Monday, January 31, 2022

രാജസ്ഥാൻ - 17 : ഉദയ്പൂർ സിറ്റി പാലസ്

 പതിനൊന്നു കൊട്ടാരങ്ങളുടെ ഒരു ബൃഹദ്സമുച്ചയമാണ്  ഉദയ്പൂർ സിറ്റി പാലസ് എന്നറിയപ്പെടുന്ന ബഡിമഹൽ. പിഛോല തടാകത്തിന്റെ കിഴക്കേത്തീരത്തെ കുന്നിമുകളിലാണ് 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് ഒരു സന്യാസിയുടെ ഉപദേശപ്രകാരം  സിസോദിയ രാജവംശത്തിന്റെ  ആസ്ഥാനമായി നിർമ്മിച്ച  ഈ മനോഹരസൗധസഞ്ചയം. അദ്ദേഹത്തിന്റെ ഇരുപതിലധികം പിൻഗാമികൾ പിന്നീടുള്ള നാലുനൂറ്റാണ്ടുകളിൽ ഈ കൊട്ടാരക്കെട്ടുകൾക്കു കൂട്ടിച്ചേർക്കലുകളും മോടിപിടിപ്പിക്കലും നടത്തിപ്പോന്നു. രാജഭരണം നിലവിലില്ലെങ്കിലും ഇപ്പോഴും രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ് കൊട്ടാരം. അതുകൊണ്ടുതന്നെ സ്തുത്യർഹമായ രീതിയിൽ അത് സംരക്ഷിക്കപ്പെടുന്നുമുണ്ട്.  മുഗള്‍,രാജസ്ഥാനി, യൂറോപ്യൻ, ചൈനീസ് വാസ്തുശില്‍പ്പകലകളുടെ  സമ്മിശ്ര രൂപമായ കൊട്ടാരത്തിലെ  താഴികകുടങ്ങളും ചുവർശില്പങ്ങളും ജനാലകളും കൊത്തുപണികളും   ഗോപുരങ്ങളുമെല്ലാം മനോഹരമായ പൂന്തോട്ടങ്ങളും അദ്‌ഭുതാവഹമായ ദൃശ്യവിരുന്നുതന്നെ കണ്ണുകൾക്ക് നൽകുന്നു. 


1616 ൽ  മഹാരാജ അമർസിംഗിന്റെ കാലത്തു നിർമ്മിച്ച ബഡിപോൽ എന്ന പ്രധാനകവാടത്തിനടുത്തുനിന്നു ടിക്കറ്റ് എടുത്തുവേണം കൊട്ടാരക്കെട്ടിലേക്കു കടക്കാൻ. ക്യാമറ കൊണ്ടുപോകണമെങ്കിൽ അതിനു വേറെയും ടിക്കറ്റ്  എടുക്കണം. ആനകളുടെ ചിത്രങ്ങളുള്ള കീഴ്ച്ചുവരുകൾക്കപ്പുറം വലിയ കവാടം കടന്നെത്തുന്നത് ഒരു വലിയ നടുമുറ്റത്തേക്കാണ്. ആനകൾ നടക്കുമ്പോൾ തെന്നിപ്പോകാതിരിക്കാൻ പ്രത്യേകരീതിയിൽ കല്ലുകൾപാകിയാണ് മുകളിലേക്കുള്ള ചെരിഞ്ഞവഴികളൊരുക്കിയിരിക്കുന്നത്.  പീരങ്കികൾ മുമ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന,  ട്രിപോലിയപോൽ എന്ന വലിയ മൂന്നു കമാനങ്ങളുള്ള കവാടമാണ് പിന്നീടുള്ളത്. അതുകടന്നുവേണം പ്രധാനഭാഗത്തേക്ക് എത്തിപ്പെടാൻ. വലതുവശത്ത് നീളത്തിൽ കുതിരലായങ്ങളാണ്. അതിനുമുന്നിൽ കച്ചവടക്കാരുടെ ഒരു നിരതന്നെയുണ്ട്. ഇടതുവശത്ത്  പ്രധാനകൊട്ടാരഭാഗവും. മുപ്പതുമീറ്ററിലധികം ഉയരവും ഇരുനൂറ്റമ്പതുമീറ്ററോളം ദൈർഘ്യവുമുണ്ട് ഈ കൊട്ടാരക്കെട്ടിന്. പല കവാടങ്ങൾ കൊട്ടാരത്തിലേക്കു കടക്കാനുണ്ട്. അതിൽ പ്രധാനമായത് മുകളിൽ ഒരു സൂര്യചിത്രം കൊത്തിവെച്ചിട്ടുള്ള  സൂരജ്‌പോൽ എന്ന കവാടമാണ്. എതിർവശത്തെ  ഹരിഖാനെകി പോൽ എന്ന കവാടത്തിലൂടെയാണ് സന്ദർശകർക്ക് കടക്കാൻ അനുമതിയുള്ളത്. കവാടം കടന്നാൽ വളരെ ഇടുങ്ങിയ കോണിപ്പടികളാണ് മുകളിലേക്ക് കയറാനുള്ളത്. വാതിലുകൾക്കു ഉയരക്കുറവുമാണ്. ശത്രുക്കളുടെ ആക്രമണത്തെ ഒരുപരിധിവരെ തടുക്കുന്നതിനാണ് ഇത്തരമൊരു സജ്ജീകരണം. പിന്നെ എത്തുന്നത് ഗണേഷ് ചൗക്ക് എന്ന നടുമുറ്റത്തേക്കാണ്. അതിമനോഹരമായ ശില്പ,ചിത്രഖചിതങ്ങളുള്ള ചുവരുകളുള്ളൊരു ഗണേശമന്ദിരമുണ്ടിവിടെ. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വിഗ്രഹമാണത്. അവിടെനിന്നു പടവുകൾ കയറി അടുത്ത നിലയിലെത്താം. കവാടം കടന്നാൽ   രാജാങ്കണം എന്ന നടുമുറ്റത്തേക്കാണ് എത്തുക. ഇവിടെവെച്ചായിരുന്നു കിരീടാവകാശികളായ  രാജകുമാരന്മാരുടെ കിരീടധാരണം നടന്നിരുന്നത്. കൽത്തൂണുകളുള്ള വരാന്തകളിൽ വിശിഷ്ടാതിഥികൾ ഉപവിഷ്ടരായിരിക്കും.  അങ്കണത്തിനു  ചുറ്റുമായി   മൂന്നും നാലും നിലകളിലായി കൊട്ടാരഭാഗങ്ങൾ. അതിമനോഹരമായ കൊത്തുപണികളുള്ള ജരോഖകളും  ജാലകങ്ങളും ജാളികളും സ്ത്രീജനങ്ങൾക്ക് ചടങ്ങുകൾ വീക്ഷിക്കാൻ സൗകര്യമൊരുക്കിയിരുന്നു. താഴത്തെ നിലയിൽ  അങ്കണത്തിന്റെ ഒരുവശത്തെ ചെറിയ ക്ഷേത്രംപോലുള്ള ഭാഗത്താണ് സന്യാസിയുടെ മൂർത്തി പ്രതിഷ്ഠിച്ചിരിക്കുന്നത്. മറുഭാഗത്തു പ്രതാപ്ഗഡ് എന്ന മ്യൂസിയഭാഗമാണ്. മഹാറാണാപ്രതാപിന്റെ ആയുധങ്ങളും പടച്ചട്ടകളുമൊക്കെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌. അവിടെനിന്നു മുകളിലേക്ക് കയറി അടുത്ത നിലയിലെത്തിയാൽ ഒറ്റക്കല്ലിൽകൊത്തിയ  ഒരു കൽത്തൊട്ടി കാണാം. അതിലായിരുന്നു കിരീടധാരണസമയത്തു രാജാക്കന്മാർ ഒരുലക്ഷം സ്വർണ്ണനാണയങ്ങൾ നിറച്ചിരുന്നത്. അതിൽനിന്നായിരുന്നു ക്ഷേത്രങ്ങൾക്കും പുരോഹിതർക്കും കൊട്ടാരത്തിലേക്കുമൊക്കെയായി ധനം നൽകിയിരുന്നത്. 


ഓരോ ഭാഗങ്ങയിലേക്കു പോകാനും ഇടുങ്ങിയ ഇടനാഴികളും കല്പടവുകളും കടക്കണം. ഒരുപക്ഷേ ഈ കൊട്ടാരത്തെ ശത്രുക്കളുടെ ആക്രമണങ്ങൾ അത്രയൊന്നും ഇളകാതെ കാത്തുരക്ഷിച്ചത് ഈ ഇടുങ്ങിയ വഴികളാവാം. മറ്റുപലകൊട്ടാരങ്ങളിലും കണ്ടതുപോലെ മോത്തിമഹലും ശീഷ്മഹലും ഒക്കെ ഈ കൊട്ടാരത്തിലും കണ്ടു. 1620 ൽ മഹാറാണാ കരൺസിങ് നിർമ്മിച്ച  മോത്തിമഹലിന്റെ വാതിൽ ആനക്കൊമ്പുകൊണ്ട്ലംകൃതമാണ്. മുറികളിൽ ആട്ടുകട്ടിലും ശയനതല്പങ്ങളും ഒരുക്കിയിരിക്കുന്നുണ്ട്. താഴെയൊരു നടുമുറ്റമുണ്ട്. മോർ ചൗക് ( peacock courtyard ) എന്നാണത് അറിയപ്പെടുന്നത്. മഹാറാണാ സജൻസിങ്ങിന്റെ കാലത്തു നിർമ്മിച്ച ഈ നടുമുറ്റം ആഘോഷവേളകളിൽ നൃത്തംചെയ്യാനായാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. നാലുവശങ്ങളിലുമുള്ള ചുവരുകളിലെയും ജാലകങ്ങളിലേയുമൊക്കെ ശില്പ,ചിത്രവേലകൾ വർണ്ണനാതീതമാണ്. ഇവിടയുള്ള അതിമനോഹരങ്ങളായ മൂന്നു  മയൂരചിത്രങ്ങൾ ഉദയ്പൂരിന്റെതന്നെ പ്രതീകമായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നു.  ജാലകങ്ങളിലെ ജാലികളിൽകൂടി സ്ത്രീജനങ്ങൾ ആഘോഷപരിപാടികൾ വീക്ഷിച്ചിരുന്നു. മറുഭാഗത്തെ ജാലകങ്ങളികൂടി പുറംകാഴ്ചകളും കാണാൻ കഴിഞ്ഞിരുന്നു. 


സൂര്യപ്രകാശ് എന്ന ഇടനാഴിയിലാണത്രെ ഉദയവെളിച്ചം ആദ്യമെത്തുന്നത്. ശിശിരകാലങ്ങളിൽ വെയിൽകായൻ രാജാക്കന്മാർ ഈ ഇടനിവഴിയിൽ വന്നിരിക്കുമായിരുന്നത്രേ! ഒരുഭാഗത്ത് മേവാറിന്റെ അവസാനരാജാവായിരുന്ന ഭൂപാൽസിംഗിന്റെ മുറികൾ കാണാം. കുതിരപ്പുറത്തുനിന്നു വീണ് അംഗവൈകല്യം സംഭവിച്ച അദ്ദേഹത്തിന് ഉപയോഗത്തിനായുള്ള വീൽചെയറും അവിടെ കാണാം. അദ്ദേഹത്തിനായി ഒരു ലിഫ്റ്റും സ്ഥാപിച്ചിരുന്നു. മോർചൗക്കിനഭിമുഖമായി അദ്ദേഹം ഒരു സൂര്യചിത്രവും സ്ഥാപിച്ചിട്ടുണ്ട്. 


വീണ്ടും ഇടനാഴികടന്നുചെന്നെത്തുന്നത് അമർമഹൽ എന്ന സ്ത്രീകൾക്കായുള്ള ഭാഗത്തേക്കാണ്. അവിടെ ചില അടുക്കളഉപകാരണങ്ങളൊക്കെ കാണാം. പുരാതനകാലത്തെ ലോഹപ്പാത്രങ്ങളും മണ്പാത്രങ്ങളും ഒക്കെ അക്കൂട്ടത്തിലുണ്ട്. രാജകുടുംബത്തിലെ സ്ത്രീകൾക്ക് വിശേഷഘട്ടങ്ങളിൽ പാകംചെയ്യുന്നതിനുള്ള അടുക്കളഭാഗമാണത്. രാജാമാതാവിന്റെ വാസസ്ഥലമായ കൊട്ടാരഭാഗവുമുണ്ട്. അതിഥികളെ സ്വീകരിക്കുന്ന മുറിയും ഉറക്കറയും വിശ്രമസ്ഥലവും ഒക്കെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. ഫത്തേനിവാസ് എന്നഭാഗത്ത് അനവധി  ചിത്രങ്ങളും ഫോട്ടോകളുമാണ്. രാജകുടുംബങ്ങളും വിദേശത്തെ പ്രമുഖചിത്രകാരന്മാരും ഒക്കെ വരച്ച ചിത്രങ്ങളുണ്ട് അക്കൂട്ടത്തിൽ.  പിന്നെയും മുമ്പോട്ടുപോകുമ്പോൾ ഒരുകല്യാണമണ്ഡപം ഒരുക്കിയിരിക്കുന്നതുകാണാം. ഇപ്പോഴത്തെ രാജാവിന്റെ മകളുടെ വിവാഹവേദിയായിരുന്നു അത്. 2011ലായിരുന്നു പദ്മകുമാരി എന്ന രാജകുമാരിയുടെ വിവാഹം.മണ്ഡപം  അഴിച്ചുമാറ്റാതെ സംരക്ഷിച്ചിരിക്കയാണ്. മറ്റുവിവാഹങ്ങൾക്കും കൊട്ടാരഭാഗങ്ങൾ വേദിയാകാറുണ്ട്.  പക്ഷേ ഭാരിച്ച സാമ്പത്തികച്ചെലവ് വഹിക്കാൻ കഴിവുള്ളവർക്കുമാത്രമേ അതുസാധ്യമാകൂ എന്നുമാത്രം.     അതിനപ്പുറത്തെ ചാന്ദിമഹൽ എന്ന ഭാഗത്ത് വെള്ളികൊണ്ടുള്ള വസ്തുക്കളാണ്. യുറോപ്പില്നിന്നു കൊണ്ടുവന്ന ഒരു വെള്ളിരഥമാണ് അതിൽ പ്രധാനം. വെള്ളിയിൽ നിർമ്മിച്ച സിംഹാസനവും   മഞ്ചലും പല്ലക്കുകളും അമ്പാരിയും  രഥങ്ങളും ആനയുടെയും കുതിരയുടയും ആഭരണങ്ങളും ഒക്കെ പ്രദർശനത്തിനുണ്ട്.  


 ചന്ദ്രമഹൽ എന്ന കൊട്ടാരഭാഗത്തിന്റെ മനോഹരമായ   മട്ടുപ്പാവിലേക്കു ചെന്നാൽ പിഛോല തടാകത്തിന്റെ അതിവിശാലമായ ദൃശ്യം ലഭ്യമാണ്. സമൃദ്ധമായ കൊത്തുപണികളുള്ള തൂണുകളാൽ    സുന്ദമാക്കിയിരിക്കുന്ന ഈ മട്ടുപ്പാവിൽ കാറ്റിന്റെ ധാരാളിത്തം സ്വർഗീയാനുഭൂതി പകരും. അവിടെനിന്നിറങ്ങി ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്നു കൽപ്പടവുകൾ കയറിയാൽ ബഡിമഹൽ എന്ന പ്രധാനകൊട്ടാരഭാഗത്തെത്താം. ഗാർഡൻ പാലസ് എന്നും അറിയപ്പെടുന്ന  ഈ ഭാഗമാണ് ഏറ്റവും ഉയരത്തിലുള്ള കൊട്ടാരഭാഗം. നൂറ്റിനാല് വെണ്ണക്കൽസ്തംഭങ്ങളാണ് നാലുഭാഗത്തെയുമ കൊട്ടാരവരാന്തകളിലുള്ളത്.   ധാരാളം മരങ്ങൾ വളർന്നുനിൽക്കുന്ന  വലിയൊരു ഉദ്യാനത്തിന് ചുറ്റുമായാണ് കൊട്ടാരം നിലകൊള്ളുന്നത്. കൊട്ടാരത്തിന്റെ മുകൾനിലയിൽ മരങ്ങൾ വളർന്നതെങ്ങനെയെന്നു ഒരുനിമിഷം അദ്‌ഭുതപ്പെട്ടുപോകും. എന്നാൽ   മലയുടെ നെറുകയിലാണ്‌ ഈ ഉദ്യാനം. അതിനുചുറ്റുമായാണ് കൊട്ടാരം പണിതിരിക്കുന്നത്. 1699 ൽ മഹാറാണാ അമർസിംഗിന്റെ കാലത്താണ് ബഡിമഹൽ നിർമ്മിച്ചത്. കൊട്ടാരത്തിലെ പുരുഷന്മാരുടെ വിശ്രമസങ്കേതമായിട്ടാണ് ഈ കൊട്ടാരം പണിതത്. 


ഉദ്യാനത്തിൽ ഒരു പൊയ്കയുമുണ്ട്. ബഡിമഹലിൽ ഒരുഭാഗത്ത് പ്രാവുകളെ വളർത്തിയിരുന്ന ഒരു മുറിയുണ്ട്. അവയുടെ കൂടുകളും കാണാം.  പഴയകാലത്ത്  സന്ദേശവാഹകരായിരുന്നുവല്ലോ പ്രാവുകൾ. മറ്റൊരുഭാഗത്ത് വലിയൊരു കാൽതൊട്ടിയും ജലവുമുണ്ട്. ഇത് രാജകുടുംബത്തിലെ പുരുഷന്മാരുടെ സ്നാനഗൃഹമായിരുന്നു. ബഡിമഹലിലെ മനോഹരമായ മട്ടുപ്പാവുകളിൽനിന്നാൽ താഴ്‌വാരത്തെ നഗരദൃശ്യങ്ങളും തടാകദൃശ്യങ്ങളുമൊക്കെ ആവോളം ആസ്വദിക്കാം. വീണ്ടും ഇടുങ്ങിയ ഇടനാഴികളിലൂടെ താഴേക്കുപോയാൽ ദിൽകുശാൽ മഹൽ എന്നൊരു ഭാഗത്തെത്തും. സ്വർണ്ണവും വെള്ളിയും സ്ഫടികക്കഷണങ്ങളും ഒക്കെക്കൊണ്ട് നിർമ്മിച്ച ചുവരുകളും മച്ചുകളും മകുടങ്ങളും  ഒക്കെച്ചേർന്ന് ഒരു മായികലോകമാണ് അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിലമുറികളിൽ പ്രകൃതിദത്തനിറങ്ങൾകൊണ്ട് വരച്ചുചേർത്ത വിസ്മയിപ്പിക്കുന്ന  ചുവർച്ചിത്രങ്ങൾ. എല്ലാം അതീവശ്രദ്ധയോടെ പരിപാലിക്കുന്നുമുണ്ട്.  അവിടെനിന്നു ശിവ് വിലാസ് എന്നൊരു മട്ടുപ്പാവിലെത്താം. ചീനി ചിത്രശാലയെന്നും അറിയപ്പെടുന്ന ഈ മട്ടുപ്പാവിൽ ചൈനീസ്, ഡച്ച് ശൈലികളിലാണ് ഇവിടുത്തെ അലങ്കാരങ്ങൾ. ചൈനയിൽനിന്നുകൊണ്ടുവന്ന പോഴ്‌സലൈൻ ടൈലുകളും ചൈനീസ് ചിത്രങ്ങളുള്ള ചുവരുകളും ഡച്ച് നിർമ്മിതമായ വർണ്ണാസ്പടികക്കഷണങ്ങൾ പിടിപ്പിച്ച ജാലകങ്ങളും  ഈ ഭാഗത്ത് ധാരാളമായിക്കാണാം. എന്നാൽ മുകൾഭാഗത്ത് മുഗൾശൈലിയും അവലംബിച്ചിരിക്കുന്നു. ഇവിടെയുള്ള വലിയ ജാലകവും ഉദയ്പൂരിന്റെ വിശാലമായ  പുറംകാഴ്ചകൾ സാധ്യമാക്കുന്നു. കൊട്ടാരത്തിലേക്കു വന്ന വഴിയും തടാകവും കെട്ടിങ്ങളുടെ ധാരാളിത്തമുള്ള നഗരഭാഗവുമൊക്കെ ഗംഭീരമായ ദൃശ്യവിരുന്നുതന്നെ. 


Sunday, January 30, 2022

രാജസ്ഥാൻ 16 - ഉദയ്പൂർ - പിഛോല തടാകം

 ഒക്ടോബർ 24 )o തീയതി പുലർന്നു. യാത്രയിലെ പത്താംദിനം 

ഉദയ്ബാഗ് റിസോർട്ടിലെ പ്രഭാതം അതിസുന്ദരമായിരുന്നു. പക്ഷികളുടെ കളകൂജനങ്ങൾകേട്ട് അതിരാവിലെതന്നെ ഞങ്ങൾ ചുറ്റുപാടും നടന്നു. പേരമരങ്ങളിലും നെല്ലിമരങ്ങളിലുമൊക്കെ നിറയെ ഫലങ്ങൾ. കുറച്ചു ഞങ്ങൾ പറിച്ചെടുക്കുകയുംചെയ്തു. വിശാലമായ ഗേറ്റുകടന്നു നാട്ടുവഴിയിലൂടെ കുറേദൂരം നടന്നു. ആ നടത്തിയിലാണ് ഉദയ്പൂറിലെ സൂര്യോദയം ഞങ്ങൾ കണ്ടത്. ഗേറ്റിന്റെ മറുഭാഗത്തേക്കു നടന്നപ്പോൾ ഒരു റെയിൽവേലൈനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന കണ്ടു. വഴി അത്ര നന്നല്ലാത്തതുകൊണ്ടു അവിടെനിന്നു മടങ്ങി. 

 ഉദയ്‌പൂർനഗരത്തിന്റെ അദ്‌ഭുതക്കാഴ്ചകളിലേക്കാണ് ഇന്നത്തെ യാത്ര. 

ഒരുപക്ഷേ രാജസ്ഥാനിലെ ഏറ്റവും സുന്ദരമായ നഗരം ഉദയ്പൂർ ആയിരിക്കും. ആരാവലിമലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ നഗരം തടാകങ്ങളുടെ നഗരമെന്നാണറിയപ്പെടുന്നത്. ഇവിടയുള്ള അഴകാർന്ന  കൊട്ടാരങ്ങളും സ്ഫടികസമാനമായ തടാകങ്ങളും സഞ്ചാരികളെ  ഹഠാദാകർഷിക്കുന്ന വിസ്മയദൃശ്യങ്ങൾതന്നെ. ഒരുകാലത്തു മേവാഡിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഉദയ്പൂർ. സൂര്യവംശി-സിസോദിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ‘ചിത്തോഢ്ഗഢ്’ അക്ബര്‍ പിടിച്ചടക്കിയപ്പോള്‍ 1558ല്‍ മഹാറാണാ ഉദയ്‌സിംഗ് രണ്ടാമനാണ് ആരാവലിതാഴ്‌വരയിലെ ഈ സുന്ദരഭൂമിയെ തങ്ങളുടെ നിവാസകേന്ദ്രമാക്കിയത്. 

ആദ്യം പോകുന്നത് പിഛോല തടാകത്തെ അടുത്തറിയാനാണ്. 

പിഛോല തടാകം 

റുഡ്യാഡ് കിപ്ലിംഗ് തന്റെ  Letters of Marque (1899) ൽ ഇങ്ങനെ  പറഞ്ഞിരിക്കുന്നു  "If the Venetian owned the Pichola Lake, he might say with justice, `see it and die'".  ഉദയ്പൂരിലെ, മാസ്മരികസൗന്ദര്യത്തിന്റെ നേർചിത്രമായ  പിഛോലതടാകത്തെകുറിച്ചാണ്  അദ്ദേഹത്തിന്റെ ഈ വാക്കുകൾ. 

ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട, ആകാശനീലിമ ഹൃദയത്തിലാവാഹിച്ച, സ്ഫടികസമാനമായ ജലംനിറഞ്ഞ അതിസുന്ദരമായ തടാകം. അതിനുമദ്ധ്യത്തിൽ മഞ്ഞുകട്ട പൊന്തിക്കിടക്കുംപോലെ  തൂവെള്ളനിറത്തിൽ ഒരു കൊട്ടാരം. ഈ കാഴ്ച എങ്ങനെയാണു ഹൃദയത്തിൽനിന്നു മഞ്ഞുപോവുക! അത്രസുന്ദരമാണ് ആ ദൃശ്യം. 


പിഛോല തടാകം  മനുഷ്യനിർമ്മിതമാണ്. 1362 എ.ഡിയില്‍ മഹാറാണാ ലഖയുടെ ഭരണകാലത്ത് പിഛോ ബഞ്ജാര എന്ന നാടോടിസമൂഹം   ജലസേചത്തിനും മറ്റുമായി ഒരു  അണക്കെട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ്  പിഛോലതടാകം. പിഛോളി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ഉദയ്പൂരിലെ ഏറ്റവും പുരാതനവും  വലുതുമാണ് ഈ തടാകം. റാണാ ഉദയ്‌സിംഗ്, മേവാറിന്റെ ഭരണാധികാരിയായിരിക്കെ തലസ്ഥാനമായ ചിറ്റോർഗഡിന് നിരന്തരമായ മുഗളാക്രമണഭീഷണി നിലനിന്നിരുന്നു.    തലസ്ഥാനം മാറ്റിസ്ഥാപിക്കാൻ നിർബ്ബന്ധിതനായ രാജാവ് അനുയോജ്യമായൊരു സ്ഥലമന്വേഷിക്കേ ഈ  തടാകത്തിന്റെയും പരിസരത്തിന്റെയും അഭൗമസൗന്ദര്യത്തിൽ ആകൃഷ്ടനായി ഇവിടെത്തന്നെ കൊട്ടാരം നിർമ്മിക്കാൻ ആഗ്രഹിച്ചു. കൂടാതെ, മൃഗയാവിനോദത്തിനായി ഈ പ്രദേശത്തെത്തിയ റാണാ തടാകത്തിനഭിമുഖമായി ധ്യാനിച്ചിരിക്കുന്ന ഒരു മുനിയെ കാണാനിടയായി. റാണയുടെ സാമീപ്യമറിഞ്ഞ മുനി അദ്ദേഹത്തെ ആശീർവദിക്കുകയും ഇവിടെത്തന്നെ പുതിയ തലസ്ഥാനനഗരം പടുത്തുയർത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്രേ! 1559ൽ നഗരനിർമ്മാണത്തിനു തുടക്കംകുറിക്കുകയും ചെയ്തു  അങ്ങനെയാണ് തടാകത്തിനുചുറ്റുമായി ഉദയ്പൂർ എന്ന സുന്ദരനഗരംതന്നെ രൂപപ്പെട്ടത്. 1568 ൽ അക്ബർ ചിറ്റോർ പിടിച്ചടക്കിയപ്പോൾ റാണാ ഉദയ്‌സിംഗ് തന്റെ ആസ്ഥാനം  പൂർണ്ണമായും ഉദയ്പൂരിലേക്കു മാറ്റുകയുംചെയ്തു. ഉദയസിംഗാണ്‌ ശിലാനിർമ്മിതമായ  മറ്റൊരു ജലസംഭരണികൂടി നിർമ്മിച്ച്  തടാകത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചതും. 696 ഹെക്ടര്‍ വിസ്തീര്‍ണവും 8.5 മീറ്റര്‍വരെ ആഴവുമുള്ള തടാകത്തിന്റെ ചുറ്റും ധാരാളം രമ്യഹർമ്യങ്ങളും ക്ഷേത്രങ്ങളും പലകാലങ്ങളിലായി നിർമ്മിക്കപ്പെട്ടു. 


ഈ നീലജലാശയത്തിലെ ഒരു തോണിയാത്ര ആരാണാഗ്രഹിക്കാത്തത്! ഞങ്ങളും അതിനുള്ള യാത്രയിലായിരുന്നു. സിറ്റിപാലസിന്റെ ഇടതുഭാഗത്തെ പാതയിലൂടെ നടന്നു  തടാകതീരത്തെ ഒരു കവാടം കടന്നുവേണം ബോട്ടിനടുത്തെത്താൻ. ആളുകളുടെ എണ്ണവും ബോട്ടിന്റെ വലുപ്പവും യാത്രയുടെ സ്വഭാവവും അനുസരിച്ചാണ് യാത്രാനിരക്ക്. വെയിലിന്റെ കാഠിന്യത്തിൽനിന്നു രക്ഷപ്പെടാൻ രാവിലെയുള്ള ബോട്ട്യാത്രയാണുചിതം. അസ്തമയം കാണണമെങ്കിൽ വൈകുന്നേരവും. 


ജഗ് നിവാസ്, ജഗ്മന്ദിര്‍, മോഹന്‍ മന്ദിര്‍, അര്‍സി വിലാസ് എന്നിങ്ങനെ നാല് ദ്വീപുകളാണ് തടാകത്തിലുള്ളത്. തൂവെള്ളനിറത്തിൽകാണുന്ന  ലോകപ്രശസ്തമായ ലേക്ക്പാലസ് സ്ഥിതിചെയ്യുന്നത് നലേക്കറോളം വിസ്തൃതിയുള്ള ജഗ് നിവാസിലാണ്. ജലാശയത്തിൽ പൊങ്ങിക്കിടക്കുകയാണോ എന്ന് തോന്നിക്കുംവിധമാണ് ഇതിന്റെ നിർമ്മിതി.  1971 ൽ താജ്ഗ്രൂപ്പ് കൊട്ടാരമേറ്റെടുത്ത് ഒരു ലക്ഷ്വറിഹോട്ടലാക്കി പ്രവർത്തനം നടത്തിവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ മേവാർ രാജാവായിരുന്ന  മഹാറാണാ ജഗത്‌സിംഗ്  രണ്ടാമന്റെ കാലത്തതാണ് ഈ വെണ്ണക്കൽസൗധം വിരചിതമായത്.  


ജഗ് മന്ദിറില്‍ അതേ പേരില്‍ തന്നെയുള്ള കൊട്ടാരവുമുണ്ട്. The Lake Garden Palace എന്നും ഈ കൊട്ടാരം അറിയപ്പെടുന്നു. മോഹന്‍ മന്ദിറിലെ മണ്ഡപത്തിലിരുന്നാണ്  രാജാവ്  ഗംഗൗര്‍ഘട്ടിൽ നടന്നിരുന്ന  ഉത്സവം  കണ്ടിരുന്നത്.  അര്‍സി വിലാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലാണ് പട്ടാളത്തിനായുള്ള പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത്.  ചാന്ദ്പോൽ  എന്നൊരു പാലം ഈ തടാകത്തെ സ്വരൂപ്‌സാഗർ എന്ന തടാകത്തിൽനിന്നു വേർതിരിക്കുന്നു.


തടാകമധ്യത്തിൽ അല്പമുയർന്നുനിൽക്കുന്ന .നതിനി ചബൂത്ര'എന്നൊരു  വേദികയുമുണ്ട്.  അതേക്കുറിച്ചൊരു കഥയും പറഞ്ഞുകേട്ടു. 

ഒരിക്കൽ മഹാറാണ ജവാൻ സിംഗ് (1828-38) മദ്യലഹരിയിൽ ഗ്രാമത്തിലെ ഒരു  നർത്തകിക്ക് ഒരു വാഗ്ദാനം നടത്തിയത്രേ! തടാകത്തിനു കുറുകെ കെട്ടിയ ഞാണിൽക്കൂടി  നടന്നു മറുകരയെത്തിയാൽ തന്റെ രാജ്യത്തിൻറെ പകുതി നൽകാമെന്നായിരുന്നു വാക്ക്. നർത്തകി അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. എന്നാൽ കിഴക്കേതീരത്തുനിന്നു യാത്രതുടങ്ങിയ നർത്തകി പടിഞ്ഞാറേക്കരയിലുള്ള സിറ്റിപാലസിനടുത്തെത്താറായപ്പോൾ കയർ മുറിച്ചുകളഞ്ഞത്രേ. തടാകത്തിൽപതിച്ച  പെൺകുട്ടി തൻ വഞ്ചിക്കപ്പെട്ടുവെന്നു മനസ്സിലാക്കുകയും മുങ്ങിമരിക്കുംമുമ്പ് 'രാജവംശത്തിന് അനന്തരാവകാശികള്‍ ഉണ്ടാകാതിരിക്കട്ടേ'യെന്ന്' രാജാവിനെ ശപിക്കുകയും ചെയ്തു. ഈ ശാപഫലമായിരിക്കാം ജവന്‍സിംഗിന് ശേഷം രാജ്യം ഭരിച്ച ഏഴുപരില്‍ ആറു പേര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരുന്നതന്ന് വിശ്വസിക്കപ്പെടുന്നു. 


മനുഷ്യരെക്കയറ്റിയ തോണികൾക്കൊപ്പം  തടാകത്തിൽ ധാരാളം ജലപക്ഷികളും നീന്തിനടക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള  കരയിൽ സിറ്റിപാലസും ചെറുകൊട്ടാരങ്ങളായ ഹവേലികളും മറ്റു മന്ദിരങ്ങളും ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും  രജപുത്രരാജാക്കന്മാരുടെ  ധീരതയുടെയും പ്രതാപത്തിന്റെയും ചരിത്രഗാഥകളുടെ വർണ്ണപ്പകിട്ടാർന്ന   പ്രൗഢിയോടെ നിലകൊള്ളുന്നു. ലീലാഗ്രൂപ്പിന്റെ ഹോട്ടലുകളും ഒബ്‌റോയ്ഗ്രൂപ്പിന്റെ ഹോട്ടലുകളുമൊക്കെ തടാകക്കരയിൽ കാണാം.   ബോട്ട് യാത്ര അവസാനിച്ചത് ജഗ് മന്ദിറിലാണ്. ഇവിടെ  1551-ൽ മഹാറാണാ അമർ സിംഗ് ആരംഭിച്ച കൊട്ടാരനിർമ്മാണം  മഹാറാണാ കരൺ സിംഗ് (1620-1628) തുടരുകയും   മഹാറാണാ ജഗത് സിംഗ് ഒന്നാമൻ (1628-1652) പൂർത്തിയാക്കുകയുംചെയ്തു . ഈ  കൊട്ടാരത്തിന്റെ ഭാഗമായ ഗുൽമഹലിൽ    മുഗൾരാജകുമാരനായിരുന്ന ഖുറം(ഷാജഹാൻ ചക്രവർത്തി), പിതാവ് ജഹാംഗീറുമായുള്ള കലഹത്തിലാവുകയും പ്രാണരക്ഷാർത്ഥം ഇവിടെ മുംതാസ്മഹലിനും പുത്രന്മാർക്കുമൊപ്പം  ഒളിവിൽപാർക്കുകയും ചെയ്തത്രേ. ഷാജഹാന്റെ മാതാവ് ഒരു രാജപുത്രവനിതയായിരുന്നു എന്നതും യാദൃച്ഛികം. ഗുൽമഹലിന്റെ രൂപഭംഗിയാണ് താജ്മഹൽ നിർമ്മാണത്തിന് ഷാജഹാനെ സ്വാധീനിച്ചതെന്നും പറയപ്പെടുന്നു.  


ജഗ് മന്ദിറിൽ വിവാഹമുൾപ്പെടെയുള്ള ആഢംബരചടങ്ങുകൾ നടത്താറുണ്ടിപ്പോൾ. അതിസമ്പന്നർക്കുമാത്രമേ അതൊക്കെ സാധ്യമാകൂ എന്ന് മാത്രം. നൂറുപേർ പങ്കെടുക്കുന്ന ഒരു വിവാഹത്തിനുപോലും  ഏറ്റവും കുറഞ്ഞത് ഇരുപതുലക്ഷംരൂപയെങ്കിലുമാകും.  മനോഹരമായ ഉദ്യാനവും കൊട്ടാരഭാഗങ്ങളും മ്യൂസിയവുമൊക്കെയാണ് ഇവിടക്കാനാണുള്ളത്.    ഇവയൊക്കെ വളരെ നന്നായി പരിപാലിക്കപ്പെടുന്നു എന്നത് എടുത്തുപറയേണ്ട കാര്യംതന്നെ  വളരെ നന്നായി പരിപാലിക്കപ്പെടുന്നു എന്നത് എടുത്തുപറയേണ്ട കാര്യംതന്നെ . ചെറുപ്രാവുകൾ യഥേഷ്ടം വിഹരിക്കുന്ന   അവിടുത്തെ വിശാലമായ  ഉദ്യാനത്തിലും രാജഭരണകാലത്തെ ദീപ്തസ്മരണകളുടെ ആത്മാവുപേറുന്ന  ചെറിയ മ്യൂസിയത്തിലുമൊക്കെ ചുറ്റിനടന്നശേഷം തിരികെ തീരത്തേക്ക് മടക്കയാത്ര. ജഗ്മന്ദിറിനെ പിന്നിലാക്കി തോണി മുമ്പോട്ടുനീങ്ങുമ്പോൾ വെറുതെയെങ്കിലും ഒരു നഷ്ടബോധം മനസ്സിന്റെ നഭസ്സിൽ കരിമേഘം പടർത്തും. ഇനി കാണാൻ പോകേണ്ടത് ഉദയ്പൂരിന്റെ തിലകക്കുറിയായ സിറ്റി പാലസിലേക്കാണ്. 





Sunday, January 23, 2022

 # നിമിഷകവിതാമത്സരം

# നടന്നകന്ന നാട്ടുവഴികൾ

--------------------------------------

ഒരുസ്‌നിഗ്ദ്ധസങ്കൽപ്പധാരയിലേകയായ് 

അണയുന്നു ഞാനന്നു പിന്നിട്ടവഴികളിൽ 

ഓർമ്മതൻ സുഖദമാം തെന്നലെൻ മാനതാരി-

ലൊരുമാത്ര മെല്ലവേ തൊട്ടുവിളിക്കുന്നു 

ഒരുതേങ്ങലറിയാതെ ചിറകടിച്ചുയരുന്നു 

മിഴികളിൽ നിറയുന്നു കദനനാന്ധകാരവും 


Tuesday, January 18, 2022

മനസ്സ് ,  

നിർവ്വചനമില്ലാത്ത അരൂപിസാന്നിധ്യം.

പഞ്ചേന്ദ്രിയങ്ങളുടെ പ്രാപ്യതയ്ക്കപ്പുറം.

ചിന്തകൾക്കു ചിറകുമുളയ്ക്കുന്ന,

ബോധമണ്ഡലത്തിലെ തമോഗർത്തം. 

ജ്യാമിതിയിലെ അനന്തത പോലെ .. 

ബിന്ദുവായ്..

ഋജുരേഖയായ്, 

വര്‍ത്തുളാകാരാമായ്

എണ്ണിയാല്‍ തീരാത്ത 

ബഹുഭുജക്കോണുകളായ്

ദ്വിമാന,ത്രിമാനതയ്ക്കപ്പുറം 

വെറുമൊരുശൂന്യതയായ്..


Saturday, January 15, 2022

കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ

 കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ 


-------------------------------------------------


ചൈനയിലെ വന്മതിനലിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ നമ്മുടെ ഭാരതത്തിലും ഒരു വന്മതിലുണ്ടെന്നത് അത് സന്ദർശിക്കുംവരെ എനിക്കറിവുള്ള കാര്യമായിരുന്നില്ല. രാജസ്ഥാനിലെ മേവാർ(മേവാഡ്)പ്രദേശത്ത് പതിനഞ്ചാംനൂറ്റാണ്ടിൽ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാറാണാ കുംഭാ നിർമ്മിച്ച കോട്ടയുടെ ചുറ്റുമതിലാണ് ലോകത്തെത്തന്നെ രണ്ടാമത്തെ വലിയ വന്മതിലായി കണക്കാക്കപ്പെടുന്ന ഈ വന്മതിൽ. 


ഇപ്പോഴത്തെ  രാജ്‌സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന  ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട ആരാവലിപർവ്വതനിരകളിൽ ജൻമംകൊണ്ടതാണ്.  13 മലനിരകൾക്കുചുറ്റുമായി വ്യാപാരിച്ചിരിക്കുന്ന  കോട്ടമതിലിനു   36 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴുമീറ്ററോളം  വീതിയുള്ള    ഈ കോട്ടമതിലിന്റെ മുകളിൽകൂടി നാലുകുതിരസവാരിക്കാർക്ക് ഒരേസമയം സമാന്തരമായി  കടന്നുപോകാൻ കഴിയുമത്രേ! പതിനഞ്ചാംനൂറ്റാണ്ടിലാണ്   മേവാറിനെ  മാർവാറിൽനിന്ന് വേർതിരിക്കുന്ന ഈ   കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്. 


ഈ  കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ  മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാകുംഭാ 1448 ൽ മണ്ഡൻ എന്ന വാസ്തുശില്പിയുടെ രൂപകല്പനയിൽ    ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ  വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിഷണ്ണനായിനിന്ന റാണയോട് സമീപവാസികൾ അവിടെ തപസ്സനുഷ്ഠിച്ചിരുന്ന പുണ്യപുരുഷനോട് ഉപദേശം തേടാൻ ആഗ്രഹം പ്രകടിപ്പിച്ചു. സന്യാസി പരിഹാരമായി അറിയിച്ചത്  സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു. ആരും അതിനായി മുന്നോട്ടുവരാത്തതിനാൽ  അദ്ദേഹം സ്വയം  ആ നരബലിക്കു സന്നദ്ധനായി. മലയടിവാരത്തുള്ള ക്ഷേത്രത്തിനടുത്തുനിന്നു മുകളിലേക്കല്പംദൂരം നടന്നുകയറി ശുഭകരമായൊരു സ്ഥലത്തുനിന്നശേഷം ശിരച്ഛേദം നടത്തി.  പിന്നെയും  കബന്ധം നടന്നു കുറേദൂരം മുമ്പോട്ട് പോയി മലമുകളിലെത്തി സമാധിയായി.  ശിരസ്സ് വീണിടവും കബന്ധം വീണിടവും ചെറുമന്ദിരങ്ങൾ പണിത്  പാവനമായിത്തന്നെ സംരക്ഷിക്കപ്പെടുന്നു.  15വർഷമെടുത്തു കോട്ടയുടെ  പണി പൂർത്തീകരിക്കാൻ. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ  ഏറ്റവും പ്രസക്തമായത് ഈ കോട്ടയും. സുപ്രസിദ്ധനായ രാജപുത്രരാജാവ് മഹാറാണാപ്രതാപ്‌സിംഗ് ജനിച്ചത് ഇവിടെയുള്ള  കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്. 


 പല ശക്തികളുടെയും സൈനികാക്രമണങ്ങൾ കോട്ടയ്ക്കുനേരെ ഉണ്ടായെങ്കിലും മഹാറാണാകുംഭാ എല്ലാറ്റിലും വിജയം വരിക്കുകയാണുണ്ടായത്.  എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ  മൂത്തപുത്രനായ ഉദയ്‌കിരൺസിംഗ്,  രാജ്യാവകാശം വേഗം ലഭിക്കുന്നതിനായി പിതാവിനെ വധിക്കുകയുണ്ടായി. രാജാവിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രൻ തന്നെക്കാൾ ശക്തനെന്നു മനസ്സിലാക്കി, പിതാവ് അയാളെ കിരീടാവകാശിയാക്കിയെങ്കിലോ എന്ന ശങ്കയിലാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനു ഉദയ്‌സിംഗ് തയ്യാറായത്. കർമ്മഫലമോ മറ്റോ, അധികനാൾ കഴിയുംമുമ്പ്   ഉദയ്‌സിംഗ് ഇടിമിന്നലേറ്റ് മരണപ്പെട്ടു. അതല്ല, സ്വന്തം സഹോദരൻതന്നെ പിതാവിനെ കൊന്നതിന്റെ പ്രതികാരമായി അയാളെ വധിച്ചതാണെന്നും ചില അഭിപ്രായം നിലനിൽക്കുന്നു.


 'അരിത് പോൽ'   'ഹനുമാൻ പോൽ' എന്നീ കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് ഏരിയയിലാണ് വാഹനം എത്തുക. മണ്ഡോറിൽനിന്നു നിന്നുകൊണ്ടുവെന്ന ഹനുമാൻ  ഹനുമാൻപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇവിടെയാണ്.   അവിടെ നിന്ന് ടിക്കറ്റ് എടുത്തുവേണം അടുത്ത കവാടമായ 'ഹല്ലാ പോൽ' കടന്നു  3600 അടി ഉയരമുള്ള  കുന്നിന്മുകളിലെ കോട്ടഭാഗത്തേക്ക്  കയറാൻ. അവിടവിടെ പൂവിട്ടുനിൽക്കുന്നുണ്ട്  പിച്ചകങ്ങളും വെള്ളചെമ്പരത്തികളും സുബ്രഹ്മണ്യകിരീടച്ചെടികളും.  ചുരംപോലെ വളവുകളും തിരിവുകളുമായി കിടക്കുന്ന ചെരിഞ്ഞ പാതയിലൂടെ  മുകളിലേക്ക് കയറുമ്പോൾത്തന്നെ ദൂരെയായി ഇരുഭാഗങ്ങളിലേക്കും നീണ്ടുകിടക്കുന്ന വലിയ കോട്ടമതിൽ ദൃശ്യമാകും.  ഈ കോട്ടമതിൽ ഭേദിച്ച് ഇവിടേക്കെത്തുക ദുഷ്കരമായിരുന്നു. അതിനാൽ ആദ്യകാലത്ത് ഈ കോട്ട അറിയപ്പെട്ടിരുന്നത് അജയ്ഗഡ്‌ എന്നായിരുന്നു. പല മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈ വന്മതിൽ വ്യാപാരിക്കുന്നത്. ഈ വനപ്രദേശം ഒരു വന്യമൃഗസംരക്ഷണകേന്ദ്രംകൂടിയാണിന്ന്. റാം പോൽ എന്ന പ്രധാനകവാടം.  കടന്നാണ്  അകത്തേക്ക് പ്രവേശിക്കുന്നത്. കടാർഗഡ് എന്നറിയപ്പെടുന്ന  ഈ ചെറിയ കോട്ടയ്ക്കുള്ളിൽ   കുന്നിൻനെറുകയിൽ കുംഭാമഹൽ ,  ബാദൽമഹൽ  എന്നീ  കൊട്ടാരഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. റാം പോൽ കടന്നാൽ   അവിടെ അല്പം മാറി ചുവന്ന അടയാളത്തിൽ ഒരു ചെറുമന്ദിരം കാണാം. അവിടെയായിരുന്നു സന്യാസിയുടെ ശിരസ്സ് പതിച്ചത്.  ഗണേഷ് പോൽ, വിജയ് പോൽ, ഭൈരവ് പോൽ, നിംബു പോൽ, ചൗഗാൻ പോൽ, പഗഡ് പോൽ,  എന്നിങ്ങനെ ഒമ്പതു പ്രധാനകവാടങ്ങളാണ് കടന്നുപോകേണ്ടത്.  കൊട്ടാരക്കെട്ടിലേക്കുള്ള പാതയുടെ തുടക്കംകുറിക്കുന്ന  ഗണേഷ്പോലിനോട് ചേർന്നുതന്നെ   പൊതുജനങ്ങളുടെ ആരാധനയ്ക്കായി  റാണാകുംഭാ നിർമ്മിച്ച ഒരു ഗണേശക്ഷേത്രണ്ട്. അദ്ദേഹംതന്നെ സ്ഥാപിച്ച  ദുർഗ്ഗാക്ഷേത്രത്തിൽ വണങ്ങിയശേഷമാണ്  യുദ്ധങ്ങൾക്കുംമറ്റും പുറപ്പെട്ടിരുന്നത്.  ആയുധശേഖരത്തിനായി മാറ്റിവെച്ചിരിക്കുന്നിടത്ത് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നതുകാണാം.  കോട്ടയ്ക്കുള്ളിൽ  ജലസംഭരണിയും ധാന്യസംഭരണിയും തടവറയും ഒക്കെ സജ്ജീകരിച്ചിരുന്നു . ആക്രമണകാലത്തെ ഒളിത്താവളമായി മാത്രമാണ് ഇവിടം കണക്കാക്കിയിരുന്നത്. സ്ഥിരവാസം ഉണ്ടയിരുന്നില്ല. 

അതുകൊണ്ടുതന്നെ രാജസ്ഥാനിലെ മറ്റു പ്രസിദ്ധങ്ങളായ കോട്ടകളിലെ കൊട്ടാരക്കെട്ടുകളുടെ പ്രൗഢിയും ശില്പചാതുര്യവും ആഡംബരങ്ങളും ഇവിടെ കാണാൻ കഴിയില്ല. എങ്കിലും വലിയൊരു ജലസംഭരണി കോട്ടയ്ക്കുള്ളിലും, താഴ്‌വാരത്ത് നീരൊഴുക്കിൽ  അണക്കെട്ടുകെട്ടി മറ്റൊരു ജലസംഭരണിയും  പ്രദേശവാസികളുടെ ദൈനംദിന, കൃഷി ആവശ്യങ്ങൾക്കായി സജ്ജമാക്കിയിരുന്നു. 


കവാടങ്ങളുടെ മുൻഭാഗം ഇടുങ്ങിയതായാണ് . കൂടാതെ ചൗഗൻ പോലിന്റെ വാതിലുകളിൽ കൂർത്ത ഇരുമ്പുമുള്ളുകളും പിടിപ്പിച്ചിരിക്കുന്നു. ആനകളുടെ അനായാസഗമനം തടയുന്നതിനായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം. പിന്നീടെത്തുന്നത് പഗഡപോൽ എന്ന കവാടത്തിലാണ്. വിശിഷ്ടാതിഥികളും മറ്റും എത്തുമ്പോൾ തലപ്പാവുവെച്ചു സ്വീകരിക്കുന്ന കവാടമാണത്രേ അത്. റാണാ കുംഭാ നിർമ്മിച്ച കുംഭാമഹൽ ക്ഷയിച്ച  അവസ്ഥയിലാണ്. എന്നാൽ  ദുർഗ്ഗാക്ഷേത്രത്തിൽ അഖണ്ഡദീപം തെളിയിക്കുന്നുണ്ട്.   കുന്നിൻമുകളിൽ നിമ്മിച്ചിരിക്കുന്ന രണ്ടുനിലകളുള്ള  ബാദൽമഹലിന്റെ ഉൾവശം, ഭിത്തിയും മുകള്ഭാഗവും   ലാളിത്യമുള്ള പ്രകൃതിചിത്രങ്ങൾകൊണ്ടലങ്കൃതമാണ്.  റാണാ ഫത്തേസിംഗ് ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. മലമുകളിൽ മഴമേഘങ്ങളോട് തൊട്ടുരുമ്മിനിൽക്കുന്നതിനാലാവാം ഇങ്ങനെയൊരു പേര് ഈ കൊട്ടാരത്തിനു നൽകിയത്.   ഈ കൊട്ടാരവും അതിനോടുചേർന്ന ഭാഗങ്ങളും രണ്ടു  ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മർദാനമഹലും സനാനാമഹലും. പുരുഷന്മാർക്കും  സ്ത്രീകൾക്കുമായി  ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു.  ചുവരോട് ചേർന്നുള്ള  ചെറിയ ജനാല(ഝരോഖ)കളിൽകൂടി സ്ത്രീജനങ്ങൾക്ക് പുറംകാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. കാറ്റ് ഉള്ളിൽകടക്കാനുള്ള പ്രത്യേകസംവിധാനങ്ങളും ഈ കൊട്ടാരത്തിന്റെ ഭിത്തികളിൽ സജ്ജീകരിച്ചിരുന്നു. റാണി കി രസോയി എന്നൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചരിക്കുന്നു. ശത്രുക്കളുടെ കടന്നുവരവിനെ ചെറുക്കുന്നതിനുള്ള മുൻകരുതലായിരിക്കാം കൊട്ടാരത്തിന്റെ  വാതിലുകൾ നന്നേ പൊക്കംകുറഞ്ഞതാണ്. പഗഡപോലിനടുത്തു പടിക്കെട്ടു കയറി മുകളിലേക്ക് പോയാൽ ഒരു ചെറിയ മുറിയുണ്ട്. അവിടെയായിരുന്നു മഹാറാണാപ്രതാപിന്റെ ജന്മം. 


ഇരുവശങ്ങളിലുമുള്ള ടെറസ് പോലുള്ള ഭാഗങ്ങളിൽമിന്നു നോക്കിയാൽ ചുറ്റുമുള്ള ഭൂപ്രദേശം മുഴുവൻ വ്യക്തമായി കാണാൻ കഴിയും. ഹരിതഭംഗിയുടെ സമീപകാഴ്ചകളും നിന്മോന്നതങ്ങളുടെ നിഴൽഛായകളിൽ നീണ്ടുപോകുന്ന മലനിരകളും വെണ്മേഘങ്ങൾ ചിത്രംവരയ്ക്കുന്ന  നീലാകാശവും ഹൃദയാവർജ്ജകമായ ദൃശ്യങ്ങൾതന്നെ.  ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെപ്പോലെ വളവുകളോടുകൂടി നീണ്ടുപോകുന്ന കോട്ടമതിലിന്റെ കാഴ്ചയും ഗംഭീരംതന്നെ. കോട്ടയുടെ  ഒരു വശത്തു മാർവാഡും മറുവശത്ത് മേവാറും. ദൂരെ എവിടെയോ കാണുന്ന  ഹൽദിഘാട്ടി എന്നൊരു പ്രദേശത്തെ ഗൈഡ് പരിചയപ്പെടുത്തിയിരുന്നു. മഞ്ഞനിറമാണ് ആ പ്രദേശത്തിന്.  അവിടെവെച്ചാണ് 1576 ൽ   മേവാഡ്- മുഗൾ യുദ്ധം നടന്നത്.    യുദ്ധത്തിൽ മഹാറാണാ പ്രതാപിന്റെ ചേതക് എന്ന കുതിരയ്ക്കു ഗുരുതരമായ ക്ഷതമേൽക്കുകയും അവിടെവച്ച് അത് അന്ത്യശ്വാസംവലിക്കുകയും ചെയ്തു. 


മുകളിലെ കാഴ്ചകൾ കണ്ടു ചുരംപോലുള്ള പാതയിറങ്ങി താഴെയെത്തി. അവിടെനിന്നു വലതുഭാത്തേക്കുള്ള ചുറ്റുമതിലിനു മുകളിലൂടെ കുറേദൂരം നടന്നു. നാലു കുതിരസവാരിക്കാർക്ക് നിരയായി കടന്നുപോകാനുള്ള വീതിയുണ്ട് ആ പാതയ്ക്ക്. താഴെഭാഗത്തായി ഏതാനും ക്ഷേത്രങ്ങളുമുണ്ട്. കാലപ്പഴക്കത്തിൽ വന്ന ജീർണ്ണതകൾ വ്യക്തമാണെങ്കിലും  ശില്പഭംഗിനിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. ആദ്യം കാണുന്നത് ജൈനക്ഷേത്രമായ വേദി മന്ദിർ ആണ്. കുറെ  പടവുകൾ കയറിവേണം   മൂന്നുനിലയിലായി പണിതിരിക്കുന്ന ക്ഷേത്രത്തിൽ കടക്കാൻ. അഷ്ടകോൺ ആകൃതിയിലാണ് ക്ഷേത്രനിർമ്മാണം. മുകളിലെ താഴികക്കുടം  മുപ്പത്തിയാറു തൂണുകളിലായാണ് തങ്ങിനിർത്തിയിരിക്കുന്നത്. വേദിമന്ദിറിന്റെ കിഴക്കുവശത്തായി നീലകണ്ഠമഹാദേവക്ഷേത്രമാണ്. അഞ്ചടി ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലും എത്താൻ ധാരാളം പടവുകൾ കയറണം. പാർശ്വനാഥ് മന്ദിറാണ് മറ്റൊരു ക്ഷേത്രം. മലമുകളിലെ   ബാവൻദേവി ക്ഷേത്രത്തിൽ, പേര് സൂചിപ്പിക്കുന്നതുപോലെ 52 മൂർത്തികളാണുള്ളത്. വിസ്തൃതമായ ഈ കോട്ടയ്ക്കുള്ളിൽ 300 ജൈനക്ഷേത്രങ്ങളും 60 ഹിന്ദുക്ഷേത്രങ്ങളുമുണ്ട്. ചിലതൊക്കെ അശോകചക്രവർത്തിയുടെ കാലത്തു് നിർമ്മിക്കപ്പെട്ടതാണ്.  വളരെക്കുറച്ചുക്ഷേത്രങ്ങൾമാത്രമേ ഇന്ന് നിത്യാരാധനയാൽ   സജീവമായുള്ളു. 


പുറംലോകത്തിന് അടുത്തകാലംവരെ, ഭാരതത്തിന്റെതന്നെ അഭിമാനമായ ഈ കോട്ട വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയിരുന്നില്ല. 2013 ലാണ് യുനെസ്കോ, രാജസ്ഥാനിലെ അഞ്ചു പ്രധാന മലങ്കോട്ടകളുടെ പട്ടികയിൽ കുഭാൽഗറിനെയും ഉൾപ്പെടുത്തി ലോകപൈതൃകപ്പട്ടികയിൽ ഇടംകൊടുത്തത്. ഉദയ്പൂരിൽനിന്നു എൺപതുകിലോമീറ്റർ ദൂരെയാണ് ഈ കോട്ടയുടെ സ്ഥാനം. ഏറ്റവും അടുത്ത വിമാനത്താവളവും ഉദയ്പുർതന്നെ. 











(സന്യാസിയുടെ ശിരസ്സ് പതിച്ച സ്ഥലം)












രാജസ്ഥാൻ 15- കുംഭാൽഘർ

 മൗണ്ട് അബുവിലെ ദിൽവരാക്ഷേത്രസമുച്ചയം  സന്ദർശിച്ചശേഷമാണ് ആ പട്ടണത്തോട് വിടപറഞ്ഞത്. 

ഇനി പോകുന്നത് കുംഭാൽഗർ  എന്ന മറ്റൊരുചരിത്രവിസ്മയത്തിലേക്കാണ്. ഒരുപക്ഷേ അത്രയധികമൊന്നും സഞ്ചാരികൾ ചെന്നെത്തിയിട്ടില്ലാത്ത ഒരു ചരിത്രസ്മാരകംകൂടിയാണത്. 

മൗണ്ട് അബുവിൽനിന്നു നാലുമണിക്കൂറിലധികം യാത്രയുണ്ടായിരുന്നു   കുംഭാൽഗറിലേക്ക്. പകുതിയിലധികംദൂരം അതിമനോഹരമായ നാഷണൽ ഹൈവേയിലൂടെയായിരുന്നു യാത്ര. പക്ഷേ പിന്നീട് അതൊരു സാധാരണ റോഡിലേക്ക് കയറിയായി. നിറയെ കൃഷിയിടങ്ങളും വലുതും ചെറുതുമായ തടാകങ്ങളും ഉപ്പുണങ്ങിക്കിടക്കുന്ന തടാകതീരങ്ങളും പാഴ്മരങ്ങളും കള്ളിച്ചെടികളും വളർന്നുകിടക്കുന്ന  വെളിമ്പറമ്പുകളുമൊക്കെയുള്ള ഭൂപ്രദേശത്തിലൂടെ നീണ്ടുപോകുന്ന നാട്ടുപാതയിലൂടെ കടന്നുപോകുമ്പോൾ അപൂർവ്വമായെങ്കിലും സാരഥിക്ക്‌ വഴിതെറ്റുകയും ചില സ്ഥലങ്ങളിൽ വിഘ്നങ്ങളുണ്ടാവുകയുമൊക്കെയുണ്ടായി. എങ്കിലും ആ ഗ്രാമയാത്ര രസകരമായിരുന്നു. കണ്ടിട്ടുള്ളതും അല്ലാത്തതുമായ  ധാരാളം പക്ഷികളും കന്നുകാലിക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും കണ്ണുകൾക്ക് വിരുന്നൊരുക്കി. റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളെ ഹോണടിച്ചു ഭയപ്പെടുത്താതെ വാഹങ്ങൾ നിർത്തിയിടുന്നതും ഏറെ ആഹ്ലാദം നല്കിയിരു അനുഭവമായിരുന്നു.  ഇടയ്ക്ക് പട്ടാളക്കാരുടെ യൂണിഫോമിട്ടപോലെ തോന്നുന്ന  ബ്രൗൺ നിറത്തിൽ വെള്ള പുള്ളികളുള്ള ചില ആടുകളും കൗതുകക്കാഴ്ചയായി. സിരോഹികോലാട് എന്നാണവ അറിയപ്പെടുന്നത്.      അപ്രതീക്ഷിതവിഘ്‌നങ്ങളൊന്നും  സംഭവിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ മൂന്നരമണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തേണ്ടതാണ്.   കുംഭാൽഗർ വിനോദസഞ്ചാരഭൂപടത്തിൽ ഇടംപിടിച്ചിട്ട്  അത്രയധികമൊന്നുമായിട്ടില്ല. അതിനാലാവാം അങ്ങോട്ടുള്ള പാതകൾ അത്രയൊന്നും വികസനം പ്രാപിക്കാതിരുന്നതും. 2013 ലാണ് യുനെസ്‌കോ ഈ കോട്ടയെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 


നേരമിരുണ്ടശേഷമാണ് ഞങ്ങളുടെ അന്നത്തെ അഭയകേന്ദ്രമായ 'കുംഭാൽഗർ സഫാരി ക്യാമ്പ്' എന്ന സുന്ദരമായ റിസോർട്ടിൽ എത്തിച്ചേർന്നത്. വർണ്ണവെളിച്ചത്തിൽ ആറാടിനിൽക്കുന്ന പാതകളും കുന്നിന്മുകളിലേക്കു വളർന്നുകയറിയിരിക്കുന്ന റിസോർട്ടിലെ കോട്ടേജുകളും ഒരദ്‌ഭുതക്കാഴചയായിരുന്നു. സ്വാഗതപാനീയം നൽകി സ്വീകരിച്ചശേഷം ഞങ്ങളെ കൂടാരത്തിന്റെ മാതൃകയിൽ സജ്ജമാക്കിയിരിക്കുന്ന കോട്ടേജുകളിലേക്കു എത്തിച്ചു. അത്താഴശേഷം നാടോടിക്കലാരൂപങ്ങളും നൂൽപ്പാവനൃത്തവും ഒക്കെ ഡൈനിങ്ങ്ഹാളിനു മുമ്പിലുള്ള പുൽമൈതാനത്ത് സജ്ജമാക്കിയ ചെറിയ സ്റ്റേജിൽ  അവതരിപ്പിക്കപ്പെട്ടിരുന്നു. നല്ല തണുപ്പുണ്ടായിരുന്നിട്ടും അതിഥികൾ എല്ലാവരും അതൊക്കെ നന്നായി ആസ്വദിച്ചു. തിരികെ കോട്ടേജിലെത്തി നന്നായി ഉറങ്ങി. അതിരാവിലെയുണർന്നു സൂര്യോദയത്തിനായി കാത്തുനിന്നു. അവർണ്ണനീയമായിരുന്നു ആ കുന്നിന്മുകളിൽനിന്നു കണ്ട ദൃശ്യവിസ്മയം. പിന്നെ പ്രാതൽകഴിച്ച് കുംഭാൽഗർകോട്ടയിലേക്ക് യാത്രയായി. ആറുകിലോമീറ്റർ ദൂരമാണ് അവിടേക്ക്. 


ആരാവലിപർവ്വതനിരകളിൽ ജൻമംകൊണ്ടതാണ്  ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട. ഇപ്പോഴത്തെ  രാജ്‌സമന്ദ് ജില്ലയിൽ ആണ് ഈ കോട്ട   . ഇന്ത്യയിലെ 'ചൈനീസ് വന്‍മതില്‍' എന്നാണ് ഈ കോട്ട  വിശേഷിപ്പിക്കപ്പെടുന്നത്‌. 13 മലനിരകളിലായി പരന്നുകിടക്കുന്ന ഈ കോട്ടമതിൽ  ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഏറ്റവും നീളംകൂടിയതാണ് എന്നതിനാലാണ് ഈ വിശേഷണം. 36 കിലോമീറ്ററാണ് മേവാറിന്റെ മാർവാറിൽനിന്ന് വേർതിരിക്കുന്ന, ഏഴുമീറ്ററോളം  വീതിയുള്ള    ഈ കോട്ടമതിലിന്റെ ദൈർഘ്യം. പതിനഞ്ചാംനൂറ്റാണ്ടിലാണ്  ഇന്ന് കാണുന്ന കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ  അതിപ്രശസ്തനായ രജപുത്ര രാജാവ്  മഹാറാണാപ്രതാപ്‌സിംഗ് ജന്മംകൊണ്ടത് ഈ കോട്ടയിൽവെച്ചാണ്. 


ഈ  കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ  മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാകുംഭാ 1448 ൽ  ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ മുതൽ വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ഒരു സന്യാസി അവിടെയെത്തി പരിഹാരമായി അറിയിച്ചത്  സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു. ആരും അതിനായി മുന്നോട്ടുവരാത്തതിനാൽ  അദ്ദേഹം സ്വയം  ആ നരബലിക്കു സന്നദ്ധനായി. ശിരസ്സറുത്ത്, കബന്ധം നടന്നു കുറേദൂരം മുമ്പോട്ട് പോയി.  ശിരസ്സ് വീണിടവും കബന്ധം വീണിടവും പാവനമായിത്തന്നെ സംരക്ഷിക്കപ്പെടുന്നു. 15വർഷമെടുത്തു പണി പൂർത്തീകരിക്കാൻ. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ  ഏറ്റവും പ്രസക്തമായത് ഈ കോട്ടയും. മണ്ഡൻ  എന്നയാളായിരുന്നു ഈ കോട്ടയുടെ വാസ്തുശില്പി.

 പല ശക്തികളുടെയും സൈനികാക്രമണങ്ങൾ കോട്ടയ്ക്കുനേരെ ഉണ്ടായെങ്കിലും മഹാറാണാകുംഭാ എല്ലാറ്റിലും വിജയം വരിക്കുകയാണുണ്ടായത്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ  മൂത്തപുത്രനായ ഉദയ്‌കിരൺസിംഗ്,  രാജ്യാവകാശം വേഗം ലഭിക്കുന്നതിനായി പിതാവിനെ വധിക്കുകയുണ്ടായി. രാജാവിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രൻ തന്നെക്കാൾ ശക്തനെന്നു മനസ്സിലാക്കി, പിതാവ് അയാളെ കിരീടാവകാശിയാക്കിയെങ്കിലോ എന്ന ശങ്കയിലാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനു ഉദയ്‌സിംഗ് തയ്യാറായത്. കർമ്മഫലമോ മറ്റോ, അധികനാൾ കഴിയുംമുമ്പ്   ഉദയ്‌സിംഗ് ഇടിമിന്നലേറ്റ് മരണപ്പെട്ടു. അതല്ല, സ്വന്തം സഹോദരൻതന്നെ പിതാവിനെ കൊന്നതിന്റെ പ്രതികാരമായി അയാളെ വധിച്ചതാണെന്നും ചില അഭിപ്രായം നിലനിൽക്കുന്നു. 

'അരിത് പോൽ'   'ഹനുമാൻ പോൽ' എന്നീ കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് ഏരിയയിലാണ് ബസ്സ് ഞങ്ങളെ എത്തിച്ചത്. മണ്ഡോറിൽനിന്നു നിന്നുകൊണ്ടുവെന്ന ഹനുമാൻ  ഹനുമാൻപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇവിടെയാണ്.   അവിടെ നിന്ന് ടിക്കറ്റ് എടുത്തുവേണം അടുത്ത കവാടമായ ഹല്ലാ പോൽ കടന്നു  3600 അടി ഉയരമുള്ള  കുന്നിന്മുകളിലെ കോട്ടഭാഗത്തേക്ക്  കയറാൻ. സ്വദേശികൾക്ക് പത്തുരൂപയും വിദേശികൾക്ക് നൂറുരൂപയുമാണ് പ്രവേശനഫീസ്. ചുരംപോലെ വളവുകളും തിരിവുകളുമായി കിടക്കുന്ന ചെരിഞ്ഞ പാതയിലൂടെ  മുകളിലേക്ക് കയറുമ്പോൾത്തന്നെ ദൂരെയായി ഇരുഭാഗങ്ങളിലേക്കും നീണ്ടുകിടക്കുന്ന വലിയ കോട്ടമതിൽ ദൃശ്യമാകും.  ഈ കോട്ടമതിൽ ഭേദിച്ച് ഇവിടേക്കെത്തുക ദുഷ്കരമായിരുന്നു. അതിനാൽ ആദ്യകാലത്ത് ഈ കോട്ട അറിയപ്പെട്ടിരുന്നത് അജയ്ഗഡ്‌ എന്നായിരുന്നു. പല മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈ വന്മതിൽ വ്യാപാരിക്കുന്നത്. ഈ വനപ്രദേശം ഒരു വന്യമൃഗസംരക്ഷണകേന്ദ്രംകൂടിയാണിന്ന്. റാം പോൽ എന്ന പ്രധാനകവാടം.  കടന്നാണ്  അകത്തേക്ക് പ്രവേശിക്കുന്നത്. കടാർഗഡ് എന്നറിയപ്പെടുന്ന  ഈ ചെറിയ കോട്ടയ്ക്കുള്ളിൽ   കുന്നിൻനെറുകയിൽ  ബാദൽമഹൽ, കുംഭാമഹൽ  എന്നീ  സുന്ദരമായ കൊട്ടാരഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. റാം പോൽ കടന്നാൽ   അവിടെ അല്പം മാറി ചുവന്ന അടയാളത്തിൽ ഒരു കല്ല് കാണാം. അവിടെയായിരുന്നു സന്യാസിയുടെ ശിരസ്സ് പതിച്ചത്.  

കബന്ധം വീണിടത്തും ഒരു സ്മാരകകുടീരം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഗണേഷ് പോൽ, വിജയ് പോൽ, ഭൈരവ് പോൽ, നിംബു പോൽ, ചൗഗാൻ പോൽ, പഗഡ് പോൽ,  എന്നിങ്ങനെ ഒമ്പതു പ്രധാനകവാടങ്ങളാണ് കടന്നുപോകേണ്ടത്. മനോഹരമായ വാസ്തുശില്പസങ്കേതങ്ങളാണ് ഇവിടെയൊക്കെ നമ്മൾ കാണുന്ന കൊട്ടാരഭാഗങ്ങളും ക്ഷേത്രങ്ങളുമൊക്കെ. കൊട്ടാരക്കെട്ടിലേക്കുള്ള പാതയുടെ തുടക്കംകുറിക്കുന്ന  ഗണേഷ്പോലിനോട് ചേർന്നുതന്നെ   പൊതുജനങ്ങളുടെ ആരാധനയ്ക്കായി  റാണാകുംഭാ നിർമ്മിച്ച ഒരു ഗണേശക്ഷേത്രണ്ട്. അദ്ദേഹംതന്നെ സ്ഥാപിച്ച  ദുർഗ്ഗാക്ഷേത്രത്തിൽ വണങ്ങിയശേഷമാണ്  യുദ്ധങ്ങൾക്കുംമറ്റും പുറപ്പെട്ടിരുന്നത്.  ആയുധശേഖരത്തിനായി മാറ്റിവെച്ചിരിക്കുന്നിടത്ത് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നതുകാണാം.  കോട്ടയ്ക്കുള്ളിൽ  ജലസംഭരണിയും ധാന്യസംഭരണിയും തടവറയും ഒക്കെ സജ്ജീകരിച്ചിരുന്നു . ആക്രമണകാലത്തെ ഒളിത്താവളമായി മാത്രമാണ് ഇവിടം കണക്കാക്കിയിരുന്നത്. സ്ഥിരവാസം ഉണ്ടയിരുന്നില്ല. എങ്കിലും വലിയൊരു ജലസംഭരണി കോട്ടയ്ക്കുള്ളിലും താഴ്‌വാരത്ത് നീരൊഴുക്കിൽ  അണക്കെട്ടുകെട്ടി മറ്റൊരു ജലസംഭരണിയും  പ്രദേശവാസികളുടെ ദൈനംദിന, കൃഷി ആവശ്യങ്ങൾക്കായി സജ്ജമാക്കിയിരുന്നു. 

 കവാടങ്ങളുടെ മുൻഭാഗം ഇടുങ്ങിയതായാണ് കാണപ്പെട്ടത്. കൂടാതെ ചൗഗൻ പോലിന്റെ വാതിലുകളിൽ കൂർത്ത ഇരുമ്പുമുള്ളുകളും പിടിപ്പിച്ചിരിക്കുന്നു. ആനകളുടെ അനായാസആഗമനം തടയുന്നതിനായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം. പിന്നീടെത്തുന്നത് പഗഡി പോൽ എന്ന കവാടത്തിലാണ്. വിശിഷ്ടാതിഥികളും മറ്റും എത്തുമ്പോൾ തലപ്പാവുവെച്ചു സ്വീകരിക്കുന്ന കവാടമാണത്രേ അത്.  കുന്നിൻമുകളിൽ നിമ്മിച്ചിരിക്കുന്ന രണ്ടുനിലകളുള്ള  ബാദൽമഹലിന്റെ ഉൾവശം, ഭിത്തിയും മുകള്ഭാഗവും എല്ലാം,കടുംനീലയും വെള്ളനിറവും ഉപയോഗിച്ച് വരച്ച  മഴമേഘങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞതാണ്. മഴയില്ലാത്ത നാടായതുകൊണ്ടു മഴയുടെ സാന്നിധ്യം തോന്നിപ്പിക്കാനത്രേ ഇങ്ങനെ ചിത്രങ്ങൾ വരച്ചുചേർത്ത്. ഈ കൊട്ടാരവും അതിനോടുചേർന്ന ഭാഗങ്ങളും രണ്ടു  ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മർദാനമഹലും സനാനാമഹലും. മർദാനമഹൽ ഇപ്പോൾ സന്ദർശകർക്ക് തുറന്നുകൊടുത്തിട്ടില്ല. ചുവരോട് ചേർന്നുള്ള  ചെറിയ ഝരോഖകളിൽകൂടി സ്ത്രീജനങ്ങൾക്ക് പുറംകാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. കാറ്റ് ഉള്ളിൽകടക്കാനുള്ള പ്രത്യേകസംവിധാനങ്ങളും ഈ കൊട്ടാരത്തിന്റെ ഭിത്തികളിൽ സജ്ജീകരിച്ചിരുന്നു. റാണി കി രസോയി എന്നൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചരിക്കുന്നു. ഇരുവശങ്ങളിലുമുള്ള ടെറസ് പോലുള്ള ഭാഗങ്ങളിൽമിന്നു നോക്കിയാൽ ചുറ്റുമുള്ള ഭൂപ്രദേശം മുഴുവൻ വ്യക്തമായി കാണാൻ കഴിയും. ഒരു വശത്തു മാർവാഡും മറുവശത്ത് മേവാറും. ദൂരെ എവിടെയോ കാണുന്ന  ഹൽദിഘാട്ടി എന്നൊരു പ്രദേശത്തെ ഗൈഡ് പരിചയപ്പെടുത്തിയിരുന്നു. മഞ്ഞനിറമാണ് ആ പ്രദേശത്തിന്.  അവിടെവെച്ചാണ് 1576 ൽ   മേവാഡ്- മുഗൾ യുദ്ധം നടന്നത്.    യുദ്ധത്തിൽ മഹാറാണാ പ്രതാപിന്റെ ചേതക് എന്ന കുതിരയ്ക്കു ഗുരുതരമായ ക്ഷതമേൽക്കുകയും അവിടെവച്ച് അത് അന്ത്യശ്വാസംവലിക്കുകയും ചെയ്തു. 

മുകളിലെ കാഴ്ചകൾ കണ്ടു ചുരംപോലുള്ള പാതയിറങ്ങി താഴെയെത്തി. അവിടെനിന്നു വലതുഭാത്തേക്കുള്ള ചുറ്റുമതിലിനു മുകളിലൂടെ കുറേദൂരം നടന്നു. നാലു കുതിരസവാരിക്കാർക്ക് നിരയായി കടന്നുപോകാനുള്ള വീതിയുണ്ട് ആ പാതയ്ക്ക്. താഴെഭാഗത്തായി ഏതാനും ക്ഷേത്രങ്ങളുമുണ്ട്. കാലപ്പഴക്കത്തിൽ വന്ന ജീർണ്ണതകൾ വ്യക്തമാണെങ്കിലും  ശില്പഭംഗിനിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. ആദ്യം കാണുന്നത് ജൈനക്ഷേത്രമായ വേദി മന്ദിർ ആണ്. കുറെ  പടവുകൾ കയറിവേണം   മൂന്നുനിലയിലായി പണിതിരിക്കുന്ന ക്ഷേത്രത്തിൽ കടക്കാൻ. അഷ്ടകോൺ ആകൃതിയിലാണ് ക്ഷേത്രനിർമ്മാണം. മുകളിലെ താഴികക്കുടം  മുപ്പത്തിയാറു തൂണുകളിലായാണ് തങ്ങിനിർത്തിയിരിക്കുന്നത്. വേദിമന്ദിറിന്റെ കിഴക്കുവശത്തായി നീലകണ്ഠമഹാദേവക്ഷേത്രമാണ്. അഞ്ചടി ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലും എത്താൻ ധാരാളം പടവുകൾ കയറണം. പാർശ്വനാഥ് മന്ദിറാണ് മറ്റൊരു ക്ഷേത്രം.  ബാവൻദേവി ക്ഷേത്രത്തിൽ പേര് സൂചിപ്പിക്കുന്നതുപോലെ 52 മൂർത്തികളാണുള്ളത്. വിസ്തൃതമായ ഈ കോട്ടയ്ക്കുള്ളിൽ 300 ജൈനക്ഷേത്രങ്ങളും 60 ഹിന്ദുക്ഷേത്രങ്ങളുമുണ്ട്. ചിലതൊക്കെ അശോകചക്രവർത്തിയുടെ കാലത്തു് നിർമ്മിക്കപ്പെട്ടതാണ്.  വളരെക്കുറച്ചു ക്ഷേത്രങ്ങൾമാത്രമേ ഇന്ന് സജീവമായുള്ളു. 


ക്ഷേത്രങ്ങൾ കണ്ടിറങ്ങുമ്പോൾ അടുത്തുള്ള സ്‌കൂളിലെ കുട്ടികൾ ഇന്റെർവൽ സമയത്ത്  ചുറ്റുവട്ടത്തുള്ള ആത്തമരങ്ങളിൽനിന്നു പറിച്ചെടുത്ത ഫലങ്ങൾ  വിൽക്കാനിരിക്കുന്നതുകണ്ടു. എല്ലാവരും കുട്ടികളുടെ പഴങ്ങൾ വാങ്ങുകയും ചെയ്തു. അടുത്തുള്ളൊരു ലഘുഭക്ഷണശാലയിൽനിന്നു ചായയും ബിസ്കറ്റും കഴിച്ചശേഷം ഞങ്ങൾ ഈ വിസ്‌മയകോട്ടയോടു വിടപറഞ്ഞു. 

തിരികെ റിസോർട്ടിലെത്തിയശേഷം കോട്ടേജിൽനിന്നു ലഗേജെടുത്ത് പതിനൊന്നരയോടെ  ഉദയ്പൂരിലേക്കു യാത്രയായി. രണ്ടുമണിയോടടുത്ത് ഉദയ്പൂരിലെ ഉദയബാഗ് എന്ന  ഹോട്ടലിൽ എത്തി. പ്രധാനപാതയിൽനിന്നു കുറച്ചുള്ളിലേക്കു മാറിയുള്ള  അതിവിശാലമായൊരു റിസോർട് ആണിത്. വിസ്തൃതമായ  പുൽത്തകിടികളും മനോഹരമായ ഉദ്യാനങ്ങളുമൊക്കെയുള്ള ഈ റിസോർട് ട്രൂലി ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ളതാണ്. ഉച്ചഭക്ഷണം അവിടെനിന്നു കഴിച്ച ശേഷം കുറച്ചുനേരത്തെ വിശ്രമം. നാലുമണിയോടെ ചായ, കാപ്പി, സ്നാക്ക്സ് ഒക്കെ കഴിച്ച് 'ഭാരതീയ ലോക് കലാകേന്ദ്ര' എന്നൊരു കലാസ്ഥാപനം നടത്തുന്ന പപ്പറ്റ് ഷോയും നൃത്തപരിപാടികളും കാണാനായി  പോയി. അവിടുത്തെ മ്യൂസിയത്തിലും കുറച്ചുസമയം ചെലവഴിച്ചു. മടങ്ങി റിസോർട്ടിലെത്തിയപ്പോൾ അത്താഴസമയത്തും നാടോടിസംഗീതനൃത്തപരിപാടികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അതിനുശേഷം ബോൺ ഫയറും മറ്റും ഒരുക്കിയിരുന്നെങ്കിലും നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ടു ഞങ്ങൾ അതിൽ പങ്കെടുത്തില്ല. മുറിയിൽവന്നു സുഖമായി ഉറങ്ങി. 



Friday, January 14, 2022

രാജസ്ഥാൻ 14- ദിൽവാരാക്ഷേത്രം (incomplete)

 ഇനി പോകേണ്ടത് അതിപ്രശസ്തമായ ദിൽവാരാക്ഷേത്രത്തിലേക്കാണ്. ഒരുപക്ഷേ മൗണ്ട് അബുവിലെത്തുന്ന സഞ്ചാരികളിൽ ഏറ്റവുംകൂടുതൽപേർ സന്ദർശിച്ചിരിക്കുന്നത് ഒരു മാർബിൾശിലാവിസ്മയമായ  ഈ ജൈനക്ഷേത്രസമുച്ചയമായിരിക്കും. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ജൈനതീർത്ഥാടനകേന്ദ്രമാണ് ഇത്. പതിനൊന്നുമുതൽ പതിനാറുവരെയുള്ള  നൂറ്റാണ്ടുകളിലാണ്  ഈ ക്ഷേത്രങ്ങളുടെ  നിർമ്മാണം നടന്നത്. അതിസൂക്ഷ്മവും അതിലേറെ സങ്കീർണവുമായ, എന്നാൽ അങ്ങേയറ്റം പരിപൂർണ്ണത നിലനിർത്തി മെനെഞ്ഞെടുത്തിരിക്കുന്ന അതിമനോഹരമായ വെണ്ണക്കൽകവിതകളാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. സ്തൂപങ്ങളും കമാനങ്ങളും ചുവരുകളും  തോരണങ്ങൾ ചാർത്തിയ   വാതിലുകളും   ഉയരത്തിലുള്ള താഴികക്കുടങ്ങളും വേദികകളും എല്ലാം അതിസമർത്ഥരായ ശില്പികളുടെ കലാനൈപുണ്യത്തിന്റെ നിതാന്തനിദർശനങ്ങളാണ്. താജ് മഹലിനെ ലോകാദ്‌ഭുതമായി കാണുന്ന നമുക്ക്, അതിനേക്കാൾ ഏറെ  പുരാതനമായ ഈ വെണ്ണക്കൽവിസ്മയത്തെ എന്തുകൊണ്ട് ലോകാദ്‌ഭുതമായി കാണാൻ കഴിയുന്നില്ലാ  എന്നു ചിന്തിച്ചുപോകുന്നു. 

ക്ഷേത്രത്തിനുള്ളിൽ കടക്കണമെങ്കിൽ ബാഗ്, മൊബൈൽ, കാമറ മുതലായവയൊന്നും കൈയിൽ കരുതാൻ പാടില്ല. അതുകൊണ്ടു പുറത്തുള്ള കൗണ്ടറിനടുത്ത് ഇവയൊക്കെ ടൂർമാനേജരെ ഏല്പിച്ചശേഷം ചെരുപ്പ് ഒരു ഷെൽഫിൽ നിക്ഷേപിച്ചിട്ടാണ് ക്ഷേത്രത്തിലേക്ക് കയറിയത്.ഈ അഭൗമസൗന്ദര്യത്തെ ഒന്ന് കാമറയിലാക്കാൻ കഴിയില്ലല്ലോ എന്ന വ്യഥ മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. . ഇരുപതുവർഷംമുമ്പ് ഇവിടെ വന്നപ്പോൾ  കാണാൻസാധിച്ച വെണ്മയും തിളക്കവുമൊന്നും ഇപ്പോൾ കാണാൻ കഴിഞ്ഞില്ല. ഒരുപക്ഷേ കോവിഡ്കാലത്തെ ദീർഘമായ അടച്ചുപൂട്ടലിൽ ക്ഷേത്രത്തിന്റെ പരിപാലനവും നിർത്തിവെച്ചിരുന്നതുകൊണ്ടാവാം ഈ മാറ്റം.


വിവിധഘട്ടങ്ങളിലായി പൂർത്തീകരിക്കപ്പെട്ട ഈ ശില്പകലാസംഗ്രഹം അഞ്ചു പ്രധാനഭാഗങ്ങളുൾപ്പെട്ട ഒരു ക്ഷേത്രസമുച്ചയമാണ്.  ഇവയിൽ ഏറ്റവും പ്രശസ്തവും  പുരാതനവുമായത്,  ആദ്യജൈനതീർത്ഥങ്കരനായിരുന്ന ആദിനാഥ്ജിക്കായി സമർപ്പിക്കപ്പെട്ട വിമൽ വസാഹി  എന്ന ക്ഷേത്രമാണ്. ഗുജറാത്തിലെ സോളങ്കിവംശരാജാവായിരുന്ന വിമൽ ഷാ 1021ൽ  പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ആയിരത്തിയഞ്ഞൂറോളം  ശില്പികളും അതിനടുത്ത് തൊഴിലാളികളും പതിനാലുവർഷംനീണ്ട കഠിനാദ്ധ്വാനത്തിന്റെ മധുരഫലമാണ് വിമൽ വസാഹി . പക്ഷേ പലതവണ വിദേശാക്രമണത്തിനു വിധേയമായ ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. പുനഃരുദ്ധാരണത്തിനു ശ്രമങ്ങൾ നടന്നുവെങ്കിലും മൂലനിർമ്മിതിയുടെ പൂർണ്ണതയും ചാരുതയും  അവയിലൊന്നും ലഭിച്ചതുമില്ല. ക്ഷേത്രത്തിന്റെ മുൻപിലെ സഭാതലത്തിൽ  ശില്പമനോഹരമായ  നാല്പത്തിയെട്ടു വെണ്ണക്കൽസ്‌തൂപങ്ങളുണ്ട്. അവയിൽ  മദ്ധ്യത്തിൽ എട്ടുതൂണുകൾ മനോഹരമായ   താഴികക്കുടത്തെ താങ്ങിനിർത്തുന്നു.  അവ തന്നിൽ  ചേരുന്നിടത്തെ  അലുക്കുകളും എല്ലാം ചേർന്നു ഒരു മായികലോകത്തിൽ നമ്മെ എത്തിക്കും. താഴികക്കുടത്തിനു പതിനൊന്നു വൃത്തനിരകളിലാണ് കൊത്തുപണികൾ. ഒരു മാലയുടെ പതക്കംപോലെതോന്നും ഇത്. ചുറ്റുമുള്ള നാലുചുവരുകളിലായി 24 തീർത്ഥങ്കരന്മാരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇടനാഴികളിലെ മുകൾത്തട്ടിൽ പുരാണകഥകളും  കൊത്തിവെച്ചിരിക്കുന്നു.  ക്ഷേത്രത്തിലെ ആദിനാഥ്ജിയുടെ പ്രതിഷ്ഠ കൃഷ്ണശിലയിൽ ഉള്ളതാണ്. ക്ഷേത്രവാതിലിന് സമീപമുള്ള ഹസ്തിശാലയിൽ പത്തു മാർബിൾഗജവീരന്മാരുണ്ട്. വിമൽ ഷായുടെ പ്രതിമയുംയും അവിടെകാണാം. 


1231 പണിതീർത്ത ലൂണി വസാഹിയാണ് രണ്ടാമത്തെ പ്രധാന ക്ഷേത്രം. വീർധവാൻ എന്ന ഗുജറാത്ത് രാജാവ് തന്റെ സഹോദരനായ ലൂണിയുടെ ഓർമ്മക്കായി നിർമ്മിച്ച ഈ ക്ഷേത്രം 22 )മത് തീർത്ഥങ്കരനായിരുന്ന നേമിനാഥപ്രഭുവിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. സ്തൂപങ്ങളും താഴികക്കുടങ്ങളും ചുവരുകളും മച്ചും നിലവറയുമൊക്കെ വിവിധങ്ങളായ ശില്പങ്ങൾകൊണ്ട് അലംകൃതമാണ്.  ഹസ്തിശാലയും പ്രൗഢമനോഹരം. 

മൂന്നാമതായി പിത്തൽഹാർ ക്ഷേത്രമാണ്. പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠയെങ്കിലും അതിലെ പ്രധാന ഘടകപദാർത്ഥം  പിത്തള ആയതിനാലാണ് ക്ഷേത്രത്തിന് ഈ പേരുള്ളത്. ഒന്നാമത്തെ  ജൈനതീർത്ഥങ്കരനായിരുന്ന  ഋഷഭദേവ(ആദിനാഥൻ)ന്റേതാണ് ഇവിടുത്തെയും  പ്രതിഷ്ഠ. വിഗ്രഹം ആക്രമണങ്ങളിൽ  ഏതാണ്ട് വികലമാക്കപ്പെട്ട നിലയിലാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർണ്ണമാക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.  ഇടനാഴിയിലെ രംഗമണ്ഡപവും  അപൂർണ്ണമാണ്‌. 

അടുത്തത്  പാർശ്വനാഥക്ഷേത്രമാണ്.  മൂന്നുനിലകളിലായി വിഗ്രഹങ്ങൾ  പ്രതിഷ്ഠിച്ചിരിക്കുന്നപോലെ തോന്നുന്ന ഈ ക്ഷേത്രമാണ് സമുച്ചയത്തിലെ  ഏറ്റവും ഉയരം കൂടിയതും. 23 )o ജൈനതീർത്ഥങ്കകാരനായ പാർശ്വനാഥന്‌ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽക്കാണുന്ന,  ദേവതമാരുടെയും സാലഭഞ്ജികമാരുടേയുമൊക്കെ ഇവിടെക്കാണുന്ന,  ദേവതമാരുടെയും സാലഭഞ്ജികമാരുടേയുമൊക്കെ ശില്പങ്ങളുടെ സൗന്ദര്യം വാക്കുകളിൽ ധ്വനിപ്പിക്കാൻ കഴിയുന്നതല്ല. അടുത്തത്  ഈ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും ചെറിയ നിർമ്മിതിയായ മഹാവീർസ്വാമിക്ഷേത്രമാണ്.  23 )o ജൈനതീർത്ഥങ്കകാരനായ മഹാവീരനാണ് പ്രതിഷ്ഠ. 1582 ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയെങ്കിലും 1764 ൽ സിരോഹിയിലെ  ചിത്രകാരന്മാർ ആലേഖനം ചെയ്ത ഏതാനും ചിത്രങ്ങളും ചുവരുകളുടെ ഉപരിഭാഗങ്ങളിൽ കാണാം. 

അലാവുദ്ദീൻ ഖിൽജി 1311 ൽ ഇവിടെ ആക്രമണം നടത്തിയപ്പോൾ ക്ഷേത്രനിർമ്മിതികൾക്ക് നന്നേ കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് പല ഭരണാധികാരികളും പുരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പൂർവ്വരൂപത്തിന്റെ യഥാതഥമായ സൗന്ദര്യാവിഷ്കാരം അപ്രാപ്യമായി നിലകൊണ്ടു. മാർബിളിന്റെ നിറത്തിൽനിന്ന്   ഈ വ്യത്യാസങ്ങൾ നമുക്കറിയാനുമാകും. 

ക്ഷേത്രത്തിലെ പുരോഹിതന്മാരിൽ ഒരാളെന്നു തോന്നിയ ഒരാളോട് അവിടുത്തെ വിഗ്രഹത്തേക്കുറിച്ചും  ശില്പങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ ഒരു ഗൈഡിനെപ്പോലെ എല്ലായിടവും കൊണ്ടുനടന്നു വിശദമായി പറഞ്ഞുതന്നു. കൈയിൽ ബാഗും പേഴ്‌സും പണവുമൊന്നും ഇല്ലാതിരുന്നതുകൊണ്ട്  അദ്ദേഹത്തിന് പ്രതിഫലമൊന്നും നല്കാനുമായില്ല. കാര്യം പറഞ്ഞപ്പോൾ അതൊന്നും സാരമില്ല എന്നുപറഞ്ഞു സന്തോഷത്തോടെ യാത്രയാക്കി. എങ്കിലും ആ ദുഃഖം ഇന്നും മനസ്സിനെ നീറ്റുന്നുണ്ട് . 


Monday, January 10, 2022

യാത്രകളിലെ കാഴ്ചകൾ - മെട്രോ മിറർ ജനുവരി ലക്കം

 2022 പിറന്നിരിക്കുകയാണ്. മഹാമാരിയുടെ ഭീതി ഇരുട്ടിലാഴ്ത്തിയ ഒരുവർഷംകൂടി എങ്ങനെയൊക്കെയോ കടന്നുപോയിരിക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗവും പുതുവകഭേദങ്ങളും വലിയൊരു ഭീഷണിയുമായി മനുഷ്യകുലത്തിനെതിരെ ആഞ്ഞടിച്ചെങ്കിലും പ്രതിരോധകുത്തിവയ്‌പും കാര്യക്ഷമമായ ചികിത്സാവിധികളുമൊക്കെക്കാരണം വളരെമികച്ചരീതിയിൽ നമ്മളതിനെയൊക്കെ നേരിട്ടു. ഇപ്പോഴും മൂന്നാംതരംഗത്തിന്റെ ഭീഷണിയിൽ ഒട്ടും പതറാതെ നമ്മൾ മുന്നേറുന്നുമുണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് സാധാരണജനങ്ങളുടെ  ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയും. ശബ്ദായമാനമായ ലോകത്തെ എത്രവേഗമാണ് നിശ്ശബ്ദതയുടെ കുടക്കീഴിലേക്കു  മാറ്റിയിരുത്താൻ നന്ഗ്നനേത്രങ്ങൾക്കു ഗോചരമല്ലാത്ത  ഒരു  കുഞ്ഞൻ വൈറസിന് കഴിഞ്ഞത് എന്നത് അല്പമൊരു തമാശകലർന്ന അദ്‌ഭുതത്തോടെയല്ലേ നമുക്കോർക്കാനാവൂ. ലോകത്തിന്റെ ചലനാത്മകതയെ  എത്രവേഗമാണ് ഈ വൈറസ് കടിഞ്ഞാണിട്ട് നിർത്തിയത്! അതിബുദ്ധിമാനായ  മനുഷ്യന്റെ എല്ലാ  കണക്കുകൂട്ടലുകളും വെറും മിഥ്യയെന്നു കാട്ടിത്തരാൻ വളരെ കുറഞ്ഞ ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. 


ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും തോറ്റുപിന്മാറുന്ന ചരിത്രം മനുഷ്യനില്ല. ഒന്നുപകച്ചുപോയെന്നുള്ളത് ശരിയാണെങ്കിലും കുതിച്ചുമുന്നേറിയെ മതിയാകൂ. സാധാരണമനുഷ്യർ തങ്ങളുടെ പ്രവൃത്തിമേഖലകളിലേക്കു മടങ്ങിയെത്തുകയും അധികാരകേന്ദ്രങ്ങളിലുള്ളവർ തങ്ങളുടെ കർമ്മപഥങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒന്നാം തരംഗകാലത്തും രണ്ടാം തരംഗകാലത്തും സംഭവിച്ചുപോയ പിഴവുകളൊന്നും ഈ മൂന്നാംതരംഗകാലത്ത് അവർത്തിക്കുകയില്ലെന്ന ദൃഢനിശ്ചയം എല്ലാവരും എടുത്തിട്ടുണ്ടെന്നും നമുക്ക് പ്രത്യാശിക്കാം. 


ഒന്നരവർഷത്തിലധികമായി കൊറോണ കടിഞ്ഞാണിട്ടിരുന്ന എന്റെ  യാത്രകൾ പുനരാരംഭിച്ചത്  കഴിഞ്ഞ ഒക്ടോബറിലാണ് . ഓഗസ്റ്റ്മാസത്തിൽ നാട്ടിലേക്കൊരു യാത്ര തീരുമാനിച്ചിരുന്നെങ്കിലും ക്വാറന്റൈൻ, RT -PCR ഒക്കെ നിർബ്ബന്ധമായിരുന്നതുകൊണ്ടു പിന്മാറുകയായിരുന്നു. പിന്നെ ഒരു യാത്രപോയത് രാജസ്ഥാനിലേക്കാണ് . അങ്ങോട്ടുപോകാൻ ആകെ ആവശ്യമായിരുന്നത് വാക്‌സിനേഷൻ സെർട്ടിഫിക്കറ്റ് മാത്രമായിരുന്നു. മുംബൈ, ജയ്പുർ എയർപോർട്ടുകളിൽ ശരീരോഷ്മാവും നോക്കിയിരുന്നു. രാജസ്ഥാനിലെ പ്രതിദിനരോഗികളുടെ എണ്ണം അക്കാലത്തു ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തായാലും രാജസ്ഥാനിലിലെ വിവിധപ്രദേശങ്ങളിലൂടെ പതിനഞ്ചുദിവസം നീണ്ട യാത്രയിൽ മനസ്സിലായതും കൊറോണ അവിടുത്തെ ജനങ്ങളുടെ അത്രയൊന്നും ഭയപ്പെടുത്തിയിരുന്നില്ല എന്നാണ്. ഗ്രാമപ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നവർ നന്നേ ചുരുക്കം. പക്ഷേ കൊറോണ അവരുടെ ജീവിതതാളം ഏതാണ്ട് നിശ്ചലമാക്കി എന്നുതന്നെ പറയാം. ലോക് ഡൗൺ മൂലം   വിനോദസഞ്ചാരികൾ എത്താതിരുന്നതുകൊണ്ട്  രാജസ്ഥാൻ തികച്ചും  ഒറ്റപ്പെട്ടുപോയിരുന്നു. സംസ്ഥാനത്തിന്റെ അധികഭൂഭാഗവും മരുഭൂമിയായതുകൊണ്ടു കൃഷിയെ പൂർണ്ണമായി ആശ്രയിക്കാനാവാത്ത പരിതഃസ്ഥിതിയാണിവിടെ.  എന്നിട്ടും എങ്ങനെയാണവർ ഇത്തരമൊരു ദുരിതപർവ്വം കടന്നുപോന്നതെന്ന് ആശ്ചര്യം തോന്നി. ലോക് ഡൗൺ തുടങ്ങിയ കാലത്തെന്നോ, ഭക്ഷണം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന സഹജീവികളുടെ ദുഃഖമറിഞ്ഞു ഭക്ഷണമെത്തിക്കാൻ റാം നിവാസ് മന്ദൻ എന്ന ഒരു ജോധ്പൂർകാരൻ    തന്റെ ആജന്മസമ്പാദ്യമായ അൻപതുലക്ഷം രൂപ നൽകിയതായി വാർത്തവന്നതോർക്കുന്നു.  നൂറോളം ഗ്രാമപ്പഞ്ചായത്തുകളിലായി ഒട്ടനവധി കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ഈ തുകകൊണ്ട്  കഴിഞ്ഞിരുന്നത്രേ! അതേത്തുടർന്ന് മറ്റുധാരാളം മനുഷ്യസ്നേഹികളും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മുന്നോട്ടു വന്നിരുന്നു. സർക്കാർ സംവിധാനങ്ങളും സഹായഹസ്തവുമായി ഉണ്ടായിരുന്നു.  എങ്കിലും നീണ്ടകാലത്തെ ലോക്ക് ഡൌൺ സാധാരണക്കാരായ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയായിരുന്നു. 


രാജസ്ഥാനിലെ യാത്രയ്ക്കിടയിൽ ഹൃദയത്തിലിടംനേടിയ ചിലകാര്യങ്ങളുണ്ട്. അന്നാട്ടിലുടനീളം സഞ്ചരിച്ച അതിമനോഹരമായ റോഡുകൾ മാത്രമല്ല,  മനുഷ്യൻ മനുഷ്യനാകുന്നതെങ്ങനെയെന്നും പ്രകൃതിയുമായി എങ്ങനെയാണു മനുഷ്യജീവിതത്തെ ചേർത്തുനിർത്തേണ്ടതെന്നും നമ്മെ പഠിപ്പിച്ചുതരുന്ന കാര്യങ്ങൾ.  


 ഗ്രാമങ്ങളെന്നോ പട്ടണങ്ങളെന്നോ വ്യത്യാസമില്ലാതെ അന്നാട്ടിലെ ജനങ്ങൾ കാത്തുസൂക്ഷിക്കുന്ന സത്യസന്ധതയാണ് ഏറ്റവുമധികം മനസ്സിൽ തൊട്ടത്. പലകാര്യങ്ങൾക്കും വിനോദസഞ്ചാരികളിൽനിന്നു കൂടുതൽ പണം അവർക്ക്  ഈടാക്കാനാവും. പക്ഷേ ആരുംതന്നെ അങ്ങനെ ചെയ്തതായി തോന്നിയില്ല.   സഞ്ചാരികൾക്ക് ചിത്രപുസ്തകങ്ങൾ വിൽക്കാൻ നടന്നിരുന്ന, എല്ലുംതോലുംമാത്രമുള്ള ഒരു പയ്യനോട്  "പണം തരാം, പുസ്തകം വേണ്ടാ" എന്നുപറഞ്ഞപ്പോൾ അവനതു വാങ്ങാൻ തയ്യാറായില്ല. "എനിക്ക് നന്നായി വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ  നിങ്ങൾ ഈ പുസ്തകം വാങ്ങി എന്നെ സഹായിക്കൂ." എന്നാണവർ പറഞ്ഞത്.  പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമുള്ള ആ കുഞ്ഞിന്റെ ആത്മാഭിമാനബോധം അനല്പമല്ലാത്തവിധം അമ്പരപ്പിച്ചു. എന്നുവെച്ചു ഭിക്ഷക്കാർ ഇല്ലെന്നല്ല. ജോലിക്കുള്ള അവസരമില്ലെങ്കിൽ വിശപ്പകറ്റാൻ വേറെ എന്തുചെയ്യാനാകും!


വഴിയോരങ്ങളിൽ വാസസ്ഥലങ്ങളുടെയടുത്തും കൃഷിയിടങ്ങളിലും വെളിമ്പറമ്പുകളിലുമൊക്കെ വൃക്ഷശിഖരങ്ങളിലും തൂണുകളിലുമൊക്കെയായി മൺചട്ടികൾ പോലെതോന്നുന്ന  ചില പത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നതുകണ്ടിരുന്നു.  അവ ചെടിച്ചട്ടികളല്ല എന്ന് മനസ്സിലായി. എന്താണെന്നറിയാനൊരു കൗതുകംതോന്നി അന്വേഷിച്ചപ്പോഴാണ് അവയിൽ പക്ഷികൾക്കുള്ള ആഹാരവും ഭക്ഷണവുമാണെന്നു മനസ്സിലായത്. മരുഭൂമിയായതുകൊണ്ടു സ്വാഭാവികമായുള്ള ജലദൗർലഭ്യമുണ്ടല്ലോ. പക്ഷികൾക്ക്  ദാഹജലംകിട്ടാതെ ജീവനാശം വന്നുപോകാതിരിക്കാനുള്ള മുൻകരുതലാണിത്. എത്ര ഉദാത്തമായ മാനവികത! ദുരിതങ്ങളും ദുഖങ്ങളും അനുഭവിക്കുന്നവർക്കേ സഹജീവിയുടെ ദുഃഖംകാണാൻ കഴിയൂ. 

മനസ്സിൻറെ കുളിർമ്മ നൽകിയൊരു കാഴ്ചയായിരുന്നു ബിക്കാനീർ പട്ടണത്തിലേക്കുള്ള പാതയരികിൽക്കണ്ട ഗോശാല. നമ്മുടെ നാട്ടിലും ചില ക്ഷേത്രങ്ങളോടുചേർന്നു ഗോശാലകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണ്. മരുപ്രദേശമാണെങ്കിലും  രാജസ്ഥാനിൽ ധാരാളം പശുക്കളും പശുപാലകരുമൊക്കെയുണ്ട്. എന്നാൽ  പ്രായാധിക്യം വന്ന പശുക്കളെയും കാളകളെയുമൊക്കെ തീറ്റിപ്പോറ്റാൻ അവയുടെ  ദരിദ്രരായ ഉടമകൾക്ക്  കഴിയാതെവരുന്നു. അവർ ഉപേക്ഷിക്കുന്ന  മൃഗങ്ങളെ പട്ടിണിമരണത്തിൽനിന്നും ഇറച്ചിവെട്ടുകാരിൽനിന്നും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ ഗോശാല. ഭക്ഷണവും പരിചരണങ്ങളും നൽകി  അവിടെ സംരക്ഷിക്കപ്പെടുന്ന  ഈ നാൽക്കാലികൾ  ശ്രേഷ്ഠതരമായ മനുഷ്യസ്‌നേഹത്തിന്റെ ഗുണഭോക്താക്കളാണല്ലേ! രാജസ്ഥാനിൽ ഇത്തരം നൂറുകണക്കിന് ഗോശാലകളുണ്ട്. ആയിരക്കണക്കിന് ഗോക്കളും. നമുക്കും വേണമെങ്കിൽ ഈ ഗോശാലകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യാം. 



പ്രധാനപട്ടണങ്ങളിൽപോലും മെഡിക്കൽഷോപ്പുകൾ വളരെക്കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടൊരു കാര്യമാണ്. ഒരത്യാവശ്യമരുന്നിനായി ജയ്സാൽമീർ പട്ടണത്തിൽ കുറെയധികം അലയേണ്ടിവന്നു. അതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അന്നാട്ടുകാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഏറെ മതിപ്പുതോന്നിയത്. അവിടെ ആളുകൾക്ക്  രോഗങ്ങൾ വരുന്നത് വളരെ അപൂർവ്വമാണത്രേ! അതുകൊണ്ടുതന്നെ ആശുപത്രിസൗകര്യങ്ങളും മരുന്നുകടകളും  വളരെക്കുറവ്. പക്ഷേ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഏതുസമയത്തും  തുറന്നുവെച്ചിരിക്കുന്ന മദ്യക്കടകൾ അനവധിയായാണ്.  എന്നുവെച്ചു തിക്കിത്തിരക്കോ ബഹളമോ ഒന്നും എവിടെയുമില്ല. മാത്രവുമല്ല, മദ്യം സുലഭമാണെങ്കിലും  മദ്യപിച്ചു ബോധംനഷ്ടപ്പെട്ടു വഴിയോരത്തും പൊതുസ്ഥലങ്ങളിലും കിടക്കുന്നവരെയും ബഹളമുണ്ടാക്കുന്നവരെയുമൊന്നും എവിടെയും  കാണാനില്ല. അങ്ങനെയൊരു പതിവും ഇവിടുത്തുകാർക്കില്ലത്രേ! 


ഇവിടുത്തെ ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളുമൊക്കെ വർണ്ണിക്കാൻ  സ്ഥലപരിമിതി അനുവദിക്കില്ല. പക്ഷേ അവയെയൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ സംരക്ഷിക്കുകയും  പരിപാലിക്കുകയും ചെയ്യുന്ന രാജസ്ഥാൻ ജനതയും  ഭരണസംവിധാനങ്ങളും എന്തുകൊണ്ടും അഭിന്ദനമർഹിക്കുന്നു. ഇവയിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ചരിത്രസ്‌മാരകമാണ് ജോധ്‌പൂരിലെ  രാജകുടുംബവസതിയായ  ഉമൈദ് ഭവൻ പാലസ്. തീർച്ചയായും അതിമനോഹരമായ  ഒരു പ്രൗഢനിർമ്മിതിയാണിത്. എന്നാൽ  347 മുറികളുള്ള  ഈ മണിമാളികയുടെ  ഗാംഭീര്യത്തെക്കാൾ ഇതിന്റെ നിർമ്മാണത്തിനുപിന്നിലുള്ള കാരണമാണ് എന്നെ കൂടുതൽ സ്പർശിച്ചത്. 1920-കളിൽ 3 വർഷം തുടർച്ചയായി ജോധ്പൂരിൽ വരൾച്ചയും പട്ടിണിയും നേരിട്ടു. പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കർഷകർ ജോധ്പൂരിലെ അന്നത്തെ രാജാവായിരുന്ന ഉമൈദ് സിംഗ് റാത്തോറിനോട് തങ്ങളുടെ സങ്കടം ഉണർത്തിച്ചു. കർഷകർക്ക് ജോലിനല്കാനായി ഇങ്ങനെയൊരു കൊട്ടാരം നിർമ്മിക്കാൻ രാജാവ് തീരുമാനിക്കുകയായിരുന്നു. 1929-ലാണ് പാലസിനു തറകല്ലിട്ടത്. 2000 മുതൽ 3000 പേർ വരെ കൊട്ടാരനിർമ്മാണജോലിചെയ്തു. ജോലികൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നതുകൊണ്ടു നിർമ്മാണം വളരെ മന്ദഗതിയിലാണ് നീങ്ങിയത്. 1943 ലാണ് പണിപൂർത്തിയായി കൊട്ടാരത്തിൽ താമസം തുടങ്ങിയത്. ഒരുകോടിയിലധികംരൂപ ചെലവിട്ടാണ് കൊട്ടാരം പണിതത്. അക്കാലത്തെ ഭീമമായൊരു തുക!  വേണമെങ്കിൽ രാജാവിന് ആ പണം, ദയനീയാവസ്ഥ മനസ്സിലാക്കി  കർഷകർക്ക് വീതിച്ചു നൽകാമായിരുന്നു. അതുകൊണ്ടു പല ദുരന്തങ്ങളാണുണ്ടാകുമായിരുന്നത്. ഏറ്റവും പ്രധാനം പരിശ്രമശാലികളായ  കർഷകരുടെ ആത്മാഭിമാനത്തെ ഈ ദാനം വ്രണപ്പെടുത്തുമെന്നതുതന്നെ. മറ്റൊന്ന് വെറുതെ കിട്ടുന്ന പണമായതുകൊണ്ടു അത് ധൂർത്തടിക്കാൻ ചിലരെങ്കിലും സന്നദ്ധമായേക്കും. മാത്രമല്ല, പലരെയും അലസന്മാരാക്കാനും അത് കാരണമാകും. എത്ര ദീർഘവീക്ഷണത്തോടെയാണ് രാജാവ് അത്തരമൊരു തീരുമാമെടുത്തത് എന്ന് തോന്നുന്നില്ലേ! 


വ്യക്തിപരമായി എനിക്ക് ഹൃദയസ്പർശിയായ ഒരനുഭവവും ഉണ്ടായി.  രാജസ്ഥാനിലെ യാത്രയുടെ പന്ത്രണ്ടാം ദിനം. രൺതംഭോർ എത്തിയത് രാത്രിയിലാണ്. പട്ടണത്തിൽനിന്നു പത്തുപതിനേഴുകിലോമീറ്റർ ദൂരെയുള്ള ഒരു റിസോർട്ടിലായിരുന്നു താമസം. രാത്രിയിൽ എന്റെ ഭർത്താവിന് തീരെ സുഖമില്ലാതെയായി. വെളുപ്പിന് നാലുമണിയായപ്പോൾ ഒരാശുപത്രിയിൽ  എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ഡോക്ടർ സാരമായി ഒന്നുമില്ല എന്നുപറഞ്ഞു ഒരു ഇഞ്ചക്ഷനും കൊടുത്തു ഞങ്ങളെ മടക്കി. തത്കാലത്തേക്ക് ഒരാശ്വാസം കിട്ടിയെങ്കിലും  കുറച്ചുകഴിഞ്ഞപ്പോൾ സ്ഥിതി പൂർവ്വാധികം മോശമായി, ഏതാണ്ട്  അബോധാവസ്ഥയിൽ .  ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ.   എന്നോടൊപ്പം ടൂർ മാനേജർമാരിൽ ഒരാൾകൂടി  വരാൻ തയ്യാറായി.   ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 





Sunday, January 2, 2022

ഭ്രാന്ത് ( ധനു )

 ലക്ഷ്യങ്ങൾ നേടുവാൻ കഴിയാതെയുഴറുമ്പോൾ  

അറിയാതെ തലതല്ലിക്കരയുന്നു ഞാൻ വൃഥാ! 

ദൂരങ്ങൾ താണ്ടുവാൻ കഴിയാതെ നോവുമ്പോൾ 

ഗർഹിക്കും വ്രണിതപാദങ്ങളെ  മേൽക്കുമേൽ!

അകലുന്ന സ്നേഹത്തിൻ ദീപകജ്വാലകൾ 

അന്ധകാരത്തിലേക്കെന്നെ നയിക്കുന്നു, 

ഭ്രാന്തിന്റെ വേരുകൾ എന്നിൽ മുളയ്ക്കുന്നു.



Saturday, January 1, 2022

കാവ്യകേളി. അ

1.അണയുമീ നവവത്സരത്തിൻ പ്രഭാതത്തിൽ 
അകതാരിൽ വിരിയും പ്രതീക്ഷതൻ പൂവുകൾ
അഴകേറും വർണ്ണങ്ങൾ ചലിച്ചുചേർത്തതിൽ 
അരുമയാം കനവിന്റെ പരിമളം ചേർത്തുവോ! 

അഴലിന്റെ നിഴൽവീണ ദുരിതപർവ്വങ്ങളും  
അല്ലലിൻ കയ്പുനീർ  നിറയും ദിനങ്ങളും
അകലേക്കു പോയ്മറഞ്ഞീടട്ടെ, നിറയട്ടെ 
അമൃതമാമാനന്ദദീപ്തിയീയുലകിതിൽ

2,അകലെയെങ്ങോ വരുന്നുണ്ടൊരു പൂക്കാലം
അഴൽ മാറി,യവനിയിൽ കോകിലം പാടിടും. 
അരുമയാം പൈതലിൻ മന്ദസ്മിതംപോലെ 
അർക്കനീയവനിയിൽ പ്രഭതൂകി നിന്നിടും.  
അംബുജം പൂവിട്ട പൊയ്കയിൽ മാൻപേട
അൻപോടെ തന്മുഖച്ഛായ തിരഞ്ഞിടും. 
അതിരറ്റ സ്നേഹത്തിന്നാനന്ദധാരയിൽ 
അനുസ്യുതമൊഴുകുമെന്നാശതൻ തോണിയും! 

3.അരുണന്റെ കിരണങ്ങൾ ഇരുളകറ്റീടുന്നു,
അമലമാം ഹിമകണം വൈരം മിനുക്കുന്നു, 
അല്ലിച്ചെന്താമരപ്പൂവിലെത്തേൻകണം,
അലയുന്ന പൂമ്പാറ്റയ്ക്കമൃതമായ്തത്തീരുന്നു, 
അലയാഴി മെല്ലേത്തഴുകിത്തലോടുന്നു ,
അത്രമേൽ സ്‌നേഹത്താൽ തീരത്തെ മേൽക്കുമേൽ, 
അഴലെനിക്കെന്തിനീയുലകത്തിൽ ഭൂമിയാം,
അമ്മതൻ വാത്സല്യമെന്നിൽച്ചൊരിയുകിൽ !