Wednesday, July 21, 2021

സ്ത്രീയെന്ന ധനം

 

സ്ത്രീയെന്ന ധനം 

================

ശ്യാമള കുറച്ചുവൈകിയാണ് ജോലിക്കെത്തിയത്. അവൾ ഒരിക്കലും വൈകാറുള്ളതല്ല. എന്തോ പ്രധാനകാരണമുണ്ടാകും. ചോദിക്കുന്നില്ല. അവൾ പറയുന്നെങ്കിൽ പറയട്ടെ. 

വന്നയുടനെ അവൾ മുറ്റമടിച്ചു. അടുക്കളയിൽക്കയറി പാത്രങ്ങൾ കഴുകി. കാപ്പിയുണ്ടാക്കിക്കുടിച്ചു. ഇഡ്ഡലി കഴിച്ചതുമില്ല.  വസ്ത്രങ്ങളലക്കാൻ മെഷീനിലിട്ടു. മുറികളൊക്കെ അടിച്ചുവാരി തുടയ്ക്കാൻ തുടങ്ങി.  മോപ്പും ബക്കറ്റും കഴുകിവെച്ചശേഷം   അവൾ എൻറെയടുത്തുവന്നു. 

"ചേച്ചീ, എന്താ ഇന്ന് കൂട്ടാൻ വായിക്കേണ്ടത്?"

"ഇന്നൊന്നും വയ്ക്കെണ്ടാ ശ്യാമള. ഇന്നലത്തെയും മിനിയാന്നത്തെയും കറികൾ ഫ്രിഡ്ജിലുണ്ടല്ലോ? അത് ഒന്ന് തീർന്നുകിട്ടട്ടെ. "

"അയ്യോ ചേച്ചീ, സാറിന് ഫ്രിഡ്ജിലിരിക്കുന്ന കറികൾക്കഴിച്ചാൽ വയറിനിയും പ്രശ്നമാകുമോ?"

"ഒരു ദിവസത്തേക്കല്ലേ, കുഴപ്പമൊന്നും വരില്ല. "

"എന്നാൽ ഞാൻ പൊയ്ക്കോട്ടേ ചേച്ചീ. ഇന്ന് സുമിയെക്കാണാൻ ഒരു ചെക്കൻ വരുന്നുണ്ട്. അവരുവരുമ്പോൾ എന്തെങ്കിലുമൊക്കെ ആക്കിവയ്ക്കണമല്ലോ ചായയുടെകൂടെ കൊടുക്കാൻ."

"ആഹാ! അത് നന്നായല്ലോ. എവിടുന്നാ ചെക്കൻ." 

"ഇവിടെനിന്ന് പത്തുപന്ത്രണ്ടു കിലോമീറ്ററേയുള്ളൂ എന്നാ ചെല്ലമ്മാവൻ പറഞ്ഞത്. രാവിലെയാ ചെക്കൻ വരുന്നകാര്യം പറയാൻ ചെല്ലമ്മാവൻ വന്നത്. അതാ ഞാനിത്തിരി വൈകിയത്. "

"എന്നാ ശരി. നീ വേഗം ചെല്ല്. ആ മഞ്ഞ ടിന്നിൽ ബിസ്കറ്റും അതിന്റെ താഴെ കേക്കും ഉണ്ട്. അതുകൂടി കൊണ്ടുപോയ്ക്കോ. ചായയുടെകൂടെ വിരുന്നുകാർക്കു കൊടുക്കാം." 

"ഒന്നും വേണ്ടാ ചേച്ചീ. ഏറ്റവും വേണ്ടപ്പെട്ടകര്യം ഇല്ലല്ലോ. എനിക്കതിലാ വിഷമം" 

"അതെന്താ ശ്യാമളേ, വേണ്ടപ്പെട്ട കാര്യം." 

"അതു പിന്നെ, ചേച്ചീ, അവളുടെ അച്ഛന്റെ കാര്യമാ"

"അതിനിപ്പോ വിഷമിക്കാനെന്താ. അച്ഛൻ മരിച്ചുപോയകാര്യം പറഞ്ഞാൽപോരേ?"

"അയ്യോ.. മരിച്ചിട്ടില്ല ചേച്ചീ.  എന്നെയും പിള്ളേരേം ഉപേക്ഷിച്ചുപോയതാ, മറ്റൊരുത്തിയുടെകൂടെ "

എനിക്കൊരു ഞെട്ടലായിരുന്നു അത്. 

ശ്യാമള എത്രയോ വീടുകളിൽ ജോലിചെയ്താണ് കുട്ടികളെ രണ്ടുപേരെയും വളർത്തുന്നത്. സുമി എം എ വിദ്യാർത്ഥിനിയാണ്. ലിനി പൊളിടെക്നിക്ക് അവസാനവർഷവും. രണ്ടുപേരും സുന്ദരിക്കുട്ടികൾ. 

വളരെപ്പെട്ടെന്നാണ് വിവാഹം തീരുമാനിച്ചത്. . വരൻ ഗോപൻ  സ്റ്റേഷനറിക്കട നടത്തുന്നു.  ഇരുപതുപവന്റെ ആഭരണവും അഞ്ചുലക്ഷം രൂപയും സ്ത്രീധമായി ചോദിച്ചിരുന്നു. 

"സ്ത്രീധനം ചോദിച്ചസ്ഥിതിക്ക് അവർ അത്ര നല്ലവരാണെന്നു തോന്നുന്നില്ല. ഒന്നുകൂടെ ആലോചിച്ചിട്ടു പോരേ"

"നമുക്കുമില്ലേ ചേച്ചീ കുറവുകൾ. എന്തെങ്കിലും കുറച്ചു കൊടുത്താലുംവേണ്ടില്ല, നല്ലൊരു ബന്ധമല്ലേ. അച്ഛനുമമ്മയുമൊക്കെ നല്ലവരാ. ചെറുക്കന് നല്ല പഠിപ്പുമുണ്ട്." 

എല്ലാം വേഗം നടന്നു. ഒരുവർഷത്തെ ശമ്പളം മുഴുവൻ അവൾ മുൻകൂറായി വാങ്ങി  നല്ലൊരു തുകയ്ക്ക് അവൾ കടക്കാരിയുമായി.  വലിയ ആര്ഭാടമൊന്നുമില്ലാത്ത നല്ലൊരു കല്യാണം. 


അവൾ വലിയസന്തോഷത്തിലായിരുന്നു.  തന്റെ മകളെ നല്ലനിലയിൽ വിവാഹംചെയ്തയച്ചതിന്റെ അഭിമാനവും സംതൃപ്തിയും അവളുടെ കണ്ണിൽനിന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. ആദ്യമൊക്കെ മരുമകനെക്കുറിച്ചു പറയാൻ നൂറുനാവായിരുന്നു. പിന്നെപ്പിന്നെ വിശേഷങ്ങളൊന്നും പറയാതായി. 

ദിവസങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു. മഴയും മഞ്ഞും വെയിലുമൊക്കെ തങ്ങളുടേതായ ഉടയാടകൾ സമയാസമയങ്ങളിൽ ഭൂമിയെ അണിയിച്ചുകൊണ്ടിരുന്നു. ശ്യാമളയുടെ മുഖത്ത് പലപ്പോഴും സങ്കടവും നിസ്സഹായതയും മായാൻ മടിച്ചുനിന്നതും ശ്രദ്ധിച്ചിരുന്നു. 

അന്ന് ലിനിയാണ് ജോലിക്കെത്തിയത്. 

"'അമ്മ സുമിച്ചേച്ചിയുടെ വീട്ടിൽ പോയിരിക്കുന്നു." 

ചോദിക്കാതെതന്നെ അവൾ പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.

പിറ്റേന്ന്  ആകെ പരിക്ഷീണയായമട്ടിലാണ് ശ്യാമള ജോലിക്കെത്തിയത്.

പതിവുപോലെ വേഗംവേഗം ജോലികൾ തീർത്തു. പോകാനിറങ്ങിയപ്പോൾ ഞാൻ ചോദിച്ചു. 

"സുമി സുഖമായിരിക്കുന്നോ ശ്യാമളേ?"

"എന്തുപറയാനാ ചേച്ചീ. അവൾ  അത്യാവശ്യമായി  ചെല്ലണമെന്നുപറഞ്ഞു ഫോണ് ചെയ്തിരുന്നു. അതാ ഞാൻ പോയത്. "

"എന്തായിരുന്നു അത്യാവശ്യം?"

"അത്, ചേച്ചീ.. രണ്ടുലക്ഷം രൂപ ഉടനെ കൊടുക്കണമെന്നാ ഗോപൻ പറയുന്നത്. കട മോടിയാക്കണമത്രേ!" 

"എന്നിട്ട് .. "

"എനിക്കറിയില്ല ചേച്ചീ. വിൽക്കാൻ ഇനിയൊന്നും വീട്ടിലില്ല.  എന്റെ കുഞ്ഞിന്റെ കരച്ചിൽകാണാൻ വയ്യാ ചേച്ചീ. ഇതിനകം എത്രതവണയായി പണം ചോദിച്ചുവാങ്ങിയെന്നോ.   കടം ചോദിക്കാനിനി ആരുമില്ല ബാക്കി. .  ഇനിയിപ്പോ വീട് ഈടുകൊടുത്തു പണമെടുക്കാനെ കഴിയൂ.  "

പിന്നെയും കാലം കടന്നുപോയ്ക്കൊണ്ടിരുന്നു. ഗോപന്റെ  ആവശ്യങ്ങൾ കൂടിവന്നു. കടംവാങ്ങിയും മുൻ‌കൂർ ശമ്പളം പറ്റിയുമൊക്കെ ശ്യാമള തന്നാലാവുന്നവിധം അതൊക്കെ നിറവേറ്റാൻ ശ്രമിച്ചു. അവളോട് അങ്ങനെയൊന്നും ചെയ്യേണ്ടതില്ലയെന്നു പലവട്ടം പറഞ്ഞുനോക്കി. തന്റെ ജീവിതംപോലെ മകളുടേതുമായാലോ എന്ന വേവലാതിയായിരുന്നു  അവൾക്ക്.  മെല്ലമെല്ലേ സുമിയുടെ ജീവിതം നരകതുല്യമായി. ഗോപന്റെ  ഉപദ്രവം സഹികെട്ടപ്പോൾ അവൾ അമ്മയെവിളിച്ച് തനിക്കിനി ജീവിക്കേണ്ടാ എന്നുപോലും പറഞ്ഞു. ശ്യാമള അവളെ ഒരുതരത്തിൽ സമാധാനിപ്പിച്ചുനിറുത്തി. 

"നിനക്ക് അവളെ വീട്ടിൽ കൊണ്ടുവന്നു നിർത്തിക്കൂടെ ശ്യാമളേ?. ഇങ്ങനെയൊരു ആർത്തിപ്പണ്ടാരത്തിന്റെയൊപ്പം ജീവിക്കുന്നതിൽഭേദം ഒറ്റയ്ക്കു കഴിയുന്നതാ "

"ചേച്ചീ, അവിളിവിടെവന്നുനിന്നാൽ നാട്ടുകാരോടൊക്കെ സമാധാനം പറയേണ്ടിവരില്ലേ. ലിനിയുടെ കാര്യവും ഞാനോർക്കേണ്ടേ. അതുകൊണ്ടാ മടിക്കുന്നത്."

"അവളെന്തെങ്കിലും കടുംകൈ ചെയ്‌താൽ എന്തുചെയ്യും. എത്രയുംവേഗം നീ അവളെ വിളിച്ചുകൊണ്ടുവരൂ. അവൾ എന്തെങ്കിലും ജോലിചെയ്തു ജീവിച്ചോളും." 

"ലിനിയുടെ പരീക്ഷ നടക്കുന്നു. രണ്ടുദിവസംകൂടിയുണ്ട്. അതുകഴിഞ്ഞുപോകാം ചേച്ചീ." 

പിറ്റേന്ന് ഒരുപാടുവൈകിയിട്ടും ശ്യാമള ജോലിക്കുവന്നില്ല. മൊബൈലിൽ വിളിച്ചിട്ട് എടുത്തുമില്ല. ഗീതയുടെ വീട് ശ്യാമളയുടെ വീടിനടുത്താണ്. ഒന്ന് വിളിച്ചുചോദിക്കാമെന്നു കരുതി. 

"അയ്യോ.. നീ  അറിഞ്ഞില്ലേ. ശ്യാമളയുടെ മോള് ഇന്നലെ രാത്രി ആത്മഹത്യചെയ്തു. ...."

ഗീത എന്തൊക്കെയോ പിന്നെയും പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാനൊന്നും കേട്ടില്ല. 

ഒരുപാടുപേർ വീട്ടിനുള്ളിലും മുറ്റത്തുമായി അടക്കംപറഞ്ഞു നിന്നിരുന്നു. അത് ആത്മഹത്യയായിരുന്നില്ല, കൊലപാതകമാണെന്ന് അവിടെനിന്നറിഞ്ഞു. നിയമനടപടികൾ നടക്കുന്നതെയുള്ളൂ.  അകത്തുനിന്ന് നേർത്തൊരു തേങ്ങൽ കേൾക്കുന്നുണ്ടോ .. എന്റെ മനസ്സിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു. ശ്യാമളയെ എങ്ങനെ അഭിമുഖീകരിക്കും! അവളെ എങ്ങനെ അശ്വസിപ്പിക്കും!

"ചേച്ചീ... " മുള ചീന്തുന്നതുപോലെ ശ്യാമള കരഞ്ഞുകൊണ്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ മുടികളിൽ മെല്ലെ തലോടാനല്ലാതെ ഒന്നും ചെയ്യാനായില്ല. 

ശ്യാമളയുടെ മറ്റൊരു മുഖമാണ് പിന്നീടെല്ലാവരും കണ്ടത്. ഗോപനെതിരെ കേസ് നടത്തി.  വക്കീലില്ലാതെ കേസ് വാദിച്ചു. ആരുടെയും മുന്നിൽ തലകുനിക്കാതെ , ആരോടും കെഞ്ചാതെ,  ആ മനുഷ്യമൃഗത്തെ ഇരുമ്പഴിക്കുള്ളിലാക്കുംവരെ അവൾ പൊരുതി. 

ഇന്നലെ അവൾ വന്നത് എന്തോ നിറവേറ്റിയ ചാരിതാർത്ഥ്യവുമായാണ്. 

ജയിലിൽപ്പോയി ഗോപനെക്കണ്ട് അവന്റെ മുഖത്ത് കാർക്കിച്ചുതുപ്പിയത്രേ. അവനെ കടിച്ചുകീറാനുള്ള ദേഷ്യമായിരുന്നു അവൾക്ക് . കൂടെയുണ്ടായിരുന്ന ലിനിക്ക് അവളെ ശാന്തയാക്കാൻ കുറേ പാടുപെടേണ്ടിവന്നു. 


"ചേച്ചീ,  ഇനി ഒരമ്മയ്ക്കും എന്റെ ഗതി വരരുത്.  അവനെ എനിക്കു കൊല്ലണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ ലിനിമോൾക്ക് പിന്നെ ആരാണുള്ളത്! എന്റെ ലിനിയെ ഞാനൊരു ആണ്കുട്ടിക്കേ കല്യാണം കഴിച്ചുകൊടുക്കൂ. അതും  അവൾക്കൊരു ജോലികിട്ടിയശേഷംമാത്രം. ഒരുതരി പൊന്നോ പണമോ കൊടുക്കില്ല.  എന്റെ മോളെമാത്രം  വേണമെന്നുള്ള ഒരാണ്കുട്ടി വരുന്നതുവരെ അവൾ എന്നോടൊപ്പമുണ്ടാകും. " 

  
Thursday, July 15, 2021

വെണ്ടയ്ക്കാ അക്ഷരം

"എന്താണമ്മേ ഇതിന്റെ പേര്?" 

"വെണ്ടയ്ക്കാവലുപ്പത്തിലല്ലേ എഴുതിവെച്ചിരിക്കുന്നത്. നിനക്ക് കണ്ടുകൂടെ?"

"അതെന്താമ്മേ ഈ  വെണ്ടയ്ക്കാവലുപ്പം ?" 

........

അതെ, അതെന്താണീ വെണ്ടയ്ക്കവലുപ്പം? വെണ്ടയ്ക്കയെക്കാൾ വലിയ എത്രയോ പച്ചക്കറികൾ! എന്നിട്ടും വെണ്ടയ്ക്കയെ നമ്മൾ കൂട്ടുപിടിക്കുന്നതെന്തിനാണ്? 

'വെണ്ടയ്ക്ക' എന്നത് പണ്ടുകാലത്ത് അച്ചടിയില്‍ ഉപയോഗിച്ചിരുന്ന ഒരു font size ആണ്. അച്ചടിക്കാവശ്യമായ അച്ചുകൾ വലിപ്പമനുസരിച്ച് തരംതിരിക്കപ്പെടുന്നു. 4 പോയിന്റ് മുതൽ 144 പോയിന്റ് വരെയുള്ള അച്ചുകളുണ്ട്. സാധാരണ ഉപയോഗിക്കുന്ന അച്ചുകളുടെ അളവ് 6, 7, 8, 9, 10, 11, 12, 14, 18, 24, 30, 36, 42, 48, 60, 72 പോയിന്റുകളാണ്. അച്ചുടലിന്റെ മുൻപിൻ ഭാഗങ്ങൾ തമ്മിലുള്ള അകലമാണ് പോയിന്റ് നിർണയിക്കുന്നതിനുള്ള അടിസ്ഥാനം.. ടൈപ്പോഗ്രാഫിയിലെ അടിസ്ഥാനയൂണിറ്റ് ആണ് 'പോയിന്‍റ്'. ഒരു പോയിന്റ് എന്നത് ഒരിഞ്ചിന്റെ 72 -ൽ ഒരു ഭാഗമാണ്. അതായത് 

ഒരു പോയിന്റ് = 1 ഇഞ്ച് / 72 . (അത് ഏകദേശം  0 . 035 സെന്റിമീറ്ററിനു സമം ) 

12 pt, 14 pt , 24 pt  എന്നൊക്കെ നമ്മള്‍ വേര്‍ഡ് പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ ഫോണ്ട് സൈസ് പറയാറില്ലേ. ഇവ ഓരോ പേരുകളിലാണ് മുമ്പൊക്കെ അറിയപ്പെട്ടിരുന്നത്.പേൾ (pearl), അഗേറ്റ് (Agate), നോൺ പരൈൽ (Non Pareil), ബ്രെവിയർ (Bravrevier), ലോങ് പ്രൈമർ (Long primer), പൈക്കാ (Pica) തുടങ്ങിയ പേരുകള്‍ വിദേശങ്ങളില്‍ ഉപയോഗത്തിലിരുന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചത്.  വെണ്ടയ്ക്ക എന്നത് 24 pt ഉം വഴുതനങ്ങ 36-ഉം മത്തങ്ങ 48-ഉം pts ആയിരുന്നു. വെണ്ടയ്ക്ക  24 pt ഉള്ളതുകൊണ്ട് 1/3 inch ആണ് അക്ഷരത്തിന്റെ വലുപ്പം. ഏകദേശം 0 .8 cm . ആ വലുപ്പത്തിൽ അച്ചടിക്കുന്ന അക്ഷരങ്ങൾ നന്നായി കാണാൻ സാധിക്കുമെന്നതുകൊണ്ടാണ് വെണ്ടയ്ക്കഅക്ഷരം  എന്ന ഒരു പ്രയോഗംതന്നെ  വന്നത്. 


Friday, July 2, 2021

വിസ്താഡോം - ഒരു യാത്രാവിസ്മയം

ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ട്രെയിൻ യാത്ര. കല്യാണിൽനിന്ന് പൂന വരെ, തിരിച്ചും,  ഡെക്കൺ എക്സ്പ്രെസ്സിലെ വിസ്താഡോം കോച്ചിൽ. 
തീവണ്ടിയാത്രക്കാർക്ക് ലോകോത്തരയാത്രാസൗകര്യങ്ങളൊരുക്കി ഇന്ത്യൻ  റെയിൽവേ അടുത്തകാലത്തായി ഏർപ്പെടുത്തിയതാണ്  വിസ്താഡോം (Vistadom) കോച്ചുകൾ. ഇക്കഴിഞ്ഞ ജൂൺ 26 നാണ് ഡെക്കൺ എക്സ്പ്രെസ്സിലെ വിസ്താഡോം കോച്ച് യാത്ര ആരംഭിച്ചത്. പച്ചപ്പട്ടു പുതച്ചുകിടക്കുന്ന  പശ്ചിമഘട്ടമലനിരകളും താഴ്‌വരകളും മനംകവരുന്ന വെള്ളച്ചാട്ടങ്ങളും മിഴികൾക്കേകുന്ന ആർഭാടപൂർണ്ണമായ ദൃശ്യവിരുന്ന് വാക്കുകളാൽ വർണ്ണിക്കുക ശ്രമകരമാണ്.   ഈ മഴക്കാലത്തെ ഹരിതഭംഗി ആവോളം ആസ്വദിച്ചറിയാൻ ഇതിനേക്കാൾ മികച്ച ഒരു യാത്ര ഇല്ലെന്നുതന്നെ പറയാം.  
പുറംകാഴ്ചകളുടെ പരമാവധി ആസ്വാദനം പ്രാപ്തമാക്കുന്നരീതിയിൽ  വിശാലമായ ചില്ലുജാലകങ്ങളും ചില്ലുമേൽക്കൂരകളും ഉള്ളതുകൊണ്ടാണ് ഈ കോച്ചുകൾക്ക് ഈ പേരുവന്നിരിക്കുന്നത്. (മേൽക്കൂരയിലെ ഗ്ലാസ് അർദ്ധസുതാര്യമാണ്) സമ്പന്നവിദേശരാജ്യങ്ങളിലെ ട്രെയിനുകളിൽ ഉള്ളതുപോലെ  അത്യന്താധുനികസൗകര്യങ്ങൾ ഈ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്ഫാക്ടറിയിൽ നിർമ്മിച്ചിരിക്കുന്ന ഈ  കോച്ചുകളിലും ഉണ്ട്. ഓരോ വശങ്ങളിലും മനോഹരവും സൗകര്യപ്രദവുമായ  രണ്ടു പുഷ് ബാക്ക് സീറ്റുകൾ വീതമായി 44 സീറ്റുകളാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ കോച്ചിലുള്ളത്. വണ്ടിയോടുന്ന ദിശയിലേക്കോ ജനാലയിലേക്കോ അഭിമുഖമായി ഇരിക്കാൻ പാകത്തിൽ   സീറ്റുകൾ 180 ഡിഗ്രിയിൽ  തിരിക്കാവുന്ന വിധത്തിലാണവ സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്തിലേതുപോലെ മുമ്പിലേക്ക് നിവർത്തിവയ്ക്കാവുന്ന ടേബിളും സീറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓരോ സീറ്റിലും മൊബൈൽ  ചാർജറുകളുമുണ്ട്. യാത്ര അങ്ങേയറ്റം സുഖകരവും അയാസരഹിതവുമാണ്.   ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകളും മള്‍ട്ടി ടയര്‍ ലഗേജ് റാക്കും  ഉന്നതനിലവാരം പുലർത്തുന്ന ആധുനികസജ്ജീകരണങ്ങളുള്ള സുന്ദരമായ  ടോയ്ലറ്റുകളുമൊക്കെ ഈ കോച്ചുകളുടെ പ്രത്യേകതയാണ്. (യാത്രികർ , ടിഷ്യൂ പേപ്പർ ചുരുട്ടിക്കൂട്ടി അലക്ഷ്യമായി വലിച്ചെറിഞ്ഞും സീറ്റിലും  തറയിലും  വെള്ളമൊഴിച്ചും    തങ്ങളാലാകുംവുധം ടോയ്‌ലറ്റുകൾ വൃത്തിഹീനമാക്കിയിരുന്ന കാഴ്‌ച ലജ്ജാകരംതന്നെ . ഇനി എന്നാണാവോ നമ്മൾ ടോയ്ലറ്റ് ഉപയോഗിക്കാൻ പഠിക്കുക!) . ട്രെയിനിലെ മറ്റു കോച്ചുകളുടെ  പിന്നിലായി ഘടിപ്പിക്കുന്ന ഈ  കോച്ചിന്റെ പിൻഭാഗത്ത് പൂർണ്ണമായി ചില്ലുജാലകങ്ങളോടുകൂടിയ ഒരു ഒബ്സർവേഷൻ ലോഞ്ചുണ്ട്. അതിലൂടെയുള്ള കാഴ്ചയും അദ്വിതീയവും  അവിസ്മരണീയവുമാണ്.  പിന്നിട്ട തീവണ്ടിപ്പാതകളെ നോക്കിക്കാനാണോ ക്യാമറയിൽ പകർത്താനോ മറ്റൊരു ട്രെയിൻയാത്രയിലും നമുക്ക് കഴിയില്ലല്ലോ. 

 ഫ്രിഡ്‌ജ്‌, ഫ്രീസർ, ജ്യൂസർ മൈക്രോവേവ് ഓവൻ, ജി പി എസ്  അധിഷ്ഠിത അനൗൻസ്‌മെന്റ്, ഡിജിറ്റൽ ടി വി സ്ക്രീനുകൾ, വീൽചെയർ   മുതലായവയും ഈ കോച്ചിലുണ്ടെന്ന പത്രവാർത്ത കണ്ടിരുന്നെങ്കിലും അതൊന്നും കാണാൻ കഴിഞ്ഞില്ല. (ചിലപ്പോൾ ഉണ്ടായിരിക്കാം, ഞാൻ കാണാതിരുന്നതാവാം). 
2017 ഏപ്രിൽ മാസത്തിൽ, വിശാഖപട്ടണത്തുനിന്ന് അരാകുവാലി ഹില്‍സ്റ്റേഷനിലേക്കാണ് അത്യാധുനിക സംവിധാനത്തോടു കൂടിയ വിസ്താഡോം കോച്ചുകൾ ഇന്ത്യയിലാദ്യമായി ഓടിത്തുടങ്ങിയത്. പിന്നീട് മറ്റു പല ട്രെയിനുകളിലും ഈ കോച്ചുകൾ കൂട്ടിച്ചേർക്കുകയുണ്ടായി. സെൻട്രൽ റെയിൽവേക്ക് ഇത്തരം മൂന്നുകോച്ചുകളാണ് അനുവദിക്കപ്പെട്ടത്. രണ്ടെണ്ണം ദാദർ(മുംബൈ) മുതൽ മഡ്ഗാവ് (ഗോവ) വരെയുള്ള ജൻശതാബ്ദി എക്സ്പ്രെസ്സിലാണ് പ്രയോജനപ്പെടുത്തിയത്. 2017 സെപ്റ്റംബറിലാണ് ആ യാത്ര ആരംഭിച്ചത്.  കോവിഡ് രാജ്യത്തെ നിശ്ചലമാക്കിയിരുന്നില്ലെങ്കിൽ മൂന്നാമത്തെ കോച്ച് വളരെനേരത്തെതന്നെ മുംബൈക്കും പൂനയ്ക്കുമിടയിൽ ഓടിതുടങ്ങിയേനെ. മതേരന്‍ കുന്നുകള്‍, സോംഗിർ ഹിൽ, ഉല്ലാസ് നദി, ഉല്ലാസ് താഴ്വര, ഖണ്ടാല, ലോണാവാല, വെള്ളച്ചാട്ടങ്ങൾ, ധാരാളം തുരങ്കങ്ങൾ എന്നിവയൊക്കെ ഈ യാത്രയിൽ കടന്നുപോകാം. ജൻശതാബ്ദി എക്സിക്യൂട്ടീവ് ചെയർകാറിന്റെ ടിക്കറ്റ് നിരക്കിനു സമാനമാണ് വിസ്താഡോം കോച്ചിന്റെയും ടിക്കറ്റ് നിരക്കുകൾ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുമാത്രമേ ഇതിൽ യാത്ര സാധ്യമാകൂ.  ഇന്ത്യൻ റെയിൽ‌വേ വെബ്‌സൈറ്റായ www.irctc.co.in ൽ  ബുക്കിങ് സാധ്യമാണ്.  റെയിൽവേ ഉദ്യോഗസ്ഥർ, വയോധികർ, ഭിന്നശേഷിക്കാർ മുതലയവർക്കു ലഭിക്കുന്ന യാതൊരു ഇവളവുകളും ഈ കോച്ചുകളിലെ ടിക്കറ്റുകൾക്ക് ലഭിക്കുകയില്ല.    അല്പം വൈകിയെങ്കിലും നഗരവാസികൾക്കു ലഭിച്ച ഈ സമ്മാനം അതീവഹൃദ്യംതന്നെ. അതിന്റെ തെളിവാണ് പണച്ചെലവു കൂടുതലാണെങ്കിലും യാത്ര  തുടങ്ങിയനാൾമുതൽ നിറഞ്ഞോടുന്ന വിസ്താഡോം കോച്ചുകൾ. 

(01007 ഡെക്കാൻ എക്സ്പ്രസ് സ്പെഷൽ ജൂൺ 26 മുതൽ എല്ലാ ദിവസവും രാവിലെ 07 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 11.05 ന് പൂനെയിലെത്തും. 01008 ഡെക്കാൻ എക്സ്പ്രസ് സ്‌പെഷ്യൽ ജൂൺ 26 മുതൽ എല്ലാ ദിവസവും വൈകുന്നേരം 03.15 ന് പൂനെയിൽ നിന്ന് പുറപ്പെടും, അതേ ദിവസം വൈകുന്നേരം 07.05 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തും. ദാദർ, താനെ, കല്യാൺ, നെരാല്‍(01007 ന് മാത്രം), ലോണാവാല, തലേഗാവ്, ഖഡ്കി, ശിവാജി നഗർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.)