Thursday, December 31, 2020

ക്രിസ്തുമസ്

പൊന്നുണ്ണിയേശു പിറന്നുവല്ലോ
പുല്‍ക്കൂട്ടിലേ കൊച്ചു പുല്‍മെത്തയില്‍
ഈ ദിനം സ്നേഹത്തിന്‍ പൊന്‍സുദിനം
ഈ ദിനം  കാരുണ്യത്തിന്‍ ദിനം

ആഹ്ലാദത്തോടിന്നു നല്കണ്ം നാം
സ്നേഹം നിറച്ച സമ്മാനങ്ങള്‍
കരുണതന്‍ വാക്കുകള്‍ കൈമാറണം
സ്നേഹഗീതികള്‍ പാടണമൊന്നുചേര്‍ന്ന്

ശാന്തിതന്‍ പൊന്നുഷസ്സാണിത്..
സമാധാനത്തിന്‍ പൊന്‍ ദിനമാണിന്ന്.
സത്യവും നന്മയുമൊന്നുചേര്‍ന്നൂഴിയില്‍
വന്നു പിറന്ന ദിനം,  സുദിനം....

#ഹൈക്കു മത്സരംമലയാളസാഹിത്യലോകം


1.മരണമേ
ഞാനിവിടെത്തനിച്ചല്ല.
നീയുമുണ്ടല്ലോ

2. ജീവാമൃതമാണീ
ദീർഘലോകയാത്രയിൽ
അമ്മസ്നേഹം

3. വെള്ളിക്കിണ്ണത്തിൽ
താരപ്പൈതലിൻ പാൽക്കഞ്ഞി.
നിലാവെളിച്ചം.

തിരഞ്ഞെടുപ്പ്


തിരഞ്ഞെടുപ്പ്
============
തിരഞ്ഞെടുപ്പിതാ വരുന്നു കൂട്ടരേ
ഒരുങ്ങിനിൽക്കണം വിധിയെ നേരിടാൻ
വരുന്നു ജാഥകൾ വഴിമുടക്കുവാൻ
ഉയരും ഘോഷങ്ങൾ ചെവിക്കു ഭാരമായ്

വരുന്നു സ്ഥാനാർത്ഥി ഗൃഹങ്ങൾ തോറുമേ
വിവിധകേളികൾ   നടത്തിപ്പോകുന്നു
ഉറങ്ങും കുഞ്ഞിനെ ഉണർത്തിച്ചുംബിക്കും
അടുക്കളയിലെ കറിപ്പാത്രം തേടും.

വിവിധ നാടകം നടത്തി യാചിക്കും
ജയിച്ചുകേറുവാൻ, ഒരു വോട്ടുകിട്ടാൻ
കനവുകൾ മെല്ലേ  സഫലമാക്കുവാൻ 
കഴുതതൻ  കാലും പിടിക്കണമല്ലോ.

കൊടികൾതൻ നിറം  പലതാണെങ്കിലും
പ്രസംഗമൊക്കെയും ഒരേ വഴിക്കുതാൻ
ഒഴുക്കുമിന്നാട്ടിൽ മധുവും ദുഗ്ധവും
നിറയ്ക്കുമെങ്ങുമേ ശ്രീതൻ ജ്യോതിയാൽ.

നിറയും ചർച്ചകൾ ടെലിവിഷൻ ഷോയിൽ
ജയിക്കുമാരെന്നു പറഞ്ഞുവെച്ചിടും
അതിനുപിന്നാലെ വരുന്നു തർക്കങ്ങൾ
ഫലം വരുമ്പോഴോ തലതിരിഞ്ഞിടും

ജയിച്ചുപോയവർ സമർത്ഥരാകുകിൽ
പൊതുജനം സ്ഥിരം കഴുതകൾ തന്നെ!
തിരിഞ്ഞുനോക്കത്തൊരരിയാനേതാവി-
നിനിയുമേകിടും വിലപ്പെട്ട വോട്ട്.Wednesday, December 30, 2020

BYE

വിടചൊല്ലുന്ന വേളകളിൽ ഉപയോഗിക്കാൻ  നമ്മൾ പലപ്പോഴും ഇംഗ്ലീഷ്ഭാഷയില്നിന്ന് കടമെടുക്കുന്ന ഒരു വാക്കാണ് 'bye' അല്ലെങ്കിൽ  'good bye'. Godbwye എന്നായിരുന്നു ആദ്യരൂപം. പതിനാറാംനൂറ്റാണ്ടിലാണ് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. 1573ൽ ഗബ്രിയേൽ ഹാർവേ എഴുതിയ ഒരു കത്തിലാണ് ആദ്യമായി ഈ വാക്ക് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് പറയപ്പെടുന്നു. “To requite your gallonde of godbwyes, I regive you a pottle of howdyes.” 

(A 'pottle' is half a 'gallonde' or gallon and 'howdye' means 'how do you do') 


. God be with you everytime എന്നതിന്റെ സംക്ഷേപരൂപമാണ് goodbye. (Godbwye -God be with ye ) വീണ്ടും ചുരുക്കി bye എന്നുപയോഗിച്ചുതുടങ്ങിയപ്പോൾ  ജനപ്രീതിയാർജ്ജിക്കുകയും ചെയ്തു. 

പക്ഷേ നമ്മൾ എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് എന്നത് എനിക്കു പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. താൽക്കാലികമായി  വിടയോതുക അല്ലെങ്കിൽ യാത്രാമംഗളം പറയുക  എന്നതിനപ്പുറം എന്നന്നേക്കുമായുള്ള വിടപറയലായും നമ്മളിതിനെ ഉപയോഗിക്കാറുണ്ട്. 

'അന്നേ ഞാനവരോട് ബൈ പറന്നു.'

'അവരുടെ ഇടപെടൽ ശരിയല്ലെന്നുകണ്ടപ്പോഴേ ഞാൻ ബൈ പറഞ്ഞു.' എന്നൊക്കെ നമ്മൾ പറയുമ്പോൾ അത്തരമൊരു ആശയമാണ് പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ അങ്ങനെയൊരു സമീപനം ഈ വാക്കിന് ഉണ്ടോ എന്നാണ് സംശയം. 

ബൈ എന്ന വാക്കിനൊപ്പം റ്റാ റ്റാ എന്നും ഉപയോഗിക്കുന്ന പതിവുണ്ടല്ലോ. Ta Ta Bye Bye Ok എന്നൊക്കെ നമ്മൾ സാധാരണ പറയാറുമുണ്ട്. Ta  എന്നത് Thankyou എന്നതിന്റെ സംഗ്രഹമാണ്.  all correct എന്നാണ് ok കൊണ്ടർത്ഥമാക്കുന്നത്.

Bye എന്ന വാക്ക് മാത്രമായി എടുത്താൽ അതിന്  പല വിപുലീകരണങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും be with you everytime എന്നാണ് കൂടുതൽ സ്വീകാര്യമായ പൂർണ്ണരൂപം. 

Beyond Your Expectations

Balance Your Emotions

Be with You Ever

Before You Everywhere

Before You Exit

Between Your Eyes

Between Your Ears

Big Yellow Eggplant

Benefit Year End

എന്നൊക്കെ സന്ദർഭോചിതമായി bye എന്ന വാക്കിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 

എന്തായാലും 2020 നോട് നമുക്ക്  bye പറയണോ അതോ നമ്മുടെ മാതൃഭാഷയിൽ വിടചൊല്ലണോ എന്നണിപ്പോൾ ആലോചിക്കുന്നത്.  ഭൂതലത്തിലാകെയുള്ള മനുഷ്യജീവിതത്തെ അപ്പാടെ മാറ്റിമറിച്ച  2020  നമുക്കുതന്ന  അനുഭവങ്ങൾ  മറക്കാനേ കഴിയില്ലല്ലോ, അല്ലേ. Monday, December 28, 2020

മലയാളസാഹിത്യം ഉത്തരാധുനികമിഴികളിലൂടെ

മലയാളസാഹിത്യം ഉത്തരാധുനികമിഴികളിലൂടെ. 
========================================
മലയാളഭാഷയ്ക്കും മലയാളസാഹിത്യത്തിനും  മറ്റുപല ഭാഷകളെയുംപോലെ  വളരെപ്പഴയൊരു പൗരണികതയൊന്നും അവകാശപ്പെടാനില്ല. വായ്മൊഴികളിലൂടെ രൂപംകൊണ്ട നാടോടിപ്പാട്ടുകളും നാടോടിക്കഥകളും ഒക്കെയായിരിക്കാം മലയാളത്തിലെ ആദ്യസാഹിത്യസൃഷ്ടികൾ. അവയൊക്കെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് വായ്‌താരികളായിമാത്രം പകർന്നുകൊടുക്കപ്പെട്ടവയാണ്. ആശയത്തിലും ഭാഷയിലുമുള്ള ലാളിത്യവും സാധാരണജീവിതത്തോട് നീതിപുലർത്തുന്ന ഇതിവൃത്തങ്ങളും ഈ സൃഷ്ടികളുടെ സവിശേഷതയാണ്. എന്നാൽ എഴുതപ്പെട്ട സാഹിത്യത്തിൻറെ   തുടക്കംതന്നെ മറ്റുഭാഷകളിലെ സാഹിത്യകൃതികളെ അനുകരിച്ചുകൊണ്ടോ അവയുടെയൊക്കെ ഭാഷാന്തരങ്ങളോ പുനരാഖ്യാനങ്ങളോ ആയി രചിക്കപ്പെട്ടവയായിരുന്നു. അവയുടെ സൃഷ്ടികർത്താക്കളാകട്ടെ ഭാഷയിൽ അഗാധപാണ്ഡിത്യമുള്ളവരും. വേദപുരാണേതിഹാസങ്ങളും സംഘകാലകൃതികളുമൊക്കെയായിരുന്നു ആദ്യപ്രചോദനമെങ്കിൽ ഹിന്ദി, മറാഠി, ബംഗാളി മുതലായ ഭാരതഭാഷകളും ആംഗലേയമുൾപ്പെടെയുള്ള  വിദേശഭാഷകളും തങ്ങളുടെ സാഹിത്യകൃതികളാൽ  പിന്നീട് മലയാളത്തിലെ എഴുത്തുകാരെ നന്നേ സ്വാധീനിച്ചിരുന്നു. ഗാഥ, കിളിപ്പാട്ട്, ആട്ടക്കഥ, തുള്ളൽസഹിത്യം എന്നിങ്ങനെ നിലനിന്നുപോന്ന മലയാളസാഹിത്യം ഖണ്ഡകാവ്യങ്ങൾ, ചെറുകഥ, നോവൽ തുടങ്ങിയ രചനാസങ്കേതങ്ങളിലേക്കു ചുവടുമാറ്റപ്പെട്ടത് എഴുത്തുകാരിൽ  പാശ്ചാത്യസാഹിത്യത്തിന്റെ ശക്തമായ ആകർഷണം വന്നതുകൊണ്ടാണ്. കാലാന്തരത്തിൽ ഈവിധസാഹിത്യശാഖകളൊക്കെത്തന്നെ നിരവധിയായ മാറ്റങ്ങൾക്കു വിധേയമായി ഉത്തരാധുനികതയിൽ എത്തിനിൽക്കുന്നു. 

എഴുതപ്പെട്ട ആദ്യകാലസഹിത്യം അക്ഷരാഭ്യാസം പ്രാപ്യമായിരുന്ന ചില പ്രത്യേകവിഭാഗക്കാർക്കുമാത്രമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവയ്ക്ക് ഭൂരിഭാഗംവരുന്ന സാധാരണജനങ്ങളുടെ ജീവിതവുമായി വലിയബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ്ഭരണത്തോടെ നടപ്പാക്കപ്പെട്ട  സാർവത്രികമായ വിദ്യാഭ്യസം സമൂഹത്തിന്റെ താഴേത്തട്ടിൽവരെ  അക്ഷരജ്ഞാനം എത്തിക്കുകയും  വായനയിലൂടെ നൂതനാശയങ്ങൾ സ്വായത്തമാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തതോടുകൂടി സാഹിത്യത്തിലും അതിമഹത്തായൊരു ചുവടുമാറ്റം ദൃശ്യമായിതുടങ്ങി. സാഹിത്യരചനയ്ക്കുപയോഗിക്കുന്ന ഭാഷ ലളിതമാക്കപ്പെടുകയും  ഇതിവൃത്തങ്ങൾ സമകാലികമനുഷ്യജീവിതത്തോടു കൂടുതൽ ചേർന്നുനിൽക്കുകയും രചനാസങ്കേതങ്ങൾ സൗകുമാര്യമുള്ളതാവുകയും ചെയ്തതോടുകൂടി സാധാരണക്കാരന്റെ ഹൃദയങ്ങളിലേക്ക് സാഹിത്യരചനകൾ ഒരു തള്ളിക്കയറ്റംതന്നെ നടത്തി. അറുപതുകളിലും എഴുപതുകളിലുംമറ്റും വന്നുഭവിച്ച ഈ മാറ്റത്തെ നമ്മൾ ആധുനികതയുടെ പരിവേഷംകൊടുത്തുനിർത്തി. ചോദ്യംചെയ്യപ്പെടേണ്ട സമൂഹ്യപശ്ചാത്തലങ്ങളെ പദ്യ,ഗദ്യ സാഹിത്യരചയിതാക്കൾ തങ്ങളുടെ രചനകൾക്ക് അതിശക്തമായി ഉപയോഗപ്പെടുത്തി. 

ഉത്തരാധുനികത പാശ്ചാത്യസഹിത്യലോകത്തെ വളരെമുന്നേതന്നെ ആശ്ലേഷിച്ചിരുന്നു. അതിന്റെ പശ്ചാത്തലം യുദ്ധങ്ങളും യുദ്ധാനന്തരകാലത്തെ ജീവിതദൈന്യതയേകിയ നിരാശയും അന്യതാബോധവും ഒക്കെയായിരുന്നു. പക്ഷേ ഈവിധമുള്ള സമൂഹികപശ്ചാത്തലങ്ങളൊന്നും  മലയാളിക്കു പരിചിതമായിരുന്നില്ല. എന്നാൽ എഴുപതുകളിൽ നേരിടേണ്ടിവന്ന സമൂഹികവ്യതിയാനങ്ങൾ സാഹിത്യത്തിലും ഒരുമാറ്റത്തിനു വഴിയൊരുക്കിയെന്നു പറയാം.  അടിസ്ഥാനവർഗ്ഗത്തിനു പുത്തനുണർവ്വ് നൽകിയ  പ്രസ്ഥാനങ്ങൾക്കും അവയോടുചേർന്നുനിന്ന പ്രത്യയശാസ്ത്രപരമായ ആശയങ്ങൾക്കും വന്നുഭവിച്ച അപചയവും 1975ലെ അടിയന്തരാവസ്ഥയാൽ  നിഷേധിക്കപ്പെട്ട  വ്യക്തിസ്വാതന്ത്ര്യവുമൊക്കെ സമൂഹത്തിനു പകർന്നേകിയ നിരാശയുടെ, നിസ്സഹായതയുടെ  പ്രതിഫലനമാണ് ആധുനികതയിൽനിന്ന് ഒരുചുവട് മുമ്പോട്ടുവയ്ക്കാൻ മലയാളിയെ പ്രാപ്തമാക്കിയത്. 

ആധുനികത തികച്ചും നഗരകേന്ദ്രീകൃതമായിരുന്നെങ്കിൽ ഉത്തരാധുനികത ഗ്രാമനഗരാന്തരങ്ങളില്ലാത്ത,  ഉത്തരദക്ഷിണഭേദങ്ങളില്ലാത്ത ജീവിതങ്ങളെയാണ് സൃഷ്ടിച്ചത്. എണ്പതുകളിൽ തുടക്കമിട്ടു തൊണ്ണൂറുകളിൽ ശക്തിപ്രാപിച്ചൊരു മാറ്റമായിരുന്നു ഇത്. ആഗോളവത്കരണവും ഉപഭോഗസംസ്കാരവും നൂതനസാങ്കേതികവിദ്യകളും നവമാധ്യമങ്ങളും ജീവിതനിലവാരത്തിലെ വ്യതിയാനവും ഒക്കെയുള്ള സമകാലികജീവിതരീതികൾ   ഉത്തരാധുനികസാഹിത്യത്തിൽ അവിഷ്കരിക്കപ്പെടുന്നു. നവമാധ്യമങ്ങൾ നൽകുന്ന കൃത്യമായ  ജീവിതചിത്രങ്ങൾ യാഥാർത്ഥ്യബോധത്തോടെ ചുറ്റുപാടുകളെ നോക്കിക്കാണാൻ സമൂഹത്തെ പ്രേരിപ്പിച്ചു. ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും പാർശ്വവത്കരണങ്ങളെയും ചോദ്യംചെയ്യാനും അതിനു  വിധേയരാകുന്നവരോടു   പക്ഷംചേർന്ന് അവർക്കുവേണ്ടി തൂലിക പടവാളാക്കാനുമാണ്  ഉത്തരാധുനികസാഹിത്യത്തിന്റെ വക്താക്കൾ മുന്നിട്ടിറങ്ങിയത്. 

പാരമ്പര്യമായി നിലനിന്നുപോന്ന രചനാസങ്കേതങ്ങളിൽനിന്ന് ഏറെ വിഭിന്നമായ  ഘടനയും ഭാഷയുമാണ് ഉത്തരാധുനികകൃതികളിൽ നമുക്കു കാണാനാകുന്നത്. നിയതമായൊരു ചട്ടക്കൂടിനപ്പുറം, 
വരമൊഴിയെ മറികടന്ന് വാമൊഴിയുടെ സാധ്യതകളിലൂടെ സ്വതന്ത്രജീവിതാവിഷ്കാരം  സാധ്യമാക്കുന്നു. സ്ത്രീ,ദളിത്,പ്രകൃതി എന്നിവ പ്രമേയങ്ങളിലെ ശക്തമായ സാന്നിധ്യമായി. ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും നൂതമായ ബിംബാവിഷ്കരങ്ങളിലൂടെയും  വിരുദ്ധോക്തികളിലൂടെയുമൊക്കെ തങ്ങൾക്കു പറയാനുള്ളത് ശക്തമായി അവതരിപ്പിക്കുന്ന രീതികൾ ഉത്തരാധുനികചെറുകഥകളിലും നോവലുകളിലും കവിതകളിലുമൊക്കെ നമുക്ക് കാണാം. അതിസങ്കീർണ്ണങ്ങളായ ആശയങ്ങളെ  ധ്വന്യാത്മകമായി കവിതകളിൽ ആവിഷ്കരിച്ചപ്പോൾ ആസ്വാദനതലത്തിന് പുതിയൊരു മാനം കൈവന്നു. എങ്കിലും ആധുനികകവിതകൾ ജനഹൃദയങ്ങളിൽ ഇരമ്പിക്കയറിയതുപോലെ ഉത്തരാധുനികകവിതകൾക്കായില്ല എന്നതും വാസ്തവമായി നിലകൊള്ളുന്നു. അതുപോലെതന്നെയാണ് കഥകളുടെയും നോവലുകളുടെയുമൊക്കെ അവസ്ഥ.ഉത്തരാധുനികത സാഹിത്യത്തിൻറെ വിവിധമേഖലകളിൽ അടയാളപ്പെടുത്തുന്ന  അനേകം എഴുത്തുകാർ മലയാളത്തിലുണ്ട്. അവരുടെ രചനകളും നിരവധിയാണ്. കവികളിൽ കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, വിജയലക്ഷ്മി, പി പി രാമചന്ദ്രൻ, സച്ചിദാനന്ദൻ  തുടങ്ങി ഒരു നീണ്ട നിരതന്നെയുണ്ട്. കഥാ, നോവൽ മേഖലകളിൽ  ആനന്ദും  എം മുകുന്ദനും ടി വി കൊച്ചുബാവയും സേതുവും ഓ വി വിജയനും    മുതൽ നിരവധിപേർ.  അവരൊക്കെയും മലയാളസാഹിത്യത്തിന് അമൂല്യങ്ങളായ സംഭാവനകൾ നല്കിയവരാണ്. ഇവരിൽ പലരും ആധുനികതയില്നിന്ന് ഉത്തരാധുനികതയിലേക്ക് നടന്നുകയറിയവരാണ്. ഈ ഭിന്നത നിർണ്ണയിക്കുന്നതാകട്ടെ കൃതികളുടെ സവിശേഷതയാണ്. 

രചനകളിൽ അനുവാചകന്റെ മേധാശക്തിയെ പരീക്ഷിക്കുകയും അസ്വാദനത്തിന് അജീർണ്ണബാധയുണ്ടാക്കുകയും ചെയ്യുന്ന 
ഉത്തരാധുനികരചനാതന്ത്രങ്ങൾ സാധാരണക്കാരായ  വലിയൊരു വിഭാഗം വായനക്കാരെ വായനയിൽനിന്നകറ്റിനിർത്തുന്നു  എന്നത് അനിഷേധ്യമായ കാര്യം. ജനപ്രിയത കുറഞ്ഞതുകൊണ്ടു മികച്ചത് മികച്ചതല്ലാതാവുന്നുമില്ല. ഉത്തരാധുനികരചനകൾക്ക് ഒരു കബളിപ്പിക്കൽ സ്വഭാവംകൂടിയുണ്ട്. ഒറ്റനോട്ടത്തിൽ ഏറെ ലളിതമെന്നു തോന്നുന്നതുകൊണ്ട് ആർക്കും ഇതൊക്കെ സാധ്യമാകും എന്നൊരു മിഥ്യാധാരണ പരക്കെ നിലനിൽക്കുന്നു എന്നുതോന്നുന്നു. ധിഷണയുടെയോ സാഹിത്യപരമായ ഗുണമേന്മകളുടെയോ  ലാഞ്ഛനപോലുമില്ലാത്ത കൃതികളുടെ കുത്തൊഴുക്കാണിന്നു നവമാധ്യമങ്ങളിലുംമറ്റും കാണാൻകഴിയുന്നത്. അശ്ലീലപദങ്ങളുടെയും  സമൂഹം മാന്യമെന്നു കരുതാത്ത വാക്കുകളുടെയുമൊക്കെ അതിപ്രസരം  ഇത്തരം രചനകളിൽ ഒരു സാധാരണകാര്യമാണ്. ചിലരചനകൾ എഴുതിയവർക്കുപോലും പിന്നെ വായിച്ചാൽ പിടികിട്ടാത്തതും.    മനുഷ്യന് മനസ്സിലാകാത്തതൊക്കെ ആധുനികോത്തരമെന്നു തെറ്റിദ്ധരിക്കുകയും വാക്കുകളെ അതിനായി ദുരുപയോഗം ചെയ്യുകയുമാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്. 

സാഹിത്യം പുരാതനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ. അത് സ്ഫുടവും സ്പഷ്ടവുമായ  ആശയങ്ങളെ വായനക്കാരന്റെ നിർമ്മലമായ ഹൃദയദർപ്പണത്തിൽ പ്രതിബിംബിക്കാൻ പ്രാപ്തിയുള്ളതാകണം. രചനയിൽ ഉപയോഗിക്കുന്ന ഭാഷയും മറ്റു ഘടകങ്ങളും അതിനായി വെളിച്ചമേകുന്നതുമായിരിക്കണം. സാഹിത്യം നല്ലതെന്നും ചീത്തയെന്നും വേർതിരിക്കപ്പെടുന്നില്ല. അത് നല്ലതും ചീത്തയുമാകുന്നത് വായനക്കാരന്റെ മനസ്സിലാണ്.  ഈ കാലഘട്ടം അതിവേഗതയുടേതാണ്. മറ്റേതൊരു കലയേയുംപോലെ സാഹിത്യവും കാലഘട്ടത്തോട് സമരസപ്പെട്ടെങ്കിൽ മാത്രമേ വളർച്ച സാധ്യമാകൂ. കാലാനുസൃതമായ മാറ്റങ്ങളിലൂടെ ഉത്തരാധുനികത സാഹിത്യത്തെ, അതുവഴി ഭാഷയെ മുമ്പോട്ട് നയിക്കട്ടെ എന്ന് നമുക്കാശിക്കാം. 

 


Saturday, December 26, 2020

ഒരു മുംബൈകഥ

 നഗരത്തിലെ പ്രശസ്തസ്ഥാപനത്തിലെ ഓഫീസ് മേലധികാരിയാണ് അശോക് വർമ്മ. വർമ്മാജിക്ക് കൃത്യനിഷ്ഠ വളരെ പ്രധാനം. ജോലിക്കാർ സമയനിഷ്ഠ പാലിക്കണമെന്നത്  നിർബ്ബന്ധവും. വൈകിയെത്തുന്ന ഉദ്യോഗസ്ഥർ കാരണം കൃത്യമായി ബോധിപ്പിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു എന്ന് മാത്രമല്ല അതിനായി മസ്റ്ററിൽ ഒരു കോളവും നൽകിയിരുന്നു. പൊതുവേ ജോലിക്കാർ വൈകിയെത്തുന്നത് സമയകൃത്യത പാലിക്കാത്ത ലോക്കൽട്രെയിൻ കാരണമാകും. അതാകുമ്പോൾ ചോദ്യംചെയ്യപ്പെടാനും സാധ്യതയില്ലല്ലോ. അതുകൊണ്ടുതന്നെ ഒരാൾ എഴുന്ന കാരണത്തിനു താഴെ എല്ലാവരും Same as above എഴുതുകയാണ് പതിവ്. 

അന്ന് പതിനാലുപേരാണ് ഓഫീസിൽ വൈകിയെത്തിയത്. വർമ്മാജി നോക്കിയപ്പോൾ എല്ലാവരും കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുസമയത്തിനുശേഷം അദ്ദേഹം അവരെ  എല്ലാവരെയും തന്റെ ക്യാബിനിലേക്കു വിളിപ്പിച്ചു. എന്നിട്ട് ഒരു പാക്കറ്റ് തുറന്ന് എല്ലാവർക്കും ലഡ്ഡു നൽകി. കാര്യമറിയാതെ ഒന്നമ്പരന്നെങ്കിലും എല്ലാവരും ലഡ്ഡു വാങ്ങിക്കഴിച്ചു. 

" എന്തിനാ എല്ലാവർക്കും മധുരം തന്നതെന്നെന്താ ആരും ചോദിക്കാത്തത്?"

"സാറിന് എന്തോ സന്തോഷമുള്ള കാര്യമുണ്ടായെന്നു മനസ്സിലായി. എന്താണ് സർ?" 

" എനിക്കല്ല, നിങ്ങൾക്കെല്ലാവർക്കുമാണ് സന്തോഷമുള്ള കാര്യമുണ്ടായത്. എല്ലാവരുടെയും ഭാര്യമാർ ഒരേസമയത്ത് ഗർഭവതികളായി എന്നുമാത്രമല്ല അവർക്കെല്ലാം ഇന്നുതന്നെയായിരുന്നു സോണോഗ്രാഫി. അതിനേക്കാൾ ആദ്‌ഭുതകരമായ കാര്യം ഇവിടുത്തെ മൂന്നു ലേഡി സ്റ്റാഫിന്റെ ഭാര്യമാരും ഗര്ഭിണികളാണെന്നതാണ്." 

വർമ്മാജി അർത്ഥം വ്യക്തമാക്കാത്തവിധം മുഖത്തൊരു പുഞ്ചിരി വിടർത്തി ഇങ്ങനെ പറഞ്ഞു. . 

" Same as above എന്നു എഴുതുമ്പോൾ ആദ്യം മുകളിലെന്താണ് എഴുതിയിരിക്കുന്നത് വായിച്ചുനോക്കണം മഹാന്മാരേ, മഹതികളേ. അല്ലെങ്കിൽ സോണോഗ്രാഫികൾ ഇനിയും നടത്തേണ്ടിവരും." 

Friday, December 25, 2020

രാത്രിമഴ പെയ്തൊഴിഞ്ഞു - സൃഷ്ടിപഥം എട്ടുവരിക്കവിത

 # രാത്രിമഴ പെയ്തൊഴിഞ്ഞു

==========================

കാവിനും കാടിനും കാലത്തിനുംവേണ്ടി 

പെയ്യുകയായിരുന്നൊരു സ്നേഹരാമഴ 

പോയ്മറഞ്ഞേങ്ങോ കനിവിന്റെ നീർക്കണം 

പെയ്തൊഴിഞ്ഞാ രാത്രിമഴ  പ്രേമസാക്ഷിയായ്

ദൂരെയൊരു പക്ഷിതൻ ചിറകൊടിഞ്ഞിട്ടതാ 

കേഴുന്നു പിന്നെയും പിന്നെയും ദീനമായ്

ഇനിയില്ലൊരഭയമീ പരിഭവം പറയുന്നോ-

രമ്പലമണികളിലലിയുന്ന വ്യഥകൾക്ക് ! 

Sunday, December 13, 2020

സമസ്യപൂരണം

നിമിഷകവിത മത്സരം 
1. ബാല്യം
ജീവിതപുസ്തകത്താളിൽ ഞാൻ കാത്തിടും
നിറമയിൽപ്പീലിയാണെന്റെ ബാല്യം 
ആയിരം ചിത്രപതംഗങ്ങൾ  പാറിടും
ആരാമശോഭയാണെന്റെ ബാല്യം 
പുലരിയിൽ പൂവിൽപതിച്ചൊരു ഹിമകണം 
തീർത്ത പളുങ്കുപോൽ മുഗ്ദ്ധമനോഹരം 
ബാല്യം- അതെത്രവേഗാൽ  മാഞ്ഞുപോയൊരു 
ചേലാർന്ന മാരിവില്ലെന്നപോലെ 

2.കലാലയം
കളിചിരികൾ പൂത്തുവിടർന്നൊരാപ്പൂക്കാലം
കമനീയമാകുമാഹ്ലാദത്തിൻ കേദാരം 
ഓമൽക്കലാലയസ്മരണകളെന്നെന്നും 
ഓർമ്മയിൽ കുടമുല്ലപ്പൂക്കൾ വിടർത്തുന്നു.

3.ഓൺലൈൻ പഠനം
സ്ക്കൂളില്ല, സ്ക്കൂൾമുറ്റമില്ല, ക്‌ളാസ്സ് മുറിയില്ല
ബഞ്ചില്ല, ഡസ്കില്ല, ചൂരൽവടിയില്ല
അപ്പുറവുമിപ്പുറവും ചങ്ങാതിമാരില്ല
കളിയില്ല ചിരിയില്ല കുസൃതിയില്ല 
വീട്ടിലെ  ഇത്തിരിസ്ക്രീനിൽവന്നെന്നും 
ടീച്ചർ പഠിപ്പിക്കുമെല്ലാ വിഷയവും.
ഓണലൈൻക്ലാസ്സാണിതോരോ കുരുന്നിനു-
മോണ്ലൈൻ  ജീവിതത്തിന്നാദ്യപാഠങ്ങൾ. 
 


4.ഹൃദയപൂർവ്വം
വർഷികാഘോഷത്തിൻ താളമേളങ്ങളിൽ
മുങ്ങിമുഴുകുമീ  വായനപ്പുരതന്റെ 
സർവ്വനന്മയ്ക്കായി ഏകുന്നു ഞാനിതാ 
ആശംസാപൂക്കളെൻ ഹൃദയപൂർവ്വം  

5.പൂരം
പൂരമൊന്നെത്തിയീ വായനപ്പുരയിലും
ആനന്ദകാഹളമെങ്ങും മുഴങ്ങുന്നു.
ആനയമ്പാരിയതൊന്നുമില്ലെങ്കിലും  
ആട്ടവും പാട്ടും കളിയും ചിരിയുമായി
പൂരം പൊടിപൊടിക്കുന്നു സഹർഷമീ
വായനപ്പുരയുടെ  കോലായിലെങ്ങുമേ... 
 
ലളിതഗാനപൂരണം 
===================

സാന്ദ്രമൗനം ചൂടിനില്ക്കും
സായംസന്ധ്യയിലെന്റെ  ഹൃദന്തം 
വിലോലമാമൊരു ഗാനം പാടി 
വിമൂകമായതിവിഷാദമോടെ 


അവാച്യമായൊരു മാന്ത്രികശബ്ദം
അണഞ്ഞിതെന്നുടെ കാതിൽ മൃദുവായ്‌
ഏതോ ഗായകനനുരാഗത്തി-
ന്നാത്മവിപഞ്ചിക മീട്ടുംപോലെ

ആയിരം കവിതകൾ കണ്ണുകൾ ചൊല്ലും
ആവണിമലരുകൾ വിടർന്നുനിൽക്കേ
ആകാശത്തിൻ ചെരുവിലൊരമ്പിളി
പാൽപ്പുഞ്ചിരിയോടെത്തുകയായി  

സമസ്യാപൂരണം 1 
വിദ്യ മോഹിച്ചിട്ടഥ  പാഠശാലയിൽ ഗുപ്‌തം
വന്നെത്തിനോക്കുന്നൊരാ പിഞ്ചുബാലികതന്റെ  
ദൈന്യതപൂണ്ടോരിളം വദനാംബുജം  കാൺകി-  
ലാർക്കും മനസ്സെരിയുമെന്നതു നഗ്നസത്യം സമസ്യാപൂരണം 2 
വർദ്ധക്യമേകുമൊരു ശോകത്തിൻ  മാറാപ്പുമായ്
ചേക്കേറുന്നയുതങ്ങളഭയകേന്ദ്രങ്ങളിൽ  
ആർക്കുമീ ഗതിവരാമെന്നരു  ചിന്തവന്നാ- 
ലാർക്കും മനസ്സെരിയുമെന്നതു നഗ്നസത്യം '''''''

അക്ഷരം വിന

അക്ഷരം വിന 
.
"വിനൂ, എനിക്ക് നാളെ പുറപ്പെടാൻ കഴിയില്ല. ഓഫീസിൽ അത്യാവശ്യമായൊരു മീറ്റിംഗ് അറ്റൻഡ് ചെയ്യണം. ഹെഡ്ഓഫീസിൽ നിന്ന് ഇപ്പോൾ കോൾ വന്നിരുന്നു"
വിനായകൻ ഒരുനിമിഷം അമ്പരന്നു.
അവൻ സ്നേഹലിനെ തുറിച്ചുനോക്കി. 
പക്ഷേ മൊബൈൽഫോണിലെ സ്ക്രീനിൽത്തെളിഞ്ഞ അവളുടെ പുഞ്ചിരിക്കുന്ന മുഖത്ത് ഒരാശങ്കയുമില്ല. 
"നാളെത്തന്നെ നീ പൊയ്ക്കൊള്ളൂ. ഞാൻ മറ്റെന്നാളത്തെ ഫ്ലൈറ്റിലെത്താം. ഒരു ടിക്കറ്റുണ്ട്.  നേരത്തെ ചെന്നാൽ  നിനക്കവിടെ നമ്മുടെ താമസവും വാഹനവുമൊക്കെ തയ്യാറാക്കുകയും ചെയ്യാമല്ലോ" 
"അത് നന്നായി. ഞാൻ നാളെത്തന്നെ തിരിക്കാം." 
കോവിഡും ലോക്ക്ഡൗണും ഒക്കെയായി കല്യാണം ഒരുതരത്തിലാണ് നടന്നുകിട്ടിയത്. ആറുമാസമായിട്ടും ഒരു ഹണിമൂൺയാത്ര പോകാൻ പറ്റിയില്ല. നോക്കിനോക്കിയിരുന്നു പോകാൻ അവസരം വന്നപ്പോൾ അതിതാ ഇങ്ങനെയും. 
ടിക്കറ്റ് ക്യാൻസൽ ചെയ്ത്, ഒന്നിച്ചു പോകാമെന്നുവെച്ചാൽ ഇനി എന്നാണ് രണ്ടു ടിക്കറ്റ് ഒത്തുകിട്ടുന്നതെന്നു പറയാനാവില്ല. ഫ്ലൈറ്റുകൾ ഇപ്പോൾ വളരെക്കുറവാണ്.  ലീവ് തീർന്നുംപോകും. 
വിനായകൻ സീറ്റിൽനിന്നെഴുന്നേറ്റു താഴത്തെ ഫ്ലോറിലെ കാന്റീൻ ലക്ഷ്യമാക്കി നടന്നു. ഇത്തിരിനേരത്തേക്കാണെങ്കിലും ടെൻഷൻ വന്നാൽ ശരീരത്തിന് ഒരു തളർച്ചപോലെയാണ്.  നല്ലൊരു കോഫി കുടിച്ചാൽ അതൊന്നു മാറ്റിയെടുക്കാം. 
വൈകുന്നേരം സ്നേഹലിന്റെ ഓഫിസിലെത്തി അവളെയും കൂട്ടിവേണം ഫ്ലാറ്റിലേക്ക് പോകാൻ. യാത്രക്കുവേണ്ടതൊക്കെ ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും സൂപ്പർമാർക്കറ്റിൽ ഒന്ന് കയറുകയും വേണം. വിട്ടുപോയ ചിലതൊക്കെ വാങ്ങാനുണ്ട്. 
രാവിലെ ടാക്‌സി വിളിച്ച് വിനായകൻ എയർപർട്ടിലേക്കും കാറിൽ സ്നേഹൽ ഓഫീസിലേക്കും പോയി. 
വിനായകന്റെ ഫ്ലൈറ്റ് അല്പം വൈകിയെങ്കിലും സുഖയാത്രതന്നെയായിരുന്നു. സുന്ദരമായ നാട്. നല്ല കാലാവസ്ഥ. മധുവിധു ആഘോഷിക്കാൻ പറ്റിയ സ്ഥലം. ഇവിടെ  ടൂറിസ്റ്റുകൾക്ക് ക്വാറന്റൈൻ വേണ്ടാത്തത് ഭാഗ്യമായി. അല്ലെങ്കിൽ ഈ യാത്രതന്നെ ഉണ്ടാകുമായിരുന്നില്ല. 
ഹോട്ടൽമുറിയിലെ നനുത്ത തണുപ്പിലിരുന്നു വിനായകൻ സ്നേഹലിന് മെയിലയച്ചു. ഓഫീസ് സമയത്ത് അവൾക്കു ഫോൺവിളി ശല്യമാകും. മെസ്സെഞ്ജറും വാട്സാപ്പും ഒന്നും നോക്കിയെന്നും വരില്ല. 

രണ്ടുദിവസം മുമ്പ് കോവിഡ് വന്നു മരിച്ച ശേഖർ സമാനിയുടെ വീട്ടിലെ ജോലിക്കാരിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് സിദ്ധി ഓടിവന്നത്. കസേരയിൽ ഒരുവശത്തേക്കുചരിഞ്ഞ്  അമ്മ അനുരാധ  ബോധംകെട്ടു കിടക്കുന്നു. 
"അമ്മയ്ക്കെന്തുപറ്റി?" 
"ഞാൻ ചായകൊണ്ടുവന്നുകൊടുത്തു. അത് കുടിക്കാൻ ഇരുന്നതാണ്.   പെട്ടെന്ന് ബോധംകെട്ടുവീണു. എനിക്കറിയില്ലാ മോളേ എന്താ ഉണ്ടായതെന്ന്." 
ജോലിക്കാരി വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. 
"നീ ചായയിൽ എന്തെങ്കിലും ചേർത്തോ?" 
" അയ്യോ ഇല്ല കുഞ്ഞേ. മാഡം ചായ കുടിക്കാൻ തുടങ്ങിയുമില്ല. മാഡം മേശപ്പുറത്തുണ്ടായിരുന്ന  ലാപ്‌ടോപ്പ് ഓണാക്കി  നോക്കുന്നുണ്ടായിരുന്നു." 
സിദ്ധി കപ്പിലേക്കു നോക്കി. അവൾ പറഞ്ഞത് ശരിയാണ്. അമ്മ ചായ കുടിച്ചിട്ടില്ല. പിന്നെ എന്താണ് സംഭവിച്ചത്! 
അവൾ ലാപ്ടോപ്പ് നോക്കി. 
അതിൽ അവർ ഒരു മെയിൽ നോക്കുകയായിരുന്നു. 
"എന്റെ പ്രിയപ്പെട്ടവളേ,
ഞാനീ സ്വർഗ്ഗത്തിൽ സുഖമായെത്തി. നീ കൂടെയില്ലാത്ത സങ്കടമുണ്ട്. 
സാരമില്ല. നാളെ നീയുമിങ്ങെത്തുമല്ലോ. ഇവിടെ ഞാൻ നിനക്കു വേണ്ടതെല്ലാമൊരുക്കിവയ്ക്കുന്നുണ്ട്. നിന്നെക്കാണാൻ എനിക്കു തിടുക്കമായി. നീ എത്തുന്നതുവരെ ഞാൻ അക്ഷമനായി കാത്തിരിക്കുന്നിവിടെ"

വിനായകൻ മെയിൽ  അയച്ചപ്പോൾ ഐഡിയിൽ  രണ്ടക്ഷരം മാറിയത് ശ്രദ്ധിച്ചിരുന്നില്ല. 
 പരിണാമത്തിന്റെ കാലൊച്ച - അക്ഷരമലരുകൾ കാവ്യസംഗമം

 പരിണാമത്തിന്റെ കാലൊച്ച

സ്ഥായിയായൊന്നുമില്ലീപ്രപഞ്ചത്തിലോ, 

മാറുന്നീ  വിശ്വവും നോക്കിനിൽക്കേ  

മാറ്റമില്ലാത്തതീ  മാറ്റത്തിനാണെന്നു 

ചൊല്ലിയ നാവിനെകുമ്പിടുന്നേൻ !

എങ്കിലും മാറ്റമില്ലാതെ നില്ക്കുന്നതീ 

മാനവൻതന്റെ മനോഗതത്തിൽ 

നന്മയില്ലാത്തതാം ചിന്തകൾ, ചെയ്തികൾ 

മാറ്റേണ്ടകാലം  കഴിഞ്ഞതില്ലേ! 

വേണം നമുക്കൊരു മാറ്റം നവീനാമം 

ജീവിതപാതകൾ തേടുവാനായ് 

വേണം നമുക്കൊരു മാറ്റം ജഗത്തിന്റെ 

നന്മയ്ക്കു വേണ്ടി പ്രയത്നിക്കുവാൻ 

വേണം  നമുക്കൊരു മാറ്റം  ധരിത്രിതൻ 

കണ്ണീരുകാണുവാൻ, കൺനിറയാൻ 

വേണം നമുക്കൊരു മാറ്റം കുടിനീരിൽ 

കന്മഷം  തീണ്ടാതെ കാത്തുകൊള്ളാൻ 

വേണം നമുക്കൊരു മാറ്റ,മീയുച്ഛ്വാസ-

വായുവിൽ വിഷധൂളി പടരാതിരിക്കുവാൻ 

വേണം നമുക്കൊരു മാറ്റം ദിനംതോറും 

ശുദ്ധമാമന്നം രുചിയറിഞ്ഞുണ്ണുവാൻ 

വേണം നമുക്കൊരു മാറ്റം കിടാങ്ങൾക്കു 

കേളികൾക്കായ് ശുദ്ധമണ്ണിടം തീർക്കുവാൻ 

വേണം നമുക്കൊരു മാറ്റം  വസുന്ധര- 

തന്നുടെ ഹരിതാഭകഞ്ചുകം രക്ഷിക്കാൻ 

വേണം നമുക്കൊരു മാറ്റം  ധരിണിക്കു 

കുടയാകും  കാടിനെ കാത്തീടുവാൻ. 

വേണം നമുക്കൊരു മാറ്റം, ജഗത്തിന്റെ 

ഭാഗമാം  ജീവജാലങ്ങളെക്കാക്കുവാൻ 

വയ്ക്കാം നമുക്കൊരു കാൽപാദം മാറ്റത്തിൻ 

നാളേക്കുവേണ്ടിയീയിന്നിന്റെ സന്ധ്യയിൽ .

കാത്തിരിക്കാം സർവ്വനന്മതന്നൊളിവീശും 

സുന്ദരസുഭഗമാം പൊന്നുഷസ്സിന്നായി.

  

Tuesday, December 1, 2020

ചിത്രാധിഷ്ഠിതകവിതാമത്സരം

 ''മുത്തശ്ശിയമ്മേ,യെടുക്കാം  ഞാനീ 

മുട്ടൻ വടി തെല്ലുനേരം 

കാക്ക വരുന്നുണ്ടു വേഗാൽ കോഴി-

കുഞ്ഞുങ്ങളെ റാഞ്ചിപ്പോകാൻ.''


"ഈവടി ഞാൻ നിനക്കേകാം, കോഴി- 

ക്കുഞ്ഞിനെ   രക്ഷിപ്പാനെന്നാൽ 

നിന്നെ രക്ഷിക്കുവാനായി  നൽകാൻ

ഒന്നുമില്ലെൻകൈയിൽ പൊന്നേ."