Friday, August 26, 2016

ചില കാപ്പി വിചാരങ്ങള്‍

ചില കാപ്പി വിചാരങ്ങള്‍
===========
എല്ലാവരും നാലുമണിക്കാപ്പി കുടിച്ചോ ?
ഞങ്ങള്‍ ഹൈറേഞ്ചുകാര്‍ക്ക് ചായയേക്കാള്‍ കാപ്പിയാണു പ്രിയം . പ്രധാനകാരണം അവരവരുടെ വീട്ടില്‍ തന്നെ ഉത്പാദിപ്പിച്ച കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കുന്ന കാപ്പിയാണെന്നതു തന്നെ. ഒരു കലത്തില്‍ തിളച്ച കാപ്പി കുഴിയടുപ്പില്‍ സദാ വെച്ചിരിക്മ്കും. .എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ കാപ്പി കുടിക്കും . വീട്ടില്‍ ആരെങ്കിലും വന്നാലോ, അവര്‍ക്കും കൊടുക്കും ഒരടിയെങ്കിലും ഉയരമുളള ഗ്ലാസ്സ് നിറയെ കാപ്പി. പാലോ, ചിലപ്പോഴെങ്കിലും പഞ്ചസ്സാരയോ നിര്‍ബ്ബന്ധമില്ലെന്നതും ഞങ്ങളുടെ ഒരു പ്രത്യേകമായ കാപ്പിസ്നേഹത്തിന്റെ ഉദാഹരണം. മധുരത്തിനു വേണമെങ്കില്‍ ചക്കര(കരുപ്പെട്ടി)യോ ശര്‍ക്കരയോ ചേര്‍ത്തു കുടിക്കുന്ന ശിലവും ഉണ്ട്. ആരോഗ്യത്തിനും അതാണു നല്ലത്  .എന്തായാലും കാപ്പി കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. തണുപ്പു കാലത്തു കൊടും തണുപ്പു മാറ്റാനും ഇടയ്ക്കിടെ കാപ്പി കുടിക്കുന്നതു ഒരു ആശ്വാസം . പരീക്ഷക്കാലത്തു പഠിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാനും കാപ്പി സഹായം ആണ്. 
എല്ലാ വീട്ടിലും കാപ്പി ഉണ്ടെന്നുള്ളതു സത്യം .പക്ഷേ പലപ്പോഴും കൂറച്ചു പിശുക്കു കൂടുതലുള്ളവര്‍ കാപ്പിക്കുരു മുഴുവനും വിറ്റു കാശാക്കിയിട്ട് അതിന്റെ തൊലിയാവും വറുത്തു പൊടിച്ചു കാപ്പിയുണ്ടാക്കുന്നത്. ഒരു സ്വാദുമില്ലാത്ത കാപ്പിയാണത് .ഗുണവും മണവും ഒന്നുമില്ലാത്ത കടുത്ത നിറത്തിലെ വെള്ളം .

എനിക്ക് കാപ്പി കുടിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍  ഓര്‍ക്കാനിഷ്ടമുള്ളത് കാപ്പിപ്പൂക്കളുടെ വെണ്മയും  സുഗന്ധവുമാണ്. മഞ്ഞുകാലത്താണ് കാപ്പിയുടെ വസന്തകാലം .   പൂവിരിയുന്ന പ്രഭാതങ്ങളില്‍ കാപ്പിപ്പൂവിന്റെ സ്വര്‍ഗ്ഗീയസൗരഭ്യം പരിസരമാകെ നിറഞ്ഞു നില്‍ക്കും .
അതനുഭവിക്കുക എന്നത് ജീവിതത്തിലെ തന്നെ ഭാഗ്യനിമിഷങ്ങളാണ്. കാപ്പിയുടെ പൂക്കാലം മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമേ നീണ്ടു നില്‍ക്കൂ . ആ നാളുകളില്‍ മലഞ്ചെരുവുകളാകെ വെള്ളപ്പട്ടു പുതച്ചു കിടക്കുന്ന നയനാനന്ദകരമാണ്.  പിന്നെ വെളുത്തപൂക്കള്‍ നിറം മങ്ങി ഉണങ്ങിക്കൊഴിയും. അതിനിടയില്‍ പരാഗണം നടന്ന് കാപ്പിപ്പൂക്കള്‍ കായ്കളാകാന്‍ തുടങ്ങിയിരിക്കും അപ്പോള്‍ . കാപ്പി പൂക്കുന്ന കാലത്ത് മഞ്ഞോ ചാറ്റല്‍ മഴയോ പെയ്യുന്നത് നല്ല വിളവിനു വളരെ സഹായകവുമാണ്. കര്‍ണ്ണാടകയില്‍ ഇങ്ങനെ പെയ്യുന്ന മഴ അറിയപ്പെടുന്നതു തന്നെ കാപ്പിപ്പൂവിന്റെ പേരിലാണ്.   ആറേഴു മാസങ്ങളെടുക്കും മരതകമുത്തുകള്‍   പാകമായി പഴുത്തു ചുവന്നു തുടുക്കാന്‍ . റോബസ്റ്റ എന്നയിനം കാപ്പി പാകമാകാന്‍ 9 മാസം വേണ്ടിവരും
 .അറബിക്കാപ്പി വേഗം പഴുത്തു തുടങ്ങും .  കാപ്പിക്കുരു ഒക്കെ കൈ കൊണ്ടു പറിച്ചെടുത്ത് ഉണങ്ങി സൂക്ഷിക്കുകയാണു ചെയ്യുന്നത് .പണ്ടൊക്കെ വീട്ടില്‍ തന്നെ , ആവശ്യമുള്ളപ്പോള്‍ കുരു കുത്തി തൊലികളഞ്ഞു പരിപ്പെടുത്തു വറുത്ത്  പൊടിച്ചായിരുന്നു കാപ്പിപ്പൊടി തയ്യാറാക്കിയിരുന്നത് .ഇപ്പോള്‍ ഉണങ്ങിയ കാപ്പിക്കുരു മില്ലില്‍ കൊടുത്താല്‍ അതിനുള്ള പൊടിയുമായി നിമിഷങ്ങള്‍ക്കകം വീട്ടിലെത്താം .

  ഇപ്പോള്‍ കാപ്പിയേക്കുറിച്ചോര്‍ക്കാനും എഴുതാനും ഇടയാക്കിയത് മറ്റൊരറിവാണ്. അമിതവണ്ണം കുറയ്ക്കാന്‍  കാപ്പി ഉത്തമ ഔഷധമാണത്രേ.  പക്ഷേ വറുത്തുപൊടിച്ച കാപ്പി അല്ല, ഇത്  ഗ്രീന്‍ കാപ്പി. ഗ്രീന്‍ ടീയേക്കുറിച്ചേ ഇത്രകാലവും കേട്ടിരുന്നുള്ളു . ഗ്രീന്‍ കാപ്പി എന്നത് പുതിയ അറിവാണല്ലോ . ഒന്നുകില്‍  പച്ചക്കാപ്പിക്കുരു ജ്യൂസ് ആക്കി കുടിക്കുക. അല്ലെങ്കില്‍ ഉണങ്ങിയ കാപ്പിപ്പരിപ്പ്  അങ്ങനെ തന്നെ പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ചു കുടിച്ചാല്‍ മതിയത്രേ.  അതുമല്ലെങ്കില്‍ കാപ്പിപ്പരിപ്പ് വെള്ളത്തില്‍ ഇട്ടു വെച്ച്  കുതിര്‍ത്തശേഷം നന്നായി തിളപ്പിച്ച് ആവെള്ളം കുടിച്ചാലും മതി പോലും . മധുരത്തിന് അല്‍പം തേന്‍ കൂടി ചേര്‍ക്കാം . ഏലത്തിന്റെ മണവും സ്വാദും ഇഷ്ടമുള്ളവര്‍ക്ക് അതും ആകാം. എന്തായാലും പൊണ്ണത്തടി വളരെ വേഗം കുറയ്ക്കാന്‍ ഈ പാനീയത്തിനു കഴിയുമെന്നാണ് ഗ്രീന്‍ കോഫിയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. അതു പൂര്‍ണ്ണമായും ശരിയോ എന്ന് പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷേ , ദോഷമൊന്നും വരാന്‍ സാധ്യതയില്ല എന്നു ദീര്‍ഘകാലത്തെ കാപ്പികുടി വ്യക്തമാക്കുന്നു . പിന്നെ ഒന്നു കൂടി ഓര്‍മ്മ വരുന്നു, കാപ്പി ധാരാളം കുടിച്ചിരുന്നതുകൊണ്ടായിരുന്നോ എന്നറിയില്ല, കുട്ടിക്കാലത്തൊന്നും  എന്റെ നാട്ടില്‍ പൊണ്ണത്തടി ഉള്ളവര്‍ ഉണ്ടായിരുന്നില്ല . എന്തായാലും അമിതഭാരം കൊണ്ടു വിഷമമനുഭവിക്കുന്നവര്‍ക്ക് ഈ പുതിയ മാര്‍ഗ്ഗം ആശ്വാസമാകട്ടെ എന്നാശ്വസിക്കാം . 

Thursday, August 25, 2016

രൂപമാറ്റം വന്ന ചുമടുതാങ്ങികള്‍ ( കഥ )

"ടീച്ചര്‍ ഇപ്പോള്‍ ഫ്രീ ആണല്ലേ ?"
ബെല്ലടിച്ചിട്ടും ക്ലാസ്സിലേയ്ക്കു പോകാന്‍ തയ്യാറെടുക്കാത്തതുകൊണ്ടായിരിക്കാം മിതാലി അങ്ങനെ ചോദിച്ചത്. അവള്‍ സ്കൂളില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ചു നാളേ ആയുള്ളു . യു പി ക്കാരി ആണെങ്കിലും അവള്‍ക്ക് മലയാളികളെ വളരെ ഇഷ്ടമാണ്. അതുകൊണ്ടാവാം അവള്‍ക്ക് എന്നോട് ആദ്യം മുതല്‍ തന്നെ നല്ല അടുപ്പമായിരുന്നു .
ഞാന്‍ ചിരിച്ചു കൊണ്ടു തലയാട്ടി. അവള്‍ വേഗം എഴുന്നേറ്റ് എന്റെ അടുത്ത കസേരയില്‍ വന്നിരുന്നു.
 "ടീച്ചര്‍ ദിവാളിവെക്കേഷനു കേരളത്തില്‍ പോകുന്നുണ്ടോ? "
"ഉണ്ടല്ലോ മിതാലീ. രണ്ടാഴ്ച നാട്ടിലുണ്ടാവും. എന്താ, വരുന്നോ കേരളത്തിലേക്ക് ?  "
 മുഖം കുറച്ചു കൂടി അടുപ്പിച്ചു പിടിച്ചു രഹസ്യമായി അവള്‍ പറഞ്ഞു . " ടീച്ചര്‍, എനിക്കൊരു കാര്യം പറയാനുണ്ട്. ഇന്നൊന്നു ശിവാജിപാര്‍ക്കില്‍ എന്റെകൂടെ വരുമോ . ഹാഫ് ഡേ അല്ലേ."   മറുത്തു പറയാന്‍ എന്തുകൊണ്ടോ തോന്നിയില്ല .
ഞങ്ങള്‍ അടുത്തടുത്ത ഹൗസിംഗ് കോംപ്ലെക്സുകളില്‍ ആണു താമസം. രണ്ടിനും ഇടയിലാണു ശിവജിപാര്‍ക്ക്. സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങി നേരേ പാര്‍ക്കിലേയ്ക്കാണു പോയത്. തിരക്കൊഴിഞ്ഞ മരത്തണലില്‍ ഇരിക്കുമ്പോള്‍ മിതാലിയുടെ മനസ്സിന്റെ പിരിമുറുക്കം അവളുടെ മുഖത്ത്നിന്നു വായിച്ചെടുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ മൗനം ആണു നന്നെന്നു തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവള്‍ ഒന്നു മുരടനക്കി. പക്ഷേ പെട്ടെന്നാണവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങിയത്. വെറുതെ ഞാനവളുടെ തോളില്‍ ഏറ്റവും മൃദുവായൊന്നു തൊട്ടു. വേറെന്തു ചെയ്യണമെന്ന് അറിയുമായിരുന്നില്ല.  കുറേ സമയം കഴിഞ്ഞാണവള്‍ മുഖമുയര്‍ത്തി നോക്കിയത് .
" നാട്ടില്‍ പോകുമ്പോള്‍ എനിക്കൊരു സഹായം ചെയ്യണം ടീച്ചര്‍ . ഇതെന്റെ അപേക്ഷയാണ്"
" ചെയ്യാമല്ലോ. എന്തായാലും പറഞ്ഞോളൂ."
" ടീച്ചര്‍ക്കറിയില്ലേ ഞങ്ങളുടെ ഹൗസിംഗ് കോംപ്ലെക്സില്‍ താമസിച്ചിരുന്ന ശ്രീറാമിനേയും ശ്രീജിത്തിനേയും , നായരങ്കിളിന്റെ മക്കള്‍ ?"
"അറിയാമല്ലോ. അവര്‍ എന്റെ ട്യൂഷന്‍ ക്ലാസ്സില്‍ വന്നിരുന്ന കുട്ടികളാണ്. "
"അതേ ടീച്ചര്‍, അവര്‍ തന്നെ. അവര്‍ അഞ്ചു വര്‍ഷം മുമ്പ്  നാട്ടിലേയ്ക്കു പോയിരുന്നു, സ്ഥിരമായി "
"അതുമറിയാം .പോകുന്നതിനു മുന്നേ അവര്‍ എന്നെ കാണാന്‍ വന്നിരുന്നു. 12th ന്റെ റിസള്‍ട്ടുമായി  " .
ഞാനോര്‍മ്മിച്ചു ആ ഇരട്ടക്കുട്ടികളെ.  അമ്മയ്ക്ക് കുറെക്കാലമായി വൃക്കകള്‍ക്കും കരളിനും ഒക്കെ  എന്തോ  അസുഖമാണ്. ഒരുപാടു ചികിത്സകള്‍ നടത്തി . മുംബൈയില്‍ ചികിത്സച്ചെലവുകള്‍ നാട്ടിലേക്കാളും വളരെ കൂടുതലാണ് . അതാണു നാട്ടിലേക്കു  പോകുന്നതെന്നു പറഞ്ഞിരുന്നു . ചികിത്സയ്ക്കായി വീടുവില്‍ക്കുകയേ അവര്‍ക്കു നിവൃത്തിയുണ്ടായിരുന്നുള്ളു. നാട്ടില്‍ അച്ഛന്റെ വീതത്തില്‍ ഒരു ചെറിയ വീടുണ്ട്. 12th കഴിയാനാണു കാത്തിരുന്നത്. അവര്‍ മൂന്നാറില്‍ ഹോട്ടല്‍ മാനേജ്മെന്റിനു ചേരുമെന്നും അന്നു പറഞ്ഞിരുന്നു.
" ടീച്ചര്‍ അവര്‍ ആലപ്പുഴ എന്ന സ്ഥലത്താണ് എന്നു മാത്രമേ അറിയൂ . ശ്രീജിത്തും ശ്രീറാമും മൂന്നാറില്‍ ഹോട്ടല്‍ മാനേജ്മെന്റിനു ചേര്‍ന്നിരുന്നു.   അതിനുശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ അഞ്ചു കടന്നുപോയി. ഇടയ്ക്കു ഫോണ്‍ചെയ്യുമായിരുന്നു. പഠിപ്പു കഴിഞ്ഞ ശേഷം  ഒരു വിവരവുമില്ല. തന്ന ഫോണ്‍ നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.  "
അവള്‍ ഒന്നു നിര്‍ത്തി. ഞാനവളുടെ മുഖത്തേക്കു  സൂക്ഷിച്ചു നോക്കി.
എന്റെ സംശയഭാവം കണ്ടിട്ടാവാം അവള്‍ പെട്ടെന്നു മുഖം താഴ്തി  . പിന്നെ മുഖമുയര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു,
" ഞാനും ശ്രീജിത്തും എട്ടാം  ക്ലാസ്സ് മുതല്‍ ഒന്നിച്ചായിരുന്നു. പിരിയാന്‍ വയ്യാത്ത അടുപ്പത്തിലായിപ്പോയി. ഇപ്പോഴും എന്റെ മനസ്സില്‍ ശ്രീജിത്തല്ലാതെ മറ്റാരും ഇല്ല. പക്ഷേ വീട്ടില്‍ വിവാഹാലോചന നടക്കുന്നു. എന്നാല്‍  അവന്‍ വരുന്നതു പ്രതീക്ഷിച്ചാണു ഞാനിരിക്കുന്നത്. എനിക്ക് അവനെയല്ലാതെ മറ്റാരെയും കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. "
എനിക്കത്ഭുതം തോന്നി. ഈ മഹാനഗരത്തിലെ തിരക്കില്‍ വളര്‍ന്ന ഈ കുഞ്ഞുങ്ങളുടെ  മനസ്സില്‍ ഇപ്പോഴും ആര്‍ദ്രമായ പ്രണയം പൂത്തുനില്‍ക്കുന്നു , ഒരുപോറല്‍ പോലുമേല്ക്കാത്ത ഹൃദയത്തിന്റെ അടിത്തട്ടില്‍ വേരോടി.
പെട്ടെന്ന് മിതാലി എന്റെ രണ്ടുകയ്യും കൂട്ടിപ്പിടിച്ചു ചോദിച്ചു .
" ടീച്ചര്‍ അവരെ പോയി ഒന്നു കാണുമോ , എന്നെക്കുറിച്ചു പറയുമോ, ഞാനിവിടെ കാത്തിരിക്കുന്നു എന്ന്... "
പെട്ടെന്ന് എന്തുപറയാന്‍! ആലപ്പുഴ എന്റെ നാട്ടില്‍ നിന്ന് വളരെ ദൂരെയാണ്. അവിടെ ചെന്നാലും അവരെ എവിടെ തിരയാന്‍ ! പിന്നെ മൂന്നാറില്‍ പോകുന്നുണ്ട്. കാറ്ററിംഗ് കോളേജില്‍ വേണമെങ്കില്‍  ഒന്നന്വേഷിക്കാം. എന്തായാലും അവളുടെ നിഷ്കളങ്കമായ മനസ്സിനു നിരാശ കൊടുക്കാന്‍ തോന്നിയില്ല.
" മിതാലീ, വിഷമിക്കാതെ, ഞങ്ങള്‍ മൂന്നാറില്‍ പോകുന്നുണ്ട്. അവിടെ തീര്‍ച്ചയായും അന്വേഷിക്കാം . ഇല്ലെങ്കില്‍ ആലപ്പുഴയില്‍ അന്വേഷിക്കാം . വിവരങ്ങള്‍ നിന്നെ അറിയിക്കാം ."
പാര്‍ക്കില്‍ നിന്നിറങ്ങുമ്പോള്‍ മലയാളിസമാജത്തിന്റെ ഓഫീസില്‍ ഒന്നു പോയി അന്വേഷിച്ചാലോ എന്ന്. അപ്പോള്‍ തന്നെ റിക്ഷപിടിച്ച് അങ്ങോട്ടുപോയി. ഭാഗ്യത്തിന് മേനോന്‍  ചേട്ടന്‍ ലൈബ്രറിയും തുറന്നുവെച്ച് അവിടെയുണ്ടായിരുന്നു. മേനോന്‍ ചേട്ടനോട് ശ്രീജിത്തിന്റെ അച്ഛന്റെ ഫോണ്‍ നമ്പറും നാട്ടിലെ അഡ്രസ്സും വാങ്ങിപ്പോന്നു.
നാട്ടില്‍ പോകുന്നതിനു മുന്നേ ഒന്നന്വേഷിക്കാം എന്നു കരുതി ഫോണ്‍ നമ്പറില്‍ ഒന്നു ശ്രമിച്ചു . പക്ഷേ ആ നമ്പര്‍ നിലവിലില്ല . ആലപ്പുഴയുള്ള കസിനെ ഏര്‍പ്പാടു ചെയ്തു ആ അഡ്രസ്സ് ഒന്നന്വേഷിച്ചു വെയ്ക്കാന്‍ . നാട്ടിലെത്തിയതും അവളെ വിളിച്ച് വിവരങ്ങള്‍ തിരക്കി . അവള്‍ പുതിയ മൊബൈല്‍ നമ്പര്‍ വാങ്ങി വെച്ചിരുന്നു . അങ്ങനെയാണ് ശ്രീജിത്തിന്റെ അച്ഛനോട് സംസാരിച്ചത്. അദ്ദേഹം ഒട്ടും താല്പര്യമില്ലാതെ എന്തോ പറഞ്ഞു. ശ്രീജിത്തിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മൂന്നാര്‍ ഹില്‍വ്യൂ ഹോട്ടലില്‍ അവന്‍ ജോലി ചെയ്യുന്നു എന്നു മാത്രം വിവരം കിട്ടി. അയാളെ കൂടുതല്‍ ശല്യം ചെയ്യാന്‍ തോന്നിയില്ല.
കുടുംബാംഗങ്ങളൊക്കെ ചേര്‍ന്നു മൂന്നാറിലേയ്ക്കു പുറപ്പെടുമ്പൊള്‍ എങ്ങനെയെങ്കിലും ശ്രീജിത്തിന്നെ കണ്ടെത്തണം എന്ന ഗൂഢലക്ഷ്യം മനസ്സിലുണ്ടായിരുന്നു . അത് രഹസ്യമായിത്തന്നെ ഇതുവരെ സൂക്ഷിച്ചു. അതുകൊണ്ടു തന്നെ താമസത്തിന് ഹോട്ടല്‍ ഹില്‍വ്യൂ നോക്കാം എന്നു വെറുതെ വാശിപിടിച്ചു. ആരും മറുത്തൊന്നും പറഞ്ഞതുമില്ല. വളരെ സൗകര്യവും വൃത്തിയുമുള്ള ഹോട്ടല്‍ . അവിടെ ആവശ്യത്തിനുള്ള മുറികള്‍ തരപ്പെടുകയും ചെയ്തു . ഒരു മലഞ്ചെരുവില്‍ നിര്‍മ്മിച്ചതാണ് ഹോട്ടല്‍ കെട്ടിടം . റിസപ്ഷനും ഓഫീസും ഒക്കെ മലമുകളില്‍ . വണ്ടി എത്തുന്നത് അവിടെയാണ്.   റിസപ്ഷനില്‍ നിന്നു താഴത്തെ നിലകളിലാണു   മുറികള്‍ . പടിയിറങ്ങുമ്പോള്‍ അതാ എതിരെ കയറിവരുന്നു ശ്രീജിത്ത്. ഒട്ടും പ്രതീക്ഷിക്കാതെ  എന്നെ കണ്ടതും അവന് ആകെ അമ്പരപ്പായി.
" മിസ്സ് ഇവിടെ ? മൂന്നാര്‍ ടൂറിനു വന്നതാണോ ? "
പിന്നെ കുശലപ്രശ്നങ്ങള്‍ അല്പസമയത്തേക്ക്  . അവന്‍ ഡ്യൂട്ടി കഴിഞ്ഞു ക്വാര്‍ട്ടേഴ്സിലേയ്ക്കു പോവുകയാണ്. എല്ലാവരും മുമ്പേ നടന്നതുകൊണ്ട് അവനോടു വീണ്ടും കാണാമെന്നു പറഞ്ഞു ഞാനും മുമ്പോട്ടു നടന്നു .
പിറ്റെ ദിവസം കറക്കമൊക്കെ കഴിഞ്ഞു ഹോട്ടലില്‍ തിരികെയെത്തി എല്ലാവരുമായി ലോണില്‍ സംസാരിച്ചിരിക്കുമ്പോഴാണ് ശ്രീജിത്ത് വന്നത് .
"മിസ്സ് എല്ലാവരെയും കൂട്ടി  വരൂ, എന്റെ ക്വാര്‍ട്ടേഴ്സില്‍ പോയിട്ടു വരാം ."
പക്ഷേ അവര്‍ക്കൊക്കെ ഇനിയും പുറത്തുപോകാന്‍  വലിയ മടി  . ഒടുവില്‍ ചേട്ടനും ഞാനും കൂടി അവനോടൊപ്പം പോയി. വിവാഹിതരായ ഹോട്ടല്‍ സ്റ്റാഫിനുള്ളതാണ് ക്വാര്‍ട്ടേഴ്സ് എന്നവന്‍ പറഞ്ഞു. അപ്പോള്‍ പിന്നെ ശ്രീജിത്തിന് എങ്ങനെ ..
പക്ഷേ ചോദിച്ചില്ല. അമ്മയുടെ രോഗവിവരമൊക്കെ പറഞ്ഞു നടക്കുന്നതിനിടയില്‍ വീടെത്തി. ചുറ്റും പൂത്തുനില്‍ക്കുന്ന  ധാരാളം ചെടികള്‍ . നല്ല ഭംഗിയുള്ള കൊച്ചു വീട്. ഡോര്‍ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഒരു  കൈക്കുഞ്ഞിനെയുമായി വന്ന ഒരു  സുന്ദരിപ്പെണ്ണ്.
അത് ശ്രുതി , അദ്വൈത്   അവരുടെ ഓമനക്കുഞ്ഞ് . ഞാനാകെ ആശയക്കുഴപ്പത്തിലായി. മിതാലിയോട് എന്തു പറയും , അതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത. എങ്കിലും അവനിത്ര ദുഷ്ടനായിപ്പോയല്ലോ. ആ കുട്ടിയുടെ ആത്മാര്‍ത്ഥപ്രണയത്തിന് ഒരു വിലയും കൊടുക്കാതെ .. ഛേ.. വല്ലാത്തൊരു ചതിയായിപ്പോയില്ലേ ഇത്.

ശ്രുതി ഇതിനിടയില്‍ ചായയും ബിസ്കറ്റും  കൊണ്ടുവന്നു. ചായ കുടിച്ച് അവിടെ നിന്നിറങ്ങുമ്പോള്‍ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു . ഒപ്പം വന്നിരുന്ന ശ്രീജിത്ത് രണ്ടുമൂന്നു വട്ടം ചോദിച്ചു "മിസ്സിനെന്തു പറ്റി, ആകെ മൂഡ് ഓഫ് ആയല്ലോ "എന്ന്. ചേട്ടന്‍ ലോണിലേക്കു നടന്നപ്പോള്‍ ഞാന്‍ റിസപ്ഷനില്‍ ശ്രീജിത്തുമായി സംസാരിച്ചിരുന്നോളാമെന്നു പറഞ്ഞു . കുറെ സമയം ആലോചിച്ചു , മിതാലിയേക്കുറിച്ച് പറയണോ എന്ന്. വേണം ,ആ കുട്ടിയുടെ സ്നേഹത്തിന് അവന്‍ വിലകൊടുക്കാതിരുന്നത് എന്തുകൊണ്ടും ശരിയായില്ല. ഇപ്പോള്‍ അവനെയോര്‍ത്തു കഴിയുന്ന അവളെ തള്ളിക്കളഞ്ഞ് വേറൊരു പെണ്ണിനെ അവന്‍ കണ്ടെത്തി സുഖമായി ജീവിക്കുന്നു .കാലം ചിലപ്പോള്‍ ദുഷ്ടജന്മങ്ങളെപ്പോലെയാണ്. വളരെ ക്രൂരമായിരിക്കും  ചെയ്തികളൊക്കെ.

ഒടുവിൽ ഞാൻ തീരുമാനിച്ചു, ശ്രീജിത്തിനോട് മിതാലിയുടെ കാര്യം പറഞ്ഞേ മതിയാകൂ .
ഒക്കെ പറഞ്ഞു തീരും വരെ അവന്‍  ഒരക്ഷരം മിണ്ടിയില്ല. കുനിഞ്ഞുതന്നെ മുഖം . പിന്നെയും അവന്‍ മൗനം തന്നെ . എനിക്കു വല്ലാതെ ദേഷ്യം തോന്നി അവനോട്  . മെല്ലേ  മുഖമുയര്‍ത്തുമ്പോള്‍ ആ കണ്ണുകളില്‍ ഒരു ശോകസാഗരം തന്നെ അലയടിക്കുന്നത് എനിക്കു കാണാമായിരുന്നു .പിന്നെ  അവന്‍ പറയഞ്ഞുതുടങ്ങി .
" മിതാലി എന്റെ എല്ലാമായിരുന്നു , ഒരു വര്‍ഷം മുമ്പ് വരെ. മിസ്സിനറിയാമല്ലോ അമ്മയുടെ അസുഖവിവരം . എപ്പോള്‍ വേണമെങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകാം . ഇവിടെ ഹോട്ടല്‍ മാനേജ്മെന്റ്  പഠിപ്പു കഴിഞ്ഞതേ ശ്രീറാമിന് എറണാകുളത്ത് താജ് ഹോട്ടലില്‍ ജോലി കിട്ടിയിരുന്നു . എനിക്ക് ഇവിടെയാണു കിട്ടിയത്. അവന് എന്നെക്കാള്‍ നല്ല ശംബളവും സൗകര്യങ്ങളും ഒക്കെ അവിടെ ഉണ്ടായിരുന്നു. അമ്മയുടെ അവസാന ആഗ്രഹമെന്നപോലെ ഞങ്ങളുടെ വിവാഹക്കാര്യം പറഞ്ഞു . എനിക്കു കുറേക്കൂടി നല്ല ജോലി കിട്ടിയിട്ടു മതി എന്നു പറഞ്ഞൊഴിഞ്ഞു .അമ്മയുടെ ആഗ്രഹം സാധിക്കാനായി  റാം  കല്യാണത്തിനു തയ്യാറായി. അങ്ങനെ അകന്ന ബന്ധു കൂടിയായ ശ്രുതിയെ വിവാഹം ചെയ്തു. മൂന്നു മാസം മാത്രമേ അവരുടെ ദാമ്പത്യം നീണ്ടു നിന്നുള്ളു . അവര്‍ ഒരുല്ലാസയാത്രയ്ക്കു  പോയ സമയത്താണ് അതു സംഭവിച്ചത് . റാം  ഒരു വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണു. ആര്‍ക്കും രക്ഷിക്കാനായില്ല. ബോധം നഷ്ടപ്പെട്ടു വീണ ശ്രൂതി പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ ആണറിഞ്ഞത് അവള്‍ ഗര്‍ഭിണി ആണെന്ന് . അവളെ എനിക്കു സ്വീകരിക്കേണ്ടതായി വന്നു.   കുഞ്ഞിനെ അനാഥനാക്കാതിരിക്കാന്‍ അമ്മ നിര്‍ബ്ബന്ധം പിടിച്ചതുകൊണ്ടാണ് അങ്ങനെ ഒന്നു സംഭവിച്ചത്. അമ്മയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാതിരുന്നാല്‍ അത് എനിക്കു ജന്മം മുഴുവന്‍ ദുഃഖമായിരിക്കും.  ശ്രീറാമിന്റെ ആത്മാവ് എന്നോടു പൊറുക്കില്ല. എന്റെ കുടുംബത്തിന്റെ ചുമടുതാങ്ങിയായി ഞാന്‍ മാത്രമാണിനി. അങ്ങനെയാണ് വിവാഹരെജിസ്റ്ററില്‍ ഒപ്പുവെച്ചു ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായത്. ജീവിതത്തില്‍ ഇപ്പോഴും എനിക്കവളെ ഭാര്യയായി കാണാന്‍ കഴിഞ്ഞിട്ടില്ല. അവള്‍ക്കും അങ്ങനെതന്നെ. എന്നെങ്കിലും ഈ അവസ്ഥ മാറിയേക്കാം . എനിക്കു മുന്നില്‍ മറ്റൊരു മാര്‍ഗ്ഗമില്ലായിരുന്നു  . മിതാലി എന്നെ മറന്നു  കൊള്ളും എന്നും ഞാന്‍ കരുതി .അവള്‍ക്ക് നല്ലൊരു ബന്ധം അവരുടെ ഇടയില്‍ നിന്നു തന്നെ കിട്ടും. എല്ലാം അറിയുമ്പോള്‍ അവള്‍ എന്നോടു പൊറുക്കും . " അല്പനേരത്തെ മൗനത്തിനു ശേഷം  അവന്‍ എഴുന്നേറ്റു യാത്രപോലും പറയാതെ നടന്നു നീങ്ങി .
മിതാലിയോട് എന്തു പറയും എന്നു എനിക്കു നിശ്ചയമുണ്ടായിരുന്നില്ല. ഇനിയും ദിവസങ്ങളുണ്ടല്ലോ. എന്തെങ്കിലും ഒരു  നുണ കണ്ടെത്തണം . അവള്‍ക്ക് ആശ്വാസമേകുന്ന ഒരു വലിയ നുണ. അല്ലെങ്കിൽ വേണ്ട. ഈ സത്യങ്ങൾതന്നെ അവളറിയട്ടെ.  
   .


    .

Tuesday, August 23, 2016

പിറന്നാള്‍ സമ്മാനം - മിനിക്കഥ

സുമിത്ര ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ വാളരെ വൈകിയിരുന്നു. ബോസ് ആകെ ചൂടിലായിരുന്നതുകൊണ്ട് ഒന്നും മിണ്ടാതെ അയാള്‍ പറഞ്ഞ ജോലികള്‍ തീര്‍ത്തുകൊടുത്തു  . ലോക്കല്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ വയ്യാത്ത തിരക്ക്. ഒരുതരത്തില്‍ വീട്ടിലെത്തുമ്പോഴേയ്ക്കും നന്നേ ഇരുട്ടിത്തുടങ്ങി . വിനയനും കുട്ടികളും സന്തോഷമായിരിക്കുന്നുണ്ട്. മക്കള്‍ രണ്ടുപേരും അമ്മയ്ക്കു  പിറന്നാള്‍ സമ്മാനം വാങ്ങിയാണു സ്കൂളില്‍ നിന്നു വന്നതെന്നു വര്‍ണ്ണക്കടലാസുകള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി. സിയ ഓടിവന്ന് അവള്‍  വാങ്ങിയ ബാര്‍ബിപ്പാവയെ കാണിച്ചു തന്നു. സരോദ് അവന്‍ വാങ്ങിയ പുതിയ റിമോട് കണ്‍ട്രോള്‍ ഹെലിക്കോപ്ടറും . അവള്‍ക്ക് ചിരി പൊട്ടിയെങ്കിലും ചിരിക്കാന്‍ പോലും സാവകാശമുണ്ടായിരുന്നില്ല.  ഒരുപാടു ജോലികള്‍ അവളെ കാത്ത് വീടാകെയുണ്ട്. സമ്മാനങ്ങള്‍ അവരെത്തന്നെ ഏല്‍പ്പിച്ച് അവര്‍ക്കോരോ ഉമ്മയും കൊടുത്ത് അവള്‍ ബെഡ് റൂമിലേയ്ക്കു പോയി .
വേഷം മാറി അടുക്കളയിലേയ്ക്കു നടക്കുമ്പോള്‍ അവളോര്‍ത്തു .  പിറന്നാളായിട്ട് വിനയനും കുട്ടികള്‍ക്കും  ഒരു പായസമെങ്കിലും ഉണ്ടാക്കിക്കൊടുക്കാന്‍ ഇനി സമയമില്ല . ഭക്ഷണം ഫ്രിഡ്ജില്‍ നിന്നെടുത്തു ചൂടാക്കാന്‍ വെച്ചു വേഗം മേലുകഴുകി വന്നു. അതു വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍  നിന്ന് എന്തൊക്കെയോ എടുത്തെറിയുന്ന ശബ്ദവും ഉച്ചത്തില്‍ ആക്രോശവും അടിയുടെ ശബ്ദവും  നിലവിളിയും ഒക്കെയായി ആകെ കോലാഹലം . ജോസഫേട്ടന്‍ ഇന്നു നേരത്തെ വന്നുകണും. നന്നായി കുടിച്ചിട്ടാകും വരുന്നത്  . നേരത്തെ വരുന്നദിവസം ഇതു പതിവാണ്. ലിസിച്ചേച്ചിയേയും കുട്ടികളേയും ഒരുപാടുപദ്രവിക്കും. കയ്യില്‍ കിട്ടുന്നതൊക്കെ തല്ലിപ്പൊട്ടിക്കും. കേള്‍ക്കാന്‍ കൊള്ളത്ത ചീത്തവാക്കുകള്‍ കൊണ്ട് അവരെ അഭിഷേകം ചെയ്യും . ഭക്ഷണമൊക്കെ നാനാവിധമാക്കി ഇട്ടിട്ടുപോകും . അവര്‍ അന്നു പട്ടിണിയാകും . ആരെങ്കിലും അങ്ങോട്ടു ചെന്നാല്‍ അവരെയും ചീത്ത പറയും.

ഊണു വിളമ്പുമ്പോള്‍ അവള്‍ക്കാകെ നിരാശ തോന്നി. ആകെ മോരുകറിയും ബീന്‍സ് തോരനും മാത്രമേയുള്ളു. എങ്കിലും വിനയനും കുട്ടികളും സന്തോഷമായി  കഴിച്ചു. വിനയന്‍ കുട്ടികളെ ഹോം വര്‍ക്കൊക്കെ ചെയ്യിച്ചു കിടത്തി ഉറക്കിയപ്പോഴാണ് സുമിത്ര ബാക്കി ജോലികളൊക്കെ കഴിഞ്ഞു വന്നത്.
" ഇന്നു നിന്റെ പിറന്നാളാണെന്ന് എനിക്കറിയാം. പക്ഷേ നിനക്കറിയില്ലേ നമ്മുടെ അവസ്ഥ. എന്റെ ശംബളം കിട്ടിയിട്ട് നാലുമാസം കഴിഞ്ഞു. നിനക്ക് എന്തെങ്കിലും വാങ്ങണമെന്നു കരുതിയിരുന്നതാണ്.  " ബാക്കി പറയാന്‍ അവള്‍ അയാളെ അനുവദിക്കാതെ കൈവിരലുകള്‍ കൊണ്ട്  അയാളുടെ വായ പൊത്തി  . അപ്പുറത്തെ ഫ്ലാറ്റിലെ സാമിന്റെ കരച്ചില്‍ അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. അവന് ഇന്നു കുറെ തല്ലു ഇട്ടിയെന്നു തോന്നുന്നു .
" ദാ നോക്ക്, ലിസിച്ചേച്ചിക്കും മക്കള്‍ക്കും അവസ്ഥ. അവര്‍ക്കു   കിട്ടാത്ത സമാധാനം, സന്തോഷം , സ്ഹ്നേഹം ഒക്കെ  വിനയന്‍ എനിക്കും കുഞ്ഞുങ്ങള്‍ക്കും  തരുന്നില്ലേ. അതിനേക്കാള്‍ വലിയ മറ്റൊരു സമ്മാനവും എനിക്കും മക്കള്‍ക്കും ഈ ജീവിതത്തില്‍  വേണ്ട."
ജാലകത്തിലൂടെ കാണുന്ന ഒരുതുണ്ടാകാശത്ത് മിന്നുന്ന നക്ഷത്രം വിനയന്റെ കണ്ണിലുരുണ്ടുകൂടിയ കണ്ണീര്‍ക്കണങ്ങളെ ഒളിഞ്ഞുനോക്കാതിരിക്കാന്‍ അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു . ഒപ്പം അവളെ തന്നിലേയ്ക്കു ചേര്‍ത്തണച്ചു.  

മിനിക്കഥ

മിനിക്കഥ
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഭി അച്ഛന്റെ തറവാട്ടിലെത്തുന്നത്. അപ്പൂപ്പന്‍ ഇപ്പോഴില്ല. പക്ഷേ പണ്ടു കാലില്‍ ചൂരല്‍ കൊണ്ടടിച്ച പാട് ഇപ്പോഴും ഉണ്ട്. മനസ്സില്‍ വേദനയും . അച്ഛമ്മയ്ക്ക് വലിയ മാറ്റമൊന്നുമ്മില്ല,  കുറച്ചു നര കൂടിയെന്നതൊഴിച്ചാല്‍ .തന്നെ സ്വീകരിക്കാനെന്നവണ്ണം കൊച്ചച്ഛനും അപ്പച്ചിയും കുടുംബസമേതം പടിക്കല്‍ തന്നെയുണ്ട് . എല്ലാവരുടേയും മുഖത്ത് അമിതാഹ്ളാദം വ്യക്തം . അച്ഛമ്മയുടെ കാല്‍തൊട്ടു വന്ദിച്ചു. അ കണ്ണു നനയുന്നുണ്ടെന്നു വ്യക്തം  . അച്ചന്‍ അവിടെയെങ്ങും ഇല്ലെന്നു തോന്നി. ചിറ്റമ്മയും മക്കളും ഉണ്ട് . ചുറ്റും നോക്കുന്ന കണ്ടിട്ടാവാം അപ്പച്ചി പറഞ്ഞു
"രാജന്‍ ചേട്ടന്‍ പറമ്പിലേയ്ക്കു പോയതാ , അഭിക്കു കുടിക്കാന്‍ കരിക്കിടാന്‍ "
പിന്നെ ഓരോരുത്തരും വിശേഷങ്ങള്‍ ചോദിക്കലും തിരക്കും, എല്ലാവര്‍ക്കും എന്തോ ഉത്സവം കൂടുന്ന സന്തോഷത്തിലാണ്.

അഭിക്ക് ഈ വീടും പരിസരവും ഇവിടുള്ളവരും ഒന്നും ഒട്ടും സന്തോഷം തരുനാ ഓര്മ്മകളായിരുന്നില്ല. മറിച്ച് തീരാദുഃഖങ്ങള്‍ സമ്മാനിച്ച ഇന്നലെകളായിരുന്നു ആ വീട്ടില്‍ കഴിഞ്ഞപതിനഞ്ചു വര്‍ഷങ്ങള്‍ . അമ്മയെ ഇവിടെയെല്ലാവരും ചേര്‍ന്നു ദ്രോഹിച്ചത് നിസ്സഹായനായി നോക്കി നില്ക്കാനേ കുഞ്ഞഭിക്കു കഴിഞ്ഞിരുന്നുള്ളു. അഭി ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്മ ആത്മഹത്യ ചെയ്തത്. പക്ഷേ എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛമ്മ കൊന്നതാണെന്ന്. അച്ഛമ്മ ആഗ്രഹിച്ച സ്ത്രീധനം അമ്മയുടെ വീട്ടില്‍ നിന്നു കൊടുത്തിരുന്നില്ലത്രേ . പിന്നെ മൂത്ത മകനെ തട്ടിയെടുക്കാന്‍ വന്നവള്‍ എന്ന സ്പര്‍ദ്ധയും . അമ്മയുടെ മരണശേഷം അഭിയുടെ ജീവിതവും നരകമായിരുന്നു . ദ്രോഹിക്കാത്തവ്ര്‍ ആരുമുണ്ടായിരുന്നില്ല . ചിറ്റമ്മ വന്നപ്പോള്‍ ദുരിതം ഇരട്ടിച്ചു. ഭക്ഷണം കൊടുക്കാന്‍ ആരുമില്ല. അച്ഛന്‍ അഭിയെ ഏതാണ്ട് ഉപേക്ഷിച്ചു . ചിറ്റപ്പനും അപ്പച്ചിയും ഒക്കെ കാരണമില്ലാതെ അവനെ വെറുത്തു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയത്ത് അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ദയ തോന്നി ബോംബെയ്ക്കു കൊണ്ടുപോയി . അവിടെ ചെറിയ ജോലി ചെയ്ത് വൈകുന്നേരം പഠനത്തിനു ചേര്‍ന്ന് അഭി വളര്‍ന്നു . പഠിപ്പിനൊപ്പം ഉയര്‍ന്ന ഉദ്യോഗങ്ങളും ലഭിച്ചുകൊണ്ടിരുന്നു. പത്തുകൊല്ലം കൊണ്ട് അഭി ഒരുപാടൊരുപാടു വളര്‍ന്നു. അപ്പോള്‍ മാത്രമാണ് അച്ഛനെ വിളിക്കാന്‍ തോന്നിയത്. കാണണമെന്ന് കരഞ്ഞുകൊണ്ടാണ് അച്ഛന്‍ പറഞ്ഞത്. വരാമെന്നു വാക്കും കൊടുത്തു .

സംസാരത്തിന്റെ തിരക്കു കഴിഞ്ഞപ്പോള്‍ എല്ലാവരും ഭക്ഷണം വിളമ്പുന്ന തിരക്കിലായി . ഊണുമേശ നിറയെ വിഭവങ്ങള്‍ . കേമപ്പെട്ടൊരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. വിള്മ്പുന്നതിനിടയില്‍ അഭിക്കതിഷ്ടമാണ്, ഇതിഷ്ടമാണ് എന്നൊക്കെ അവര്‍ പറയുന്നതുകേട്ട് അവനല്പം അമ്പരപ്പു തോന്നി. ഇവരൊക്കെ തന്റെ ഇഷ്ടങ്ങള്‍ എന്നാണറിഞ്ഞത്!

അപ്പോഴേയ്ക്കും അച്ഛനെത്തി . തന്റെ ആദ്യത്തെ കണ്‍മണി. അയാള്‍ അവനെ തൊട്ടു, തലോടി, കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"അച്ഛാ, ഞാനീ ഇളനീര്‍ കുടിക്കട്ടെ. നല്ല ദാഹമുണ്ട് . "
കൊണ്ടുവന്ന മൂന്നിളനീരും അഭി കുടിച്ചു , ഒരു ജന്മത്തിലെ മുഴുവന്‍ ദാഹമകറ്റാനെന്നവണ്ണം .
അപ്പോഴേയ്ക്കും എല്ലാവരും ഊണുകഴിക്കാന്‍ നിര്‍ബ്ബന്ധം തുടങ്ങിയിരുന്നു.
അഭി എല്ലാവരോടുമായി പറഞ്ഞു
" ഞനിവിടെ കഴിഞ്ഞിരുന്ന കാലത്ത് ജോലിയെടുപ്പിക്കയല്ലാതെ ആരുമെനിക്കു ഭക്ഷണം തരുന്ന കാര്യം ഓര്‍ത്തിരുന്നില്ല. സ്കൂളില്‍ പോകാന്‍ പുസ്തകങ്ങളോ നല്ല ഉടുപ്പോ ഉണ്ടായിരുന്നില്ല.  ഒരു കുട്ടിയാണെന്ന ദയയോ അമ്മയില്ലെന്ന സഹതാപമോ എന്നോടാരും കാട്ടിയതുമില്ല. ഇങ്ങോട്ടു വരുമ്പോഴും ഞാനതൊന്നും പ്രതീക്ഷിച്ചുമില്ല . ഇപ്പോള്‍ എനിക്കെല്ലാമുണ്ട് . ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ഉന്നത ഉദ്യോഗവും സമ്പത്തുമുണ്ട് . എനിക്കാവശ്യമുള്ലപ്പോള്‍ നിങ്ങള്‍ നിഷേധിച്ചതൊന്നും ആവശ്യമില്ലാത്ത ഈ സമയത്ത് എനിക്കു വേണ്ട.  അച്ഛന്റെ വിയര്‍പ്പിന്റെ ഫലമാണ് ഞാന്‍ കുടിച്ച ഇളനീര്‍ . അതുമാത്രം മതി എനിക്കു തൃപ്തി കിട്ടാന്‍ . എല്ലാവരും എന്നോടു ക്ഷമിക്കുക. "
അച്ഛനെ ഒന്നുകൂടി കെട്ടിപ്പുണര്‍ന്ന് ഉമ്മകൊടുത്ത് അഭി കാറില്‍ കയറുമ്പോള്‍ അയാള്‍  കരയുകയയിരുന്നില്ല.  കരയാന്‍ അയാള്‍ക്കൊരു മനസ്സ് ഉണ്ടായിരുന്നില്ല . അതയാള്‍ ഭദ്രമായി തന്റെ മകനെ ഏല്‍പ്പിച്ചിരുന്നു.

Wednesday, August 17, 2016

നമ്മുടെ കവികള്‍ 25 - ഡോ ചെറിയാന്‍ കുനിയന്തോടത്ത്.

നമ്മുടെ കവികള്‍ 25 - ഡോ ചെറിയാന്‍ കുനിയന്തോടത്ത്.


ഇന്നത്തെ നമ്മുടെ കവി എന്തുകൊണ്ടും വ്യത്യസ്തനായൊരു മഹദ് വ്യക്തിയാണ് .മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതിയിട്ടുള്ള സി.എം.ഐ സഭാവൈദികനുംപ്രമുഖ വിദ്യാഭ്യാസ ശാസ്‌ത്രജ്ഞനും സാഹിത്യകാരനും സര്‍വ്വോപരി ഗാനരചയിതാവുമായ   ഡോ. ചെറിയാൻ കുനിയന്തോടത്താണ് ആ കവിശ്രേഷ്ഠന്‍ .
1945 ഫെബ്രുവരി 15ന് എറണാകുളം നോർത്ത് പറവൂർ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടിൽ ആണ് അദ്ദേഹത്തിന്റെ ജനനം . തേവര എസ്സ് എച്ച് കോളേജ്, എറണാകുളം മഹാരാജ് കോളേജ് എന്നിവിടങ്ങളിലെ ഔപചാരികവിദ്യാഭ്യാസത്തിനുപുറമേ ബാംഗ്ലൂര്‍ ആത്മാരാം കോളേജില്‍ നിന്നുള്ള ആത്മീയപഠനവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .   1975ൽ സി.എം.ഐ സഭാവൈദികനായി.1980-ൽ കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതത്തില്‍ കടന്നു .  ആ കലായലത്തിലെ സേവനത്തിനിടയില്‍ മലയാളവിഭാഗം തലവനായും വൈസ് പ്രിന്‍സിപ്പലയാലും അദ്ദേഹം പ്രവര്‍ത്തിച്ചു. 30 വര്‍ഷക്കാലം കുടുംബദീപം മാസികയുടെ ചീഫ് എഡിറ്റര്‍ ആയും തേവര  എസ്സ് എച്ച് കോളേജിന്റെ മാനേജരായും ജനതാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറായും  അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. പക്ഷേ ഏറ്റവും തിളക്കമാര്‍ന്നൊരു സാഹിത്യജീവിതമാണ് ഈ വൈദികന്റേതെന്ന് നിസ്സംശയം പറയാം . ക്രിസ്തീയഭകതിഗാനങ്ങളിലൂടെയും കവിതകളിലൂടെയും അനുവാചകഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയെന്നത് അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിനും ഒരു പോന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊടുക്കുന്നു. . 

സെമിനാരിയിൽ പഠിക്കുന്ന കാലത്ത് എഴുതിയ 'നിണമണിഞ്ഞ കപോരം' ആണ് ആദ്യ കാവ്യരചന. ഇതിനോടകം എഴുന്നൂറിലധികം സി. ഡി. കളും കാസറ്റുകളും കുനിയന്തോടത്തച്ചൻേറതായി പുറത്തിറങ്ങിയിട്ടുണ്ട്. 37,000ത്തിലധികം  ഗാനങ്ങള്‍ എഴുതിയിട്ടുള്ള ഫാ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത് ഗിന്നസ് റെക്കോഡിലേയ്ക്കുള്ള യാത്രയിലാണ്. രാഗമാണിക്യം, തോജോമയൻ(മഹാകാവ്യം),ചിന്താവിനോദം , കമാനം ,  അപൂര്‍വ്വ സുന്ദരമലയാളം എന്ന ഭാഷാശാസ്ത്രഗ്രന്ഥം  ഇവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍ .കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം, കെ.സി.ബി.സി അവാർഡ്, അക്ഷരസൂര്യ അവാർഡ് ഇങ്ങനെ പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട് .

ചാവറയച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖാപിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ ഡോ. ചെറിയാന്‍ കുനിയന്തോടത്തിന്റെ  'കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍' എന്ന ഗാനം വിശുദ്ധ നാമകരണ ഗീതമായി ആലപിക്കുന്നത്. 1986ല്‍ ചാവറയച്ചനെയും അല്‍ഫോണ്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിലും കുനിയന്തോടത്തച്ചന്റെ ഗാനം ആലപിച്ചിരുന്നു.
''കേരളസഭയുടെ ദീപങ്ങള്‍, വിശുദ്ധ ചാവറ നിസ്തുല താതന്‍ വിശുദ്ധയാകും ഏവുപ്രാസ്യ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത് .

ആദ്ദേഹത്തിന്റെ ചില രചനകളിലൂടെ ..
.
സ്വര്‍ഗത്തിലേക്ക് ഒരു സന്തോഷയാത്ര (കവിത)
ഡോ. ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ.
===================
മാനത്തൊരായിരം വാനദൂതര്‍
മാണിക്യവീണകള്‍ മീട്ടിനിന്നു,
മേഘങ്ങളായിരം നിന്നൂ ചുറ്റും
മാലാഖമാരെപ്പോലെങ്ങോ ദൂരെ!
പൂന്തിങ്കള്‍ പുഞ്ചിരിതൂകീ നീളേ,
പൂത്താലംപോലതുമിന്നീ വാനില്‍!
പൂമുല്ലജാലം വിടര്‍ന്നീടുംപോല്‍
പൂന്താരജാലം തിളങ്ങീ താനേ!
പുല്ലാങ്കുഴല്‍ഗീതി കേട്ടൂ ദൂരെ,
പൂന്തെന്നല്‍ ശീതളസ്പര്‍ശം നല്കീ!
പൂവിണ്ണിലേക്കതാ കന്യാമാത
പൂവൊളിതൂകിയുയര്‍ന്നു ചാലേ!
എത്രയോ സുന്ദരമാണാ മുഖം,
എത്ര മനോഹരമാണാ നേരം!
എത്ര വിശിഷ്ടമാം ദൃശ്യം, താഴെ
എത്രയോ പൂക്കല്‍ വിടര്‍ന്നീടുന്നു!
സ്വര്‍ഗം തുറക്കുകയായീ താനേ
സ്വപ്നം വിടര്‍ന്നീടുംപോല്‍ തോന്നി!
സര്‍വപ്രപഞ്ചവും മൂകം, അമ്മ
സ്വര്‍ഗീയരാജ്ഞിയായ് വാഴുന്നേരം!
വിസ്മയ താരകജാലം തൂകി
സുസ്മിത സൂനഗണങ്ങള്‍ താഴെ!
സുസ്മേര സുന്ദരവാനം നേരില്‍,
വിസ്മൃതി പുല്കിയുറങ്ങീ മന്ദം!
മോക്ഷകവാടത്തിലെങ്ങും മോദം
നക്ഷത്രമാല്യങ്ങള്‍ തീര്‍ക്കുന്നേരം!
പക്ഷികളെങ്ങും പറക്കുംപോലെ
അക്ഷികള്‍ ചുററിക്കറങ്ങീടുന്നു!
ഗോളങ്ങളെത്രയോ കോടി ദീപ
നാളങ്ങള്‍ നീട്ടുന്നു നീളേ വാനില്‍!
നീളുന്ന രാത്രിയെന്നല്ലോ തോന്നും,
താളത്തിലാശകള്‍ പൂക്കുന്നേരം!
മേളങ്ങളോടൊപ്പമല്ലോ വാനില്‍
മാലാഖമാര്‍ വന്നു നിന്നൂ നീളേ!
മേലേയാ സ്വര്‍ഗതലത്തില്‍ സ്വപ്ന
മാലകള്‍ കോര്‍ത്തല്ലോ ദൂതര്‍ മോദാല്‍!
സാകല്യമാര്‍ന്നല്ലോ സ്വര്‍ഗീയാംബ,
സാഫല്യമെങ്ങും പകര്‍ന്നുവല്ലോ!
സന്തോഷചിത്തരായ് ഭൂവില്‍ മര്‍ത്യര്‍
സ്വര്‍ഗീയസംഗീതമെങ്ങും പൂര്‍ണം!

ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

അലക്കുകാരിയാകുവാനായിരുന്നു
എന്റെ വിധി
മുഷിഞ്ഞ വസ്ത്രങ്ങൾ
ഞാൻ വെളുപ്പിപ്പുകൊടുത്തു
അമാന്യരെ ഞാൻ മാന്യരാക്കി
അഴുക്കു ഞാൻ
ഒഴുക്കിവിട്ടു
സമൂഹത്തിന്റെ ഇരുണ്ടമുഖം
വെളുത്തത്താക്കി
ചിന്തകൾ ഞാൻ നിങ്ങൾക്കുവിടുന്നു-
എങ്ങനെയായിരുന്നു?
എങ്ങനെയായി?
എങ്ങനെയാകും?

.
അവസരങ്ങള്‍ -
ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
.
ചോറന്വേഷിച്ചു പോയപ്പോള്‍
എനിക്കു തലച്ചോറു കിട്ടി .
തല അന്വേഷിച്ചു പോയപ്പോള്‍
എനിക്കു കോന്തല കിട്ടി
താടി അന്വേഷിച്ചു പോയപ്പോള്‍
അപ്പൂപ്പന്‍ താടി കിട്ടി .
മുടി അന്വേഷിച്ചു പോയപ്പോള്‍
കൊടുമുടി മിട്ടി
വില്ലന്വേഷിച്ചു പോയപ്പോള്‍
മഴവില്ലു കിട്ടി.
വെള്ളി നോക്കി നിന്നപ്പോള്‍
ദുഃഖവെള്ളി കണ്ടു
പട്ടം വാങ്ങാന്‍ പോയപ്പോള്‍
നെറ്റിപ്പട്ടവുമായി തിരിച്ചു വന്നു
മൗലികന്‍ വ്യാജനായിത്തീരുന്ന
അവസരങ്ങള്‍ ധാരാളം

https://www.youtube.com/watch?v=pBayP9a63Fw

Friday, August 12, 2016

നിന്‍ മൊഴി തേന്‍മൊഴി ( ഷേക്സ്പിയര്‍ )

മഴയോടു പ്രണയമെന്നോതുമ്പോഴും നീ
മഴയത്തു കുടനീര്‍ത്തി നില്‍ക്കുന്നതെന്തേ..
സൂര്യനെ സ്നേഹിക്കുന്നെന്നു ചൊല്ലുമ്പോഴും
ഒരു കരിപ്പുള്ളി നീ തിരയുന്നതെന്തേ..
കാറ്റിനെ പ്രിയമെന്നു മൊഴിയുന്നുവെങ്കിലും 
വീശുകില്‍  ജാലകവാതിലടയ്ക്കുന്നു..
അതിനാല്‍ ഭയക്കുന്നു നിന്‍ വാക്കു കേള്‍ക്കുമ്പോള്‍
പ്രണയമാണെന്നു നീ എന്നോടു പറയവേ ...Thursday, August 11, 2016

ഓണപ്പാട്ട് 2

പൊന്‍വെയില്‍ വന്നു പറഞ്ഞുവല്ലോ പൊ-
ന്നോണം വരുന്നെന്ന വൃത്താന്തം
കുന്നും മലയും വയലും പുഴകളും
കോടിയുടുപ്പുമണിഞ്ഞുവല്ലോ 

പൂവേ പൊലി പൂവേ,...... പൂവേ  പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ  പൊലി പൂവേ

ആലിന്റെ തുഞ്ചത്തൊരൂഞ്ഞാലകെട്ടിയി-
ട്ടാടിക്കളിക്കുന്നൊരോണത്തുമ്പീ
ആക്കയ്യിലീക്കയ്യിലമ്മാനമ്മടീട്ടൊ-
രമ്പിളിക്കുഞ്ഞിനെ കൊണ്ടരുമോ

പൂവേ പൊലി പൂവേ,...... പൂവേ  പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ  പൊലി പൂവേ

പൂക്കളം തീര്‍ക്കുവാന്‍ പൂക്കളിറുക്കണം
കൂടെ വന്നീടുമോ പൂങ്കാറ്റേ
ഉപ്പേരി, പപ്പടം , പായസം കൂട്ടി
നിനക്കു ഞാന്‍ നല്‍കിടാമോണസദ്യ 

പൂവേ പൊലി പൂവേ,...... പൂവേ  പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ  പൊലി പൂവേ
 


Wednesday, August 10, 2016

ഓണപ്പാട്ട് 1

ആരാരോ വന്നു ചൊല്ലിയല്ലോ പൊ-
ന്നോണം വരുന്നെന്ന വര്‍ത്താനം
ചൊല്ലിയതോമല്‍ക്കിനാവോ കാറ്റോ
മുറ്റത്തു വന്നു ചിരിച്ചൊരു തുമ്പയോ
ആരാരോ... ആരാരോ.. (ആരാരോ വന്നു ചൊല്ലിയല്ലോ... )

പൂവാങ്കുറുന്നില പൂമണിമൊട്ടിട്ടു
പൊന്നോണപ്പാട്ടു പാടിടുന്നു
മുക്കുറ്റി മഞ്ഞപ്പുടവയും ചുറ്റിവ-
ന്നോണവില്ലൊന്നു കുലച്ചിടുന്നു 
ആരാരോ... ആരാരോ.. (ആരാരോ വന്നു ചൊല്ലിയല്ലോ... )

അമ്മിണിക്കുഞ്ഞിനു പൊന്നോണക്കോടിയൊ-
ന്നാരോ കൊടുത്തയച്ചീവഴിയില്‍
അമ്പിളിമാമനോ നക്ഷത്രക്കൂട്ടമോ
മാവേലിത്തമ്പുരാന്‍തന്നെയാണോ..
ആരാരോ... ആരാരോ.. (ആരാരോ വന്നു ചൊല്ലിയല്ലോ... )

Tuesday, August 9, 2016

നമ്മുടെ കവികള്‍ -24 / ടി പി രാജീവന്‍നമ്മുടെ കവികള്‍ -24 / ടി പി രാജീവന്‍
----------------------------------------------------
മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് തച്ചം പൊയിൽ രാജീവൻ  എന്ന  ടി.പി. രാജീവൻ.1959 ജൂണ്‍ 28 ന്  തച്ചം പൊയില്‍ രാഘവന്‍ നായരുടേയും ദേവിയമ്മയുടേയും മകനായി   കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴയോരത്തുളള ഉള്‍ഗ്രാമമായ  പാലേരിയിലാണ് ജനനം . മറ്റാണ്‍കുട്ടികള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ കുട്ടിക്കാലം ഏതാണ്ട് ഏകാന്തതയിലാണു കഴിച്ചു കൂട്ടിയത്. ധാരാളം സ്ത്രീകളുടെ ഇടയില്‍ അവരുടെ യക്ഷിക്കഥകള്‍ കേട്ടു വളര്‍ന്ന  ബാല്യകാലം അദ്ദേഹത്തിനു അനാവശ്യ ഭയവും അസ്വാതന്ത്ര്യവും ആണു സമ്മാനിച്ചിരുന്നത് . അമ്പലവും വിശ്വാസങ്ങളും ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും ആ ബാലമനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു . കോഴിക്കേട്ടേയ്ക്കുള്ള ജീവിതത്തിന്റെ പറിച്ചു നടല്‍ സ്വാതന്ത്രം നല്‍കി . പിന്നീട് ഡല്‍ഹിയിലേയ്ക്കുള്ള യാത്ര വിശാലമായ ലോകത്തെ മുന്നില്‍ തുറന്നു വെയ്ക്കുകയും ചെയ്തു .

  .ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' എന്ന ഇംഗ്ലീഷ് പത്രത്തിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവൻറെതായി മൂന്നു കവിതാ  സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്. ശ്രീമതി പി ആര്‍  സാധനയാണ് സഹധര്‍മ്മിണി.ശ്രീദേവി, പാര്‍വ്വതി എന്നീ  രണ്ടു പെണ്‍മക്കളും ഈ ദമ്പതികള്‍ക്കുണ്ട് .

വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. കുട്ടിക്കാലത്ത്  തന്റെയുള്ളിലുറഞ്ഞുകൂടിയ ഏകാന്തതയുടെ  ഇരുട്ടിനെ തള്ളിമാറ്റുന്നതിനുളള ഒരുപാധിയായാണ് അദ്ദേഹം തെന്റെ കവിതയെഴുത്തിനെ വിശേഷിപ്പിക്കുന്നത് . തന്നോടു തന്നെയും ചുറ്റുമുള്ള പക്ഷിമൃഗാദികളോടും അദ്ദേഹം സംസാരിക്കുമായിരുന്നു . ആശയാവിഷ്കാരത്തിന് ഈ സംസാരം അദ്ദേഹത്തെ ഏറെ സഹായിച്ചിരുന്നു എന്നു വേണം  പറയാന്‍ . അമീബ മുതല്‍ ആമയും മുയലും ഉറുമ്പും ഒക്കെ അദ്ദേഹത്തിന്റെ കവിതകളിലുണ്ട് . വായനക്കാരന്റെ ഹൃദയത്തില്‍ വേലിക്കെട്ടുകളില്ലാതെ കടന്നു കയറുന്ന കവിതകളാണ് ഇവയെല്ലാം എന്നതാണ് അദ്ദേഹത്തിന്റെ രചയുടെ വൈഭവം .താനാദ്യം എഴുതിയ ഒരു പ്രണയകവിത വായിച്ച് അതില്‍ നിറയെ തെറ്റുകളുണ്ടെന്നു പറഞ്ഞത് സ്വന്തം പിതാവായിരുന്നു. കവിതയെഴുത്തിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ പ്രേരിപ്പിച്ചത് ഈ സത്യസന്ധമായ വിമര്‍ശനമായിരുന്നു എന്നദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.  .

യുവകവികൾക്യ്കായുള്ള   വി.ടി.കുമാരൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008ലെ ലെടിഗ് ഹൌസ് ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവലിന് 2014 ലെ  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയുണ്ടായി. കൂടാതെ  മദ്രാസ് മലയാളി സമാജം പുരസ്കാരവും കെ. സുരേന്ദ്രന്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി .  വാതിൽ,  രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം എന്നിവ പ്രധാന കവിതാസമാഹാരങ്ങൾ.  കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തന്റെ പ്രസിദ്ധമായ 'കണ്ണകി' എന്ന കവിത ഇംഗ്ലീഷിലാണ് ആദ്യം പ്രസിദ്ധീകരിച്ചത് .

തച്ചംപൊയില്‍ രാജീവന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ കവിതകള്‍ The Promise of the Rest (UK), The Midnight's Grandchildren (Macedonia), The Green Dragon (South Africa), Bruised Memories (India) The Brink: Postmodern Poetry (India). എന്നീ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. Yaksha എന്ന കവിതാസമാഹാരം അമേരിക്കയില്‍ നിന്നു പ്രസാധനം ചെയ്യാന്‍ ഒരുങ്ങുന്നുമുണ്ട് .പുറപ്പെട്ട് പോകുന്ന വാക്ക് (യാത്രാവിവരണം), അതേ ആകാശം അതേ ഭൂമി(യാത്രാവിവരണം) എന്നിവയും അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ കൃതികള്‍ .'പാലേരിമാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവല്‍ സിനിമയാക്കിയപ്പോഴും ഏറെ ജനപ്രീതി നേടിയിരുന്നു . Undying Echoes of Silence എന്ന പേരില്‍ ഇത് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവല്‍ ആണ് ശ്രീ രഞ്ജിത് 'ഞാന്‍' എന്ന പേരില്‍ ചലച്ചിത്രം ആക്കിയത്.     ദേശീയവും സാര്‍വ്വദേശീയവുമായ നിരവധി കാവ്യോത്സവങ്ങളിലും സാഹിത്യപരിപാടികളിലും രാജീവന്‍ സംബന്ധിച്ചിട്ടുണ്ട്‌. യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌സിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റിങ്‌ പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട്‌. കേരളത്തില്‍നിന്നുള്ള Monsoon Editions എന്ന പ്രസാധനകേന്ദത്തിന്റെ ഡയറക്ടര്‍കൂടിയാണ്‌.

ദസ്തയെവിസ്കി തന്നെ സ്വാധീനിച്ച എഴുത്തുകാരനെന്നു അദ്ദേഹം പറയുന്നു. മലയാളത്തില്‍ ഉറൂബും .സുന്ദരികളും സുന്ദരന്മാരുമാണ് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം . ഇതര ഇന്ത്യന്‍ സാഹിത്യത്തില്‍ താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം  ഓർമ്മ നില്‍ക്കുന്ന വായനയാണ് എന്നദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ചില കവിതകളിലൂടെ
.


വിരുന്ന് /ടി പി രാജീവന്‍ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.
ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.
ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.
ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.
കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?
വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.
----------------------------------------------
.
ഭൂതം / ടി പി രാജീവന്‍

സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.
സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത്‌ തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------
 .
ശിക്ഷ / ടി പി രാജീവന്‍

ഒടുവില്‍ എന്നെ
എന്നിലേയ്ക്കുതന്നെ
നാടുകടത്താന്‍
ഞാന്‍ തീരുമാനിച്ചു.
ഞാന്‍
ഒരു രാജ്യമായിരുന്നെങ്കില്‍
ആ രാജ്യത്തിനെതിരെ
ഞാന്‍ നടത്തിയ
ഗൂഢാലോചനകള്‍
അട്ടിമറിശ്രമങ്ങള്‍
കലാപങ്ങള്‍
എല്ലാം പരിഗണിക്കുമ്പോള്‍
ഇതിലും കുറഞ്ഞൊരു ശിക്ഷ
എനിക്കുപോലും വിധിക്കാന്‍ കഴിയില്ല,
എനിക്കെതിരെ.
ജനിക്കുന്നതിനു മുമ്പുതന്നെ
എനിക്കു ഭാര്യയും
മക്കളുമുണ്ടായിരുന്നു.
എത്ര ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്താലും
തീരാത്ത പാപങ്ങളും കടങ്ങളും
ചങ്ങമ്പുഴയോ ഷെല്ലിയോ
കീറ്റ്സോ ആയിരുന്നു ഞാനെങ്കില്‍
ജനിക്കുന്നതിനുമുമ്പുതന്നെ
ക്ഷയരോഗം വന്നോ
ബോട്ടപകടത്തില്‍പ്പെട്ടോ
മരിക്കേണ്ടവനായിരുന്നു ഞാന്‍.
പോയ നൂറ്റാണ്ടിന്റെ
ആദ്യപകുതിയിലോ
അതിനുമുമ്പത്തെ
ഏതെങ്കിലും നൂറ്റാണ്ടിന്റെ
അവസാനത്തിലോ ആയിരുന്നു
എന്റെ ജനനമെങ്കില്‍
കലിംഗ
കുരിശ്
പ്ലാസി
ശിപായി
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍
ഇവയിലേതിലെങ്കിലും
കൊല്ലപ്പെടുമായിരുന്നു ഞാന്‍.
ഞാന്‍
ഒരു ദ്വീപോ
മരുഭൂമിയോ ആയിരുന്നെങ്കില്‍
എന്നെപ്പോലെ
ഒരു കുറ്റവാളിയെ തുറന്നുവിടാന്‍
എന്നെക്കാള്‍ ഏകാന്തവും
തണുത്തുറഞ്ഞതും
ചുട്ടുപൊള്ളുന്നതുമായ ഒരിടം
വേറെയില്ല.
.
മദിരാശി മെയിൽ
ടി.പി. രാജീവൻ
==========================
നട്ടുച്ച, നിളയ്ക്ക് വായ്ക്കരിയിട്ടു
നോക്കുകുത്തികളോട് വഴി ചോദിച്ചു
മാവും പിലാവും ആലും കാഞ്ഞിരവും
കാക്കയും തത്തയും ചെമ്പോത്തും
അണ്ണാനും ചേരയും ശംഖുവരയനും
കീരിയും കുറുക്കനും
ഒളിച്ചുകളിക്കുന്ന ‘കുരുടക്കുന്നിൽ’
വാക്കിന്‍റെ കൂട്ടു കാണാൻ പോയി.
ചെത്തിത്തേക്കാത്ത അക്ഷരങ്ങൾ
പടുത്തുണ്ടാക്കിയ തറവാടിന്‍റെ ഉമ്മറത്ത്
മാമാങ്കത്തിൽ മരിച്ച ചാവേറിന്‍റെ
അസ്ഥികൂടത്തെ ഓർമിപ്പിക്കുന്ന
ചാരുകസേരയിൽ
ചുമച്ച് കട്ടപ്പുക തുപ്പി
ഇരിക്കുന്നുണ്ടായിരുന്നു.
എന്നോ പുറപ്പെട്ട്, പട്ടാമ്പി
ഷോർണൂർ ഒലവക്കോട് കോയമ്പത്തൂർ
ഈറോഡ് സേലം ആർക്കോണം
ആർക്കോണം സേലം ഈറോഡ്
കോയമ്പത്തൂർ ഒലവക്കോട് ഷൊർണൂർ
പട്ടാമ്പിവഴി എത്രയോ തവണ അലഞ്ഞു
വെയിലും മഞ്ഞും മഴയുമേറ്റ്
കരിയിലും പൊടിയിലും കുളിച്ച്
കുറ്റിപ്പുറത്തുതന്നെ തിരിച്ചെത്തിയ
പഴയ മദിരാശി മെയിൽ.
കുന്നുകളുടെ മറവിക്കപ്പുറം
പുഴയുടെ ഓർമയ്ക്കപ്പുറം
പനയോലകൾ പച്ചക്കൊടി വീശുന്നതും
മുളങ്കാടുകൾ ചൂളം വിളിക്കുന്നതും
തെങ്ങുകളും കവുങ്ങുകളും വയലുകളും
പിന്നോട്ട് ഓടിമറയുന്നതും ശ്രദ്ധിച്ച്,
പണ്ട് നാട്ടെഴുത്തച്ഛൻ
വിരൽ പിടിച്ച് മണലിൽ എഴുതിച്ച
“ഴ” പോലെ.

Thursday, August 4, 2016

വിസ്മയലോകം ഈ 'കടല്‍ വിസ്മയങ്ങള്‍ '

വിസ്മയലോകം ഈ 'കടല്‍ വിസ്മയങ്ങള്‍ '
==================

കടല്‍ എന്നും നമുക്കു വിസ്മയമാണ്. വിസ്തൃതവും അഗാധവുമായ മഹാസമുദ്രങ്ങള്‍ അത്രത്തോളം  വ്യാപ്തിയില്‍ നിഗൂഢതകള്‍  ഒളിപ്പിച്ചു വെയ്ക്കുന്നതുമാണ്. കടലിനേക്കുറിച്ചുള്ള ഏതറിവും നമുക്കു വീണ്ടും വിസ്മയത്തിന്റെ ലോകത്തേയ്ക്കു ജിജ്ഞാസ വളര്‍ത്തുന്നതുമാണ് . കടല്‍ പോലെ തന്നെ വിസ്മയങ്ങളുടെ കലവറ നമുക്കുമുന്നില്‍ തുറന്നു വെയ്ക്കുന്ന മനോഹരമായ ശാസ്ത്രഗ്രന്ഥമാണ്  ശ്രീ കെ ആര്‍ നാരായണന്റെ 'കടല്‍ വിസ്മയങ്ങള്‍'. .

 കടലിനേക്കുറിച്ച് എന്തെങ്കിലും എഴുതണമെങ്കില്‍ കടലോളം തന്നെ അറിവും വേണ്ടതാണ്. ഈ അറിവുകള്‍ സ്വായത്തമാക്കണമെങ്കില്‍ ശാസ്ത്രീയമായ പഠനത്തോടൊപ്പം അനുഭവങ്ങളുടെ നിധിശേഖരം തന്നെ കയ്യിലുണ്ടാവണം.  അമ്പത്തി അഞ്ചോളം വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കണ്ടു മനസ്സിലാക്കിയ കടലിന്റെ അത്ഭുതകരങ്ങളായ സ്വഭാവ വിശേഷങ്ങളെയും അതിലെ ജീവജാലങ്ങളെയും, സമുദ്രങ്ങള്‍ നേരിടുന്ന ആപത്തുകളെയും, മറ്റുമാണ് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.സാധാരണക്കാരുടെ അറിവിന്റെ പരിധിയില്‍  പെടാത്ത വിചിത്രലോകത്തെതുറന്നു വെച്ചിരിക്കുകയാണ്ഈ പുസ്തകത്തില്‍ .ഒരു ചെറിയ ശംഖു ചെവിയില്‍ വെയ്ക്കുമ്പോള്‍ കേള്‍ക്കുന്ന കടലിരമ്പത്തേക്കാള്‍ ഗഹനമായ അറിവിന്റെ ഇരമ്പലുകള്‍ നമുക്കീ ചെറിയ ഗ്രന്ഥത്തിലൂടെ കാതോര്‍ക്കാം .

ഇതൊരു ശാസ്ത്രഗ്രന്ഥമാണെങ്കില്‍ കൂടി അവതരണത്തിലെ ഉദ്വേഗപൂര്‍ണ്ണമായ  ആകര്‍ഷണീയതയും ഭാഷാവിഷ്കാരത്തിലെ ലളിത്യവും ഏതൊരു വായനക്കാരനേയും ഈ പുസ്തകവായന സവിശേഷമായൊരനുഭവത്തിലേയ്ക്കു കൊണ്ടെത്തിക്കും. വെറും കൗതുകപൂരണത്തിനു മാത്രമല്ല. വേണമെങ്കില്‍ ഗവേഷകര്‍ക്ക് ഉപയുക്തമാക്കാവുന്ന വിജ്ഞാനഗ്രന്ഥമായും 'കടല്‍ വിസ്മയങ്ങള്‍' വിരാജിക്കുന്നു. പതിനഞ്ച് അദ്ധ്യായങ്ങളിലായി ഗ്രന്ഥകാരന്‍ നമുക്കു മുന്നില്‍ തുറന്നു വെയ്ക്കുന്ന അറിവിന്റെ ഖനി അത്ര വിപുലമാണ്, അത്രത്തോളം തന്നെ വസ്തുതാപരവുമാണ്. വായനക്കാരനെ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയിലേയ്ക്ക് ഇതിലെ ഓരോ വരികളും കൈ പിടിച്ചു നടത്തുന്നു. സമുദ്രവും അതിലെ അത്ഭുതങ്ങളും എന്നും മനുഷ്യന്റെ വിസ്മയമായ കടല്‍ ജീവികളായ മുത്ത്, പവിഴം, ശംഖ്, ചെമ്മീന്‍, കടല്‍ നക്ഷത്രങ്ങള്‍, കടല്‍ക്കുതിര, തിമിംഗലം, ജെല്ലിഫിഷ്, നീരാളി എന്നിവയെക്കുറിച്ചൊക്കെ നല്ലൊരു പഠനം തന്നെ ഈ ഗ്രന്ഥത്തിലുണ്ട്. കണ്ടല്‍ക്കാടിന്റെ പ്രസക്തിയും അവയുടെ അസാന്നിദ്ധ്യം കൊണ്ടുവരാവുന്ന അപകടങ്ങളും നമുക്കു ചൂണ്ടിക്കാട്ടിത്തരുന്നു .   കടലിന്റെ നിറഭേദങ്ങളും തിളക്കമുള്ള പ്രകാശദൃശ്യങ്ങളും  ഒക്കെ എന്നും നമ്മെ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ അവയൊക്കെ എങ്ങനെയുണ്ടാകുന്നു എന്ന് ഈ പുസ്തകത്തില്‍ നമുക്കു വ്യക്തമാകും. വായനക്കാരില്‍ കടലിനെക്കുറിച്ച് അവബോധം ഉണര്‍ത്താന്‍  ഈ പുസ്തകം വളരെ സഹായിക്കുന്നു. സമുദ്ര/ജന്തു ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു ഈ ഗ്രന്ഥം.

നീണ്ട വര്‍ഷങ്ങളിലെകടല്‍ ജീവിതത്തിന്റെ  അനുഭവങ്ങളിലൂടെ  കണ്ടു മനസ്സിലാക്കിയ കടലിന്റെ അത്ഭുതകരങ്ങളായ നിഗൂഢതകളാണ് ശാസ്ത്രജ്ഞന്‍ കൂടിയായാ  ശ്രീ കെ ആര്‍ നാരായണന്‍ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ  ഇരിഞ്ഞാലക്കുടയിലെ പുരാതനമായ കുരുംബയില്‍ മഠത്തിലെ  അംഗമായ നാരായണന്‍ ക്രൈസ്റ്റ് കോളേജിലെ പ്രോഫെസ്സര്‍ ആയിരുന്ന പദ്മഭുഷന്‍ റെവ. ഫാ. ഗബ്രിയെലിന്റെ ഒന്നാം ബാച്ചില്‍ ജന്തു ശാസ്ത്രത്തിലും, പിന്നീട് ഫിഷറീസ്സിലും, അഗ്രിക്കള്‍ച്ചര്‍ മാനെജുമെന്റ് എന്നീ വിഷയങ്ങളിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1999ല്‍ ഗുജറാത്ത് ഫിഷറീസ് സര്‍വീസില്‍ നിന്നും വിരമിച്ചു പത്തു വര്‍ഷത്തോളം കാലം ഗവണ്മെന്റിന്റെ കൻസൽട്ടണ്ടായും സേവനം അനുഷ്ഠിച്ചു . അന്തര്‍രാഷ്ട്രീയ സംഘടനകളിലും സമുദ്ര സര്‍വ്വെകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള  ഈ എഴുത്തുകാരന്‍ മുംബൈയിലെ വര്‍ലിയില്‍ ആണ് ഇപ്പോൾ താമസം. വിവിധ വിഷയങ്ങളിലായി നാനൂറിലധികം ലേഖനങ്ങളും മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുടയെ കുറിച്ച് ഇദ്ദേഹം എഴുതിയ പുസ്തകമാണ്.  “കുടയൂര്‍ കഥകള്‍”

കടൈനെ സ്നേഹിക്കുന്ന , കൂടുതല്‍ ആറിയാനാഗ്രഹിക്കുന്ന ഏവരും വായിച്ചിരിക്കേണ്ട ' കടല്‍വിസ്മയങ്ങള്‍' ഗ്രീന്‍ ബുക്സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. 107 പേജകളുള്ള ഈ പുസ്തകത്തിന്റെ വില 95 രൂപ..

.

Wednesday, August 3, 2016

നമ്മുടെ കവികള്‍ 23 - മുല്ലനേഴി

നമ്മുടെ കവികള്‍ 23 - മുല്ലനേഴി
===============

അക്ഷരങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇന്നും മലയാളിമനസ്സിൽ ഓടിയെത്തുന്ന വരികളാണ് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വേദിയിൽ മുഴങ്ങിക്കേട്ട ശ്രീ മുല്ലനേഴിയുടെ
"അക്ഷരം തൊട്ടുതുടങ്ങാം നമുക്കിനി
ആകാശം വീണ്ടുകിട്ടാൻ
ഇന്നലെയോളം കണ്ട കിനാവുകൾ
ഈ ജൻമം തന്നെ നേടാൻ..."എന്ന ഗാനത്തിലേത് . മലയാളി മറക്കാത്ത ഒട്ടനവധി ഗാനങ്ങളിലൂടെ കേരളക്കരയ്ക്കു  ചിരപരിചിതനായ  ശ്രീ മുല്ലനേഴി നീലകണ്ഠന്‍ മലയാളം കണ്ട  ഒരനുഗൃഹീത കവിയാണ്  . 1948 മെയ് 16 )0 തീയതി ഒല്ലൂര്‍ ആവണിശ്ശേരിമുലനേഴി മനയില്‍ ജനനം.മുല്ലനേഴി നാരായണന്‍ നമ്പൂതിരിയാണ് പിതാവ്. മാതാവ് നങ്ങേലി അന്തര്‍ജ്ജനവും. ഗാന്ധിയൻ പാരമ്പര്യമുൾക്കൊണ്ട ഇല്ലം സാമ്പത്തികമായി ക്ഷീണിച്ച കാലമായിരുന്നു അത്. മൂന്നാംക്ലാസ്മുതലാണ് ഔപചാരിക വിദ്യാഭ്യാസത്തിനായി സ്കൂളിൽ ചേരുന്നത്. ഒല്ലൂര്‍ സ്കൂളില്‍ പത്താം ക്ളാസ്സില്‍ പഠിക്കുമ്പോൾ വൈലോപ്പിള്ളി ഹെഡ് മാസ്ററായി വന്നതായിരുന്നു, നീലകണ്ഠനിലെ കവിക്കൊരു പ്രധാനവഴിത്തിരിവായത്.   .കുട്ടിക്കാലം മുതല്‍ കവിതാരചനയില്‍ വ്യാപൃതനായിരുന്നു. മധുരമായി കവിതകള്‍ ആലപിച്ചിരുന്ന അമ്മയാണ് കവിതയുടെ ലോകത്തേയ്ക്കുള്ള ആദ്യ വഴികാട്ടി  . പ്രിയ കവി  ശ്രീ വൈലോപ്പിള്ളിയുടെ അരുമശിഷ്യനായത് ആ പ്രതിഭയെ പുറത്തുകൊണ്ടുവരാന്‍ ഒട്ടേറെ സഹായിക്കുകയും ചെയ്തു ,വൈലോപ്പിള്ളി പകര്‍ന്നുനല്‍കിയ അളവറ്റ വാത്സല്യമാണ് മുല്ലനേഴിയുടെ ഏറ്റവും വലിയ സമ്പത്ത്.  .ആ സ്നേഹവാത്സല്യങ്ങളെ ആവോളം ഉള്‍ക്കൊണ്ടുതന്നെയാവണം തന്റെ ജന്മവും അദ്ധ്യാപനത്തിനായി അദ്ദേഹം മാറ്റിവെച്ചത് .ദാരിദ്ര്യം കൊടുകുത്തിവാണിരുന്ന മനയില്‍ പഠനത്തിനു  പണം കണ്ടെത്താനാവുമായിരുന്നില്ല എന്നതിനാല്‍ സ്വയം ജോലി കണ്ടെത്തി പണം സമാഹരിച്ചാണ് അദ്ദേഹം പഠനംതുടര്‍ന്നു പോന്നത്. ഈ അവസ്ഥ നന്നായി മനസ്സിലാക്കി    ടി ടി സിക്ക് പഠിക്കാനുള്ള ഫീസ് നല്‍കിയതും വൈലോപ്പിള്ളി തന്നെ. രാവവര്‍മ്മപുരം ഗവണ്മെന്റ് ഹൈസ്കൂളിലെ അദ്ധ്യാപകനായാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത് .

ഞാവല്‍പ്പഴങ്ങള്‍ ' എന്ന ചിത്രത്തില്‍ 'കറുകറുത്തൊരു പെണ്ണാണ് ' എന്നു തുടങ്ങുന്ന ഗാനം എഴുതിക്കൊണ്ടാണ് മുല്ലനേഴി ഗാനരചനാരംഗത്തു വന്നത്. പിന്നീട് ലക്ഷ്മീവിജയം, ചോര ചുവന്ന ചോര, വെള്ളം, സ്വര്‍ണ്ണപക്ഷികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതി. 'കൈയും തലയും പുറത്തിടരുത്' എന്ന ചിത്രത്തിലെ 'ആകാശനീലിമ...' എന്ന ഗാനം 1981 ലെ സംസ്ഥാന അവാര്‍ഡ് നേടി. ഇടതരും വലതരും മാറിമാറി ഭരണമേൽക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്രതിഭാസമാണ് പിന്നീട് നാറാണത്തു ഭ്രാന്തന്റെ ഇടതുകാലിൽ നിന്ന് വലതിലേക്കുള്ള മന്തുമാറ്റത്തിന്റെ കവിതയായത് അടിയന്തരാവസ്ഥയോടുള്ള മുല്ലനേഴിയുടെ പ്രതികരണങ്ങള്‍ കവിതയുടെ രൂപത്തിലായിരുന്നു. അതിലൊന്നായ "ഏതുവഴി?" എന്ന കവിതയിൽ ഇങ്ങിനെ പാടുന്നു-

നാവു മുറിച്ചു കണ്ണും കാതുമൊക്കെയും
മൂടിയടച്ചുകെട്ടുന്നതില്‍ ഭേദമി-
ന്നാരാദ്ധ്യമാം മൃതിപ്പാതയില്‍ വീരരായ്
വീഴ്ക താനല്ലയോ
വീഴ്ച സത്യത്തിലുയരത്തിലേയ്ക്കുമെന്നല്ലയോ


നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്, ഹൃദയം പുഷ്പിക്കുന്ന ഋതു, കവിത, സമതലം, മോഹപ്പക്ഷി, സ്‌നേഹപ്പൂങ്കാറ്റ്, പ്രാര്‍ഥനാ ഗീതങ്ങള്‍, കനിവിന്റെ പാട്ട്, ആനവാല്‍ മോതിരം അക്ഷരദീപം  തുടങ്ങിയവയാണ് പ്രധാന കൃതികള്‍ .
1977-ല്‍ പെണ്‍കൊട എന്ന ഖണ്ഡകാവ്യത്തിന് ഉള്ളൂര്‍ കവിമുദ്ര. 1989-ല്‍ നാറാണത്ത് പ്രാന്തന്‍ എന്ന കൃതിക്ക് പ്രഥമ നാലപ്പാടന്‍ അവാര്‍ഡ്. 1995-ല്‍ സമതലം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 2010-ല്‍ കവിത എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, കെ.ബി മേനോന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് .
സമതലം എന്നൊരു നാടകസമാഹാരവും മുല്ലനേഴിയുടേതായിട്ടുണ്ട്.
കേരളസംഗീതനാടക അക്കാഡമിയുടെ ഡയറക്ക്റ്റർ ബോർഡിൽ 1980 മുതൽ1983 വരെ പ്രവർത്തിച്ചു.
 ഉപ്പ്, പിറവി , കഴകം എന്നീ ചിത്രങ്ങളില്‍ തന്റെ അഭിനയസിദ്ധിയും അദ്ദേഹം കാഴ്ചവെയ്ക്കുകയുണ്ടായി. 

"ലോകം മാറിക്കണ്ടാല്‍ കൊള്ളാം, അസമത്വം മാറിക്കണ്ടാല്‍ കൊള്ളാം!" എന്നു തന്റെ ജീവിതദര്‍ശനത്തെ തുറന്നുകാട്ടുന്ന ശ്രീ മുല്ലനേഴി

പേ പിടിച്ചൊരീ ലോകത്തില്‍ നിന്നിതാരീ
പേടിയോടെ പിന്‍വാങ്ങുകയാണു ഞാന്‍
സര്‍വ്വതും വെന്തെരിക്കുന്ന കാട്ടുതീ
സംഹരിക്കുന്നു സ്വപ്നങ്ങള്‍ കൂടിയും

എന്നെഴുതിയ കവി ,  2011 ഒക്ടോബർ 22 ന് അറുപത്തിമൂന്നാം വയസ്സിൽ ഹൃദയാഘാതത്തേത്തുടര്‍ന്ന്  കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു
ഭാര്യ: സാവിത്രി അന്തര്‍ജ്ജനം . മക്കള്‍: ദിലീപന്‍, പ്രകാശന്‍, പ്രദീപന്‍ .......

ആദ്ദേഹത്തിന്റെ ചില അക്ഷര ക്കൂട്ടങ്ങളിലൂടെ...ഒളിവാള് / മുല്ലനേഴി

ദൂരെയൊരു താരകം മിന്നിനില്‍ക്കുമ്പോള്‍
നേരിന്‍റെ പാതയിലിരുട്ടു നിറയുമ്പോള്‍
ആടുന്ന നിമിഷങ്ങളെയുമ്മവെച്ചു ഞാ-
നലയുന്നു,വീഴുന്നു,താഴുന്നു പിന്നെയും.
പൊട്ടിച്ചിരിക്കുന്നു ചങ്ങലക്കണ്ണികള്‍
പൊയ്മുഖം വെച്ചു നിന്നാടുന്നു സൗഹൃദം.
രാത്രിയിലുറങ്ങുവാന്‍ പറ്റാത്ത ദു:സ്വപ്ന-
യാത്രകളിലൊന്നില്‍ പുനര്‍ജനിക്കുന്നു
ഞാന്‍.
ഉറയൂരിയുറയൂരിയെത്തുമ്പൊളോര്‍മയുടെ
മറവിയുടെയിടനാഴിയില്‍ക്കണ്ണുനീരുമായ്
നില്ക്കുന്ന നിഴലുകളതാരുടെ?ജീവിതം-
പൂക്കുന്നതും കാത്തുനിന്നുവോയിതുവരെ?
ഉള്ളില്‍ പഴുത്തൊലിക്കുന്നു വ്രണം,അതി-
ന്നുള്ള മരുന്നിലും മായം,കിനാവുകള്‍
ചാമ്പലാകുന്നു,ചുരുങ്ങുന്നു ഞാനെന്‍റെ
പാനപാത്രങ്ങളില്‍,പരിഹസിക്കുന്നവര്‍.
താണുനോക്കാന്‍ തല താഴാത്തവര്‍,അവര്‍
കാണുകില്ലല്ലോ മനസ്സിന്‍ മുറിവുകള്‍!
നഷ്ടപ്പെടുവാന്‍ വെറും ചങ്ങല,ഭൂമി-
കഷ്ടപ്പെടുന്നവര്‍ക്കുള്ളതത്രേ,നാലു-
ദിക്കുമതേറ്റു വാങ്ങുന്നു,മനുഷ്യന്‍റെ
ശക്തിയാമന്ത്രമോതുന്നു,കാലങ്ങളായ്
ശക്തനശക്തനെ വെല്ലുന്നു,പിന്നെയൊരു
ശാന്തിസന്ദേശം,സുഖം,സുന്ദരം,ജയം.
ദൂരെയൊരു താരകം മിന്നിനില്ക്കുന്നു
നേരിന്‍റെ പാതയിലിരുട്ടു പടരുന്നു
ഓര്‍മ്മകള്‍,കിനാവുകള്‍,
വര്‍ത്തമാനത്തിന്‍റെ
ഓരോ പടവിലുമൂര്‍ജ്ജം പകര്‍ന്നതും
കത്തുമാഗ്നേയമായ്പ്പാഞ്ഞതും,പുറകിലീ
കത്തിയാഴ്ന്നപ്പോള്‍ നിലയ്ക്കാതിരിക്കുമോ?
ചത്തുവീഴുമ്പോഴുമാത്മാര്‍ത്ഥതയെന്ന
സത്യമുയര്‍ത്തിപ്പിടിക്കാന്‍ കൊതിപ്പു ഞാന്‍.
.

ഓട്ടക്കൈകള്‍ / മുല്ലനേഴി

മഴ തോരാതെ നിന്നു
പെയ്യുന്നൂ തൈതെങ്ങുകള്‍
എത്ര നീര്‍ ലഭിച്ചാലും
കത്തുന്ന ദാഹം മാത്രം
ബാക്കിയാകുന്നൂ ഓട്ട-
ക്കൈകളാണോലക്കൈകള്‍
നേടിയതെല്ലാം ചോര്‍ന്നു
പോകിലും തെങ്ങേ എന്റെ
നാടിനു നിന്നെപ്പോലെ
നന്മയാര്‍ ചെയ്തിട്ടുള്ളു?
ഇളനീരമൃതം തൊ-
ട്ടോരോന്നുമോരോന്നും നീ
കനിവാര്‍ന്നേകി, ഞങ്ങള്‍
കൈനീട്ടിയെല്ലാം വാങ്ങി.
കൈനീട്ടുവാനല്ലാതെ
കൈവിടാനറിയാത്ത
കൈതവച്ചുഴികളില്‍
കറങ്ങുന്നവര്‍ നിന്റെ
ഒറ്റയ്ക്കു നില്‍പ്പും തല-
പ്പൊക്കവുമറിയാതെ
കുറ്റങ്ങള്‍ കാണാന്‍ വേണ്ടി
കണ്‍ തുറക്കുകയല്ലോ-
താഴോട്ടുമാത്രം നോക്കി
നടക്കേണമെന്നല്ലോ-
താഴ്മ തന്‍ കാര്യത്തിനാ-
യെന്നല്ലോ ക്ഷമിച്ചാലും !

Monday, August 1, 2016

വെള്ളം കുടി ( കഥ )

വെള്ളം കുടി .
.
ഉണ്ണിക്ക്  അമ്മയുടെ തിരക്കിട്ട ജോലികള്‍ കണ്ടപ്പോള്‍ ആകെ സംശയമായി. ഇന്നെന്താ വിരുന്നുകാര്‍ വരുന്നുണ്ടോ . ഉണ്ടെങ്കില്‍ അമ്മ വല്ലതെ ഗൗരവത്തിലായിരിക്കും . എന്തു ചോദിച്ചാലും ദേഷ്യമായിരിക്കും . പക്ഷേ മുഖത്ത് അത്ര ദേഷ്യമൊന്നും കാണുന്നതുമില്ല. 
കര്‍ക്കടകത്തിലെ കറുത്തവാവാണെന്ന കാര്യമൊന്നും അവനറിയില്ല. . സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന രാവ്. ആത്മാക്കള്‍ ഇന്നു രാത്രി  ഭൂമിയിലെത്തി പ്രിയപ്പെട്ടവരെ കണ്ടു തിരികെപ്പോകും . ഈ ഒരു രാത്രി വളരെ പ്രധാനമാണ്. വെള്ളം കുടി വെയ്ക്കണം . മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതൊക്കെ കഴിക്കാനൊരുക്കി വെയ്ക്കണം . അതാണ് അമ്മയ്ക്ക് ആകെ തിരക്ക് .
ഗീത രാവിലെ മുതല്‍ വിവിധ മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു.
" ഇന്നെന്തിനാ അമ്മേ ഈ ജിലേബിയും ലഡ്ഡുവും ഉണ്ണിയപ്പവും ഒക്കെയുണ്ടാക്കുന്നത്? "
" അതു മോനേ ഇന്ന് കര്‍ക്കടകവാവിനു രാത്രി വെള്ളം കുടി വെയ്ക്കണം. അപ്പൂപ്പനൊക്കെ വരും . അപ്പൂപ്പന് എന്തിഷ്ടമായിരുന്നു ലഡ്ഡുവും ജിലേബിയും ഉണ്ണിയപ്പവും ഒക്കെ. അതൊക്കെ ഇലയില്‍ വെയ്ക്കണം. "
"അപ്പൂപ്പന്‍ എല്ലാം കഴിക്കുമോ "
" അങ്ങനെയാണു വിശ്വാസം . അപ്പൂപ്പനും അമ്മൂമ്മയും മറ്റു മരിച്ചുപോയ കുടുംബത്തിലെ  എല്ലാവരും വരും . എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം ഒരുക്കിവെച്ചാല്‍ അവരൊക്കെ വന്നു കഴിച്ചിട്ടു സന്തോഷമായി പോകും. "
ഉണ്ണിക്ക് വളരെ കൗതുകം തോന്നി .
"മരിച്ചവര്‍ തിരിച്ചു വരില്ലെന്നാണല്ലോ മുമ്പൊരിക്കല്‍ അമ്മ തന്നെ പറഞ്ഞത്.. എന്നിട്ടിപ്പോ.. " അവന്‍ മനസ്സില്‍ വിചാരിച്ചു. അമ്മയോടു ചോദിക്കാന്‍ പാടില്ല. നല്ല ജോലിത്തിരക്കിലാണ്. അമ്മ ദേഷ്യപ്പെട്ടേക്കും.
അതുകൊണ്ടവന്‍ മെല്ലെ മുറ്റത്തേയ്ക്കിറങ്ങി , വിനുച്ചേച്ചിയോടു ചോദിക്കാന്‍ . അവള്‍ മുറ്റത്തെ പൊടിമണലില്‍ ഉപ്പൂറ്റി ഊന്നി, കാലിലെ പെരുവിരല്‍ കറക്കി ചേനകള്‍ വരച്ചു കളിക്കുന്നു.
" വിനുച്ചേച്ചീ, മരിച്ചവര്‍ ഇന്നു രാത്രി തിരിച്ചു വരുമോ "
" ആരുപറഞ്ഞു നിന്നോട്.. മരിച്ചവര്‍ ഒരിക്കലും തിരിച്ചു വരികയേ ഇല്ല. "
"അപ്പോള്‍ പിന്നെ അമ്മ ലഡ്ഡുവും ജിലേബിയുമൊക്കെ അപ്പൂപ്പനു കൊടുക്കാനുണ്ടാക്കുന്നതോ? അപ്പൂപ്പന്‍ വരില്ലേ ഇന്ന് ?"
ചേനയുണ്ടാക്കല്‍ നിര്‍ത്തി വിനു അവന്റെ അടുത്തേയ്ക്കു വന്നു .
"മണ്ടത്തരം പറയാതെ.  ഇനി വന്നാലും  അപ്പൂപ്പന് മധുരമൊന്നും കൊടുക്കാന്‍ പാടില്ല. പ്രമേഹമാണ്. "
അതു ശരിയാണല്ലോ.. അവനോര്‍ത്തു. അമ്മ അപ്പൂപ്പന് മധുരമൊന്നും  ഒരിക്കലും കൊടുക്കില്ലായിരുന്നു. എന്തെങ്കിലും അമ്മ കാണതെ കൊടുത്താലും അറിഞ്ഞുപോയാല്‍ അമ്മ ചീത്ത പറയുകയും ചിലപ്പോള്‍ അടിക്കുകയും ചെയ്യും. എന്നാലും അപ്പൂപ്പന് വളരെ രഹസ്യമായി ഉണ്ണി മധുരപലഹാരങ്ങളും ചോക്ക്ലേറ്റുമൊക്കെ കൊടുക്കുമായിരുന്നു.
വല്ലപ്പോഴുമൊക്കെ അപ്പൂപ്പന്‍ അമ്മയോടു കെഞ്ചുമായിരുന്നു ഇത്തിരി മധുരമിട്ടു ചായ കൊടുക്കാന്‍ . അമ്മ ഒട്ടും വഴങ്ങില്ല. ചിലപ്പോള്‍ അപ്പൂപ്പന്‍ ചായ കുടിക്കാതെ പിണങ്ങിയിരിക്കും . അമ്മ അതു കണ്ടതായേ നടിക്കില്ല.
ആ അമ്മയാണ് അപ്പൂപ്പനു കൊടുക്കാന്‍ ഇപ്പോള്‍ പലഹാരമുണ്ടാക്കുന്നത്.. ഉണ്ണിയ്ക്ക് ആകെ ആശയക്കുഴപ്പമായി . എന്തായാലും രാത്രി വരെ കാത്തിരിക്കാമെന്ന് അവന്‍ തീരുമാനിച്ചു  .

മുറിയില്‍ ഇലയിട്ട് അമ്മ ഓരോന്നും ഇലയില്‍ നിരത്തുന്നത് ഉണ്ണി വാതിലിനപ്പുറത്തുനിന്നു ഒളിച്ചു നോക്കുന്നുണ്ടായിരുന്നു. എല്ലാം വെച്ചു കഴിഞ്ഞപ്പോള്‍ അമ്മ ഒരിലയില്‍ കുറച്ചു കൂടുതല്‍ ജിലേബിയും ലഡ്ഡുവും ഉണ്ണിയപ്പവും ഒക്കെ വെച്ചു. പിന്നെ അമ്മ കണ്ണു തുടയ്ക്കുന്നതും കണ്ടു. അതു അപ്പൂപ്പന്റെ ഇലയാണെന്നവനു മനസ്സിലായി . എല്ലാം വെച്ച് അമ്മ മുറിക്കു പുറത്തുകടന്ന് വാലിലടച്ചു. ഉണ്ണി ശ്വാസമടക്കി നോക്കി നിന്നു. അപ്പൂപ്പന്‍ വരുന്നതു കാണാന്‍ . ഇഷ്ടമുള്ളള മധുരപലഹാരങ്ങളൊക്കെ കൊതി തീരെ അപ്പൂപ്പന്‍ തിന്നുന്നതു കാണാന്‍ അവനു തിടുക്കമായിരുന്നു.സ്നേഹമേ..

സ്നേഹമേ ,
തഴുകിത്തലോടി
നെറുകയില്‍ ചുംബിച്ചു
പോകുമ്പോള്‍
കാറ്റെനിക്കേകിയ  സുഗന്ധം
പറയുന്നുണ്ട്
അപ്പുറത്ത്
നീയുണ്ടെന്ന് ..