Tuesday, March 29, 2016

ആനന്ദം

അങ്ങു കിഴക്കന്‍ മലയും കയറിയാ
കുട്ടിക്കതിരവനെത്തുന്നു മെല്ലവേ
ഒത്തിരി പൊന്നിട്ട പേടകമാകാശ
മുറ്റത്തു കൊണ്ടുവന്നാകെച്ചൊരിയുന്നു
മിന്നിത്തിളങ്ങും വെയില്‍ പാറി വീഴുന്നു
കാഞ്ചനപ്പൂക്കളായ് മണ്ണില്‍ വിരിയുന്നു
വാസനച്ചെപ്പു തുറന്നുവെയ്ക്കുന്നിതാ
മുല്ലയും പിച്ചിയും ചെമ്പനീര്‍പ്പൂക്കളും
പൂമരച്ചില്ലവിട്ടെങ്ങോ പറക്കുന്നു -
ണ്ടായിരം പക്ഷികളാമോദക്കൂട്ടമായി..
മാകന്ദമഞ്ജരിത്തേന്‍ നുകര്‍ന്നേതോ
കോകിലം മധുരമായ് പാടുന്നു പ്രണയം
ആ ഗാനനിര്‍ഝരി കേട്ടു വരുന്നോരു
കാറ്റിന്റെ ചുണ്ടിലും സ്നേഹരാഗം 
ഈ സ്വര്‍ഗ്ഗഭൂമിയില്‍ ഇനിയെന്തു വെണമെന്‍
ഹൃദയത്തിനാനന്ദ നൃത്തമാടാന്‍!. 

മണിത്തക്കാളീ.. കറുത്തപെണ്ണേ ..


കാക്കക്കറുമ്പീ,
കറുത്തമുത്തേ ,
മണിക്കുരുന്നേ
തേൻകനിയേ..
എത്ര ഞാനോടി
നിൻ പിന്നാലെ 
ബാല്യത്തിൽ 
നിന്റെ തേനൂറും 
മധുരക്കനിക്കായ്,
കറുത്ത പെണ്ണേ, മണിത്തക്കാളീ  ....

ഒരോട്ടത്തിന്റെ ഓര്‍മ്മകള്‍ .

കാഞ്ചിയാറിലെ എന്റെ  വീട്ടില്‍ നിന്നു നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്കൂളിലേയ്ക്കു മൂന്നു വഴികളായിരുന്നു . വാഹനങ്ങള്‍ പോകുന്ന മെയിന്‍ റോഡിലൂടെ പകുതിദൂരം (വാഹനത്തിലോ, നടന്നോ ) പോയശേഷം പിന്നെയും അരമണിക്കൂരിലേറെ നടന്നു പോകുന്നതാണ് ശരിയായ വഴി. ഇടയ്ക്കൊക്കെ ഏലത്തോട്ടമുണ്ടെങ്കിലും അതു ടാറിട്ട നല്ല റോഡാണ്.പക്ഷേ ദൂരക്കൂടുതലായതുകൊണ്ട് ഞാനും കൂട്ടുകാരികളും ആ വഴി പോകാറില്ലായിരുന്നു .  പിന്നെയുള്ളത് രണ്ടു കുറുക്കു വഴികളാണ്. രണ്ടു വഴിയേ പോയാലും മുക്കാല്‍ മണിക്കൂറിലധികം നടക്കേണ്ടിവരും . കുറേദൂരം സാധാരണ കൃഷിയിടങ്ങളിലൂടെ പോയശേഷം പിന്നെ ഏലക്കാട്ടിലൂടെയാണ് ഈ രണ്ടു വഴികളും. (ഏലച്ചെടികള്‍ നന്നായി വളരാന്‍ നല്ല തണല്‍ ആവശ്യമാണ്. അതുകൊണ്ട് മുമ്പൊക്കെ വലിയ മരങ്ങള്‍ വളരുന്ന കാട്ടില്‍ മരങ്ങള്‍ക്കിടയില്‍ ചെടികള്‍ നട്ടാണ് ഏലത്തോട്ടം രൂപപ്പെടുത്തിയിരുന്നത് . )  ഒരു വലിയ കുത്തനെയുള്ള മലയുടെ മുകളിലാണ് സ്കൂള്‍ സ്ഥാപിതമായിരിക്കുന്നത്. ഈ രണ്ടു വഴികളിലൂടെ പോയാലും കുറെ മലകള്‍ കയറിയിറങ്ങി ഒടുവില്‍ രണ്ടും ചെന്നു നില്‍ക്കുന്നത് ആ വലിയ മലയുടെ അടിവാരത്തില്‍ ആണ്.  പക്ഷേ ഇതില്‍ ഒരു കുറുക്കുവഴി കടന്നു പോകുന്ന ഏലക്കാട് അത്ര വലിയ കാടല്ല. ഒരു മലയുടെ ഒരു വശത്തുകൂടിയാണു വഴി. അക്കരെയുള്ള മലയിലെ കൃഷിസ്ഥലങ്ങളും വീടുകളും അവിടെയൊക്കെയുള്ള ആള്‍ക്കാരെയുമൊക്കെ കാണാനും കഴിയും . കുറെ ദൂരം ഒരു തോട്ടിന്‍കരയിലൂടെ പോകണം . മഴക്കാലത്ത് തോട്ടില്‍ തെന്നിവീഴാനുള്ള  സാധ്യതയൊഴിച്ചാല്‍ തികച്ചും ഭയലേശമെന്യേ പോകാന്‍ കഴിയുന്ന വഴി.

പക്ഷേ മറ്റേ കുറുക്കുവഴി ഇത്തിരി ദൂരക്കുറവുണ്ടെങ്കിലും അതു  കടന്നു പോകുന്ന ഏലക്കാട് ഒരു ഘോരവനം പോലെയാണ്. വളരെ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഒരുപാടു പ്രായമുള്ള വൃക്ഷങ്ങള്‍ ആകാശത്തിനു താഴെ പച്ചക്കുട നിവര്‍ത്തി നില്‍ക്കുകയാണ്. നട്ടുച്ചയ്ക്കു പോലും സന്ധ്യയായതുപോലെ ഇരുണ്ട കാട്. മഴയെങ്ങാനും പെയ്താല്‍ കുറെ സമയം കഴിഞ്ഞേ വെള്ളം  താഴെ എത്തുകയുള്ളു.  ഒന്നൊരയാള്‍ പൊക്കത്തില്‍ തഴച്ചു  വളര്‍ന്നു നില്‍ക്കുന്ന ഏലച്ചെടികള്‍ , പൂക്കളും കായ്കളുമായി ശരങ്ങള്‍ ചുറ്റുപാടും ചിതറിവീശി നില്‍ക്കുന്നുണ്ടാകും . മരങ്ങളില്‍ പലതിലും വിവിധയിനം ഇത്തില്‍ചെടികള്‍ ( ഓര്‍ക്കിഡ് ) പൂവിട്ടു നില്‍ക്കുന്നുണ്ടാകും . കാരയും അമ്പഴവും കാട്ടുനെല്ലിയും ഞാറയും  നെല്ലിയും കാട്ടുമാവും പിന്നെയും പേരറിയാത്ത  വിവിധ ഫലവൃക്ഷങ്ങള്‍  ഒക്കെ അതാതിന്റെ കാലത്ത് ഫലങ്ങള്‍ നല്‍കി ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. ചില മരങ്ങളുടെ തായ്ത്തടിയില്‍ വലിയ പൊത്തുകളുണ്ടാകും . കുടയില്ലാതെ പോകുന്ന ദിവസം പെട്ടെന്നു മഴവന്നാല്‍ ആ പൊത്തില്‍ കയറി നിന്നാല്‍ മഴ നനയുകയേ ഇല്ല. .സ്കൂള്‍ വര്‍ഷം പോലെയാണ് ഏലക്കാട്ടിലെ ജോലിക്കാലം .    ജൂണ്‍മാസം മുതല്‍ മാര്‍ച്ചു മാസം വരെ ഏലത്തിന്  തുടര്‍ച്ചയായി പലവിധ ജോലികളുണ്ടാകും . പിന്നെ അവിടെത്തു ജോലിക്കാര്‍ക്കും കുട്ടികള്‍ക്കു കിട്ടുന്നതുപോലെ അവധിക്കാലമാണ്. ജോലിക്കാരിലധികവും തമിഴരാണ്. അവരുടെ സമയം 8 മണിമുതല്‍ 5 മണി വരെയായിരുന്നു അന്ന്. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് ആ കാട്ടിലൂടെ കടന്നു പോകാന്‍  ഒരു പേടിയും തോന്നിയിരുന്നില്ല. 

ഒരുല്ലാസയാത്രപോലെയായിരുന്നു  ഞങ്ങളന്നു സ്കൂളിലേയ്ക്കു പോവുകയും മടങ്ങുകയും ചെയ്തിരുന്നത്. ഇടയ്ക്കുള്ള സാധാരണ കൃഷിസ്ഥലങ്ങളിലെ ചാമ്പയും പേരയും മാവും പുളിയും  മള്‍ബറിയും പാഷന്‍ ഫ്രൂട്ടും   ഒക്കെ അന്നു കുട്ടികളുടെ സ്വന്തമായിരുന്നു. അവയിലുണ്ടാകുന്ന ഫലങ്ങള്‍ കുട്ടികള്‍ക്കു മാത്രമുള്ളതാണ്. ചിലപ്പോള്‍ ഉടമസ്ഥര്‍ തന്നെ കുട്ടകളിലും ചരുവങ്ങളിലുമൊക്കെ പഴങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ടാവും.  വൈവിദ്ധ്യമാര്‍ന്ന സസ്യങ്ങളുടെ പേരുകള്‍ , പക്ഷിമൃഗാദികളുടെ ശബ്ദങ്ങള്‍ , ഓരോ ഋതുക്കളിലെയും കൃഷിപ്പണികളുടെ സ്വഭാവം ഒക്കെ ആ യാത്രയില്‍ ഞങ്ങള്‍ നേടുന്ന അറിവുകളായിരുന്നു. കാട്ടുപഴങ്ങളുടെ  സ്വാദും കാട്ടുചോലയിലെ വെള്ളത്തിന്റെ മധുരവും അന്നു ലഭിച്ച അമൂല്യങ്ങളായ അനുഭവങ്ങള്‍. . 

വളരെ പഴയ സ്കൂളായിരുന്നെങ്കിലും വിദ്യാഭ്യാസപരമായി വലിയ പുരോഗതിയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വിദ്യാലയമായിരുന്നു ഞങ്ങളുടേത്. പത്താം ക്ലാസ്സ് പൊതുപരീക്ഷ  മൂന്നൂറിലധികം കുട്ടികളെഴുതിയാലും വിജയിക്കുന്നത് ഇരുപതോ ഇരുപത്തഞ്ചോ പേരാവും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ തോല്‍ക്കുന്നത് ഇംഗ്ലീഷിനും കണക്കിനും ആയിരുന്നു. അതിനൊരു പരിഹാരം കാണാനെന്നോണം പത്താം ക്ലാസ്സില്‍ ഞങ്ങളുടെ ഡിവിഷനില്‍   ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന  അദ്ധ്യാപകന്‍ , ഞങ്ങളുടെ പ്രിയപ്പെട്ട ഗോപിനാഥന്‍ സര്‍ തിങ്കള്‍ മുതല്‍ വ്യാഴം  വരെ സ്കൂള്‍ സമയം കഴിഞ്ഞ് ഒരുമണിക്കൂര്‍, അതായത് നാലുമണി മുതല്‍ അഞ്ചു മണി വരെ ഞങ്ങളുടെ ക്ലാസ്സിനു മാത്രം ഇംഗ്ലീഷ് ഗ്രാമറിന് സ്പെഷ്യല്‍ ക്ലാസ്സ് വെച്ചിരുന്നു.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് സര്‍ കോട്ടയത്തുള്ള സ്വന്തം വീട്ടിലേയ്ക്കു പോകും . വെള്ളിയാഴ്ച അതുകൊണ്ട് സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നില്ല .  ( ആ സ്പെഷ്യല്‍ ക്ലാസ്സ് ഒന്നു കൊണ്ടു മാത്രമാണ് ഇംഗ്ലീഷിന് ഉയര്‍ന്ന മാര്‍ക്കു ലഭിച്ചത് എന്ന് കൃതജ്ഞതാപൂര്‍വ്വം എന്നും ഓര്‍മ്മയിലുള്ളതാണ്. സാറിന്റെ പാദങ്ങളില്‍ മനസ്സാ പ്രണമിക്കുന്നു )  നാലുമണിവിട്ടാല്‍ ഒരുപാടു കുട്ടികള്‍ പോകുന്ന വഴിയാണെങ്കിലും സ്പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞാല്‍ അയല്‍ക്കാരായ  ഞങ്ങള്‍ മൂന്നു പേരേ ഉണ്ടാകൂ. ലിസിയും സജിയും പിന്നെ ഞാനും . ഞങ്ങള്‍ സ്കൂള്‍ മുതല്‍ വീട്ടിലെത്തും വരെ ഓടും . ഓരോ മരങ്ങള്‍ അടയാളം വെച്ച് മത്സരിച്ചോടും. മിക്കവാറും ഉയരക്കൂടുതലുള്ള ലിസിയാവും ജയിക്കുക. ആരു ജയിച്ചു തോറ്റു എന്നതൊന്നും ഞങ്ങള്‍ക്കു പ്രശ്നമല്ല. എത്രയും കുറഞ്ഞ സമയത്തില്‍ വീടെത്തുക എന്നതാണ് ലക്ഷ്യം . 

ജനുവരി മാസത്തിന്റെ അവസാനമോ മറ്റൊ ആയിരുന്നു , അന്ന് ലിസി സ്കൂളില്‍ വന്നിരുന്നില്ല. സജി  ഉച്ചയ്ക്കു തന്നെ ടീച്ചറോട് അനുവാദം വാങ്ങി പോവുകയും ചെയ്തു . അഞ്ചു മണിക്കു സ്പെഷ്യല്‍ ക്ലാസ്സ് വിട്ട് പോകാന്‍ ഞാന്‍ തനിച്ചായി. നേരത്തെ തന്നെ സന്ധ്യയാകുന്ന കാലമാണത്. ഒറ്റയ്ക്കു പോകാന്‍ പേടിയുണ്ട്. മലയിറങ്ങി വഴി തിരിയുന്നിടത്ത് ഒരുനിമിഷം ആലോചിച്ചു, ഏതു വഴി വേണമെന്ന്. വലിയ കാട്ടില്‍ കൂടി പോയാല്‍ കുറച്ചു സമയം ലാഭിക്കാം. അതിലെ തന്നെ ആകാമെന്നു വിചാരിച്ചു. പണിക്കാരൊക്കെ നാലരയാകുമ്പോഴേ കായെടുത്തു സ്റ്റോറിലേയ്ക്കു പോയിട്ടുണ്ടാവും. ( അവിടെയാണ് ഏലക്കായ്കള്‍ ഉണങ്ങുന്നത് ). ഞാന്‍ ധൈര്യം സംഭരിച്ച് ആവഴിയിലേയ്ക്കു കയറി നടന്നു, അല്ല ഓടി. കാടിന്റെ ഉള്ളിലെത്തിയപ്പോള്‍  പെട്ടെന്ന് ദാ ഒരു കറുത്ത മനുഷ്യന്‍ ഒരുകയ്യില്‍ കുട്ടയില്‍ കുറച്ച് ഏലക്കായും മറുകയ്യില്‍ എന്തൊക്കെയോ പണിയായുധങ്ങളുമായി എവിടെ നിന്നല്ലാതെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ ഇരുട്ടിന്റെ നിറവും തിളങ്ങുന്ന കണ്ണുമൊക്കെ കണ്ട്പേടിച്ച് എന്റെ ജീവന്‍ പോയതുപോലെയായി. പക്ഷേ ആലോചിച്ചു നില്‍ക്കാനൊന്നും പറ്റില്ലല്ലോ.. സര്‍വ്വ ശക്തിയും എടുത്ത് ഒറ്റയോട്ടമായിരുന്നു. ഇടയ്ക്കു തിരിഞ്ഞു നോക്കിയപ്പോള്‍ കുറച്ചു ദൂരം പുറകിലായി അയാളും വരുന്നുണ്ട്. ഞാന്‍ വേഗതകൂട്ടി ഓടി. 

ഏലക്കാട്  അവസാനിക്കുന്നിടത്ത് കുത്തനെ ഒരിറക്കമാണ്. നോക്കി നടന്നാലും തെന്നി വീഴുന്ന ഇറക്കം . അതു കഴിഞ്ഞാല്‍ നിറയെ പാറകളുള്ള ഒരു കാട്ടുചോല ഒഴുകുന്നുണ്ട്. തോട്ടിന്റെ കരകളിലും ഇടയ്ക്കുള്ള പറകള്‍ക്കിടയിലും രണ്ടാള്‍പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന, മണമില്ലാത്ത മഞ്ഞ പൂക്കളുള്ള, കാഴ്ചയ്ക്ക് ഏലച്ചെടികളോടു സാമ്യമുള്ള സൗഗന്ധികച്ചെടികള്‍ മതില്‍ കെട്ടിയതുപോലെ.. പാറയില്‍ ചിലത് നന്നായി വഴുക്കും . ശ്രദ്ധിച്ചു കടന്നില്ലെങ്കില്‍ തെന്നിവീഴും  . പക്ഷേ ഞാന്‍ അതൊക്കെ എങ്ങനെ തരണം ചെയ്തു എന്നെനിക്കറിയില്ല. തിരിഞ്ഞു നോക്കുമ്പോഴൊക്കെ അയാളെയും പിന്നില്‍ കാണുന്നുമുണ്ട്.  തോടു കടന്നുകയറുന്നത് സാധാരണ കൃഷിസ്ഥലത്തേയ്ക്കാണ്. പക്ഷേ അതിലെയുള്ള ഒറ്റയടിപ്പാതയിലൂടെ  പിന്നെയും കുറച്ചു ദൂരം കഴിഞ്ഞാലേ വീടുകളുള്ളു. അതുകൊണ്ട് ഞാനെന്റെ ഓട്ടം നിര്‍ത്തിയില്ല. ആ ഓട്ടം ഒളിമ്പിക്സിലോ മറ്റോ ആയിരുന്നെങ്കില്‍ സ്വര്‍ണ്ണമെഡല്‍ ഉറപ്പായിരുന്നു.   ആദ്യത്തെ വീട് ഞങ്ങളുടെ സ്കൂളില്‍ തന്നെ പഠിക്കുന്ന വത്സമ്മയുടേതാണ്. മണ്ണില്‍ തന്നെ വെട്ടിയുണ്ടാക്കിയ  കുറച്ചു പടികള്‍ കയറിവേണം വീടിന്റെ മുറ്റത്തെത്താന്‍ . ആ പടികളും ഞാന്‍ ഓടിത്തന്നെ കയറി . നന്നായി കിതയ്ക്കുന്നുണ്ട്. കിതപ്പ് ഒന്നടങ്ങിയപ്പോള്‍ വത്സമ്മയുടെ അമ്മയെ വിളിച്ചു കുറച്ചു വെള്ളം വേണമെന്നു പറഞ്ഞു. വെള്ളം കുടിക്കുന്നതിനിടയില്‍ അവര്‍ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. സ്പെഷ്യല്‍ ക്ലാസ്സ് എന്നു മാത്രം എന്റെ വായില്‍ നിന്നു വന്നു. പിന്നെ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ. അപ്പോഴേയ്ക്കും എന്റെ പിന്നാലെ വന്ന മനുഷ്യന്‍ വത്സമ്മയുടെ അമ്മയെ താഴേയ്ക്കു വിളിച്ചു. എന്തൊക്കെയോ പറഞ്ഞിട്ട് അയാള്‍ തിരികെ പോയി. ഹൊ! എനിക്ക് ആശ്വാസമായി. 

വത്സമ്മയുടെ അമ്മ   തിരികെ കയറി വന്ന് എന്നോടു ചോദിച്ചു എന്തിനാ പേടിച്ചോടിയതെന്ന്. എന്റെ പേടി കണ്ട് അയാള്‍ പിന്നാലെ വന്നതാണ്. തോട്ടത്തിലെ കങ്കാണിയാണത്രെ ( സൂപ്പര്‍വൈസര്‍ ) ,ശെല്‍വന്‍. നല്ല മനുഷ്യന്‍ .   ഓട്ടം കണ്ടപ്പോള്‍ ഞാനെവിടെയെങ്കിലും വീഴുമെന്ന് അയാള്‍ വിചാരിച്ചു. ഉച്ചത്തില്‍ വിളിച്ചുകൂവിയാല്‍  പോലും ആരും കേള്‍ക്കില്ല എന്നറിയാവുന്നതുകൊണ്ട് അയാള്‍ പിറകെ വന്നതാണ് . എന്റെ രക്ഷയ്ക്കായി പിന്നാലെ വന്ന ആ മനുഷ്യനെ ഞാനെത്ര പേടിച്ചു എന്ന് എനിക്കു മാത്രമേ അറിയൂ. എനിക്ക് ചൂടുള്ള കുറച്ചു കാപ്പി നല്‍കാന്‍  ശുപാര്‍ശ ചെയ്തിട്ടാണ്  അയാള്‍ മടങ്ങി പ്പോയത്. എന്തായാലും കാപ്പിയൊന്നും വേണ്ടാ എന്നു പറഞ്ഞു സമാധാനത്തോടെ  ഞാന്‍ വീട്ടിലേയ്ക്കു പോയി. പിന്നീട് ഏതാനും ദിവസം മാത്രമേ ആ വഴിയേ നടക്കാന്‍ കഴിഞ്ഞുള്ളു. പിന്നെ മോഡല്‍ പരീക്ഷയും, സ്റ്റഡി ലീവും പൊതുപരീക്ഷയും ഒക്കെയായി സ്കൂള്‍കാലം തന്നെ ജീവിതവഴില്‍ നിന്നു  കടന്നു പോയി.. എങ്കിലും ആ ഓര്‍മ്മകള്‍ക്ക്  കാട്ടുചോലയിലെ തെളിനീരിന്റെ കുളിരും മധുരവും ആണ് എന്നും . നമുക്കു ചുറ്റും നല്ലവര്‍ മാത്രം ഉണ്ടായിരുന്ന ആ നല്ല കാലത്തിന്റെ ഓര്‍മ്മകള്‍  ! 

Wednesday, March 23, 2016

ആരോ...


കുളിരു ചാറും  ഇളം മഞ്ഞിന്‍
നിഴലു പതിയും    ശിശിരസന്ധ്യ
തഴുകിയോടി പോവതുണ്ടൊരു
മന്ദമാരുതനീ വഴിയില്‍
മോഹമലരില്‍ മധുമരന്ദം
കോരിയാരു നിറച്ചുവോ
മെല്ലെ വന്നു കണ്ണുചിമ്മിയ
താരമോ ശശി കാന്തിയോ..

Sunday, March 13, 2016

അപ്പക്കാരം - അറിയാത്ത കാര്യം

നന്നേ കുട്ടിയായിരുന്നപ്പോഴത്തെ ഓര്‍മ്മയാണ് .മലനാടാണെങ്കിലും  അന്നൊക്കെ ഞങ്ങളുടെ നാട്ടില്‍ രണ്ടു മലകള്‍ക്കിടയിലുള്ല ചതുപ്പു നിലത്ത് നെല്‍കൃഷിയുണ്ടായിരുന്നു. നെല്‍ കൃഷിയുടെ കാര്യം നോക്കാന്‍ കൃഷിയില്‍ വൈദഗ്ധ്യമുള്ല ഒരു മൂപ്പനും ഉണ്ടാകും. ഞങ്ങളുടെ നെല്‍കൃഷി നോക്കിയിരുന്നത് ഔദ എന്നൊരു മൂപ്പനായിരുന്നു. ഒരുപാടു പ്രായമുള്ളയാളായിരുന്നു ഔദച്ചേട്ടന്‍. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് മറ്റെന്തോ ആണ്. പുലയ സമുദായത്തില്‍ നിന്ന്  മതം മാറി ക്രിസ്ത്യാനിയായപ്പോള്‍ ഇട്ട പേരാണ് ഔദ. കട്ടിയുള്ല ചേറിന്റെ നിറമുള്ളൊരു തോര്‍ത്താണ് സ്ഥിര വേഷം. തലയില്‍ ഒരു പാളത്തൊപ്പിയും . വായില്‍ ഒറ്റ പല്ലില്ല. തോര്‍ത്തിന്റെ നീട്ടിയിട്ട തുമ്പു മടക്കി പൊതിഞ്ഞ് വലിയൊരു പാളപ്പൊതിയുണ്ടാകും എപ്പോഴും കൂടെ . അതില്‍ മുറുക്കാനുണ്ട്. കൂടാതെ വേറൊരു പൊതിയില്‍ വെളുത്തൊരു പൊടിയും . ഇടയ്ക്കിടെ ഔദച്ചേട്ടന്‍ പൊതിയഴിച്ച് ഈ പൊടി പാളകൊണ്ട് തന്നെ സ്വയം ഉണ്ടാക്കി കൂടെ കൊണ്ടു നടക്കുന്ന സ്പൂണില്‍ കോരി വായിലിട്ട് നുണഞ്ഞിറക്കുന്നതു കാണാം . ആസ്വദിച്ചു തിന്നുന്ന ഈ പൊടിയെന്താണെന്നായി എന്റെ ചിന്ത. വീട്ടില്‍ ആര്‍ക്കെങ്കിലും  പനി വന്നാല്‍ ഗ്ലൂക്കോസു പൊടി വാങ്ങി വെയ്ക്കാറുണ്ട്. അതു കലക്കാനെടുക്കുമ്പോള്‍ അമ്മ കുറച്ചു പൊടി വായിലിട്ടു തരും അപ്പോഴുള്ള തണുപ്പും മധുരവും വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഔദച്ചേട്ടന്റെ കയ്യിലെ പൊടി കാണുമ്പോഴും എനിക്ക് കുളിരാര്‍ന്ന മധുരമാണ് നാവില്‍ തോന്നുക. എന്തായാലും ഔദച്ചേട്ടനോട് പൊടി ഇത്തിരി ചോദിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷേ ആദ്യമൊന്നും തന്നില്ല. ഒരുപാടു വാശിപിടിച്ചപ്പോള്‍ ഇത്തിരി വായിലിട്ടു തന്നു. .. അയ്യേ,... എന്താ ഒരു ദുഃസ്വാദ്. പുളിയോ കയ്പ്പോ ഉപ്പോ.. ഒക്കെ ചേര്‍ന്ന്.. ഞാന്‍ കരയാനും തുടങ്ങി. അമ്മ വന്നു കാര്യമന്വേഷിച്ചു. വേഗം വായ കഴുകിയപ്പോള്‍ എല്ലാം ശരിയായി .

ഈ സംഭവം മറ്റുള്ലവരോടൊക്കെ അമ്മ പറഞ്ഞതില്‍ നിന്നാണ് കാര്യത്തിന്റെ ഒരു ഏകദേശ രൂപം കിട്ടിയത്. ഔദച്ചേട്ടന് വര്‍ഷങ്ങളായി വയറുവേദന കലശലാണ്. ഒരുപാടു കൂടുതലാകുമ്പോള്‍ സോഡാപ്പൊടി കഴിച്ചാല്‍ മതിയത്രേ.  ആരാണ് ഈ വിദ്യ   പറഞ്ഞുകൊടുത്തതൊന്നൊന്നും അറിയില്ല. സ്ഥിരമായി വൈദ്യനെ കാണാനും ഔഷധങ്ങള്‍ വാങ്ങാനുമൊക്കെ പണമെവിടെ. അതുകൊണ്ട് ഏറ്റവും ചെലവു കുറഞ്ഞ ചികിത്സ സ്വയം നടത്തുകയായിരുന്നു ഔദ മൂപ്പന്‍. അതിന്റെ ശാസ്ത്രീയ വശം എന്തായാലും മുഖഭാവം നമുക്കു പറഞ്ഞു തരും അദ്ദേഹത്തിനു ലഭിച്ചിരുന്ന ആശ്വാസം .

ഇക്കഴിഞ്ഞ ദിവസം എനിക്കും അനുഭവപ്പെട്ടു അപ്പക്കാരമെന്ന ഈ വെളുത്ത സുന്ദരന്‍ പൊടിയുടെ മഹത്വം . അതിനു മുമ്പ് ഈ ചങ്ങാതിയെ നേരിട്ടും വായിച്ചും  അറിഞ്ഞ വഴികളിലൂടെ . അപ്പക്കാരമെന്നത് ഇംഗ്ലീഷില്‍ ബൈകാര്‍ബ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ് ആണ് . NaHCO3- ഓക്സിജന്റെ മൂന്ന് ആറ്റവും സോഡിയം, ഹൈഡ്രജന്‍, കാര്‍ബണ്‍ ഇവയുടെ ഓരോ ആറ്റവും ചേര്‍ന്ന സംയുക്തം.  അമ്മ വീട്ടില്‍ ഇതുപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടില്‍ സോഡാപ്പൊടി ഉപയോഗിച്ചിരുന്നത്  അപ്പം, വട്ടയപ്പം, ഇഡലി  മുതലായവയ്ക്ക് മയം കിട്ടാനായിരുന്നു.  പിന്നെ കടലക്കറി വെയ്ക്കുമ്പോള്‍ നന്നായി വേകാന്‍ ഇത്തിരി അപ്പക്കാരം ചേര്‍ത്താല്‍ മതിയെന്ന് അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു കേട്ടിട്ടുമുണ്ട്. അതിനേക്കാളൊക്കെ വിചിത്രമായി തോന്നിയ മറ്റൊരറിവ് ഹോട്ടലുകളിലെ ഇതിന്റെ ഉപയോഗമാണ് . ചോറു വെയ്ക്കുമ്പോള്‍ ഇത്തിരി ചേര്‍ത്താല്‍ അധികം ചോറ് കഴിക്കാന്‍ പറ്റില്ലത്രേ. എന്നു വെച്ചാല്‍ ഉരി ഉപ്പിനുള്ല വക കഴിക്കുന്നവര്‍ക്കു പോലും ഒരു നുള്ളുപ്പിനുള്ളതേ കഴിക്കാനാവൂ എന്ന്.. സ്വന്തം അടുക്കള ഭരിക്കാന്‍ തുടങ്ങിയപ്പോഴാണ് അപ്പക്കാരത്തിന്റെ വലിയൊരുപയോഗം 'വനിത'യില്‍ നിന്നോ മറ്റോ വായിച്ചറിഞ്ഞത് പ്രയോജനം ചെയ്തത്. പലപ്പോഴും സേമിയ പായസം വെയ്ക്കുമ്പോള്‍ പിരിഞ്ഞു പോയിട്ടുണ്ട്. മുന്തിരി വറുത്തു ചേര്‍ത്തിളക്കുമ്പോഴായിരിക്കും കൂടുതല്‍ അങ്ങനെ സംഭവിച്ചിരുന്നത്. അതിനാല്‍ പായസം തണുത്തിട്ടേ മുന്തിരി വറുത്തിടാറുള്ളായിരുന്നു. പക്ഷേ അതിനു പ്രതിവിധിയായി പാലില്‍ ഒരു നുള്ളു സോഡാപ്പൊടി ചേര്‍ത്താല്‍ മതിയത്രേ. അതു പിരിഞ്ഞു പോകില്ല.

ഈച്ചയോ പ്രാണികളോ കുത്തിയാലുള്ല കടുത്ത വേദനപോകാന്‍ ഇതല്‍പം വെള്ലത്തില്‍ കുഴച്ചു കുത്തുകൊണ്ട ഭാഗത്ത് തേച്ചാല്‍ മതിയെന്ന് അറിയാത്തവരുണ്ടാകില്ല.  പിന്നെ പല്ലിന്റെ മഞ്ഞ നിറം മാറ്റാന്‍ ഈ പൊടി അല്‍പമെടുത്ത് പല്ലില്‍ മൃദുവായി ഉരസിയാല്‍ മതിയത്രേ. വെള്ലത്തില്‍ ചേര്‍ത്തു കുലുക്കുഴിഞ്ഞാല്‍ നല്ലൊരു മൗത്ത് വാഷുമായി . അസിഡിറ്റിക്കും ഇതു ആശ്വാസം നല്കുമത്രേ   .കയ്യിലേയും കാലിലേയും ത്വക്കിന്റെ മൃദുത്വം വീണ്ടെടുക്കാനും ഇതു തന്നെ ഒന്നാന്തരം . അല്‍പം നാരങ്ങാനീരും പനിനീരും ചേര്‍ത്തു കുഴമ്പാക്കി മുഖത്തു ലേപനം ചെയ്ത് മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. വെള്ലത്തില്‍ ചേര്‍ത്തു മുടികഴുകിയാല്‍ മുടിയുടെ അഴകു വര്‍ദ്ധിപ്പിക്കാം . തുണികളുടെ പുതുമ വീണ്ടെടുക്കാനും ഇതല്‍പം ചേര്‍ത്ത വെള്ലത്തില്‍ കഴുകിയാല്‍ മതി . ഗ്യാസ് സ്റ്റവ് കറപിടിച്ചാല്‍ അതു വൃത്തിയാക്കി എടുക്കാനും ഇവന്‍ തന്നെ ബഹു കേമന്‍ . ഇനി ഫ്രിഡ്ജിലും മറ്റും ചിലപ്പോള്‍ ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ വെച്ചാലുണ്ടാകുന്ന ദുര്‍ഗ്ഗന്ധം മാറ്റാന്‍ ഈ പൊടി കുറച്ച് ഒരു പാത്രത്തില്‍ തുറന്നു വെച്ചിരുന്നാല്‍ മതി .

ഇനി പുതിയ അനുഭവത്തേക്കുറിച്ചു പറയാം. കുറച്ചു ദിവസമായി കാലില്‍ നല്ല നീര്. സാധാരണ ഇങ്ങനെ വന്നാല്‍ മൂന്നാലു ദിവസം കഴിയുമ്പോള്‍ അതങ്ങു മാറും . ഇത്തവണ മാറിയുമില്ല, മാത്രമല്ല, വേദനയും അസ്വസ്ഥതയും ഒക്കെയുണ്ട്. ഡോക്ടറെ കാണാന്‍ പോകാന്‍ മടി . ചെന്നാല്‍ ലോകത്തുള്ല എല്ലാ ടെസ്റ്റും ചെയ്യാനാവും ആദ്യം പറയുക. എന്തായാലും ഇപ്പോള്‍ അറിവുകള്‍ വിരല്‍ത്തുമ്പിലല്ലേ.. ഒന്നു ശ്രമിച്ചു നോക്കി. കാലിലെ നീരിനു കാരണം പലതാകാം. അതിലൊന്നാണ് കിഡ്നിയുടെ പ്രവര്‍ത്തനത്തിലെ തകരാറ്. അതു പരിഹരിക്കാന്‍ ഏറ്റവും നല്ല പ്രതിവിധി അപ്പക്കാരം വെള്ലത്തില്‍ കലക്കി കുടിക്കുന്നതത്രേ. ലണ്ടലിനിലെ റോയല്‍ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞന്മാരാണ് ഗവേഷണത്തിലൂടെ ഈ കണ്ടെത്തല്‍ നടത്തിയത്. അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് നെഫ്രോളജിയുടെ ജൃണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു . നമുക്കു സങ്കല്‍പിക്കാന്‍ കഴിയുന്നതിലും ഔഷധമുല്യമുണ്ടത്രേ ഈ ശുഭ്രചൂര്‍ണ്ണത്തിന് . ഇതാ ഇവിടെയുണ്ട് http://drsircus.com/medicine/sodium-bicarbonate-baking-soda/healing-the-kidneys-with-sodium-bicarbonate ഇതൊക്കെ .  എന്തായാലും ഇതിത്തിരി കുടിച്ചു നോക്കുന്നത്  അത്ര ബുദ്ധിമുട്ടള്ല കാര്യമഒന്നുമല്ലല്ലോ. ഒന്നു പരീക്ഷിക്കാമെന്നു വെച്ചു. ഒരു സ്പൂണ്‍ അപ്പക്കാരം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലക്കി കുടിച്ചു . കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ നീരു വലിയുന്നതായി എനിക്കനുഭവപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാല് പഴയ പടിയിലായി  . ഒന്നു രണ്ടു പ്രാവശ്യം കൂടി കുടിച്ചപ്പോള്‍ എന്റെ അസ്വസ്ഥതകളൊക്കെ മാറി. പിന്നെ ഇതുവരെ കുഴപ്പമൊന്നുമില്ല.

ഇനി അപ്പക്കാരത്തിന്റെ മറ്റൊരു വിശേഷം കൂടി പറയാം. മുംബൈയില്‍ മഞ്ഞപ്പിത്തം ഒരു സാധാരണ രോഗമാണ്. ചിലപ്പോള്‍ പടര്‍ന്നു പിടിക്കാറുമുണ്ട്. സാധാരണ മഞ്ഞപ്പിത്തം മാറാന്‍ വിവിധരൂപത്തില്‍ ഒറ്റമൂലികളും ലഭ്യമാണിവിടെ. അതില്‍ വളരെ പ്രചാരമുള്ല ഒരു ചികിത്സാവിധിയുണ്ട്. അതിരാവിലെ വെറും വയറ്റിലുള്ല തൈരു സേവ. അതിനായുള്ല കേന്ദ്രത്തില്‍ സൂര്യനുദിക്കും മുമ്പേ എത്തി അവ്ര്‍ തരുന്ന തൈരു സേവിക്കണം. പിന്നെ മല്ലിയും കല്‍ക്കണ്ടവും രാത്രി വെള്ലത്തിലിട്ട് വെച്ച് അതു രാവിലെ കുടിക്കുകയും വേണം. ധാരാളം കരിമ്പും കഴിക്കണം. ഏറ്റവും കുറഞ്ഞത് മൂന്നു ദിവസത്തെ കോഴ്സാണ്. പിന്നെയും കുറഞ്ഞില്ലെങ്കില്‍ വീണ്ടും മൂന്നു ദിവസം . കുറയുന്നതുവരെ ഈ ചികിത്സ ഇങ്ങനെ നടത്തണം. ഏതു തരം ഭക്ഷണവും ഇതിനിടയില്‍ കഴിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇനി ഇതിന്റെ രഹസ്യം എന്തെന്നല്ലേ. അവ്ര്‍ തരുന്ന തൈരില്‍ അപ്പക്കാരം കൂടി ചേര്‍ത്തിട്ടാണ് തരുന്നത്. അതാണ് രോഗം മാറ്റാനുള്ള ദിവ്യൗഷധം .

അപ്പോള്‍ അപ്പക്കാരം ഒരു വെറും പൊടിയല്ല എന്നു തോന്നുന്നില്ലേ.. പിന്നെ ആരെങ്കിലും ഇതുപയോഗിക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രമേ ആകാവൂ. അല്ലെങ്കില്‍ ഏതെങ്കിലും വിദഗ്ദ്ധരുടെ അഭിപ്രായം തേടിയതിനു ശേഷം മാത്രം . 

Saturday, March 12, 2016

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍ക്കു
പറന്നു ചേക്കേറാന്‍
മാനത്തൊരു മേഘച്ചെപ്പുണ്ട്
അവിടെ , പ്രതീക്ഷയുടെ ഗര്‍ഭാശയത്തില്‍
കാലക്ലിപ്തതയില്ലാതെ
അവയുറങ്ങിക്കിടക്കും .
ഒരു സ്നേഹനാളപ്രഭയില്‍
മാരിവില്ലായ് ..
പുഞ്ചിരിച്ചു പിറവിയെടുക്കും.
അകന്നു പോകുന്ന സ്നേഹം
പകര്‍ന്നുനല്കുന്ന കൊടും ശൈത്യം
മഴയായ് കണ്ണീരു പെയ്യും .
ആധിക്യം മഴയ്ക്കാണ്..
വിരളമായ് വിരിയുന്ന
ഇന്ദ്രധനുസ്സും .
Friday, March 11, 2016

പോകയോ.. ശിശിരം ...

കുളിരുചേല പുതച്ചു മെല്ലെ
പോകയാണൊരു ശിശിര സന്ധ്യ
നെഞ്ചിലവളെ ചേര്‍ത്തു പോകാന്‍
കടല്‍ കടന്നു വരുന്ന പനിമതി
കൂരിരുട്ടിന്‍ മെത്തമെല്ലെ
വിരിച്ചു വാനില്‍ നിശീഥവും
താരകപ്പൂ വാരിവിതറി
കാത്തു നില്‍പ്പു കിനാക്കളും
അമ്മതന്‍ താരാട്ടു കേട്ട്
ചായുറങ്ങെന്നോമനേ നീ ...വേനല്

നീര്‍ വറ്റി ജീവന്‍ വെടിഞ്ഞൊരീ പുഴ തന്റെ
ആത്മാവു ദൂരേ പറന്നു പോയി..
തൊടിയിലോ തണലിനായ് കുട നീര്‍ത്തി നിന്നൊരാ
തേന്‍ മാവുമൊങ്ങോ മറഞ്ഞുപോയി
നിറകതിര്‍ കാണാതെ, ഏതോ വയല്‍പ്പക്ഷി
ചെറുകിളിക്കൊരു മണി തിരയുന്നു മണ്ണില്‍
മലമുഴക്കിപ്പക്ഷി പിന്നെയും പിന്നെയും
കേഴുന്നു   മാനത്തു കണ്ണു പാകി
മീനക്കൊടുംതാപക്കാറ്റിലങ്ങുലയുന്നു
വേനല്‍മരത്തിന്റെ തീപൂത്ത ചില്ലകള്‍ .
ഗര്‍ഭത്തിലായിരം വിത്തുകള്‍ സൂക്ഷിച്ചു
കാത്തിരിക്കുന്നുണ്ടു ഭൂമി നിറകണ്ണാല്‍ .
മഴമേഘമൊരുപാതി വഴി കടന്നെത്തിയി-
ട്ടെങ്ങോ പറന്നു പോയ് പരിഭവത്താല്‍.
പാറിക്കളിക്കും കുറുനിര മാടിയൊതുക്കി
വന്നെത്തുന്നു കുടവുമായ് പെണ്‍കൊടി
പാളയില്‍ കോരിയെടുക്കുവാന്‍ സ്നേഹനീര്‍
ഇല്ലയീ കിണറിന്റെ തുടിക്കുമാഴങ്ങളില്‍
വാക്കുകള്‍ വറ്റി വരണ്ടൊരെന്‍ ഹൃദയത്തിന്‍
ഓര്‍മ്മകള്‍ വാടിത്തളര്‍ന്നു പോയി.
ഗ്രീഷ്മമാണെങ്ങും -ജ്വലിക്കുന്നവേനലില്‍
നിറമറ്റു പോകുന്ന കല്‍പനാജാലങ്ങള്‍
ഒരു സാന്ത്വനത്തിന്റെ നിഴല്‍ വിരിക്കാനെന്റെ
മഴമേഘമേ നീ വരിക വരിക വീണ്ടും .