Monday, December 22, 2014

വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഹാ! വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?

       ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന, മലയാളത്തിന്റെ പ്രിയകവിയുടെ ഓരോ അക്ഷരക്കൂട്ടുകളും. വൈലോപ്പിള്ളിയെ കൂടാതെ മലയാള കവിതാശഖയ്ക്ക് ഒരു ചരിത്രമില്ല തന്നെ. കാല്പനികത കൊടികുത്തിവാണിരുന്ന, അതിന്റെ താരള്യത്തില്‍ ഉണ്മ തന്നെ ചോദ്യം ചെയ്യപ്പെട്ടു നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പും തുടിപ്പും പച്ചയായി ആവിഷ്കരിക്കുന്ന, ലാളിത്യവും ഒപ്പം ഗഹനതയും ഒന്നിനോടൊന്നിണങ്ങിച്ചേര്‍ന്ന ഒരുപിടി മലയാള കവിതകളുമായി ഈ യുഗപരിവര്‍ത്തന കവി അരങ്ങത്തെത്തുന്നത്. കൈരളിക്കു കിട്ടിയ ഒരു വലിയ സൗഭാഗ്യം തന്നെയാണ് ഈ കവിയുടെ തൂലിക 'തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല, ജീവിതത്തിന്റെ
കടലെ' ന്ന മഷിപ്പാത്രത്തില്‍ മുക്കിയെഴുതിയ ഓരോ കവിതാമലരുകളും.

         1911 മെയ് 11ന് എറണാകുളം കലൂരില്‍ ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനനം. ഡോക്ടറാവണമെന്നാഗ്രഹിച്ചു പഠിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം അതിനു കഴിഞ്ഞില്ല. ബി.എ., ബി.ടി. ബിരുദങ്ങള്‍ നേടി. അധ്യാപകനായി. 1952-ലായിരുന്നു വിവാഹം. ഭാര്യ ഭാനുമതിയമ്മ. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. 

       18-ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ വൈലോപ്പിള്ളിയുടെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. ആദ്യ കവിതാസമാഹാരം, കന്നിക്കൊയ്ത്ത് പുറത്തിറങ്ങിയത് 1947-ലാണ്. വിഖ്യാതമായ 'മാമ്പഴം', 'സഹ്യന്റെ മകന്‍', 'കാക്ക', 'ആസാം പണിക്കാര്‍' തുടങ്ങിയ രചനകള്‍ ഈ സമാഹാരത്തിലാണ്. രണ്ടാമത്തെ കവിതാസമാഹാരം 'ശ്രീരേഖ' 1950-ല്‍ പുറത്തിറങ്ങി. ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം 'കുടിയൊഴിക്കല്‍' പുറത്തിറങ്ങുന്നത് 1952-ലാണ്. ജന്മിത്തത്തെപ്പറ്റി, തൊഴിലാളിവര്‍ഗത്തെപ്പറ്റി, അവരുടെ മോചനത്തെപ്പറ്റി, വിപ്ലവത്തെപ്പറ്റിയൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് വൈലോപ്പിള്ളി അവതരിപ്പിച്ചത്.

       ഋശ്യശൃംഗന്‍, അലക്‌സാണ്ടര്‍ എന്നീ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മകഥാപരമായ കൃതിയാണ് 'കാവ്യലോകസ്മരണകള്‍'. കന്നിക്കൊയ്ത്തിന് 1947-ല്‍ മദ്രാസ് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. ശ്രീരേഖയ്ക്ക് 1951-ല്‍ എം.പി. പോള്‍ പുരസ്‌കാരം. കയ്പവല്ലരിക്ക് 1965-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കുടിയൊഴിക്കലിന് 1969-ലെ സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. വിട (1970) എന്ന സമാഹാരമാണ് ഏറ്റവുമധികം ബഹുമതികള്‍ നേടിയത്. 1972-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1971-ലെ ഓടക്കുഴല്‍ അവാര്‍ഡ്, 1977-ലെ എസ്.പി.സി.എസ്. അവാര്‍ഡ് എന്നിവ 'വിട'യ്ക്ക് ലഭിച്ചു. മകരക്കൊയ്ത്തിന് 1981-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു. 1981-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി.

         എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
.        വെണ്ണീറാകാം പുകയാകാം
         പൊലിമയൊടന്നും പൊങ്ങുക പുത്തന്‍
         തലമുറയേന്തും പന്തങ്ങള്‍! (പന്തങ്ങള്‍)
ഈയൊരു പ്രതീക്ഷ, നാളെയിലെ നന്മയുടെ പ്രത്യാശ, വൈലോപ്പിള്ളിയുടെ ഏതൊരു രചനയിലും ഊര്‍ജ്ജസ്രോതസ്സായ് നിലനിന്നു പോരുന്നതായി നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ജീവിതത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങളെ ഇത്രയേറെ ആഴവും പരപ്പും നല്‍കി വരികളില്‍ ആവിഷ്കരിച്ച വൈലോപ്പിള്ളി, തന്റെ സവിശേഷമായ രചനാപാടവത്താല്‍ അനന്തതയേ ഒരു ബിന്ദുവിലേയ്ക്കും ഒരു കേവലബിന്ദുവിനെ അനന്തതയിലേയ്ക്കും വാക്കുകളുടെ മാന്ത്രികതയില്‍ സന്നിവേശിപ്പിക്കാന്‍ അതി സമര്‍ത്ഥമായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു എന്നു തന്നെ പറയാം.

          വൃശ്ചികക്കാറ്റില്‍ മാമ്പൂക്കളുടെ സുഗന്ധം പരന്നൊഴുകുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ഓര്‍മ്മവരുന്നത് 'ദീര്‍ഘദര്‍ശനം ചെയ്തു' കടന്നുപോയ ഒരു പൈതലിന്റെ വാടിയ വദനാംബുജവും മണ്ണിലേയ്ക്കെറിഞ്ഞ പൂങ്കുലയും ഒടുവില്‍ സ്വര്‍ണ്ണമായി അടര്‍ന്നു വീണ മരതക ക്കിങ്ങിണി സൗഗന്ധികം 'തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത മണ്ണില്‍' നിക്ഷേപിച്ച സ്നേഹമയിയായ ഒരമ്മയുടെ വറ്റാത്ത കണ്ണിര്‍നൈവേദ്യവുമാണ്. ഈ അശ്രുധാരയില്‍ നിന്നു മലയാള കവിതാസ്നേഹികള്‍ക്ക് ഒരിക്കലും പിന്‍തിരിയാനാവുകയില്ല എന്നതാണ് കാലം തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കവിതയും 'മാമ്പഴം' തന്നെ.   

        'ചങ്ങാലിപ്രാവ് ' എന്ന  കവിതയിലും ഒരമ്മക്കിളിയുടെ അണപൊട്ടിയൊഴുകുന്ന ദുഃഖം വരച്ചുകാട്ടിയിരിക്കുന്നു. 

ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ നീ
തല തല്ലിക്കരയുന്നതെന്തിനെന്നോ – നിന്റെ
തല തല്ലിക്കരയുന്നതെന്തിനെന്നോ?

പറയുന്നു ചങ്ങാലി – ഞാനിന്നു നാഴി-

പ്പയറെന്‍ മകള്ക്കു കൊടുത്തു പോയി – ഉപ്പിട്ടു
തിരികേ വരുമ്പോള്‍ വറുത്തു വെയ്ക്കാന്‍…‍ 

തിരികേ വരും നേരമെന്തു ചൊല്ലേണ്ടൂ?

ഉരിയപ്പയറുണ്ടുണ്ടു ചട്ടിയില്‍- ഒട്ടാകെ
ഉരിയപ്പയറേ ഞാന്‍ കണ്ടതുള്ളൂ.

“പയറെന്തു ചെയ്തു നീ അറുകള്ളിപ്പെണ്ണേ?

പകുതിയുമില്ലല്ലോ നീ കൊറിച്ചോ – നിന്റെ
പല കൂട്ടുകാര്‍ക്കും നീ സല്‍ക്കരിച്ചോ?”

പറയുന്നീലവളൊന്നും – “വറവു തീര്‍ന്നപ്പോള്‍

പയറിത്ര മാത്രമേ കണ്ടതുള്ളൂ – കള്ളം
പറയുന്നതല്ല ഞാന്‍ തെല്ലുമമ്മേ…”

“പൊളിയാണിതെല്ലാം – ഞാന്‍ പൊട്ടിയെന്നോര്‍ത്തോ ?”

കലി കൊണ്ടു കൊത്തി ഞാന്‍ നെഞ്ചിന്‍ നീളെ – എന്റെ
കലി കൊണ്ടു കൊന്നു ഞാന്‍ പൊന്നുമോളെ!”

പക തീർത്തു താനേ വറുത്തു ഞാൻ നാഴി-
പ്പയറുപ്പുചേർത്തു വറുത്തപ്പോഴും മണി-
പ്പയറുരി മാത്രമേ കണ്ടതുള്ളൂ

പഴിചാരിക്കൊത്തി ഞാൻകൊന്നുപോയല്ലോ 
പയർ വറുക്കുമ്പോൾ  കുറഞ്ഞുപോമെന്നുള്ള 
പരമാർത്ഥമറിയാതെൻ പൊന്നുമോളേ..

"ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ,

ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ."

      വൈലോപ്പിള്ലിയെന്ന മനുഷ്യനില്‍ ആഴത്തില്‍ വേരോടിയ സാമൂഹ്യബോധവും, പ്രകൃതിസ്നേഹവും ശാസ്ത്രാവബോധവും നിര്‍ഭയത്വവും എല്ലാം അദ്ദേഹത്തിന്റെ കവിതകളില്‍ സ്പഷ്ടമാണ്. ശാസ്ത്രപുരോഗതിയില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നെങ്കിലും ദിശാബോധം നഷ്ടമായ നമ്മുടെ ശാസ്ത്രവളര്‍ച്ചയെ അദ്ദേഹം തെല്ലുപരിഹാസത്തോടെ നോക്കിക്കണ്ടിരുന്നു.  സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുൻപ്‌ അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.
"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
         ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
         എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പുത്ര-
         സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ" ” 
എന്നാണു കവി വേദനിക്കുന്നത്.  അതുപോലെതന്നെ  വൈലോപ്പിള്ളികവിതകളിൽ ഏറെ തെളിഞ്ഞു കാണാവുന്ന ഒന്നാണ്‌ അടിസ്ഥാന വർഗ്ഗ പക്ഷപാതം, കുടിയൊഴിക്കൽ, കന്നിക്കൊയ്ത്‌, കാക്ക ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, വിഷുക്കണി, അഭിവാദനം, യുഗപരിവർത്തനം തുടങ്ങിയ മുതലായ കവിതകളിൽ കൂടുതലായി ഇതിന്റെ അനുരണനങ്ങൾ കാണാൻ സാധിക്കും. പുരോഗമനവും മാറ്റവും കവിയെ ഏറ്റവും സ്വാധീനിച്ച രണ്ട്‌ ആശയങ്ങളാണ്‌. തൊഴിലാളി വർഗ്ഗവിപ്ലവം 'സ്നേഹസുന്ദരപാതയിലൂടാകട്ടെ" എന്ന് കുടിയൊഴിക്കലിലൂടെ ആഹ്വാനം ചെയ്തത്‌ ഏറെ പ്രസിദ്ധവുമാണ്‌. തകരുന്ന ജന്മിത്തമേടകളിലിരുന്ന് പുതിയ യുഗത്തെ ആത്മാർഥമായി സ്വാഗതം ചെയ്യുന്ന കഥാപാത്രങ്ങളെ "യുഗപരിവർത്തനം", "കുടിയൊഴിക്കൽ" മുതലായ കൃതികളിൽ കാണാൻ സാധിക്കും. അവരെ കവിയോടു തന്നെ സമരസപ്പെടുത്തി വായിക്കുവാനും കഴിയും.

           കേരളത്തിന്റെ ഗ്രാമജീവിതവും, അതിന്റെ നൈര്‍മ്മല്യവും ഉല്‍കൃഷ്ടമായ ലാവണ്യവും വൈലോപ്പിള്ളി എന്ന കവിയെ എന്നും ആകര്‍ഷിച്ചു പോന്നു. തന്റെ കവിതകളിലൊക്കെയും ഈ ഗ്രാമസൗന്ദര്യവും നിഷ്കളങ്കതയും ഊടും പാവും നെയ്യുന്നതു നമുക്കു കാണാനാകും.  വിഷുക്കണി എന്ന കവിതയില്‍ അദ്ദേഹം ഉല്‍ഘോഷിക്കുന്നത്..
    "ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
     ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
     മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
     മണവും മമതയും ഇത്തിരി കൊന്നപ്പൂവും"   
എന്നാണ്. ആസ്സാം പണിക്കാര്‍ എന്ന കവിതയില്ലെ ഈ വരികള്‍ അദ്ദേഹം യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് ഒട്ടും മാറി നിന്നിരുന്നില്ല എന്നും നമ്മെ പഠിപ്പിക്കുന്നു.
    ". അറിയുമേ ഞങ്ങളറിയും നീതിയും 
     നെറിയും കെട്ടൊരീപ്പിറന്ന നാടിനെ! 
     അതിഥികള്‍ക്കെല്ലാമമരലോകമീ-
     ക്കിതവി ഞങ്ങള്‍ക്കു നരകദേശവും
     മദിപ്പിക്കും, കനിക്കിനാവുകൾ കാട്ടി
     കൊതിപ്പിക്കും; പക്ഷെ കൊടുക്കയില്ലവൾ"". 

    മലയാള മനസ്സുകളില്‍ കുന്നിമണിയുടെ നിഷകളങ്ക സ്നേഹം നിറച്ച്, കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കയ്പവല്ലരിയും സഹ്യപര്‍വ്വതവും അനുഭൂതി നിറയുന്ന പത്മതീര്‍ത്ഥമായ് കോരിനിറച്ച് ഈ ധന്യനായ അക്ഷരസ്നേഹി ഒടുവില്‍ 1985 ല്‍ ഇന്നേ ദിവസം 74 )0 വയസ്സില്‍ വിടചൊല്ലി കൊടിപ്പടം താഴ്ത്താതെ കടന്നുപോയി. നമുക്കോര്‍ക്കാം ഈ മഹാത്മാവിനെ ഒരു മാമ്പഴക്കാറ്റു തഴുകി കടന്നു പോകുമ്പോഴുള്ളള്ള ഉള്‍പുളകത്തോടെ.......

Wednesday, December 17, 2014

കുചേലദിനം


ഇന്നു ധനുമാസത്തിലെ ആദ്യ ബുധന്‍.
കുചേലദിനം.!
കുചേലന്‍ ജനിച്ച ദിവസമല്ല; കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം.
ഇന്ന് കൃഷ്ണക്ഷേത്രങ്ങളില്‍ ഭക്തര്‍ ഒരുപിടി അവിലും ഉണക്കമുന്തിരിയും
കൽക്കണ്ടവും കദളിപഴവുമായ്‌ കണ്ണനെ കണികാണുവാനെത്തും.

കണ്ണാ, തൃപ്പാദ പൂജയ്ക്കായ് ഒരുപിടി 
അവിലുമായ് ഞാനും നിന്‍ നടയിലെത്തി.
അലിവായ്, അറിവായ് അനുഗ്രഹമേകൂ നീ
അകം നിറഞ്ഞെന്നില്‍  കൃപചൊരിയൂ..
അന്നു ഞാന്‍ നിനക്കു നല്‍കാതെ ഭക്ഷിച്ചതും
കണ്ടു നീ പരിഭവവാക്കുകള്‍ ചൊന്നതും
ഓര്‍മ്മയില്‍ ഉണ്ടെന്റെ കാര്‍മുകില്‍ വര്‍ണ്ണാ..
കണ്ണുനീരോര്‍മ്മയായ് ഒരു തുണ്ടു പീലിയായ്
ഇന്നു ഞാനേകാം നിനക്കെന്റെ ശുന്യമാം
കൈകളില്‍ നിന്നുമൊരൊത്തിരി സ്നേഹം
കഠിനമെന്‍ ജീവിതപന്ഥാവില്‍ നിന്നുഞാന്‍
കണ്ടെടുത്തുള്ളൊരീ അവില്‍പ്പൊതിയായിന്ന്.
നിന്‍ കൃപാസാഗരമെന്നില്‍ നിറയ്ക്ക നീ
നിന്‍ സ്നേഹസൂര്യനെ എന്നില്‍ ജ്വലിപ്പിക്ക.
ഈ ജന്മമെന്നും നിനക്കായി മാത്രം ഞാന്‍
കരുതിവെയ്ക്കാം കൃഷ്ണാ പ്രിയ തോഴാ...

Monday, December 15, 2014

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍: 2. സര്‍ ജഗദീഷ് ചന്ദ്രബോസ്

   

       അഹിംസാവാദികളായ സസ്യാഹാരികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നതെങ്ങനെ? മൃഗങ്ങളെപ്പോലെതന്നെ സന്തോഷവും ദുഃഖവും വേദനയും ചൂടും തണുപ്പും ഒക്കെ അറിയുന്നവരാണ് സസ്യജീവജാലവും. ഇതു ആദ്യമായി നമുക്കു തെളിയിച്ചു തന്നത് ഭാരതത്തിന്റെ അഭിമാനമായ ജഗദീഷ് ചന്ദ്രബോസ് എന്ന പതിഭാധനനായ ശാസ്ത്രജ്ഞനാണ്. വെളിച്ചത്തിനും ശബ്ദത്തിനും പോലും സസ്യങ്ങളെ സ്വാധീനിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചു തന്നു.സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ ചുറ്റുപാടുകളോടുള്ള  പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. വയര്‍ലെസ്‌ വാര്‍ത്താവിനിമയവും ആദ്ദേഹത്തിന്റെ സംഭാവനതന്നെ. ഭൗതികശാസ്‌ത്രം, ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, ശാസ്‌ത്രസാഹിത്യം, എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്നെ ലോകപ്രസിദ്ധങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും ഉപോല്‍ബലകമായതും അന്വേഷണകുതുകിയായ ഈ ശാസ്ത്രജ്ഞന്റെ ഗവേഷണങ്ങളായിരുന്നു എന്ന് നമുക്ക്  സാഭിമാനം സ്മരിക്കാം.

      ഇപ്പോഴത്തെ ബംഗ്ലാദേശില്‍ സ്ഥിതിചെയ്യുന്ന മുഷിന്‍ഗഞ്ച്‌ ജില്ലയിലെ വിക്രാംപുരിയില്‍ 1858 നവംബര്‍ മാസം 30 നാണ്‌ ജെ.സി ബോസ്‌ ജനിച്ചത്‌. മജിസ്‌ട്രേറ്റും അസിസ്റ്റന്റ്‌ കമ്മീഷണറുമായി ജോലിയെടുത്തിരുന്ന ഭഗവന്‍ ചന്ദ്രബോസ്‌ ആയിരുന്നു പിതാവ്‌. അമ്മ ബനസുന്ദരീ ദേവി. ചെറുപ്രായത്തില്‍ തന്നെ ശാസ്ത്രകൗതുകം ജഗദീശിനൊപ്പം ഉണ്ടായിരുന്നു. ഈ പ്രത്യേകതാല്‍പര്യം അദ്ദേഹത്തെ മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിയാക്കി വാര്‍ത്തെടുത്തു. ജീവശാസ്ത്രത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നെങ്കിലും കൊല്‍ക്കത്തയിലെ സെന്റ്‌ സേവിയേഴ്‌സ്‌ കോളജില്‍ അദ്ദേഹത്തിനു ബിരുദപഠനം സാധിച്ചത് ഭൗതികശാസ്ത്രത്തിലായിരുന്നു.സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കു തല്‍പ്പരനായിരുന്നെങ്കിലും തന്റെ പുത്രന്‍ ആജ്ഞാനുവര്‍ത്തിയായി ജീവിതം നയിക്കാന്‍ പിതാവ് ഇഷ്ടപ്പെട്ടില്ല. പിന്നീട്   1884 ല്‍ ലണ്ടനില്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയെങ്കിലും അനാരോഗ്യത്താല്‍ അതു പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ശാസ്ത്രബിരുദമെടുത്ത് ദൗത്യം നിറവേറ്റാനദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാലത്താണ് കല്‍ക്കത്താ പ്രെസിഡെന്‍സി കോളേജില്‍ അദ്ദേഹത്തെ അധ്യാപകനായി ക്ഷണിച്ചത്. അതാകട്ടെ ഇംഗ്ലീഷ് അധ്യാപകരുടെ മൂന്നിലൊന്നു ശംബളത്തില്‍. ഒരിന്ത്യാക്കാരനും ബൗദ്ധികമായി വെള്ലക്കാരന്റെ പിന്നിലല്ലെന്നു വിശ്വസിച്ചിരുന്ന ബോസ് ഈ അവഹേളനത്തെ നേരിട്ടത് ഉന്നതമായ സ്വാഭിമാനത്തോടെ ശംബളം തന്നെ നിരസിച്ചുകൊണ്ടായിരുന്നു. ഒടുവില്‍ വെള്ലക്കാരനു തലകുനിക്കേണ്ടിവന്നു. മുന്‍കാലപ്രാബല്യത്തോടെ മുഴുവന്‍ ശംബളവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

    തന്റെ പ്രധാന കണ്ടുപിടുത്തമായ ക്രെസ്കോഗ്രാഫ് ഉപയോഗിച്ച്  ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ 1901 ല്‍ അദ്ദേഹം നടത്തിയ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ബ്രോമൈഡ് ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ഒരു സസ്യത്തിന്റെ സൂക്ഷ്മചലനങ്ങളാണ് അദ്ദേഹം അവിടെ ലോകത്തിനു മുന്‍പില്‍ തന്റെ ഉപകരണങ്ങള്‍ പതിയായിരം മടങ്ങു വലുതാക്കി കട്ടിക്കൊടുത്തത്. ഉപകരണത്തിലെ പ്രകാശബിന്ദുവിന്റെ സ്ക്രീനിലൂടെയുള്ള ചലനങ്ങളാണ് ആ സസ്യത്തിലെ കലകളുടെ സ്പന്ദനങ്ങള്‍ വ്യക്തമാക്കിയത്. വിഷലായനിയില്‍ മുക്കിവെച്ചതുകൊണ്ട് സസ്യത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ മരണത്തിലേയ്ക്കടുക്കുന്ന രോഗിയുടെ ഇ സി ജി പോലെ വേഗത്തില്‍ വ്യതിയാനങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. വിഷം ഉള്ളില്‍ ചെന്ന എലിയുടെ മരണവെപ്രാളത്തിലുള്ല ഓട്ടം പോലെ അതിങ്ങനെ ദ്രുതഗതിയില്‍ കമ്പനം ചെയ്ത് ഒടുവില്‍ നിശ്ചലമായി. അങ്ങനെ  ആ വിഷത്തിന്റെ കഠിന്യത്താല്‍ സസ്യം മരിച്ചു കഴിഞ്ഞു. സസ്യങ്ങള്‍ക്കും ജീവനും വികാരവുമുണ്ടെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ അവിടെ അനാവരണം ചെയ്യപ്പെട്ടത് ഏറെ പ്രോത്സാഹനം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.  പക്ഷേ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ബോസിന്റെ ജീവശാസ്ത്രത്തിലേയ്ക്കുള്ള നുഴഞ്ഞുകയറ്റമായാണ് ചിലര്‍ അതിനെ കണ്ടത്. പക്ഷേ അവരുടെ വിമര്ശനങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. തന്റെ ഉദ്യമങ്ങളില്‍ അദ്ദേഹത്തിന് അത്രയേറെ ആത്മവിശ്വാസമുണ്ടായിരുന്നു. പാരീസിലെ സയന്‍സ് കോണ്‍ഗ്രസ്സിലും അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ വലിയ പ്രസംസയ്ക്കു പാത്രീഭവിച്ചിരുന്നു. പിന്നീട് പലശാസ്ത്രജ്ഞര്‍ ഇതിനോടനുബന്ധിയായ കൂടുതല്‍ കാര്യക്ഷമമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ പ്രചോദനമാവുകയും ചെയ്തു.

      ഭൗതികശാസ്ത്രത്തിലും തനതായ കയ്യൊപ്പുകള്‍ ചാര്‍ത്തിയിരുന്നു ഈ ശാസ്ത്രജ്ഞന്‍. 1895 -ല്‍ ബോസ്‌ നടത്തിയ പരീക്ഷണം ശാസ്‌ത്രചരിത്രത്തിലെ നാഴികകല്ലായി. ഇലക്‌ട്രിക്‌ വയറിന്റെ ബന്ധനം ഇല്ലാതെ തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ആശയ കൈമാറ്റം നടത്തുന്ന പരീക്ഷണമായിരുന്നു ഇത്‌. ഇറ്റലിയില്‍ മാര്‍ക്കോണി റേഡിയോ തരംഗപ്രക്ഷേപണം കണ്ടുപിടിക്കുന്നതിനും 2 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണിത്‌. ഒരു മുറിയില്‍ റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിച്ചു. അടുത്ത മുറിയില്‍ ഒരു പ്രത്യേകതരം പിസ്റ്റലും ശരിയാക്കി നിര്‍ത്തി. യന്ത്രം പ്രവര്‍ത്തന സജ്ജമാക്കിയതോടെ പുറപ്പെട്ട റേഡിയോ തരംഗം പിസ്റ്റലിനെ സ്റ്റാര്‍ട്ടാക്കി വെടി പൊട്ടിച്ചു. ഈ വയര്‍ലെസ്‌ പ്രയോഗം വിജയകരമായി പൊതു പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു. റേഡിയോ തരംഗങളെ കണ്ടെത്തുന്നു കൊഹറര്‍ എന്ന ഉപകരണവും ഈ പ്രതിഭാധനന്റെ സംഭവന തന്നെ.

     ഒരുപാടു പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമായി അക്ഷീണം തന്റെ ജൈത്രയാത്ര തുടര്‍ന്നെങ്കിലും ഇവയ്ക്കൊന്നും ഉപജ്ഞതാവകാശം അദ്ദേഹം നിയമപരമായി നേടിയെടുത്തിരുന്നില്ല. അത് ശസ്ത്രലോകത്തില്‍ അദ്ദേഹത്തിനുള്ല സ്ഥാനം സുവര്‍ണ്നലിപികളില്‍ രചിക്കപ്പെടാന്‍ തടസ്സമായി. വയര്‍ലെസ്സ് റേഡിയോ തരംഗപ്രക്ഷേപണത്തിലൂടെയുള്ല ആശയ വിനിമയത്തിന് വാണിജ്യപരമായുള്ല ഭീമമായുള്ല സാധ്യതകള്‍ നന്നായറിയാമായിരുന്നിട്ടും  അതിന്റെ പേറ്റന്റ് നേടാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഈ ശാസ്ത്ര മേഖലയില്‍ അദ്ദേഹത്തിന്റെ പേരിനു പകരം മറ്റു പ്രമുഖരുടെ പേരുകളാണ് നാമിന്നു കാണുന്നതും. എങ്കിലും 1896-ല്‍ ലണ്ടന്‍ സര്‍വകലാശാല ജെ.സി. ബോസിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി ആദരിക്കുകയുണ്ടായി.

     വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍, ബര്‍ണാഡ് ഷാ, സര്‍ ആല്‍ഡസ് ഹക്സ്ലി മുതലായ ഒട്ടനേകം പ്രമുഖര്‍ ബോസിനെ പ്രകീര്ത്തിച്ച് എഴുതിയിട്ടുണ്ട്. 'ഇക്കാലത്തെ ഏറ്റവും ഉന്നത ശീര്‍ഷനായ ജീവശാസ്‌ത്രകാരന്‌ ' എന്നെഴുതി ഒപ്പിട്ട്‌ ബര്‍ണാഡ്‌ ഷാ തന്റെ പുസ്‌തകങ്ങള്‍ നല്‌കിയിരുന്നു. വിശ്വഭാരതി സര്‍വകലാശാലയുടെ ഉപാധ്യക്ഷ പദവിയും ടാഗോര്‍ സ്‌നേഹാദരവോടെ ബോസിന്‌ നല്‌കി. മഹാത്മാഗാന്ധി യംഗ്‌ ഇന്ത്യ വഴി ബോസിന്റെ ശാസ്‌ത്രോദ്യമങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്‌.ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ.

    1917 ല്‍ ശാസ്ത്ര പരീക്ഷണങ്ങളു്ക്കും ഗവേഷണങ്ങളു്ക്കുമായി കൊല്‍ക്കത്തയില്‍ അദ്ദേഹം  ബോസ് ഇസ്റ്റിട്യൂട്ട് സ്ഥാപിക്കുകയുണ്ടായി. സസ്യങ്ങളുടെ വികാരങ്ങളും ചുറ്റുപാടുകളോടുള്ള പ്രതികരണങ്ങളും വളര്‍ച്ചയുമൊക്കെ അറിയുന്നതിനുള്ള വൈവിധ്യമാര്‍ന്ന യന്ത്ര സമുച്ചയം തന്നെ  ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അനസ്തേഷ്യ നല്‍കിയതിനു ശേഷം വളരെ ദൂരെ നിന്നും വലിയൊരു മരം പിഴുതെടുത്ത് അവിടെ നട്ടു വളര്‍ത്തിയിരുന്നു. മനുഷ്യരെപ്പോലെ, ചെറിയ അളവില്‍ നല്‍കുന്ന ക്ലോറോഫോമിന്, സസ്യങ്ങളേയും ബോധം കെടുത്താനാവും. വീണ്ടും പ്രജ്ഞയിലെത്ത്തു മുന്പ് പുതിയ പരിതസ്ഥിതികളിലെത്തിയാല്‍ അവയ്ക്ക് അവിടെ പൊരുത്തപ്പെടുവാനും  അതിജീവനം സാധ്യമാവുകയും ചെയ്യുമത്രേ..ആല്‍ഡ്സ് ഹക്സ്ലിയുടെ ഈ സന്ദര്‍ശനത്തേക്കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം വയിച്ചു കോള്‍മയിര്‍കൊണ്ട്, ഞാനും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ബോസ് ഇന്സ്റ്റിട്യൂട്ട് സന്ദര്‍ശിക്കുകയുണ്ടായി. സഹയാത്രികര്‍ ഷോപ്പിംഗിനായി കണ്ടെത്തിയ സമയത്ത് ഞാന്‍ ഭര്‍ത്തവുമായി ബോസ് ഇന്സ്റ്റിട്യൂട്ട് കണ്ടെത്താന്‍  കല്‍ക്കത്ത തെരുവുകളിലൂടെ വിയര്‍ത്തു കുളിച്ച് അലഞ്ഞു. ആരും അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ല. ഒടുവില്‍ അവിടെയെത്തി മാന്ത്രികതയുള്ല ഉപകരണങ്ങള്‍ കാണുന്നതിനായി അധികൃതരോടന്വേഷിച്ചപ്പോഴാണ് ആ ദുഃഖസത്യം അറിയാന്‍ കഴിഞ്ഞത്. ബോസിന്റെ മരണശേഷം അതൊന്നും ഉപയോഗിക്കാന്‍ ആര്‍ക്കും അറിയുമായിരുന്നില്ലത്രേ. അദ്ദേഹം അതിനുള്ള പരിശീലനം ആര്‍ക്കും കൊടുത്തിരുന്നില്ല. അങ്ങനെ അവയൊക്കെ തുരുമ്പു പിടിച്ച് അന്ത്യശ്വാസത്തിനായി കാത്തു കിടക്കുന്നു.

      1916-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ ബഹുമതി, 1920 റോയല്‍ സൊസൈറ്റി അംഗത്വം, 1927 ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ തുടങ്ങി ഒരുപാടു ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ. "ജഗദീശ്‌ ചന്ദ്രബോസ്‌ ഭാരതത്തിന്റെ വീരപുത്രനാണ്‌"  എന്നാണ് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത്.

        1887 ലായിരുന്നു ദുര്‍ഗാ മോഹന്‍ദാസിന്റെ മകള്‍ അബലാ ദാസുമായി അദ്ദേഹത്തിന്റെ  വിവാഹം. ഗവേഷണങ്ങളിലും പഠനത്തിലും അമിതമായി ശ്രദ്ധപുലര്‍ത്തിയുരുന്നതിനാല്‍ ബോസിന് കുടുംബകാര്യങ്ങളൊന്നും നോക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയായിരുന്നിട്ടു കൂടി അവര്‍ അതു നന്നായി നിര്‍വ്വഹിച്ചു പോന്നു. ഇവര്‍ക്ക് ഒരിക്കല്‍ മാത്രമാണു സന്താനഭാഗ്യം ലഭിച്ച്ത്. പക്ഷേ ആ കുഞ്ഞിന് അയുസ്സുമുണ്ടായില്ല. പക്ഷേ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വസ്നേഹവും നല്കി ഈ സ്ത്രീരത്നം വിധിയോടു മധുരമായി പ്രതികാരം ചെയ്തു. കല്ക്കത്തയിലെ വളരെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയും സ്ത്രീപക്ഷചിന്താഗതിക്കാരിയുമായിരുന്നു ലേഡി അബലാ ബോസ്.

         മാര്‍ക്കോണിക്കു കിട്ടിയ നോബേല്‍ സമ്മാനം തികച്ചും അര്‍ഹതപ്പെട്ടത്  റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ജഗദീശ് ചന്ദ്രബോസിനു തന്നെയായിരുന്നു. ഇന്നും ഇതിനെപ്പറ്റി വിവാദങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇന്നും ബോസ് മുടിചൂടാ മന്നന്‍ തന്നെ. ഈ മഹാപ്രതിഭ 1937 നവംബര്‍ 23 ന് ജീവിതത്തിലെ തന്നെ എല്ലാ ഗവേഷണങ്ങളും പൂര്‍ത്തീകരിച്ച് ഇഹലോകം പൂകി. എങ്കിലും ഈ നാമം ഭാരതത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.


Sunday, December 14, 2014

നിഴല്‍ക്കാഴ്ച

നിഴലോടു നിഴല്‍ ചേരുമീ നിശാതീരത്തു
നിറമാര്‍ന്ന സ്വപ്നങ്ങള്‍ നൃത്തമാടും.
നിറനിലാവൊളിമിന്നുമീരാവിലിനിയൊന്നു
നിദ്രയെ മുറുകെപ്പുണര്‍ന്നുറങ്ങാം

നിനക്കായി നെയ്യുമെന്‍ സ്വപ്നത്തിന്‍ നിറമിട്ട
നിഴലുകള്‍ മെല്ലെവേ മിഴികള്‍ പൂട്ടും
നിനവുകള്‍ തിരിയിട്ട നക്ഷത്രജാലങ്ങള്‍
നിന്റെ തിരുനെറ്റിയിലുമ്മവെയ്ക്കും.

നിന്‍ സ്നേഹമൊഴികള്‍ തന്‍ ശയ്യയില്‍ ഞാന്‍
നിണമൊഴുകുമോര്‍മ്മകള്‍ വിസ്മരിക്കും
നിന്‍പ്രണയ താപത്തിലെന്‍ ശൈത്യരാവുകള്‍
നിര്‍വൃതിപ്പൂക്കള്‍ വിടര്‍ത്തി നല്‍കും

നിത്യതേ നിന്നെഞാന്‍ മുറുകെപ്പുണര്‍ന്നിടാം
നിന്റെ നിശ്വാസത്തിന്റെ ഈണവും താളവും
നിശ്ശബ്ദമെന്നെത്തഴുകട്ടെ മെല്ലെവേ
നിലാവിനെ സ്നേഹിച്ചു മിഴിയടയ്ക്കട്ടെ ഞാന്‍


Friday, December 5, 2014

സ്വാമീ ശരണം

വൃശ്ചികമാസം വന്നല്ലോ ഒരു
മഞ്ഞണിരാവു പുലര്‍ന്നല്ലോ
വെണ്‍മുകിലാകാശത്തു നിരന്നു
പൊന്‍പ്രഭയോലും പൊന്നുഷസ്സില്‍

മാലയണിഞ്ഞു കറുപ്പും ചുറ്റി
മാമല കയറാനയ്യപ്പന്‍മാര്‍
നോമ്പും വ്രതവുമെടുക്കും പിന്നെ
ശരണം വിളികള്‍ മുഴങ്ങീടും

ഭജനകളിമ്പം ചേരും സന്ധ്യകള്‍
ഭക്തിയില്‍ മുഴുകും രാവുകളും
ഉദയത്തില്‍ തിരുനടതന്‍ മുന്നില്‍
ഉരുവിടണം തിരുനാമങ്ങള്‍

കെട്ടുമുറുക്കിന്നന്തിയില്‍ ഇരുമുടി
കെട്ടായ് തന്നെ നീറയ്ക്കേണം
നറുനെയ് കോരിനിറച്ചൊരു കേരം
നടയിലുടയ്കാന്‍ കരുതേണം

കല്ലുകള്‍, മുള്ളുകള്‍, കുന്നും മലയും
കാലിനു പുഷ്പസമാനവിചാരം
കയറണമാവഴി കാനനമധ്യേ
കയറണമീ പതിനെട്ടാം പടിയും

പടി കയറിച്ചെന്നയ്യന്‍ തിരുവടി
പാദം പൂകി വണങ്ങേണം
പന്തളരാജകുമാരന്‍ തന്നുടെ
പാദപരാഗം ചൂടേണം

സ്വാമീ ശരണം ശരണം ശരണം
അയ്യപ്പാ ശരണം  ശരണം
സ്വാമീ ശരണം  അയ്യപ്പാ ഹരേ
അയ്യപ്പാ ശരണം ശരണം ...