Saturday, November 30, 2013

ഒഴുകുന്നു വര്‍ഷങ്ങള്‍...

നിമിഷജലമാത്രകള്‍ക്കിടയിലൂടൊഴുകുന്നു
സംവത്സരങ്ങളീക്കാലമാം പുഴയില്‍
ഒരുമാത്ര ശങ്കിച്ചു നില്ക്കുവാനാവാതെ,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തു നില്‍ക്കാതെ

തേന്‍ നിറം ചാര്‍ത്തിച്ചിരിക്കുന്ന പകലുകള്‍
അഞ്ജനമെഴുതിവരുന്നോരു രാവുകള്‍
ഒഴുകുന്ന ചോലയുമലയുന്നൊരനിലനും
കരിവണ്ടു മൂളും മഴക്കാറും മാനവും

തുടികൊട്ടും മേഘനാദം ചിരിക്കുമ്പോള്‍
മിന്നല്‍പ്പിണര്‍ നല്കുമുന്‍മാദ ഹര്‍ഷവും
കുങ്കുമച്ചോപ്പാര്‍ന്ന സന്ധ്യതന്‍ നാണവും
ചെമ്പകപ്പൂവിനാല്‍ വര്‍ഷിത ഗന്ധവും

മരച്ചാര്‍ത്തിലുലയും മഴപ്പെണ്ണിന്‍ ലാസ്യവും
മാലേയമന്ദസ്മിതം തൂകും പുലരിയും
മദ്ധ്യാഹ്നസൂര്യന്‍ ജ്വലിക്കുന്നൊരഗ്നിയും
മഞ്ഞാട ചൂടുന്ന രാവിതിന്‍ ശൈത്യവും

ചാമരം വീശും മുളങ്കാടുമാമ്പല്‍-
ക്കുളങ്ങളും പൂക്കളും പാടവും പൈക്കളും 
ആമോദമോടിങ്ങു വന്നെത്തുമോണവും
കര്‍ണ്ണികാരം കൈനീട്ടമേകും വിഷുവവും

നിറയുന്ന ഹരിതാഭ തിങ്ങുമീപ്പാരിതില്‍
ഒന്നും മറക്കുവാനാവില്ല നിശ്ചയം 
ഇല്ല  ത്യജിക്കുവാനൊന്നുമില്ലിബ്ഭൂവിൽ
തിന്‍മതന്‍ വിഷഫലക്കൂമ്പാരമല്ലാതെ

ഒന്നൊന്നായ് നന്‍മകളെല്ലാം ഹവിസ്സാക്കി
ആധുനികത്തിന്റെ ഹോമകുണ്ഠത്തില്‍
ഉയര്‍ത്തെണീക്കും മണിമാളികക്കൂറ്റന്‍മാര്‍
ഉയരങ്ങള്‍ താണ്ടുമ്പോളുഴറിവീഴുന്നു നാം

ഇന്നലെകള്‍ തീര്‍ത്ത ശോകകാവ്യങ്ങളില്‍
ഇരുള്‍വീണ പാതതന്‍ തിരശ്ശീലവീഴ്ത്തിയി-
ട്ടുണര്‍വ്വിന്റെ പുത്തന്‍ പ്രഭാതത്തിലേക്കായ്
ഇമകള്‍ തുറന്നു നാം കൈകൂപ്പി നില്‍ക്കാം

ഇനിവരും നാളുകള്‍, പൂവിടും പുലരികള്‍
ഈ ലോകനന്‍മയ്ക്കായ് പ്രഭചൊരിഞ്ഞീടട്ടെ
ഇദയത്തിലമരുന്ന തിമരമകറ്റി നാം
ഇവിടെയുയര്‍ത്തീടാം ഭൂമിതന്‍ സ്വര്‍ഗ്ഗം


Friday, November 29, 2013

ചുനക്കരമഹാദേവന്


ഓം നമഃ ശിവായ...ഓം നമഃ ശിവായ....
സര്‍വ്വം സ്വയംഭൂവായ് ചുനക്കരവാഴും
ശ്രീമഹാദേവാ.. നന്ദികേശാ......
ഈ ദേവഭൂമിതന്‍ ശോകമാറ്റാന്‍ നീ
വരമരുളൂ ശ്രീ ഗൗരിപതേ...
ശരണം തവ ചരണം ദേവാ....   
തവ പാദപങ്കജം മമ ശരണം...
                          (ശ്രീമഹാദേവാ,, നന്ദികേശാ...)

തിരുവൈരൂര്‍ വാഴും ശ്രീ ചന്ദ്രക്കലാധരാ
ശ്രീകര ശങ്കര ജടാധരാ...
പാപമകറ്റി പുണ്യമേകാനശ്രു
നീലോല്പലമാല ചാര്‍ത്തിടുന്നേന്‍..
ലോകൈകനാഥാ ഗംഗാധരദേവാ...
അഖിലാധിനായകാ വരമരുളൂ ഞങ്ങള്‍-
ക്കവിടുന്നു തുണയേകൂ സദാശിവാ...
                          (ശ്രീമഹാദേവാ,, നന്ദികേശാ...)

കൈലാസനാഥാ, സര്‍പ്പവിഭൂഷിതാ,
സങ്കടനാശന പാഹിശിവാ...
അറിവായ് അലിവായ് ആനന്ദമായ്
കരുണാമൃത ഗംഗ ചൊരിഞ്ഞിടു നീ...
ത്രിലോകനാഥാ ത്രയംബകാ ദേവ
അഖിലാണ്ഡേശ്വരാ വരമരുളൂ ഞങ്ങള്‍-
ക്കാനന്ദാമൃതം പകര്‍ന്നേകൂ ദേവാ...
                            (ശ്രീമഹാദേവാ,, നന്ദികേശാ...)


Monday, November 25, 2013

തലമുറ കൈമാറുന്നത്....

ശുഷ്കമായ
ഈ മരുഭൂമിയില്‍
കുഞ്ഞെ നിനക്കായ്
ബാക്കിയില്ലൊന്നും
നീന്തിത്തുടിക്കാന്‍ 
പുഴയില്ല ഭൂവില്‍,
വറ്റിവരണ്ടുപോയ്
കുളമായ കുളമൊക്കെ...,
പാടങ്ങള്‍!
നല്ലോര്‍മ്മ നല്‍കുന്ന
പച്ചമാത്രം.
പൊന്‍കതിര്‍ വിളയാത്ത,
പൈക്കളും മേയാത്ത,
പാഴ്നിലമാണിന്നാ സ്വപ്നഭൂമി
മരമൊന്നുമിനിയില്ല
മരക്കൊമ്പില്‍ കിളിയില്ല
കുയിലമ്മ പാടുന്ന പാട്ടുമില്ല.
മലകളും മഞ്ഞിന്റെ നനവാര്‍ന്നപുലരിയും
നിനക്കായി നല്കുവാന്‍ ബാക്കിയില്ല.
ചക്കരമാവിന്റെ കൊമ്പിലെ തേനൂറും
കല്‍ക്കണ്ടത്തുണ്ടൊന്നു തന്നുപോകാന്‍
അണ്ണാറക്കണ്ണനുമില്ലയല്ലോ
മഴവന്നു കുളിരിട്ട പാടത്തു കരയുന്ന
പോക്കാച്ചിത്തവളയുമെങ്ങുപോയി!!
ഇല്ലിവിടെ ഒന്നും നിനക്കായ്.....
അമ്മതന്‍ മാറിലെ
സ്നേഹാമൃതത്തിന്റെ
ഉറവയുമെങ്ങോ കളഞ്ഞുപോയി
ഇനി ബാക്കി വെയ്ക്കുവാന്‍ 
എന്തുണ്ടു പൈതലേ...
കരയുവാന്‍ കണ്ണീരും ബാക്കിയില്ല
പൊയ്പോയ മരവും 
മലയും പുഴയും
നിനക്കിനി നല്കുവാനവില്ലയെങ്കിലും
കുഞ്ഞേ, നിനക്കായ്
ഒരുവിത്തു ഭൂമിയില്‍ നട്ടു നനയ്ക്കാം-
വളരുവാന്‍,
പൂവിട്ടു കായ് നിനക്കേകുവാന്‍,
നന്‍മതന്‍ ശീതളച്ഛായയില്‍
നല്ല നാളുകള്‍ നിന്നരുകിലെത്താന്‍
കുഞ്ഞേ, മറക്കുക
ഞങ്ങള്‍ തന്‍ പാപങ്ങളൊകെയും,
നീ പൊറുത്തീടുക
ഈ അഹന്തയും.
ഞാനേകയല്ല....

രാപ്പാടി പാടിത്തളര്‍ന്നുറങ്ങുമ്പോഴും
രാവിനൊരൊത്തിരി ബാക്കിയീണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ  കിസലയതല്പത്തില്‍ ഞാനും

ആയിരം തങ്കക്കുടങ്ങളാം താരങ്ങള്‍
ആകാശമുറ്റത്തുമാലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.

അകലെയായ് കണ്മിഴിച്ചൊരുമണ്‍ചിരാതുണ്ടു
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ

അരുകിലൂടൊഴുകിയങ്ങകലേയ്ക്കു പാഞ്ഞുപോം
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും

ഇവിടെ ഞാനേകയല്ലീ രാവുമീയിരുള്‍
തോഴിമാരും നേര്‍ത്ത പൂനിലാവും പിന്നെ
തൊട്ടു തലോടിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കുന്നിളങ്കാറ്റും
==============================================
( ഈ കവിതയിലെ പിഴവുകള്‍ നിക്കി,അവസാനത്തെ നാലുവരികള്‍ ചേര്‍ത്തു പൂര്‍ണ്ണത തന്ന സ്നേഹനിധിയായ ഗുരുവര്യന്റെ പാദങ്ങളില്‍ എന്റെ പ്രണാമങ്ങള്‍)
ഞാനേകയല്ല....
===========
രാപ്പാടി പാടിത്തളര്‍ന്നുറങ്ങുമ്പോഴും
രാവിനൊരൊത്തിരി ബാക്കി ഈണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ കിസലയതല്പത്തില്‍ ഞാനും
ആയിരം തങ്കക്കുടങ്ങളാം താരങ്ങള്‍
ആകാശമുറ്റത്തും ആലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.
അകലെയായ് കണ്മിഴിച്ചൊരുമണ്‍ചിരാതുണ്ടു
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ
അരുകിലൂടൊഴുകിയങ്ങകലേയ്ക്കു പാഞ്ഞുപോം
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും
ഇവിടെ ഞാനേകയല്ലീ രാവു,മീയിരുള്‍-
ത്തോഴിയും നേര്‍ത്തൊരീ പൂനിലാവും പിന്നെ
തൊട്ടടുത്തെത്തിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കും ഇളംകാറ്റും...
എപ്പോഴുമെന്നില്‍ തിളങ്ങിനിന്നീടുന്ന
മുഗ്ദ്ധസൌന്ദര്യസങ്കല്പസ്വപ്നങ്ങളും
കൂട്ടായി വന്നെന്നെ ചുറ്റിടും സൌഹൃദ-
വൃത്തമായിന്നതിന്‍ മദ്ധ്യേയിരിപ്പു ഞാന്‍ ! ‍

Thursday, November 21, 2013

സ്കൂള്‍ജീവിതത്തിലെ മറക്കാനാവാത്ത സംഭവം (താളിയോല )

സ്കൂള്‍ജീവിതത്തിലെ മറക്കാനാവാത്ത സംഭവം  (താളിയോല - മത്സരം )
==============================================
വിദ്യാലയ ജീവിതത്തിലെ അനുഭവങ്ങള്‍ എന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുമെങ്കിലും ചില അനുഭവങ്ങള്‍ സവിശേഷമായ മിഴിവോടെ ഓര്‍മ്മയില്‍ തെളിഞ്ഞുവരും. പ്രത്യേക സ്വാധീനങ്ങളൊന്നും  ജീവിതത്തില്‍ ഉണ്ടാക്കിയില്ലെങ്കില്‍ പോലും അതു ഓര്‍മ്മത്താളുകളില്‍ പതിഞ്ഞു കിടക്കും. അത്തരം രണ്ടു സംഭവങ്ങള്‍ ആണു ഞാനിവിടെ പകര്‍ത്തുന്നത്.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം എന്ന ഗ്രാമത്തിലെ  വൊക്കേഷണല്‍ ബയാസ് അപ്പര്‍ പ്രൈമറി സ്കൂളിലാണ് (VBUP School) ഞാന്‍ നാല്, അഞ്ച്, ആറ് ക്ലാസ്സുകളില്‍ പഠിച്ചിരുന്നത്. നിഷ്കളങ്കതയുടെ നിറകുടങ്ങങ്ങളായ കുട്ടികളും അവരുടെ പ്രിയപ്പെട്ട അധ്യാപകരും .ഗ്രാമീണ നൈര്‍മ്മല്യത്തിന്റെ പര്യായമായ പാഠശാല. നീളത്തിലുള്ള ഏതാനും കെട്ടിടങ്ങളും അതിനപ്പുറത്തെ നാട്ടുവഴിയും അതുനുമപ്പുറത്തുള്ള വലിയ മൈതാനവും. പഠനത്തില്‍ മാത്രമല്ല, കലാകായികരംഗങ്ങളിലും കുട്ടികളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു ഇവിടുത്തെ ഗുരുജനങ്ങള്‍. അവരുടെ പാദങ്ങളില്‍ ഈ ഏളിയ വിദ്യാര്‍ത്ഥിനിയുടെ പ്രണാമങ്ങള്‍

അഞ്ചാം ക്ലാസ്സിലാണ് ഞങ്ങള്‍ ഹിന്ദി പഠിക്കാന്‍ തുടങ്ങിയത്. പുതിയ ഭാഷയായതുകൊണ്ട് പൊതുവേ അതെല്ലാവര്‍ക്കും ഇത്തിരി വിഷമുള്ള കാര്യമായിരുന്നു.വെളുത്ത സുന്ദരിയായ മേരിക്കുട്ടിസാറാണ് ഞങ്ങളെ ഹിന്ദി പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ വാക്കുകളും ചില ചോദ്യോത്തരങ്ങളും ഒക്കെ പറയാനാണു പഠിപ്പിച്ചത്. അതുകൊണ്ട് ഓണപ്പരീക്ഷ ഹിന്ദിയില്‍ വാചാപരിക്ഷയായാണു നടത്തിയത്. എല്ലാവരും നല്ല മാര്‍ക്കും നേടി. പിന്നീടാണ് എഴുത്തു തുടങ്ങിയത്. അതുകൊണ്ട് ക്രിസ്തുമസ് പരീക്ഷയാകട്ടെ എഴുത്തു പരീക്ഷയായിരുന്നു. അവധികഴിഞ്ഞെത്തുമ്പോള്‍ ടീച്ചര്‍ നോക്കി മൂല്യനിര്‍ണ്ണയം നടത്തിയ  ഉത്തരക്കടലാസുമായി വന്നിട്ടുണ്ട്. ക്ലാസ്സില്‍ കയറിയ ഉടനെ
 "മിനി തങ്കച്ചി സ്റ്റാന്‍ഡ് അപ്"
എന്നു പറഞ്ഞു. (എന്റെ സ്കൂളിലെ പേര് മിനി തങ്കച്ചി എസ് എന്നാണ്. മോഹനന്‍ ഭര്‍ത്താവിന്റെ പേരാണ്.) നല്ലകുട്ടി എന്ന പേരു സമ്പാദിച്ചിരുന്നതുകൊണ്ട് ചോക്ക്, പകര്‍ത്തുബുക്ക്, രചനബുക്ക് ഇത്യാദികളൊക്കെ സ്റ്റാഫ് റൂമില്‍ നിന്നെടുക്കാന്‍ എന്നെ പറഞ്ഞു വിടാറുണ്ടായിരുന്നു. (എനിക്കു വലിയ അഭിമാനമുള്ള കാര്യമായിരുന്നത്). ഞാന്‍ വേഗം എഴുന്നേറ്റു നിന്നു. അപ്പോള്‍ വീണ്ടും ചോദ്യം
 "ഒരു മിനി തങ്കച്ചി കൂടി ഉണ്ടല്ലോ, വേഗം എഴുന്നേറ്റു നില്‍ക്കൂ."
 ഞാനും മറ്റുള്ളവരും അന്തം വിട്ടുപോയി. ക്ളാസ്സില്‍ പോയിട്ട് ആ നാട്ടില്‍ പോലും വേറൊരു മിനി തങ്കച്ചി ഉള്ളതായി അറിയില്ല. ടീച്ചര്‍ ആകെ ഒന്നു കണ്ണോടിച്ചിട്ടു കയ്യിലിരുന്ന ഉത്തരക്കടലാസുകെട്ടഴിച്ചു.
" ഹരിക്കുട്ടന്‍ കെ ആര്‍ സ്റ്റാന്‍ഡ് അപ്".
മടിച്ചു മടിച്ച് ഹരിക്കുട്ടന്‍ എന്ന കുട്ടി എഴുന്നേറ്റു നിന്നു. ടീച്ചര്‍ ഹരിക്കുട്ടന്റെ ഉത്തരപ്പേപ്പര്‍ എന്റെ കയ്യില്‍ തന്നിട്ട് ആദ്യത്തെ ചോദ്യവും ഉത്തരവും ഉറക്കെ വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചു- ഇങ്ങനെ.
"तुम्हारा नाम क्या है ?"
" मेरा नाम मिनी  तंकच्ची  है " ( എന്റെ ഉത്തരം നോക്കി സ്വന്തം പേപ്പറില്‍ കോപ്പി അടിച്ചതാണ് ആ മഹാന്‍)
 പിന്നത്തെ കാര്യം പറയണ്ടല്ലോ..ഒരുകുറ്റവും ചെയ്യാതെ ഞാന്‍ കൂട്ടുകാര്‍ക്കിടയില്‍ പരിഹാസപാത്രമായി. എല്ലാവരും എന്നെ ഹരിക്കുട്ടാ എന്നു വിളിച്ചു. ചെറിയകാര്യം പോലും വല്ലതെ വിഷമിപ്പിച്ചിരുന്ന എനിക്ക് പഠിത്തം നിര്‍ത്തിയാല്‍ മതിയെന്നു പോലും തോന്നിപ്പോയി. ഞാന്‍ കരഞ്ഞതിനു കണക്കില്ലായിരുന്നു.
***************************************************************************

അന്നൊക്കെ ഞങ്ങളുടെ ഏറ്റവും ഇഷ്ടദിവസം വെള്ളിയാഴ്ചയായിരുന്നു. കാരണം വെള്ളിയാഴ്ച അവസാനത്തെ പീരിയഡ് സാഹിത്യസമാജം ഉണ്ട്. ഞങ്ങള്‍ക്കു പാട്ടുപാടാം, നൃത്തം ചെയ്യാം, പ്രസംഗിക്കാം, കഥപറയാം......
സാഹിത്യ സമാജത്തിന്റെ സുഗമമായ നടത്തിപ്പിനായി വേണ്ടതൊക്കെ ചെയ്യാന്‍ ഒരു സെക്രട്ടറിയേ തിരഞ്ഞെടുത്തിട്ടുണ്ടാകും. കാര്യപരിപാടികള്‍ എഴുതി തയ്യാറാക്കുക, പരിപാടി നടത്താന്‍ ക്ലാസ്സ് മുറി അലങ്കരിക്കുക, ചെറിയ പണപ്പിരിവു നടത്തി ചന്ദനത്തിരി, കളഭം ഒക്കെ വാങ്ങി വെയ്ക്കുക അദ്ധ്യക്ഷസ്ഥനത്തേയ്ക്കും അതിഥികളായും അദ്ധ്യാപകരെ ക്ഷണിക്കുക ഒക്കെ സെക്രട്ടറിയുടെ അധികാരപരിധിയില്‍ പെട്ട കാര്യങ്ങളാണ്.

ഞങ്ങളുടെ ക്ലാസ്സിലെ ഇത്തരം യോഗങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്തതായിരുന്നു രാജപ്പനാശാരിയുടെ പാട്ട്. പഠിക്കാന്‍ ഒട്ടും സമര്‍ത്ഥനായിരുന്നില്ല ഈ കുട്ടി.  അല്പം മഞ്ഞനിറമുള്ള പല്ലുകാട്ടിയുള്ള മായാത്ത ചിരിയോടെ ഈ സഹപാഠി എന്നും ക്ലാസ്സില്‍ ഉണ്ടാകും. 'എന്നടി റാക്കമ്മ', 'മണിയാഞ്ചെട്ടിക്കു മണിമിഠായി', 'തള്ളു തള്ളു തല്ലിപ്പൊളിവണ്ടി', 'മറുന്തോ നല്ല മറുന്ത്', തുടങ്ങിയ തമാശപ്പാട്ടുകളും ചില ഭക്തിഗാനങ്ങളുമൊക്കെയാണു രാജപ്പനാശാരി പാടിയിരുന്നത്. പക്ഷെ ഞങ്ങളെല്ലാവരും അതു നന്നായി ആസ്വദിച്ചിരുന്നു. തലകൊണ്ടു താളമിട്ട്, നീണ്ടുമെലിഞ്ഞ കൈകള്‍ ഇടയ്ക്കിടയ്ക്കു വായുവില്‍ വീശി രാജപ്പനാശാരി പാടുന്നതു കാണാനും നല്ല ചന്തമാണ്.  ഒരിക്കലൂം വെള്ളിയാഴ്ചകളില്‍ ഈ കുട്ടി ആബ്സന്റ് ആകുമായിരുന്നുല്ല. കാരണം അതു അവന്റെ ദിവസമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്- ഒരു ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരുന്നു, ഒരു വെള്ളിയാഴ്ച രാജപ്പനാശാരിയുടെ പാട്ടില്ലാതെ ഞങ്ങളുടെ സാഹിത്യസമാജയോഗം കടന്നുപോയി. എല്ലാവര്‍ക്കും അക്കാര്യത്തില്‍ നിരാശയും ഉണ്ടായിരുന്നു. തിങ്കളാഴ്ച സ്കൂളിലെത്തി അസ്സംബ്ലിയില്‍ വെച്ചാണറിയുന്നത് അന്നവധിയാണെന്നത്. കാരണം കേട്ട് സ്തംഭിച്ചു പോയി. രാജപ്പനാശാരിയുടെ പാട്ട് എന്നെന്നേയ്ക്കുമായി നിലച്ചത്രേ...വല്ലാത്തൊരു ഞെട്ടലായിരുന്നു. കുട്ടികളും മരിക്കുമെന്ന അറിവിന്റെ ഭാരം മനസ്സിനു താങ്ങുവാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.


Friday, November 1, 2013

എന്റെ പ്രിയ മലയാള നാടേ....


എന്റെ പ്രിയ മലയാളനാടേ....
...................................................
രാജഹത്യതന്‍ ഗ്രസ്തപാപത്താല്‍
പതിതനാം ഭൃഗുരാമന്റെ ദുഃഖങ്ങള്‍
ഭൂമിദാനമായ് നല്കി, ശൂന്യമായ്
ഹൃദയവും കൈത്തലങ്ങളും നീട്ടി
തപസ്സിനായ് പര്‍ണ്ണശാലതേടവേ,
ആഞ്ഞെറിഞ്ഞൊരു മഴുപതിച്ചിഹ
കേരളത്തിന്നു ജന്‍മമേകുവാന്‍.
സര്‍വ്വനന്മതന്‍ മലര്‍നികുഞ്ജങ്ങള്‍
നിറച്ച പൂപ്പാലികയിതെന്നപോൽ 
വിളങ്ങിനില്‍ക്കുമീ സുകൃതയാം ഭൂമി,
ഇളകുമോളങ്ങളുമ്മ വയ്ക്കുന്ന
സാഗരത്തിന്റെ തീരമാം ഭൂമി,
വാനചുംബിതം  മാനപൂരിതം
ഗിരിനിരകളാൽ  ധന്യമാം ഭൂമി
ഒഴുകിയോടുന്ന ചോലകള്‍ ,നീണ്ട 
പുഴകള്‍, ഐശ്വര്യമേകിടും ഭൂമി
പ്രകൃതിദേവിതന്‍ സര്‍വ്വ സ്നേഹവും
വര്‍ഷധാരയായ് നേടിടും  ഭൂമി
ഹരിത ഭംഗിതന്‍ അമൃതഗീതിപോല്‍
പുളകമായ് മനം കവരുമീ ഭൂമി
ലാസ്യനര്‍ത്തനം ചെയ്യുമീ കേര-
പത്ര വിസ്മയം അതിരിടും ഭൂമി
അന്നവും ഫലമൂലമേകിയു-
മനുഗ്രഹിക്കുന്ന പുണ്യമാം ഭൂമി.
നല്‍കിയാരോ അറിഞ്ഞു നാമമീ
നാടിനായ്  ദൈവനാടെന്നതും.
അര്‍ത്ഥശങ്കയാല്‍ കണ്‍മിഴിക്കട്ടെ
കുടിയിരിക്കുന്നതെങ്ങു പുണ്യമാം
ഈശ്വരന്റെ ചൈതന്യമീ മണ്ണില്‍!
ഇവിടെയിന്നു നാം കാണ്‍മതൊക്കെയും
ക്രൗര്യ താണ്ഡവക്കൂത്തരങ്ങുകള്‍,
നന്‍മതന്‍ മധുര കോകില സ്വനം
കേള്‍ക്കുവാന്‍ കാതു കാത്തിരിക്കവെ
ആര്‍ത്തലയ്ക്കുന്ന പൈതലിന്‍ ദീന
രോദനം കേട്ടു കാതുപൊത്തണം.
കേഴുമമ്മതന്‍ തേങ്ങലോ ഹൃത്തി
ലാഴമേറുന്ന മുറിവുതീര്‍ക്കുന്നു.
സത്യധര്‍മ്മങ്ങളെവിടെയൊ ദൂരെ
മധുരമായൊരു സ്വപ്നമായ് മാറി
..............................................
എവിടെ ഞാന്‍ തേടുമരുമയാമെന്റെ
സുഭഗസുന്ദര വശ്യഭൂമിയെ..
എവിടെയാണെന്റെ സസ്യശ്യാമള
കേരളാംബതന്‍ പൊന്‍മുഖം!