Friday, May 31, 2013

ക്ലീഷേ......

ക്ലീഷേ......

അവളുടെ സമ്പാദ്യപ്പെട്ടിയിൽ നിറയെ വാക്കുകൾ  ആയിരുന്നു .
ചിലത് സുന്ദരം ....  ചിലത് നിറമുള്ളത് ......  
ചിലത് സ്വപ്നസാദൃശമായ ..........
സുഗന്ധമുള്ളവ .....
പിന്നെ...വിരൂപവും,നിറമില്ലാത്തതും....
കൂർത്തുമൂർത്തതും ....
പിന്നെ ...തേഞ്ഞുപോയതും....
ഒരുപാടൊരുപാടുവാക്കുകൾ .
വാക്കുകൾ പെറുക്കി അവൾ മാലകോർത്തു
സമുന്നതരായവർക്കു വേണ്ടി 
'ക്ലീഷേ   !'
നിർദ്ദാക്ഷിണ്യം അവർ അട്ടഹസിച്ചു 
കുപ്പയിലേക്കു  വലിച്ചെറിഞ്ഞു 
പിന്നീടവൾ മാലകൾ കൊരുത്തുകൊണ്ടേയിരുന്നു 
സാധാരണക്കാർക്കു വേണ്ടി 
ചങ്ങാതിമാർക്കുവേണ്ടി 
നിരക്ഷരർക്കു വേണ്ടി ...
എല്ലാവരും ഗർജ്ജിച്ചു 
'ക്ലീഷേ  !'
എല്ലാ മാലകളും പോയിവീണതു കുപ്പയിൽ 
ഹൃദയം നുറുങ്ങുന്ന വേദനയോടെ 
അവൾ തന്റെ സമ്പാദ്യപ്പെട്ടിയിൽ നോക്കി 
അതിൽ രണ്ടേ രണ്ടു വാക്കുകൾ  മാത്രം ബാക്കി 
'അച്ഛൻ'...'അമ്മ'...
ഇതു  അവർക്കുതന്നെ കൊടുത്ത് 
വാക്കുകളില്ലാത്ത മണലാരണ്യത്തിലേക്ക് 
ഒരു തീർത്ഥയാത്ര പോകാം 
അവൾ തീരുമാനമെടുത്തു ..
ഉറച്ച തീരുമാനം ..
ഉള്ളിലെ വാക്കുകൾക്കു  നോവാതെ 
ആ സമ്പാദ്യപ്പെട്ടി മാറോടു ചേർത്തു പിടിച്ച്‌ 
അവൾ   ഉമ്മറത്തെത്തി.
വാക്കുകൾക്കു വിലയില്ലാത്ത ടെലിവിഷൻ പരമ്പരകളിൽ 
കാഴ്ച നഷ്ടപ്പെട്ട് 
വൃദ്ധസദനങ്ങളിലേക്ക് കാൽ നീട്ടിയിരിക്കുന്നു 
അച്ഛനും  അമ്മയും ..
അവൾ അവരുടെ പാദങ്ങളിൽ  
ആ സമ്പാദ്യപ്പെട്ടി കാണിക്ക വെച്ചു .
പിന്നെ..അടഞ്ഞുകിടന്ന വാതിൽ തുറന്നു 
പുറത്തിറങ്ങി വേഗം നടന്നു..
പുറകിൽ  പെട്ടി തുറക്കുന്ന ശബ്ദം അവൾക്കു കേൾക്കാമായിരുന്നു 
'ടക് '.. അതെ, അവരതു തുറന്നു കഴിഞ്ഞു ...
രണ്ടുപേരും ഒന്നിച്ചു നീട്ടിത്തുപ്പി ..
മുഷിഞ്ഞ നാവോടെ ....
'ക്ലീഷേ...'  

Mute: കിനാവിൻപൂക്കൾ

Mute: കിനാവിൻപൂക്കൾ: കിനാവിൻപൂക്കൾ  പ്രണയമൊഴുകുന്നൊരു പുഴയിലൂടെ പ്രണയാർദ്രമാമൊരു പാട്ടുപോലെ പ്രിയനേനിൻ ശ്വാസനിശ്വാസങ്ങളിൽ പ്രിയതരം  ഞാനുമൊന്നൊഴുകീടട്ടെ പ...

കിനാവിൻപൂക്കൾ

കിനാവിൻപൂക്കൾ 

പ്രണയമൊഴുകുന്നൊരു പുഴയിലൂടെ
പ്രണയാർദ്രമാമൊരു പാട്ടുപോലെ
പ്രിയനേ നിൻ ശ്വാസനിശ്വാസങ്ങളിൽ
പ്രിയതരം  ഞാനുമൊന്നൊഴുകീടട്ടെ

പുണരുവാൻ നീട്ടുന്ന കൈകളിൽ ഞാൻ
പുലരിയിൽ വിരിയുമൊരു  വെണ്‍പൂവായി  
പുഞ്ചിരിമായാത്ത വദനമോടെ 
പുതുമണം വീശി മയങ്ങീടട്ടെ 

ആയിരം പൂക്കൾ വിരിഞ്ഞുനില്ക്കും 
ആരാമമുണ്ടു നിൻ ചാരെയെന്നാൽ 
ആരുമില്ലാത്തോരീ പാഴ്ച്ചെടിപ്പൂ 
ആരാരും കാണാതെ കാത്തുനിൽപ്പൂ .

ഇത്ര നാൾ നീ കണ്ടതില്ലെൻ കണ്ണിൽ
ഇനിയും പൊഴിഞ്ഞിടാ ദുഃഖബിന്ദു 
ഇരുളിൽ നീ കാണാൻ മറന്നുപോയോ 
ഇമകളിൽ നിറയുന്നോരശ്രുബിന്ദു

ഒരുവേള നാളെ ഞാൻ മാഞ്ഞുപോകിൽ 
ഒരുമാത്ര പോലും സ്മരിക്കവേണ്ട
ഒന്നായി വീണ്ടും ഒഴുകിടാനായ് 
ഒരുവട്ടം കൂടി പുനർജ്ജനിക്കാം

ആശിക്കയാണു ഞാനാത്മാർത്ഥമായ് 
ആയിരം ജന്മങ്ങൾ കഴിയുവാനായ് 
ആദിമധ്യാന്തങ്ങളെന്നിലൂടെ
ആയിരം വർഷമായ് നീ പതിയ്ക്കാൻ    

Thursday, May 30, 2013

Mute: മഴ ....

Mute: മഴ ....:  മഴ .... മഴ..നീപൊഴിയുക  വിണ്ണിൻ നേർത്ത വിഷാദം പൂണ്ടൊരു  കണ്ണീർക്കണമായ്  മണ്ണിൻ മോഹസ്മൃതികളിലൂറുമൊ- രമൃതിൻ കണമായ്‌  പ്രണയം വറ്റിവരണ്ട...

മഴ ....

 മഴ ....

മഴ..നീ പൊഴിയുക 
വിണ്ണിൻ നേർത്ത വിഷാദം പൂണ്ടൊരു 
കണ്ണീർക്കണമായ് 
മണ്ണിൻ മോഹസ്മൃതികളിലൂറുമൊ-
രമൃതിൻ കണമായ്‌ 
പ്രണയം വറ്റി വരണ്ടൊരു മണ്ണിൽ 
സഞ്ജീവനിയായ് 
പ്രിയമായൊഴുകാൻ കഴിയാതുഴലും പുഴയുടെ 
മാറിൽ നിറവായ്‌ 
പൂക്കാമരമതിലോരോ മൊട്ടും വിടരാനൊരു 
മൃദുചുംബനമായ് 
കാത്തുകിടക്കും പൊയ്കയിലാരോ കോരി-
നിറയ്ക്കും കനവായ് 
വിണ്ടൊരു വയലിൻ മാറിൽ കർഷകഹൃദയമുതിർക്കും 
മോഹക്കണമായ് 
എത്ര കുതൂഹലമിയലും സുന്ദരബാല്യത്തിൻ - 
പ്രിയ നനവായ് 
ഈണം ചേർക്കാതമ്മയുതിർക്കും താരാട്ടിന്നൊരു 
നീലാംബരിയായ്‌ 
അഭയം കിട്ടാതലയും പ്രാണനൊടുങ്ങാ മർത്യനു 
കരുണക്കുളിരായ് 
ചോർന്നൊഴുകുന്നൊരു കൂരയ്ക്കുള്ളിലെ 
അമ്മക്കിളിയുടെ വ്യഥയായ്
മഴ..നീപൊഴിയുക 
ഒരുചാറൽമഴയിൽ പ്രണയമുതിർക്കുക
പിന്നെ പെരുമഴയായ് നീ ചൊരിയുക
മണ്ണു നനയ്ക്കുക,ഒഴുകുക
ചാലായ് , പുഴയായ് 
ആർത്തു പുളച്ചു മദിക്കുമൊരുഗ്രമഹാനദിയായ് 
നീയൊഴുകുക.
അണയുക വാരിധിയിൽ
പുല്കുക പ്രിയനെ 
ഒടുവിലലിഞ്ഞേ തീരുക.    


Friday, May 17, 2013

ധന്യമീ ജീവിതം

ധന്യമീ ജീവിതം
=========
ഇന്നലെകളില്‍
ഞാന്‍ നിന്റെ പാങ്ങള്‍ക്കടിയിലെ
ഞെരിഞ്ഞമര്‍ന്ന 
പൂവായിരുന്നു-
സ്വയം വേദന തിന്ന കണ്ണീര്‍പ്പൂവ്..
നിന്റെ പാദരേണുവില്‍ പുതഞ്ഞ്,
ചതഞ്ഞരഞ്ഞുകിടന്ന
എന്റെ മേനി നോക്കി
നീ ആര്‍ത്തു ചിരിച്ചപ്പോള്‍
ഞാന്‍ നിശ്ശബ്ദമായി തേങ്ങി..
ഭൂമിയോളം സഹിക്കാന്‍ പഠിപ്പിച്ച ഭൂമി
എന്നോടു മന്ത്രിച്ചു
'ഉയിര്‍ത്തെഴുന്നേല്ക്കാന്‍
നിനക്കു സമയമായി'
ഉരുക്കിന്റെ കരുത്തുമായി 
ഞാന്‍ ഉണര്‍ന്നെണീറ്റു..
നിന്റെ പാദങ്ങള്‍ തീര്‍ത്ത 
ബന്ധനം ഭേദിച്ച്...
ഇനി വിജയം എന്റേതുമാത്രം..
ഞാന്‍ ശക്തിയുടെ പ്രതീകം.
എന്നെ താങ്ങുവാൻ
കാറ്റിന്റെ കൈകൾ 
എന്നെത്തഴുകുവാൻ 
മഴച്ചാറ്റലിന്റെ നനവ്‌ 
എനിക്ക് തലചായ്ക്കാൻ
രാവിന്റെ മടിത്തട്ട് 
എന്നെ  പുല്കിയുണർത്താൻ 
ബാലസൂര്യപ്രഭ 
ഞാനാശ്വസിക്കട്ടെ ...
ഈ ജന്മം പാഴാവില്ല 
ഈ വിശ്വമാകെ 
എൻ ഹൃദയച്ചെപ്പില്‍ !
ഇനി എനിക്കെന്തിനാണു
നിന്റെ അടിമത്വം?

നിധി

നിധി 
എന്റെ സ്വപ്നങ്ങൾ ശിഥിലമാകുന്നു 
എന്റെ സ്വാതന്ത്ര്യം ചിതലരിക്കുന്നു 
എന്റെ ചിന്തകൾ കാടു തീണ്ടുന്നു 
എങ്ങു തേടുമെൻ ചുമടുതാങ്ങിയെ !

ഇവിടെയീശുഷ്ക ശിശിരശല്കങ്ങൾ
ഇവിടെയീ ഗ്രാമ്യ ഗ്രീഷ്മതാപങ്ങൾ
ഇവിടെയീ ലോപവർഷബിന്ദുക്കൾ 
ഇനിയുമെത്താത്ത പൊൻവസന്തങ്ങളിൽ 

അലയുമന്യഥാ വികലമെൻചിന്ത -
അലസമായ് വീണ്ടുമരികിലെത്തുന്നു 
അണയുവാൻ വെമ്പുമൊരുചെരാതിന്റെ 
തുണയുമെങ്ങോ കളഞ്ഞുപോകുന്നു 

വിലമതിക്കാത്ത വിസ്മരിക്കാത്ത 
വിത്തമാണെന്റെയോർമ്മകൾ നീണ്ട- 
വിജനമാം സരണി കാത്തിരിക്കുന്നെൻ  
വിജയവീഥിയിൽ വീരനെന്നപോൽ ...  

Thursday, May 16, 2013

ഗുരുവന്ദനം

ഗുരുവന്ദനം 
മനുഷ്യൻ നന്നാവുക മതമേതായ്ക്കൊള്ളട്ടെ 
മഹാനീയമീ ചിന്ത ഗുരുവേ മഹാത്മാവേ 

ജാതിയാം വിപത്തിനെ ചിന്തിക്കാതിരിക്കുവാ-
നുദ്ഘോഷം നടത്തിയ ദീർഘദർശിയാം ഗുരോ 

തീണ്ടലിൻ നികൃഷ്ടമാം ചങ്ങലക്കെട്ടിൽനിന്നും 
പാവങ്ങൾ മനുഷ്യരെ രക്ഷിച്ച മഹാഗുരോ

ഞങ്ങൾക്കു പ്രാർത്ഥിക്കുവാനമ്പലം നിർമ്മിച്ചൊരു 
സൽക്കർമ്മചാരിയാകും സത്പുണ്യമഹാത്മാവേ 

പ്രണമിച്ചീടാം ഞങ്ങൾ പാദാരവിന്ദങ്ങളിൽ 
അണയാം നിൻസന്നിധി പ്രാർത്ഥനയ്ക്കൊപ്പം ദേവാ .

അരുളൂ വരം ഞങ്ങൾക്കറിവിൻ നിയന്താവേ 
അരുളീടേണം സർവ്വസ്വച്ഛമാമാത്മാകാരം 

നന്മയെചിന്തിക്കാനും തിന്മയെ ഹരിക്കാനും 
നന്മകൾ ചെയ്തീടാനും നല്കനീ ശക്തി ദേവാ ..

ദുഷ്ടചിന്തകൾ നീക്കി ശിഷ്ടരായ് ത്തീർന്നീടുവാൻ,
ദുഃഖങ്ങളകറ്റുവാൻ ശക്തി നല്കുക ദേവ ...

പ്രണമിച്ചീടുന്നുനിൻ പാദാരവിന്ദങ്ങളിൽ 
പ്രാർത്ഥനാ നിരതരായ് നിൻപ്രിയ ഭക്തർ ഞങ്ങൾ 

നിന്റെ നാമങ്ങൾ വാഴ്ത്തിപ്പാടിടാം മഹാഗുരോ 
നിന്റെ സന്ദേശങ്ങൾതൻ ജ്വാലകൾ കൊളുത്തീടാം 

ആമാഹാജ്യോതിസ്സിനാൽ അകറ്റാം മതാന്ധത 
ആദിവ്യപ്രഭയാലീപ്പാരിനെ നയിച്ചീടാം 

ഗുരുവേ നമോസ്തുതേ.. ദേവാ നമോസ്തുതേ
ശ്രീ നാരായണ ദേവാ നമോസ്തുതേ
ദേവ ദേവാ ഗുരോ ദേവാ നമോസ്തുതേ
ദേവ ദേവാ ഗുരോ ദേവാ നമോസ്തുതേ...

Tuesday, May 14, 2013

Mute: പുലരി

Mute: പുലരി: പുലരി  ഒരുനിശീഥിനിക്കപ്പുറം ഭൂമിയെ  അരുമയായ് വന്നു പുല്കുന്നു പുലരിയും  കരുണയോടവൾ ചേർത്തണയ്ക്കുന്നു  വിരുന്നുവന്നിടും മഞ്ഞുതുള്ളിയെ  ...

പുലരി

പുലരി 

ഒരു നിശീഥിനിക്കപ്പുറം ഭൂമിയെ 
അരുമയായ് വന്നു പുല്കുന്നു പുലരിയും 
കരുണയോടവൾ ചേർത്തണയ്ക്കുന്നു 
വിരുന്നു വന്നിടും മഞ്ഞുതുള്ളിയെ 

          പുഞ്ചിരിച്ചുകൊണ്ടായിരം പൂക്കളും 
          പാട്ടുമൂളി വന്നെത്തുന്ന തെന്നലും 
          പുലരിതൻ വശ്യ ഭംഗിയിൽ നോക്കി 
          പുത്തിലഞ്ഞികൾ പൂവുതിര്‍ക്കുന്നു 

നേർത്തൊരാലസ്യമൊക്കെയും ചേർന്നു 
വല്ലികൾ സുപ്രഭാതത്തിൻ മാറിലായ് 
കോർത്തൊരാ മാലയർപ്പിക്കയായിവിടെ 
തെല്ലിടയ്ക്കായ് സുഗന്ധാനുരാഗിലം 

          കൊഴിഞ്ഞു വീണതാം നിശാന്ധകാരത്തിൻ 
          കന്മദക്കല്ലു ചെർത്തടുക്കിവെ-
          ച്ചൊരു വൃഥാ സ്മരണ മണ്ഡപം തീർത്തു 
          കരുതലോടെയീ ദിനകരൻ തനയ ....  


Saturday, May 11, 2013

I Love..... Mumbai

I love 
The life in Mumbai
Which is
As fast as a river
As noisy as a Sunday beach
As quiet as a prayer hall !

Within the four walls
I'm safe and secured
No fear for the scores of eyes
Who watch me what I do 
No judgement for the job I do 
May or may  not cushy

No one cares
With whom
I share the seat of the cab
No one cares what dress I wear
No one cares what food I eat
The life in Mumbai
Is so simple,so smooth
And so sweet

No need to shout 
Who I'm
No need to put a mask on my face
No need to think of what I lack
The life in Mumbai 
Is a smooth journey
With all hope
In life

I love Mumbai
Though I have  
A small piece of sky
To watch the twinkling starsabove
Though the streets are busy 
 With a crowd that moves to nowhere
Though the nights are brightened
With a thousand bulbs along
I love my sweet Mumbai
DeeplyFriday, May 10, 2013

Mute: വൃന്ദാവനത്തിലെ അഭിനവ രാധമാർക്ക് .....

Mute: വൃന്ദാവനത്തിലെ അഭിനവ രാധമാർക്ക് .....: വൃന്ദാവനത്തിലെ അഭിനവ രാധമാർക്ക് ..... കാളിന്ദി തീരത്തു കണ്ടുഞാൻ രാധയെ  വൃന്ദാവനത്തിലെ കണ്ണുനീർത്തുള്ളിയെ  ശൂന്യമാമിഴികളിലലയടിയ്ക്കുന്നി...

വൃന്ദാവനത്തിലെ അഭിനവ രാധമാർക്ക് .....

വൃന്ദാവനത്തിലെ അഭിനവരാധമാർക്ക് .....
.
 കണ്ടു ഞാൻ രാധയെ കാളിന്ദിതീരത്ത്
വൃന്ദാവനത്തിലെ കണ്ണുനീർത്തുള്ളിയെ. 
ശൂന്യമാമിഴികളിലലയടിക്കുന്നില്ല, 
അന്യമായ്ത്തീർന്നോരു പ്രണയപർവ്വം. 
സ്വപ്നങ്ങളില്ലിവിടെ, സ്വാർത്ഥമോഹങ്ങളാൽ 
സ്വർഗ്ഗം ചമയ്ക്കുവാനില്ല തൃഷ്ണ. 
പാർത്തിരിക്കുന്നിതോ, പശിയൊന്നടക്കുവാൻ 
നേർത്തോരു വാഞ്ഛയതൊന്നുമാത്രം. 
പരിത്യക്തയാണവൾ, സ്വസ്സുധാമത്തിൽനി -
ന്നതിക്രൂരമാം വിധം ദുഷ്ടബന്ധുക്കളാൽ. 
അനപത്യദുഃഖം, പതിതൻ വിയോഗം ,
വിനയായ് സപത്നിതൻ സ്വാർത്ഥമോഹം. 
ഇല്ലയിന്നാമനസ്സിലോർമ്മകൾപോലുമാ -
യിന്നലെകൾ തീർത്തോരു സ്നേഹസൗധം 
ഉണ്ടായിരിക്കാമവൾക്കുമാനന്ദത്തി -
ലാറാടിയുള്ളോരു ഭൂതകാലം 
ഭർതൃപരിചരണങ്ങൾ നിറയുന്ന പകലുകൾ 
പതിതന്റെ പരിലാളനങ്ങൾതൻ രാവുകൾ 
ശോകമേഘങ്ങളാ വിണ്ണിൽ വിരുന്നിനാ-
യേകമാത്രയ്ക്കും വരുന്നതില്ല .
ഒട്ടും നിനച്ചിരിക്കാതെയാ ജീവിത -
ച്ചില്ലുപാത്രം വീണുടഞ്ഞുപോയി 
യാത്ര ചോദിക്കാതെ, കണ്ണീർത്തുടയ്ക്കാതെ 
യാത്രയായൊരുദിനം പ്രാണനാഥൻ.
ഈവിധം പറയുവാനെന്തിരിക്കുന്നതീ 
ജീവിതം ജീവിതം തന്നെയല്ലേ !
പറയുവാനില്ലവൾക്കിനിയുള്ളകാലത്തി-
ന്നോർമ്മകൾപോലും വ്രണിതമത്രേ! 
ഒരുനീണ്ട നെടുവീർപ്പു പോലെയാ ജീവിതം 
വെറുതെയായ്ത്തീർന്നതീ  യമുനതൻ തീരത്ത് .
ആഴത്തിലൊരു മുറിവു ഹൃദയത്തിലേകിയാ 
പ്പാഴ്ജന്മമെങ്ങോ നടന്നുനീങ്ങി 
ഇടവും വലവും തിരിഞ്ഞൊന്നു നോക്കി ഞാൻ 
ഇനിയുമുണ്ടൊന്നല്ലൊരായിരം രാധമാർ 
സ്വപ്നങ്ങളില്ലാത്ത മോഹങ്ങൾ വിരിയാത്ത 
അഭിശപ്തജന്മ പ്രതിഛായകൾ 
കരുണതൻ നിഴൽപോലുമീയനാഥർക്കുമേൽ 
ചൊരിയുവാനൊരു ചില്ല ബാക്കിയില്ല 
ഇല്ലവർക്കാശ്വാസമേകുവാനൊരുകൊച്ചു 
സാന്ത്വനത്തിൻ സ്നേഹവാക്കുപോലും 
ദുരിതചിത്രങ്ങൾതൻ മാറാപ്പുമായ് നവ -
രാധമാരലയുന്നു വൃന്ദാവനത്തിങ്കൽ 
ശങ്കിക്കയാണു ഞാ,നെന്തിനായവരെ 
വിളിക്കുന്നു 'രാധ'യെന്നോമനപ്പേർ 
അവർക്കില്ല ഗോക്കൾ, നവനീത കുംഭങ്ങൾ 
അവർക്കില്ല വേണുഗാനത്തിന്റെ ശീലുകൾ 
അവർക്കായി നല്കുവാൻ ശൂന്യമെൻ കൈകളിൽ 
ഉള്ളതീ സ്നേഹാക്ഷരങ്ങൾ മാത്രം...
സ്നേഹാക്ഷരങ്ങൾ തൻ പൂക്കൾ മാത്രം - ഈ 
സ്നേഹാക്ഷരങ്ങൾ തൻ പൂക്കൾ മാത്രം......

Tuesday, May 7, 2013

Mute: Face to Face

Mute: Face to Face: FACE TO FACE The little girl in brimming wrath Poured her rage in austere words Towards the mighty sun at height Shining with hi...

Face to Face


FACE TO FACE


The little girl in brimming wrath
Poured her rage in austere words
Towards the mighty sun at height
Shining with his splendid glaze

"What a ruthless rogue you are!

Spruce you think but that's absurd
Parching the farms and sumptuous flows
With your gaudy rays too hot

Killing my lovely friend who flows 
In to the heart of the land we live
Leaving her home from the yonder hills,
you rid our lush green farms and fields

What we cost is food and fact

And a cool breeze blows in bliss
To whom I rebuke for this stroke
None other than the saucy scamp

When you burnt our lush green woods

Always stood as a heart felt lay
And we lost our sweetest songs
Birds who sang in the thicket grove

The monsoon is in deep slumbers

In the soft and cosy womb of clouds
Fearing of your scorching heat 
Swallowing their whims to pour

We need water air and green 

We need forests without fire
Set your heart to save our earth
And curtail all perils you caused"

"Oh my sweetie, damsel dear

What you said is not so fair
It is not your words so right
me, not made your life so wretched.

It's but your siblings I say

Killed this planet with their greed
Just for simple pleasure and pride
Thinking never your life and lapse

Trees they slaughter,rivers they kill

What you lack is rain and revive
Pray them to cease their perilous pranks
Or else you will lose your earth"

Saying these word of endless love

In his cool and soothing sound
Leaving the paths of sublime sky
He vanished  beyond the folds of trees 

Where are you .....Dear Friend?

To my heart up to the core
I want thee dear!
Many a songs have I sung for thee 
With a silent tune which echoed hope.

When 'll you come upon me 
To shower your graceful glee?
 When 'll reach me dear
To deliver the gift of mercy?

The insolent night grows thick
The gloomy sky grasps the hands of silence
The awful solitude swallows my joy
The twinkling stars spiff up the mighty sky 

Oh!sleep, my close bosom friend! 
Why you left me alone in the bed?
Why you delay to embrace me?
I yearn thee for your finger touchMonday, May 6, 2013

Mute: തുഴഞ്ഞുപോകാം .......ഈ കൊച്ചു കടലാസുതോണിയിൽ

തുഴഞ്ഞുപോകാം........ ഈ കൊച്ചു കടലാസുതോണിയിൽ


ഒരു കൊച്ചു കടലാസുതോണി ഞാൻ തീർക്കട്ടെ 
ബാല്യത്തിലേക്കൊന്നു തുഴയാൻ

അശ്രുവിൻ നനവാർന്നൊരോർമ്മതൻ ശലഭങ്ങൾ 
അവിടെക്കളിയാടിനിൽപ്പതുണ്ടാം 

പൊട്ടിച്ചിരിക്കുള്ളിൽ മായയായ് പോയോരെൻ 
ദുഃഖപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കാം 

കൈക്കുള്ളിലെത്തീടാ മോഹത്തിൻ കനികളെൻ 
സ്വപ്നവൃക്ഷങ്ങളിൽ വിശ്രമിക്കാം

അവർതന്റെ നിഴൽ വീണൊരിടവഴിച്ചാലിലൂ -
ടോടിക്കിതച്ചു തളർന്നിരിക്കാം 

തോട്ടിൻകരയിലെത്താഴംപൂമണമുള്ള 
കാറ്റിന്റെ മേനിയിൽ ചേർന്നുനിൽക്കാം 

പട്ടം പറത്തുന്ന കരുമാടിക്കൂട്ടത്തോ -
ടിത്തിരിനേരം വഴക്കടിക്കാം 

മഞ്ഞിൻപുതപ്പിനാൽ ശീതമാവാഹിക്കും 
വൃശ്ചികപ്പുലരിയെയുമ്മ വയ്ക്കാം

പുലർകാലമഞ്ഞിലൂടോടിക്കിതച്ചുചെ-
ന്നമ്പലമുറ്റത്തു തൊഴുതു നിൽക്കാം 

തിരികെവന്നങ്ങേലെച്ചങ്ങാതിമാരോടു 
നിർമ്മാല്യം കണ്ടെന്നു വീമ്പിളക്കാം

ഉത്സവരാത്രിയിലമ്പലമുറ്റത്തെ -
ച്ചെമ്പകച്ചോട്ടിലിരുന്നുറങ്ങാം

വാഴനാരിൽ കോർത്തുഴുന്നാടതൻ മാലകൾ 
പള്ളിപ്പെരുന്നാളിൽ സ്വന്തമാക്കാം

ചിന്തിക്കടയിലെക്കുപ്പിവളകളിൽ 
കണ്ണു കൊരുത്തു മയങ്ങി നിൽക്കാം 

ഗുരുവിന്റെ ചൂരൽപ്പഴമൊന്നു കിട്ടാഞ്ഞാൽ 
കൈതോലത്തുമ്പിലെക്കെട്ടഴിക്കാം 

മാവിൻചുവട്ടിലെക്കരിയിലക്കൂട്ടത്തിൽ 
തേടാമൊരുകൊച്ചു കണ്ണിമാങ്ങ 

മധ്യവേനൽക്കാലത്തവധിയിൽക്കൂട്ടരോ -
ടോത്തുകളിച്ചു കുഴഞ്ഞിരിക്കാം

മാമ്പഴം വീഴ്ത്തുന്ന കാറ്റിന്നു പിന്നാലെ 
ഓടിക്കിതച്ചങ്ങു മത്സരിക്കാം 

മുല്ലമൊട്ടായിരം ചേർത്തു വെച്ചൻപോടു 
മാലയതൊന്നു കൊരുത്തു വെക്കാം

സന്ധ്യയ്ക്കു ക്ഷേത്രദീപങ്ങൾക്കുമപ്പുറം 
വിരിയുന്നുഡുക്കളെയെണ്ണി നോക്കാം

മഴയൊന്നുപെയ്യുകിലമ്മതൻ കണ്‍വെട്ടി-
ച്ചാർദ്രമാമാശ്ലേഷം കൊണ്ടുനിൽക്കാം

നിറയുന്ന തോട്ടിൽ പരൽമീൻ പിടിക്കുവാൻ 
തോർത്തെടുത്തൊന്നു വിരിച്ചുനില്ക്കാം

പിടിയിലാകുന്നൊരാക്കൊച്ചുമത്സ്യങ്ങളെ 
തിരികെ വിട്ടാർത്തു ചിരിച്ചുനിൽക്കാം

പൂക്കളം തീർക്കുവാൻ നാടായ നാടൊക്കെ 
ചുറ്റിക്കറങ്ങിയും പൂപറിക്കാം 

അമ്മയുണ്ടാക്കുന്നോരുപ്പേരി കട്ടെടു -
ത്തരുമയാം കൂട്ടർക്കു പങ്കുവയ്ക്കാം 

കോടിയുടുത്തുകൊണ്ടൂഞ്ഞാലിലാടിയി -
ട്ടോണക്കളികളിൽ പങ്കുചേരാം 

ഒന്നൊന്നുമറിയാതെ രാവിതിൽ പുൽകുന്ന 
നിദ്രയോടൊപ്പം ശയിച്ചുകൊള്ളാം 

...............................................
അറിയാമെനിക്കെന്റെചങ്ങാതിമാരുമി -
ന്നറിയാതെയൊപ്പം തുഴഞ്ഞതില്ലേ 
ഞാൻ ചെന്നുനിന്നോരാക്കടവിങ്കലൊക്കേയും 
നിങ്ങളുമൊരുമാത്ര നിന്നതില്ലേ ................