Wednesday, December 28, 2016

വിട

ഒരു നോക്കു കാണുവാന്‍ കഴിയാത്ത വണ്ണം നീ
കാലത്തിന്‍ യവനികയ്ക്കുപ്പുറം പോകവേ
നിശ്ശബ്ദമായ് , നിത്യസത്യമായ് വേര്‍പാടി-
ന്നശ്രുവില്‍ ചേര്‍ന്നോരഴലിന്റെ ആഴിയായ്
നീ മാഞ്ഞു പോകുന്നു വത്സരമേ നാളെ
വന്നെത്തുമൊരു നവവത്സരപ്പുലരിയും
എത്ര കളിച്ചു ചിരിച്ചു നിന്നൊപ്പം ഞാന്‍
എത്ര പിണങ്ങി, യിണങ്ങിയനന്തമായ്
നീയെന്റെ സ്വന്തമായ് തീര്‍ന്നു  ക്ഷണനേര-
മെങ്കിലോ ഇന്നിനി ഓര്‍മ്മയായ് തീരുന്നു
നിന്‍ മടിത്തട്ടിലെ കുഞ്ഞായ് പിറന്നു ഞാന്‍
ഇപ്പോഴും മുതിരാത്ത കുഞ്ഞായി മേവുന്നു
നീയെന്റെ ഹൃദയത്തുടിപ്പായിരുന്നതും
നീയെന്റെ ഗാനത്തിന്‍ ലയമായിരുന്നതും
ഓര്‍ത്തു  വിതുമ്പയാനെന്‍ മനം വര്‍ഷമേ
ചേര്‍ത്തു പിടിക്കുവാനാകില്ലയല്ലോ...!

Monday, December 26, 2016

പ്രണയഗീതം

ഏതോ യുഗാന്തരസന്ധ്യതന്‍ വീഥിയില്‍
കാലം നടന്നോരീ വഴിത്താരയില്‍
വീണുകിടന്നോരു പൂവാണു ഞാന്‍
ആരും പൂജയ്ക്കെടുക്കാത്ത പൂവാണു ഞാന്‍

നിറമില്ല മണമില്ല പൂന്തേനുമില്ലാത്ത
വാടിക്കിടന്നോരു പൂവാണുഞാന്‍
ആരാരും കാണാതെ ഈവഴിയോരത്തു
കണ്ണു നീര്‍ തുകിഞാന്‍ കാത്തിരിക്കേ

വന്നതില്ലാരുമെന്‍ കണ്ണീരു കാണുവാന്‍
നെഞ്ചോടു ചേര്‍ത്തൊന്നു ചുംബിക്കുവാന്‍
ഒടുവില്‍ നീയെത്തിയെന്‍ ഹൃദയേശ്വരാ
നിന്റെ ഹൃദയത്തിലെന്നെയും ചേര്‍ത്തുവെയ്കാന്‍

എന്റെ ജന്മത്തിനര്‍ത്ഥം പകര്‍ന്നേകുവാന്‍
പകരമായ് ഞാനെന്തു നലകീടണം നിന-
ക്കീജന്മമാകെ ഞാന്‍ കാല്‍ക്കല്‍  വെയ്ക്കാം
പ്രിയ തോഴാ നിനക്കായെന്‍ സമ്മാനമായ്

സ്നേഹസാഗരം തന്നെ നിനക്കു നല്കാന്‍
 എന്റെ മനസ്സിന്റെ ചെപ്പിലടച്ചു വെയ്ക്കാം
സ്വീകരിക്കൂ, എന്റെ പ്രാണന്റെ ചിന്തുകള്‍ 
അലയടിച്ചീടുന്നൊരാഴിതന്‍ തിരകളില്‍

പാടുന്നു  രാവിലെന്‍ പ്രണയഗീതം , മനോ-
വീണയില്‍ വിരിയുന്ന ലോലരാഗം - നിന്റെ
ഹൃദയത്തിലെന്നോ പതിക്കുവാനായ് , ഒരു
മറുപാട്ടു കാതില്‍  പതിക്കുവാനായ്...

Thursday, December 22, 2016

തിരുപ്പിറവി

 ഈ നീലരാവിലീ പുല്‍ക്കുടിലില്‍
ശ്രീയേശു നാഥന്‍ പിറന്നുവല്ലോ
പാരിലെ കൂരിരുള്‍ നീക്കീടുവാന്‍
പാപിക്കള്‍കാശ്വാസമേകീടുവാന്‍.. ഉണ്ണി പിറന്നുവല്ലോ
ഹാലേലുയ്യാ... ഹാലേലുയ്യാ...

വിണ്ണിലെ രാജകുമാരനല്ലോ
മണ്ണിലെ താരകമായ്  പിറന്നു
മിശിഹാസുതനാം പരം പൊരുളേ
നിന്‍ പാദപത്മം വണങ്ങിടുന്നേന്‍

ഞങ്ങള്‍തന്‍  പാപത്തിന്‍ കുരിശേറുവാന്‍
ദുഃഖത്തിന്‍ മുള്‍ക്കിരീടം ചാര്‍ത്തുവാന്‍
ഭൂമിയില്‍ വന്നു പിറന്ന ദേവാ
മേവുകെന്‍ ഹൃത്തില്‍ നീയെന്നുമെന്നുംക്രിസ്തുമസ് ഗാനം

മഞ്ഞണിഞ്ഞ രാവതിൽ  വന്നു പിറന്നുവല്ലോ 
സ്നേഹസ്വരൂപനാം യേശുനാഥൻ, ലോകൈക നായകൻ 
ശാന്തിതൻ ദിവ്യപ്രകാശം ചൊരിഞ്ഞവൻ 
പാപത്തിൻ കൂരിരുൾ നീക്കിയല്ലോ 

മിശിഹാ സുതനായ് സ്തുതി  പാടി 
പറവകൾ, പൂക്കളും പൂഞ്ചോലയും 
കണ്‍ ചിമ്മി നോക്കിയ നക്ഷത്രങ്ങള്‍
നേർവഴികാട്ടി രാജാക്കൾക്കായ് 

രാജാധിരാജനായ് കരുണാപയോധിയായ്
ധരണിയിൽ വന്നു പിറന്ന ദേവാ, എന്നാത്മ നായകാ
നിൻ തിരുപാദത്തിലാണെന്റെ അഭയം
നിന്‍ സ്നേഹജ്യോതിയിലെന്‍ സായൂജ്യം 

അഖിലത്തിനുടയനാം  കര്‍ത്താവേ
സ്തുതി നിനക്കെന്നുമേ പരം പൊരുളേ 

അഗതിയാമടിയന്‍റെ യാചനകള്‍
ഇരുകൈകളാല്‍ നീ  കൈക്കൊള്ളണേ


നിന്‍  തിരുസന്നിധേ പൂകിടാനായ് 
കേഴുന്നിതെന്‍ മനം ജഗദീശ്വരാ..
ഇരുളേറുമീവഴിത്താരയില്‍ നീ 
നിറദീപമായ് വഴി കാട്ടിടണേ യേശുമഹേശനേ.... . 

Sunday, December 18, 2016

ഉണ്ണിയും ഉണ്ണിയപ്പവും

ആകാശമധ്യത്തിലെന്നപോലുള്ളൊരീ
കൊച്ചു വീടിന്റെയകത്തളത്തിൽ
ആകെ നിറഞ്ഞൊരാ ഗന്ധം, കൊതിപ്പിക്കും
അമ്മസ്നേഹത്തിന്നമോഖഗന്ധം

കാത്തിരുന്നമ്മ, തന്നുണ്ണിയെ സ്‌നേഹത്തിൻ
തേനിറ്റു വീഴും ഹൃദയമോടന്തിയിൽ
പൈദാഹമോടവൻ കൂടണഞ്ഞീടുകിൽ
എകുവാനമ്മതൻ കയ്യിലുണ്ടാമധുരം

ഉണ്ണിക്കു നല്‍കുവാനമ്മയുണ്ടക്കിയി
ന്നുണ്ണിയപ്പം കൊച്ചു കിണ്ണം നിറയേ..
ശര്‍ക്കരപ്പാവും പഴവും അരിമാവും
ചേര്‍ത്തു മധുരം നിറച്ചൊരപ്പം..

കാത്തുകാത്തമ്മയിരിക്കവേ വന്നച്ഛന്‍
ഉണ്ണിക്കു നല്കുവന്‍ ബര്‍ഗ്ഗറുമായ്
ആവേശമൊക്കെത്തണുത്തുപോയ്- അമ്മതന്‍
ചേതോഹരാനനം  ശോകാര്‍ത്തമായ് .

അത്രമേല്‍ ശ്രദ്ധയോടുണ്ടാക്കിവെച്ചൊരാ
അപ്പങ്ങള്‍ നോക്കിപ്പരിഹസിക്കേ
അമ്മതന്‍ കണ്ണില്‍ നിന്നിറ്റുവീഴാന്‍ കാത്തൊ-
രശ്രുകണം മഞ്ഞു തുള്ളിപോലെ ..

ഉണ്ണിയോടുള്ളൊരീ അമ്മതന്‍ സ്നേഹം
ഉണ്ണിയപ്പത്തില്‍ മധുരമായി
വാത്സല്യമന്ദഹാസത്തിന്‍  നറുമണം
വാതില്‍ കടക്കാതെ തങ്ങിനില്‍പ്പൂ

അന്തി കനക്കവേ ഉണ്ണി വന്നെത്തിയി-
ങ്ങോടിക്കളിച്ചു വിവശനായി .
ഓടിവന്നമ്മയ്ക്കു മുത്തമേകിയവന്‍ 
പിന്നെയച്ഛന്റെ മടിയിലേറി 

കൊണ്ടുവന്നിട്ടുള്ളതെന്തെന്നു നോക്കൂ 
എന്നുണ്ണിക്കുവേണ്ടി' യെന്നോതി താതന്‍ 
ഓടിപ്പോയുണ്ണി തുറന്നു നോക്കി, അച്ഛന്‍ 
വാങ്ങിവന്നുള്ള പൊതിക്കെട്ടുകള്‍ 

ഓമനക്കുഞ്ഞിന്‍ മുഖം വിടര്‍ന്നില്ലതു 
കണ്ടിട്ടുമെന്തൊരതിശയമായ് 
മൂക്കുവിടര്‍ത്തിയടുക്കളവാതിലില്‍
നേരെയവന്‍ നോക്കി പുഞ്ചിരിച്ചു 

വേണ്ടെനിക്കച്ഛാ പിസ്സയും ബര്‍ഗ്ഗറും
ഏറെക്കൊതിപ്പിക്കുമുണ്ണിയപ്പത്തിന്‍ 
 വാസന ചൊല്ലിയെന്നമ്മതന്‍ കയ്യാ-
ലുണ്ടാക്കിവെച്ചിട്ടുണ്ടെന്ന സത്യം

Monday, December 12, 2016

തിരുവാതിര

തണുത്തുറഞ്ഞ തിരുവാതിര  സായന്തനം. വിളിക്കാതെ  എത്തിയ അതിഥിയായ് ഇരുട്ട് വീടിനുള്ളിലേയ്ക്കു  കടന്നു കയറിക്കൊണ്ടിരിക്കുന്നു. അയാള്‍  ഫോണിന്റെ അരികത്തു നിന്നു മാറിയതേ ഇല്ല . ഇന്നെന്തായാലും  മക്കളില്‍ ആരെങ്കിലും  വിളിക്കുമായിരിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ താങ്ങും തണലുമായിരുന്ന പ്രിയ പത്നി തുടിച്ചു കുളിക്കന്‍ പുഴയില്‍ പോയിട്ടു മടങ്ങി വരാതിരുന്നത് ഇങ്ങനെയൊരു തീരുവാതിര രാവില്‍ !അവരതു മറന്നു പോയിരിക്കുന്നോ ..
 അന്നും  അരും വിളിച്ചില്ല ..
എത്രയോ നാളായി കാതോര്‍ത്തിരിക്കുന്നു, ആ വീട്ടില്‍ ഏകനായി  . എന്നിട്ടും എല്ലാവരും എന്തേ ഇങ്ങനെ മറക്കുന്നു ! വിഷുവും ഓണവും ദീപാവലിയും ഒക്കെ കഴിഞ്ഞു പോയിട്ടും കടലിനക്കരെ  നിന്ന് മൂന്നു മക്കളില്‍  ആരും വന്നില്ല, ആരും  അയാളെ വിളിച്ചില്ല.
ഫോണിനടുത്തിരുന്നു തന്നെ എപ്പോഴോ അയാള്‍ ഉറങ്ങി. കിഴക്കു  വെള്ള കീറും മുമ്പ് അയാള്‍ ഉണര്‍ന്നു. മെല്ലെ വയര്‍ ഊരി ഫോണ്‍  കയ്യിലെടുത്തു . അതുമായി അയാള്‍ കയത്തിന്റെ ഭാഗത്തേയ്ക്കു നടന്നു. കരയിലെ ഇരട്ടപ്പാറയുടെ മുകളില്‍ കയറി അയാള്‍ ഫോണ്‍ കയത്തിലേയ്ക്കു വലിച്ചെറിഞ്ഞു. പിന്നെ തിരികെ നടന്നു, തനിക്കു മാത്രമായി കാലം സമ്മാനിച്ച  ഏകാന്തതയിലേയ്ക്ക്.. 

Thursday, December 1, 2016

നിന്നെക്കുറിച്ചു ഞാന്‍ പാടാം -നിത്യ
സ്നേഹസ്വരൂപിണീ, പൂര്‍ണ്ണേ
എത്രമേല്‍ കാരുണ്യവര്‍ഷം - നിന്റെ
നീരിലൂടൊഴുകിയീ   വഴിയില്‍
 

Wednesday, November 30, 2016

അഞ്ചു വരങ്ങൾ - മാർക്ക് ട്വയിൻ

ഇന്ന് ഹക്കിൾ ബെറിയുടെയും ടോം സ്വയറിന്റെയും മാത്രമല്ല ഒട്ടനവധി കഥകൾ സമ്മാനിച്ച മാർക്ക് ട്വയിന്റെ ജന്മവാര്ഷികമാണ് . അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ കഥയും എല്ലാ കൂട്ടുകാരും വായിച്ചിട്ടുണ്ടാവും . ഇല്ലാത്തവർക്കായി ഈ പരിഭാഷ സമർപ്പിക്കുന്നു
.
അഞ്ചു വരങ്ങൾ
---------------------------
1 .
ജീവിതവാസരത്തിന്റെ പുലര്‍ വേളയിലാണ് ആ മാലാഖ   തന്റെ സമ്മാനക്കൂടയിൽ അഞ്ചു വരങ്ങളുമായി   അയാളെ തേടിയെത്തിയത് .
" ഇതൊക്കെ നിനക്കുള്ള സമ്മാനങ്ങളാണ് . ഏറ്റവും പ്രിയമായതു നീ എടുത്തുകൊൾക . ഓർമ്മിക്കുക, ഒന്ന് മാത്രം . വളരെ ശ്രദ്ധിച്ച് ബുദ്ധിപൂർവം തിരഞ്ഞെടുക്കണം"
പ്രശസ്തി , സ്നേഹം, സമ്പത്ത്, സന്തോഷം , മരണം - ഇവയായിരുന്നു ആ അഞ്ചു വരങ്ങൾ
"ഏയ് , ഇതിലാലോചിക്കാൻ എന്തിരിക്കുന്നു "
അയാൾ സന്തോഷം ആണ് തിരഞ്ഞെടുത്തത് .
ഇഹലോകജീവിതത്തിൽ യൗവ്വനനാളുകൾ കണ്ടെത്തുന്ന സന്തോഷങ്ങളൊക്കെ അയാൾ സ്വന്തമാക്കി .പക്ഷെ അവയൊക്കെയും ക്ഷണികവും നിരാശാജനകവും ആയിരുന്നു. അവയൊക്കെ അകന്നുപോകുമ്പോൾ അനുഭവിച്ച  വേദനയും ശൂന്യതയും ഓരോ നിമിഷവും അയാളെ നോക്കി പരിഹസിച്ചു.
ഒടുവിൽ അയാൾ ആത്മഗതം ചെയ്തു
" ഇക്കാലമത്രയും ഞാൻ പാഴാക്കി. ഇനി ഒരവസരം കിട്ടിയാൽ ഞാൻ  വിവേകത്തോടെയേ  തിരഞ്ഞെടുക്കൂ"
 .
2 .
മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ടു
"നാലു  വരങ്ങൾ ഇനിയും ബാക്കി. ഒന്നെടുത്തുകൊള്ളുക. ഓർക്കുക, കാലം അതിവേഗം പായുന്നു. ഇവയിൽ അമൂല്യമായതു മാത്രം തിരഞ്ഞെടുക്കുക. "
ദീർഘനേരത്തെ ആലോചനയ്ക്കു  ശേഷം അയാൾ സ്വീകരിച്ചതു സ്നേഹം ആയിരുന്നു. പക്ഷെ മാലാഖയുടെ  കണ്ണുകളിൽ ആനന്ദാശ്രു പടർന്നില്ല .
വർഷങ്ങൾക്കു ശേഷം  തന്റെ ശൂന്യമായ വീടിനുമുന്നിൽ അവസാനത്തെ ശവമഞ്ചത്തിനടുത്തു നിന്ന് അയാൾ വിലപിച്ചു
"ഓരോരുത്തരായി എന്നെ വിട്ടുപോയി. ഒടുവിൽ എന്റെ പ്രിയപ്പെട്ടവളും യാത്രയാവുന്നു. ഓരോ വേർപാടും എന്നെ കൂടുതൽ  കൂടുതൽ  ശൂന്യതയിലേക്കാണ് കൊണ്ടുപോയത് . സ്നേഹം ചതിയനായ വ്യാപാരിയാണ്. അവൻ  തരുന്ന ഓരോ നിമിഷത്തെയും സന്തോഷത്തിനു വിലകൊടുക്കേണ്ടി വന്നത്   ദീർഘകാലത്തെ തീവ്രദുഃഖമാണെനിക്ക്. ഉള്ളിന്റെ ഉള്ളിൽ നിന്ന് അവനെ ഞാൻ വെറുക്കുന്നു, ശപിക്കുന്നു "
.
3 .
"ഒരവസരം കൂടി  " മാലാഖ വീണ്ടും പ്രത്യക്ഷനായി പറഞ്ഞു
" കഴിഞ്ഞ കാലം നിന്നെ ജ്ഞാനിയാക്കിയിരിക്കും - നിശ്ചയമായിട്ടും എങ്ങനെയായിരിക്കണം.ഇനിയുള്ള മൂന്നു വരങ്ങളിൽ ഏറ്റവും മൂല്യമുള്ളത്‌ നീയെടുക്കു . "
ഏറെനേരത്തെ ആലോചനയ്ക്കു ശേഷം അയാൾ പ്രശസ്തിയാണ് കൈക്കൊണ്ടത്. ഒരു നെടുവീർപ്പോടെ മാലാഖ യാത്രയായി.
കാലം പിന്നെയും ഗതിവേഗം കുറയ്ക്കാതെ യാത്ര തുടർന്നു. ഏറെനാൾ കഴിഞ്ഞപ്പോൾ വായിൽ മങ്ങിയ വേളയിൽ  മാലാഖ വീണ്ടുമെത്തി . അവിടെ ഏകനായിരിക്കുന്ന ദുഖിതനായ അയാളുടെ പിന്നിൽ അവൾ നിലകൊണ്ടു. ആ മനസ്സ് അവൾക്കു വായിക്കാൻ സാധിക്കുമായിരുന്നു .
" ഞാൻ ലോകപ്രസിദ്ധനായി .എല്ലാവരും എന്നെ പ്രശംസിക്കുന്നത് എന്നെ ആനന്ദചിത്തനാക്കി. ആ സന്തോഷം അല്പമാത്രയായിരുന്നു. എന്നോട്എല്ലാവർക്കും അസൂയയുണ്ടായി . വിമർശനങ്ങളും അപവാദങ്ങളും പീഡനങ്ങളും പിന്നാലെ തന്നെ കടന്നു വന്നു. ഒടുവിൽ അവഹേളനങ്ങൾ എന്റെ അന്ത്യത്തിന്  തുടക്കം കുറിച്ചു .   സഹതാപം എന്റെ  പ്രശസ്തിക്കു ചിതയൊരുക്കി.  കീർത്തിയുടെ പാരുഷ്യവും ദുരിതവും എത്ര കഠിനമാണ് ! പ്രശസ്തിയുടെ ഔന്നത്യത്തിൽ ഹനിക്കാൻ ശ്രമം. അത് നശിച്ചാൽ  അവജ്ഞയും അനുകമ്പയും "
.
4 .

" ഒന്ന് കൂടി എടുത്തുകൊള്ളൂ " വീണ്ടും മാലാഖയെത്തി
" ഇനിയും രണ്ടെണ്ണം ബാക്കിയുണ്ട് .തുടക്കത്തിൽ ഉണ്ടായിരുന്ന ഏറ്റവും അമൂല്യമായ വരം ഇപ്പോഴും ബാക്കിയാണ് . "
"" സമ്പത്ത് - അതാണ് ശക്തി. ഞാനെന്തൊരു കുരുടാനായിരുന്നു !" അയാൾ സ്വയം പറഞ്ഞു.
" ഇനി ഞാൻ ജീവിതം  അർത്ഥപൂർണ്ണമാക്കും.  കണ്ണഞ്ചും വിധം ധൂർത്തടിച്ചു ജീവിക്കും. പരിഹസിച്ചവരും നിന്ദിച്ചവരും എന്റെ മുന്നിൽ കൈ നീട്ടി നിൽക്കും . അവരുടെ അസൂയ എന്നെ ആനന്ദിപ്പിക്കും .എല്ലാ ആഡംബരങ്ങളും സന്തോഷങ്ങളും എന്റെ ശരീരത്തെയും മനസിനെയും ഹര്ഷപുളകിതമാക്കും . സംരക്ഷണം, ആദരം. , ബഹുമാനം , ആരാധന -ഒക്കെ ഞാൻ വിലകൊടുത്തു വാങ്ങും. എന്തു മഹത്വവും ഈ ലോകത്തു വാങ്ങാൻ കിട്ടും. വിവരക്കേടു കൊണ്ട്  വിലകെട്ട വരങ്ങൾ എടുത്ത്  ഈ ജീവിതത്തിലെ  എത്ര സമയമാണു പാഴായത്. ഇനി ഞാൻ എന്തായാലും ജാഗ്രത്താതായിരിക്കും."
മൂന്നു വര്ഷം അതിവേഗം ഓടിമറഞ്ഞു . അയാൾ തന്റെ മാളികമുറിയിൽ മെലിഞ്ഞു വിളറിയ ശരീരവുമായിരിക്കുകയാണ് - ശൂന്യമായ  ദൃഷ്ടിയും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ആയി പിറുപിറുത്ത് .
"ഇഹലോകജീവിതം  നൽകുന്ന സമ്മാനങ്ങളൊക്കെ നശിച്ചു പോകട്ടെ . ഒക്കെ പൊന്നു പൂശിയ നുണകൾ . സന്തോഷവും സമ്പത്തും സ്നേഹവും പ്രശസ്തിയും ഒക്കെ വരങ്ങളല്ല , വേദനയും ദുഖവും ദാരിദ്ര്യവും അപകീർത്തിയും , ഈ വക  സുസ്ഥിരമായ ജീവിതയാഥാർത്ഥ്യങ്ങളുടെ ക്ഷണികമായ രൂപമാറ്റം മാത്രമാണവ. "
"വളരെ ശരിയാണ് " മാലാഖ പറഞ്ഞു .
ഇനി അവളുടെ സമ്മാനക്കൂടയിൽ ഒരു വരം മാത്രമേ അവശേഷിച്ചിരുന്നുള്ളു . വിലമതിക്കാനാവാത്ത ഒന്ന് .
"ഹീനനും നിസ്സാരനും  ആയ എനിക്കിപ്പോൾ ബോധ്യമുണ്ട് മറ്റുള്ള വരങ്ങളൊക്കെ താരതമ്യം ചെയ്താൽ ഈ വരം എത്ര അമൂല്യമാണെന്ന് . എല്ലാ വേദനകളിൽ നിന്നും നിന്ദകളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും ശരീരത്തിനും മനസ്സിനും ലഭിക്കുന്ന  നിതാന്തമായ മുക്തി . അതെ ഞാൻ ഏറെ ക്ഷീണിതനാണ് . എനിക്കിനി ശാശ്വതമായ വിശ്രമമാണ് വേണ്ടത്. "
.
5 .
.
മാലാഖ വീണ്ടുമെത്തി . അവളുടെ സമ്മാനകൂടയിൽ ആദ്യത്തെ നാലു വരങ്ങളും ഉണ്ടായിരുന്നു . മരണം മാത്രം  അതിലുണ്ടായിരുന്നില്ല . പക്ഷെ അയാൾക്കാവശ്യം അതായിരുന്നു .
" അത് ഞാൻ ഒരമ്മയുടെ ഓമനക്കുഞ്ഞിന് കൊടുത്തു . നിഷ്കളങ്കനായ അവൻ എന്നോട് തിരഞ്ഞെടുത്തു കൊടുക്കാനാവശ്യപ്പെട്ടു . ഞാനതു കൊടുത്തു. നീ ഒരിക്കലും എന്നോട് തിരഞ്ഞെടുത്തു തരാന്‍  ആവശ്യപെട്ടില്ലല്ലോ"
അയാള്‍ വിഷണ്ണനായി
" എന്തൊരു കഷ്ടമായിപ്പോയി . ആകട്ടെ, ഇനി എനിക്കെന്താണ് ബാക്കിയായുള്ളത് ?"
" നീ അർഹിക്കുന്നതു തന്നെ. അവഹേളനങ്ങളുടെ ദുരന്തം പേറുന്ന വാർദ്ധക്യം  "

Wednesday, October 19, 2016

ശ്വാനായനം

നായ്ക്കളുടെ കലണ്ടറില്‍
ദിവസങ്ങളും ആഴ്ചകളും വര്‍ഷങ്ങളും
ഉണ്ടായിരുന്നില്ല
ഉണ്ടായിരുന്നത്  ഒരു കന്നിമാസം മാത്രം.
നായ്ക്കളുടെ സാമ്രാജ്യങ്ങളാകട്ടെ
യജമാനന്റെ കാല്‍ച്ചുവട്ടിലും.
നായ്ക്കള്‍ നന്ദിയുള്ള മൃഗങ്ങള്‍,
ആത്മാഭിമാനമില്ലാത്ത വെറും ദാസരെങ്കിലും
നന്മയുടെ വക്താക്കള്‍.
മാലിന്യം വലിച്ചെറിയാത്ത വഴിയോരങ്ങളില്‍
നായ്ക്കളെ ഭയക്കാതെ 
വഴിനടക്കാന്‍ കഴിഞ്ഞിരുന്ന
രാപ്പകലുകള്‍  
അതു ചരിത്രം .
ഇന്നു കഥയാകെ മാറി.
അല്ലെങ്കിലും പൊളിച്ചെഴുതപ്പെടേണ്ടതാണ് ചരിത്രമെന്നത്
അലിഖിതനിയമം.
 ഇന്ന്എല്ലാ ദിനങ്ങളും നായ്ക്കളുടേത് .
എല്ലാ നാടും നായ്ക്കളുടെ അധീനതയില്‍ .
നഗരത്തില്‍, ഗ്രാമത്തില്‍
എങ്ങും മുഴങ്ങുന്നത് ഉച്ചത്തിലുള്ള ഓരിയിടല്‍
ആധിപത്യത്തിന്റെ വിജയകാഹളം 
ആ വിജയഭേരിയില്‍ മുങ്ങിപ്പോകുന്നുണ്ട് 
നിലവിളികള്‍
പൈതങ്ങള്‍ മുതല്‍ വയോധികര്‍ വരെ 
ഇരകളാണ്
ചീന്തി  എറിയപ്പെട്ട മംസത്തില്‍ നിന്ന്
ഒലിച്ചിറങ്ങുന്നത് കടുത്ത രോഷത്തിന്റെ 
രക്തച്ചിന്തുകളല്ല ,
പതിനാലു സൂചിക്കുത്തുകള്‍ക്കു തിരികെ നല്കാനാവാത്ത ജീവധാര.
ആഴ്ന്നിറങ്ങുന്ന വേദനയുടെ 
ദീനരോദനങ്ങള്‍,
പൊത്താന്‍  കഴിയാത്ത കാതുകളില്‍
ഒരിക്കലും ചെന്നു വീഴാത്ത
നിസ്സഹായതയുടെ വനരോദനങ്ങള്‍ !
കാതുകള്‍ തന്നെ നഷ്ടമായ ഭരണയന്ത്രങ്ങള്‍
നോക്കു കുത്തികള്‍!
ഭ്രാന്തിനെ  ചങ്ങലയ്ക്കിടാമെന്നത്
ക്രൗര്യത്തെ വന്ധ്യംകരിക്കാമെന്നത്, 
വ്യാമോഹം മാത്രം
 ഈ യുഗം
തുടക്കവും ഒടുക്കവും അറിയാത്ത ശ്വാനയുഗം .
ഇവിടെയൊരു യാനം , ശ്വാനായനം
ശ്വാനജൈത്രയാനം!

Tuesday, October 18, 2016

ഒരു അന്നവിചാരം

പണ്ടെന്നോ പാഠപുസ്തകങ്ങളിലെവിടെയോ വായിച്ചൊരു ഉത്തരേന്ത്യന്‍കഥയുടെ മലയാളപുനരാവിഷ്കാരം
-----------------------------------------------------------------------------------------------------------------------------
ബാബുവും രാജുവും സഹപാഠികളും ഉത്തമസുഹൃത്തുക്കളുമായിരുന്നു . വിദ്യാലയത്തില്‍ നിന്നു പിരിഞ്ഞശേഷവും അവരുടെ സ്നേഹത്തിന് ഒരു കുറവും വന്നിരുന്നില്ല. ബാബു പഠനം കഴിഞ്ഞ് തന്റെ മലയോരഗ്രാമത്തിലെ കൃഷിസ്ഥലത്ത് അച്ഛന്റെ സഹായിയായി കൃഷിപ്പണികളും വീട്ടുകാര്യങ്ങളും നോക്കി കഴിഞ്ഞു . രാജുവാകട്ടെ ഉപരിപഠനവും കഴിഞ്ഞ് പട്ടണത്തില്‍  തന്റെ പിതാവിന്റെ വ്യവസായസാമ്രാജ്യത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തു . ഏതിനും എന്തിനും കാതോര്‍ത്തു നില്‍ക്കാതെ കാലം കടന്നുപൊയ്ക്കോണ്ടേയിരുന്നു. പക്ഷേ അവരുടെ സൗഹൃദത്തിനു കോട്ടമൊന്നും വന്നിരുന്നില്ല.

രാജു,  നഗരത്തിലെ തന്റെ തിരക്കേറിയ ജീവിതത്തിൽ  ബാബുവിന്റെ ഹ്രസ്വമെങ്കിലും ഒരു സന്ദര്‍ശനവും ആ സ്നേഹസാന്നിധ്യം കൊണ്ടു തനിക്കു കൈവരുന്ന ആനന്ദവുമൊക്കെ ഒരുപാടാഗ്രഹിക്കുകയും പലവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു . ഒടുവില്‍ കൃഷിസ്ഥലത്തെ പണികളൊക്കെ തീര്‍ന്ന  ഒരു മഞ്ഞുകാലത്ത് കടുത്ത തണുപ്പു തുടങ്ങിയപ്പോള്‍  ബാബു രാജുവിന്റെ ക്ഷണം സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു. നഗരത്തിലെത്തിയ ബാബുവിനെ   അമിതാഹ്ലാദത്തോടെ രാജു  സ്വീകരിച്ചു. അവിടുത്തെ സുഖകരമായ കാലാവസ്ഥയും എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടിയ ജീവിതവും ഒക്കെ ബാബുവിനു നന്നേ ഇഷ്ടമായി. വളരെ വിശിഷ്ടനായ ഒരതിഥിക്കു വേണ്ട രീതിയിലായിരുന്നു അവിടെ രാജു തയ്യാറാക്കിയിരുന്ന സല്‍ക്കാരങ്ങളും താമസസൗകര്യങ്ങളും വാഹനങ്ങളും ഒക്കെ. രാജു തന്റെ തിരക്കിട്ട ജീവിതത്തിന് അവധി നല്‍കി ഏതാനുംദിവസം ബാബുവിനായി മാറ്റിവെച്ചു. പഴയ കൗമാരകാലസുഹൃത്തുക്കളായി അവര്‍ വീണ്ടും ആഹ്ളാദങ്ങളിലേയ്ക്കു മടങ്ങിയെത്തി . ബാബുവിനായി ലഭിക്കാവുന്നതിലേയ്ക്കും ഏറ്റവും നല്ല ഭക്ഷണം തയ്യാറാക്കാനായിരുന്നു രാജു തന്റെ പാചകക്കാരോടു പറഞ്ഞേല്‍പ്പിച്ചിരുന്നത് .  രാജകീയഭക്ഷണം തന്നെ അവര്‍ ഓരോ നേരത്തേയ്ക്കും തീരുമാനിച്ചിരുന്നു . കൊതിപ്പിക്കുന്ന സുഗന്ധം അവിടെയാകെ എല്ലായ്പോഴും  വ്യാപരിച്ചു . ബാബുവിന് ഭക്ഷണം വളരെ ഇഷ്ടമായി . എല്ലാ വിഭവങ്ങളും രുചിച്ചു നോക്കി അയാൾ  അത്ഭുതപരതന്ത്രനായി . അന്നു രാത്രി  ഉറക്കറയിലേക്കു  പോകും മുമ്പ് രാജു ബാബുവിനോട് ഭക്ഷണമൊക്കെ ഇഷ്ടമായോ എന്നു ചോദിച്ചു.
" എങ്ങനെ ഇഷ്ടമാകാതിരിക്കും! എന്തൊക്കെ വിഭവങ്ങളായിരുന്നു. ഇത്ര സ്വാദുള്ളളതൊന്നും ഞാനിതുവരെ കഴിച്ചിട്ടേയില്ല." ബാബു മറുപടി പറഞ്ഞു
" ഓ,, അങ്ങനെയോ. നീ ഒന്നും പറയാതിരുന്നതുകൊണ്ട് ഇഷ്ടമായില്ലേ എന്നു സംശയം ഉണ്ടായിരുന്നു. നിന്റെ മുഖത്ത് ഒരു തൃപ്തിക്കുറവുപോലെ തോന്നി  "
" ഇത്ര രുചികരമായ ഭക്ഷണം ആര്‍ക്കാണിഷ്ടമാകാത്തത് . .... പക്ഷേ എന്തൊക്കെയായാലും ഇതിനേക്കാള്‍ എനിക്കു തൃപ്തി തരുന്നത്    എന്റെ  ഗ്രാമത്തിലെ  ഭക്ഷണം  തന്നെ രാജൂ "
ബാബുവിന്റെ വാക്കുകള്‍ കേട്ട് രാജുവിന് ആകെ നിരാശയായി. പിറ്റേ ദിവസത്തേ ഭക്ഷണം കൂടുതല്‍ മികച്ചതാക്കാന്‍ അയാള്‍ അപ്പോള്‍തന്നെ പ്രധാന പാചകക്കാരന് കല്‍പന കൊടുത്തു .
പിറ്റെദിവസം വിശിഷ്ടമായ പ്രാതല്‍ കഴിച്ച് നഗരക്കാഴ്ചകളുടെ വിസ്മയങ്ങളിലേയ്ക്കാണവര്‍ പോയത്. ഉച്ചഭക്ഷണത്തിനു വീട്ടിലെത്തിയപ്പോള്‍ നന്നേ വിശന്നിരുന്നു.  അതീവഹൃദ്യമായിരുന്നു ഏറെ സ്വാദിഷ്ടവും വിഭവസമൃദ്ധവുമായിരുന്ന ഉച്ചഭക്ഷണം. അല്പസമയത്തെ  വിശ്രമം  കഴിഞ്ഞ്  അവര്‍ വീണ്ടും വിനോദങ്ങളിലേര്‍പ്പെട്ടു . ചായയും പലഹാരങ്ങളും രാത്രി ഭക്ഷണവും ഒക്കെ ബാബുവിനെ അമ്പരപ്പിക്കുന്ന വിധത്തിലാക്കാന്‍ രാജു വളരെ ശ്രദ്ധിച്ചിരുന്നു . പക്ഷേ അന്നു രാത്രിയിലും കഴിഞ്ഞ ദിവസത്തെ അതേ അഭിപ്രായമാണു ബാബു പറഞ്ഞത്. തന്റെ ഗ്രാമത്തിലെ ഭക്ഷണമാണത്രേ മികച്ചത് !.

പിറ്റേ ദിവസം രാജു കൂടുതല്‍ ശ്രദ്ധാലുവായി. ഇനി എന്തായാലും നാണക്കേടു സഹിക്കവയ്യ. മത്സ്യമാംസാദികളും മറ്റെല്ലാസാധനങ്ങളും ഏറ്റവും മുന്തിയതുതന്നെ വാങ്ങാന്‍ കര്‍ശനമായി പറഞ്ഞേല്‍പ്പിച്ചു. പാചകത്തിനു നഗരത്തിലെ ഏറ്റവും മികച്ച പാചകക്കാരെ എത്തിക്കാനും രാത്രിതന്നെ ഏര്‍പ്പാടാക്കി. അന്നത്തെ ഭക്ഷണം ശരിക്കും ദേവലോകത്തുനിന്നു കൊണ്ടുവന്നതാണോ, എന്നുതോന്നിപ്പിക്കുംവിധം രുചികരവും അനേകവിഭവങ്ങളോടുകൂടിയതുമായിരുന്നു. പക്ഷേ  അന്നും രാത്രി ബാബുവിന്റെ അഭിപ്രായത്തിനു മാറ്റംവന്നില്ല. രാജുവിന്റെ നിരാശ അതിന്റെ പാരമ്യത്തിലെത്തി. ഒരുപക്ഷേ ഗ്രാമത്തിലെ ശുദ്ധമായ മണ്ണും ജലവും സസ്യജാലവും ഒക്കെ അവിടുത്തെ ഭക്ഷണത്തിനു കൂടുതല്‍ സ്വാദേകുന്നുണ്ടായിരിക്കാം . അവര്‍ കര്‍ഷകരായതുകൊണ്ട് എല്ലാം തങ്ങളുടെ കൃഷിസ്ഥലത്തെ മികച്ച പദാര്‍ത്ഥങ്ങളാല്‍ തയ്യാറാക്കുന്നതായിരിക്കും. വിഭവങ്ങളും ധാരാളമുണ്ടാകും . അതീവ സ്വാദുള്ള  കാട്ടുമാംസവും കാട്ടുചോലയിലെ മത്സ്യങ്ങളും ഒക്കെയാവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എന്തായാലും ഇനി മത്സരിക്കാനില്ല എന്നയാള്‍ തീര്‍ച്ചയാക്കി തോല്‍വി സമ്മതിച്ചു. . തുടര്‍ന്നുള്ള ദിവസങ്ങളിലും വിഭവങ്ങള്‍ക്കോ സ്വാദിനോ കുറവൊന്നും വരുത്തിയില്ല. എങ്കിലും അഭിപ്രായമൊന്നും അയാള്‍ ബാബുവിനോടു ചോദിച്ചില്ല .

ഒടുവില്‍ ബാബുവിനു മടങ്ങേണ്ട ദിവസമെത്തി . വളരെ സങ്കടത്തോടെയായിരുന്നു ഇരുവരും യാത്രപറഞ്ഞു പിരിഞ്ഞത് . വേനല്‍ക്കാലത്തെ നഗരത്തിലെ കൊടും ചൂടില്‍ നിന്നു രക്ഷപ്പെട്ട് തന്റെ മലയോരഗ്രാമത്തിലെ വീട്ടില്‍ കുറച്ചു ദിവസം കഴിയാന്‍ രാജുവിനെ  ക്ഷണിച്ചിട്ടാണു  ബാബു മടങ്ങിയത് . രാജു ആ ദിനങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി . അവിടുത്തെ അതിഗംഭീരമായ ഭക്ഷണം രുചിക്കാന്‍ അയാളുടെ നാവിനു ധൃതിയായിരുന്നു.

ഒടുവില്‍ ആ ദിനങ്ങള്‍ മുമ്പിലെത്തി. വേനല്‍ മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ ഏസിയിലെ തണുപ്പില്‍നിന്നു പ്രകൃതി കനിഞ്ഞുനല്‍കുന്ന സുഖകരമായ കാലാവസ്ഥയുള്ള ഹൈറേഞ്ചിലേയ്ക്കയാള്‍ യാത്രയായി. യാത്രയിലുടനീളം അവിടെ ലഭിക്കുന്ന അതിവിശിഷ്ടമായ ഭക്ഷണത്തേക്കുറിച്ചയാള്‍ ദിവാസ്വപ്നം കണ്ടു. താനിതുവരെ രുചിച്ചിട്ടില്ലാത്ത വിഭവങ്ങളെ അയാള്‍ സങ്കല്‍പചിത്രങ്ങളാക്കി. ഒടുവില്‍ ഒരു വൈകുന്നേരമാണ് അയാള്‍ ബാബുവിന്റെ ഗ്രാമത്തിലെത്തിയത്. പച്ചപ്പു നിറഞ്ഞ മലകളും താഴ്വരകളും ചോലകളും പുഴകളും കൊച്ചുകൊച്ചു ഭംഗിയുള്ള വീടുകളുമുള്ള മനോഹരമായ ഗ്രാമം. വിവിധവര്‍ണ്ണങ്ങളിലെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന തൊടികളും വഴിയോരങ്ങളും .അവയുടെ സുഗന്ധം അന്തരീക്ഷമാകെ നിറഞ്ഞു നില്‍ക്കുന്നു  . എവിടെയും ശാന്തിയും സമാധാനവും നല്‍കുന്ന നിശ്ശബ്ദത. ഇടയ്ക്ക് ആ നിശ്ശബ്ദതയ്ക്കു  ഭംഗം വരുത്തുന്ന പക്ഷികളുടെ കളകൂജനം . വല്ലപ്പോഴും മാത്രമാണു വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്. അതിമനോഹരമായ ഒരു സ്വപ്നംപോലെ അയാളാ കാഴ്ചകള്‍ ആസ്വദിച്ചു. ഒടുവില്‍ അയാള്‍ കാത്തിരുന്ന ഭക്ഷണസമയം എത്തി . രാജുവും ബാബുവും മറ്റു മുടുംബാംഗങ്ങളും താഴെ വിരിച്ച പായയിലിരുന്നു. ബാബുവിന്റെ ഭാര്യ എല്ലാവരുടേയും മുമ്പില്‍ ഭക്ഷണം വിളമ്പി. ഒരു പാത്രത്തില്‍ കഞ്ഞി. കൂട്ടാന്‍ ചമ്മന്തിയും പുഴുക്കും അച്ചിങ്ങ മെഴുക്കുപുരട്ടിയും മോരുകറിയും പപ്പടംചുട്ടതും . സന്തോഷമായി അവര്‍ അത്താഴം കഴിച്ചു. രാജുവിന് അല്പം  ശങ്ക തോന്നാതിരുന്നില്ല. ഒരുപക്ഷേ വൈകുന്നേരം എത്തിയതുകൊണ്ട് വിഭവങ്ങള്‍ ഒരുക്കാന്‍ സമയം കിട്ടിയിരിക്കില്ല. അയാള്‍ അങ്ങനെ ആശ്വസിച്ചു .

രാവിലെ നല്ല പാലൊഴിച്ചെടുത്ത കാപ്പി കുടിച്ച്, മധുരമേറിയ വാഴപ്പഴവും കഴിച്ച്  അവര്‍ ബാബുവിന്റെ കൃഷിസ്ഥലത്തേക്കിറങ്ങി. ചില കൃഷികളൊക്കെ നോക്കി തിരികെയെത്തുമ്പോള്‍ പ്രാതല്‍ തയ്യാറായിരുന്നു. നല്ല മരച്ചീനി പുഴുങ്ങിയതും, കാന്താരിമുളകും ഉള്ളിയും ചേര്‍ത്തുടച്ചത് വെളിച്ചെണ്ണയൊഴിച്ചെടുത്ത ചമ്മന്തിയും ഉണക്കമീന്‍ വറുത്തതും . രാജുവിന് അതൊന്നും തീരെ ഇഷ്ടമായില്ലെങ്കിലും അനിഷ്ടമൊന്നും കാണിക്കാതെ അതൊക്കെക്കഴിച്ചു. ഉച്ചയ്ക്കൂണിനും ചോറും  മീന്‍കറിയും എന്തോ ഒരു തോരനും തൈരും  രസവും പപ്പടവും. ഇടനേരങ്ങളില്‍ തൊടികളില്‍ വിളഞ്ഞുപഴുത്ത, വിവിധസ്വാദുകളിലെ പഴങ്ങള്‍ ബാബുവിന്റെ മക്കള്‍ ശേഖരിച്ചു കൊണ്ടുവന്നുകൊടുത്തു .  ഭക്ഷണത്തില്‍ വലിയ മാറ്റമൊന്നുമില്ലാതെ അടുത്ത ദിവസവും കടന്നുപോയി. രാജു പ്രതീക്ഷിച്ച വിശിഷ്ടവിഭവങ്ങളൊന്നും അയാള്‍ക്കു മുന്നിലെത്തിയില്ല. മൂന്നാംദിവസം ക്ഷമകെട്ടു എന്നുതന്നെ പറയാം . പിറ്റേന്നു രാവിലെ പുറപ്പെടണം . എന്തായാലും അതിനുമുന്‍പ് അതു ചോദിക്കാതെ വയ്യ. ഒടുവില്‍ ഉറങ്ങാന്‍ പോകുംമുമ്പ് രാജു വളരെ വിനയത്തോടെതന്നെ ബാബുവിനോടു ചോദിച്ചു
" ബാബൂ, നാളെ രാവിലെ ഞാന്‍ മടങ്ങിപ്പോവുകയാണ്. അതിനുമുമ്പ് നിന്നോട് ഒരു കാര്യം ചോദിച്ചോട്ടേ. അന്നു നീ അവിടെ വന്നപ്പോള്‍ ഏറ്റവും നല്ല ഭക്ഷണമൊരുക്കി വിരുന്നുതന്നിട്ടും നീ എല്ലായ്പ്പോഴും പറഞ്ഞത് നിന്റെ ഗ്രാമത്തിലെ ഭക്ഷണമാണു അതിനേക്കാള്‍ ഗംഭീരമെന്ന്. പക്ഷേ ഞാനിവിടുന്നു കഴിച്ചതൊക്കെ സാധാരണ ഭക്ഷണം മാത്രം . എന്തുകൊണ്ടാണ് എനിക്കാ വിശിഷ്ടമായ ഭക്ഷണങ്ങളൊന്നും തരാതിരുന്നത്?"
ഒട്ടൊന്ന് അമ്പരന്ന ബാബു മെല്ലെ ഭാവംമാറ്റി ചിരിച്ചുകൊണ്ടു പറഞ്ഞു.
" അതിനേക്കാള്‍ ഗംഭീരമായ ഭക്ഷണമോ! അങ്ങനെയൊന്ന് ഇവിടെ ചിന്തിക്കാനേ ആവില്ല. ഞങ്ങള്‍ പാവപ്പെട്ട  കര്‍ഷകരാണ്. ഞങ്ങളുടെ വരുമാനവും കൃഷിയെ അവംലംബിച്ചുകിട്ടുന്ന തുച്ഛമായതാണ്. ഞങ്ങളുടെ ഭക്ഷണവും ജീവിതത്തിനു യോജിച്ചരീതിയില്‍   ലളിതവും എന്നാല്‍ പോഷകസമൃദ്ധവും ആയിരിക്കും . അമിതഭക്ഷണം ഞങ്ങളെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തും . അതുകൊണ്ട് ആവശ്യത്തിനു മാത്രം കഴിക്കുന്നതാണു ഞങ്ങളുടെ ശീലം .ഇവിടെ ഞങ്ങളുടെ ഭക്ഷണം  ഒരിക്കലും നീ എനിക്കു നല്‍കിയ ഭക്ഷണത്തോടു കിടപിടിക്കാവുന്നതല്ല. പക്ഷേ ഞങ്ങള്‍ ഇതാണു ശീലിച്ചത്. അതുകൊണ്ടുതന്നെ ഇതു  ഞങ്ങള്‍ക്ക് കൂടുതല്‍ തൃപ്തികരം . ഞാനത്രയേ അന്നും ഉദ്ദേശിച്ചുള്ളൂ"

രാജുവിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. അയാള്‍ കുറ്റബോധംകൊണ്ടു വീര്‍പ്പുമുട്ടി. തന്റെ  പാവം സുഹൃത്തിനെ സ്നേഹത്തോടെ ആലിംഗനംചെയ്തു . പിന്നെ യാത്രപറഞ്ഞ്  വാഹനത്തില്‍കയറി. കാഴ്ചയില്‍നിന്നു മറയുംവരെ അയാള്‍ കൈ വീശിക്കൊണ്ടിരുന്നു. എന്തൊക്കെയോ നന്മകള്‍ ആ മനസ്സില്‍ നിറയ്ക്കാന്‍ മലഞ്ചെരുവില്‍ നിന്നെത്തിയൊരു കാറ്റ് അയാളെ പിന്‍തുടര്‍ന്നിരുന്നു അപ്പോള്‍ .

Monday, October 17, 2016

കുട്ടിപ്പാട്ട്

പൊന്നുണ്ണിപ്പൈതലേ കണ്ണുതുറക്കുക
പൊന്നുഷസ്സെത്തി , അറിഞ്ഞതില്ലേ
വാനിലെ മാളികപ്പൂജാമുറിയതില്‍
അര്‍ക്കന്‍  വിളക്കു കൊളുത്തി വെയ്ക്കും.
ആ ദീപരശ്മികള്‍ താഴത്തണഞ്ഞിട്ടു
മൊട്ടായ മൊട്ടൊക്കെ പൂക്കളാക്കും
മാനത്തു മിന്നിയ നക്ഷത്രച്ചിന്തുകള്‍
ചിത്രശലഭങ്ങളായിങ്ങെത്തും
പൂമണം പേറിപ്പരന്നൊഴുകുന്നൊരു
കാറ്റിന്റെ ചേലയിലൂയലാടി
കുഞ്ഞുകിളികള്‍ പറന്നു നടക്കുന്നു
പാട്ടുകള്‍ പാടി രസിച്ചിടുന്നു .
നീമാത്രമെന്തേ ഉറങ്ങുന്നു പൊന്നുണ്ണീ
വേഗമുറക്കമുണര്‍ന്നെണീല്‍ക്കൂ..
കാത്തിരിക്കുന്നൊരു ചങ്ങാതിക്കൂട്ടരോ-
ടൊത്തു കളിച്ചു മദിച്ചിടേണ്ടേ 
പാഠങ്ങളെത്ര പഠിക്കുവാനുണ്ടിനി
പള്ളിക്കുടത്തിലും പോകവേണ്ടേ
അച്ഛന്‍ വിളിക്കുന്നു, അമ്മ വിളിക്കുന്നു
എന്തേ ഉറക്കം വെടിഞ്ഞിടാത്തേ..


Thursday, October 6, 2016

My prayer

Oh! Dear Morning Sun
Before your tender rays
Kiss my sleeping eyelids
To wake me up to this
Glorious day break..
Please give strength..
To stretch my hands
To help a needy friend,
To wipe the rolling tears
Of a grieving child...
And to support  slipping
Old feet who lost eyesight.
It's my wish, it's my prayer.

Tuesday, October 4, 2016

പരുന്തും പാറ

പരുന്തും പാറ
----------------------
ഇടുക്കി ജില്ല എന്നാല്‍ പ്രകൃതി സൗന്ദര്യത്തിന്റെ കേദാരം എന്നൊരു നിര്‍വ്വചനം കൊടുക്കാം . മനുഷ്യനിര്‍മ്മിതമല്ലാത്തതൊക്കേയും സ്വാഭാവികസൗന്ദര്യത്തിന്റെ ദൈവസ്പര്‍ശങ്ങളാണ്. ഇത്രമേല്‍ കലാവിരുതുള്ള ആ കരങ്ങളെ മനസ്സാ പ്രണമിച്ചു പോകുന്ന സൃഷ്ടിവൈഭവമാണ് എവിടെയും കാണാന്‍ കഴിയുക. പക്ഷേ ഈ മനോഹാരിതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന എന്നേപ്പോലുള്ളവര്‍ക്ക് അവിടുത്തെ ഏതെങ്കിലുമൊരു പ്രത്യേക കാഴ്ചയോടു അസാധാരണമായൊരു മമതയോ വിരക്തിയോ തോന്നുകയില്ലെന്നതു വാസ്തവം . വര്‍ഷങ്ങളായുള്ള മുംബൈയിലെ ജീവിതം അപൂര്‍വ്വമായി മാത്രമേ ഈ സൗന്ദര്യാസ്വാദനത്തിനു അവസരം നല്‍കുന്നുള്ളു . വല്ലപ്പോഴും ലഭിക്കുന്ന ഈ സൗഭാഗ്യങ്ങളെ വിവരിക്കാന്‍ വാക്കുകളില്ല എന്നതാണു സത്യം .
പരുന്തുമ്പാറ എന്റെ വീട്ടില്‍ നിന്ന് ഒരുപാടകലെയൊന്നുമല്ല. എങ്കിലും ഇക്കഴിഞ്ഞ ഓണക്കാലത്തു നാട്ടില്‍ പോയപ്പോഴാണ് ആദ്യമായി അവിടം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായത് . ഏതാണ്ട് ഒരുമണിക്കൂര്‍ യാത്രയേയുള്ളു. ഞങ്ങള്‍ ആദ്യം അയ്യപ്പന്‍കോവില്‍ ക്ഷേത്രദര്‍ശനം നടത്തി. ഇത്തവണ മഴ തീരെ കുറവായിരുന്നതിനാല്‍ ഒട്ടും വെള്ളമുണ്ടായിരുന്നില്ല. ക്ഷേത്രത്തിനടുത്തുവരെ കാറെത്തും . അതുകൊണ്ട് വലിയ തൂക്കുപാലം കയറേണ്ടി വന്നില്ല. എങ്കിലും സ്ഫടികതുല്യമായ ജലമൊഴുകുന്ന പെരിയാറും ചുറ്റുമുള്ള പച്ചപ്പും അതിനു നടുവില്‍ ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ പണിതുയര്‍ത്തിയ ക്ഷേത്രവും ഒക്കെ കണ്ണുകള്‍ക്കു ദൃശ്യവിരുന്നൊരുക്കി നില്‍ക്കുന്നു.
ക്ഷേത്രത്തില്‍ നിന്നു പരുന്തുമ്പാറയിലേയ്ക്കായിരുന്നു യാത്ര. കുട്ടിക്കാനത്തു നിന്ന് കുമളി റൂട്ടില്‍ പീരുമേടിനടുത്താണ് പരുന്തുമ്പാറ എന്ന പ്രകൃതിമനോഹരി. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര് എന്നു മനസ്സിലായില്ല. ആ പ്രദേശത്തിന് ഒരു പരുന്തിന്റെ ആകൃതി ഉണ്ടെന്നു പറയുന്നു. ചുറ്റുമുള്ള മലകളുടെ കാഴ്ചകള്‍ ഒരു പക്ഷിയുടെ കണ്ണിലൂടെ എന്നവണ്ണം അനന്തമായി കാണാന്‍ കഴിയും . നോക്കിനില്‍ക്കെ കാഴ്ചയെ മറച്ച് മൂടല്‍മഞ്ഞ് പടര്‍ന്നു കയറും. ചിലപ്പോള്‍ എന്തോ എടുക്കാന്‍ മറന്നതുപോലെ തിടുക്കത്തില്‍ ഈ മൂടല്‍ മഞ്ഞ് കുന്നിറങ്ങി താഴേയ്ക്കു പോകും. അപ്പോള്‍ മുമ്പില്‍ തെളിയുന്ന മലകളും വെള്ളിയുരുക്കി ഒഴിച്ചതുപോലുള്ള അരുവികളും ഒക്കെ ഒരു സുന്ദര സ്വപ്നം പോലെ. പുല്‍മേടുകളിലെ കാറ്റിന്റെ കൈപിടിച്ച് അവിടെയൊക്കെ ഇറങ്ങിനടന്നു കാണാം . വിശാലമായ പാറകളില്‍ വളര്‍ന്നു നില്‍ക്കുന്ന കൊച്ചു ചെടിപ്പടര്‍പ്പുകളില്‍ വിടര്‍ന്നു വിലസുന്ന കാട്ട്പൂക്കളുടെ ഭംഗി നുകരാം. ആവോളം ശുദ്ധവായു ശ്വസിക്കാം . കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലും മലഞ്ചെരുവിലുമൊക്കെ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടസാധ്യതയുണ്ട് എപ്പോഴും ഓര്‍മ്മയില്‍ വെയ്ക്കണം .
അവിടെ കാണുന്ന ഒരു പാറക്കെട്ടിന് നീണ്ട മൂക്കും , വളര്‍ന്നിറങ്ങിയ താടിയുമുള്ള ഒരു മുത്തശ്ശന്റെ മുഖത്തിന്റെ രൂപമാണ്. ടാഗോറിന്റെ മുഖത്തോടുള്ള സാമ്യം കൊണ്ടായിരിക്കണം അതിന് ടാഗോര്‍പാറയെന്നാണു പേരിട്ടിരിക്കുന്നത് . പല ചലച്ചിത്രങ്ങളുടേയും പശ്ചാത്തലമായിട്ടുള്ള പ്രദേശമാണ് പരുന്തും പാറ . ഭ്രമരം എന്ന പ്രസിദ്ധമായ ചിത്രത്തില്‍ മോഹന്‍ ലാല്‍ വാഹനമോടിച്ചു കൊണ്ടുപോകുന്ന ഒരു സീന്‍ ഇവിടെയാണ് എടുത്തിരിക്കുന്നത് .( ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിൽ കുട്ടികൾ കപ്പയും മീനും കഴിച്ചിട്ട് കൈ കഴുകുന്നയിടത്തു നിന്ന് കാണുന്നത് ഈ ടാഗോർ പാറയാണ് )  .അന്തരീക്ഷം പ്രസന്നമാണെങ്കില്‍ ശബരിമലയുടെ ദൂരക്കാഴ്ചയും ഇവിടെ നിന്ന് ലഭിക്കുമത്രേ .മകരവിളക്കു കാലത്ത് ജ്യോതി കാണാന്‍ ഇവിടെ വലിയ തിരക്കുണ്ടാകുമെന്നു പറയുന്നു .
ഒരുദിവസം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് പരുന്തുമ്പാറ. അത്യാവശ്യം ഭക്ഷണമൊക്കെ കൂടെ കരുതണമെന്നു മാത്രം . താമസസൗകര്യങ്ങളൊന്നും ഇവിടെ ലഭ്യമല്ലാത്തതിനാല്‍ കുട്ടിക്കാനത്തോ കുമളിയിലോ എത്തേണ്ടിവരും അതിനായി . പരുന്തുമ്പാറയിലേയ്ക്കുള്ള യാത്ര ഒരിക്കലും ഒരു സമയനഷ്ടമാകില്ല പ്രകൃതിസ്നേഹികള്‍ക്ക് .ഇല്ലിക്കല്‍ കല്ല്

ഇല്ലിക്കല്‍ കല്ല്
.
ഇങ്ങനെയൊരു സ്ഥലത്തേക്കുറിച്ച് മുമ്പൊരിക്കലും കേട്ടിരുന്നില്ല. നാട്ടില്‍ പോയിയുള്ള മടക്കയാത്രയിലാണ് അപ്രതീക്ഷിതമായി ഈ മനോഹരമായ വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിക്കാനിടയായത്. വാഗമണ്ണില്‍ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്കുള്ള വഴിയില്‍ തീക്കോയിക്കടുത്തായി ആണ് ഇല്ലിക്കല്‍ കല്ല്. താമരശ്ശേരി ചുരം അനുസ്മരിപ്പിക്കുന്ന വളഞ്ഞു പുളഞ്ഞ മലമ്പാത. ഇടയ്ക്കു വെച്ചു കണ്ട സുമുഖനായ ചെറുപ്പക്കാരനോട് വഴി ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസിപ്പിക്കുന്നതായിരുന്നു.
" നല്ല സൂപ്പര്‍ റോഡാ . ഉഗ്രന്‍ വളവും തിരിവും " .
വളഞ്ഞു പുളഞ്ഞു കയറി കുത്തനെ കിടക്കുന്ന മലമുകളിലെത്തുമ്പോഴുള്ള കാഴ്ച മനോഹരം. വാഹനങ്ങളുടെ നീണ്ട നിരതന്നെ പാതയില്‍. അത്രയധികം വിനോദസഞ്ചാരികള്‍ അവിടെ എത്തിയിരുന്നു ഓണാവധി ആഘോഷിക്കാന്‍ .
3400 അടിയിലധികം ഉയരത്തിലുള്ള ഗിരിശിഖരങ്ങളും രണ്ടു വലിയ പാറയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏതാനും ചില കടകളുള്ളതൊഴിച്ചാല്‍ മനുഷ്യന്റെ കടന്നുകയറ്റം ഒട്ടും ഇല്ല തന്ന. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഒട്ടും സാധ്യത ഇല്ല. അതിനാല്‍ തന്നെ അപകടം പതിയിരിക്കുന്ന ചെങ്കുത്തായ പാറയും കീഴ്ക്കാം തൂക്കായ മലഞ്ചെരിവുകളും വളരെ ശ്രദ്ധിക്കേണ്ടതുണ്ട് .

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് ഇല്ലിക്കല്‍ മല. അവിടെയുള്ള ഭീമാകാരത്തിലുള്ള ഇല്ലിക്കല്‍ കല്ലിന്റെ ഒരുഭാഗം അടര്‍ന്നു പോയതാണ്. ബാക്കി ഭാഗം ആണ് ഇപ്പോഴുള്ളത് .
കൂണുപോലെ നില്‍ക്കുന്ന കുടക്കല്ല് എന്ന മല നീലിക്കൊടുവേലിയാല്‍ സമൃദ്ധമാണെന്നു പറയപ്പെടുന്നു. (കാണാന്‍ കഴിഞ്ഞില്ല) . പാറ ഒരു കൂനുപോലെ തോന്നിപ്പിക്കുന്ന കൂനുകല്ലാണ് രണ്ടാമത്തെ മല. ഈ പാറയെ ബന്ധിപ്പിക്കുന്ന നരകപ്പാലം എന്നൊരു ഇടുങ്ങിയ പാലവും ഉണ്ട്. സാഹസികരായ മലകയറ്റക്കാര്‍ക്ക് ഏറെ ഇഷ്ടമാകും ഇവിടം . വളരെ പ്രസന്നമായ കാലാവസ്ഥയാണെങ്കില്‍ അങ്ങുദൂരെ അറബിക്കടല്‍ ഈ മലമുകളില്‍ നിന്നു കാണാമത്രേ. ഇവിടെ നിന്നുള്ള അസ്തമയ ദൃശ്യവും എതിര്‍ വശത്തെ ചന്ദ്രോദയവുമൊക്കെ ഏറെ ഹൃദ്യമായ കാഴ്ചകള്‍ ! പിന്നെ ചുറ്റുപാടും പലയിടങ്ങളില്‍ നിന്നായി വെള്ളച്ചാട്ടങ്ങള്‍ ഒഴുകി താഴെയൊഴുകിപ്പോകുന്ന മീനച്ചിലാറ്റില്‍ പതിക്കുന്നു. കട്ടിക്കയം എന്ന വെള്ളച്ചാട്ടം ഇവിടെയടുത്താണ്. ഇവയൊക്കെ കൂടി സിനിമ ഷൂട്ടിംഗിന് ഏറെ അനുയോജ്യമാക്കുന്നു ഇല്ലിക്കല്‍ കല്ലിനെ .
പക്ഷേ മഴയും മൂടല്‍മഞ്ഞും ഒക്കെയായി ഞങ്ങള്‍ക്ക് അത്ര നല്ല കാഴ്ചകളൊന്നും ലഭിച്ചില്ല. ഇല്ലിക്കല്‍ കല്ലു തന്നെ നോക്കി നില്‍ക്കെ മഞ്ഞു വന്നു മൂടിപ്പോയി. നന്നായി ഒരു ഫോട്ടോ എടുക്കാന്‍ പോലും കഴിഞ്ഞില്ല. എങ്കിലും ഒന്നുറപ്പാണ്. വിനോദസഞ്ചാരമേഖലയില്‍ അനന്തസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന അനുഗൃഹീതമായൊരു പ്രദേശമാണ് ഇല്ലിക്കല്‍ കല്ല്.

Monday, October 3, 2016

ഇനിയൊരു യാത്ര

ഇനിയൊരു യാത്ര
.
ഒരു യാത്ര പോകുവാന്‍ ബാക്കിയാണൊരു
ദീര്‍ഘയാത്ര മാത്രമിനി ദൂരേക്കു പോകുവാന്‍
സ്വപ്നങ്ങള്‍, നഷ്ടങ്ങള്‍ - എല്ലാം നിറച്ചൊരെന്‍ 
ഹൃദയഭാണ്ഡം കടല്‍ച്ചുഴിയില്‍ കളഞ്ഞിട്ടു 
തഴുകുന്ന തിരയോടു വിടയൊന്നു ചൊല്ലാതെ 
തുള്ളിക്കളിക്കുന്ന കാറ്റിനെ നോക്കാതെ ...
എവിടെത്തുടങ്ങുമെന്നറിയില്ല, ആരൊക്കെ 
സഹയാത്രയ്ക്കെന്നൊപ്പമുണ്ടെന്നുമറിയില്ല 
എങ്കിലും പോകണം, ദൂരെയങ്ങതിദൂരെ
ഓര്‍മ്മതന്‍ കുടമുല്ല പൂക്കാത്ത വാടിയില്‍ 
സ്വപ്നം വിതയ്ക്കാത്തെ രാവിന്നിരുൾവയൽ-
ക്കോണിലൊരു നിദ്രതന്‍ ചെറുചാലൊഴുക്കുവാന്‍ 
അതിലെന്റെ മറവിതന്‍ കടലാസു തോണികള്‍ 
മെല്ലെയൊഴുക്കിയൊരു നെടുവീര്‍പ്പുതിര്‍ക്കണം.
മിഴിനീരു വറ്റി വരണ്ടൊരെന്‍ കണ്‍കളില്‍  
നിറയുന്ന ശുന്യതാമേഘജാലങ്ങള്‍തന്‍ 
നിറമാരിവില്ലിന്റെ വര്‍ണ്ണം നിറയ്ക്കുവാന്‍ 
ചക്രവാളത്തിലെ ചായങ്ങള്‍ തേടണം 
പാഥേയമില്ലാതെ പോകുമീ യാത്രയില്‍ 
മഞ്ഞിന്‍ കണങ്ങളെന്‍ പൈദാഹമാറ്റണം 
മുമ്പേ നടന്നവര്‍ വഴിയില്‍ കൊഴിച്ചിട്ട 
ചെമ്പകപ്പൂക്കള്‍തന്‍ ഗന്ധം നുകരണം 
ഇല്ലെനിക്കൊന്നുമീ യാത്രയില്‍ പങ്കിടാന്‍ 
ഹൃദയം മഥിക്കുന്ന ദുഃഖങ്ങള്‍ പോലും 
ഏകാന്തമാകുന്ന വീഥികള്‍ താണ്ടുവാന്‍ 
സ്നേഹത്തിന്‍  കുടയൊന്നു തണല്‍ നല്ക വേണ്ടാ 
പോകണം, അകലെ,യങ്ങതിദൂരെ, ഓര്‍മ്മകള്‍ 
കുടമുല്ലപ്പൂമണം ചൊരിയാത്ത വാടിയില്‍ 
.Friday, August 26, 2016

ചില കാപ്പി വിചാരങ്ങള്‍

ചില കാപ്പി വിചാരങ്ങള്‍
===========
എല്ലാവരും നാലുമണിക്കാപ്പി കുടിച്ചോ ?
ഞങ്ങള്‍ ഹൈറേഞ്ചുകാര്‍ക്ക് ചായയേക്കാള്‍ കാപ്പിയാണു പ്രിയം . പ്രധാനകാരണം അവരവരുടെ വീട്ടില്‍ തന്നെ ഉത്പാദിപ്പിച്ച കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കുന്ന കാപ്പിയാണെന്നതു തന്നെ. ഒരു കലത്തില്‍ തിളച്ച കാപ്പി കുഴിയടുപ്പില്‍ സദാ വെച്ചിരിക്മ്കും. .എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ കാപ്പി കുടിക്കും . വീട്ടില്‍ ആരെങ്കിലും വന്നാലോ, അവര്‍ക്കും കൊടുക്കും ഒരടിയെങ്കിലും ഉയരമുളള ഗ്ലാസ്സ് നിറയെ കാപ്പി. പാലോ, ചിലപ്പോഴെങ്കിലും പഞ്ചസ്സാരയോ നിര്‍ബ്ബന്ധമില്ലെന്നതും ഞങ്ങളുടെ ഒരു പ്രത്യേകമായ കാപ്പിസ്നേഹത്തിന്റെ ഉദാഹരണം. മധുരത്തിനു വേണമെങ്കില്‍ ചക്കര(കരുപ്പെട്ടി)യോ ശര്‍ക്കരയോ ചേര്‍ത്തു കുടിക്കുന്ന ശിലവും ഉണ്ട്. ആരോഗ്യത്തിനും അതാണു നല്ലത്  .എന്തായാലും കാപ്പി കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. തണുപ്പു കാലത്തു കൊടും തണുപ്പു മാറ്റാനും ഇടയ്ക്കിടെ കാപ്പി കുടിക്കുന്നതു ഒരു ആശ്വാസം . പരീക്ഷക്കാലത്തു പഠിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാനും കാപ്പി സഹായം ആണ്. 
എല്ലാ വീട്ടിലും കാപ്പി ഉണ്ടെന്നുള്ളതു സത്യം .പക്ഷേ പലപ്പോഴും കൂറച്ചു പിശുക്കു കൂടുതലുള്ളവര്‍ കാപ്പിക്കുരു മുഴുവനും വിറ്റു കാശാക്കിയിട്ട് അതിന്റെ തൊലിയാവും വറുത്തു പൊടിച്ചു കാപ്പിയുണ്ടാക്കുന്നത്. ഒരു സ്വാദുമില്ലാത്ത കാപ്പിയാണത് .ഗുണവും മണവും ഒന്നുമില്ലാത്ത കടുത്ത നിറത്തിലെ വെള്ളം .

എനിക്ക് കാപ്പി കുടിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍  ഓര്‍ക്കാനിഷ്ടമുള്ളത് കാപ്പിപ്പൂക്കളുടെ വെണ്മയും  സുഗന്ധവുമാണ്. മഞ്ഞുകാലത്താണ് കാപ്പിയുടെ വസന്തകാലം .   പൂവിരിയുന്ന പ്രഭാതങ്ങളില്‍ കാപ്പിപ്പൂവിന്റെ സ്വര്‍ഗ്ഗീയസൗരഭ്യം പരിസരമാകെ നിറഞ്ഞു നില്‍ക്കും .
അതനുഭവിക്കുക എന്നത് ജീവിതത്തിലെ തന്നെ ഭാഗ്യനിമിഷങ്ങളാണ്. കാപ്പിയുടെ പൂക്കാലം മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമേ നീണ്ടു നില്‍ക്കൂ . ആ നാളുകളില്‍ മലഞ്ചെരുവുകളാകെ വെള്ളപ്പട്ടു പുതച്ചു കിടക്കുന്ന നയനാനന്ദകരമാണ്.  പിന്നെ വെളുത്തപൂക്കള്‍ നിറം മങ്ങി ഉണങ്ങിക്കൊഴിയും. അതിനിടയില്‍ പരാഗണം നടന്ന് കാപ്പിപ്പൂക്കള്‍ കായ്കളാകാന്‍ തുടങ്ങിയിരിക്കും അപ്പോള്‍ . കാപ്പി പൂക്കുന്ന കാലത്ത് മഞ്ഞോ ചാറ്റല്‍ മഴയോ പെയ്യുന്നത് നല്ല വിളവിനു വളരെ സഹായകവുമാണ്. കര്‍ണ്ണാടകയില്‍ ഇങ്ങനെ പെയ്യുന്ന മഴ അറിയപ്പെടുന്നതു തന്നെ കാപ്പിപ്പൂവിന്റെ പേരിലാണ്.   ആറേഴു മാസങ്ങളെടുക്കും മരതകമുത്തുകള്‍   പാകമായി പഴുത്തു ചുവന്നു തുടുക്കാന്‍ . റോബസ്റ്റ എന്നയിനം കാപ്പി പാകമാകാന്‍ 9 മാസം വേണ്ടിവരും
 .അറബിക്കാപ്പി വേഗം പഴുത്തു തുടങ്ങും .  കാപ്പിക്കുരു ഒക്കെ കൈ കൊണ്ടു പറിച്ചെടുത്ത് ഉണങ്ങി സൂക്ഷിക്കുകയാണു ചെയ്യുന്നത് .പണ്ടൊക്കെ വീട്ടില്‍ തന്നെ , ആവശ്യമുള്ളപ്പോള്‍ കുരു കുത്തി തൊലികളഞ്ഞു പരിപ്പെടുത്തു വറുത്ത്  പൊടിച്ചായിരുന്നു കാപ്പിപ്പൊടി തയ്യാറാക്കിയിരുന്നത് .ഇപ്പോള്‍ ഉണങ്ങിയ കാപ്പിക്കുരു മില്ലില്‍ കൊടുത്താല്‍ അതിനുള്ള പൊടിയുമായി നിമിഷങ്ങള്‍ക്കകം വീട്ടിലെത്താം .

  ഇപ്പോള്‍ കാപ്പിയേക്കുറിച്ചോര്‍ക്കാനും എഴുതാനും ഇടയാക്കിയത് മറ്റൊരറിവാണ്. അമിതവണ്ണം കുറയ്ക്കാന്‍  കാപ്പി ഉത്തമ ഔഷധമാണത്രേ.  പക്ഷേ വറുത്തുപൊടിച്ച കാപ്പി അല്ല, ഇത്  ഗ്രീന്‍ കാപ്പി. ഗ്രീന്‍ ടീയേക്കുറിച്ചേ ഇത്രകാലവും കേട്ടിരുന്നുള്ളു . ഗ്രീന്‍ കാപ്പി എന്നത് പുതിയ അറിവാണല്ലോ . ഒന്നുകില്‍  പച്ചക്കാപ്പിക്കുരു ജ്യൂസ് ആക്കി കുടിക്കുക. അല്ലെങ്കില്‍ ഉണങ്ങിയ കാപ്പിപ്പരിപ്പ്  അങ്ങനെ തന്നെ പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ചു കുടിച്ചാല്‍ മതിയത്രേ.  അതുമല്ലെങ്കില്‍ കാപ്പിപ്പരിപ്പ് വെള്ളത്തില്‍ ഇട്ടു വെച്ച്  കുതിര്‍ത്തശേഷം നന്നായി തിളപ്പിച്ച് ആവെള്ളം കുടിച്ചാലും മതി പോലും . മധുരത്തിന് അല്‍പം തേന്‍ കൂടി ചേര്‍ക്കാം . ഏലത്തിന്റെ മണവും സ്വാദും ഇഷ്ടമുള്ളവര്‍ക്ക് അതും ആകാം. എന്തായാലും പൊണ്ണത്തടി വളരെ വേഗം കുറയ്ക്കാന്‍ ഈ പാനീയത്തിനു കഴിയുമെന്നാണ് ഗ്രീന്‍ കോഫിയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. അതു പൂര്‍ണ്ണമായും ശരിയോ എന്ന് പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷേ , ദോഷമൊന്നും വരാന്‍ സാധ്യതയില്ല എന്നു ദീര്‍ഘകാലത്തെ കാപ്പികുടി വ്യക്തമാക്കുന്നു . പിന്നെ ഒന്നു കൂടി ഓര്‍മ്മ വരുന്നു, കാപ്പി ധാരാളം കുടിച്ചിരുന്നതുകൊണ്ടായിരുന്നോ എന്നറിയില്ല, കുട്ടിക്കാലത്തൊന്നും  എന്റെ നാട്ടില്‍ പൊണ്ണത്തടി ഉള്ളവര്‍ ഉണ്ടായിരുന്നില്ല . എന്തായാലും അമിതഭാരം കൊണ്ടു വിഷമമനുഭവിക്കുന്നവര്‍ക്ക് ഈ പുതിയ മാര്‍ഗ്ഗം ആശ്വാസമാകട്ടെ എന്നാശ്വസിക്കാം . 

Thursday, August 25, 2016

രൂപമാറ്റം വന്ന ചുമടുതാങ്ങികള്‍ ( കഥ )

"ടീച്ചര്‍ ഇപ്പോള്‍ ഫ്രീ ആണല്ലേ ?"
ബെല്ലടിച്ചിട്ടും ക്ലാസ്സിലേയ്ക്കു പോകാന്‍ തയ്യാറെടുക്കാത്തതുകൊണ്ടായിരിക്കാം മിതാലി അങ്ങനെ ചോദിച്ചത്. അവള്‍ സ്കൂളില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ചു നാളേ ആയുള്ളു . യു പി ക്കാരി ആണെങ്കിലും അവള്‍ക്ക് മലയാളികളെ വളരെ ഇഷ്ടമാണ്. അതുകൊണ്ടാവാം അവള്‍ക്ക് എന്നോട് ആദ്യം മുതല്‍ തന്നെ നല്ല അടുപ്പമായിരുന്നു .
ഞാന്‍ ചിരിച്ചു കൊണ്ടു തലയാട്ടി. അവള്‍ വേഗം എഴുന്നേറ്റ് എന്റെ അടുത്ത കസേരയില്‍ വന്നിരുന്നു.
 "ടീച്ചര്‍ ദിവാളിവെക്കേഷനു കേരളത്തില്‍ പോകുന്നുണ്ടോ? "
"ഉണ്ടല്ലോ മിതാലീ. രണ്ടാഴ്ച നാട്ടിലുണ്ടാവും. എന്താ, വരുന്നോ കേരളത്തിലേക്ക് ?  "
 മുഖം കുറച്ചു കൂടി അടുപ്പിച്ചു പിടിച്ചു രഹസ്യമായി അവള്‍ പറഞ്ഞു . " ടീച്ചര്‍, എനിക്കൊരു കാര്യം പറയാനുണ്ട്. ഇന്നൊന്നു ശിവാജിപാര്‍ക്കില്‍ എന്റെകൂടെ വരുമോ . ഹാഫ് ഡേ അല്ലേ."   മറുത്തു പറയാന്‍ എന്തുകൊണ്ടോ തോന്നിയില്ല .
ഞങ്ങള്‍ അടുത്തടുത്ത ഹൗസിംഗ് കോംപ്ലെക്സുകളില്‍ ആണു താമസം. രണ്ടിനും ഇടയിലാണു ശിവജിപാര്‍ക്ക്. സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങി നേരേ പാര്‍ക്കിലേയ്ക്കാണു പോയത്. തിരക്കൊഴിഞ്ഞ മരത്തണലില്‍ ഇരിക്കുമ്പോള്‍ മിതാലിയുടെ മനസ്സിന്റെ പിരിമുറുക്കം അവളുടെ മുഖത്ത്നിന്നു വായിച്ചെടുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ മൗനം ആണു നന്നെന്നു തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവള്‍ ഒന്നു മുരടനക്കി. പക്ഷേ പെട്ടെന്നാണവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങിയത്. വെറുതെ ഞാനവളുടെ തോളില്‍ ഏറ്റവും മൃദുവായൊന്നു തൊട്ടു. വേറെന്തു ചെയ്യണമെന്ന് അറിയുമായിരുന്നില്ല.  കുറേ സമയം കഴിഞ്ഞാണവള്‍ മുഖമുയര്‍ത്തി നോക്കിയത് .
" നാട്ടില്‍ പോകുമ്പോള്‍ എനിക്കൊരു സഹായം ചെയ്യണം ടീച്ചര്‍ . ഇതെന്റെ അപേക്ഷയാണ്"
" ചെയ്യാമല്ലോ. എന്തായാലും പറഞ്ഞോളൂ."
" ടീച്ചര്‍ക്കറിയില്ലേ ഞങ്ങളുടെ ഹൗസിംഗ് കോംപ്ലെക്സില്‍ താമസിച്ചിരുന്ന ശ്രീറാമിനേയും ശ്രീജിത്തിനേയും , നായരങ്കിളിന്റെ മക്കള്‍ ?"
"അറിയാമല്ലോ. അവര്‍ എന്റെ ട്യൂഷന്‍ ക്ലാസ്സില്‍ വന്നിരുന്ന കുട്ടികളാണ്. "
"അതേ ടീച്ചര്‍, അവര്‍ തന്നെ. അവര്‍ അഞ്ചു വര്‍ഷം മുമ്പ്  നാട്ടിലേയ്ക്കു പോയിരുന്നു, സ്ഥിരമായി "
"അതുമറിയാം .പോകുന്നതിനു മുന്നേ അവര്‍ എന്നെ കാണാന്‍ വന്നിരുന്നു. 12th ന്റെ റിസള്‍ട്ടുമായി  " .
ഞാനോര്‍മ്മിച്ചു ആ ഇരട്ടക്കുട്ടികളെ.  അമ്മയ്ക്ക് കുറെക്കാലമായി വൃക്കകള്‍ക്കും കരളിനും ഒക്കെ  എന്തോ  അസുഖമാണ്. ഒരുപാടു ചികിത്സകള്‍ നടത്തി . മുംബൈയില്‍ ചികിത്സച്ചെലവുകള്‍ നാട്ടിലേക്കാളും വളരെ കൂടുതലാണ് . അതാണു നാട്ടിലേക്കു  പോകുന്നതെന്നു പറഞ്ഞിരുന്നു . ചികിത്സയ്ക്കായി വീടുവില്‍ക്കുകയേ അവര്‍ക്കു നിവൃത്തിയുണ്ടായിരുന്നുള്ളു. നാട്ടില്‍ അച്ഛന്റെ വീതത്തില്‍ ഒരു ചെറിയ വീടുണ്ട്. 12th കഴിയാനാണു കാത്തിരുന്നത്. അവര്‍ മൂന്നാറില്‍ ഹോട്ടല്‍ മാനേജ്മെന്റിനു ചേരുമെന്നും അന്നു പറഞ്ഞിരുന്നു.
" ടീച്ചര്‍ അവര്‍ ആലപ്പുഴ എന്ന സ്ഥലത്താണ് എന്നു മാത്രമേ അറിയൂ . ശ്രീജിത്തും ശ്രീറാമും മൂന്നാറില്‍ ഹോട്ടല്‍ മാനേജ്മെന്റിനു ചേര്‍ന്നിരുന്നു.   അതിനുശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ അഞ്ചു കടന്നുപോയി. ഇടയ്ക്കു ഫോണ്‍ചെയ്യുമായിരുന്നു. പഠിപ്പു കഴിഞ്ഞ ശേഷം  ഒരു വിവരവുമില്ല. തന്ന ഫോണ്‍ നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.  "
അവള്‍ ഒന്നു നിര്‍ത്തി. ഞാനവളുടെ മുഖത്തേക്കു  സൂക്ഷിച്ചു നോക്കി.
എന്റെ സംശയഭാവം കണ്ടിട്ടാവാം അവള്‍ പെട്ടെന്നു മുഖം താഴ്തി  . പിന്നെ മുഖമുയര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു,
" ഞാനും ശ്രീജിത്തും എട്ടാം  ക്ലാസ്സ് മുതല്‍ ഒന്നിച്ചായിരുന്നു. പിരിയാന്‍ വയ്യാത്ത അടുപ്പത്തിലായിപ്പോയി. ഇപ്പോഴും എന്റെ മനസ്സില്‍ ശ്രീജിത്തല്ലാതെ മറ്റാരും ഇല്ല. പക്ഷേ വീട്ടില്‍ വിവാഹാലോചന നടക്കുന്നു. എന്നാല്‍  അവന്‍ വരുന്നതു പ്രതീക്ഷിച്ചാണു ഞാനിരിക്കുന്നത്. എനിക്ക് അവനെയല്ലാതെ മറ്റാരെയും കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. "
എനിക്കത്ഭുതം തോന്നി. ഈ മഹാനഗരത്തിലെ തിരക്കില്‍ വളര്‍ന്ന ഈ കുഞ്ഞുങ്ങളുടെ  മനസ്സില്‍ ഇപ്പോഴും ആര്‍ദ്രമായ പ്രണയം പൂത്തുനില്‍ക്കുന്നു , ഒരുപോറല്‍ പോലുമേല്ക്കാത്ത ഹൃദയത്തിന്റെ അടിത്തട്ടില്‍ വേരോടി.
പെട്ടെന്ന് മിതാലി എന്റെ രണ്ടുകയ്യും കൂട്ടിപ്പിടിച്ചു ചോദിച്ചു .
" ടീച്ചര്‍ അവരെ പോയി ഒന്നു കാണുമോ , എന്നെക്കുറിച്ചു പറയുമോ, ഞാനിവിടെ കാത്തിരിക്കുന്നു എന്ന്... "
പെട്ടെന്ന് എന്തുപറയാന്‍! ആലപ്പുഴ എന്റെ നാട്ടില്‍ നിന്ന് വളരെ ദൂരെയാണ്. അവിടെ ചെന്നാലും അവരെ എവിടെ തിരയാന്‍ ! പിന്നെ മൂന്നാറില്‍ പോകുന്നുണ്ട്. കാറ്ററിംഗ് കോളേജില്‍ വേണമെങ്കില്‍  ഒന്നന്വേഷിക്കാം. എന്തായാലും അവളുടെ നിഷ്കളങ്കമായ മനസ്സിനു നിരാശ കൊടുക്കാന്‍ തോന്നിയില്ല.
" മിതാലീ, വിഷമിക്കാതെ, ഞങ്ങള്‍ മൂന്നാറില്‍ പോകുന്നുണ്ട്. അവിടെ തീര്‍ച്ചയായും അന്വേഷിക്കാം . ഇല്ലെങ്കില്‍ ആലപ്പുഴയില്‍ അന്വേഷിക്കാം . വിവരങ്ങള്‍ നിന്നെ അറിയിക്കാം ."
പാര്‍ക്കില്‍ നിന്നിറങ്ങുമ്പോള്‍ മലയാളിസമാജത്തിന്റെ ഓഫീസില്‍ ഒന്നു പോയി അന്വേഷിച്ചാലോ എന്ന്. അപ്പോള്‍ തന്നെ റിക്ഷപിടിച്ച് അങ്ങോട്ടുപോയി. ഭാഗ്യത്തിന് മേനോന്‍  ചേട്ടന്‍ ലൈബ്രറിയും തുറന്നുവെച്ച് അവിടെയുണ്ടായിരുന്നു. മേനോന്‍ ചേട്ടനോട് ശ്രീജിത്തിന്റെ അച്ഛന്റെ ഫോണ്‍ നമ്പറും നാട്ടിലെ അഡ്രസ്സും വാങ്ങിപ്പോന്നു.
നാട്ടില്‍ പോകുന്നതിനു മുന്നേ ഒന്നന്വേഷിക്കാം എന്നു കരുതി ഫോണ്‍ നമ്പറില്‍ ഒന്നു ശ്രമിച്ചു . പക്ഷേ ആ നമ്പര്‍ നിലവിലില്ല . ആലപ്പുഴയുള്ള കസിനെ ഏര്‍പ്പാടു ചെയ്തു ആ അഡ്രസ്സ് ഒന്നന്വേഷിച്ചു വെയ്ക്കാന്‍ . നാട്ടിലെത്തിയതും അവളെ വിളിച്ച് വിവരങ്ങള്‍ തിരക്കി . അവള്‍ പുതിയ മൊബൈല്‍ നമ്പര്‍ വാങ്ങി വെച്ചിരുന്നു . അങ്ങനെയാണ് ശ്രീജിത്തിന്റെ അച്ഛനോട് സംസാരിച്ചത്. അദ്ദേഹം ഒട്ടും താല്പര്യമില്ലാതെ എന്തോ പറഞ്ഞു. ശ്രീജിത്തിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മൂന്നാര്‍ ഹില്‍വ്യൂ ഹോട്ടലില്‍ അവന്‍ ജോലി ചെയ്യുന്നു എന്നു മാത്രം വിവരം കിട്ടി. അയാളെ കൂടുതല്‍ ശല്യം ചെയ്യാന്‍ തോന്നിയില്ല.
കുടുംബാംഗങ്ങളൊക്കെ ചേര്‍ന്നു മൂന്നാറിലേയ്ക്കു പുറപ്പെടുമ്പൊള്‍ എങ്ങനെയെങ്കിലും ശ്രീജിത്തിന്നെ കണ്ടെത്തണം എന്ന ഗൂഢലക്ഷ്യം മനസ്സിലുണ്ടായിരുന്നു . അത് രഹസ്യമായിത്തന്നെ ഇതുവരെ സൂക്ഷിച്ചു. അതുകൊണ്ടു തന്നെ താമസത്തിന് ഹോട്ടല്‍ ഹില്‍വ്യൂ നോക്കാം എന്നു വെറുതെ വാശിപിടിച്ചു. ആരും മറുത്തൊന്നും പറഞ്ഞതുമില്ല. വളരെ സൗകര്യവും വൃത്തിയുമുള്ള ഹോട്ടല്‍ . അവിടെ ആവശ്യത്തിനുള്ള മുറികള്‍ തരപ്പെടുകയും ചെയ്തു . ഒരു മലഞ്ചെരുവില്‍ നിര്‍മ്മിച്ചതാണ് ഹോട്ടല്‍ കെട്ടിടം . റിസപ്ഷനും ഓഫീസും ഒക്കെ മലമുകളില്‍ . വണ്ടി എത്തുന്നത് അവിടെയാണ്.   റിസപ്ഷനില്‍ നിന്നു താഴത്തെ നിലകളിലാണു   മുറികള്‍ . പടിയിറങ്ങുമ്പോള്‍ അതാ എതിരെ കയറിവരുന്നു ശ്രീജിത്ത്. ഒട്ടും പ്രതീക്ഷിക്കാതെ  എന്നെ കണ്ടതും അവന് ആകെ അമ്പരപ്പായി.
" മിസ്സ് ഇവിടെ ? മൂന്നാര്‍ ടൂറിനു വന്നതാണോ ? "
പിന്നെ കുശലപ്രശ്നങ്ങള്‍ അല്പസമയത്തേക്ക്  . അവന്‍ ഡ്യൂട്ടി കഴിഞ്ഞു ക്വാര്‍ട്ടേഴ്സിലേയ്ക്കു പോവുകയാണ്. എല്ലാവരും മുമ്പേ നടന്നതുകൊണ്ട് അവനോടു വീണ്ടും കാണാമെന്നു പറഞ്ഞു ഞാനും മുമ്പോട്ടു നടന്നു .
പിറ്റെ ദിവസം കറക്കമൊക്കെ കഴിഞ്ഞു ഹോട്ടലില്‍ തിരികെയെത്തി എല്ലാവരുമായി ലോണില്‍ സംസാരിച്ചിരിക്കുമ്പോഴാണ് ശ്രീജിത്ത് വന്നത് .
"മിസ്സ് എല്ലാവരെയും കൂട്ടി  വരൂ, എന്റെ ക്വാര്‍ട്ടേഴ്സില്‍ പോയിട്ടു വരാം ."
പക്ഷേ അവര്‍ക്കൊക്കെ ഇനിയും പുറത്തുപോകാന്‍  വലിയ മടി  . ഒടുവില്‍ ചേട്ടനും ഞാനും കൂടി അവനോടൊപ്പം പോയി. വിവാഹിതരായ ഹോട്ടല്‍ സ്റ്റാഫിനുള്ളതാണ് ക്വാര്‍ട്ടേഴ്സ് എന്നവന്‍ പറഞ്ഞു. അപ്പോള്‍ പിന്നെ ശ്രീജിത്തിന് എങ്ങനെ ..
പക്ഷേ ചോദിച്ചില്ല. അമ്മയുടെ രോഗവിവരമൊക്കെ പറഞ്ഞു നടക്കുന്നതിനിടയില്‍ വീടെത്തി. ചുറ്റും പൂത്തുനില്‍ക്കുന്ന  ധാരാളം ചെടികള്‍ . നല്ല ഭംഗിയുള്ള കൊച്ചു വീട്. ഡോര്‍ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഒരു  കൈക്കുഞ്ഞിനെയുമായി വന്ന ഒരു  സുന്ദരിപ്പെണ്ണ്.
അത് ശ്രുതി , അദ്വൈത്   അവരുടെ ഓമനക്കുഞ്ഞ് . ഞാനാകെ ആശയക്കുഴപ്പത്തിലായി. മിതാലിയോട് എന്തു പറയും , അതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത. എങ്കിലും അവനിത്ര ദുഷ്ടനായിപ്പോയല്ലോ. ആ കുട്ടിയുടെ ആത്മാര്‍ത്ഥപ്രണയത്തിന് ഒരു വിലയും കൊടുക്കാതെ .. ഛേ.. വല്ലാത്തൊരു ചതിയായിപ്പോയില്ലേ ഇത്.

ശ്രുതി ഇതിനിടയില്‍ ചായയും ബിസ്കറ്റും  കൊണ്ടുവന്നു. ചായ കുടിച്ച് അവിടെ നിന്നിറങ്ങുമ്പോള്‍ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു . ഒപ്പം വന്നിരുന്ന ശ്രീജിത്ത് രണ്ടുമൂന്നു വട്ടം ചോദിച്ചു "മിസ്സിനെന്തു പറ്റി, ആകെ മൂഡ് ഓഫ് ആയല്ലോ "എന്ന്. ചേട്ടന്‍ ലോണിലേക്കു നടന്നപ്പോള്‍ ഞാന്‍ റിസപ്ഷനില്‍ ശ്രീജിത്തുമായി സംസാരിച്ചിരുന്നോളാമെന്നു പറഞ്ഞു . കുറെ സമയം ആലോചിച്ചു , മിതാലിയേക്കുറിച്ച് പറയണോ എന്ന്. വേണം ,ആ കുട്ടിയുടെ സ്നേഹത്തിന് അവന്‍ വിലകൊടുക്കാതിരുന്നത് എന്തുകൊണ്ടും ശരിയായില്ല. ഇപ്പോള്‍ അവനെയോര്‍ത്തു കഴിയുന്ന അവളെ തള്ളിക്കളഞ്ഞ് വേറൊരു പെണ്ണിനെ അവന്‍ കണ്ടെത്തി സുഖമായി ജീവിക്കുന്നു .കാലം ചിലപ്പോള്‍ ദുഷ്ടജന്മങ്ങളെപ്പോലെയാണ്. വളരെ ക്രൂരമായിരിക്കും  ചെയ്തികളൊക്കെ.

ഒടുവിൽ ഞാൻ തീരുമാനിച്ചു, ശ്രീജിത്തിനോട് മിതാലിയുടെ കാര്യം പറഞ്ഞേ മതിയാകൂ .
ഒക്കെ പറഞ്ഞു തീരും വരെ അവന്‍  ഒരക്ഷരം മിണ്ടിയില്ല. കുനിഞ്ഞുതന്നെ മുഖം . പിന്നെയും അവന്‍ മൗനം തന്നെ . എനിക്കു വല്ലാതെ ദേഷ്യം തോന്നി അവനോട്  . മെല്ലേ  മുഖമുയര്‍ത്തുമ്പോള്‍ ആ കണ്ണുകളില്‍ ഒരു ശോകസാഗരം തന്നെ അലയടിക്കുന്നത് എനിക്കു കാണാമായിരുന്നു .പിന്നെ  അവന്‍ പറയഞ്ഞുതുടങ്ങി .
" മിതാലി എന്റെ എല്ലാമായിരുന്നു , ഒരു വര്‍ഷം മുമ്പ് വരെ. മിസ്സിനറിയാമല്ലോ അമ്മയുടെ അസുഖവിവരം . എപ്പോള്‍ വേണമെങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകാം . ഇവിടെ ഹോട്ടല്‍ മാനേജ്മെന്റ്  പഠിപ്പു കഴിഞ്ഞതേ ശ്രീറാമിന് എറണാകുളത്ത് താജ് ഹോട്ടലില്‍ ജോലി കിട്ടിയിരുന്നു . എനിക്ക് ഇവിടെയാണു കിട്ടിയത്. അവന് എന്നെക്കാള്‍ നല്ല ശംബളവും സൗകര്യങ്ങളും ഒക്കെ അവിടെ ഉണ്ടായിരുന്നു. അമ്മയുടെ അവസാന ആഗ്രഹമെന്നപോലെ ഞങ്ങളുടെ വിവാഹക്കാര്യം പറഞ്ഞു . എനിക്കു കുറേക്കൂടി നല്ല ജോലി കിട്ടിയിട്ടു മതി എന്നു പറഞ്ഞൊഴിഞ്ഞു .അമ്മയുടെ ആഗ്രഹം സാധിക്കാനായി  റാം  കല്യാണത്തിനു തയ്യാറായി. അങ്ങനെ അകന്ന ബന്ധു കൂടിയായ ശ്രുതിയെ വിവാഹം ചെയ്തു. മൂന്നു മാസം മാത്രമേ അവരുടെ ദാമ്പത്യം നീണ്ടു നിന്നുള്ളു . അവര്‍ ഒരുല്ലാസയാത്രയ്ക്കു  പോയ സമയത്താണ് അതു സംഭവിച്ചത് . റാം  ഒരു വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണു. ആര്‍ക്കും രക്ഷിക്കാനായില്ല. ബോധം നഷ്ടപ്പെട്ടു വീണ ശ്രൂതി പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ ആണറിഞ്ഞത് അവള്‍ ഗര്‍ഭിണി ആണെന്ന് . അവളെ എനിക്കു സ്വീകരിക്കേണ്ടതായി വന്നു.   കുഞ്ഞിനെ അനാഥനാക്കാതിരിക്കാന്‍ അമ്മ നിര്‍ബ്ബന്ധം പിടിച്ചതുകൊണ്ടാണ് അങ്ങനെ ഒന്നു സംഭവിച്ചത്. അമ്മയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാതിരുന്നാല്‍ അത് എനിക്കു ജന്മം മുഴുവന്‍ ദുഃഖമായിരിക്കും.  ശ്രീറാമിന്റെ ആത്മാവ് എന്നോടു പൊറുക്കില്ല. എന്റെ കുടുംബത്തിന്റെ ചുമടുതാങ്ങിയായി ഞാന്‍ മാത്രമാണിനി. അങ്ങനെയാണ് വിവാഹരെജിസ്റ്ററില്‍ ഒപ്പുവെച്ചു ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായത്. ജീവിതത്തില്‍ ഇപ്പോഴും എനിക്കവളെ ഭാര്യയായി കാണാന്‍ കഴിഞ്ഞിട്ടില്ല. അവള്‍ക്കും അങ്ങനെതന്നെ. എന്നെങ്കിലും ഈ അവസ്ഥ മാറിയേക്കാം . എനിക്കു മുന്നില്‍ മറ്റൊരു മാര്‍ഗ്ഗമില്ലായിരുന്നു  . മിതാലി എന്നെ മറന്നു  കൊള്ളും എന്നും ഞാന്‍ കരുതി .അവള്‍ക്ക് നല്ലൊരു ബന്ധം അവരുടെ ഇടയില്‍ നിന്നു തന്നെ കിട്ടും. എല്ലാം അറിയുമ്പോള്‍ അവള്‍ എന്നോടു പൊറുക്കും . " അല്പനേരത്തെ മൗനത്തിനു ശേഷം  അവന്‍ എഴുന്നേറ്റു യാത്രപോലും പറയാതെ നടന്നു നീങ്ങി .
മിതാലിയോട് എന്തു പറയും എന്നു എനിക്കു നിശ്ചയമുണ്ടായിരുന്നില്ല. ഇനിയും ദിവസങ്ങളുണ്ടല്ലോ. എന്തെങ്കിലും ഒരു  നുണ കണ്ടെത്തണം . അവള്‍ക്ക് ആശ്വാസമേകുന്ന ഒരു വലിയ നുണ. അല്ലെങ്കിൽ വേണ്ട. ഈ സത്യങ്ങൾതന്നെ അവളറിയട്ടെ.  
   .


    .

Tuesday, August 23, 2016

പിറന്നാള്‍ സമ്മാനം - മിനിക്കഥ

സുമിത്ര ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ വാളരെ വൈകിയിരുന്നു. ബോസ് ആകെ ചൂടിലായിരുന്നതുകൊണ്ട് ഒന്നും മിണ്ടാതെ അയാള്‍ പറഞ്ഞ ജോലികള്‍ തീര്‍ത്തുകൊടുത്തു  . ലോക്കല്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ വയ്യാത്ത തിരക്ക്. ഒരുതരത്തില്‍ വീട്ടിലെത്തുമ്പോഴേയ്ക്കും നന്നേ ഇരുട്ടിത്തുടങ്ങി . വിനയനും കുട്ടികളും സന്തോഷമായിരിക്കുന്നുണ്ട്. മക്കള്‍ രണ്ടുപേരും അമ്മയ്ക്കു  പിറന്നാള്‍ സമ്മാനം വാങ്ങിയാണു സ്കൂളില്‍ നിന്നു വന്നതെന്നു വര്‍ണ്ണക്കടലാസുകള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി. സിയ ഓടിവന്ന് അവള്‍  വാങ്ങിയ ബാര്‍ബിപ്പാവയെ കാണിച്ചു തന്നു. സരോദ് അവന്‍ വാങ്ങിയ പുതിയ റിമോട് കണ്‍ട്രോള്‍ ഹെലിക്കോപ്ടറും . അവള്‍ക്ക് ചിരി പൊട്ടിയെങ്കിലും ചിരിക്കാന്‍ പോലും സാവകാശമുണ്ടായിരുന്നില്ല.  ഒരുപാടു ജോലികള്‍ അവളെ കാത്ത് വീടാകെയുണ്ട്. സമ്മാനങ്ങള്‍ അവരെത്തന്നെ ഏല്‍പ്പിച്ച് അവര്‍ക്കോരോ ഉമ്മയും കൊടുത്ത് അവള്‍ ബെഡ് റൂമിലേയ്ക്കു പോയി .
വേഷം മാറി അടുക്കളയിലേയ്ക്കു നടക്കുമ്പോള്‍ അവളോര്‍ത്തു .  പിറന്നാളായിട്ട് വിനയനും കുട്ടികള്‍ക്കും  ഒരു പായസമെങ്കിലും ഉണ്ടാക്കിക്കൊടുക്കാന്‍ ഇനി സമയമില്ല . ഭക്ഷണം ഫ്രിഡ്ജില്‍ നിന്നെടുത്തു ചൂടാക്കാന്‍ വെച്ചു വേഗം മേലുകഴുകി വന്നു. അതു വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍  നിന്ന് എന്തൊക്കെയോ എടുത്തെറിയുന്ന ശബ്ദവും ഉച്ചത്തില്‍ ആക്രോശവും അടിയുടെ ശബ്ദവും  നിലവിളിയും ഒക്കെയായി ആകെ കോലാഹലം . ജോസഫേട്ടന്‍ ഇന്നു നേരത്തെ വന്നുകണും. നന്നായി കുടിച്ചിട്ടാകും വരുന്നത്  . നേരത്തെ വരുന്നദിവസം ഇതു പതിവാണ്. ലിസിച്ചേച്ചിയേയും കുട്ടികളേയും ഒരുപാടുപദ്രവിക്കും. കയ്യില്‍ കിട്ടുന്നതൊക്കെ തല്ലിപ്പൊട്ടിക്കും. കേള്‍ക്കാന്‍ കൊള്ളത്ത ചീത്തവാക്കുകള്‍ കൊണ്ട് അവരെ അഭിഷേകം ചെയ്യും . ഭക്ഷണമൊക്കെ നാനാവിധമാക്കി ഇട്ടിട്ടുപോകും . അവര്‍ അന്നു പട്ടിണിയാകും . ആരെങ്കിലും അങ്ങോട്ടു ചെന്നാല്‍ അവരെയും ചീത്ത പറയും.

ഊണു വിളമ്പുമ്പോള്‍ അവള്‍ക്കാകെ നിരാശ തോന്നി. ആകെ മോരുകറിയും ബീന്‍സ് തോരനും മാത്രമേയുള്ളു. എങ്കിലും വിനയനും കുട്ടികളും സന്തോഷമായി  കഴിച്ചു. വിനയന്‍ കുട്ടികളെ ഹോം വര്‍ക്കൊക്കെ ചെയ്യിച്ചു കിടത്തി ഉറക്കിയപ്പോഴാണ് സുമിത്ര ബാക്കി ജോലികളൊക്കെ കഴിഞ്ഞു വന്നത്.
" ഇന്നു നിന്റെ പിറന്നാളാണെന്ന് എനിക്കറിയാം. പക്ഷേ നിനക്കറിയില്ലേ നമ്മുടെ അവസ്ഥ. എന്റെ ശംബളം കിട്ടിയിട്ട് നാലുമാസം കഴിഞ്ഞു. നിനക്ക് എന്തെങ്കിലും വാങ്ങണമെന്നു കരുതിയിരുന്നതാണ്.  " ബാക്കി പറയാന്‍ അവള്‍ അയാളെ അനുവദിക്കാതെ കൈവിരലുകള്‍ കൊണ്ട്  അയാളുടെ വായ പൊത്തി  . അപ്പുറത്തെ ഫ്ലാറ്റിലെ സാമിന്റെ കരച്ചില്‍ അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. അവന് ഇന്നു കുറെ തല്ലു ഇട്ടിയെന്നു തോന്നുന്നു .
" ദാ നോക്ക്, ലിസിച്ചേച്ചിക്കും മക്കള്‍ക്കും അവസ്ഥ. അവര്‍ക്കു   കിട്ടാത്ത സമാധാനം, സന്തോഷം , സ്ഹ്നേഹം ഒക്കെ  വിനയന്‍ എനിക്കും കുഞ്ഞുങ്ങള്‍ക്കും  തരുന്നില്ലേ. അതിനേക്കാള്‍ വലിയ മറ്റൊരു സമ്മാനവും എനിക്കും മക്കള്‍ക്കും ഈ ജീവിതത്തില്‍  വേണ്ട."
ജാലകത്തിലൂടെ കാണുന്ന ഒരുതുണ്ടാകാശത്ത് മിന്നുന്ന നക്ഷത്രം വിനയന്റെ കണ്ണിലുരുണ്ടുകൂടിയ കണ്ണീര്‍ക്കണങ്ങളെ ഒളിഞ്ഞുനോക്കാതിരിക്കാന്‍ അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു . ഒപ്പം അവളെ തന്നിലേയ്ക്കു ചേര്‍ത്തണച്ചു.  

മിനിക്കഥ

മിനിക്കഥ
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഭി അച്ഛന്റെ തറവാട്ടിലെത്തുന്നത്. അപ്പൂപ്പന്‍ ഇപ്പോഴില്ല. പക്ഷേ പണ്ടു കാലില്‍ ചൂരല്‍ കൊണ്ടടിച്ച പാട് ഇപ്പോഴും ഉണ്ട്. മനസ്സില്‍ വേദനയും . അച്ഛമ്മയ്ക്ക് വലിയ മാറ്റമൊന്നുമ്മില്ല,  കുറച്ചു നര കൂടിയെന്നതൊഴിച്ചാല്‍ .തന്നെ സ്വീകരിക്കാനെന്നവണ്ണം കൊച്ചച്ഛനും അപ്പച്ചിയും കുടുംബസമേതം പടിക്കല്‍ തന്നെയുണ്ട് . എല്ലാവരുടേയും മുഖത്ത് അമിതാഹ്ളാദം വ്യക്തം . അച്ഛമ്മയുടെ കാല്‍തൊട്ടു വന്ദിച്ചു. അ കണ്ണു നനയുന്നുണ്ടെന്നു വ്യക്തം  . അച്ചന്‍ അവിടെയെങ്ങും ഇല്ലെന്നു തോന്നി. ചിറ്റമ്മയും മക്കളും ഉണ്ട് . ചുറ്റും നോക്കുന്ന കണ്ടിട്ടാവാം അപ്പച്ചി പറഞ്ഞു
"രാജന്‍ ചേട്ടന്‍ പറമ്പിലേയ്ക്കു പോയതാ , അഭിക്കു കുടിക്കാന്‍ കരിക്കിടാന്‍ "
പിന്നെ ഓരോരുത്തരും വിശേഷങ്ങള്‍ ചോദിക്കലും തിരക്കും, എല്ലാവര്‍ക്കും എന്തോ ഉത്സവം കൂടുന്ന സന്തോഷത്തിലാണ്.

അഭിക്ക് ഈ വീടും പരിസരവും ഇവിടുള്ളവരും ഒന്നും ഒട്ടും സന്തോഷം തരുനാ ഓര്മ്മകളായിരുന്നില്ല. മറിച്ച് തീരാദുഃഖങ്ങള്‍ സമ്മാനിച്ച ഇന്നലെകളായിരുന്നു ആ വീട്ടില്‍ കഴിഞ്ഞപതിനഞ്ചു വര്‍ഷങ്ങള്‍ . അമ്മയെ ഇവിടെയെല്ലാവരും ചേര്‍ന്നു ദ്രോഹിച്ചത് നിസ്സഹായനായി നോക്കി നില്ക്കാനേ കുഞ്ഞഭിക്കു കഴിഞ്ഞിരുന്നുള്ളു. അഭി ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്മ ആത്മഹത്യ ചെയ്തത്. പക്ഷേ എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛമ്മ കൊന്നതാണെന്ന്. അച്ഛമ്മ ആഗ്രഹിച്ച സ്ത്രീധനം അമ്മയുടെ വീട്ടില്‍ നിന്നു കൊടുത്തിരുന്നില്ലത്രേ . പിന്നെ മൂത്ത മകനെ തട്ടിയെടുക്കാന്‍ വന്നവള്‍ എന്ന സ്പര്‍ദ്ധയും . അമ്മയുടെ മരണശേഷം അഭിയുടെ ജീവിതവും നരകമായിരുന്നു . ദ്രോഹിക്കാത്തവ്ര്‍ ആരുമുണ്ടായിരുന്നില്ല . ചിറ്റമ്മ വന്നപ്പോള്‍ ദുരിതം ഇരട്ടിച്ചു. ഭക്ഷണം കൊടുക്കാന്‍ ആരുമില്ല. അച്ഛന്‍ അഭിയെ ഏതാണ്ട് ഉപേക്ഷിച്ചു . ചിറ്റപ്പനും അപ്പച്ചിയും ഒക്കെ കാരണമില്ലാതെ അവനെ വെറുത്തു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയത്ത് അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ദയ തോന്നി ബോംബെയ്ക്കു കൊണ്ടുപോയി . അവിടെ ചെറിയ ജോലി ചെയ്ത് വൈകുന്നേരം പഠനത്തിനു ചേര്‍ന്ന് അഭി വളര്‍ന്നു . പഠിപ്പിനൊപ്പം ഉയര്‍ന്ന ഉദ്യോഗങ്ങളും ലഭിച്ചുകൊണ്ടിരുന്നു. പത്തുകൊല്ലം കൊണ്ട് അഭി ഒരുപാടൊരുപാടു വളര്‍ന്നു. അപ്പോള്‍ മാത്രമാണ് അച്ഛനെ വിളിക്കാന്‍ തോന്നിയത്. കാണണമെന്ന് കരഞ്ഞുകൊണ്ടാണ് അച്ഛന്‍ പറഞ്ഞത്. വരാമെന്നു വാക്കും കൊടുത്തു .

സംസാരത്തിന്റെ തിരക്കു കഴിഞ്ഞപ്പോള്‍ എല്ലാവരും ഭക്ഷണം വിളമ്പുന്ന തിരക്കിലായി . ഊണുമേശ നിറയെ വിഭവങ്ങള്‍ . കേമപ്പെട്ടൊരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. വിള്മ്പുന്നതിനിടയില്‍ അഭിക്കതിഷ്ടമാണ്, ഇതിഷ്ടമാണ് എന്നൊക്കെ അവര്‍ പറയുന്നതുകേട്ട് അവനല്പം അമ്പരപ്പു തോന്നി. ഇവരൊക്കെ തന്റെ ഇഷ്ടങ്ങള്‍ എന്നാണറിഞ്ഞത്!

അപ്പോഴേയ്ക്കും അച്ഛനെത്തി . തന്റെ ആദ്യത്തെ കണ്‍മണി. അയാള്‍ അവനെ തൊട്ടു, തലോടി, കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"അച്ഛാ, ഞാനീ ഇളനീര്‍ കുടിക്കട്ടെ. നല്ല ദാഹമുണ്ട് . "
കൊണ്ടുവന്ന മൂന്നിളനീരും അഭി കുടിച്ചു , ഒരു ജന്മത്തിലെ മുഴുവന്‍ ദാഹമകറ്റാനെന്നവണ്ണം .
അപ്പോഴേയ്ക്കും എല്ലാവരും ഊണുകഴിക്കാന്‍ നിര്‍ബ്ബന്ധം തുടങ്ങിയിരുന്നു.
അഭി എല്ലാവരോടുമായി പറഞ്ഞു
" ഞനിവിടെ കഴിഞ്ഞിരുന്ന കാലത്ത് ജോലിയെടുപ്പിക്കയല്ലാതെ ആരുമെനിക്കു ഭക്ഷണം തരുന്ന കാര്യം ഓര്‍ത്തിരുന്നില്ല. സ്കൂളില്‍ പോകാന്‍ പുസ്തകങ്ങളോ നല്ല ഉടുപ്പോ ഉണ്ടായിരുന്നില്ല.  ഒരു കുട്ടിയാണെന്ന ദയയോ അമ്മയില്ലെന്ന സഹതാപമോ എന്നോടാരും കാട്ടിയതുമില്ല. ഇങ്ങോട്ടു വരുമ്പോഴും ഞാനതൊന്നും പ്രതീക്ഷിച്ചുമില്ല . ഇപ്പോള്‍ എനിക്കെല്ലാമുണ്ട് . ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ഉന്നത ഉദ്യോഗവും സമ്പത്തുമുണ്ട് . എനിക്കാവശ്യമുള്ലപ്പോള്‍ നിങ്ങള്‍ നിഷേധിച്ചതൊന്നും ആവശ്യമില്ലാത്ത ഈ സമയത്ത് എനിക്കു വേണ്ട.  അച്ഛന്റെ വിയര്‍പ്പിന്റെ ഫലമാണ് ഞാന്‍ കുടിച്ച ഇളനീര്‍ . അതുമാത്രം മതി എനിക്കു തൃപ്തി കിട്ടാന്‍ . എല്ലാവരും എന്നോടു ക്ഷമിക്കുക. "
അച്ഛനെ ഒന്നുകൂടി കെട്ടിപ്പുണര്‍ന്ന് ഉമ്മകൊടുത്ത് അഭി കാറില്‍ കയറുമ്പോള്‍ അയാള്‍  കരയുകയയിരുന്നില്ല.  കരയാന്‍ അയാള്‍ക്കൊരു മനസ്സ് ഉണ്ടായിരുന്നില്ല . അതയാള്‍ ഭദ്രമായി തന്റെ മകനെ ഏല്‍പ്പിച്ചിരുന്നു.

Wednesday, August 17, 2016

നമ്മുടെ കവികള്‍ 25 - ഡോ ചെറിയാന്‍ കുനിയന്തോടത്ത്.

നമ്മുടെ കവികള്‍ 25 - ഡോ ചെറിയാന്‍ കുനിയന്തോടത്ത്.


ഇന്നത്തെ നമ്മുടെ കവി എന്തുകൊണ്ടും വ്യത്യസ്തനായൊരു മഹദ് വ്യക്തിയാണ് .മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതിയിട്ടുള്ള സി.എം.ഐ സഭാവൈദികനുംപ്രമുഖ വിദ്യാഭ്യാസ ശാസ്‌ത്രജ്ഞനും സാഹിത്യകാരനും സര്‍വ്വോപരി ഗാനരചയിതാവുമായ   ഡോ. ചെറിയാൻ കുനിയന്തോടത്താണ് ആ കവിശ്രേഷ്ഠന്‍ .
1945 ഫെബ്രുവരി 15ന് എറണാകുളം നോർത്ത് പറവൂർ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടിൽ ആണ് അദ്ദേഹത്തിന്റെ ജനനം . തേവര എസ്സ് എച്ച് കോളേജ്, എറണാകുളം മഹാരാജ് കോളേജ് എന്നിവിടങ്ങളിലെ ഔപചാരികവിദ്യാഭ്യാസത്തിനുപുറമേ ബാംഗ്ലൂര്‍ ആത്മാരാം കോളേജില്‍ നിന്നുള്ള ആത്മീയപഠനവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .   1975ൽ സി.എം.ഐ സഭാവൈദികനായി.1980-ൽ കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതത്തില്‍ കടന്നു .  ആ കലായലത്തിലെ സേവനത്തിനിടയില്‍ മലയാളവിഭാഗം തലവനായും വൈസ് പ്രിന്‍സിപ്പലയാലും അദ്ദേഹം പ്രവര്‍ത്തിച്ചു. 30 വര്‍ഷക്കാലം കുടുംബദീപം മാസികയുടെ ചീഫ് എഡിറ്റര്‍ ആയും തേവര  എസ്സ് എച്ച് കോളേജിന്റെ മാനേജരായും ജനതാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറായും  അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. പക്ഷേ ഏറ്റവും തിളക്കമാര്‍ന്നൊരു സാഹിത്യജീവിതമാണ് ഈ വൈദികന്റേതെന്ന് നിസ്സംശയം പറയാം . ക്രിസ്തീയഭകതിഗാനങ്ങളിലൂടെയും കവിതകളിലൂടെയും അനുവാചകഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയെന്നത് അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിനും ഒരു പോന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊടുക്കുന്നു. . 

സെമിനാരിയിൽ പഠിക്കുന്ന കാലത്ത് എഴുതിയ 'നിണമണിഞ്ഞ കപോരം' ആണ് ആദ്യ കാവ്യരചന. ഇതിനോടകം എഴുന്നൂറിലധികം സി. ഡി. കളും കാസറ്റുകളും കുനിയന്തോടത്തച്ചൻേറതായി പുറത്തിറങ്ങിയിട്ടുണ്ട്. 37,000ത്തിലധികം  ഗാനങ്ങള്‍ എഴുതിയിട്ടുള്ള ഫാ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത് ഗിന്നസ് റെക്കോഡിലേയ്ക്കുള്ള യാത്രയിലാണ്. രാഗമാണിക്യം, തോജോമയൻ(മഹാകാവ്യം),ചിന്താവിനോദം , കമാനം ,  അപൂര്‍വ്വ സുന്ദരമലയാളം എന്ന ഭാഷാശാസ്ത്രഗ്രന്ഥം  ഇവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍ .കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം, കെ.സി.ബി.സി അവാർഡ്, അക്ഷരസൂര്യ അവാർഡ് ഇങ്ങനെ പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട് .

ചാവറയച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖാപിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ ഡോ. ചെറിയാന്‍ കുനിയന്തോടത്തിന്റെ  'കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍' എന്ന ഗാനം വിശുദ്ധ നാമകരണ ഗീതമായി ആലപിക്കുന്നത്. 1986ല്‍ ചാവറയച്ചനെയും അല്‍ഫോണ്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിലും കുനിയന്തോടത്തച്ചന്റെ ഗാനം ആലപിച്ചിരുന്നു.
''കേരളസഭയുടെ ദീപങ്ങള്‍, വിശുദ്ധ ചാവറ നിസ്തുല താതന്‍ വിശുദ്ധയാകും ഏവുപ്രാസ്യ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത് .

ആദ്ദേഹത്തിന്റെ ചില രചനകളിലൂടെ ..
.
സ്വര്‍ഗത്തിലേക്ക് ഒരു സന്തോഷയാത്ര (കവിത)
ഡോ. ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ.
===================
മാനത്തൊരായിരം വാനദൂതര്‍
മാണിക്യവീണകള്‍ മീട്ടിനിന്നു,
മേഘങ്ങളായിരം നിന്നൂ ചുറ്റും
മാലാഖമാരെപ്പോലെങ്ങോ ദൂരെ!
പൂന്തിങ്കള്‍ പുഞ്ചിരിതൂകീ നീളേ,
പൂത്താലംപോലതുമിന്നീ വാനില്‍!
പൂമുല്ലജാലം വിടര്‍ന്നീടുംപോല്‍
പൂന്താരജാലം തിളങ്ങീ താനേ!
പുല്ലാങ്കുഴല്‍ഗീതി കേട്ടൂ ദൂരെ,
പൂന്തെന്നല്‍ ശീതളസ്പര്‍ശം നല്കീ!
പൂവിണ്ണിലേക്കതാ കന്യാമാത
പൂവൊളിതൂകിയുയര്‍ന്നു ചാലേ!
എത്രയോ സുന്ദരമാണാ മുഖം,
എത്ര മനോഹരമാണാ നേരം!
എത്ര വിശിഷ്ടമാം ദൃശ്യം, താഴെ
എത്രയോ പൂക്കല്‍ വിടര്‍ന്നീടുന്നു!
സ്വര്‍ഗം തുറക്കുകയായീ താനേ
സ്വപ്നം വിടര്‍ന്നീടുംപോല്‍ തോന്നി!
സര്‍വപ്രപഞ്ചവും മൂകം, അമ്മ
സ്വര്‍ഗീയരാജ്ഞിയായ് വാഴുന്നേരം!
വിസ്മയ താരകജാലം തൂകി
സുസ്മിത സൂനഗണങ്ങള്‍ താഴെ!
സുസ്മേര സുന്ദരവാനം നേരില്‍,
വിസ്മൃതി പുല്കിയുറങ്ങീ മന്ദം!
മോക്ഷകവാടത്തിലെങ്ങും മോദം
നക്ഷത്രമാല്യങ്ങള്‍ തീര്‍ക്കുന്നേരം!
പക്ഷികളെങ്ങും പറക്കുംപോലെ
അക്ഷികള്‍ ചുററിക്കറങ്ങീടുന്നു!
ഗോളങ്ങളെത്രയോ കോടി ദീപ
നാളങ്ങള്‍ നീട്ടുന്നു നീളേ വാനില്‍!
നീളുന്ന രാത്രിയെന്നല്ലോ തോന്നും,
താളത്തിലാശകള്‍ പൂക്കുന്നേരം!
മേളങ്ങളോടൊപ്പമല്ലോ വാനില്‍
മാലാഖമാര്‍ വന്നു നിന്നൂ നീളേ!
മേലേയാ സ്വര്‍ഗതലത്തില്‍ സ്വപ്ന
മാലകള്‍ കോര്‍ത്തല്ലോ ദൂതര്‍ മോദാല്‍!
സാകല്യമാര്‍ന്നല്ലോ സ്വര്‍ഗീയാംബ,
സാഫല്യമെങ്ങും പകര്‍ന്നുവല്ലോ!
സന്തോഷചിത്തരായ് ഭൂവില്‍ മര്‍ത്യര്‍
സ്വര്‍ഗീയസംഗീതമെങ്ങും പൂര്‍ണം!

ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

അലക്കുകാരിയാകുവാനായിരുന്നു
എന്റെ വിധി
മുഷിഞ്ഞ വസ്ത്രങ്ങൾ
ഞാൻ വെളുപ്പിപ്പുകൊടുത്തു
അമാന്യരെ ഞാൻ മാന്യരാക്കി
അഴുക്കു ഞാൻ
ഒഴുക്കിവിട്ടു
സമൂഹത്തിന്റെ ഇരുണ്ടമുഖം
വെളുത്തത്താക്കി
ചിന്തകൾ ഞാൻ നിങ്ങൾക്കുവിടുന്നു-
എങ്ങനെയായിരുന്നു?
എങ്ങനെയായി?
എങ്ങനെയാകും?

.
അവസരങ്ങള്‍ -
ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
.
ചോറന്വേഷിച്ചു പോയപ്പോള്‍
എനിക്കു തലച്ചോറു കിട്ടി .
തല അന്വേഷിച്ചു പോയപ്പോള്‍
എനിക്കു കോന്തല കിട്ടി
താടി അന്വേഷിച്ചു പോയപ്പോള്‍
അപ്പൂപ്പന്‍ താടി കിട്ടി .
മുടി അന്വേഷിച്ചു പോയപ്പോള്‍
കൊടുമുടി മിട്ടി
വില്ലന്വേഷിച്ചു പോയപ്പോള്‍
മഴവില്ലു കിട്ടി.
വെള്ളി നോക്കി നിന്നപ്പോള്‍
ദുഃഖവെള്ളി കണ്ടു
പട്ടം വാങ്ങാന്‍ പോയപ്പോള്‍
നെറ്റിപ്പട്ടവുമായി തിരിച്ചു വന്നു
മൗലികന്‍ വ്യാജനായിത്തീരുന്ന
അവസരങ്ങള്‍ ധാരാളം

https://www.youtube.com/watch?v=pBayP9a63Fw

Friday, August 12, 2016

നിന്‍ മൊഴി തേന്‍മൊഴി ( ഷേക്സ്പിയര്‍ )

മഴയോടു പ്രണയമെന്നോതുമ്പോഴും നീ
മഴയത്തു കുടനീര്‍ത്തി നില്‍ക്കുന്നതെന്തേ..
സൂര്യനെ സ്നേഹിക്കുന്നെന്നു ചൊല്ലുമ്പോഴും
ഒരു കരിപ്പുള്ളി നീ തിരയുന്നതെന്തേ..
കാറ്റിനെ പ്രിയമെന്നു മൊഴിയുന്നുവെങ്കിലും 
വീശുകില്‍  ജാലകവാതിലടയ്ക്കുന്നു..
അതിനാല്‍ ഭയക്കുന്നു നിന്‍ വാക്കു കേള്‍ക്കുമ്പോള്‍
പ്രണയമാണെന്നു നീ എന്നോടു പറയവേ ...Thursday, August 11, 2016

ഓണപ്പാട്ട് 2

പൊന്‍വെയില്‍ വന്നു പറഞ്ഞുവല്ലോ പൊ-
ന്നോണം വരുന്നെന്ന വൃത്താന്തം
കുന്നും മലയും വയലും പുഴകളും
കോടിയുടുപ്പുമണിഞ്ഞുവല്ലോ 

പൂവേ പൊലി പൂവേ,...... പൂവേ  പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ  പൊലി പൂവേ

ആലിന്റെ തുഞ്ചത്തൊരൂഞ്ഞാലകെട്ടിയി-
ട്ടാടിക്കളിക്കുന്നൊരോണത്തുമ്പീ
ആക്കയ്യിലീക്കയ്യിലമ്മാനമ്മടീട്ടൊ-
രമ്പിളിക്കുഞ്ഞിനെ കൊണ്ടരുമോ

പൂവേ പൊലി പൂവേ,...... പൂവേ  പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ  പൊലി പൂവേ

പൂക്കളം തീര്‍ക്കുവാന്‍ പൂക്കളിറുക്കണം
കൂടെ വന്നീടുമോ പൂങ്കാറ്റേ
ഉപ്പേരി, പപ്പടം , പായസം കൂട്ടി
നിനക്കു ഞാന്‍ നല്‍കിടാമോണസദ്യ 

പൂവേ പൊലി പൂവേ,...... പൂവേ  പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ  പൊലി പൂവേ
 


Wednesday, August 10, 2016

ഓണപ്പാട്ട് 1

ആരാരോ വന്നു ചൊല്ലിയല്ലോ പൊ-
ന്നോണം വരുന്നെന്ന വര്‍ത്താനം
ചൊല്ലിയതോമല്‍ക്കിനാവോ കാറ്റോ
മുറ്റത്തു വന്നു ചിരിച്ചൊരു തുമ്പയോ
ആരാരോ... ആരാരോ.. (ആരാരോ വന്നു ചൊല്ലിയല്ലോ... )

പൂവാങ്കുറുന്നില പൂമണിമൊട്ടിട്ടു
പൊന്നോണപ്പാട്ടു പാടിടുന്നു
മുക്കുറ്റി മഞ്ഞപ്പുടവയും ചുറ്റിവ-
ന്നോണവില്ലൊന്നു കുലച്ചിടുന്നു 
ആരാരോ... ആരാരോ.. (ആരാരോ വന്നു ചൊല്ലിയല്ലോ... )

അമ്മിണിക്കുഞ്ഞിനു പൊന്നോണക്കോടിയൊ-
ന്നാരോ കൊടുത്തയച്ചീവഴിയില്‍
അമ്പിളിമാമനോ നക്ഷത്രക്കൂട്ടമോ
മാവേലിത്തമ്പുരാന്‍തന്നെയാണോ..
ആരാരോ... ആരാരോ.. (ആരാരോ വന്നു ചൊല്ലിയല്ലോ... )

Tuesday, August 9, 2016

നമ്മുടെ കവികള്‍ -24 / ടി പി രാജീവന്‍നമ്മുടെ കവികള്‍ -24 / ടി പി രാജീവന്‍
----------------------------------------------------
മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് തച്ചം പൊയിൽ രാജീവൻ  എന്ന  ടി.പി. രാജീവൻ.1959 ജൂണ്‍ 28 ന്  തച്ചം പൊയില്‍ രാഘവന്‍ നായരുടേയും ദേവിയമ്മയുടേയും മകനായി   കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴയോരത്തുളള ഉള്‍ഗ്രാമമായ  പാലേരിയിലാണ് ജനനം . മറ്റാണ്‍കുട്ടികള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ കുട്ടിക്കാലം ഏതാണ്ട് ഏകാന്തതയിലാണു കഴിച്ചു കൂട്ടിയത്. ധാരാളം സ്ത്രീകളുടെ ഇടയില്‍ അവരുടെ യക്ഷിക്കഥകള്‍ കേട്ടു വളര്‍ന്ന  ബാല്യകാലം അദ്ദേഹത്തിനു അനാവശ്യ ഭയവും അസ്വാതന്ത്ര്യവും ആണു സമ്മാനിച്ചിരുന്നത് . അമ്പലവും വിശ്വാസങ്ങളും ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും ആ ബാലമനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു . കോഴിക്കേട്ടേയ്ക്കുള്ള ജീവിതത്തിന്റെ പറിച്ചു നടല്‍ സ്വാതന്ത്രം നല്‍കി . പിന്നീട് ഡല്‍ഹിയിലേയ്ക്കുള്ള യാത്ര വിശാലമായ ലോകത്തെ മുന്നില്‍ തുറന്നു വെയ്ക്കുകയും ചെയ്തു .

  .ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' എന്ന ഇംഗ്ലീഷ് പത്രത്തിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവൻറെതായി മൂന്നു കവിതാ  സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്. ശ്രീമതി പി ആര്‍  സാധനയാണ് സഹധര്‍മ്മിണി.ശ്രീദേവി, പാര്‍വ്വതി എന്നീ  രണ്ടു പെണ്‍മക്കളും ഈ ദമ്പതികള്‍ക്കുണ്ട് .

വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. കുട്ടിക്കാലത്ത്  തന്റെയുള്ളിലുറഞ്ഞുകൂടിയ ഏകാന്തതയുടെ  ഇരുട്ടിനെ തള്ളിമാറ്റുന്നതിനുളള ഒരുപാധിയായാണ് അദ്ദേഹം തെന്റെ കവിതയെഴുത്തിനെ വിശേഷിപ്പിക്കുന്നത് . തന്നോടു തന്നെയും ചുറ്റുമുള്ള പക്ഷിമൃഗാദികളോടും അദ്ദേഹം സംസാരിക്കുമായിരുന്നു . ആശയാവിഷ്കാരത്തിന് ഈ സംസാരം അദ്ദേഹത്തെ ഏറെ സഹായിച്ചിരുന്നു എന്നു വേണം  പറയാന്‍ . അമീബ മുതല്‍ ആമയും മുയലും ഉറുമ്പും ഒക്കെ അദ്ദേഹത്തിന്റെ കവിതകളിലുണ്ട് . വായനക്കാരന്റെ ഹൃദയത്തില്‍ വേലിക്കെട്ടുകളില്ലാതെ കടന്നു കയറുന്ന കവിതകളാണ് ഇവയെല്ലാം എന്നതാണ് അദ്ദേഹത്തിന്റെ രചയുടെ വൈഭവം .താനാദ്യം എഴുതിയ ഒരു പ്രണയകവിത വായിച്ച് അതില്‍ നിറയെ തെറ്റുകളുണ്ടെന്നു പറഞ്ഞത് സ്വന്തം പിതാവായിരുന്നു. കവിതയെഴുത്തിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ പ്രേരിപ്പിച്ചത് ഈ സത്യസന്ധമായ വിമര്‍ശനമായിരുന്നു എന്നദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.  .

യുവകവികൾക്യ്കായുള്ള   വി.ടി.കുമാരൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008ലെ ലെടിഗ് ഹൌസ് ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവലിന് 2014 ലെ  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയുണ്ടായി. കൂടാതെ  മദ്രാസ് മലയാളി സമാജം പുരസ്കാരവും കെ. സുരേന്ദ്രന്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി .  വാതിൽ,  രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം എന്നിവ പ്രധാന കവിതാസമാഹാരങ്ങൾ.  കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തന്റെ പ്രസിദ്ധമായ 'കണ്ണകി' എന്ന കവിത ഇംഗ്ലീഷിലാണ് ആദ്യം പ്രസിദ്ധീകരിച്ചത് .

തച്ചംപൊയില്‍ രാജീവന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ കവിതകള്‍ The Promise of the Rest (UK), The Midnight's Grandchildren (Macedonia), The Green Dragon (South Africa), Bruised Memories (India) The Brink: Postmodern Poetry (India). എന്നീ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. Yaksha എന്ന കവിതാസമാഹാരം അമേരിക്കയില്‍ നിന്നു പ്രസാധനം ചെയ്യാന്‍ ഒരുങ്ങുന്നുമുണ്ട് .പുറപ്പെട്ട് പോകുന്ന വാക്ക് (യാത്രാവിവരണം), അതേ ആകാശം അതേ ഭൂമി(യാത്രാവിവരണം) എന്നിവയും അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ കൃതികള്‍ .'പാലേരിമാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവല്‍ സിനിമയാക്കിയപ്പോഴും ഏറെ ജനപ്രീതി നേടിയിരുന്നു . Undying Echoes of Silence എന്ന പേരില്‍ ഇത് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവല്‍ ആണ് ശ്രീ രഞ്ജിത് 'ഞാന്‍' എന്ന പേരില്‍ ചലച്ചിത്രം ആക്കിയത്.     ദേശീയവും സാര്‍വ്വദേശീയവുമായ നിരവധി കാവ്യോത്സവങ്ങളിലും സാഹിത്യപരിപാടികളിലും രാജീവന്‍ സംബന്ധിച്ചിട്ടുണ്ട്‌. യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌സിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റിങ്‌ പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട്‌. കേരളത്തില്‍നിന്നുള്ള Monsoon Editions എന്ന പ്രസാധനകേന്ദത്തിന്റെ ഡയറക്ടര്‍കൂടിയാണ്‌.

ദസ്തയെവിസ്കി തന്നെ സ്വാധീനിച്ച എഴുത്തുകാരനെന്നു അദ്ദേഹം പറയുന്നു. മലയാളത്തില്‍ ഉറൂബും .സുന്ദരികളും സുന്ദരന്മാരുമാണ് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം . ഇതര ഇന്ത്യന്‍ സാഹിത്യത്തില്‍ താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം  ഓർമ്മ നില്‍ക്കുന്ന വായനയാണ് എന്നദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ചില കവിതകളിലൂടെ
.


വിരുന്ന് /ടി പി രാജീവന്‍ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.
ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.
ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.
ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.
കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?
വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.
----------------------------------------------
.
ഭൂതം / ടി പി രാജീവന്‍

സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.
സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത്‌ തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------
 .
ശിക്ഷ / ടി പി രാജീവന്‍

ഒടുവില്‍ എന്നെ
എന്നിലേയ്ക്കുതന്നെ
നാടുകടത്താന്‍
ഞാന്‍ തീരുമാനിച്ചു.
ഞാന്‍
ഒരു രാജ്യമായിരുന്നെങ്കില്‍
ആ രാജ്യത്തിനെതിരെ
ഞാന്‍ നടത്തിയ
ഗൂഢാലോചനകള്‍
അട്ടിമറിശ്രമങ്ങള്‍
കലാപങ്ങള്‍
എല്ലാം പരിഗണിക്കുമ്പോള്‍
ഇതിലും കുറഞ്ഞൊരു ശിക്ഷ
എനിക്കുപോലും വിധിക്കാന്‍ കഴിയില്ല,
എനിക്കെതിരെ.
ജനിക്കുന്നതിനു മുമ്പുതന്നെ
എനിക്കു ഭാര്യയും
മക്കളുമുണ്ടായിരുന്നു.
എത്ര ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്താലും
തീരാത്ത പാപങ്ങളും കടങ്ങളും
ചങ്ങമ്പുഴയോ ഷെല്ലിയോ
കീറ്റ്സോ ആയിരുന്നു ഞാനെങ്കില്‍
ജനിക്കുന്നതിനുമുമ്പുതന്നെ
ക്ഷയരോഗം വന്നോ
ബോട്ടപകടത്തില്‍പ്പെട്ടോ
മരിക്കേണ്ടവനായിരുന്നു ഞാന്‍.
പോയ നൂറ്റാണ്ടിന്റെ
ആദ്യപകുതിയിലോ
അതിനുമുമ്പത്തെ
ഏതെങ്കിലും നൂറ്റാണ്ടിന്റെ
അവസാനത്തിലോ ആയിരുന്നു
എന്റെ ജനനമെങ്കില്‍
കലിംഗ
കുരിശ്
പ്ലാസി
ശിപായി
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍
ഇവയിലേതിലെങ്കിലും
കൊല്ലപ്പെടുമായിരുന്നു ഞാന്‍.
ഞാന്‍
ഒരു ദ്വീപോ
മരുഭൂമിയോ ആയിരുന്നെങ്കില്‍
എന്നെപ്പോലെ
ഒരു കുറ്റവാളിയെ തുറന്നുവിടാന്‍
എന്നെക്കാള്‍ ഏകാന്തവും
തണുത്തുറഞ്ഞതും
ചുട്ടുപൊള്ളുന്നതുമായ ഒരിടം
വേറെയില്ല.
.
മദിരാശി മെയിൽ
ടി.പി. രാജീവൻ
==========================
നട്ടുച്ച, നിളയ്ക്ക് വായ്ക്കരിയിട്ടു
നോക്കുകുത്തികളോട് വഴി ചോദിച്ചു
മാവും പിലാവും ആലും കാഞ്ഞിരവും
കാക്കയും തത്തയും ചെമ്പോത്തും
അണ്ണാനും ചേരയും ശംഖുവരയനും
കീരിയും കുറുക്കനും
ഒളിച്ചുകളിക്കുന്ന ‘കുരുടക്കുന്നിൽ’
വാക്കിന്‍റെ കൂട്ടു കാണാൻ പോയി.
ചെത്തിത്തേക്കാത്ത അക്ഷരങ്ങൾ
പടുത്തുണ്ടാക്കിയ തറവാടിന്‍റെ ഉമ്മറത്ത്
മാമാങ്കത്തിൽ മരിച്ച ചാവേറിന്‍റെ
അസ്ഥികൂടത്തെ ഓർമിപ്പിക്കുന്ന
ചാരുകസേരയിൽ
ചുമച്ച് കട്ടപ്പുക തുപ്പി
ഇരിക്കുന്നുണ്ടായിരുന്നു.
എന്നോ പുറപ്പെട്ട്, പട്ടാമ്പി
ഷോർണൂർ ഒലവക്കോട് കോയമ്പത്തൂർ
ഈറോഡ് സേലം ആർക്കോണം
ആർക്കോണം സേലം ഈറോഡ്
കോയമ്പത്തൂർ ഒലവക്കോട് ഷൊർണൂർ
പട്ടാമ്പിവഴി എത്രയോ തവണ അലഞ്ഞു
വെയിലും മഞ്ഞും മഴയുമേറ്റ്
കരിയിലും പൊടിയിലും കുളിച്ച്
കുറ്റിപ്പുറത്തുതന്നെ തിരിച്ചെത്തിയ
പഴയ മദിരാശി മെയിൽ.
കുന്നുകളുടെ മറവിക്കപ്പുറം
പുഴയുടെ ഓർമയ്ക്കപ്പുറം
പനയോലകൾ പച്ചക്കൊടി വീശുന്നതും
മുളങ്കാടുകൾ ചൂളം വിളിക്കുന്നതും
തെങ്ങുകളും കവുങ്ങുകളും വയലുകളും
പിന്നോട്ട് ഓടിമറയുന്നതും ശ്രദ്ധിച്ച്,
പണ്ട് നാട്ടെഴുത്തച്ഛൻ
വിരൽ പിടിച്ച് മണലിൽ എഴുതിച്ച
“ഴ” പോലെ.

Thursday, August 4, 2016

വിസ്മയലോകം ഈ 'കടല്‍ വിസ്മയങ്ങള്‍ '

വിസ്മയലോകം ഈ 'കടല്‍ വിസ്മയങ്ങള്‍ '
==================

കടല്‍ എന്നും നമുക്കു വിസ്മയമാണ്. വിസ്തൃതവും അഗാധവുമായ മഹാസമുദ്രങ്ങള്‍ അത്രത്തോളം  വ്യാപ്തിയില്‍ നിഗൂഢതകള്‍  ഒളിപ്പിച്ചു വെയ്ക്കുന്നതുമാണ്. കടലിനേക്കുറിച്ചുള്ള ഏതറിവും നമുക്കു വീണ്ടും വിസ്മയത്തിന്റെ ലോകത്തേയ്ക്കു ജിജ്ഞാസ വളര്‍ത്തുന്നതുമാണ് . കടല്‍ പോലെ തന്നെ വിസ്മയങ്ങളുടെ കലവറ നമുക്കുമുന്നില്‍ തുറന്നു വെയ്ക്കുന്ന മനോഹരമായ ശാസ്ത്രഗ്രന്ഥമാണ്  ശ്രീ കെ ആര്‍ നാരായണന്റെ 'കടല്‍ വിസ്മയങ്ങള്‍'. .

 കടലിനേക്കുറിച്ച് എന്തെങ്കിലും എഴുതണമെങ്കില്‍ കടലോളം തന്നെ അറിവും വേണ്ടതാണ്. ഈ അറിവുകള്‍ സ്വായത്തമാക്കണമെങ്കില്‍ ശാസ്ത്രീയമായ പഠനത്തോടൊപ്പം അനുഭവങ്ങളുടെ നിധിശേഖരം തന്നെ കയ്യിലുണ്ടാവണം.  അമ്പത്തി അഞ്ചോളം വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കണ്ടു മനസ്സിലാക്കിയ കടലിന്റെ അത്ഭുതകരങ്ങളായ സ്വഭാവ വിശേഷങ്ങളെയും അതിലെ ജീവജാലങ്ങളെയും, സമുദ്രങ്ങള്‍ നേരിടുന്ന ആപത്തുകളെയും, മറ്റുമാണ് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.സാധാരണക്കാരുടെ അറിവിന്റെ പരിധിയില്‍  പെടാത്ത വിചിത്രലോകത്തെതുറന്നു വെച്ചിരിക്കുകയാണ്ഈ പുസ്തകത്തില്‍ .ഒരു ചെറിയ ശംഖു ചെവിയില്‍ വെയ്ക്കുമ്പോള്‍ കേള്‍ക്കുന്ന കടലിരമ്പത്തേക്കാള്‍ ഗഹനമായ അറിവിന്റെ ഇരമ്പലുകള്‍ നമുക്കീ ചെറിയ ഗ്രന്ഥത്തിലൂടെ കാതോര്‍ക്കാം .

ഇതൊരു ശാസ്ത്രഗ്രന്ഥമാണെങ്കില്‍ കൂടി അവതരണത്തിലെ ഉദ്വേഗപൂര്‍ണ്ണമായ  ആകര്‍ഷണീയതയും ഭാഷാവിഷ്കാരത്തിലെ ലളിത്യവും ഏതൊരു വായനക്കാരനേയും ഈ പുസ്തകവായന സവിശേഷമായൊരനുഭവത്തിലേയ്ക്കു കൊണ്ടെത്തിക്കും. വെറും കൗതുകപൂരണത്തിനു മാത്രമല്ല. വേണമെങ്കില്‍ ഗവേഷകര്‍ക്ക് ഉപയുക്തമാക്കാവുന്ന വിജ്ഞാനഗ്രന്ഥമായും 'കടല്‍ വിസ്മയങ്ങള്‍' വിരാജിക്കുന്നു. പതിനഞ്ച് അദ്ധ്യായങ്ങളിലായി ഗ്രന്ഥകാരന്‍ നമുക്കു മുന്നില്‍ തുറന്നു വെയ്ക്കുന്ന അറിവിന്റെ ഖനി അത്ര വിപുലമാണ്, അത്രത്തോളം തന്നെ വസ്തുതാപരവുമാണ്. വായനക്കാരനെ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയിലേയ്ക്ക് ഇതിലെ ഓരോ വരികളും കൈ പിടിച്ചു നടത്തുന്നു. സമുദ്രവും അതിലെ അത്ഭുതങ്ങളും എന്നും മനുഷ്യന്റെ വിസ്മയമായ കടല്‍ ജീവികളായ മുത്ത്, പവിഴം, ശംഖ്, ചെമ്മീന്‍, കടല്‍ നക്ഷത്രങ്ങള്‍, കടല്‍ക്കുതിര, തിമിംഗലം, ജെല്ലിഫിഷ്, നീരാളി എന്നിവയെക്കുറിച്ചൊക്കെ നല്ലൊരു പഠനം തന്നെ ഈ ഗ്രന്ഥത്തിലുണ്ട്. കണ്ടല്‍ക്കാടിന്റെ പ്രസക്തിയും അവയുടെ അസാന്നിദ്ധ്യം കൊണ്ടുവരാവുന്ന അപകടങ്ങളും നമുക്കു ചൂണ്ടിക്കാട്ടിത്തരുന്നു .   കടലിന്റെ നിറഭേദങ്ങളും തിളക്കമുള്ള പ്രകാശദൃശ്യങ്ങളും  ഒക്കെ എന്നും നമ്മെ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ അവയൊക്കെ എങ്ങനെയുണ്ടാകുന്നു എന്ന് ഈ പുസ്തകത്തില്‍ നമുക്കു വ്യക്തമാകും. വായനക്കാരില്‍ കടലിനെക്കുറിച്ച് അവബോധം ഉണര്‍ത്താന്‍  ഈ പുസ്തകം വളരെ സഹായിക്കുന്നു. സമുദ്ര/ജന്തു ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു ഈ ഗ്രന്ഥം.

നീണ്ട വര്‍ഷങ്ങളിലെകടല്‍ ജീവിതത്തിന്റെ  അനുഭവങ്ങളിലൂടെ  കണ്ടു മനസ്സിലാക്കിയ കടലിന്റെ അത്ഭുതകരങ്ങളായ നിഗൂഢതകളാണ് ശാസ്ത്രജ്ഞന്‍ കൂടിയായാ  ശ്രീ കെ ആര്‍ നാരായണന്‍ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ  ഇരിഞ്ഞാലക്കുടയിലെ പുരാതനമായ കുരുംബയില്‍ മഠത്തിലെ  അംഗമായ നാരായണന്‍ ക്രൈസ്റ്റ് കോളേജിലെ പ്രോഫെസ്സര്‍ ആയിരുന്ന പദ്മഭുഷന്‍ റെവ. ഫാ. ഗബ്രിയെലിന്റെ ഒന്നാം ബാച്ചില്‍ ജന്തു ശാസ്ത്രത്തിലും, പിന്നീട് ഫിഷറീസ്സിലും, അഗ്രിക്കള്‍ച്ചര്‍ മാനെജുമെന്റ് എന്നീ വിഷയങ്ങളിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1999ല്‍ ഗുജറാത്ത് ഫിഷറീസ് സര്‍വീസില്‍ നിന്നും വിരമിച്ചു പത്തു വര്‍ഷത്തോളം കാലം ഗവണ്മെന്റിന്റെ കൻസൽട്ടണ്ടായും സേവനം അനുഷ്ഠിച്ചു . അന്തര്‍രാഷ്ട്രീയ സംഘടനകളിലും സമുദ്ര സര്‍വ്വെകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള  ഈ എഴുത്തുകാരന്‍ മുംബൈയിലെ വര്‍ലിയില്‍ ആണ് ഇപ്പോൾ താമസം. വിവിധ വിഷയങ്ങളിലായി നാനൂറിലധികം ലേഖനങ്ങളും മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുടയെ കുറിച്ച് ഇദ്ദേഹം എഴുതിയ പുസ്തകമാണ്.  “കുടയൂര്‍ കഥകള്‍”

കടൈനെ സ്നേഹിക്കുന്ന , കൂടുതല്‍ ആറിയാനാഗ്രഹിക്കുന്ന ഏവരും വായിച്ചിരിക്കേണ്ട ' കടല്‍വിസ്മയങ്ങള്‍' ഗ്രീന്‍ ബുക്സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. 107 പേജകളുള്ള ഈ പുസ്തകത്തിന്റെ വില 95 രൂപ..

.