Friday, June 26, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. - 4

വ്യാളിയുടെ മേഘഗര്‍ജ്ജനങ്ങള്‍ക്കു കാതോര്‍ത്ത്.....

അതിര്‍ത്തി കടന്ന് മേഘങ്ങള്‍ തൊട്ടിലാട്ടുന്ന താഴവരകളിലേയ്ക്കാണു യാത്ര . വ്യാളീ ചിത്രങ്ങള്‍ വശങ്ങളിലുള്ള മനോഹരമായ പ്രവേശന കവാടം കടന്നു പോകുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഗാ അതിര്‍ത്തിയില്‍ കണ്ട സായാഹ്നപരേഡ് ഓര്‍മ്മവന്നു. സ്പര്‍ദ്ധയുടേയും വിദ്വേഷത്തിന്റേയും രോഷജ്വാലകള്‍ കണ്ണിലും കൈകാലുകളിലും ആളിക്കത്തുന്ന പരേഡും അതു കഴിഞ്ഞുള്ള  പതാക താഴ്ത്തലും ഗേറ്റ് പൂട്ടലും ഒക്കെ.. അപ്പോള്‍ ദേശസ്നേഹത്തേക്കാള്‍ മനസ്സില്‍ തോന്നുക വേറേ എന്തൊക്കെയോ ചേര്‍ന്നൊരു സമ്മിശ്ര വികാരമാണ്. ഇവിടെ തികച്ചും ശാന്തമായൊരു അതിര്‍ത്തി. ജയ്ഗാവിലെ പ്രവേശനകവാടം കടന്നാല്‍  ഭൂട്ടാനിലെ ഫ്യുണ്ട്ഷ്ളോങ്ങ് ആണ്. അവിടെ വെച്ച് നമ്മുടെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമാകും. അതുകൊണ്ട് ഭൂട്ടാനിലെ സിംകാര്‍ഡ് എടുക്കേണ്ടി  വരും അത്യാവശ്യ ആശയവിനിമയത്തിന്. ഇന്റെര്‍നെറ്റ് ഓഫാക്കിയില്ലെങ്കില്‍ വളരെയധികം പണനഷ്ടവുമുണ്ടാകും. 

കാര്‍ മെല്ലെ ഭൂട്ടാനിലെ ദേശീയ പാതയായ AH 38 ലൂടെ മുന്‍പോട്ടു ഓടിത്തുടങ്ങുമ്പോള്‍ മുതല്‍ ശാന്തിയുടെ കുളിര്‍തെന്നല്‍ മെല്ലെ തഴുകിത്തുടങ്ങും. മുന്‍പോട്ടു പോകുന്നതനുസരിച്ചു ഉയരം കൂടുകയും ഭൂപ്രകൃതിയില്‍ അതിന്റേതായ മാറ്റങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും. മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന റോഡുകള്‍. യാത്ര സുരക്ഷിതമാകാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. BRO ആണ് ഭൂട്ടാനിലെ റോഡ് നിര്‍മ്മാണത്തിലും പരിപാലനത്തിലും ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ കീഴിലുള്ള ജനറല്‍ റിസര്‍വ് എന്‍ജിനീയറിംഗ് ഫോഴ്സിന്റെ (GREF) കീഴിലുള്ള പാരാ മിലിട്ടറി ഓര്‍ഗനൈസേഷനാണ് (BRO).  ‘ദണ്ടക്’ എന്നാണ് ആ പ്രോജക്ടിന്റെ പേര്.

ഫെബ്രുവരി മുതല്‍ ജൂണ്‍ അവസാനം വരെ ഇവിടെ വിനോദസഞ്ചാരത്തിനു യോജിച്ച സമയമാണ്. ഏപ്രില്‍ മാസം ആദ്യഭാഗം വരെ മഞ്ഞു വീണുകിടക്കുന്ന കാഴ്ചകള്‍ ഭൂട്ടാന്‍ നഗരങ്ങളില്‍ കാണാം. പിന്നെ മഞ്ഞുരുകി കാഴ്ചകള്‍ പതിയെ പച്ചപ്പിലേയ്ക്കു വഴിമാറും . ജൂണ്‍ അവസാനമായതുകൊണ്ട് മഴയ്ക്ക് എപ്പോഴും കടന്നു വരാന്‍ പ്രകൃതി അനുവാദം കൊടുത്തിരിക്കുന്നു, ഇവിടെ. ആകെ മേഘാവൃതമായിരിക്കുന്നു എങ്കിലും ഇടയ്ക്ക് നല്ല വെയിലും തെളിയുന്നുണ്ട്. കുറച്ചു ദൂരം പോയപ്പോള്‍ മലഞ്ചെരുവിലെ ഒരു വ്യൂ പോയിന്റിലെത്തി. അങ്ങകലെ താഴ്വരയില്‍ ഒരു വെള്ളിരേഖ പോലെ കൊലോമീറ്ററുകളോളം  നീണ്ടുകിടക്കുന്ന തോര്‍സാ നദിയും നദിക്കരയിലെ പട്ടണവും ചേര്‍ന്നു കിടക്കുന്ന കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളും ഒക്കെ ചേര്‍ന്നൊരു അമോഘദദൃശ്യം. എത്ര കണ്ടാലും മതിവരാത്ത ആ സുന്ദരദൃശ്യത്തില്‍ നിന്നു പിന്‍വാങ്ങി ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. പിന്നെയും വഴിയില്‍ പലയിടത്തും നദിയും നദീപുളിനവും തീര്‍ക്കുന്ന രജതരേഖയായ് കാഴ്ചയില്‍ വന്നുകൊണ്ടിരുന്നു.ഒരു സര്‍പ്പത്തെപ്പോലെ മലഞ്ചെരുവില്‍ കൂടി വളഞ്ഞുപുളഞ്ഞു പോകുന്ന  റോഡില്‍ അധികം വാഹനങ്ങളൊന്നും കാണാനായില്ല. വല്ലപ്പോഴും കടന്നു പോകുന്ന ചെറിയ ബസ്സും കാറും പിന്നെ മിലിട്ടറി ട്രക്കും. ചിലയിടങ്ങളില്‍ വീടുകളോ മറ്റു കെട്ടിടങ്ങളോ ഒക്കെ കാഴ്ചയിലെത്തും. സമാനമായ പാരമ്പര്യ രീതിയാണ് നിര്‍മ്മാണത്തിന്  അവലംബിച്ചിരിക്കുന്നത്. വഴിയിലെവിടെയെങ്കിലും കാണാന്‍ കഴിയുന്ന ആള്‍ക്കാരും ഭൂട്ടാനിലെ പരമ്പരാഗത വേഷത്തിലും. ചെറിയ ക്ഷേത്രങ്ങള്‍ പോലുള്ല നിര്‍മ്മിതിയില്‍ വലുതും ചെറുതുമായ പ്രാര്‍ത്ഥനാചക്രങ്ങള്‍ കാണം.
അവയില്‍ ആയിര്ക്കണക്കിന്  ജപമന്ത്രങ്ങള്‍ അടക്കം ചെയ്തിരിക്കുന്നു. ആയിരക്കണക്കിനു മന്ത്രമുരുവിടുന്നതിനു തുല്യമത്രേ ഈ ചക്രങ്ങള്‍ കറക്കുന്നത്. അപ്പോഴുണ്ടാകുന്ന മണിനാദം മോക്ഷപ്രദം.    ചില ചെറിയ കവലകള്‍ പോലുള്ല സ്ഥലങ്ങളില്‍ മരം കൊണ്ടു മാത്രം നിര്‍മ്മിച്ച വീടും കാണാന്‍ കഴിഞ്ഞു. യാത്രയിലധികവും കടന്നു പോകുന്നത് മനുഷ്യര്‍ ആധിപത്യം സ്ഥാപിച്ചിട്ടില്ലാത്ത കന്യവനങ്ങള്‍ തന്നെ. പലനിറത്തിലെ പൂക്കള്‍ വൈവിധ്യമര്‍ന്ന സസ്യലതാദികളില്‍ വസന്തമൊരുക്കി നമ്മെ ആനന്ദിപ്പിക്കുന്നു.
ചിലയിടങ്ങളില്‍ പാറ തുരന്നാണു പാതയൊരുക്കിയിരിക്കുന്നത്. അടുക്കടുക്കായിട്ടുള്ല കല്‍പ്പാളികള്‍ വളരെ വ്യക്തമായി നമുക്കു കാണാനാവും. ഈ പാറകളിലെ ഇടസ്ഥലങ്ങളില്‍ ധാരാളം കളിമണ്‍രൂപങ്ങള്‍ വെച്ചിരിക്കുന്നതു കാണാം. ഇത് ഭൂട്ടാന്‍ ജനതയുടെ ഈശ്വരാരാധനയുടെ ഭാഗമാണ്. മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ ഈ മണ്‍ചിമിഴില്‍ അടക്കം ചെയ്തിട്ടുണ്ടത്രേ.അതുമല്ലെങ്കില്‍
പ്രകൃതിയെ നോവിച്ചതിനുള്ള ക്ഷമാപണമായോ, അതില്‍ കോപിക്കരുതെന്ന പ്രാര്‍ത്ഥനയോ ഒക്കെയാവാം ഈ കളിമണ്‍ രൂപസമര്‍പ്പണത്തിനു പിന്നില്‍. പിന്നെ എവിടെയും കാണാവുന്ന വേറെയൊരു ആരാധനാമാര്‍ഗ്ഗമാണ് പാറിപ്പറക്കുന്ന പ്രാര്‍ത്ഥനാ പതാകകള്‍
. ഉയരം കൂടിയതും കുറഞ്ഞതും തോരണങ്ങള്‍ പോലെയും ഒക്കെ പലയിടത്തും ഇതു കാണാറാകും. മരിച്ചു പോയവരുടെ ആത്മക്കളുടെ മോക്ഷത്തിനായുള്ള പ്രാര്‍ത്ഥനകളാണത്രേ അവയില്‍ അലേഖനം ചെയ്തിരിക്കുന്നത്. കാറ്റില്‍ എത്രത്തോളം പറക്കുന്നുവോ അത്രയും നന്മകള്‍ പരേതാത്മാവിനു ലഭിക്കുമെന്നു വിശ്വാസം. .

കൃഷിസ്ഥലങ്ങള്‍ വളരെ അപൂര്‍വ്വമായേ യാത്രയ്ക്കിടയില്‍ കാണാന്‍ കഴിഞ്ഞുള്ളു. ചിലയിടങ്ങളില്‍ ഉയരമുള്ല മലഞ്ചെരുവില്‍ നിന്നു താഴേയ്ക്കു നോക്കുമ്പോള്‍ അങ്ങകലെ താഴ്വരയില്‍ ചെറിയ പട്ടണമോ ഗ്രാമമോ അതിനോടു ചേര്‍ന്ന കൃഷിയിടങ്ങളുടെയോ വിദൂര ദൃശ്യം. ഭൂട്ടാന്‍ സമയം 1. 15, അതായത് നമ്മുടെ 12 .45  ആയപ്പോള്‍ ഗേഡു എന്ന സ്ഥലത്തെത്തി. അവിടെയൊരു ചെക്ക്പോസ്ട് ഉണ്ട്. തിംഫുവിലെത്തും മുന്‍പ് രണ്ടു ചെക്ക്പോസ്ടുകള്‍ കടക്കണം.  യാത്രാരേഖകളൊക്കെ അവിടെ കാണിച്ച് അനുമതി നേടി വേണം മുന്‍പോട്ടു പോകാന്‍.


മുന്‍പേ എത്തിയ ഏതാനും വാഹനങ്ങളും അവിടെയുണ്ട്. മനോഹരമായൊരു പാലവും ചില കെട്ടിടങ്ങളും അവിടെ കാണാം. യാത്രക്കാരെ നിരീക്ഷണം ചെയ്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവിടെയുണ്ടായിരുന്നു. നേവിബ്ലൂ നിറത്തിലെ യൂണിഫോം ധരിച്ച സൗമ്യനായ ഒരു ചെറുപ്പക്കാരന്‍. വളരെ സൗഹൃദത്തോടെ സംസാരിക്കുകയും ഞങ്ങളുടെ സംശയങ്ങളൊക്കെ ക്ഷമയോടെ  തീര്‍ത്തുതരികയും ചെയ്യാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായില്ല. പക്ഷേ ഒപ്പം നിന്നൊരു ഫോട്ടോ എടുക്കുണമെന്ന  ആഗ്രഹം മാത്രം വിനയപൂര്‍വ്വം അദ്ദേഹം നിരാകരിച്ചു. 
.ഒരു വശത്ത് ഉന്നതശീര്‍ഷനായ മഹാമേരുവും മറുവശത്ത് കീഴ്കാംതൂക്കായ താഴ്വാരപ്രദേശവും കടന്ന് പിന്നെയും മുന്‍പോട്ടു പോയ്ക്കൊണ്ടിരുന്നു. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി റോഡ് തകരാറിലായിരുന്നത് റിപ്പയര്‍ ചെയ്തിരിക്കുന്നത് നമുക്കു കാണാം.  

2 മണി കഴിഞ്ഞപ്പോഴാണ് ചുക്ക എന്നും വോഖ എന്നും പേരുള്ള ചെറിയ ഒരു പട്ടണത്തില്‍ എത്തിയത്. അവിടെ ആകെയൊരു ഭക്ഷണശാലയാണുള്ളത്. ഇനി അടുത്ത സ്ഥലങ്ങളിലൊന്നും ഭക്ഷണം കിട്ടാനിടയില്ലെന്നും സൈകത് മുന്നറിയിപ്പു നല്‍കി. അതുകൊണ്ട് വളരെ തിരക്കായിരുന്നെങ്കിലും അവിടെ നിന്നു തന്നെ ഭക്ഷണം കഴിച്ചു. സസ്യഭക്ഷണവും സസ്യേതരഭക്ഷണവും ലഭിക്കും . പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പും . ചൂടുള്ള ഭക്ഷണം കഴിച്ചപ്പോള്‍ ഒരാശ്വാസമായി അരിച്ചു കയറുന്ന തണുപ്പിന്.
അവിടെ നിന്നു നോക്കിയാല്‍ വോഖ നദിയും അതില്‍ നിര്‍മ്മിച്ചിരിക്കുന്ന ചെറിയൊരണക്കെട്ടും അതിനോടു ചേര്‍ന്നൊരു ജലവൈദ്യുതപദ്ധതിയും ഒക്കെ ദൂരെക്കാഴ്ചയായി കാണാന്‍ കഴിയും.

ഭക്ഷണം കഴിച്ചു, അല്‍പവിശ്രമത്തിനു ശേഷം പിന്നെയും യാത്ര. ഇരുവശവും കാടിനു കാളിമയും മലകള്‍ക്ക് ഉയരവും കൂടിവന്നു. തണുപ്പും ചാറ്റല്‍മഴയും കോടമഞ്ഞും ഒക്കെ കൂടിയും കുറഞ്ഞും ഞങ്ങളെ അനുഗമിച്ചുകൊണ്ടിരുന്നു. ഇരുപുറവുമുള്ല മായക്കാഴ്ചകള്‍ യാത്രയുടെ വിരസതയേ നിഷ്പ്രഭമക്കിയതിനാല്‍ സമയം കടന്നു പോകുന്നത് അറിഞ്ഞതേയില്ല. 154 km പിന്നിട്ടുകഴിഞ്ഞാല്‍ ഭൂട്ടാന്റെ തലസ്ഥാനമായ തിംഫു എന്ന മനോഹര നഗരം നമ്മെ സ്വാഗതം ചെയ്യും.
ഭക്ഷണം കഴിക്കാനും ഇടയ്ക്കുള്ള മനോഹരക്കാഴ്ചകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുമൊക്കെയായി യാത്രയ്ക്കിടയില്‍ സമയം പോകുന്നതുകൊണ്ട് 5 മണിക്കൂറെങ്കിലും എടുക്കും തിംഫുവില്‍ എത്താന്‍. ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വരപ്രദേശമാണ് തിംഫു. താഴവരയിലൂടെയൊഴുകുന്ന വോങ്ങ് ച്ശൂ നദിയുടെ ഇരുകരകളിലായി വളര്‍ന്നു പടര്‍ന്നിരിക്കുന്ന ഒരു കൊച്ചു നഗരം. ചിലയിടങ്ങളില്‍ മലഞ്ചെരുവിലെ വനാന്തരങ്ങളിലേയ്ക്ക് നഗരം വളര്‍ന്നു കയറുന്നുണ്ട്. അത്രയധികം വാഹനത്തിരക്കൊന്നുമില്ല ഇവിടുത്തെ റോഡുകളില്‍.
നഗരത്തിലൂടെ കുറച്ചു നേരം കാറോടിയശേഷം ഒലാഖ എന്ന നഗരഭാഗത്തുള്ള 'ഹോട്ടല്‍ വെല്‍കം ഹോമി'ല്‍ എത്തി. അവിടെയാണ് ഇനി 3 ദിവസത്തെ ഞങ്ങളുടെ താമസം. വളരെ സുന്ദരമായി ഒരുക്കിയിട്ടിരിക്കുന്ന മുറികള്‍. ചുറ്റുപാടും വലിയ ജനാലകള്‍. കര്‍ട്ടന്‍ മാറ്റിനോക്കിയാല്‍ തിംഫു നഗരക്കാഴ്ചകളും അകലെയുള്ല മലനിരകളും ഒക്കെ കണ്ണുകള്‍ക്കു വിരുന്നൊരുക്കി നില്‍ക്കുന്നു. വളരെ കൗതുകം തോന്നിയ ഒരു കാര്യം ഹോട്ടല്‍ ജീവനക്കാരായ പെണ്‍കുട്ടികള്‍ ഞങ്ങളുടെ ലഗ്ഗേജൊക്കെ എടുത്തു മുറിയില്‍ വന്ന കാഴ്ചയാണ്. നല്ല ഭാരമുള്ല പെട്ടികള്‍ രണ്ടുകയ്യിലും എടുത്തു ഓടിവന്ന കെലിഞ്ഞ പെണ്‍കുട്ടി ഒരത്ഭുതമായി തോന്നി.

യാത്രയുടെ ക്ഷീണമൊന്നും അത്രയില്ലയെങ്കിലും കുളിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. നല്ല തണുപ്പും. മുറിയില്‍ ഹീറ്ററുണ്ട്. പക്ഷേ തിംഫുവിലെ ഹോട്ടലുകളില്‍  ഫാന്‍ ഉണ്ടാവില്ലയെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. സന്ധ്യ കഴിഞ്ഞിരുന്നതുകൊണ്ട് പുറത്തേയ്ക്കിനി പോകേണ്ടതില്ല എന്നു തന്നെ തീരുമാനിച്ചു. അതുകൊണ്ട് ഹോട്ടലിലെ റെസ്ടോറന്റില്‍ തന്നെ ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു. സുഖമായി ഉറങ്ങിയുണര്‍ന്നശേഷം ബാക്കി തിംഫുക്കാഴ്ചകള്‍.. 

Sunday, June 21, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. - 3

സ്വപ്നഭൂമിയുടെ കവാടം 


.

ന്യൂ ആലിപ്പൂര്‍ദ്വാര്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ പുലര്‍ച്ചെ 4.45 ആയി. നല്ല വെളിച്ചം വീണിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ ഒട്ടും തന്നെ തിരക്കില്ല. പുറത്ത നേര്‍ത്ത ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. ഭൂട്ടാനിലും മഴയുണ്ടാവുമെന്നു മുന്നറിയിപ്പു കിട്ടിയിരുന്നു. ഇനിയുള്ള ഞങ്ങളുടെ യാത്ര റോഡുമുഖേനയാണ്. 6 മണിക്കു വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. വണ്ടി വരുന്നതുവരെ വെയിറ്റിംഗ് റൂമില്‍ കാത്തിരിക്കണം. ചിലപ്പോള്‍ കുറച്ചു വൈകിയേക്കും എന്നാണു വിളിച്ചന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഞങ്ങള്‍ക്ക് ചായ കുടിക്കണമെന്നുണ്ട്. മകന്‍ പറഞ്ഞു അവനു വേണ്ടയെന്ന്. അവനെ ലഗ്ഗേജിനു കാവലിരുത്തി ബാക്കി എല്ലാവരും സ്റ്റേഷനു പുറത്തു കടന്നു. പശ്ചിമബംഗാളിലെ  ഒരു ചെറിയ ഉള്‍നാടന്‍ ഗ്രാമത്തിലെ കവല എന്നു തോന്നും.. ഏതാനും കടകള്‍ അവിടെയുമിവിടെയുമായി ഉണ്ട്. പക്ഷേ അതിരാവിലെയായതുകൊണ്ടാവാം ഒന്നോ രണ്ടോ മാത്രമേ തുറന്നിട്ടുള്ളു. മഴയും  സാമാന്യം ശക്തിയില്‍ പെയ്യാന്‍ തുടങ്ങി. 

 റോഡിനെതിര്‍വശത്ത് ഒരു ചെറിയ ചായക്കട. അവിടെ കുറച്ചു പേര്‍ പ്രാതല്‍ കഴിക്കുന്നുണ്ട്. പൂരിയും ഉരുളക്കിഴങ്ങുകറിയും ചായയും ലഭ്യം. മുന്‍പില്‍ തന്നെ ഒരാള്‍ നിന്നു പൂരിഉണ്ടാക്കുന്നുണ്ട്. കുഴച്ചു വെച്ചിരിക്കുന്ന മാവ് കുറച്ചെടുത്ത് ഉരുട്ടി എണ്ണമയമുള്ള മേശയില്‍ വെച്ചമര്‍ത്തി,അതു തിളച്ചുകൊണ്ടിരിക്കുന്ന  എണ്ണയില്‍ ഇട്ടു പൂരികള്‍ ഉണ്ടാക്കുന്നു. ആള്‍ക്കാര്‍ കഴിക്കാനെത്തുമ്പോള്‍ ഉണ്ടാക്കി വെച്ച പൂരികള്‍ അടുക്കളയില്‍ കൊണ്ടുപോയി പ്ലേടില്‍ പേപ്പറും മടക്കിയിട്ട് അതിലാണു വിളമ്പുന്നത്. പേപ്പറില്‍ കൊണ്ടുവന്നത് അത്ര ഇഷ്ടമായില്ലെങ്കിലും  ഞങ്ങളെല്ലാവരും അതു കഴിച്ചു. അടുത്ത മേശയിലെ ആള്‍ക്കാരെ എവിടെയോ കണ്ടു മറന്നതു പോലെ. നീളന്‍ ജൂബ്ബയൊക്കെ ഇട്ട്.. അവര്‍ കഴിച്ചെഴുന്നേറ്റു പണം കൊടുത്തു പോകുമ്പോഴാണ് കണ്ടത് തുണികൊണ്ടു ഭംഗിയായി പൊതിഞ്ഞിരിക്കുന്ന ചെണ്ടയുമായി ആണു പോകുന്നതെന്ന്. കലാകാരന്മാര്‍ക്ക് എവിടെയും സമാനച്ഛായ. അവിടെനിന്നിറങ്ങി വെയിറ്റിംഗ് റൂമില്‍ പിന്നെയും   കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു ഞങ്ങള്‍ക്കു പോകാനുള്ള ഇന്നോവയുമായി ഡ്രൈവര്‍ സൈകത് എത്താന്‍. 

ഏഴുമണി അടുത്തു ഇന്നോവയിലെ ഞങ്ങളുടെ യാത്ര ആരംഭിച്ചപ്പോള്‍. ഗ്രാമവഴിയിലൂടെ വീടുകളേയും കൃഷിസ്ഥലങ്ങളേയും ഒക്കെ പിന്നിട്ട് വണ്ടി ഓടിക്കൊണ്ടിരുന്നു.ചിലപ്പോള്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടവും. അതിനിടയില്‍ മുളങ്കാടുകള്‍ അതിരിട്ടൊരു തുരുത്തുകാണാം. സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ ഒരു കൊച്ചു വീടും. വഴിയോരത്തുള്ള വീടുകളോടു ചേര്‍ന്ന് കുളങ്ങളും ഉണ്ടാകും. മീന്‍ വളര്‍ത്താനാണ്. ബംഗാളികള്‍ക്ക് മത്സ്യം ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ്. ചില കുളങ്ങളില്‍ താമരകള്‍ പൂത്തു നില്‍ക്കുന്നു. തെങ്ങുകള്‍ അപൂര്‍വ്വമായേ കാണുന്നുള്ളു എന്നതൊഴിച്ചാല്‍  കേരളത്തിലെ ഇടനാടിന്റെ ഭൂപ്രകൃതിയോടു നല്ല സാദൃശ്യം തോന്നും . ചിലഭാഗത്ത് വനപ്രദേശമാണ്. കാട്ടു ചോലകളും ചെറിയ നദികളും ഒഴുകുന്ന കാഴ്ചയും ഇടയ്ക്കു കാണാറായി. 
പലയിടത്തും കൊന്നമരങ്ങള്‍ സ്വര്‍ണ്ണകുംഭങ്ങള്‍ മറിച്ചിട്ടിരിക്കുന്നതു പോലെ വസന്തമൊരുക്കി നില്‍ക്കുന്നു.   കുറച്ചു കഴിഞ്ഞപ്പോള്‍ തേയിലത്തോട്ടങ്ങളിലേയ്ക്കു കടന്നു. പരന്നു കിടക്കുന്ന തേയിലത്തോട്ടം. ഇടയ്ക്കു തണല്‍മരങ്ങളുമുണ്ട്. ഏഴുമണി ആയതേയുള്ളുവെങ്കിലും തോട്ടത്തില്‍ പണിക്കാരിസ്ത്രീകള്‍ കൊളുന്തു നുള്ളാന്‍ തുടങ്ങിയിരുന്നു. കൈകൊണ്ടാണു നുള്ളുന്നത്. ഇലകള്‍ ശേഖരിക്കാന്‍ പുറത്ത് വലിയ സഞ്ചിയും കൂടയും ഒക്കെ തൂക്കിയിട്ടിട്ടുണ്ട്. മൂന്നാറിലൊക്കെ ഇപ്പോള്‍ ഒരു ചെറിയ പെട്ടിയില്‍ ഘടിപ്പിച്ച കത്രികപോലൊരു ഉപകരണം കൊണ്ട് മുറിച്ചെടുക്കുകയാണു ഇലകളും തണ്ടും ചേര്‍ത്ത്. തേയിലത്തോട്ടത്തിനൊന്നും നമ്മുടെ മൂന്നാര്‍ തോട്ടങ്ങളുടെ വശ്യഭംഗി ഇല്ല. പക്ഷേ സ്വാദിലും മണത്തിലുമൊക്കെ ഈ തേയില കേമന്‍ തന്നെ. 

നെല്‍പ്പാടങ്ങളും  കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളുമൊക്കെ കഴിഞ്ഞ് കാടും കാട്ടുചോലകളുമൊക്കെ കടന്ന് സൈകത് വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു. എട്ടേകാലായപ്പോള്‍ ജയ്ഗാവിലെത്തി. എട്ടുമണിക്കേ ഓഫീസുകള്‍ തുറക്കൂ. അതുകൊണ്ടാണു ആ സമയത്ത് എത്തുന്നതുപോലെ വാഹനം ഏര്‍പ്പാടാക്കിയിരുന്നത്. ജയ്ഗാവിലെത്തിയപ്പോളാണ് ആദ്യമായി മലനിരകള്‍ കണ്ടു തുടങ്ങിയത്. അതുവരെ കടന്നു പോന്ന സുന്ദരമായ റോഡിന്റെ അവസ്ഥയും മാറി മറിഞ്ഞു. കാര്‍ ജയ്ഗാവ് പട്ടണത്തിന്റെ തിരക്കുകളിലേയ്ക്കും ശബ്ദകോലാഹലങ്ങളിലേയ്ക്കും ഓടിക്കയറി ഒരിടത്ത് വശം ചേര്‍ന്നു നിന്നു. അവിടെയാണ് ഞങ്ങളുടെ യാത്രയ്ക്കുള്ല സഹായം ചെയ്തുതന്ന ഏജന്റിന്റെ ഓഫീസ്. പ്രൊഫസ്സർ ടി ജെ ജോസഫിന്റെ മുഖച്ഛായയുള്ള അനില്‍ ജയ്സ്വാള്‍ നടത്തുന്ന   Yeti Tours and Travels ന്റെ ഓഫീസില്‍ ഞങ്ങളെത്തി. എല്ലാവരുടേയും ആധികാരികമായ തിരിച്ചറിയല്‍ കാര്‍ഡും കോപ്പികളുമായി ഭൂട്ടാന്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ എത്തി വേണം ആ രാജ്യത്തേയ്ക്കു കടക്കാനുള്ള അനുമതി പത്രത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. ഏകദേശം ഒരുമണിക്കൂര്‍ എടുക്കും അവര്‍ക്ക് അതു പരിശോധിച്ചു അനുമതി നല്‍കാന്‍. അതൊക്കെ ഏജന്റ് ഒപ്പം വന്നു നടത്തിത്തരും. അതിനുള്ള പണച്ചെലവ് 1000 രൂപയ്ക്കടുത്താവും. നമ്മളെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും വിരലടയാളവും അവര്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. യാത്രോദ്ദേശ്യവും അന്വേഷിക്കും. 

ടൂര്‍ ഏജന്റിന്റെ ഓഫീസിനു മുന്നിലൊക്കെ വല്ലാത്ത തിരക്കാണ്. വാഹനങ്ങള്‍ ഹോണടിച്ചുകൊണ്ട്  ചീറിപ്പായുന്നു.എല്ലാവിധ വഴിയോരക്കച്ചവടക്കാരുടേയും ബാഹുല്യം. തെരുവുകളൊക്കെ വല്ലാതെ വൃത്തിഹീനമായി കാണപ്പെട്ടു. അവിടുന്നു കുറച്ചു ദൂരെയായി ഒരു വലിയ പടിപ്പുര കാണാം. ചിത്രപ്പണികളും വ്യാളീരൂപങ്ങളുമൊക്കെ കൊത്തിയ മനോഹരമായൊരു പ്രവേശനകവാടം. ഭൂട്ടാനിലേയ്ക്കുള്ള പടിവാതില്‍. അതുകടന്നാല്‍ സംഗതിയാകെ മാറും. ശുചിത്വമുള്ള മനോഹരമായ പാത. ഓരങ്ങളില്‍ പൂച്ചെടികള്‍ ഭംഗിയായി വളര്‍ത്തിയിട്ടുണ്ട്. യാതൊരു തിരക്കുമില്ല. കെട്ടിടങ്ങള്‍ക്കൊക്കെ ഒരേകീകൃതഭാവം. വളരെപ്പെട്ടെന്ന് നമ്മളൊരത്ഭുതലോകത്തെത്തിയതു പോലെ തോന്നും. ഇന്ത്യയും ഭൂട്ടനും തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ തുടങ്ങുന്നതവിടെ നിന്നായിരുന്നു. 

പെര്‍മിഷനായി കാത്തിരുന്ന സമയത്ത്  ഞങ്ങള്‍ ചായയും ലഘുഭക്ഷണവും കഴിച്ചു വന്നു. ഏജന്റിന്റെ ഓഫീസില്‍ കാത്തിരിക്കുന്ന സമയത്താണ് ഒരു ചിത്രത്തില്‍  ഭൂട്ടാന്‍ കവാടത്തിനിപ്പുറത്ത്   ജയ്പാല്‍ഗുരി പൊലീസ് എയ്ഡ് പോസ്ട് എന്നൊരു ബോര്‍ഡ് കണ്ടത്.  .അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് മുന്‍പ് ജയ്ഗാവ് , ജയ്പാല്ഗുരി ജില്ലയിലയിരുന്നു വെന്നും അന്നത്തെ ചിത്രമാണതെന്നും ആണ്. ഇപ്പോള്‍ അത് ന്യൂ ആലിപ്പൂര്‍ ജില്ലയിലാണ്. ഞങ്ങളുടെ സാരഥിയുടെ വീട് ജയ്പാല്‍ഗുരിയിലാണ്. അവിടെ അദ്ദേഹത്തിന്റെ കുടുംബം കൃഷിയും ഒക്കെ നടത്തുന്നുണ്ട്. 

പറഞ്ഞസമയത്തു തന്നെ ഞങ്ങള്‍ക്ക് യാത്രാനുമതി ലഭിച്ചു. യാത്രയാരംഭിക്കും മുന്‍പ് ആവശ്യമുള്ള പണം ഭൂട്ടാന്‍ കറന്‍സിയാക്കി മാറ്റിയെടുക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ നിന്നു തന്നെ വാങ്ങിക്കൊള്ളാന്‍ നിര്‍ദ്ദേശവും ലഭിച്ചു. ഭൂട്ടാനില്‍ ഏതു സാധനത്തിനും വലിയ വിലയാണത്രേ. ഇന്ത്യയില്‍ നിന്നു പോകുന്നതാണ് എല്ലാം. ടാക്സും ചേര്‍ത്ത് വില അധികമാകും. ആവശ്യമുള്ലതൊക്കെ കരുതിയിരുന്നു.  പേപ്പര്‍ പ്ലേട് ഒഴികെ വേറൊന്നും അവിടെ നിന്നും വാങ്ങിയില്ല. എന്താണ് അവിടെ വിലകുറച്ചു ലഭിക്കുന്നതെന്വേഷിച്ചപ്പോള്‍ 'മദ്യം' മാത്രം എന്നാണു മറുപടി ലഭിച്ചത്. അവിടെ മദ്യം സുലഭവും വില വളരെ കുറവുമത്രേ. ഭൂട്ടാനിലെ ചില പ്രദേശങ്ങളില്‍ മുന്തിരികൃഷിയുണ്ട്. പുനാഖയില്‍ ഒരു വൈനറിയും ഇന്ത്യന്‍ സഹായത്തോടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രവേശനകവാടത്തില്‍ യാത്രയ്ക്കുള്ള അനുമതിപത്രവും യാത്രികരുടെ തിരിച്ചറിയല്‍ രേഖകളും നല്‍കി .  പിന്നെ താമസിച്ചില്ല, ഭൂട്ടാനെന്ന സ്വര്‍ഗ്ഗസുന്ദരിയുടെ കവാടം കടന്ന് ഞങ്ങളുടെ യാത്ര തുടങ്ങി. ആറുദിവസത്തെ സന്ദര്‍ശനമാണ് ഭൂട്ടാനില്‍. ഭൂട്ടാന്റെ തലസ്ഥാനനഗരിയായ തിംഫുവിലും മറ്റൊരു പ്രധാന നഗരമായ പാരോയിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് .വാഹനത്തിനും ഹോട്ടല്‍ മുറികള്‍ക്കുമായി ഏജന്റിനു കൊടുക്കേണ്ട ഏകദേശം ചെലവു കണക്കാക്കിയിരിക്കുന്നത് 45,000 രൂപയാണ്. 

Saturday, June 20, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. - 2

യാത്രാരംഭം 


സംരസ്ത എക്സ്പ്രസ്സ് ജൂണ്‍ മൂന്നാം തീയതി രാത്രി 10 മണിയടുത്തു കല്യാണ്‍ സ്ടേഷനിലെത്തുമ്പോള്‍. അല്പം അക്ഷമയോടെയുള്ള കാത്തിരിപ്പിനുശേഷമാണ് ഞങ്ങളുടെ ആറംഗസംഘം  ഭൂട്ടാന്‍ യാത്രയ്ക്കവിടെ നാന്ദി കുറിച്ചത്. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഉദയ്പാട്ടീലും ഭാര്യ മീനാക്ഷിയും ഇളയപുത്രന്‍ രാഹുലുമാണ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. മറ്റൊരു സുഹൃത്തും വരാനിരുന്നതാണെങ്കിലും അവസാനനിമിഷം യാത്ര മാറ്റി വെയ്ക്കുകയായിരുന്നു. 11 മണിവരെ സംസാരവുമായി ഇരുന്നതിനുശേഷമാണ് ഉറങ്ങാന്‍ കിടന്നത്. . തയാറെടുപ്പുകളുമായി പകല്‍ മുഴുവന്‍ വിശ്രമമില്ലാത്ത അദ്ധ്വാനത്തിലായിരുന്നതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. എല്ലാവരും താമസിയാതെ തന്നെ നല്ല ഉറക്കവുമായി.  

രവിലെ ഉണര്‍ന്നു ജനാലക്കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ ചിരിച്ചു നില്‍ക്കുന്ന അമ്പിളിയമ്മാവനെയാണു കണ്ടത്. പിന്നീടുള്ല പകല്‍ മുഴുവന്‍ പല സ്ംസ്ഥാനങ്ങളിലെ  കാഴ്ചകളിലൂടെ തീവണ്ടി ഓടിക്കൊണ്ടിരുന്നു. പിന്നെയും ഒരു രാത്രി കൂടി ട്രെയിനില്‍ ഉറങ്ങിയുണര്‍ന്നു. അപ്പോള്‍ പശ്ചിമബംഗാളിലെ ഏതോ ഗ്രാമചിത്രം കണ്‍മുന്നില്‍. അഞ്ചു മണിയേ ആയുള്ളുവെങ്കിലും നല്ല വെളിച്ചം. ഗ്രാമത്തിലെ കൃഷിസ്ഥലങ്ങളില്‍ വിവിധ കൃഷികള്‍.ചിലയിടങ്ങളില്‍ പൂക്കൃഷിയാണ്. പൂപ്പാടങ്ങളുടെ വര്‍ണ്ണചാരുത അവര്‍ണ്ണനീയം.! . ചില നിലങ്ങള്‍ ഒരുക്കിയിട്ടിരിക്കുന്നു. ആദ്യ മഴയുടെ അനുഗ്രഹവര്‍ഷത്തിനായി കാത്തുകിടക്കുകയാണ് കൃഷിയിറക്കാന്‍. കൃഷിനിലങ്ങളുടെ ഓരങ്ങളിലുള്ള തോടുകളില്‍ നിറയെ താമര വളര്‍ത്തിയിരുക്കകയാണ്. വിടര്‍ന്നു നില്‍ക്കുന്ന താമരപ്പൂക്കള്‍ ഒരു വസന്തമൊരുക്കുന്നു. കണ്ടാലും കണ്ടാലും മതിവരാത്തൊരു കാഴ്ചയാണ് നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഈ താമരത്തോടുകള്‍. ഇത് നമ്മുടെ നാട്ടിലും അനുവര്‍ത്തിക്കാവുന്നൊരു സൗന്ദര്യവത്കരണമെന്ന് എനിക്കു തോന്നി.


രണ്ടു രാത്രിയും ഒരു പകലും പിന്നിട്ട് അഞ്ചാം തീയതി രാവിലെ ഒന്‍പതുമണിയോടടുത്തു ഹൗറയിലെത്തുമ്പോള്‍. ഇനി ആറുമണിക്കൂര്‍ കഴിഞ്ഞാണ് ഞങ്ങളുടെ അടുത്ത ട്രെയിന്‍. ഈ ഇടവേളയില്‍ ബേലൂര്‍ മഠവും ദക്ഷിണകാളീശ്വര്‍ ക്ഷേത്രവും സന്ദര്‍ശിക്കണം, ഞങ്ങളുടെ സഹയാത്രികര്‍ക്ക്  ചില പ്രത്യേക പൂജകള്‍ നടത്താനുള്ളതാണ്. അതുകൊണ്ടാണ് മുന്‍പ്  കല്‍ക്കട്ട സന്ദര്‍ശനവേളയില്‍ പോയിട്ടുള്ളതാണെങ്കിലും വീണ്ടും  അവിടേയ്ക്കു പോകുന്നത്.   പ്രാഥമികകൃത്യങ്ങള്‍ക്കായി ഒരു ഹോട്ടലില്‍ മുറിയെടുത്തു. വളരെ വേഗം തന്നെ എല്ലാവരും കുളിച്ചു  യാത്രയ്ക്കു തയ്യറായി. ഒരു മണിക്കൂര്‍ യാത്രയുണ്ട് ബേലൂര്‍ മഠത്തിലേയ്ക്ക് . ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശദമായിരു  കല്‍ക്കത്ത സന്ദര്‍ശനം നടത്തിയിരുന്നു. അസഹനീയമയ ചൂടും വൃത്തിഹീനമായ തെരുവോരങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡും ശ്വാസം മുട്ടിക്കുന്ന തിരക്കുമുള്ള കല്‍ക്കട്ട നഗരം ഇന്നും മാറ്റമൊന്നുമില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളും അവയുടെ മുഴങ്ങുന്ന ഹോണ്‍ ശബ്ദങ്ങളും ഒക്കെയായി നമ്മെ വല്ല്ലാത്തൊരസ്വസ്ഥതയിലെത്തിക്കും. അവിടെ നിന്ന് എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാന്‍ തോന്നും. 


 ബേലൂര്‍ മഠത്തിലേയ്ക്കുള്ള ബസ്സില്‍ ഞങ്ങള്‍ കയറി. ഒരുപാടു പഴക്കമുള്ള ഒരു പാട്ടവണ്ടി. ഇടയ്ക്ക് ഒരാള്‍ വന്നു കൈനീട്ടുണ്ട്. അയാളുടെ രൂപഭാവങ്ങളും വൃത്തിഹീനമായ വേഷവും അതിനെക്കാള്‍ വൃത്തിഹീനമായ സഞ്ചിയും കണ്ടപ്പോള്‍ ഭിക്ഷക്കാരനെന്നായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹം ബസ്സിലെ കണ്ടക്ടര്‍ ആയിരുന്നു. ഏകദേശം ഒരുമണിക്കൂറോളം എടുത്തു ബസ്സില്‍ നിന്നിറങ്ങാന്‍.   സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമാണ് ബംഗാളിലെ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ  ബേലൂര്‍ മഠം . ഹുഗ്ളി നദിയുടെ പടിഞ്ഞാറെ തീരത്ത്, നാല്‍പ്പതേക്കറില്‍ ആയി രൂപീകരിച്ചിരിക്കുന്ന മഠത്തില്‍ മൂന്നു പ്രധാനമന്ദിരങ്ങളില്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍, ശ്രീ ശാരദാദേവി,സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത കലശങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ അന്ത്യനാളുകള്‍ ചിലവഴിച്ചത് ഇവിടെയായിരുന്നു. അദ്ദേഹം സമാധിയായ മുറി പവിത്രമായി സൂക്ഷിച്ചു പോരുന്നു. ഇപ്പോഴും ധാരാളം സന്യാസിമാര്‍ ഇവിടെ താമസിച്ചു പഠിക്കുന്നു.  ബേലൂര്‍ ഇവിടുത്തെ അനോഹരമായ പുല്‍ത്തകിടികളും പൂമരങ്ങളും പൂന്തോപ്പും ആനന്ദദായകമായ കാഴ്ച തന്നെ. പക്ഷേ ഫോട്ടോഗ്രഫി ഇവിടെ നിരോധിച്ചിരിക്കുകയാണ്. 


ഞങ്ങള്‍ ചെന്നത് അവിടുത്തെ പ്രസാദ വിതരണസമയത്തായിരുന്നു. 11 മുതല്‍ 11 30 വരെയാണ്. പ്രസാദമെന്നാല്‍ അന്നദാനം തന്നെ. ചോറും പരിപ്പുകറിയും സാമ്പാറും ഒരു മാമ്പഴക്കറിയും പാല്‍പ്പായസവുമടങ്ങുന്ന പ്രസാദം. അതിനുള്ള കൂപ്പണെടുത്ത് പ്രസാദം കഴിച്ചാണ് അവിടെ നിന്നു മടങ്ങിയത്. പതിനൊന്നര കഴിഞ്ഞാല്‍ നാലുമണിക്കേ മഠം സന്ദര്‍ശിക്കാന്‍ തുറന്നു കിട്ടുകയുള്ളു. അതുകൊണ്ട് അവിടെ നിന്നു 11 30 നു ഞങ്ങള്‍ ഇറങ്ങി.  പിന്നെ ഹൂഗ്ലിനദിയിലൂടെ ഒരു തോണിയാത്ര , ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേയ്ക്ക്. നാടന്‍ തോണിയിലൂടെയുള്ള നദിയുടെ വിരിമാറിലൂടെയുള്ല ആ  യാത്ര ഒരു അവിസ്മരിണിയമായ അനുഭവം തന്നെ. നദിയുടെ കിഴക്കേ തീരത്താണ് ക്ഷേത്രം. കാളീ ദേവിയുടെ ഭാവതാരിണി രൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രം പണികഴിപ്പിച്ചത് റാണി റാഷ്മണി എന്ന പ്രശസ്തയായ ജീവകാരുണ്യപ്രവര്‍ത്തകയാണ്. ക്ഷേത്ര നിന്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുമുണ്ട്.
1793 സെപ്റ്റംബര്‍ 28 ന് കോണാ ഗ്രാമത്തിലെ ഒരു ജമീന്ദാരായിരുന്ന ഹരേകൃഷ്ണദാസിന്റെ മകളായി മഹിഷ്യകുടുംബത്തില്‍ ജനിച്ച റാഷ്മണി പതിനൊന്നാം വയസ്സില്‍, ധനികനായ ജമീന്ദാര്‍, ബാബു രാജചന്ദ്ര ദാസിന്റെ വധുവായി കല്‍ക്കത്തയിലെത്തി. ചെറുപ്രായത്തില്‍ വിധവയായെങ്കിലും ഭര്‍ത്താവു ഏല്‍പ്പിച്ചു പോയ  ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുത്തുനടത്താനുള്ള നേതൃത്വ പാടവം ആര്‍ജ്ജവത്വത്തോടെ റാഷ്മണി പ്രകടമാക്കി. ഒരു വിധവയ്ക്കു മതമനുഷ്ഠിക്കുന്ന അച്ചടക്കം പാലിക്കാനും ഈ സാധ്വി പ്രത്യേകശ്രദ്ധ പുലര്‍ത്തിയിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ റാണി എപ്പോഴും വ്യാപൃതയുമായിരുന്നു. 1847 ല്‍ റാണി ഒരു ദീര്‍ഘമായ തീര്‍ത്ഥയാത്ര പോകാന്‍ തീരുമാനിച്ചു, പുണ്യഭൂമിയായ കാശിയിലേയ്ക്ക്, ഭുവനേശ്വരിയായ ആദിപരാശക്തിക്ക് തന്റെ പ്രണാമങ്ങള്‍ അര്‍പ്പിക്കുക എന്ന ലക്ഷ്യവുമായി. ഇരുപത്തിനാലു തോണികളിലായി ബന്ധുക്കളും പരിചാരകരും അവശ്യവസ്തുക്കളുമായി യാത്രയൊരുങ്ങി. പുറപ്പെടാനുള്ള നല്ല ദിവസവും മുഹൂര്‍ത്തവും ആചാരപ്രകാരം തീരുമാനിച്ചു. പക്ഷേ  തലേ രാത്രി സാക്ഷാല്‍ കാളീ ദേവി റാണിക്കു സ്വപ്നദര്‍ശനം നല്‍കി  ഇങ്ങനെ അരുളിച്ചെയ്തു
"  വരാണസിയിലേയ്ക്കു പോകണ്ടയാവശ്യമില്ല. ഇവിടെ ഗംഗാമയിയുടെ തീരത്ത് എന്റെ പ്രതിഷ്ഠയുള്ള  ഒരു ക്ഷേത്രം നിര്‍മ്മിക്കുക. ആ പ്രതിഷ്ഠയില്‍ എന്റെ ചൈതന്യം ആവാഹിക്കപ്പെടുകയും ഭക്തരുടെ പ്രാര്‍ത്ഥനകളും ആരാധനയും അവിടെ സ്വീകരിക്കപ്പെടുകയും ചെയ്യും. "
ഈ സ്വപ്നദര്‍ശനത്താല്‍ സ്വാധീനിക്കപ്പെട്ട റാണി താമസം വിനാ ഗംഗാനദിയുടെ തീരത്ത് 20 ഏക്കര്‍ സ്ഥലം ഒരു ഇംഗ്ലീഷുകാരനില്‍ നിന്നു വിലയ്ക്കു  വാങ്ങി ഈ മനോഹര ക്ഷേത്രസമുച്ചയം പണികഴിപ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 1855 ല്‍ ഇതിന്റെ പണി തീര്‍ന്നു. സ്നാനയാത്രാ ദിനമായ,  മെയ്മാസം 31 നു ലക്ഷക്കണക്കിനു ബ്രാഹ്മണരുടെ ആശിര്‍വാദത്തോടെ കാളീ പ്രതിഷ്ഠ നടത്തി  ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തു.  രാംകുമാര്‍ ചതോപാദ്ധ്യായ ആയിരുന്നു ആദ്യത്തെ മേല്‍ശാന്തി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനും സഹായിരുമായിരുന്ന ഗദാധാര്‍ എന്ന രാമകൃഷ്ണന്‍ ആ സ്ഥാനം ഏറ്റെടുത്തു. 1886 ല്‍ സമാധിയടയും വരെ ശ്രീരാമകൃഷ്ണനും പത്നി ശ്രീ ശാരദാദേവിയും ഷേത്രത്തിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളു്ക്കായി അഹോരാത്രം പ്രയത്നിക്കുകയും വളരെ പ്രശസ്തമായൊരു തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തു.


കല്‍ക്കട്ടയിലെ കത്തിക്കാളുന്ന ഉച്ചവെയിലിലായിരുന്നു ക്ഷേത്രത്തിലേയ്ക്കുള്ള ഞങ്ങളുടെ തോണിയാത്ര. വിശാലമായ ഗംഗാമയിയുടെ തീരങ്ങളില്‍ ഒരുപാടു കുളിക്കടവുകളുണ്ട്. പൊള്ളുന്ന വെയില്‍ച്ചൂടില്‍ നിന്നൊരു രക്ഷയായിട്ടാവാം കുട്ടികളും മുതിര്‍ന്നവരുമായി ഒരുപാടുപേര്‍ ഈ കടവുകളില്‍ വെള്ലത്തില്‍ കഴുത്തോളം മുങ്ങിക്കിടക്കുന്നു. സ്ത്രീകളും പുരുഷന്മാരുമുണ്ട് ഇക്കൂട്ടത്തില്‍. നദിക്കരയിലെ സൗധങ്ങളും ക്ഷേത്രങ്ങളും പൂമരങ്ങളും ഒക്കെ കണ്ണില്‍ നിന്നു മായാതെ നില്‍ക്കുന്ന മോഹനദൃശ്യങ്ങള്‍. കുറച്ചകലെ ഒരു വെളുത്ത നക്ഷത്രപ്പൂക്കള്‍ വിരിയിച്ചു നില്‍ക്കുന്ന ഒരു ചെമ്പകമരത്തിന്റെ കൊമ്പില്‍ നിന്ന് കുരങ്ങന്മാര്‍ വെള്ളത്തിലേയ്ക്കു ചാടുന്നതു കാണുന്നു. അടുത്തു ചെന്നപ്പോഴാണ് അവര്‍ കുരങ്ങന്മാരല്ല കുട്ടികളാണെന്നു മനസ്സിലായത്. കലങ്ങി, നഗരത്തിന്റെ  മാലിന്യവാഹിയായി ഒഴുകുന്ന നദിയാണെങ്കിലും ഒന്നെടുത്തു ചാടാന്‍ തോന്നി അവരുടെ ജലകേളികള്‍ കണ്ടപ്പോള്‍.


ക്ഷേത്രത്തിലെത്തിയപ്പോള്‍ ഒരു മണി കഴിഞ്ഞു. പക്ഷേ അപ്പോള്‍ ആരാധനാ സമയമല്ല. 4 മണിക്കു ശേഷമേ പൂജകള്‍ ചെയ്യാന്‍ കഴിയൂ. ഞങ്ങളുടെ അടുത്ത ട്രെയിന്‍ 3 45 ന് ആണ്. കാത്തു നിന്നിട്ടു കാര്യമില്ല. അതുകൊണ്ട് വേഗം മടങ്ങി. ഹോട്ടലിലെത്തി ലഗ്ഗേജുമെടുത്ത് ഹൗറാ സ്ടേഷനിലെത്തി. അവിടെനിന്ന് 12 മണിക്കൂറിലധികം യാത്ര ചെയ്തു  ന്യൂ ആലിപ്പൂര്‍ ദ്വാര്‍ എന്ന സ്ടേഷനില്‍ എത്തിയിട്ടു വേണം ഭൂട്ടാന്‍ അതിര്‍ത്തിയിലുള്ള പട്ടണമായ ജയ്ഗാവിലേയ്ക്കു  പോകാന്‍. അതിര്‍ത്തിയിലെ ഭൂട്ടാന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നു അനുമതി ലഭിച്ചാലേ ഭൂട്ടനിലേയ്ക്കു കടക്കാനാവൂ. ആ യാത്രയും ആഹ്ളാദപ്രദമായി കഴിഞ്ഞുകിട്ടി. പുലര്‍ച്ചെ 4 മണി കഴിഞ്ഞു ന്യൂ ആലിപ്പൂര്‍ദ്വാര്‍ എത്തുമ്പോള്‍ ..
Friday, June 19, 2015

വിണ്ണിലെ 
താരാഗണങ്ങളേ
ചൊല്ലുമോ
എങ്ങുപോയിന്നെന്റെ 
തിങ്കള്‍ക്കുരുന്നവന്‍! 
മേഘക്കറുമ്പന്റെ 
പിന്നിലൊളിച്ചുവോ,
കൂരിരുട്ടിന്റെ കരിമ്പടം
ചുറ്റിയോ ? 

ശുഭരാത്രി പ്രിയരേ..
മിനി മോഹനന്‍ 


Thursday, June 18, 2015

വിടരാന്‍ വിതുമ്പുന്ന 
പൂമൊട്ടിന്‍ നെറുകയില്‍
തൂമഞ്ഞു തുള്ളിയൊ-
ന്നിറ്റു വീഴ്കെ
ഹൃദയം നിറഞ്ഞിടും 
നിര്‍വൃതിയാലവള്‍ 
മെല്ലെ വിടര്‍ത്തി തന്‍ 
മൃദു കരങ്ങള്‍ 
കണ്‍കോണിലിത്തിരി
കള്ളപ്പരിഭവം
കണ്ണു നീര്‍ത്തുള്ളിയായ് 
കാത്തിരിക്കേ
വന്നു മന്ദസ്മിതം
തൂകി ദിനകരന്‍
മെല്ലെയാ ശോകം 
തുടച്ചു നീക്കാന്‍. 
നിര്‍ത്താതെ കോരി-
ച്ചൊരിയുമീ മാരിയില്‍
നിലാവെട്ടമില്ലാത്ത
രാവിന്റെ ചേലിതില്‍
ഏതേതു രാഗം 
നിറഞ്ഞെന്റെ ഹൃദയമാം
ഏകാന്ത മൗന
സരോവര ഗീതിയില്‍ ! 

ശുഭരാത്രി പ്രിയരേ.. 

മിനി മോഹനന്‍ 


മെല്ലെപ്പൊഴിയുമീ 
ചെറു ചാറ്റല്‍ പോലെയെന്‍
ഹൃദയത്തില്‍ മൃദുമാരി
പെയ്തിറങ്ങീടുവാന്‍
ഒരു പാട്ടു പാടുകെന്‍
പൂങ്കുയിലേ,  നിന്റെ
മധുരഗാനത്തിലീ
പുലരിക്കു ചാര്‍ത്തുക
സുപ്രഭാതത്തിന്റെ 
ചേലൊത്ത ചന്ദനം Wednesday, June 17, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. 1.

അറിയാത്ത അയല്‍ക്കാരി 

.
ഭൂട്ടാനിലേയ്ക്കൊരു യാത്ര പോകാന്‍ തീരുമാനിച്ചപ്പോള്‍ ഒരുകര്യം മനസ്സിലായി. തൊട്ടയല്‍രാജ്യമാണെങ്കിലും ആ രാജ്യത്തെക്കുറിച്ചുള്ള അറിവുകള്‍ വളരെ പരിമിതമെന്ന്. എന്തെങ്കിലുമൊക്കെ അറിയാനുള്ള ആകാംക്ഷയാല്‍ കുട്ടികളുടെ പാഠപുസ്തകം മുതല്‍ വിക്കിപ്പീഡിയ വരെ അന്വേഷണങ്ങള്‍ നടത്തി. കിട്ടിയ അറിവുകള്‍ ചിലത് ഇങ്ങനെയൊക്കെയായിരുന്നു.


ഇന്ത്യയ്ക്കും ചൈനയ്ക്കും (ടിബറ്റ്) ഇടയില്‍ കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ ഒരു കൊച്ചു രാജ്യമാണു ഭൂട്ടാന്‍.1907 ല്‍ ആണ് ഭൂട്ടാന്‍ രൂപീകൃതമാകുന്നത്.  അരുണാചല്‍ പ്രദേശ്, അസ്സം, പശ്ചിമബംഗാള്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭൂട്ടാന് അതിര്ത്തി പങ്കിടുന്നു.   47,500ചതുരശ്ര കിലോമീറ്റർ മാത്രമാണ് നമ്മുടെ ഈ അയല്‍രാജ്യ സുന്ദരിയുടെ വിസ്തീര്‍ണ്ണം. ഇവിടുത്തെ ജനസംഖ്യയാകട്ടെ ഏഴരലക്ഷത്തില്‍ താഴെയും. (38, 863 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ല നമ്മുടെ കേരളത്തിലെ ജനസംഖ്യ മൂന്നുകോടി മുപ്പത്തഞ്ചു ലക്ഷത്തോളം വരുമെന്ന് ഓര്‍ക്കുമ്പോഴാണ് അമ്പരപ്പു തോന്നുന്നത്. ) ഇപ്പോഴും  രാജഭരണം നിലനില്‍ക്കുന്ന ഭൂട്ടാന്‍ തനതായ സംസ്കാരത്തിന്റേയും വിശ്വാസസംഹിതക്ളുടേയും ആചാരാനുഷ്ഠാനങ്ങ്ളുടേയും ആസ്ഥാനഭൂമികയുമാണ്. തങ്ങളുടേതുമാത്രമായ സാംസ്കാരികപാര്മ്പര്യത്തിലേയ്ക്ക് മറ്റാരുടേയും കടന്നുകയറ്റം തീരെ ഇഷ്ടപ്പെടുന്നില്ല ഭൂട്ടാന്‍ ജനത. അതുകൊണ്ടു തന്നെ വിനോദസഞ്ചാരം അത്രയൊന്നും ഈ രാജ്യത്തു പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.പരിമിതമായ വിദേശ വിനോദസഞ്ചാരികളെ മാത്രമേ ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാറുള്ളു. കര്‍ശനമായ നിയന്ത്രണം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുമുണ്ട്."ഒരു ദേശം ഒരേ ജനത " ഇതാണ് ഈ രാജ്യത്തിന്റെ ആപ്തവാക്യം.


ജിഗ്മെ  ഖേസര്‍ നാംഗിയേല്‍ വാങ്ചൂക്ക് ആണ് ഇപ്പോഴത്തെ രാജാവ്. ഡ്രാഗണ്‍ കിംഗ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഓക്സ്ഫോര്ഡ് യൂണിവെഴ്സിറ്റിയില്‍ നിന്നു ബിരുദമെടുത്ത ഇദ്ദേഹം 28 )മത്തെ വയസ്സില്‍ അഞ്ചമത്തെ രാജാവായാണ് 2006ല്‍ കിരീടമണിഞ്ഞത്.   രാജവിന്  60 വയസ്സാകുമ്പോള്‍ അടുത്ത അവകാശിക്ക് രാജഭരണം കൈമാറുകയെന്നതാണ് ഇപ്പോള്‍ രാജ്യത്തെ കീഴ്വഴക്കം. 2011 ഒക്ടോബറില്‍  അദ്ദേഹം വിവാഹിതനായി.   ഷെറിംഗ് തോബ്‌ഗെയാണ് പ്രധാനമന്ത്രി .ദ്സോങ്ക ആണ് രാഷ്ട്രഭാഷയെങ്കിലും ഹിന്ദിയും അവര്‍ക്കു മനസ്സിലാകും. ചിലരെങ്കിലും ഹിന്ദി നന്നായി സംസാരിക്കുകയും ചെയ്യും. ഇവരുടെ ഉച്ചാരണം നമുക്ക് എഴുതി ഫലിപ്പിക്കാന്‍ ലിപികള്‍ അപര്യപ്തമാണ്. ഗാലോങ്സ്,  ഷാ ഖോപ്സ്, ലോട്ട്ഷാംപാസ് എന്നീ ജനവിഭാഗങ്ങളാണ് ഇവിടെയുള്ലത്.
പ്രാദേശികഭാഷയില്‍ ഇവരെ പൊതുവേ 'ഡ്രൂക്പ'  എന്നു വിളിക്കുന്നു. അതു മംഗോളിയന്‍ വര്‍ഗ്ഗക്കാരെയാണോ അതോ ടിബറ്റില്‍ നിന്നു അഭയാര്‍ത്ഥികളായി  വന്ന ഗാലോങ്സിനെയാണോ എന്നു വ്യക്തമല്ല. ബുദ്ധമതത്തിനാണു പ്രഥമസ്ഥാനമെങ്കിലും ഹിന്ദുക്കളും മൊത്തം ജനസംഖ്യയുടെ നാലിലൊന്നില്‍ അധികം വരും.മഹായാന ബുദ്ധമതം ആണ് ദേശിയ മതം.


ബുദ്ധസന്യാസകേന്ദ്രങ്ങള്‍ക്കു പുറമേ രണ്ടു മതവിഭാഗങ്ങളിലേയും ആരാധനാലയങ്ങളും ഉണ്ട് ധാരാളമായിവിടെ. പ്രകൃതിയെ ആരാധിക്കുകയും ഒപ്പം സംരക്ഷിക്കുകയും ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളുടെ ജീവിത വ്രതം തന്നെയാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും ഇത്രയേറെ പ്രാധാന്യവും സംരക്ഷണവും കൊടുക്കുന്നൊരു രാജ്യം വേറെ ഇല്ലെന്നു തന്നെ പറയാം .ആകെ ഭൂ വിസ്തൃതിയുടെ  അറുപതു ശതമാനം വനമായി സംരക്ഷിക്കണമെന്ന് നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നു ഇവിടെ . ഇപ്പോഴും 70 ശതമാനത്തോളം  വനമാണിവിടെ . അതുകൊണ്ടു തന്നെ ശുദ്ധമായ വായുവും ജലവും ഇന്നാട്ടുകാര്‍ക്ക് അന്യമല്ല. കലയും  സംസ്കാരവും ഒക്കെ പ്രകൃതിയുമായി ദൃഢമായ  പുലര്‍ത്തുന്നവ തന്നെ . ഭൂട്ടാനിലെ കലാരൂപങ്ങള്‍ക്കൊക്കെ ടിബറ്റന്‍ കലാരൂപങ്ങളോട് അഭേദ്യമായൊരു സാദൃശ്യമുണ്ട്. സാഹിത്യകൃതികളും ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നു .

ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തേക്കാള്‍ അരമണിക്കൂര്‍ മുന്നോട്ടാണ് ഭൂട്ടാനിലെ സമയം. ഇവിടുത്തെ നാണയമായ  'ങൾട്രം' നമ്മുടെ രൂപയുടെ അതേ മൂല്യമുള്ളതുതന്നെ.വിപണനരംഗത്ത്  രൂപയും അവിടെ സ്വീകാര്യം തന്നെ. ഇന്ത്യയുടെ സഹായത്തിലും നിയന്ത്രണത്തിലുമാണ് ഭൂട്ടാന്റെ പുരോഗതിയും നിലനില്‍പും ഒക്കെയെന്നു പറയാം. ഇന്ത്യാക്കാരോട് അവര്‍ക്കുള്ള മമതയും അതിനാലാവാം. കഴിഞ്ഞവര്‍ഷം ജൂണില്‍ ആണ്   ഭൂട്ടാനില്‍ ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മ്മിച്ച സുപ്രീം കോടതിയുടെ ഉദ്ഘാടനം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചത്.
ഇവിടുത്തെ റോഡുകളും നമ്മുടെ BRO യുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തിവരുന്നത്. സൈനികസേവനവും നമ്മുടെ  രജ്യത്തുനിന്നു ഭൂട്ടാനില്‍ ലഭിക്കുന്നു.  പക്ഷേ എന്നെ ഏറ്റവും അമ്പരപ്പിച്ച അറിവ് ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള ജനത വസിക്കുന്നത് ഭൂട്ടാനിലാണെന്ന വസ്തുതയാണ്. വേള്‍ഡ് ഹാപ്പിനെസ്സ് ഇന്‍ഡെക്സില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ് ഈ കൊച്ചു രാജ്യത്തിന്റെ സ്ഥാനം. സമ്പത്തിനേക്കാള്‍ ജനങ്ങളുടെ സംതൃപ്തിക്കും സമാധാനത്തിനും സന്തോഷത്തിനുമാണ് ഈ രാജ്യത്തു പ്രാധാന്യം.

ഇനി നമുക്കൊന്നു സഞ്ചരിക്കാം മലകളുടേയും താഴവരകളുടേയും കോട്ടകളുടേയും നാടായ  ഭൂട്ടാനിലേയ്ക്ക്. അടുത്തറിയാം ഈ സ്വപ്നഭൂമിയുടെ ഹൃദയസ്പന്ദനങ്ങള്‍.
താഴ്വരയിലെ നെല്‍വയലുകളേയും ആപ്പിളും വാല്‍നട്ടും പീച്ചും പ്ലം പഴങ്ങളും വിളയുന്ന തോട്ടങ്ങളെയും ഒരു മന്ദമാരുതനേപ്പോലെ തലോടിയെത്താം. പറഞ്ഞാല്‍ തീരാത്ത   ഇവിടുത്തെ അത്ഭുതക്കാഴ്ചകളിലേയ്ക്ക് കൗതുകപൂര്‍വ്വം ഇറങ്ങിച്ചെല്ലാം.
Tuesday, June 2, 2015

ഞാനാകും ശയ്യയില്‍ 
വീണുറങ്ങീടുകെന്‍
സ്വപ്നമേ , 
സ്നേഹസായൂജ്യമാം 
ഗാനമേ..
പുലരിക്കു നിന്നെ ഞാന്‍
നല്‍കിടാം ഒരുകൊച്ചു
ജ്യോതിസ്വരൂപമാം
അക്ഷരദീപമായ്...


Monday, June 1, 2015

ണിം..ണിം... ണിം..

സ്കൂള്‍ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍  ആദ്യം മനസ്സിലെത്തുന്നത് മുഴങ്ങുന്ന മണിനാദം തന്നെ..
സ്കൂളില്‍ പോകാന്‍ തുടങ്ങിയ നാള്‍ തൊട്ട് ഹൃദയത്തില്‍ സ്ഥാനം പിടിച്ചതാണ് വൃത്താകാരത്തില്‍ പരന്നൊരു മണിയും അതില്‍ ആഞ്ഞടിക്കുന്ന  മരച്ചുറ്റികയും.
അന്നത്തെ ഏറ്റവും വലിയ മോഹമായിരുന്നു ആ മണിയൊന്നടിക്കുക എന്നത്. ആറാം ക്ലാസ്സിലെത്തിയപ്പോഴായിരുന്നു ആ മോഹം പൂവണിഞ്ഞത്.
തൃക്കൊടിത്താനം വി ബി യു പി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആ സ്വപ്നസാഫല്യം കൈവരുന്നത്.  പ്രാര്‍ത്ഥനയും ദേശീയഗാനവും പാടാന്‍ എന്നും മണിയുടെ അടുത്താണു പോയി നിന്നിരുന്നത്. മണിയടിക്കുന്നതാകട്ടെ ഞങ്ങളുടെ പി ടി അദ്ധ്യാപകനയിരുന്ന പ്രിയപ്പെട്ട അപ്പുസാറും.അല്ലെങ്കില്‍ ഏതെങ്കിലും ആണ്‍കുട്ടികള്‍ ആവും ആ കൃത്യം നിര്‍വ്വഹിക്കുക.
കുറച്ച് ഓട്ടവും ചാട്ടവുമൊക്കെയുള്ളതുകൊണ്ട് അപ്പുസാറിന് എന്നെ വളരെ ഇഷ്ടമായിരുന്നു. എങ്കിലും  ഒരുപാടു ശങ്കയോടെയാണ് ഞാനാ ആഗ്രഹം സാറിനോടു പറഞ്ഞത്. വഴക്കു പറയുമോ എന്ന പേടിയുണ്ട്. പക്ഷേ എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി സ്ര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
 " നീ അടിച്ചാല്‍ ബെല്ലു കേള്‍ക്കുമോ ? "
ആഞ്ഞു ശക്തിയായി അടിച്ചോളാമെന്നായി ഞാന്‍. അങ്ങനെ സര്‍ എന്നെ മണിയടിക്കാന്‍ അനുവദിച്ചു. സര്‍വ്വശക്തിയുമെടുത്തായിരുന്നു എന്റെ മണിയടി. അതു നൂറു ശതമാനം വിജയമായി ഭവിച്ചു. ആ വര്‍ഷം പിന്നീടു പലപ്പോഴും ഞാന്‍ മണിയടിച്ചു അഭിമാനപൂര്‍വ്വം.