Monday, January 27, 2014

തൊട്ടാവാടി

തൊട്ടാല്‍ മയങ്ങുന്നതെന്തേ..എന്റെ
തൊട്ടാവാടി സുന്ദരിപ്പെണ്ണേ
നാണിച്ചു കൂമ്പിക്കുഴഞ്ഞുവീഴും നിന്റെ
ചേലൊത്തപൂമുഖം കണ്ടോട്ടെ ഞാന്‍

തൊട്ടുതലോടുമെന്‍ കൈവിരല്‍ത്തുമ്പില്‍ നീ
മുള്‍മുന കോര്‍ത്തുവലിച്ചതെന്തേ
എന്നോടു കോപിച്ചിടുന്നതിനായി ഞാന്‍
നിന്നെ പരിഹസിച്ചില്ല പെണ്ണേ..

നേരൊത്ത പത്രങ്ങള്‍ പുഞ്ചിരി തൂകിയും
നേര്‍ത്ത നിന്നകുശം കാണാതൊളിപ്പിച്ചും
തൂമതൂകും നിന്റെ പൂക്കള്‍ വിടര്‍ത്തിയും
താഴെ നിലംപറ്റി നീളേപ്പടർന്നു  നീ.ഏതോ വിദൂരമാം ഇന്നലെ, ഗ്രാമത്തില്‍
ഏതോ വിജനമാം പാതവക്കില്‍ 
നിന്നെപ്പോലായിരം പെണ്‍കൊടിമാരുണ്ടു
ചേലില്‍ നടന്നു മറഞ്ഞിരുന്നു.

പെട്ടെന്നു കൂമ്പിയും കണ്‍മുന കുത്തിയും
ഒട്ടൊന്നു കോപിച്ചും നേരിട്ടവര്‍
പിന്നാലെയെത്തുന്ന പൂവാലന്‍മാരെയും
പിന്‍പാത കാണാത്ത കശ്മലന്‍മാരെയും

 ഇന്നിവിടെ കാണ്‍മതില്ലാ നാട്ടുപാതയും
ഈ വഴി മന്ദം ഗമിക്കും കുമാരിയും....
ഒന്നുമില്ലൊന്നുമില്ലൊക്കെയും ഓര്‍മ്മതന്‍
ഭാണ്ഡത്തിനുള്ളിലെ പൊന്‍കനി മാത്രമായ്

എന്നിട്ടുമീ വഴിയോരത്തു നീയുണ്ടു
നില്‍ക്കുന്നു പുഞ്ചിരിപ്പൂക്കള്‍ വിടര്‍ത്തിയും
ഒരുകാറ്റു വീശുകില്‍ ചൊല്ലും നമോവാകം
ഇത്തിരി കയ്യുകള്‍ കൂപ്പിമെല്ലെ..

നിന്റെ മേല്‍ വെയ്ക്കുന്ന കാല്‍വിരല്‍ത്തുമ്പില്‍ നീ
നിര്‍ദ്ദയം മുള്ളാല്‍ മുറിവേകിയും
കൂമ്പിയടഞ്ഞു പരിഭവം കാട്ടിയും
കാലത്തിനൊപ്പം നടന്നു നീങ്ങുന്നു നീ...


Thursday, January 23, 2014

ജീവിതം

പേരറിയാത്തൊരെന്തിനോ വേണ്ടി
പോരടിക്കുന്നൊരീ ജീവിതം
വാക്കുകള്‍ തിന്നും ദഹിപ്പിച്ചും ജീവിത-
മേനി വളർന്നിടും സ്വപ്നവേഗാൽ.

നേടുന്നതും നമുക്കന്യമാകുന്നതും
നേരൊന്നു മാത്രം, നിനയ്ക്കില്‍
നേടുവാനായി നാം നഷ്ടമാക്കുന്നതും
നേരെന്നൊരജ്ഞത മാത്രം.

തലമുറകള്‍ കൈമാറി, തേയ്മാനം വന്നുപോയ്
അന്ത:കരണത്തിന്‍ വാള്‍മുനയ്ക്കും
തരളമാം സ്നേഹാര്‍ദ്ര മാസ്മരമാനസം
എങ്ങോ കളഞ്ഞുപോയ് പഴ്ഭൂവിതില്‍

ജരാനരയ്ക്കുള്ളിലമര്‍ന്നോരു കാരുണ്യം
ഏതോ വയോജന മന്ദിരം പൂകവേ
ക്രൗര്യമോ യൗവ്വനം പൂണ്ടങ്ങു മേവുന്നു
ഉന്‍മത്തഭാവത്തിലാടിത്തിമിര്‍മക്കുന്നു

സ്നേഹത്തിന്‍ കണികയൊന്നിറ്റുവീഴാനൊരു
മേഘം പിറക്കണം മാനവഹൃത്തമാം
വിസ്തൃതാകാശത്ത്-കരുണതന്‍ കാറ്റിനാല്‍
വര്‍ഷിതമാകണം പീയൂഷധാരയായ്

ആ നേര്‍ത്തധാരയില്‍ മുഴുകിയാശീതള
സ്പര്‍ശമേടൊരുമാത്ര ഇമപൂട്ടിനില്‍ക്കുകില്‍
ഒരു നേര്‍ത്ത പുഞ്ചിരിപ്പൊയ്കയില്‍ ഞാനെന്റെ
ദുഃഖപത്മങ്ങള്‍ വിടര്‍ത്തിടാം കൂട്ടരേ...

Thursday, January 16, 2014

എന്തിനോ...

മിഴികള്‍ തുറന്നൊന്നു നോക്കുകില്‍ ഞാനീ-
പ്പച്ചവിരിച്ചൊരീപ്പാടം കണികാണ്‍കെ
പത്തായമൊക്കെയും ശൂന്യമാണെങ്കിലും
മനതാരില്‍ നിറയുന്നൊരാനന്ദകാഹളം

പുല്‍നാമ്പില്‍ നക്ഷത്ര മിന്നൊളി തീര്‍ക്കുമീ
മഞ്ഞിന്‍കണം  വീണ ധനുമാസപ്പൂലരിയില്‍
ഒറ്റയ്ക്കു പാടവരമ്പത്തുലാത്തവേ
വൈഡൂര്യമില്ലാത്ത ദുഃഖം മറന്നു ഞാന്‍

പട്ടെനിക്കെന്തിനീ മേനിയില്‍ -പ്രാലേയ
കംബളം ചാര്‍ത്തിത്തരുന്നുണ്ടു രാവുകള്‍!
അത്തറും വാസനത്തൈലവും വേണ്ടയീ
മല്ലികപ്പൂവിന്‍ സുഗന്ധം പരക്കുമ്പോള്‍. 

തളിര്‍ചൂടി നില്‍ക്കുമീ ചക്കരമാവിന്റെ 
കുളിരാര്‍ന്ന കല്‍ത്തറ കാത്തുനിന്നീടവേ
തലയൊന്നു ചായ്ക്കാന്‍, കനവൊന്നു കാണാന്‍
മണിമേട കെട്ടുന്നതെന്തിന്നു ഞാന്‍ വൃഥാ....

കളകളം പാടിയങ്ങകലേയ്ക്കു പായുമീ-
പ്പൂഞ്ചോലതന്‍ സ്നിഗ്ദ്ധസംഗീത നിര്‍ഝരി
കേള്‍ക്കുവാന്‍ ഞാനെന്റെ കാതുകൂര്‍പ്പിക്കവേ
പൈതലായ് മാറുമെന്‍ മാനസം പിന്നെയും.Tuesday, January 7, 2014

എനിക്കു മടങ്ങണം....

മടങ്ങണം
എനിക്കീ ഭൂമിയില്‍ നിന്ന്..
അവശേഷിപ്പുകള്‍ ഒന്നുമില്ലാതെ
തളര്‍ന്ന ചിന്തകള്‍ക്കു 
കൈത്താങ്ങു നല്‍കാത്ത
തലച്ചോറിന്റെ ധാര്‍ഷ്ട്യത്തെ 
വലിച്ചെറിഞ്ഞ്
കണ്ണീരൊഴുക്കാന്‍....
ഉരുകാത്ത, 
മനസ്സെന്ന മഞ്ഞുകട്ടയില്‍ 
കനലെരിച്ച്...
പരാജയപ്പട്ട്
പടിയിറങ്ങിപ്പോയ
സ്വപ്നങ്ങളുടെ ശവമഞ്ചത്തിലിരുന്ന്
സുരഭിലമായ 
വസന്തകാലത്തില്‍ 
കൊഴിഞ്ഞു വീഴുന്ന പൂവുപോല്‍
എനിക്കു മടങ്ങണം..
പുല്‍മേടുകള്‍ താണ്ടി
അനന്തമായ് മേയുന്ന 
അജഗണങ്ങളെപ്പോല്‍
ഈ ഭൂമിയില്‍
എന്റെ ദിനങ്ങള്‍ വലിച്ചിഴയ്കാതെ
പിന്നിലുയരുന്ന
വിലാപങ്ങള്‍ക്കു കാതോര്‍ക്കാതെ
മടങ്ങണം
എനിയ്ക്കീ ഭൂമിയില്‍ നിന്ന്..........

Monday, January 6, 2014

ഞാന്‍ മഹാത്മഗാന്ധി ആയിരുന്നെങ്കില്‍...

(കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതി മുതല്‍ "സൗഹൃദതണല്‍" ഗ്രൂപ്പില്‍ നടന്നു വന്ന "അത് ഞാനായിരുന്നെങ്കില്‍" എന്ന മത്സരപരമ്പരയുടെ അവസാനഘട്ട മത്സരത്തില്‍ സമ്മാനം നേടിത്തന്ന എന്റെ രചനയും വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും)

ഞാന്‍ മഹാത്മഗാന്ധി ആയിരുന്നെങ്കില്‍...
============================
ഞാന്‍ മഹാത്മഗാന്ധി ആയിരുന്നെങ്കില്‍ അദ്ദേഹം അനുവര്‍ത്തിച്ചുപോന്നിരുന്ന എല്ലാവിധ  സത്യ ധര്‍മ്മാധിഷ്ഠിത പ്രവര്‍ത്തനങ്ങളും അങ്ങനെ ചെയ്യുന്നതോടൊപ്പം ചില ചെറിയ മാറ്റങ്ങള്‍ പ്രധാനതീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വരുത്തുമായിരുന്നു.

ഇന്ത്യാക്കാരുമായി യാതൊരു തരത്തിലും ബന്ധമില്ലാതിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ ഞാന്‍ ഒരു കാരണവശാലും പിന്‍താങ്ങുമായിരുന്നില്ല. ഒരു മതേതര ജനാധിപത്യരാജ്യം തുര്‍ക്കിയില്‍ രൂപം കൊള്ളുന്നതിനായിരുന്നു ഞാന്‍ താല്‍പര്യപ്പെടുക.

ഇന്ത്യാ- പാകിസ്ഥാന്‍ വിഭജനത്തിനെതിരെ ജീവന്‍ കൊടുക്കാനും ഞാന്‍ തയ്യാറാകുമായിരുന്നു. എന്നെ വിശ്വസിച്ച എത്രയോ ഹിന്ദുക്കളും സിക്കുകാരും മറ്റുമായ പാക്കിസ്ഥാനില്‍ ലക്ഷക്കണക്കിനു  ജനങ്ങളെ ദുരന്തത്തിലേയ്ക്കു തള്ളിവിടാന്‍ എനിക്കൊരിക്കലും ആകുമായിരുന്നില്ല. ഒരുപക്ഷേ ജിന്നയോടുള്ള സമീപനം തന്നെ മാറ്റി ഇങ്ങനെയൊരു ആശയത്തില്‍ നിന്നു തന്നെ പിന്‍തിരിപ്പിക്കാന്‍ എനിക്കു കഴിയുമായിരുന്നു.. വിഭജനം നടന്നതുകൊണ്ടുണ്ടായ എല്ലാ ദുരനുഭവങ്ങളും അതിനുശേഷം പാക്കിസ്ഥാനു നമ്മുടെ സര്‍ക്കാര്‍ കൊടുത്ത 550 കോടി രൂപ കൊണ്ടു അവര്‍ നമുക്കെതിരെ നടത്തിയ യുദ്ധവും ഇന്നും നിലനിന്നുപോരുന്ന സ്പര്‍ദ്ധയും ഭീകരവാദവും ഒന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ദാരുണമായൊരന്ത്യവും എനിക്കുണ്ടാകുമായിരുന്നില്ല.

സുഭാഷ് ചന്ദ്രബോസാണ്  ഒരുപക്ഷേ ഇന്ത്യന്‍ നേതാക്കളില്‍  ഏറ്റവും കരുത്തനായി ഞാന്‍ കാണുന്നത്. എങ്ങനെയും ആ ഉജ്ജ്വലനക്ഷത്രത്തെ ഒപ്പം നിര്‍ത്തി ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു മുതല്‍ക്കൂട്ടാക്കിയേനെ- ഒരുപക്ഷെ എന്നെപോലും നിഷ് പ്രഭനാക്കി ആ യുവചൈതന്യം ഭാരതത്തിനു വെളിച്ചം പകരുമായിരുന്നു.

നെഹൃവിനു പകരം എല്ലാ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും അഭിമതനായിരുന്ന സര്‍ദാര്‍ പട്ടേലിനെയാകും ഞാനും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു കാംഷിച്ചിരിക്കുക. അംബേദ്കറിനും അനുയോജ്യമായ പ്രാധാന്യം നല്‍കുമായിരുന്നു. അവരിലൂടെ എന്റെ ഗ്രാമസ്വരാജ് എന്ന സ്വപന്ം  എന്നേ യാഥാര്‍ത്ഥ്യ മാക്കിയേനെ..Trusteeship പ്രാവര്‍ത്തികമാക്കുക വഴി ധനികനും ദരിദ്രനും തമ്മിലുള്ള അജഗജാന്തരം ഇല്ലാതാക്കി ഭാരതത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ കഴിയുമായിരുന്നു.

നവഖലിയിലെ കൂട്ടക്കൊലയക്കു ചുക്കാന്‍ പിടിച്ച നേതാക്കളുമായി ഒരിക്കലും വേദി പങ്കിടാന്‍ ഞാന്‍ തയ്യാറാകുമായിരുന്നില്ല. മതഭ്രാന്തന്‍മാരെയും അസഹിഷ്ണുക്കളേയും അകറ്റിനിര്‍ത്തുക വഴി അവരോടുള്ള എന്റെ
അനിഷ്ടം ഞാന്‍ പ്രകടമാക്കുമായിരുന്നു.  ക്രിസ്ത്യന്‍ മിഷണറിമാരോടു കൂടുതല്‍ സഹാനുഭൂതിയോടെ പെരുമാറുമായിരുന്നു. കുറഞ്ഞപക്ഷം അവരുടെ പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ പഠിക്കുകവഴി എന്റെ തെറ്റിദ്ധാരണകള്‍ മാറ്റുകയെങ്കിലും ചെയ്യുമായിരുന്നു. .... ഇതൊക്കെ ഞാനെന്ന ജനനേതാവിന്റെ കാര്യം.

ഒരു പതിയും പിതാവുമായ ഞാന്‍ കുടുംബത്തിനു കുറച്ചുകൂടി പ്രാധാന്യം നല്‍കുമായിരുന്നു. സര്‍വ്വം സഹയായിരുന്നു കസ്തൂര്‍ബയോടു കൂടുതല്‍ കരുണ കാട്ടുകയും. മക്കള്‍ക്ക് പിതൃസ്നേഹം വാരിക്കോരിക്കൊടുക്കു കയും ചെയ്യുമായിരുന്നു....... എല്ലാറ്റിനുമൊടുവില്‍ - ചിലരെങ്കിലും പരിഹാസത്തോടെ പരാമര്‍ശിക്കുന്ന ആ പിഴവ്- പടുവൃദ്ധനായിരിക്കുമ്പോഴും കന്യകമാരായ പെണ്കുട്ടികളുമായുള്ള സഹവാസം- അതും ചെയ്യുമായിരുന്നില്ല. അന്ത്യയാത്ര പറഞ്ഞുപോകുമ്പോള്‍ നിങ്ങളുടെയൊക്കെ മനസ്സില്‍ ഒരു കറുത്തപുള്ളിപോലുമില്ലാത്ത ഒരു വെണ്‍പൂവായി നിറഞ്ഞു നിന്നേനെ... എന്നെ നെഞ്ചിലേറ്റുന്ന എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ. ജയ് ഭാരത് മാതാ..

ജഡ്ജസ് ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും:
=============================


1) ഇന്ത്യാ- പാകിസ്ഥാന്‍ വിഭജനത്തിനെതിരെ ജീവന്‍ കൊടുക്കാനും ഞാന്‍ തയ്യാറാകുമായിരുന്നു എന്ന് പറയുന്ന താങ്കള്‍ എന്തു കൊണ്ട് അന്ന് അത് ചെയ്തില്ല?

മറുപടി:. മതത്തിന്റെ പേരില്‍ ഒരു രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിയ്ക്കുക എന്നത് എന്റെ ചിന്തയ്ക്കുമതീതമായിരുന്നു. എല്ലാമതത്തിലെയും ജനങ്ങള്‍ ഏകോദരസഹോദരര്‍ അയി കഴിയുന്ന്‍ ഒരു ഐക്യഭാരതമായിരുന്നു എന്റെ സ്വപ്നത്തിലെ സ്വതന്ത്ര ഭാരതം. പാക്കിസ്ഥാന്‍ മുസ്ളിം രാജ്യം രൂപീകരിച്ചാല്‍ അവിടെയുള്ള ലക്ഷക്കണക്കിനു ഹിന്ദുക്കളും സിക്കുകാരും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ മുന്‍കൂട്ടിക്കാണുവാന്‍ എന്നിലെ മനുഷ്യസ്നേഹിക്കു കഴിഞ്ഞിരുന്നു. 'ബാപ്പുജി വിഭജനത്തിനൊരിക്കലും കൂട്ടു നില്ക്കില്ല' എന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ വളരെ മുന്‍പേ തന്നെ അവര്‍ക്കു തങ്ങളുടെ ജീവനും കൊണ്ടു രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. ഈ വിഭജനം കൊണ്ട് നിരപരാധികളായ എത്രയോ പേര്‍ നിഷ്കരുണം കൊലചെയ്യപ്പെട്ടു! റാഡ്ക്ലിഫിനു വരയ്ക്കാന്‍ കഴിഞ്ഞ ഒരതിര്‍വരമ്പായിരുന്നില്ല ഇന്ത്യന്‍ ജനതയുടെ ഒത്തൊരുമയുള്ല മനസ്സുകളില്‍ എന്നാണെന്റെ വിശ്വാസം.
അന്നത്തെ മഹാത്മജി(ഞാനായിരുന്നില്ല അന്നു മഹാത്മഗാന്ധി) അതിനു തയ്യാറാവാതിരുന്നതിനു കാരണം നവഖലിയിലും മറ്റുമുണ്ടായ നരഹത്യ (culcutta killing) വീണ്ടും മറ്റിടങ്ങളിലും ആവര്‍ത്തിക്കുമോ എന്ന ഭയം ആണ്. മാത്രമല്ല മഹാത്മജി ഒഴികെ മറ്റു നേതാക്കള്‍ വിഭജനം വേണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കയായിരുന്നു.

2) സുഭാഷ് ചന്ദ്രബോസിന്‍റെ തിരോധാനത്തെ താങ്കള്‍ എങ്ങനെ കാണുന്നു?

മറുപടി: സുഭാഷ് ചന്ദ്രബോസ് തെയ് വാനില്‍ വിമാനാപകടത്തില്‍ മരിച്ചു എന്നതിനു വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതിരിക്കെ അങ്ങനെ സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. അയോധ്യയ്ക്കടുത്തു കഴിഞ്ഞിരുന്ന ഭഗവാന്‍ജി എന്ന സന്യാസി അദ്ദേഹമായിരുന്നു എന്ന വാദത്തോടും യോജിക്കാനാവുന്നില്ല. നേതാജി ഒരിക്കലും ഒരു ഭീരുവിനെപ്പോലെ ഒളിഞ്ഞുകഴിയുമെന്നു വിശ്വസിക്കാനാവുന്നില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ തിരോധാനം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.

3) ഒരു കവിളിലടിച്ചാല്‍ മറുകരണം കാട്ടിക്കൊടുക്കുമായിരുന്നോ ഇന്ന്? ഇല്ലെങ്കില്‍ എന്തു കൊണ്ട്?

മറുപടി:തീര്‍ച്ചയായും. അതെന്റെ അഹിംസാവാദത്തിന്റെ ഉത്തമമായ മാതൃകയാണ്. ഈ അഹിംസയില്ലെങ്കില്‍ 'മഹാത്മ' എന്നൊരു ശക്തിപദം എന്റെ പേരിനു മുന്‍പില്‍ ഉണ്ടാകുമായിരുന്നില്ല. ഈ പ്രയോഗം കേവലം സാങ്കെതികമല്ല, എന്റെ ജീവിതശൈലിയുടെ ബിംബാവിഷ്കരണമാണ്.
നന്ദി, നമസ്കാരം
 — Thursday, January 2, 2014

ആശംസകള്‍


പിന്‍വിളിക്കായ് തെല്ലു കാത്തുനില്‍ക്കാതെയീ
പൊന്‍വെയില്‍ പൂശുന്നൊരന്തിവാനത്തിന്റെ-
യപ്പുറം നോക്കിപ്പറന്നകന്നീടുന്നു
ഇന്നലെകള്‍ കോര്‍ത്ത വര്‍ഷമൊന്നറിയാതെ

തീരത്തണയുവാനോര്‍മ്മകളൊരായിരം
തീരാത്തമോഹപ്പെരുമതന്‍ ഭാരവും.
മങ്ങിത്തെളിയുമീ ശരറാന്തലിന്‍ കൊച്ചു
തിരിനാളമായ് മനസ്സിലെരിയുന്നു പിന്നെയും

പുലരുവാനൊരു നല്ല നാളെയും നന്മതന്‍
പൂക്കള്‍ വിരിയുന്നൊരുദ്യാനശോഭയും
പുഞ്ചിരിച്ചെത്തുന്ന പുതുവത്സരത്തിലീ
പുത്തന്‍ പ്രതീക്ഷതന്നരുണപ്രകാശവും

പറയുവാനേറെയുണ്ടെങ്കിലും ഞാനിന്നു 
പകരമായ് നല്കാമൊരിത്തിരിപ്പുഞ്ചിരി-
പ്പൂവിനാല്‍ തീര്‍ത്തൊരീ നവവത്സരാശംസ
പ്രിയമുള്ളവര്‍കായെന്‍ ഹൃദയത്തില്‍നിന്ന്.

സഫലമായീടട്ടെ മോഹങ്ങളൊക്കെയും
സാക്ഷാല്‍ക്കരിക്കട്ടെ പൊന്നിന്‍കിനാക്കളും
വിജയസോപാനങ്ങളൊന്നൊന്നായ് താണ്ടിയി-
ട്ടെത്തിപ്പിടിക്കട്ടെ ലക്ഷ്യങ്ങളൊക്കെയും.............

sent to jwala