Saturday, July 30, 2016

ഇഞ്ച്കേപ്പ് റോക്ക്

റോബര്‍ട്ട് സൗഥിയുടെ 'Inchcape Rock' എന്ന മനോഹരമായ കവിത (Ballad) പഠിച്ചിട്ടുണ്ടായിരിക്കുമല്ലോ .രണ്ടു ശതാബ്ദങ്ങള്‍ക്കു മുമ്പു രചിച്ചതാണിത് .
സ്കോട്ലന്‍ഡിലെ ആഗ്നസിന്റെ തീരപ്രദേശത്തോട് വളരെ അകലെയല്ലാതെ നോര്‍ത്ത് സീയില്‍ സ്ഥിതിചെയ്യുന്ന അപകടകാരിയായൊരു പാറക്കെട്ടാണ് Inchcape Rock. ജലനിരപ്പില്‍ നിന്ന് അധികം ഉയരത്തില്‍ പുറമേ കാണാന്‍ കഴിയില്ല ഈ പാറക്കെട്ട് . അതിനാല്‍ തന്നെ വേലിയേറ്റസമയത്ത് ഇതു മുഴുവനും വെള്ലത്തിനടിയിലാകും. പക്ഷേ അതുവഴി കടന്നു പോകുന്ന കപ്പലുകള്‍ അതു മനസ്സിലാക്കാതെ പാറക്കെട്ടില്‍ ഇടിച്ചു അപകടം സംഭവിക്കുന്നത് ഒരു പതിവു സംഭവമായിരുന്നു. പതിനാലാം നൂറ്റാണ്ടിലോ മറ്റോ നടന്നെന്നു കരുതുന്ന  ഇതുമായി ബന്ധപ്പെട്ടുള്ള പ്രസിദ്ധമായ  ഒരു നാടോടിക്കഥയാണ് കവിതയുടെ ഇതിവൃത്തം .

കപ്പലപകടങ്ങള്‍ ഒന്നിനുപുറമേ ഒന്നായി വന്നപ്പോള്‍ ആബെര്‍ ബ്രൊഥൊക്കിലെ  സന്യാസമഠത്തിലെ പ്രധാനിയായിരുന്ന പാതിരി (Abbot ) ഒരു മാര്‍ഗ്ഗം കണ്ടെത്തി . പാറക്കെട്ടില്‍ ഒരു മണി സ്ഥാപിക്കുകയായിരുന്നു അത്. തടികൊണ്ടുണ്ടാക്കിയ പ്രതലത്തില്‍ ആണ് മണി സ്ഥാപിച്ചിരിക്കുന്നത് എന്നതിനാല്‍ വെള്ളം ഉയരുമ്പോള്‍ അതില്‍ തിരയിളക്കത്തില്‍  പൊങ്ങിക്കിടന്ന് ആടിയുലഞ്ഞ്  മണി ശബ്ദിച്ചുകൊണ്ടേയിരിക്കും . മണിനാദം കേള്‍ക്കുന്ന കപ്പല്‍യാത്രക്കാര്‍ക്ക് അപകടം മനസ്സിലാക്കി വഴിതിരിച്ചു പോകാനും സാധിക്കും. ഓരോ കപ്പലും അപകടമൊഴിഞ്ഞു വഴി തിരിഞ്ഞു പോകുമ്പോള്‍ യാത്രികര്‍ സന്യാസിവര്യനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തോടുള്ള അകമഴിഞ്ഞ നന്ദി മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യും.

പക്ഷേ ദുഷ്ടാത്മാക്കള്‍ക്ക് ഏതു നാട്ടിലും കുറവൊന്നുമില്ല. അവിടെയും ഒരു നീചനുണ്ടായിരുന്നു -റാല്‍ഫ്. അയാള്‍ ആ മണി അറുത്തു കളഞ്ഞു . അവിടെ കപ്പലപകടം നടന്നാല്‍ അതിലെ സമ്പത്തു മുഴുവന്‍ കൊള്ളയടിക്കാനായിരുന്നു ഈ ദുഷ്ടപ്രവൃത്തി.കടലിന്റെ ആഴങ്ങളിലേയ്ക്ക് ആ മണി താഴ്ന്നുപോകുമ്പോള്‍ അയാല്‍ ആനന്ദിച്ചു. ആബട്ടിനെ ആരുമിനി പ്രകീര്‍ത്തിക്കില്ലല്ലോ എന്ന് മനസ്സില്‍ ആശ്വസിച്ചു.  അങ്ങനെ പിന്നെയും ഇഞ്ച്കേപ്പ് പാറക്കെട്ട് ദുരന്തങ്ങളുടെ വിളഭൂമിയായി. പക്ഷേ , ദുഷ്ടന്‍ പനപോലെ വളര്‍ന്നാലും ഒരിക്കല്‍ അവനും ഒരു തിരിച്ചടി കിട്ടണമല്ലോ . റാല്‍ഫിനും അതു തന്നെ സംഭവിച്ചു. അയാളുടെ കപ്പലും അതുവഴി വന്നപ്പോള്‍ കൊടുങ്കാറ്റില്‍ പെട്ടു. കരകാണാതെ, പാറക്കെട്ടെവിടെയെന്നറിയാതെ കുഴങ്ങിയപ്പോള്‍ ആ കപ്പലിലെ സഞ്ചാരികളും ആബട്ടിന്റെ മണി മുഴങ്ങിയെങ്കില്‍ എന്നാശിച്ചു. പക്ഷേ ഒടുവില്‍ കപ്പല്‍ പാറക്കെട്ടിലിടിച്ചു തകര്‍ന്നു കടലിന്റെ അടിയിലേയ്ക്കു  പോയി. താഴുന്നു താഴ്ന്നു പോകുമ്പോള്‍ റാല്‍ഫിനു കേള്‍ക്കാന്‍ കഴിഞ്ഞു മണിമുഴക്കം, അതെ, മരണത്തിന്റെ മണിമുഴക്കം .

ജീവിതത്തോട് എത്രയോ ചേര്‍ന്നു നില്‍ക്കുന്നൊരു കഥയാണിതല്ലേ..ലോകമെന്ന മഹാസാഗരത്തിലെ സമയത്തിന്റെ യാനപാത്രത്തില്‍  ജീവിതമാകുന്ന മഹായാനം . എവിടെയൊക്കെയോ ആരൊക്കെയോ മണികള്‍ പണിതുയര്‍ത്തിയിട്ടുണ്ട്, നമുക്കു രക്ഷയ്ക്കായി. എങ്കിലും ചിലത് അറുത്തുമാറ്റപ്പെടുന്നു, നിരപരാധികളും ശിക്ഷിക്കപ്പെടുന്നു.. യാത്രകള്‍ പിന്നെയും തുടരുന്നു..

Friday, July 29, 2016

കാട്ടില്‍ നിന്നൊരു കൂട്ടുകാരി

കാട്ടില്‍ താമസിക്കുന്ന കൂട്ടുകാര്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്കുണ്ടായിരുന്നോ ? ഉണ്ടെങ്കില്‍ അതൊരു സവിശേഷമായ അനുഭവം തന്നെയാവും അല്ലേ .
എനിക്കുണ്ടായിരുന്നു അങ്ങനെയൊരു കൂട്ടുകാരി.. അതെ, കാട്ടില്‍ നിന്നൊരു കൂട്ടുകാരി - ബീന മാത്യൂ. 
അന്നു ഞങ്ങള്‍ ഇരുവരും  ഏഴാം ക്ലാസ്സില്‍ . തൊപ്പിപ്പാള സ്കൂളില്‍ ( മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍ ) ഞാനും ബീനയും ആ വര്‍ഷം പുതിയ കുട്ടികളായി എത്തിയവരാണ് അതുകൊണ്ട് ഞങ്ങള്‍ വേഗം കൂട്ടുകാരായി . ബീന എന്നോടു മാത്രമല്ല, എല്ലാ കുട്ടികളോടും വേഗം തന്നെ നല്ല കൂട്ടായി.
ഉച്ചയ്ക്ക് ഞങ്ങള്‍ ഊണു കഴിച്ച ശേഷം കിട്ടുന്ന സമയം മുഴുവന്‍ ബീനയുടെ കാടിന്റെ കഥകള്‍ കേള്‍ക്കാനാവും കാതുകൂര്‍പ്പിക്കുക. കാടെന്നു കേട്ടിട്ടുള്ളതല്ലാതെ ഒരിക്കലും ഒരു കാട്ടിനുള്ളിലേയ്ക്കു കടക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആ കഥകള്‍ സാകൂതം കേട്ടിരിക്കുമായിരുന്നു .

ബീനയുടെ അച്ഛന് വനം വകുപ്പിലായിരുന്നു ജോലി. ആ വര്‍ഷം വനത്തിലേയ്ക്കു സ്ഥലം മാറ്റം കിട്ടി വന്നതാണ്. അതിന്റെ വിശദാംശങ്ങളൊന്നും ഞങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലായില്ല. അവര്‍ താമസിക്കുന്നത് വനത്തിനുള്ളിലെ ഒരു വീട്ടിലായിരുന്നു. തട്ടാത്തിക്കുടി എന്നോ മറ്റോ ആണ് ആ പ്രദേശത്തിനു പേരു പറഞ്ഞിരുന്നത് . ജീപ്പു മാത്രം പോകുന്ന കല്ലുനിറഞ്ഞ വഴിയിലൂടെ അവിടെയെത്തണം .   അവിടെ തന്നെയായിരുന്നു ബീനയുടെ അച്ഛന്റെ ഓഫീസും .അച്ഛനും അമ്മയും അഞ്ചു മക്കളും അടങ്ങുന്ന കുടുംബം . ഒരു സഹായിയും കൂട്ടിനുണ്ട്. വന്യമൃഗങ്ങളില്‍ നിന്നു രക്ഷയ്ക്കായി  വീടിനു ചുറ്റും ആഴമുള്ള   കിടങ്ങുണ്ടായിരുന്നു . ഒരു പാലം വീടിന്റെ മുന്നിലുളള മരത്തില്‍ ബന്ധിച്ചിരിക്കും. അങ്ങോട്ടോ ഇങ്ങോട്ടോ കടക്കേണ്ടി വരുമ്പോള്‍ ആ പാലം അഴിച്ചു താഴേയ്കാക്കും . കടന്നാലുടനെ അതു തിരികെ പഴയപടി  മരത്തില്‍ ബന്ധിക്കും .

ഒരുപാടു ദൂരം വനത്തില്‍ കൂടി നടന്നാലേ നാട്ടുവഴിയില്‍ വന്നെത്തുകയുള്ളു. പിന്നെയും നാട്ടുവഴിയിലൂടെ കുറേ നടന്നാലേ സ്കൂളിലെത്തൂ. അവര്‍ അതിനാല്‍ ഏഴുമണിക്കു വീട്ടില്‍ നിന്നു പുറപ്പെടും . നാട്ടു വഴിയിലെത്തുന്നതുവരെ സഹായിയായ തോമാച്ചേട്ടനോ ബീനയുടെ ചേട്ടനോ അല്ലെങ്കില്‍ അച്ഛനോ അവരെ അനുഗമിക്കും.സ്കൂള്‍ വിട്ടു പോകുമ്പോഴും  അവരാരെങ്കിലും കാട്ടു വഴിയുടെ ഇങ്ങേ  അറ്റത്ത് കാത്തുനില്‍ക്കുന്നുണ്ടാവും . പെരുമഴ പെയ്യുന്ന ദിവസങ്ങളില്‍ കാട്ടുവഴിയില്‍ ഇടയ്ക്കുള്ല തോട്ടില്‍ വെള്ളം കൂടുന്നതുകൊണ്ട് അവര്‍ക്ക് സ്കൂളില്‍ വരാന്‍ കഴിയാറില്ല.

ബീന അതിസുന്ദരിയായിരുന്നു. ഞങ്ങളെക്കാളൊക്കെ ഉയരവും തടിയും ഉള്ള  വലിയ കുട്ടി. പനിനീര്‍പ്പൂവിന്റെ നിറം .ചുവന്ന ചുണ്ടുകള്‍ . ഇത്തിരി മങ്ങിയ ബ്രൗണ്‍ നിറത്തിലെ  പൂച്ചക്കണ്ണുണ്ടായിരുന്നെങ്കിലും ബീനയ്ക്കത് നന്നേ ഇണങ്ങുന്നുണ്ടായിരുന്നു. ചെമ്പിച്ച ചുരുണ്ട മുടി എപ്പോഴും നെറ്റി കടന്ന്  കവിളത്തേയ്ക്കു പാറി വീഴും. അതു കാണാനും നല്ല കൗതുകം . പഠിക്കാന്‍ വളരെ പിന്നിലായിരുന്നു ബീന.പരീക്ഷയുടെ സമയത്തുപോലും ഒന്നും പഠിക്കാന്‍ അവര്‍ക്കു സമയം കിട്ടാറില്ല .വനത്തില്‍ കറണ്ടൊന്നും ഇല്ലാത്തതുകൊണ്ട് വളരെ നേരത്തെ തന്നെ അവര്‍ ഉറങ്ങാന്‍ കിടക്കും. രാവിലെ എഴുന്നേറ്റാലുടനെ തന്നെ സ്കൂളിലൃയ്ക്കു പുറപ്പെടണം. വൈകുന്നേരം വീട്ടിലെത്തി ഭക്ഷണം കഴിച്ചാലുടനെ ഉറക്കവും ആകും.

ബീനയുടെ ചേട്ടന്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയായിരുന്നു അന്ന്. ഒപ്പം കാലാവസ്ഥ വകുപ്പില്‍ എന്തോ ജോലിയും ചെയ്തിരുന്നു. മഴ അളക്കുന്ന ജോലിയായിരുന്നു പ്രധാനമായും ചെയ്തിരുന്നത് .റെയിന്‍ ഗേജ് സ്ഥാപിച്ചതും അതിന്‍ നിന്ന് മഴവെള്ളം എടുത്ത് അളക്കുന്നതുമൊക്കെ ബീന ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നിരുന്നു .  ബീനയുടെ ചേച്ചി പത്താം ക്ലാസ്സ് കഴിഞ്ഞാണു അവിടേയ്ക്കു വന്നത്. പിന്നെ പഠിക്കാന്‍ പോയില്ല. സ്കൂളില്‍ ബീനയോടൊപ്പം അനുജത്തി അഞ്ചാം ക്ലാസ്സ്കാരി  ബിജിയും അനുജന്‍ മൂന്നാം ക്ലാസ്സുകാരന്‍  ബെന്നിയും ഉണ്ടാവും . ഊണു കഴിക്കാന്‍ നേരം രണ്ടുപേരും ഞങ്ങളുടെ ക്ലാസ്സിലേയ്ക്കു വരും. എന്നും ബെന്നിയുടെ ചോറ്റുപാത്രത്തില്‍ നിന്ന് മീന്‍ വറുത്തത് ആരോ മോഷ്ടിക്കും. ബീന അവളുടെ മീന്‍ കഷണം  അവനെടുത്തു കൊടുക്കും . അതുവരെ അവന്റെ വലിയ കണ്ണില്‍ വെള്ളം നിറയും  . അതു നോക്കി നിന്നാല്‍  ചിരി വരും .

കാട്ടിലെ ഭംഗിയുള്ള പൂക്കളും മധുരമൂറുന്ന കാട്ടുപഴങ്ങളുമൊക്കെ ബീന ഞങ്ങള്‍ക്കു പരിചയപ്പെടുത്തി തന്നിരുന്നു. നെല്ലിക്കയും കാരയ്ക്കയും അമ്പഴങ്ങയും ഒക്കെ ഒരുപാട് ശേഖരിച്ച്  ബാഗിലാക്കി കൊണ്ടു വന്നു ഞങ്ങള്‍ക്കു തരുമായിരുന്നു. അതിനു പകരമായി ഞങ്ങളാരും ബീനയ്ക്ക് വീട്ടില്‍ നിന്നൊന്നും കൊണ്ടുവന്നു കൊടുത്തിരുന്നില്ല. വേണമെങ്കില്‍ പറമ്പിലുണ്ടാകുന്ന പച്ചക്കറികളോ പഴങ്ങളോ അമ്മയുണ്ടാക്കുന്ന പലഹാരങ്ങളോ  ഒക്കെ കൊണ്ടുവന്നു കൊടുക്കാമായിരുന്നു. അന്നതു ചെയ്യാത്തതോര്‍ക്കുമ്പോള്‍ ഇന്നു വല്ലാത്ത കുറ്റബോധം തോന്നുന്നു. എങ്കിലും  അവള്‍ക്കു ഞങ്ങളോടൊക്കെ ഒരുപാടു സ്നേഹമായിരുന്നു. നിഷ്കളങ്ക സ്നേഹം ..   കാട്ടില്‍ കാണുന്ന പക്ഷിമൃഗാദികളെക്കുറിച്ചൊക്കെ വിവരിച്ചു തരാന്‍ ബീനയ്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു .  കാട്ടിലെ പാറപ്പുറത്തു മാത്രം ഉണ്ടാകുന്ന കല്‍ത്താമരയെക്കുറിച്ചും അക്കൂട്ടത്തില്‍ പറഞ്ഞു തന്നതാണ്. ഒരിക്കല്‍ കല്‍ത്താമരയുടെ  ഒരു തൈച്ചെടി ആരും കാണാതെ ബീന എനിക്കു തന്നു. ഞാനതു വീട്ടില്‍ കൊണ്ടുപോയി നട്ടുവളര്‍ത്തി. പക്ഷേ അതിന്റെ ഭംഗി കണ്ട് ആരോ അതു മോഷ്ടിച്ചു കൊണ്ടുപോയി. എനിക്കു വളരെയേറെ സങ്കടമുണ്ടാക്കിയ കാര്യമാമായിരുന്നു അത്  .

ഒരിക്കല്‍ ഒരു ഒറ്റയാന്‍ അവരുടെ വീടിനു ചുറ്റുമുള്ള കിടങ്ങിനപ്പുറത്ത് നിലയുറപ്പിച്ചു ഒരു ദിവസം മുഴുവന്‍  ആ കൊമ്പന്‍ അവിടെ തന്നെ ചുറ്റിപ്പടി നിന്നു. അന്ന് ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആനയെ ഭയന്ന് , മരണത്തെ മുന്നില്‍ കണ്ട് അവര്‍ എട്ടു മനുഷ്യര്‍ ആ കാട്ടിലെ വീട്ടില്‍ കഴിഞ്ഞ കാര്യമോര്‍ത്ത്  അന്നു രാത്രി എനിക്ക്   ഉറക്കം വന്നതേയില്ല. ചിലപ്പോള്‍ കാട്ടുപന്നികളാവും ഭീഷണിയുമായി വരുന്നത്. അവയുടെ തേറ്റകൊണ്ടു ശരീരം മുറിഞ്ഞാല്‍ ആ വ്രണം  കരിയുകയില്ലത്രേ. പാമ്പുകളുടെ കാര്യം പറയുകയും വേണ്ട .  എന്തിനേറെ , വളരെ ചെറിയ ജീവിയായ അട്ട പോലും അവരുടെ ഒന്നാന്തരം ശത്രുക്കളാണ്. അട്ട ശരീരത്തൈവിടെയെങ്കിലും  കടിച്ചിരുന്നാല്‍ അറിയുകയേ ഇല്ല. ചോര കുടിച്ചു വീര്‍ത്തു കഴിയുമ്പോളാവും അതിനെ കാണുന്നത്. പിന്നെ ഉപ്പു കുടഞ്ഞാണ് അതിനെ ശരീരത്തില്‍ നിന്നു വിടുവിക്കുന്നത്.

കാട്ടിനുള്ളില്‍ പരന്നു കിടുക്കുന്ന വിസ്തൃതമായൊരു പാറയുണ്ടത്രേ. സിമന്റ് വാര്‍ത്ത വലിയ തറയാണെന്നു തോന്നും പോലും. അവിടെ ആറു ചെമ്പകമരങ്ങളും. നിറയെ പൂവിട്ടു നില്‍ക്കുന്ന ആ ചെമ്പകമരങ്ങള്‍ പഞ്ചപണ്ഡവന്മാരെയും പാഞ്ചാലിയേയും ആണു പ്രതിനിധാനം ചെയ്യുന്നതെന്ന് ആദിവാസികള്‍ വിശ്വസിക്കുന്നു എന്നാണ് പറയുന്നത്. ആദിവാസികള്‍ക്ക് മഹാഭാരതകഥയൊക്കെ അറിയുമോ എന്ന് അന്നു സംശയം തോന്നിയിരുന്നു. ആ പരന്ന പാറയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ പോകുന്നു എന്നും ബീന പറഞ്ഞിരുന്നു . അക്കാര്യമൊക്കെ ഞാനെന്റെ ആലുവാച്ഛനോട് ( അമ്മയുടെ അച്ഛന്‍- ആലുവയിലായിരുന്നു അപ്പൂപ്പനു ജോലി. അതുകൊണ്ട് അന്ന് അങ്ങനെ വിളിച്ചു ശിലിച്ചതാണ്. )പറയുമായിരുന്നു. അപ്പോള്‍ ആലുവാച്ഛന്‍  പറഞ്ഞു അവിടെ ചിലപ്പോള്‍ ഹെലിപ്പാഡ് ഉണ്ടാക്കിയേക്കും , വിമാനത്താവളമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല എന്ന്.  പക്ഷേ അവിടെ ഇതൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല.

ആ വര്‍ഷം തൊപ്പിപ്പാള സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും ഒരുവര്‍ഷത്തേയ്ക്കു കൂടി മാറ്റിവെച്ചതുകൊണ്ട് ഞങ്ങള്‍ക്ക് എട്ടാം ക്ലാസ്സില്‍ വേറെ സ്കൂളില്‍ ചേരേണ്ടതായി വന്നു. പക്ഷേ പുതിയ സ്കൂളില്‍ ബീന ഒഴികെ ബാക്കി ക്ലാസ്സിലുണ്ടായിരുന്ന എല്ലാവരും ഉണ്ടായിരുന്നു. ബീനയ്ക്ക് പുതിയ സ്കൂളില്‍ വരാനുള്ള അസൗകര്യം കാരണം ആവര്‍ഷം സ്കൂളില്‍ ചേര്‍ന്നില്ല. അടുത്ത വര്‍ഷം അച്ഛനു സ്ഥലം മാറ്റം കിട്ടുമെന്നും അപ്പോള്‍ വേറെ സ്ഥലത്തുപോയി അവിടെയേ ചേരുന്നുള്ളു എന്നും അറിയാന്‍ കഴിഞ്ഞു. പിന്നീടൊരിക്കലും ബീനയെ കാണാനായില്ല. കാട്ടിലെ വര്‍ണ്ണാഭമായ കാഴ്ചകളുടെ  ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ ബാക്കിയാക്കി ബീനയുടെ ഭംഗിയുള്ള മുഖം ഇടയ്ക്കു മനസ്സില്‍ തെളിഞ്ഞു മായും .

Tuesday, July 26, 2016

നമ്മുടെ കവികള്‍ 22 - ലളിതാ ലെനിന്‍

 നമ്മുടെ കവികള്‍ 22 - ലളിതാ ലെനിന്‍
------------------------------------------------

തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ കടവില്‍ കുഞ്ഞുമാമയുടേയും കരീപ്പടത്തു ചക്കിക്കുട്ടിയുടേയും മകളായി  1946 ജൂലൈ 17ന് ആണ്  കെ കെ ലളിതാബായി എന്ന ലളിതാ ലെനിന്റെ   ജനനം. തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ ഹൈസ്കൂള്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ്, മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിംഗ് കോളേജ്, കേരള സര്‍വ്വകലാശാല, മൈസൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.      1966 ല്‍  രസതന്ത്രത്തിലും,1967 ല്‍ വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍, 1975 ല്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. 1976 ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ ഡോക്ടര്‍ എസ്സ് ആര്‍ രംഗനാഥന്‍  സ്വര്‍ണ്ണമെഡല്‍ നേടിയാണു മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയത്  കേരള സര്‍വ്വകലാശാലയുടെ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 1979 മുതല്‍ 1985 വരെ ലക്ചറര്‍ ആയും തുടര്‍ന്ന് റീഡറായും ജോലി ചെയ്തു. 1990 മുതല്‍ അഞ്ചു വര്‍ഷത്തോളം ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ആയിരുന്നു. 1991 മുതല്‍ 1993 വരെയുള്ള കാലയളവില്‍ കേരള സര്‍വ്വകലാശാലയുടെ സെനറ്റ് അംഗവുമായിരുന്നു. 2006 മാര്‍ച്ച 31 ന് ഔദ്യോഗിക ജീവിതത്ത്തി നിന്നു വിരമിച്ചു .

1970 കളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ട് മലയാള കാവ്യരംഗത്തേക്ക് കടന്നു വന്നു. 1976 ല്‍ പ്രസിദ്ധികൃതമായ “കരിങ്കാളി”യാണ് ആദ്യ കവിതാ സമാഹാരം. കവി, ബാലസാഹിത്യകാരി എന്നിവയ്ക്കൊപ്പം, സാമൂഹ്യ പ്രവര്‍ത്തക, പ്രാസംഗിക, ഫെമിനിസ്റ്റ് എഴുത്തുകാരി എന്നീ നിലകളിലും അറിയപ്പെടുന്ന എഴുത്തുകാരിയാണ് ലളിതാ ലെനിന്‍. “കരിങ്കാളി”ക്ക് ശേഷം, 84-ല്‍ കുട്ടികള്‍ക്കുള്ള നോവല്‍ “മിന്നു” പ്രസിദ്ധികൃതമായി. എങ്കിലും എണ്‍പതുകളുടെ തുടക്കം മുതലുള്ള ഒന്നൊന്നര ദശകക്കാലം ലളിതാ ലെനിന്‍റെ കാവ്യ ജീവിതത്തില്‍ നീണ്ട നിശബ്ദതയുടെ ഇടവേള ആയിരുന്നു. എന്നാല്‍ 90 കളുടെ പകുതിയോടെ കവിത എഴുത്തില്‍ അവര്‍ വീണ്ടും സജീവമായി. 1995 ലാണ് “കര്‍ക്കിടവാവ്” എന്ന രണ്ടാം കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നത്. മൂന്നു സാഹിത്യ അവാര്‍ഡുകളാണ് ശ്രീമതി ലളിതാ ലെനിനെ തേടിയെത്തിയിട്ടുള്ളത്. മികച്ച ബാലസാഹിത്യ കൃതിക്കുളള സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച കവിതാസമാഹാരങ്ങള്‍ക്കുള്ള മൂലൂര്‍ അവാര്‍ഡും, അബുദാബി ശ്കതി അവാര്‍ഡും.

 ആധുനികത രചനാഗതിയില്‍ സ്വീകരിച്ചു രചിച്ച  ഗദ്യകവിതകള്‍ മാത്രമല്ല ,പാരമ്പര്യവഴിയിലെ  വൃത്തബദ്ധമായ കവിതകളും ലളിതാ ലെനിന്‍റെ തൂലികയിലൂടെ പിറവിയെടുത്തിട്ടുണ്ട് . സ്ത്രീ പക്ഷവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശ്രീമതി ലെളിതാ ലെനിന്‍ തന്റെ  കവിതകളിലൂടെ  അതു വ്യക്തമായി  പ്രകടമാക്കുന്നുണ്ട് . വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതും സാമൂഹിക മാറ്റങ്ങളില്‍ അനുകൂലമായോ പ്രതികൂലമായോ ചിന്തിക്കുന്നതുവഴി ഉടലെടുക്കുന്ന ഉത്കണ്ഠ പുലര്‍ത്തുന്നതുമായ മനുഷ്യ സങ്കല്പമാണ് ലളിതാ ലെനിന്‍റേത്. വ്യക്തമായ നിലപാടും സാമൂഹ്യബോധവും രചനയില്‍ വെളിവാക്കുമ്പോഴും  അനിതരസാധാരണമായൊരു  നിര്‍മ്മലത്വം പുലര്‍ത്താന്‍ ലളിതാ ലെനിന്‍റെ രചനകള്‍ക്കുള്ള പ്രത്യേകത എടുത്തു പറയത്തക്കതാണ് .  “ഏതു സമൂഹത്തിലും ഒരു കുരിശൂണ്ട് കനിവില്ലാത്ത ഇരുമ്പാണികളുടെ ലോഹഭാഷണങ്ങള്‍ക്കായി കൈവിരിച്ച് കാതോര്‍ത്തു കിടക്കുന്നു” (‘നമുക്ക് പ്രാര്‍ത്ഥിക്കാം’) “കന്യാദാനത്തിനും കന്യാദഹനത്തിനും അഗ്നിതന്നെ സാക്ഷി” (കണ്‍കെട്ട്) എന്നൊക്കെയുള്ല  വരികള്‍ ഇതു വിളിച്ചോതുന്നു .

പ്രധാന കൃതികള്‍
....................................
“കരിങ്കാളി” (കവിതാ സമാഹാരം). “കര്‍ക്കിടകവാവ്” (കവിതാ സമാഹാരം). തിരുവനന്തപുരം: പരിധി പബ്ളിക്കേഷന്‍സ്, (1995), “നമുക്ക് പ്രാര്‍ത്ഥിക്കാം” (കവിതാ സമാഹാരം). കോട്ടയം: ഡി.സി.ബുക്സ്, (2000). “മിന്നു” (കുട്ടികള്‍ക്കുള്ള നോവല്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, (1984). “കടല്‍” (ബാലസാഹിത്യം, കവിതകള്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, (2000). പുതിയ വായന , “ഭൂദൈവങ്ങള്‍” (ഖലീല്‍ ജിബ്രാന്‍ കൃതികളുടെ പരിഭാഷ). കോട്ടയം: ഡി. സി. ബുക്സ്, (2002).
പബ്ലിക് ലൈബ്രറി സേവനം (2006) .

പ്രസിദ്ധ എഴുത്തുകാരന്‍ ശ്രീ കെ എം ലെനിന്‍ ആണു ഭര്‍ത്താവ്.  അഭിഭാഷകനായ മകന്‍ അനില്‍ മുംബൈയില്‍ Viacom 18 Media Pvt. Ltd ല്‍ ഉദ്യോഗസ്ഥനാണ് . അനിലിന്റെ പത്നി ബിദുഷിയും മുംബയില്‍ അഭിഭാഷകയാണ് ..
അജ്ഞത-- ലളിത ലെനിന്‍
എഴുതാളരുടെ വചനങ്ങളില്‍ മുങ്ങി കിടന്നപോള്‍
എഴുത്താണി മുനയില്‍
അക്ഷര വടിവില്‍
ചോര പൊടിയുന്നത്
എവിടെ നിന്നെന്നു
ഞാനറിഞ്ഞിരുന്നില്ല
അതുകൊണ്ട്,
അസ്ഥാനത്. ഒരു ഹൃദയവും
സങ്കല്പിച്,
ആളൊപ്പം തലയുയര്‍ത്തി  നടന്നു..
നെഞ്ച് വേദനികുമ്പോള്‍  വയറു തടവിയും
വയറു വേദനിക്കുമ്പോള്‍ നെഞ്ച് തടവിയും
ശീലിക്കയാല്‍
ഹൃദയ വേദനയ്ക്
എന്ത് ചെയ്യണമെന്നു
എനിക്ക് അറിയുമായിരുന്നില്ല ....
===============================
ഒറ്റമരം - ലളിതാ ലെനിന്‍
മരം പറഞ്ഞു,മഴക്കാടിന്‍
നെഞ്ചിലൂറും കരിംപച്ച-
പ്പാട്ടിലെന്‍റെ മനം,കിളി-
ക്കൂട്ടിലെന്‍റെ നറുംചിരി.
മരം പറഞ്ഞു,മണം വാരി-
ത്തൂവിയും ചില്ലയാട്ടിയും
കാറ്റിലാത്മസുഖം തമ്മില്‍
പങ്കുവെപ്പതിലെന്‍ പ്രിയം.
ദൂരെ വാനത്തു കണ്‍ചിമ്മും
പൂക്കളേക്കാള്‍ വിരിഞ്ഞു ഞാന്‍
മണ്ണിലാണെന്‍റെ വേരെന്നും
മാ‍നവന്‍ കൂട്ടിനുണ്ടെന്നും.
മേഘരാഗങ്ങള്‍ വീണെന്‍റെ
മേരു ഗര്‍ഭം തുടിച്ചതും
ശീതമാരുതനാലസ്യം
വീശിയാറ്റിപ്പുണര്‍ന്നതും
കാടിളക്കി വരും തേറ്റ-
ക്കൊമ്പ,നെന്‍ കരുമാടിയെ-
ചേര്‍ത്തകിട്ടിലിണക്കിച്ചേര്‍-
ന്നാറ്റിലേക്കാനയിച്ചതും
ഓളമോലും പിന്‍നിലാവാ-
യോര്‍മ്മയില്‍ നിറവെയ്ക്കുന്നു,
കൈമറിഞ്ഞു കലങ്ങുന്നു
തരു സൗഭഗജാതകം!
മുഴക്കോലാല്‍ അളന്നീടാം
സ്നേഹമെന്നു ധരിച്ചവര്‍
വെട്ടിമാറ്റിയ ബന്ധങ്ങള്‍
വാര്‍ന്നഴിഞ്ഞ വനാന്തരം
കന്നു വേര്‍പെട്ട തള്ളയായ്
കുന്നു കേഴുന്നു,തീപാറു-
ന്നമ്മതന്‍ നെഞ്ചിലേകാകി
കൂട്ടരെ കാത്തു നില്പു ഞാന്‍.
==========================
ആത്മഹത്യ - ലളിതാ ലെനിന്‍
-------------------------------------------------
എനിക്കീജീവിതം സുഖമാണെന്നു തോന്നിപ്പോയി-തെറ്റ്!
എല്ലുകളെല്ലാം ഊരിപ്പോയി
ഒരു ഞാഞ്ഞൂലിനെപ്പോല്‍ സുഖമായി, മന്ദം മന്ദം
ഇഴഞ്ഞും പുളഞ്ഞും നടന്നതാണ്
ഇടയ്ക്ക് മരണഭീതിയില്‍ പിടയ്ക്കുന്ന കൃഷിക്കാരന്റെ കാലിലൊന്നു തൊട്ടൂ
വിഷപ്പല്ലുണ്ടെന്ന് അയാള്‍!
തൊണ്ടിനുള്ളില്‍ തെണ്ടി നടക്കുന്ന കല്ലന്‍ ഒച്ചിനോട്
ഒന്നു വഴിമാറിത്തരാന്‍ കേണു.
ഞാഞ്ഞൂളിനും ഊറ്റമോ- അവന്‍ ഒച്ചയുയര്‍ത്തി!

കുളിച്ചു തൊഴുതുവന്ന പൊന്മാന്‍ എന്നെ ഇടംകണ്ണിട്ടപ്പോള്‍
ഉള്ളിലൊരാന്തല്‍! അഴുക്കും മെഴുക്കൂം പുതച്ചുരുണ്ട്
ഒരിലക്കീറിനു താഴെ അമുങ്ങിക്കിടന്നപ്പോള്‍
ഒരു ചെറുമഴതുള്ളി നെഞ്ചില്‍ വീണു
പിന്നെയത് പ്രളയമായി!
ആലിലയില്‍ ഒഴുകി നടക്കുമ്പോള്‍
ഒരെറുമ്പെന്റെ കാലില്‍ കടിച്ചു
വിരുന്നുപോയ് മടങ്ങും വഴി കാക്കയൊന്ന്
കൊത്തിനുണയ്ക്കാന്‍ ചരിഞ്ഞ് വന്നു.
എനിക്കു വയ്യേ! എപ്പോഴുമെപ്പോഴും
ഒളിച്ചും പതുങ്ങിയും നടക്കാന്‍!

ഒരു ഉടല്‍കൊണ്ട് എന്തൊക്കെ നേടാമെന്ന്
എനിക്കിപ്പോള്‍ ഊഹിക്കാം.
എങ്കിലും ജീവിക്കാനാണ് മോഹമെങ്കില്‍
ആത്മഹത്യയേ വഴിയുള്ളൂ !

Monday, July 25, 2016

മറവി വരയ്ക്കുന്ന കോശചിത്രങ്ങള്‍ ( കഥ )

നീല്‍കമല്‍ അപാര്‍ട്ട്മെന്റിന്റെ  ഏഴാം നിലയിലെ ഫ്ലാറ്റിന്റെ വാതിലില്‍ ഇപ്പോഴും തിളങ്ങുന്ന മലയാള  അക്ഷരങ്ങള്‍ തെളിയുന്നുണ്ട് 'ഉദയപ്രഭ ' . ബെല്‍ കേട്ട് വാതില്‍ തുറന്നത് ഉദയനായിരുന്നു. ഏഴു വര്‍ഷങ്ങള്‍  കൊണ്ട് ഉദയന്റെ രൂപം വളരെയേറെ  മാറിയിരിക്കുന്നു.  ഒരുപാടു വൃദ്ധനായതുപോലെ .
"വരൂ, ഇരിക്കൂ.  ശ്രുതി അവളുടെ കൂട്ടുകാരികളുമായി ബ്യൂട്ടിപാര്‍ലറില്‍ പോയിരിക്കുന്നു. അരമണിക്കൂറിനകത്ത് മടങ്ങിയെത്തും .  "
സമ്മാനപ്പൊതിയുമായി വന്നതുകൊണ്ട്  കല്യാണപ്പെണ്ണിനെ കാണാനാണെത്തിയതെന്ന് പറയാതെ മനസ്സിലാകുമല്ലോ. ഉദയന് കൂടുതലൊന്നും സംസാരിക്കാനില്ല .മനസ്സ് ശൂന്യമാണെങ്കില്‍ വാക്കുകള്‍ ഉണ്ടാവുന്നതെങ്ങനെ!
''പ്രഭ? '' ചോദിക്കാതിരിക്കാനായില്ല.
" അതാ മുറിയില്‍ ഇരുന്ന് എന്തോ എഴുതുകയോ വരയ്ക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്. അങ്ങോട്ടു ചെല്ലൂ. ചിലപ്പോള്‍ കണ്ടതായി നടിക്കില്ല. ഒന്നും തോന്നരുത്. അവള്‍ അങ്ങനെയായിപ്പോയി. "
ഒരു പഴയബുക്കില്‍ പ്രഭ ശ്രദ്ധാപൂര്‍വ്വം  വരയ്ക്കുന്നതും എഴുതുന്നതും ഒരു നിമിഷം നോക്കിനിന്നു. അത് മേഹുലിന്റെ പഴയ ഏതോ നോട്ട്ബുക്കാണെന്നു  മനസ്സിലായി . മെല്ലേ  പ്രഭയുടെ തോളില്‍ പിടിച്ച് , കഴിയുന്നത്ര മൃദുവായി വിളിച്ചു
"പ്രഭേ"
"ശ്ശേ.. ഒക്കെ തെറ്റിച്ചു."അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി .
പെട്ടെന്നു മുഖം വിടര്‍ന്നു.
"മിനിയോ.. എപ്പോ വന്നു? "
മറുപടിക്കു  മുന്നേ അവള്‍ തുടര്‍ന്നു  " മേഹുലിന് അനിമല്‍ സെല്‍ വരച്ചുകൊണ്ടു പോകണം. അതാ ഇത് "
പ്രഭ വീണ്ടും തന്റെ കോശചിത്രത്തിലേയ്ക്കു ചുരുങ്ങി. കുറച്ചു സമയം കൂടി അവിടെ നിന്നശേഷം ഞാന്‍ മുറിവിട്ടു. അപ്പോഴേക്കും  ഉദയന്‍ കുടിക്കാനെടുത്തിരുന്നു.  ടീപ്പോയില്‍  വെച്ചിരുന്ന വെള്ളമെടുത്തു കുടിച്ച് അവിടെ തന്നെ ഇരുന്നു.
" ബന്ധുക്കളാരും എത്തിയില്ലേ "
" ഇന്നു ഞായറല്ലേ ആയുള്ളു . കല്യാണം ബുധനാഴ്ചയല്ലേ , ചൊവ്വാഴ്ച വൈകുന്നേരത്തേയ്ക്ക് നാട്ടില്‍ നിന്ന്  എല്ലാവരും എത്തും. വെള്ളിയാഴ്ച മംഗളയ്ക്ക് എല്ലാവരും തിരിച്ചും പോകും"
" ബുധനാഴ്ച ഒരുപാട് അസൗകര്യങ്ങള്‍ .കല്യാണത്തിന് എത്താന്‍ കഴിയുമോന്നറിയില്ല. അതാണു ഞാന്‍ ഇന്നു തന്നെ..... "
"അവധി ദിവസമല്ലാത്തതുകൊണ്ട് എല്ലാവര്‍ക്കും അസൗകര്യമാകും വരാന്‍. എന്നാലും നിങ്ങളൊക്കെ ഉണ്ടെങ്കില്‍ എനിക്കത് വളരെ ആശ്വാസമാണ്. ശ്രുതിക്കും വളരെ സന്തോഷമായിരിക്കും "
പിന്നെ ഒന്നും പറയാനില്ലാതെ അയാള്‍ അടുക്കളയിലേക്കോ മറ്റോ പോയി.
'ഉദയപ്രഭ'യില്‍ മുമ്പ് ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളു. ശ്രുതി  സ്‌കൂളിൽ എന്റെ മകന്റെ ക്ലാസ്സിലായിരുന്നു. അവന്‍  സ്കൂളില്‍ പോകാത്ത ദിവസത്തെ നോട്ടെഴുതാനും അവളുടെ അനിയന്‍ മേഹുലിന്റെ പിറന്നാളാഘോഷത്തിനും വന്നിരുന്നു. പിന്നെ വന്നത് മേഹുല്‍  ...
അതെ , അന്നവന്‍ പത്താം ക്ലാസ്സിലേയ്ക്കു കയറിയതേയുള്ളു.  ഓമനത്തമുള്ള മുഖവും പെരുമാറ്റവും . എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള കുട്ടി. പഠിക്കാനും മിടുക്കന്‍ . വളരെ പേരുകേട്ട ട്യൂഷന്‍ ക്ലാസ്സില്‍ ചേര്‍ത്തിരുന്നു. അതുകൊണ്ട് അവധിക്കാലത്തും ട്യൂഷന്‍ ക്ലാസ്സ് ഉണ്ട്.പലപ്പോഴും ക്ലാസ്സ് കഴിഞ്ഞു  വരാന്‍ വൈകുന്നതുകൊണ്ട് ഉദയന്റെ പഴയ  മൊബൈല്‍ ഫോണ്‍ കൊടുത്തയച്ചിരുന്നു. പെട്ടെന്നൊരു ദിവസം അവന് പുതിയ മൊബൈല്‍ ഫോണ്‍ വേണമെന്ന വാശി തുടങ്ങി. പ്രഭ ആ അവശ്യത്തിന് ഒട്ടും ചെവി കൊടുത്തില്ല.അവന്‍ പിണങ്ങി, വഴക്കടിച്ചു ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചു. ഉദയന്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചതേയുള്ളു .അന്ന് ഒരു വ്യാഴാഴ്ച ദിവസം . രാവിലെ അവന്‍ ട്യൂഷന്‍ സെന്ററിലേയ്ക്കു പോകും മുമ്പേ പുതിയ മൊബൈല്‍ വേണമെന്നു വാശിപിടിച്ചു. ഇല്ല എന്നു പ്രഭ തറപ്പിച്ചു പറഞ്ഞു. ബാഗുമെടുത്ത് അമ്മയോടു യാത്രപോലും പറയാതെ അവന്‍ പോയി .
അരമണിക്കൂറിനു ശേഷം പ്രഭയുടെ ഫോണ്‍ റിംഗ് ചെയ്തു. ശ്രുതി നോക്കിയിട്ടു പറഞ്ഞു
" ദേ അമ്മേ അവനാ.. പുതിയ മൊബൈല്‍ വേണമെന്നു പറയാന്‍ വിളിക്കുന്നതാവും "ചിരിച്ചുകൊണ്ട്  സ്പീക്കറിലിട്ട് മൊബൈല്‍ അവള്‍അമ്മയ്ക്കു കൊടുത്തു .
പ്രഭ ഫോണെത്തപ്പോള്‍ അതു തന്നെ കാര്യം .
" അമ്മേ എനിക്കു പുതിയ മൊബൈല്‍ വാങ്ങിത്തരുമോ ഇല്ലയോ "
"ഇല്ല എന്നു പറഞ്ഞതല്ലേ നിന്നോട് . പിന്നെന്താ "
"എന്നാല്‍ ഇനി എനിക്കു  ജീവിക്കണ്ട  ,  ദാ ഞാന്‍ പോകുന്നു. ട്രെയിന്‍ എന്റെ തൊട്ടുമുമ്പിലെത്തി.. .."
പിന്നെ എന്തൊക്കെയോ ശബ്ദങ്ങളേ പ്രഭ കേട്ടുള്ളു.
"മോനേ.... " എന്നൊരലര്‍ച്ചയ്ക്കൊപ്പം പ്രഭയുടെ ബോധവും ഓര്‍മ്മയും ഒക്കെ മാഞ്ഞുപോയി.
പിന്നീടൊരിക്കലും ആ പഴയ പ്രഭ മടങ്ങിവന്നിട്ടില്ല. മടങ്ങിവരാത്ത മേഹുലിന്റെ പഴയ പുസ്തകത്താളുകളില്‍ അവനെ കണ്ടെത്തി പാവം ആ അമ്മ..

Saturday, July 23, 2016

.

 കിഴക്കുനിന്നും 
ചിറകടിച്ചു
പറന്നുയരുന്നു 
പുലരിപ്പക്ഷി 
മഞ്ഞുപാവാട 
മാടിയൊതുക്കി 
കാറ്റു പായുന്നു 
വളകിലുക്കി 
നിറകതിരാല്‍ 
ചിരി വിടര്‍ത്തി 
നടവഴിയില്‍  
പൊന്നൊഴുക്കി 
വരുവതാരു വരുവതാരു 
കുസൃതിക്കുഞ്ഞോ സൂര്യനോ
സുപ്രഭാതം പ്രിയരേ
മിനി മോഹനന്‍   

How Sweet You're

The crisp cool breeze
Embraces me
With all it's love
And a fragrant kiss.
But I know
You're on the other end
who sent this scent
To lift my spirit .
To make me smile
By saying aloud
'I'm here, I'm here '
Which falls in my ears
As a sweet note
Played by the Great Musician

Tuesday, July 19, 2016

നമ്മുടെ കവികള്‍ 21 / കുഞ്ഞുണ്ണി മാഷ്

നമ്മുടെ കവികള്‍ 21 / കുഞ്ഞുണ്ണി മാഷ്

========================================


കു കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
.
കുഞ്ഞില്‍നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി
അതെ, മലയാളിക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത കവിയാണ് ഇന്നത്തെ ' നമ്മുടെ കവി'.

ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ
വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ടൂ ... എന്നിട്ടും ഇത്രമാത്രം മലയാളി മനസ്സുകളെ സ്വാധീനിച്ച മറ്റൊരു കവി ഇല്ല തന്നെ . കവിതാരചനയുടെ സാങ്കേതികത്വങ്ങളൊന്നുമില്ലാതെ തനിക്കു പറയാനുള്ളത് ഏറ്റവും ഋജുവായി, അസന്നിഗ്ദ്ധമായി കവിതയിലേയ്ക്കാവാഹിച്ച കവിയായിരുന്നു കുഞ്ഞുണ്ണിമാഷ് . കണങ്കാല്‍ മറയാത്ത ചെറിയൊരു ഒറ്റമുണ്ടും മുറിക്കൈയ്യന്‍ പരുത്തിക്കുപ്പായവുമിട്ട് നടന്ന  ആ 'ചെറിയ വലിയ' മനുഷ്യന്‍ നമുക്കു തന്നു പോയ മൊഴിമുത്തുകള്‍ ഒരിക്കലും മറവിക്കു കവര്‍ന്നെടുക്കാന്‍ കഴിയുന്നവയല്ല. കാലാതീതമായി നിലനില്ക്കുന്ന ദാര്‍ശനികതയാണ് ഓരോ വാക്കിലും വരിയിലും അദ്ദേഹം വരഞ്ഞിട്ടിരിക്കുന്നത്. അതാകട്ടെ ഒരു മഹാസമുദ്രം പോലെ സാഹിത്യവിഹായസ്സിന്റെ  ചക്രവാളം സ്പര്‍ശിച്ചു പരന്നു കിടക്കുന്നു, അഗാധമായി.

തൃശൂര്‍ ജില്ലയിലെ വലപ്പാട്ട് ,ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 നാണ്  കുഞ്ഞുണ്ണിമാഷ് ജനിച്ചത് . സ്വദേശത്തു തന്നെ നേടിയ വിദ്യാഭാസത്തിനു ശേഷം സംസ്കൃതപണ്ഡിതനായ പിതാവിന്റെയോ കുടുംബപൈതൃകമായ ആയുര്‍വ്വേദത്തിന്റെയോ പാത സ്വീകരിക്കാതെ , ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായി കഴിഞ്ഞ്, അവിടെ താമസിച്ചു പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളോട് ഇടപഴകി, അവരോട് ആശയവിനിമയം നടത്തി, എഴുത്തും വായനയുമായി  തന്റെ ലളിത ജീവിതം അവിടെ തന്നെ കഴിച്ചു കൂട്ടി.  1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുട്ടിക്കാലത്ത് ഏറെ വായിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍ അദ്ദേഹത്തില്‍ എഴുത്തിന്റെ വഴിയിലും കുറവല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്ന കുഞ്ഞുണ്ണി, പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി. ആദ്യരചനകളൊക്കെ ദൈര്‍ഘ്യമുള്ള കകിതകളായിരുന്നു എങ്കിലും പിന്നീട് ചെറുകവിതകളിലേയ്ക്കു ചുവടു മാറ്റി . ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ 'കാൽശതം കുഞ്ഞുണ്ണി' എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു എങ്കിലും പഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു.ഘടനാസവിശേഷത മുന്‍ നിര്‍ത്തി  ജപ്പാന്‍ കവിതാ രീതിയായ 'ഹൈക്കു'വിനോട് ഈ കവിതകളുടെ സാദൃശ്യം പണ്ഡിതര്‍ കല്പിക്കാറുണ്ട് . ‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.എഴുത്തിലെ കൊച്ചു തുടക്കക്കാര്‍ക്ക്  എന്നും വഴികാട്ടിയായിരുന്ന, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന  'കുട്ടേട്ടന്‍' കുഞ്ഞുണ്ണി മാഷായിരുന്നു. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. ഗഹനമായ ദാര്‍ശനികത വെളിപ്പെടുത്തുന്നതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രചനകളെ ബാലസാഹിത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രചനാലാളിത്യം ഒന്നു കൊണ്ടു മാത്രമാണ്. കുട്ടികള്‍ അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരുന്നു എക്കാലത്തും . കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി . 1998 ജനുവരി വരെ ആ പംക്തി തുടർന്നു . നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു . മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി. വലപ്പാട്ടുള്ള അതിയാരത്തു വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും കുട്ടികള്‍ അദ്ദേഹത്തെ തേടി എത്താറുണ്ടായിരുന്നു. ഒരു മുത്തശ്ശന്റെ സ്നേഹവായ്പ്പുകളുമായി അദ്ദേഹം അവരെ നെഞ്ചോടു ചേര്‍ത്തിരുന്നു .ഞാന്‍ പോയെ ജ്‌ഞാനം വരൂ/ ജ്‌ഞാനംവന്നേ ഞാന്‍ പോകൂ', 'പൊക്കമില്ലായ്‌മയാണെന്റെ പൊക്ക'മെന്നും അദ്ദേഹം പറഞ്ഞു വയ്‌ക്കുമ്പോള്‍ അതിന്റെ ആശയതലത്തിന്‌ ആഴമേറെയാണ്‌. വിരുദ്ധോക്തികളും അസംബന്ധകല്‍പനകളും കുസൃതികളുംകൊണ്ട് തന്റെ കുറുങ്കവിതകളിലൂടെ  കുഞ്ഞുണ്ണിമാഷ്  ഉപരിപ്ലവമായ ചിരിക്കപ്പുറം കയ്പുള്ള ജീവിതസത്യങ്ങളുടെ കഥനം കൂടി നടത്തുന്നു. ബാലസാഹിത്യശാഖയ്ക്കും പഴഞ്ചൊല്‍ പ്രപഞ്ചത്തിനും നാട്ടറിവ് ശേഖരത്തിനും നമ്പൂതിരി ഫലിതശാഖയ്ക്കും കടങ്കഥാസമാഹരണ ശ്രമങ്ങള്‍ക്കും മാഷ് നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ് .

അൽപ വസ്ത്രധാരണം മൂലം "നഗ്നനാരായണൻ" എന്ന പരിഹാസവും" ലളിത ജീവിതധാരിയായ അഹങ്കാരി " എന്നാ പേരും സമൂഹം നൽകിയപ്പോൾ ഇത് എന്റെ ശീലമാണ് അത് മാറ്റുവാൻ കഴിയില്ല ഞാൻ അതിനു തയ്യാറല്ല എന്ന് കൃതികൾ മുഖന്തരം ഉത്തരം നല്കുകയാണ് ഉണ്ടായത് . കവി മാത്രമല്ല,  കഥാകാരനും ചിത്രകാരനും പാചകവിദഗ്ദ്ധനും സിനിമാഗാന രചയിതാവും  അഭിനേതാവും ഒക്കെയായിരുന്നു അദ്ദേഹം . ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വർണ്ണചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.എണ്ണച്ചായം,ജലച്ചായം,ഇങ്ക് തുടങ്ങിയവയവയായിരുന്നു ചിത്രം വരക്കു ഉപയോഗിച്ചിരുന്നത്.നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം.പൂക്കൾ,പക്ഷികൾ,മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരികസൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാശൈലി.പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതുകൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.'അമ്മാനക്കിളി’ എന്ന സിനിമയ്‌ക്കെഴുതിയ പാട്ട്, കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിലെ അഭിനയം ഇവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര ബന്ധങ്ങള്‍ .

 'നീ താഴ്, നീ താഴ്' എന്ന് എ അണികളോട് പറയുന്നവനാണ് എന്ന് നേതാവിനെ നിര്‍വ്വക്കുന്ന കവി നന്നേചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തോടും പിന്നീട് നക്സലിസത്തോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നെങ്കിലും ഭാവിയില്‍  കക്ഷിരാഷ്ട്രീയത്തെ ജീവിതത്തില്‍ നിന്നു പാടേ അകറ്റി നിര്‍ത്തി.
'രാക്ഷസന്‍റെ രാ യും
ദുഷ്ടന്‍റെ ഷ്ട യും
പീറയുടെ റ യും
ഈച്ചയുടെ ഈ യും
കായത്തിന്‍റെ യം ഉം
ചേര്‍ന്നതാണു രാഷ്ട്രീയം' എന്നദ്ദേഹം രാഷ്ട്രീയത്തെ കണ്ടു കെട്ടുന്നു .

ഊണുതൊട്ടുറക്കംവരെ,  പഴമൊഴിപ്പത്തായം,  കുഞ്ഞുണ്ണിയുടെ കവിതകൾ,  വിത്തും മുത്തും,  കുട്ടി പ്പെൻസിൽ,  നമ്പൂതിരി ഫലിതങ്ങൾ,  രാഷ്ട്രീയം,  കുട്ടികൾ പാടുന്നു,  ഉണ്ടനും ഉണ്ടിയും, കുട്ടിക്കവിതകള്‍, കളിക്കോപ്പ് , പതിനഞ്ചും പതിനഞ്ചും, അക്ഷരത്തെറ്റ്, മുത്തുമണി , ചക്കരപ്പാവ ,നോൺസെൻസ് കവിതകൾ,  കളിക്കളം,, കദളിപ്പഴം,കുഞ്ഞുണ്ണി രാമായണം    തുടങ്ങി അനവധി  പുസ്തകങ്ങൾ രചിച്ച  അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘എന്നിലൂടെ’ എന്ന  മലയാളത്തിലെ ആദ്യകാര്‍ട്ടൂണ്‍ ആത്മകഥ . 1974ലും 1984ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982ല്‍ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, 2002ല്‍ വാഴക്കുന്നം അവാര്‍ഡ്, 2003ല്‍ വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

”ഏകാന്തതയേക്കാള്‍ നല്ലൊരു കാന്തയില്ല” എന്നു വിശ്വസിച്ച കവി
‘ജീവിതം മറ്റൊരാള്‍ക്കും
പകുക്കാന്‍ തികയാഞ്ഞു
ഞാനെന്നെത്തന്നെ
വേളികഴിച്ചു കൂടീടുന്നു’ എന്ന് പ്രഖ്യാപിച്ച്, ജീവിതം ഏകനായി ജീവിച്ചു തീര്‍ത്തു  .
അനേകം മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും കുറുംകവിതകളും മിഠായിപ്പാട്ടുകളുമൊക്കെ കരുതിവച്ചാണ് 'എന്നും കുഞ്ഞായിട്ടു രമിക്കാൻ, കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരുകവിയായിട്ടു മരിക്കാൻ…' ആശിച്ച  കുഞ്ഞുണ്ണിമാഷ് 2006 മാര്‍ച്ച് 26 ഞായറാഴ്ച, തന്റെ 79 )0 വയസ്സില്‍ നമ്മെ വിട്ടുപിരിഞ്ഞത്, ഹിമാലയദര്‍ശനം എന്ന നടക്കാതെ പോയ ആഗ്രഹം ബാക്കി വെച്ച് .  .

കുഞ്ഞുണ്ണി മാഷിന്റെ ചില കവിതകള്‍ 
-----------------------------------------------------------
 അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)

അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്‍റെ മലയാളം
 മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ് 

മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്‍റെ മലയാളം
 .
 വായിച്ചാലും വളരും
വായിച്ചിലേലും വളരും
വായിച്ചാല്‍ വിളഞ്ഞു വളരും
വായിച്ചില്ലെങ്കില്‍ വളഞ്ഞു വളരും
 .


സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ

.

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.

.

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ

.
ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.

.

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ
ഞാനെന്നെ തല്ലുവാൻ വന്നു.

.

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.

.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

.

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.

.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ.

.

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു.

.

പൊക്കമില്ലാത്തതാണെന്റെ പൊക്കം.

.
മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ.

.

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം.

.

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!

.

ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം.

.

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം.

.
"ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"

.

കുരിശേശുവിലേശുമോ?
യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം.

Friday, July 15, 2016

ഋതുക്കള്‍

ഇന്ന് മിഥുനം 31.
ഗ്രീഷ്മത്തിലെ അവസാന സൂര്യനും കിഴക്കന്‍ മല കയറി മാനസഞ്ചാരം നടത്തി സന്ധ്യ മായുമ്പോള്‍ കടലില്‍ മുങ്ങാംകുഴിയിടും
നാളെ
കര്‍ക്കടകം ഒന്ന്
രാമായണത്തിന്റെ ഭക്തിപ്പെരുമയോടൊപ്പം ദുരിതങ്ങള്‍ കോടക്കാറ്റിന്റെ കൈ പിടിച്ചു പടികടന്നെത്തുന്ന പെരുമഴക്കാലത്തിന്റെ പദനിസ്വനം കേള്‍ക്കാം .
ഏറ്റവും ഇരുട്ടുള്ള രാവിനെ കാത്തിരിക്കുന്നത് മാഞ്ഞുപോയ സ്നേഹങ്ങള്‍ മണ്ണില്‍ വന്നുപോകുമെന്ന പ്രതീക്ഷയില്‍ മാത്രം .
....
ഋതുക്കള്‍ മാറി മാറി വരുന്നു
കര്‍ക്കടകവും ചിങ്ങവും വര്‍ഷകാലം. കന്നിയും തുലാമാസവും ശരല്‍ക്കാലം.വൃശ്ചികവും ധനുവും ഹേമന്തകാലം. മകരവും കുംഭവും ശിശിരകാലം. മീനവും മേടവും വസന്തം. ഇടവവും മിഥുനവും ഗ്രീഷ്മം അങ്ങനെ ആറ് ഋതുക്കള്‍. ഇവ ആവര്‍ത്തിച്ചു കൊണ്ടിരിക്കും; ദിനങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതു പോലെ, വര്‍ഷങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതു പോലെ. ഇതില്‍ നിന്നായിരിക്കാം മനുഷ്യന്റെ മനസ്സില്‍ ചാക്രിക കാലസങ്കല്പം ഉണ്ടായത്. എല്ലാ ശുന്യതയിലും പ്രതീക്ഷയുടെ നേര്‍ത്തൊരു തിരിനാളം ഹൃദയത്തിന്റെ കോണിലെവിടെയോ തെളിഞ്ഞു നില്‍ക്കാന്‍ ഇടയായതും

Wednesday, July 13, 2016

നമ്മുടെ കവികള്‍ 20 - / ആലങ്കോടു ലീലാകൃഷ്ണന്‍

നമ്മുടെ കവികള്‍ - 20  / ആലങ്കോടു ലീലാകൃഷ്ണന്‍ .
============================================

ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ കവിയാണ് ശ്രീ ആലങ്കോടു ലീലാകൃഷ്ണന്‍ . കവിയരങ്ങുകള്‍, പ്രഭാഷണങ്ങള്‍, ഇവയ്ക്കൊക്കെ ഉപരിയായി അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ഉള്ള മാമ്പഴം എന്ന ചാനല്‍ പ്രോഗ്രാമിലൂടെയും കവിയുടെ പ്രസാദാത്മകമായ മുഖവും അതിനേക്കാള്‍ പ്രസാദം തുളുമ്പുന്ന വാക്കുകളും നമുക്കു ചിരപരിചിതം തന്നെ. കവികളെക്കുറിച്ചും കവിതകളേക്കുറിച്ചും അയത്നലളിതമായി , അനര്‍ഗ്ഗളം ഒഴുകിവരുന്ന വാക്കുകള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കവിതകളും . ലളിതകോമളപദാവലികളാല്‍ മ്പുഷ്ടമായ ഓരോ കവിതയും വായനക്കാരുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നവ തന്നെ. ഈ കവിതകളില്‍ പ്രകൃതിയുണ്ട്, കാലങ്ങളുണ്ട്, പച്ച മനുഷ്യന്റെ ഒമ്പരങ്ങളും ജീവിതവുമുണ്ട്. അതിലൊക്കെ ഉപരിയായി കാവ്യാത്മകതയുടെ മാന്ത്രികസ്പര്‍ശം പാടിപ്പഴകിയ ചട്ടക്കൂടുകളില്‍ ശ്വാസം മുട്ടുന്നുമില്ല. എങ്കിലും പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച് ജീവിക്കുന്നതുകൊണ്ടാവാം, താളം നിഷേധിച്ച് ഒരു കാവ്യരചനാരീതി തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താളത്തിന്റെ പരകോടിയില്‍ അറിയാതെ താളരാഹിത്യം സംഭവിച്ചുപോകാമെന്നും അദ്ദേഹം പറയുന്നു

 പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ, വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മികുട്ടി അമ്മയുടെയും മകനായി 1960 ഫെബ്രുവരി 1 ന്‌ ആണ് ശ്രീ ആലങ്കോടു ലീലാകൃഷ്ണന്റെ ജനനം .


 പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം , മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്‌ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള പി. ഭാസ്കരന്‍ കവിതാ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ആലങ്കോട്‌ ലീലാകൃഷ്ണന് ലഭിക്കുകയുണ്ടായി. സ്വന്തം ഗ്രാമത്തിലെ വിദ്യാലങ്ങളിലെ സ്കൂള്‍ പഠനശേഷം  1981 ൽ പൊന്നാനി എം.ഇ.എസ്.  കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.  സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ പെരുമ്പടപ്പ് ശാഖയിൽ ഔദ്യോഗിക ജീവിതം .വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എഴുതിവരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിത തളിര് മാസികയിലാണ് അച്ചടിച്ചുവന്നത്. 1978 മുതല്‍ എഴുത്തില്‍ സജീവമാണ് അദ്ദേഹം. കഥാപ്രാസംഗികനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.

1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും[1] ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ്‌ നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്[2]. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന "മാമ്പഴം" എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.

ഏകാന്തം, വള്ളുവനാടൻ പൂരക്കാഴ്ചകൾ, നിളയുടെ തീരങ്ങളിലൂടെ, പി.യുടെ പ്രണയ പാപങ്ങൾ, താത്രിക്കുട്ടിയുടെ സ്മാർത്താവിചാരം ഇവയാണു പ്രധാന കൃതികള്‍ .1978 മുതല്‍ 2013 വരെ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. സ്വയമറിയാതെ പ്രചോദിതമായ നിമിഷങ്ങളില്‍ എഴുതിയവയാണ് ഇവയിലേറെയുമെന്ന് ലീലാകൃഷ്ണന്‍ പറയുന്നു. കവിയച്ഛന്‍, ഹിന്ദോളം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങള്‍, പൊന്നാനിപ്പുഴ, മത്സ്യപ്പെട്ടവള്‍, സാന്ധ്യഗീതം തുടങ്ങി കേരളസമൂഹം ചര്‍ച്ച ചെയ്ത കവിതകളാണ് ഇവയെല്ലാം. തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഏകാന്തം, കാവ്യം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു.
ഒരു സ്വപ്നശിഖരത്തില്‍
വിരിയാത്ത പൂവിന്റെ-
യറിയാത്ത ഗന്ധവും
കൊണ്ടു നീയെത്തുന്നു
പിന്നെയും പിന്നെയും
കാവ്യാനുഭൂതിയാം
സുന്ദരോന്മാദമേ
നീ തന്നെ ജീവിതം .. എന്നു കവി പറയുന്നു. ഈ ജീവിതയാത്രയില്‍ അദ്ദേഹത്തിനു  തുണയായി അദ്ധ്യാപിക ബീനയും മക്കള്‍ , കവിതയും കണ്ണനും .

ആലങ്കോട് ലീലാകൃഷ്ണന്റെചില കവിതകളിലൂടെ ...

പുഴയക്ഷരം - ആലങ്കോട് ലീലാകൃഷ്ണന്റെ കവിത

ഒടുവിലത്തെ വയല്‍ പക്ഷിയും പറന്നകലുമേതോ വിഷാദസായന്തനം
തിരികെയെത്താത്ത തോണിയില്‍ ദൂരത്തു പുഴ മുറിച്ചു കടന്നുപോയ് ശ്രാവണം
നിറ നിലാവിന്റെ ചന്ദനം ചാലിച്ചു നിള വിതാനിച്ച വെണ്‍മണല്‍ ശയ്യയില്‍
വെറുതെയിപ്പൊഴും സ്വപ്നാന്തരങ്ങളില്‍ കവിത കാമിച്ചു കാത്തിരിക്കുന്നു ഞാന്‍
വഴിവിളക്കുകളെല്ലാമണഞ്ഞുപോയ് പഥികരായ് വന്ന തോഴര്‍ പിരിഞ്ഞുപോയ്
പഴയ നാട്ടെഴുത്തച്ഛന്റെ ചൂട്ടിലെ പൊരിവെളിച്ചവുമെങ്ങോ പൊലിഞ്ഞുപോയ്

പുഴയിലെ കാറ്റിലേതോ പുരാതന പ്രണയ രാത്രികള്‍ മൂളുന്ന കീര്‍ത്തനം
തളിര്‍ നിലാവിന്റെ തോണിയില്‍ പണ്ടൊരാള്‍ പുഴ കടന്നു കുറിച്ച കാവ്യോത്സവം
ഇനിയെനിക്കു ഋതുക്കള്‍ കുറിച്ചിട്ട ലിപികളില്ലാതിരുട്ടു വായിക്കുവാന്‍
പുഴ തരുന്നുണ്ട് കാണാത്തൊരക്ഷരം എഴുതുവാന്‍ നീല രാവിന്റെ കൈവിരല്‍
ഇരുളു മാത്രമേ സത്യമെന്നാകിലും നിഴലുകള്‍ വെട്ടവും മരിച്ചെങ്കിലും
പുഴയിലുണ്ട് നിലയ്ക്കാത്ത ജീവിതം അഴലുകള്‍ക്ക് കണ്ണീരിന്റെ സാന്ത്വനം.
.
കാവല്‍ക്കാരന്‍ / ആലങ്കോട് ലീലാകൃഷ്ണന്‍
---------------------------------------------
ചവിട്ടിക്കൊല്ലും പാദത്തെ
പൂജിക്കും ബലിതത്വമേ
മണ്ണോളം താണുനിന്നാലും
ചവിട്ടിത്താഴ്ത്തും വാമനന്‍
ഒരുനേരത്തെയന്നത്തി-
ന്നൊരു കുടുംബം പോറ്റുവാന്‍
പ്രഭുവിന്‍ കോട്ടവാതില്‍ക്കല്‍
കാവലാവേണ്ടി വന്നവന്‍
അവന്‍റെ നിസ്സഹായത്വം
കുറ്റമല്ല ചരിത്രമേ,
ചവിട്ടി നീയരച്ചാലും
ഉയിര്‍ക്കും നിസ്വനാമിവന്‍
മരിച്ചുപോയ പാവങ്ങള്‍
ജാഥയായി വരുന്നിതാ
അവര്‍ക്കൊപ്പമുണ്ടു ഞങ്ങള്‍
മരിക്കാത്തൊരു മര്‍ത്ത്യത
വാതില്‍ തുറന്നു തന്നാലും
മരിക്കാത്ത സഹോദരാ
ദുഷ്പ്രഭുപ്പുലയാടിത്തം
തകര്‍ക്കും ബലിയാണു നീ.
.
പ്രണയവസന്തം / ആലങ്കോട് ലീലാകൃഷ്ണന്‍
-----------------------------------------------
ആരൊരാള്‍,കദംബങ്ങള്‍
പൂക്കാത്ത ഹൃദന്തത്തില്‍
പാഴ്മുളം തണ്ടാലൊരു
ഗാനസാമ്രാജ്യം തീര്‍ത്തു!
പൂത്തുലഞ്ഞുപോയ് ചുറ്റും
വസന്തം പൊടുന്നനെ.
നീയൊരാള്‍.,ഋതുക്കള്‍ക്കും
മീതേ,രാഗിണിയായി.
ആരുനി,ന്നീറന്‍കാറ്റി-
ലീറനായുലയുന്ന
വാര്‍മുടിക്കെട്ടില്‍ രാഗ-
മുല്ല തന്‍ പൂ ചൂടിച്ചു!
മാറിലെ നിമ്നോന്നത-
ഭംഗിയില്‍ കുളിരിന്‍റെ
മാല്യമായ് നഖക്ഷത-
പ്പാടുകള്‍ സമ്മാനിച്ചു!
അറിയുന്നു ഞാനെല്ലാം
രാധികേ യുഗാന്തര-
രാഗസങ്കല്പത്തിലെ
നായികേ,ജന്മങ്ങളാ-
യെത്രയോ സ്വപ്നങ്ങളില്‍
നിന്നോടൊത്തുണ്ടല്ലോ ഞാന്‍.
നീ തന്നെ ഞാനാണല്ലോ
പ്രണയം പുഷ്പിക്കുമ്പോള്‍.
.
അടയാളങ്ങള്‍/ ആലങ്കോട് ലീലാകൃഷ്ണന്‍
------------------------------------------

ആരുടെയടയാളം
വീടിന്‍റെ ചുമരിന്മേല്‍
നീളെ , വെണ്‍കളിമണ്ണില്‍
കൈവിരല്‍ പതിച്ചപോല്‍ !

ചായം തേയ്ക്കുവാനായ് മേല്‍ -
ക്കുമ്മായമദര്‍ത്തുമ്പോള്‍
കാണെക്കാണെയുണ്ട,ടി -
ച്ചുമരില്‍ തെളിയുന്നു .

അമ്മ ചൊല്ലുന്നു , ' പണ്ട്
കുമ്മായം വാങ്ങാന്‍ പോലും
പാങ്ങില്ലാത്തൊരു കാലം
വെണ്‍കളിപൂശും നേരം

ഉണ്ണിയാം നീയാണെങ്ങും
കൈവിരല്‍ പതിപ്പിച്ച -
തെന്തൊരു വികൃതിയാ -
ണന്നത്തെ ലീലാകൃഷ്ണന്‍ '

മുത്തശ്ശി തിരുത്തുന്നു ;
'അല്ലല്ല , മുത്തച്ഛന്റെ -
കയ്യിന്‍റെ വിരലാ, ണ -
തോര്‍ക്കുന്നു ഞാനിപ്പോഴും

പ്രാന്തുള്ള കാലത്തൊക്കെ
ചുമരില്‍ കയ്യും വച്ചു
പ്രാഞ്ചിപ്രാഞ്ചിയങ്ങനെ
നടക്കും രാവാവോളം .'

ശരിയാണു മുത്തശ്ശീ
ഭ്രാന്തുള്ള കാലത്തിന്‍റെ-
യടയാളങ്ങള്‍ മായ്ച്ചാല്‍
മായുകില്ലൊരിക്കലും

കൊന്ന ദുഷ്പ്രഭുവിന്റെ -
ചോരയില്‍ കൈമുക്കിയാ -
ണന്നൊക്കെ കാലത്തിന്‍റെ -
ഭിത്തിമേലദയാളം

കെട്ടകാലത്തി,ന്നാര്‍ക്കും
ഭ്രാന്തില്ല , മലമോളില്‍
കെട്ടുപോയിരിക്കുന്നു
ഭ്രാന്തിന്‍റെ ചിരിവെട്ടം .
.
സ്നേഹിതയ്ക്ക് /ആലങ്കോട് ലീലാകൃഷ്ണന്‍

------------------------------------------------

വരിക സ്നേഹിതേ , കാലങ്ങളേറെയായ്‌
പടിതുറന്നിട്ടു കാത്തിരിപ്പാണു ഞാന്‍ .
പുഴ പറഞ്ഞതും പൂക്കള്‍ മറന്നതും
ഋതുവണിഞ്ഞിട്ട നിന്‍ നിലാവിന്‍ കഥ
കഥയിലില്ലാത്ത പാതിരാപ്പൂവുകള്‍
ഇരവു ചൂടിപ്പകുത്ത യാമങ്ങളില്‍
ചുളിവു നീര്‍ത്താ ,തുടല്‍ തീര്‍ത്ത ശയ്യയില്‍
ഉയിരു കെട്ടിപ്പുണര്‍ന്നതാ , രിന്നലെ !
വെറുതെയിപ്പോഴും കാത്തുനില്‍ക്കുന്നുണ്ട്
മരതകപ്പാല മുടിയഴിച്ചങ്ങനെ
തളിരുവെറ്റയ്ക്കു ചുണ്ണാമ്പുതേയ്ക്കുവാന്‍
നെറി മറന്നൊരാള്‍ വന്നതാണീ വഴി
ചിറവരമ്പിലൂടായിരം താലങ്ങള്‍
മരണഗന്ധവും കൊണ്ടു തേര്‍വാഴ്ചകള്‍
നെറുക വെട്ടിപ്പിളര്‍ന്നൊരാള്‍ പ്രാണന്റെ
രുധിരമാലയാല്‍ നിന്‍ കാവു തീണ്ടുന്നു .
അഖിലമൃണ്‍മയി , നീയെന്നെയിപ്പൊഴും
ചുടുനിണത്തില്‍ നുകര്‍ന്നെടുത്തോളുക
അയുതവര്‍ഷങ്ങള്‍ നിന്‍ പ്രണയോന്‍മദ -
ക്കടലിലുപ്പായ്‌ക്കലര്‍ന്നതാണീ നിണം .
ജലകണങ്ങളില്‍ , മേഘബാഷ്പങ്ങളില്‍
പുലരിമഞ്ഞില്‍ , വിയര്‍ക്കുന്ന ജീവനില്‍
മുല ചുരത്തുന്ന ജീവകോശങ്ങളില്‍
പ്രണയമാകുന്നു നീ ചിരസ്നേഹിതേ .

Wednesday, July 6, 2016

നമ്മുടെ കവികള്‍ 19 - ആര്‍ രാമചന്ദ്രന്‍

നമ്മുടെ കവികള്‍ 19 -    ആര്‍  രാമചന്ദ്രന്‍
=====================================

പ്രസാദം വദനത്തിങ്കല്‍, കളഭക്കുറി നെറ്റിമേല്‍- അതെ, ആത്മവിശ്വാസം വേണ്ടുവോളമുള്ള    സാത്വികഭാവം തുടിച്ചു നില്‍ക്കുന്ന ഭാവഹാവാദികള്‍ ഉള്ള പ്രിയ കവി ആര്‍ രാമചന്ദ്രന്‍. പക്ഷേ കവിതകളില്‍ ഈ ലാഘവത്വം എന്തുകൊണ്ടോ ദര്‍ശിക്കാനവുന്നില്ല. ജീവിതയാഥാര്‍ത്ഥ്യങ്ങളോടും  പൊരുത്തക്കേടുകളോടും കലഹാത്മകമായി നേരിടുന്ന, നിരാശയും നഷ്ടബോധവും വേട്ടയാടുന്ന ഒരു ഏകാകിയുടെ ആത്മനൊമ്പരങ്ങളും ആശങ്കകളും കവിതയിലെമ്പാടും ചിതറിക്കിടക്കുന്നതു കാണാം . 'ഏകാകിയായ മനുഷ്യാത്മാവിന്റെ കവി'യെന്ന്‌അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും ഈ വ്യത്യസ്തത കൊണ്ടു തന്നെയാവണം .

ശ്രീ രാമചന്ദ്രന്‍ 1923 മെയ്‌ 28ന്‌ തൃശൂർ താമരതുരുത്തിയിൽ രാമകൃഷ്ണ അയ്യരുടെയും അന്നപൂർണേശ്വരിയുടെയും മകനായി ജനിച്ചു. പ്രശസ്ത നിരൂപകനുമായിരുന്ന ആര്‍. വിശ്വനാഥന്‍ സഹോദരനാണ്. എ കെ വിശാലാക്ഷിയാണ് ജീവിതവീഥിയില്‍ ഒപ്പം നടക്കാന്‍ കൂട്ടായെത്തിയത്.

  പല വിദ്യാലയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം . എറണാകുളം മഹാരാജാസ്‌ കോളജിൽ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ എം എ ബിരുദം  നേടി.  മലയാളം,  സംസ്കൃതം എന്നീ വിഷയങ്ങളിലും  ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതൽ 1978 വരെ  മലബാർ ക്രിസ്ത്യൻ കോളജിൽ പ്രൊഫസറായി ഔദ്യോഗികജീവിതം നയിച്ചു .. കവി, നിരൂപകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനാവുകയും ചെയ്തു . അത്രയേറെയൊന്നും എഴുതിയിട്ടെല്ലെങ്കിലും ഭാഷയ്ക്ക് അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ കവിതക്ലെല്ലാം മുതല്‍ക്കൂട്ടു തന്നെ. സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, ആറ്റൂര്‍ രവിവര്‍മ എന്നിവര്‍ക്കൊപ്പം മലയാള കാവ്യഭാഷയെ നവീകരിക്കുന്നതില്‍ രാമചന്ദ്രന്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്‌ നേതൃത്വം കൊടുത്തവരിൽ പ്രധാനിയാണെങ്കിലും അത്രയധികം ആധുനികത അദ്ദേഹത്തിന്റെ കവിതകളില്‍ കണ്ടെത്തനാവില്ല.
ഈയന്ധകാരത്തില്‍,
ദേവ, നിറഞ്ഞു നിന്നീടുമീ നിശ്ശബ്ദത തന്‍
നിശ്ചല തടാകത്തില്‍ ഒരു താമരമൊട്ടായൊരു
തൊഴുകൈയായെന്നാത്മാവിരിക്കുന്നു.
അതെ, അതായിരുന്നു അദ്ദേഹത്തിന്റെ ഉണ്മ.
ശ്രീ രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌ തളിയിലെ  വീടിന്റെ ഉമ്മറത്ത്‌ സംഘടിപ്പിച്ചിരുന്ന ‘കോലായ’ എന്ന സാഹിത്യ ചർച്ച മലയാള സാഹിത്യത്തിൽ പുതിയ പ്രവണതകൾ ഉരുത്തിരിയാന്‍ ഏറെ സഹായകമായിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യഭാഷ ചുറ്റുപാടുകളോടു താദാത്മ്യപ്പെടുന്ന വിധത്തില്‍ ഒട്ടും തന്നെ കൃത്രിമത്വമില്ലാതെ ജന്മവാസനയും കാവ്യമനോഭാവവുമായി കവിതയുടെ അന്തരീക്ഷത്തില്‍ ഇഴുകിച്ചേരുന്നതാണ്. ആഴത്തില്‍ വേരോടി, ഇടയ്ക്കെവിടെയോ  മുളപൊട്ടുന്ന പ്രകൃതിയിലെ  മഹത്ചൈതന്യം അതിലൊക്കെയും മിന്നലൊളിയായ് തിളങ്ങുന്നു. 
മുരളി, സന്ധ്യാ നികുഞ്ജങ്ങൾ, ശ്യാമ സുന്ദരി, പിന്നെ, എന്തിനീ യാത്രകൾ, ആർ.  കവിത,രാമചന്ദ്രന്റെ കവിതകൾ എന്നിവയാണ് പ്രധാന കൃതികള്‍ .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന്   2000 - 'ആർ രാമചന്ദ്രന്റെ കവിതകൾ' അര്‍ഹമായി.  2003ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'കവിത' എന്ന കൃതിക്കു ലഭിച്ചു.
പരാതികളോ പരിഭവങ്ങളോ ഇല്ലാതെ, ഒരിക്കലും അംഗീകാരങ്ങള്‍ക്കു പിന്നാലെ പോകാതെ, ഏകാകിയായി ജീവിതപാതയില്‍ എന്നും നടന്ന ഈ മഹാനുഭാവന്‍ 2005 ആഗസ്റ്റ്‌ മൂന്നാം തീയതി തന്റെ യാത്രയ്ക്കു വിരമം കണ്ടു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം  കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ വെച്ച് അന്ത്യ നിമിഷങ്ങളെ പിന്നിടുകയായിരുന്നു.

.
അദ്ദേഹത്തിന്റെ ചില കവിതകളിലേയ്ക്ക് ഒന്നു കടന്നു ചെല്ലാം

"ദിവ്യദുഃഖത്തിന്റെ നിഴലില്‍" ആര്‍ രാമചന്ദ്രന്‍
--------------------------------------------------

ഈ അന്ധകാരത്തില്‍,
ഈ നിശ്ശബ്ദതയില്‍,
നിന്‍ കരളിലെ ശ്യാമവര്‍ണ്ണമാം ദുഃഖത്തിന്‍ സത്യം
എന്നെ ചൂഴുമീയേകാന്തതിയില്‍ നിഴലിക്കേ
വിശ്വനായക, നിന്നെ ഞാന്‍ അറിയുന്നേന്‍.
നീ, അനാദ്യന്തന്‍
മൃതിഭീതിയാല്‍ച്ചേരും
ജീവിത സ്നേഹത്തിന്‍ മാധുര്യമറിയാത്തോന്‍!
നീ, പൂര്‍ണ്ണകാമന്‍
സ്വപനഭൂമിയില്‍ നൃത്തം ചെയ്യും
മുഗ്ദ്ധ സൌന്ദര്യത്തെ നിനയ്ക്കാന്‍ കഴിയാത്തോന്‍!
എങ്ങനെ,യാരെ സ്നേഹിക്കും വെറുക്കും നീ?
നീ കേള്‍പ്പതില്ലല്ലോ
നിന്‍ പദദ്ധ്വനി പോലും!
നീ കണ്മതില്ലല്ലോ നിന്‍ നിഴല്‍ പോലും!
നിന്നില്‍ നിന്നകലുവാനാകാതെ,
നിന്നില്‍ തന്നെ നീറി, നീറിക്കൊണ്ടയ്യോ
നിത്യതയുടേ ഏകാന്തത്തിലിരിപ്പൂ നീ!
നിന്നശാമ്യമാം രോദനം കാലം.
നിന്‍ കരാളമാം ദുഃഖം വാനം.
ആത്മവിസ്മൃതിതേടീ നീ നടത്തുമീ സര്‍ഗ്ഗ ലീലയില്‍ നിന്നഴല്‍ നിഴലിക്കേ
ഹാ! പഴിപ്പൂ ഞാന്‍ നിന്നെ!
മാപ്പു നല്‍കുക, നീ പൊറുക്കുകെന്‍ മര്‍ത്ത്യതാദര്‍പ്പം.
ഈയന്ധകാരത്തില്‍,
ദേവ, നിറഞ്ഞു നിന്നീടുമീ നിശ്ശബ്ദത തന്‍
നിശ്ചല തടാകത്തില്‍ ഒരു താമരമൊട്ടായൊരു
തൊഴുകൈയായെന്നാത്മാവിരിക്കുന്നു.
.

പ്രലോഭനം
ആര്‍. രാമചന്ദ്രന്‍
===============
വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി.

ചിറകു കുടയുന്നു തെന്ന,ലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍.

ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി.

കരളോര്‍ക്കുമേതോ പുരാണശോക-
കഥപോലിശ്ശ്യാമള ഭൂമി കാണ്മൂ.

ഒരു നറുകണ്ണാന്തളിമലര്‍പോല്‍
വിരിയുമിസ്സാന്ധ്യനിശ്ശബ്ദതയില്‍

പഥികര്‍ കാണാതെ കടന്നുപോകും
പെരുവഴിത്തിരിവിലെ വിഗ്രഹംപോല്‍

മരുവുമെന്നാത്മാവുതന്നെയാരോ
പുരുമോദമാര്‍ന്നു വിളിച്ചിടുന്നു.

പരിചിതമാണെനിയ്ക്കാമധുര
സ്വര,മതിന്നുള്ളിലൊളിച്ചിരിപ്പൂ:

അതിദൂരശൈലശൃംഗങ്ങളില്‍ കേ-
ണലയും നിലാവിന്‍ കിനാവുകളും

ഒളിയറ്റ വാനിന്നഗാധതയില്‍
തെളിയും മിഴികള്‍തന്‍ വേദനയും

പറയാതെപോയ വസന്തരാവിന്‍
സ്മരണയില്‍ മുറ്റിന കണ്ണുനീരും.

പരിചിതമാണെനിയ്ക്കാ മധുര-
സ്വര,മതുള്‍ക്കൊള്ളുക മൂലമല്ലോ

വിജനകുഞ്ജങ്ങള്‍പോല്‍ വീര്‍പ്പിടുന്നു
വിരഹാകുലങ്ങളായ്‌ മദ്ദിനങ്ങള്‍!

മറുപടിചൊല്ലാന്‍ മടിച്ചു ദീന-
മിരുളിലെന്നാത്മാവൊളിച്ചിരിപ്പൂ.
.
Sunday, July 3, 2016

ജീവിതം, മരണം

ജീവിതം !
അര്‍ത്ഥശൂന്യതയുടെ
സമയക്ലിപ്തതയില്ലാത്ത പ്രഹസനങ്ങള്‍,
ഓര്‍മ്മയില്‍ നിന്നകന്നാല്‍ മാഞ്ഞുപോകുന്ന
കാലത്തിന്റെ കയ്യൊപ്പുകള്‍ !
പുഴയൊഴുകുന്നു
പൂ വിരിയുന്നു
പൂങ്കുയില്‍ പാടുന്നു
വസന്തം വന്നു പോകുന്നു
പിന്നെയും വന്നെത്താന്‍
എവിടെയോ ഒരു ഗ്രീഷ്മമുണ്ടെന്ന് ,
തോരാമഴപെയ്തൊഴിയാന്‍
ഒരു വര്‍ഷകാലമുണ്ടെന്ന്
മറവിയുടെ ഭാണ്ഡത്തിലിറക്കാത്ത
ഓര്‍മ്മത്തുണ്ടൊന്നു ബാക്കി വേണം .
പിന്നെയും പിന്നെയും
ജീവിതം ഒരു വലിയ നുണയാണെന്നു
ഇന്നലെകള്‍ വിളിച്ചു ചൊല്ലും.
കേട്ടു കേട്ട് ഒടുവില്‍ തിരിച്ചറിയും
ഒഴുകുന്ന പുഴയുടെ
നേര്‍ത്ത തലോടലാണു ജീവിതം
മരണമാകട്ടെ
ആവരണമില്ലാത്ത  സത്യത്തിന്റെ
പരിരംഭണം 

Friday, July 1, 2016

നമ്മുടെ കവികള്‍ 18 / സാവിത്രി രാജീവന്‍

നമ്മുടെ കവികള്‍ 18 / സാവിത്രി രാജീവന്‍
===================================

പുതിയ തലമുറയിലെ സ്ത്രീകവികളുടെ മുന്‍ നിരയില്‍  തന്നെ നില്‍ക്കുന്ന സാവിത്രി രാജീവന്‍ നല്ല  ഒരു ചിത്രകാരി കൂടിയാണ്.
സ്ത്രീയുടെ ചിന്തകള്‍ക്കും അനുഭവങ്ങള്‍ക്കും പ്രകൃതിയോടെന്നപോലെ യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരന്വേഷണം അക്ഷരങ്ങളില്‍ കൊണ്ടുവരണമെങ്കില്‍ അത് ഒരു സ്ത്രീക്കു മാത്രമേ കഴിയൂ. അത് സ്ത്രിന്മനസ്സിന്റെ നിഗൂഢതയോ അപ്രാപ്യതയോ  ആല്ല വെളിവാക്കുന്നത് , മറിച്ച് സ്ത്രീയുടേയും പുരുഷന്റേയും സ്വത്വങ്ങളിലുള്ള വ്യത്യസ്തതയാണ്.ശരീരം പോലെ തന്നെ മനസ്സും വ്യത്യസ്തപ്പെട്ടിരിക്കുന്നു .താന്‍  സ്ത്രീയാണെന്ന ബോധത്തോടെ സ്ത്രീശക്തിയെ ഉയര്‍ത്തിക്കാട്ടാന്‍ തന്റെ അക്ഷരക്കൂട്ടുകള്‍ക്കു കരുത്തു നല്‍കിയ കവിതകളാണ് ശ്രീമതി സാവിത്രി രാജീവന്റേത്. നിത്യജീവിതത്തിലെ സൂക്ഷ്മ ചലനങ്ങളിലൂടെ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളെ തന്‍റെ കവിതയിലൂടെ കാല്‍പനികതയുടെ കൃത്രിമജാടകളൊന്നുമില്ലാതെ  കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. അതാകട്ടെ സ്വാഭാവികമായി വാക്കുകളുടെ പുഴയായി ഒഴുകിയെത്തുകയാണു കവിതയില്‍. കാലിക സാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്ന സാവിത്രി രാജീവന്‍റെ കവിതകള്‍ക്ക്  അതുകൊണ്ടു തന്നെ ആകര്‍ഷകത്വവും സ്വീകാര്യതയും ഈ കവിതകള്‍ക്ക് ഏറെയുണ്ട്. . എഴുത്തിൽ ഏറ്റവും വലിയ ഉപകരണം സ്വകാര്യഭാഷയാണെന്ന്‌ തറപ്പിച്ചുപറയുകയാണ്‌ സാവിത്രി രാജീവൻ. അതു പിറന്നനാടിന്റെ ഭാഷയാണ്‌.പദശേഖരം, ഘടന, പ്രമേയം, കൽപനകൾ ഒക്കെ കവിതയുടെ അടിത്തട്ടന്വേഷിക്കുന്നതോടൊപ്പം അനായാസമായി ഉള്‍ക്കൊള്ളാവുന്ന സന്ദേശങ്ങളാലും ഈ കവിതകള്‍ ശ്രദ്ധേയമാകുന്നു . അവയാകട്ടെ ആധുനിക കാലഘട്ടത്തിന്റെ ഇരുട്ടു മൂടുന്ന നടവഴികളിലേയ്ക്കുള്ള വെളിച്ചത്തുരുത്തുകളാകുന്നു.

1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കില്‍ വീട്ടിക്കാട്ട് ഇല്ലത്ത് വീട്ടിക്കാട്ട് നാരായണന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മകളായി സാവിത്രി  ജനിച്ചു. പൂക്കോട്ടൂര്‍ ഗവ. ഹൈസ്ക്കൂള്‍, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്സ്, എം. എസ്. യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 മുതല്‍ മലയാളം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. “ചരിവ്” (കവിതാ സമാഹാരം) 1993 ല്‍ പ്രസിദ്ധീകരിച്ചു. 'ദേഹാന്തരം', 'ഹിമസമാധി', 'അമ്മയെ കുളിപ്പിക്കുമ്പോള്‍', 'സാവിത്രി രാജീവന്റെ കവിതകള്‍' മുതലായവയാണു മറ്റു പ്രധാന കൃതികള്‍.  വിവിധ ഇന്ത്യന്‍ ഭാഷകളിലും, ഇംഗ്ലീഷ്, സ്വീഡിഷ് തുടങ്ങിയ വിദേശ ഭാഷകളിലും  കവിതകള്‍ പരിഭാഷപ്പെടുത്തി യിട്ടുണ്ട്. ഇപ്പോള്‍ സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി വര്‍ത്തിക്കുന്നു . തിരുവനന്തപുരത്തു താമസിക്കുന്നു. ഭര്‍ത്താവ് പ്രൊഫ. ബി. രാജീവന്‍. കുട്ടികൾ - മനുവും, യദുവും.


1991 ല്‍ കുഞ്ചുപിള്ള സ്മാരക അവാര്‍ഡും, 1994 ല്‍ ഉദയഭാരതി നാഷണല്‍ അവാര്‍ഡും ലഭിച്ചു. 2010 ലെ കമല സുരയ്യ അവാര്‍ഡിനും 'സാവിത്രി രാജീവന്റെ കവിതകള്‍' എന്ന കവിതാ സമാഹാരം അര്‍ഹമായി.   (1995 മുതല്‍ ചിത്ര രചനയില്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുന്നു. ആദ്യ ചിത്ര പ്രദര്‍ശനം 1999 ല്‍ ഡല്‍ഹി ഭവന്‍ ഗ്യാലറിയില്‍ നടന്നു.) 

രണ്ടുകാലുകള്‍ ഒന്നാക്കിമാറ്റി
അല്ലെങ്കില്‍
കാലുതന്നെ മാറ്റി
അതെന്നെ
താമരപ്പൂവിലോ
ഭാരതമദ്ധ്യത്തിലോ
പ്രതിഷ്ഠിക്കുന്നു
(സാരി എന്ന കവിതയില്‍ സാവിത്രി രാജീവന്‍ പറയുന്നത് )
ലോകം വേഷത്തിലൂടെ കര്‍മ്മത്തിലൂടെ കല്പനയിലൂടെ സ്ത്രീപ്രതിഷ്ഠ നിര്‍വ്വഹിച്ചുകൊണ്ടേയിരിക്കുന്നു. താരാട്ടുപാടിയും അമൃതവും ധനവും വര്‍ഷിച്ചും ഒടുവില്‍ ഭൂമി പിളര്‍ന്ന് പാതാളത്തിലേക്ക് മറയാനാണ് അവള്‍ നിയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സാരിയല്ല തന്റെ ഇഷ്ടവേഷമെന്ന് കവയത്രി പ്രഖ്യാപിക്കുന്നു.
അടുക്കളയില്‍ സ്ത്രീ  ജന്മം നൂറായിരം പണികളില്‍ തളച്ചിടുന്നവള്‍, കാവ്യങ്ങളും ഐതിഹ്യങ്ങളും കെട്ടുകഥകളും വാഴ്ത്തുന്നവള്‍, കടലോളം അപാരമായ പ്രണയം ഉള്ളില്‍ കൊണ്ടുനടക്കുന്നവള്‍, കാമക്കണ്ണുകളും വിപണനതന്ത്രങ്ങളും കൊണ്ടു് പലതായി തെറിച്ചുപോകുന്നവള്‍ - ഈ ഓരോ അവതാരത്തിലും സര്‍ഗ്ഗാത്മകതയുടെ കനലും വെളിച്ചവും പ്രസരിപ്പിക്കുന്നവളാണു് സാവിത്രീ രാജീവന്റെ കവിതകളിലെ സ്ത്രീ.


.
അമ്മയെ
കുളിപ്പിക്കുമ്പോള്‍.....
**************************
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതല്‍ വേണം.
ഉടല് കയ്യില് നിന്ന് വഴുതരുത്.
ഇളം ചൂടായിരിക്കണം വെള്ളത്തിന്.
കാലം നേര്‍പ്പിച്ച
ആ ഉടല്‍
കഠിന മണങ്ങള്‍ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്.
കണ്ണുകള്‍ നീറ്റരുത്.
ഒരിക്കല്‍
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളില്‍
അന്ന് നീ കിലുക്കിക്കളിച്ച വളകള്‍ കാണില്ല.
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലില്‍ നിന്ന് എന്നേ വീണുപോയിരിക്കും.
എന്നാല്‍
ഇപ്പോള് അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ എണ്ണമില്ലാത്ത ഞൊറിവളകള്‍
ഓര്മകള്‍ കൊണ്ട് തിളങ്ങുന്നവ
ഏഴോ,എഴുപതോ, എഴായിരമോ
അതില് നിറഭേദങ്ങള്‍?..
എണ്ണാന്‍ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടുവെള്ളം വീണ്
പതുപതുത്ത ആ മൃദുശരീരം
തൊട്ടുതലോടിയിരിക്കുക
അപ്പോള്‍
ഓര്മകള്‍ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകള്‍ നിവര്ന്നു തുടങ്ങും
അമ്മ പതുക്കെ കൈകള്‍ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണയിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വീണുകൊണ്ടേയിരിക്കും.
അപ്പോള്‍
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മയ്ക്ക് പകരം നല്കുക.
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ....
- സാവിത്രി രാജീവന്‍.
.
ഒറ്റ മുറിവ് -സാവിത്രി രാജീവന്‍
===============
‘ചന്ദ്ര മുഖീ ‘ എന്നു അവന്‍ തോളില്‍ തട്ടി വിളിച്ചതും
അവള്‍ അവന്റെ തോളിലേക്ക്  ചാഞ്ഞതും
നില തെറ്റി തോട്ടിലേക്ക് മറിഞ്ഞു ;
ഒരു കൈതമുള്ളിലോ കൈതക്കാലിലോ തടഞ്ഞു നില്‍ക്കാതെ  നേരെ .

എന്നിട്ടോ
ഒന്നു മുങ്ങി പ്പൊങ്ങിയപ്പോള്‍  കണ്ടു
ഊര്‍ന്നു പോയ അവളുടെ ഉടു തുണിയുമായി
അവനിരിക്കുന്നു മരക്കൊമ്പില്‍ ,
ഓടക്കുഴലുമായി.

ഒന്നു മുങ്ങി നിവര്‍ന്നപ്പോഴേക്കും താന്‍ പിറന്ന അറുപതുകള്‍  പോയ്‌ മറഞ്ഞല്ലോ
എന്നു വിഷാദിച്ചു അവള്‍ അന്നേരം
എന്തെന്നാല്‍
കാര്‍കുഴല്‍ കൊണ്ടു മാറ് മറക്കാനും
ഓടക്കുഴലില്‍
അവന്‍ പാടുന്ന
സ്തന വര്‍ണ്ണന  കേട്ടു കോരിത്തരിക്കാനും
കാളിന്ദിയില്‍ എന്നവണ്ണം നീന്തി തുടിക്കാനും
കള്ളക്ക  ണ്ണ റിഞ്ഞും മന്ദഹാസം ചൊരിഞ്ഞും
മരച്ചോട്ടില്‍ നിന്നു ‘എന്റെ ആട തായോ’ എന്നു കൊഞ്ചി പറയാനും
അവള്‍ മറന്നു കളഞ്ഞു

അതും പോരാഞ്ഞ്
ആടയിരക്കാതെ
പാട്ട്  കേള്‍ക്കാതെ
അതാപോകുന്നു
അവള്‍
ഇല കൊഴിച്ച മരമെന്നപോലെ , നഗ്നയായി !
മുള്‍ക്കൈത  വരഞ്ഞ മുറിവും
അതിലൂറുന്ന ചോരയുമാണ്
അവളുടെ ഉടല്‍ മൂടുന്നത്
പട്ടുപോലെ തുടുത്തത്.

അതാ പോകുന്നു,
നഗ്നമായി ,
നെടുകെ പിളര്‍ന്ന

ഒരു ഒറ്റ മുറിവായി  അവള്‍ .
.
ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍
================
ഭൂമിക്കു മേലുള്ള
ഏതു കാരണമാണ്
ജീവിച്ചിരിക്കാനുള്ള നിമിത്തം?
മലപോലെ
മുന്നിലുരുന്ന കാരണങ്ങള്‍
മഴപോലെ പെയ്യുന്ന കാരണങ്ങള്‍
കറുത്തവ, വെളുത്തവ
നിറമില്ലാത്തവ
ഉള്ളിലുള്ളവ, ഉള്ളില്ലാത്തവ
അല്ലെങ്കില്‍
ഉള്ളുര ചെയ്യുന്നവ
എന്താണ്
ജീവിച്ചിരിക്കാനുള്ള കാരണം?
.
വാമനന്‍ -
--------------
സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
ഒരടി ഭൂമിക്കുമേല്‍ വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ
വേശ്യയെപ്പോലെ സംസാരിക്കുന്നതെന്ത്‌
കുടയും മറയുമില്ലാതെ?

സ്നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
രണ്ടാം ചുവട്‌ ആകാശത്തേക്കു വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ വേട്ടക്കിറങ്ങിയ
യക്ഷിയെപ്പോലെ സംസാരിക്കുന്നതെന്ത്
മറയും കുടയുമില്ലാതെ?

സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ എനിക്കു നിന്നെ
പക്ഷെ
മൂന്നാം ചുവട്‌ എന്‍റെ മൂര്‍ദ്ധാവിലാഴ്ത്തി
അയാള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു
എന്താണിതിനര്‍ത്ഥം?

അവസാനിക്കാത്ത ആ വിചാരണയ്‌ക്കും
കാല്‍ക്കീഴില്‍ നിന്നും മറഞ്ഞ ഭൂമിക്കും
തലയ്‌ക്കു മുകളില്‍ നിന്നും മാഞ്ഞ ആകാശത്തിനും മീതെ
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ നിന്നോടെനിക്ക്
കുടയും മറയുമില്ലാതെ
ഭയകൌടില്യങ്ങളില്ലാതെ.