Wednesday, March 6, 2024

മഹാരാഷ്ട്രയിലെ  ശക്തിപീഠങ്ങൾ - ദേവഭൂമി

==============================


മഹാലക്ഷ്മി ക്ഷേത്രം, കോൽഹാപ്പൂർ 

--------------------------------------------------------------------

ആദിപരാശക്തിയെ, സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. 

ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനിതയായതിനാൽ മനംനൊന്തു ദേഹത്യാഗം ചെയ്ത സതിയുടെയും പ്രാണൻവെടിഞ്ഞ തന്റെ പ്രേയസിയുടെ ദേഹം കണ്ടു ഖിന്നനായ മഹാദേവൻ  സതീദേവിയുടെ മൃതശരീരവുമായി അലഞ്ഞ കഥയുമൊക്കെ എല്ലാവര്ക്കും പരിചിതമാണല്ലോ. മഹാദേവന്റെ ആതങ്കമാറ്റാനായി   മഹാവിഷ്ണു തന്റെ സുദർശനചക്രത്താൽ  ആ മൃതദേഹത്തെ  പലതായി ഖണ്ഡിച്ചു. ദേവിയുടെ വിവിധശരീരഭാഗങ്ങളും ആഭരണങ്ങളും പതിച്ചയിടങ്ങളാണ് ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്. പരമശിവന്റെ അവതാരമായ കാലഭൈരവനൊപ്പമാണ് ഈ ശക്തിപീഠങ്ങളിൽ  ആദിശക്തിദേവിയെ ആരാധിക്കുന്നത്.   ഈ ശക്തിപീഠങ്ങൾ ഇന്ഡ്യൻ ഉപഭൂഖണ്ഡത്തിന്റെ  വിവിധഭാഗങ്ങളിലായി നിലകൊള്ളുന്നു. അവയ്ക്ക് കൃത്യമായൊരു എണ്ണം പറയാൻ കഴിയില്ല എന്നുതന്നെ പറയേണ്ടിവരും   

 

മഹാരഷ്ട്രയിൽ മൂന്നു പ്രധാന  ശക്തിപീഠങ്ങളാണുള്ളത്.  അവയിൽ  ഒന്നാണ് കൊൽഹാപ്പൂരിലെ മഹാലക്ഷ്മിക്ഷേത്രം. സതീദേവിയുടെ മൂന്ന് കണ്ണുകൾ വീണ സ്ഥലമാണിത്.  ആദിപരാശക്തിയുടെ രണ്ടാമത്തെ രണ്ടാമത്തെ ഭാവമായ മഹാലക്ഷ്മിയാണ്  ഇവിടെ ആരാധിക്കപ്പെടുന്നത്.(മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റു രണ്ട് രൂപങ്ങൾ.) സതീദേവിയുടെ മൂന്ന് കണ്ണുകൾ വീണ സ്ഥലമാണിത്.   ശക്തിപീഠമായതുകൊണ്ടുതന്നെ  ശിവപാർവ്വതിമാർ ഇവിടെ വസിക്കുന്നു എന്ന വിശ്വാസത്തിൽ അംബാബായിക്ഷേത്രം  എന്നും ഈ  ക്ഷേത്രത്തെ വിളിച്ചു പോരുന്നു . മോക്ഷപ്രാപ്തി ലഭിക്കുന്ന ആറിടങ്ങളിൽ  ഒന്നാണിത് . മഹാവിഷ്ണുവും ലക്ഷിദേവിയും മഹാപ്രളയകാലത്തുപോലും ഇവിടെ സന്നിഹിതരായിരുന്നു  എന്നാണു വിശ്വാസം. ഈ പ്രദേശം ജഗദംബ തന്റെ  കരങ്ങളിലേന്തുന്നു  എന്നതിനാൽ എല്ലാ നാശങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടുപോരുന്നുവെന്നും വിശ്വസിച്ചുവരുന്നു.. മഹാവിഷ്ണുവും തന്റെ പ്രിയപത്നിയുടെ സന്നിധാനമായ ഇവിടെയാണത്രെ വൈകുണ്ഠത്തെക്കാളും ക്ഷീരസാഗരത്തെക്കാളും പ്രിയമായി കരുതുന്നത് . പഞ്ചഗംഗാനദീതീരത്തു  സ്ഥിതിചെയ്യുന്നതിനാൽ ദക്ഷിണകാശി എന്നും ഇവിടം അറിയപ്പെടുന്നു.


ആറായിരത്തോളം വർഷം  പഴക്കമുള്ള പുണ്യശിലയിലാണത്രേ  ഇവിടുത്തെ വിഗ്രഹം. 40 കിലോയോളം തൂക്കമുണ്ടിതിന് . ഈ പൗരാണികത വ്യക്തമാക്കുന്നതാണ് വിഗ്രഹത്തിലെ അമൂല്യരത്നങ്ങൾ. ശിലാതല്പത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹിയായ വിഗ്രഹത്തിന്റെ ഓരോ കരങ്ങളിലായി ഫലം ,കൗമോദകി എന്ന  ഗദ, പരിച , പാനപാത്രം എന്നിവ ഗ്രഹിച്ചിരിക്കുന്നു . കിരീടത്തിൽ യോനീമുദ്രയിലെ  ശിവലിംഗവും നാഗഫണവും ഉണ്ട് . പിന്നിൽ   വാഹനമായ സിംഹവും നിലകൊള്ളുന്നു . സ്കന്ദപുരാണത്തിലെ ലക്ഷ്മീ സഹസ്രനാമത്തിൽ, ലക്ഷ്മി ദേവിയെ "ഓം കരവീര നിവാസിനിയേ നമഹ" എന്നർത്ഥം "കരവീരയിൽ വസിക്കുന്ന ദേവിയുടെ മഹത്വം" എന്നും "ഓം ശേഷ വാസുകി സംസേവ്യ നമഹ" എന്നർത്ഥം "ആദി ശേഷനും സേവിക്കപ്പെടുന്ന ദേവിയുടെ മഹത്വം" എന്നും സ്തുതിക്കുന്നു.  ലക്ഷ്മീ സഹസ്രനാമത്തിലെ ലക്ഷ്മിയുടെ 119-ാമത്തെയും 698-ാമത്തെയും നാമങ്ങളാണ് അവ. ദേവീമാഹാത്മ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതും  ഇതാണ്. കോലാപൂർ നഗരത്തെ സൂചിപ്പിക്കാൻ കരവീരയുടെ പേര് ഇപ്പോഴും പ്രാദേശികമായി ഉപയോഗിക്കുന്നുണ്ട്. 


വടക്കോട്ടോ കിഴക്കോട്ടോ ദർശനമായുള്ള  മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പശ്ചിമദിക്കിലേക്കാണ് വിഗ്രഹം ദർശനമായിരിക്കുന്നത് . പുരുഷന്മാരായ ഭക്തർക്കു  ദേവീപാദങ്ങളിൽ  കുങ്കുമപൂജ സ്വയം നടത്താം.  പടിഞ്ഞാറുഭാഗത്തെ ക്ഷേത്രച്ചുവരിലുള്ള കൊച്ചു ജാലകത്തിലൂടെ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രത്യേകദിനങ്ങളിൽ( വിഷുവങ്ങളായ  മാർച്ച് 21 , സെപ്റ്റംബർ )   അസ്തമയസൂര്യകിരണങ്ങൾ വിഗ്രഹത്തിൽ   പതിക്കും. ഈ ദിനങ്ങൾ കിരണോത്സവങ്ങൾ എന്നറിയപ്പെടുന്നു. 

സൂര്യന്റെകിരണങ്ങൾ പോലും  ഭക്തിപൂർവ്വം ലോകമാതാവായ മഹാലക്ഷ്മിയെ  കാണാൻ വന്നു ദർശനം നടത്തുന്നുവെന്നും  മനുഷ്യജീവിതംതന്നെ  അമ്മയുടെ ദയാവാത്സല്യങ്ങ്ങളാൽ മോക്ഷം     നേടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.  


വിഗ്രഹം അതിപുരാതനമെങ്കിലും ഇന്ന് കാണുന്ന  ക്ഷേത്രം പണിതിരിക്കുന്നത് ഏഴാം  നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു . ഏകദേശം ആയിരത്തിയറുന്നൂറു വർഷങ്ങൾക്കുമുമ്പ്, ചാലൂക്യരാജാവായിരുന്ന കർണ്ണാദേവ് ഒരു വനം  വെട്ടിത്തെളിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തുന്നത്. അന്ന് നല്ല രീതിയിൽ പുനഃരുദ്ധാരണം നടന്നുവെങ്കിലും  എട്ടാം നൂറ്റാണ്ടിൽ ഭൂകമ്പത്തിൽ മണ്ണിലാണ്ടുപോയ ക്ഷേത്രത്തെ ഒമ്പതാം നൂറ്റാണ്ടിൽ ഗന്ധവാദികരാജാവ് വീണ്ടെടുത്തു പുനഃരുദ്ധരിക്കുകയായിരുന്നു . പിന്നെയും പല നൂറ്റാണ്ടുകളിലായി നവീകരണപ്രവർത്തനങ്ങൾ നടന്നുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ക്ഷേത്രദര്ശനം നടത്തുകയും ദീപമാലയും കാര്യാലയവും  മറ്റും നിർമ്മിക്കുകയും ചെയ്തു. ഇന്നിവിടെ അഞ്ചു പ്രധാന ശ്രീകോവിലുകളും ഏഴു ദീപമാലകളും മുപ്പത്തഞ്ചിലധികം ചെറുക്ഷേത്രങ്ങളുമുണ്ട് .


എല്ലാദിവസവും അഞ്ചുപൂജകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് പ്രത്യേകദീപത്തോടെ പള്ളിയുണർത്തൽ , എട്ടുമണിക്ക് ഷോഡശോപചാരപൂജ , വൈകുന്നേരം മൂന്ന് ആരതിപൂജകൾ  എന്നിവയാണവ. വെള്ളിയാഴ്ചകളിലും പൗർണ്ണമി ദിനങ്ങളിലും വിഗ്രഹം എഴുന്നെള്ളിച്ച്  പുറപ്പാടാഘോഷവും നടത്താറുണ്ട്. നവരാത്രി ആഘോഷങ്ങൾ വളരെ പ്രധാനമാണിവിടെ .


മുംബൈയിൽ നിന്ന് 380 ലധികം കിലോമീറ്റർ  ദൂരമുണ്ട് കോൽഹാപ്പൂരിലേയ്ക്ക് . റോഡ്, തീവണ്ടി, വിമാനമാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ വളരെയെളുപ്പമാണ് .


Thursday, December 28, 2023

 2023 ----------- metro mirror - january edition 

=============

സംഭവബഹുലമായ ഒരു സംവത്സരംകൂടി മാനവചരിത്രത്തിന്റെ ഏടുകളിൽ വിശ്രമിക്കാനായി പോകുന്നു. പുതുവത്സരം നമുക്കുമുന്നിൽ പുത്തൻപ്രതീക്ഷകളുടെ ഹേമkanthi  വിതറി ഉദിക്കാൻ വെമ്പുന്നു. ഭൂമിക്കൊപ്പം നമ്മളും ഒരുവട്ടം സൂര്യനെ പ്രദക്ഷിണംവെച്ചു എന്നതിനപ്പുറം മാനവരാശി പുരോഗതിയുടെ കുതിപ്പിലേക്ക് ഒരുചുവടുകൂടി വെച്ചിരിക്കുന്നു. മഞ്ഞലകളെ വകഞ്ഞുമാറ്റിയെത്തി തഴുകിയോടുന്ന കുളിര്കാറ്റു പകർന്നേകുന്ന സുഖമോലും നനുത്ത തണുപ്പിൽ എത്രയെത്ര ഓർമ്മകളാണ് ഓടിക്കിതച്ചെത്തുന്നത്! നടന്നുമറഞ്ഞ വഴികൾ, കണ്ടുമുട്ടിയ  മുഖങ്ങൾ, ആഹ്ളാദം പകർന്ന  അനുഭവങ്ങൾ, അപ്രതീക്ഷിതവിജയങ്ങൾ, പരാജയങ്ങൾ, തകർന്നടിഞ്ഞ സ്വപ്‌നങ്ങൾ നൽകിയ  വിഷാദഭരിതമായ  പകലിരവുകൾ, പുലരികൾ, സന്ധ്യകൾ,  വ്യത്യസ്തങ്ങളായ ഋതുസ്പന്ദനങ്ങൾ!  നഷ്ടങ്ങളേക്കാൾ നേട്ടങ്ങളെ  നെഞ്ചോടുചേർത്ത്  യാഥാർത്ഥ്യബോധത്തോടെ  പുതുവർഷപ്രതിജ്‌ഞകൾ എടുക്കാനും പുത്തൻകിനാവുകൾ കാണാനും അവയുടെ സാക്ഷാത്കരത്തിനായി     ക്രിയാത്മകമായി വർത്തിക്കാനും ഏവർക്കും കഴിയട്ടെ  എന്ന് ആശിക്കുകയാണ്, ആശംസിക്കുകയാണ്.


 കോവിഡിന്റെ കെട്ടുപൂട്ടലുകളിൽനിന്ന് ഏതാണ്ട് പൂർണ്ണമായും മുക്തമായ വർഷമായിരുന്നു 2023 . കാലത്തിന്റെ ശരവേഗപ്പാച്ചിലിൽ ഈയൊരു ദുരന്തകാലം  വളരെവേഗം വിസ്മൃതിയിൽ മൂടപ്പെട്ടെന്നു വരാമെങ്കിലും അതുനൽകിയ പാഠങ്ങൾ വരുംകാലങ്ങളിലും നമുക്ക് വഴിവെളിച്ചം പകർന്നേക്കാം. എത്ര കഠിനമായ ആപത്കാലവും  പതറാതെ നേരിടാനും തരണംചെയ്യാനുമുള്ള പ്രാപ്തി നമുക്കുണ്ടെന്ന തിരിച്ചറിവ് ഏറെ പ്രധാനം. കാലത്തിനൊപ്പം ഏതുവിധേനയുമുള്ള മാറ്റങ്ങൾ സാധ്യമെന്നതിനപ്പുറം മാറ്റങ്ങൾ അനിവാര്യവും എന്നതും നാം പഠിച്ചു.   ജീവിതത്തിന്റെ അർത്ഥവും അർത്ഥശൂന്യതയും ലളിതമായി പഠിപ്പിക്കാനെത്തിയ ഈ മഹാവ്യാധി ഇനിയൊരിക്കലും നമ്മെത്തേടിയെത്താതിരിക്കട്ടെ.  ഇങ്ങനെയൊക്കെയെങ്കിലും യുദ്ധങ്ങളോടുള്ള മനുഷ്യന്റെ പ്രതിപത്തി കുറഞ്ഞില്ലാ എന്ന പാഠവും 2023 നമുക്കു നൽകുന്നു. 

ഹൃദയത്തിൽ ആഴമേറിയ ചോരപ്പാടുകൾ വീഴ്ത്തുന്ന  വാർത്തകൾ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്‌. മനുഷ്യത്വം എന്ന വാക്കുപോലും അർത്ഥശങ്കയുടെ മൂടുപടമണിയുകയാണ്. കേവലസങ്കുചിതചിന്താഗതികളുടെ ചങ്ങലക്കെട്ടിൽ പെട്ട്,  നിഷ്കളങ്കമായൊരു സൗഹൃദംപോലും മനുഷ്യർക്കിടയിൽ അന്യമാകുന്ന ഒരു ഭീകരാവസ്ഥയിലൂടെ ലോകമാനവികത കടന്നുപോകുന്നു. പുതുവർഷത്തിലെങ്കിലും എല്ലാവിധകാലുഷ്യങ്ങളും സ്പർദ്ധകളും മണ്ണടിഞ്ഞ്  സമാധാനത്തിന്റെ പ്രകാശം ലോകമെങ്ങും പരക്കട്ടെ.പ്രകൃതിയൊന്നു നന്നായി മുഖംകനപ്പിച്ചാൽ, ഒന്നുറഞ്ഞുതുള്ളിയാൽ, കാറ്റിൽപ്പറന്നുപോകാനുള്ളതെയുള്ളു   മനുഷ്യൻ  നിർമ്മിക്കുന്ന വിഭാഗീയതയുടെ കനത്ത മതിൽക്കെട്ടുകൾ എന്ന തിരിച്ചറിവും നമുക്കുണ്ടാകട്ടെ.  ജീവിതത്തിൽ കൈവരുന്ന ഐശ്വര്യങ്ങളും നന്മകളും ആഹ്ലാദവും  സ്വാർത്ഥതയുടെ  ചെറുചെപ്പിൽ പൂഴ്ത്തിവയ്ക്കാതെ അന്യന്റെ ജീവിതത്തിലെ ഊഷരതയിൽ ഒരിറ്റു ദാഹജലമർപ്പിക്കാനുള്ള ഹൃദയവിശാലതയും നമുക്കേവർക്കും ഉണ്ടാകട്ടെ. 

ലോകത്തോടൊപ്പം നമ്മുടെ രാജ്യവും സംസ്ഥാനവുമൊക്കെ മുമ്പോട്ടുകുതിക്കുമ്പോൾ ഒരു സാധാരണക്കാരനു കണ്ടമ്പരക്കാൻ എത്രയെത്ര സംഭവങ്ങളാണ് 2023 നമുക്ക് സമ്മാനിച്ചത്! എണ്ണിപ്പറഞ്ഞാൽ തീരാത്ത  യാത്രകളുടെ വർഷമായിരുന്നല്ലോ ഇത്.   എന്തിനെന്നോ ഏതിനെന്നോ അറിയാതെ  നാം  ഒപ്പംകൂടി നടന്നുമുന്നേറുന്ന യാത്രകൾ ചിലപ്പോഴെങ്കിലും നമ്മെക്കൊണ്ട് പറയിക്കുന്നുണ്ട് ' ദൈവമേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. അതിനാൽ ഇവരോട് പൊറുക്കേണമേ ' എന്ന്.  റോമൻപുരാണത്തിലെ ആരംഭദേവനായ  ജാനസ്ദേവന്റെ പേരിലാണ് ജനുവരിമാസം അറിയപ്പെടുന്നത്. ജാനസ് ദേവന് വിപരീതദിശകളിലേക്ക്   തിരിഞ്ഞിരിക്കുന്ന  രണ്ടു മുഖങ്ങളും നാലുകണ്ണുകളുമാണ്.  ഭൂതകാലത്തേയും ഭാവികാലത്തെയും  നോക്കിക്കാണാനായാണ് ഓരോ മുഖങ്ങളിലുമുള്ള   നയനദ്വയങ്ങൾ. നമുക്കും പുതുവർഷം പിറക്കുന്ന ജനുവരിമാസത്തിൽ കഴിഞ്ഞകാലത്തെയും വരാനിരിക്കുന്ന കാലത്തെയും നോക്കിക്കാണാൻ കഴിയണം.  നമ്മുടെ ഭരണാധികാരികളും അധികാരവർഗ്ഗവും  ഇങ്ങനെയൊരാശയത്തെ ഉൾക്കൊണ്ട്, ഇന്നലെകളിൽ തങ്ങൾ വരുത്തിക്കൂട്ടിയ പിഴവുകൾ തിരിച്ചറിഞ്ഞ്, അവസരങ്ങളെയും ഉത്തരവാദിത്തങ്ങളെയും ശുഭാപ്‌തിവിശ്വാസത്തോടെ നേരിടാനുള്ള ദൃഢപ്രതിജ്ഞയോടെ  നല്ലൊരു നാളെയെ പൊതുജനത്തിന് സമ്മാനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകയാണ്. 


Wednesday, December 27, 2023

 

തൊട്ടു - തൊട്ടില്ല .... 

*****************

സ്പർശനം പലവിധേനയാണ് നമ്മെ സ്വാധീനിക്കുന്നത്.  ഒരു ഇളംകാറ്റു തഴുകിത്തലോടിക്കടന്നുപോകുമ്പോൾ - ഹാ! എന്തൊരനുഭൂതിയാണ്! എന്നാൽ ഒരു മുള്ളുകൊണ്ടാലോ? നിർത്താതെ കരയുന്ന പൈതലിനെ അമ്മയൊന്നെടുത്താൽ മതി കരച്ചിൽനിർത്തി ശാന്തമാക്കാൻ. പ്രിയപ്പെട്ടവർ സ്നേഹപൂർവ്വം ശരീരത്തിൽ സ്പർശിച്ചാൽ ആശ്വാസവും ആഹ്ലാദവും തോന്നുമ്പോൾ   ഒരന്യവ്യക്തിയുടെ സ്പർശനം അങ്ങേയറ്റം ജുഗുപ്സാവഹവുമായിരിക്കും. ആൾത്തിരക്കിലോ ധൃതിയിലുള്ള സഞ്ചാരങ്ങളിലോ നമ്മൾ അതത്ര കാര്യമാക്കാറില്ലെന്നുമാത്രം. ഹസ്തദാനംപോലും നമ്മുടെ രീതിയല്ല. പകരം തൊഴുകൈകളോടെയാണ് മറ്റൊരാളെ ആശംസിക്കുന്നതും സ്വാഗതം ചെയ്യുന്നതുമൊക്കെ. (കൊറോണക്കാലത്ത് മറ്റു രാജ്യങ്ങളും ഇത് അനുകരിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യം തന്നെ.) 


  അടുത്തകാലത്തു  വാർത്താപ്രധാന്യംനേടിയ കാര്യമാണല്ലോ ശ്രീ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ തഴുകിസംസാരിച്ചത്. സുരേഷ് ഗോപി എങ്ങനെയുള്ള വ്യക്തിയാണെന്നോ അദ്ദേഹത്തിന്റെ  മാന്യതയുടെ അളവോ മാനസികാവസ്ഥയോ  ഒന്നും ഇതിലെ ശരിതെറ്റുകളെ  നിർണ്ണയിക്കാൻ ഒരു ഘടകമാകുന്നില്ല.  ശരീരം എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യതയായിരിക്കെ, അനുവാദം കൂടാതെ അന്യരുടെ  ശരീരത്തിൽ സ്പർശിക്കുന്നത് അങ്ങേയറ്റം തെറ്റുതന്നെ. ഒരന്യപുരുഷന്റെ സ്പര്ശനം ഒരു സാധാരണസ്ത്രീക്ക് തികച്ചും അരോചകമായിരിക്കും. അതൃപ്തി പ്രകടമാക്കിയിട്ടും വീണ്ടും അതിനായിത്തുനിഞ്ഞെന്നത് ആ തെറ്റിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പക്ഷേ ഇവിടെ മറ്റൊരുകാര്യം കൂടി എനിക്കു  തോന്നിയത് പറയാതെ വയ്യ. തനിക്കിഷ്ടപ്പെടാത്ത കാര്യം ഒരാൾ ചെയ്യുമ്പോൾ ശക്തമായി താക്കീത് ചെയ്യാൻ  ഒരു 'അരുത്' ആ പെൺകുട്ടിക്കു പറയാമായിരുന്നു. അതുചെയ്യാതെ പിന്നെയെപ്പൊഴോ ബോധോദയം വന്നതുപോലെ പരാതിയും കേസുമൊക്കെയായത് ഒരു പ്രഹസനമായിത്തോന്നി. 


മറ്റൊരുകാര്യം താൻ ചെയ്തത് തെറ്റാണെന്നു ബോധ്യംവന്നതുകൊണ്ടോ, തന്റെ ചെയ്തി മറ്റൊരാളെ വിഷമിപ്പിച്ചു എന്ന ബോധ്യത്തിലോ സുരേഷ് ഗോപി പരസ്യമായി നിരുപാധികം മാപ്പു പറഞ്ഞു എന്നതും അതിൽ പ്രസ്തുത മാധ്യമപ്രവർത്തക അതൃപ്തി പ്രകടിപ്പിച്ചതുമാണ്. മാപ്പുപറയാൻ എല്ലാവർക്കും  സാധിക്കില്ല. മനസ്സിൽ നൈർമല്യവും എളിമയുമുള്ളവർക്കുമാത്രം സാധിക്കുന്ന ഒന്നാണത്. എല്ലാവരും തെറ്റുചെയ്തിട്ടല്ല മാപ്പുപറയാറുള്ളത്. ചെയ്തത് തെറ്റാണെന്നു ബോധ്യം വന്നു മാപ്പുപറയുന്നത് സത്യസന്ധതയാണെങ്കിൽ   താൻ  ചെയ്തത്  തെറ്റല്ല എന്ന് തികച്ചും ബോധ്യമുണ്ടെങ്കിലും താൻ മൂലം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മാപ്പുപറയുന്നത് മനസ്സിലെ മഹത്വംകൊണ്ടുതന്നെയാണ്. ചെയ്തത് തെറ്റാണെന്നോ അല്ലെന്നോ ഉള്ള  സംശയത്തോടെയും മാപ്പുപറയുന്നത് ഒരു ബന്ധം നിലനിർത്താനുള്ള ആത്മാർത്ഥമായ ആഗ്രഹംകൊണ്ടുമായിരിക്കും. അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിനും പശ്ചാത്തപിച്ചു  മാപ്പപേക്ഷ നടത്തുന്നത് ഒരു പ്രായശ്ചിത്തംതന്നെ.  മാപ്പപേക്ഷയെ നിഷ്കരുണം നിരാകരിക്കുന്നത് മാന്യതയുള്ള പ്രതികരണമല്ലതന്നെ. പരസ്പരം കൊണ്ടും കൊടുത്തും കണ്ടും കാണാതെയുമൊക്കെയേ  സാമൂഹ്യജീവിയായ മനുഷ്യന് ജീവിച്ചുപോകാന് കഴിയൂ. 


ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതുതന്നെ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ന്യൂനതകൾകൊണ്ടാണ്. നമ്മുടെ വിദ്യാലയങ്ങളിൽ ദിനംതോറും വിദ്യാർത്ഥികൾ എന്തൊക്കെയോ പഠിച്ചുകൂട്ടുന്നു. പലപ്പോഴും സമൂഹത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന കാര്യത്തിൽ അടിസ്ഥാനപാഠങ്ങൾപോലും പഠിക്കുന്നുമില്ല. ചരിത്രത്തിലെ യുദ്ധങ്ങളോ ശാസ്ത്രപുസ്തകങ്ങളിലും പരീക്ഷണശാലകളിലും കണ്ടെത്തുന്ന ശാസ്ത്രതത്വങ്ങളോ തലയിൽക്കയറാത്ത ഗണിതസമവാക്യങ്ങളോ ഒന്നും നിത്യജീവിതത്തിൽ അവരെ  തുണയ്ക്കുന്നില്ല. കേവലജ്ഞാനസമ്പാദനം മാത്രമല്ല വിദ്യാഭ്യാസം, പ്രത്യുത തനിക്കും സമൂഹത്തിനും ഗുണപ്രദമായ വിധത്തിൽ ജീവിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുംവിധം തിരിച്ചറിവുകൾ നൽകുകകൂടിയാണത്.  സംസ്കാരമുള്ള ഒരു ജനസമൂഹത്തിൽ എങ്ങനെ ആരോഗ്യകരമായി പെരുമാറണമെന്നും അതല്ലാതെയുള്ള പെരുമാറ്റങ്ങളെ  എങ്ങനെ നേരിടണമെന്നുമൊക്കെ വിദ്യാർഥികൾ  അറിഞ്ഞിരിക്കേണ്ടതല്ലേ. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിൽനിന്ന് എല്ലാം അവർക്കു പഠിക്കാനായെന്നു വരില്ല. പൗരബോധവും പൗരധർമ്മവുമൊക്കെ പഠിക്കാനുള്ള  ഏറ്റവുംനല്ല വേദി വിദ്യാലയങ്ങൾതന്നെ. പാഠ്യപദ്ധതി അല്പം ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്താൻ അധികൃതർ തയ്യാറാവണമെന്നുമാത്രം.


അടുത്തകാലത്ത് വിദ്യാലയങ്ങളിൽ ആരംഭിച്ചു നടപ്പാക്കിവരുന്ന  ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളെ നല്ലതും ചീത്തയുമായ സ്പര്ശനത്തെക്കുറിച്ചു പഠിപ്പിക്കാറുണ്ട്. ശരീരഭാഗങ്ങളെ  അടിസ്ഥാനമാക്കിയാണ് ഈ വേർതിരിവ് നിര്വചിക്കപ്പെട്ടിരിക്കുന്നത്. നീന്തൽവസ്ത്രമോ അടിവസ്ത്രങ്ങളോ  മറയ്ക്കുന്ന ശരീരഭാഗങ്ങളിലെ സ്പര്ശനം പൊതുവെ ചീത്ത സ്പർശനമായി  മനസ്സിലാക്കിക്കൊടുക്കുന്നു. എന്നാൽ ഈ വിവേചനത്തിൽ  കുഞ്ഞുങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ  പ്രാധാന്യം ലഭിക്കുന്നില്ല. മോശം ഉദ്ദേശ്യത്തോടെ ആളുകൾക്ക് സ്വകാര്യ ഭാഗങ്ങളിൽ മാത്രമല്ല സ്പർശിക്കാൻ കഴിയുന്നത്.  ഈ വേർതിരിവിനെ  കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് സുരക്ഷിതമെന്നും സുരക്ഷിതമല്ലാത്തതെന്നും വിഭജിചചിരിക്കുന്നതായും കാണാം      . ഇവിടെ ഒരാൾ എവിടെ സ്പർശിക്കുന്നു എന്നതിലുപരിയായി, കുട്ടിക്ക് ആ അവസരത്തിൽ അതെങ്ങനെ അനുഭവേദ്യമാകുന്നു   എന്നതിനാണു പ്രാധാന്യം. സന്തോഷവും സ്വാസ്ഥ്യവും നൽകുന്ന സ്നേഹമസൃണമായ സ്പർശനങ്ങൾ  സുരക്ഷിതമെന്നും അസ്വസ്ഥതയോ വേദനയോ ഭീതിയോ തോന്നിപ്പിക്കുന്നവ  സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്നും  കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാറുണ്ട്. അപ്പോഴും  ചില അനുഭവസാക്ഷ്യങ്ങൾ ചിന്താക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ലൈംഗികാവയങ്ങൾ സ്പർശനസുഖമേകുന്നു എന്നതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ ചിലപ്പോൾ അത്തരം സ്പർശനങ്ങൾ സുരക്ഷിതമെന്നു  തെറ്റിദ്ധരിക്കാനിടയുണ്ട്. (നവമാദ്ധ്യമങ്ങളിലെ പ്രശസ്തയായൊരെഴുത്തുകാരി തന്റെ  കുഞ്ഞുമകൾക്ക് സ്വന്തം പിതാവില്നിന്നുതന്നെ ഇത്തരമൊരനുഭവം ഉണ്ടായത് തന്റെ പുസ്തകത്തിൽ പരാമര്ശിക്കുകയുണ്ടായി). എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചികിത്സതേടേണ്ടിവരുന്ന സന്ദർഭങ്ങളിലും മറ്റും വേദനാജനകമായ സ്പര്ശനങ്ങൾ സുരക്ഷിതമല്ല എന്നും ധരിച്ചേക്കാം.    നിരന്തരമായ ആശയവിനിമയങ്ങളിലൂടെ മാത്രമേ കുഞ്ഞുങ്ങളെ ഇതൊക്കെ ബോധ്യപ്പെടുത്താൻ സാധിക്കുകയുള്ളു. പരിചയസമ്പന്നരായ മനഃശാസ്ത്രവിദഗ്ദ്ധരുടെ ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. 

തനിക്കു സ്വീകാര്യമല്ലാത്ത ഏതൊരു സ്പര്ശനത്തെയും വളരെ  ഉറക്കെയുള്ള ഒരു 'അരുത്' കൊണ്ട് ഒഴിവാക്കാൻ ഓരോ കുഞ്ഞിനേയും പരിശീലിപ്പിക്കണം. ശബ്ദമുയർത്തുമ്പോൾ തീർച്ചയായും അതു  മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനിടയാവുകയും അവരുടെ സഹായം ലഭ്യമാവുകയും ചെയ്യും. മറ്റുള്ളവരുടെ അസാന്നിധ്യത്തിൽ തനിക്കു നേരിടേണ്ടിവരുന്ന ഇത്തരം  ദുരനുഭവങ്ങളെക്കുറിച്ചു മാതാപിതാക്കളോടോ അദ്ധ്യാപകരോടോ പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും   അവർക്കെപ്പോഴും ഉണ്ടാവുകയും വേണം. കുഞ്ഞുങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വൈകാരികമാറ്റങ്ങളെ രക്ഷിതാക്കൾ ഗൗരവത്തോടെ പഠനവിധേയമാക്കുകയും കാരണം കണ്ടെത്തി കുഞ്ഞുങ്ങളുടെ മനസ്സിനു മുറിവേൽക്കാത്തവിധം സമാധാനപരമായി  പരിഹരിക്കാൻ ശ്രമിക്കുകയും വേണം. ഒപ്പം    അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടരുതെന്ന നല്ല പാഠവും അവർക്കു പറഞ്ഞുകൊടുക്കാം.   വീട്ടിൽനിന്നുതുടങ്ങി വിദ്യാലയങ്ങളിൽ തുടർന്നുപോകേണ്ട സമഗ്രമായ ലൈംഗികവിദ്യാഭ്യാസത്തിന്റെ സദ്‌ഫലങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിച്ചറിയട്ടെ. നമുക്കോരോരുത്തർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മയിൽ സൂക്ഷിക്കാം. 

.... metro mirror, october 2023 Wednesday, December 14, 2022

ഗുജറാത്തിലെ അഡാലജ് നി വാവ് (മുംബൈ മലയാളി - നവംബർ ലക്കം )മുംബൈ

 ഗുജറാത്തിലെ  അഡാലജ്  നി വാവ് 


------------------------------------------------


ഏതാനുംമാസങ്ങൾക്കുമുന്നേ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനിടയിലാണ് ഏതാനും പഠിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്.  നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്‌മണിസ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. )   നമ്മൾ കിണറിൽനിന്നു കയറും കപ്പിയും തൊട്ടിയും ഉപയോഗിച്ച് വെള്ളം  കോരിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള   ജലനിരപ്പിലേക്ക് നാലുഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് . കുളത്തിൽനിന്നെന്നതുപോലെ ഇറങ്ങി  വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം,  കൃത്യമായ സ്ഥാനവും  അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ  അവലംബമാക്കിയാണ് ഇവയുടെ നിർമ്മാണം    ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രംപറയുന്നവയാണ്.  ഗുജറാത്തിൽത്തന്നെ  നൂറ്റിയിരുപത്തിലധികം പടിക്കിണറുകളുണ്ട്.  ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും  വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി,  ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു. 
അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ അഡാലജ്  പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്.  ( ഗാന്ധിനഗറിൽനിന്നാണെങ്കിൽ  അഞ്ചുകിലോമീറ്റർ ദൂരം)  


പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള  ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി. തൊട്ടടുത്തുതന്നെയാണ് പടിക്കിണർ.  1498ലാണ് ദണ്ഡെയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ  അന്നത്തെ രാജാവായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകളറിഞ്ഞ്   ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെതന്നെ അദ്ദേഹം അയൽരാജ്യത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗഡയുമായി ഉണ്ടായ  ഒരു യുദ്ധത്തിൽ വീരചരമംപ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499ൽ  പൂർത്തീകരിക്കുകയുംചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്. 
വീർസിംഗ് യുദ്ധത്തിൽ വീരമൃത്യുപൂകിയതറിഞ്ഞ അദ്ദേഹത്തിന്റെ പത്നി രുദാദേവി  സതിയനുഷ്ഠിക്കാൻ തയ്യാറായി. എന്നാൽ മുഹമ്മദ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽപ്പെട്ട രുദാദേവി ഒരു മുസൽമാന്റെ പത്നിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു, വിവാഹത്തിനുമുമ്പ് പടിക്കിണർനിർമ്മാണം പൂർത്തിയാക്കണമത്രേ!  മുഹമ്മദ് ഒരെതിർപ്പുമില്ലാതെ അത് അംഗീകരിച്ചു. വളരെവേഗം കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. വേഗംതന്നെ അദ്ദേഹം റാണിയെ സമീപിച്ച് അവരുടെ വാഗ്ദാനത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പക്ഷേ റാണിക്ക് ഒരിക്കലും ഇങ്ങനെയൊരു വിവാഹത്തിന് കഴിയുമായിരുന്നില്ല. അവർ ആഗ്രഹിച്ചത് തന്റെ ഭർത്താവിന്റെ ചിരകാലാഭിലാഷമായിരുന്ന പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതുമാത്രമായിരുന്നു. അതാകട്ടെ സംഭവ്യമാവുകയും ചെയ്തു. ഒട്ടുംതാമസിയാതെ റാണി കിണറിനടുത്തേക്ക്‌നടന്നു പ്രാർത്ഥനകളോടെ കിണറിനു വലംവെച്ച് കിണറ്റിൽച്ചാടി ജീവത്യാഗം ചെയ്തു.  അങ്ങനെ കിണർ  നിർമ്മിച്ച ആ  വംശംതന്നെ അന്യംനിന്നുപോയി. കഥ ആരുടെയും കണ്ണുനനയിക്കുമെങ്കിലും എനിക്ക് റാണിയോട് അല്പം ഈർഷ്യതോന്നാതിരുന്നില്ല. മറ്റേതെങ്കിലും വിധത്തിൽ അവർ ആത്മഹത്യചെയ്തിരുന്നെങ്കിൽ ആ കിണർ എത്രയോ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമായിരുന്നു! (എങ്കിലും പിന്നീട് കിണർ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്) 


Thursday, November 24, 2022

വിശ്വാസവും അന്ധവിശ്വാസവും - മെട്രോ മിറർ നവംബർ ലക്കംവിശ്വാസവും അന്ധവിശ്വാസവും 

==========================

ഞെട്ടിക്കുന്ന വാർത്തകളുടെ കാലമാണിത്. യുക്തിരഹിതമായ  വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ എത്രയെത്ര ദുരന്തങ്ങളാണ് മാനവികത നേരിടുന്നത്! നരബലിപോലും നടക്കുന്നത് പ്രബുദ്ധരെന്നഭിമാനിക്കുന്ന ഒരു ജനത വസിക്കുന്ന കേരളക്കരയിലാണെന്നത് എത്ര ലജ്‌ജാകരമാണ്! ശാസ്ത്രലോകം ഇത്രയേറെ വളർച്ചപ്രാപിച്ചിട്ടും മനുഷ്യമനസ്സുമാത്രം വളർച്ചമുരടിച്ച് വികാസമേതുമില്ലാതെ അന്ധവിശ്വാസങ്ങളിൽ തളച്ചിടപ്പെടുന്നതെന്തുകൊണ്ടാവാം? ഒരു കുട്ടിയെ  നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടുവരാൻ നമ്മുടെ കുടുബങ്ങൾക്കും  വിദ്യാലയങ്ങൾക്കും സമൂഹത്തിനും കഴിയാതെപോകുന്നോ ?   ഗൗരവമായി കണക്കിലെടുക്കേണ്ടൊരു വിഷയംതന്നെയാണിത്.  


വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മനുഷ്യകുലത്തോളംതന്നെ  പ്രായമുണ്ടാകാം. മറ്റു ജീവജാലങ്ങളിൽനിന്നുവ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവായിരിക്കാം മനുഷ്യനെ വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവങ്ങളും  മതങ്ങളും ജാതിയും രാഷ്ട്രീയവുമൊക്കെ   വിശ്വാസമോ  അന്ധവിശ്വാസമോ എന്നത്  ആപേക്ഷികം മാത്രം.  ഒരുവന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസമാകാം, തിരിച്ചും. യുക്തിപൂർവ്വമായ  ശാസ്ത്രീയസമീപനം പല വിശ്വാസങ്ങളെയും കീഴ്മേൽ മറിക്കാൻ ഉപോല്ബലകമാം. അഥവാ,  ശാസ്ത്രബോധത്തിന്റെ അപര്യാപ്തതയോ അജ്ഞതയോ ആവാം പല വിശ്വാസങ്ങളെയും നിലനിർത്തിപ്പോരുന്നത്. എത്ര കടുത്ത വിശ്വാസങ്ങളെയും കടപുഴക്കാൻ യുക്തിപൂർവ്വമായ ശാസ്ത്രതത്വങ്ങൾ നൽകുന്ന കാര്യകാരണങ്ങൾക്കാകും . അതത്ര എളുപ്പമായിരിക്കില്ല എന്നുമാത്രം. 


വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണ് ചുറ്റുപാടുകളിൽനിന്നു നമുക്കറിയാൻ കഴിയുന്നത്. എല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും കൂടിയോ കുറഞ്ഞോ ഇത്തരം വിശ്വാസങ്ങൾ നിലനിന്നു പോന്നിരുനു എന്നത് യാഥാർത്ഥ്യം മാത്രം. നമ്മുടെ  ജാതി, മത, ദൈവ സംബന്ധിയായ ഒട്ടനവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മറ്റുനാടുകളിൽ പരിഹാസ്യമായ കാര്യങ്ങളായിരിക്കാം. മറ്റു നാടുകളിലെ വിശ്വാസങ്ങൾ നമുക്കും അങ്ങനെ തന്നെയെന്ന ഉദാഹരണങ്ങൾ നിരവധി. 13 എന്ന അക്കത്തിന്റെ ദുഷ്പേര് ഏവർക്കും അറിവുള്ളതാണല്ലോ. വിശ്വാസങ്ങൾ എന്തു തന്നെയായാലും അതു മറ്റുള്ളവരുടെ സ്വസ്ഥമായ ജീവിതത്തെ ഹനിക്കുന്നതാകുമ്പോൾ അതിന് ശിക്ഷർഹമായൊരു കുറ്റകൃതൃത്തിന്റെ സ്വഭാവമുണ്ടാകുന്നു. ഇലന്തൂരിലെ നരബലിയും സമാനമായ പല സംഭവങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു.


 കുട്ടിക്കാലത്ത് ഒരു സഹപാഠിയുടെ വിയോഗം ഇന്നും വേട്ടയാടുന്നാരു ദുഃഖസ്മരണയാണ്. അസുഖം ബാധിച്ച ആ കുട്ടിക്ക് മാതാപിതാക്കൾ വൈദ്യസഹായം തേടാൻ കൂട്ടാക്കിയതേയില്ല. അവരുടെ വിശ്വാസപ്രകാരം പ്രാർത്ഥനകൊണ്ടു രോഗം  ഭേദപ്പെടുമത്രേ ! അധ്യാപകരും അയൽക്കാരും ഏറെ നിർബന്ധിച്ചിട്ടും അവർ ആശുപത്രിയിൽ പോയതേയില്ല. മാതാപിതാക്കളുടെ പിടിവാശി കാരണം ആ കുഞ്ഞിൻറെ ജീവൻ നഷ്ടമാവുകയായിരുന്നു. ഇന്നും അത്തരം അന്ധവിശ്വാസങ്ങൾ എത്രയോ ജീവനെടുക്കുന്നു. ജ്യോതിഷം എത്രയോ പെൺകുട്ടികളുടെ വിവാഹം മുടക്കുന്നു! രണ്ടു ദശാബ്ദത്തിനപ്പുറം കേട്ടുകേൾവി പോലുമില്ലാതിരുന്ന വാസ്തുശാസ്ത്രവും അക്ഷയതൃതീയയും നാടെങ്ങുമുള്ള പൊങ്കാലയും ഒക്കെ ഇന്ന് ഏറെ പ്രചാരത്തിൽ ആയിരിക്കുന്നു. ചിലപ്പോഴെങ്കിലും തോന്നാറുണ്ട്  മാനവികതയുടെ വളർച്ച മുമ്പോട്ടോ പിന്നോട്ടോ എന്ന ആശങ്ക.  ഒരുപക്ഷേ കുറച്ചു കാലം കഴിയുമ്പോൾ ചരിത്രത്തിൽ എന്നപോലെ ഒരു യൂട്ടേൺ ഉണ്ടാകുമെന്ന് നമുക്കും പ്രത്യാശിക്കാം.

[18:33, 09/11/2022]Sunday, October 9, 2022

തുല്യജോലിക്ക് തുല്യവേതനം - metro mittor september edition

 തുല്യജോലിക്ക് തുല്യവേതനം

വളരെ ന്യായമെന്നു തോന്നുന്നൊരു ആശയം. പലരും പലവട്ടം ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുള്ളതുമാണ്. ഈ അടുത്തയിടെ, സിനിമാദേശീയപുരസ്കാരജേതാവായ അപർണ്ണ ബാലമുരളിയും ഇതേവിഷയത്തെക്കുറിച്ച് തന്റെയൊരു അഭിമുഖത്തിൽ പരാമർശിച്ചു സംസാരിക്കുകയുണ്ടായി. അവർ തുല്യവേതനത്തേക്കാൾ ന്യായവേതനത്തിനാണ് ഊന്നൽ കൊടുത്തതെന്നും ശ്രദ്ധേയമാണ്. പറയുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ അത്ര നിസ്സാരമായി കാണാനാവുന്നതാണോ തുല്യവേതനം എന്ന ആശയം എന്ന് സംശയവും നിലനിൽക്കുന്നു എന്നതിന് തെളിവാണ് കോടതികളിൽ ഇക്കര്യമെത്തുമ്പോഴൊക്കെ ന്യായാധിപന്മാർ കൈക്കൊണ്ട  സ്ഥിരതയില്ലാത്ത നിലപാടുകൾ.  


ഏതാണ്ട് അമ്പത് വർഷങ്ങൾക്കപ്പുറം ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ അതിവേഗം  കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസരംഗം തുറന്നുകിട്ടിയതോടെ  ചെറുകിടജോലികൾ മുതൽ മൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ, വ്യക്തിപരമായ  ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളിൽനിന്ന്‌ പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്.  ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുല്യവേതനം ഉറപ്പാക്കുക എന്നത്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് കേവലമായൊരു പ്രമാണമോ സങ്കല്‍പനമോ അല്ല. ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രനയ നിര്‍ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണത്. (അനുഛേദം 39 (ഡി)). 


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ആശയമായിരുന്നു തുല്യജോലിക്കു തുല്യവേതനം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും  ഈ  ആശയത്തിന് തന്നെയാണ്. 1979 ഏപ്രില്‍ 10ന് ഇന്ത്യ ആ പ്രമാണം അംഗീകരിച്ച് അംഗമായി മാറി. തൊഴിലിടങ്ങളിൽ  ലിംഗഭേദമെന്യേ തുല്യവേതനം ഉറപ്പാക്കുന്നതിനും ജോലിയിലും അനുബന്ധകാര്യങ്ങളിലുമുള്ള വിവേചനം തടയാനുമായി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമാണ് 'തുല്യവേതനനിയമം - 1976 '.   ഈ നിയമപ്രകാരം ഒരേ തൊഴില്‍ എടുക്കുന്നവര്‍ക്കു ലഭിക്കുന്ന വേതനഘടനയില്‍ വിവേചനം പാടില്ല. സ്ത്രീ - പുരുഷ ലിംഗ, പദവി വ്യത്യാസമോ, സ്ഥിരം തൊഴില്‍ - താല്‍ക്കാലിക തൊഴില്‍ വ്യത്യാസമോ ഇതിന് കാരണമായിക്കൂടായെന്നും നിയമം അനുശാസിക്കുന്നു. വേതനതുല്യത ഉറപ്പാക്കുമ്പോള്‍ തൊഴിലിന്റെ സ്വഭാവവും ഫലവും ഉത്തരവാദിത്വവ്യാപ്തിയും ആണ് മൂല്യവത്തായി പരിഗണിക്കപ്പെടേണ്ടത് എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. കെ എം എല്‍ ബക്ഷി 'അഭി' യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് 1962ല്‍ തുല്യവേതനാവകാശ പ്രശ്‌നം ഇന്ത്യന്‍ സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത്. എന്നാല്‍ പ്രസ്തുത തത്വം നീതിന്യായ കോടതി വഴി നടപ്പാക്കാനാവില്ല എന്ന നിഗമനമാണ് അന്ന് ന്യായാധിപന്മാര്‍ സ്വീകരിച്ചത്. പിന്നീടും ഈ വിഷയത്തില്‍ പലപ്പോഴും കോടതികളും ന്യായാധിപരും കൃത്യമായൊരു നിലപാട് കൈക്കൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യജോലിക്ക് തുല്യവേതനതത്വം പരിഗണിക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പ് രീതികള്‍, നിയമനസമ്പ്രദായം, ജോലിയുടെ സ്വഭാവം, പ്രവൃത്തിയുടെ ഫലം, ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം, മുന്‍പരിചയം, വിശ്വസനീയത, ആവശ്യകത മുതലായ ഒട്ടേറെ ഘടകങ്ങള്‍ കൂടി പരിഗണിച്ചുവേണം തീര്‍പ്പാക്കേണ്ടതെന്നും ന്യായാധിപന്മാർ അഭിപ്രായപ്പെടുകയുണ്ടായി. 


നമുക്കറിയാം നമ്മുടെ രാജ്യത്ത് മിനുട്ടിനു ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന വക്കീലന്മാരുണ്ട്. അതുകൊണ്ടു എല്ലാവക്കീലന്മാർക്കും അങ്ങനെ വേതനം ലഭിക്കണമെന്ന് ശഠിച്ചാൽ അത് പരിഹാസ്യമാവുകയേയുള്ളു. ഇവിടെ വേതനത്തിലെ അന്തരത്തിനു   ലിംഗഭേദം ഘടകമാകുന്നതേയില്ല.  വൈദഗ്ദ്ധ്യമനുസരിച്ച് വേതനത്തിലെ വ്യത്യാസം പല തൊഴില്മേഖലകളിലും പ്രകടമാണ്. ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് മേൽക്കോയ്മയുള്ളതായും കാണാം.  നെൽകൃഷി വ്യാപകമായി നടന്നുവന്നിരുന്ന  മുന്കാലങ്ങളിൽ കൊയ്ത്തുകാലത്ത് വേതനമായി 'പതം' കൊടുത്തിരുന്നതുതന്നെ ഉദാഹരണം. കൊയ്തുമെതിച്ച് നെല്ലളന്ന് അതിനാനുപാതികമായി നെല്ലുതന്നെ വേതനമായിക്കൊടുക്കുന്ന രീതിയാണത്. പലപ്പോഴും സ്ത്രീകളായിരിക്കും കൂടുതൽ പതം കരസ്ഥമാക്കുക. ഇന്നും മലയോരമേഖലയിൽ ഏലം, തേയില മുതലായ  നാണ്യവിളകളിലെ വിളവെടുപ്പുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ  സർക്കാർ നേരിട്ട് വേതനം നൽകുന്ന പലജോലികളുടെയും വേതനവ്യവസ്ഥിതി അനീതിയുടെയും അസമത്വത്തിന്റെയും  അശാസ്ത്രീയതയുടെയും കളിയരങ്ങാണെന്നും തോന്നിപ്പോകും.  അംഗൻവാടി അദ്ധ്യാപകരുടെ വേതനംതന്നെ വലിയ ഉദാഹരണം. 


സിനിമാമേഖലയിൽ പ്രായം, വിദ്യാഭ്യാസയോഗ്യത ,  പ്രവൃത്തിപരിചയം എന്നിവയെക്കാൾ   താരമൂല്യത്തിനാണ് ഏറെ പ്രാധാന്യമെന്നുതോന്നുന്നു.  മമ്മൂട്ടിയോ മോഹൻലാലോ നായകനാകുന്ന സിനിമയിൽ തുല്യപ്രാധാന്യമുള്ള നായികയായി  ഒരു പുതുമുഖതാരം  വന്നാൽ തുല്യവേതനവാദം കേവലം ജലരേഖയാവുകയേയുള്ളു എന്നത് വ്യക്തം.  ഒരു ദേശീയപുരസ്കാരം നേടിയെന്നതുകൊണ്ടുമാത്രം മെഗാതാരങ്ങളുടെ താരമൂല്യത്തെ മറികടക്കാനോ, ഒപ്പമെത്താൻപോലുമോ കഴിഞ്ഞെന്നു വരില്ല.  

 അതായത് തുല്യജോലിഭാരത്തിന് തുല്യനിരക്കില്‍ വേതനം എന്നത് സ്വാഭാവികനീതി മൂല്യമാണ്. അത് അങ്കഗണിതമനുസരിച്ച്  കണക്കാക്കാവുന്ന കേവലമൂല്യമല്ല. അതുകൊണ്ടുതന്നെ നിയതമായൊരു രൂപരേഖ സൃഷ്ടിച്ചെടുക്കാനുമാവില്ല. 

 


Tuesday, July 26, 2022

റെഡ് ഹെറിങ് - metro mirror july

 റെഡ് ഹെറിങ് 

--------------------

നമ്മുടെ സംസ്ഥാനമാകട്ടെ, രാജ്യമാകട്ടെ, പൊതുജനസംബന്ധവും  രാഷ്ട്രീയപരവും സാങ്കേതികവും  ഭരണപരവുമൊക്കെയായി നിരവധി ഗൗരവമുള്ള മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടയുമൊക്കെ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നു മറ്റുള്ളവരെപ്പോലെ നമുക്കും അറിവുള്ളതാണ്. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളുൾപ്പെടെയുള്ള  വാർത്താമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിലൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറില്ല. നാടു നേരിടുന്ന പ്രശ്നങ്ങളോ കൈവരിക്കുന്ന നേട്ടങ്ങളോ ഒരിക്കലും ആഘോഷിക്കപ്പെടുന്ന ഒരു വാർത്തയായി നമുക്ക് കാണാനും കഴിയാറില്ല. തികച്ചും അപ്രധാനമായ, വ്യക്തികളിൽ മാത്രം കേന്ദ്രീകൃതമായ സംഭവങ്ങളോ വ്യവഹാരങ്ങളോ ഒക്കെ പർവ്വതീകരിക്കപ്പെടുകയും അതിന്മേൽ തങ്ങളുടെ വിലയേറിയ സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ രീതി ഒട്ടുംതന്നെ അഭിലഷണീയമല്ല. പ്രത്യുത, സാധാരണക്കാരന്റെ ക്ഷമപരീക്ഷിക്കുന്ന, അങ്ങേയറ്റം ജുഗുപ്സാവഹമായൊരു വ്യായാമമായി മാറിയിരിക്കുകയാണ്. 


സ്വാർത്ഥലാഭത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ഇവരെ തങ്ങളുടെ  ചട്ടുകമാകുകയും ചെയ്യുന്നു എന്നത് പകൽപോലെ വ്യക്തം.നാട്  വളരെ ഗൗരവമുള്ള പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സന്ദർഭത്തിലായിരിക്കും തികച്ചും അപ്രസക്തമായ ഒരു വാക്കിന്റെയോ ചെയ്തിയുടെയോ പേരിൽ ഒരു കോളിളക്കം സൃഷ്ടിക്കുന്നതും അതിന്റെ ചൂടിൽ ചർച്ചചെയ്യപ്പെടേണ്ട ദേശീയപ്രാധാന്യമുള്ള കാര്യം അപ്രസക്തമാകുന്നതും. ഭരണപരാജയം മറച്ചുവെക്കാനും മന്ത്രിമാരുംമറ്റും സമാനമായ കാര്യങ്ങൾ ചെയ്തുപോരുന്നു.  അതായത് കേന്ദ്രബിന്ദുവിൽനിന്നു നമ്മുടെ ശ്രദ്ധ മറ്റെവിടേക്കോ കൊണ്ടുപോകുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ സാമാന്യബുദ്ധിയെ  വഴിതെറ്റിക്കുന്നു.   സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമൊക്കെ ഈ വിദ്യ ധാരാളമായി ഉപയോഗിച്ചിരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. നിർണ്ണായകമായ സംഭവങ്ങൾക്കു നിദാനമായി എന്നോണം  ഒരു കഥാപാത്രം അവതരിക്കും. നമ്മുടെ എല്ലാ ശ്രദ്ധയും ഊഹങ്ങളും അയാളുടെ പിന്നാലെ പായും. പക്ഷേ ഒടുവിൽ ശരിയായ കാരണക്കാരൻ മറ്റൊരാളായിരിക്കും. 


നിയമരംഗത്ത് സമാനമായ ഒരുതരം  ന്യായവൈകല്യംതന്നെയുണ്ട്.  വാദങ്ങൾ നടക്കുമ്പോൾ  ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ    അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണിത്.  റെഡ് ഹെറിംഗ് എന്നാണിതറിയപ്പെടുന്നത്. . എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. വിജയിക്കാൻ എന്തൊക്കെ വളഞ്ഞവഴികളാണല്ലേ! 


എന്താണീ റെഡ് ഹെറിങ്? ഹെറിങ് എന്നത് കാഴ്ചയിലും ഗന്ധത്തിലും  മത്തി(ചാള)ക്കു സമാനമായൊരു മത്സ്യമാണ്. ഉപ്പുചേർത്ത്  പുകയിൽ ഉണക്കിക്കഴിയുമ്പോൾ അതിനൊരു ചുവപ്പ്‌നിറം  കൈവരും. കൂടാതെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരിക്കും. ഈ ഉണക്കമത്സ്യമുപയോഗിച്ചു വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന പതിവുണ്ടായിരുന്നു.  മത്സ്യത്തിന്റെ മണംകൊണ്ട് അവരുടെ ശ്രദ്ധതിരിക്കാനും വഴിതെറ്റിക്കാനുമൊക്ക ഈ ഉണക്കമത്സ്യം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വഴിതെറ്റിക്കലിന് റെഡ് ഹെറിങ് എന്ന പ്രയോഗം ജനകീയമായത്. 


അഴിമതികളുടെ അറയ്ക്കുന്ന കഥകൾ, സാധാരണജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അപാകതകളും, ആരോഗ്യരംഗത്തെ പാകപ്പിഴകളും കെടുകാര്യസ്ഥതയും,  വിദൂരഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും, പട്ടിണിമൂലം ജീവൻപൊലിയുന്ന ലക്ഷക്കണക്കിന് ബാല്യങ്ങൾ,  വിവിധകാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായരംഗം, നിരന്തരം നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം, വിദ്യാർത്ഥികളേയും യുവജനങ്ങളേയും അടിമകളാകുന്ന മയക്കുമരുന്നുപയോഗം, നാടിനെന്നും ഭീഷണിയായിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ   - അങ്ങനെ എത്രയെത്ര നീറിപ്പുകയുന്ന പ്രശ്നങ്ങളിലൂടെയാണ് നാടും നമ്മളും കടന്നുപോകുന്നത്! ഇവയൊന്നും കാണാതെ കേവലം ഉണക്കമതികൾക്കുപിന്നാലെപോകുന്നത് എത്ര ലജ്‌ജാകരം!