Wednesday, August 29, 2018

ഓണപ്പാട്ട്

ഓണം വരുന്നെന്നു ചൊല്ലിക്കടന്നുപോയ്
ചെല്ലക്കുരുന്നൊരു പൂങ്കാറ്റ് ,മണി-
ക്കുട്ടിക്കുറുമ്പിയാം പൂങ്കാറ്റ് , നറും
പൂമണം തന്നൊരു  പൂങ്കാറ്റ്..

മാവേലിത്തമ്പുരാനെത്തുമല്ലോ തിരു-
വോണപ്പുലരിയില്‍  മാലോകരേ.. 
പൂക്കളം തീര്‍ക്കണം പൂവില്ലു കൊട്ടണം
പൊന്നോണക്കോടിയണിഞ്ഞിടേണം
.......................(ഓണം വരുന്നെന്നു ചൊല്ലിക്കടന്നുപോയ്)

തുമ്പപ്പൂത്തോണിയിലേറിവരുന്നൊരു
തിരുവോണത്തുമ്പിയെക്കാണവേണം
തൃക്കാക്കരപ്പനു നേദിച്ച പൂവട
തിരുവോണത്തുമ്പിക്കു നൽകവേണം
.......................(ഓണം വരുന്നെന്നു ചൊല്ലിക്കടന്നുപോയ്)


 കാലമേ, നിന്നോടൊപ്പ-
മെത്തിടാനാവാതല്ലോ
കാത്തുനില്ക്കുന്നു ഞാനീ 
നാട്ടുപാതയിലിന്ന്
ഓര്‍മ്മകളൊന്നൊന്നായി 
വന്നെന്നെ വിളിക്കുന്നു
ഓടിയെത്തീടാനാവാതെന്നെ 
ഞാന്‍ വിലക്കുന്നു
.
ശുഭസായാഹ്നം നേരുന്നു 
മിനി മോഹനൻ 

മരീചിക. ( കഥ )

മരീചിക.
---------------
"മക്കളുരണ്ടാളും നാട്ടിൽ വരുന്നുണ്ട്, അടുത്തമാസം."
വെകുന്നേരം ഗിരിജ  ഓഫീസിൽനിന്നു വന്ന്,  അടുക്കളയിൽ ചായയുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രൻ അതു പറഞ്ഞത്. വേലിയേറ്റസമയത്ത് ഉയർന്നുപൊങ്ങുന്ന തിരമാലകൾപോലെ സന്തോഷവും ആകാംക്ഷയും ആശങ്കയുമെല്ലാം ചേർന്നൊരു തിരയിളക്കം ആ മനസ്സിലുണ്ടായി. ഒരുനിമിഷം ഒന്നും മിണ്ടാനാവാതെ വായപൊളിച്ചു നിന്നുപോയി.
" താനെന്താ ഒന്നും മിണ്ടാത്തത് ?"
" അല്ല സാർ. എനിക്കു സന്തോഷംകൊണ്ട്  എന്താണു പറയേണ്ടതെന്നറിയില്ല. എത്രനാളുകൊണ്ടു ഞാൻ കാത്തിരിക്കുന്നതാണവരെ."
ഒരു നേർത്ത ചിരിയോടെ ചന്ദ്രനൊന്നു മൂളുകമാത്രംചെയ്തു.
ഗിരിജ പക്ഷേ ഹർഷോന്മാദത്തിൽ എല്ലാം മറന്നപോലെയായിരുന്നു. ചായയിൽ  മധുരമിടുന്നതുപോലും മറന്നുപോയി.  മനസ്സിൽ നൂറുനൂറുചിന്തകൾ ഇരച്ചുകയറുകയായിരുന്നു. മക്കൾ വരുന്നു! അവർക്കുവേണ്ടി എന്തൊക്കെയാണൊരുക്കേണ്ടത്! വിദേശത്തുനിന്നു വരുന്നതല്ലേ.. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ ഇപ്പോൾ എന്താണെന്നാർക്കറിയാം. ചന്ദ്രൻ സറാണെങ്കിൽ അകെ തണുപ്പൻ മട്ടിലും. എന്നുവരും എപ്പോൾ വരും എന്നുപോലും കൃത്യമായി പറഞ്ഞില്ല. എങ്കിലും ചോദിച്ചറിയാതെ  തരമില്ലല്ലോ..
"ഇക്കൊല്ലത്തെ  ഓണം നാട്ടിൽകൂടാനാണു വരുന്നത്. അടുത്തമാസം 10  നെത്തും. സെപ്റ്റംബർ 9  നു  രണ്ടുപേരും മടങ്ങും. "
ഹോ! ആശ്വാസമായി. ഒരുമാസത്തോളം ബാക്കിയുണ്ട്. വേണ്ട ഒരുക്കങ്ങളൊക്കെ  നടത്താം. ചെയ്തുതീർക്കാൻ ഒരുപാടുകാര്യങ്ങളുണ്ട്. അവർ വരുമ്പോൾ ഒന്നിനും ഒരു കുറവും വരരുത്. എല്ലാ സ്നേഹപരിചരണങ്ങളുമനുഭവിച്ച്,  തിരികെപോകാൻ അവർക്കു തോന്നരുത്.
അമൃതും ഭാര്യ ദിവ്യയും  അവരുടെ നാലുവയസ്സുകാരി  മോൾ ഗൗരിയും ഐർലണ്ടിലാണ്.  അനഘയും ഭർത്താവു ഹേമന്തും മക്കൾ മീരയും മാധവും സിംഗപ്പൂരിലും. കൊച്ചുമക്കളിൽ  മീര മാത്രമേ സ്‌കൂളിൽ പോകാൻ തുടങ്ങിയിട്ടുള്ളു. മാധവിനെ ചന്ദ്രൻസർ കണ്ടിട്ടേയില്ല. ആദ്യമായാണ് മാധവിനെ നാട്ടിൽകൊണ്ടുവരുന്നത്. ഹേമന്തിന്റെ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ സിംഗപ്പൂരിലായതുകൊണ്ട് അവിടെത്തന്നെയായിരുന്നു പ്രസവം.
ഗിരിജയ്ക്കു രാത്രി കിടന്നപ്പോൾ   ആകെക്കൂടിയൊരു വെപ്രാളമായിപ്പോയി. താൻ പ്രസവിക്കാത്ത തന്റെ  മക്കൾ. അവർക്കുവേണ്ടി എന്തൊക്കെ ചെയ്താലാണു മതിയാവുന്നതെന്ന് ഒരു   രൂപവുമില്ല.  രാധികടീച്ചർ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെയാവും ചെയ്യുക.. ആലോചിച്ചാലോചിച്ചു രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല.  അവൾ ചന്ദ്രനെ നോക്കി. അയാൾ ശാന്തനായി ഉറങ്ങുന്നു. അല്ലങ്കിലും അയാളങ്ങനെയാണ്. വളരെവേഗമാണുറങ്ങുന്നത്.

വീടുപെയിന്റിംഗ് കഴിഞ്ഞിട്ടു മാസങ്ങളെ ആയുള്ളൂ. ഒക്കെ വൃത്തിയായിത്തന്നെ കിടക്കുന്നു. പക്ഷേ കുട്ടികളുടെ മുറികളിലെ കാർട്ടനൊക്കെ മാറ്റേണ്ടിവരും. പിന്നെ പുതിയ കിടക്കവിരികളും വേണം. പിന്നെയെന്തൊക്കെ മാറ്റണമെന്ന് വിശദമായി എല്ലാം നോക്കിയിട്ടുവേണം തീരുമാനിക്കാൻ. ഓരോന്നോർത്തകിടന്നു ഗിരിജയും മെല്ലേ  ഉറക്കത്തിലായി.

ചന്ദ്രൻസാറിന്റെ ജീവിതത്തിലേക്കു കടന്നുവരുമ്പോൾ ഈ മക്കളെ കിട്ടുന്നതിലായിരുന്നു ഏറെ സന്തോഷം. അവരെ നേരത്തെതന്നെ അറിയാം. നല്ല കുട്ടികൾ. ഓഫീസിൽ ഏവർക്കും പ്രിയപ്പെട്ടവർ. രാധികടീച്ചർ അവരെ അത്ര നന്നായാണ് വളർത്തിക്കൊണ്ടുവന്നത്. അവരെപ്പോലെ സ്വഭാവഗുണമുള്ളൊരമ്മയ്ക്ക് ഇതുപോലെ നല്ല മക്കളുണ്ടായില്ലെങ്കിലല്ലേ അതിശയിക്കേണ്ടൂ. പക്ഷേ ഈ വീട്ടിൽ വന്നിട്ടും ഇന്നോളം അവരോടൊന്ന് ഫോണിൽപോലും സംസാരിക്കാനായില്ല. അവർ അച്ചനും മക്കളും തമ്മിൽ മിക്കവാറും ദിവസങ്ങളിൽ വീഡിയോകോൾ നടത്തും. ഓഫീസ് സമയത്താകുന്നതുകൊണ്ടു അതിൽ പങ്കുചേരാൻ  കഴിഞ്ഞിട്ടില്ല.  വിശേഷങ്ങളെല്ലാം ചന്ദ്രൻ സർ പറയും. എങ്കിലും ഒന്നു കാണാനും അവരോടു  സംസാരിക്കാനുമൊക്കെ എന്തുകൊതിച്ചിട്ടുണ്ട്! അമ്മയാകാൻ കഴിയില്ലെന്നു മുദ്രകുത്തപ്പെട്ട ഒരു സ്ത്രീക്ക് മറ്റൊരുസ്ത്രീയുടെ മക്കളെ ആഗ്രഹിക്കാൻ എന്തെങ്കിലും അർഹതയുണ്ടോ.. ഇപ്പോഴും മനസ്സിൽ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഉത്തരം കിട്ടാത്ത ചോദ്യം.

രാജീവുമായി നാലുവർഷത്തെ പ്രണയത്തിനുശേഷമാണു  വിവാഹിതരായത്. പിന്നീട് അത്ഭുതം തോന്നിയിട്ടുണ്ട്, അയാൾക്കെങ്ങനെ പ്രണയിക്കാനായി എന്ന് . അമ്മയെയും സഹോദരിമാരെയും  ഭയന്നു ഭാര്യയോടു  സംസാരിക്കാൻപോലും തയ്യാറാകാത്ത ആ മനുഷ്യന് എന്തിനായിരുന്നു ഒരു വിവാഹം എന്നു സ്വയം ചോദിച്ചിട്ടുണ്ട് പലപ്പോഴും. വിവാഹശേഷം അയാളുടെ സ്നേഹമെന്തെന്ന്  അറിഞ്ഞിട്ടേയില്ല.  കുട്ടികളുണ്ടാകാത്തതിന് അമ്മയുടെയും സഹോദരിയുടെയും കുത്തുവാക്കുകളും ഭത്സനങ്ങളും കേട്ടുമടുത്താണ് വിവാഹമോചനം എന്ന വഴി കണ്ടെത്തിയത്. നന്നായി വൈദ്യപരിശോധന നടത്താനോ ഡോക്ടർമാരുടെ സഹായം തേടാനോ ഒന്നും അയാൾ തയ്യാറായതുമില്ല. ആർക്കായിരുന്നു കുഴപ്പമെന്നുപോലും  തെളിഞ്ഞിരുന്നില്ല.  ഭൂമിയിലെ നരകം കണ്ടറിഞ്ഞ എട്ടുവർഷങ്ങൾ. പിന്നെ നീണ്ട ഏകാന്തത. അമ്മയോടൊപ്പവും ഹോസ്റ്റലുകളിലുമായി വർഷങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. വീണ്ടുമൊരു വിവാഹത്തെക്കുറിച്ചോർക്കാൻതന്നെ ഭയന്ന കാലം. വിദേശത്തായിരുന്ന അനിയനും കുടുംബവും തിരികെ നാട്ടിലെത്തി അമ്മയോടൊപ്പം താമസമായപ്പോൾ ഒറ്റപ്പെടൽ അറിയാൻ തുടങ്ങി. പിന്നെ ഹോസ്റ്റലുകൾ തന്നെയാക്കി ശരണം. നാട്ടിലേക്കു സ്ഥലം മാറ്റം  കിട്ടിയപ്പോഴാണ് വീടുവാങ്ങിയത്. താമസിക്കാൻ  അമ്മയും ഒപ്പം വന്നു. അന്നും മറ്റൊരു വിവാഹത്തെക്കുറിച്ച്  ആലോചിച്ചില്ല. ചന്ദ്രൻ സാർ ഓഫീസിൽ സൂപ്രണ്ടായി വന്നപ്പോൾ രാധികടീച്ചർ പൂർണ്ണ ആരോഗ്യവതിയായിരുന്നു. അദ്ദേഹത്തിന്റെ റിട്ടയർമെന്റ് കഴിഞ്ഞ വർഷമാണ്  ടീച്ചർ ക്യാൻസറിനടിപ്പെട്ടത്‌. ചികിത്സകളൊക്കെ നടത്തിയെങ്കിലും ആറുമാസം മാത്രമേ പിന്നീടവർ ജീവിച്ചിരുന്നുള്ളു. അമ്മയുടെ മരണാന്തരചടങ്ങുകൾക്കുശേഷം  മക്കൾ വിദേശത്തേക്ക് തിരികെപ്പോയപ്പോൾ സാർ ഏകനായി. എപ്പോഴോ പിന്നെ ഇങ്ങനെയൊരു വിവാഹാലോചന ഓഫീസിൽ വന്നു. കുറെയേറെ നിർബ്ബന്ധവും പ്രേരണകളുമൊക്കെയായപ്പോൾ അതങ്ങു നടന്നു. ചേച്ചിയും അനിയനും ഭാര്യയും  ഒട്ടും സഹകരിച്ചില്ല. അവർക്കു നാണക്കേടാണത്രെ! അമ്മയും ചേച്ചിയുടെ ഭർത്താവുമായിരുന്നു ഒപ്പം നിന്നത്. സറിന്റെ ഭാഗത്തുനിന്നും വളരെക്കുറച്ചുപേർ മാത്രമേ വിവാഹത്തിന് സംബന്ധിച്ചുള്ളു. മക്കൾ വന്നിരുന്നില്ല.   കല്യാണം കഴിഞ്ഞു ചന്ദ്രൻ സറിന്റെയൊപ്പം താമസമായപ്പോൾ 'അമ്മ തറവാട്ടിലേക്ക് തിരികെപ്പോയി. വീടുനോക്കാൻ പറ്റാതെവന്നപ്പോൾ  ഗിരിജക്കു തന്റെ  വീട് വിൽക്കുകയെ വഴിയുണ്ടായിരുന്നുള്ളു.

ചന്ദ്രൻസാറിന്റെയൊപ്പമുള്ള ജീവിതം ഒരു രണ്ടാംഭാര്യയുടേതാണെന്നു തോന്നിയിട്ടേയില്ല. സാർ അത്രയധികം സ്നേഹം പകർന്നിരുന്നു. അതീവശ്രദ്ധയും കരുതലും തന്നെ ആത്മവിശ്വാസമുള്ളവളാക്കി. താനും ഈ ലോകത്തു വിലയുള്ളവളാണെന്ന ചിന്ത ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചു. ദിവസങ്ങൾ ആഘോഷങ്ങളാക്കിമാറ്റി ജീവിതത്തിൽ. ചന്ദ്രൻസാറിന്റെ ബലിഷ്ഠകരവലയത്തിലെ സുരക്ഷിതത്വം ജീവിതത്തിനു പുതിയ മാനം  നൽകുകയായിരുന്നു. ആ സ്നേഹത്തിനും ജീവിതത്തിൽ ഇന്ന് കടന്നുപോകുന്ന  ഈ ആനന്ദനിമിഷങ്ങൾക്കും പകരമായി എന്തുകൊടുത്തലായും മതിയാകില്ല. അതിനു ഏറ്റവും നല്ല വഴി, അമ്മയെ നഷ്ടപ്പെട്ട ആ മക്കൾക്ക് താൻ  ശരിയായ അമ്മയാവുക എന്നാണ്. അതിനായി എന്തും ചെയ്യാൻ അവൾ ഒരുക്കവുമായിരുന്നു. അവളുടെ മനസ്സ് ചന്ദ്രൻ സാറും നന്നായി മനസ്സിലാക്കിയിരുന്നു.

ദിവസങ്ങൾ അതിവേഗം ഓടിപ്പൊയ്ക്കൊണ്ടിരുന്നു. ഒരുക്കങ്ങളൊക്കെ വേണ്ടവിധത്തിൽത്തന്നെ നടത്തി. പലദിവസങ്ങളിലും അവധിയെടുത്താണ് ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി ശേഖരിച്ചത്. എല്ലാവർക്കും പുതുവസ്ത്രങ്ങളെടുത്തുവച്ചു. പാകമാകുമോയെന്നും ഇഷ്ടമാകുമോയെന്നും തീർച്ചയില്ല. എങ്കിലും എല്ലാമിരുന്നോട്ടെ. ഒന്നിനും ഒരു കുറവും വരുത്തേണ്ട. പക്ഷേ  ആ ദിവസങ്ങളിലൊക്കെ പ്രതീക്ഷിച്ചൊരാഹ്ലാദം  ചന്ദ്രൻസാറിൽ കാണാനായില്ലെന്നത് ഗിരിജ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താൻ ചെയ്യുന്നതൊന്നും തൃപ്തിയാകുന്നില്ലയോ.. എങ്കിലൊന്നു പറഞ്ഞുകൂടേ.. തനിക്കു മക്കളോടുള്ള കറകളഞ്ഞ സ്നേഹം സാറിനും അറിവുള്ളതാണല്ലോ.
ഒരുവൈകുന്നേരം  ഉപ്പേരി വറുത്തുകൊണ്ടിരിക്കുമ്പോൾ സർ അടുക്കളയിലേക്കു വന്നു. സർ എന്തോ പറയാനാഗ്രഹിക്കുന്നതുപോലെ. പക്ഷേ ഒരു നിസ്സഹായാവസ്ഥ.
'' എന്തുപറ്റി സർ, മുഖം വല്ലാതെയിരിക്കുന്നത്?''
''ഏയ് ഒന്നുമില്ല ഗിരീ . നിനക്കു  തോന്നുന്നതാണ് . I'm alright ''
സർ പിന്നെ അവിടെ നിന്നില്ല.
ഇടയ്ക്കു സർ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നതും കാണുന്നുണ്ടായിരുന്നു.  ഗൗരവമുള്ളതെന്തോ സാറിനെ അലട്ടുന്നുണ്ട് . പക്ഷേ  അതെന്തുകൊണ്ടു  തന്നോടു  പങ്കുവെക്കുന്നില്ല എന്നവൾ ലേശം പരിഭവത്തോടെ ഓർക്കാതിരുന്നുമില്ല. ഒന്നും കുത്തിക്കുത്തിച്ചോദിച്ചു വരാനിരിക്കുന്ന സന്തോഷദിനങ്ങളുടെ പ്രഭ കുറയ്‌ക്കേണ്ട എന്നവൾ തീരുമാനിച്ചു. തന്റെ സന്തോഷത്തെ ഇല്ലാതാക്കേണ്ടാ  എന്നു  കരുതിയാവും പറയാത്തത്.

 ഓഗസ്റ് ഒമ്പതാം തീയതിമുതൽ സെപ്റ്റംബർ ഒമ്പതുവരെ അവധിക്കായി നേരത്തെതന്നെ അപേക്ഷ കൊടുത്തിരുന്നു. ഓഫീസിൽ പലരും  അസൂയക്കാരാണ്. ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പലരും പരിഹസിക്കുന്നുമുണ്ട്. ഗിരിജ എല്ലാം തമാശയായേ എടുത്തുള്ളൂ. കാലം തനിക്കു നൽകുന്ന ഈ വലിയ ഭാഗ്യത്തിന് അതൊന്നും ഒരു വിലങ്ങുതടിയേ  അല്ല. ഒരു പരിഹാസവും കുത്തുവാക്കുകളും തന്നെ തളർത്തുകയുമില്ല.
ചന്ദ്രൻസാറിന്റെ ഗൗരവത്തിനും ആലോചനയ്ക്കുമൊക്കെ കുറച്ചു കനമേറുന്നുവോ എന്നവൾക്കു  തോന്നാതിരുന്നില്ല. ചോദിച്ചു ശല്യം ചെയ്യാൻ എന്തുകൊണ്ടോ അവൾക്കു തോന്നിയതുമില്ല.
ഓഗസ്റ്റ്  എട്ടാം തീയതി രാവിലെ ഓഫീസിൽ പോകാനിറങ്ങിയപ്പോൾ അവൾ പറഞ്ഞു
"സർ, നാളെമുതൽ ഒരുമാസത്തേക്കു ഞാൻ ലീവ് ആണ്."
സർ  ഒന്നു  ഞെട്ടി. അല്പം ഈർഷ്യയോടെതന്നെ അദ്ദേഹം ചോദിച്ചു.
"അതെന്തിനാണു  ലീവ് എടുത്തത്? എന്നോട് ചോദിച്ചിട്ടു പോരായിരുന്നോ ?"
"കുട്ടികൾ വരുന്നതല്ലേ .. അപ്പോൾപ്പിന്നെ ഞാൻ വീട്ടിലുണ്ടാവേണ്ടേ എല്ലാക്കാര്യത്തിനും"
അവൾ ചിരിച്ചുകൊണ്ടാണു  മറുപടി പറഞ്ഞത്.
സറിന്റെ  മുഖം കുനിഞ്ഞു. കുറച്ചുനേരം നിശ്ശബ്ദതയായിരുന്നു. പിന്നീടദ്ദേഹം മുഖത്തേക്കു  നോക്കാതെതന്നെ പറഞ്ഞുതുടങ്ങി.
"ഒരു പ്രശ്നമുണ്ടു  ഗിരീ . കുറച്ചുദിവസമായി നിന്നോടൊന്നു പറയാൻ ഞാനിങ്ങനെ .... എനിക്കറിയില്ല നിന്നോടെങ്ങനെ പറയണമെന്ന്. "
അവളുടെ മുഖത്തെ ചിരി മാഞ്ഞു .
"സർ, എന്താണെങ്കിലും പറയൂ . എന്തു  പ്രശ്നമാണെങ്കിലും നമുക്കു  പരിഹരിക്കാം. മക്കളെത്തുമ്പോൾ ഒരു പ്രശ്നവും ഇവിടെയുണ്ടാവാൻ പാടില്ല. ഈ വീട് അവർക്കൊരു സ്വർഗ്ഗമാകണം. അതിനായി എന്തുവേണമെങ്കിലും നമുക്കു  ചെയ്യാം"
" ഗിരീ , നിനക്കറിയാമല്ലോ, അവർക്കു കുറേനാളായി നാട്ടിലേക്കുവരാൻ  താല്പര്യമില്ലായിരുന്നു. ഞാൻ ഒരുപാടു  നിർബ്ബന്ധിച്ചിട്ടാണ് ഇപ്പോൾ വരുന്നത്. പക്ഷേ അവർക്കൊരു  നിബന്ധനയുണ്ടായിരുന്നു."
ചന്ദ്രൻ സർ സംസാരം  പൊടുന്നനെ നിർത്തി.
"എന്താണ് നിബന്ധന?"
ഗിരിജ ആകാംക്ഷഭരിതയായി. ഇങ്ങനെയൊരു നിബന്ധനയെക്കുറിച്ചു സർ എന്തുകൊണ്ടാണിതുവരെ  പറയാതിരുന്നത് !
മുഖമുയർത്താതെതന്നെ ചന്ദ്രൻസർ  മെല്ലെപ്പറഞ്ഞുതുടങ്ങി.
"ഞാൻ നിന്നെ വിവാഹം ചെയ്തത് അവർക്കിഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ  വിരോധവും പറഞ്ഞില്ല. ഇഷ്ടക്കേടു   മെല്ലേ  മാറിക്കൊള്ളുമെന്നാണ്  ഞാൻ കരുതിയിരുന്നത്. നിനക്ക് വിഷമമായെങ്കിലോ  എന്നോർത്ത് ഇതുവരെ പറയാതിരുന്നതാണ്.  ഞാനവരോട് നാട്ടിൽ  വരുന്നകാര്യം ചോദിച്ചപ്പോഴൊക്കെ  നീയുള്ളവീട്ടിൽ അവർ വരില്ലയെന്നു പറഞ്ഞിരുന്നു. അവരെയൊന്നുകാണാൻ, എന്റെ കൊച്ചുമക്കളുടെ കൊഞ്ചൽകേൾക്കാൻ എനിക്കെത്ര കൊതിയുണ്ടായിരുന്നെന്നു നിനക്കും അറിയുന്നതല്ലേ. "
സർ ഒന്നു  നിർത്തി.
ഗിരിജ ഷോക്കേറ്റതുപോലെ നിശ്ചലയായിപ്പോയി. അവൾക്കിതാദ്യത്തെ അറിവാണ്.
അല്പനേരത്തെ മൗനത്തിനുശേഷം സർ പറഞ്ഞുതുടങ്ങി.
'' അവർ വരണമെങ്കിൽ നീ ഈ വീട്ടിലുണ്ടാവാൻ  പാടില്ലെന്നവർ തീർത്തുപറഞ്ഞു. അതുകൊണ്ട് ഇന്നുമുതൽ നീ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ താമസിക്കണം. ഒരുമാസത്തേക്കു ഞാൻ താമസം ഏർപ്പാടാക്കിയിട്ടുണ്ട്. ജസ്റ്റ് ഒരുമാസം. അവർ പോകുന്നതുവരെ മാത്രം. നിനക്കെന്നോട് വിരോധമൊന്നും തോന്നരുത്. നീ ഇന്നുപോയി ലീവ് ക്യാൻസൽ ചെയ്യണം.  വൈകുന്നേരം നമുക്ക് ഹോസ്റ്റലിൽ പോകാം."
കുറച്ചുസമയത്തേക്കു ഗിരിജ ശൂന്യതയിലെന്നപോലെ നിന്നു.
പിന്നെ അവൾ മെല്ലേ  പടികടന്നു വഴിയിലേക്കിറങ്ങിനടന്നു. റോഡ് അവൾക്കുമുന്നിൽ നീണ്ടുകിടന്നിരുന്നു.ഓണം നല്കുന്ന സന്ദേശം ( ജ്വാല മാസിക )

ഓണം നല്കുന്ന സന്ദേശം
.
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സര്‍വ്വൈശ്വര്യങ്ങളുടേയും മഹോത്സവമാണ് ഓണം. ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന നമ്മുടെ ദേശീയോത്സവം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും മധുരവേള. എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓര്‍മ്മപ്പെടുത്തലും അതിലൂടെ തിരിതെളിയുന്ന നല്ല നാളേയ്ക്കായൊരു പ്രത്യാശയും..
ഓണം ഒരു ജനകീയോത്സവമായതുകൊണ്ടും വളരെ നൂറ്റാണ്ടുകളായി ആഘോഷിച്ചു പോരുന്നതിനാലും ഇതിനോടനുബന്ധിയായ കഥകള്‍ വായ്ത്താരിയായി തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു പകര്‍ന്നു വന്നതാണ്. വിശ്വസനീയാമായ ചരിത്രരേഖകളും ശിലാലിഖിതങ്ങളും വിദേശസഞ്ചാരികളുടെ രേഖപ്പെടുത്തലുകളും പൗരാണികസാഹിത്യകൃതികളും ഒക്കെ ഇത്തരം കഥകള്‍ക്കു പിന്‍ബലം നല്‍കുന്നുമുണ്ട്.
പിന്നിലുള്ള കഥകള്‍ എങ്ങനെയൊക്കെ ആയാലും ഓണം സമത്വത്തിന്റേയും സത്യനന്മകളുടേയും ഉത്സവമാണ്. പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി മലയാളി എക്കാലവും അത്യാഹ്ളാദപൂര്‍വ്വം ഓണത്തെ വരവേല്‍ക്കുന്നു.

ഓണം മാവേലിത്തമ്പുരാന്റെ ആഗമനദിവസമാണ്. മഹാബലി എന്നത് മാനവികത ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ ഭരണസങ്കല്പത്തിന്റെ സന്ദേശമാണ്.ഒരു നാടിനെ സ്വര്‍ഗ്ഗതുല്യമാക്കാന്‍ അവിടത്തെ ഭൂപ്രകൃതിയുടെ വൈശിഷ്ട്യമോ, മേന്മയുള്ള കാലാവസ്ഥയോ കഴിവുറ്റ ജനതതിയോ മാത്രം പോര, മറിച്ച് ഇതൊക്കെ ക്രോഡീകരിച്ച് ജനങ്ങള്‍ക്ക് ഉത്തമായ ദിശാബോധം നല്കി മുമ്പോട്ടു നയിക്കാന്‍ പ്രാപ്തനായൊരു ഭരണാധികാരി കൂടിയേ തീരൂ എന്ന് മഹാബലി നമ്മെ ഓരോ ഓണക്കാലത്തും പഠിപ്പിച്ചു തരികയാണ്. ആധുനികലോകത്തിനു പരിചിതമായ 'സോഷ്യലിസം' എന്ന സങ്കല്‍പം      സഹസ്രാബ്ദങ്ങള്‍ക്കപ്പുറം തന്നെ നിലനിന്നൊരു നാടാണ് നമ്മുടേതെന്ന യാഥാര്‍ത്ഥ്യമാണ്  ഓരോ ഓണക്കാലവും നമ്മിലെത്തിക്കുന്ന ഇന്നലെയുടെ ചിത്രം. പ്രകൃതിയും പ്രകൃതിവിഭവങ്ങളും മനുഷ്യനും മാത്രം ഒന്നുചേരുകയേ വേണ്ടൂ മണ്ണില്‍ വിണ്ണുചമയ്ക്കാനെന്ന പരമമായ സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് മാവേലിനാട് നമുക്കായി തുറന്നുതരുന്നത്.

ഏതൊരു സമ്പന്നഭൂവിഭാഗത്തേയുമായി താരതമ്യം ചെയ്താല്‍ കേരളം ഒട്ടും തന്നെ കുറവുകളെ അഭിമുഖീകരിക്കുന്നില്ല . വിശേഷമായ ഭൂപ്രകൃതിയും ധാരാളം സൂര്യപ്രകാശവും മഴയും വായൂസഞ്ചാരവുമുള്ല കാലാവസ്ഥയും. കാര്യമായ പ്രകൃതിക്ഷോഭങ്ങള്‍ ഒന്നുമില്ലാത്ത അനുഗൃഹീതമായ നാട്.   അതിഭീമമായ മാനവവിഭവശേഷിയും. (ദൈവത്തിന്റെ സ്വന്തം നാടന്ന് ഇതിനാലൊക്കെയാണ് ആരോ കേരളത്തിനു പേരു നല്‍കിയതും) എന്നിട്ടും നമ്മള്‍ എന്തുകൊണ്ടാണു പുരോഗതിയുടെ പാതയില്‍ ഒരാമയേപ്പോലെ ഇഴഞ്ഞു നീങ്ങേണ്ടിവരുന്നത്! മലയാളിയുടെ കഠിനാധ്വാനവും കായികശേഷിയും ബുദ്ധിവൈഭവവും ലോകമെമ്പാടും അതിവിദഗ്ദ്ധമായി ഉപയോഗപ്പെടുത്തുന്നുമുണ്ട് എന്നതും നാമറിയേണ്ട ഒരു വലിയ സത്യം തന്നെ. നമ്മുടെ പരാജയം എവിടെയാണ് എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മാവേലിയേപ്പോലൊരു ഭരണാധികാരി നമുക്കില്ല, മറിച്ച് മാവേലി നാട്ടില്‍ ഇല്ലാതിരുന്ന പല കാര്യങ്ങളാലും ഇന്നു നാടു സമ്പന്നവുമാണ് - കള്ലം ,ചതി , പൊളിവചനം, കള്ലപ്പറ, ചെറുനാഴി എന്നുവേണ്ട  ഒരുപാടു കള്ലത്തരങ്ങള്‍. ഇതൊക്കെ ഉന്‍മൂലനം ച്യ്താല്‍ നമുക്കു വീണ്ടുമൊരു മാവേലി നാട് സൃഷ്ടിക്കാമെന്നാണ് ഓരോ ഓണക്കാലവും നമ്മോടു വിളിച്ചു പറയുന്നത്.

എല്ലാ നന്മകളും നഷ്ടമായൊരു കാലഘട്ടത്തിന്റെ പ്രതീക്ഷയാണ് ഓണാഘോഷം നമ്മിലേയ്ക്കു പകര്‍ന്നു നല്‍കുന്നത്. പ്രകൃതിയുടെ വര്‍ണ്ണ വിസ്മയങ്ങളാണ് ജീവിതവഴിയിലെ അനുഭവവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചകളെന്ന് ഓരോ പൂക്കളവും നന്നെ ഓര്‍മ്മപ്പെടുത്തുന്നു.   ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ളാദത്തിന്റെ അലയൊലിയാണ് ഓരോ ആര്‍പ്പുവിളിയിലും ഊഞ്ഞാല്‍പ്പാട്ടിലും മുഴങ്ങിക്കേള്‍ക്കുന്നത്. ഉയര്‍ച്ചതാഴ്ചകളില്ലാതെ ഒന്നുപോലെ ഏവരേയും കാണാനും അതിലൂടെ ജീവിതത്തിന്റെ നവരസങ്ങളെ ആസ്വദിക്കാനും ഓരോ ഓണസദ്യയും നമ്മെ പഠിപ്പിക്കുന്നു.  ഓണം നമുക്കു നല്‍കുന്ന സന്ദേശവും ഇവയെല്ലാം ചേര്‍ന്നതു തന്നെ. നമ്മള്‍ വിചാരിച്ചാല്‍ മാവേലിനാട് ഒരു സങ്കല്‍പം മാത്രമല്ല, യാഥാര്‍ത്ഥ്യത്തോടു വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നു തന്നെ.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

Image may contain: 5 people, people smiling, people standing

Image may contain: Mini Mohanan, smiling

Monday, August 27, 2018

ഉദയഗിരി - ഖന്ദഗിരി ഗുഹകൾ

ഉദയഗിരി - ഖന്ദഗിരി ഗുഹകൾ
===========================
ഒറീസ്സയുടെ തലസ്ഥാനനഗരിയായ ഭുവനേശ്വറിനു  വളരെ  അടുത്താണ്‌ മനോഹരമായ ഉദയഗിരി ഗുഹകള്‍സ്ഥിതി ചെയ്യുന്നത്‌.  പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ഗുഹയുടെ സമുച്ചയമാണിത്.  ഉദയഗിരിയില്‍ മൊത്തം 18 ഗുഹകളാണുള്ളത്‌.  ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണയിലാണ്‌ ഈ ഗുഹകള്‍. ജൈന സന്യാസിമാരുടെ താമസത്തിനായി കലിംഗചക്രവർത്തിയായിരുന്ന  ഖരവേല  നിര്‍മ്മിച്ചതാണ്‌ വാസ്‌തുവിദ്യയില്‍ മുന്നിട്ടു  നില്‍ക്കുന്ന ഈ ഗുഹകള്‍. ബിസി രണ്ടാം നൂറ്റാണ്ട്‌ മുതലുള്ളതാണീ ഗുഹകള്‍ എന്നാണ്‌ പറയപ്പെടുന്നത്‌. നിരവധി കൊത്തുപണികളുള്ള മനോഹരങ്ങളായ ഈ ഗുഹകള്‍ കാണാന്‍ അനേകം  ബുദ്ധമത വിശ്വാസികളും സഞ്ചാരികളും ഇവിടെ ദിനംപ്രതി  എത്താറുണ്ട്‌. അടുത്തിടെ കുഴിച്ചെടുത്ത അനവധി  ബുദ്ധ വിഹാരങ്ങളും സ്‌തൂപങ്ങളും ഇവിടെ കാണാം.  ഈ ഗുഹകളില്‍ റാണികുംഭ, ഹാത്തികുംഭ, ഗണേശകുംഭ എന്നിവ കൊത്തുപണികളും ലിഖിതങ്ങളും ഏറെയുള്ള ഗുഹകളാണ്‌. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇരുനിലകളിലായി മെനെഞ്ഞെടുത്തിരിക്കുന്ന റാണികുംഭയാണ് .  ഖരവേല രാജവംശത്തെ സംബന്ധിക്കുന്ന നിരവധി പുരാതന ചരിത്ര സംഭവങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടുത്തെ ശിലാലിഖിതങ്ങള്‍ വഴി തെളിച്ചിട്ടുണ്ട്‌.  ഹാത്തികുംഭ പ്രകൃതിദത്തമായൊരു ഗുഹയാണ്. അവിടെയുള്ള  ലിഖിതങ്ങളിൽ കുമാരിപർവ്വതം  എന്നാണ് ഉദയഗിരിയെ പരാമർശിച്ചിരിക്കുന്നത്. ഗണേശകുംഭയിലെ ലിഖിതങ്ങളിൽ, ഉജ്ജയിനിയിലെ രാജകുമാരിയായിരുന്ന ബാസവദത്തയുടെയും കൗശുമ്പിയിലെ രാജാവായിരുന്ന ഉദയനന്റെയും  പ്രണയവും ഒളിച്ചോട്ടവുമൊക്കെ വർണ്ണിക്കുന്നു.   പല   ഗുഹകളിലും കാഴ്ച്ചക്കാരെ  അത്ഭുതപരതന്ത്രരാക്കുംവിധം അതിമനോഹരങ്ങളായ ശില്‍പങ്ങള്‍ കാണാന്‍ കഴിയും. സ്ത്രീകളുടെ രൂപങ്ങളുള്ള ശില്പങ്ങളിലൊന്നിൽ വാനിറ്റിബാഗ് തോളിൽ തൂക്കിയ ഒരു രൂപം ഗൈഡ് കാട്ടിത്തന്നതോർക്കുന്നു. അതുപോലെ ആധുനികകാലത്തെ ചെരുപ്പിട്ടിരിക്കുന്ന കാലുകളും. അവയൊക്കെ പുരാതനകാലത്തുള്ളതോ അതോ  ആധുനികകാലത്തെ പുനർനിർമ്മാണത്തിൽ  വന്നുകൂടിയതോ എന്നറിയില്ല.  ചില ഗുഹകളിൽ കല്ലിൽകൊത്തിയ കിടക്കകളും തലയിണകളും കാണാം. അവ ജൈന സന്യാസിമാരുടെ ഉറക്കറകളായിരുന്നെന്നു കരുതപ്പെടുന്നു.


ഉദയഗിരി ഗുഹയില്‍ നിന്നും ഏകദേശം 15-20 കിലോമീറ്റര്‍ ദൂരത്താണ്‌ ഖന്ദഗിരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. ഉദയഗിരി ഗുഹകളെപ്പോലെ മനോഹാരിതയോ  പരിപാലനമോ ഈ ഗുഹകൾക്കില്ല എന്നു  തോന്നും കാഴ്ച്ചയിൽ. നിരവധി പടികള്‍ കയറിവേണം ഭൂതകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ ഗുഹയിലേയ്‌ക്കെത്താന്‍. ജൈന സന്യാസിമാരുടെ താമസത്തിനായി സ്ഥാപിച്ച 15 ഗുഹകളാണ്   ഇവിടെയുള്ളത്. രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്   ഈ ഗുഹകളും. ഇവയുടെ  ഭിത്തികളിലും  നിരവധി ശിലാലിഖിതങ്ങളും ശില്‍പങ്ങളും ഉണ്ട്‌. പാറകള്‍ ചെത്തിയുണ്ടാക്കിയിരിക്കുന്ന ചിത്രങ്ങളും മനോഹരങ്ങളായ അലങ്കാരങ്ങളും സന്ദര്‍ശകരെ ഏറെ  ആകര്‍ഷിക്കുന്നവയാണ്‌. മലമുകളില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മനോഹരമായൊരു ജൈന ക്ഷേത്രവുമുണ്ട്‌. ജനുവരിമാസത്തിന്റെ അവസാനത്തില്‍ നിരവധി സന്യാസിമാര്‍ ഇവിടെ ഒത്തുചേര്‍ന്ന്‌ ഹിന്ദു പുരാണങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ട്‌. ഇതേകാലയളവില്‍ ഇവിടെ നടക്കുന്ന മേളയിലേക്ക്‌ നിരവധി പേര്‍ എത്താറുണ്ട്‌. ഖന്ദഗിരിയുടെ മുകളിൽനിന്നുള്ള ഭുവനേശ്വർ നഗരക്കാഴ്ച അവിസ്മരണീയമാണ്.

 രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ ഗുഹകളില്‍ പ്രവേശനം അനുവദിക്കും.
Thursday, August 23, 2018

ഹാം റേഡിയോ

ഹാം റേഡിയോ
=============
 മലയാളനാടിനെ വിഴുങ്ങിയ ഒരു പ്രളയകാലം  കടന്നുപോയി. പ്രകൃതിയും മനുഷ്യന്റെ വികൃതിയും ഒപ്പം വിനയായിക്കൊണ്ടുവന്ന മഹാദുരന്തം ഒരു ജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഭീതിദമായ   കറുത്ത നാളുകൾ ചരിത്രമാവുകതന്നെ ചെയ്തു. പക്ഷേ  അതിനെ  അതിജീവിക്കാൻജനങ്ങയും  ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി നിന്നു  എന്നത്  ഏറെ അഭിമാനകരമായ കാര്യം. ആധുനിക വാർത്താവിനിമയോപാധികൾ ഈ ആപത്ഘട്ടത്തിൽ എത്രമാത്രം പ്രയോജനകരമായി എന്നത് എടുത്തുപറയേണ്ടുന്ന കാര്യം തന്നെ. പക്ഷേ പലയിടത്തും വൈദ്യുതി നിലയ്ക്കുകയും   അതേത്തുടർന്ന്   മൊബൈൽടവറുകളും നിശ്ചലമാവുകയും ചെയ്തതോടുകൂടി ഈ  സാധ്യതയും ഇല്ലാതായി. പക്ഷേ  അപ്പോഴും ആശയവിനിമയം സാധ്യമാക്കിത്തന്നത് ഇത്തിരി പഴയൊരു മാധ്യമമാണ്. ഹാം റേഡിയോ അഥവാ അമേച്വർ  റേഡിയോ. പലരും ഒരു ഹോബിയായി സ്വീകരിച്ചിരിക്കുന്ന ഈ ആശയവിനിമയോപാധി ആപത്ഘട്ടങ്ങളിലും വിദൂരദിക്കുകളിലും ഈ രംഗത്ത് അനന്തസാധ്യതകളാണ് തുറന്നുകൊടുക്കുന്നത്.


രാജകീയവിനോദം എന്നും അറിയപ്പെടുന്ന ഹാം റേഡിയോ ലോകം മുഴുവൻ സുഹൃത്തുക്കളെ നേടാനുതകുന്നൊരു വിനോദമാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഏകവിനോദവുമാണിത്. സാധാരണ റേഡിയോവിൽ നിന്നു  വ്യത്യസ്തമായി ഹാം റേഡിയോയിലൂടെ നമുക്കു  കേൾക്കാനും തിരിച്ചു  സംസാരിക്കാനും കഴിയും. വിവിധാവശ്യങ്ങൾക്കായി  നിശ്ചിതാവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയമാണിത്. ഇത് തികച്ചും സൗജന്യവുമാണ്. ഇങ്ങനെ  ആശയവിനിമയം  നടത്തുന്നവരെ ഹാം എന്നാണറിയപ്പെടുന്നത്. ലോകത്താകമാനം അൻപതുലക്ഷത്തോളം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്നാണ്  കണക്ക്. ഇന്ത്യയിൽ അവരുടെയെണ്ണം നാല്പത്തിനായിരത്തോളം വരും.   ഇവരിൽ ആരോടു  വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം.  പ്രകൃതിക്ഷോഭങ്ങൾ മൂലമോ യുദ്ധം മുതലായ അടിയന്തിരഘട്ടങ്ങളിലോ മറ്റെല്ലാ ആശയവിനിമയോപാധികളും താറുമാറാകുമ്പോൾ ഹാമുകളുടെ സേവനം പ്രശംസനീയമാണ്. പ്രളയം, സുനാമി, ഭൂകമ്പങ്ങൾ ഇത്യാദി ദുരന്തങ്ങളിലൊക്കെ ഇവരുടെ സേവനം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. (യുഎസ്എയിൽ  എട്ടു ലക്ഷവും ജപ്പാനിൽ 15 ലക്ഷവുമാണു ഹാമുകളുടെ എണ്ണം. അടിക്കടി പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന ജപ്പാനിൽ അവശ്യ സംവിധാനമാണ് ഹാം റേഡിയോ. ഹാം റേഡിയോ നിരോധിച്ച രണ്ടു രാജ്യങ്ങൾ യെമനും വടക്കൻ കൊറിയയുമാണ്.) ഇന്ത്യയിൽ ഹാം ലൈസൻസ് എടുത്തവരിൽ ഡോക്‌ടർമാർ, എൻജിനീയർമാർ, ഐടി വിദഗ്‌ധര്‍ എന്നിവരാണു കൂടുതല്‍. ഹാമുകൾക്ക്  ബഹിരാകാശ യാത്രികരുമായും സംസാരിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്.

സർക്കാരിൽനിന്നു ലഭിക്കുന്ന ലൈസൻസുണ്ടെങ്കിൽ ഈ സംവിധാനം ആർക്കും ഉപയോഗിക്കാം. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നടത്തുന്ന പരീക്ഷയെഴുതി പാസായാൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ.  പരീക്ഷയ്ക്ക് വിദ്യാഭ്യാസയോഗ്യത നിഷ്‌കർഷിച്ചിട്ടില്ല. 12 വയസ്സ് കഴിഞ്ഞ ആർക്കു വേണമെങ്കിലും പരീക്ഷയ്ക്കിരിക്കാം. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ വിങ് അഥവാ WPC ആണ് ഇന്ത്യയിൽ ഹാം റേഡിയോ ലൈസൻസ് നല്കാൻ ചുമതലപ്പെട്ട അതോറിറ്റി. പരീക്ഷ നടത്തി ലൈസൻസ് നൽകുന്നതും  അവർ തന്നെ. കേരളത്തിൽ, കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്. നൂറു രൂപയാണു  പരീക്ഷാഫീസ്.  മൂന്നു വിഷയങ്ങളടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. മോഴ്‌സ് കോഡ് (അയയ്ക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്‌സ് അറിവ് എന്നിവയിൽ പരിചയമുണ്ടെങ്കിൽ പരീക്ഷ പാസ്സാകാം. എന്നാൽ പരീക്ഷ പാസ്സായ ഉടനെ ലൈസൻസ് ലഭിക്കില്ല. അതിനായി നിശ്ചിതഫീസ് അടച്ചു കാത്തിരിക്കണം. പോലീസ്, Intelligence Bureau വെരിഫിക്കേഷനുകൾക്ക് ശേഷം ആജീവനാന്തലൈസൻസ് തപാലിൽ അയച്ചു കിട്ടും. ലൈസൻസ് ഫീസ് 20 വർഷം കാലാവധി ഉള്ളതിന് 1000 രൂപ, ലൈഫ് ടൈം ലൈസൻസ് 2000 രൂപ. ഓരോ അഞ്ചു വർഷം കൂടുമ്പോളും ലൈസൻസ് പുതുക്കാം. ഇതിനുള്ള ഉപകരണവും തുച്ഛമായ ചെലവിൽ ലഭ്യമാകുന്നതാണ്.

ഹാമുകൾ പരസ്പരം തിരിച്ചറിയുന്നത് കോൾസൈൻ വഴിയാണ്. ഹാം റേഡിയോ ഉപയോഗിക്കുന്നവർ ചുരുക്കപ്പേരിലാണ് (ഹാൻഡിൽ) അറിയപ്പെടുക. ലൈസൻസ് ലഭിക്കുന്ന ഓരോരുത്തർക്കും (ഓരോ ഹാമിനും) ഒരു കോൾ സൈൻ ലഭിക്കും. ഇത് അതതു രാജ്യത്തെ സർക്കാർ ഏജൻസിയാണ് നൽകുന്നത്. കോൾ സൈൻ കണ്ടാൽ അത് ഏതുരാജ്യത്തുനിന്നുള്ള ഹാമാണെന്ന് കണ്ടെത്താനാകും. ഇന്ത്യയിലെ ഹാമുകളുടെ കോൾസൈൻ VU എന്ന അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് VU2RG ഇന്ത്യയിലെ ഉപയോക്താവിന്റെ ഹാം കോഡ് ആണ്. ഇതിൽ VU എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. 2 എന്നത് ഒന്നാം ഗ്രേഡിനെയും ( ജനറൽ, റെസ്ട്രിക്റ്റഡ്, SWL - ഷോർട്ട് വേവ് ലിസണർ )  RG എന്നത് പ്രസ്തുത ഹാം റേഡിയോ ലൈസൻസ് കൈയ്യാളുന്നയാളെയും സൂചിപ്പിക്കുന്നു. VU2SON, VU2LNH, VU3OSN, VU3VIO, VU3WFO എന്നതും സമാനമായി മനസ്സിലാക്കേണ്ടതാണ്.  ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇത്തരം പ്രത്യേക അക്ഷരകോഡുകൾ നൽകിയിട്ടുണ്ട്. A എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ കോഡ് ആണ്. AP എന്നത് പാകിസ്താന്റെയും HG എന്നത് ഹംഗറിയുടെയും കോഡിലെ ആദ്യാക്ഷരങ്ങളായിരിക്കും. പലരാജ്യങ്ങൾക്കും ഒന്നിൽ കൂടുതൽ കോഡുകൾ ഉണ്ടാകാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് K എന്നൊരു കോഡ് കൂടെയുണ്ട്. കോൾസൈനിൽ രാജ്യത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾക്കു ശേഷമുള്ള അക്കം ഹാമിന്റെ ലൈസൻസിന്റെ ഗ്രേഡിനെ കാണിക്കുന്നു. അവസാനത്തെ രണ്ടോ മൂന്നോ അക്ഷരങ്ങൾ ഹാമിനെ വ്യക്തിഗതമായി തിരിച്ചറിയാൻ സഹായിക്കുന്നു. ചില കോൾസൈനുകൾ ഇങ്ങനെയാണ്-   മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി (VU2RG),  സോണിയ ഗാന്ധി (VU2SON), കമൽഹാസൻ (VU2HAS),   ലോക്‌നാഥ് ബെഹ്‌റ (VU2LNH) .   


മറ്റു ആശയവിനിമയം പോലെ  എന്തും ഏതും ഇതുവഴി സംസാരിക്കാൻ കഴിയില്ല. കൈമാറുന്ന സന്ദേശങ്ങൾ മോണിറ്റർ ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെയുള്ള കാര്യങ്ങൾ   ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യുന്നതാണുത്തമം.  ഹാംറേഡിയോ പ്രവർത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ഉപയോഗിച്ചാണ്: H.F (ഹൈ ഫ്രീക്വൻസി), V.H.F(വെരി ഹൈ ഫ്രീക്വൻസി), U.H.F(അൾട്ര ഹൈ ഫ്രീക്വൻസി ). ഇവയിൽ തന്നെ വിവിധ ബാൻഡുകൾ വേറെയുമുണ്ട്. H.F ഫ്രീക്വൻസി ഉപയോഗിച്ച് നിങ്ങൾക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാൻ കഴിയും . കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞന്മാരോട് പോലും ഹാം റേഡിയോ ഓപ്പറേറ്റർക്ക് സംസാരിക്കാൻ അനുവാദം ഉണ്ട്. ഹാമുകൾ സാധാരണയായി 40 മീറ്റർ ബാൻഡ്, 20 മീറ്റർ ബാൻഡ് 80 മീറ്റർ ബാൻഡ് എന്നീ ബാൻഡുകളാണ് ഉപയോഗിക്കാറുള്ളത്. 144 മുതൽ 146 മെഗാ ഹെർട്സും അതിനടുത്തുള്ള ഫ്രീക്വൻസികളും ഉപയോഗിച്ചാണ് V.H.F(വെരി ഹൈ ഫ്രീക്വൻസി) ബാൻഡിൽ ഹാമുകൾ സംസാരിക്കുന്നത്. ഓരോ രാജ്യത്തും ഇത് വ്യത്യാസപ്പെടാം ( കൊടുത്തിട്ടുള്ള ഫ്രീക്വൻസിയും ബാൻഡും മിക്കവാറും എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് ഉപയോഗിക്കുന്നത് ). വീട്ടിലെ മേശപ്പുറത്തുവെച്ചു പ്രവർത്തിപ്പിക്കാവുന്ന  ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്) ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത്‌ പ്രവർത്തിക്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക്‌ റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത്‌ കേൾപ്പിക്കുന്നു. 

130 വര്ഷം മുമ്പാണിതിന് തുടക്കമിട്ടത്. ജർമ്മൻ ശാസ്ത്രജ്ഞനായിരുന്ന ഹെൻറിച്ച്  റുഡോൾഫ് ഹെർട്സ്  1888 ൽ വൈദ്യുതികാന്തിക തരംഗങ്ങളെ പറ്റി പ്രതിപാദിക്കുകയും ആംസ്ട്രോങ്ങ് റേഡിയോ ഫ്രീക്ക്വൻസിക്ക് ഉപയോഗയോഗ്യമായ ഓസിലേറ്റർ സർക്ക്യൂട്ട് നിർമ്മിക്കുകയും  മാർക്കോണി  ആശയങ്ങൾ കൈമാറാൻ വയർലെസ്സ്  യന്ത്രം ഉപയോഗിച്ച് വാർത്താവിനിമയം നടത്തുകയും ചെയ്തപ്പോൾ ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഹാം എന്ന പേരു  രൂപപ്പെടുത്തിയെന്ന് പറയപ്പെടുന്നു.  ഹാർവാർഡ് റേഡിയോ ക്ലബ്ബിലെ ആദ്യ അമേച്വർ റേഡിയോ അംഗങ്ങളായ ആൽബർട്ട്  എസ്  ഹൈമാൻ , ബോബ് ആൽമി , പൂഗി  മുറേ എന്നിവർ ചേർന്ന് തങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് ( Hyman, Almy , Murrey ) ഹാം എന്ന് പേര് നൽകിയെന്നും മറ്റൊരഭിപ്രായമുണ്ട്. അവർ 
"HYMAN-ALMY-MURRAY" എന്നായിരുന്നു ആദ്യം നൽകിയ പേര്. പേരിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനായി അത് പിന്നീട് "HY-AL-MU" എന്നാക്കി. പക്ഷേ HYALMO എന്ന പേരിലുള്ള ഒരു മെക്സിക്കൻ കപ്പലിലേക്കുള്ള സന്ദേശസംജ്ഞകളുമായി ആശയക്കുഴപ്പമുണ്ടാക്കിയപ്പോൾ അവർ അത് HAM  എന്നാക്കി മാറ്റുകയായിരുന്നുവത്രേ! 

ആദ്യത്തെ സോഷ്യൽ മീഡിയ എന്നറിയപ്പെടുന്ന വിനോദമായ  ഹാം റേഡിയോ  നമ്മുടെ കൊച്ചുകേരളത്തിലും വളരെ മുമ്പുതന്നെ പ്രചാരത്തിൽ വന്നിരുന്നു. ലോകമെമ്പാടുമെന്നതുപോലെ കേരളത്തിലും ധാരാളം ഹാമുകൾ ഉണ്ട്. അവരുടെ കൂട്ടായ്മകളും സൗഹൃങ്ങളുമൊക്കെ ഉഷ്മളമായിത്തന്നെ പുലർന്നുപോരുന്നു എന്നതും ശ്രദ്ധേയം. അടിയന്തിരഘട്ടങ്ങളിൽ  ഇവരുടെ സേവനം ശ്ലാഘനീയവുമാണ്. 

Image result for HAM RadioTuesday, August 14, 2018

അണ്ണാറക്കണ്ണനും തന്നാലായത്.


(രാമായണകഥയിലെ ഏറ്റവും സ്വാധീനിച്ച സന്ദർഭം)
14-8-2018 മലയാളമനോരമയിൽ പ്രസിദ്ധീകരിച്ചത് 
അണ്ണാറക്കണ്ണനും തന്നാലായത്.
-------------------------------------------------
രാമായണത്തെക്കുറിച്ചോ സീതാരാമന്മാരെക്കുറിച്ചോ
രാമരാവണയുദ്ധത്തെക്കുറിച്ചോ ഒന്നും ഗഹനമായി അറിവില്ലാതിരുന്ന വളരെച്ചെറിയപ്രായത്തിലാണ് പാഠപുസ്തകത്തിൽ ഈക്കഥ  പഠിച്ചത്. വെറുമൊരു കഥയായിട്ടല്ല, ജീവിതത്തിലെതന്നെ മഹത്തായൊരു     പാഠമായിട്ടാണ് മനസ്സിലതു  വേരോടിയത്. ഇത്രയേറെ എന്റെ മനസ്സിനെ സ്വാധീനിച്ച മറ്റൊരു സന്ദർഭവും രാമായണത്തിലില്ലതന്നെ.

രാമസേതുനിർമ്മാണവേളയിൽ വാനരപ്പടയുടെ കഠിനപ്രയത്നത്തോടൊപ്പം എളിയവനായ അണ്ണാറക്കണ്ണന്റെ നിസ്തുലസേവനം ശ്രീരാമദേവന്റെ ഹൃദയം  കവരുകതന്നെ ചെയ്തു. അതിന്റെ അടയാളമാണല്ലോ ആ കുഞ്ഞന്റെ മുതുകിലെ മൂന്നു ശുഭ്രരേഖകൾ. ഇതിലേറെ  മഹത്തരമായ മറ്റൊരു സന്ദർഭവും രാമായണകഥയിലില്ല എന്നുതന്നെയാണെന്റെ മതം.

ആ അണ്ണാറക്കണ്ണന്റെ കഥ ഭാരതം പോലൊരു മഹാരാജ്യത്തിലെ ഓരോ പൗരനും ഉൾക്കൊള്ളേണ്ട ബൃഹത്തായ പാഠമാണ്. വ്യക്തികൾ എത്ര നിസ്സാരരായിക്കൊള്ളട്ടെ, തങ്ങളുടെ കർത്തവ്യങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാതിരിക്കുക, സ്വന്തം ഉത്തരവാദിത്വങ്ങളിൽനിന്നൊളിച്ചോടാൻ ബലഹീനതകൾ മറയാക്കാതിരിക്കുക, ശരിയോടൊപ്പം നിന്നു നന്മയുടെ വിജയത്തിൽ ഭാഗഭാക്കാവുക , എളിമയും ലാളിത്യവും നിലനിർത്തിക്കൊണ്ടുതന്നെ മഹത്വമുള്ളവരാകുക  - ഇവയൊക്കെ നമുക്കു പഠിപ്പിച്ചുതരുന്നു ഇത്തിരിപ്പോന്നോരണ്ണാറക്കണ്ണൻ! സത്യത്തിൽ ഈ അറിവുകളുടെ അഭാവമല്ലേ നമ്മുടെ രാജ്യത്തെ ലജ്ജാകരമായ  അഴിമതിയുടെയും  അരാജകത്വത്തിന്റെയുമൊക്കെ മുഖ്യകാരണം? നിശ്‌ചയമായും കൊച്ചുകുട്ടികളുടെ പാഠപുസ്തകത്തിൽ ഇതുൾപ്പെടുത്തുകയും വേണ്ടവിധത്തിൽ കുഞ്ഞുമനസ്സുകളിൽ ഇതുനൽകുന്ന  സന്ദേശമെത്തിച്ചുകൊടുക്കാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുകയും വേണം. ഇതിന്റെ അന്തഃസത്ത ഉൾക്കൊള്ളാനാവുന്ന ഏതൊരുകുട്ടിയും ഒരുത്തമപൗരനായിത്തന്നെ  വളരും.
.
മിനി മോഹനൻ
കല്യാൺ.

Image may contain: Mini Mohanan

Sunday, August 12, 2018

ലോക ആനദിനം

ഓഗസ്ററ്  12 - ലോക ആനദിനം
..........................................................
പ്രൗഢഗംഭീരമായൊരു രൂപഭംഗിയോടൊപ്പം സ്നേഹമസൃണമായൊരു ഹൃദയവും കൂടിച്ചേർന്നിരിക്കുന്നതുകൊണ്ടാവാം ആനകളെന്നും നമുക്കേറെ പ്രിയപ്പെട്ടവരായത്. പറഞ്ഞുതീരാത്ത ആനവിശേഷങ്ങൾ  ഒട്ടേറെയുണ്ടെങ്കിലും ചരിത്രത്തിന്റെ ഏതോ ഏടുകളിൽ  കുറിക്കപ്പെട്ട, കാലപ്രവാഹത്തിൽ വിസ്മൃതിയിലാണ്ടുപോയൊരു ആനക്കഥയാണ്  ഈ ആനദിനത്തിൽ ഞാനിവിടെക്കുറിക്കുന്നത് . 'ഇന്ദിര'യെന്ന ആനക്കുട്ടിയുടെ കഥ.


രണ്ടാം ലോമഹായുദ്ധകാലത്ത് പലരാജ്യങ്ങളും തങ്ങളുടെ മൃഗശാലകളിലെ മൃഗങ്ങളെ വിവിധ കാരണങ്ങളാൽ കൊന്നൊടുക്കിയിരുന്നു. യുദ്ധക്കെടുതിയിൽ നട്ടംതിരിഞ്ഞ  ജപ്പാനിലും അതുതന്നെ സംഭവിച്ചു. അക്കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന മൂന്ന് ആനകളേയും  ഇല്ലായ്മചെയ്തു. പക്ഷേ  യുദ്ധാനന്തരം ഉയിർത്തെഴുന്നേറ്റ ജപ്പാൻ, മൃഗശാലകളെയും പുനർജ്ജീവിപ്പിച്ചപ്പോൾ മറ്റു മൃഗങ്ങളെ കൊണ്ടുവരുന്നതിനൊപ്പം, ആനകളെ കൊണ്ടുവരാൻ ശുഷ്‌കാന്തി കാട്ടിയില്ല.  ആനകളുടെ അഭാവം അവിടുത്തെ ആനപ്രേമികളായ കുട്ടികളെ കടുത്ത ദുഃഖത്തിലാഴ്ത്തി . അവർ അധികൃതരോടു  പലവട്ടം തങ്ങളുടെ ആവശ്യം പറഞ്ഞുവെങ്കിലും ഒക്കെ നിഷ്ഫലമായി. എന്നാൽ കുട്ടികൾ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. കുട്ടികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പ്രധാനമന്ത്രിയാണ്, ആനകൾ അനവധിയുള്ള  ഇന്ത്യയെന്ന  രാജ്യം  ഭരിക്കുന്നതെന്ന് അവർ കേട്ടറിഞ്ഞിരുന്നു. തങ്ങളുടെ ആവശ്യം പറഞ്ഞ്  അവർ അദ്ദേഹത്തിനൊരു കത്തയച്ചു.

തിരക്കേറിയ ജീവിതത്തിലും ഏതാനും മണിക്കുറുകൾ കത്തുകൾ വായിക്കാനും മറുകുറികൾ എഴുതാനും  നെഹ്രു സമയം കണ്ടെത്തിയിരുന്നു - പ്രത്യേകിച്ചു കുട്ടികളുടെ കത്തുകൾക്ക്.
1949 ലെ ഒരു സാധാരണദിവസം  .എല്ലാ തിരക്കുകൾക്കും ശേഷം അന്നും അദ്ദേഹം കത്തുകൾ വായിക്കാനിരുന്നു. ജപ്പാനിലെ കുഞ്ഞുങ്ങളുടെ കത്ത് അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകതന്നെ  ചെയ്തു . കാരണം അതിലെ ആവശ്യം ചെറുതൊന്നുമായിരുന്നില്ല. ഒരു ആനയെ അവർക്കു സമ്മാനമായി വേണമത്രേ! അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹമവർക്കു മറുപടിയയച്ചു . അനന്തരം  ഒരാനയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഒടുവിൽ മൈസൂരിൽ നിന്ന് ഒരാനക്കുട്ടിയെ കണ്ടെത്തി. പതിനഞ്ചുകാരിയായ  അവൾക്ക് അദ്ദേഹം ഇന്ദിരയെന്നു നാമകരണം ചെയ്തു - തന്റെ പൊന്നോമനമകളുടെ പേരുതന്നെ. അവളെ എത്രയുംവേഗം ജപ്പാനിലേക്കയക്കാൻ തയ്യാറെടുപ്പുകൾ നടന്നു. അക്കാലത്തു ജപ്പാനും  ഇന്ത്യയും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. അതിനൊരു മാറ്റം വരുത്താനുംകൂടി  നയതന്ത്രജ്ഞനായ നെഹ്രു ഈ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. കപ്പലിൽ അയക്കുന്നതിനുള്ള പണച്ചെലവു വഹിക്കാൻ ജപ്പാൻ തയ്യാറായി. അങ്ങനെ ഇന്ദിര  'എൻകോ മാരു' എന്ന  കപ്പൽ കയറി ജപ്പാനിലേക്കുള്ള യാത്രക്കായി. ഉറ്റവരെയും ഉടയവരെയും തന്റെ നാടിനെയും തനിക്കു പ്രിയപ്പെട്ട  പനമ്പട്ടകളെയും   എല്ലാമുപേക്ഷിച്ചു പോകുമ്പോൾ    ഇനിയൊരിക്കലും മടങ്ങിവരാനാവാത്തൊരു യാത്രയാണിതെന്ന് അവളറിഞ്ഞിരുന്നതേയില്ല. അവളോടൊപ്പം സ്വന്തമെന്നു പറയാൻ  ആകെയുണ്ടായിരുന്നത്‌ അവളുടെ പ്രിയപ്പെട്ട രണ്ടു പാപ്പാന്മാരായിരുന്നു.  യാത്രക്കിടയിൽ എൻകോ മാരു കൊടുങ്കാറ്റിലും പേമാരിയിലുമൊക്കെ പലവട്ടം  അകപ്പെട്ടു. ഇന്ദിരയാകട്ടെ കടൽച്ചൊരുക്കിന്റെ തീക്ഷ്ണതയറിഞ്ഞു കഷ്ടതയനുഭവിച്ചു. ഒടുവിൽ  സെപ്റ്റംബർ 23 നു   ഇന്ദിര ജപ്പാന്റെ തീരത്തു  പദങ്ങളൂന്നി. ഇന്ദിരയുടെ വരവിൽ ജപ്പാനിലെ കുഞ്ഞുങ്ങൾ ഹർഷപുളകിതരായി .  ഇതിനിടയിൽ തായ്‌ലണ്ടിൽനിന്നൊരു ആന ജപ്പാനിലെത്തിയിരുന്നിട്ടുകൂടി ഇന്ദിരയുടെ ഉജ്ജ്വലമായ പ്രൗഢിക്കുമുന്നിൽ പുരുഷാരം തടിച്ചുകൂടി.

മൈസൂറിൽ,  തടിപിടിക്കുന്നതിൽ മാത്രമായിരുന്നു ഇന്ദിരയ്ക്കു പരിശീലനം ലഭിച്ചത് . പക്ഷേ ജപ്പാനിലെ കുട്ടികളെ രസിപ്പിക്കാനുള്ള പ്രകടനങ്ങൾ കൂടി അവൾ അഭ്യസിക്കേണ്ടിയിരുന്നു. അതിനായി രണ്ടുമാസം കഠിനശ്രമം വേണ്ടിവന്നു. ഭാഷതന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്‍നം. കന്നടയിലുള്ള നിർദ്ദേശങ്ങൾ മാത്രമേ അവൾക്കു മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടു  ഇന്ത്യയിൽനിന്നവളെ അനുഗമിച്ച പാപ്പാന്മാരുടെ സഹായത്തോടെയാണ് പരിശീലനം നടന്നത്. സർക്കസിലെ ആനകളുടെ പ്രകടനങ്ങൾപോലെ കാലുകളുയർത്താനും തുമ്പിക്കൈ ഉയർത്തി സല്യൂട്ട് പറയാനുമൊക്കെ അവൾ പരിശീലിച്ചു. ഒക്ടോബർ മാസത്തിൽ അവൾ കാണികൾക്കു മുന്നിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു. ജപ്പാൻ   പ്രധാനമന്ത്രിയായിരുന്ന യോഷിദ ഷിഗേരു തന്നെ ആ ദൗത്യം നിർവ്വഹിക്കുകയുണ്ടായി. ഇന്ദിരയെ ഒരുനോക്കുകാണാൻ ആബാലവൃദ്ധം ജനങ്ങളും ടോക്യോയിലെ  യൂഎനോ മൃഗശാലയിൽ തടിച്ചുകൂടി. വളരെപ്പെട്ടെന്നാണ് ഇന്ദിര ജപ്പാന്റെ പ്രിയദർശിനിയായത്.

അടുത്തവർഷമായപ്പോഴേക്കും ടോക്കിയോയിൽ  മാത്രമല്ല ജപ്പാനിലാകെ ഇന്ദിരയ്ക്ക്  ആരാധകരുണ്ടായി . അകലെയുള്ള ഗ്രാമവാസികൾക്കുപോലും  അവളെ ഒരുനോക്കുകാണാൻ ആശയേറി. അതിനാൽ  അധികൃതർ  ഇന്ദിരയുമായി ജപ്പാന്റെ വീവിധയിടങ്ങളിലേക്ക് ഒരു പദയാത്രതന്നെ നടപ്പാക്കി. ബോധിസത്വന്റെ നാട്ടിൽനിന്നെത്തിയ ഈ കുലീനമൃഗത്തെക്കാണാൻ അവർ ആവേശത്തോടെ കാത്തുനിന്നു. മഹായുദ്ധം അടിച്ചേൽപ്പിച്ച തിക്താനുഭവങ്ങളിൽ ആത്മവീര്യം തന്നെ നഷ്ടമായൊരു ജനതയ്ക്ക് ഇന്ദിരയുടെ വരവ് ഉണർവ്വും ഉന്മേഷവുമേകി. അവരവളെ  സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ചു. ജനം  പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെയായി വഴിയോരങ്ങളിൽ അവളെ ഒരുനോക്കുകാണാൻ   കാത്തുനിന്നു. യുദ്ധക്കെടുതിയാൽ  ദാരിദ്ര്യം നടമാടിയിരുന്ന ഗ്രാമങ്ങളിൽ പോലും  കുട്ടികൾ പട്ടിണികിടന്നും അവൾക്കുള്ള ഉരുളക്കിഴങ്ങുകളുമായി അവളെക്കാണാനെത്തി. ഇന്ദിര കടന്നുപോകുന്ന വഴിയിൽ അവർ തൂവെള്ളയിൽ ചുവന്നവൃത്തമുള്ള ജപ്പാൻ പതാക വീശിക്കാട്ടി.   പക്ഷേ ഈ ആഹ്ലാദത്തിമിർപ്പൊക്കെ ഇന്ദിരയെ വല്ലാതെ അസ്വസ്ഥയാക്കുകയാണു ചെയ്തത് .  മധുരം നൽകിയൊക്കെ ഒരുവിധത്തിൽ അവളെ ശാന്തയാക്കി. എങ്കിലും  സാധാരണയുള്ള ചെപ്പടിവിദ്യകളൊന്നും കാട്ടാൻ അവൾ തയ്യാറായില്ല.  നാടിനെ ഇളക്കിമറിച്ച  ഈ ആനസവാരി കഴിഞ്ഞ് ഇന്ദിര യൂഎനോ മൃഗശാലയിൽ തിരികെയെത്തുമ്പോഴേക്കും   നാൽപതു ലക്ഷത്തോളം പേരാണ് അവളെ ഒരുനോക്കുകണ്ടു സായൂജ്യമടഞ്ഞത്.

സന്ദർശകരുടെ  തിരക്കുള്ള  പകലുകലിലെ ആരവങ്ങളൊഴിയുമ്പോൾ , കൂരിരുട്ടുമാത്രം ഒപ്പമുണ്ടാകുന്ന വിഷാദഭരിതമായ  ഏകാന്തരാവുകളിൽ   അവളൊരുപക്ഷേ നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നിരിക്കാം. . സഹ്യപർവ്വതസാനുക്കളിലെ  അവളുടെ സ്വസ്ഥജീവിതവും അവിടെ അവളാസ്വദിച്ച സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഒപ്പം കളിയാടിനടന്ന ചങ്ങാതിമാരും  കടക്കണ്ണെറിയുന്ന കൊമ്പന്മാരും ഒക്കെ അവളുടെ മനോമുകരത്തിൽ തെളിഞ്ഞിരിക്കാം . അതവളെ സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയിരിക്കാം.

യൂഎനോ മൃഗശാലയിൽ ആകർഷണകേന്ദ്രമായി ഇന്ദിര മാറിയെങ്കിലും ഭാരതത്തിൽ അവളെക്കുറിച്ചു പിന്നീടുകേൾക്കുന്നതു നെഹ്രുവും പുത്രി ഇന്ദിരയും 1957 ൽ ജപ്പാൻ സന്ദർശിച്ച വേളയിലാണ്. ജപ്പാനിൽ വിമാനമിറങ്ങിയ നെഹ്രു ആദ്യമാവശ്യപ്പെട്ടത് ഇന്ദിരയെ കാണണമെന്നായിരുന്നത്രേ!  1972 ൽ ചൈനയിൽനിന്നു രണ്ടു ഭീമൻപാണ്ടകളെ മൃഗശാലയിലെത്തിക്കുന്നതുവരെ ഇന്ദിരതന്നെയായിരുന്നു മൃഗശാലയിലെ പ്രധാനാകർഷണം .  ഒടുവിൽ, തന്നെ സ്നേഹവാത്സല്യങ്ങൾകൊണ്ടു പൊതിഞ്ഞ ഒരു ജനതയെ കണ്ണീരിലാഴ്ത്തി, തന്റെ 49-)മത്തെ വയസ്സിൽ ഇന്ദിരയെന്ന പിടിയാന സമയതീരത്തിനപ്പുറത്തേക്കു നടന്നുപോയി. മൂന്നുദശാബ്ദത്തിലേറെ രണ്ടു രാജ്യങ്ങൾക്കിടയിലെ സമാധാനദൂതികയായിക്കഴിഞ്ഞ ഇന്ദിര നാമാവശേഷയായി. അവൾക്കുള്ള അനുശോചനസന്ദേശമായി മൃഗശാല ഡയറക്ടർ   ഇങ്ങനെ പറഞ്ഞു.
"ഇന്ദിരാ,  അങ്ങുദൂരെനിന്നു നീ ഇവിടെയെത്തി. ഞങ്ങളുടെ രാജ്യത്തു ജീവിക്കാൻ നീ ഏറെ ബുദ്ധിമുട്ടിക്കാണും. എന്നിട്ടും നീ ഞങ്ങൾക്കേകിയത് അളവറ്റ ആനന്ദമായിരുന്നു. എത്രയോ സംവത്സരങ്ങൾ  അതു തുടർന്നു. നീ എന്നും ഞങ്ങളുടെ ഓർമ്മയിലുണ്ടാവും. നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊള്ളുന്നു."

പൂക്കളാൽ അലംകൃതമായ, ഇന്ദിരയുടെ ചിത്രത്തിനുമുന്നിൽ ജനം കണ്ണുനീർ വാർത്തു.
1995 ൽ ഇന്ദിരയുടെ അസ്ഥികൾ ചേർത്തുവെച്ചു കൂട്ടിയിണക്കി യൂഎനോ മ്യൂസിയത്തിൽ പ്രദർശനത്തിനായി തയ്യാറാക്കി. അങ്ങനെ വീണ്ടും ഇന്ദിര കുട്ടികളുടെ കണ്ണുകൾക്കു കൗതുകമായി.
...............മിനി മോഹനൻ 

Wednesday, August 8, 2018

ഉത് സ്‌ കുഷി നിഹോൺ - ആമുഖം

ഉത് സ്‌ കുഷി നിഹോൺ  - ആമുഖം
ജപ്പാൻ - നിപ്പോൺ - നിഹോൺ.
-----------------------------------------------
ഉദയസൂര്യന്റെ നാട് !
അതാണു ജപ്പാൻ എന്ന രാജ്യത്തെക്കുറിച്ചുള്ള  ആദ്യ അറിവ്.
ഉദയസൂര്യന്റെ നാടായ ജപ്പാനിലേക്ക് ചാച്ചാനെഹ്രു ഒരു ആനക്കുട്ടിയെ കൊടുത്തയച്ചുവത്രേ! അന്നാട്ടിലെ കുട്ടികൾക്ക് അദ്ദേഹത്തിന്റെ സമ്മാനമായിരുന്നു ഇന്ദിരയെന്ന ആനക്കുട്ടി.
ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ   രാജകുടുംബം ജപ്പാനിലാണെന്ന്   പിന്നെയെപ്പൊഴോ അറിഞ്ഞു. (ഇപ്പോഴത്തെ ചക്രവർത്തിയായ അകിഹിതോ ആ പരമ്പരയിലെ 125-) മത്തെ ഭരണകർത്താവാ‌ണ്‌‌‌‌‌‌‌.) 
പിന്നീടു  ചരിത്രപുസ്തകങ്ങളിൽ പഠിച്ച, നേതാജി സുഭാഷ് ചന്ദ്രബോസ് , രാഷ്‌ബിഹാരി ബോസ് തുടങ്ങിയ  സ്വാതന്ത്ര്യസമരനായകരുടെ ജപ്പാൻ ബന്ധങ്ങൾ ആ രാജ്യത്തോടു ഹൃദയത്തെ ചേർത്തുനിർത്തുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ നേരിട്ട തകർച്ചയുടെ കഥ  ഒരു തേങ്ങലോടെയല്ലാതെ ഓർമ്മിക്കുവാൻ കഴിയുമായിരുന്നില്ല. അണുബോംബിനാൽ തകർക്കപ്പെട്ട ഹിരോഷിമയും നാഗസാക്കിയും രക്തം കിനിയുന്ന വടുക്കളവശേഷിപ്പിച്ചതു  ചേതനയുടെ ഉൾക്കാമ്പിലെവിടെയോ ആണ്.

 ടോക്യോ  എന്ന നഗരത്തെക്കുറിച്ചുള്ള കേട്ടറിവുകൾ ഏറെയാണ്.  ഏറ്റവും തിരക്കുള്ള നഗരമായി കേട്ടിരുന്നത് ടോക്യോ . പിന്നെയും കൗതുകമുണർത്തുന്ന എത്രയെത്ര അറിവുകളായിരുന്നു ഈ മഹാനഗരത്തെക്കുറിച്ചുണ്ടായിരുന്നത്. ഒക്കെയും അമ്പരപ്പിക്കുന്ന അറിവിന്റെ മുത്തുകൾ.  ഈ രാജ്യത്തിൻറെ ശാസ്ത്രസാങ്കേതികപുരോഗതിയുടെ ഒരു പരിച്ഛേദമായിത്തന്നെ ടോക്യോ  നഗരം നിലകൊണ്ടു. പ്രകൃതിദുരന്തങ്ങൾ എത്ര താണ്ഡവമാടിയാലും തകർന്നടിഞ്ഞ ചാരത്തിൽനിന്നൊരു ഫീനിക്സ് പക്ഷിയായി ഉയിർത്തെഴുന്നേൽക്കുന്ന ജപ്പാൻ എന്നും ടോക്യോയുടെ മുഖചിത്രത്തിൽ കൂടിയാണു  നമ്മൾ നോക്കിക്കണ്ടിരുന്നത്.


തിളച്ചുമറിയുന്ന ലാവയും അഗ്നിജ്ജ്വാലകളും  പുകയും തുപ്പുന്ന അഗ്‌നിപർവ്വതത്തെക്കുറിച്ച് ആദ്യമറിയുന്നതു ജപ്പാനിലെ ഫ്യുജിയാമയിലൂടെയാണ്.  ശതസംവത്സരങ്ങളായി സുഷുപ്തിയിലാണെങ്കിലും പുസ്തകത്താളുകളിൽ ഇന്നും അഗ്നിപർവ്വതങ്ങളുടെ പേരുകളിൽ അഗ്രഗണ്യൻ  ഫ്യുജി തന്നെ.

അവിടുത്തെ   സവിശേഷതയാർന്ന വസ്ത്രം - കിമോണ - ആരിലും കൗതുകമുണർത്തുന്നതു  തന്നെ. കിമോണയണിഞ്ഞ ഗെയ്‌ഷെകളുടെ ചിത്രങ്ങളും ഓർമ്മയിലെവിടെയൊക്കെയോ ഉണ്ട്.
അതുപോലെ  'ഇകബാന' എന്ന പുഷ്പസംവിധാനം ആകർഷിക്കാത്ത മനസ്സുകൾ ഉണ്ടോ എന്നു  സംശയം. ബോൺസായ് രീതിയിൽ വളർത്തപ്പെട്ട   കുള്ളൻവൃക്ഷങ്ങൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും വളർച്ച മുരടിച്ചുപോയ ആ പാവം സസ്യങ്ങളെയോർത്തു  ദുഖിക്കാതിരിക്കാനുമാവില്ല.
ചെറി ബ്ലോസം ചിത്രങ്ങൾ പത്രത്താളുകളിലും മാഗസിനുകളിലും കണ്ടിട്ടില്ലാത്തവരും ഉണ്ടാവില്ല.

കേട്ടറിഞ്ഞ   സുഷി എന്ന വിഭവം - മനസ്സുകൊണ്ട്  ഒട്ടും തന്നെ ഇഷ്ടപ്പെടാനുമായിട്ടില്ല എന്നതൊരു യാഥാർത്ഥ്യം .
മല്ലയുദ്ധങ്ങൾ തീരെ  ഇഷ്ടമല്ലെങ്കിൽകൂടി  സുമോഗുസ്തിക്കാരെയും കരാട്ടെ വിദഗ്ദ്ധരെയുമൊക്കെ ആരാധനയോടെ തന്നെ നോക്കിക്കണ്ടിരുന്നു എന്നും.
കുട്ടിക്കാലം മുതൽ സ്നേഹിച്ചുപോന്നിരുന്ന ഒറിഗാമി എന്ന, കടലാസുകൊണ്ടുള്ള  കളിപ്പാട്ടനിർമ്മാണരീതിയും ജപ്പാനു  സ്വന്തം. 

കൂടുതൽ അറിയാനിയിട്ടില്ലെങ്കിലും   അകിര കുറോസോവയുടെ സിനിമകൾ ജപ്പാൻ നാമസ്‌പർശിയായി കേട്ടിരുന്നു .

വായനയിലൂടെ അടുത്തറിഞ്ഞ   'ടോട്ടോ ചാൻ' എന്ന    കുസൃതിക്കുടുക്ക മനസ്സിൽനിന്നൊരിക്കലും മാഞ്ഞുപോകാത്തൊരു കഥാപാത്രമാണ് .  ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു 'Toto-Chan: The Little Girl at the Window'. ജപ്പാനീസ് വിദ്യാഭ്യാസരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ച ഈ കൃതി  'ടോട്ടോചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' എന്ന പേരിൽ ശ്രീ അൻവർ അലി   മലയാളത്തിൽ തർജ്ജമ  ചെയ്തിട്ടുണ്ട്.

ജപ്പാനിലെ അക്ഷരമഹിമയെക്കുറിച്ചു പറയുമ്പോൾ ഒരിക്കലും മാറ്റിനിർത്താനാവാത്ത ഒന്നാണ്   ഹൈക്കു കവിതകൾ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  മത്സുവോ ബാഷോ എന്ന കവിയുടെ രചനകളിലൂടെ ലോകമെമ്പാടുമുള്ള അനുവാചകരുടെ ഹൃദയത്തിലേക്കെത്തപ്പെട്ട ഈ മൂന്നുവരിക്കവിതകൾ നമ്മുടെ നാട്ടിലും ഇന്നേറെ പ്രചാരത്തിലായിട്ടുണ്ട്. 5 , 7 , 5 വർണ്ണങ്ങളുള്ള  മൂന്നുവരിക്കവിതകൾ എഴുതുന്നതു ഹരമായിട്ടുണ്ട്, ഇന്നു പല കവികൾക്കും  . മുഖപുസ്തകക്കവികളിൽ ഒരു ഹൈക്കു എങ്കിലും എഴുതാത്തവർ ഉണ്ടാകുമോ എന്നു ഞാൻ സംശയിക്കുന്നു     ബാഷോയുടെ പ്രസിദ്ധമായ
'പഴയ കുളം:
തവളച്ചാട്ടം,
ജലനാദം.' എന്ന ഹൈക്കു പലരും  കേട്ടിട്ടുമുണ്ടാകും. അദ്ദേഹത്തിന്റെ ചില കുട്ടിക്കവിതകൾ ചങ്ങമ്പുഴ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.
ഇതൊക്കെ നിങ്ങൾക്കും എനിക്കുമറിയുന്ന കാര്യങ്ങൾ. ഇനിയുമെത്രയോ കാര്യങ്ങൾ ഈ രാജ്യത്തിൻറെ ആത്മസത്തയെ വിളിച്ചറിയിക്കുന്ന ഉദ്‌ഘോഷങ്ങളായി  നമുക്കറിയാതെ നിശ്ശബ്ദമായി  കിടക്കുന്നു. അറിഞ്ഞ ജപ്പാനിൽനിന്നറിയാത്ത ജപ്പാനിലേക്കൊരു യാത്രപോകാൻ എത്രയോ കൊതിച്ചിരുന്നു. ഇപ്പോൾ ആ അവസരം വന്നെത്തിയിരിക്കുകയാണ്. ഞാനൊന്നു പോയിവരട്ടേ ജപ്പാനിലേക്ക്, നിങ്ങളുടെ വിരൽത്തുമ്പു പിടിച്ച് ....
Tuesday, August 7, 2018

മുല്ല

മുല്ല
.

നിദ്രാവിഹീനമാം ഏകാന്തരാവിതിൽ 
കിന്നാരമോതി വരുന്നതാരോ 
പാതിതുറന്നോരെൻ ജാലകവാതിൽ 
കടന്നുവന്നെത്തുന്ന സ്നേഹമേതോ.. 
എത്രമേൽ സ്നേഹമോടെന്നെപ്പുണരുന്ന 
ശ്രീസുഗന്ധത്തിന്റെ  കൈകളേതോ
കൂരിരുൾക്കാമ്പിതിൽ  മിന്നിത്തിളങ്ങുന്ന 
ശുഭ്രനൈർമ്മല്യത്തിൻ നാമമേതോ.
ഈ പകൽ  കാപട്യമൊന്നുമേ കാണുവാൻ
കൺതുറക്കാത്തതാം കുഞ്ഞുപൂവേ
ശുദ്ധശുഭ്രം നിന്റെ നിർമ്മലമേനിയിൽ
സൗരഭ്യകുംഭമൊളിപ്പിച്ചുവോ
രാവിതിൽ സ്വർഗ്ഗത്തുനിന്നുവന്നെത്തുന്ന
നീഹാരമൊക്കെയും ചൂടിനിൽക്കും
മല്ലികപ്പൂവേ നീ എന്നെന്നുമെൻമനം 
നിന്റേതുമാത്രമായ്  മാറ്റിയെന്നോ...
നിലാവിന്റെ തുണ്ടൊന്നു താഴെപ്പതിച്ചപോൽ 
നീ വിരാജിക്കുന്നു മല്ലികപ്പൂവേ ...
സ്നേഹിക്കയാണുഞാൻ നിന്നെ ഞാനെന്റെയീ
ജീവനെപ്പോലെ കുരുന്നുപൂവേ.

Saturday, August 4, 2018

ഉമാമിയും അജിനോമോട്ടോയും

ഉമാമിയും അജിനോമോട്ടോയും
------------------------------------------------
ജപ്പാനിലെ യാത്രയ്ക്കിടയിലെപ്പോഴോ ആണ്  'ഉമാമി' എന്നൊരു സ്വാദിനെക്കുറിച്ചു മോൻ പറഞ്ഞറിഞ്ഞത്. യാത്രയുടെ തിരക്കുകൾക്കിടയിൽ അതിനെക്കുറിച്ചു കൂടുതൽ അന്വേഷണത്തിനു സാവകാശം കിട്ടിയില്ല. എങ്കിലും ജിജ്ഞാസ വിട്ടുപോയിരുന്നില്ല .  ആ സ്വാദിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങളാണ് ഞാനിവിടെപ്പറയുന്നത്.  മധുരം,  ഉപ്പ്, പുളി,  കയ്പ് എന്നീ സ്വാദുകളാണു  നമുക്കു  പൊതുവെ അറിയുന്ന അടിസ്ഥാനസ്വാദുകൾ. (എരിവ് ഒരു സ്വാദല്ല എന്നാണു  വിദഗ്ധാഭിപ്രായം. അതറിയാൻ നാവ് ആവശ്യവുമല്ലല്ലോ) 'ഉമാമി'  എന്ന അഞ്ചാമത്തെ എന്ന  സ്വാദു കണ്ടുപിടിച്ചത് ജപ്പാനിലാണ്. നൂറ്റിപ്പത്തു വർഷങ്ങൾക്കുമുമ്പാണ് (1908 ൽ)  ജപ്പാനിലെ ഇംപീരിയൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയിരുന്ന 'ഡോ.  കികൂനഎ  ഇകേദാ'  ഇങ്ങനെയൊരു സ്വാദ് കണ്ടെത്തിയത്. നമ്മുടെനാട്ടിലേതുപോലെതന്നെ ജപ്പാനിലെ വീട്ടമ്മമാരും കുടുംബാംഗങ്ങളെ  ഭക്ഷണത്തിലേക്കു കൂടുതലാകർഷിക്കാൻ  ചില പൊടിക്കൈകളൊക്കെ ഉപയോഗിക്കാറുണ്ടായിരുന്നു. ഇകേദായുടെ ഭാര്യ അത്തരത്തിൽ പ്രയോഗിക്കുന്ന ഒരു പൊടിക്കൈ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.  അവർ  'കൊമ്പു' എന്ന  കടൽസസ്യമായിരുന്നു (seaweed) സ്വാദുകൂട്ടാനായി സൂപ്പിലും മറ്റും സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അതിന്റെ വ്യത്യസ്തമായ സ്വാദിലായി അദ്ദേഹത്തിന്റെ ഗവേഷണം. '

അദ്ദേഹം ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിനെ വേര്‍തിരിച്ചെടുത്തു. ഇതിനെ പാചകം ചെയ്യുമ്പോള്‍ ഗ്ലൂട്ടാമേറ്റ് ആകും. ഗ്ലൂട്ടാമേറ്റ് ആണ് ഈ രുചിക്ക് കാരണം എന്ന് അദ്ദേഹം കണ്ടെത്തി. ഈ രുചിക്ക് അദ്ദേഹം 'ഉമാമി' എന്നു  പേരിട്ടു. സന്തോഷകരമായിട്ടുള്ള സ്വാദുള്ള എന്നർഥം വരുന്ന ജാപ്പനീസ് പദമാണ് ഉമാമി. ഗ്ലൂട്ടാമേറ്റ്  ഉപ്പുവെള്ളത്തില്‍ കലര്‍ത്തിയാല്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) കിട്ടും. ഇതെങ്ങനെ വിപണിയിലെത്തിക്കാമെന്നായി പിന്നീടുള്ള ചിന്ത. തുടർഗവേഷണങ്ങളിൽ കൊമ്പുവിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലളവിലും എളുപ്പത്തിലും  ഗോതമ്പിൽ നിന്നും സോയാബീനിൽ നിന്നും കരിമ്പിൽനിന്നുമൊക്കെ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് നിർമ്മിക്കാമെന്നു മനസ്സിലാക്കി. പുളിപ്പിക്കൽ (fermentation) എന്ന ലളിതമായ പ്രക്രിയയിലൂടെയാണിതു സാധിച്ചത്. ഇത് വെളുത്ത തരികളായി കാണപ്പെടുന്നു. അദ്ദേഹം 'അജിനോമോട്ടോ' (രുചിയുടെ സത്ത് ) എന്ന പേരില്‍ ഇതിന്‍റെ വില്‍പ്പന തുടങ്ങി. അതിനിടയിൽ അത് ഭക്ഷ്യയോഗ്യമാണോ എന്നതിനെക്കുറിച്ചു പരീക്ഷണങ്ങളും നടത്തിവന്നു. ആരോഗ്യത്തിന് ഒരുതരത്തിലും ഹാനിയുണ്ടാക്കില്ല എന്ന് കണ്ടെത്തുകയും ചെയ്തു.   ജപ്പാന്‍കാര്‍ ധാരാളമായി ഇതു  വാങ്ങി ഉപയോഗിക്കാനും തുടങ്ങി. അജിനോമോട്ടോയെക്കുറിച്ചു നമ്മുടെ കേട്ടറിവ് അത്ര നല്ലതൊന്നുമല്ലെങ്കിലും  കഴിഞ്ഞ ഒരുനൂറ്റാണ്ടിലധികമായി  അജിനോമോട്ടോ എന്ന 'ഭീകരനെ' വാരിക്കോരി കഴിക്കുന്ന ജപ്പാൻകാർക്ക്  ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ആയുര്‍ദൈര്‍ഘ്യമാണുള്ളത്. അസുഖങ്ങളും വളരെക്കുറവ്. ഭക്ഷണത്തിൽ ചേർക്കുന്ന  ഗ്ലുട്ടാമേറ്റിലെ  ഉമാമി സ്വാദ്  വായിലെ രസമുകുളങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുകയും തന്മൂലം കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. അത് ദഹനപ്രക്രിയയെയും ത്വരിതപ്പെടുത്തുന്നതുകൊണ്ടു കൂടുതൽ ഊർജം ഭക്ഷണത്തിൽനിന്നു ലഭിക്കാനിടയാകുന്നു.  പ്രായാധിക്യത്താൽ രുചിമുകുളങ്ങൾക്കു  നാശം സംഭവിച്ച വൃദ്ധജനങ്ങൾക്കാണ് ഉമാമിസ്വാദ് കൂടുതൽ പ്രയോജനകരം. ഭക്ഷണത്തോടുള്ള വെറുപ്പകറ്റുകമൂലം കൂടുതൽ ഭക്ഷണം  കഴിക്കുകവഴി  ആരോഗ്യമുള്ളവരാക്കാൻ ഇത് സഹായിക്കുന്നു. വിശപ്പുകൂട്ടാനും ഭക്ഷണം സന്തോഷവും   സംതൃപ്തിയും  നൽകുന്നോരനുഭവമാകാനും  ഈ സ്വാദുപകരിക്കുന്നു. (ഇങ്ങനെയൊക്കെയാണെകിലും അപൂർവ്വം  ചിലരിൽ ഇതിന്റെ അമിതമായ ഉപയോഗം അസ്വസ്ഥതകൾ ഉണ്ടാക്കുന്നു എന്നത് വാസ്തവം തന്നെ.)  ഈ കണ്ടുപിടുത്തങ്ങളൊക്കെക്കൊണ്ട്   ജപ്പാനില്‍  ജനിച്ച ഏറ്റവും മികച്ച പത്തു  കണ്ടുപിടുത്തക്കാരില്‍ ഒരാളായാണ് ജാപ്പനീസ് സ്കൂള്‍കുട്ടികള്‍ കികൂനഎ  ഇകേദായെപ്പറ്റി പഠിക്കുന്നത്.

ഗവേഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അമ്പരപ്പിക്കുന്ന  വിവരങ്ങളായിരുന്നു ലഭിച്ചത്. പ്രകൃതിദത്തമായ ഗ്ലൂട്ടാമേറ്റ് മിക്കവാറും എല്ലാ ഭക്ഷ്യവസ്തുക്കളിലും വിവിധരൂപത്തിൽ  ഉണ്ടത്രേ !. മനുഷ്യശരീരം ദിവസവും സ്വന്തമായി ശരാശരി  40 ഗ്രാം ഗ്ലൂട്ടാമേറ്റ് ഉത്പാദിപ്പിക്കുന്നു. പശുവിന്‍റെ പാലില്‍ ഉള്ളതിന്‍റെ പത്തിരട്ടി ഗ്ലൂട്ടാമേറ്റ് ആണ് മനുഷ്യരുടെ പാലില്‍ അടങ്ങിയിട്ടുള്ളത്. സാധാരണ സൂപ്പുകളിൽ അടങ്ങിയിട്ടുള്ളത്ര അളവിലുണ്ടിത്.  കുട്ടികളെ പാലുകുടിപ്പിക്കാനുള്ള പ്രകൃതിയുടെ വഴിയാണ് മുലപ്പാലിലെ ഗ്ലൂട്ടാമേറ്റ്. മറ്റുപലഭക്ഷണപദാർത്ഥങ്ങളിലും  ഗ്ലുട്ടാമേറ്റിന്റെ വിവിധരൂപങ്ങൾ ഉമാമിസ്വാദ്  നല്കുന്നുണ്ട്. ഉണക്കമത്സ്യം, മാംസം, ചില  പച്ചക്കറികൾ (തക്കാളി. കാബേജ്, സ്പിനാച്, സെലറി മുതലായവ) , ചിലയിനം കുമിളുകൾ,  സംസ്കരിച്ച മത്സ്യം, കക്കകൾ , പുളിപ്പിച്ച ഭക്ഷണപദാർത്ഥങ്ങൾ. കൊഞ്ച്, ചീസ്, ഫിഷ് സോസ് , സോയസോസ് എന്നിവയിലൊക്കെ ധാരാളമായി വിവിധ ഗ്ലുട്ടാമേറ്റുകൾ അടങ്ങിയിരിക്കുന്നു. ഒരുപക്ഷേ ഗ്ലുട്ടാമേറ്റിന്റെ സാന്നിധ്യമുള്ളതുകൊണ്ടായിരിക്കാം   ചിലർക്ക് പച്ചമത്സ്യത്തേക്കാൾ  ഉണക്കമീൻ കൂടുതൽ പ്രിയമാകുന്നത്. ( എനിക്കോർമ്മവന്നത് പണ്ടു  കേട്ടൊരു കഥയാണ്. ഒരിടത്തെ പ്രധാന ദേഹണ്ഡക്കാരൻ  സദ്യയൊരുക്കുമ്പോൾ   ചില പ്രധാന വിഭവങ്ങളിൽ ഒരു പൊടി അവസാനം വിതറുമായിരുന്നത്രേ. വിശിഷ്ടമായ സ്വാദിന് കാരണം ആ പൊടിയാണെന്നു പ്രസിദ്ധമായിരുന്നു. പക്ഷേ  അതെന്താണെന്നുമാത്രം ആർക്കുമറിയില്ല. ഒരുവിരുതൻ ഒടുവിലത്  കണ്ടെത്തുകതന്നെ ചെയ്തു. അത് ഉണക്കമത്തിപ്പൊടിയായിരുന്നു .) കുട്ടികൾക്ക്  ഏറ്റവും പ്രിയപ്പെട്ട ചൈനീസ് ഭക്ഷണങ്ങളും പാക്കറ്റുകളിൽ  ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലുമൊക്കെ  രുചിയാധിക്യത്തിന് ഗ്ലുട്ടാമേറ്റ് ഒരു പ്രധാനഘടകം തന്നെ.

1909 -ലാണ് ടോക്യോയിൽ പ്രവർത്തിച്ചിരുന്ന സുസുക്കി  ഫർമസ്യുട്ടിക്കൽസ് 'അജിനോമോട്ടോ' എന്ന വിപണനനാമത്തിൽ മോണോസോഡിയം  ഗ്ലുട്ടാമേറ്റ് വൻതോതിൽ ഉത്പാദിപ്പിച്ചു വ്യാപാരം തുടങ്ങിയത്. 1910 ൽ 4.7 ടൺ  ആയിരുന്നു ഉത്പാദനം . പിന്നീടുള്ള വളർച്ച അഭൂതപൂർവ്വമായിരുന്നു.  വേറെയും ഫാക്ടറികൾ ആരംഭിക്കുകയുണ്ടായി. വ്യാപാരം വിദേശങ്ങളിലേക്കും വളർന്നു.  ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ കിഴക്കനേഷ്യയിൽ മുഴുവൻ രാജ്യങ്ങളും അജിനോമോട്ടോയുടെ ഉപഭോക്താക്കളായിമാറി. ന്യൂയോർക്കിലും 1917 ൽ വ്യാപാരകേന്ദ്രം തുടങ്ങാൻ കഴിഞ്ഞു. പലരാജ്യങ്ങളിലും ഉത്പാദനകേന്ദ്രങ്ങളും തുറക്കുകയുണ്ടായി. 1937   വരെ ഈ വളർച്ച തുടർന്നുപോന്നു. ആ വർഷത്തെ ഉത്പാദനം 3750 ടൺ  ആയിരുന്നു.  1933 ൽ ജപ്പാൻ സർവ്വരാജ്യസഖ്യത്തിൽ  ( league of nations ) നിന്നു  പിൻവാങ്ങിയതോടെ  തികച്ചും ഒറ്റപ്പെട്ട  നിലയിലായി. അങ്ങനെ വിദേശവ്യാപാരം ഗണ്യമായി കുറഞ്ഞു. . 1938 ആയപ്പോൾ രണ്ടാംലോകമഹായുദ്ധത്തിന്റെ പ്രഹരവുംകൂടിയായപ്പോൾ അജിനോമോട്ടയുടെ ഉത്പാദനം  ഒരുപാടു താഴേക്കുപോയി. 1944 ആയപ്പോൾ  അതു  തീരെ നിലച്ചുപോവുകയും ചെയ്തു. മഹായുദ്ധം 1945 ൽ അവസാനിച്ചെങ്കിലും അജോനോമോട്ടോയുടെ ഉത്പാദനം പുനരാരംഭിക്കാൻ പിന്നെയും രണ്ടുവർഷമെടുത്തു . പുതിയ ഫാക്ടറികളും മറ്റും അതിനായി രൂപപ്പെടുത്തേണ്ടിയിരുന്നു. 1947 ൽ  വിപണനം  തുടങ്ങിയപ്പോൾ കമ്പനിയുടെ പേരുതന്നെ  'അജിനോമോട്ടോ കമ്പനി'യെന്നാക്കിയിരുന്നു. വിദേശകയറ്റുമതിയും ആരംഭിക്കുകയുണ്ടായി. അതിവേഗമായിരുന്നു പിന്നീടുള്ള വളർച്ച. അമേരിക്കയിലും ഏറെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി ഈ മാന്ത്രികസ്വാദ്.

പക്ഷേ അമേരിക്കയിൽ  ഇതിനിടയിൽ ചൈനീസ് റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചാല്‍ തനിക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുന്നു എന്നു  പറഞ്ഞ് ഒരാളുടെ ലേഖനം പുറത്തു വന്നു. അജിനോമോട്ടോയാണ് അതിന്റെ കാരണമെന്ന ധാരണ ശക്തമായി. 'ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം' എന്നൊരു രോഗമായിത്തന്നെ ഇതറിയപ്പെട്ടു.   അങ്ങനെ    അതുവരെ ഒരു നായകപരിവേഷമുണ്ടായിരുന്ന അജിനോമോട്ടോ വില്ലനായി മാറുകയായിരുന്നു. 'ഇറക്കുമതി ചെയ്യപ്പെട്ട  ഭീകരൻ' എന്ന വിളിപ്പേരുപോലും കിട്ടി. പക്ഷേ ഗവേഷണങ്ങളും പരിശോധനകളും ഒന്നുംതന്നെ  ഇതിനെ സ്ഥിരീകരിക്കുന്നതിനുതകിയില്ല.  യാതൊരുദോഷവും കണ്ടുപിടിക്കാനുമായില്ല. . എങ്കിലും  ആൾക്കാരുടെ വിശാസം മാറിയില്ല. എന്നു  മാത്രമല്ല, ഈ പേരുദോഷം യൂറോപ്പിലേക്കും വ്യാപിക്കുകയുണ്ടായി. മറ്റുരാജ്യങ്ങളിലെ ജനങ്ങളും മെല്ലെ ഈ വിശ്വാസത്തിലേക്കു വീണുപോയി. ഇന്ത്യയിലും അജിനോമോട്ടോ ഭീതിപരത്തി . ഇതിന്റെ ഭക്ഷണത്തിലെ സാന്നിധ്യം  എല്ലുകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ബുദ്ധിവളർച്ചക്കു കോട്ടമുണ്ടാക്കുമെന്നും വളർച്ച മുരടിപ്പിക്കുമെന്നുമൊക്കെയുള്ള പല കഥകളും കേൾക്കാൻ തുടങ്ങി.  അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലുമൊക്കെ നടന്ന വിവിധഗവേഷണങ്ങളിൽ അജിനോമോട്ടോ സുരക്ഷിതമാണെന്നു  കണ്ടെത്തുകയുണ്ടായി  ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും സുരക്ഷിതമായ ഭക്ഷ്യചേരുവകളുടെ പട്ടികയിലാണ്  അജിനോമോട്ടോ ഉള്ളത്. (അമിതമായ ഉപയോഗം അസ്വസ്ഥകളുണ്ടാക്കാൻ ഇടയാകും എന്നതും ഓർമ്മവെക്കേണ്ടതാണ്.)   എങ്കിലും നമ്മുടെ ഭയത്തിന് ഒരു കുറവും വന്നിട്ടില്ല. നമുക്ക് വിശ്വസനീയമായ ഏതെങ്കിലും  കേന്ദ്രങ്ങളിൽനിന്ന് ഈ ഭയം തുടച്ചുമാറ്റാനുള്ള ഗവേഷണഫലങ്ങൾ വരാനുണ്ടാവാം. അതുടനെ ഉണ്ടാവും എന്നുതന്നെ  പ്രതീക്ഷിക്കാം. അതുവരെ ഈ ഭയം അങ്ങനെതന്നെ നിലനിൽക്കട്ടെ.
...........മിനി മോഹനൻ
Thursday, August 2, 2018

ദിനകരകരപരിലാളനമേൽക്കേ
വ്രീളാവതിയായ്
പത്മമുണർന്നു
മുഗ്ദ്ധമനോഹരമൃദലാധരമതിൽ
ഒരുചുടുചുംബനമേകീ
പവനൻ
കണ്ടുചിരിക്കും
കുഞ്ഞോളങ്ങളി-
ലവൾതൻ നടനം
ലാസ്യവിലാസം.
കറുകകൾ ചൂടും
താരതുഷാരം
മധുരം ഹസിതം
ദീപ്തമനോജ്‌ഞം ............മിനി മോഹനൻ