Saturday, January 12, 2013

ഒരു കൃഷ്ണ ഗാനം

കണ്ണാനിന്‍ പൊന്മുഖം കണ്ടതില്ല -നിന്റെ 
മധുരമാം മുരളി ഞാന്‍ കേട്ടതില്ല 
നിന്കാല്‍ ചിലമ്പിന്റെ താളത്തിലിളകുന്ന 
കാളിന്ദിതീരത്തു വന്നതില്ല -ഞാന്‍ 
ഒരുനാളുമൊരുനാളും വന്നതില്ല 
                               (കണ്ണാ .........)

നിന്നനുരാഗിണി രാധയായൊരുനാളും 
നിന്നോടു കളിചൊല്ലാന്‍ കൊതിച്ചതില്ല 
നീ കവര്‍ന്നെടുക്കുന്ന നവനീതകുംഭങ്ങള്‍ 
നിനക്കായിയൊരുനാളും നിറച്ചതില്ല 
ഒരുനാളുമൊരുനാളും നിറച്ചതില്ല 
                               (കണ്ണാ ..........)

എങ്കിലും നിന്‍രൂപമൊരുമയില്‍പീലിയായ് 
എന്മനതാരില്‍ ഞാനൊളിച്ചുവെച്ചു 
ആരാരും കാണാതെയൊളിച്ചുവെച്ചു .
അതിന്‍നീല നൂലിഴയോമനിച്ചെന്നുമെന്‍ 
ഹൃദയമാഹ്ലാദത്തിലലിഞ്ഞുപോകും
നിന്റെ പീതാംബരപ്പൊന്നൊളിയെന്‍കണ്ണില്‍ 
നിറയുമാസ്നേഹത്തിന്‍പ്രഭചൊരിയും..
                                (കണ്ണാ .........)

Wednesday, January 9, 2013

വരിക നീ വീണ്ടും ......

ഒരു കുഞ്ഞിളങ്കാറ്റു പാറിപ്പറന്നു വ-
ന്നെന്നെത്തഴുകിക്കടന്നുപോയി

ഒരുപനീര്‍പ്പൂവിന്‍ സുഗന്ധവുംചേര്‍ത്തുവെ-
ച്ചെങ്ങോമറഞ്ഞങ്ങു ദൂരെ ദൂരേ..

ധനുമാസക്കുളിരാട്ടിമാറ്റും കതിരവൻ   കത്തിജ്ജ്വലിക്കുന്നെനിക്കുമേലേ  


ഏറെത്തളർന്ന  മനസ്സുമായ് മാനുഷര്‍
നീറിക്കഴിയുന്നതിന്നുതാഴെ 

തീക്ഷ്ണമാമക്രമത്തീജ്ജ്വാലതീര്‍ക്കുന്ന 
ഹോമകുണ്ഠത്തില്‍ ഹവിസ്സായ് നാം 

എന്നിട്ടുമെന്തിനോ  കാറ്റിന്റെ തുണ്ടൊന്നു
കുളിരും കൊണ്ടോടിയിങ്ങെത്തിയില്ലേ

എങ്ങുനിന്നെത്തിയെന്നറിയില്ല നീ, പിന്നെ 
എവിടേയ്ക്കു മാഞ്ഞങ്ങു പോവതെന്നോ 

ഒരുമാത്ര നിന്നെ ഞാന്‍ സ്നേഹിച്ചുപോയി  നിന്‍
 പൂവിരല്‍ തൂവൽ   തലോടലാലേ  

പൂത്തുനില്‍ക്കുന്നോരാ ബാലമാകന്ദമോ 
പൂവാടി തീര്‍ക്കും വസന്തോല്‍സവങ്ങളോ

പാര്‍ത്തുനിൽക്കുന്നിതാ  നിന്നനുരാഗില-
മാലിംഗനത്തിനായ് പിന്നെയും പിന്നെയും

നിനക്കായിമാത്രമങ്ങകലെയെങ്ങോപൂത്ത 
പാരിജാതത്തിന്‍ സുഗന്ധവുമായ് 

വീശിയിങ്ങെത്തുക വീണ്ടുമെനിക്കായി 
വെണ്‍ചാമരത്തിന്‍ കുളിര്‍ത്തെന്നലായ്
  

Tuesday, January 1, 2013

നല്ല നാളേക്ക്.....

നല്ല നാളേക്ക് .......


 ഒപ്പമുണ്ടായിരുന്ന
തേന്‍നിറമുള്ള  പകലുകളും
കറുത്തിരുണ്ട രാത്രികളും
ഇന്നലെകളുടെ കുപ്പായമണിഞ്ഞു
കാല്‍പ്പാടുകള്‍ക്കിപ്പുറത്തേയ്ക്ക്
മറഞ്ഞുകഴിഞ്ഞു .
ഇന്നിന്റെ ഉണ്മയെസമ്മാനിച്ചുകൊണ്ട്
കര്‍മ്മസാക്ഷിയായ കതിരവന്‍
മുന്‍പിലെ പാതയില്‍
വരേണ്യ പ്രഭാപൂരം ചാര്‍ത്തുന്നു.  
ഇന്നെന്ന  പരമമായ സത്യം മാത്രം നമുക്കുമുന്‍പില്‍
ഇവിടെ വീണുകിടക്കുന്ന രക്തത്തുള്ളികളെ തുടച്ചുമാറ്റി, 
ഒഴുകിയുറയുന്ന കണ്ണീര്‍ക്കണങ്ങളെ 
സ്നേഹത്തിന്റെ വിരല്‍ത്തുമ്പാല്‍ ഒപ്പിയെടുത്ത്, 
വിദ്വേഷത്തിന്റെ തീമരത്തില്‍ നിന്നും 
ഉണങ്ങിവീണ കരിയിലകളെ 
അകലേയ്ക്കു വകഞ്ഞുമാറ്റി, 
ഈവഴിയില്‌ മുന്നേറാം.
നാളെയെന്ന സ്വപ്നത്തിലേക്ക്.. 
ഇനി ദൂരം ഇന്നുമാത്രം .
ഇന്നിന്റെ നന്മയും സ്നേഹവും പുണ്യവും 
നല്ല നാളേക്കുള്ള ചവിട്ടുപടികളില്‍ 
വീണുനിറയട്ടെ
പൂക്കളായ്, 
സുഗന്ധമായ്‌