Tuesday, September 29, 2015

ഈ രാവിലീ വിശ്വമാകെയും 
കേള്‍ക്കുവാന്‍
ഈ കാറ്റു മൂളുന്ന 
താരാട്ടു കേട്ടുവോ..
അകലെ നിന്നെത്തി 
നോക്കുന്നുണ്ടു പനിമതി
ഒരു കൊച്ചു വെണ്ണിലാ-
പ്പന്തലിന്‍ പട്ടുമായ്..
മുറ്റത്തെ മുല്ല മറിച്ചിട്ട പൂക്കൂട
പൂമണം പോയതറിഞ്ഞുമില്ല..
എങ്ങുപോയ് നീയെന്റെ 
രാക്കിളിപ്പെണ്ണേ നിന്‍ 
മധുരഗാനത്തിന്റെ
മൃദുശീലുമായ്... 
മിഴിമെല്ലെയടയുന്നു..
തലയൊട്ടു ചായുന്നു
ഇനി ഞാനുറങ്ങട്ടെ 
പുലരുവോളം ..

ശുഭരാത്രി പ്രിയരേ..
മിനി മോഹനന്‍ 


Sunday, September 20, 2015

പ്രണയപര്‍വ്വം

തുലാവര്‍ഷം  
കുളിരു കോരിച്ചൊരിയുമ്പോള്‍
ഹൃദയത്തരുവിലെ ദാഹാര്‍ത്തമായ
ഇലച്ചാര്‍ത്തുകളില്‍
ഒരു സ്നേഹമഴ പെയ്തിറങ്ങുന്നു.
മോഹങ്ങള്‍ തളിരിടുകയും
കിനാക്കള്‍ പുഷ്പിക്കുകയും
ചെയ്യുന്നൊരു വസന്തത്തിന്റെ വരവിനായ്
ഏതോ പകല്‍ക്കിളി രഗമാലികയൊരുക്കുന്നു.
പെയ്തിറങ്ങുന്ന മേഘങ്ങള്‍ക്കപ്പുറം
ആകാശത്തിന്റെ ആഹ്ലാദരൂപമായ
അനന്തനീലമയെന്നത് ഒരു വാഗ്ദാനമാണ്.
ഒന്നായലിഞ്ഞ ഹൃദയതന്ത്രികളുടെ സപ്തസ്വരങ്ങള്‍ക്ക്
വര്‍ണ്ണരൂപമാര്‍ന്ന മാരിവില്ലായ്
ഉദിച്ചുനില്‍ക്കാനൊരു പ്രണയചക്രവാളം.
പ്രകാശവേഗത്തില്‍
ഏകരൂപമാര്‍ന്ന മനസ്സുകളുമായ്
നമുക്കു നടന്നുകയറാം
അനന്തനീലിമയുടെ
ആനന്ദത്തിലേയ്ക്ക്.

കുട്ടിയും കോലും - ഒരു ഗൃഹാതുരത.

കുട്ടിയും കോലും - ഒരു ഗൃഹാതുരത.
------------------------------------------------

ഈയിടെയായി വഴിയരുകിലും മൈതാനങ്ങളിലും വെളിമ്പറമ്പുകളിലും ഒക്കെ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനോടുള്ല ഭ്രമം കുറഞ്ഞതുകൊണ്ടൊ കുട്ടികളുടെ താല്‍പര്യങ്ങള്‍ വേറെ പലവിധ ആനന്ദദായകമാര്‍ഗ്ഗങ്ങളിലേയ്ക്കു കടന്നു കയറിയതുകൊണ്ടോ ആകാം. ഒരു കണക്കിന് അതു വളരെ നന്നായി. ധൈര്യമായി വഴി നടക്കാമല്ലോ. അല്ലെങ്കില്‍ എപ്പോഴാ പന്തു വന്നു തലയില്‍ തട്ടുന്നതെന്നു പേടിച്ചാവും പലപ്പോഴും നടത്ത.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് പ്രിയപ്പെട്ട കായികവിനോദത്തേക്കുറിച്ച് ഉപന്യസിക്കാനുള്ല ചോദ്യത്തിന് ഒരു കുട്ടി എഴുതിയ ഉത്തരം ക്രിക്കറ്റിനേക്കുറിച്ചായിരുന്നു. അതില്‍ എഴുതിയിരുന്ന ഒരു കാര്യം എന്നെ തെല്ലൊന്നമ്പരപ്പിച്ചു.  മഹാഭാരതകഥയില്‍ കൃഷ്ണനും പാണ്ഡവകൗരവന്മാരും ഒക്കെ ക്രിക്കറ്റ് കളിച്ചിരുന്നത്രേ. മിടുക്കിയായ ആ വിദ്യാര്‍ത്ഥിനി വെറുതെ തമാശയ്ക്ക് ഇങ്ങനെ എഴുതാന്‍ വഴിയില്ലെന്ന് എനിക്കു നന്നായറിയാം. അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ച് ഒരന്വേഷണം തന്നെ നടത്തി. അപ്പോള്‍ ആണ് ഒരു കളിയെക്കുറിച്ചറിഞ്ഞത്. ക്രിക്കറ്റ് കളിയുമായി അഭേദ്യബന്ധമുള്ല ഒരു ഉത്തരേന്ത്യന്‍ കായിക വിനോദം. 'ഗല്ലി ദണ്ഡ ' എന്നറിയപ്പെടുന്ന അതിപുരാതനമായ ഈ വിനോദത്തെ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടത്രേ. ഈ കളിയില്‍ നിന്നാണ് ഇന്നത്തെ ഏറ്റവും പ്രചാരമുള്ല ആധുനികവിനോദങ്ങളായ ക്രിക്കറ്റ്, ബെയ്സ്ബോള്‍, സോഫ്ട്ബോള്‍ ഇവ രൂപം കൊണ്ടതെന്ന് ഒരു മതം. ആ അറിവാണ് കുട്ടിയെ മുകളില്‍ പറഞ്ഞ പരാമര്‍ശത്തിനു പ്രേരിപ്പിച്ചത്.

ഇന്ത്യയില്‍ ഈ കളി പലഭാഗത്തും പലപേരില്‍ അറിയപ്പെട്ടിരുന്നു. dānggűli (ডাঙ্গুলি) എന്ന് ബംഗാളിലും ആസ്സമിലും, chinni-dandu എന്നു കന്നടയിലും viti-dandu എന്നു മറാത്തിയിലും , kitti-pul എന്നു തമിഴിലും  , Gooti-Billa , Karra-Billa , Billam-Godu എഎന്നൊക്കെ തെലുങ്കിലും , Gulli-Danda എന്നു പഞ്ചാബിയിലും, Geeti Danna എന്നു സിന്ധിയിലും ,  . ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും സമാനമായ വിനോദങ്ങള്‍ പ്രാചരത്തിലുണ്ടായിരുന്നു. ഇംഗ്ലീഷില്‍ Tip cat എന്നും ഇറ്റലിയില്‍ Lippa എന്നും Dandi Biyo എന്ന് നേപ്പാളിലും
kon ko എന്ന് കംബോഡിയയിലും alak-doulak എന്നു പേര്‍ഷ്യന്‍ ഭാഷയിലും Pathel Lele  എന്ന് ഇന്‍ഡോനേഷ്യയിലും Syatong എന്ന് ഫിലിപ്പൈന്‍സിലും അറിയപ്പെട്ടിരുന്നത് ഈ വിനോദം തന്നെയായിരുന്നു.

നമ്മുടെ കേരളത്തിലെ കുട്ടികള്‍ക്കും ഏറ്റവും പ്രിയപ്പെട്ടൊരു കളിയായിരുന്നു ഇത്. കുട്ടിയും കോലും എന്ന് വിളിച്ചിരുന്ന ഈ കളിയില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാ പ്രായത്തിലേയും കുട്ടികള്‍ പങ്കെടുക്കുമായിരുന്നു. കുട്ടിയും പുള്ളും എന്ന് വടക്കന്‍ കേരളത്തില്‍ ഇത് അറിയപ്പെട്ടിഉന്നു. കുറച്ചധികം സ്ഥലമുണ്ടെങ്കിലേ ഈ കളി പ്രായോഗികമായിരുന്നുള്ളു. മൈതാനങ്ങളിലും അമ്പലപ്പറമ്പുകളിലും സ്കൂള്‍മുറ്റത്തും വെളിമ്പറമ്പുകളിലും കൊയ്തൊഴിഞ്ഞ പാടത്തുമൊക്കെ ഇതരങ്ങേറിയിരുന്നതു കാണാം. കളിക്കാനുള്ല കോപ്പുകള്‍ വലരെ ലളിതവും സുലഭവുമായിരുന്നു. ഒരു വലിയ വടിയും (ഏകദേശം മുക്കാല്‍ മീറ്ററോളം നീളം) ഒരു ചെറിയ കഷണം പോലെയൊരു വടിയും. ചെറിയ വടി ഒരു ചെറിയ കുഴിയുണ്ടാക്കി അതിനു മുകളില്‍ വെച്ച് വലിയവടി കൊണ്ട് തോണ്ടി എറിയുകയാണ് കളിയുടെ യോഗ്യതാ നടപടി. എതിരാളികള്‍ അതു കൈയില്‍ പിടിച്ചിലെങ്കില്‍ യോഗ്യത നേടും. അല്ലെങ്കില്‍ കളത്തിനു പുറത്ത് . അതുമല്ലെങ്കില്‍ കുഴിക്കു മുകളില്‍ കുറുകെ വെയ്ക്കുന്ന കോലിനെ കുട്ടികൊണ്ട് എതിരാളി എറിഞ്ഞു കൊള്ളിക്കണം . കൊണ്ടാല്‍ പുറത്ത്. ഇല്ലെങ്കില്‍ പിന്നീട് പല രീതിയില്‍ കുട്ടി കോലുകൊണ്ടടിച്ചു ദൂരേയ്ക്കെറിയനം. ആ ദൂരം അളന്നാണു പോയിന്റ് കണക്കാക്കുന്നത് .ചേക്കുട്ട ,ചാത്തി , മുറി ,നാല് വട, ഐറ്റി കോണ്‍ ,ആറാങ്കൈ ,പീലേസ് ( പണം ഒന്ന്) .   ഇങ്ങനെ പറഞ്ഞാണ്  കുട്ടി അടിച്ചിട്ട് വീണ അകലം അളക്കുന്നത്. ഇത് ദേശഭേദമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. പത്തുപണം കിട്ടിയാല്‍ വിജയിക്കും. 

കുട്ടിയും കോലും ഒരു കയ്യില്‍ തന്നെ പിടിച്ച് കുട്ടി മുകളിലേയ്ക്കിട്ട് കോലുകൊണ്ട് അടിക്കുക, കൈ വിരലുകളുടെ മുകളില്‍ കുട്ടി വെച്ച് അടിക്കുക, മുഷ്ടി ചുരുട്ടി  അതിനു മുകളിലും വശത്തും വെച്ച അടിക്കുക, തലയില്‍ വെച്ച് താഴേയ്ക്കിട്ട ശേഷം അടിക്കുക, കാല്‍പാദത്തിലും, മുട്ടിലും , ഇങ്ങനെ ശരീരത്തിന്റെ പലഭാഗത്തു വെച്ചാണ് കുട്ടിയെ കോലുകൊണ്ട് അടിച്ചു തെറിപ്പിക്കേണ്ടത്. കുഴിയില്‍ നിന്ന് കോല്‍ കൊണ്ടളക്കാനുള്ള ദൂരം കുട്ടി എത്തിയില്ലെങ്കില്‍ പിന്നെയും അതു തന്നെ ആവര്‍ത്തിക്കനം. പിന്നെയും അങ്ങനെ സംഭവിച്ചാല്‍ കളിക്കാരന്‍ പുറത്താകും. പിന്നെയുമുണ്ട് കുട്ടി തെറിപ്പിക്കും മുന്‍പേയുള്ല ചില ചോദ്യവും പറച്ചിലുമൊക്കെ.അനുവാദത്തൈനായുള്ല  കൃത്യമായ മറുപടി കിട്ടാതെ കുട്ടി തെറിപ്പിച്ചാല്‍ അതു നിയമലംഘനം ആകും. കളിക്കാരന്‍ അയോഗ്യനാവുകയും ചെയ്യും. പിന്നെ എതിര്‍ ടീമിന്റെ ഊഴം. ഒടുവില്‍ ആര്‍ക്കാണോ കൂടുതല്‍ പോയിന്ട്സ് അവര്‍ വിജയി.( ഞാന്‍ ഈ കളി കണ്ടു നിന്നിട്ടേയുള്ളു, കളിച്ചിട്ടില്ല. അതുകൊണ്ട് നിയമങ്ങളൊന്നും കൂത്യമായി ഓര്‍മ്മയിലില്ല. ).

വിജയിക്കുന്നവര്‍  പരാജിതര്‍ക്ക്  കൊടുക്കുന്ന ശിക്ഷയാണ്  കോട്ടയടി ....  കോട്ടയടിച്ചു  കുട്ടി എവിടെവരെ  എത്തുന്നോ  അവിടെനിന്നും കുട്ടിയും  കയ്യില്‍ പിടിച്ചു  ശ്വാസംവിടാതെ  കബഡിയില്‍ പറയുന്നതുപോലെ എന്തൊക്കെയോ   ഉറക്കെ പറഞ്ഞുകൊണ്ട്   തിരികെ  കുഴിയുടെ അടുത്ത് എത്തണം  .ഇടക്കുവച്ചു  ശ്വാസം പോയാല്‍  കുട്ടി അവിടെനിന്നും  വീണ്ടും  ദൂരേക്ക്‌  അടിച്ചു തെറിപ്പിക്കും. ശ്വാസം വിടാതെ  വീണ്ടും ആദ്യത്തേതു പോലെ  കുഴിയുടെ  അടുത്ത് എത്തണം.  

ഈ കളിയല്ലേ കുട്ടിക്കാലത്ത് കൗരവരും പാണ്ഡവരും കളിക്കുകയും കുട്ടി പൊട്ടക്കിണറ്റില്‍ വീഴുകയും ചെയ്തത്? വിഷണ്ണരായി നിന്ന കുട്ടികളെ സഹായിക്കാന്‍ അവിടെ ഒരു മഹാനുഭാവന്‍ എത്തുകയും ദര്‍ഭപ്പുല്ലുകള്‍ എടുത്തു മന്ത്രം ജപിച്ച് ശരങ്ങളായ് മാറ്റി ഒന്നിനുപിന്നാലെ ഒന്നായ് എയ്തു യോജിപ്പിച്ച് കുട്ടി മുകളിലെടുക്കുകയും ചെയ്തത്. കുട്ടികളില്‍ നിന്ന് ഈ അത്ഭുതസംഭവത്തേക്കുറിച്ചറിഞ്ഞ ഭീക്ഷ്മാചാര്യന്‍ അദ്ദേഹത്തെ അവരുടെ ഗുരുവായി നിയമിക്കുകയും ചെയ്തു . അത് ദ്രോണാചാര്യര്‍ അല്ലാതെ  മറ്റാരുമായിരുന്നില്ല . ഗുരുദക്ഷിണയായി തന്നെ അവഹേളിച്ച, ഒരിക്കല്‍ സഹപാഠിയായിരുന്ന , ദ്രുപതനെ പിടിച്ചുകെട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ട കഥ പണ്ടു പാഠപുസ്തകത്തില്‍ പഠിച്ചത് ഓര്‍മ്മ വരുന്നില്ലേ.. ഈ കളിയോട് ക്രിക്കറ്റ് കളിയുമായിള്ല സാദൃശ്യം നോക്കിയാല്‍ എന്റെ വിദ്യാര്‍ത്ഥിനിയെ കുറ്റം പറയാനാവില്ല അല്ലേ....

Thursday, September 17, 2015

മാഞ്ഞു നീ പോവല്ലേ
സന്ധ്യേ,
എന്റെ ഹൃദയത്തിന്‍ വര്‍ണ്ണങ്ങ-
ളെല്ലാമെടുത്തുകൊ-
ണ്ടോടി മറയല്ലേ സന്ധ്യേ..
രാവിതില്‍ വേണമെനിക്കീ
നിറങ്ങളെന്‍
സ്വപ്നത്തിന്‍ വര്‍ണ്ണം
പകരാന്‍..
ഒരു മായാമയൂരമായ് 
മാറിയെന്‍ നോവിന്റെ
പീലി വിടര്‍ത്തിയങ്ങാടാന്‍!

ശുഭരാത്രി നേരുന്നു പ്രിയരേ
മിനി മോഹനന്‍

മറയുന്ന ചിങ്ങനിലാവ്

ചിങ്ങം കടന്നുപോകുന്നുണ്ടു മെല്ലെയി
മാനത്തെ മഴവില്ലു മാഞ്ഞുപോയീടവേ
മാവേലിത്തമ്പുരാന്‍ കോടിയുടുപ്പിച്ച
മഞ്ഞണിത്താഴവരയ്ക്കെന്തിനീ മൗനം!

മാനത്തു വന്നു ചേക്കേറുന്നു മേഘങ്ങള്‍
ഒരു തുലാവര്‍ഷമായ് പെയ്തൊഴിഞ്ഞീടുവാന്‍
ഇവിടെയെന്‍ മനസ്സിന്റെ നീലനഭസ്സിലായ്
പെയ്യാത്ത മേഘങ്ങള്‍ കൂടുകൂട്ടുന്നുവോ..

പെയ്തങ്ങു നിറയുവാന്‍ ഒരു ഹൃദയസാഗരം
ഇല്ലായ്കിലെന്തിനീ പാഴ്മഴത്തുള്ളികള്‍!
ഇല്ലെനിക്കാവില്ല ഹൃദയം തുറന്നൊന്നു
പെയ്തൊഴുകീടുവാന്‍, ഒഴുകിപ്പരക്കുവാന്‍.

ആഴം മറന്ന നിന്നന്തരംഗത്തിലെ
ആഴിയില്‍ ചെന്നങ്ങണയുവാനാകാതെ,
ആനന്ദമില്ലെനിക്കീ വര്‍ഷകാലത്തിന്‍
ആഘോഷമെല്ലാമണഞ്ഞു പോയീടിലും 

Wednesday, September 16, 2015

ശ്രീഗണപതിക്കായ്..

വിനായകാ  ശ്രീ  ഗണനായകാ.. 
ഗൗരീതനയാ  ഗജാനനാ...
നിന്‍ ചരണാംബുജം ശരണം ദേവാ..
നിന്‍ കരുണാമൃതം തേടുന്നു ഞാന്‍
മൂഷികവാഹനാ.. ലംബോദരാ..
പരബ്രഹ്മരൂപാ.. ചിദാനന്ദഭൂതാ..


വിഘ്നവിനാശകാ.. 
സിദ്ധിവിനായകാ..
ശ്രീഗണനാഥാ.. ശിവനന്ദനാ..
തുമ്പമകറ്റുവാന്‍ മോദമണയ്ക്കുവാന്‍
നീ കനിയേണമേ  ഗജാനനാ...
ഏകദന്താ, വക്രതുണ്ഡ മഹാകായാ..


ഓംകാരരൂപിയാം മംഗളമൂര്‍ത്തി നിന്‍
തൃപ്പാദപങ്കജം പൂകിടുന്നേന്‍ ,സ്നേഹ- 
മോദകനൈവേദ്യം നല്‍കിടുന്നേന്‍
ഞാനെന്ന ഭാവമകറ്റിയെന്‍ ഹൃദയത്തില്‍ 
നീ പകര്‍ന്നീടണേ കരുണാമൃതം -നിന്റെ  
തുമ്പിയാല്‍ എന്നിലെ പാപമകറ്റി 
സ്നേഹവര്‍ഷം നീ   ചൊരിഞ്ഞേടണം..
അറിവായ് അലിവായ് നീയെന്നില്‍ നിറയേണം
സന്താപമോചകാ ഗണപതിയേ... രാവില്‍..

വെയില്‍ മാഞ്ഞുപോകവേ
ഇരുള്‍ വന്നു നിറയവേ
ഇളങ്കാറ്റിനൊപ്പമൊരു
കൊച്ചു ഗാനത്തിന്‍ 
അലയൊലികളെത്തുന്നു
തഴുകിത്തലോടുന്നു..
മിഴികളില്‍ മെല്ലെ
വന്നെത്തുന്നു നിദ്രയും..
ഇനി ശയ്യ പൂകിടാം
ഒരു സ്വപ്ന കംബള-
ത്തേരില്‍ കരേറിയൊരു
യാത്ര പോകാം, 
ദൂരെ ദൂരെയെങ്ങോ 
കാത്തു നില്‍ക്കുമൊരു 
പുലരിയുടെ കൈപിടിക്കാം,
സൂര്യ ഗായത്രി പാടാം.....
....ശുഭരാത്രി പ്രിയരേ
................മിനി മോഹനന്‍ 


പതനവാക്യം

മനസ്സില്‍ പ്രണയം ചേക്കേറിയാല്‍
ഋതുക്കളില്‍
വസന്തം മാത്രം ..
പൂക്കളുടെ നിറവും മണവും 
വാക്കുകളില്‍ നിറയുന്ന
പറുദീസ..
സ്വപ്നങ്ങള്‍ക്കും 
സുഗന്ധമുണ്ടെന്ന്
ദൂരെ നിന്നൊരു കുയില്‍പ്പാട്ട്..
ആത്മാവിലെ ആഴക്കടലുകളില്‍
കണ്ണിര്‍ക്കണങ്ങള്‍
മുത്തുകളുതിര്‍ക്കുന്ന
പൗര്‍ണ്ണമി രാവുകള്‍..
കൈകോര്‍ത്തു നടക്കവേ
കാലില്‍ മുത്തമിടുന്നത്
വജ്രസൂചികള്‍!
ഒഴുകുന്ന ചോരച്ചാലുകളില്‍
കാണുന്നതു മുന്തിരിച്ചാറ്..
എന്നിട്ടും എന്തേ
ആകാശവീഥികളിലെ
നീണ്ട പ്രയാണത്തിനൊടുവില്‍
ലക്ഷ്യം 
ഒരഗാധ ഗര്‍ത്തം !

Tuesday, September 15, 2015

മുത്തശ്ശി

കാലം ചിലപ്പോഴൊക്കെ
പിഞ്ചുകുഞ്ഞുങ്ങളേപ്പോലെയാണ്
കരയാനും ചിരിക്കാനും
കൈകാലിട്ടടിക്കാനും
മാത്രമേയറിയൂ.
പിന്നെ എപ്പോഴാണ്
വളര്‍ന്നു പിച്ചവെക്കുന്നതും
ഓടി നടന്നു കൈകാല്‍ കുഴയുന്നതും
എന്നു കാണാനേ കഴിയാറില്ല.
എപ്പോഴാണു
യൗവ്വനം നശിച്ചു
മുത്തശ്ശിയാകുന്നതെന്നും
അറിയാറില്ല..
എങ്കിലും കേള്‍ക്കാം
കാലത്തിന്റെ പതം പെറുക്കല്‍
അതു മാത്രം കേള്‍ക്കാം
ഒരു മര്‍മ്മരം പോലെ.. 

Saturday, September 12, 2015

'വീശി മറഞ്ഞൊരു ജനുവരിക്കാറ്റി'ലെ അശ്വതിയുടെ ആത്മഗതം കവിതയായ്

എന്റെ ആത്മാവിന്‍കൊമ്പില്‍ 
വന്നു ചേക്കേറിയ
പ്രണയപ്പക്ഷീ...
എന്റെ ഹൃദയം
നിനക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍
വാക്കുകള്‍ എനിക്കന്യമാകുന്നു.
എന്റെ ഓരോ മൗനത്തുണ്ടുകളിലും
നിന്നോടു  പറയാനുള്ള ഒരായിരം കഥകളെന്ന്
നീയറിഞ്ഞിരിക്കുമോ..
എന്റെ ഓരോ പ്രണയകടാക്ഷത്തിലും
നിനക്കായുദിക്കന്ന സ്നേഹസൂര്യപ്രഭയെ
നീ കണ്ടിരിക്കുമോ..
എന്റെ ഓരോ നെടുവീര്‍പ്പിന്റെ ഈണത്തിലും
നിനക്കായി പാടുന്ന പ്രണയരാഗങ്ങളെ
കാതു കൂര്‍പ്പിച്ചു
നീ കേട്ടിരിക്കുമോ..
നിന്റെ താരാട്ടു കേട്ടുറങ്ങാനും
നിന്റെ തുയിലുണര്‍ത്തിനായ് കാതോര്‍ക്കാനുമായ്
മാത്രമാണ്  ഇന്നെന്റെ സന്ധ്യകളും പുലരികളും .
എന്നോ ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളില്‍
കൈ കോര്‍ത്തു പിടിച്ചു നടന്നിരുന്ന സ്നേഹരൂപത്തിന്
നിന്റെ ഛായയെന്നറിയുമ്പോള്‍
സ്വയം മറന്നു പോകുന്നു.
മലഞ്ചെരുവിലെ കാറ്റിനു ശക്തിയേറുമ്പോള്‍
എന്നെ നെഞ്ചോടു ചേര്‍ത്തിരുന്ന കൈകളുടെ സ്നേഹം
നീ മാത്രമാണെന്നറിയുമ്പോള്‍
ഹര്‍ഷപുളകിതമാവുന്നു എന്റെ മേനി.
പ്രണയം പൂക്കുന്ന താഴ്വരകളിലൂടെ
അളവറ്റ സ്നേഹം പരസ്പരം പങ്കുവെച്ച്
ഒരിക്കലും പിരിയാതെ,
കോര്‍ത്തുപിടിച്ച കൈകളോടെ
നമുക്കു നടക്കാം ചക്രവാള സീമകളിലേയ്ക്ക്.
ഒരു സ്നേഹക്കടലിന്റെ തീരത്ത്
പ്രണയമധുരം നുകര്‍ന്നിരിക്കാം,
കല്പാന്തകാലം ..

Thursday, September 10, 2015

ഹൃദയമര്‍മ്മരങ്ങള്‍

ഹൃദയത്തിലേയ്ക്കു പെയ്തിറങ്ങുന്ന 
വേനല്‍ മഴയാകാന്‍ 
ഒരു മേഘം 
എന്റെ ഓര്‍മ്മക്ളുടെ ആകാശത്തു 
കൂടുകൂട്ടിയിരിക്കുന്നു. 
കാഠിന്യമേറിയ പകല്‍ ചൂടിന്റെ അന്ത്യത്തില്‍ 
തെളിമയാര്‍ന്ന ശാരദാകാശത്തില്‍ നിന്ന് 
ആ സ്നേഹമാരി പെയ്തിറിങ്ങുമ്പോള്‍ 
ആ നനുത്ത തണുപ്പിന്റെ ആവരണം പുതച്ച് 
നിദ്രയുടെ ആഴങ്ങളിലേയ്ക്കു 
കടന്നു ചെല്ലണം. 
അവിടെനിന്ന് കണ്ടെത്തണം 
സ്വപ്നങ്ങളുടെ 
ഒരായിരം വെണ്മുത്തുകള്‍. 
അവയൊക്കെയും നിനക്കുമുന്നില്‍ 
എന്റെ പ്രണയ പാരിതോഷികങ്ങളായ് 
സമര്‍പ്പിക്കണം. 
നിന്റെ ഹൃദയത്തോടു 
കാതു ചേര്‍ത്തെനിക്കു കേള്‍ക്കണം 
അനുരാഗഗീതത്തുടിപ്പുകള്‍..
കാറ്റുപോലെ അതിലമര്‍ന്ന്, 
അതിലലിഞ്ഞ് 
എനിക്കില്ലാതെയാവണം .