Wednesday, January 9, 2013

വരിക നീ വീണ്ടും ......

ഒരു കുഞ്ഞിളങ്കാറ്റു പാറിപ്പറന്നു വ-
ന്നെന്നെത്തഴുകിക്കടന്നുപോയി

ഒരുപനീര്‍പ്പൂവിന്‍ സുഗന്ധവുംചേര്‍ത്തുവെ-
ച്ചെങ്ങോമറഞ്ഞങ്ങു ദൂരെ ദൂരേ..

ധനുമാസക്കുളിരാട്ടിമാറ്റും കതിരവൻ   കത്തിജ്ജ്വലിക്കുന്നെനിക്കുമേലേ  


ഏറെത്തളർന്ന  മനസ്സുമായ് മാനുഷര്‍
നീറിക്കഴിയുന്നതിന്നുതാഴെ 

തീക്ഷ്ണമാമക്രമത്തീജ്ജ്വാലതീര്‍ക്കുന്ന 
ഹോമകുണ്ഠത്തില്‍ ഹവിസ്സായ് നാം 

എന്നിട്ടുമെന്തിനോ  കാറ്റിന്റെ തുണ്ടൊന്നു
കുളിരും കൊണ്ടോടിയിങ്ങെത്തിയില്ലേ

എങ്ങുനിന്നെത്തിയെന്നറിയില്ല നീ, പിന്നെ 
എവിടേയ്ക്കു മാഞ്ഞങ്ങു പോവതെന്നോ 

ഒരുമാത്ര നിന്നെ ഞാന്‍ സ്നേഹിച്ചുപോയി  നിന്‍
 പൂവിരല്‍ തൂവൽ   തലോടലാലേ  

പൂത്തുനില്‍ക്കുന്നോരാ ബാലമാകന്ദമോ 
പൂവാടി തീര്‍ക്കും വസന്തോല്‍സവങ്ങളോ

പാര്‍ത്തുനിൽക്കുന്നിതാ  നിന്നനുരാഗില-
മാലിംഗനത്തിനായ് പിന്നെയും പിന്നെയും

നിനക്കായിമാത്രമങ്ങകലെയെങ്ങോപൂത്ത 
പാരിജാതത്തിന്‍ സുഗന്ധവുമായ് 

വീശിയിങ്ങെത്തുക വീണ്ടുമെനിക്കായി 
വെണ്‍ചാമരത്തിന്‍ കുളിര്‍ത്തെന്നലായ്
  

2 comments:

  1. കവിത വളരെ സുന്ദരമായിട്ടുണ്ട്.
    കാര്യമായ മാറ്റങ്ങൾ വരിയിൽ വരുത്തേണ്ടതുണ്ട്. താഴെയുള്ള തിരുത്തൽ ശ്രദ്ധിക്കുക.
    അതുപോലെ സ്വയം തിരുത്താൻ ഒന്ന് ശ്രമിക്കുക.
    ഒരു കുഞ്ഞിളങ്കാറ്റു പാറിപ്പറന്നുവ-ന്നെന്നെത്തഴുകിക്കടന്നുപോയി

    ഒരുപനീര്‍പ്പൂവിന്‍ സുഗന്ധവുംചേര്‍ത്തുവെ-
    ച്ചെങ്ങോമറഞ്ഞങ്ങു ദൂരെ ദൂരേ..

    ധനുമാസക്കുളിരാട്ടിമാറ്റുന്ന കതിരവൻ കത്തിജ്ജ്വലിപ്പുണ്ടെനിക്കു മേലേ

    ഏറെത്തളർന്ന മനസ്സുമായ് മാനുഷര്‍
    നീറിക്കഴിയുന്നതിന്നുതാഴെ

    തീക്ഷ്ണമാമക്രമത്തീജ്ജ്വാലതീര്‍ക്കുന്ന 
    ഹോമകുണ്ഠത്തില്‍ ഹവിസ്സായ് നാം

    എന്നിട്ടുമെന്തെയാ കാറ്റിന്റെ തുണ്ടിറ്റു
    കുളിരുമായിങ്ങോടിയെത്തിയില്ല

    എങ്ങുനിന്നെത്തിയെന്നറിയില്ല നീ പിന്നെ 
    എവിടേയ്ക്കുമാഞ്ഞുവെന്നെന്നുമിന്നും

    ഒരുമാത്ര നിന്നെ ഞാന്‍ സ്നേഹിച്ചുപോയി നിന്‍
     പൂവിരല്‍ തൂവൽ തലോടലാലേ

    പൂത്തുനില്‍ക്കുന്നോരാബാലമാകന്ദമോ 
    പൂവാടി തീര്‍ക്കും വസന്തോല്‍സവമോ

    പാര്‍ത്തങ്ങുനില്‍പ്പതാം നിന്നനുരാഗാ-
    ലിംഗനം പിന്നെയും നേടുവാനായ്

    നിനക്കായിമാത്രമങ്ങകലെയെങ്ങോപൂത്ത
    പാരിജാതത്തിന്‍ സുഗന്ധവുമായ്

    വീശിയിങ്ങെത്തുക വീണ്ടുമെനിക്കായി 
    വെണ്‍ചാമരത്തിന്‍ കുളിര്‍ത്തെന്നലായ്
      

    ReplyDelete