Friday, December 28, 2012

ജനുവരിക്കാറ്റ്

ജനുവരിക്കാറ്റ് 

    കിഴക്കന്‍ മലയോരനിവാസികളുടെ ജീവിതയാത്രയില്‍  ചിലപ്പോള്‍ വില്ലനായും മറ്റുചിലപ്പോള്‍ സുഹൃത്തായും ഒക്കെ കടന്നുവരുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് ജനുവരിക്കാററ് .ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ അവന്‍  ശക്തിയോടെ ആഞ്ഞടിച്ചുകൊണ്ടേയിരിക്കും ,അതിവികൃതിയായ ഒരു കുട്ടിയുടെ തന്നിഷ്ടങ്ങള്‍ പോലെ ......

    എത്ര വികൃതിയാണെങ്കിലും ഞങ്ങള്‍ക്കവന്‍ ഐശ്വര്യദാതാവാണ്‌ കാരണം ഇവന്‍ വിരുന്നിനെത്തുന്നത്  ഇവിടുത്തെ സുഗന്ധവിളകളുടെ                                വിളവെടുപ്പുകാലത്താണ് .കാപ്പിചെടികള്‍ ശാഖകളില്‍ ചെമ്പവിഴങ്ങള്‍ അണിഞ്ഞു വിലസും .കുരുമുളകുവള്ളികള്‍ കൊച്ചുമരതകമണികളെ ചെഞ്ചായം പൂശിത്തുടങ്ങും .എലച്ചെടികളില്‍ കായ്കള്‍ പഴുക്കും . പിന്നെ ഇഞ്ചി,മഞ്ഞള്‍ ഒക്കെ ഇല പഴുത്തുപാകമായി നില്‍ക്കും .കപ്പ(മരച്ചീനി), ചേന, ചേമ്പ് ഒക്കെയും വിളഞ്ഞുനില്‍പ്പാകും .ഇവയെല്ലാം മലയോര കര്‍ഷകന്റെ അദ്ധ്വാനത്തിന്റെ പ്രതിഫലങ്ങളാണ് .
  
   ഇവയില്‍ ഏലക്കായ,  കുരുമുളക് ,ഇഞ്ചി,കപ്പ ഒക്കെ ഉണങ്ങി 
സൂക്ഷിക്കേണ്ടവയാണ് .ഏലക്കായ് ഉണക്കാന്‍ പ്രത്യേകസ്റ്റോര്‍ ഉണ്ട്.
മറ്റുള്ളവ നിരത്തിയ പനമ്പുകള്‍ എല്ലാ വീട്ടുമുറ്റത്തും വഴിയോരത്തും സ്ഥിരം കാഴ്ച്ചയായിരിക്കും.കാറ്റു പറത്തിക്കൊണ്ടുപോകാതിരിക്കാന്‍ പനമ്പിന്റെ നാലുമൂലയ്ക്കും ഇടഭാഗത്തും കല്ലെടുത്ത്‌ വെച്ചിരിക്കും.

    എല്ലാ നാട്ടിലെയും പോലെ ഞങ്ങളുടെ നാട്ടിലും 'തലതെറിച്ച'
വികൃതിക്കുട്ടന്മാര്  ധാരാളമുണ്ടായിരുന്നു .മറ്റാരുടെയും കണ്ണില്‍ പെട്ടില്ല 
 എങ്കില്‍ പനമ്പുകളിലെ കല്ലെടുത്തുമാറ്റിയിട്ടു അവര്‍ ഓടിയൊളിക്കും.
അവരെക്കാള്‍ വികൃതിയായ ജനുവരിക്കാറ്റ് ആഞ്ഞുവീശി പനമ്പു ദൂരേക്കു 
പറത്തും .കുരുമുളകുമണികള്‍  തറയിലാകെ നിരക്കും .വീണ്ടും അതൊക്കെ ഒന്നൊന്നായി പെറുക്കിയെടുത്തു പനമ്പിലാക്കുന്ന ജോലി ഹെര്‍കുലീസ് കുതിരലായം വൃത്തിയാക്കിയതിലും ശ്രമകരമാണ് .പക്ഷെ ഓരോ മണിക ളും ഞങ്ങള്‍ക്ക് കറുത്ത പൊന്നിന്‍മണികളാണ് .വീട്ടമ്മമാരും സഹായികളു ശ്രദ്ധയോടെ ഓരോമണിയും പിറുപിറുത്തും പ്രാകിയും പെറുക്കിയെടുത്ത്  പനമ്പിലാക്കും. 'ഞാനൊന്നുമറിഞ്ഞില്ലേ ..........'എന്ന ഭാവത്തില്‍ ചില വിദ്വാന്മാര്‍ അവരെ സഹായിക്കുകയും ചെയ്യും .മറ്റുചില വിരുതന്മാര്‍ അലക്കിവിരിച്ചിരിക്കുന്ന തുണിയിലെ ക്ലിപ് എടുത്തു മാറ്റും .പിന്നെ കാറ്റിന്റെ കളി . അവ എടുക്കാന്‍ മൂന്നോ നാലോ പുരയിടം കടക്കേണ്ടിവരും .ആള്‍ക്കാരെ ഇങ്ങനെയൊക്കെ വെള്ളം കുടിപ്പിച്ചിരുന്ന  ആ കൂട്ടുകാരും ലോകത്തിന്റെ ഏതോ ഭാഗങ്ങളിലിരുന്നു ഇതൊക്കെ ഓര്‍മ്മയുടെ താളുകള്‍ മറിച്ചെടുക്കുന്നുണ്ടാവാം .......ഇന്നതോര്ത്ത് കുറ്റബോധത്തോടെ തലകുനിക്കയാവാം. സാരമില്ല ,ഒക്കെ ഓരോരോ
 കാലത്തെ ഭ്രാന്തുകള്‍ .

     കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ജനുവരിക്കാറ്റ് എന്റെ ഓര്‍മ്മയില്‍ മാത്രം. അവസാനമായി അവന്റെ ആശ്ലേഷം അനുഭവിച്ചറിഞ്ഞത് മകന് 
ഒന്നരവയസ്സുള്ളപ്പോളാണ് .ഇരുപതു വര്ഷം മുന്പൊരു ജനുവരിയില്‍ .
അന്നൊക്കെ ഏതെങ്കിലും വിവാഹത്തിനും അതിനോടനുബന്ധിച്ചുള്ള 
ചടങ്ങുകള്‍ക്കും ആയിരുന്നു നാട്ടില്‍ പോയിരുന്നത് . മകന് സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അവന്റെ അവധിക്കാലമായ ദീപാ
വലിസമയത്തും മധ്യവേനലവധിക്കുമായി നാട്ടിലേക്കുള്ള യാത്രകള്‍ .

     പക്ഷെ എനിക്കു കുട്ടിക്കാലത്ത് ഈ കാറ്റിനെ തീരെ ഇഷ്ടമായിരുന്നില്ല 
അവന്‍ വീശിത്തുടങ്ങിയാല്‍  ശരീരമാകെ വരണ്ടുണങ്ങും. ചുണ്ടുകള്‍ വിണ്ടുകീറി ചിരിക്കാന്‍ ബുദ്ധിമുട്ടാകും. ശരീരമാകെ മൊരിഞ്ഞു വൃത്തികേടാകും .പോണ്ട്സ് സ്നോ ,വാസെലിന്‍ ഒക്കെ ചെറിയതോതില്‍ 
ആശ്വാസം നല്‍കുമെങ്കിലും അധികം നീണ്ടുനില്‍ക്കില്ല .അന്ന് ഇന്നത്തെ- പോലെ ക്രീം,ലോഷന്‍ ഒന്നും സുലഭമായിരുന്നുമില്ല .മറ്റൊരു ശനിയനായി 
 ചുടുവാതവും കയറിക്കൂടും.കാല്‍പാദം വിണ്ടുകീറി വല്ലാത്ത വേദന തരും.
അതിന് ഏററവും നല്ല മരുന്ന് കാട്ടുപന്നിയുടെ നെയ്യാണ് .(നാട്ടുപന്നിയു -
ടേതല്ല).അതാകട്ടെ വളരെ ദുര്‍ലഭം.പക്ഷെ ഒരു പ്രാവശ്യത്തെ പ്രയോഗം 
കൊണ്ടുതന്നെ നല്ല ആശ്വാസം ലഭിക്കും.

    വിവാഹശേഷം കല്യാണില്  താമസം തുടങ്ങിയ കാലത്തും  ചുടുവാതം മഞ്ഞുകാലത്തു പിടികൂടി. അടുത്ത ഫ്ലാറ്റിലെ ചേച്ചി പറഞ്ഞു എരുമപ്പാലിന്റെ വെണ്ണ തേച്ചാല്‍ മതിയെന്ന് .  അങ്ങനെ എരുമപ്പാല്‍ 
  വാങ്ങി തിളപ്പിച്ച്‌ തണുത്ത ശേഷം പാടയെടുത്തു  ഫ്രിഡ്ജില്‍  ശേഖരിച്ചു വെക്കും. നാലോ അഞ്ചോ   ദിവസം കൂടുമ്പോള്‍ തൈര് ചേര്‍ത്തു   
 പുളിപ്പിച്ച് വീണ്ടും തണുപ്പിച്ചശേഷം മിക്സിയില്‌ അടിച്ചെടുക്കും .ധാരാളം 
 വെണ്ണ കിട്ടുമായിരുന്നു. പിന്നെ പിന്നെ മൈക്രോവേവ് എത്തിയപ്പോള്‍
 പാല്‍പാട മാത്രം അതില്‍ വെച്ച് മൂന്നോ നാലോ മിനിറ്റ് ചൂടാക്കി നേരിട്ടു 
നെയ്യെടുക്കാന്‍ തുടങ്ങി. നല്ല സുഗന്ധമൂറുന്ന  നാടന്‍ നെയ്യ്......................
......(ഞാന്‍ വല്ലാതെ കാടുകയറി .)

    ജനുവരിക്കാറ്റിനെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്കു മറ്റൊരു പ്രധാന കാരണം കൂടിയുണ്ടായിരുന്നു. അന്നൊക്കെ അരപ്പാവാട  ഇട്ടു നടക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവനെ വലിയ പേടിയായിരുന്നു.(അന്ന് ഗ്രാമങ്ങളിലൊന്നും ചുരിദാര്‍ വന്നെത്തിയിട്ടില്ല) കയ്യെപ്പോഴും 
പാവാടയില്‍ മുറുകെപ്പിടിച്ചിരിക്കും .കയ്യെങ്ങാന്‍ വിട്ടാല്‍ പാവാട പറത്തി 
മാനം കെടുത്തും . ആണ്‍കുട്ടികള്‍  'തുണിപൊക്കിക്കാറ്റുവന്നേ' എന്നാര്‍ത്തു 
വിളിക്കും .

    ഇങ്ങനെയൊക്കെയാണെങ്കിലും അവന്‍ ആടിത്തിമിര്‍ത്തു അരങ്ങൊഴി- 
യുമ്പോള്  കൃഷിക്കാരുടെയൊക്കെ കീശയില്‍ പണം നിറയും. വീട്ടമ്മമാ-
രുടെയും പെണ്മക്കളുടെയും കയ്യിലും കഴുത്തിലും കാതിലും സ്വര്‍ണ്ണാഭരണ -
ങ്ങള്‍  തിളങ്ങും .ആണ്‍കുട്ടികള്‍ പുതിയ ഉടുപ്പും വാച്ചും മോതിരവും ഒക്കെയ-
ണിഞ്ഞു വിലസിനടക്കും .എല്ലാ അടുക്കളകളില്‍നിന്നും വറുക്കലിന്റെയും 
പൊരിക്കലിന്റെയും സമൃദ്ധമായ സുഗന്ധം നിറഞ്ഞു പുറത്തേക്കൊഴുകും
പിന്നെ ഏതാനും മാസത്തേയ്ക്കു  ഞങ്ങളുടെ നാട്ടില്‍ സമ്പന്നര്‍ മാത്രം!
(ഇപ്പോള്‍ ഇങ്ങനെയൊന്നുമല്ല കേട്ടോ)

     ജനുവരിക്കാറ്റിന്റെ നഷ്ടം നികന്നുകിട്ടിയിരുന്നത്  നാട്ടിലെത്തിയ ശേഷമുള്ള രാമക്കല്‍മേട്‌ സന്ദര്‍ശനത്തിലായിരുന്നു. എന്റെ ഭര്‍തൃഗൃഹത്തി-
നടുത്തുള്ള വലിയ മലനിരയാണ് ആ സ്ഥലം. ഉയര്‍ന്ന മലകള്‍ക്ക് മുകളില്‍ 
നിന്ന് നോക്കിയാല്‍ താഴെ തമിഴ്‌നാടിന്റെ വിശാലമായ ഭൂപ്പരപ്പ് നോക്കെ
ത്താദൂരത്തേയ്ക്ക് നീണ്ടുകിടക്കുന്ന കാഴ്ച അവര്‍ണ്ണനീയം തന്നെ ! അവിടു-
ത്തെ സൂര്യാസ്തമയക്കാഴ്ച്ച അവിസ്മരണീയമാണ്. പക്ഷെ അവിടെ എന്നെ 
ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് ഏതുസമയത്തും നിര്‍ത്താതെ വീശിയടിക്കുന്ന ശക്തമായ കാറ്റാണ്‌ .നമ്മളെത്തന്നെ പറത്താന്‍  കഴിയു-
ന്ന അതിശക്തമായ കാറ്റ് ! ഇപ്പോള്‍ അവിടെയും പ്രാന്തപ്രദേശങ്ങളിലു
മായി 17 കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് .(ചിലര്‍ 22 എന്നും അവകാ 
ശപ്പെടുന്നുണ്ട്) . ധാരാളമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നുമുണ്ട്. ആദ്യമായി ഈ കാറ്റാടിയെന്ത്രങ്ങളെക്കണ്ടപ്പോള്‍  ഞാന്‍ ഓര്‍ത്തു 'ഡോണ്‍ ക്യുക്സോട്ട്  ഇങ്ങോട്ട് വന്നാല്‍ എന്താവു'മെന്ന് .

    കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോഴും രാമക്കല്‍ മേട്ടില്‍ പോയി-
രുന്നു. അവിടുത്തെ കാഴ്ചകള്‍ ഇപ്പോഴും  അതിമനോഹരം തന്നെ .പക്ഷെ പതിവുമാറി ഇത്തവണ ഒരിളംകാറ്റു പോലും വീശിയില്ല .അസ്തമയം
 കണ്ടു മടങ്ങുമ്പോഴും ഞാനവിടെയാകെ അവനെ പ്രതീക്ഷിച്ചു ..അവന്‍
വന്നതേയില്ല ഒരുപക്ഷെ നീണ്ട ഇരുപതു വര്‍ഷത്തെ എന്റെ അവഗണനയ്ക്ക് അവന്‍ കാട്ടിയ പരിഭവമാകാം ............................

     അടുത്ത ജനുവരിയില്‍ എന്തായാലും നാട്ടിലെത്തണം -ഒരിക്കല്‍ ഞാന്‍ 
വെറുത്തിരുന്നെങ്കിലും  മനസ്സില്‍ സൂക്ഷിച്ച ഒരുപാടുസ്നേഹം അവനു മേല്‍     കോരിച്ചോരിഞ്ഞ്  അവന്റെ  ആശ്ലേഷത്തിലമരാന്‍ ...... 
 ആ പരിഭവം മാറ്റാന്‍ ......................എന്നെത്തന്നെ  മറന്നിരിക്കാന്‍ ...................... 

   

3 comments:

  1. നല്ല സ്വാരസ്യമാർന്ന രചനാ ശൈലി .
    ഇതിൽ പറഞ്ഞിരിക്കുന്ന രാമക്കൽ മേടുമായി ഞാൻ ജോലി ചെയ്തിരുന്ന ഭൌമ ശാസ്ത്ര പഠന കേന്ദ്രം ബന്ധപ്പെട്ടിരിക്കുന്നു.ഞങ്ങളാണ് ഈ സ്ഥലം കാറ്റാടി യന്ത്രം സ്ഥാപിച്ചു മാരുതിയെ ആവാഹിച്ചെടുത്തു വൈദ്യുതിയുണ്ടാക്കാൻ അനുയോജ്ജ്യമെന്നു കണ്ടെത്തിയത്. "സ്പന്ദമാപിനികളെ വിട" എന്ന നോവലിൽ ശ്രീ സി രാധാകൃഷ്ണൻ പരാമർശിക്കുന്ന കർക്കശയായ ഒരു വനിതാ ശാസ്ത്ര മേലധികാരി ,ശ്രീമതി അന്നാ മാണിയുടെ "വിൻഡ് എനർജി" എന്ന (അതോ കുമാരിയോ,കാരണം അവർ വിവാഹിതയല്ലല്ലോ ) പുസ്തകവും

    ReplyDelete
  2. ഈ നല്ല വായനക്ക് നന്ദി സർ.
    കാറ്റാടി യന്ത്രം നല്ലത് തന്നെ.. പക്ഷെ അത് സ്ഥാപിച്ചതോടെ രാമക്കൽമേടിന്റെ എല്ലാ നൈർമ്മല്യവും കളഞ്ഞു പോയി.
    അങ്ങനെയൊക്കെ പറഞ്ഞാൽ നാടിനു പുരോഗതിയുണ്ടാകുന്നതെങ്ങനെയാണ് അല്ലെ ...
    അങ്ങനെയൊരു സാധ്യത കണ്ടെത്തിയതിനു സാറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ..

    ReplyDelete
  3. ഞാൻ രാമക്കൽമേടിൽ പോയത് കഴിഞ്ഞ മാർച്ചിലായിരുന്നു' നല്ല കാറ്റായിരുന്നു. ഇവിടുത്തെ കാറ്റാണ് കാറ്റ്

    ReplyDelete