠനം.  കോട്ടയം സി.എം.എസ് കോളേജ് (ഇന്റർമീഡിയറ്റ്), ആലപ്പുഴ എസ്. ഡി. കോളേജ് (ബി.എ. എക്കണോമിക്സ്), മദ്രാസ് ലോ കോളേജ് (നിയമബിരുദം) എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1955 മുതല്‍ വക്കീല്‍ ആയി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ആറു വർഷം അതു തുടർന്നു. അഭിഭാഷകവൃത്തിക്കൊപ്പം കുട്ടിക്കാലം മുതൽ തന്നോടൊപ്പമുള്ള കവിതാരചനയും നാടന്‍ കലകള്‍, നാടകം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളും തുടർന്നു. 1961ൽ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ആയി നിയമിതനായി തൃശ്ശൂരേക്കു് തന്റെ പ്രവർത്തനരംഗം മാറ്റിയതു മുതൽ കലാ, സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ചെലവഴിച്ചു തുടങ്ങി.

അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി “ഞാന്‍ നാടകം എഴുതുന്നതിനു മുന്നേ നാടകപ്രമേയം കവിതാരൂപത്തിലെഴുതും. എന്നിട്ട്‌ ആ കവിതയിലെ ബിംബങ്ങള്‍ ഉപയോഗിച്ച്‌ ആ നാടകം വികസിപ്പിക്കും.” അത്ര മാത്രം കവിത അദ്ദേഹത്തെ എല്ലാ അര്‍ത്ഥത്തിലും സ്വാധീനിക്കുന്നു . കാവാലത്തിന്റെ നാടകങ്ങളിലെ സംഭാഷണങ്ങളിലും ഗാനങ്ങളിലുമെല്ലാം നാടോടിപ്പാട്ടുകളുടെ ലാവണ്യവും കവിതകളുടെയും ഗൗരവവും നാടാന്‍ വായ്ത്താരികളുടെ ഭംഗിയും വേര്‍തിരിക്കാനാകാത്ത വിധം അലിഞ്ഞു ചേര്‍ന്നിരിക്കും.

 ‘ആലായാല്‍ തറ വേണം’, ‘വടക്കത്തിപ്പെണ്ണാള്‍’, ‘കറുകറെ കാര്‍മുകില്‍’, ‘കുമ്മാട്ടി’, ‘അതിരു കാക്കും മലയൊന്ന് തുടുത്തേ’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടോടിത്താളമുള്ള കവിതകള്‍ ഏറെ ജനകീയങ്ങളാണു്.

സിനിമാഗാന രചനയിലും തന്റേതായ കയ്യൊപ്പു ചാര്‍ത്തിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 1978-ൽ ഭരതന്റെ ‘രതിനിർവ്വേദ’ത്തിനു വേണ്ടിയാണു് അദ്ദേഹം ആദ്യമായി ചലച്ചിത്രഗാനങ്ങൾ എഴുതുന്നതു്.  1982ല്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 'ആലോലം' എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതി. പിന്നീട് അറുപതിലേറെ  സിനിമകള്‍ക്ക് ഗാനരചന നടത്തി .ശ്രീ എം. ജി. രാധാകൃഷ്ണനുമായി ചേർന്നാണു് അദ്ദേഹം ഏറ്റവുമധികം ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതു്. സിനിമാഗാനങ്ങൾ കൂടാതെ വളരെ ജനപ്രീതി നേടിയ, ഇപ്പോഴും നിത്യഹരിതമായി തുടരുന്ന, ഒട്ടനവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ രചനയിൽ പുറത്തു വന്നിട്ടുണ്ടു്.

കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാർഡുകൾ, കേരള സംസ്‌ഥാന സാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌, മദ്ധ്യ​പ്രദേശ്‌ സർക്കാരിന്റെ കാളിദാസസമ്മാനം, നന്ദികർ നാഷണൽ അവാർഡ്‌, സംഗീതനാടക അക്കാദമിയുടെ നാഷണൽ അവാർഡ്‌ എന്നിങ്ങനെ നാടകരചനകൾക്കും, മറ്റു കലാപ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരമായി ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടു്. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി കേന്ദ്രസർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.

തിരുവനന്തപുരത്തു് തൃക്കണ്ണാപുരത്താണു് തന്റെ കലാ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ സജീവത നിലനിർത്തിക്കൊണ്ടു് ശ്രീ. കാവാലം കുടുംബസമേതം താമസിക്കുന്നതു്. ശ്രീമതി ശാരദാമണിയാണു് ഭാര്യ. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ എന്നിവരാണു് മക്കള്‍.

.................................................
 അര്‍ത്ഥവിപത്തി
കാവാലം നാരായണപ്പണിക്കര്‍


ആദിമുഴക്കത്തില്‍
പൊരുളക്ഷരം
അക്ഷരങ്ങള്‍ക്കുമയിത്തം
മരിക്കാതെതന്നെ പുലയാചാരം
ആപത്തുടക്കിയിട്ട വന്ധ്യത.
മേനി നടിക്കും മാറ്റക്കാര്‍ക്കു
തൊട്ടു കൂടായ്മ.
ഒരു വാക്കിനെത്ര
യടരുകളായ് പൊരുളുണരും
വിരിവുകളുണ്ടെന്നറിയാത്ത
വിവേകച്യുതിയില്‍
നല്ല 'കഴുവേറി' പുലഭ്യവിളിയായ്
നടന കലാവിദുഷിവെറും
'കൂത്തച്ചി' യായ്
വാക്കിന്‍ കയ്യാം കളിയിലെ-
'യടിപൊളി' യാക്കത്തക്കങ്ങളെഴും
പുഷ്‌കലബിംബവുമായ്
ദോഷരഹിത വിശേഷവുമായ്
പ്രേമഭാവം പകരുകി-
ലേതൊരമര പ്രഭുവിനെയും
ശുദ്ധമരപ്രഭുവായ്
മനസ്സില്‍ വാഴിക്കാം
മരമെങ്ങനെ മനസ്സിലാക്കും
മനസ്സെങ്ങനെ മരത്തിലാക്കും
രണ്ടും ചേരുകിലുണ്ടാം ശില്പം
വെറുമൊരു തടിത്തുണ്ടമല്ലാ.
മരത്തിലമരത്വം ചേര്‍ക്കും
മനസ്സെന്ന മാസ്മരയന്ത്രം
മനുഷ്യന്റെ യുള്‍വിളിയുതിര്‍ക്കു-
മക്ഷരങ്ങള്‍ കോര്‍ക്കുമ്പോള്‍,
അനര്‍ത്ഥത്തിലര്‍ത്ഥ സുഗന്ധവുമായ്
വികൃതിയില്‍ സുകൃതിയുമുണ്ടായ്
വാക്കിലെയര്‍ത്ഥത്തിനു സമഷ്ടി കല്പനയാ-
ലാക്കം കൂട്ടിവിപരീതധ്വനി ചാര്‍ത്താമോ!
'വിപ്ലവ' മെന്നാല്‍ വിനാശമെന്നു
മാറ്റത്തിനു മാറ്റത്തം കാണുന്നവ
രര്‍ത്ഥം കല്പിച്ചെന്നു വരുത്താമോ?
ഈ ശബ്ദകോശപതിവു പാഠം
ശരിയെന്നാകില്‍,
അവനവനു വേണ്ടിയാകിലു
മന്യര്‍ക്കാകിലും,
'വിനാശ വിനാശ വിനാശ' മെന്നതു
ജപിക്കാന്‍ പറ്റിയ മന്ത്രമോ?
സര്‍വ്വനാശമാണു മനസ്സിലിരിപ്പെങ്കില്‍
സംഹാരത്തിനു പ്രളയമെന്നും
കല്പാന്ത പരിണാമമെന്നും
തിരിച്ചെടുക്കലെന്നുമൊക്കെ
മനസ്സിലുറപ്പിച്ചാലും മതിയോ?
ഇങ്ങനെ വിനാശ ശബ്ദത്തിലെ-
യര്‍ത്ഥത്തിന്നടരുകള്‍ തേടിപ്പോകുമ്പോള്‍
നാശം ജയിക്കുവാനായ്
പടയണി കൂട്ടുന്നവര്‍ കരുതണമീ
നാശത്തുടരായ് സൃഷ്ടിയുമുണ്ടായാലേ
ചക്രച്ചുറ്റു മുഴുക്കൂ.
ഇതുലാഭത്തിനെതിരേല്‍ക്കാന്‍
ചേതത്തില്‍ കൈ കൊട്ടിത്തുള്ളും
മേധാബലവും ഹൃദയാര്‍ദ്രതയും കൊണ്ടായാല്‍
മാനവ സംസ്‌കൃതിയുടെയുപകരണങ്ങള്‍ പുതുക്കാം.
അക്ഷര വിന്യാസത്തില്‍ പുലയാചാരം ദീക്ഷിക്കാതെ
മനസ്സിനെ വാക്കിനുറവിടമാക്കാം.
'വിപ്ലവ' മെന്നതു വൈരാഗ്യമകറ്റും
സ്‌നേഹക്കലിയാക്കാം, ശാന്തിപ്പൊരുളാക്കാം
മറ്റൊരു ജനനത്തില്‍
സുഖനൊമ്പരമാക്കാം
================
മുത്തശ്ശി മുത്ത് - കാവാലം
.
മുത്തശ്ശിപ്പേച്ചിതു മുത്തായ് മനസ്സില്‍
മുറിയാതെ കാതിലും കിലുകിലുങ്ങി
കാര്യം തിരിഞ്ഞതു സിദ്ധാന്തം
തിരിയാത്തതെല്ലാം വേദാന്തം
നിനക്കു തിരിഞ്ഞെന്ന
സ്ംതൃപ്തിയരുളുന്ന
സിദ്ധാന്തമേതുണ്ട് ?
നിനക്കു തിരിയാത്തതെന്ന സുഖം കൂറാന്‍
വേദാന്തമേതുണ്ട്..
തിരിഞ്ഞതിനോടു നിനക്കു പുച്ഛം
തിരിയാത്തതിനോടു വിശ്വാസം
നീ നിന്റെയുള്ളില്‍ താലോലമാട്ടും
നിനവെല്ലാമുണരാത്ത കനവാണൊ
നിന്നെക്കാള്‍ വലിയവനാരോ കിനാക്കാണും
അമ്മൂമ്മക്കഥയോ ജീവിതം
ഉറക്കത്തിലാരോ കാണും കിനാവിലെ
ഉറപ്പില്ലാ വേഷമോ നീ..
നിനവാകാ കനവാകാ
കായാകാ കനിയാകാ
ആകാശപ്പൂപോലെ ചിറകിടാന്‍ കഴിയാതെ
പുഴുവായി ഇഴയുന്ന മണ്ണിന്റെ വേദാന്തമേ
വിണ്ണിനെ എത്തിപ്പിടിക്കുവാനല്ലെകില്‍
കണ്ണുകൊണ്ടെന്തു ഫലം
കണ്ണെന്നാല്‍ കണ്ണല്ല,
മുക്കാലദൃഷ്ടികള്‍
ഊന്നും നരന്റെ  അകവെളിച്ചം
ശുദ്ധമാം ശൂന്യത തന്നില്‍ നിന്നെങ്ങനെ
സിദ്ധാന്തം നെയ്തെടുക്കും .
വേദമറിയാതെ വേദാന്തമറിയുമോ
പൊരുളറിയാതെ അകപ്പൊരുളറിയുമോ
ഉരയറിയാതെ ഉള്‍നിരയറിയുമോ
ഉത്തരമില്ലാത്ത  ചോദ്യങ്ങള്‍
മണ്ണില്‍ മയങ്ങുന്ന മുത്തശ്ശിയോടു ഞാന്‍
മണ്ണില്‍ ചെവിയോര്‍ത്തു ചോദിച്ചു
"സിദ്ധാന്തമെന്താണു മുത്തശ്ശീ ?"
"തിരിഞ്ഞതിനോടുള്ള ബഹുമാനം"
"വേദാന്തമെന്താണു മുത്തശ്ശീ.?".
"തിരിയാത്തിനോടു ജിജ്ഞാസ...
തിരിയാത്തിനോടു ജിജ്ഞാസ"
==================================


കാവാലം നാരായണപ്പണിക്കര്‍

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചീ തക തക താ
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ

മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ

കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന് . ഞരങ്ങി തക തക താ


കാട്ടാനെ മെരുക്കാന്‍ താപ്പാനയുണ്ട്…
താപ്പാനെ മെരുക്കാന്‍ പാപ്പാനുണ്ട്…
പാപ്പാനെ മെരുക്കാന്‍ പടച്ചോനുണ്ട്…
പടച്ചോനെ മെരുക്കാനാരുണ്ട്…?
പടച്ചോന്‍ പോട്ടക്കള്ളു കുടിച്ചിട്ട്
പരണപ്പുറത്തങ്ങിരുന്നാലോ?
താണനിലത്തെത്താരിപ്പറിയാതെ-
യില്ലാവലിപ്പം വെച്ചാലോ?
വേണ്ടാതനത്തിനു കോപ്പിട്ടിരുന്നാല്‍
വേറെ പടച്ചോനെ നോക്കണ്ടേ?
================
 ആലായാല്‍ തറ വേണം - കാവാലം
 .
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം

കുളിപ്പാനായ്‌ കുളം വേണം കുളത്തിൽ ചെന്താമര വേണം

കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

പൂവായാൽ മണം വേണം പുമാനായാൽ ഗുണം വേണം

പൂമാനിനിമാർകളായാൽ അടക്കം വേണം

നാടായാൽ നൃപൻ വേണം അരികെ മന്ത്രിമാർ വേണം

നാട്ടിന്നു ഗുണമുള്ള പ്രജകൾ വേണം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ

പടയ്ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വർണ്ണം നല്ലൂ

മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ

പാല്യത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ

പാരാതിരിപ്പാൻ ചില പദവി നല്ലൂ

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം
=====================

കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ ( കാവലം )

കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ
കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ

ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം...തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം...തേയി

കര്‍ക്കിടക തേവരെ...കര്‍ക്കിടക തേവരെ
കുടം കുടം തുടം തുടം നീ വാര്‍ത്തേ...വാര്‍ത്തേ
മഴവില്‍കൊടി മാനത്ത്
പൊന്നമ്പല മുറ്റത്ത്
വിരിയുന്നു...കൊഴിയുന്നു
അലിഞ്ഞലിഞ്ഞങ്ങുലഞ്ഞു മാറുന്നു

മാനത്തൊരു മയിലാട്ടം
പീലിത്തിരി മുടിയാട്ടം
ഇളകുന്നു...നിറയുന്നു
ഇടന്ജിടഞ്ഞങഴിഞ്ഞു നീങ്ങുന്നു
=============

https://www.youtube.com/watch?v=OCBMoUPcKj0


Sunday, June 12, 2016

നമ്മുടെ കവികള്‍ 10 / കെ അയ്യപ്പപ്പണിക്കര്‍

നമ്മുടെ കവികള്‍ 10 / കെ അയ്യപ്പപ്പണിക്കര്‍
=====================================


വര്‍ഷങ്ങള്‍ക്കു മുന്‍പ് കവിയരങ്ങുകളിലും സ്കൂള്‍, കോളേജ് തല കവിതാലാപന മത്സരങ്ങളിലും ആവര്‍ത്തിച്ചു കേട്ടിരുന്ന ഒരു കവിതയുണ്ട്
 'കാടെവിടെ മക്കളെ, കൂടെവിടെ മക്കളെ ,
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
.........................
എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..?'
ഇന്ന് നവമാധ്യമങ്ങളിലൂടെ നമുക്കു വായിക്കാന്‍ കഴിയുന്ന കവിതകള്‍ ഒരു കാര്യം വ്യക്തമാകും. ചൊല്‍ക്കവിതകളില്‍ ഇത്രയേറെ പുതിയ കവികളെ സ്വാധീനിച്ചിട്ടുള്ല ഒരു കവിത വേറെ ഇല്ല എന്ന് . ഇന്നു പുറത്തു വന്നു കൊണ്ടിരിക്കുന്ന മിക്ക പരിസ്ഥിതിസംബന്ധിയായ കവിതകളും  ഈ കവിതയുടെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പ്രതിധ്വനി മാത്രം . ദിനം തോറും ഈ കവിതയുടെ പ്രസക്തി കൂടുന്നതേയുള്ളു എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെ.
ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ മലയാള കവിതയ്ക്കു കനിഞ്ഞു നല്കിയൊരു സുകൃതമാണ് ഈ കവിത  .
മലയാളസാഹിത്യത്തെ, പ്രത്യേകിച്ച് മലയാള കവിതയെ , ആധുനികതയിലേയ്ക്കും ഉത്തരാധുനികതയിലേയ്ക്കും  കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണ്. രചനാസങ്കേതങ്ങളുടെ  വൈവിധ്യവും ഒന്നില്‍ നിന്നു മറ്റൊന്നിനുള്ള വ്യത്യസ്തതയും അദ്ദേഹത്തിന്റെ കവിതകളെ മറ്റു കവികളുടേതില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു. കാല്പനിക കാവ്യപ്രപഞ്ചത്തില്‍ നിന്ന് യാഥാര്‍ത്ഥ്യബോധത്തിലേയ്ക്കുള്ള ചുവടുവെയ്പ് ആംഗലേയ കവികളേയും കവിതകളേയും അടുത്തറിഞ്ഞതിന്റെ പരിണതഫലം എന്നത് വളരെ വ്യക്തം തന്നെ. ഒരിക്കലും അദ്ദേഹം പാശ്ചാത്യകവിതകളെ അനുകരിക്കുകയായിരുന്നില്ല, മറിച്ച് തികച്ചും പാരമ്പര്യത്തിന്റെ അടിത്തട്ടില്‍ വേരൂന്നിക്കൊണ്ടു തന്നെയാണ് മലയാള കവിതയില്‍  ഈ മാറ്റം കൊണ്ടുവന്നത് .   അതില്‍ ടി എസ്സ് എലിയറ്റിന്റെ സ്വാധീനം വളരെ വലുതായിരുന്നു എന്നത് പരമമായ സത്യം . എലിയറ്റിനെപ്പോലെ "മലയാളകവികളും നിഷ്കൃഷ്ടവൃത്ത നിബന്ധനകള്‍ ഉപേക്ഷിച്ച് താളാനുസൃതമായ സ്വതന്ത്രപദ്യരചനയില്‍ താല്‍പര്യം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'' എന്ന് അദ്ദേഹം എഴുതിയിട്ടുമുണ്ട്. The Waste Land  അദ്ദേഹം മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു  .

സമകാലികയാഥാര്‍ത്ഥ്യങ്ങളെ പാരമ്പര്യരീതികളോടു കൂട്ടിയിണക്കിയെങ്കിലും അസ്വീകാര്യമായിരുന്ന പദങ്ങളെപ്പോലും പൊരുത്തപ്പെടുത്തി  പുതിയ രചനാസരണി തുറന്നു മുന്നേറുകയായിരുന്നു അയ്യപ്പപ്പണിക്കര്‍ എന്നത് അദ്ദേഹത്തിന്റെ കവിതകള്‍ വ്യക്തമാക്കുന്നു.ഇംഗ്ലീഷിനു പുറമേ സംസ്‌കൃതത്തിലും തമിഴിലും ഉള്ള അദ്ദേഹത്തിന്റെ ഗാഢമായ അറിവ് അദ്ദേഹം മാതൃഭാഷയെ പോഷിപ്പിക്കാന്‍ ഉപയോഗിച്ചു .അറുപതുകളില്‍ അയ്യപ്പപ്പണിക്കര്‍ "കുരുക്ഷേത്രം' എന്ന കവിതയിലൂടെ ഒരു നവയുഗം തന്നെ സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്.  കവിതകളിലെല്ലാം വൈരുദ്ധ്യങ്ങളുടെ സമന്വയം പ്രകടവുമാണ്. ഒപ്പം
"സൂക്ഷിക്കൂ സെക്കന്‍ഡിനെ!
പ്പിന്നെ നീ ഭയക്കേണ്ട
രാത്രിയെ, പ്പകലിനെ,
ജീവനെ, മരണത്തെ.'' ഈ വരികളില്‍ കാണുന്നതുപോലുള്ള  പൂര്‍ണ്ണതയും . 
'കാര്‍ട്ടൂണ്‍കവിതകള്‍', 'മഹാരാജകഥകള്‍' എന്നിവയില്‍ പ്രകടമാവുന്ന ഗദ്യാത്മകത നിലനിന്നു പോന്ന ഗദ്യകവിതാസമ്പ്രദായത്തെ ഉടച്ചു വാര്‍ക്കുന്ന രീതിയില്‍  തന്നെയായിരുന്നു .  വിമര്‍ശനാത്മകമായ ഹാസ്യം കുസൃതി നിറഞ്ഞ വിരുദ്ധോക്തികളാല്‍ നവീനശൈലികളില്‍ ആവിഷ്കരിച്ചിരിക്കുന്ന കവിതകളാണിവ .

ലോകസാഹിത്യത്തെ മലയാളവുമായും മലയാളത്തെ ലോകസാഹിത്യവുമായും ബന്ധിപ്പിക്കുന്ന വലിയൊരു സാംസ്കാരികദൗത്യത്തിന്റെ പ്രധാന വക്താവായിരുന്നു അയ്യപ്പപ്പണിക്കര്‍ .നമ്മുടെ മഹാകവികളും അവരുടെ കാവ്യങ്ങളും ലോകനിലവാരത്തിലുള്ളതെന്ന് അദ്ദേഹം കാട്ടിക്കൊടുക്കുന്നുമുണ്ട് .


 ഡോ. കെ. അയ്യപ്പപ്പണിക്കര്‍: ജീവിതരേഖ
1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയി  കുട്ടനാട് കാവാലം കരയില്‍ ജനിച്ചു.അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കോട്ടയം സി.എം.എസ്. കോളജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്, യൂണിവേഴ്സിറ്റി കോളജ്, ഇന്‍ഡ്യാന സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനും കേരള സര്‍വകലാശാലയുടെ ഇംഗീഷ് വകുപ്പു മേധാവിയുമായിരുന്നു. 1981 82ല്‍ യേല്‍, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളില്‍ (അമേരിക്ക) ഡോക്ടര്‍ ബിരുദാനന്തര ഗവേഷണം നടത്തി. 1990 ഒക്ടോബര്‍ മുതല്‍ സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യം എന്ന ബൃഹദ് സമാഹാരത്തിന്റെ ചീഫ് എഡിറ്ററും ആയിരുന്നു .


അയ്യപ്പപ്പണിക്കരുടെ കൃതികള്‍  ഇവയൊക്കെയാണ്
പൂച്ചയും ഷേക്സ്പിയറും (വിവര്‍ത്തനം), മയകോവ്സ്കിയുടെ കവിതകള്‍, ക്യൂബന്‍ കവിതകള്‍, ഗുരുഗ്രന്ഥസാഹബ് (സംഗ്രഹവിവര്‍ത്തനം), ഗോത്രയാനം, കുരുക്ഷേത്രം (വിവര്‍ത്തനങ്ങളും പഠനങ്ങളും), ഇന്ത്യന്‍ സാഹിത്യ സിദ്ധാന്തം പ്രസക്തിയും സാധ്യതയും, സംഭാഷണങ്ങള്‍ തുടങ്ങിയവ മുഖ്യ മലയാള കൃതികള്‍. ഇന്ത്യന്‍ റിനൈസന്‍സ്, മലയാളം അന്തോളജി, മലയാളം ഷോര്‍ട്ട് സ്റ്റോറീസ്, എ പെഴ്സ്പക്ടിവ് ഒാഫ് മലയാളം ലിറ്ററേച്ചര്‍, ഇന്ത്യന്‍ ഇംഗീഷ് ലിറ്ററേച്ചര്‍, വി.കെ. കൃഷ്ണമേനോന്‍, തകഴി ശിവശങ്കരപ്പിള്ള എന്നീ കൃതികള്‍ ഇംഗീഷില്‍. മിഷിഗണ്‍ സര്‍വകലാശാല പ്രസിദ്ധപ്പെടുത്തുന്ന ജേര്‍ണല്‍ ഒാഫ് സൌത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്റെ അസോഷ്യേറ്റ് എഡിറ്ററും മക്മില്ലന്‍ കമ്പനി പ്രസിദ്ധീകരണമായ കേരള റൈറ്റേഴ്സ് ഇന്‍ ഇംഗീഷ് എന്ന പരമ്പരയുടെ ജനറല്‍ എഡിറ്ററും. വിശ്വസാഹിത്യമാല, ഷേക്സ്പിയര്‍ സമ്പൂര്‍ണ കൃതികള്‍ എന്നിവ എഡിറ്റ് ചെയ്തു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എസ്. പി. സി. എസ്. അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ പുരസ്കാരം, മഹാകവി കുട്ടമത്ത് പുരസ്കാരം, സമസ്ത കേരള സാഹിത്യ പരിഷത് അവാര്‍ഡ്, പന്തളം കേരളവര്‍മ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഗംഗാധര്‍ മെഹര്‍ അവാര്‍ഡ് (ഒറീസ), കബീര്‍ സമ്മാനം (മധ്യപ്രദേശ്), ആശാന്‍ പ്രൈസ് (ചെന്നൈ), സരസ്വതി സമ്മാനം തുടങ്ങിയവയും ലഭിച്ചു.

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
2006 ഓഗസ്റ്റ്‌ 23-ആം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയ്ക്കു വിധേയനായി. ശ്വാസകോശരോഗംകൊണ്ടു വലഞ്ഞു സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന നേരത്തു ഫോണില്‍ വിളിച്ചയാളോടു പണിക്കര്‍ പറഞ്ഞു: സംസാരദുഃഖമാണ്. അങ്ങനെ, ഒരു പൊട്ടിച്ചിരി അന്തരീക്ഷത്തില്‍ നിര്‍ത്തി,  'രസകരമാകും കഥകള്‍ പറയാനല്ലോ മര്‍ത്ത്യാ മാനുഷജന്‍മം എന്നു പാടിയ കവി' ഇഹലോകം വിട്ടകന്നു .

=============================
പകലുകള്‍ രാത്രികള്‍ - അയ്യപ്പപ്പണിക്കര്‍
.
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിന്‍ കണ്ണില്‍ നിറയുന്നു നിബിഡാന്ധകാരം
നിന്‍ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നില്‍ പിറക്കുന്നു രാത്രികള്‍
പകലുകള്‍ നിന്നില്‍ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളില്‍
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവില്‍ കിടന്നുവോ നമ്മള്‍
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരില്‍ കഴിഞ്ഞുവോ നമ്മള്‍
വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതന്‍
പിടിയില്‍ നില്‍ക്കുന്നില്ല കാലം
പലതുണ്ട് താരങ്ങള്‍, അവര്‍ നിന്നെ ലാളിച്ചു
പലതും പറഞ്ഞതില്‍ ലഹരിയായ് തീര്‍ന്നുവോ
പറയൂ മനോഹരീ സന്ധ്യേ

അറിയുന്നു ഞാനിന്നു
നിന്റെ വിഷമൂര്‍ച്ഛയില്‍
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെന്‍
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ
ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിന്‍ കാണും

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോള്‍
ഇതു കൂടിയൊന്നോര്‍ത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ
എവിടുന്നു വന്നിത്ര കടകയ്പു വായിലെ
ന്നറിയാതുഴന്നു ഞാന്‍ നില്‍ക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ! നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!
================
 കാടെവിടെ മക്കളെ - അയ്യപ്പ പണിക്കര്‍
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
എന്റെ നാടെവിടെന്റെ മക്കളെ?
എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..???
=====================
വിട
(അയ്യപ്പപ്പണിക്കര്‍)
വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌
ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.
==========================
മോഷണം / അയ്യപ്പപ്പണിക്കര്‍

വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ-അവരുടെ
നാണം കാക്കാനായിരുന്നല്ലോ.
കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്‌
പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു
പൊരിച്ചു തിന്നാനായിരുന്നല്ലോ.
പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു
പാലു കുടിക്കാനായിരുന്നല്ലോ-പശുവിൻ
പാലു കുടിക്കാനായിരുന്നല്ലോ.
കോഴിയിറച്ചീം പശുവിൻ പാലും

പൂക്കാതിരിക്കാനെനിക്കാവതില്ലേ - അയ്യപ്പ പണിക്കര്‍

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട  മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച   കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന  കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന  താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന  വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ  താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന  മഞ്ഞൾ
നിറത്തിൽ നിറയ്ക്കുന്ന  ശൃംഗാരവർണം
കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ
തരിക്കുന്ന  വ്യാമോഹ  താരുണ്യവർണം
കല്യാണമന്ത്രം പൊഴിക്കുന്ന  വർണം
കളകളം പാടിക്കുണുങ്ങുന്ന  വർണം
താനെ മയങ്ങിത്തിളങ്ങുന്ന  വർണം
വേറുള്ളതെല്ലാം തിളക്കുന്ന  വർണം
പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ
രന്തിച്ചുവപ്പിന്നകമ്പടി വർണം
പന്ത്രണ്ടു സൂര്യന്റെ കിരണങ്ങൾ മേഘ-
പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-
യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന  വർണം
ആ   വർണരേണുക്കൾ മിന്നിത്തിളങ്ങു-
ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ
വൈദ്യൻ പോലും വിലക്കിയില്ലല്ലോ.
നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ
കള്ളനാക്കും നിങ്ങടെ ചട്ടം
മാറ്റുക മാറ്റുക ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കിൽ.
---------------------------------
ഗോപികാദണ്ഡകം - അയ്യപ്പപ്പണിക്കര്‍

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..

നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..

വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ

ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ

തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..

തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..
================
പൂക്കാതിരിക്കാനെനിക്കാവതില്ലേ - അയ്യപ്പ പണിക്കര്‍
.
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട  മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച   കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന  കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന  താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന  വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ  താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന  മഞ്ഞൾ
നിറത്തിൽ നിറയ്ക്കുന്ന  ശൃംഗാരവർണം
കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ
തരിക്കുന്ന  വ്യാമോഹ  താരുണ്യവർണം
കല്യാണമന്ത്രം പൊഴിക്കുന്ന  വർണം
കളകളം പാടിക്കുണുങ്ങുന്ന  വർണം
താനെ മയങ്ങിത്തിളങ്ങുന്ന  വർണം
വേറുള്ളതെല്ലാം തിളക്കുന്ന  വർണം
പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ
രന്തിച്ചുവപ്പിന്നകമ്പടി വർണം
പന്ത്രണ്ടു സൂര്യന്റെ കിരണങ്ങൾ മേഘ-
പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-
യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന  വർണം
ആ   വർണരേണുക്കൾ മിന്നിത്തിളങ്ങു-
ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ
------------------------------------------------
അഗ്നിപൂജ - അയ്യപ്പ പണിക്കർ
ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ
വീരരസത്തെപ്പകർന്നു കൊടുക്കയാൽ
തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന
വൻകഴുകന്റെ ചിറകടിയേല്ക്കിലും
ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-
ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ

അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു
നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശമൊരു ചുടു-
കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും
പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ
തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം
വൻ ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും
നന്മയും തിന്മയും സ്നേഹമോഹങ്ങളും
ഒന്നായുറയുന്ന മഞ്ഞുകാലത്തിലും
വൻതപം ചെയ്തമരത്വം ലഭിക്കുന്ന
സഞ്ചിതപുണ്യപരിപാകമഗ്നി നീ

എന്നയലത്തെപ്പടിപ്പുര കാത്തിടു-
മെണ്ണവിളക്കിൻ തിരിയുടെ നാമ്പിലായ്‌
മഞ്ഞിൻ കുളിർമയുമോർമതൻ തുമ്പിലെ
മന്ദസ്മിതവുമായ്‌ നിൽക്കും വെളിച്ചമേ,
ആ വെളിച്ചത്തിന്റെ നേരിയ സൗഹൃദ-
മാധുരിയൂറിവരുന്നതുമഗ്നി നീ
കണ്ണുനീർ ദീർഘനിശ്വാസമായ്‌ മാറ്റിയും
കാളമേഘത്തെക്കടലാക്കിമാറ്റിയും
കല്ലും മലകളും കല്ലോലമാക്കിയും
കാലപ്രവാഹകളഗീതി പാടിയും
ഉദ്രസമാസ്മരവിദ്യുല്ലതികപോൽ
കത്തിനിൽക്കുന്ന മഹാശക്തിയാണു നീ

പണ്ടുകാലത്തു മറന്നിട്ടു പോന്നോരു
സംഹാരരാക്ഷസശക്തിശാപങ്ങളെ
ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-
ജന്മത്തിനുഗ്രവിപത്തായ്‌ വരുന്ന നീ
കണ്ണിമയ്ക്കുന്നതിൻ മുൻപിലീ വിശ്വങ്ങൾ
വെണ്ണീറിടുമണുസ്ഫോടനമായിടാം

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൗരവ-
പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ
സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളും-
മാര്യപുരാതനത്വത്തിൽ ഹോമിച്ചു നീ
മായാവിവശതമായവ, പിന്നെയു-
മോരോതരം പുനഃസൃഷ്ടി മോഹിക്കയാം

ആൺമയിൽപ്പീലിയിൽ മാരിവിൽ ചാർത്തി നീ
ആൺകുയിൽ കണ്ഠം പ്രണയാർദ്രമാക്കി നീ
അന്തിവിൺമുറ്റത്തൊരായിരം കൈത്തിരി-
ത്തുമ്പും നനച്ചുകൊളുത്തി നിരത്തി നീ
ഇന്നെനിക്കോജസ്സുതന്നു നീ,യെന്റെയി-
പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ

പുറ്റിനകത്തെ രസതന്ത്രവിദ്യയാൽ
ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും
ദുഷ്ടപൂർവങ്ങളല്ലാത്തോരനുഭവ-
സിദ്ധികൾ മുക്കുവക്ടാത്തനു നല്കിയും
സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു
വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ

ആദിരേതസ്സാ,യനാദ്യന്തവീചിയായ്‌
പ്രാചിപ്രതീചിപ്രണയപ്രതീകമായ്‌
ഈറ്ററതൊട്ടു ചുടലക്കളംവരെ-
ക്കൂട്ടുമറുക്കാതെയെന്നിഷ്ടതോഴനായ്
എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന
ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ

Friday, June 10, 2016

നമ്മുടെ കവികള്‍ 9- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

നമ്മുടെ കവികള്‍ 9- ഇടശ്ശേരി ഗോവിന്ദന്‍  നായര്‍
===================================

'എനിക്കിതേ വേണ്ടൂ പറഞ്ഞുപോകരു-
 തിതുമറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം'
അതെ, ആരും പറയാത്തതൊക്കെ കവിതയില്‍ പറഞ്ഞ കവിയാണ് ഇടശ്ശേരി എന്ന മലയാളത്തിന്റെ ശക്തിയുടെ കവി. എല്ലുറപ്പുള്ള, കരുത്തുള്ള കവിതകളെഴുതിയ ഇടശ്ശേരിയെ അറിയാത്ത കവിതാസ്നേഹികള്‍ മലയാളക്കരയില്‍ ഇല്ല തന്നെ . 'പൂതപ്പാട്ടി'ന്റെ വരികള്‍ മുഴങ്ങാത്ത ഏതൊരിടമാണ് കേരളത്തില്‍ ഉള്ലത് !

ഇടശ്ശേരി ഗോവിന്ദൻ നായർ 1906 ഡിസംബർ 23 നു പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി തകര്‍ന്ന നായര്‍ത്തറവാട്ടില്‍, ദാരിദ്ര്യത്തിന്റെ നടുവില്‍  ജനിച്ചു.പതിനാലാം വയസ്സില്‍ അച്ഛന്റെ മരണം അദ്ദേഹത്തെ ദരിദ്രമായ മുടുംബത്തിന്റെ അത്താണിയാക്കി .  വിദ്യാഭ്യാസം തുടരാനാവാതെ, കുടുംബം പുലര്‍ത്താന്‍ ജോലിചെയ്തേ മതിയാകൂ എന്ന അവസ്ഥ .   ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ വക്കീൽ ഗുമസ്തനായി ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതനാവുകയായിരുന്നു ജീവിതപ്രതിസന്ധികളാല്‍. പന്ത്രണ്ടാം വയസ്സില്‍ തന്നെ കവിതാരചനയില്‍ ആഭിമുഖ്യം പ്രകടിപ്പിച്ചു  .സ്വന്തം പരിശ്രമത്താൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി.അമ്മയുടെ നിത്യേനയുള്ള രാമായണപാരായണം, സഹോദരിയുടെ പുരാണകകഥപറച്ചില്‍, പ്രാഥമികപാoശാല മലയാള അധ്യാപകനായിരുന്ന ശങ്കുണ്ണിമേനോന്‍ എന്നിവര്‍ കവിതാവാസനയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു . ഉറൂബ് , കുട്ടിക്കൃഷ്ണ മരാർ എന്നിവരുമായുള്ള പരിചയം ഇടശ്ശേരിയുടെ സാഹിത്യാഭിരുചി വർദ്ധിപ്പിച്ചു.സാമൂഹിക , രാഷ്ട്രീയ , സാംസ്ക്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ച ഇടശ്ശേരി  ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ തന്റെ കവിതകളിൽ ആവിഷ്കരിച്ചു. കർഷകരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും ഒട്ടേറേ കവിതകൾ എഴുതിയ അദ്ദേഹത്തെ,  കവിത കാല്പനികതയില്‍ നിന്നു വഴിമാറി സഞ്ചരിച്ച കാലഘട്ടത്തിലെ മുന്‍ നിരക്കാരനാക്കിയതില്‍ അത്ഭുതത്തിനടയില്ല. ഗാന്ധിജിയെ തന്റെ ആചാര്യനായി കവി മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ മാർക്ക്സിയൻ ദർശനങ്ങളുടെ നല്ല വശങ്ങൾ കവിയ്ക്ക്‌ എന്നും പ്രചോദമായിരുന്നു.  1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. പ്രസിദ്ധ കഥാകൃത്ത ഇ ഹരികുമാര്‍ പുത്രനാണ്.

കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയതുകൊണ്ടാവാം ' ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നത്ബ്.  കാവിലെപ്പാട്ട്‌ എന്ന കാവ്യ സമാഹാരത്തിന് 1969-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971 ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി 'കൂട്ടുകൃഷി'ക്കും 'പുത്തന്കലവും അരിവാ‘ളിനും' മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡും ലഭിക്കുകയുണ്ടായി ..

കുട്ടികള്‍ക്കേറെയിഷ്ടപ്പെട്ട പൂതപ്പാട്ട്, കുറ്റിപ്പുറം പാലം, കാവിലെപ്പാട്ട്, വിവാഹസമ്മാനം, കല്യാണപ്പുടവ, പെങ്ങള്‍, മകന്റെ വാശി, നെല്ലുകുത്തുകാരിപ്പാറു തുടങ്ങിയ കവിതകളൊക്കെ കാലത്തെ അതിജീവിച്ചു മലയാളി മനസ്സുകളില്‍ നില നില്‍ക്കും . മാറ്റത്തിന്റെ ശബ്ദം പരതിധ്വനിച്ച, അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയ കവിതകളായിരുന്നു പുത്തന്‍കലവും അരിവാളും, പണിമുടക്കം എന്നീ രണ്ടു കവിതകള്‍ .
'കുഴിവെട്ടിമൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ '
എന്നു കവി ഉറക്കെ  പ്രഖ്യാപിക്കുന്നുമുണ്ട് ..
'ഒരുപിടി കൊള്ളക്കാർ കരുതിവച്ചുള്ളതാം
അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യന്‍.' എന്നു പറയാന്‍ കവിയെ പേരിപ്പിച്ചതും
'ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍.' എന്ന കണ്ടെത്തലില്‍ എത്തിച്ചേരാനിടയക്കിയതും താന്‍ കണ്ടുപരിചയിച്ച , അനുഭവിച്ചറിഞ്ഞ ജീര്‍ണ്ണിച്ച  സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങള്‍ തന്നെ.
'അങ്ങേവീട്ടിലേയ്ക്ക്' എന്ന കവിതയില്‍ ധനികനായ ജാമാതാവിനാല്‍ അവഹേളിക്കപ്പെടുന്ന നിസ്സഹായനായ പിതാവിന്റെ ദുഃഖം ഒരു കണ്ണു നീര്‍ത്തുള്ളിയായി വായനക്കാരന്റെ മനസ്സില്‍ എന്നും ഒഴുകാതെ കിടക്കും  .


ഇടശ്ശേരിയുടെ പ്രധാന കൃതികൾ പുത്തൻ കലവും അരിവാളും (1951), കാവിലെപ്പാട്ട്‌ (1966), പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികൾ, ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966), ഒരു പിടി നെല്ലിക്ക (1968), അന്തിത്തിരി (1977), അംബാടിയിലേക്കു വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ, ഞെട്ടിയില്‍ പടരാത്ത മുല്ല, ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ എന്നിവയാണ് .
കൂട്ടുകൃഷി (1950), കളിയും ചിരിയും (1954), എണ്ണിച്ചുട്ട അപ്പം (1957) എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട് 
മലയാളസിനിമയിലും ഇടശ്ശേരിയുടെ സ്ഥാനം നിസ്സാരമല്ല .  ‘നിര്‍മ്മാല്യം’ എന്ന് ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ആദ്ദേഹം ഈ രംഗത്തേയ്ക്കു കടന്നു വന്നത് . പ്രശസ്തമായ ‘ശ്രീമഹാദേവന്‍ തന്റെ’, സമയമായി’‘, മുണ്ടകന്‍ പാടത്തെ’ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്. ‘മൂവന്തിപ്പൂക്കള്‍ ‘ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്ത കവിതയായ ‘പൂതപ്പാട്ട്’ ലെ വരികളും ചേര്‍ത്തിട്ടുണ്ട്. 1974 ൽ ഒക്ടോബർ 16 നു ഇടശ്ശേരി അന്തരിച്ചു. എങ്കിലും ഗ്രാമത്തിലെ വളക്കൂറുള്ള മണ്ണുമായി പൊരുതി ജീവിക്കുന്ന സാധാരണ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ അവരുടെ രക്തത്തിലും വിയർപ്പിലും അഭിമാനം കൊണ്ട്‌ വളർന്ന്‌, അവർക്കുവേണ്ടി അവരുടെ ജീവിതഗാനങ്ങളാലപിച്ച്‌, മലയാളക്കവിതയ്ക്ക്‌ എരിവും വീര്യവും പകർന്ന ഇടശ്ശേരി ഗോവിന്ദൻ നായർ എന്നും മലയാളി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ഇടശ്ശേരിയുടെ സ്മരണ നിലനിർത്തുന്നതിനായി വി.ടി.ഭട്ടതിരിപ്പാട്‌ പ്രസിഡന്റായി രൂപീകൃതമായ ഇടശ്ശേരി സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഇടശ്ശേരി അവാർഡ്‌ 1982 മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത കൃതിക്കായിരുന്നു ആദ്യകാലത്ത്‌ അവാർഡ്‌ നൽകിയിരുന്നത്‌. 2009 മുതൽ അതിന്‌ മാറ്റം വരുത്തി. പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും അവാർഡിന്‌ പരിഗണിച്ചുതുടങ്ങി. കവിത, ചെറുകഥ, നാടകം എന്നിവയ്ക്ക്‌ ഇടവിട്ട വർഷങ്ങളിലാണ്‌ അവാർഡ്‌ നൽകുന്നത്‌.
.
മലയാളത്തിലെ എക്കാലത്തെയും നല്ല കവിതകളില്‍ ഒന്നായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ  പൂതപ്പാട്ട് എന്ന കവിത
________________________________________
    
  വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന് കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്പ്പിച്ചളത്തോട, കഴുത്തില്‍
‘ക്കലപലെ’ പാടും പണ്ടങ്ങള്
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന് വാര്കുഴല് മുട്ടോളം
ചോപ്പുകള് മീതേ ചാര്ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള് ഒന്നു മുറുക്കാനെടുത്ത് ആ വഴിവക്കത്തു വെച്ചുകൊടുത്താല് മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര് പോയാല് പൂതം വന്നിട്ട് ആ മുറുക്കാന് എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള് പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്ച്ചെന്നു നില്ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള് നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന് എന്തിനാ നമ്മള് നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത് എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല് പാപമാണ്. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്. ഇപ്പോള്, അത് ആരെയും കൊല്ലില്ല. പൂതത്തിന്ന് എപ്പോഴും വ്യസനമാണ്. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള് പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില് വെച്ചാല് പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്പ്പോയിപ്പഠിക്കാ
നുള്ളില്ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്ത്തിരയിത്തിരിക്കുമ്പമേല്
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള് കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള് മെല്ലെത്തുടച്ചിട്ടു
കയ്യില്പ്പൊന്പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള് പടര്പന്തല്പോലുള്ളൊ
രരയാലിന്ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള് പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്പ്പിലെ
ക്കിളിവാതിലപ്പോള്ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട് പൂതം ഉണ്ണിയോട് കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്:

‘പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്കൊടിയേ!’

‘പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്കതിരേ.
വണ്ടോടിന് വടിവിലെഴും
നീലക്കല്ലോലകളില്
മാന്തളിരില്ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്
പൂന്തണലില്ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
“പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!’

പിന്നെ പള്ളിക്കൂടത്തില് പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട് പിടിവിട്ടപ്പോള് പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്കള് ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്ക്കളിക്കും പരല്മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്ചെരിവിലെക്കൂര്ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്പഴംപോലുള്ളുണ്ണിയുമായ്
പൂമാല കോര്ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്ചിന്നുമ്മാറതില്പ് പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
‘പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
‘അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന് കണ്ണുകള്‍ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
‘ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.’

പൂതത്തിന്റെ തഞ്ചം കേള്ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?
തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്
തടകിത്തടകിപ്പുല്കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്ത്താള്.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള് കൈകളുയര്‍ത്താള്.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്.
‘അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില് മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള് മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
‘തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക് ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്
പലവുരു ചുംബിച്ചത്തുറുകണ്ണാല്
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല് വായടയാതേകണ്ടും
നില്പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
‘മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്മണി കളമതിലൂക്കന്
പൊന്നിന്‍കുന്നുകള് തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്
ഞങ്ങള്ക്കഞ്ചിതസൗഖ്യമുദിക്കാന്‍.’
പൂത’മതങ്ങനെതന്നേ’യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്
പോന്നുവരുന്നൂ വീടുകള്തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്വിളി കേള്‍പ്പൂ .

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍-
ന്നോട്ടുചിലമ്പിന് കലമ്പലുകള്
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
=================