Friday, October 26, 2018

അഗസ്ത്യനും ലോപമുദ്രയും

അഗസ്ത്യനും ലോപമുദ്രയും 
========================
അഗസ്ത്യമുനി സപ്തർഷികളിൽ  സർവ്വാത്മനാ ശ്രേഷ്ഠനായിരുന്നു. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും അദ്ദേഹത്തെക്കുറിച്ചു പരമർശവുമുണ്ട്. ലളിതാ സഹസ്രനാമം ,ആദിത്യഹൃദയം, സരസ്വതീ സ്തോത്രം തുടങ്ങിയ സംസ്കൃത മന്ത്രങ്ങൾ ചിട്ടപെടുത്തിയ അഗസ്ത്യർ 11 സംസ്കൃത ശിക്ഷാവിധികളിൽ ഒന്നായ "ഐന്ദ്രേയ" ശിക്ഷാവിധിയുടെ വാഹകനായിരുന്നു. ആദിസിദ്ധൻ എന്നറിയപ്പെടുന്ന അഗസ്ത്യരിലൂടെ തെക്കേ ഇന്ത്യയിൽ സിദ്ധവൈദ്യം, മർമ്മവിദ്യയിലൂന്നിയ കളരിപയറ്റ്  എന്നിവ ഉടലെടുത്തു. തമിഴ്‌ ഭാഷയുടെ പിതാവായും കരുതപ്പെടുന്നത് അഗസ്ത്യമുനിയെത്തന്നെയാണ്. രാമായണത്തിൽ രാവണനിഗ്രഹത്തിനായി  ശ്രീരാമന് ആദിത്യഹൃദയമന്ത്രമോതിയതും   ബ്രഹ്മാസ്ത്രം നൽകിയതും  അഗസ്ത്യമുനിയായിരുന്നു.  മഹാഭാരതകഥയിൽ സർവനാശിനിയായ ബ്രഹ്മാസ്ത്രം ദ്രോണർക്ക്‌ ലഭിക്കുന്നതും  അഗസ്ത്യരിൽനിന്നാണ്‌. അഗസ്ത്യസംഹിത എന്ന, അദ്ദേഹതിതിന്റെ 6000 കൊല്ലം പഴക്കമുള്ള ഗ്രന്ഥത്തിൽ മിത്രവരുണ എന്നപേരിൽ വൈദ്യുതി ഉണ്ടാക്കുന്നതിനെകുറിച്ച്‌ വിവരിക്കുന്നുണ്ടത്രേ. 

ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യന്‍ പുലസ്ത്യ മഹര്‍ഷിയുടെ പുത്രനാണ്. അഗസ്ത്യമുനിയുടെ ജന്മത്തെക്കുറിച്ചു മറ്റു രണ്ടുകഥകൾ പറയപ്പെടുന്നു. ഒരുകഥയിൽ മഹാദേവൻതന്നെയാണ് ദ്രാവിഡാലോകത്ത് വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അഗസ്ത്യനെ തന്റെ കമണ്ഡലുവിൽ നിന്ന്  സൃഷ്ടിച്ചതെന്നു പറയപ്പെടുന്നു. അഗസ്ത്യനെന്ന പേരുമായി  ഒരാശ്രമത്തിൽ വളർന്ന അതിസമർത്ഥനായ  ഈ ബാലനോട് മറ്റാശ്രമവാസികൾക്ക് കടുത്ത അസൂയയുണ്ടായി. അഗസ്ത്യൻ ഇല്ലാതാക്കാൻ അവർ നാരദമുനിയുടെ സഹായം തേടി. 'തായ്തന്തയില്ലാത്തവൻ' എന്ന് വിളിച്ചു പരിഹസിക്കാൻ അദ്ദേഹമവരോട് നിർദ്ദേശിച്ചു. ഈ പരിഹാസത്തിൽ മനംനൊന്ത് ആശ്രമമുപേക്ഷിച്ചു ബാലൻ ജലപനംപോലുമുപേക്ഷിച്ചു മാതാപിതാക്കളെ കണ്ടെത്താൻ  യാത്രയായി. ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ ഇരിക്കവേ ശിവപർവ്വതിമാർ അവിടെയെത്തി തങ്ങളാണ് ജന്മം നല്കിയതെന്നുണർത്തിച്ചു. രഹസ്യമായി പിന്തുടർന്നെത്തിയ ആശ്രമവാസികൾക്കും സത്യം മനസ്സിലായി.         മറ്റൊരു കഥ കൂടുതൽ സങ്കീർണ്ണമായതാണ്.

സൂര്യവംശസ്ഥാപകനായ ഇക്ഷ്വാകുവിന്റെ മക്കളായിരുന്നു  ദണ്ഡന്‍, വികുക്ഷി, നിമി എന്നിവര്‍. ഇതില്‍ നിമിചക്രവര്‍ത്തി സുന്ദരനും സൗഭാഗ്യവാനും ഗുണവാനും ദാനംചെയ്യുന്നവനും ധര്‍മ്മിഷ്ഠനുമായിരുന്നു. അദ്ദേഹം ധാരാളം യാഗം ചെയ്ത് പുണ്യം നേടി. ഗൗതമ മഹര്‍ഷിയുടെ ആശ്രമത്തിനടുത്ത് ജയന്തപുരം എന്ന അഗ്രഹാരം നിര്‍മ്മിച്ചത് നിമിയാണ്. ഒരിക്കല്‍ നിമി വളരെ വിശിഷ്ടവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ ഒരു യാഗം ചെയ്യുവാന്‍ നിശ്ചയിച്ചു. പിതാവായ ഇക്ഷ്വാകുവിന്റെ അനുമതി വാങ്ങി. ഭൃഗു, അംഗിരസ്സ്, വാമദേവന, ഗൗതമന്‍, പുലസ്ത്യന്‍, ഋചീകന്‍ തുടങ്ങിയ ഋഷിമാരെയൊക്കെ ക്ഷണിച്ചുവരുത്തുകയും യാഗത്തിനുള്ള കോപ്പുകള്‍ സംഭരിക്കുകയും ചെയ്തു. സൂര്യവംശത്തിന്റെ മുഖ്യപുരോഹിതനായ വസിഷ്ഠനെ ഈ യാഗപുരോഹിതനാക്കണമെന്നു നിശ്ചയിച്ച് അദ്ദേഹത്തെയും ക്ഷണിച്ചു. എന്നാലീ സമയത്ത് ഇന്ദ്രന്‍ ഒരുയാഗം ചെയ്യാന്‍ തീരുമാനിച്ച് വസിഷ്ഠനെ ക്ഷണിച്ചു. നിമിയുടെ യാഗം അഞ്ഞുറുവര്‍ഷം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വസിഷ്ഠന്‍ ഇന്ദ്രയാഗത്തിനുപോയി. നിമിയാകട്ടെ ഗൗതമനെ മുഖ്യപുരോഹിതനാക്കി യാഗം പൂര്‍ത്തിയാക്കി. ഇന്ദ്രന്റെ യാഗം കഴിഞ്ഞ് വസിഷ്ഠന്‍ മടങ്ങിയെത്തിയപ്പോള്‍ യാഗം പരിസമാപിച്ചതായിക്കണ്ട് കോപിച്ച് നിമിയെ ഉടന്‍ കാണണമെന്നാവശ്യപ്പെട്ടു. നിമി ക്ഷീണം കൊണ്ട് നല്ല ഉറക്കമായിരുന്നു. കുപിതനായ വസിഷ്ഠന്‍ നിമിയെ ദേഹമില്ലാത്തവനായിപ്പോകട്ടെയെന്നു ശപിച്ചു. ഉടന്‍തന്നെ നിമിയുടെ ശരീരത്തില്‍നിന്ന്  ആത്മാവു വേര്‍പ്പെട്ടു. കാരണം കൂടാതെതന്നെ ശപിച്ച വസിഷ്ഠനും ദേഹമില്ലാത്തവനാകട്ടെയെന്ന് നിമി തിരിച്ചും ശപിച്ചു. രണ്ടുപേരും വിദേഹന്മാരായിത്തീര്‍ന്നു. ദേവന്മാര്‍ നിമിക്കു ശരീരം നല്‍കാമെന്നു പറഞ്ഞെങ്കിലും ശരീരമില്ലാത്തതാണു സുഖമെന്നു പറഞ്ഞ് നിമി അതു നിഷേധിച്ചു. പ്രാണികളുടെ കണ്‍പോളകളില്‍ വസിച്ചുകൊള്ളാന്‍ അനുമതി കിട്ടി. അതാണു നിമിഷം. ശരീരം നഷ്ടപ്പെട്ട വസിഷ്ഠന്‍ പിന്നീട് ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ ,  ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍  പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിക്കുകയും  ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും.

കാലം കടന്നുപോയി. വേദശാസ്ത്രാദികളിലും ആയോധനകലകളിലും  നൈപുണ്യം നേടിയ അഗസ്ത്യൻ കഠിനതപസ്സുമായി നിത്യബ്രഹ്മചാരിയായി  കാലം കഴിച്ചു. ഒരിക്കല്‍ വനത്തില്‍ ചുറ്റി സഞ്ചരിക്കെ, ഒരു മലഞ്ചെരുവിൽ  തന്റെ പിതൃക്കള്‍തലകീഴായി തൂങ്ങിക്കിടക്കുന്നത്   കണ്ട മുനി തന്റെ പിതൃക്കൾക്ക്  മോക്ഷം ലഭിക്കാതിരുന്നതിന്റെ കാരണം തിരക്കി.  "മരണാന്തരപുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്കായി,   നിനക്ക് സന്താനങ്ങളുണ്ടായാലേ ഞങ്ങൾക്കു മോക്ഷം ലഭിക്കൂ" എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ അദ്ദേഹം ബ്രഹ്മചര്യം ഉപേക്ഷിക്കാൻ തയ്യാറായി. പക്ഷേ, കറുത്തു കുറിയവനായ, മുട്ടോളം താടിയുള്ള, ക്ഷിപ്രകോപിയായ മുനിക്ക്  വധുവിനെ ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ പരാജിതനായ മുനി തപഃശക്തിയാൽ  ഒരു പെൺകൊടിയെ  സ്വയം സൃഷ്ടിച്ചു. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ഏറ്റവും നല്ല അംശങ്ങൾ(സത്ത) ചേർത്ത് അതിസുന്ദരിയും ബുദ്ധിമതിയുമായ ലോപമുദ്ര എന്ന തരുണിയെയാണ് അദ്ദേഹം തനിക്കു വധുവായി സൃഷ്ടിച്ചത്. ജീവജാലങ്ങളിലെ നന്മകൾ ലോപിച്ചു മുദ്രണംചെയ്തു സൃഷ്ടിക്കപ്പെടുകയാലാണ്  ലോപമുദ്രയെന്ന പേരു  വന്നത്. ശൈശവബാല്യകൗമാരങ്ങൾ പിന്നിടുന്നതിനായി അദ്ദേഹം ആ പെൺകുഞ്ഞിനെ അനപത്യദുഃഖം അനുഭവിച്ചുകഴിഞ്ഞിരുന്ന വിദർഭരാജാവിനു  നൽകി. അവിടെ അവൾ എല്ലാ സൗഭാഗ്യങ്ങളോടെയും വളർന്നുവന്നു. പ്രായപൂർത്തിയെത്തിയപ്പോൾ മുനി അവളെ വിവാഹം കഴിക്കുന്നതിനായി കൊട്ടാരത്തിലെത്തി. പക്ഷേ മധ്യവയസ്കനും ജടാധാരിയുമായ മുനിയോടൊപ്പം പുത്രിയെ അടവിയിലേക്കയയ്ക്കാൻ രാജാവിന് വിമുഖതയുണ്ടായിരുന്നു. എന്നാൽ ലോപമുദ്ര പൂർണ്ണമനസ്സോടെ  എല്ലാ സൗഭാഗ്യങ്ങളുമുപേക്ഷിച്ചു മരവുരിയണിഞ്ഞു    മുനിയോടൊപ്പം പോകാൻ  തയ്യാറായി. മുനിയുടെ ആശ്രമത്തിൽ  തീവ്രമായ പതിഭക്തിയോടെ ഭർതൃപരിചരണങ്ങളിൽ അവൾ സദാ  മുഴുകിക്കഴിഞ്ഞു. പക്ഷേ ഭർതൃധർമ്മം നിറവേറ്റുന്നതിൽ ഒരു താല്പര്യവും കാണിക്കാതെ മുനി തപസ്സിൽ മുഴുകി. പതിയുടെ പരിഗണനയൊന്നും ലഭിക്കാതെ, ഘോരവനത്തിലെ  ഏകാന്തവാസം ആ തരുണിയെ ഏറെ ദുഃഖിതയാക്കി. സ്വധർമ്മം അനുഷ്ഠിക്കുന്നതിനു  ഭർത്താവിനെ പ്രേരിപ്പിക്കുന്നതിനായി ജ്ഞാനിയായ  ലോപമുദ്ര സൂക്തങ്ങൾ രചിക്കുകയും പിന്നീട്  അവയും ഋഗ്വേദത്തിൽ ഉൾപെടുത്തിയിരിക്കുന്നതായും  പറയപ്പെടുന്നു. 

ഒരിക്കൽ നഗ്നയായി തടാകത്തിൽ സ്നാനം ചെയ്തുകൊണ്ടിരിക്കെ ലോപമുദ്രയെക്കാണാനിടയായ അഗസ്ത്യമുനിക്ക് അവളിൽ ഭ്രമം ജനിക്കുകയും അവളെ പ്രാപിക്കാനെത്തുകയും ചെയ്തു. പക്ഷേ തന്നെ വിശേഷവസ്ത്രങ്ങളും  ദിവ്യാഭരണങ്ങളും അണിയിച്ച്, സ്വയം ശ്രേഷ്ഠഭൂഷകളണിഞ്ഞു വേണം മൈഥുനത്തിനെത്തേണ്ടതെന്നവളറിയിച്ചു. അതൊക്കെ സാധിക്കുന്നതിനായി മുനിക്ക്  ധാരാളം സമ്പത്തു കണ്ടെത്തേണ്ടിയിരുന്നു. കന്യകയേ  അവളാഗ്രഹിക്കുന്നതു നൽകി പ്രീതിപ്പെടുത്തിയിട്ടേ  പ്രാപിക്കാവൂ എന്നാണല്ലോ . വിത്തു  നന്നായാലും അത് മുളച്ചുവളരുന്ന ഭൂമിയും പ്രസരിപ്പുള്ളതാകണം  എന്നറിയുന്ന മുനി ഭാര്യയുടെ ആഗ്രഹം സാധിക്കുന്നതിനായി  ധനസമ്പാദനത്തിനു  പുറപ്പെട്ടു. പലരാജാക്കന്മാരെയും സമീപിച്ചെങ്കിലും അവരുടെയൊക്കെ വരവുചെലവുകണക്കുകൾ തുല്യമായതിനാൽ അദ്ദേഹത്തിന്  സാമ്പത്തികസഹായം ലഭിച്ചില്ല. ശ്രുതപർവ്വൻ, ബ്രദ്ധനശ്വന്‍ ,ത്രധസ്സ്യു എന്നീ  രാജാക്കന്മാരുടെ നിർദ്ദേശപ്രകാരം അതിസമ്പന്നനായ അസുരരാജാവ്  ഇല്വലനെ ചെന്നുകാണാൻ  തീരുമാനിച്ചു. വാതാപി എന്ന സഹോദരനോടൊപ്പമായിരുന്നു   ഇല്വലന്റെ വാസം. ബ്രാഹ്മണശത്രുവായിരുന്നു ഇല്വലനും വാതാപിയും. ഒരിക്കൽ ഇന്ദ്രതുല്യം  ശേഷ്ഠനായ  ഒരു പുത്രനെ ലഭിക്കണമെന്ന് തപസ്വിയായ ഒരുബ്രാഹ്മണനോട് ഇല്വലന്‍ ഒരു വരം ചോദിച്ചിരുന്നു. ബ്രാഹ്മണന്‍ ആ വരം നിരസിച്ചത്രേ. അന്നുമുതല്‍ ഇല്വലനും വാതാപിക്കും ബ്രഹ്മണര്‍ കണ്ണിലെ കരടായി മാറി. വളരെ വിചിത്രമായിരുന്നു അവരുടെ പ്രതികാരം. ഇല്വലന്‍ മായാവിയായ  വാതാപിയെ ഒരു ആടാക്കിമാറ്റി. ബ്രാഹ്മണര്‍ ആരെങ്കിലും ആശ്രമത്തില്‍ അതിഥിയായി  ചെന്നാല്‍ ആടിനെ കൊന്ന്, മാംസം  പാചകംചെയ്തു  കൊടുക്കും. (അക്കാലത്ത് ബ്രാഹ്മണർ മാംസാഹാരികളായിരുന്നത്രേ)  സദ്യ കഴിയുന്നതോടെ 'വാതാപീ,  പുറത്തു വരൂ' എന്ന് വിളിക്കും. വിളി കേട്ടാലുടന്‍ വാതാപി പൂര്‍വ്വരൂപം കൈക്കൊണ്ടു ആടായി ബ്രാഹ്മണന്റെ വയര്‍ പിളര്‍ന്നു പുറത്തു വരും. ഇങ്ങനെ നിരവധി ബ്രാഹ്മണരെ ഇല്വലന്‍ കൊന്നൊടുക്കി. ഈ സമയത്താണ് അഗസ്ത്യനും കൂട്ടരും അവിടെ എത്തിയത്.

ഇല്വലന്‍ യഥാവിധി അവരെ സ്വീകരിച്ച് പഴയതുപോലെ വാതപിക്കു രൂപമാറ്റം വന്ന  ആടിനെ ഭക്ഷണമാക്കിക്കൊടുത്തു. ഒപ്പമുണ്ടായിരുന്ന രാജാക്കന്മാർ ആകെ വിഷണ്ണരായി. മുറപ്രകാരം ബ്രാഹ്മണനാണല്ലോ ആദ്യം ഭക്ഷണം വിളമ്പേണ്ടത്. കഥയൊക്കെ മുമ്പേതന്നെ അറിഞ്ഞിരുന്ന അഗസ്ത്യൻ ഭക്ഷണം മുഴുവൻ കഴിച്ചുതീർത്തു.  കഴിക്കുമ്പോൾത്തന്നെ   'വാതാപി ജീര്‍ണ്ണസ്യ' എന്ന് സാവധാനം പറഞ്ഞു. ഉടനെ വാതാപി അഗസ്ത്യന്റെ ഉദരത്തില്‍ ദഹിച്ചുകഴിഞ്ഞു. എല്ലാവരും  ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഇല്വലന്‍ വാതാപിയെ ഉറക്കെ വിളിച്ചു. പക്ഷേ ഏമ്പൊക്കമായാണ് വാതാപി പുറത്തുവന്നത്.   ഭയവിഹ്വലനായ ഇല്വലന്‍ അഗസ്ത്യനും ഒപ്പമുള്ളവർക്കും  വേണ്ടത്ര സമ്പത്തുകൊടുത്തു . കൂടുതലായി അഗസ്ത്യന് വിരാവാന്‍ എന്നും, സുരാവാന്‍ എന്നും പേരുള്ള രണ്ട് കുതിരകളെ കെട്ടിയ രഥവും കൊടുത്തു. അഗസ്ത്യന്‍ ആശ്രമത്തിലെത്തി ലോപമുദ്രയ്ക്ക് സർവ്വാഭരണവിഭൂഷാദികൾ നൽകി, അവളുടെ  ഇഷ്ടപ്രകാരം സ്വയം  അണിഞ്ഞൊരുങ്ങി. സന്താനോദ്‌പാദനത്തിനു  സർവ്വാത്മനാ സന്നദ്ധയായ പത്നിയോട്  ആയിരം പുത്രന്മാരോ, പത്തുപുത്രന്മാരുടെ ബലം വീതമുള്ള നൂറു പുത്രന്മാരോ, നൂറുപുത്രന്മാരുടെ ബലം വീതമുള്ള പത്ത് പുത്രന്മാരോ അതോ ആയിരം പുത്രന്മാരേക്കാള്‍ ശ്രേഷ്ഠതയും മഹത്വവുമുള്ള ഒരു പുത്രനെയോ  വേണ്ടതെന്ന് അഗസ്ത്യന്‍ ‍ചോദിച്ചു. അവള്‍  ശ്രേഷ്ഠനായ  ഒരു പുത്രനെയാണ്  ആഗ്രഹിച്ചത്. സുരതത്തിലേർപ്പെട്ട മുനിവര്യൻ ബ്രഹ്മചര്യം നഷ്ടമായതോടെ കഠിനതപസ്സിലൂടെ നേടിയെടുത്ത് ,  ഇത്രനാൾ കാത്തുസൂക്ഷിച്ചുപോന്ന  തന്റെ ശക്തികൾ നഷ്ടമായെന്ന് മനസ്സിലാക്കി.  ലോപമുദ്രയെ വനദേവതകളെ ഏല്പിച്ച് വീണ്ടും ഉഗ്രതപസ്സിനായി വനാന്തർഭാഗത്തേക്കു മുനി യാത്രയായി. ലോപമുദ്ര ഗഏഴുവർഷത്തെ ഗർഭകാലത്തിനുശേഷം   തേജസ്വിയായ ഒരു പുത്രന് ജന്മം നല്കി. അതാണ് ദൃഢസ്യു. ജനിക്കുമ്പോൾത്തന്നെ  വേദങ്ങളിലും ഉപനിഷത്തുകളിലും അഗാധപാണ്ഡിത്യമുണ്ടായിരുന്നുവത്രേ ഈ ശിശുവിന്. പിതാവിന്റെ ഹോമത്തിനുള്ള വിറക് കൊണ്ടുവന്നിരുന്നതുകൊണ്ടു  ദൃഢസ്യുവിനു  ഇധ്മവാഹന്‍ എന്ന പേരുമുണ്ടായി.  

വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്. വരാഹപുരാണത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലെയും സ്കന്ദപുരാണത്തിലെയും അഗസ്ത്യസംഹിതകൾ തുടങ്ങി പല പുരാണഭാഗങ്ങളുടെയും കർതൃത്വം അഗസ്ത്യമുനിയിൽ നിക്ഷിപ്തമായിട്ടുണ്ട്. അഗസ്ത്യകൂടത്തിനു പുറമേ, അഗസ്ത്യതീർഥം, അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസർഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയിൽ ഭൂരിഭാഗവും. അഗസ്ത്യരസായനം എന്ന ആയുർവേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹർഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.  (അഗസ്ത്യമുനി നാലു യുഗങ്ങളും 48 ദിവസവും സ്വശരീരത്തിൽ ജീവിച്ചിരുന്നുവെന്നും തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും ഒരു വിശ്വാസം നിലവിലുണ്ട്.) 
ആകാശത്തിന്റെ തെക്കുകിഴക്കുദിക്കിൽ  ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.






Thursday, October 18, 2018

തള്ള്  തൊഴിലാക്കിയവർ 
=====================
'തള്ള്'  എന്ന വാക്കിന് മുഖപുസ്തകത്തിൽ ഒരുപാടർത്ഥങ്ങളുണ്ടെന്ന് അനുഭവസാക്ഷ്യം. തള്ളിന്റെ  അർത്ഥവ്യാപ്തി മനസ്സിലാക്കുന്നതിനായി ഒരു പോസ്റ്റ് തന്നെ ഒരിക്കലിടേണ്ടിവന്നു. പക്ഷേ ഇപ്പോൾ പറയുന്ന തള്ള്  അതൊന്നുമല്ല. വളരെ 'മൂല്യ'വത്തായ  ഒരു തള്ളിനെക്കുറിച്ചാണ്. ഏതാനും വർഷങ്ങൾ  മുമ്പുവരെ ജപ്പാനിൽ നിലനിന്നിരുന്ന 'തള്ള്'ജോലിക്കാരെക്കുറിച്ച്. 

ജപ്പാനിൽ ട്രെയിനുകൾക്ക്  നമ്മുടെ ട്രെയിനുകളിലേതുപോലെ  പോലെ സദാ  തുറന്നുകിടക്കുന്ന വാതിലുകളല്ല.  ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു  നിൽക്കുമ്പോൾ വാതിൽ തുറക്കുകയും പുറപ്പെടുന്നതിനുമുൻപ് അടയുകയും ചെയ്യും. ടോക്കിയോ നഗരത്തിൽത്തന്നെ ഒരുദിവസം  തൊണ്ണുറുലക്ഷത്തോളം ട്രെയിൻയാത്രികരുണ്ട് . അഞ്ചുമിനിട്ടിടവിട്ടു പ്ലാറ്റ്ഫോമിൽ  ട്രെയിനെത്തിക്കൊണ്ടിരിക്കും.  രാവിലേയും വൈകുന്നേരവും  പീക് അവേഴ്സിൽ അതു രണ്ടോ മൂന്നോ മിനിട്ട് ഇടവിട്ടാകും. എങ്കിലും   ഇത്രയുംപേർക്കു യാത്രയ്ക്കതു പര്യാപ്‍തമല്ല എന്നതാണു യാഥാർത്ഥ്യം .    . ഷിൻജുകു, ഷിബുയ പോലുള്ള, ലോകത്തിലെതന്നെ ഏറ്റവും  തിരക്കേറിയ സ്റ്റേഷനുകളിൽ പലപ്പോഴും നിശ്ചിതസമയത്തിനുള്ളിൽ ആളുകൾ ട്രെയിനിൽ  കയറിക്കഴിഞ്ഞെന്നുവരില്ല. പക്ഷേ വാതിലടയുകയും ചെയ്യും. ഇത് അപകടങ്ങൾക്കിടയാകും . അതൊഴിവാക്കാൻ വളരെ വർഷങ്ങൾക്കുമുമ്പ്  റെയിൽവേ 'പുഷേർസ്'(oshiya ) എന്നൊരുവിഭാഗം ജോലിക്കാരെ നിയമിച്ചിരുന്നു. ഇവർ യാത്രക്കാരെ തള്ളി വാതിലടയുന്നതിനു മുമ്പുതന്നെ  ട്രെയിനകത്തുകയറ്റും. വളരെ വിചിത്രമായി തോന്നുമെങ്കിലും വളരെക്കാലം ജപ്പാനിൽ ഇങ്ങനെയൊരുവിഭാഗം  ജോലിക്കാർ ഉണ്ടായിരുന്നു. വെളുത്ത ഗ്ലൗസിട്ട 'പുഷേർസ്' ലോകത്തിനു മുഴുവൻ കൗതുകമായിരുന്നു.  ഷിൻജുകു സ്റ്റേഷനിൽ ഇതാദ്യമായി നടപ്പാക്കിയപ്പോൾ പാർട്ട് ടൈം ജോലിചെയ്തിരുന്ന വിദ്യാർത്ഥികളായിരുന്നു കൂടുതലെത്തിയിരുന്നത്. Passenger Arrangement Staff എന്നാണ്‌ ഈ ജോലിക്കാർ അറിയപ്പെട്ടിരുന്നത്.1964 ലെ ടോക്കിയോ ഒളിമ്പിക്സ് കാലത്തു ലൈഫ് മാഗസിൻ ഇവരെക്കുറിച്ചൊരു സ്‌പെഷ്യൽ ലക്കം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.   പുഷേഴ്സിന്റെ സേവനം കൊണ്ടുമാത്രം യഥാർത്ഥ പ്രാപ്തിയെക്കാൾ 221 % യാത്രക്കാരെ ട്രെയിനുകളിൽ ഉൾക്കൊള്ളിക്കാനായിരുന്നു എന്നാണു കണക്ക്. പക്ഷേ 2000- ത്തോടെ യാത്രക്കാരുടെ തിരക്കു നന്നേ കുറയുകയുണ്ടായി. പുഷേഴ്സിന്റെ ആവശ്യവും  ഇല്ലാതായി. ഇപ്പോഴും പീക് അവേഴ്സിൽ ആവശ്യം വന്നാൽ ഈ ജോലി, അവിടെയപ്പോൾ    സന്നിഹിതരായിരിക്കുന്ന റെയിൽവെജോലിക്കാർ തന്നെ നിർവഹിക്കും. 

ജപ്പാനിലെ   പുഷേഴ്സിനെയാണ് ലോകം കൂടുതലറിയുന്നതെങ്കിലും ഇതാദ്യമായിത്തുടങ്ങിയത് അമേരിക്കയിലാണ്. ന്യൂയോർക്കിൽ ഒരു നൂറ്റാണ്ടുമുമ്പ് ഇങ്ങനെയൊരുവിഭാഗം ജോലിക്കാരുണ്ടായിരുന്നെകിലും അവർ ഒട്ടും തന്നെ ജനത്തിനു   സ്വീകാര്യരായില്ല. ദയാരഹിതമായ ഉന്തൽ തന്നെ  കാരണം. തങ്ങളുടെ മുഴുവൻ ശക്തിയുമെടുത്തു ആളുകളെ തള്ളിക്കയറ്റുമ്പോൾ അതു യാത്രക്കാർക്കെത്രമാത്രം വേദനാജനകമാണെന്നു ചിന്തിക്കാൻ ഇക്കൂട്ടർക്കായില്ല. ഇവരുടെ ജോലിയെ  'മത്തിയടുക്കൽ' എന്നായിരുന്നു ജനം പരിഹാസത്തോടെ വിളിച്ചിരുന്നത്. ഇവരുടെ ക്രൂരത പലപ്പോഴും പത്രങ്ങളുടെ  തലക്കെട്ടാവുകയും ചെയ്തിരുന്നു.




Sunday, October 14, 2018

സമറായിലെ കണ്ടുമുട്ടൽ

സമറായിലെ  കണ്ടുമുട്ടൽ
======================
(  മെസപ്പൊട്ടോമിയൻ നാടോടിക്കഥയ്ക്ക് സോമർസെറ്റ് മോം  എഴുതിയ   പുനരാഖ്യാനം) 

അനവധി സംവത്സരങ്ങൾക്കപ്പുറം, ഈ ലോകംതന്നെ വളരെ വ്യത്യസ്തമായിരുന്നൊരു കാലത്ത്, ബാഗ്‌ദാദിൽ സമ്പന്നനായൊരു വ്യാപാരിയുണ്ടായിരുന്നു. ഒരുദിവസം അദ്ദേഹം ഗംഭീരമായൊരു വിരുന്നൊരുക്കാൻ തീരുമാനിച്ചു. അതിഥികളെ ക്ഷണിക്കുകയും ചെയ്തു. തന്റെ വിശ്വസ്തനും സമർത്ഥനുമായ  പരിചാരകൻ  അഹമ്മദിനോട് അങ്ങാടിയിൽപ്പോയി ആവശ്യമുള്ള സാധനങ്ങളൊക്കെ  വാങ്ങാൻ ചുമതലപ്പെടുത്തി. 
ഏറ്റവും മികച്ചവ തന്നെ വാങ്ങണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുകയും ചെയ്തു. 
യജമാനന്റെ ആജ്ഞ ശിരസ്സാവഹിച്ച് അഹമ്മദ് അങ്ങാടിയിലേക്ക് യാത്രയായി. 

അങ്ങാടിയിൽ ആകെ തിരക്കായിരുന്നു. വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഉച്ചത്തിലുള്ള സംസാരവും വിലപേശലുകളും എല്ലാമായി ആകെ ബഹളം . എല്ലാവർക്കും  വേണ്ടത് ഏറ്റവും നല്ല സാധനങ്ങൾ, അതും ഏറ്റവും വിലക്കുറവിൽ. ഉന്തിയും തള്ളിയും  ജനം മുന്നേറുകയാണ്.  അഹമ്മദും ആ തിരക്കിലൂടെ നടന്നു. പെട്ടെന്നാണ് ഒരു സ്ത്രീയുടെ കൈ  അവന്റെമേൽ ശക്തിയായി മുട്ടിയത്. തിരിഞ്ഞുനോക്കിയ അഹമ്മദ് ഭയന്നു  വിറച്ചുപോയി. അവരും അന്തംവിട്ടതുപോലെ  അയാളെ തുറിച്ചു നോക്കിനിന്നു. അതയാളുടെ ഭയം വർദ്ധിപ്പിച്ചു. അവിടെനിന്നയാൾ ശരംവിട്ടതുപോലെ തിരിഞ്ഞോടി. ഓടിക്കിതച്ചുവന്നു നിന്നത് യജമാനന്റെ സമീപത്ത്. 

ഒന്നുംവാങ്ങാതെ ചന്തയിൽനിന്നു  തിരികെയെത്തിയ പരിചാരകനോട് വ്യാപാരിക്കു വല്ലാത്ത കോപം തോന്നി. 
"എന്താണു  നീ പറഞ്ഞതനുസരിക്കാതെ വേഗമിങ്ങു  പോന്നത്? " അയാൾ ക്രുദ്ധനായിച്ചോദിച്ചു. 
കിതച്ചുകൊണ്ടായാൾ  ശബ്ദം താഴ്ത്തിപ്പറഞ്ഞു 
" യജമാനനെ, ഞാൻ ചന്തയിൽ പോയതാണ്. അവിടെവെച്ച് എന്നെ ആരോ വന്നിടിച്ചതായിത്തോന്നി." 
" അത്രേയുള്ളോ ..... വിഡ്ഡീ,  അതിനു നീയെന്തിനാണ് ഒന്നും വാങ്ങാതെ മടങ്ങിപ്പോന്നത്?" വ്യാപാരി ആക്രോശിച്ചു. 
" എന്നെ വന്നു തട്ടിയത് മരണമായിരുന്നു. അവളെന്നെ വല്ലാതെ ഭയപ്പെടുത്തി തുറിച്ചു നോക്കി. ഞാൻ പേടിച്ചോടിപ്പോന്നതാണ്" 
അഹമ്മദ് അപ്പോഴും ഭയന്നുവിറയ്ക്കുകയായിരുന്നു. ഹോ! മരണമാണു വന്നിരിക്കുന്നത്. അപ്പോൾപ്പിന്നെ ആരായാലും ഭയന്നുവിറയ്ക്കില്ലേ.   അവന്റെ ഭയം കണ്ടു  വ്യാപാരിക്ക് അനുകമ്പ തോന്നി . അയാൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. 
പക്ഷേ അഹമ്മദിന് അതൊന്നും ആശ്വാസമായില്ല. അവൻ പറഞ്ഞു. 
"യജമാനനേ ,ദയവായി  എനിക്ക് അങ്ങയുടെ വേഗതയുള്ളൊരു കുതിരയെ തരണം. ഞാൻ ഇവിടെനിന്നു സമറായിലെ  എന്റെ കൂട്ടുകാരന്റെ വീട്ടിൽപോയി ഒളിച്ചുകൊള്ളാം. മരണത്തിന് അവിടെവന്നെന്നെ കണ്ടുപിടിക്കാനാവില്ല." 
അതൊരു നല്ലകാര്യമായി വ്യാപാരിക്കും തോന്നി. ഉടൻതന്നെ അയാൾ  തന്റെ ഏറ്റവും നല്ല കുതിരയെ കൊണ്ടുപോകാൻ അഹമ്മദിന് അനുവാദവും കൊടുത്തു. ഒരു നിമിഷംപോലും പാഴാക്കാതെ അഹമ്മദ് കുതിരപ്പുറത്തുകയറി ശരവേഗത്തിൽ പാഞ്ഞു. 
അഹമ്മദ് പോയയുടനെ വ്യാപാരി മരണത്തെ നേരിൽക്കാണാൻ  ചന്തയിലേക്കു  പുറപ്പെട്ടു. തന്റെ ഏറ്റവും വിശ്വസ്തനായ പരിചാരകനെ ഭയപ്പെടുത്തിയോടിച്ച മരണത്തോടയാൾക്കു ദേഷ്യം തോന്നി. ഒന്നു  ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. 
അവളെ അവിടെക്കണ്ടതും അയാൾ ദേഷ്യഭാവത്തിൽ പറഞ്ഞു.
" എനിക്കൊരു കാര്യമറിയണം."
"ഹേ  മനുഷ്യാ , നിനക്കെന്താണറിയേണ്ടത്?" മരണം വളരെ ശാന്തമായി തണുത്തസ്വരത്തിൽ ചോദിച്ചു. 
" നിങ്ങളിന്നെന്റെ പരിചാരകനെ  ഭയപ്പെടുത്തിയില്ലേ. എന്തിനാണവനെ തുറിച്ചുനോക്കി പേടിപ്പിച്ചത് ?"
"അവനെ ഞാൻ തുറിച്ചുനോക്കിയതല്ല." മരണം ശാന്തത  കൈവിടാതെ മൃദുസ്വരത്തിൽ പറഞ്ഞു. " അതിശയപ്പെട്ടാണു   ഞാനവനെ നോക്കിയത് ." 
ഈ വാക്കുകൾ കേട്ട് വ്യാപാരി ചിന്താക്കുഴപ്പത്തിലായി. 
" അഹമ്മദിനെക്കണ്ടു നിങ്ങളെന്തിനതിശയപ്പെടണം?" അയാൾ ചോദിച്ചു.
"അതിനു കാരണമുണ്ട്." മരണം പതിഞ്ഞശബ്ദത്തിൽ മന്ത്രിച്ചു.  
"ഞാനിന്നിവിടെ അവനെ പ്രതീക്ഷിച്ചതേയില്ല. കാരണം എനിക്ക് 
 അവനെക്കൊണ്ടുപോകാനുള്ള സമയംകുറിച്ചിരിക്കുന്നത് ഇന്നുരാത്രി. അതാവട്ടെ  സമറായിലെ  അവന്റെ കൂട്ടുകാരന്റെ വീട്ടിൽനിന്നാണ്. " 















Saturday, October 13, 2018

യാത്രവിസ്മയങ്ങൾ 11 ലോനാവാല -മഹാനഗരിയുടെ കളിക്കൂട്ടുകാരി

ലോനാവാല -മഹാനഗരിയുടെ കളിക്കൂട്ടുകാരി 
======================================
മുംബൈയ്ക്കും പൂനയ്ക്കുമിടയിലുള്ള ഒരു ഹിൽസ്റ്റേഷനാണു  ലോനാവാല. മുംബൈ- പൂനെ എക്സ്പ്രസ്സ് ഹൈവേ കടന്നുപോകുന്നതും  ഇതിലെയാണ്. വിനോദസഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും മലകയറ്റക്കാർക്കും  പുരാവസ്തുഗവേഷകർക്കുമൊക്കെ ഒന്നുപോലെ  പ്രിയപ്പെട്ട സ്ഥലമാണു  ലോനാവാല. ഒട്ടനവധി മധുരാനുഭവങ്ങളാണ്  ലോനാവാല ഇവർക്കൊക്കെയായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെതന്നെ  ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ  ലോനാവാല 'സഹ്യപര്‍വതത്തിലെ രത്നം' എന്നാണ് അറിയപ്പെടുന്നത്. മൂന്നുകിലോമീറ്റർ ദൂരത്തു ഖണ്ടാല എന്ന മറ്റൊരു സൗന്ദര്യധാമവും കൂടിയുണ്ട്.

1871 ല്‍ അന്നത്തെ  ബോംബെ ഗവര്‍ണര്‍ സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ലോനാവാലയെ കണ്ടെത്തുമ്പോള്‍  ജനവാസം കുറഞ്ഞ ഇടതിങ്ങിയ  കാട്ടു  പ്രദേശമായിരുന്നു അത്. പക്ഷേ  ഇവിടുത്തെ നിർമ്മലമായ അന്തരീക്ഷവും മനംമയക്കുന്ന പ്രകൃതിമനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെക്കൊണ്ട് വളരെപ്പെട്ടെന്നുതന്നെ സഞ്ചാരികളുടെ ഇഷ്ടസങ്കേതമായി ഇവിടം മാറി. ലോനാവാല തടാകം,പാവന  തടാകം, വളവന്‍ തടാകം, തുംഗാര്‍ലി  തടാകം, വെള്ളച്ചാട്ടങ്ങൾ,ടൈഗർ പോയിന്റ്,  ലയണ്‍ പോയിന്റ്, ഡ്യൂക്സ് നോസ്,  സഹസ്രാബ്ദങ്ങൾക്കുമുമ്പു മുമ്പു നിർമ്മിക്കപ്പെട്ട  കാർല ഗുഹകൾ, ഭാജ ഗുഹകൾ, അത്രതന്നെ പഴക്കമില്ലാത്ത കോട്ടകൾ,  ആധുനികകാലത്തെ  ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, രാജ്മാച്ചി പോയന്റ്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ടൈഗർ പോയിന്റ്     വാക്സ് മ്യുസിയങ്ങൾ  തുടങ്ങിയവയാണ് ഇവിടെത്തെ പ്രധാന കാഴ്ചകള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചർ പാർക്കായ ഡെല്ലാ അഡ്വഞ്ചെർ,  ബംഗീ ജംബിംഗ് നടക്കപ്പെടുന്ന സ്ഥലം കൂടിയാണ്  . 45 മീറ്റർ ഉയരത്തിൽ നിന്നാണ് ഇവിടെ ചാടാൻ അവസരം ലഭിക്കുക.   ചിക്കി എന്നുപേരുള്ള മിഠായിക്കും  ലോനാവാല  പ്രസിദ്ധമാണ്.  ലോനാവാല  ചിക്കി വിൽക്കുന്ന ധാരാളം വില്പനശാലകൾ ഇവിടെ ഇവിടെയുമുണ്ട്  . മഗൻലാൽചിക്കിയാണ് ഏറ്റവും പ്രസിദ്ധം. നമ്മുടെ കടലമുട്ടായി പോലെ നിലക്കടല, അണ്ടിപ്പരിപ്പ്, എള്ള് , ബദാം,  പലതരം ധാന്യങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയൊക്കെ ശർക്കരപ്പാനിയിലോ  പഞ്ചസാരസിറപ്പിലോ ചേർത്തുണ്ടാക്കുന്ന മിഠായികളാണ് ചിക്കി. 


മുമ്പു  രണ്ടുതവണ ലോനാവാല സന്ദർശിച്ചിട്ടുണ്ടെങ്കിലും  കഴിഞ്ഞൊരു  ദിവസം അവിടുത്തെ വഴിയോരങ്ങളിലും കുന്നിൻചെരുവുകളിലും  നിറവസന്തമൊരുക്കിനിൽക്കുന്ന ബാൾസം ചെടികളുടെ ചിത്രം പത്രത്തിൽ കണ്ടപ്പോൾ  അവിടെപ്പോയി അതൊന്നു നേരിൽക്കാണാനാഗ്രഹം. അങ്ങനെയാണ് ഒരിക്കൽക്കൂടി അവിടേയ്‌ക്കൊരു യാത്രപോയത് .   

എവിടെയും പൂവിട്ടുനിൽക്കുന്ന കാട്ടുചെടികൾ. വഴിയോരങ്ങളിലും അതിനപ്പുറത്തേക്കും വയ്‌ലറ്റുനിറത്തിലെ പൂക്കളുമായി കാശിത്തുമ്പകൾ  ( balsam ) കൂട്ടംകൂട്ടമായി നിൽക്കുന്നു. നമ്മുടെനാട്ടിൽ കാണുന്നതുപോലെ ബാൾസം  ചെടികളിൽ  വിവിധനിറങ്ങളിലെ പൂക്കളില്ല. പക്ഷേ  പൂക്കളുടെ വലുപ്പത്തിൽ വ്യത്യാസം കാണാം. പിന്നെ പേരറിയാത്ത  മഞ്ഞനിറമുള്ള ധാരാളം പൂക്കളും എല്ലായിടത്തുമുണ്ട്. വെള്ളനിറമുള്ള ഏതൊക്കെയോ  പൂക്കളും എണ്ണത്തിൽ  കുറവെങ്കിലും മനോഹാരിതയ്ക്കു ഒട്ടും കുറവില്ലെന്നറിയിച്ചു പൂത്തുലഞ്ഞു നിൽക്കുന്നു. 

ഒന്നരനൂറ്റാണ്ടുമുമ്പു  നിർമ്മിച്ചതാണ് ബുഷി ഡാം. തീവണ്ടിഗതാഗതം ആരംഭിച്ചകാലത്ത് ആവിഎൻജിനു  വേണ്ടിയുള്ള ജലസ്രോതസ്സായി ഇന്ദ്രായണി നദിയിൽ നിർമ്മിച്ചതാണ് ഈ അണക്കെട്ട്. കാലക്രമേണ അതൊരു വോനോദസഞ്ചാരകേന്ദരമായിത്തീരുകയായിരുന്നു. മഴക്കാലത്തു  വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ജലം  സമൃദ്ധമായി ഒഴുകിയെത്തി ഡാം  കവിഞ്ഞൊഴുകും. അതുകൊണ്ട്  ഓവർഫ്ലോ ഡാം എന്നും ഇത് വിളിക്കപ്പെടുന്നു.കവിഞ്ഞൊഴുകുന്ന   ഈ  ജലം  അവിടെ നിർമ്മിച്ചിരിക്കുന്ന പടിക്കെട്ടുകളിലൂടെ ഒഴുകുന്നത് കാണാനും ആ ജലധാരയിൽ ഇരുന്നും കിടന്നുമൊക്കെ ഉല്ലസിക്കുന്നതിനുമായാണ് ഇവിടേക്കു  ജനം പ്രവഹിക്കുന്നത്. മഴക്കാലം കഴിഞ്ഞാൽ ഈ മനോഹാരിതയും ആഹ്ലാദവും ഇല്ലാതാവുകയും ചെയ്യും. വാഹനമിറങ്ങി ഏതാനും കടകളും ഒരു കൊച്ചു ക്ഷേത്രവുമൊക്കെക്കടന്നുവേണം ഡാമിലേക്കുള്ള  വഴിയിലെത്താൻ.  ഇടയ്ക്കൊരു തോടും ഒഴുകുന്നുണ്ട്. മഴയുള്ളസമയത്ത് തോട്ടിൽ വെള്ളം നിറയും. അപ്പോൾ മുട്ടിനുമുകളിൽ വെള്ളമുണ്ടാകും. അതുകടന്നുവേണം ഡാമിലെ പടികളിലെത്താൻ. പക്ഷേ ചെളിനിറഞ്ഞ  തോടുകടക്കാൻ ആരും  മടി കാട്ടാറില്ല. ആദ്യം ലോനാവാല കാണാൻ പോയപ്പോൾ അങ്ങനെ തോടുകടന്നാണ്‌ ഞങ്ങളും ബുഷിഡാമിന്റെ സൗന്ദര്യം  ആസ്വദിച്ചത്. ജലപടികള്‍ കേറി മുകളില്‍ എത്തിയാല്‍ ഡാമിന്റെ കാഴ്ചകള്‍ കാണാം. ഒരു ഇരുമ്പു ഗ്രില്ലിനപ്പുറം മീറ്ററുകളോളം ആഴമുള്ള വിസ്തൃതമായ  ജലസംഭരണി . നല്ല തെളിഞ്ഞ വെള്ളം. ചുറ്റുപാടും ഹരിതശോഭയുള്ള മലകൾ. നല്ല തണുപ്പുള്ള അന്തരീക്ഷവും. ചുട്ടും  പുഴുങ്ങിയും ചോളം വിൽക്കുന്നവരും കടലക്കച്ചവടക്കാരുമൊക്കെ ധാരാളമുണ്ട്. പടികളിൽ നടക്കുന്നതുശ്രദ്ധിച്ചില്ലെങ്കിൽ വീഴ്ച നിശ്ചയം. നീരൊഴുക്ക് ചിലപ്പോൾ അപ്രതീക്ഷിതമായി വർദ്ധിക്കാം. അപ്പോൾ അപകടസാധ്യതയുമുണ്ട്. 

പക്ഷേ ഇത്തവണ മഴക്കാലം കഴിഞ്ഞതുകൊണ്ട്  ഒട്ടും വെള്ളമുണ്ടായിരുന്നില്ല. പടിക്കെട്ട്   ഉണങ്ങിക്കിടന്നിരുന്നു.  അവിടെനിന്നു വീണ്ടും പോയാൽ ലയൺസ്‌ പോയിന്റും ടൈഗർപോയിന്റും ഒക്കെയുണ്ട്. അവിടെനിന്നൊക്കെയുള്ള കാഴ്ചകൾ അവർണ്ണനീയമാണ്. സൃഷ്ടികർത്താവിന്റെ അസാമാന്യചാരുതയാർന്ന ശില്പവൈഭവം. ഒട്ടകസവാരിയും ആസ്വദിക്കാം.   ലയൺസ്‌ പോയിന്റിനിന്ന് മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയുടെ ദൃശ്യം  മനോഹരമാണ്.  ചില വെള്ളച്ചാട്ടങ്ങളും കാണാനാവും . 
വാഹനം പോകുന്ന പ്രധാനപാതയിലൂടെ   കാർല ഗ്രാമത്തിലെത്തിയാൽ ഇരുവശങ്ങളിലേക്കുമുള്ള വഴികൾ കാർല ഗുഹകളിലേക്കും ഭാജഗുഹകളിലേക്കുമുള്ളവയാണ്. രണ്ടു മലകളിലായാണ് പാറതുരന്നു നിർമ്മിച്ച ഗുഹകൾ . ഇവരണ്ടും ബി സി രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ബുദ്ധമതത്തിലെ ഹീനയാനവിഭാഗത്തിന്റെ വാസ്തുശൈലിയാണ് ഈ രണ്ടു ഗുഹാസമുച്ചയങ്ങളിലും കാണപ്പെടുന്നത്. രണ്ടുഗുഹകളിലും കയറുന്നതിനു ടിക്കറ്റുണ്ട്. 


 ചൈത്യമന്ദിരം (പ്രാർത്ഥനാ ഗൃഹം) അവയുടെ പ്രത്യേകതയാണ്.  കാർലഗുഹയിലെ ചൈത്യമന്ദിരമാണ് ഇന്ത്യയിൽ  ഇന്നു കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുതും മനോഹരവുമെന്നു പറയപ്പെടുന്നു. രണ്ടു സിംഹസ്തംഭങ്ങൾ ഈ മന്ദിരത്തിന്റെ പ്രവേശനദ്വാരത്തിന്റെ ഇരുവശത്തുമായുണ്ട്. ചൈത്യമന്ദിരത്തിൽ പ്രവേശിക്കുന്നവർക്ക് കാൽകഴുകുവാൻ സാധിക്കവുന്നതരത്തിൽ പ്രവേശന ദ്വാരങ്ങളുടെ മുൻഭാഗത്ത് വെള്ളം കെട്ടിനിറുത്താനുള്ള ചെറിയ തളങ്ങൾ കൊത്തിയുണ്ടാക്കിയിരിക്കുന്നു . മന്ദിരത്തിന്  45  മീറ്റർ നീളവും 14 മീറ്റർ വീതിയും 14 മീറ്റർ ഉയരവും ഉള്ളതാണ്. പ്രദക്ഷിണപഥത്തെയും മണ്ഡപത്തെയും തമ്മിൽ വേർതിരിക്കുന്ന 37 തൂണുകളുണ്ട്. ചതുരാകൃതിയിലുള്ള തറ, കുംഭാകൃതിയിലുള്ള പാദം, എട്ടുപട്ടമുള്ള വള (പട്ടിക), ഘടാകൃതിയിലുള്ള ശിരോഭാഗം, വിതരിതമായ പീഠം അതിനും മുകളിൽ ശില്പാലങ്കാരം എന്നിവ അടങ്ങിയതാണ് തൂണുകൾ ഓരോന്നും. അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്. മുകൾഭാഗത്തെ,  കുതിരലാടത്തിന്റെ ആകൃതിയിലുള്ള, തടികൊണ്ടു  നിർമ്മിച്ച ആർച്ചുകൾ ഒരത്ഭുതം തന്നെ. ആണികളൊന്നുമില്ലാതെയാണവ അവിടെ ഉറപ്പിച്ചിരിക്കുന്നത്.   ശ്രദ്ധാകേന്ദ്രമായ സ്തൂപത്തിൽ പ്രകാശം ചൊരിയുന്ന വിധത്തിലാണ് ചൈത്യജാലകത്തിന്റെ സ്ഥാനം. ജാലകത്തിലും സഭാതലത്തിന്റെ  തട്ടിലും മരപ്പാളികൾ സജ്ജീകരിച്ച് ചൈത്യമന്ദിരത്തിലെ പ്രകാശവിതരണം ആകർഷകമാക്കിയിരിക്കുന്നു.  ഭാജഗുഹയിലേത്  ഇത്ര വലുപ്പവും ശില്പഭംഗിയുള്ളതുമല്ല. രണ്ടുനിലകളിലായി  ധാരാളം വിഹാരങ്ങളും രണ്ടു ഗുഹാസമുച്ചയങ്ങളിലും  നിർമ്മിച്ചിട്ടുണ്ട്. ബൗദ്ധസന്യാസിമാരുടെ മഠങ്ങളാണ് വിഹാരങ്ങൾ. വിഹാരങ്ങളുടെ സാമാന്യരൂപം, വിശാലമായ നടുത്തളവും അതിനു ചുറ്റുമായി ഭിക്ഷുക്കൾക്ക് താമസത്തിനുള്ള മുറികളുമാണ്. നടുത്തളത്തിനോടു ബന്ധപ്പെടുന്ന ഒരു ആരാധനാമുറിയും കാണപ്പെടുന്നു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന മുറികളിലൊക്കെ കിടക്കുന്നതിനായി  കട്ടിലുകളും പാറയിൽത്തന്നെ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. ഈ വിഹാരങ്ങളിൽനിന്നൊക്കെയുള്ള താഴ്വരക്കാഴ്ചകൾ അതീവഹൃദ്യം. അവിടുത്തെ കൃഷിയിടങ്ങൾ ഓരോരോ ഋതുക്കളിലും പ്രകൃതിയുടെ വർണ്ണഭേദങ്ങൾ കാട്ടിത്തരും. ഇപ്പോൾ നെൽപ്പാടങ്ങൾ പച്ചപുതച്ച നിൽക്കുകയാണ്. ആ ഹരിതാഭയ്ക്കുപോലും എത്രയെത്ര വർണ്ണഭേദങ്ങൾ!

  കാർലഗുഹയിലെത്താൻ നടന്നുതന്നെ  ഒരു വലിയ മലകയറിപ്പോകണം. വളരെ ദുഷ്കരമായൊരു യാത്രയാണത്. അതിരാവിലെയായാൽ വെയിലിന്റെ കാഠിന്യം ഉണ്ടാവുകയില്ല.  ഗുഹകളോടുചേർന്ന്  ഇവിടുത്തെ മുക്കുവരായ കോളികളുടെ  ഒരു ഏക് വീരാ  ക്ഷേത്രവുമുണ്ട്. വിശേഷദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ  തിരക്കും ഈ വഴിയിലുണ്ടാകും. ഭാജഗുഹയിലേക്കു കയറിപ്പോകുന്ന പാത പടവുകൾകെട്ടി മനോഹരമായി നിർക്കിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ  മലകയറ്റം അത്ര ദുഷ്കരമല്ല. ചിലയിടങ്ങളിൽ പുരാതനകാലത്തെ പടവുകളും ചരിത്രത്തിനൊരു ചൂണ്ടുപലകപോലെ കാണാനാവും. എത്രയോ ബുദ്ധസന്യാസിമാരുടെയും യാത്രകളിൽ ഇവിടം ഇടത്താവളമാക്കിയ  വ്യാപാരസംഘങ്ങളുടേയുമൊക്കെ പാദങ്ങൾ  പതിഞ്ഞ കല്പടവുകളാണവ!  ഇടയ്‌ക്കൊരു വെള്ളച്ചാട്ടവുമുണ്ട്. പോകുന്ന വഴികളിലൊക്കെ പൂക്കളുടെ മോഹിപ്പിക്കുന്ന ദൃശ്യഭംഗിയും ആസ്വദിക്കാം.  ഭാജ ഗുഹയിൽ തബല വായിക്കുന്നൊരു സ്ത്രീശില്പമുണ്ടെന്നു കേട്ടിരുന്നു. 2200 വർഷങ്ങൾക്കുമുമ്പും അത്തരം സംഗീതോപകരണങ്ങൾ നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവാണത്.  പക്ഷേ കുറേനടന്നു നോക്കിയിട്ടും അത് കാണാനേയില്ല. ഒരു കാവൽക്കാരനോടു ചോദിച്ചപ്പോൾ അയാൾക്കതിനെക്കുറിച്ചൊന്നും അറിയുകയുമില്ല. ധാരാളം തൂണുകളുള്ള വിഹാരങ്ങളാണു ഭാജാഗുഹകളിൽ കാണാൻ കഴിയുന്നത്.  അവിടെ ഗുഹയുടെ അവസാനഭാഗത്തായി പത്തിലധികം  സ്തൂപങ്ങൾ പാറകൾകൊത്തി  നിർമ്മിച്ചുവെച്ചിട്ടുണ്ട്. പലതും ദ്രവിച്ച അവസ്ഥയിലാണ്. മഴയും വെയിലുമേറ്റ് കൂടുതൽ നാശമുണ്ടാകാതിരിക്കാൻ ഇപ്പോൾ മുകളിലൊരു മേലാപ്പിട്ടു സൂക്ഷിക്കുന്നുണ്ട്.  അവിടെനിന്നു നോക്കുമ്പോൾ രണ്ടു കോട്ടകൾ ദൂരത്തായി രണ്ടു  മലമുകളിൽ കാണാനാവും.  

ഇവിടെയുള്ള ഏതാനും വാക്സ് മ്യുസിയങ്ങൾ എല്ലാ സഞ്ചാരികളെയും ഒന്നുപോലെ ആകർഷിക്കുന്ന ആധുനികയുടെ സങ്കേതങ്ങളാണ്. നമുക്കഭിമാനിക്കാൻ വകയുള്ളോരു കാര്യം, അതിലേറ്റവും വലുതും പ്രസിദ്ധവുമായ സുനിൽസ് വാക്സ്മ്യുസിയം മലയാളിയായ സുനിൽ കണ്ടല്ലൂരിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നതാണ്. മൺമറഞ്ഞവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ  ധാരാളം പ്രശസ്തരുടെ  മെഴുകുപ്രതിമകൾ ഇവിടെയൊക്കെയുണ്ട്. അവയോടൊപ്പംനിന്നു ഫോട്ടോ എടുക്കാൻ എല്ലാവർക്കും  താല്പര്യം. ഇരുനൂറു രൂപയാണു  ടിക്കറ്റ് ചാർജ്. 

മുംബൈയിൽനിന്നോ പൂനെയിൽനിന്നോ  റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ 100 കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ. 50,000 ൽ താഴെ ജനസംഖ്യയുള്ളൊരു ചെറിയ പട്ടണമാണെങ്കിലും  ലോനാവാല, തന്നെ സന്ദര്ശിക്കാനായെത്തുന്നവർക്കായി ധാരാളം  ഹോട്ടലുകളും റിസോർട്ടുകളും ഭക്ഷണശാലകളും ഒരുക്കിവെച്ചിട്ടുണ്ട്. വളരെ സുഖകരമായ കാലാവസ്ഥയാണ് ഈ പ്രദേശത്തിന്റേത്. തണുത്ത അന്തരീക്ഷവും തഴുകിക്കടന്നുപോകുന്ന കാറ്റും മൂടല്മഞ്ഞുമൊക്കെച്ചേർന്നു സ്വർഗ്ഗീയമായൊരന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇവിടുത്തെ മഴക്കാലവും അതിസുന്ദരമാണ്.  അതുകൊണ്ടുതന്നെ ഏതുസമയത്തേയും  അവധിക്കാലം ചിലവഴിക്കാൻ ധാരാളംപേർ  നഗരങ്ങളിൽനിന്ന്  ഇവിടെ എത്തുന്നു. 




























Wednesday, October 10, 2018

ലീലാവതി

ലീലാവതി 
==========
ലീലാവതി, ഭാരതത്തിലെ ഗണിതശാസ്ത്രകാരന്മാരിൽ അഗ്രഗണ്യനായിരുന്ന ഭാസ്കരാചാര്യരുടെ ഏകപുത്രിയായിരുന്നു. അഗാധപാണ്ഡിത്യമുള്ളോരു ജ്യോതിശാസ്ത്രജ്ഞൻകൂടിയായിരുന്നു അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ലീലാവതിയാകട്ടെ അതിസുന്ദരിയും അതീവബുദ്ധിമതിയുമായിരുന്നു. ഒരു ചിത്രശലഭത്തിന്റെ പ്രസരിപ്പോടെ അവൾ വീട്ടിലും പരിസരത്തുമൊക്കെ പാറിപ്പറന്നുനടന്നു.  ജിജ്ഞാസുവായ തന്റെ ഓമനമകളുടെ  ചോദ്യങ്ങളും സംശയങ്ങളും ദൂരീകരിക്കാൻ  അദ്ദേഹം സാദാ സന്നദ്ധനായിരുന്നു. വളരെച്ചെറിയ പ്രായത്തിൽത്തന്നെ ആ പെൺകിടാവ് പിതാവിൽനിന്ന് ഈ വിധത്തിൽ ധാരാളം അറിവുകൾ നേടുകയും ചെയ്തിരുന്നു. 

അക്കാലത്തു പെൺകുട്ടികൾ വളരെച്ചെറിയ പ്രായത്തിൽത്തന്നെ വിവാഹിതരാവുന്നു പതിവുണ്ടായിരുന്നു. ഭാസ്കരാചാര്യരും മകൾക്കു വിവാഹപ്രായമെത്തിയപ്പോൾ അതിനുള്ള തയ്യാറെടുപ്പുകൾക്കു തുടക്കമിട്ടു. ആദ്യപടിയായി അദ്ദേഹം അവളുടെ ജാതകം പരിശോധിക്കുകയുണ്ടായി. ജാതകം വിശദമായിപ്പരിശോധിച്ചപ്പോൾ അദ്ദേഹം അന്തിച്ചുപോയി. അവൾക്കു  വിവാഹത്തിന് ആകെയൊരു മുഹൂർത്തമേയുള്ളു. മറ്റേതുസമയത്തു  വിവാഹം നടന്നാലും വൈധവ്യമായിരിക്കുമത്രേ  ഫലം! ഇക്കാര്യം അദ്ദേഹം ആരോടും പറഞ്ഞില്ല. മറ്റുള്ളവരെ, പ്രത്യേകിച്ച് തന്റെ ജീവന്റെജീവനായ പൊന്നുമോളെ, എന്തിനു മനസികസംഘർഷത്തിലേക്കു  വലിച്ചിഴയ്ക്കണം  എന്നദ്ദേഹം കരുതിക്കാണും. പക്ഷേ ഉത്തമനായൊരു വരനെ കണ്ടെത്തി  വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും അദ്ദേഹം നടത്തി. അവൾക്കു യോജിച്ച ഒരേയൊരു  ശുഭമുഹൂർത്തത്തിൽത്തന്നെ വിവാഹം നടക്കണമെന്ന് അദ്ദേഹം ദൃഢനിശ്ചയമെടുത്തിരുന്നു. ആ സമയം  കൃത്യമായി അറിയിക്കുവാനുള്ളൊരു ജലഘടികാരവും അദ്ദേഹം തന്നെ രൂപകല്പനചെയ്തു നിർമ്മിച്ചു. അതിന്റെ മുകളിലെ പത്രത്തിലെ വെള്ളം താഴെയുള്ള പാത്രത്തിൽ വീഴാൻ ഒരു ചെറിയ ദ്വാരമാണുണ്ടായിരുന്നത്. അത് നിറയുന്ന സമയം മുഹൂർത്തം തുടങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ.  ജലഘടികാരത്തിന്റെ സമീപത്തേക്കൊന്നും പോകരുതെന്നു എല്ലാവരെയും  അദ്ദേഹം വിലക്കുകയും ചെയ്തു. പക്ഷേ അതെന്താണെന്നറിയാലുള്ള ആഗ്രഹം ലീലാവതിയിൽ  വർദ്ധിച്ചതേയുള്ളൂ.

 പിതാവടുത്തില്ലാത്തൊരു സമയം അവൾ മെല്ലെ ആ ഘടികാരത്തിനടുത്തെത്തി കുനിഞ്ഞു ശ്രദ്ധിച്ചു നോക്കി. ആ സാമയത്ത്  അവളുടെ മൂക്കുത്തിയിലെ ചെറിയൊരു രത്നക്കല്ല്   അടർന്നു ജലഘടികാരത്തിൽ വീണു. ഭയചകിതയായ ലീലാവതി അവിടെനിന്നോടിക്കളഞ്ഞു.  ജലം കടന്നുപോകാനുള്ള ചെറിയ ദ്വാരം രത്നക്കല്ലുവീണ് പാതി  അടഞ്ഞുപോവുകയും ചെയ്തു. അതിനാൽത്തന്നെ ജലഘടികാരത്തിനു ശരിയായ സമയം നല്കാൻ കഴിഞ്ഞതുമില്ല. നിശ്ചയിച്ച  മുഹൂർത്തം കഴിഞ്ഞുപോവുകയും വിവാഹം നടന്നത് മറ്റൊരു സമയത്താവുകയുംചെയ്തു. ജാതകത്തിൽപ്പറഞ്ഞിരുന്നതുപോലെതന്നെ ലീലാവതിയുടെ ഭർത്താവ് വിവാഹശേഷം ഏറെനാൾ കഴിയുംമുമ്പേ  ഇഹലോകവാസം വെടിഞ്ഞു. നന്നേ ചെറിയപ്രായത്തിൽത്തന്നെ  വൈധവ്യം അനുഭവിക്കേണ്ടിവന്ന ഓമനപ്പുത്രിയെ ഭാസ്കരാചാര്യർ സ്വവസതിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. 

എല്ലാംപ്രസരിപ്പും നഷ്ടപ്പെട്ട് , ഒന്നിലുമൊരു താല്പര്യവുമില്ലാതെ  സാദാ ശോകമൂകയായിക്കഴിഞ്ഞ പൊന്നുമോളെ എങ്ങിനെ  പഴയരീതിയിലേക്കു കൊണ്ടുവരണമെന്നായി ഭാസ്കരാചാര്യരുടെ ചിന്ത. ജീവിതത്തിൽ നേരിട്ട ദുരന്തത്തിൽനിന്നവളെ എങ്ങനെയെങ്കിലും വഴിതിരിച്ചുവിട്ടേ  മതയാകൂ എന്നദ്ദേഹത്തിനറിയാമായിരുന്നു.  അതിനദ്ദേഹം കണ്ടെത്തിയമാർഗ്ഗം ഗണിതപ്രശ്നങ്ങളായിരുന്നു. ചുറ്റുപാടുകളെ കേന്ദ്രീകൃതമാക്കി അദ്ദേഹം ഗണിതപ്രശ്നങ്ങൾ  മെനഞ്ഞു. അവ  നിർദ്ധാരണം ചെയ്യുന്നതിനായി ലീലാവതിക്കു  നൽകി. അതിസമർത്ഥയായ ലീലാവതി അവയ്ക്കൊക്കെയും അതിവേഗംതന്നെ ഉത്തരം കണ്ടെത്തി. അങ്ങനെ അനേകമനേകം ചോദ്യങ്ങൾ അവൾക്കുമുന്നിലെത്തിക്കൊണ്ടിരുന്നു.    തനിക്കുമുന്നിലെത്തുന്ന ചോദ്യങ്ങൾക്കുത്തരം കണ്ടെത്തുന്നതിൽ വ്യാപൃതയായപ്പോൾ അവൾ തന്റെ ദുഃഖങ്ങൾ മറന്നു. 

ഭാസ്കരാചാര്യർ നല്ലൊരു കവികൂടിയായിരുന്നു. കാളിദാസന്റെ കവിത്വമുള്ള ഗണിതകാരൻ  എന്നാണ്‌ ഭാസ്കരാചാര്യൻ അറിയപ്പെടുന്നത്‌.   ചോദ്യങ്ങൾ എല്ലാംതന്നെ കാവ്യരൂപത്തിലായിരുന്നു കുറിക്കപ്പെട്ടത്. അതിമനോഹരമായ കാവ്യകല്പനകൾ ആ ശ്ലോകങ്ങളിൽ കണ്ടെത്താൻ കഴിയും. ഈ കാവ്യാത്മകതയിലൂടെ അതീവഗഹനങ്ങളായ ഗണിതപ്രശ്നങ്ങളെപ്പോലും ലളിതവത്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നു  നമ്മൾ പൈതഗോറസ് സിദ്ധാന്തവും മറ്റും ഉപയോഗിച്ച് ഉത്തരം കണ്ടെത്തുന്ന പല ചോദ്യങ്ങൾക്കും ലീലാവതി ഉത്തരം കണ്ടെത്തിയിരുന്നത്രേ.  അവയെല്ലാംചേർത്തതാണ്   'ലീലാവതി'യെന്ന മഹത്തായ ഗണിതശാസ്ത്രഗ്രന്ഥം. ലീലാവതിയിൽ എട്ടുതരം ഗണിതക്രിയകളെ പരാമർശിക്കുന്നു. പരികർമ്മാഷ്ടകം എന്നാണ്‌ ആ ഭാഗത്തിന്റെ പേര്‌.

ഭാസ്കരാചാര്യർ രചിച്ച 
ലീലാവതിയിലെ ചില ചോദ്യങ്ങൾ ഉദാഹരണത്തിന് ( ഇവിടെ ഗദ്യരൂപത്തിലാണ് കൊടുക്കുന്നത്. ) 
===========================================
1. ഒരാനക്കൂട്ടത്തിന്റെ പകുതിയും പകുതിയുടെ മൂന്നിലൊന്നും ഒരു ഗുഹയിൽ കയറിപ്പോയി. ആറിലൊന്നും ആറിലൊന്നിന്റെ ഏഴിലൊന്നും വെള്ളം കുടിക്കാൻ പുഴയിലേക്കുപോയി. എട്ടിലൊന്നും എട്ടിലൊന്നിന്റെ ഒമ്പതിലൊന്നും താമരക്കുളത്തിൽ നീരാടാൻ പോയി. ബാക്കിവന്ന മൂന്നു പിടിയാനകളെ ഗജസ്നേഹിയായ രാജാവ്‌നയിച്ചുകൊണ്ടുപോയി. എങ്കിൽ ആനക്കൂട്ടത്തിൽ ആകെയെത്രയാനകൾ ഉണ്ടായിരുന്നു? 

2 .യുദ്ധത്തില്‍ അര്‍ജുനന്‍ കോപാകുലനായി ശരകൂട്ടം എടുത്തു. അതിന്റെ പകുതികൊണ്ട് കര്‍ണന്റെ ശരങ്ങളെ തടഞ്ഞു. ശരക്കൂട്ടത്തിന്റെ വര്‍ഗമൂലത്തിന്റെ നാല് മടങ്ങുകൊണ്ട് കുതിരകളെ തകര്‍ത്തു.6 ശരങ്ങള്‍ കൊണ്ട് ശല്യരെ ഒഴിവാക്കി.ഓരോ ശരം കൊണ്ട് കര്‍ണന്റെ കുട,കൊടി,വില്ല് എന്നിവ തകര്‍ത്തു.ഒരു ശരംകൊണ്ട് കര്‍ണന്റെ ശിരസ് ഛേദിച്ചു. എങ്കില്‍ അര്‍ജുനന്‍ എടുത്ത അമ്പുകളുടെ എണ്ണം എത്ര?

3. മൂന്നു കച്ചവടക്കാര്‍ , അവരുടെ ആകെ മൂലധനം 1/2, 1/3, 1/6 എന്നീ അനുപാതത്തിലാണ്‌. ആകെ ലാഭം 70 ല്‍ നിന്നും ഒന്നു കുറവാണെങ്കില്‍ ഓരോരുത്തരുടെയും ലാഭവിഹിതം എത്ര?

4. ഒരു സംഖ്യയെ മൂന്നു കൊണ്ടു ഗുണിച്ച സംഖ്യയോട്‌ അതിന്റെ നാലില്‍ മൂന്നു ഭാഗം കൂട്ടിയിട്ട്‌ ഏഴു കൊണ്ടു ഹരിച്ചു കിട്ടുന്ന സംഖ്യയില്‍ നിന്ന് അതിന്റെ മൂന്നിലൊന്നു കുറച്ചു കിട്ടുന്ന സംഖ്യയെ അതു കൊണ്ടു തന്നെ ഗുണിച്ച്‌ അമ്പത്തിരണ്ടു കുറച്ചതിന്റെ വര്‍ഗ്ഗമൂലത്തോട്‌ എട്ടു കൂട്ടി പത്തു കൊണ്ടു ഹരിച്ചാല്‍ രണ്ടു കിട്ടുമെങ്കില്‍,  വിലോമക്രിയ (വ്യസ്തകര്‍മ്മം) ഉപയോഗിച്ച്‌ ആദ്യത്തെ സംഖ്യ എത്ര ആണെന്നു പറയുക.

5. സുദേവനൊരു പണപ്പെട്ടിയുണ്ടായിരുന്നു. അതിൽ നിറയെ ഒരേ മൂല്യമുള്ള സ്വർണ്ണനാണയങ്ങളും.  . അതിലുണ്ടായിരുന്ന നാണയങ്ങളുടെ  പകുതിയും ഒരു നാണയവും  സുദേവന്റെ  അച്ഛന്‍ എടുത്തു. ബാക്കിയുണ്ടായിരുന്ന  നാണയങ്ങളുടെ  മൂന്നിലൊന്നും രണ്ടു നാണയങ്ങളും  അമ്മ എടുത്തു. പിന്നെയുണ്ടായിരുന്നതിന്റെ  നാലിലൊന്നും മൂന്നു നാണയങ്ങളും ജ്യേഷ്ഠൻ  എടുത്തു. ബാക്കിയുള്ള പന്ത്രണ്ടു നാണയങ്ങൾ  മാത്രമേ സുദേവന്  കിട്ടിയുള്ളൂ. പണപ്പെട്ടിയിൽ  മൊത്തം എത്ര നാണയങ്ങൾ  ഉണ്ടായിരുന്നു?

6. ഒരു പൊയ്കയിൽ കുറെ അരയന്നങ്ങൾ  വസിക്കുന്നു . അവയുടെ വർഗ്ഗമൂലത്തിന്റെ പകുതിയുടെ ഏഴുമടങ്ങ്‌ തീരത്ത്‌ കുണുങ്ങി നടക്കുന്നു. രണ്ട്‌ അരയന്നങ്ങൾ പ്രണയബദ്ധരായി സമീപത്തുണ്ട്‌, ആകെ എത്ര അരയന്നങ്ങളുണ്ട്‌?


സമയമുള്ളവർ ഉത്തരങ്ങൾ കണ്ടെത്തുക.


(ഉത്തരങ്ങൾ :- 
1 - 756 
2 - 100 
3 - 34.5 , 23 , 11.5
4 - 28 
5 - 68 
6 - 16  )