Saturday, December 28, 2013

അഭയതീരം

തീരം...
=====
ജീവിതം - കാലമാം സാഗരത്തിന്റെ-
യനന്യമാം തിരകള്‍ വന്നണയുന്ന തീരം
സ്വപ്നങ്ങള്‍ നിദ്രതന്‍ തേരേറി വന്നെന്റെ
കണ്ണു പൊത്തിക്കളിക്കുന്നൊരീ തീരം.
ഒരുനാള്‍ മരിക്കുന്ന കനവുകളൊക്കെയും  
വീണ്ടും പുനര്‍ജ്ജനിക്കുന്നൊരീ തീരം.
 അനാദ്യന്തചിന്തകള്‍ ചേക്കേറുമീശിലാ-
പര്‍വ്വങ്ങളതിരിട്ട നിശ്ശബ്ദമാം തീരം.
മോഹങ്ങള്‍തന്‍ ചീര്‍ത്ത ഭാണ്ഡവും പേറി
വന്നെത്തിടും വന്‍തിര പൊട്ടിത്തകരുന്ന
വ്യര്‍ത്ഥമാമേകാന്ത തപ്തനിമിഷങ്ങള്‍തന്‍
ചെറുമണല്‍ത്തരികള്‍ നിരന്നൊരീ തീരം.
ഓമല്‍പ്രതീക്ഷതന്നരുണപ്രകാശത്തി-
ന്നൊരു ജ്വാല വീണു പരക്കുന്നതാം തീരം
കണ്‍ചിമ്മുമായിരം നക്ഷത്രക്കുഞ്ഞുങ്ങള്‍
സ്നേഹത്തിന്‍ മണിമുത്തു ചൊരിയുന്ന തീരം
ആശകള്‍തന്‍ ശതകോടിയാം ചെമ്പവിഴ 
രേണുക്കള്‍ വീണുടയുമൊരു ശപ്ത തീരം...
അലയുവാനായെനിക്കെന്തിനീ വ്യഥ..
അണയുവാനീയൊരു തീരമുണ്ടെങ്കില്‍!

Friday, December 20, 2013

മീനത്തിലേക്ക്...

മീനത്തിലേക്ക് ...
===========
മാമ്പഴക്കാലം വിരുന്നുവന്നെത്തീ
മാനത്തു സൂര്യന്‍ ജ്വലിച്ചു നിന്നു
മഞ്ഞും കുളിരുമിന്നെങ്ങോ മറഞ്ഞു 
മീനം പിറന്നെന്നു ചൊല്ലിയിയാരോ

വറ്റിത്തുടങ്ങിയീ പൊയ്കതന്‍ സ്നേഹം
വായ്ത്താരി തീര്‍ക്കുന്ന കല്ലോലിനിയിലും.
വാനിലെ വെണ്‍മേഘ സ്വപ്നങ്ങളൊക്കെയും
വേനല്‍ക്കിനാവായി പാറിപ്പറക്കുന്നു

അണ്ണാറക്കണ്ണന്റെ കണ്ണുവെട്ടിച്ചൊരു 
മാങ്കനി കൊമ്പത്തു കാഞ്ചനം പൂശുന്നു
കല്ലുമായെത്തും കരുമാടിക്കുട്ടന്റെ
കണ്ണിലൊരായിരം പൂത്തിരി കത്തുന്നു

പൊന്നൊളി വീശുന്ന പാടത്തിനപ്പുറം
പൊന്‍മാന്‍ പറന്നുവന്നെത്തുന്നു ചേലില്‍
പൈക്കിടാവൊന്നുണ്ടു തുള്ളിക്കളിക്കുന്നു
പാല്‍ചുരത്തും തന്റെയമ്മയ്ക്കു ചുറ്റും

പൈതങ്ങളേവം കുതൂഹലം പൂണ്ടിട്ടു
പഞ്ചവര്‍ണ്ണക്കിളിച്ചേലുമായെത്തുന്നു
പള്ളിക്കൂടത്തിന്‍ പടിവാതില്‍ പൂട്ടി
പാഠങ്ങൾക്കോ  വിടചൊല്ലിവന്നു

ഇനിവരുംനാളവര്‍ക്കാടുവാന്‍ പാടുവാന്‍
ഇവിടെയീപ്പൂന്തോപ്പിലോടിക്കളിക്കുവാന്‍
ഇതള്‍വിടര്‍ത്തുന്നൊരീ ബാലകിശോരങ്ങള്‍
ഇവരത്രേ നമ്മള്‍തന്‍ ആജന്‍മസുകൃതങ്ങള്‍.ഒരു ക്രിസ്തുമസ് കൂടി...

ഒരു ക്രിസ്തുമസ് കൂടി...
==============
ബേത് ലഹേമിലെ കാലിത്തൊഴുത്തില്‍
പാവനമാമൊരു പുല്‍ക്കൂട്ടില്‍
പിറവിയെടുത്തീ ദൈവസുതന്‍
ലോകൈകനാഥന്‍ യേശുദേവന്‍..

കരുണക്കടലായ് അറിവിന്നാഴമായ്
വന്നു പിറന്നീ ദൈവപുത്രന്‍
മിശിഹാ  തന്നുടെ പ്രിയപുത്രന്‍
മിന്നുംനക്ഷത്ര പ്രഭയാര്‍ന്നോന്‍

അവനീ വിണ്ണില്‍ തെളിയിച്ചയുതം
സ്നേഹത്തിന്‍ നവദീപങ്ങള്‍
അവനീ  മണ്ണീല്‍ വിരിയിച്ചായിരം
സ്നേഹസന്ദേശത്തിന്‍ പൊന്‍പൂക്കള്‍

പാപികളേയും പതിതരേയും തന്റെ 
പൂവിരല്‍ത്തുമ്പാല്‍ മുക്തരാക്കി
പാപം ചെയ്യാത്തോര്‍ കല്ലെറിയെന്നൊരു
പ്രഹരമവന്‍ നല്കി പാപികള്‍ക്കായ്.

ദിവ്യ സുതനേ, ശ്രീയേശുദേവാ
നിന്‍തിരുസന്നിധി ഞങ്ങള്‍ക്കഭയം
നിന്‍ ദിവ്യ സ്നേഹം ഞങ്ങള്‍ക്കമൃതം
ചൊരിയൂ നാഥാ കരുണാമൃതവര്‍ഷം.

നിത്യപ്രകാശമായ്, മാനവമനസ്സിലെ
കൂരിരുള്‍ മാറ്റാന്‍, നീ വന്നു നിറയൂ
മഞ്ഞിന്‍ നിറമെഴുമൊരു വെണ്‍പിറാവായ്
ഹൃദയത്തിലെന്നും കുടികൊള്ളണം നീ 

നന്‍മകള്‍ പൂക്കും മരമായ് മനസ്സില്‍
നല്‍കുക നിന്‍ തണല്‍ ഞങ്ങള്‍ക്കെന്നും
മിശിഹാപുത്രാ ശ്രീയേശു ദേവാ....
സ്തുതി നിനക്കേകുന്നു ലോകൈകനാഥാ...കൃഷ്ണനോട്..

കൃഷ്ണനോട്..
========
കണ്ണന്റെ കമനീയ രൂപമെന്‍ ഹൃദയത്തില്‍
കാത്തുവെച്ചെന്നും ധ്യാനിച്ചു ഞാന്‍..
എന്തേ... നീയെന്നെ കണ്ടതില്ല...
ഒരു മാത്ര പോലും അറിഞ്ഞതില്ല...

ഒരു നാളും.....
ഒരു നാളും എന്‍ തേങ്ങല്‍ കേട്ടതില്ല..
എന്റെയീ കണ്ണു നീര്‍ തുടച്ചതില്ല...
ഏരിയുമെന്‍ മനസ്സിലെ ശോകമണയ്ക്കുവാന്‍
കാരുണ്യവര്‍ഷം നീ ചൊരിഞ്ഞതില്ല...നിന്റെ
സ്നേഹാമൃതമെനിക്കേകിയില്ല...

കായാമ്പു വര്‍ണ്ണാ.. കരുണാകരാ..
ശ്രീപാദപത്മം പൂകിടുന്നേന്‍..
അലയടിക്കും എന്റെ ജീവിതദുഃഖങ്ങള്‍
നൈവേദ്യമായ് നീ സ്വീകരിക്കൂ...എന്റെ
ഹൃദയമാം ശംഖിന്‍ പ്രണവമാകൂ....


Tuesday, December 3, 2013

വാക്കുകള്‍..

വാക്കുകള്‍
മരണപ്പെട്ടുകഴിഞ്ഞു...
ഇനി പുനര്‍ജ്ജനിക്കാത്തവണ്ണം!
ആശയങ്ങള്‍ യോദ്ധാക്കളെപ്പോലെ
തമ്മില്‍ പടവെട്ടി
ചതഞ്ഞരഞ്ഞ്,
അംഗഭംഗം വന്ന്,
എവിടെയോ
ചിതറി വീണു കിടക്കുന്നു.....
ഇനിഎവിടെയാണ്
പരസ്പരം കൈമാറാന്‍
ചിന്തകള്‍ക്കു വഴിതെളിയുക..
മുറിഞ്ഞുപോയ..
വരികള്‍ നിറയാത്ത
കവിതയുടെ നിലവിളികള്‍
ആത്മാവിനു താരാട്ടായ്,
സെമിത്തേരിയില്‍ വീശുന്ന കാറ്റിന്റെ
മര്‍മ്മരം കേട്ടുകേട്ട്
അങ്ങനെ
അലഞ്ഞു നടക്കുന്നു.
മോക്ഷമില്ലാതെ,
കുടിയിരുത്തുവാന്‍ സവിധമില്ലാതെ
അനന്തവിഹായസ്സില്‍
അലഞ്ഞു തിരിയുന്നു.
ശാന്തിയില്ലാതെ,
സ്വസ്ഥതയില്ലാതെ,
രാപ്പകലുകളുടെ വ്യതിയാനങ്ങളില്‍
നഷ്ടപ്പെട്ട നിറഭേദങ്ങളുമായി
അഭയം തേടുന്ന 
അപ്പൂപ്പന്‍താടിപോലെ..