Thursday, November 20, 2014

പുലിവാല്


ഒരു ക്രിസ്തുമസ്സ് കേക്കു പിടിച്ച 760 രൂപയുടെ പുലിവാല്
=========================
   രണ്ടു മൂന്നു വര്‍ഷം മുന്‍പാണ്. ആ വര്‍ഷം ക്രിസ്തുമസ് ഒരു തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച വെളുപ്പിനു 3 മണിക്കെഴുന്നേറ്റതാണ്. ചേട്ടന്റെ സഹോദരീഭര്‍ത്താവും ഏതാനും ബന്ധുക്കളും കൂടി ഡല്ഹിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍  മംഗളയില്‍ തലേദിവസം എറണാകുളത്തു നിന്നു പുറപ്പെട്ടിട്ടുണ്ട് . അവര്‍ കല്യാണില്‍ എത്തുമ്പോള്‍ രണ്ടുമൂന്നു നേരത്തെ ഭക്ഷണം തയ്യാറാക്കി സ്ടേഷനില്‍ കൊണ്ടുപോയി കൊടുക്കണം. മുന്‍പും പലപ്പോഴും ഇവര്‍ വരാറുള്ളതാണ്. കല്യാണില്‍ എത്തുമ്പോള്‍ 2 മണി എങ്കിലും ആകും. അതുകൊണ്ടു അതിനു മുന്‍പുള്ള പന്‍വേല്‍ എന്ന സ്ടേഷനില്‍ കൊണ്ടുപോയാണു കൊടുക്കുക. കൂടെ ഞങ്ങളും  കല്യാണ്‍ വരെ അവരോടൊത്തു യാത്രചെയ്യും. ചിലപ്പോള്‍ കല്യാണും കഴിഞ്ഞുള്ള സ്ടേഷനില്‍ ഇറങ്ങി തിരികെ പോരും. ഇതാണ് പതിവ്. വീട്ടില്‍ നിന്ന് 10 മണിക്കിറങ്ങിയാലേ പന്‍വേലില്‍ ട്രെയിന്‍ സമയത്തിനു അരമണിക്കൂര്‍ മുന്‍പെങ്കിലും എത്തുകയുള്ളു. (അതു ചേട്ടനു നിര്‍ബ്ബന്ധമാണ്). അതുകൊണ്ടു തിരക്കിട്ടു, ചോറും നാരങ്ങാചോറും ചപ്പാത്തിയും കറികളും ഒക്കെ തയ്യാറാക്കി പായ്ക്കു ചെയ്തു. ഇനി കൂളിച്ചു വേഷം മാറി പുറപ്പെട്ടാല്‍ മതി.
   കുളിമുറിയില്‍ കയറാന്‍ തുടങ്ങുമ്പോഴാണു വാതില്‍മണി മുഴങ്ങിയത്. ചേട്ടനാണു വാതില്‍ തുറന്നത്. 'മിനിച്ചേച്ചി ഇല്ലേ?' എന്നുറക്കെ തന്നെ വന്നയാള്‍ ചോദിക്കുന്നതുകേട്ടാണു ഞാന്‍ ചെന്നു നോക്കിയത്. നിറഞ്ഞ ചിരിയോടെ അയാള്‍ ഭംഗിയില്‍ പൊതിഞ്ഞു റിബ്ബണ്‍ കെട്ടിയ ഒരു പയ്കറ്റ് എനിക്കു തന്നു പറഞ്ഞു "ചേച്ചീ, വര്‍ഗ്ഗീസ് ചേട്ടന്‍ തന്നുവിട്ടതാണ്. ക്രിസ്ത്മസ്സ് ഗിഫ്റ്റ്"
ഞാനും ചേട്ടനും മുഖത്തോടു മുഖം നോക്കി.
ചേട്ടന്‍ ചോദിച്ചു "ഏതു വര്‍ഗ്ഗിസ് ചേട്ടന്‍?"
" പാം റിസോര്‍ട്ടിനടുത്തു ടീവീടേം ഫ്രിഡ്ജിന്റെയും ഒക്കെ കടയില്ലേ, എയ്ഞ്ചല്‍സ്, അവിടുത്തെ..."
ശരിയാണ്, ആ കടയില്‍ നിന്നു ഒരാഴ്ചമുന്‍പ് എന്തൊക്കെയോ  സാധങ്ങളും വാങ്ങിയിരുന്നു. പക്ഷേ.. ഈ സമ്മാനം...?
"ഇവിടെ തന്നെ തരാനാണോ പറഞ്ഞത്?"  എന്റെ സംശയം വാക്കുകളായി പുറത്തുവന്നു
"അതെ ചേച്ചി. ഇതല്ലെ അഡ്രസ്സ്...?" അയാള്‍ ഒരു കുറിപ്പില്‍ നോക്കി ബില്‍ഡിംഗ് നമ്പറും ഫ്ലാറ്റ് നമ്പറും ഹൌസിംഗ് കോംപ്ലക്സിന്റെ പേരും  പറഞ്ഞു. ഒക്കെ ശരിതന്നെ. പക്ഷെ ഗിഫ്റ്റ്  എന്തിനാണെന്നു മാത്രം മാസ്സിലായില്ല. വര്‍ഗ്ഗീസിനെയും കുടുംബത്തേയും പരിചയമുണ്ട്.ഞങ്ങളുടെ ഒരു സുഹൃത്തിന്റെ അടുത്ത ബന്ധുവാണ് വര്‍ഗ്ഗീസിന്റെ ഭാര്യ സിസിലി. അതിനപ്പുറം ഉള്ള ബന്ധങ്ങളൊന്നുമില്ല. എന്തായാലും വിളിച്ചു ചോദിക്കാമെന്നു വിചാരിച്ചു . മൊബൈല്‍ സ്വിച്ച് ഓഫ്. വീട്ടിലെ നമ്പറില്‍ വിളിച്ചു. മോളാണ് ഫോണ്‍ എടുത്തത്. "മോളെ, ഞാന്‍ ഗോദ്രെജ് ഹില്ലില്‍ നിന്നു മിനി ആന്റി ആണു വിളിക്കുന്നത്." ഞാന്‍ പറഞ്ഞു.
" ഹായ് ആന്റി, സുഖമല്ലേ. ഹപ്പ്യ് ക്രിസ്മസ്. ഗിഫ്ട് കൊടുത്തയച്ചിരുന്നതു കിട്ടിയോ ആന്റി..നല്ല കേക്കാട്ടോ.." മോളുടെ കിളിനാദം.
"ഹാപ്പി ക്രിസ്മസ് മോളെ. ഗിഫ്ടിന്റെ കാര്യം പറയാനാണു മോളെ വിളിച്ചത്. പപ്പയും മമ്മിയും ഇല്ലേ.."
"ഇല്ല ആന്റി. പപ്പയുടെ സിസ്റ്റര്‍ കാറ്ററാക്റ്റ് ഓപറേഷനു ഹോസ്പിറ്റലില്‍ അഡ്മിറ്റാ. അവര്‍ അങ്ങോട്ടു പോയി രാവിലെ".
"എങ്കില്‍ ശരി മോളെ, അവര്‍ വരുമ്പോള്‍ പറയൂ."
പക്ഷെ പിന്നെയും ഒരു ശങ്ക ബാക്കി നില്ക്കുന്നു. എന്തിനാവാം ഗിഫ്റ്റ്. ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു, ഏതോ സമ്മാനകൂപ്പണ്‍ ഉണ്ടായിരുന്നു, അതിന്റെ ആകാമെന്ന്. കൂടുതല്‍ ആലോചിച്ചു നില്ക്കാന്‍ സമയവുമില്ല. കൊണ്ടുവന്ന പയ്യന്‍ തറപ്പിച്ചു പറഞ്ഞു ഇവിടുത്തെ മിനിച്ചേച്ചിക്കു തന്നെയാണു തരാന്‍ പറഞ്ഞതെന്ന്. ഏതായാലും അതു വാങ്ങി വെച്ച്  അവനു ടിപ്പ് കൊടുത്തു പറഞ്ഞുവിട്ടു.
 
   വലിയൊരു ക്രിസ്മസ് കേക്ക്. ഐസിംഗ് ചെയ്തു മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ചേട്ടനു പ്രമേഹം ഇത്തിരി കൂടുതലുണ്ട്. എനിക്കു കേക്ക് അത്ര ഇഷ്ടവുമില്ല. മോന്‍ പ്രോജക്ട് ചെയ്യുന്നതിനായി ഹോസ്റ്റലില്‍ തന്നെയാണ്.. പിന്നെ ഇത്രവലിയ കേക്ക് എന്തു ചെയ്യും. അതുകൂടി ട്രെയിനില്‍ വരുന്നവര്‍ക്കു കൊടുക്കാം എന്നു തീരുമാനിച്ചു. പിന്നെ ഒട്ടും വൈകിച്ചില്ല ഞങ്ങളുടെ യാത്രയ്ക്ക്. ഇത്തവണ ഞങ്ങള്‍ കല്യാണും  കഴിഞ്ഞുള്ള രണ്ടാം സ്ടേഷനില്‍ ഇറങ്ങിയിട്ടാണു മടങ്ങിയത്. വീട്ടിലെത്തുമ്പോള്‍ സന്ധ്യ മയങ്ങി. ഞങ്ങള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അടുത്ത വീട്ടിള്‍ ശ്രദ്ധ വന്നു നോക്കിയത്. ഒരു നമ്പര്‍ എഴുതിയ കടലാസു തന്ന് ശ്രദ്ധ പറഞ്ഞു.
"ഒരാള്‍ രണ്ടു പ്രാവശ്യം വന്നിരുന്നു. നിങ്ങള്‍ വന്നാലുടനെ വിളിക്കാന്‍ പറഞ്ഞ് ഈ നമ്പര്‍ തന്നതാണ്."
ചേട്ടന്‍ വേഗം നമ്പര്‍ ഡയല്‍ ചെയ്തു. സംസാരിച്ചത് രാവിലെ  കേക്കുമായി വന്ന പയ്യനാണ്.
സംഭവം ഇങ്ങനെ.. കടയില്‍ ജോലി ചെയ്യുന്ന സ്റ്റാഫിനൊക്കെ ക്രിസ്മസ് കേക്ക് ബേക്കറിയില്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. മിനി എന്നു പേരുള്ള അക്കൗണ്ടന്റ് അവധിയിലായിരുന്നതുകൊണ്ട് അവരുടെ വീട്ടില്‍ കേക്ക് എത്തിക്കാന്‍ ഏല്പ്പിച്ചിരുന്നു. നേരത്തെ കൊടുത്തിരുന്ന അഡ്രസ്സ് കളഞ്ഞുപോയതുകൊണ്ട് രാവിലെ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. മോളാണ് അഡ്രസ്സ് പറഞ്ഞത്. പയ്യന്‍ ശരിക്കു കേള്‍ക്കാതെ ഗോദ്രെജ് പാര്‍ക്ക് എന്നതിനു പകരം ഗോദ്രെജ് ഹില്‍ എന്നാണെഴുതിയെടുത്തത്. ആശുപത്രിയില്‍ നിന്നെത്തിയ വര്‍ഗ്ഗീസ് ഗോദ്രെജ് പാര്‍ക്കില്‍ താമസിക്കുന്ന മിനിയെ വിളിച്ചു ചോദിച്ചപ്പോളാണ് അവിടെ കിട്ടിയിട്ടില്ല എന്നു മനസ്സിലായത്. ബേക്കറി ഉടമ പയ്യനെ കുറെ ചീത്ത പറഞ്ഞത്രേ.  കേക്ക് തിരികെ കൊടുക്കണമെന്നാണ് അവന്റെ ഡിമാന്റ്. ഡല്‍ഹിക്കു പോയ കേക്കിനെ എങ്ങനെ തിരികെ കൊടുക്കും! ഒടുവില്‍ അതിന്റെ വില കൊടുത്തു പ്രശ്നം പരിഹരിച്ചു.. 760 രൂപ .

Wednesday, November 19, 2014

ഇന്ദിരാ പ്രിയദര്‍ശിനി.ഇന്നു നവംബര്‍ 19.
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ, അധികാരകേന്ദ്രികരണത്തിലൂടെയും അനിതരസാധാരണമായ കാര്‍ക്കശ്യത്തിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭരണാധികാരിയുടെ, ഇന്ത്യന്‍ജനതയുടെ മുഴുവന്‍ സ്നേഹവും സ്വന്തമാക്കിയ ഇന്ദിരാ പ്രിയദര്‍ശിനിയുടെ ജനന്മദിനമാണിന്ന്.
1917 നവംബര്‍ 19 നാണ് ജവഹര്‍ലാല്‍ നെഹൃവിന്റെയും കമലയുടേയും മകളായി അല്ലഹബാദിലെ ആനന്ദ്ഭവനില്‍ ഇന്ദിര ജനിച്ചത്. സ്വാന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊണ്ട അച്ഛനും മുത്തശ്ശനും പലപ്പോഴും ജയില്‍വാസത്തിലായിരുന്നതുകൊണ്ട് ആ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകരാന്‍ ആ കുഞ്ഞുമാലാഖയ്ക്കു  കഴിഞ്ഞിരുന്നില്ല. അമ്മയാണെങ്കില്‍ പലപ്പോഴും രോഗശയ്യയിലും. ഒരു ഇളയ സഹോദരന്‍ ജനിച്ചു എങ്കിലും അധികനാള്‍ ജീവിച്ചിരുന്നുമില്ല.  ഏകാന്തതയുടെ തടവറയായിരുന്നു ആ വലിയ വീട്ടില്‍ ഇന്ദിരയ്ക്കു കാണാന്‍ കഴിഞ്ഞിരുന്നത്. രോഗാതുരയായ അമ്മയെ  കാണാന്‍പോലും ആ കൊച്ചു പെണ്‍കുട്ടിക്ക്  അനുവാദമുണ്ടായിരുന്നില്ല. ആയമാരുടെയും വീട്ടുജോലിക്കാരുടേയും ട്യൂട്ടര്‍മാരുടെയും ഇടയില്‍ കഴിച്ചുകൂട്ടിയ അസ്വസ്ഥവും ദുഃഖപൂര്‍ണ്ണവുമായൊരു ബാല്യകാലം ഇന്ദിരയുടെ സ്വഭാവരൂപീകരണത്തില്‍ ഒട്ടും കുറവല്ലാത്ത പങ്കുവഹിച്ചു.

തന്റെ പേരക്കുട്ടിക്ക്  ഏറ്റവവും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന അതിയായ മോഹമുണ്ടായിരുന്നെങ്കിലും മുത്തശ്ശനായ മോത്തിലാല്‍ നെഹൃവിന് ഇംഗ്ലീഷ് വിദ്യാലയങ്ങളെ ബഹിഷ്കരിക്കാനുള്ള  ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തോടു ചേര്‍ന്നുനില്‍ക്കേണ്ടിവന്നു. സെന്റ് സിസിലിയ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേര്‍ന്ന ഇന്ദിരയ്ക്ക് അതിനാല്‍ അവിടെ പഠിക്കാനായില്ല. ഹോം ട്യൂട്ടര്‍മാരായിരുന്നു ഇന്ദിരയുടെ വിദ്യാഭ്യാസത്തില്‍ അധിക പങ്കും വഹിച്ചിരുന്നത്. പിന്നെ ജയിലില്‍ നിന്നു വത്സല്യനിധിയായ പിതാവ് മകള്‍ക്കയച്ച കത്തുകളും. ഓരോ കത്തുകളും ഓരോ പാഠപുസ്തകങ്ങളായിരുന്നു ആ കുരുന്നുപെണ്‍കുഞ്ഞിന് .  1933 ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്കൂളില്‍നിന്നു സ്കൂള്‍വിദ്യാഭാസം കഴിഞ്ഞു പുറത്തിറുങ്ങുംമുന്‍പ് ഇന്ദിര പല സ്കൂളുകളില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. മഹാത്മഗാന്ധിയും സബര്‍മതി അശ്രമവുമായുള്ള  നിരന്തര സമ്പര്‍ക്കം ഇന്ദിരയെ സ്വാതന്ത്ര്യസമരവുമായി ചേര്‍ത്തുനിര്‍ത്തി. പൂനെയില്‍ സ്കൂള്‍വിദ്യാഭ്യാസകാലത്ത് വാനരസേന എന്ന കുട്ടികളുടെ സംഘടന രൂപീകരിച്ച് ഇന്ദിരയെന്ന പെണ്‍കുട്ടി സ്വാതന്ത്ര്യസമരത്തെ തങ്ങള്‍ക്കാകുംവിധം സഹായിച്ചുപോന്നു.

ഈ സമയത്താണ് ഫിറോസ് ഗാന്ധിയുടെ വിവാഹാഭ്യര്‍ത്ഥന വന്നതും ഇന്ദിരയുടെ പ്രായക്കുറവുമൂലം വീട്ടുകാര്‍തന്നെ നിഷേധിക്കുകയും ചെയ്തത്.  പിന്നീട് ഉപരിപഠനാര്‍ത്ഥം  ടാഗോറിന്റെ ശാന്തിനികേതനത്തിലെ വിശ്വഭാരതി സര്‍വ്വകലാശാലയിലെത്തി. അവിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഈ സമ്ര്‍ത്ഥയായ പെണ്‍കുട്ടിയെ ആദ്യമായി ടാഗോര്‍ പ്രിയദര്‍ശിനി എന്നു വിളിച്ചത്. പിന്നീട് ഇന്ദിര അറിയപ്പെട്ടത് ഇന്ദിരാ പ്രിയദര്‍ശിനി എന്നായിരുന്നു. അവിടെ പഠിക്കാന്‍ ചേര്‍ന്നെങ്കിലും ക്ഷയരോഗം മൂര്‍ച്ഛിച്ച അമ്മയുടെ ചികത്സയ്ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ പഠനത്തില്‍ കൊടുക്കാന്‍ ഇന്ദിരയ്ക്കു കഴിഞ്ഞില്ല. തന്റെ ഉപരിപഠനത്തിനായി ഇന്ദിര ഇംഗ്ലണ്ടിലേക്കു  പോയി. പക്ഷേ 1936 ല്‍ 19 )0 വയസ്സില്‍ ഇന്ദിരയ്ക്ക് അമ്മയെ നഷ്ടമായി. അമ്മയുടെ നിര്യാണശേഷം ഇന്ദിര സ്വിട്സര്‍ലണ്ടിലെ ഓക്സ്ഫോര്ഡ് സര്‍വ്വകലാശാലയിലാണ് വിദ്യാഭ്യാസം തുടര്‍ന്നത്. വീണ്ടും അവിടെ കണ്ടുമുട്ടിയ ഫിറോസ് ഗാന്ധിയുമായി അഗാധമായ പ്രണയത്തിലായി ഇന്ദിര. അനാരോഗ്യത്താലും ലാറ്റിന്‍ ഭാഷയിലെ പ്രാവീണ്യക്കുറവും മറ്റു പലകാരണത്താലും അവിടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാകാതെ ഇന്ദിര ഇന്ത്യയിലേയ്ക്കു മടങ്ങി. (എങ്കിലും പിന്നീട് ഓക്സ്ഫോര്‍ഡ് സർവ്വകലാശാല ഇന്ദിരയോടുള്ള ബഹുമാനപൂർവ്വം ഓണററി ബിരുദം സമ്മാനിക്കുകയുണ്ടായി.)

1942 ല്‍ ഫിറോസുമായുള്ള  ഇന്ദിരയുടെ വിവാഹം നടന്നു.നെഹൃവിന് ഈ ബന്ധം ഒട്ടും പ്രിയമായിരുന്നില്ല എങ്കില്‍ക്കൂടി അദ്ദേഹം എതിര്‍ത്തില്ല. മഹാത്മഗാന്ധിയുടെ പ്രേരണയും ഉണ്ടായിരുന്നു. രാജീവ്, സഞ്ജയ് എന്ന രണ്ടാണ്‍മക്കളും ആ ദാമ്പത്യത്തില്‍ ജന്മം കൊണ്ടു. പക്ഷേ അസ്വസ്ഥതകള്‍ പലരീതികളില്‍ അവരുടെ ജീവിതത്തെ ഉലച്ചുകൊണ്ടിരുന്നു. മറ്റു സ്ത്രീകളുമായി ഫിറോസിന്റെ ബന്ധങ്ങള്‍ ഇന്ദിരയെന്ന സ്ത്രീയേയും ഭാര്യയേയും തെല്ലല്ല ദുഃഖിതയാക്കിയിരുന്നത്. തന്റെ കുഞ്ഞുങ്ങളുമായി പിതാവിനു സകലപിന്‍തുണയുമായി ഇന്ദിര ഡല്‍ഹിയില്‍ തന്നെ താമസമാക്കി. നെഹൃ ഭരണകൂടത്തിനെതിരെയുമുള്ള ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അകല്‍ച്ചയ്ക്കു കാരണമായി. അങ്ങനെയൊക്കെയായിരുന്നെങ്കിലും  രോഗശയ്യയിലായിരുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ഇന്ദിര കുഞ്ഞുങ്ങളുമായി കാഷ്മീരീലേയ്ക്കു പോയി.  ഒടുവില്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് ഫിറോസ് ഗാന്ധി1960 ല്‍ അന്തരിച്ചു.

ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ തന്റെ പിതാവ്  നെഹ്‌റുവിന്റെ നിഴലായി എന്നും ഇന്ദിര പ്രവര്‍ത്തിച്ചിരുന്നു. നെഹ്‌റുവിന്റെ മരണത്തെത്തുടര്‍ന്ന് 1964 ല്‍ അവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയുമായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മികനിര്യാണശേഷം,  കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കമാരാജാണ് ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്. മൊറാര്‍ജി ദേശായിയെ 169 നെതിരെ 355 വോട്ടുകള്‍ നേടിയാണ് ഇന്ദിര പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ 1966 മുതല്‍ 1977 വരെ, തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിലൂടെ, അധികാരത്തിലെത്തി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1975 ലെ  അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങള്‍ സാധാരണക്കാരില്‍ ഇന്ദിരയ്ക്ക് ഒരു ഏകാധിപധിയുടെ മുഖമാണു നല്‍കിയത്. അതു് പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ക്കു വലിയ തിരിച്ചടിയായി. വലിയ പരാജയം നേരിട്ട് അധികാരത്തില്‍നിന്നു പുറത്തുപോയ ഇന്ദിര 1980 ലെ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷവുമായി വീണ്ടും പ്രധാനമന്ത്രിപദത്തില്‍ മടങ്ങിയെത്തി.

ഒടുവില്‍ 1984 ല്‍ പഞ്ചാബ് കലാപകാരികളെ അടിച്ചമര്‍ത്താന്‍ താന്‍ തന്നെ കൊണ്ടുവന്ന ഓപ്പറേഷന്‍ ബ്ലൂസ്ടാര്‍ പദ്ധതിയുടെ അനന്തരഫലമായി സ്വജീവന്‍ തന്നെ രാജ്യത്തിനു ബലിയര്‍പ്പിക്കേണ്ടി വന്നു ഇന്ദിരയ്ക്ക് .  1984 ഒക്ടോബർ 31 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന്  മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി.
”എന്റെ ജീവന്റെ അവസാന തുള്ളി രക്തവും ഞാന്‍ എന്റെ രാജ്യത്തിനു  വേണ്ടി സമര്‍പ്പിക്കും” എന്നു  പറഞ്ഞ് അഭിനവ ഭരണ കര്‍ത്താക്കള്‍ക്ക് എന്നുമൊരു പാഠമാവാന്‍ ജീവിതം തന്നെ രാജ്യത്തിനുവേണ്ടി കുരുതികൊടുത്ത ധീരവനിതയുടെ അന്ത്യം!

ഭരണരംഗത്ത് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച പ്രഗത്ഭയായ ഭരണാധികാരിയായിരുന്നു ശ്രീമതി ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി. ദേശീയ, അന്തര്‍ദ്ദേശീയ ബഹുമതികള്‍ ഒട്ടനവധി ഈ മഹിളാരത്നത്തെ തേടിയെത്തുകയുണ്ടായി. ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന ഇന്ദിരയ്ക്ക് പക്ഷേ നമ്മള്‍ കാണാതിരുന്ന ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സുമുണ്ടായിരുന്നു. തീപ്പെട്ടിയുരയ്ക്കാന്‍പോലും  പേടിയുള്ള ഒരു കുഞ്ഞിന്റെ..

നിസ്സഹകരണപ്രസ്ഥാനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ആനന്ദഭവനില്‍ ഒരതിഥിയെത്തി. ഇംഗ്ലണ്ടില്‍ നിന്നു മടങ്ങിയെത്തിയ ഒരു ബന്ധു. കമലയുമായുള്ള  സംഭാഷണമദ്ധ്യേ തന്റെ പ്രിയപ്പെട്ട കളിപ്പാവയുമായി സല്ലാപത്തിലേര്‍പ്പെട്ടിരുന്ന ഇന്ദിരയെ  അവര്‍ അടുത്തു വിളിച്ച് സ്നേഹപൂര്‍വ്വം ഒരു സമ്മാനപ്പൊതി നീട്ടി. അതിനുള്ളില്‍ അതിമനോഹരമായ കിന്നരിപ്പണികള്‍ ചെയ്ത വളരെ മൃദുലമായ ഒരുടുപ്പായിരുന്നു. അതു കയ്യിലെടുത്തയുടനെ അമ്മ അവളെ ഓര്‍മ്മപ്പെടുത്തി തങ്ങള്‍ കൂമ്പാരം കൂട്ടി തീയിട്ട വിദേശനിര്‍മ്മിത വസ്തുക്കളെക്കുറിച്ച്. ആ അഗ്നിജ്വാലകള്‍ ഇന്ദിരയുടെ പിഞ്ചുമനസ്സിലും രാജ്യസ്നേഹമായി ആളിക്കത്തി. അവള്‍ ആ ഉടുപ്പ് ഒട്ടും മടികൂടാതെ തിരികെ നല്കി. അപ്പോള്‍ ആ സ്ത്രീയുടെ ചോദ്യം 'എങ്കില്‍ പിന്നെ നീയെന്തിനീ പാവയെ കയ്യില്‍ വെയ്ക്കുന്നു? അതും വിദേശനിര്‍മ്മിതമല്ലേ?' ഇന്ദിരയുടെ ജീവന്റെ ജീവനായിരുന്നു ആ പാവ. എന്നിട്ടും ഒരു തീപ്പെട്ടിയുമായി അവള്‍ മട്ടുപ്പാവിലെത്തി തന്റെ പ്രിയപ്പെട്ട  പാവയേയും അഗ്നിക്കിരയാക്കി. പിന്നീടൊരിക്കലും ഇന്ദിരയ്ക്ക് തീപ്പെട്ടി കയ്യിലെടുക്കാനായിട്ടില്ല.

..പിതാവായ ജവഹര്‍ലാല്‍ നെഹ്റു ജയിലില്‍നിന്നു  മകള്‍ക്കയച്ച കത്തുകളിലൊന്നില്‍ സൂചിപ്പിച്ചു: 'മകളെ, ചരിത്രം ആര്‍ക്കും പഠിക്കാനാവും. ചരിത്രം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്.' ഇന്ദിരാഗാന്ധി ചരിത്രം സൃഷ്ടിക്കുന്നതിലുപരി സ്വയം ചരിത്രമാവുകയാണുണ്ടായത്.... ഈ ധീര വനിതയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സ്നേഹാദരങ്ങളുടെ  സുഗന്ധവാഹിയായ പനിനീര്‍പ്പൂക്കളര്‍പ്പിക്കുന്നു.

Tuesday, November 18, 2014

ജന്മദിനാശംസ

മഞ്ഞണിരാവു പുലര്‍ന്നു വിടര്‍ന്നു
നല്ലൊരു ജന്മദിനാശംസയുമായ്
അരുണപ്രഭയാല്‍ നല്‍കുവതീശന്‍
ഈ സുദിനത്തിന്‍ സന്ദേശങ്ങള്‍
വിടരും പൂവിന്‍ നറുമണമോടെ
പാടും കുയിലിന്‍ നാദമതോടെ
തെളിയും പൊന്‍വെയില്‍ പ്രഭയതുപോലെ
വീശും കാറ്റിന്‍ കുളിരലപോലെ
തുള്ളിവരും കടല്‍ത്തിരമാലകള്‍ പോല്‍
മെല്ലെപ്പൊഴിയും വര്‍ഷകണം പോല്‍
ചൊരിയുന്നായിരമാശംസകളീ
ജന്മദിനത്തില്‍ സ്നേഹാതുരമായ്
നന്മകളെങ്ങും ജീവിതവഴിയില്‍
നിറയട്ടോരോ നിമിഷങ്ങളിലും.
മേവുക ഭൂവിതിലിനിയുമനേകം
ജന്മദിനങ്ങള്‍ പാര്‍ത്തിടുവാനായ്.
ഹര്‍ഷത്തിന്‍ പുതു പുളകങ്ങള്‍
ആനന്ദത്തിന്‍ പ്രഭയേകീടാന്‍
നേരുന്നെന്നുടെ ആശംസകളീ
പുണ്യദിനത്തില്‍ നിറസ്നേഹവുമായ്


Monday, November 17, 2014

വൃശ്ചികപ്പുലരി

വൃശ്ചികമാസപ്പുലരി പിറന്നു
വിണ്ണില്‍ പ്രഭതൂകി
പങ്കജനയനന്‍ മണികണ്ഠന്‍
തിരുനാമമുതിര്‍ത്തീടാന്‍.
മാലയണിഞ്ഞീടേണം പിന്നെ
വ്രതവുമെടുക്കേണം.
ഇരുമുടി തലയില്‍ പേറിക്കൊണ്ടാ
പടികള്‍ ചവുട്ടേണം
ഹരിഹരസുതനാം അയ്യപ്പന്‍ തിരു
പാദം പണിയേണം.
ചിന്മുദ്രാങ്കിത യോഗ സമാധി
കണ്ടു വണങ്ങേണം
കരിമല കയറി കുഴഞ്ഞുപോയെന്‍
തനുവില്‍ തവ തീര്‍ത്ഥം
സഞ്ജീവനിയായ് അമൃതായൊരു നവ
ജീവന്‍ പകരേണം.
തൃപ്പദ പദ്മപരാഗം വീണെന്‍
മനം കുളിര്‍ക്കേണം.
കദനം മാറ്റി തെളിക്ക മോദ-
ത്തിരികള്‍ ഹൃദയത്തില്‍
കലിയുഗ വരദാ അയ്യപ്പാ തവ
പാദാര്‍ച്ചനയാകും
പമ്പയിലെന്നുടെ ഹൃദയത്തിന്‍ വ്യഥ
കഴുകിക്കളയട്ടേ
നിന്‍തിരു നയനം തുറന്നു നീട്ടൂ
സായൂജ്യപ്രഭ നീ..
സ്വാമീ ശരണം അയ്യാപ്പാ ഹരേ
അയ്യപ്പാ ശരണം.
ശ്രീശബരീശാ ഹരിഹരപുത്രാ
തവ ചരണം ശരണം
അയ്യപ്പാ ഹരേ അയ്യപ്പാ ഹരേ
അയ്യപ്പാ ശരണം.
ശരണം ശരണം അയ്യപ്പാ ഹരേ
അയ്യപ്പാ ശരണം....
സ്വാമിയേ.... ശരണമയ്യപ്പാ......

Friday, November 14, 2014

ചാച്ചാ നെഹൃ(എല്ലാ കുഞ്ഞുമക്കള്‍ക്കും ഈ അമ്മയുടെ ശിശുദിനാശംസകള്‍)


നെഞ്ചിലോരോമല്‍ പനിനീര്‍മൊട്ടും
ചാര്‍ത്തി വരുന്നൊരു ചാച്ചാജി.
നീളന്‍ കോട്ടും തൊപ്പിയുമിട്ടൊരു
ഗമയില്‍ നടന്നൊരു  ചാച്ചാജി.
കുട്ടികളെന്നാല്‍ ജീവനു തുല്യം
കരുതിയ  നമ്മുടെ ചാച്ചാജി.
സ്വാതന്ത്ര്യത്തിന്‍ സമരത്തിന്‍ വഴി
ഏറെ നടന്നൊരു ചാച്ചാജി.
ബാപ്പുജി തന്നുടെ ഹൃദയകവാടം
കടന്നു ചെന്നൊരു ചാച്ചാജി.
മോചിത രാജ്യം ആദ്യം കണ്ടൊരു
പ്രധാനമന്ത്രി, ചാച്ചാജി.
ആനന്ദത്തിന്‍ ഭവനത്തില്‍
പിറവിയെടുത്തൊരു ചാച്ചാജി.
ഇന്ദിരയെന്നൊരു മകളാം മുത്തിനെ
ഇന്ത്യയ്ക്കേകിയ ചാച്ചജി.
കുലീനമാകും ഗ്രന്ഥങ്ങള്‍ തന്‍
പിതാവു നമ്മുടെ ചാച്ചാജി
അതാണു നമ്മുടെ നെഹൃജി,
അതാണു നമ്മുടെ ജവഹര്‍ലാല്‍!
കുഞ്ഞുങ്ങള്‍ തന്‍ ഹൃദയത്തില്‍
കടന്നിരിരുന്നൊരു  മാണിക്യം
     ****************
ഇന്നാണിന്നാണാസുദിനം
ചാച്ചാജിക്കു പിറന്നാള്...
ഇന്നാണല്ലോ നമ്മുടെ നാള്‍
ശിശുദിനം ഇന്നെന്നറിയില്ലേ..
പൈതങ്ങള്‍ തന്‍ സ്നേഹിതാനാം
ചാച്ചാജിക്കിന്നേകീടാം
സ്നേഹസുഗന്ധം നിറയുന്നായിരം
ആശംസകളീ സുദിനത്തില്‍..Wednesday, November 12, 2014

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങൾ 1 - സാലിം അലി

ഒരു കുരുവിയുടെ പതനം
=====================

‘ഒരു കുരുവിയുടെ പതനം’ (The fall of a Sparrow)- അനന്തവിഹായസ്സിലേയ്ക്കുയര്‍ന്നു പറന്നിട്ടും ഒരിക്കലും വിണുപോകാതിരുന്ന ഒരു കുരുവിയുടെ ആത്മകഥയാണിത്. പക്ഷിനിരീക്ഷണ ശാസ്ത്രശാഖയ്ക്കു തന്നെ അടിസ്ഥാനപരമായ ദിശാബോധം നല്‍കിയ കര്‍മ്മോത്സുകിയായ ഒരു ഒരു പ്രകൃതിസ്നേഹിയുടെ .
സാലിം അലി എന്ന സാലിം മുഇസുദ്ദീൻ അബ്ദുൾ അലിയുടെ. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം അലി എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥവും ഉൾപ്പെടും.

1896 നവംബർ 12-ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ, നാലുസഹോദരന്മാര്‍, നാലുസഹോദരിമാര്‍. സാലിമിന്റെ ശൈശവത്തില്‍ തന്നെ മാതാപിതാക്കള്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. പിന്നീട് അമ്മാവന്റെ സംരക്ഷണയിലായിരുന്നു സാലിമും സഹോദരങ്ങളും വളര്‍ന്നത്. പഠനത്തില്‍ ഒട്ടും താല്പര്യമില്ലതിരുന്ന സാലിമിന്റെ പ്രധാനവിനോദം കുരുവികളെ വേട്ടയാടുന്നതായിരുന്നു. ഈ ആദ്യകാല വിനോദത്തിനിടയില്‍ പല വിചിത്രാനുഭവങ്ങളും സാലിം എന്ന ബാലനെ സ്വാധീനിച്ചിരുന്നു. അമ്മാവന്റെ കയ്യില്‍ നിന്നു ലഭിച്ച എയര്‍ഗണ്‍ ഉപയോഗിച്ച് കുരുവി വേട്ട നടത്തുന്നതിനിടയില്‍ ഒരിക്കല്‍ അടയിരിക്കുന്ന പെണ്‍കുരുവിയെയും ഇണയേയും കാണാനിടയായി. ആണ്‍കുരുവിയെ തന്നെ തോക്കിനിരയാക്കിയെങ്കിലും പെണ്‍കുരുവി വേറെ ഇണയെ കണ്ടെത്തി. ഇതു പലവട്ടം തുടര്‍ന്നു എന്ന്ത് സാലിമിനെ അമ്പരപ്പിച്ച ഒരു കുരുവിപുരാണം.

ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പ്പാണ് സാലിമിലെ പക്ഷിനിരീക്ഷകനെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്തത്. മുംബൈയിലെ  സെന്റ്‌. സേവിയർ കോളേജില്‍ പഠനം തുടങ്ങിയതെങ്കിലും അതു പൂര്‍ത്തിയാക്കാതെ അദ്ദേഹം മ്യാന്‍മാറിലേയ്ക്കു പോയി. അവിടത്തെ ജീവിതം അദ്ദേഹത്തെ പ്രകൃതിസ്നേഹത്തിലേയ്ക്കു വഴിതിരിച്ചു വിട്ടു.വീണ്ടും മുംബൈയില്‍ മടങ്ങിയെത്തി വിദ്യാഭ്യാസം തുടര്‍ന്നു. ഇതിനിടയില്‍ 1918 ഡിസംബറില്‍ തെഹ്‌മിന എന്ന അകന്ന ബന്ധുവുമായി സാലിമിന്റെ വിവാഹം നടന്നു. പലയിടങ്ങളിലായി ജോലിചെയ്തെങ്കിലും മുംബൈയിലെ പ്രിന്സ് ഒഫ് വെയില്‍സ് മ്യൂസിയത്തില്‍ ജോലി നോക്കവേ, ഉദ്യോഗം മടുത്ത്, പഠനം തുടരാനായി അദ്ദേഹം 1928 ല്‍ ജര്‍മ്മനിയിലേയ്ക്കു പോയി.ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദ്ദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. മടങ്ങിയെത്തി ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.

1935-ൽ തിരുവിതാംകൂർ  മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും  അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection centre) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ചാലക്കുടി, പറമ്പിക്കുളം, മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ
മുതലായ സ്ഥലങ്ങളിലും തന്റെ പഠനം തുടര്‍ന്നു. സര്‍ സി പി രാമസ്വാമി അയ്യരുടെ അഭ്യര്ത്ഥന പ്രകാരം 'കേരളത്തിലെ പക്ഷികള്‍' എന്ന രചിച്ചു. ഇതിനിടയില്‍ സാലിമിന്റെ ജീവിത സഖി അദ്ദേഹത്തെ എന്നേയ്ക്കുമായി വിട്ടുപോയി. തുടര്‍ന്നുള്ള ജീവിതം പക്ഷിനിരീക്ഷണത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു.. കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ പിന്‍തിരിപ്പിച്ചതേയില്ല.

ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്ത് ഒരുപാടു സംഭാവനകള്‍ നല്കിയ ആളാണ് സാലിം അലി. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി,ആന്ധ്രായൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍  നിന്ന് അദ്ദേഹത്തിന് ഡോക്ടറേട് ലഭിച്ചു. ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു 1958 ല്‍ രാഷ്ട്രപതിയുടെ പത്മഭൂഷൻ,1976 ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിക്കുകയുണ്ടായി.സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. പക്ഷിനിരീക്ഷണത്തില്‍ തല്പരയായിരുന്നു ഇന്ദിരാഗാന്ധി അദേഹത്തിന്റെ പുസ്തകങ്ങളുടെ അരാധികയായിരുന്നു. 1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്.

 ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ജൂൺ 20 ന് തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

ഈ മഹാനായ പ്രകൃതിസ്നേഹിയുടെ ജന്മദിനമായ നവംബര്‍ 12 , ദേശീയ പക്ഷിനിരീക്ഷണദിനം
ആയി ആചരിക്കുന്നു.
Saturday, November 8, 2014

വര്‍ഷഗീതംമനസ്സൊരു വെണ്‍മേഘത്തുണ്ടുപോല്‍ പായുന്നു
ചിന്തകള്‍ ചേക്കേറുമാകാശ വീഥിയില്‍
ചിലനേരമിരുള്‍മൂടി കാര്‍മേഘമായ് മാറും
ചിലനേരം വര്‍ഷമായ് ചൊരിയുന്നു ദുഃഖം.

പെയ്തൊഴിഞ്ഞീടാതെ എന്തിനീ ശോകത്തിന്‍
മുകില്‍മാല പിന്നെയും പിന്നെയും വന്നെന്റെ
നീര്‍കിഴിയിണകളില്‍ പേമാരി തീര്‍ക്കുന്നു
തേങ്ങലിന്‍ ശ്രുതിയെന്റെ ഗാനത്തില്‍ ചേര്‍ക്കുന്നു

കദനം നിറഞ്ഞെന്റെ ഹൃദയം തപിക്കുമ്പോള്‍
കരയുവാന്‍ പോലും മറന്നു പോകുന്നു ഞാന്‍
ഈ മുകില്‍ നിഴലില്‍ സ്വയം മറന്നാടുവാന്‍
എന്തേ  വരാത്തതെൻ വര്‍ണ്ണശാരംഗവും..

നിറനിലാവൊളി വീണ പൊയ്കയില്‍ പൂവിട്ടു
നില്‍ക്കുമീ നെയ്യാമ്പലെന്തേ രഹസ്യമി-
ന്നെന്നോടു ചൊല്ലുന്നു നാണിച്ചു നില്‍ക്കുന്നു?
ഇല്ല, ഞാന്‍ കാണില്ല നിന്‍ പ്രണയ കേളികള്‍..

പുലരിയില്‍ വന്നെത്തും അര്‍ക്കാംശു, നിദ്രയില്‍
നിന്നുമീ മുഗ്ദ്ധപത്മത്തെയുണര്‍ത്തുവാന്‍..
അതു കണ്ടു നിര്‍വൃതി പൂകുവാന്‍ ഞാനുമി
രാവോടു വിടചൊല്ലി യാത്രയായീടട്ടെ...
Monday, November 3, 2014

ലളിതഗാനം

മലര്‍വാടി പൂക്കുന്ന
പുലരിയിലാ മണം
കവരുന്ന കാറ്റിനൊരു നേരുണ്ടതത്രേ...
മമഹൃദയമെന്നേ
കവര്‍ന്ന നിന്‍ മനതാരില്‍
മഹനീയ പ്രണയം അര്‍പ്പിച്ചിടട്ടേ ഞാന്‍...
                                    ( മമഹൃദയമെന്നേ....)

നീയെനിക്കേകുന്ന
സ്നേഹാര്‍ദ്ര ചുംബനം
നിരുപമസ്നേഹത്തിന്നലയിളക്കം
നീ പോകും വഴിയിലേ
ചെമ്പനീര്‍പ്പൂവെന്‍
പ്രണയസുഗന്ധം പകര്‍ന്നതില്ലേ...
                                    (മമഹൃദയമെന്നേ....)

കാതിലെന്നോടൊരു
കളിവാക്കു ചൊല്ലാതെ
കാണാത്ത ദിക്കിലേയ്ക്കെങ്ങു പോയ് നീ..
കദനത്തിന് മണിവീണ
വിരല്‍ തൊട്ടു മീട്ടി ഞാന്‍
കണ്ണീരുമായ് നിന്നെ കാത്തിരിക്കാം
നിന്റെ കരപരിലാളനം കത്തിരിക്കാം..
                                    (മമഹൃദയമെന്നേ....)