Tuesday, July 30, 2013

ഇടവഴി.....

ഇന്നലെയുടെ നിഴല്‍ വീണുപരന്ന ഈ ഇടവഴിയില്‍
എത്രയോ ദൂരം നാം കൈകോര്‍ത്തു നടന്നിരുന്നു!
കുറുകുന്ന പ്രാക്കള്‍പോല്‍ നാമെത്ര സ്വകാര്യങ്ങള്‍ പങ്കുവെച്ചു
കൈമാറിയ മന്ദസ്മിതങ്ങളില്‍ സ്വപ്നങ്ങളെത്ര കൈമാറി..
എന്തിനുമല്ലാതെ എത്രയെത്ര കലഹിച്ചതാണീ ഇടവഴിയില്‍
ഈ ചെറിയ ഇടവഴിയിലൂടെ നടന്നു തീര്‍ത്തതെത്രയോ ദൂരം!

ഒടുവില്‍.. ഒന്നു കൈവീശുകപോലുംചെയ്യാതെ...
ഒരുമാത്ര ഒന്നു തിരിഞ്ഞൊന്നു നോക്കാതെ
നീ നടന്നു മറഞ്ഞതും ഈ ഇടവഴിയുടെ അപ്പുറത്തേയ്ക്ക്...
എന്റെ സ്വപ്നങ്ങളും മോഹങ്ങളും കടന്നുപോയതും
ഈ ഇടവഴിയിലൂടെ...നിശ്ശബ്ദമായ്....
ജീവിതത്തിന്റെ നൊമ്പരങ്ങളൊക്കേയും
ഘോഷയാത്രയായ് നടന്നെത്തിയതും ഈ ഇടവഴിയിലൂടെ..

മുക്കുറ്റിപ്പൂവുകള്‍ ഒളികണ്ണാല്‍ നോക്കുന്ന ഈ വഴിയോരവും
ചെമ്പകപ്പൂക്കളുടെ നേര്‍ത്ത സുഗന്ധം പേറുന്ന കാറ്റും
ഓര്‍മ്മകളുടെ പ്രഭയുതിര്‍ക്കുന്ന മഞ്ഞിന്‍ കണങ്ങളും
ഒപ്പംനടക്കുന്ന ഈ ഇടവഴിയില്‍............
ഞാനെന്നാണൊന്നു തനിച്ചാവുക!

Saturday, July 27, 2013

സരസ്വതിവന്ദനം

സരസ്വതീദേവീ നീ അനുഗ്രഹിക്കൂ -ജ്ഞാന
വരപ്രസാദത്താലെന്‍ മനം നിറയ് ക്കൂ...
അക്ഷരദേവീ, എന്‍ മേധയ്ക്കു നിറം ചാര്‍ത്തൂ
വര്‍ണ്ണപുഷ്പങ്ങള്‍ ഞാനും വിടര്‍ത്തീടട്ടെ-ഗാന
വര്‍ണ്ണപുഷ്പങ്ങള്‍ വീണ്ടും രചിച്ചിടട്ടെ

അറിവിന്റെ അലയാഴികടക്കുവാനായി ഞാന്‍
തൃപ്പാദപങ്കജം പൂകിടുന്നു...അംബേ...
ശ്രീമൂകാംബികേ,ദേവീ സരസ്വതീ
വീണാപാണിനീ ആനന്ദരൂപിണീ...
അനുഗ്രഹിക്കൂ അമ്മേ വരമരുളൂ....
ദേവീ....... വരമരുളൂ .......

അമ്മേദേവീ..നീ അടിയന്റെ പ്രാര്‍ത്ഥന
അറിഞ്ഞരുളൂ വരം കരുണയോടെ...
നന്മതന്‍ പ്രഭ തൂകും പദങ്ങളാല്‍ ഞാനെന്റെ
കര്‍മ്മകാണ്ഡത്തിന്‍  വീഥി തെളിച്ചിടട്ടേ..
ദേവീ അനുഗ്രഹിക്കൂ അമ്മേ വരമരുളൂ.....
ദേവീ.......വരമരുളൂ.....എന്റെ നഷ്ടം..

കാണെക്കാണെ
എനിക്കെല്ലാം നഷടമാകുന്നു..
നിന്റെ ദൃഷ്ടികള്‍
എന്നെക്കടന്നകലേയ്ക്കു നീളുന്നതും,
നിന്റെ വാക്കുകള്‍ 
ഘനംവെച്ച നിശ്ശബ്ദതയായ്
എന്നില്‍ നിറയുന്നതും ..
ഞാനറിയുന്നു.
ചിപ്പിയിലൊളിപ്പിച്ച
നിന്റെ മധുരമൂറും വാക്കുകളും
വിടര്‍ന്നപൂവിന്റെ ശോഭയുള്ളകണ്ണൂകളും
നഷ്ടങ്ങളാകുമ്പോള്‍
എന്റെ നേട്ടങ്ങള്‍
കണ്ണീര്‍മുത്തുകള്‍!!!
ഇമചേര്‍ന്ന കണ്ണൂകളൂം
ശബ്ദമറിയാത്ത കാതുകളുമായി
എന്റെ ശരീരം നിശ്ചലമാകുമ്പോള്‍
ഒരുപക്ഷെ 
നീ കോരിച്ചൊരിയും
ഒരുക്കിവെച്ച വാക്കുകളൂടെ
നിരര്‍ത്ഥകമായ നിക്ഷേപ സംഹിത!
അതു ഞാന്‍ 
അറിയാതെപോകട്ടെ

Friday, July 26, 2013

ഇല കൊഴിഞ്ഞാല്‍..(മിനി കഥ)

കാലത്തിന്റെ കണക്കുപുസ്തകത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ താളുകള്‍ പോലെ ചുക്കിച്ചുളുങ്ങിയും,വെട്ടിത്തിരുത്തിയും,മങ്ങിയുംമയങ്ങിയും അവര്‍ അവിടവിടെയായി....
വൃദ്ധസദനത്തില്‍ ആത്മാവു നഷ്ടപ്പെട്ട ആള്‍രൂപങ്ങള്‍!
മൗനത്തിനു പോലും ഭയപ്പാടുണ്ടാക്കുന്ന മൗനത്തിന്റെ ഇരുള്‍ വീണ ഇടനാഴി...
എല്ലവരുടെയും കണ്ണൂകള്‍ നീണ്ട ഇടനാഴിയുടെ തെക്കെ അറ്റത്തേയ്ക്കു പാറിവീഴുന്നു.
ആകാംഷാഭരിതമായ കാത്തിരിപ്പ്! 
ആരോ വരുന്നുണ്ട്...
ആരാകാം? 
അവരുടെ ആരുടെയെങ്കിലും മക്കള്‍ ഇന്നു വരുന്നുണ്ടാകാം
അതിന് എല്ലവരും എന്തിനു കണ്ണില്‍ എണ്ണ ഒഴിക്കണം!
ഏതെങ്കിലും വിശിഷ്ടവ്യക്തികള്‍ ഇന്നവിടെ സന്ദര്‍ശിക്കുന്നുണ്ടാവാം
മന്ത്രിയോ?..സിനിമാതാരമോ?...സംസ്കാരിക നേതാക്കളോ?..
അതുമല്ല, അവര്‍ കാത്തിരിക്കുന്നത് ഒരുപക്ഷെ മരണത്തെ തന്നെയാകുമോ...
ആശങ്കകള്‍ക്കു വിരാമമായി.. 
തെക്കേ അറ്റത്ത് ആളനക്കം
"എല്ലാവരും വന്നോളൂ, ഭക്ഷണം തയ്യറായി"
മൗനത്തിന്റെ ചിറകുകള്‍ കാലില്‍ ചേര്‍ത്തുകെട്ടി 
അവര്‍ ഝടുതിയില്‍ തെക്കേ കോലായിലേക്ക്..

Tuesday, July 23, 2013

എവിടെനീ ..രാധേ...


എവിടെനീ ..രാധേ...(ഗാനം)
................................................
കാതോര്‍ത്തുനില്‍ക്കയീ കാളിന്ദീതീരത്തു
കണ്ണന്റെ പുല്ലാങ്കുഴലിന്റെ തേങ്ങല്‍
കരളില്‍ നിറയുമാ കമനീയപ്രണയമാം
കാംബോജിമൂളുന്ന രാഗധാര...

എവിടെയെന്‍ രാധ? യമുനേ നീ പറയില്ലേ..
എന്നോമലെന്തേ മയക്കമാണോ....മഴ-
ച്ചാറ്റലിന്‍ താരാട്ടുകേട്ടുവെന്നോ-വെയില്‍
മൃദലമാം വിരലിനാല്‍ തഴുകിയെന്നോ...

പൊയ്കയില്‍ പേലവഗന്ധമുതിര്‍ക്കുന്ന
പൊന്‍താമരപ്പൂവിലവള്‍ നിറഞ്ഞോ...
ചാരത്തുവന്നെന്നെ തഴുകിത്തലോടുമീ
മാരുതന്‍ തന്നുടെ രൂപമാര്‍ന്നോ....

എങ്ങുപോയെങ്ങുപോയെന്‍മനോരഞ്ജിനീ...
എന്തേവരാത്തതീ പൂവനത്തില്‍....
എന്തേ പിണങ്ങിനീ..എന്നോമലാളേ..
എന്തിനീ പരിഭവം ചൊല്ലു രാധേ....

നിഴല്‍വഴിയില്‍.....

നിഴല്‍വഴിയില്‍.....
=============
നിരത്തി വെയ്ക്കാന്‍
തിരുശേഷിപ്പുകളൊന്നുമില്ലാത്ത
ഘോഷയാത്ര..
ചമല്‍കാരങ്ങളഴിച്ചുവെച്ചു
കണ്ണുപൂട്ടിയാല്‍
തെളിഞ്ഞുവരുന്ന ശൂന്യത..
യാത്രപറഞ്ഞുപിരിയാന്‍
ഈ വീഥിയില്‍ 
ഒരുവഴിവിളക്കുപോലും
ബാക്കിയില്ല..
ഇരുള്‍ നിറഞ്ഞതെങ്കിലും
നിലവിളികളുയരാത്ത
യുദ്ധഭൂമിയുടെ നനഞ്ഞ മണ്ണ്.....
അപ്പുറത്തെത്താന്‍ ഇനിയെത്ര ദൂരംബാക്കി!
അറിയില്ല..... 
എങ്കിലും നീട്ടിയ കാല്‍വെയ്പ്..
കുഴഞ്ഞുവീഴില്ലെന്നൊരുറപ്പുമാത്രം-
ഹൃദയത്തിന്‍ വെളിച്ചം.
പോകണം-വഴികടന്ന്, പുഴകടന്ന്,
ഏഴുകടലും മലയും കടന്ന്..
മുക്തിതന്‍ മധുരംകിനിയുമൊരു തേന്‍തുള്ളി നുണയാന്‍
നിര്‍വൃതിയിലലിയാന്‍..
നിഴല്‍വഴികളിലൂടെ
ഈ യാത്ര..

Monday, July 15, 2013

Dhanushkoti

It is the end of land
Where hopes and humans staid
It is the land of broken dreams
Wiped away by the ocean waves
People cried for kinsmen here
people ran for life in scare
here they lost their life and love
Here they spent their time to strive
Every grains of sand tells us
A story which has gloomy whims
Once there stood a town of grace
With people full of gay and glee
Moving men in dazzling dress
maids all spent their days in bliss
Children played and sang and danced
peacocks spread their wings in pride
To welcome the clouds in sky above
At once roared and gushed the waves
To lick away the smile of land
..........................................................
There remained a sobbing wind
Ans shed tears in raindrops.....Friday, July 5, 2013

മഴവില്ല്

ഞാനുമീ സന്ധ്യയും നോക്കിനില്‍ക്കെ വാനി-
ലനുവാദമില്ലാതെ വന്നതാരോ?
എന്തിനെന്നറിയില്ല സപ്തവര്‍ണ്ണങ്ങളും
മാനത്തുവന്നു നിരന്നുവല്ലോ
പേമാരിവന്നൊന്നു പെയ്തൊഴിഞ്ഞെപ്പോഴോ
പൂമാരിവില്ലൊന്നു ഞാണ്‍ വലിച്ചു
നിറമേഴുമരുമായ് ചേര്‍ത്തുവെച്ചുള്ളൊരീ
ശ്രേഷ്ഠമാം രൂപം മെനഞ്ഞതാരോ?
ഈ മുഗ്ദ്ധമോഹനവര്‍ണ്ണചാരുതയിലെന്‍
തപ്തമാനസമെത്ര നൃത്തമാടും!
നീയെത്രവേഗം മറഞ്ഞുപോം- ഓമനേ
നിന്നെയെന്‍ കണ്ണോടു ചേര്‍ത്തുവെക്കാം
മിഴിപൂട്ടിയൊരുമാത്ര, മന്ത്രമൊന്നുരിയാടി
നിന്നെയെന്‍ മനസ്സില്‍ ഞാനാവാഹിക്കാം
മെല്ലെനീ മാഞ്ഞീടും-കാര്‍മുകില്‍ത്തുണ്ടൊന്നു
ദൂരെപ്പറന്നുപോം-അകലെയങ്ങാകാശമേകനാവും
ഇരുളിന്റെ തൂവല്‍ക്കൊഴിഞ്ഞുവീഴും-പിന്നെ
നീയെന്റെ മനസ്സില്‍ വിടര്‍ന്നുനില്ക്കും
ഹൃദയമാം വാടിയില്‍ പൂവിട്ട കല്പ-
ദ്രുമത്തിന്റെ സുന്ദരസൂനമായികര്‍ക്കടകം

കള്ളനിങ്ങെത്തീ പടിപ്പുരയ്ക്കപ്പുറം
കൂരിരുട്ടിന്റെ കാളിമയാര്‍ന്നവന്‍
നിര്‍ത്താതെ പെയ്യുമീ ദുഃഖവര്‍ഷത്തിന്റെ
നീര്‍മണിത്താളത്തിലൊരു ശോക ഗാനമായ്
നിറയാത്ത വയറിന്‍ നിലയ്ക്കാത്ത മോഹമായ്
തീരാത്ത പൈദാഹഭാവം പകര്‍ന്നിട്ടും
പൊയ്പോയ ഗ്രീഷ്മത്തിന്‍ ശുഷ്കപത്രങ്ങള്‍ തന്‍
ഭാണ്ഡവും പേറിയിങ്ങെത്തുന്നു തസ്കരന്‍.
കര കവിഞ്ഞൊഴുകുന്ന പുഴയുടെ ഗദ്ഗതം
നിശ്വാസവായുവിന്‍ ശ്രുതിയായ് നിറച്ചവന്‍
ദിനകരന്‍ മുഖപത്മമെങ്ങോമറയ്ക്കുമ്പോ-
ളൊരു പത്തു സൂര്യനെത്തന്നുപോകുന്നവന്‍

ഒരു നീണ്ട സംവല്‍സരത്തിന്റെ നന്മകള്‍
ഒന്നായ്ക്കവര്‍ന്നെടുത്തോടിയകലുവോന്‍
ഒരുപിന്‍വിളിക്കായിക്കാത്തുനില്‍ക്കാത്തവന്‍
ഒരു ചെറുനൊമ്പര സ്മരണയായ് മായുവോന്‍

സ്വര്‍ഗ്ഗവാതില്‍ത്തുറന്നെത്തും പ്രിയരവര്‍-
ക്കെള്ളിന്‍കറുപ്പാര്‍ന്നമാവാസിയേകുവോന്‍
നാളെപ്പുലര്‍ന്നിടും പുതുവര്‍ഷ വാസര-
പ്പൊന്‍പ്രഭയ്ക്കായോരു സ്വപ്നം വിതയ്ക്കുവോന്‍.
ജ്യേഷ്ഠയെ ആട്ടിയോടിക്കാം- എതിരേല്‍ക്കാം
കര്‍ക്കടകത്തിന്‍ കറുത്ത ദിനങ്ങളെ
വന്നു പോയീടട്ടെ, കവര്‍ന്നെടുക്കട്ടെ....
വേണം നമുക്കീ വിരുതാര്‍ന്ന ചോരനെ.

Thursday, July 4, 2013

അറിവ്..

അറിവാണു ശക്തി
അറിവാണു യുക്തി
അറിവാണുജീവന്‍
അറിവാണു ശ്വാസം
അറിവാണു ഭൂമി
അറിവാണു ലോകം
അറിവുകള്‍ നേടണം
അറിവോളമറിവുകള്‍
അറിവിലുംമീതെ തിരിച്ചറിവ്
അറിവുകള്‍നേടുകില്‍
അറിയുന്നതൊന്നു നാം
അറിയില്ല ഒന്നും നമുക്കെന്നസത്യം
അറിവില്ലയെങ്കിലോ
അറിയുന്നതത്രേ
അറിയുമെല്ലാമെന്നൊരറിവുകേട്..


Monday, July 1, 2013

നമ്മള്‍..

ഗണിത ശാസ്ത്രം പഠിപ്പിച്ചു
അനന്തതയില്‍ കൂട്ടിമുട്ടുന്നു 
സമാന്തരരേഖകളെന്ന്.......
അതെ, 
ഞാനും നീയും 
കൂട്ടിമുട്ടുന്ന 
വീടെന്ന അനന്തത-
സ്വപ്നം!
പൊതുവായുള്ളത്
നമുക്കിടയിലെ സ്നേഹദൂരം
ക്ളിപ്തമായത്..
ചിലപ്പോഴൊക്കെ, 
ഞാന്‍ നിന്നിലോ
നീ എന്നിലോ
ലയിച്ചു ചേരുന്ന ആപേക്ഷികദൂരം
അപ്പോള്‍ പിന്നെ എവിടെ ഭിന്നത!?
കയറ്റിറക്കങ്ങളില്ലാത്ത
ആത്മാവിഷ്കാരങ്ങളുടെ 
ലംബതിരശ്ചീനതകള്‍!!!
കൃത്യത നിഷ്കര്‍ഷിക്കുന്ന
ഏകത്വ ഘടനാവിശേഷം....
അകമേ 
അനുപൂരകങ്ങള്‍....