Sunday, December 26, 2021

ബുള്ളറ്റ്ബാബക്ഷേത്രം

 മനുഷ്യരിൽ  ഈശ്വരാരാധന പലവിധത്തിലാണ്. അതിന്റെ രീതി നിർണ്ണയിക്കുന്നതിന് പല അടിസ്ഥാനഘടകങ്ങളുണ്ട്. മതവിശ്വാസങ്ങളും പ്രാദേശികതയും അതാതിടത്തെ  ഭൂപ്രകൃതിയും ഋതുഭേദങ്ങളുമൊക്കെ ഇതിൽ സ്വാധീനം ചെലുത്തുന്നു. കാലാനുസൃതമായി ആ രീതികളിൽ മാറ്റങ്ങളും വരാറുണ്ട്. എങ്കിലും നിലനിന്നുപോരുന്ന ആരാധനാശൈലിയുടെ പൊതുസ്വഭാവത്തിനു കാര്യമായ മാറ്റം പൊടുന്നനെ ഉണ്ടാകാറുമില്ല. അതിൽനിന്നു വ്യതിചലിച്ചുള്ള ആരാധനകളെ നമ്മൾ വിചിത്രമെന്നു മുദ്രകുത്താറുമുണ്ട്. ബിക്കാനീറിലെ കർണ്ണിമാതാക്ഷേത്രത്തിൽ എലികളാണല്ലോ ആരാധിക്കപ്പെടുന്നത്!  തമിഴ്‌നാട്ടിലെ ഖുശ്ബുവിന്റെ അമ്പലവും തെലുങ്കാനയിലെ സോണിയാഗാന്ധിക്ഷേത്രവുമൊക്കെ ഈ ഗണത്തിൽപ്പെടും. നമ്മൾ മലയാളികൾ ഒരല്പം പരിഹാസത്തോടെയേ ഇത്തരം ആരാധനകളെ നോക്കിക്കാണാറുള്ളൂ. ഇത്തരത്തിലല്ലെങ്കിലും നമ്മുടെ നാട്ടിലും ചില ആരാധനാവൈചിത്ര്യങ്ങൾ അടുത്തകാലത്തായി ഉടലെടുത്തിട്ടുണ്ട്. ചില ക്ഷേത്രങ്ങളിലെ ഉഴുന്നുവടമാലവഴിപാടൊക്കെ അത്തരത്തിൽപ്പെടും. മറ്റൊരുദാഹരണമാണ് തലവടിയിലെ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ  മഞ്ച്(ചോക്ലേറ്റ്) വഴിപാട്. എന്നുമുതലാണ് മുരുകഭഗവാൻ മഞ്ച് കഴിക്കാൻ തുടങ്ങിയതെന്ന് അന്തംവിട്ടിട്ടൊന്നും കാര്യമില്ല. വഴിപാടായി  പെട്ടിക്കണക്കിനാണ് മഞ്ച് അവിടെയെത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.  മഞ്ചുകൊടുത്തു ബലമുരുകനോട് പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നു ഭക്തർ വിശ്വസിക്കുന്നു.  മഞ്ച് മാത്രമല്ല, മറ്റുബ്രാൻഡുകളിലെ ചോക്ലേറ്റുകളും ധാരാളമായി വഴിപാടിന് ക്ഷേത്രത്തിൽ എത്തുന്നുണ്ടത്രേ!   ആരാധനാമൂർത്തി ബാലകനായതുകൊണ്ടാവാം ഭക്തരിൽ  നല്ലൊരുവിഭാഗം കുട്ടികളാണ്. 


മനുഷ്യരും മനുഷ്യദൈവങ്ങളുമൊക്കെ ആരാധനാമൂർത്തികളാകുന്നത് വിചിത്രമെന്നുതോന്നുമ്പോൾ രാജസ്ഥാനിൽ അതിവിചിത്രമെന്നുതോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ്ബാബക്ഷേത്രം. 






ദേശീയ പാത  62  ലൂടെ ജോധ്പൂരിൽ നിന്ന്  മൌണ്ട് അബുവിലേക്കുള്ള  പോകുമ്പോൾ   ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ   ബന്ദായിഗ്രാമത്തിലെത്തും. അവിടെയാണ്    ബുള്ളറ്റ്ബാബക്ഷേത്രം. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടുത്തെ പ്രതിഷ്ഠ.(350 cc Royal Enfield Bullet RNJ 7773.) ഒരു കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .  ദിവസവും പൂജയും ആരാധനയുമൊക്കെയുള്ള ഈ ക്ഷേത്രം രാജസ്ഥാനിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടത്രേ!

  ഇങ്ങനെയൊരുക്ഷേത്രം സ്ഥാപിതമായത് എങ്ങനെയെന്ന ജിജ്ഞാസ ആർക്കുമുണ്ടാവുമല്ലോ. അതിന്റെപിന്നിലും ഒരു കഥയുണ്ട് . 

1991 ഡിസംബർ മാസം മുപ്പതാംതീയതി ഓംസിംഗ് റാത്തോർ(ഓം ബന്ന) എന്നുപേരായ ഒരു ഗ്രാമനേതാവ് ബുള്ളറ്റിൽ ഈവഴി കടന്നുപോകവേ ഒരപകടത്തിൽപ്പെട്ടു. വാഹനം  നിയന്ത്രണം നഷ്ടപ്പെട്ട്  ഒരു മരത്തിലിടിച്ച് , ഓം ബന്ന തൽക്ഷണം മരണപ്പെട്ടു. ഒരു  കുഴിയിൽ വീണുപോയ ബുള്ളറ്റിനെ പോലീസ് കണ്ടെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു.  പിറ്റേദിവസം നോക്കുമ്പോൾ അതവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ അപകടസ്ഥലത്തുനിന്നു കണ്ടെത്തി. പിന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത ദിവസവും ഇങ്ങനെത്തന്നെ സംഭവിച്ചു. ഒരു പരീക്ഷണമെന്നവണ്ണം പോലീസ് പെട്രോൾ ടാങ്ക് ശൂന്യമാക്കിയശേഷം  ബുള്ളറ്റിനെ ഒരു ചങ്ങലകൊണ്ടു പൂട്ടിവെച്ചു. ആ ശ്രമവും പരാജയപ്പെട്ടു. ബുള്ളറ്റ്  സ്റ്റേഷനിൽതന്നെ  സൂക്ഷിക്കാൻ  വീണ്ടും പലശ്രമങ്ങളും നടന്നെങ്കിലും എല്ലാം വിഫലമായി. അടുത്തദിവസം പ്രഭാതത്തിൽ അത് അപകടസ്ഥലത്തെ കുഴിയിലുണ്ടാകുമായിരുന്നത്രേ! എന്തൊരദ്‌ഭുതമാണല്ലേ? 


അദ്‌ഭുതശക്തിയുള്ള ഈ ബുള്ളറ്റിനെ അവിടുത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി. ഓം ബന്നയുടെ ആത്മാവാണ് ബുള്ളറ്റിൽ കുടികൊള്ളുന്നതെന്നും ഭക്തർ വിശ്വസിക്കുന്നു. അടുത്ത ഗ്രാമങ്ങളിലും അതുവഴി കടന്നുപോകുന്ന മറ്റുസ്ഥലങ്ങളിലെ യാത്രികരിലുമൊക്കെ  ഈ അദ്‌ഭുതബുള്ളറ്റിനെക്കുറിച്ചുള്ള കഥകൾ കടന്നുചെന്നു. അവരും ആരാധനയ്‌ക്കെത്തി. വാഹനയാത്രക്കാർക്ക് ബുള്ളറ്റ് ബാബാ തങ്ങളെ  അപകടങ്ങളിൽനിന്നു രക്ഷിക്കുമെന്ന വിശ്വാസവുമുണ്ടായി.    നിത്യപൂജകളും വഴിപാടുകളുമൊക്കെ മറ്റുക്ഷേത്രങ്ങളിലെപ്പോലെതന്നെ നടന്നുവന്നു.    താമസിയാതെ  അവിടെ ഒരു ക്ഷേത്രവും ഉയർന്നുവന്നു. ക്രമേണ, അവിടെയിറങ്ങി ബുള്ളറ്റ് ബാബയെ പ്രണമിക്കാതെപോകുന്ന  യാത്രികൾ അപകടത്തിൽപ്പെടുമെന്നൊരു വിശ്വാസവും ഉടലെടുത്തു. ബുള്ളറ്റിൽ ഭക്തർ  തിലകം ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ദീപമുഴിയുകയും ചുവന്ന നൂൽ കെട്ടുകയുമൊക്കെ ചെയ്യാറുണ്ട് സാധാരണ വഴിപാടുകൾക്കുപുറമെ ചിലർ നിവേദ്യത്തിനു  മദ്യവും കൊണ്ടുവരാറുണ്ടത്രേ! അപകടമുണ്ടാക്കാനിടയായ വൃക്ഷത്തിലും വർണ്ണത്തൂവാലകളും ആഭരണങ്ങളുമൊക്കെ ചാർത്തി പ്രാർത്ഥിക്കുന്നത് ഭക്തരുടെ  പതിവാണ്. 

 

ക്ഷേത്രസംരക്ഷണത്തിനും നടത്തിപ്പിനും ഭക്തർക്ക് മികച്ച  അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമൊക്കെ പ്രാദേശികഭരണഘടകങ്ങൾ വളരെ ശ്രദ്ധചെലുത്തുന്നുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യംതന്നെ എന്ന് പറയാതിരിക്കവയ്യ. 

Sunday, November 14, 2021

നിയമങ്ങൾ നമുക്ക് (മെട്രോ മിറർ നവംബർ ലക്കം പ്രസിദ്ധീകരിച്ചത്)

'ദൈവത്തിന്റെ സ്വന്തം നാട്' 
ആഹാ, എത്ര സുന്ദരമായ  കല്പന! ആരാണ് ഇങ്ങനെയൊരു വിശേഷണം കേരളത്തിനു  നൽകിയതെന്നതിന്  കൃത്യമായൊരുത്തരം കണ്ടെത്താനായിട്ടില്ല. പക്ഷേ അതെന്തുകൊണ്ടാണെന്നതിന് കാരണങ്ങൾ കണ്ടെത്താൻ നമുക്ക്‌  ഒട്ടുംതന്നെ പ്രയാസപ്പെടേണ്ടതില്ല. ഇത്ര മനോഹരവും വൈവിധ്യമുള്ളതുമായ ഭൂപ്രകൃതി മറ്റെവിടെയാണ് കാണാനാവുക!  കൂടാതെ, മനുഷ്യജീവിതത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്,  ജലസ്മൃദ്ധമായ ധാരാളം നദികൾ, ഹാനികരമല്ലത്ത  ജന്തുസസ്യജാലങ്ങൾ,  താരതമ്യേന കുറഞ്ഞ പ്രകൃതിദുരന്തങ്ങൾ, ആരോഗ്യമുള്ള ജനസമൂഹം ഇവയെല്ലാം ചേർന്നാണ് കേരളത്തിന്  ഈ  പദവി കനിഞ്ഞു നൽകിയിരിക്കുന്നത്. പക്ഷേ നമ്മൾ എത്രത്തോളം ഈ നന്മകളോടൊക്കെ  നീതിപുലർത്തുന്നു  എന്നത് ചിന്തനീയം. ഇങ്ങനെയൊരു വിശേഷണത്തിന് നമ്മൾ അർഹരാണോ  എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. 

ഒരു രാജ്യമോ, പ്രദേശമോ  എത്ര മഹത്തരമാണെങ്കിലും അവിടുത്തെ ജനങ്ങൾ വിചാരിച്ചാൽ അതൊക്കെ മാറ്റിയെഴുതാൻ കഴിയും എന്ന് ചിലപ്പോഴെങ്കിലും മലയാളികൾ തെളിയിക്കുന്നുണ്ട്. അതിനേറ്റവും വലിയ തെളിവാണ് നമ്മുടെ നാട്ടിൽ കാണുന്ന നിയമലംഘനങ്ങളും  അഴിമതികളുമൊക്കെ. ജനം ഏതു  വിഭാഗമായാലും   ഏറ്റവും ഉയർന്നതലം മുതൽ താഴേത്‌തട്ടുവരെ അക്കാര്യത്തിൽ വിവേചനമൊന്നും  കാട്ടാറില്ല. എല്ലാവർക്കും  സ്വന്തം കാര്യം സിന്ദാബാദ്. നമ്മളെ സംബന്ധിച്ചിടത്തോളം നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണല്ലോ.  എണ്ണി ത്തുടങ്ങിയാൽ അതിനൊരന്തമില്ല. കൂടുതൽ വ്യക്തതയോടെ  നമുക്ക് നിയമലംഘനങ്ങൾ കാണാൻ കഴിയുന്നത് പൊതുനിരത്തുകളിലാണ്. അനുവദിക്കപ്പെട്ട വേഗത മറികടക്കാനും വശംതെറ്റിച്ചു  വാഹനമോടിക്കാനും   സിഗ്നലുകളെ അവഗണിക്കാനും നോൺ പാർക്കിംഗ് ഏരിയയിൽ പാർക്  ചെയ്യാനും  അനാവശ്യമായി ഹോൺ മുഴക്കി മറ്റുള്ളവരെ ശല്യപ്പെടുത്താനുമൊക്കെ നമുക്കൊരു മടിയുമില്ലെന്നായിരിക്കുന്നു.  ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഹെൽമെറ്റ് വയ്ക്കുന്നതും ഏതാണ്ട് ഇതേവിധത്തിൽതന്നെ.  കാൽനടക്കാരെയാവട്ടെ അങ്ങേയറ്റം അവജ്ഞയോടെ അവഹേളിക്കുന്ന ഒരു ജനസമൂഹവും നമ്മുടേതാനെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.  അച്ചടക്കത്തോടെ ഒരു ക്യൂ  നിൽക്കാൻപോലും നമുക്കാവില്ല.  ഇപ്പോൾ പുതിയൊരു നിയമം വരുന്നതായി കേൾക്കുന്നു. ഇരുചക്രവാഹനങ്ങളിൽ കുട പിടിക്കാൻ പാടില്ലത്രേ!  നിയമമല്ലേ,  എന്നൽ അതൊന്നു ലംഘിച്ചുകളയാം എന്നുകരുതി കുടപിടിക്കുന്നവരെയും നമുക്കിനി കാണേണ്ടിവന്നേക്കാം.    

മാസ്ക്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ നമ്മൾ കാണാറുണ്ട്.  പൊലീസ്  പിടിക്കാതിരിക്കാൻ മാസ്ക് താടിയിലോ  കൈയിലോ  ധരിക്കുന്നവരാണ്  അധികംപേരും. സ്വന്തം രക്ഷയ്ക്കാണ് അതെന്ന ചിന്ത ഒട്ടുമില്ലതന്നെ  ഏറ്റവും വലിയ തമാശയെന്തെന്നാൽ  ശിക്ഷ കല്പിക്കുന്ന പൊലീസും  മാസ്ക് ധരിക്കുന്നതിൽ യാതൊരു ശ്രദ്ധയും കൊടുക്കുന്നില്ല എന്നതുതന്നെയാണ്. എന്തിന്, മന്ത്രിമാർപോലും ഇക്കാര്യത്തിൽ പിന്നിലല്ല. ഇക്കഴിഞ്ഞദിവസം നിയമസഭയിൽ സ്പീക്കർ ഒരംഗത്തോട് 'മാസ്ക് ശരിയായി ധരിക്കൂ'  എന്നു  നിർദ്ദേശിക്കുന്നത്  കണ്ടു.  പക്ഷേ അദ്ദേഹവും ആ സമയത്ത്  അതു  ധരിച്ചിരുന്നവിധം ശരിയായിരുന്നില്ല എന്നത് എത്ര പരിഹാസ്യമായി!   എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെയാവുന്നത് ? 

ഇനി വൃത്തിയുടെ കാര്യത്തിലായാലോ, മലയാളികളുടെ  വൃത്തിബോധത്തെപ്പറ്റി നമ്മൾ അങ്ങേയറ്റം ഊറ്റം കൊള്ളും.  പക്ഷേ എത്ര വൃത്തിഹീനമാണ്  നമ്മുടെ പൊതുസ്ഥലങ്ങളും ചുറ്റുപാടുകളും! നദികളുടെ കാര്യം പറയുകയും വേണ്ടാ. എവിടെയും  അശ്രദ്ധമായി വലിച്ചെറിയപ്പെടുന്ന   മാലിന്യങ്ങൾ കണ്ണിനും മൂക്കിനും അസഹനീയത ഉണ്ടാക്കുന്നതുമാത്രമല്ലാ,  പൊതുജനാരോഗ്യത്തേപ്പോലും  വളരെ പ്രതികൂലമായി ബാധിക്കുന്നു.  ട്രെയിനും ബസ്സും ഒക്കെ തഥൈവ.    യാത്രകൾക്കിടയിൽ പൊതുടോയ്‌ലറ്റ് ഉപയോഗിക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ.   മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് ഏതു വിധേനയുളള കഴ്ചപ്പാടായിരിക്കും ഇതൊക്കെ ഉണ്ടാക്കുക!  

ഒരിക്കൽ തേക്കടിയിൽ ബോട്ടിംഗിന് പോയ അനുഭവം ഓർമ്മവരുന്നു. ഞങ്ങൾ ഇരുന്നതിന് പിന്നിലത്തെ സീറ്റിൽ രണ്ടു വിദേശികൾ ആയിരുന്നു.  ഒരു ഗ്രൂപ്പായി വന്ന സഞ്ചാരികളും ഒപ്പം ചേർന്നു. . കുട്ടികളും യുവാക്കളും വൃദ്ധരുമൊക്കെ  അക്കൂട്ടത്തിലുണ്ടായിരുന്നു. കലപിലകൾക്കിടയിൽ  അവർ പല  പായ്ക്റ്റുകൾ പൊട്ടിച്ച് എന്തൊക്കെയോ കൊറിച്ചുകൊണ്ടിരുന്നു.  തടാകക്കാഴ്ചകളൊന്നും അവരെ സ്വാധീനിച്ചതേയില്ലെന്നു തോന്നി. യാത്ര കഴിഞ്ഞ് ബോട്ടിൽനിന്നിറങ്ങിയപ്പോൾ  അവരിരുന്നസ്ഥലമാകെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക്‌ കവറുകളും ഒക്കെക്കൂടി തുള്ളൽക്കളം പോലെയായി. അതുകണ്ട് പിന്നിലിരുന്നു വിദേശികൾ പറയുന്നതുകേട്ടു 'See the culture of  the people'' എന്ന്.  ബോട്ടിൽ നിന്നിറങ്ങിയശേഷം ഞങ്ങൾ  അവരോട് സംസാരിക്കുകയുണ്ടായി. ഒരുമാസത്തെ ഇന്ത്യൻപര്യടനത്തിന്   ലണ്ടനിൽനിന്ന്  എത്തിയവരാണ്.  'എങ്ങനെയുണ്ട് ഞങ്ങളുടെ നാട്' എന്നചോദ്യത്തിന് മനോഹരം, ഗംഭീരം എന്നൊക്കെ മറുപടിവന്നപ്പോൾ വല്ലാത്ത ജാള്യം തോന്നി. 

നൂറുശതമാനം സാക്ഷരതയുണ്ടെന്നും ബിരുദധാരികളു ടെ എണ്ണം വളരെക്കൂടുതലാണെന്നും ഒക്കെ അഹങ്കരിക്കുന്ന നമ്മൾ യഥാർത്ഥത്തിൽ വിദ്യാലയങ്ങളിൽ അവശ്യം വേണ്ട അറിവുകൾ നേടുന്നുണ്ടോ  എന്നു  ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുമുതൽ നമ്മുടെ, നമ്മുടെ നാടിന്റെ സ്വത്താണെന്നും  അതു  സംരക്ഷിക്കേണ്ടത് നമ്മുടെമാത്രം  കടമയാണെന്നും എത്രപേർക്ക് ബോധ്യമുണ്ട്? സ്വന്തം വീടും സാധനസാമഗ്രികളുമൊക്കെ ഒരുപോറൽപോലുമേൽക്കാതെ  സംരക്ഷിക്കുന്ന നമുക്ക് എന്തുകൊണ്ടാണ് പൊതുമുതലിനോട് ആ ഒരു മമത തോന്നാത്തത്? മറ്റുള്ളവരെ,  പ്രത്യേകിച്ച് വൃദ്ധരേയും  ഭിന്നശേഷിക്കാരെയും  സ്നേഹിക്കാനും ആദരിക്കാനും അവശ്യഘട്ടങ്ങളിൽ സഹായത്തിന്റെ വിരൽത്തുമ്പു  നീട്ടാനും  നമ്മളെന്തുകൊണ്ടാണ് വിമുഖതകാണിക്കുന്നത്?     തീ ർച്ചയായും അതിനുള്ള പരിശീലനം നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് കാരണം. 

വിവിധരാജ്യങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ എന്നെ വിസ്മയിപ്പിച്ച കാര്യങ്ങളാണ്   അവിടെയൊക്കെ കാണുന്ന വൃത്തിയും സമയനിഷ്ഠയും   അച്ചടക്കവുമൊക്കെ.  ഏതാനും ഉദാഹരണങ്ങൾ പറയാം. 
   നമ്മുടെ അയൽരാജ്യമായ,  ഒട്ടും സമ്പന്നമല്ലാത്ത, ഭൂട്ടാൻ എന്ന കൊച്ചുരാജ്യം  എന്തിനും ഏതിനും നമ്മുടെ രാജ്യത്തെ ആശ്രയിക്കുന്നവരാണ്.   പക്ഷേ നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ അന്നാട്ടുകാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തങ്ങളുടെ നാടിനെ വൃത്തിയായും സുന്ദരമായും  സൂക്ഷിക്കാനും അവർ ബദ്ധശ്രദ്ധരാണ്.  തിംഫു, പാരോ മുതലായ പ്രധാനനഗരങ്ങളിലൂടെ  ഒഴുകുന്ന നദികളിൽപോലും മാലിന്യത്തിന്റെ ഒരംശം കാണാനാവില്ല. സ്കൂൾകുട്ടികൾക്കാണ് ശുചീകരണത്തിനന്റെയും സൗന്ദര്യവത്കരനത്തിന്റെയും    ചുമതല. നദീതീരത്ത്    ബോർഡുകളിൽ  അതതു  ഭാഗത്തെ നദിയും  പരിസരവും വൃത്തിയായി  സൂക്ഷിക്കാൻ ചുമതലപ്പെട്ട സ്കൂളുകളുടെ  പേരുകളും  കണ്ടു.  
ജപ്പാനിലെ കാര്യമെടുത്താൽ  അവിടുത്തെ സ്കൂളുകളിൽ  ശുചീകരണപ്രവർത്തനങ്ങൾക്ക് ജോലിക്കാർ ഇല്ലെന്നാണ് ഒരദ്ധ്യാപിക പറഞ്ഞത്. കുട്ടികളും അദ്ധ്യാപകരും ചേർന്നാണത്രേ ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കുന്നത്. താഴ്ന്ന കളാസ്സുകളിൽ എഴുത്തും വായനയുമൊന്നുമല്ല പഠിപ്പിക്കുന്നത്. മറിച്ച്,  വിനയവും  അച്ചടക്കവും ഉത്തരവാദിത്തബോധവുമുള്ള, നിയമപാലനത്തിൽ  നിഷ്‌കർഷയുള്ള,     നല്ലൊരു പൗരനായിത്തീരാനുള്ള അടിസ്ഥാനകാര്യങ്ങളാണ്. സ്വയംപര്യാപ്തത കൈവരിച്ച  ഒരു വ്യക്തി  അറിഞ്ഞിരിക്കേണ്ട എല്ലാ ജോലികളും, പാചകവും   ഡ്രൈവിംഗും ഉൾപ്പെടെ എല്ലാം അവർ സ്കൂളിൽനിന്നു  പഠിക്കുന്നു. ബുള്ളറ്റ് ട്രെയിനുകൾ പോലും അണുവിട തെറ്റാതെ പാലിക്കുന്ന സമയനിഷ്ഠ നമ്മെ അമ്പരപ്പിക്കും.   പൊതുസ്ഥലങ്ളിലും   മറ്റും നമ്മൾ വെച്ചുമറന്നുപോകുന്ന വസ്തുക്കൾ ദിവസങ്ങൾ കഴിഞ്ഞാലും അവിടെത്തന്നെയുണ്ടകും എന്നത് ജപ്പാൻകാർക്ക്‌,    മേൻമയുള്ള വിദ്യാഭ്യാസം കൊണ്ടുകൂടി ലഭിച്ച മഹത്വം കാരണമാണ്.       യൂറോപ്പിലും ഏതാണ്ട് സമാനമായ രീതി  തന്നെ അവലംബിക്കപ്പെട്ടിരിക്കുന്നു.  ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ  വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന നല്ല മാറ്റങ്ങളെ സ്വീകരിച്ച് തുടർച്ചയായി തങ്ങളുടെ വിദ്യാഭ്യാസരംഗം നവീകരിക്കാനും അവരൊക്കെ സന്നദ്ധരാകുന്നു  എന്നതും വളരെ ശ്രദ്ധേയമാണ്.    എന്നാൽ നമ്മുടെ വിദ്യാഭ്യാസരീതി  കാലഹരണപ്പെട്ട അശയസംഹിതകളുടെ പരീക്ഷണശാലകളായിത്തന്നെ  തുടരുന്നു. വ്യക്തിജീവിതത്തിൽ അവശ്യം വേണ്ട പ്രായോഗികജ്ഞാനമോ  പൗരബോധമോ  ഒന്നും വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നുമില്ല. അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാണെങ്കിലും കർത്തവ്യങ്ങളെക്കുറിച്ച്   തികച്ചും അജ്ഞരാകുന്നു.  ഫലമോ, ഉയർന്ന വിദ്യാഭ്യാസയോഗ്യതകളും മത്സരപ്പരീക്ഷകളിലെ  ഉയർന്ന റാങ്കുംനേടി  സർക്കാർ തലത്തിൽ  ഉന്നതോദ്യോഗങ്ങളിൽ എത്തുന്നവർപോലും സ്വധർമ്മം മറന്നു സ്വാർത്ഥതാല്പര്യങ്ങൾക്ക്  മുൻതൂക്കം കൊടുക്കുന്നു.  വ്യത്യസ്തരായ ചെറിയൊരു വിഭാഗം ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.    കൃത്യതയുള്ള പരിശീലനത്തിന്റെ അഭാവത്താൽ  ഒരു പൊതുജനസേവകന്റെ കർമ്മപദ്ധതികളെക്കുറിച്ചും  പെരുമാറ്റരീതികളെക്കുറിച്ചും യാതൊരു ദിശാബോധവുമില്ലാതെവരുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്.    ഇവരുടെയൊക്കെ  ധാർഷ്ട്യത്തിന്റെ,   അനാസ്ഥയുടെ,  നിഷ്ക്രിയത്വത്തിൻെറ,  തിക്തഫലങ്ങൾ അനുഭവിക്കാൻ പാവം പൊതുജനം. 

യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള   വിദേശയാത്രകളിൽ   എന്നെ   ഏറെ സ്വാധീനിച്ച   മറ്റൊരു  കാര്യം വൃദ്ധജനങ്ങളോടും  അംഗവൈകല്യമുള്ളവരോടുമൊക്കെയുള്ള അന്നാട്ടുകാരുടെയൊക്കെ  സമീപനമാണ്. നമ്മുടെ നാട്ടിൽ ഇക്കൂട്ടരുടെ കാര്യം എത്ര ദയനീയമാണ്.  ഒരുപ്രായം കഴിഞ്ഞാൽ, അഥവാ ആരോഗ്യം അല്പമൊന്നു ക്ഷയിച്ചാൽ  ദേവാലയങ്ങളിൽപോലും ഒന്നു  കൊണ്ടുപോകാൻ സ്വന്തം മക്കൾപോലും സന്മനസ്സ് കാണിക്കില്ല.   എന്നാൽ  അവിടെയൊക്കെ സ്ഥിതി വളരെ വ്യത്യസ്തമായിത്തോന്നി.  പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ   വീൽചെയറിൽ ധാരാളമായി  ഇക്കൂട്ടരെക്കാണാം.  അവരെ അനുഗമിക്കുന്നവർ- മക്കളോ,  പേരക്കുട്ടികളോ,  പരിചാരകരോ  ഒക്കെയാകാം -  എത്ര സ്നേഹത്തോടും  ശ്രദ്ധയോടും ആദരവോടുമാണ് അവരെ പരിചരിക്കുന്നത്! 



തീർച്ചയായും ശ്രമിച്ചാൽ നമുക്കും മാറ്റങ്ങൾ  സാധ്യമാണ്.  കുട്ടികളിൽ മൂല്യവത്തായ വ്യക്തിത്വവികസനം വളരെ എളുപ്പമാണ്.  വിദ്യാലയങ്ങൾ അതിനുവേണ്ടിയാവട്ടെ. ഇന്നു  നിത്യേന നമ്മുടെ നാട്ടിൽ നടക്കുന്ന പീഡനങ്ങളും   കൊലപാതകങ്ങളും  സാമ്പത്തികതട്ടിപ്പുകളും സ്ത്രീധനമരണങ്ങളുമൊക്കെ   നല്ല വിദ്യാഭ്യാസസമ്പ്രദായംകൊണ്ടുവരുന്നതുവഴി   നിർമ്മാർജ്ജനം ചെയ്യാൻ നമുക്ക് കഴിയും.    മുതിർന്നവരെ പെട്ടെന്നു  മാറ്റിമറിക്കാൻ കഴിഞ്ഞെന്നു വരില്ല.  സ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ    തുടർച്ചയായ ഉദ്ബോധനങ്ങളിലൂടെ മുതിർന്നവരിലും പൗരബോധം വളർത്തിയെടുക്കാൻ കഴിയും. അതിനായി മൂല്യബോധവും ഇച്ഛാശക്തിയുമുള്ള മുതിർന്ന പൗരന്മാരുടെയുൾപ്പെടെ  സേവനം ഉപയോഗപ്പെടുത്താവുന്നതെയുള്ളൂ.  സാമൂഹ്യമാധ്യമങ്ങളിൽ   നടന്ന ഒരു ചർച്ചയിൽ ഔദ്യോഗികജീവിതത്തിൽ ഉന്നതപദവികൾ അലങ്കരിച്ചിരുന്ന   ധാരാളംപേർ  തങ്ങളുടെ സൗജന്യസേവനം ഇത്തരം കാര്യങ്ങൾക്കായി   വാഗ്ദാനംചെയ്തത്  സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.  






Monday, November 8, 2021

പ്രൈസ്ടാഗ്

 ഇന്നു  വാട്ട്സ് ആപ്പിൽ ലഭിച്ച ഒരു പോസ്റ്റ് 

ഒരാൾ  രാവിലെതന്നെ വളരെ പ്രശസ്തമായ  ഒരു ഷോപ്പിംഗ് മാളിൽ ഒരു  ടൈയും ഒരുജോടി സോക്‌സും  വാങ്ങാൻ കയറിയതായിരുന്നു. പ്രദർശിപ്പിച്ചിരിക്കുന്ന വില്പനവസ്തുകളുടെകൂടെ അവയുടെ വിലവിവരവും ചേർത്തിരുന്നു. ഓരോന്നിന്റെയും വിലകൾ  വായിച്ചു നടന്ന അദ്ദേഹം അന്ധാളിച്ചുപോയി. ഒരു സ്വെറ്റെറിന്  8000രൂപ, ഒരു ജീൻസിന്  10,000 രൂപ, ഒരുജോഡിസോക്സിന് 8000 രൂപ, ഒരു നെക്ക്‌ ടൈക്കാകട്ടെ  16,000 രൂപ. പലരും അതൊക്കെ ഷോപ്പിംഗ് ബാസ്കറ്റ്കളിൽ എടുത്തുവയ്ക്കുന്നുമുണ്ട്. 

 വീണ്ടും മുന്നോട്ടുനടന്നപ്പോൾ വാച്ചുകളുടെ     ഭാഗത്തെത്തി. ഒരു റോളക്സ് വാച്ചിന്റെ വില 90 രൂപ മാത്രം. കുറച്ചപ്പുറത്ത്    വജ്രം പതിച്ച സ്വർണ്ണമോതിരം ലഭിക്കാൻ വെറും 80 രൂപ കൊടുത്താൽ മതിയത്രേ ! 

 അദ്ദേഹത്തിന് ആകെ ഒരു അവിശ്വസനീയത തോന്നി.  വാച്ചുകൾ വിൽക്കുന്നിടത്തെ  കൗണ്ടറിൽ  ഉണ്ടായിരുന്ന ആളോട് അദ്ദേഹം ഇതേപ്പറ്റി അന്വേഷിച്ചു. 

"ഒരു റോളക്സ് വാച്ചിന്  വെറും തൊണ്ണൂറുരൂപയോ? ഇത് വാസ്തവം തന്നെയോ!" 

വളരെ ലളിതമായിരുന്നു ലഭിച്ച മറുപടി. 

"ഇന്നലെ രാത്രി  ആരോ  പ്രൈസ്ടാടാഗുകൾ  മാറ്റിമറിച്ചു  താറുമാറാക്കി. ഇനി അതൊക്കെ കൃത്യമായി വയ്ക്കാൻ സമയമെടുക്കും."

"പക്ഷേ പലർക്കും അതുകൊണ്ട് എത്ര നഷ്ടങ്ങളുണ്ടാകുന്നു! നിസ്സാരവിലയുള്ള  വസ്തുക്കൾക്ക് ഭീമമായതുക നൽകേണ്ടിവരുന്നു."

"ഞാനും കണ്ടു ചിലർ അങ്ങനെ പലതും വാങ്ങിക്കൊണ്ടുപോകുന്നത്. വിലയുള്ളതും വിലയില്ലാത്തതും തിരിച്ചറിയാൻ കഴിയാത്തവരാണവർ.       വസ്തുക്കളുടെ   യഥാർത്ഥമൂല്യം തിരിച്ചറിയാനാവാത്ത അവരോട് എനിക്കു  സഹതാപമേയുള്ളു. "

 അതേ, അതൊരു വലിയ തിരിച്ചറിവാണ്. 

മനുഷ്യജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നതല്ലേ ഈ മൂല്യമാറ്റങ്ങൾ!

ആരൊക്കെയോ വിലകൾ മാറ്റിമറിക്കുന്ന പലതുകൾ. വിവേകമില്ലതത്തുകൊണ്ട് അല്പമൂല്യങ്ങൾക്ക് നമ്മൾ  ഭാരിച്ചവിലനൽകുന്നു. അമൂല്യമായതിന് ഏറെ  താഴ്ന്ന വിലയും. 

Friday, October 8, 2021

പരമ്പരകളും മൂല്യച്യുതിയും (മെട്രോ മിറർ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചത്)

 പരമ്പരകളും മൂല്യങ്ങളും

======================= 

ഈ വർഷത്തെ ടെലിവിഷൻ അവർഡ് പ്രഖ്യാപനത്തിലെ  വിവാദമായ പരാമർശമാണ് ' ടെലിവിഷൻപരമ്പരകൾക്കു വേണ്ടത്ര  കലാമൂല്യമില്ലാത്തതിനാൽ അവാർഡ് നൽകാൻ യോഗ്യമല്ല' എന്നത്.   കല  ദൈവികവും പവിത്രവുമാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെയും ഗൗരവത്തോടെയും നിർവ്വഹിക്കേണ്ട ഒന്നാണ്  കലാസൃഷ്ടി. പ്രത്യേകിച്ച് അനേകമാളുകൾ  കണ്ടാസ്വദിക്കുന്ന  സീരിയലുകൾ പോലുള്ള കലാരൂപങ്ങൾ.    കല  എന്നത് ഏതെങ്കിലും വിശേഷപ്പെട്ടൊരു  ചട്ടക്കൂടിൽ ഒതുക്കിനിർത്തപ്പെട്ടിരിക്കുന്നതല്ല.  അപ്പോൾപ്പിന്നെ 'കലാമൂല്യമില്ലെ'ന്ന പരാമർശം ഗൗരവമേറിയ  ചർച്ചാവിഷയമാണ്. നവമാധ്യമങ്ങളിലൂടെ ഈ ചർച്ചകൾ ഏറെ സജീവവുമായിരുന്നു.  സീരിയലുകൾ നിലനിന്നുപോരുന്നതുതന്നെ അവ അങ്ങേയറ്റം ജനപ്രിയമായിരിക്കുന്നു എന്നതിനാലാണ്. ജനപ്രിയമായതെല്ലാം ഉദാത്തസൃഷ്ടികളായിരിക്കണമെന്നില്ല.  ഈ വിരോധാഭാസമാണ്  അവയുടെ കലാമൂല്യത്തെക്കുറിച്ചുള്ള   ചർച്ചകളിലേക്ക്‌ നമ്മെ   കൊണ്ടുപോകുന്നത്. 


അനാദികാലംമുതൽ, ഭക്ഷണം കഴിഞ്ഞാൽ ഒരുപക്ഷേ  ജീവിതത്തിൽ  മനുഷ്യനേറ്റവും  അവശ്യമയിരുന്നോരു ഘടകമായിരുന്നു വിനോദം. അതിനുള്ള ഉപാധികൾ വ്യത്യസ്തമായ രീതികളിൽ അവൻ കണ്ടെത്തുകയും ചെയ്തിരുന്നു. കലയും കലാസൃഷ്ടികളും  ഈ സഞ്ചാരപഥത്തിൽ ഉരുത്തിരിഞ്ഞതാണ്. ആത്യന്തികമായി എല്ലാ  കലകളും മനുഷ്യനെ രസിപ്പിക്കാനും ആനന്ദിപ്പിക്കാനുമുള്ളതാണ്. പക്ഷേ ഈ  ആനന്ദം മനുഷ്യന്റെ ചിന്തകളെ വികലമാക്കുകയും  അവന്റെ സാംസ്കാരികാധപതനത്തിന്  വഴിയൊരുക്കുന്നതുമായിരിക്കരുത്.  ആസ്വാദകന്റെ ചിന്തകളേയും  പ്രവൃത്തികളേയും  സംസ്കരിച്ച് പൂർവ്വാധികം ഉത്കൃഷ്ടമാക്കാനും സ്നേഹവും  സത്യവും  ആർദ്രതയും നീതിബോധവും കൈമുതലായ സംസ്കാരസമ്പന്നമായ  ഒരു വ്യക്തിത്വത്തിനുടമയാക്കുക  എന്നൊരു മഹത്തായ ലക്ഷ്യംകൂടിയുണ്ടാകണം ഏതൊരു കലാസൃഷ്ടിക്കും. 


നമ്മുടെ നാട്ടിൽ ടെലിവിഷനും ടെലിവിഷൻപരമ്പരകളും മനുഷ്യമനസ്സുകളിൽ സ്ഥാനംപിടിച്ചിട്ട്‌ ദീർഘമായൊരു  കാലമൊന്നുമായിട്ടില്ല. 1984 ലാണ് ദൂദർശനിൽ  ആദ്യമായൊരു പരമ്പര- 'ഹം ലോഗ്' - സംപ്രേഷണം ചെയ്തുതുടങ്ങിയത്. ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാരും ഈ സീരിയലിനെ നെഞ്ചോടുചേർത്തു. പിന്നീട് ബുനിയാദ്,  ഉഡാൻ, മാൽഗുഡി  ഡേയ്സ്, മുംഗേരിലാൽ കെ ഹസീൻ സപ്നെ, ഫൗജി, ലൈഫ് ലൈൻ ...അങ്ങനെ ജീവി  തത്തോടു  ചേർന്നുനിന്നു എത്രയെത്ര പരമ്പരകൾ! രാമായണവും മഹാഭാരതവും പോലുള്ള പുരാണകഥകൾ  പരമ്പരകളായി  തങ്ങളുടെ സ്വീകരണമുറിയിലെ കൊച്ചുസ്ക്രീനിൽ തെളിഞ്ഞപ്പോൾ ആഹ്ലാദത്തോടൊപ്പം  ഭക്തിയും ചേർന്നൊരു ആരാധനതന്നെ പ്രേക്ഷകഹൃദയങ്ങളിൽ ഊറിക്കൂടി.  90കളുടെ  ആദ്യം   ഡി ‌‍ഡി 4  മലയാളത്തിലും  സീരിയലുകൾ സംപ്രേഷണം ചെയ്തുതുടങ്ങി. ' ഒരു പൂ  വിരിയുന്നു, കൈരളിവിലാസം ലോഡ്ജ്, ഒരു കുടയും കുഞ്ഞുപെങ്ങളും   ഇവയൊക്കെയായിരുന്നു ആദ്യപരമ്പരകൾ. പതിമൂന്ന് എപിസോഡുകളിൽ അവസാനിച്ചിരുന്ന ആദ്യകാലപരമ്പരകൾ   കാലം  പിന്നിട്ടതോടെ മെഗാപരമ്പരകൾക്കു  വഴിമാറി. സ്വകാര്യചാനലുകൾ വന്നതോടെ മെഗാസീരിയലുകളുടെ അവസാനമില്ലാത്ത  പ്രളയംതന്നെയായി. കടുത്ത മത്സരത്തിനും ഈ രംഗം വേദിയാവുകയയിരുന്നു.  സംപ്രേഷണം   നീട്ടിക്കൊണ്ടുപോകാൻ  എന്തുവിട്ടുവീഴ്ചയ്ക്കും പിന്നണിപ്രവർത്തകർ  തയ്യാറായതോടെ ഈ കലാരൂപത്തിന്റെ നിലവാരത്തകർച്ചയും അനിവാര്യമായി. 


മുൻകാലങ്ങളിൽ, ജീവിതഗന്ധിയായ കഥകളും അവയിലൂടെ പ്രേക്ഷകർക്ക് കൈവന്നിരുന്ന മൂല്യവത്തായ ജീവിതാവബോധവും പരമ്പരകൾക്ക് സമൂഹത്തിൽ  ഏറെ സ്വീകാര്യത ലഭിക്കുന്നതിനുകാരണമായി. ഉന്നതരായ സഹിത്യനായകന്മാരുടെ   മികച്ച പല  സൃഷ്ടികളുടെയും   ദൃഷ്യവിഷ്‌കാരങ്ങളായി  പരമ്പരകൾ  പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരുന്നു.    റേഡിയോ തുടർനാടകങ്ങളും മററും   ശ്രോതാക്കളുടെ ഹൃദയം കവർന്നിരുന്ന കാലത്ത് ഒരുപടികടന്ന് അവരുടെ  ദൃശ്യരൂപത്തിലുള്ള  പിന്മുറക്കാർ ടെലിവിഷനിലൂടെ വീടുകളിലേക്ക് വന്നെത്തിയത്.  റേഡിയോ, നമ്മുടെ  വളരെ കുറച്ചു സമയം മാത്രമേ അപഹരിച്ചിരുന്നുള്ളു. പക്ഷേ ടി വി  സീരിയലുകൾ  അപഹരിക്കുന്നതാവട്ടെ കാര്യക്ഷമമായി പ്രവർത്തിക്കാൻ നമുക്ക് ലഭിക്കുന്ന സമയത്തിന്റെ സിംഹഭാഗവുമാണ്. പിന്നെന്തിനാണ് ഇതു  കാണുന്നത് എന്നതാണ് ഒരു വാദം. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നതുകൊണ്ട് അത് വേണ്ടെന്നുവച്ചുകൂടേ  എന്ന് ചോദിക്കുന്ന പോലെയേ അതുള്ളു.    മദ്യവും മയക്കുമരുന്നുമൊക്കെപ്പോലെ  സീരിയലുകളും   മനുഷ്യമനസ്സുകളിൽ  വിടുതൽകിട്ടാത്തവണ്ണം   ആസക്തി നിറയ്ക്കുന്നു.  ഇന്ന് ചാനലുകളിൽ വരുന്ന  മിക്കവാറും  എല്ലാ  പരമ്പരകളുടെയും  കഥാതന്തു  ഏതാണ്ട് ഒരേ അച്ചിൽവാർത്തതുതന്നെയെന്നുതോന്നും.  തന്നെയുമല്ല കുടുംബബന്ധങ്ങൾക്കോ ശ്രേഷ്ഠമായ  വ്യക്തിജീവിതത്തിനോ യാതൊരു പ്രാധാന്യവും നൽകാതെ സർവ്വവിധ അപചയങ്ങളുടെയും  ഒരു സമ്മേളനവേദിയായി സീരിയലുകൾ  മാറിയിരിക്കുന്നു.   ഭാവനാസൃഷ്ടികളാണെന്ന് സമ്മ്തിക്കുമ്പോൾത്തന്നെ അവ ജീവിതത്തിന്റെ കലാപരമായ  പുന:സൃഷ്ടിയാകുമ്പോഴാണ്  ഉദാത്തമായ അസ്വാദനതലമുണ്ടകുന്നതെന്ന സത്യം വിസ്മരിക്കരുത്. 

 അവിശ്വസനീയവും അതിഭാവുകത്വവും അസ്വാഭാവികതയുംകൊണ്ട് സമ്പന്നമായ, പലപ്പോഴും    അങ്ങേയറ്റം  സ്ത്രീവിരുദ്ധമായ സംഭവപരമ്പരകളാണ് ഓരോ സീരിയലുകളിലും  അരങ്ങേറുന്നത്. അമ്മായിയമ്മ-മരുമകൾ, നാത്തൂൻ   സ്പർദ്ധകൾ അതിന്റെ പാരമ്യത്തിലെത്തിനിൽക്കുന്നു   ഇവയിലൊക്കെ. കുടുംബത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സ്ത്രീകളുടെ പ്രധാനജോലിയെന്നു തോന്നും സീരിയലുകൾ കണ്ടാൽ.  നിസ്സഹായരായ കുട്ടികളോടും വൃദ്ധജനങ്ങളോടും ക്രൂരത കാട്ടുന്ന സ്ത്രീകഥാപാത്രങ്ങൾ എല്ലാ സീരിയലുകളിലും ഉണ്ടാവും. നിർഗുണപരബ്രഹ്മങ്ങളായ ഗൃഹനാഥൻമാരും  അതിസാമർത്ഥ്യക്കാരികളായ  ഗൃഹനാഥകളും  പരിഹാസപത്രങ്ങളാകുന്നു.  പല സീരിയലുകളിലും അന്യസംസ്ഥാനങ്ങളിൽനിന്ന് മൊഴിമാറ്റം ചെയ്തു പുനസൃഷ്ടിക്കപ്പെട്ടവയാണ്. അവയിൽനിന്ന്  നമ്മുടെ സാമൂഹികപശ്ചാത്തലവും  ജീവിതരീതികളും ഏറെ വിഭിന്നമായിരിക്കുന്നതു എന്നതും അശങ്കയ്ക്കു  വഴിയൊരുക്കുന്നു. 

വിദ്യാഭ്യാസത്തിലൂടെയും ലോകപരിചയത്തിലൂടെയും  നമ്മൾ നേടിയെടുത്ത സാംസ്കാരികമായ പുരോഗതിയെ എത്രയോകാലം  പിന്നിലേക്ക്  കൊണ്ടുപോവുകയാണ് ഇന്നത്തെ സീരിയലുകൾ.  ആസ്വാദകരുടെ ക്ഷമയെ പരീക്ഷിച്ച്, അനന്തമായ കഥാഖണ്ടങ്ങൾ,  അസംഭവ്യവും യുക്തിരഹിതവുമായ കഥകളും ഉപകഥകളുമായി അനുസ്യൂതം വന്നുപോകുന്നു.  വ്യക്തിബന്ധങ്ങളിലെ കുടിലതകളും അനാശാസ്യങ്ങളും അവിഹിതബന്ധങ്ങളും കുത്തിനിറച്ച  ഈ സൃഷ്ടികൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഇവയുടെ സൃഷ്ടികർത്താക്കളോ  പ്രദർശനാനുമതി നൽകുന്ന ഉത്തരവാദപ്പെട്ടവരോ ഒരു നിമിഷംപോലും ആലോചിക്കുന്നില്ല എന്നത് എത്ര ഖേദകരമാണ്! 


 വീട്ടമ്മമാരും  വൃദ്ധജനങ്ങളുമാണ് സീരിയലുകളുടെ ആരാധകരെന്നാണ്  പൊതുവേയുള്ള വിലയിരുത്തൽ. പക്ഷേ മുഖപുസ്തകംപോലുള്ള നവമാധ്യമങ്ങളിൽ  വരുന്ന സീരിയൽ വിമർശനപോസ്റ്റുകളും കമന്റുകളും വായിച്ചാൽ അവരൊക്കെ കൃത്യമായി സീരിയലുകൾ കാണുന്നു എന്നതാണ് മനസ്സിലാവുന്നത്.  പക്ഷേ മനസ്സാ സംഭവിക്കുന്നതായിരിക്കില്ല, മറിച്ച്, വീട്ടിലെ  ഏതെങ്കിലും ഒരംഗം സീരിയൽ കാണുന്നെങ്കിൽ  മറുള്ളവർക്കും അത് നൽകുന്ന നിർബ്ബന്ധശിക്ഷയാവും  സീരിയൽദർശനം.   മുതിർന്നവർക്ക് നല്ലതും ചീത്തയും   തള്ളാനുംകൊള്ളാനുമുള്ള തിരിച്ചറിവുണ്ട്.   ഇതിന്റെ ഏറ്റവും മോശമായ ഭവിഷ്യത്ത് അനുഭവിക്കുന്നത് കുട്ടികളാണ്. കുടുംബം, സമൂഹം, മനുഷ്യബന്ധങ്ങൾ ഇവയെക്കുറിച്ചൊക്കെ  തികച്ചും വികലവും വികൃതവുമയൊരു കാഴ്ചപ്പാടായിരിക്കും  സീരിയലുകൾ അവരിൽ അടിച്ചേൽപ്പിക്കുന്നത്. വ്യക്തിബന്ധങ്ങളിൽ  ചതിയും വഞ്ചനയും കുടിലതയുമൊക്കെ  എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ പ്രായോഗികപരിശീലനംകൂടിയാവുന്നു  അവർക്കു  സീരിയൽകഥകൾ. അതവർക്ക് സമ്മാനിക്കുന്ന  മാനസികസമ്മർദ്ദം കുറച്ചൊന്നുമല്ല.      ഈ കോവിഡ്  കാലത്ത് മുഴുവൻ സമയവും വീട്ടിൽത്തന്നെ കഴിയുന്ന കുഞ്ഞുമക്കൾക്ക്‌  ഒഴിഞ്ഞുമാറാൻ പഴുതുകളുമില്ല. പല കുട്ടികൾക്കും  ഈ   മനഃശാസ്ത്രജ്ഞന്റെ  സഹായം തേടേണ്ടിവരുന്നു എന്നത് നിസ്സാരമായെടുക്കാനുമാവില്ല.


ഒരുകാലത്ത് പൈങ്കിളിസാഹിത്യം പ്രചരിപ്പിക്കുന്നുവെന്നു  ചില പ്രസിദ്ധീകരണങ്ങളെ  അധിക്ഷേപിച്ചിരുന്നു.  പക്ഷേ അതിനുമുണ്ടായിരുന്നു  ഒരു നല്ലവശം.  മനുഷ്യരെ പ്രായഭേദമെന്യേ അക്ഷരങ്ങളോടു കൂടുതൽ അടുപ്പിച്ചു നിർത്താൻ  അതു  കാരണമായി. എന്നാൽ ടിവി പരമ്പരകളാവട്ടെ  വായനയെത്തന്നെ വിസ്മൃതിയിലാക്കുന്നു. കുറേ ആളുകൾക്ക്‌ ഉപജീവനമാർഗ്ഗമേകുന്നു  എന്നൊരു ഗുണം മാത്രമേ സീരിയലുകൾക്കുള്ളു.  ഒരു    പകൽനീണ്ട കഠിനാദ്ധ്വാനത്തിന്റെ  ഭാരമിറക്കിവച്ച്, അല്പനേരം മനസികോല്ലാസത്തിന് ടീ വിയെ ആശ്രയിക്കുന്ന പ്രേക്ഷകന്, അവന്റെ ദൗർബല്യത്തെ  മുതലെടുക്കുന്നതിനു  പകരം   അല്പംകൂടി ആദരവും പരിഗണനയും നൽകാമെന്നാണ്  എന്റെ ഉറച്ച വിശ്വാസം.  അതുകൊണ്ടുതന്നെ, ഒരു കാലഘട്ടത്തെയും സമൂഹത്തെയും വിഷലിപ്തമാക്കുന്ന ടെലിവിഷൻപരമ്പരകൾക്ക്‌ അധികാരതലത്തിൽനിന്നുതന്നെ നിയന്ത്രണം വന്നേ  മതിയാകൂ. പൊതുജനത്തിന്റെ  സാമാന്യബോധത്തെയും സ്ഥിരബുദ്ധിയേയും പരിഹസിക്കുന്ന, അവരുടെ സഹൃദയത്വത്തെനോക്കി കൊഞ്ഞനം കുത്തുന്ന  സീരിയലുകൾക്ക്  പ്രദർശനാനുമതി നിരസിക്കുന്നതിനുള്ള ആർജ്ജവം ബന്ധപ്പെട്ടവർക്ക്   ഉണ്ടാവണം.  എപിസോഡുകളുടെ എണ്ണം  പരിമിതപ്പെടുത്തിയാൽ തികച്ചും അനാവശ്യമായി സീരിയലുകളെ വലിച്ചിഴച്ചുനീട്ടിക്കൊണ്ടുപോകുന്ന പ്രവണതയും ഇല്ലാതാക്കാം. 







നീര ആര്യ

 'നീര ആര്യ' എന്നൊരു പേര് എനിക്ക്   പരിചിതമായിരുന്നില്ല ഇക്കഴിഞ്ഞദിവസംവരെ .  സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളിൽ ഇങ്ങനെയൊരു നാമം വിദ്യാഭ്യാസകാലത്തോ അതിനുശേഷമോ    കേട്ടതായിപ്പോലും എനിക്കോർമ്മയില്ല. Quora യിൽ യാദൃശ്ചികമായി വായിക്കാനിടയായ, കരൾപിളർക്കുന്ന ജീവിതകഥയാണ് ഈ സ്വാതന്ത്ര്യസമരസേനാനിയുടേത്‌ 

1902 മാർച്ച് 5)0 തീയതി ഉത്തർപ്രദേശിലെ ഖേക്രാ നഗറിൽ ഒരു സമ്പന്നവ്യാപാരികുടുംബത്തിൽ പ്രശസ്തനായ വ്യാപാരി സേഠ് ഛജ്ജുമലിന്റെ മകളായി   ജനിച്ചു.  അക്കാലത്ത് കൊൽക്കത്തയിൽ പിതാവിന്റെ വ്യവസായം അഭിവൃദ്ധിപ്രാപിച്ചുവരുന്ന കാലമായിരുന്നു.  രാജ്യത്തുടനീളം അദ്ദേഹത്തിന് വ്യവസായ,വ്യാപാരസ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസ്ഥാനം കൊൽക്കത്ത ആയിരുന്നതിനാൽ പിതാവിനൊപ്പം   നീരയും കുടുംബവും അവിടെയായിരുന്നു കഴിഞ്ഞുവന്നത്. അതുകൊണ്ടുതന്നെ നഗരത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുവാൻ നീരയ്ക്കു  സാധിച്ചു. ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും കൂടാതെ മറ്റുചില ഭാഷകളിലും പ്രാവീണ്യം ലഭിക്കാനും സാഹചര്യമുണ്ടായി. ബുദ്ധിപരമായ ഔന്നത്യവും മികച്ച വിദ്യാഭ്യാസവും  കുലീനമായൊരു കുടുംബപശ്ചാത്തലവും    നീരയുടെ ചിന്തകളെ ദേശീയതയുടെ കഠിനവീഥികളിലേക്ക്‌  കൈപിടിച്ചു  നടത്തി. സ്വാതന്ത്ര്യസമരത്തിൽ  എത്തപ്പെട്ടതും  ബ്രിട്ടീഷ് ഗവൺമെന്റിന്റെ  നോട്ടപ്പുള്ളിയായതും അങ്ങനെയാണ്. 

മറ്റേതൊരു പിതാവിനെയുംപോലെ നീരയുടെ പിതാവും മകൾക്ക് നല്ലൊരു കുടുംബജീവിതം  വേണമെന്നാശിച്ചു.  തങ്ങളുടെ കുടുംബത്തിനു  ചേർന്നൊരു ബന്ധം മകൾക്കായി  കണ്ടെത്തി. സിഐഡി ഓഫിസറായ ശ്രീകാന്ത് ജയരഞ്ജൻ ദാസ് അവളെ വിവാഹംചെയ്തു. തികഞ്ഞ ദേശീയവാദിയായ  നീരയ്ക്ക്‌ ബ്രിട്ടീഷ് സർക്കാരിന്റെ വിനീതവിധേയനായ ഭർത്താവുമായി ആശയപരമായി പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ദാഹിച്ചിരുന്ന നീര ആര്യ  ഒടുവിൽ  ആസാദ് ഹിന്ദ് ഫൗജിന്റെ (ഇന്ത്യൻ നാഷണൽ ആർമി - INA)  ഝാൻസി റാണി റജിമെന്റിൽ അംഗമായി. സഹോദരൻ ബസന്ത്കുകുമാറും ആസാദ് ഹിന്ദ് ഫൗജിൽ  അംഗമായിരുന്നു.       ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനായ നേതാജി സുഭാഷ്ചചന്ദ്രബോസിനോട് അന്യാദൃശമായൊരു ആരാധനയും ഹൃദയാന്തർഭാഗത്ത്‌  വേരോടി.  

അക്കാലത്തുതന്നെ നീരയുടെ ഭർത്താവിന്  നേതാജി  സുഭാഷ്  ചന്ദ്രബോസിനെപ്പറ്റി രഹസ്യമായി  അന്വേഷിക്കാനുള്ള ചുമതല  ലഭിച്ചു. അദ്ദേഹത്തെ കണ്ടെത്തിയാൽ വധിക്കാനായിരുന്നു കല്പന. ഒരിക്കൽ മുഖത്തോടുമുഖം നേതാജിയെ കാണാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ ശ്രീകാന്ത് നിറയൊഴിച്ചു. എന്നാൽ  അതു ഉന്നം പിഴച്ച്   ജീവനെടുത്തത് നേതാജിയുടെ വാഹനത്തിന്റെ  ഡ്രൈവറുടെതായിരുന്നു.  പക്ഷേ കാര്യങ്ങൾ മനസ്സിലാക്കിയ നീര തന്റെ ആരാധ്യനേതാവിന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. (നീരയുടെ  ഭർതൃഹത്യയെക്കുറിച്ചറിഞ്ഞ   സുഭാഷ ചന്ദ്രബോസ്  അസ്വസ്ഥനായി. അസന്തുഷ്ടിയോടെതന്നെ  അവരെ  സർപ്പം(നാഗിൻ) എന്നു  വിശേഷിപ്പിക്കുകയുണ്ടായി. അങ്ങനെ അവർ നീര നാഗിൻ  എന്നും അറിയപ്പെട്ടിരുന്നു) 

ആസാദ് ഹിന്ദ് ഫൗജിന്റെ കീഴടങ്ങലിന് ശേഷം, ഡൽഹി ചെങ്കോട്ടയിൽ വിചാരണ നടന്നപ്പോൾ, നീര  ആര്യ ഒഴികെ  ആസാദ് ഹിന്ദ് ഫൗജിലെ എല്ലാ സൈനികരെയും കുറ്റവിമുക്തരാക്കി.  ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനെ വധിച്ച കുറ്റത്തിന് നീര ആര്യയെ വിചാരണയ്ക്ക് വിധേയയാക്കി. വിചാരണയ്ക്ക്ശേഷം  ആജീവനാന്ത തടവിനായി   കാലാപാനി ജയിലേക്കയച്ചു. കഴുത്തിലും കൈകാലുകളിലും ഇരുമ്പുചങ്ങലകളിട്ട്‌, മറ്റു സ്ത്രീതടവുകാർക്കൊപ്പം അവരെയും അവിടെ പാർപ്പിച്ചു.  കൊടുംതണുപ്പിൽ  ഒരു കമ്പിളിപോലും ഇല്ലാതെ ദിവസങ്ങളോളം കഴിയേണ്ടിവന്നു.  ജയിലിൽ  അവർക്ക്  എല്ലാദിവസവും  അതികഠിനമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടിവന്നു. അത്തരത്തിൽ അങ്ങേയറ്റം  മൃഗീയമായൊരു ശിക്ഷയായിരുന്നു, Breast ripper എന്ന  മാരകായുധം ഉപയോഗിച്ച് അവരുടെ സ്തനം   നീക്കം ചെയ്തത്. ( പതിനാറാം നൂറ്റാണ്ടിൽ  ജർമ്മനിയിൽ വ്യഭിചാരം,  ഗർഭച്ഛിദ്രം  മുതലായ കുറ്റങ്ങൾ  ചെയ്യുന്ന സ്ത്രീകൾക്ക്  നൽകിയിരുന്ന ശിക്ഷയായിരുന്നു  ശരീരത്തിൽനിന്ന് സ്തനങ്ങൾ നീക്കം ചെയ്യുക എന്നത്. അതിനായി ഉപയോഗിച്ചിരുന്ന,  ഇരിമ്പുകൊടിൽപോലുള്ള ഒരു ഉപകരണമാണ് breast  ripper. അത് നന്നായി പഴുപ്പിച്ചശേഷമായിരുന്നു കൃത്യനിർവ്വഹണം നടത്തിയിരുന്നത്. )  സുഭാഷ ചന്ദ്രബോസ് എവിടെയെന്നു ജയിലധികൃതർ മീരയോട് ചോദിച്ചപ്പോൾ അദ്ദേഹം മരിച്ചുപോയി എന്നവർ മറുപടി പറഞ്ഞു. 'നീ കള്ളം പറയുകയാണ്. അയാൾ  ജീവിച്ചിരിക്കുന്നു.  എവിടെയാണയാൾ എന്ന് നിനക്കറിയാം' എന്നായി  അവർ. നീര അതിനു മറുപടി പറഞ്ഞത്   ' അതേ, അദ്ദേഹം ജീവിച്ചിരിക്കുന്നു, എന്റെ ഹൃദയത്തില് ' എന്നായിരുന്നു. 'എങ്കിൽ അയാളെ അവിടെനിന്ന് എടുത്തെറിയൂ'  എന്നായി ഉദ്യോഗസ്ഥൻ. അതിനുള്ള  ഉപകരണവുമായിവന്ന കമ്മാരൻ നീരയുടെ വലതുസ്തനം  നീക്കം ചെയ്യുകയും ഇടതുസ്തനത്തിന്  മാരകമായ  ക്ഷതമേൽപിക്കുകയും  ചെയ്തു. സമാനമായി നിരവധി പീഡനങ്ങൾ നീയ ആര്യക്ക്  അനുഭവിക്കേണ്ടിവന്നു. എങ്കിലും നീരയെ  വ്യാകുലപ്പെടുത്തിയത് സ്വാതന്ത്ര്യസമരത്തിൽ  പങ്കെടുക്കാനാവില്ലല്ലോ എന്നതായിരുന്നു. 

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം നീര ജയിൽ മോചിതയായി. ബാക്കി  ജീവിതകാലംമുഴുവൻ അവർ ഹൈദരാബാദിൽ പൂക്കൾ വിറ്റുനടന്നു ജീവിച്ചു. ഗവൺമെൻ്റിൻ്റെ ഏതെങ്കിലും  ആനുകൂല്യമോ പെൻഷനോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. അവരുടെ കുടിൽ പോലും പിന്നീട് സർക്കാർ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാർ തകർത്തു. 1998 ജൂലൈ 26 ന് ഹൈദരബാദിൽവച്ച്  ആരാലും അറിയപ്പെടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു അനാഥയെപ്പോലെ അന്ത്യനിദ്ര പ്രാപിച്ചു.  . 

നീര ആര്യയുടെ സഹോദരൻ ബസന്ത് കുമാറും സ്വാതന്ത്ര്യാനന്തരം സന്യാസിയായി ജീവിച്ചു. സ്വാതന്ത്ര്യസമരത്തിലെ തന്റെ പങ്കിനെക്കുറിച്ച് നീര ആര്യ ആത്മകഥയും എഴുതിയിട്ടുണ്ട്. തന്റെ ആത്മകഥയിൽ, കാലപാനിയിലെ  ശിക്ഷയിൽ തനിക്കുണ്ടായ മനുഷ്യത്വരഹിതമായ അനുഭവങ്ങളെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. നീര ആര്യ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഉർദു എഴുത്തുകാരി ഫർഹാന താജിനോട് വിവരിച്ചിരുന്നു.   അവയുടെ  അടിസ്ഥാനത്തിൽ, ഫർഹാന താജ് ഒരു നോവലും എഴുതിയിട്ടുണ്ട്.








Tuesday, September 14, 2021

വിദ്യാരംഗം കലാസാഹിത്യവേദിക്ക്‌ ആശംസ

ഏവർക്കും എന്റെ സ്നേഹവന്ദനം  
ഇന്ന് നമ്മൾ കടന്നുപോകുന്നത് തികച്ചും   അവിചാരിതമായൊരു കാലഘട്ടത്തിലൂടെയാണ്.  അങ്ങേയറ്റം ഭീദിതമായൊരു ദുസ്വപ്നത്തിൽ പോലും കാണാതിരുന്ന ഒരു ദുരന്തകാലം. പൂമ്പാറ്റകളെപ്പോലെ പാറിനടന്നു വീടും വിദ്യാലയവുമൊക്കെ വർണ്ണാഭമാക്കിയിരുന്ന, ശബ്ദമുഖരിതമാക്കിയിരുന്ന കുഞ്ഞുമക്കൾ  ഇന്ന് വീടിന്റെ ചുവരുകൾക്കുള്ളിൽ ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. പക്ഷേ  നിങ്ങളിൽ അന്തർലീനമായിരിക്കുന്ന നാനാവിധമായ സർഗ്ഗപ്രതിഭയെ അങ്ങനെ ബന്ധനസ്ഥമാക്കേണ്ടതില്ല. നിങ്ങളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക്  അത് പുറത്തുവന്നേ  മതിയാകൂ. ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും അതുവഴി ഒരു സംസ്കൃതസമൂഹത്തെ വളർത്തിയെടുക്കാനും വിദ്യാരംഗം കലാസാഹിത്യവേദിയും അതിനോടനുബന്ധമായ ക്ലബുകളും നടത്തിവരുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.  
എല്ലാവര്ക്കും ഒരുപക്ഷേ തങ്ങളിലെ   കല,  സാഹിത്യ വാസനകൾ  സൃഷ്ടിപരമായി പ്രകാശിപ്പിക്കാൻകഴിഞ്ഞു  എന്ന് വരില്ല. പക്ഷേ  അവയൊക്കെ ആസ്വദിക്കാൻ നമുക്ക് കഴിയും.സൃഷ്ടിനടത്താൻ  കഴിഞ്ഞില്ലെങ്കിൽ നമുക്ക് നല്ല ആസ്വാദകരാകാൻ ശ്രമിക്കാം. 
വ്യക്തിത്വവികാസത്തിന് നമ്മെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് വായന. അത്  ചുറ്റുപാടുകൾ നമുക്ക് സമ്മാനിച്ചിരിക്കുന്ന ഒരു ചെറിയ ലോകത്തിൽനിന്ന് അതിവിശാലമായ മറ്റൊരു ലോകത്തേക്കാണ് കൈ പിടിച്ചു നടത്തുന്നത്.  ധാരാളം വായിക്കുകയും നിങ്ങളുടെ അറിവിന്റെ ലോകം കൂടുതൽ വിശാലമാവുകയും ചെയ്യുമ്പോൾ വ്യക്തിസത്ത പൂർണ്ണതയിലേക്കു  നടന്നടുക്കും. സദ്‌വാക്ക് , സദ്ചിന്ത, സദ്പ്രവൃത്തി ഇവയൊക്കെ സ്വായത്തമാക്കാൻ വായന അനിവാര്യമാണ്.  
ഈ ലക്ഷ്യങ്ങളൊക്കെ നിറവേറ്റാനായി വിദ്യാരംഗം കലാസാഹിത്യവേദിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അദ്ധ്യാപർക്കും മറ്റുദ്യോഗസ്ഥർക്കും പിന്തുണയുമായി ഒപ്പം നിൽക്കുന്ന രക്ഷിതാക്കൾക്കും എന്റെ സ്നേഹാദരങ്ങൾ. നല്ലൊരു നാളെയെ വരവേൽക്കാൻ പ്രാപ്തരാകുന്നതിനായി എല്ലാ കുഞ്ഞുമക്കൾക്കും സര്വശംസകളും നേരുന്നു. ഈ പ്രവർത്തനങ്ങളൊക്കെ വിജയമാക്കാൻ ആത്മാർഥമായി പ്രവർത്തിക്കുന്ന  നമ്മുടെയൊക്കെ  പ്രിയങ്കരിയായ  ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ടീച്ചർക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. 















Sunday, August 22, 2021

ഒരു പേരിലെന്തിരിക്കുന്നു! (മെട്രോ മിറർ 22-8-2021 പ്രസിദ്ധീകരിച്ചത് )

ഒരു പേരിലെന്തിരിക്കുന്നു! 

“ഒരു പേരിലെന്തിരിക്കുന്നു? പനിനീർപ്പൂവിനെ ഏതുപേരുവിളിച്ചാലും അതിന്റെ അഴകും സുഗന്ധവും അങ്ങനെതന്നെയുണ്ടാവും .” വില്യം ഷേക്സ്പിയറിന്റെ റോമിയോ & ജൂലിയറ്റ് എന്ന നാടകത്തിലെ പ്രശസ്തമായ ഒരു ചൊല്ലാണിത്. പക്ഷേ പേരിന് നല്ല പ്രധാന്യമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളുടെ സ്വത്വം വെളിപ്പെടുത്തുന്ന  അടിസ്ഥാനഘടകം അയാളുടെ പേരുതന്നെ. എന്നുവെച്ച് കോങ്കണ്ണിയായ കമലാക്ഷിയെയും ഊമയായ സുഭാഷിണിയെയും വിരൂപനായ മനോഹരനെയുമൊക്കെ മറന്നിട്ടൊന്നുമില്ല.  പേരില്ലാത്ത ആരെങ്കിലും നമുക്കിടയിലുണ്ടോ? ഉണ്ടാവാനിടയില്ല.  പേരിനുപകരം  ഏതെങ്കിലും  ഇരട്ടപ്പേരോ അസഭ്യവാക്കുകളോ  നമ്മളെ വിളിക്കാനായി  ആരെങ്കിലും ഉപയോഗിച്ചാൽ ഷേക്സ്പീരിയൻ തത്വശാസ്ത്രമൊന്നും നമുക്കത്ര പഥ്യമായെന്നുവരില്ല. നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചാലും അങ്ങനെതന്നെ. നോക്കൂ, എത്ര മനോഹരമായ പേരുണ്ടെങ്കിലും പ്രിയപ്പെട്ടവരും അല്ലാത്തവരും കഴുത, കുരങ്ങ് , പോത്ത് എന്നിങ്ങനെ മൃഗങ്ങളുടെ പേരുചാർത്തിത്തന്നു  വിളിക്കാറുണ്ട്. അതത്രമേൽ  നമ്മളെ പ്രകോപിപ്പിക്കാറുമില്ല. എന്നാൽ നമ്മുടെ വളർത്തുമൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ള ശ്വാനന്റെ പേരാണ് നമ്മൾക്ക് നൽകുന്നതെങ്കിൽ പ്രതികരണം എങ്ങനെയാകുമെന്നു പ്രവചിക്കാനുമാകില്ല. 

പേരുകൾതന്നെ കാലദേശാന്തരങ്ങളനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾക്കു വിധേയമാകുന്നു!  നമ്മുടെ രാജ്യംതന്നെ വിദേശികൾക്ക് ഇൻഡ്യയായിരിക്കേ നമുക്ക് ഇന്ത്യയും ഭാരതവും ഭാരതും ഹിന്ദുസ്ഥാനും ഒക്കെയല്ലേ. മറാഠികളുടെ മുംബൈ, ഗുജറാത്തികളുടെ മംബൈ യും,  'ബോംബൈം' ആവുകയും പിന്നീട് ബോംബെ ആയതും അടുത്തകാലത്ത് അതു  വീണ്ടും മുംബൈ ആയതുമൊക്കെ നമുക്കറിവുള്ളതാണല്ലോ.  രാം, റാം, രാമു രാമൻ ഇതൊക്കെയും ഒന്നുതന്നെയല്ലേ. മോഹൻദാസ് കരംചന്ദ് ഗാന്ധി പിന്നീട് ഗാന്ധിജി, മഹാത്മാ,മഹാത്മാഗാന്ധി,  മഹാത്മജി, ബാപ്പുജി എന്നൊക്കെ അറിയപ്പെട്ടത്തിന് പുറമേ അർദ്ധനഗ്നനായ ഫക്കീർ എന്നും അറിയപ്പെട്ടുവല്ലോ.    അങ്ങനെ നിരത്താൻ എത്രയെത്ര ഉദാഹരണങ്ങൾ! 

 വിശേഷണങ്ങൾ ചേർത്തുള്ള പേരുകൾ പ്രസിദ്ധരായ  മറ്റു പലർക്കുമുള്ളതും നമുക്കറിയാം. ഇത്തരം ചില വിശേഷണങ്ങളുടെയെങ്കിലും  ഉപയോഗം നമ്മിൽ   അർത്ഥശങ്കയുണ്ടാക്കുമെന്നതും വാസ്തവമല്ലേ. ഉദാഹരണത്തിന്, 'അലക്സാണ്ടർ ദ് ഗ്രേറ്റ്' എന്നാണ് നമ്മൾ അലക്സാണ്ടർ എന്നു പേരുള്ള ചക്രവർത്തിയെപ്പറ്റി പറയാറുള്ളത്.  അന്യന്റെ വീട്ടിൽക്‌കയറി അവനെ കായബലംകൊണ്ടു കീഴ്‌പ്പെടുത്തി അവന്റെ മുതൽ സ്വന്തമാക്കുന്ന പ്രവൃത്തിയെ നമുക്കെങ്ങനെയാണ് മഹത്തരമായിക്കാണാൻ  കഴിയുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല. 

പണ്ടൊക്കെ കുട്ടികൾക്ക് പേരുനല്കാൻ  ദൈവങ്ങളുടെ പേരുകളോ, പ്രകൃതിയുമായി ബന്ധമുള്ള പേരുകളോ  അർത്ഥവത്തായ വാക്കുകൾകൊണ്ടുള്ള    പേരുകളോ ഒക്കെയായിരുന്നു ആശ്രയം. പിന്നീട് അക്ഷരങ്ങൾചേർത്ത് ശ്രവണസുന്ദരമായ ചില ശബ്ദങ്ങൾ പേരാക്കിമാറ്റി. പിന്നപ്പിന്നെ,  പുതുമകൾ ഹരമായി മാറിയവർക്ക് എന്തും പേരായിത്തീർന്നു. ഇംഗ്ലീഷ്‌വാക്കുകൾ പേരായിവന്നതും അതിനനുബന്ധമായാണ് എന്നുതോന്നുന്നു. എന്റെപേരും അങ്ങനെ വന്നതാണ്. അർത്ഥമറിയാതെ അനർത്ഥങ്ങൾ പേരാക്കിയിട്ടവരും അക്കാലത്തു കുറവായിരുന്നില്ല. പപ്പിമോളും ഷീൽഡ് മോനും ഗേമോനും ഒക്കെ ആ ഗണത്തിൽപ്പെടും.   എന്റെ വീടിനടുത്തുള്ള സ്‌കൂളിൽ വിചിത്രമാരു  പേരുമായി ഒരു കുട്ടിയുണ്ടായിരുന്നു. ഷിറ്റ് മോൻ. ഒന്നാംക്ലാസ്സിൽ ആ കുട്ടി ആ പേരുമായി കുറേനാൾ കഴിഞ്ഞു. പിന്നെ ആരോ പറഞ്ഞ് അവന്റെ പേര് ഷിജിൻ എന്നാക്കി. 


ഏതാനും വർഷങ്ങൾമുമ്പ്  വളരെ വിചിത്രമായ ഒരാവശ്യവുമായി തൃശൂർ കേരളവർമ്മകോളേജിലെ  മലയാളം ബിരുദവിദ്യാർത്ഥികൾ  രംഗത്തുവന്നു. . ഒരു പൂവിന്റെ പേര്  മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം.  'തേവിടിശ്ശിപ്പൂവി'ന്റെ പേര് മാറ്റണമെന്നായിരുന്നു ആ ആവശ്യം. പൂവിനു പേരിടുന്നതുപോലും തികച്ചും സ്ത്രീവിരുദ്ധമായി എന്നവർ പരിതപിച്ചു.  നാട്ടിൻപുറങ്ങളിലെ പൊന്തക്കാടുകളിലും വെളിമ്പറമ്പുകളിലും വേലികളിലുമൊക്കെ   വെറുതെ വളർന്നുപടർന്ന്   ധാരാളമായി പൂക്കുന്ന ഒരു കുടിയേറ്റസസ്യമാണിത് .  വർണ്ണഭംഗിയുള്ള കൊച്ചുപൂക്കുലകളും നേർത്ത  മുള്ളുകളും കുരുമുളകുപോലെയുള്ള കായ്കളുമൊക്കെയുള്ള ഈ ചെടിക്ക് അന്നാട്ടിൽ 'തേവിശ്ശിച്ചെടി' എന്നാണത്രെ പേര്. (എന്റെ നാട്ടിൽ കൊങ്ങിണി എന്നും    പൂച്ചെടി എന്നും അരിപ്പൂ  എന്നുമൊക്കെയാണ് ഈ ചെടിയുടെ പേരുകൾ. ദേശഭേദമനുസരിച്ച്  വേറെയും ധാരാളം പേരുകളുള്ള ചെടിയാണിത്). സമരാനന്തരം ചെടിയുടെ പേര് മാറ്റിയോ, മാറ്റിയെങ്കിൽ പുതുതായി നൽകിയ പേരെന്ത് ഇതൊന്നും അറിയാൻ കഴിഞ്ഞില്ല. 

പേരിനെക്കുറിച്ച് പറയുമ്പോൾ മലയാളികൾക്കു മറ്റുള്ള തെക്കെയിന്ത്യാക്കാർക്കൊപ്പം വടക്കെയിന്ത്യക്കാർ നൽകിയിരിക്കുന്ന ഓമനപ്പേരിന്റെ  കാര്യം മറക്കുവതെങ്ങനെ! മുംബൈയിൽ വന്ന കാലത്ത് വഴിയിലോ, കടകളിലോ വെച്ച്  പുതുതായി ആരെങ്കിലും പരിചയപ്പെടാനായിവന്നാൽ വേഷഭൂഷാദികൾ കണ്ട്  ആദ്യം ചോദിക്കുന്നത് മദ്രാസിയല്ലേ എന്നായിരിക്കും. 'ഞാൻ മദ്രാസിയല്ല, കേരളത്തിൽനിന്നാണ്, മദ്രാസ് ഞങ്ങളുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലാണ്' എന്നൊക്കെ വിശദീകരിച്ചു മറുപടി കൊടുക്കുമ്പോൾ 'ഇതേതൊരു വിചിത്രജീവി' എന്ന മട്ടിൽ അവർ നോക്കുമായിരുന്നു. പിന്നീടാണ് മനസ്സിലായത് അവരുടെ വിശാലഹൃദയത്തിൽ അത്തരം സങ്കുചിതവേർതിരിവുകൾ ഇല്ലതന്നെ എന്ന്. ഇവിടെ സ്ഥിരതാമസമാക്കിയ കാലത്ത്  മോനെ മറ്റാരുടെയെങ്കിലും സംരക്ഷണത്തിൽവിട്ട്, ജോലിക്കുപോകാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ടു ഞാനൊരു ട്യൂഷൻക്‌ളാസ് നടത്തിയിരുന്നു. ഒരിക്കൽ ഒരു സ്ത്രീ വന്നു ചോദിച്ചു 

 ' തങ്കളാണോ മദ്രാസിട്യൂഷൻടീച്ചർ?' 

' അല്ല ഞാൻ മലയാളിയാണ്' ഞാൻ മറുപടിയും പറഞ്ഞു. പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്  എന്റെ ആ മറുപടിയോടെ രണ്ടു വിദ്യാർഥികൾ നഷ്ടമായെന്ന്. എന്തായാലും മദ്രാസിയെന്നുള്ള വിളി എനിക്ക് തീരെ സ്വീകാര്യമായിരുന്നില്ല. എന്നുതന്നെയല്ല വല്ലാത്തൊരു ഈർഷ്യക്കും അത് കാരണമായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ഇവിടുത്തെ  നമ്മളെപ്പോലെതന്നെ മറ്റൊരുവിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ഇതേ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ടല്ലോ എന്ന ചിന്തയാണ്. ഇപ്പോൾ നാട്ടിലെ എല്ലാവിധ ജോലികളും ചെയ്യുന്നത്  'ബംഗാളി'കളാണ്. പക്ഷേ മിക്കവാറും നമ്മൾ പരിചയപ്പെടുന്ന ഈ അന്യദേശക്കാർ അസ്സമിൽനിന്നോ ബിഹാറിൽനിന്നോ ഉത്തരഖണ്ഡിൽനിന്നോ ബംഗ്ലാദേശിൽനിന്നോ ഒക്കെ വന്നവരാവും. ബംഗാളികളും അവരിലുണ്ടാകാം. പക്ഷേ കേരളത്തിലെവിടെയും അവർ ബംഗാളികളാണ്. നമുക്ക് മറ്റുനാടുകളിൽ മദ്രാസികളെന്നറിയപ്പെടുമ്പോഴുണ്ടായിരുന്ന അനിഷ്ടം ഇവർക്കുമുണ്ടായാൽ കുറ്റംപറയാനാവില്ലല്ലോ. 


(മെട്രോ മിറർ 22-8-2021 പ്രസിദ്ധീകരിച്ചത് ) 










 

Tuesday, August 17, 2021

മോഹം (കുട്ടിപ്പാട്ട് - 2)

പച്ചയുടുപ്പിട്ട കൊച്ചുതത്തേ 

എന്നും പറക്കുന്നിതെങ്ങോട്ടോ 

മാനത്തു നിന്നെയും കാത്തിരിക്കാൻ 

ചങ്ങാതിമാരേറെയുണ്ടാകുമോ 


പുസ്തകസഞ്ചിയുമായി നിങ്ങൾ 

പോകുമോ പള്ളിക്കൂടത്തിലേക്ക് 

അക്ഷരമാല പഠിക്കണമോ 

അക്കങ്ങളെണ്ണിപ്പറയണമോ

 

പുത്തൻ മണമുള്ള  പുസ്തകത്തിൽ 

പുത്തനറിവുകളെത്രയുണ്ട് ?

പാട്ടും കഥകളും മാത്രമാണോ 

വേറെയും പാഠങ്ങളേറെയുണ്ടോ

 

ഇന്നു നീയെത്തുമോ  എന്റെ വീട്ടിൽ 

ഒന്നുകളിക്കുവാനെത്രമോഹം 

എന്നുടെയൊപ്പം നീ വന്നീടുകിൽ 

എത്ര കഥകൾ പറഞ്ഞിടും ഞാൻ!

Thursday, August 12, 2021

കുട്ടിപ്പാട്ട് 1

 വാർമഴവില്ലേ മായല്ലേ

കൂട്ടിനു ഞാനും വന്നീടാം

മാനത്തൊന്നു  വരാനായാൽ

നിന്നോടൊത്തു കളിച്ചച്ചീടാം

അച്ഛനിടീച്ചോ  കുപ്പായം 

നിറമേഴുള്ളൊരു  കുപ്പായം 

അച്ഛനുമമ്മയുമേകീടും 

ഓണക്കോടിയെനിക്കിന്ന്  

ചന്തം തികയും നിറമേഴും 

തുന്നിച്ചേർത്തൊരു കുപ്പായം. 

ഒപ്പം ചേർന്ന് കളിച്ചീടാം, 

ഓണക്കളികൾ പലതില്ലേ 

കൊണ്ടുതരാം ഞാൻ പായസവും 

കറുമുറെ തിന്നാനുപ്പേരീം 

പോകരുതേ നീ ചങ്ങാതീ, 

മാനത്തുന്നും മായല്ലേ. 

Monday, August 9, 2021

മർക്കടമുഷ്ടി

 മർക്കടമുഷ്ടി

.

ഇക്കാലത്ത് നമ്മൾ ധാരാളമായി  മർക്കടമുഷ്ടിയെക്കുറിച്ചു കേൾക്കാറുണ്ട്. 

എന്തൊക്കെ പൊല്ലാപ്പുകളാണ് പലരുടെയും മർക്കടമുഷ്ടികൊണ്ട് വന്നു ഭവിക്കുന്നത്, അല്ലേ !

ദുഃശ്ശാഠ്യവും നിർബ്ബന്ധബുദ്ധിയും  ഉള്ളവരെയാണ് നമ്മൾ  മർക്കടമുഷ്ടിക്കാർ എന്നു വിളിക്കാറുള്ളത്. അതുകൊണ്ടാണല്ലോ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നതും. 

ഒന്നു  ചോദിച്ചോട്ടെ, നിങ്ങൾ മർക്കടമുഷ്ടിക്കാരാണോ ?! 


എന്താണ് മർക്കടമുഷ്ടി ? 

മർക്കടം  കുരങ്ങനാണ്. പക്ഷെ കുരങ്ങന്റെ മുഷ്ടിക്ക് എന്താണ് അസാധാരണത്വം. 

അതൊരു പഴങ്കഥയാണ്. 

പ്രാചീനകാലത്ത് കുരങ്ങന്മാർ മനുഷ്യർക്ക് വളരെ ഉപദ്രവങ്ങൾ ചെയ്തിരുന്നു. അവയെ പിടിക്കാനായി അന്നൊക്കെ അവർ ഒരു കൗശലം പ്രയോഗിച്ചിരുന്നു.  ചുരയ്ക്കയുടെ വർഗ്ഗത്തിലേതുപോലെ ദൃഢമായ തൊണ്ടോടുകൂടിയ   വലിയ കായ്കളിൽ ദ്വാരമുണ്ടാക്കി, കാമ്പ്  എടുത്തുമാറ്റിയശേഷം അതിൽ, കുരങ്ങുകളുടെ ഇഷ്ടഭക്ഷണമായ  ഉണങ്ങിയ കായ്കളും പഴങ്ങളുമൊക്കെയിട്ടു സ്ഥിരമായി കുരങ്ങുകൾ വരുന്നയിടങ്ങളിൽ മരത്തിലോ  പാറയിലോ മറ്റോ ബന്ധിച്ചുവയ്ക്കും. കുരങ്ങുകൾ വന്ന്  ദ്വാരത്തിലൂടെ  കൈ കടത്തി എടുക്കാവുന്നത്ര മുഷ്ടിയിൽ ഒതുക്കും. പക്ഷേ  മുഷ്ടി ദ്വാരത്തിലൂടെ പുറത്തെടുക്കാൻ കഴിയില്ല. എന്നാൽ മുഷ്ടിയിലുള്ള കായ്കനികൾ വിട്ടുകളയാൻ കുരങ്ങൻ തയ്യാറുമല്ല. ഫലം ഊഹിക്കാമല്ലോ. 

സദ്ബുദ്ധിയില്ലാതെ സ്വന്തം നിർബ്ബന്ധബുദ്ധികൊണ്ടു ആപത്തിലകപ്പെട്ട കുരങ്ങനെപ്പോലെ  മനുഷ്യരും പ്രവർത്തിക്കാറുണ്ടല്ലോ. സ്വത്തും സ്ഥാനമാനങ്ങളും ജാതിമതവർഗ്ഗവിദ്വേഷങ്ങളും  ദുരഭിമാനവുമൊക്കെയാവും  മനുഷ്യന്റെ മുഷ്ടിയിലുള്ളതെന്നുമാത്രം.

ഇംഗ്ലീഷിൽ monkey's fist  എന്നുപറയുന്നത് സവിശേഷരീതിയിലുള്ള ഒരു കുടുക്കിനെയാണ്. ചരടിന്റെയോ കയറിന്റെയോ  അറ്റത്ത് നിശ്ചിതമായ വിന്യാസങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഈ കുരുക്കിന് ഒരു മർക്കടന്റെ  മുഷ്ടിയുടെ ആകൃതിയായിരിക്കും. അതിനാലാണ് ഈ പേരുവന്നിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത  ഉപയോഗങ്ങളാണ് ഈ മർക്കടമുഷ്ടികൾക്ക് . അലങ്കാരവസ്തുവായും ആയുധമായും പർവ്വതാരോഹകർക്ക് പിടിച്ചുകയറാനുള്ള കയർ  മുകളിലേക്കെറിഞ്ഞു പാറകളിൽ ഉടക്കിനിർത്താനുമൊക്കെ ഉപയോഗിക്കുന്നത് അവയിൽ ചിലതുമാത്രം.    








അരുന്ധതി റോയ് ( Aksharasandhya whatsapp meating message)

 അരുന്ധതി റോയിക്ക് സ്നേഹാദരങ്ങൾ 

ഈ പേരുകേൾക്കുമ്പോഴേ എന്റെ  മനസ്സിലോടിയെത്തുന്നത് കുഞങ്ങളുടേതുപോലെ നിഷ്കളങ്കവും പ്രസരിപ്പുമാർന്നൊരു സുന്ദരാനനമാണ്.   അവരുടെ പ്രസംഗങ്ങൾ യു ട്യൂബിൽ കാണുമ്പോഴൊക്കെ ലാളിത്യമുള്ള, എന്നാൽ ആശയഗംഭീര്യമുള്ള ആ വാഗ്ധോരണിയിൽ മയങ്ങിപ്പോകാറുണ്ട്. 


നിരവധി പുരസ്‌കാരങ്ങൾ നേടിയ  ലോകമറിയുന്ന  ഒരെഴുത്തുകാരിയെന്ന നിലയിൽ നമ്മുടെ നാടിൻറെ അഭിമാനപാത്രമാണ്‌ ശ്രീമതി അരുന്ധതി റോയ്. ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ അവരുടെ സംഭാവനകളും എടുത്തുപറയേണ്ടതുതന്നെ. അതിലൊക്കെ ഉപരിയായി ആത്മാവുള്ള ഒരു മനുഷ്യസ്നേഹിയായി മനുഷ്യമനസ്സുകളിൽ അവർ നിറഞ്ഞുനിൽക്കുന്നു. എതുവിഷയത്തിലും കൃത്യമായ നിലപാടുള്ള, ആ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കർമ്മകുശലയാണ്  അരുന്ധതി റോയ്. അസമത്വത്തിനും  അനീതിക്കുമെതിരെ  ശബ്ദമുയർത്താനും തൂലിക ചലിപ്പിക്കാനും ഈ വനിതാരത്നത്തിന് ഭയലേശമില്ലാ എന്നത് അവരോടുള്ള ആദരവിന് സുവർണ്ണശോഭയേകുന്നു. ഭരണവർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനും വ്യവസ്ഥാപിതസ്ഥാപനങ്ങളുടെ തികച്ചും അനധികൃതമായ അധികാരഇടപെടലുകൾക്കുമെതിരെ ലോകം മുഴുവൻ മുഴങ്ങുന്ന ശബ്ദമായിമാറി  ശ്രീമതി അരുന്ധതി റോയിയുടേത്. ഒരെഴുത്തുകരിയായതിനാലാവാം അവരുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇത്രമേൽ ആഴവും വിശാലതയും നൈർമ്മല്യവും ചേർന്നുവന്നത്.  ഇങ്ങനെയൊക്കെയാണെങ്കിലും  എന്തുകൊണ്ടാണ്  അവർക്കു മലയാളഭാഷയെ സ്നേഹിക്കാൻ കഴിയാതെ പോയത് എന്നു വേദനയോടെ ചിന്തിക്കാറുണ്ട്. ഒരു മലയാളിയുടെ ഏറ്റവും പ്രശസ്തമായ കൃതി ഇംഗ്ലീഷിലായതിൽ മറ്റേതൊരു മലയാളിയെപ്പോലെ ഞാനും ചെറുതായെങ്കിലും  ദുഃഖിക്കുന്നു. 

അരുന്ധതി റോയ് എഴുതിയ The God od Small Things എന്ന അവരുടെ ആദ്യ  നോവൽ മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്.  ഒരു രചയിതാവിന്റെ ആദ്യകൃതിതന്നെ ശ്രേഷ്ഠമായ ബുക്കർസമ്മാനത്തിനാര്ഹമാവുകയെന്നത് മഹത്തായ  കാര്യംതന്നെ.  വിവിധാഭാഷകളലെ പരിഭാഷകളിലൂടെ ലോകമെമ്പടുമുള്ള വായനക്കാരുടെ മുക്തകണ്ഠപ്രശംസനേടിയ   ഈ നോവൽ രചനാശൈലികൊണ്ടും ഭാഷയുടെ മനോഹരിതകൊണ്ടും കഥാപാത്രങ്ങളുടെ  തനി കോട്ടയംസംസാരശൈലികൊണ്ടും  ഏറെ അകര്ഷിച്ചു. അടിമുടി പുതുമായായിരുന്നു അവർക്ക് ഈ നോവൽ പ്രദാനം ചയ്തത് എന്നതുതന്നെ കാരണം. എസ്‌ത,റാഹേല്‍,അമ്മു, കുഞ്ഞുകാര്യങ്ങളുടെ തമ്പുരാനായ  വെളുത്ത ,ബേബിക്കൊച്ചമ്മ, സോഫി മോള്‍ മുതലായ കഥാപാത്രങ്ങൾക്കൊപ്പം മീനച്ചിലാറും അതിലെ മത്സ്യങ്ങളും തന്റെ മേനിയിലെ മുറിവിലൂടെ  വെളുത്ത ചോരമോളിപ്പിച്ചുനിൽക്കുന്ന റബ്ബർമരങ്ങളും, മുട്ടസഞ്ചിയുമായിപ്പോകുന്ന  എട്ടുകാലിവരെ മൂന്നുതലമുറയുടെ കഥ പറയുന്ന  ഈ നോവലിലെ കഥാപാത്രങ്ങളാണ്.  പ്രതിപാദ്യവിഷയവും കഥയുടെ കാലത്തെ സമൂഹികപശ്ചാത്തലവും അങ്ങേയറ്റം അതിശയോക്തിയാൽ അല്പമായെങ്കിലും  മലിനമാക്കപ്പെട്ടു എന്നുതന്നെയാണ് എന്റെ വിശ്വാസം. അരുന്ധതിറോയി തന്റെ ബാല്യകൗമാരങ്ങൾ ചെലവിട്ട അയ്മനം ഗ്രാമത്തിനത്തരമനുഭവങ്ങൾ പകർന്നുനല്കാൻ കഴിഞ്ഞിട്ടുണ്ടെന്നു ഞാൻ കരുതുന്നുമില്ല. നോവൽ തികച്ചും കല്പിതസാഹിത്യമാണെങ്കിലും വായനക്കാരുടെ ഹൃദയങ്ങളിൽ കല്പനകൾ യാഥാർത്ഥ്യങ്ങളുടെ പ്രതിച്ഛായകളായിട്ടായിരിക്കും സ്ഥാനം പിടിക്കുക.   ഒരുപക്ഷേ, ഭാവനാസൃഷ്ടിയെങ്കിലും,  കേരളത്തിലെ ഗ്രാമീണജീവിതത്തെക്കുറിച്ച്   തിങ്കച്ചും അനാവശ്യമായ ഇകഴ്ത്തലുകളല്ലേ ആ ഗ്രന്ഥത്തിന് വിദേശികൾക്കിടയിൽ  കൂടുതൽ സ്വീകാര്യതയുണ്ടാക്കിയതെന്നും ശങ്കയില്ലാതില്ല. മലയാളത്തിലേക്ക് 'കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ' എന്ന ശീർഷകത്തോടെ ശ്രീമതി പ്രിയ എ എസ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് നോവലിന്റെ ആത്മാവ് ഒട്ടുംതന്നെ ചോർന്നുപോകാതെയാണ്. 

ഈ വനിതാരത്നത്തിന് എല്ലാവിധ ഭാവുകങ്ങളും അർപ്പിക്കുന്നു. 



 

Sunday, August 8, 2021

.തത്ത്വമസി' യാത്രാവിവരണം

അരാഷിയാമയിലെ മുളങ്കാട് --------------------------------------------------------- ജപ്പാനിൽ ജോലിചെയ്യുന്ന മകന്റെയൊപ്പം 2018 മെയ്മാസത്തിൽ നടത്തിയ രണ്ടാഴ്ചത്തെ ജപ്പാൻ സന്ദർശനത്തിനിടയിലാണ് അരാഷിയാമയിലെ മുളങ്കാടുകൾ സന്ദർശിച്ചത്. ടോക്യോയിൽനിന്ന് ജപ്പാനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ക്യോത്തോ (Kyoto) സന്ദർശിക്കാനുള്ള യാത്രയായിരുന്നു. കുറെയേറെ കാഴ്ചകൾകണ്ടു ക്ഷീണിച്ചു ഹോട്ടലിലേക്കുള്ള യാത്രയിലാണ് ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ് ചിത്രങ്ങൾ കണ്ടിരുന്നകാര്യം ഞാനോർത്തത് ത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി. ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ! എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു പിറ്റേന്ന് രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം. ട്രെയിനിൽ അരാഷിയാമ സ്റ്റേഷനിലെത്തി. 35 മിനിറ്റു യാത്രയുണ്ട് . സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു തെൻറ്യു ജി ക്ഷേത്രത്തിന്റെ വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു. രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്. പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും , സുന്ദരമായ ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. ഇവിടെ ക്ഷേത്രത്തിലും ഉദ്യാനത്തിലും കയറാൻ വേവ്വേറെ ടിക്കറ്റ് ആണ് . ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു. തെൻറ്യു ജി ക്ഷേത്രം ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു സമർപ്പിച്ചത് . 'തെൻറ്യു' എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്. യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും മേപ്പിൾ, സൈപ്രസ് മരങ്ങളും അതിരിടുന്ന താമര വളരുന്ന മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്. ചെറി പ്പൂക്കളുടെ കാലം കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത് ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ. സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ ഗൗതമബുദ്ധന്റെ വലിയൊരു ദാരുശില്പമുണ്ട് .ജപ്പാനിലെ മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രമുറ്റങ്ങൾ അങ്ങനെയാണ്. അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല. പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികളുടെ ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന പേരറിയാത്ത ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചയായിരുന്നു . ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു കാടുപോലെ Iഏതൊക്കെയോ മരങ്ങൾ ഇടതിങ്ങിവളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് . മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ശാഖകളില്ലാത്ത, ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്. ജപ്പാനിലെ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഗോൾഡൻ വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് . മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ അവയുടെ ഭംഗി നമുക്കു തൃപ്തിയാവില്ല . അത്ര സൗന്ദര്യമാണു നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് അവിടെക്കണ്ടു പരിചയപ്പെട്ട ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ ഗെയ്‌ഷെകൾ സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്. നടന്നുനടന്നെത്തുന്നതു മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും മറ്റുമുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന ഒരു ഭാഗവും കണ്ടു. പിന്നെയും കുറേദൂരം നടന്നപ്പോൾ കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന വളരെവലിയ മധുരനാരങ്ങകൾ. ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ വില 300യെൻ .നമ്മുടെ 185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം. മിക്കവാറും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പാത്രവും ഒപ്പമുണ്ടാകും. വരുന്നവർ ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത

അരാഷിയാമയിലെ മുളങ്കാട് 

---------------------------------------------------------

ജപ്പാനിൽ ജോലിചെയ്യുന്ന മകന്റെയൊപ്പം 2018 മെയ്മാസത്തിൽ   നടത്തിയ  രണ്ടാഴ്ചത്തെ ജപ്പാൻ സന്ദർശനത്തിനിടയിലാണ്  അരാഷിയാമയിലെ മുളങ്കാടുകൾ സന്ദർശിച്ചത്. 

ഏതാനും ദിവസം   ജപ്പാനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ക്യോത്തോ (Kyoto) സന്ദർശിക്കാനുള്ള യാത്രയായിരുന്നു. 

കുറെയേറെ കാഴ്ചകൾകണ്ടു ക്ഷീണിച്ചു   ഹോട്ടലിലേക്കുള്ള  യാത്രയിലാണ്  ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ്  ചിത്രങ്ങൾ കണ്ടിരുന്നകാര്യം  ഞാനോർത്തത് ത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി.  ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ!  എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു പിറ്റേന്ന്  രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം.  ട്രെയിനിൽ അരാഷിയാമ  സ്റ്റേഷനിലെത്തി. 35 മിനിറ്റു യാത്രയുണ്ട് .  സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു  തെൻറ്യു ജി ക്ഷേത്രത്തിന്റെ  വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു.  രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്.  പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും ,  സുന്ദരമായ ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ  ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ  മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. ഇവിടെ ക്ഷേത്രത്തിലും  ഉദ്യാനത്തിലും  കയറാൻ  വേവ്വേറെ ടിക്കറ്റ്  ആണ് .  ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു.


തെൻറ്യു ജി  ക്ഷേത്രം  ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു  സമർപ്പിച്ചത് . 'തെൻറ്യു'  എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്.   യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി   ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു  കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു  ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും  മേപ്പിൾ, സൈപ്രസ് മരങ്ങളും  അതിരിടുന്ന താമര വളരുന്ന    മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്.  ചെറി പ്പൂക്കളുടെ കാലം   കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു  പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത്  ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും  ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ.


സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ  ഗൗതമബുദ്ധന്റെ   വലിയൊരു  ദാരുശില്പമുണ്ട്  .ജപ്പാനിലെ  മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ  . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു   വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രമുറ്റങ്ങൾ അങ്ങനെയാണ്.  അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല.


പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികളുടെ   ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന പേരറിയാത്ത  ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചയായിരുന്നു . ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു  കാടുപോലെ Iഏതൊക്കെയോ   മരങ്ങൾ ഇടതിങ്ങിവളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു  ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് .  മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ശാഖകളില്ലാത്ത, ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്.   ജപ്പാനിലെ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള   ഗോൾഡൻ  വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് .


മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം   ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ അവയുടെ ഭംഗി  നമുക്കു തൃപ്തിയാവില്ല . അത്ര സൗന്ദര്യമാണു  നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് അവിടെക്കണ്ടു പരിചയപ്പെട്ട  ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ ഗെയ്‌ഷെകൾ   സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ  എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്.


നടന്നുനടന്നെത്തുന്നതു  മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും മറ്റുമുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ  സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന   ഒരു ഭാഗവും കണ്ടു. പിന്നെയും  കുറേദൂരം  നടന്നപ്പോൾ  കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന വളരെവലിയ  മധുരനാരങ്ങകൾ.  ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ   വില 300യെൻ .നമ്മുടെ  185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം.  മിക്കവാറും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പാത്രവും ഒപ്പമുണ്ടാകും. വരുന്നവർ  ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത എത്ര മഹത്തരമാണല്ലേ!

കഴിഞ്ഞുപോയ കുറച്ചുസമയം ജീവതത്തിൽ  ഒരിക്കലും മറക്കാനിടയില്ലാത്ത അനുഭവവിശേഷമാണ് ഞങ്ങൾക്കു  സമ്മാനിച്ചത്. ഇനി പോകാൻ  തീരുമാനിച്ചിരിക്കുന്നത് ഒസാക്ക  കാസിൽ കാണാനാണ്. ഒസാക്കയിലേക്ക്  ഒന്നരമണിക്കൂർ ട്രെയിൻ യാത്രയുണ്ട്. സ്റ്റേഷനിലുള്ള ഒരു ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിച്ചശേഷം പ്ലാറ്റ്ഫോമിലേക്കു നടന്നു. ജപ്പാനിൽ ട്രെയിൻയാത്ര ലളിതവും ആയാസരഹിതവുമാണ്.  ഹ്രസ്വകാലത്തെ സന്ദർശനത്തിനെത്തുന്നവർക്ക്, എല്ലായ്‌പോഴും ടിക്കറ്റ് എടുക്കുന്നത് ആയാസപൂർണ്ണവും  അപ്രായോഗികവുമായതുകൊണ്ടു   പ്രീപെയ്ഡ് കാർഡ് കയ്യിൽ സൂക്ഷിക്കുന്നതാണു നല്ലത്. 'പാസ്‌മോ' എന്നും 'സുയിക'  എന്നും രണ്ടുബ്രാൻഡുകളിൽ ഇവ ലഭ്യമാണ്. കണ്ടാൽ നമ്മുടെ മെട്രോട്രെയിൻ കാർഡ് പോലെ. 500 യെൻ നിക്ഷേപിച്ചാൽ ഈ കാർഡ് കൈവശമാക്കാം. അതിൽ യാത്രകളുടെ വ്യാപ്തിയനുസരിച്ചു നമുക്കു പണമടയ്ക്കാം. ഓരോപ്രാവശ്യവും റെയിവേസ്റ്റേഷനിലേക്കു  കടക്കുമ്പോഴും തിരികെയിറങ്ങുമ്പോഴും ഈ കാർഡ് ബാരിക്കേഡിലെ സ്കാനറുകളിൽ ഉരസിയാൽ മാത്രമേ അവ നമുക്കായി തുറക്കപ്പെടുകയുള്ളു. പണം തീരുന്നതിനനുസരിച്ചു വീണ്ടും നിക്ഷേപിക്കാം. അതു ചെയ്യാൻ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്.   ഷിങ്കാൻസെനിലും(ബുള്ളറ്റ് ട്രെയിൻ) എക്സ്പ്രസ്സ് ട്രെയിനിലും ദീർഘദൂരബസുകളിലും ഒഴികെ ഏതു ഗതാഗതസൗകര്യങ്ങളിലും ഇതുപയോഗിക്കാം . റെസ്റ്റൊറന്റുകളിലും സാധനങ്ങൾ വാങ്ങാൻ കടകളിലും വെൻഡിങ് മെഷിനിലും ഒക്കെ ഇതു പ്രയോജനപ്പെടുത്താം.  നമ്മുടെ യാത്രാകാലം  അവസാനിച്ചാൽ ഈ കാർഡ് മടക്കി നൽകാം. അപ്പോൾ പ്രഥമനിക്ഷേപമായ 500യെൻ തിരികെ ലഭിക്കുകയും ചെയ്യും. ജപ്പാനിൽ ഏതാവശ്യത്തിനും പണം കൈവശമുണ്ടായിരിക്കണം. കാരണം ബാങ്ക് ക്രെഡിറ്റ് കാർഡും മറ്റും ഇവിടെ ഒരിടത്തും തന്നെ സ്വീകാര്യമല്ല എന്നതുതന്നെ.  1, 5, 10, 50, 100 , 500 യെൻ നാണയങ്ങളാണ് .  1,000,  2,000,  5,000   10,000 യെൻ നോട്ടുകളും .


കർശനമായ കൃത്യനിഷ്ഠ ഇവിടുത്തെ ട്രെയിനുകളുടെ പ്രത്യേകതയാണ്. ലോക്കൽട്രെയിനുകൾ പോലും നമ്മുടെ മെട്രോട്രെയിനുകൾ പോലെയാണ്. നല്ല വൃത്തിയും വെടിപ്പും ഭംഗിയും . എത്രതിരക്കായാലും കയറാനോ ഇറങ്ങാനോ ഇവിടെ ബുദ്ധിമുട്ടനുഭവപ്പെടില്ല. കംപാർട്മെന്റുകൾ വന്നു  നിൽക്കുന്നിടത്തു വാതിലിന്റെ ഇരുവശവുമായി കയറാനുള്ളവർ ക്യൂ നിൽക്കുകയാണു ചെയ്യുന്നത്. ആരും തിക്കിത്തിരക്കി മറ്റുള്ളവർക്കു  ശല്യമുണ്ടാക്കില്ല. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിന്നശേഷം വാതിൽതുറന്നാൽ ഇറങ്ങാനുള്ളവർ മധ്യത്തിൽകൂടി ഇറങ്ങും. അതുകഴിഞ്ഞാൽ മാത്രമേ ആളുകൾ കയറുകയുള്ളു. നിശ്ചിതസമയത്തിനുള്ളിൽ   വാതിലടയുമെന്നതുകൊണ്ട് വാതിലിൽനിന്ന് അല്പം മാറിനിൽക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.    ലോക്കൽട്രെയിനുകളിൽ മെട്രോട്രെയിനുകളിൽപ്പോലെ വശങ്ങളിൽ മാത്രമേ ഇരിപ്പിടങ്ങൾ ഉള്ളു. അതിൽ ഒരുഭാഗത്തേത് പ്രയോറിറ്റി സീറ്റുകൾ ആണ്. അംഗവൈകല്യമുള്ളവർ, വൃദ്ധജനങ്ങൾ, കുഞ്ഞുങ്ങളെ കയ്യിലേന്തിയ അമ്മമാർ, ഗർഭിണികൾ എന്നിവർക്കായുള്ളതാണവ. അങ്ങനെയാരും ഇല്ലെങ്കിൽ മറ്റുള്ളവർക്കിരിക്കാം. പക്ഷേ ആരെങ്കിലും വന്നാലുടൻസീറ്റ് ഒഴിഞ്ഞുകൊടുക്കും. ഇവിടെ ട്രെയിനിൽ മൊബൈലിലോ അല്ലാതെയോ സംസാരം പാടില്ല. യാത്രക്കാർ സദാ  അവരവരുടേതായ കാര്യങ്ങളിൽ മുഴുകുയിരിക്കും. ചിലർ മൊബൈലിൽ ജോലികൾ ചെയ്യുകയോ, വായിക്കുകയോ ഗെയിം കളിക്കുകയോ ഒക്കെയാവും. പലരും പുസ്തകവായനയിൽ മുഴുകി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകാണാം. ശ്രദ്ധയിൽപ്പെട്ട മറ്റൊരുകാര്യം പലരും സർജിക്കൽ  മാസ്ക് ധരിച്ചിട്ടുണ്ട്  എന്നതാണ്. ട്രെയിനിൽ  മാത്രമല്ല പുറത്തും ഇതൊരു സാധാരണ കാഴ്ചയാണ്. (2018 ലാണിത്).  ​അതേക്കുറിച്ചു മോനോടു ചോദിച്ചപ്പോൾ എന്തെങ്കിലും അസുഖങ്ങളുള്ളവരാകും, തങ്ങളുടെ അസുഖം മറ്റുള്ളവർക്കു  പകരാതിരിക്കാനുള്ള മുൻകരുതലാണിതെന്നാണു പറഞ്ഞത്.  അതുപോലെ ട്രെയിനിൽ മത്രമല്ല, പൊതുസ്ഥലങ്ങളിലൊന്നും   ആരും ഭക്ഷണം കഴിക്കാറില്ല . കാരണം  ഭക്ഷണാവശിഷ്ടങ്ങൾ ട്രെയിൻ വൃത്തികേടാക്കും, പിന്നെ പലപ്പോഴും ഭക്ഷണസാധനങ്ങളുടെ ഗന്ധം മറ്റുള്ളവർക്ക് അരോചകമായെന്നും വരാം.  ഇതൊന്നും ലിഖിതനിയമങ്ങളല്ല, എങ്കിലും അന്നാട്ടുകാർ  കർശനമായി പാലിച്ചുപോരുന്ന  പെരുമാറ്റമര്യാദകളാണ്. തങ്ങൾമൂലം മറ്റുള്ളവർക്കു യാതൊരു  അസൗകര്യവും  ഉണ്ടാകരുതെന്ന് അവർ ആത്മാർഥമായി ആഗ്രഹിക്കുന്നു . ഇതിനൊക്കെ അപവാദമായി ആരെങ്കിലും പ്രവർത്തിച്ചാൽ അതു തീർച്ചയായും   വിദേശികളായിരിക്കും (ഗായ്ജിൻ  എന്നാണ് ജാപ്പനീസിൽ വിദേശികൾക്കു പറയുന്നത് ). വിനോദസഞ്ചാരത്തെക്കുറിച്ചു തദ്ദേശീയർക്കിടയിൽ നടത്തിയൊരു സർവ്വേയിൽ പലരും  വിദേശീയരുടെ വരവിനോട് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതിന്റെ കാരണമായി അവർ പറഞ്ഞ പ്രധാനകാര്യം സഞ്ചാരികൾ  പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതുവഴി അവിടമൊക്കെ വൃത്തികേടാക്കുന്നത്രേ!


ഗൂഗിൾ മാപ്പ്  യാത്രയിലെ ഏറ്റവും വലിയ സഹായിയാണ്. പക്ഷേ ഏതുസമയത്തും വിനയവും മുഖപ്രസാദവും കൈവിടാതെ  സഹായിക്കാൻ സന്നദ്ധതയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. നമ്മളൊരു സന്നിഗ്ദ്ധാവസ്ഥയിലാണെന്നു  മനസ്സിലായാൽ 'എന്തെങ്കിലും സഹായമാവശ്യമുണ്ടോ' എന്നു ചോദിക്കാൻ നാട്ടുകാരും തയ്യാറാണ്  ആകെയുള്ള ബുദ്ധിമുട്ട് ഭാഷയുടേതാണ്. എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല. നമ്മൾ ഇംഗ്ലീഷിൽ പറയുന്നതു   മനസ്സിലായാൽക്കൂടി തിരിച്ച്  ഇംഗ്ലീഷിൽ സംസാരിക്കാൻ പലർക്കും   വൈമുഖ്യമുണ്ടാകും.


ഒസാക്കയിൽ ട്രെയിനെത്തി. ഇനി കാസിലേക്കുള്ള  യാത്ര. 





Tuesday, August 3, 2021

ഓസ് , ഓസി F B post

 ഓസ്, ഓസി 

.

പൊതുവേ  സൗജന്യമായി ലഭിക്കുന്നതിനെയാണല്ലോ ഓസ് എന്ന് നമ്മൾ സൂചിപ്പിക്കാറുള്ളത്. 

'ഓസിനു കിട്ടിയാൽ അവൻ  ആസിഡും കുടിക്കും' 

ചിലരെക്കുറിച്ചു നമ്മൾ പലരും  പറയാറുള്ള കാര്യമാണ്. ഇതുസംബന്ധിയായി രസകരമായ പല കഥകൾ നമ്മൾ കേട്ടിട്ടുമുണ്ട് 

 

സൗജന്യമായി   എന്തുകിട്ടുന്നതും  ഭൂരിഭാഗം ആളുകൾക്കും ഏറെ സന്തോഷപ്രദമാണ്. ഇത് നമുക്കിടയിൽമാത്രമല്ല, ആഗോളതലത്തിൽ കണ്ടുവരുന്നൊരു പ്രതിഭാസമാണ്. എല്ലാം സൗജന്യമായിക്കിട്ടിയാൽ അത്രയും നന്ന് എന്നുകരുതുന്നവരും ഇല്ലാതില്ല.  എന്താണതിനുപിന്നിലെ മനഃശാസ്ത്രമെന്ന് എനിക്ക് നിശ്ചയമില്ല. പക്ഷേ  കച്ചവടക്കാർ ഈ മനഃശാത്രത്തെ  അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുന്നു എന്നത് നിത്യജീവിതത്തിൽ നാം കണ്ടും അനുഭവിച്ചും അറിയുന്ന കാര്യംതന്നെ. വിശേഷാവസരങ്ങളിലുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ ഉൾപ്പെടെ പല 'സൗജന്യ'പദ്ധതികളും  ഈ മനഃശാസ്ത്രം മനസ്സിലാക്കിത്തന്നെ നടപ്പിലാക്കുന്നതുമാണ്.   കച്ചവടക്കാരിൽനിന്ന്  ബഹുദൂരം അത് മുന്നോട്ടുപോയി എന്നതും നമ്മൾ ഈ കൊറോണക്കാലത്ത് കണ്ടറിഞ്ഞു. 

അതൊക്കെ വലിയവലിയ കാര്യങ്ങൾ . 

നമുക്ക് നമ്മുടെ വിഷയത്തിലേക്കു വരാം 

എന്താണ് 'ഓസ്'? 

എന്തായാലും അത് നമ്മുടെ മാതൃഭാഷയിലെ വാക്കല്ലാ. എന്നാലിത് മാതൃഭാഷയിലെയെന്നോണം നമ്മൾ ഉപയോഗിക്കുന്നുമുണ്ട് . 

ചെറിയൊരു ചരിത്രം ഇതിനുപിന്നിലുണ്ട്. 

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് കമ്പനിക്കാര്യങ്ങൾക്കായി കത്തുകളും പാഴ്സലുകളും  അയയ് ക്കുമ്പോൾ തപാൽ ചാർജ് ( പോസ്റ്റേജ് ) ഈടാക്കാതെ അയയ്ക്കാൻ സാധിക്കുമായിരുന്നു. ഇത്തരം എഴുത്തുകളുടെയും  പാർസലുകളുടെയും മുകളിൽ On Company Service (OCS) എന്ന് ചേർക്കും. പതിയപ്പതിയെ പല കമ്പനിജീവനക്കാരും വ്യക്തിപരമായ ആവശ്യങ്ങൾക്കു ഇത് ദുരുപയോഗം ചെയ്യാൻ തുടങ്ങി. ഭാരിച്ച തപാൽച്ചാർജിൽനിന്ന് ഒഴിവാകാൻ  തങ്ങളുടെ സ്വകാര്യ എഴുത്തുകളും OCS എന്നെഴുതി അയയ്ക്കുന്നതു പതിവാക്കി. 

OCS എന്നത് ചുരുങ്ങി നാടൻഭാഷയിൽ OC എന്ന് സർവ്വസാധാരണപ്രയോഗമായി. പിന്നീടത് സൗജന്യമായിക്കിട്ടുന്ന എന്തിനും 'ഓസി' (OC) എന്ന നാട്ടു ഭാഷാ പ്രയോഗമായി മാറി. കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും  ഇതേ പ്രയോഗം നിലവിലുണ്ട്. ചിലപ്പോൾ തമിഴിൽനിന്ന്   നമ്മൾ  ഇത് കടംകൊണ്ടതുമാകാം.


.

പ്രിയമിത്രങ്ങൾക്ക് ശുഭസായാഹ്നം നേരുന്നു 

സ്നേഹത്തോടെ 

മിനി മോഹനൻ. 






Wednesday, July 21, 2021

സ്ത്രീയെന്ന ധനം

 

സ്ത്രീയെന്ന ധനം 

================

ശ്യാമള കുറച്ചുവൈകിയാണ് ജോലിക്കെത്തിയത്. അവൾ ഒരിക്കലും വൈകാറുള്ളതല്ല. എന്തോ പ്രധാനകാരണമുണ്ടാകും. ചോദിക്കുന്നില്ല. അവൾ പറയുന്നെങ്കിൽ പറയട്ടെ. 

വന്നയുടനെ അവൾ മുറ്റമടിച്ചു. അടുക്കളയിൽക്കയറി പാത്രങ്ങൾ കഴുകി. കാപ്പിയുണ്ടാക്കിക്കുടിച്ചു. ഇഡ്ഡലി കഴിച്ചതുമില്ല.  വസ്ത്രങ്ങളലക്കാൻ മെഷീനിലിട്ടു. മുറികളൊക്കെ അടിച്ചുവാരി തുടയ്ക്കാൻ തുടങ്ങി.  മോപ്പും ബക്കറ്റും കഴുകിവെച്ചശേഷം   അവൾ എൻറെയടുത്തുവന്നു. 

"ചേച്ചീ, എന്താ ഇന്ന് കൂട്ടാൻ വായിക്കേണ്ടത്?"

"ഇന്നൊന്നും വയ്ക്കെണ്ടാ ശ്യാമള. ഇന്നലത്തെയും മിനിയാന്നത്തെയും കറികൾ ഫ്രിഡ്ജിലുണ്ടല്ലോ? അത് ഒന്ന് തീർന്നുകിട്ടട്ടെ. "

"അയ്യോ ചേച്ചീ, സാറിന് ഫ്രിഡ്ജിലിരിക്കുന്ന കറികൾക്കഴിച്ചാൽ വയറിനിയും പ്രശ്നമാകുമോ?"

"ഒരു ദിവസത്തേക്കല്ലേ, കുഴപ്പമൊന്നും വരില്ല. "

"എന്നാൽ ഞാൻ പൊയ്ക്കോട്ടേ ചേച്ചീ. ഇന്ന് സുമിയെക്കാണാൻ ഒരു ചെക്കൻ വരുന്നുണ്ട്. അവരുവരുമ്പോൾ എന്തെങ്കിലുമൊക്കെ ആക്കിവയ്ക്കണമല്ലോ ചായയുടെകൂടെ കൊടുക്കാൻ."

"ആഹാ! അത് നന്നായല്ലോ. എവിടുന്നാ ചെക്കൻ." 

"ഇവിടെനിന്ന് പത്തുപന്ത്രണ്ടു കിലോമീറ്ററേയുള്ളൂ എന്നാ ചെല്ലമ്മാവൻ പറഞ്ഞത്. രാവിലെയാ ചെക്കൻ വരുന്നകാര്യം പറയാൻ ചെല്ലമ്മാവൻ വന്നത്. അതാ ഞാനിത്തിരി വൈകിയത്. "

"എന്നാ ശരി. നീ വേഗം ചെല്ല്. ആ മഞ്ഞ ടിന്നിൽ ബിസ്കറ്റും അതിന്റെ താഴെ കേക്കും ഉണ്ട്. അതുകൂടി കൊണ്ടുപോയ്ക്കോ. ചായയുടെകൂടെ വിരുന്നുകാർക്കു കൊടുക്കാം." 

"ഒന്നും വേണ്ടാ ചേച്ചീ. ഏറ്റവും വേണ്ടപ്പെട്ടകര്യം ഇല്ലല്ലോ. എനിക്കതിലാ വിഷമം" 

"അതെന്താ ശ്യാമളേ, വേണ്ടപ്പെട്ട കാര്യം." 

"അതു പിന്നെ, ചേച്ചീ, അവളുടെ അച്ഛന്റെ കാര്യമാ"

"അതിനിപ്പോ വിഷമിക്കാനെന്താ. അച്ഛൻ മരിച്ചുപോയകാര്യം പറഞ്ഞാൽപോരേ?"

"അയ്യോ.. മരിച്ചിട്ടില്ല ചേച്ചീ.  എന്നെയും പിള്ളേരേം ഉപേക്ഷിച്ചുപോയതാ, മറ്റൊരുത്തിയുടെകൂടെ "

എനിക്കൊരു ഞെട്ടലായിരുന്നു അത്. 

ശ്യാമള എത്രയോ വീടുകളിൽ ജോലിചെയ്താണ് കുട്ടികളെ രണ്ടുപേരെയും വളർത്തുന്നത്. സുമി എം എ വിദ്യാർത്ഥിനിയാണ്. ലിനി പൊളിടെക്നിക്ക് അവസാനവർഷവും. രണ്ടുപേരും സുന്ദരിക്കുട്ടികൾ. 

വളരെപ്പെട്ടെന്നാണ് വിവാഹം തീരുമാനിച്ചത്. . വരൻ ഗോപൻ  സ്റ്റേഷനറിക്കട നടത്തുന്നു.  ഇരുപതുപവന്റെ ആഭരണവും അഞ്ചുലക്ഷം രൂപയും സ്ത്രീധമായി ചോദിച്ചിരുന്നു. 

"സ്ത്രീധനം ചോദിച്ചസ്ഥിതിക്ക് അവർ അത്ര നല്ലവരാണെന്നു തോന്നുന്നില്ല. ഒന്നുകൂടെ ആലോചിച്ചിട്ടു പോരേ"

"നമുക്കുമില്ലേ ചേച്ചീ കുറവുകൾ. എന്തെങ്കിലും കുറച്ചു കൊടുത്താലുംവേണ്ടില്ല, നല്ലൊരു ബന്ധമല്ലേ. അച്ഛനുമമ്മയുമൊക്കെ നല്ലവരാ. ചെറുക്കന് നല്ല പഠിപ്പുമുണ്ട്." 

എല്ലാം വേഗം നടന്നു. ഒരുവർഷത്തെ ശമ്പളം മുഴുവൻ അവൾ മുൻകൂറായി വാങ്ങി  നല്ലൊരു തുകയ്ക്ക് അവൾ കടക്കാരിയുമായി.  വലിയ ആര്ഭാടമൊന്നുമില്ലാത്ത നല്ലൊരു കല്യാണം. 


അവൾ വലിയസന്തോഷത്തിലായിരുന്നു.  തന്റെ മകളെ നല്ലനിലയിൽ വിവാഹംചെയ്തയച്ചതിന്റെ അഭിമാനവും സംതൃപ്തിയും അവളുടെ കണ്ണിൽനിന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. ആദ്യമൊക്കെ മരുമകനെക്കുറിച്ചു പറയാൻ നൂറുനാവായിരുന്നു. പിന്നെപ്പിന്നെ വിശേഷങ്ങളൊന്നും പറയാതായി. 

ദിവസങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു. മഴയും മഞ്ഞും വെയിലുമൊക്കെ തങ്ങളുടേതായ ഉടയാടകൾ സമയാസമയങ്ങളിൽ ഭൂമിയെ അണിയിച്ചുകൊണ്ടിരുന്നു. ശ്യാമളയുടെ മുഖത്ത് പലപ്പോഴും സങ്കടവും നിസ്സഹായതയും മായാൻ മടിച്ചുനിന്നതും ശ്രദ്ധിച്ചിരുന്നു. 

അന്ന് ലിനിയാണ് ജോലിക്കെത്തിയത്. 

"'അമ്മ സുമിച്ചേച്ചിയുടെ വീട്ടിൽ പോയിരിക്കുന്നു." 

ചോദിക്കാതെതന്നെ അവൾ പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.

പിറ്റേന്ന്  ആകെ പരിക്ഷീണയായമട്ടിലാണ് ശ്യാമള ജോലിക്കെത്തിയത്.

പതിവുപോലെ വേഗംവേഗം ജോലികൾ തീർത്തു. പോകാനിറങ്ങിയപ്പോൾ ഞാൻ ചോദിച്ചു. 

"സുമി സുഖമായിരിക്കുന്നോ ശ്യാമളേ?"

"എന്തുപറയാനാ ചേച്ചീ. അവൾ  അത്യാവശ്യമായി  ചെല്ലണമെന്നുപറഞ്ഞു ഫോണ് ചെയ്തിരുന്നു. അതാ ഞാൻ പോയത്. "

"എന്തായിരുന്നു അത്യാവശ്യം?"

"അത്, ചേച്ചീ.. രണ്ടുലക്ഷം രൂപ ഉടനെ കൊടുക്കണമെന്നാ ഗോപൻ പറയുന്നത്. കട മോടിയാക്കണമത്രേ!" 

"എന്നിട്ട് .. "

"എനിക്കറിയില്ല ചേച്ചീ. വിൽക്കാൻ ഇനിയൊന്നും വീട്ടിലില്ല.  എന്റെ കുഞ്ഞിന്റെ കരച്ചിൽകാണാൻ വയ്യാ ചേച്ചീ. ഇതിനകം എത്രതവണയായി പണം ചോദിച്ചുവാങ്ങിയെന്നോ.   കടം ചോദിക്കാനിനി ആരുമില്ല ബാക്കി. .  ഇനിയിപ്പോ വീട് ഈടുകൊടുത്തു പണമെടുക്കാനെ കഴിയൂ.  "

പിന്നെയും കാലം കടന്നുപോയ്ക്കൊണ്ടിരുന്നു. ഗോപന്റെ  ആവശ്യങ്ങൾ കൂടിവന്നു. കടംവാങ്ങിയും മുൻ‌കൂർ ശമ്പളം പറ്റിയുമൊക്കെ ശ്യാമള തന്നാലാവുന്നവിധം അതൊക്കെ നിറവേറ്റാൻ ശ്രമിച്ചു. അവളോട് അങ്ങനെയൊന്നും ചെയ്യേണ്ടതില്ലയെന്നു പലവട്ടം പറഞ്ഞുനോക്കി. തന്റെ ജീവിതംപോലെ മകളുടേതുമായാലോ എന്ന വേവലാതിയായിരുന്നു  അവൾക്ക്.  മെല്ലമെല്ലേ സുമിയുടെ ജീവിതം നരകതുല്യമായി. ഗോപന്റെ  ഉപദ്രവം സഹികെട്ടപ്പോൾ അവൾ അമ്മയെവിളിച്ച് തനിക്കിനി ജീവിക്കേണ്ടാ എന്നുപോലും പറഞ്ഞു. ശ്യാമള അവളെ ഒരുതരത്തിൽ സമാധാനിപ്പിച്ചുനിറുത്തി. 

"നിനക്ക് അവളെ വീട്ടിൽ കൊണ്ടുവന്നു നിർത്തിക്കൂടെ ശ്യാമളേ?. ഇങ്ങനെയൊരു ആർത്തിപ്പണ്ടാരത്തിന്റെയൊപ്പം ജീവിക്കുന്നതിൽഭേദം ഒറ്റയ്ക്കു കഴിയുന്നതാ "

"ചേച്ചീ, അവിളിവിടെവന്നുനിന്നാൽ നാട്ടുകാരോടൊക്കെ സമാധാനം പറയേണ്ടിവരില്ലേ. ലിനിയുടെ കാര്യവും ഞാനോർക്കേണ്ടേ. അതുകൊണ്ടാ മടിക്കുന്നത്."

"അവളെന്തെങ്കിലും കടുംകൈ ചെയ്‌താൽ എന്തുചെയ്യും. എത്രയുംവേഗം നീ അവളെ വിളിച്ചുകൊണ്ടുവരൂ. അവൾ എന്തെങ്കിലും ജോലിചെയ്തു ജീവിച്ചോളും." 

"ലിനിയുടെ പരീക്ഷ നടക്കുന്നു. രണ്ടുദിവസംകൂടിയുണ്ട്. അതുകഴിഞ്ഞുപോകാം ചേച്ചീ." 

പിറ്റേന്ന് ഒരുപാടുവൈകിയിട്ടും ശ്യാമള ജോലിക്കുവന്നില്ല. മൊബൈലിൽ വിളിച്ചിട്ട് എടുത്തുമില്ല. ഗീതയുടെ വീട് ശ്യാമളയുടെ വീടിനടുത്താണ്. ഒന്ന് വിളിച്ചുചോദിക്കാമെന്നു കരുതി. 

"അയ്യോ.. നീ  അറിഞ്ഞില്ലേ. ശ്യാമളയുടെ മോള് ഇന്നലെ രാത്രി ആത്മഹത്യചെയ്തു. ...."

ഗീത എന്തൊക്കെയോ പിന്നെയും പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാനൊന്നും കേട്ടില്ല. 

ഒരുപാടുപേർ വീട്ടിനുള്ളിലും മുറ്റത്തുമായി അടക്കംപറഞ്ഞു നിന്നിരുന്നു. അത് ആത്മഹത്യയായിരുന്നില്ല, കൊലപാതകമാണെന്ന് അവിടെനിന്നറിഞ്ഞു. നിയമനടപടികൾ നടക്കുന്നതെയുള്ളൂ.  അകത്തുനിന്ന് നേർത്തൊരു തേങ്ങൽ കേൾക്കുന്നുണ്ടോ .. എന്റെ മനസ്സിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു. ശ്യാമളയെ എങ്ങനെ അഭിമുഖീകരിക്കും! അവളെ എങ്ങനെ അശ്വസിപ്പിക്കും!

"ചേച്ചീ... " മുള ചീന്തുന്നതുപോലെ ശ്യാമള കരഞ്ഞുകൊണ്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ മുടികളിൽ മെല്ലെ തലോടാനല്ലാതെ ഒന്നും ചെയ്യാനായില്ല. 

ശ്യാമളയുടെ മറ്റൊരു മുഖമാണ് പിന്നീടെല്ലാവരും കണ്ടത്. ഗോപനെതിരെ കേസ് നടത്തി.  വക്കീലില്ലാതെ കേസ് വാദിച്ചു. ആരുടെയും മുന്നിൽ തലകുനിക്കാതെ , ആരോടും കെഞ്ചാതെ,  ആ മനുഷ്യമൃഗത്തെ ഇരുമ്പഴിക്കുള്ളിലാക്കുംവരെ അവൾ പൊരുതി. 

ഇന്നലെ അവൾ വന്നത് എന്തോ നിറവേറ്റിയ ചാരിതാർത്ഥ്യവുമായാണ്. 

ജയിലിൽപ്പോയി ഗോപനെക്കണ്ട് അവന്റെ മുഖത്ത് കാർക്കിച്ചുതുപ്പിയത്രേ. അവനെ കടിച്ചുകീറാനുള്ള ദേഷ്യമായിരുന്നു അവൾക്ക് . കൂടെയുണ്ടായിരുന്ന ലിനിക്ക് അവളെ ശാന്തയാക്കാൻ കുറേ പാടുപെടേണ്ടിവന്നു. 


"ചേച്ചീ,  ഇനി ഒരമ്മയ്ക്കും എന്റെ ഗതി വരരുത്.  അവനെ എനിക്കു കൊല്ലണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ ലിനിമോൾക്ക് പിന്നെ ആരാണുള്ളത്! എന്റെ ലിനിയെ ഞാനൊരു ആണ്കുട്ടിക്കേ കല്യാണം കഴിച്ചുകൊടുക്കൂ. അതും  അവൾക്കൊരു ജോലികിട്ടിയശേഷംമാത്രം. ഒരുതരി പൊന്നോ പണമോ കൊടുക്കില്ല.  എന്റെ മോളെമാത്രം  വേണമെന്നുള്ള ഒരാണ്കുട്ടി വരുന്നതുവരെ അവൾ എന്നോടൊപ്പമുണ്ടാകും. " 

  




Thursday, July 15, 2021

വെണ്ടയ്ക്കാ അക്ഷരം

"എന്താണമ്മേ ഇതിന്റെ പേര്?" 

"വെണ്ടയ്ക്കാവലുപ്പത്തിലല്ലേ എഴുതിവെച്ചിരിക്കുന്നത്. നിനക്ക് കണ്ടുകൂടെ?"

"അതെന്താമ്മേ ഈ  വെണ്ടയ്ക്കാവലുപ്പം ?" 

........

അതെ, അതെന്താണീ വെണ്ടയ്ക്കവലുപ്പം? വെണ്ടയ്ക്കയെക്കാൾ വലിയ എത്രയോ പച്ചക്കറികൾ! എന്നിട്ടും വെണ്ടയ്ക്കയെ നമ്മൾ കൂട്ടുപിടിക്കുന്നതെന്തിനാണ്? 

'വെണ്ടയ്ക്ക' എന്നത് പണ്ടുകാലത്ത് അച്ചടിയില്‍ ഉപയോഗിച്ചിരുന്ന ഒരു font size ആണ്. അച്ചടിക്കാവശ്യമായ അച്ചുകൾ വലിപ്പമനുസരിച്ച് തരംതിരിക്കപ്പെടുന്നു. 4 പോയിന്റ് മുതൽ 144 പോയിന്റ് വരെയുള്ള അച്ചുകളുണ്ട്. സാധാരണ ഉപയോഗിക്കുന്ന അച്ചുകളുടെ അളവ് 6, 7, 8, 9, 10, 11, 12, 14, 18, 24, 30, 36, 42, 48, 60, 72 പോയിന്റുകളാണ്. അച്ചുടലിന്റെ മുൻപിൻ ഭാഗങ്ങൾ തമ്മിലുള്ള അകലമാണ് പോയിന്റ് നിർണയിക്കുന്നതിനുള്ള അടിസ്ഥാനം.. ടൈപ്പോഗ്രാഫിയിലെ അടിസ്ഥാനയൂണിറ്റ് ആണ് 'പോയിന്‍റ്'. ഒരു പോയിന്റ് എന്നത് ഒരിഞ്ചിന്റെ 72 -ൽ ഒരു ഭാഗമാണ്. അതായത് 

ഒരു പോയിന്റ് = 1 ഇഞ്ച് / 72 . (അത് ഏകദേശം  0 . 035 സെന്റിമീറ്ററിനു സമം ) 

12 pt, 14 pt , 24 pt  എന്നൊക്കെ നമ്മള്‍ വേര്‍ഡ് പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ ഫോണ്ട് സൈസ് പറയാറില്ലേ. ഇവ ഓരോ പേരുകളിലാണ് മുമ്പൊക്കെ അറിയപ്പെട്ടിരുന്നത്.പേൾ (pearl), അഗേറ്റ് (Agate), നോൺ പരൈൽ (Non Pareil), ബ്രെവിയർ (Bravrevier), ലോങ് പ്രൈമർ (Long primer), പൈക്കാ (Pica) തുടങ്ങിയ പേരുകള്‍ വിദേശങ്ങളില്‍ ഉപയോഗത്തിലിരുന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചത്.  വെണ്ടയ്ക്ക എന്നത് 24 pt ഉം വഴുതനങ്ങ 36-ഉം മത്തങ്ങ 48-ഉം pts ആയിരുന്നു. വെണ്ടയ്ക്ക  24 pt ഉള്ളതുകൊണ്ട് 1/3 inch ആണ് അക്ഷരത്തിന്റെ വലുപ്പം. ഏകദേശം 0 .8 cm . ആ വലുപ്പത്തിൽ അച്ചടിക്കുന്ന അക്ഷരങ്ങൾ നന്നായി കാണാൻ സാധിക്കുമെന്നതുകൊണ്ടാണ് വെണ്ടയ്ക്കഅക്ഷരം  എന്ന ഒരു പ്രയോഗംതന്നെ  വന്നത്. 


Friday, July 2, 2021

വിസ്താഡോം - ഒരു യാത്രാവിസ്മയം

ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ട്രെയിൻ യാത്ര. കല്യാണിൽനിന്ന് പൂന വരെ, തിരിച്ചും,  ഡെക്കൺ എക്സ്പ്രെസ്സിലെ വിസ്താഡോം കോച്ചിൽ. 
തീവണ്ടിയാത്രക്കാർക്ക് ലോകോത്തരയാത്രാസൗകര്യങ്ങളൊരുക്കി ഇന്ത്യൻ  റെയിൽവേ അടുത്തകാലത്തായി ഏർപ്പെടുത്തിയതാണ്  വിസ്താഡോം (Vistadom) കോച്ചുകൾ. ഇക്കഴിഞ്ഞ ജൂൺ 26 നാണ് ഡെക്കൺ എക്സ്പ്രെസ്സിലെ വിസ്താഡോം കോച്ച് യാത്ര ആരംഭിച്ചത്. പച്ചപ്പട്ടു പുതച്ചുകിടക്കുന്ന  പശ്ചിമഘട്ടമലനിരകളും താഴ്‌വരകളും മനംകവരുന്ന വെള്ളച്ചാട്ടങ്ങളും മിഴികൾക്കേകുന്ന ആർഭാടപൂർണ്ണമായ ദൃശ്യവിരുന്ന് വാക്കുകളാൽ വർണ്ണിക്കുക ശ്രമകരമാണ്.   ഈ മഴക്കാലത്തെ ഹരിതഭംഗി ആവോളം ആസ്വദിച്ചറിയാൻ ഇതിനേക്കാൾ മികച്ച ഒരു യാത്ര ഇല്ലെന്നുതന്നെ പറയാം.  
പുറംകാഴ്ചകളുടെ പരമാവധി ആസ്വാദനം പ്രാപ്തമാക്കുന്നരീതിയിൽ  വിശാലമായ ചില്ലുജാലകങ്ങളും ചില്ലുമേൽക്കൂരകളും ഉള്ളതുകൊണ്ടാണ് ഈ കോച്ചുകൾക്ക് ഈ പേരുവന്നിരിക്കുന്നത്. (മേൽക്കൂരയിലെ ഗ്ലാസ് അർദ്ധസുതാര്യമാണ്) സമ്പന്നവിദേശരാജ്യങ്ങളിലെ ട്രെയിനുകളിൽ ഉള്ളതുപോലെ  അത്യന്താധുനികസൗകര്യങ്ങൾ ഈ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്ഫാക്ടറിയിൽ നിർമ്മിച്ചിരിക്കുന്ന ഈ  കോച്ചുകളിലും ഉണ്ട്. ഓരോ വശങ്ങളിലും മനോഹരവും സൗകര്യപ്രദവുമായ  രണ്ടു പുഷ് ബാക്ക് സീറ്റുകൾ വീതമായി 44 സീറ്റുകളാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ കോച്ചിലുള്ളത്. വണ്ടിയോടുന്ന ദിശയിലേക്കോ ജനാലയിലേക്കോ അഭിമുഖമായി ഇരിക്കാൻ പാകത്തിൽ   സീറ്റുകൾ 180 ഡിഗ്രിയിൽ  തിരിക്കാവുന്ന വിധത്തിലാണവ സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്തിലേതുപോലെ മുമ്പിലേക്ക് നിവർത്തിവയ്ക്കാവുന്ന ടേബിളും സീറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓരോ സീറ്റിലും മൊബൈൽ  ചാർജറുകളുമുണ്ട്. യാത്ര അങ്ങേയറ്റം സുഖകരവും അയാസരഹിതവുമാണ്.   ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകളും മള്‍ട്ടി ടയര്‍ ലഗേജ് റാക്കും  ഉന്നതനിലവാരം പുലർത്തുന്ന ആധുനികസജ്ജീകരണങ്ങളുള്ള സുന്ദരമായ  ടോയ്ലറ്റുകളുമൊക്കെ ഈ കോച്ചുകളുടെ പ്രത്യേകതയാണ്. (യാത്രികർ , ടിഷ്യൂ പേപ്പർ ചുരുട്ടിക്കൂട്ടി അലക്ഷ്യമായി വലിച്ചെറിഞ്ഞും സീറ്റിലും  തറയിലും  വെള്ളമൊഴിച്ചും    തങ്ങളാലാകുംവുധം ടോയ്‌ലറ്റുകൾ വൃത്തിഹീനമാക്കിയിരുന്ന കാഴ്‌ച ലജ്ജാകരംതന്നെ . ഇനി എന്നാണാവോ നമ്മൾ ടോയ്ലറ്റ് ഉപയോഗിക്കാൻ പഠിക്കുക!) . ട്രെയിനിലെ മറ്റു കോച്ചുകളുടെ  പിന്നിലായി ഘടിപ്പിക്കുന്ന ഈ  കോച്ചിന്റെ പിൻഭാഗത്ത് പൂർണ്ണമായി ചില്ലുജാലകങ്ങളോടുകൂടിയ ഒരു ഒബ്സർവേഷൻ ലോഞ്ചുണ്ട്. അതിലൂടെയുള്ള കാഴ്ചയും അദ്വിതീയവും  അവിസ്മരണീയവുമാണ്.  പിന്നിട്ട തീവണ്ടിപ്പാതകളെ നോക്കിക്കാനാണോ ക്യാമറയിൽ പകർത്താനോ മറ്റൊരു ട്രെയിൻയാത്രയിലും നമുക്ക് കഴിയില്ലല്ലോ. 

 ഫ്രിഡ്‌ജ്‌, ഫ്രീസർ, ജ്യൂസർ മൈക്രോവേവ് ഓവൻ, ജി പി എസ്  അധിഷ്ഠിത അനൗൻസ്‌മെന്റ്, ഡിജിറ്റൽ ടി വി സ്ക്രീനുകൾ, വീൽചെയർ   മുതലായവയും ഈ കോച്ചിലുണ്ടെന്ന പത്രവാർത്ത കണ്ടിരുന്നെങ്കിലും അതൊന്നും കാണാൻ കഴിഞ്ഞില്ല. (ചിലപ്പോൾ ഉണ്ടായിരിക്കാം, ഞാൻ കാണാതിരുന്നതാവാം). 








2017 ഏപ്രിൽ മാസത്തിൽ, വിശാഖപട്ടണത്തുനിന്ന് അരാകുവാലി ഹില്‍സ്റ്റേഷനിലേക്കാണ് അത്യാധുനിക സംവിധാനത്തോടു കൂടിയ വിസ്താഡോം കോച്ചുകൾ ഇന്ത്യയിലാദ്യമായി ഓടിത്തുടങ്ങിയത്. പിന്നീട് മറ്റു പല ട്രെയിനുകളിലും ഈ കോച്ചുകൾ കൂട്ടിച്ചേർക്കുകയുണ്ടായി. സെൻട്രൽ റെയിൽവേക്ക് ഇത്തരം മൂന്നുകോച്ചുകളാണ് അനുവദിക്കപ്പെട്ടത്. രണ്ടെണ്ണം ദാദർ(മുംബൈ) മുതൽ മഡ്ഗാവ് (ഗോവ) വരെയുള്ള ജൻശതാബ്ദി എക്സ്പ്രെസ്സിലാണ് പ്രയോജനപ്പെടുത്തിയത്. 2017 സെപ്റ്റംബറിലാണ് ആ യാത്ര ആരംഭിച്ചത്.  കോവിഡ് രാജ്യത്തെ നിശ്ചലമാക്കിയിരുന്നില്ലെങ്കിൽ മൂന്നാമത്തെ കോച്ച് വളരെനേരത്തെതന്നെ മുംബൈക്കും പൂനയ്ക്കുമിടയിൽ ഓടിതുടങ്ങിയേനെ. മതേരന്‍ കുന്നുകള്‍, സോംഗിർ ഹിൽ, ഉല്ലാസ് നദി, ഉല്ലാസ് താഴ്വര, ഖണ്ടാല, ലോണാവാല, വെള്ളച്ചാട്ടങ്ങൾ, ധാരാളം തുരങ്കങ്ങൾ എന്നിവയൊക്കെ ഈ യാത്രയിൽ കടന്നുപോകാം. ജൻശതാബ്ദി എക്സിക്യൂട്ടീവ് ചെയർകാറിന്റെ ടിക്കറ്റ് നിരക്കിനു സമാനമാണ് വിസ്താഡോം കോച്ചിന്റെയും ടിക്കറ്റ് നിരക്കുകൾ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുമാത്രമേ ഇതിൽ യാത്ര സാധ്യമാകൂ.  ഇന്ത്യൻ റെയിൽ‌വേ വെബ്‌സൈറ്റായ www.irctc.co.in ൽ  ബുക്കിങ് സാധ്യമാണ്.  റെയിൽവേ ഉദ്യോഗസ്ഥർ, വയോധികർ, ഭിന്നശേഷിക്കാർ മുതലയവർക്കു ലഭിക്കുന്ന യാതൊരു ഇവളവുകളും ഈ കോച്ചുകളിലെ ടിക്കറ്റുകൾക്ക് ലഭിക്കുകയില്ല.    അല്പം വൈകിയെങ്കിലും നഗരവാസികൾക്കു ലഭിച്ച ഈ സമ്മാനം അതീവഹൃദ്യംതന്നെ. അതിന്റെ തെളിവാണ് പണച്ചെലവു കൂടുതലാണെങ്കിലും യാത്ര  തുടങ്ങിയനാൾമുതൽ നിറഞ്ഞോടുന്ന വിസ്താഡോം കോച്ചുകൾ. 

(01007 ഡെക്കാൻ എക്സ്പ്രസ് സ്പെഷൽ ജൂൺ 26 മുതൽ എല്ലാ ദിവസവും രാവിലെ 07 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 11.05 ന് പൂനെയിലെത്തും. 01008 ഡെക്കാൻ എക്സ്പ്രസ് സ്‌പെഷ്യൽ ജൂൺ 26 മുതൽ എല്ലാ ദിവസവും വൈകുന്നേരം 03.15 ന് പൂനെയിൽ നിന്ന് പുറപ്പെടും, അതേ ദിവസം വൈകുന്നേരം 07.05 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തും. ദാദർ, താനെ, കല്യാൺ, നെരാല്‍(01007 ന് മാത്രം), ലോണാവാല, തലേഗാവ്, ഖഡ്കി, ശിവാജി നഗർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.)




 

Friday, June 25, 2021

 സങ്കടത്തിരകളാൽ നിറയും കടലാണീജീവിതം-

നീന്താനെത്ര ദൂരമെന്നറിയാത്ത യാത്രയിൽ,

സഞ്ചാരികള് പോകയാണനുസ്യൂതം

കാലത്തിന് വിരല് ചൂണ്ടും പാതയില് , നേര്രേഖയില്..

Friday, June 11, 2021

ഏകാന്തതയുടെ വേനലും വർഷവും

 ഒരു പെൺകുട്ടി പത്തുവർഷക്കാലം ആരുമറിയാതെ കഴിഞ്ഞുകൂടുക! അതും വളരെച്ചെറിയൊരു വീട്ടിലെ കുടുസുമുറിയിൽ. ഇതൊക്കെ  അപ്പാടെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോ? എന്തായാലും എനിക്ക് കഴിയുന്നില്ല. ഇതുമാത്രമല്ല, നമ്മുടെനാട്ടിൽ നടക്കുന്ന പല കാര്യങ്ങളും വിശ്വസിനീയമല്ല എന്നതാണ് യാഥാർത്ഥ്യം 

സത്യമാണെങ്കിലും അല്ലെങ്കിലും ഇത്തരമൊരു സാഹചര്യം രണ്ടുവ്യക്തികൾക്കുണ്ടാകുന്നുവെന്നത് ഒട്ടുംതന്നെ അഭിലഷണീയമല്ല.  എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യംതന്നെ. ഭാവിയിലെങ്കിലും ഇതുപോലെ ആർക്കെങ്കിലും സംഭവിക്കാതിരിക്കാൻ സമൂഹംതന്നെ വേണ്ടത് ചെയ്യേണ്ടിയിരിക്കുന്നു. 

ഈ സംഭവം വളരെക്കാലംപിന്നിലെ ഓരോർമ്മയിലേക്ക് എന്നെ കൊണ്ടുപോയി. ആദ്യമായി  ഞാൻ മുംബൈയിൽ വന്നത് 1990 ലാണ്.  അക്കാലത്ത് ചേട്ടന്റെ ചില സുഹൃത്തുക്കളൊക്കെ അംഗമായിരുന്ന ഒരു സംസ്കരികസംഘടനയുടെ ഒരു യോഗത്തിൽ 'മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത' എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടന്നതോർക്കുന്നു.  അന്ന്, ഇന്ത്യൻ എക്‌സ്പ്രസ്സിൽ ജേർണലിസ്റ്റ് ആയിരുന്ന പ്രിയ സുഹൃത്തും അയൽക്കാരനുമായ  ഷാജി അക്കാലത്തെ ഏതോ ഒരു വാരികയിൽ ( മനോരമയോ മംഗളമോ ആണ്) പ്രസിദ്ധീകരിച്ചുവന്നിരുന്ന ഒരു നോവലിനെക്കുറിച്ചു പറയുകയുണ്ടായി. ഒരാൾ വിവാഹം കഴിഞ്ഞ് ഭാര്യയെ വീടിന്റെ  ഭൂഗർഭഅറയിൽ ആരുമറിയാതെ താമസിപ്പിച്ചിരുന്നത്രേ! അവർ മറിച്ചുപോയെന്നോമറ്റോ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു.  അതിസുന്ദരിയും നർത്തകിയുമായ ഭാര്യയെ മറ്റാരും കാണുന്നത് അയാൾക്കിഷ്ടമില്ലായിരുന്നു. പിന്നീട് ഈ കുട്ടിയുടെ സമ്മതത്തോടെതന്നെ  മറ്റൊരു വിവാഹംകഴിച്ചു . രണ്ടാംഭാര്യ എങ്ങനെയോ ആദ്യഭാര്യയെ കണ്ടെത്തി. ഇങ്ങനെയൊക്കെയാണെന്നുതോന്നുന്നു കഥ. ഇത്തരം അസഹനീയമായ സ്ത്രീവിരുദ്ധരചനകളെ പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു. 

ഇങ്ങനെയൊരു വിചിത്രമായ കഥയെക്കുറിച്ചറിഞ്ഞ് കൗതുകംതോന്നി ആ വാരികയുടെ  ഏതാനും ലക്കങ്ങൾ എവിടെനിന്നോ സംഘടിപ്പിച്ചു വായിച്ചതോർക്കുന്നു. പക്ഷേ അത് തുടർന്നുവായിക്കാനുള്ള മനഃസാന്നിധ്യം ഉണ്ടായതുമില്ല.  അന്ന് ഇതൊക്കെ കഥയല്ലേ, കഥയിൽ എന്തുമാകാമല്ലോ എന്നായിരുന്നു ചിന്ത. പുറംലോകം  കാണാതെ ഒരു മനുഷ്യജീവിക്ക് എങ്ങനെയാണു ഇങ്ങനെ ജീവിക്കാനാവുക! തന്നെ തടവറയിൽ പാർപ്പിച്ചിരിക്കുന്ന ഭർത്താവിനെ അകമഴിഞ്ഞു സ്നേഹിക്കാനും അയാൾക്ക്‌ മറ്റൊരു വിവാഹത്തിന് സമ്മതംകൊടുക്കാനുമൊക്കെ ഒരു പെണ്കുട്ടിക്ക് എങ്ങനെയാണു കഴിയുക! കഥകളിൽ ചോദ്യമില്ലാത്തതുകൊണ്ടു  നമ്മൾ ഇത്തരം  ചോദ്യങ്ങൾക്കൊന്നും പിന്നാലെ പോകേണ്ടതില്ലാ. പക്ഷേ ജീവിതം അതല്ലല്ലോ. പച്ചയായ യാഥാർത്ഥ്യങ്ങളുടെ  പൊള്ളിക്കുന്ന, നോവിക്കുന്ന, കുളിരണിയിക്കുന്ന, പുളകംവിടർത്തുന്ന, അനുഭവങ്ങളുടെ ആകെത്തുകയാണ്. അവിടെ ചോദ്യങ്ങളുണ്ട്. അവയ്ക്ക് ഉത്തരങ്ങളും ഉണ്ടായേ മതിയാകൂ.