Friday, December 21, 2018

ആശംസാകാർഡുകളുടെ വസന്തകാലം

ആശംസാകാർഡുകളുടെ നഷ്ടവസന്തം
=================================
ദശകങ്ങൾക്കപ്പുറത്തേക്കൊന്നു പിന്തിരിഞ്ഞുനോക്കിയാൽ മഞ്ഞുതിരുന്ന  ഡിസംബർമാസം ഒരു വസന്തകാലമായിരുന്നു - ആശംസാകാർഡുകളുടെ വർണ്ണപ്രപഞ്ചം തീർത്തൊരു വസന്തകാലം. ആധുനികവാർത്താവിനിമയോപാധികൾ അരങ്ങിലെത്തുംവരെ സുഗന്ധം പരത്തി വന്നുപോയിരുന്ന ഓർമ്മയുടെ പൂക്കാലം...
ആശംസാകാർഡുകളെന്നാൽ ക്രിസ്തുമസ് - പുതുവത്സരാശംസകൾ കൈമാറുന്നതിനായിരുന്നു പ്രധാന്യം. ഉണ്ണീശോയുടെയും നക്ഷത്രങ്ങളുടെയും പുൽക്കൂടിന്റെയും മാത്രമല്ല, പൂക്കളും മനുഷ്യരും  മൃഗങ്ങളും  പ്രകൃതിഭംഗിയും ഒക്കെ കാർഡുകളിൽ വർണ്ണവിസ്മയം തീർത്തിരുന്നു. വിലയേറുന്നതിനൊപ്പം കാർഡുകളുടെ മാസ്മരികതയും വർദ്ധിക്കും. എന്തൊക്കെ വൈവിധ്യങ്ങൾ! പിന്നെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലുന്ന വാക്കുകളുടെ, വരികളുടെ,  ആർദ്രഭാവങ്ങൾ. ഒപ്പം ജാതിമതഭേദമെന്യേ സ്നേഹാതുരമായി നേരുന്ന ക്രിസ്തുമസ്, പുതുവത്സര  ആശംസകൾ. സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമൊക്കെ കാർഡുകൾ തിരഞ്ഞെടുക്കുന്നത് എത്ര ശ്രദ്ധാപൂർവ്വമായിരുന്നു! പ്രതീക്ഷയോടെ പോസ്റ്റ്മാനെ കാത്തിരുന്ന ദിനങ്ങൾ .  അങ്ങോട്ടയച്ച സ്നേഹത്തിനു മറുസ്നേഹം കിട്ടാതെവരുമ്പോഴുള്ള പരിഭവവും അതിനെത്തുടർന്നുള്ള പിണക്കങ്ങളും ഇണക്കങ്ങളും .. അങ്ങനെ സംഭവബഹുലമായൊരു ആശംസാക്കാലം. ഓർമ്മകളിൽനിന്നൊരിക്കലും ഇറങ്ങിപ്പോകാത്ത ഒരു വസന്തകാലത്തിന്റെ മനംമയക്കുന്ന പരിമളം പറക്കുന്നു ചുറ്റിലും.

 പ്രിയമുള്ളവർക്ക് ഞാൻ പലപ്പോഴും  കാർഡുകളയച്ചിരുന്നത് സ്വന്തമായി നിർമ്മിച്ചായിരുന്നു. കപ്പ (മരച്ചീനി)ത്തണ്ടിന്റെ പൊങ്ങും പൂക്കളും ഇലകളും പുല്ലും മയിൽപ്പീലിയും  വൈക്കോലും വെൽവെറ്റ് പേപ്പറും  പറങ്കിപ്പശയുംമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ കാർഡുകൾ അയച്ചിരുന്നപ്പോൾ ചിലർ അഭിനന്ദിക്കും. മറ്റുചിലരാകട്ടെ കാശുചെലവാക്കാതെ തരികിടയുമായി ഇറങ്ങിയിരിക്കുന്ന പിശുക്കിയെന്നു പരിഹസിച്ചിട്ടുമുണ്ട്. രണ്ടായാലും എനിക്കു സന്തോഷമായിരുന്നു.

ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻപോലും കഴിയില്ല അത്തരമൊരു കാലത്തെക്കുറിച്ച്. ചിലപ്പോൾ അവർക്കിതൊക്കെ ഒരു തമാശയായും  തോന്നാം.
മറ്റെന്തിനെയൊക്കെയോ പോലെ ഗൃഹാതുരതയിലേക്കു ചേക്കേറിയ
ആ കാലം കൂട്ടിച്ചേർക്കാനാവാത്തവിധം എവിടെയോ മുറിഞ്ഞുപോയിരിക്കുന്നു, .
ഇന്നിപ്പോൾ ഗൂഗിളിൽ ഏതുവിധത്തിലുള്ള ആശംസയും സുലഭം. രണ്ടു ക്ലിക്കിൽ എത്തിക്കേണ്ടിടത്ത് ഏതാശംസയും കൃത്യമായി എത്തിക്കാൻ കഴിയും. പക്ഷേ, അന്ന്  പോസ്റ്റ്മാൻ  കൊണ്ടുവന്നുതന്നിരുന്ന കാർഡും അതിലെ മനോഹരമായ ചിത്രങ്ങളും ഹൃദയാവർജ്ജകമായ വാക്കുകളും നൽകിയ ആഹ്ലാദവും സംതൃപ്തിയും ഇന്നത്തെ ഗൂഗിൾ ആശംസകൾക്കില്ല എന്ന് വ്യസനത്തോടെയേ ഓർക്കാനാവൂ. അതുകൊണ്ടാണോയെന്നറിയില്ല, സഫലമാകില്ലെന്നറിയാമെങ്കിലും വെറുതെ മോഹിച്ചുപോകുന്നു ഒരു കാർഡ് ആരെങ്കിലും അയച്ചിരുന്നെങ്കിലെന്ന്. 
(എന്നോ ഉണ്ടാക്കി, അയക്കാതെ മിച്ചംവന്ന ചില  കാർഡുകൾ ഇതോടൊപ്പം)
Monday, December 17, 2018

സെബുന്നിസ

ആലസ്യം പുതപ്പായണിഞ്ഞ ഉച്ചമയക്കത്തിലെപ്പോഴോ ആ സ്വപ്നം  എന്നെത്തേടിയെത്തുകയായിരുന്നു. നിമിഷാർദ്ധംകൊണ്ടു ഞാനെത്തപ്പട്ടത് അതിമാനോഹരമായൊരുദ്യാനത്തിൽ. വർണ്ണശബളമായ പൂക്കളും വിവിധാകൃതികളിൽ വെട്ടിനിർത്തിയിരിക്കുന്ന ചെടികളും നീർച്ചാലുകളും ജലധാരകളും കൊച്ചുകൊച്ചുതടാകങ്ങളുമൊക്കെയുള്ള ആ ഉദ്യാനം എവിടെയോ കണ്ടുമറന്നതുപോലെ. ശ്രീനഗറിലോ..ഡൽഹിയിലോ .. അതോ രാമോജി  ഫിലിംസിറ്റിയിലോ ..
വെയിലും നിഴലും വീണുകിടക്കുന്ന ഉദ്യാനപാതയിലൂടെ ഞാൻ ഏകയായി നടന്നു. അകലെ, നിറയെ വെളുത്തപൂക്കൾചൂടിനിൽക്കുന്നൊരു  മരത്തിന്റെ ചുവട്ടിൽ ആരോ  തൂലിക മഷിയിൽ മുക്കി എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. നേർത്ത ശിരോവസ്ത്രത്തിലൂടെ ആ മുഖം വ്യക്തമായി കാണാനായില്ല. എങ്കിലും സഹസ്രാബ്ദങ്ങൾക്കപ്പുറത്തുനിന്നെത്തിയ ഒരു സ്ത്രീരൂപമായാണു  തോന്നിയത്. കഥകളിലൊക്കെ വായിച്ചിരിക്കുന്ന രാജകുമാരിമാരുടെ രൂപം! ഞാൻ നടന്നടുത്തെത്തിയിട്ടും അവർ അറിഞ്ഞതേയില്ല. തന്റെ എഴുത്തിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ.
ഒന്നു കണ്ഠശുദ്ധിവരുത്തി അവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. അത് വിജയിച്ചു. അവർ മുഖമുയർത്തി ശിരോവസ്ത്രം ഒരുവശത്തേക്കു മാടിയൊതുക്കി എന്നെ നോക്കി. സുന്ദരമായ ആ മുഖത്തു ഒരു പുഞ്ചിരിവിടർന്നു. പിന്നെയും കുനിഞ്ഞ് എഴുത്തിൽ ശ്രദ്ധിച്ചപ്പോൾ ഒന്നുകൂടി അടുത്തേക്കുചെന്നു ഞാൻ ചോദിച്ചു.
"അങ്ങാരാണ്? എന്താണെഴുതുന്നത്?"
"ഞാൻ  സെബുന്നിസ. കവിത രചിച്ചുകൊണ്ടിരിക്കുകയാണ്"
എന്റെ ഓർമ്മത്താളുകളിൽ  ആ പേരു വീണ്ടുവീണ്ടും പരതി. അതിലെവിടെയോ ഒരു നേർത്ത അക്ഷരചിത്രം തെളിഞ്ഞുവന്നു.
മുഗൾചക്രവർത്തിയായിരുന്ന ഔറംഗസിബിന്റെ ഓമനപ്പുത്രി സെബുന്നിസ.  ഔറംഗസിബിനു തന്റെ പട്ടമഹിഷിയായ ദിൽറസ് ബാനു ബീഗത്തിൽ ജനിച്ച പൊന്നോമന. പേരന്വർത്ഥമാക്കി സ്ത്രീത്വത്തിനു ശ്രീതിലമാകയവൾ.    സൂഫികവിതകളുടെ കൂട്ടുകാരി. ക്രൂരനും മർക്കടമുഷ്ടിക്കാരനും ദുഷ്ടനുമായിരുന്നെങ്കിലും ഔറംഗസിബിന്റെ മനസ്സിനെ ഏറ്റവും സന്തോഷിപ്പിച്ചതും പിന്നീട് ഏറ്റവും ദുഖിപ്പിച്ചതും  ഈ പെൺകിടാവിന്റെ കിളിക്കൊഞ്ചലുകളായിരുന്നു.
സെബുന്നിസയെക്കുറിച്ചു ചിന്തിച്ചാൽ ഓർക്കാൻ കഥകൾ ഒട്ടനവധി.
ഏഴുവയസ്സിൽ അവൾ ഖുർആൻ മനഃപാഠമാക്കി. രാജകുമാരിയായിരുന്നിട്ടും വിശിഷ്ടവസ്ത്രാഭരണങ്ങളേക്കാൾ  അവൾക്കു പ്രിയം  അക്ഷരങ്ങളോടായിരുന്നു. തികച്ചും യാഥാസ്ഥികനായിരുന്ന  പിതാവിന്റെ വിലക്കിനെ ധിക്കരിച്ചും അവൾ കവിതകളെഴുതി. തികഞ്ഞ ഇസ്ലാമികവിശ്വാസിയായിരുന്ന പിതാവിന്റെ പാതയിൽനിന്നു വ്യതിചലിച്ച് പിതാമഹനായ അക്ബറിന്റെ മഹസൗഹാർദ്ദത്തിന്റെ പാത തിരഞ്ഞെടുത്തവൾ.
"എവിടെയൊക്കെ ഈശ്വരൻ ആരാധിക്കപ്പെടുന്നുവോ അവിടെയൊക്കെ എന്റെയും  ദൈവമിരിക്കുന്നു" എന്നു  പാടിയ സെബുന്നിസ. നീണ്ട ഇരുപതുവർഷങ്ങൾ  കാരാഗൃഹത്തിൽ ചിലവഴിച്ചവൾ!

സൗന്ദര്യത്തിടമ്പായിരുന്ന    സെബുന്നിസ പല രാജകുമാരന്മാരുടെയും ഉറക്കം കെടുത്തി. അവളെ പ്രണയിക്കാൻ അവർ മത്സരിച്ചു. അക്കാരണത്താൽത്തന്നെ അവളുടെ പിതാവിനാൽ  പലരുടെയും ജീവനും അപഹരിക്കപ്പെട്ടു. പക്ഷേ അവരിലാർക്കും അവളുടെ മനസ്സ് കീഴടക്കാനായില്ല. അതു  സാധ്യമായത് ഒരേയൊരാൾക്കുമാത്രം.  അയാൾക്കാകട്ടെ ആ പ്രണയം സ്വീകാര്യവുമായിരുന്നില്ല. ആരായിരുന്നു ആ സവിശേഷവ്യക്തിത്വം എന്നല്ലേ.. അത് മറ്റാരുമായിരുന്നില്ല, മാറാഠാമണ്ണിൽ ഹിന്ദവിസ്വരാജ്  എന്ന സാമ്രാജ്യം പടുത്തുയർത്തിയ ഛത്രപതി ശിവജിമഹാരാജ്‌!
ഒന്നുമില്ലായ്മയിൽനിന്ന് ഒരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ വിജയംവരിച്ച് ശിവജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്രയുടെ കുളമ്പടിശബ്ദം ഭാരതത്തിന്റെ ഓരോമുക്കിലും മൂലയിലും പ്രതിധ്വനിച്ചിരുന്ന കാലം. ഭാരതം ജന്മകൊടുത്ത ഏറ്റവും മഹാനായ ആ വീരപുത്രന്റെ മഹച്ചരിതങ്ങൾ കേട്ടു കോരിത്തരിച്ച സെബുന്നിസ  ആരുമറിയാതെ അഗാധമായ പ്രണയത്തിൽ വീണുപോയി. ശിവജിയുടെ വീരപരാക്രമണത്തിനിരയായ, ഔറംഗസിബിന്റെ അമ്മാവൻ ഷെയിസ്തഖാൻ ശിവജിക്കുകൊടുത്ത അമാനുഷികപരിവേഷവും അനുബന്ധകഥകളും ഏതൊരു പെണ്ണിന്റെയും മനസ്സിളക്കുന്നതായിരുന്നു.
1666 മെയ്മാസത്തിൽ ഔറംഗസിബിന്റെ കൊട്ടാരത്തിലെത്തിയ ശിവജിയെ പർദ്ദയ്ക്കുള്ളിലൂടെ സെബുന്നിസ  ഒരുനോക്കുകണ്ടു. ഏറെ ബുദ്ധിമുട്ടി  തന്റെ  ഇംഗിതം  ശിവജിയെ അറിയിക്കാൻ അവൾ തയ്യാറായെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. പുത്രിയുടെ ആഗ്രഹമറിഞ്ഞ ചക്രവർത്തിയാകട്ടെ അതുമുതലെടുത്തു ശിവജിയെ ഇല്ലായ്മചെയ്യാനുള്ള വഴികളാലോചിച്ചു. പക്ഷേ അതും വിഫലമായി. ഒടുവിൽ ജീവിതാന്ത്യംവരെ സഫലമാകാത്ത പ്രണയത്തിന്റെ  സ്മൃതികുടീരമായ്  അവൾ അവിവാഹിതയായി ജീവിച്ചു. എഴുത്തിന്റെ വഴികളിൽ ജീവിതം നടന്നുതീർത്തു. 

ഓർമ്മകൾ കാടുകയറിയപ്പോൾ സെബുന്നിസ  അവിടെയുള്ള കാര്യംതന്നെ ഞാൻ മറന്നുപോയി. (സാധാരണ സ്വപ്നങ്ങളിൽ വന്നെത്തുന്ന മഹദ്‌വ്യക്തികളോട് ഒട്ടനവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടാവും. വാദപ്രതിവാദങ്ങൾ നടത്തുകയുമാവും. അത് ശ്രീരാമനാവട്ടെ, ശ്രീകൃഷ്ണനാവട്ടെ, ശ്രീബുദ്ധനാവട്ടെ, അതുമല്ലെങ്കിൽ ദ്രൗപതിയോ കുന്തിയോ എന്തിന്, മദർതെരേസയോ  ആവട്ടെ പതിവു  തെറ്റാറില്ല . പക്ഷേ ഈ  വനിതാരത്നത്തോട് ഒന്നും ചോദിക്കാനും പറയാനുമാവാതെ നിന്നുപോയി.) നോക്കിനിൽക്കെ തന്റെ തൂലികയും ഗ്രന്ഥവുമെടുത്ത് അവർ ആ പൂമരചുവടുപേക്ഷിച്ച് മെല്ലേ  നടന്നകന്നു. ഞാനതു നോക്കിനിന്നു.

പെട്ടെന്നാണ് വാതിൽമണി  മുഴങ്ങിയത്. അപ്പോഴാണറിഞ്ഞത് അതൊരു വെറും സ്വപ്നമായിരുന്നെന്ന് ....


Saturday, December 1, 2018

സൂര്യകാന്തി

സൂര്യകാന്തി
===========
ഗ്രീക്ക് പുരാണങ്ങളിൽ സൂര്യകാന്തിയെക്കുറിച്ചു മനോഹരമായൊരു കഥയുണ്ട്.

ക്ളിറ്റി  എന്ന പെൺകുട്ടി അതിസുന്ദരിയായിരുന്നു. മെലിഞ്ഞുനീണ്ട ശരീരം. സ്വർണ്ണത്തലമുടി, തിളങ്ങുന്ന കണ്ണുകൾ. ആരെയും ആകർഷിക്കുന്ന സുന്ദരമായ മുഖം. അവൾ ഒരുദിനം  വീടിനടുത്തുള്ള ഉദ്യാനത്തിൽ പാറിനടക്കുന്ന വെള്ളരിപ്രാവുകളെയും നോക്കി  ഉലാത്താവേ ആകാശത്തുകൂടി അപ്പോളോദേവന്റെ തേരുപോകുന്നതുകണ്ടു. കൗതകപൂർവ്വം അകത്തേക്കു  നോക്കിയപ്പോൾ അതിസുന്ദരമായ അപ്പോളോദേവനെയും ഒരുനോക്കു കണ്ടു. മാനത്തു പാറുന്ന  മേഘങ്ങൾ പൊടുന്നനെ അവളുടെ കണ്ണുകളെ മറച്ചുകളഞ്ഞു. അല്ലെങ്കിൽ കത്തിജ്വലിക്കുന്ന ആ പ്രഭാപൂരത്തിൽ അവളുടെ കാഴ്ചതന്നെ എന്നെന്നേക്കുമായി ഇല്ലാതായേനെ!
സൂര്യദേവനായ  അപ്പോളോ, ദേവന്മാരുടെ ദേവനായ  സീയൂസ് ദേവന്റെ പുത്രനാണ്. പൂർവ്വദിക്കിലെ തന്റെ അരമനയിൽനിന്ന് അതിരാവിലെ സ്വർണ്ണത്തേരുതെളിച്ചു പടിഞ്ഞാറുനോക്കിപ്പോകുന്ന അപ്പോളോദേവൻ ആഴിയിൽ മുങ്ങും. ഒരു കാഞ്ചനത്തോണിയിൽ ഗേഹംപൂകും.   നിത്യേന ഇത് തുടർന്നുപോന്നു. പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും സ്നേഹത്താൽ  ചൂടും വെളിച്ചവും പകർന്നേകുന്ന അപ്പോളോദേവൻ ഏവരാലും പ്രകീർത്തിക്കപ്പെട്ടു. ക്ളിറ്റിയുടെ ഹൃദയത്തിലും അപ്പോളൊദേവനോടുള്ള ഗാഢമായ സ്നേഹം ആഴത്തിൽ വേരോടി. കണ്ണിമയ്ക്കാതെ ദേവനെത്തന്നെ നോക്കിനിൽക്കുന്ന അവളെ ജലദേവത പരിഹസിച്ചുചിരിച്ചു. പക്ഷേ അപ്പോളൊദേവനാകട്ടെ ആ സ്നേഹം അറിഞ്ഞതേയില്ല. ജലദേവന്റെ പുത്രിയായ ഡാഫ്നെ എന്ന സുന്ദരിയിൽ അനുരക്തനായിരുന്നു അപ്പോളോ. അദ്ദേഹം അവളോട് വീണ്ടും വീണ്ടും പ്രണയാഭ്യർത്ഥന   നടത്തി.  ഡാഫ്നെയാകട്ടെ അപ്പോളോയുടെ സ്നേഹം സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല തന്റെ പിതാവിനോടിക്കാര്യം  പരാതിപ്പെടുകയും ചെയ്തു. പിതാവ് അവളെ ഒരു പുന്നമരമാക്കി  മാറ്റിക്കളഞ്ഞു. അപ്പോളോ അതീവദുഃഖിതനായി. അപ്പോഴും ക്ളിറ്റി  ദേവനെ അതിയായി സ്നേഹിച്ചു. ദിവസങ്ങളോളം ജലപാനംപോലുമില്ലാതെ ദേവന്റെ ആകാശഗമനം നോക്കിനിന്നു. ഒടുവിലവൾ ഒരു പൂവായിമാറി. എല്ലായ്‌പോഴും സൂര്യനെ നോക്കുന്ന  സൂര്യകാന്തിപ്പൂവ്!


ആശ്ലേഷം

ഒരിളങ്കാറ്റ് നമ്മെത്തഴുകിക്കടന്നുപോയാൽ എന്തൊരനുഭൂതിയാണ് നാം അനുഭവിച്ചറിയുന്നത്! കാറ്റിന്റെ തലോടൽപോലെ നമ്മെ ആഹ്ലാദിപ്പിക്കാൻ സ്നേഹവായ്‌പോടെയുള്ള ഏതു തലോടലിനും കഴിയും
ഏതുവേദനയിലും  സാന്ത്വനിപ്പിക്കാൻ സ്നേഹപൂർണ്ണമായൊരു വിരൽസ്പർശം മതിയാകും. ഒരു കുഞ്ഞു  ജനിക്കുമ്പോൾ ആദ്യമായി  അനുഭവിച്ചറിയുന്നതും ഈ സ്പർശസാന്ത്വനമാണ്.  എത്ര കരയുന്ന കുഞ്ഞും അമ്മയെടുത്താൽ കരച്ചിൽ നിർത്തുന്നതും ഈ മാന്ത്രികതയാൽത്തന്നെ.   പക്ഷേ  സ്പർശനത്തിനുപിന്നിലുള്ളത്  സ്നേഹശൂന്യതയാണെങ്കിൽ അതിനേക്കാൾ അരോചകമായി മറ്റൊന്നുണ്ടാവില്ല.

നമ്മുടെ നാട്ടിൽ ആളുകൾക്ക്  ഒരുപ്രായം കഴിഞ്ഞാൽ മക്കളെപ്പോലും തലോടാനോ ആശ്ലേഷിക്കാനോ ചുംബിക്കാനോ മടിയാണ്. മക്കൾക്കു  മാതാപിതാക്കളെയും.  അതിൽപോലും അശ്ലീലം കാണുന്ന ദുഷ്ടമനസ്സുകളും ചുറ്റുമുണ്ടെന്നതാണു  സത്യം .  കുഞ്ഞുങ്ങൾ എത്രവലുതായാലും അവർ അച്ഛനുമമ്മയ്ക്കും കുഞ്ഞുങ്ങൾത്തന്നെയാണ്. പിന്നെന്തിനാണവരെ മാറ്റിനിർത്തുന്നത്. ഈ ചോദ്യം മനസ്സിലുദിച്ചത് കഴിഞ്ഞദിവസം കണ്ട ടിവി പ്രോഗ്രാമാണ്.

ഫ്‌ളവേഴ്‌സ് ചാനലിൽ ടോപ് സിങ്ങർ റിയാലിറ്റി ഷോയിൽ അതിമനോഹരമായി പാടിയ കൗമാരക്കാരിപെൺകിടാവിനോട് ഇത്ര നന്നായി പാടിയതിനു സമ്മാനമായി മോളെന്താണാഗ്രഹിക്കുന്നതെന്നു വിധികർത്താക്കളിലൊരാൾ   ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ അവൾ  പറഞ്ഞത് ' A tight hug from my mum' എന്നാണ്. എന്തുകൊണ്ടാണതാഗ്രഹിക്കുന്നതെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി 'എനിക്കതു കിട്ടുന്നതു once in a blue moon ആണെന്നാണ്. 'അമ്മ അതിനു ന്യായം പറഞ്ഞത് ഇളയകുട്ടിവന്നപ്പോൾ അവളുടെ കളിയിലും ചിരിയിലുമായത്രേ കൂടുതലാകർഷണമെന്ന്.  സത്യത്തിൽ അതുകേട്ടപ്പോൾ മനസ്സൊന്നു പിടച്ചു, കണ്ണു  നിറഞ്ഞുപോയി. ആ കുഞ്ഞുമനസ്സ് എത്രത്തോളം നൊമ്പരപ്പെട്ടിട്ടുണ്ടാവും. ഏതു സങ്കടത്തിലും  ഒന്നുകെട്ടിപ്പിടിച്ചൊരുമ്മകൊടുത്താൽ കുഞ്ഞുങ്ങൾക്കതിനേക്കാൾ വലിയൊരാശ്വാസമുണ്ടാവില്ല. ഏതുസന്തോഷവും പതിന്മടങ്ങാക്കാനും ഒരാശ്ലേഷത്തിനു കഴിയും. പിന്നെന്തിനാണത് വേണ്ടെന്നുവയ്ക്കുന്നത്!

തലോടലും ആലിംഗനവുമൊക്കെ മനുഷ്യരിലെ മനസികസമ്മർദ്ദങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുവെന്നു വൈദ്യശാസ്ത്രപഠനങ്ങൾ വെളിപ്പെടുത്തുന്നു. മാത്രമല്ല, രോഗങ്ങൾ വേഗം ഭേദമാക്കാനും  രോഗങ്ങളെ അകറ്റിനിർത്താനും വേദന കുറയ്ക്കാനും  പേടിയില്ലാതാക്കാനും  രക്തസമ്മർദ്ദം ക്രമപ്പെടുത്താനുമൊക്കെ സാധ്യമാക്കുന്നത്രേ! 'cuddle hormone' എന്ന ഓമനപ്പേരിലറിയപ്പെടുന്ന Oxytocin, 'pleasure’s hormone' എന്നറിയപ്പെടുന്ന dopamine ഇവയൊക്കെ  കൂടുതലായി ആലിംഗനം ചെയ്യുമ്പോൾ  ഉത്പാദിപ്പിക്കപ്പെടുന്നതാണത്രേ അതിനുകാരണം. വൃദ്ധജനങ്ങളെയോ രോഗികളെയോ സന്ദശിക്കുന്ന വേളയിൽ അവരെ തഴുകിത്തലോടാൻ, ഒന്നാശ്ലേശിക്കാൻ കഴിഞ്ഞാൽ അതവരെ ഏറെ ആനന്ദിപ്പിക്കും.

ഫാമിലി തെറാപ്പിസ്റ്റ് ആയ വിർജീനിയ സാറ്റിർ   പറഞ്ഞത് പ്രസിദ്ധമാണ്  " We need 4 hugs a day for survival. We need 8 hugs a day for maintenance. We need 12 hugs a day for growth." എത്രയായാലും കുഴപ്പമില്ല എന്നു  സാരം. പക്ഷേ ആലിംഗനങ്ങൾ എപ്പോഴും , നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികൾ അറിഞ്ഞുകൊണ്ടാവണമെന്നു മാത്രം.